Monday 8 July 2013

സോളാറിന്റെ നാൾവഴിയെ പൊള്ളുന്ന കേരള രാഷ്ട്രീയം!!


         ബിജു രാധാകൃഷ്ണൻ, സരിത നായർ, ഷാലു മേനോൻ, ജോപ്പാൻ, ജിക്കുമൊൻ.. അങ്ങനെ തുടരുന്നു കേരള ജനതയെ ആലോസരപ്പെടുത്തിക്കോ  ണ്ടിരിക്കുന്ന പേരുകൾ. . ഒപ്പം ഒരു മുഖ്യ ഭരണാധികാരിയും, ആഭ്യന്തര മന്ത്രിയും.. അവരുടെ അകത്തും പുറത്തുമായി നിലകൊള്ളുന്ന സേവകരും.. ഇവയെല്ലാം ആഘോഷമാക്കി തീർത്ത്; കിട്ടിയ എല്ലിൻ കഷ്ണം പരമാവധി നക്കി വെടിപ്പാക്കുന്ന പ്രതിപക്ഷവും, മൌനത്തോടെയും അൽപ്പസംസ്സാരത്തിലൂടെയും പ്രസ്തുത സമയത്തെ പരമാവധി പ്രയോജനപ്പെടുത്താൻ ശ്രമിക്കുന്ന മുന്നണി നേതാക്കളും, ഗ്രൂപ്പ് നേതാക്കളും.. അങ്ങനെ ഒരു രാഷ്ട്രീയ കാർണിവൽ സമയമാണ് കേരളത്തിന്.. ഇവിടെ കേരള ജനത ആലോസ്സരപ്പെടുന്നത് പ്രധാനമായും TV ഓണ്‍ ചെയ്യുമ്പോളാണ് എന്നതാണ് സത്യം.. ഹോ, 'ഈ TV ഓണ്‍ ചെയ്‌താൽ മുഴുവൻ ഇവളുമാരേം എഴുന്നള്ളിച്ചോണ്ട് ഓരോ അവന്മാര് പോയത് മാത്രമേ കാണാനോള്ളല്ലോ'  എന്ന് അരാഷ്ട്രീയ വാദികളായ വീട്ടമ്മമാർ പിറുപിറുക്കുന്നു..

       സരിതാനായരും, ബിജു രാധാകൃഷ്ണനും, ശാലുമേനോനും ഒക്കെ കൂടി എപ്രകാരമാണ് തട്ടിപ്പുകൾ നടത്തിയത്, അവർ ആരെയൊക്കെയാണ് തട്ടിപ്പിന്  ഇരയാക്കിയത്, അവർ ഏതു തരത്തിലുള്ള കുറ്റ കൃത്യമാണ് ചെയ്തത്, അതുവഴി ഖജനാവിന് ഏതെങ്കിലും തരത്തിലുള്ള നഷ്ടം സംഭവിച്ചിട്ടുണ്ടോ? ഇത്തരം ചോദ്യങ്ങളോടുള്ള ബഹുഭൂരിപക്ഷം മലയാളിയുടെയും മറുപടി അവ്യക്തമാണ്.. കാരണം യാഥാർഥ്യം എന്തെന്നോ, ഒരു വിഷയത്തെ അപഗ്രഥിച്ച് പഠിപ്പിക്കുന്നതിനോ ഇവിടെ രാഷ്രീയ പാർട്ടികളോ, സംഘടനകളോ, മാധ്യമങ്ങളോ ആരും തന്നെ ശ്രമിക്കുന്നില്ല.. അത് പ്രസ്തുത വിഷയത്തിലായാലും മറ്റേതൊരു വിഷയത്തിലായാലും സ്ഥിതി അങ്ങനെതന്നെ!! ഒരു വിവാദം സൃഷ്ടിച്ച് അതിൽനിന്നും തങ്ങൾക്കുള്ള നേട്ടത്തിൽ മാത്രമാണ് എല്ലാവരുടെയും കണ്ണ്.. അത് പ്രതിപക്ഷത്തിന് രാഷ്ട്രീയ ആയുധം, ഭരണപക്ഷത്തിന് ആരോപണവിധേയന് മേൽ ചെലുത്താൻ കഴിയുന്ന സമ്മർദ്ദ മാർഗ്ഗ്ഗം, ഘടക കക്ഷികൾക്ക് വിലപേശൽ മാർഗ്ഗം, മാധ്യമങ്ങൾക്ക് തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾക്കും, തങ്ങളുടെ ചായ്‌വ്കൾക്കും അനുകൂല നിലപാടെടുത്തു അതുവഴി തങ്ങളുടെ കൂറ് ഒന്നുകൂടി വ്യക്തമാക്കാനുള്ള അവസ്സരം, കൂടുതൽ ചടുലമായി അവതരിപ്പിച്ച് തങ്ങളുടെ റേറ്റിംങ്ങും അതുവഴി ബിസ്സിനസ്സും വർധിപ്പിക്കാനുള്ള അവസ്സരം; അങ്ങനെ പോകുന്നു വിവാദത്തിന്റെ വിളവെടുപ്പുകൾ!! ഏതു വഴിയിൽ മുതലെടുപ്പ് നടന്നാലും അത് സാധ്യമാകുന്നത് തങ്ങൾക്കു അനുകൂലമായ രീതിയിൽ ഇവിടുത്തെ ജനതയെ കൊണ്ട് ചിന്തിപ്പിച്ചും, സംസ്സാരിപ്പിച്ചും, പ്രവർത്തിപ്പിച്ചുമാണ്‌ എന്ന സത്യം മറന്നു പോകരുത്.. കേരളജനതയെക്കൊണ്ട് തങ്ങൾക്കു വേണ്ടരീതിയിൽ ചിന്തിക്കാനും, സംസ്സാരിപ്പിക്കാനും, പ്രവർത്തിപ്പിക്കാനും നിസ്സാരമായി പലർക്കും സാധ്യമാകുന്നു എന്നത് പ്രബുദ്ധരെന്നു സ്വയം പ്രശംസ്സ നടത്തി നാൾ കഴിക്കുന്ന മലയാളിക്ക് അപമാനമാണ്.. മലയാളിയുടെ ബുദ്ധി ആർക്കും കോയിൻ ഇട്ട് ഉപയോഗിക്കാൻ കഴിയുന്ന ടെലിഫോണ്‍ ബൂത്ത്‌ പോലെ ആയിരിക്കുന്നത് ചിന്താച്യുതിയാണ്!!

       ബിജു രാധാകൃഷ്ണനും സംഘവും ചെയ്ത കുറ്റകൃത്യവും, അതിന്റെ രാഷ്ട്രീയ മാനങ്ങളും, സാമൂഹിക പ്രസക്തിയും എല്ലാം ചർച്ചചെയ്യപ്പെടെണ്ടതുണ്ട്.. ബിജു രാധാകൃഷ്ണൻ ഒരു തട്ടിപ്പ് വഞ്ചനാ കേസ്സിലെ കുറ്റവാളിയാണ്.. ഭാര്യയെ കൊന്നകുറ്റം അവിടെ നിൽക്കട്ടെ; കാരണം ആ കൊലപാതകക്കുറ്റമല്ല ഇന്നത്തെ വിവാദങ്ങൾക്ക് അടിസ്ഥാനം.. കരളത്തിൽ വർഷങ്ങൾതോറും നടക്കുന്ന ആയിരത്തൊളമെത്തുന്ന കൊലപാതകങ്ങളിൽ ഒന്നത് എന്നുകരുതാം.. പോലീസ് കുറ്റം തെളിയിക്കട്ടെ, കോടതി ശിക്ഷിക്കട്ടെ! പക്ഷെ സോളാർ തട്ടിപ്പിൽ തട്ടിപ്പ് നടത്തിയ വഴിയും നേടിയ പണവും എല്ലാം അംഗീകരിച്ചാലും കുറ്റകൃത്യം ഇന്ത്യൻ ശിക്ഷാനിയമത്തിലെ 406, 420.. തുടങ്ങിയ ശ്രേണിയിലെ കുറ്റക്രിത്യങ്ങളാണവ.. ജാമ്യം ലഭിക്കാത്ത വകുപ്പുകൾ തന്നെയെങ്കിലും കോമ്പൌണ്ടബിൾ ഒഫെൻസ്സുകൾ ആണവ.. ഇത്രയും വമ്പന്മാർ ഉൾപ്പെട്ടകേസ്സെന്ന നിലക്ക് അവ പിന്നീട് ഒത്തുതീരാൻ സാദ്ധ്യത ഉണ്ടോ എന്ന്കൂടി ഒരു ചോദ്യത്തിന്റെ കാരണമില്ല.. അപ്പോൾ ഇവരാരും തന്നെ അന്തിമമായി ശിക്ഷിക്കപ്പെടില്ല എന്നത് ഏറെക്കുറെ ഉറപ്പിക്കാം.. വമ്പന്മാരുടെ സ്വാധീനം ഉപയോഗിച്ചില്ല എന്നുതന്നെ വെയ്ക്കുക.. എന്നാലും പരാതിക്കാരുടെ നഷ്ട്ടം പണം ആയതിനാലും, അത് പണം കൊണ്ടുതന്നെ വീട്ടാൻ കഴിയുമെന്നതിനാലും കോടതിക്ക് പുറത്തുപോലും ഈ കേസ്സുകൾ ഒത്തു തീരുമെന്ന് കരുതാം.. ഖജനാവിന് നഷ്ട്ടം വരുത്താത്ത ഒരുകെസ്സിൽ പ്രതികൾക്കെതിരെ നിലപാടെടുക്കേണ്ട ആവശ്യം കേസ്സ് വിചാരണക്ക് എത്തുന്ന കാലത്ത് ഇവിടെ അധികാരത്തിലിരിക്കുന്ന സർക്കാരിനും ഉണ്ടാകുന്നില്ല... മാത്രമല്ല പണം നല്കി വഞ്ചിതരായവരുടെ പിന്നാമ്പുറകഥകളും ആരും അറിയുന്നില്ല.. പുറത്തു വരുന്ന കഥകളിലെ തുകകൾ തന്നെയാണോ യാഥാർധ്യമെന്നു ആരുകണ്ടു?? അഥവാ അതിൽ കൂടുതലോ കുറവോ എന്നിരിക്കട്ടെ.. പോലീസിൽ ഇപ്പോൾ പറയുന്ന തുകക്ക് മാത്രമേ കോടതിയിൽ നിന്നും പരിഹാരം ലഭിക്കൂ.. മറച്ചുവച്ച മറ്റു കോടികൾ കേസ്സ് നടത്തിയാലും കിട്ടില്ല എന്ന് വ്യക്തം.. അപ്പോഴും പിന്നീട് കേസ്സ് ഒത്തുതീർന്നു പ്രതികൾ പുറത്തു വരാനുള്ള സാധ്യതകൾ ഏറുന്നു..

       കേരളത്തിലെ മജിസ്ട്രേട്ട് കോടതികളിൽ ഒരു വർഷം ഫയൽ ചെയ്യപ്പെടുന്ന 420, 406 IPC ശ്രേണിയിലെ കേസുകളുടെ എണ്ണമെടുത്താൽ അത് പലശതം വരും എന്ന് കാണാൻ സാധിക്കും.. അവയിലെല്ലാം ഏതെങ്കിലും വ്യക്തികളോ സ്ഥാപനങ്ങളോ വഞ്ചിതരാകുന്നു.. നഷ്ടം വഞ്ചിതരായവർക്ക് മാത്രം.. സമൂഹത്തിൽ നടക്കുന്ന ഏതൊരു ക്രിമിനൽ കുറ്റത്തോടും ഉള്ളതിനപ്പുറം ഒരു താൽപ്പര്യവും ആർക്കും അതിനോടോന്നുമില്ല.. സാങ്കേതികമായി സമാനതകൾ പുലർത്തുന്ന സോളാർ കേസ്സിനോടു മാത്രം എന്താണ് മാധ്യമങ്ങൾക്കും, പ്രതിപക്ഷത്തിനും, പൊതുജനത്തിനും ഇത്ര താൽപര്യം??

       കേരളത്തിന്റെ മുഖ്യമന്ത്രിക്കും, അഭ്യന്തരവകുപ്പു മന്ത്രിക്കും ഭരണപക്ഷത്തിനും പ്രസ്തുത തട്ടിപ്പിൽ ഉള്ള പങ്ക്.. അതായിരുന്നു രാഷ്ട്രീയമായി ഈ വിഷയത്തിന് ലഭിച്ച പ്രാധാന്യം.. അതിലുപരി പ്രസ്തുത വിഷയത്തെക്കുറിച്ച് ഉണ്ടായ ഉത്സുകത എന്നത് ഇതിൽ ഉണ്ടായ രണ്ടു സ്ത്രീകളുടെ സാനിദ്ധ്യമാണ്!! ബിജു രാധാകൃഷ്ണനും, ആരോപണവിധേയരായ രാഷ്ട്രീയ പ്രവർത്തകരും എല്ലാം സരിതയുമായും, ശാലു മേനോനോടും ഒത്ത്‌ കാമകേളികളിൽ മുഴുകുന്നത് മനോമണണ്ടലത്തിൽ കണ്ട മലയാളി ഇക്കിളിയോടെ സോളാർ വിഷയത്തെ ചിന്താമണ്ഡലത്തിൽ നിന്നും അടർത്തിമാറ്റാതെ നിലനിർത്തി.. നാടിന്റെ മനസ്സ് നല്ലതുപോലെ തിരിച്ചറിഞ്ഞ മാധ്യമങ്ങളും, രാഷ്ട്രീയ പാർട്ടികളും വിഷയം ചൂടും എരിവും ഒട്ടും ചോരാതെ വിളമ്പിക്കൊണ്ടേയിരുന്നു.. ഏതൊരുവിഷയത്തിന്റെയും ഉത്തേജന ഔഷധമായി സ്ത്രീയും ലൈഗീകതയും സമൂഹത്തിൽ നിലനിൽക്കുന്നതിന്റെ അവസ്സാനത്തെ ഉദാഹരണമായി സോളാർ വിഷയം..

       മുഖ്യ മന്ത്രിയുടെ സേവകരെ പ്രതികൾ നിരന്തരം ഫോണിൽ ബന്ധപ്പെടുന്നു.. വളരെ അധികം സമയം സംസ്സാരിക്കുന്നു.. മുഖ്യ പ്രതി മുഖ്യ മന്ത്രിയുമായി അടച്ചിട്ട മുറിയിൽ ഒരുമണിക്കൂർ സമയം സംസ്സാരിക്കുന്നു.. അഭ്യന്തരമന്ത്രി രണ്ടാം പ്രതിയും നടിയുമായവളുടെ വീട് പാല് കാച്ച് ചടങ്ങിൽ പങ്കെടുക്കുന്നു.. പ്രതികൾക്കൊപ്പം സമാന കുറ്റകൃത്യത്തിൽ മുഖ്യമന്ത്രിയെയും, ആഭ്യന്തര മന്ത്രിയെയും കൂട്ടി വായിക്കാൻ പ്രതിപക്ഷത്തിന് മറ്റെന്ത് തെളിവുവേണം??!

       മുഖ്യ മന്ത്രിയുടെ പേർസണൽ സ്റ്റാഫ്ഫിൽപ്പെട്ടവർ പ്രതികളുമായി ഫോണിൽ സംസ്സരിച്ചതോ, മുഖ്യമന്ത്രിയെ അവർ നേരിൽ കണ്ടതോ ഒന്നും മുഖ്യ മന്ത്രിയെ കുറ്റ കൃത്യത്തിന്റെ ഭാഗപാക്കാക്കാൻ പോരത്തക്ക തെളിവുകളല്ല.. ഒരു പൊതു പ്രവർത്തകനും സന്ദർശ്ശകരെ ഒഴിവാക്കൽ സാധ്യമല്ല.. സന്ദർശകന്റെ ഭൂതകാലം മുഴുവൻ പരിശോധിച്ച് സന്ദർശനം അനുവദിക്കാനും കഴിയില്ല.. അതുകൊണ്ട് തന്നെ അത്തരം ആരോപണങ്ങളെല്ലാം തന്നെ കഴമ്പില്ലാത്തവയെന്നു കാണണം.. ബിജു രാധാകൃഷ്ണൻ കുറച്ചു ദിവസ്സങ്ങൾക്ക് മുൻപ് വരെ പ്രസിദ്ധ ക്രിമിനൽ ആയിരുന്നില്ലല്ലോ? മുഖ്യ മന്ത്രിയെ സന്ദർശിച്ചത് ദാവൂദ് ഇബ്രഹിം ആയിരുന്നെങ്കിൽ ആ സന്ദർശനം മാത്രം തെറ്റായതോന്നാകുമായിരുന്നു..

       തിരുവഞ്ചൂർ രാധാകൃഷ്ണൻ ശാലു മേനോന്റെ വീട് പാല് കാച്ചൽ ചടങ്ങിനെക്കുറിച്ച് നല്കിയ ആദ്യവിശദീകരണം തന്നെ പാളി.. ബുദ്ധിപരമായ ഒരു കള്ളം പോലും അദ്ദേഹത്തിന് പറയാൻ കഴിഞ്ഞില്ല എന്നതാണ് കഷ്ട്ടം.. ഒരു പോക്കറ്റടിക്കാരൻ പിടിക്കപ്പെടുന്നപാടെ പറയുന്ന ചില കള്ളങ്ങളുടെ നിലവാരമേ അവയ്ക്കുണ്ടായിരുന്നുള്ളൂ.. പിന്നീട് ചെകിടത്തു വീഴുന്ന അടിക്ക് പിന്നാലെ വരുന്ന വെളിപ്പെടുത്തലുകൾ പോലെയായി ശാലുവുമായി ചേർന്ന ഫോട്ടോകൾ പുറത്ത് വന്നു കഴിഞ്ഞുണ്ടായ വിശദീകരണങ്ങൾ...

       ഇതെല്ലാം കൂട്ടിവായിച്ചപ്പോൾ സ്വോഭാവികമായും ഏതൊരുവനിലും ഉയരുന്ന സംശയത്തെ മുതലെടുത്ത്‌ പ്രതിപക്ഷം സഭാസ്തംപനവും, സാമൂഹിക സ്തംപനവും ആരഭിച്ചു.. പണം നഷ്ട്ടപ്പെട്ടവനോടുള്ള വേദനയോ, സഹതാപമോ, അവനു നീതി നേടിക്കൊടുക്കണമെന്ന ഉത്തരവാദിത്വബോധമോ ഒന്നുമല്ല പ്രതിപക്ഷത്തിന്റെ ലക്‌ഷ്യം എന്നതും വ്യക്തം.. മറിച്ച് രാഷ്ട്രീയ മുതലെടുപ്പ് എന്നത് മാത്രമാണെന്ന് കാണാം..

       പ്രതിപക്ഷം ജുഡീഷ്യൽ അന്യെഷണവും, മുഖ്യമന്ത്രിയുടെ രാജിയും മാത്രമാണ് പ്രശ്നപരിഹാരത്തിന് ആകെ മാർഗ്ഗം എന്നാ നിലയിലാണ്.. എന്തിനാണ് അവർ അങ്ങനെ ഒരു ആവശ്യത്തിൽ മുറുകെപ്പിടിച്ചു നിൽക്കാൻ കാരണം? എന്താണ് അതിന്റെ ആവശ്യകത?? ഇവയെല്ലാം പ്രസക്തമായ ചോദ്യങ്ങളാണ്..

       ജുഡീഷ്യൽ അന്വേഷണം വേണം എന്ന് ശഠിക്കുന്നത്; പ്രതിപക്ഷം ഇന്ത്യൻ ജുഡീഷ്യറിയിലുള്ള ജനങ്ങളുടെ വിശ്വാസ്യതയെ മുതലെടുക്കാൻ ശ്രമിക്കുന്നു എന്ന് മാത്രം കരുതിയാൽ മതി.. തങ്ങൾ സത്യം പുറത്തു വരാൻ ഏറ്റവും പ്രായോഗികമായ മാർഗ്ഗം നിർദ്ദേശിക്കുന്നു എന്നും അതിനായി പോരാടുന്നു എന്നും തോന്നൽ ജനിപ്പിക്കാൻ മാത്രം ഉള്ള ഒരു ശ്രമം.. അതിൽ ആത്മാര്‍ഥത തീരെ ഇല്ല എന്നുതന്നെ വേണം കരുതാൻ.. ഒരു ജുഡീഷ്യൽ കമ്മീഷന്റെ Terms of Reference നിർദ്ദേശിക്കുന്നത് സർക്കാരാണ്.. ജുഡീഷ്യൽ അന്യേഷണ കമ്മീഷന് കുറ്റക്കാരൻ എന്ന് കാണുന്നവരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യാനുള്ള അധികാരമില്ല.. എന്തിന്; സർക്കാരിന്റെ ലക്ഷങ്ങൾ മുടക്കി റിട്ടയർ ചെയ്ത ഒരു ജഡ്ജിക്ക് പണി ഉണ്ടാക്കുന്നതിന്റെ അവസ്സാനം ഉള്ള കണ്ടെത്തലുകളെയോ, നിർദ്ദേശങ്ങളെയോ അനഗീകരിക്കേണ്ട ബാധ്യത പോലും സർക്കാരിനില്ല!! പിന്നെ എന്തിന് വേണ്ടി ജുഡീഷ്യൽ അന്യേഷണം?? ഒന്നുങ്കിൽ പ്രതികളെ രക്ഷപ്പെടുത്താനുള്ള ബോധപൂർവ്വമുള്ള പ്രവർത്തനം!! അല്ലെങ്കിൽ ജുഡീഷ്യൽ അന്വേഷണം നേരിടുന്ന മന്ത്രിമാർ ഉൾപ്പെടുന്ന സർക്കാർ രാജിവെയ്ക്കണ മുറവിളി ഉയർത്തി വീണ്ടും തെരുവിലേക്കിറങ്ങാനുള്ള അവസ്സരം സൃഷ്ടിക്കുക..

       തെളിവുകൾ അവ്യക്തമായി മാത്രമാണ് ഉമ്മൻചാണ്ടിയെ കുറ്റക്കാരനായി ചിത്രീകരിക്കുന്നത്.. അങ്ങനെ ഉള്ള അവസ്സരത്തിൽ ഒരു മുഖ്യമന്ത്രി പ്രതിപക്ഷം ബഹളം ഉണ്ടാക്കുന്നു എന്നതിന്റെ മാത്രം അടിസ്ഥാനത്തിൽ രാജി വെയ്ക്കെണ്ടതുണ്ടോ?? നാളെ അദ്ദേഹം നിരപരാധി ആണെന്ന് കണ്ടാൽ പോയ സ്ഥാനം ആര് തിരികെ നല്കും?? അദ്ദേഹത്തിന്റെ രാഷ്ട്രീയ അന്തരീക്ഷത്തിനേൽക്കുന്ന മങ്ങൽ ആര് നിവർത്തിച്ചു നല്കും?? ആ നഷ്ടത്തിന് ഇന്ന് കൂകി വിളിക്കുന്നവർക്ക് എന്ത് ചേതം?? അങ്ങനെ ചിന്തിച്ചാൽ നീതിയുടെ ഒരു ചോദ്യവും അവിടെ അവശേഷിക്കുന്നു!! 

       സോളാർ വിഷയത്തിൽ ഏറ്റവും ഉചിതമായത് CBI അന്വേഷണം തന്നെയാണ്.. സർക്കാർ അതിന് മുതിരുന്നത് പ്രശംസ്സ അർഹിക്കുന്നു.. സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന ഒരു കേസ്സിൽ സർക്കാരിന്റെ സ്വന്തം പോലീസ് അന്യെഷിക്കാതിരിക്കുക... CBI ക്ക് വിശ്വാസ്യത കുറവാണെങ്കിൽ ഇന്ന് ഇന്ത്യയിൽ ലഭ്യമായ ഏറ്റവും വിശ്വാസ്യത ഉള്ള അന്യേഷണ ഏജൻസി അതാണെന്ന് മനസ്സിലാക്കണം.. പുതിയ വിശ്വാസ്യത ഉള്ള ഏജൻസി രൂപീകരിച്ച് സോളാർ അന്വേഷണം സാധ്യമല്ലെല്ലൊ!! ഭാരതത്തിലെ ലക്ഷം കോടികളുടെ അഴുമതി കേസ്സുകളുടെ അന്യെഷണത്തിനും നാം വിശ്വാസ്സമർപ്പിച്ചിരിക്കുന്നത് ഇതേ CBI യെ തന്നെയാണ്..

       കുറ്റവാളികൾ ശിക്ഷിക്കപ്പെടണം എന്ന ഉത്തരവാദിത്വം നിറവേറ്റുക എന്നതിനപ്പുറം; കണ്ടുനിൽക്കുന്ന നിഷ്പക്ഷമതിയിൽ ആലോസ്സരങ്ങൾ ജനിപ്പിക്കുന്ന രാഷ്ട്രീയഅന്തരീക്ഷമാണ് കേരളത്തിൽ നിലനിൽക്കുന്നതെന്ന് നിസ്സംശയം പറയാം.. ജനങ്ങൾക്ക്‌ ഗുണമോ, അവരുടെ ക്ഷേമത്തിന് ഉതകുന്നതോ ഒന്നും സോളാറിന്റെ ഒരു പുറത്തും കാണുവാൻ കഴിയില്ല.. ഒരു വലിയ വിഭാഗം ജനതക്കും യാതൊരു താൽപര്യവുമില്ലാത്ത വിഷയം മാധ്യമങ്ങളും രാഷ്ട്രീയ പാർട്ടികളും അവർക്ക്മേൽ അടിച്ചേൽപ്പിക്കുകയാണെന്നും പറയേണ്ടിവരും.. രാഷ്ട്രീയ പാർട്ടികളും, മാധ്യമങ്ങളും അവരുടെ ഊർജ്ജം 'മുതലെടുപ്പുകൾ' എന്നതിന് ഉപരിയായി വിനിയോഗിക്കാനും ശ്രമിക്കണം.. അതിലുപരിയായി ഏതൊരു വിഷയത്തെയും അപഗ്രഥിച്ചു മനസ്സിലാക്കാനുള്ള കെൽപ്പ് ഓരോ വ്യക്തിക്കും ഉണ്ടാക്കുക എന്ന ഉത്തരവാദിത്വവും അവർ നിർവഹിക്കണം


[Rajesh Puliyanethu
 Advocate, Haripad]