Monday 16 May 2022

സമസ്തയുടെ നിലപാട്;; സമൂഹം എന്ത് തീരുമാനിച്ചു !??

     
     "സമസ്ത" എന്ന മുസ്ളീം സംഘടനയിലെ ഒരു പ്രമുഖ ഉസ്താദ് പഠനമികവിനുള്ള പുരസ്ക്കാരം വാങ്ങാൻ സ്റ്റേജിലേക്ക്  ഒരു കൊച്ചുകുട്ടി കയറിവന്നതിന് ശകാരിക്കുന്ന വീഡിയോ പുറത്തു വന്നതിനുശേഷം കേരള സമൂഹം ആ വിഷയം ചർച്ചചെയ്യുകയുണ്ടായി... ആ പെൺകുട്ടി സ്റ്റേജിലേക്ക് കയറി വന്നതായിരുന്നു ഉസ്താദിനെ ചൊടിപ്പിച്ചത്... പെൺകുട്ടികൾ പൊതുവേദിയിലേക്ക് കടന്നു വരിക എന്നതിനെ സങ്കല്പിക്കാൻ പോലും കഴിയാത്ത രീതിയിലാണ് അദ്ദേഹം പ്രതികരിച്ചത്... പെൺകുട്ടി നേടിയ പുരസ്ക്കാരം വാങ്ങാൻ പെൺകുട്ടിയുടെ രക്ഷിതാക്കളെ ക്ഷണിക്കാനാണ് അദ്ദേഹം ആവശ്യപ്പെടുന്നത്... അവിടെ "രക്ഷിതാവ്" എന്ന്  ഉദ്ദേശിക്കുന്നത് തീർച്ചയായും ആ കുട്ടിയുടെ മാതാവിനെ ഉദ്ദേശിച്ചാകില്ല എന്നതും സ്പഷ്ടമാണ്....

     സമസ്ത ഉസ്താദിന്റെ സ്ത്രീ വിരുദ്ധ നിലപാടിനെകുറിച്‌ച്‌  രാജ്യം പലവിധത്തിലാണ് സംസാരിച്ചത്... ഏതെങ്കിലും ഒരു വ്യക്തി ഒരു പെണ്കുട്ടിയോട് നടത്തിയ വെറുമൊരു പരാമർശമായി അതിനെക്കാണാൻ കഴിയുമായിരുന്നില്ല... കാരണങ്ങൾ പലതാണ്... ഒന്നാമതായി അദ്ദേഹം ഒരു പെൺകുട്ടി പൊതുവേദിയിലേക്ക്  വരുന്നസമ്പ്രദായത്തെ എതിർക്കുന്ന രീതിയാണ് പ്രതികരിച്ചത്... ഒരു സാധാരണ വ്യക്തി ഒരു പെൺകുട്ടിയെ പൊതു വേദിയിലേക്ക് ക്ഷണിക്കാൻ/ കയറിവരാൻ പാടില്ല എന്ന് പറഞ്ഞാൽ ആ പറയുന്നതിന് ആരും യാതൊരു പ്രാധാന്യവും നൽകില്ല... ഏതോ ഒരു സ്ത്രീവിരുദ്ധന്റെ ജല്പനമായി കണ്ടു അവഗണക്കും... പെൺകുട്ടികൾ വേദിയിൽ വന്നു നിൽക്കുകയും ചെയ്യും... ഇവിടെ സമസ്ത ഉസ്താദ് ഒരു മതത്തെ പ്രതിനിധീകരിക്കുന്ന വ്യക്തിയാണ്.. ആ നിലപാട് ഇസ്ളാം മതത്തിൽപ്പെട്ടവർ പാലിച്ചേ മതിയാകൂ എന്ന് മതമേലധ്യക്ഷന്മാർ ശാഠ്യ൦ പിടിക്കുന്നു എന്നതിന്റെ തെളിവാണ് ആ കുട്ടിയെ വേദിയിലേക്ക് ക്ഷണിച്ച വ്യക്തിയോട് ഉസ്താദ് പ്രകടിപ്പിക്കുന്ന ഭീഷണിയുടെ സ്വരം... "ഇനി വിളിച്ചിട്ടുണ്ടെങ്കിൽ കാണിച്ചുതരാം"... അതിനെ ഭയത്തോടെ അനുസരിക്കാൻ തയ്യാറായി "എന്റെ കുട്ടിയോട് വരണ്ടാന്നു പറഞ്ഞു" എന്ന് മറ്റൊരു വ്യക്തി പറയുമ്പോൾ സമസ്ത ഉസ്താദിന്റെ ഭീഷണിയുടെ ആഘാതം എത്രത്തോളം വലുതാണെന്ന് അവർ മനസ്സിലാക്കുന്നു എന്നതും കാണാം... പിന്നീട് ഒരു കുട്ടിയും ആ വേദിയിൽ കടന്നു വന്നിട്ടില്ല എന്നത് പിന്നീടും ആ നിലപാടിൽ ഒരു തിരുത്തൽ ഉണ്ടായില്ല എന്നതിന്റെ സാക്ഷ്യമാണ്... 

     സമസ്ത മതപണ്ഡിതന്റെ ഈ നിലപാടിന് ഇസ്ളാമിക മതവിശ്വാസ്സികളുടെ മതിൽക്കെട്ടിനു പുറത്തേക്ക് വ്യാപ്തിയുള്ളതാണ് പൊതു സമൂഹത്തെ ആകമാനം അസ്വസ്ഥമാക്കുന്നത്... കാരണം സ്ത്രീകൾ പൊതു വേദിയിൽ വരാൻ പാടില്ല,, സംഗീതം പാടില്ല,, സ്ത്രീകൾ പുരുഷന്മാരെ കാണാൻ പാടില്ല,, സ്ത്രീയും പുരുഷനേയും ഒരു ക്‌ളാസ് റൂമിൽ ഒരുമിച്ചിരിക്കാൻ പാടില്ല, സ്ത്രീകൾ കായിക മൽസരങ്ങളിൽ ഏർപ്പെടാൻ പാടില്ല അങ്ങനെ തുടങ്ങുന്ന പല തീട്ടൂരങ്ങളും ഇസ്ളാമിക മതപണ്ഡിതന്മാർ എന്ന ലേബലിൽ പ്രസംഗിക്കുന്നവർ പുറപ്പെടുവിക്കുന്നത് നമ്മൾ കേട്ടിട്ടുണ്ട്... വളരെ ഭയാനകമായി താലിബാൻ തീവ്രവാദികൾ ഈ തീട്ടൂരങ്ങളെല്ലാം ഇതിലും കർക്കശമായി അഫ്‌ഗാനിസ്ഥാനിൽ നടപ്പിലാക്കുന്നതും നമ്മൾ കണ്ടിട്ടുണ്ട്... ഇസ്ളാമിക തീവ്രവാദികൾ വിഭാവനം ചെയ്യുന്ന മത രാജ്യത്തിന്റെ പ്രത്യേകതകളാണ് ഇവയെല്ലാം എന്ന് അഫ്ഗാൻ സംഭവങ്ങളിൽക്കൂടി നമ്മൾ തെളിഞ്ഞു കണ്ടു... അവിടെയൊന്നും ഇസ്ളാം മതവിശ്വാസ്സികൾ മാത്രം തങ്ങളുടെ നിയമങ്ങൾ പാലിച്ചാൽ മതി എന്ന് അവർ പറഞ്ഞില്ല... മതതീവ്രവാദികൾ പുറപ്പെടുവിക്കുന്ന മതനിയമങ്ങൾ എന്നപേരിലുള്ളതെല്ലാം സമസ്ത ജനങ്ങളും പാലിക്കാൻ നിർബന്ധിതരാണെന്ന് അവർ അർഥശങ്കക്കിടയില്ലാതെ പറയുന്നു... അതാണ് സമസ്ത മതപണ്ഡിതന്റെ നിലപാടിന് ഇസ്ളാമിക മതവിശ്വാസ്സികളുടെ മതിൽക്കെട്ടിനു പുറത്തേക്ക് വ്യാപ്തിയുള്ളതാണ് എന്ന് പറയുന്നതിന് കാരണം... ഇന്ന് ഇസ്ളാമിക മതവിഭാഗത്തിലെ ഒരു കുട്ടിയോട് പൊതുവേദിയിൽ വരുന്നതിനെ വിലക്കിക്കൊണ്ട് നടത്തിയ ഭീഷണി ഈ രാജ്യത്തെ എല്ലാ പെൺകുട്ടികളോടും സമീപഭാവിയിത്തന്നെ ഉണ്ടാകാൻ സാധ്യതയുള്ള ഒന്നായി പൊതു സമൂഹം നോക്കിക്കാണുകയും, ഭയക്കുകയും ചെയ്യുന്നു... 

     സാധാരണയായി ഇസ്ളാമിക മതപ്രഭാഷകർ നടത്തുന്ന സ്ത്രീ വിരുദ്ധ പ്രസ്താവനകളെയും,, ജനങ്ങൾക്ക് ഭരണഘടന നൽകുന്ന അവകാശങ്ങളെയും സ്വാതന്ത്ര്യത്തെയും ഹനിക്കും വിധമുള്ള പ്രഭാഷണങ്ങളെയും, സമൂഹത്തിലെ പല ഉത്തരവാദിത്വപ്പെട്ട വ്യക്തിത്വങ്ങളും അപലപിച്ചു കാണാറില്ല... ഒരുപക്ഷെ പ്രതികരിക്കത്തക്ക പ്രാധാന്യം ആ പ്രസംഗങ്ങൾക്ക് ഇല്ല എന്ന് കണ്ടു അവഗണിക്കുന്നതാകാം... ആ മൗനത്തിന് സമൂഹം നൽകേണ്ടി വരുന്ന വിലയെക്കുറിച്ചുള്ള അവരുടെ അക്ജഞതയും, അവഗണനയും പൊറുക്കത്തക്കതുമല്ല... എന്നിരുന്നാലും പ്രസ്തുത സംഭവത്തിൽ വനിതാ കമ്മീഷൻ ഉൾപ്പടെ ചില രാഷ്ട്രീയ- സാമൂഹിക വ്യക്തിത്വങ്ങളും  ഉസ്താദിനെ വിമർശിച്ചു കണ്ടു... വഴുക്കലിൽ വടികുത്തിയതുപോലെ ദുർബലമായ വിമർശനങ്ങൾ ആയിരുന്നെങ്കിൽപ്പോലും ചെറിയ രീതിയിലെങ്കിലുമുള്ള വിമർശനം ഉയർന്നു വന്നതിനെ ആശ്വാസ്സമായി കാണാം... ആ വിമർശനങ്ങൾ ഇന്നെവിടെ എത്തിനിൽക്കുന്നു എന്നതാണ് പ്രധാനമായ മറ്റൊരു ചോദ്യം!

     വീഡിയോ പ്രചരിച്ചതിന് തൊട്ടു പിന്നാലെതന്നെ ഇസ്ളാമിക വൽക്കരണത്തിനെതിരെ നിരന്തരം ശബ്ദം ഉയർത്തിക്കൊണ്ടിരിക്കുന്ന വിഭാഗങ്ങളും രാഷ്ട്രീയ കക്ഷികളും വിമർശനങ്ങളുമായി രംഗത്തുവന്നു... ഇസ്ലാമോഫോബിയ എന്ന പതിവ് പരിചയ്ക്കുള്ളിൽ മറഞ്ഞിരിക്കാൻ സമസ്തക്ക് സമയം കിട്ടുന്നതിന് മുൻപുതന്നെ സമൂഹത്തിലെ പല പതിവ് നിശബ്ദ കോണുകളിൽ നിന്നും പ്രതിഷേധം ഉയർന്നു... വനിതാ കമ്മീഷനും ചില സാംസ്ക്കാരിക പ്രവർത്തകരും, മനോരമ ഏഷ്യാനെറ്റ് പോലെയുള്ള ചാനലുകൾ നടത്തിയ ചർച്ചകളും അതിനു ഉദാഹരണങ്ങളാണ്... മുസ്‌ലിം ലീഗിന്റെ യുവജന വിഭാഗം സമസ്തയുടെ നിലപാടിനെ അപ്പോഴും പരസ്യമായി പിന്തുണച്ചു എന്നതാണ് ശ്രദ്ധേയമായത്... കെ ടി ജലീലിനെപ്പോലെയുള്ള, മുൻ സിമി പ്രവർത്തകൻ എന്ന് പേരുദോഷമുള്ള ഒരു വ്യക്തി പോലും സമസ്താ ഉസ്താദിനെ പരോക്ഷമായി വിമർശിച്ചു... സ്ത്രീ വിദ്വേഷം കോൺഗ്രസ്സിന്റെ നയമല്ല എന്നമട്ടിൽ വി ഡി  സദീശന് ഹൃദയ വേദനയോടെയെങ്കിലും പറയേണ്ടി വന്നു... ഗോവിന്ദൻ മാസ്റ്ററെ പോലെയുള്ളവർ സമസ്തയെ പൊതിഞ്ഞു സംസാരിച്ചുകൊണ്ട് വിമർശനമാണ് തനിക്കും ഉന്നയിക്കാനുള്ളത് എന്ന മട്ടിൽ പ്രതികരിച്ചു... അങ്ങനെ പൊതുസമൂഹത്തിന്റെ ഒന്നായ വികാരം ഒരു പെൺകുട്ടിയെ അപമാനിച്ചതിന് എതിരാണ് എന്നതിനെ തൃപ്തിപ്പെടുത്തത്തക്ക വിധത്തിൽ പലരും പലതും പറഞ്ഞുവെച്ചു... 

     സത്യത്തിൽ ഒരു ചെറിയ പെൺകുട്ടിയെ അപമാനിച്ചു എന്ന രീതിയിൽ സംഭവം ലഘൂകരിക്കപ്പെടുകയാണ് ചെയ്യുന്നത്... ആ കുട്ടിയോട് ഉസ്താദ് നേരിട്ടൊന്നും പറയുന്നില്ല... അവളെ ശകാരിക്കുകയോ,, വേദിയിൽ നിന്നും ഇറക്കി വിടുകയോ ഒന്നും ചെയ്യുന്നില്ല... ഉസ്താദിൻ്റെ രോഷപ്രകടനം ഒരു പെൺകുട്ടി വേദിയിൽ കയറി വന്നു എന്ന സംഭവത്തോടും അതിനു കാരണമായവരോടുമാണ്... അത് സമസ്തപോലെ വലിയ ഒരു സംഘടനയുടെ പൊതു നിലപാടാണ് എന്ന് അദ്ദേഹം ഉച്ചത്തിൽത്തന്നെ പറയുന്നുമുണ്ട്... അത് സമസ്തയുടെ പൊതു നിലപാടായി തിരിച്ചറിവുള്ളതുകൊണ്ടും അതിനെ അംഗീകരിക്കുന്നു എന്നുള്ളതുകൊണ്ടുമായിരിക്കുമല്ലോ അവിടെ സംശയശബ്ദങ്ങൾ ഉണ്ടാകാതെ പോയത്! ആ നിലപാടാണ് പൊതു സമൂഹം ഗൗരവത്തോടെ കാണേണ്ടത്... കേവലം ഒരു പെൺകുട്ടിക്ക് മനോവിഷമത്തിനു കാരണമായ സംഭവം എന്നല്ല മറിച്ചു് രാജ്യത്തെ ലക്ഷക്കണക്കിന് പെൺകുട്ടികൾക്കും അതുവഴി സമൂഹത്തിനും നാളെ മനോവിഷമത്തിനും,, പാരതന്ത്ര്യത്തിനും,, അവകാശനിഷേധങ്ങൾക്കും കാരണമായി വളരാൻ സാധ്യതയുള്ള ഒരു നിലപാടായി കണ്ടാണ് പ്രതിഷേധിക്കേണ്ടത്... ഇത്തരം സങ്കുചിത സമീപനങ്ങൾക്ക് വലിയ പിന്തുണ ലഭിക്കുന്നതും ആശങ്ക വർധിപ്പിക്കുന്നത് തന്നെയാണ്...

     ഈ സംഭവങ്ങളോട് ചേർത്തു വെയ്ക്കുന്ന നിലപാടുകളും സമീപനങ്ങളും കുറച്ചു ദിവസ്സങ്ങൾക്കിപ്പുറം എവിടെ നിൽക്കുന്നു എന്നതും ഏറ്റവും പ്രാധാന്യം അർഹിക്കുന്നു... സമസ്തയുടെ മുതിർന്ന നേതാക്കൾത്തന്നെ പത്രസമ്മേളനം വിളിച്ചുകൊണ്ടു രംഗത്തു വരുന്നു... സ്ത്രീകളുടെ ഉന്നമനത്തിനായി നിലപാടുകൾ സ്വീകരിക്കുന്ന പ്രസ്ഥാനമാണ് സമസ്ത എന്നദ്ദേഹം പ്രസ്ഥാവിക്കുന്നു... ചെറിയ പെൺകുട്ടിക്കുണ്ടായ "ലജ്ജ" യെ ഒഴിവാക്കാനാണ് വേദിയിൽ പെൺകുട്ടികൾ കയറുന്നതിന് വിലക്കിയതെന്ന് ന്യായീകരിക്കുകയും ചെയ്തു... പക്ഷെ അതെ പത്രസമ്മേളനത്തിൽത്തന്നെ മറ്റൊരു നേതാവ് മുതിർന്ന സ്ത്രീകൾ വേദിയിൽ വരുന്നതിനെ എതിർക്കേണ്ടതുണ്ട് എന്ന രീതിയിൽത്തന്നെ പ്രതികരിച്ചുകൊണ്ട് "സമസ്തയുടെ യഥാർത്ഥ തീരുമാനത്തിൽ വെള്ളം ചേർക്കേണ്ടതില്ല" എന്ന നിലപാട് സ്വീകരിച്ചു... പെൺകുട്ടിയെ മാറ്റിനിർത്തി കാര്യം പറഞ്ഞു മനസ്സിലാക്കിയാൽ മതിയായിരുന്നു എന്ന് കെ ടി ജലീൽ അഭിപ്രായം മയപ്പെടുത്തി... ജലീലിന്റെ ആ പ്രസ്താവനയോടെ പെൺകുട്ടി തന്നെയായിരുന്നു തെറ്റുകാരി എന്ന നിലപാട് മറനീക്കി പുറത്തുവന്നു... ഒരു വടി കിട്ടിയാൽ തുടർച്ചയായി അടിക്കരുതെന്നു പറഞ്ഞു കുഞ്ഞാലിക്കുട്ടി സമസ്തക്ക് പരിപൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു... വിമർശിക്കത്തക്ക സംഘടനയല്ല സമസ്ത എന്ന് കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തും പറഞ്ഞു... വിമർശിക്കാനാണ് ഉദ്ദേശമെങ്കിൽ പ്രതിരോധിക്കാനും, സമസ്തയെ പിന്തുണക്കാനുമാണ് ഉദ്ദേശമെന്ന് യൂത്തു കൊണ്ഗ്രെസ്സ്, ഡി വൈ ഫ് ഐ, യൂത്ത്‌ ലീഗ് തുടങ്ങിയ സംഘടനകളിലെ സൈബർ പോരാളികളും നിലപാട് പ്രഖ്യാപിച്ചു... അറിയാതെയാണെങ്കിലും ഉസ്താദിന് പേരുദോഷം ഉണ്ടാക്കാൻ കാരണമായ പെൺകുട്ടിയെ ഊരുവിലക്കാതിരുന്നാൽ അത്രയും ഭാഗ്യം എന്ന് മാത്രം പറയാം... 

     ഇസ്‌ളാമിക പൊതു സമൂഹം ഇത്തരം നടപടികളോട് എന്തുകൊണ്ട് മൗനം പാലിക്കുന്നു എന്നത് അതിശയം ജനിപ്പിക്കുന്നു... സമസ്തയുടെ നിലപാടെന്ന് പ്രഖ്യാപിച്ച രീതിയിൽ ഇവിടെ കാര്യങ്ങൾ നടപ്പിലായാൽ അതിനൊപ്പം ജീവിക്കാൻ ഇവിടുത്തെ മുസ്‌ലിം സമൂഹം തയ്യാറെടുത്തു കഴിഞ്ഞോ  എന്നതാണ് ചോദ്യം? നിങ്ങൾക്ക്  നിങ്ങളുടെ പെണ്മക്കളെ സമൂഹത്തിന്റെ അകത്തളങ്ങളിൽ ജീവിച്ചു മരിക്കാൻ വിടാൻ കഴിയുമോ? ഈ രാജ്യം ഭരണഘടനകൊണ്ടുതന്നെ തരുന്ന സ്വാതന്ത്രങ്ങളോട് നിങ്ങൾക്കൊരാവേശവും തോന്നുന്നില്ലേ? ഈ രാജ്യം നിങ്ങൾക്ക് നല്കുന്ന പ്രത്യേക പരിഗണകൾ നിങ്ങളിലെ വെളിച്ചത്തെ പരിപോഷിപ്പിക്കാനല്ലേ?? മറിച്ചു ഇരുട്ടിൽ ജീവിച്ചു തീർക്കാനല്ലല്ലോ?? 

     മുസ്ളീം ലീഗ് തെരഞ്ഞെടുപ്പു മൽസര രംഗത്തുള്ള ഒരു സ്ത്രീയുടെ ചിത്രം പോലും പോസ്റ്ററിൽ അടിച്ചു നമ്മൾ കണ്ടിട്ടില്ല... പൊതുവേദിയിൽ പ്രസംഗിക്കാനെഴുനേറ്റ വനിതയെ വിലക്കുന്ന നേതാവിനെയും നമ്മൾ കണ്ടിട്ടുണ്ട്... സമസ്തയുടെ ഉസ്താദിന്റെ നടപടി ഒറ്റപ്പെട്ടതുമല്ല,, അദ്ദേഹത്തിന് അബദ്ധം സംഭവിച്ചതുമല്ല... അതൊരു സമൂഹം നടപ്പിലാക്കാൻ തീരുമാനിക്കപ്പെട്ട കാര്യങ്ങളാണ്... അത് ഇസ്ളാം മതം തന്നെ സംഘടിപ്പിച്ച പരിപാടി ആയിരുന്നതിനാൽ അത്രയും അധികാരത്തോടെ അദ്ദേഹം പെൺകുട്ടി വേദിയിൽ കയറി വന്നതിലെ വിരോധം പ്രകടിപ്പിച്ചു എന്ന് മാത്രം... 

     എന്തായാലും സമസ്ത മതപണ്ഡിതനായ ഉസ്താദിൽ നിന്നും ഉണ്ടായ ഈ നടപടി സമസ്തയുടെ തീരുമാനം തന്നെ എന്ന് അദ്ദേഹം വേദിയിൽ പറഞ്ഞു... ആ തീരുമാനം പൊതു സമൂഹത്തിൽ പ്രചരിപ്പിക്കാൻ ഈ സംഭവം കാരണമായി... നിലവിയിൽ ഇസ്ളാമിക വിഭാഗത്തിൽപ്പെട്ടവരും ഞങ്ങൾ അധികാര സ്ഥാനത്തു എത്തിച്ചേർന്നാൽ ഈ രാജ്യം മുഴുവനും അനുസരിക്കേണ്ട നിയമങ്ങൾ ഇതൊക്കെയാണെന്നും കാട്ടിക്കൊടുത്തു... അതിനുള്ള പിന്തുണയും, മുനയില്ലാത്ത വിമർശനങ്ങളും സമൂഹത്തിനു മുൻപിൽ നിരത്തിവെച്ചു... ഈ രാജ്യത്തിന് പിന്നിലേക്ക് നടക്കണോ മുന്നിലേക്ക് നടക്കണോ എന്നത് ഒരു പൊതു തെരഞ്ഞെടുക്കലായി അവശേഷിക്കുന്നു... 

[Rajesh Puliyanethu
 Advocate, Haripad]

No comments: