Tuesday 25 October 2016

രാഷ്ട്രീയ ബോധം,, ഒരു പരമ്പരാഗത വിശ്വാസ്സം.........!!

     നമ്മുടെ ഇടയിൽ ഓരോരുത്തരും വിവിധങ്ങളായ രാഷ്ട്രീയ പാർട്ടികളോടും,, അതിന്റെ വീക്ഷണങ്ങളോടും ആകൃഷ്ടരായിട്ടുള്ളവരാണ്... ഈ രാഷ്ട്രീയ വീക്ഷണങ്ങളിലേക്ക് ആളുകൾ എത്തിച്ചേരുന്ന കാരണങ്ങളിൽ ഒന്നിനെക്കുറിച്ചു എനിക്കുണ്ടായ അനുഭവം വിവരിക്കാനാണ് ഈ എഴുത്ത്.... 

     എന്റെ സ്കൂൾകാല സുഹൃത്തായിരുന്ന ഷംസീർ കുറച്ചു ദിവസങ്ങൾക്കു മുൻപ് എന്നെ കാണാൻ വന്നു... സ്കൂൾ തലത്തിനു ശേഷം നിരന്തര ബന്ധം അയാളുമായി ഉണ്ടായിരുന്നില്ല.. വല്ലപ്പോഴും കാണും,, എന്തെങ്കിലും കുശലാന്വേഷണം നടത്തും,, പിരിയും,, അത്രമാത്രം... 

     ഷംസീർ എന്നെ കാണാൻ വന്നപ്പോൾ കൂടെ ഒരാൾ ഉണ്ടായിരുന്നു... ഷംസീർ അയാളെ പരിചയപ്പെടുത്തി.. എന്റെ മകളുടെ ഭർത്താവാണ്.. ഷാനവാസ്... ഷാനവാസ് എനിക്ക് പുതിയ മുഖമല്ല.. ഒരു ഖാദർ ധാരിയായാണ് ഞാൻ കണ്ടിട്ടുള്ളത്...  ഷംസീറുമായുള്ള ബന്ധം അറിയില്ലായിരുന്നു എന്ന് മാത്രം... ചില ഡോക്യൂമെന്റസ് നോക്കികൊടുക്കണം,, ചില എഗ്രിമെന്റുകൾ തയ്യാർ ചെയ്യണം അതു മാത്രമായിരുന്നു അവരുടെ ആവശ്യം... സംസാരങ്ങൾക്കു ശേഷം ഞങ്ങൾ പിരിഞ്ഞു... 

     വീണ്ടും കേസ്സുകാര്യങ്ങളുടെ ആവശ്യത്തിന് ഷാനവാസ്സ്‍ എന്നെ കാണാൻ വന്നു... പഴയ ഖദർ ധാരിയിൽ നിന്നും ജീൻസ്സിലേക്കുള്ള മാറ്റത്തെപ്പറ്റി ഞാൻ ചോദിച്ചു.. അയാൾ പറഞ്ഞു.... """ഷബാനെ കെട്ടിയതിൽ പിന്നാ... രാജേഷ് ചേട്ടന് അറിയാമെല്ലോ,, അവളുടെ അത്ത വലിയ സഖാവാ.... ബ്രാഞ്ചിന്റെ ചുമതലയുമുണ്ട്... അപ്പോപ്പിന്നെ അവരുടെകൂടെ നിൽക്കുവാ ഗുണം... അവടത്താ പറഞ്ഞിട്ടാ,, കൊറച്ചു നാള് ഒന്നും ഇല്ലാതെ നിൽക്കാൻ""".....!!!!

      യൂത്ത് കോൺഗ്രസിന്റെ സജീവ പ്രവർത്തകനായിരുന്ന ഒരുവന്റെ രാഷ്ട്രീയ നിലപാടുകൾക്കുണ്ടായ മാറ്റത്തിന്റെ അടിസ്ഥാനം അയാളുടെ ഭാര്യയുടെ പിതാവ് ഇടതുപക്ഷത്ത് സ്വാധീനമുള്ള ഒരാളാണ് എന്നതാണ്... എത്ര വികലമായ രാഷ്ട്രീയ വീക്ഷണമാണ് ഇതെന്നു കാണൂ... അച്ഛൻ ഇടതുപക്ഷ നേതാവെങ്കിൽ മകനും ഇടതൻ.... അമ്മായി അപ്പൻ വലതനെങ്കിൽ മരുമകൻ വലതൻ... 

     ഇതാണ് അങ്ങ് ഡൽഹിയിൽ മുതൽ കാണുന്ന രാഷ്ട്രീയ വീക്ഷണം... രാജീവ് ഗാന്ധി കൊണ്ഗ്രെസ്സ്കാരനായതിനാൽ രാഹുൽ കൊണ്ഗ്രെസ്സ്കാരൻ... രാഹുലിന് സ്വതന്ത്ര്യ രാഷ്ട്രീയ വീക്ഷണമില്ല.... താഴേക്കിടയിലെ ഷാനവാസിനും സ്വതന്ത്ര്യ രാഷ്ട്രീയ വീക്ഷണമില്ല.... പരമ്പരാഗതമായി ഒരു സ്വത്തു കൈമാറ്റം പോലെ രാഷ്ട്രീയ വീക്ഷണവും കൈമാറുന്നു... ജനാധിപത്യത്തിന്റെ സ്വാതന്ത്ര്യങ്ങളെ എത്രത്തോളം മൂടിവെയ്ക്കുന്നു ഇക്കൂട്ടർ... അവരെല്ലാം തന്നെ തന്റെ അപ്പോൾ നിൽക്കുന്ന പാർട്ടിയുടെ പ്രത്യയശാസ്ത്ര മൂല്യങ്ങൾക്കായി തർക്കങ്ങളിൽ ഏർപ്പെടുന്നു... പരസ്പ്പരം തല്ലുന്നു.. കൊല്ലാനും മരിക്കാനും തയ്‌യാറാകുന്നു...  

     മാറിനിന്നു നോക്കിയാൽ വലിയ താമാശ ആയിരിക്കുന്നു രാഷ്ട്രീയം... തനിക്കെന്തു ലാഭം എന്നു നോക്കി രാഷ്ട്രീയ പാർട്ടികളെ തെരഞ്ഞെടുക്കുന്നു... തന്റെ ചിന്തയിലെ ത്രിപ്ത്തിയോ,, ന്യായമോ ഒന്നും ആലോചിക്കാതെ പിന്താങ്ങുന്നു.. ജയ് വിളിക്കുന്നു.... പോരടിക്കുന്നു... രാഷ്ട്രമോ, രാഷ്ട്രീയമൊ തിരിച്ചറിയാത്ത കുറെ കോലാഹലസൃഷ്ട്ടാക്കൾ മാത്രമാകുന്നു ഇന്നത്തെ ഭൂരിപക്ഷം രാഷ്ട്രീയ പ്രവർത്തകരും, അനുഭാവികളും....! 

     രാജ്യത്തിന്റെ നിലനിൽപ്പ് ജനതയുടെ ജനാധിപത്യ വിശ്വാസ്സങ്ങളിലും, മൂല്യബോധത്തിലുമാണുള്ളത്... അത് വിജയിക്കണമെങ്കിൽ സ്വതന്ത്രമായ ചിന്തയും, വിശ്വാസ്സവും രൂപം കൊള്ളണം...അപഗ്രഥിച്ചു മനസ്സിലാക്കി പ്രവർത്തിക്കാൻ കഴിവുള്ള പൊതുസമൂഹത്തെ സ്വാധീനിച്ചു പരാജയപ്പെടുത്താൻ ആർക്കും കഴിയില്ല... സ്വതന്ത്രമായ സ്വന്തം ചിന്തകൾ വ്യക്ത്തിക്കൊപ്പം രാജ്യത്തെയും വളർത്തും.....

[Rajesh Puliyanethu
 Advocate, Haripad]