Thursday 23 February 2017

പൾസർ സുനിപിടിയിൽ,, പൊലീസിന് അഭിമാനിക്കാൻ എന്ത്???

     എറണാകുളത്ത് മലയാളം സിനിമാ നടി പീഡിപ്പിക്കപ്പെട്ടതിലെ മുഖ്യകുറ്റവാളി പിടിയിലായിരുന്നു... സന്തോഷകരമായ കാര്യം തന്നെ... പക്ഷെ പ്രതിയെ കസ്റ്റഡിയിൽ കിട്ടിയ രീതി കേരളാ പൊലീസിന് അപമാനകരം എന്ന് പറയാതെ വയ്യ..  കഴിഞ്ഞ ആറു ദിവസങ്ങളായി കേരളാ പോലീസ്സ് എന്തു ചെയ്യുകയായിരുന്നു എന്ന് കൂടി ആലോചിക്കണം... പൾസർ സുനി പോകുന്നിടത്ത് അകമ്പടി പോവുകയായിരുന്നു അവർ..  പൾസർ സുനി അപ്പാർട്ട്‌മെന്റിൽ നിന്നും തിരികെ പോയ്ക്കഴിയുമ്പോൾ പോലീസ്സ് അവിടെ എത്തുന്നു... അമ്പലപ്പുഴയിൽ നിന്നും  പൾസർ സുനി ചായ കുടിച്ചിറക്കി കഴിയുമ്പോൾ പോലീസ്സ് അവിടെ എത്തി കപ്പ് പരിശോധിച്ച് കഴുകി വെയ്ക്കുന്നു....  പൾസർ സുനി അഭിഭാഷകന്റെ അടുത്തുനിന്നും തിരികെ പോയികഴിയുമ്പോൾ അയാൾ ഏൽപ്പിച്ച ഫോൺ എടുത്തു കൊണ്ട് പോയി സുനി കളിച്ച ഗെയിം ഏതാണെന്ന് പരിശോധിക്കുന്നു.... എന്തിനും എവിടെയും വൈകി എത്തുന്ന ഒരു അലംഭാവം നിറഞ്ഞ ഏജൻസി ആയി മാത്രമാണ് കേരളാ പോലീസ്സ് പ്രവർത്തിച്ചത്... ഇതൊന്നും  പൾസർ സുനിയുടെ പുറകെത്തന്നെ പോലീസ്സ് ഉണ്ടായിരുന്നു എന്നതിന്റെ തെളിവുകളല്ല... കാരണം  പൾസർ സുനി അയാളുടെ ആവശ്യങ്ങൾക്കായി സ്വര്യവിഹാരം നടത്തുന്നതായാണ് മനസ്സിലാക്കാൻ കഴിഞ്ഞത്...

     എറണാകുളം കോടതിയിൽ കീഴടങ്ങാനായാണ്  പൾസർ സുനി  എത്തിയതെന്നത് വ്യക്തം.. അതായത് സ്വമേധയാ നിയമത്തിനു മുൻപിൽ കീഴടങ്ങുന്നു.... അതിന് അയാളെ അനുവദിക്കാതെ തെരുവ് ഗുണ്ടകളുടെ പ്രവർത്തനങ്ങളെ ഓർമ്മിപ്പിക്കും വിധം പോലീസ്സ് പ്രവർത്തിച്ചതെന്തിന്?? ആ പ്രവർത്തികൊണ്ട് കേസ്സിനും ഇരക്കു നീതി വാങ്ങി നൽകുന്നതിലും എന്ത് ഗുണമാണ് ഉണ്ടായത്?? യാതൊന്നും ഇല്ലാ എന്ന് നിസ്സംശയം പറയാം.. കഴിഞ്ഞത്;; തങ്ങൾ അതി വിദക്തമായി പ്രതിയെ കീഴടക്കി എന്ന് പൊലീസിന് മേനി പറയാൻ കഴിഞ്ഞു... സർക്കാരിന് അഭിമാനത്തിന്റെ പുളകങ്ങൾ പൊതുജനത്തെ കാണിക്കാനും കഴിഞ്ഞു... അത്രമാത്രം....പക്ഷെ കണ്ടുനിന്നവന് തോന്നിയത് ചാവാൻ തൂങ്ങി നിൽക്കുന്നവനെ തലക്കടിച്ചു കൊന്നതുപോലെയാണ്...

      കുറ്റകൃത്യത്തിനു ശേഷം  പൾസർ സുനി  ആറുദിവസ്സം സ്വൈര്യ വിഹാരം നടത്തി... എന്തിന്, കോടതിവളപ്പിൽ കയറുന്നതിന് മുൻപെങ്കിലും പിടികൂടാൻ സാധിച്ചിരുന്നെങ്കിൽ അത് കേരളാ പോലീസിന്റെ മികവായി അംഗീകരിക്കാമായിരുന്നു...  പൾസർ സുനി കോടതിയിൽ പ്രവേശിക്കുന്നതിന് മിനിറ്റുകൾക്കുമുൻപ് മാത്രമാണ് കോടതി പിരിയുന്നത് എന്നാണ് മനസ്സിലാകുന്നത്... അപ്പോൾ ഏതാനും മിനിറ്റുകൾ കൂടി കഴിഞ്ഞാണ് കോടതി പിരിഞ്ഞിരുന്നതെങ്കിൽ പോലീസ്സിനു മേനി പറയാൻ എന്തായിരുന്നു ഉണ്ടാവുക.... കോടതിഹാളിൽ നിന്ന  പൾസർ സുനിയെ തിരിച്ചറിഞ്ഞ അഭിഭാഷകർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ്സ് അവിടെ എത്തി പിടികൂടിയതെന്ന സത്യം ആരും വിസ്മരിക്കരുത്... പക്ഷെ അതിന്റെ ക്രിഡിറ്റ് ജന്മശത്രുക്കളായ അഭിഭാഷകർക്കു ലഭിക്കണ്ട എന്നു കരുതി മാധ്യമങ്ങൾ ആഭാഗം സൗകര്യപൂർവ്വം വിഴുങ്ങി... ഇതെടുത്തു പറഞ്ഞത് ഒരു തരി പോലും മേന്മ അവകാശപ്പെടാൻ പോലീസ്സിനില്ല എന്ന് സൂചിപ്പിക്കാനാണ്....

     പോലീസിനു മുൻപിലോ കോടതിയിലോ കീഴടങ്ങിയാൽ കേസ്സിൽ യാതൊന്നും സംഭവിക്കാൻ പോകുന്നില്ല.... പോലീസ്സ് പുറത്തെവിടെവെച്ചെങ്കിലും അറസ്റ്റ് ചെയ്തിരുന്നെങ്കിൽ പ്രതിയെ കോടതിയിൽ ഹാജരാക്കാതെയും, അറസ്റ്റ് രേഖപ്പെടുത്താതെയും കുറച്ചു ദിവസ്സം കസ്റ്റഡിയിൽ സൂക്ഷിക്കാമായിരുന്നു.... ഭേദ്യം ചെയ്യാൻ ഉദ്ദേശമുണ്ടെങ്കിൽ അതിനുള്ള സൗകര്യവും ലഭിക്കും... കോടതിയിൽ കീഴടങ്ങിയാൽ ഇതിനുള്ള സാദ്ധ്യതകൾ കുറയും... പക്ഷെ പ്രതിയെ ചോദ്യം ചെയ്യുന്നതിനോ, തെളിവുകൾ സ്വീകരിക്കുന്നതിനോ തടസ്സങ്ങൾ ഉണ്ടാകുന്നില്ല... കോടതിയിൽ കീഴടങ്ങിയാൽ കസ്റ്റഡിയിൽ വാങ്ങുന്നതും മറ്റും കോടതിയുടെ അനുമതിയോടെ ആയിരിക്കുമെന്ന് മാത്രം... പോലീസ്സ് പിടികൂടിയായാലും തെളിവുകൾ ശേഖരിക്കുന്നതിനായി കോടതി അനുമതിയോടെ കസ്റ്റഡിയിൽ വാങ്ങേണ്ടി വരും.... അപ്പോൾ ഫലത്തിൽ വ്യത്യാസം കോടതിയിൽ കീഴടങ്ങിയാൽ നിയമവിരുദ്ധമായ ശാരീരിക അതിക്രമങ്ങളും,, കസ്റ്റഡിയും നടക്കില്ല എന്ന് മാത്രം... പ്രതികൾ കോടതിയിൽ കീഴടങ്ങാൻ തീരുമാനിച്ചതും ഇവ ഒഴിവാക്കാൻ മാത്രമാണ്... പക്ഷെ പോലീസ്സിന്റെ പിടിപ്പുകേടുകൊണ്ട് കോടതിക്ക് ഉള്ളിൽ എത്തിയ പ്രതികൾക്ക് അവരുടെ ഉദ്ദേശം നടന്നു എന്ന് വേണം കരുതാൻ... ഇത്രയും പൊതുജന ശ്രദ്ധയും, കോടതി- മാധ്യമ ശ്രദ്ധയും നേടിയ ഒരു അറസ്റ്റിൽ നിയമ വിരുദ്ധമായ കസ്റ്റഡിയും ഒരു നിലയിൽ കവിഞ്ഞ ദേഹോപദ്രവവും സാദ്ധ്യമല്ല... അപ്പോൾ ആരാണ് ജയിച്ചത്... തീർച്ചയായും പ്രതികളാണ്.... പോലീസ്സ് തങ്ങളുടെ കഴിവുകൊണ്ട് പ്രതികളെപിടികൂടി എന്ന വെറും വീമ്പു പറച്ചിൽ നടത്തുന്നു എന്ന് കാണണം...

     നിയമത്തെയും, കോടതിയെയും വേലവെയ്ക്കാത്ത പോലീസ്സ് എന്നുകൂടി പറയേണ്ടി വരും... കോടതിമുറിയിൽ മജിസ്‌ട്രേറ്റ് ഇല്ലാത്തതിനാൽ അത് മറ്റേതൊരിടം പോലെ മാത്രം എന്നാണ് ചിലരുടെ വിചിത്രമായ വാദം.... മജിസ്‌ട്രേറ്റ് അവധിയിൽ ആയിരുന്നെങ്കിൽ ആ വാദം അംഗീകരിക്കാമായിരുന്നു... പക്ഷെ മജിസ്‌ട്രേറ്റ് ചേമ്പറിൽ ഉണ്ട്... ആ കോടതിയുടെയും ഓഫീസ്സിന്റെയും എല്ലാ പ്രവർത്തനങ്ങളുടെയും അധികാരി അദ്ദേഹമാണ്.. കോടതി മുറിയിൽ പ്രതികൾക്ക് പ്രവേശിക്കാൻ കഴിഞ്ഞ സ്ഥിതിക്ക് തുടർതീരുമാനങ്ങൾ മജിസ്‌ട്രേട്ടിനു വിട്ടുനൽകുകയായിരുന്നു ഏറ്റവും ഉചിതവും മാന്യവുമായ തീരുമാനം...

     ചാനലുകാർക്ക് പൾസർ സുനി ആട്ടക്കഥ ആടിത്തിമിർത്ത് അവന്റെ ബുദ്ധിയും കൗശലതയും വിവരിച്ചു ഏറ്റവും കുറഞ്ഞത് ആയിരം ഫാൻസിനെയെങ്കിലും  സൃഷ്ട്ടിച്ചു ഇറങ്ങിപ്പോകേണ്ട സായാഹ്നമാണിത്... അതിന്റെ വിളക്ക് ഉച്ചക്ക് തന്നെ തെളിയിച്ചു വെച്ചിട്ടുണ്ട്... പിന്നെ പോലീസ്സ് നടപടിയിലെ നിയമ വശവും, സാങ്കേതികതയും ആരായൽ സിനിമയിൽ മേക്കപ്പിടാനും, ഡബ്ബിങ്‌ നടത്താനും, തുണി അലക്കാനും വരുന്നവരിൽ തുടങ്ങി സെറ്റിൽ ചായ കൊടുക്കുന്നവനിൽ വരെ എത്തി നിൽക്കുന്നുണ്ട്... ചാനൽ ക്യാമറ കാണുമ്പോൾ സ്ത്രീയുടെ മാന്യതയും,, അവകാശബോധവും സടകുടഞ്ഞെഴുനേൽക്കുന്ന ചില കൂട്ടങ്ങൾ പോലീസ്സ് നടപടിയെ പ്രകീർത്തിച്ചു രംഗത്തു വന്നിട്ടുണ്ട്... പ്രതിയെ പോലീസ്സ് തല്ലും എന്ന ദിവാ സ്വപ്നമാണ് പറഞ്ഞു പറഞ്ഞു ഈ പോലീസ്സ് നടപടിയുടെ ആകെ മേന്മയായി അവർക്ക് അവതരിപ്പിക്കാനുള്ളത്....

     പൾസർ സുനിയെ കോടതി മുൻപാകെ ഹാജരാക്കാൻ ശ്രമിച്ച അഭിഭാഷകനു നേരെയാണ് ചിലരുടെ രോഷ പ്രകടനം... അഭിഭാഷകൻ പൾസർ സുനിയെ വീട്ടിൽ കൊണ്ട് പോയി താമസിപ്പിക്കാനല്ല മുതിർന്നത്.. കോടതിയുടെ മുൻപാകെ കീഴടക്കാനാണ്.... നിയമത്തിനു മുൻപിൽ കൊണ്ട് വരിക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് കോടതി മുൻപാകെ വിചാരണക്ക് വിധേയനാവുക എന്നതാണ്... മറിച്ചു് പോലീസിന്റെ ഉരുട്ടലിന് വിധേയനാവുക എന്നല്ല.... കോടതിമുന്പാകെ ഹാജരാക്കിയാൽ പ്രതി രക്ഷപ്പെടും എന്നുവരെ ചില സർവ്വകാര്യ വിദക്തർ അഭിപ്രായപ്പെടുന്നു കേട്ടു.. കോടതി പ്രതികളെ രക്ഷപ്പെടുത്തുന്ന സ്ഥലമാണോ?? എത്ര മോശമായ സന്ദേശമാണ് സമൂഹമദ്ധ്യത്തിൽ നൽകുന്നത്?? ഇവിടുത്തെ നിയമ സംവിധാനത്തിൽക്കൂടി മുൻപോട്ടു പോയാൽ കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടില്ല എന്ന് ഇക്കൂട്ടർ വിശ്വസ്സിക്കുന്നുണ്ടോ?? അങ്ങനെ എങ്കിൽ അവർ അത് തുറന്നു പറയണം... ഇവിടുത്തെ പൊതുജനത്തിന് കോടതികളെക്കാൾ കൂടുതൽ പോലീസിനെ വിശ്വാസ്സമായത് എന്ന് മുതലാണെന്നാണ് എത്ര ആലോചിച്ചിട്ടും മനസ്സിലാകാത്തത്... കോടതി മുൻപാകെ കീഴടങ്ങിയിരുന്നെങ്കിൽ പോലീസ്സിന്റെ സാന്നിദ്ധ്യത്തിൽ നടക്കാൻ സാധ്യതയുള്ള നെഗോഷിയേഷനെ ഒരു പരിധിവരെ തടയാൻ കഴിയുമായിരുന്നു എന്നാണ് എന്റെ പക്ഷം....

     പോൾ മുത്തൂറ്റ് വധവും,, ടി പി വധവും അങ്ങനെ എടുത്തു പറയത്തക്ക പല കുറ്റ കൃത്യങ്ങളിലും കൃത്യം നിർവഹിച്ച കരങ്ങൾ മാത്രമേ പിടിക്കപ്പെട്ടുള്ളൂ... പിന്നിൽ പ്രവർത്തിച്ച തലകൾ ഇതുവരെ വെളിച്ചത്തു വന്നിട്ടില്ല... നടി പീഡന കേസ്സിലും മറിച്ചൊന്നും പ്രതീക്ഷിക്കുക വയ്യ... ഇവിടെയും കൃത്യം ചെയ്ത കരങ്ങളെ വിലങ്ങണിയിച്ച വീര സാഹസികരായി പോലീസ്സും ഭരണകൂടയും മേനി നടിക്കും... അതുകണ്ട് ചില സ്തുതിപാഠകർ രോമാഞ്ചം കൊള്ളും...

     നിയമ വ്യവസ്ഥയിൽക്കൂടിത്തന്നെ കുറ്റവാളികളെ ശിക്ഷിക്കാൻ കഴിയും... അതിന് പോലീസ്സും ഭരണകൂടവും ഒന്നായി ബാഹ്യപ്രേരണകൾക്ക് അതീതമായി പ്രവർത്തിച്ചാൽ മതി... ഇരുമ്പഴിക്കുള്ളിൽ ജീവിക്കേണ്ടി വരുന്ന കുറ്റവാളികളെ പുറത്തെത്തിക്കാൻ ഭരണകൂടവും ശ്രമിക്കരുത്... പോലീസിൽ നിന്നു കിട്ടുന്ന നാലു തല്ലല്ല ശിക്ഷ എന്ന് പൊതുജനവും പോലീസ്സും തിരിച്ചറിയണം... 

     തിരക്കഥകൾ നിർമ്മിക്കുന്നത് പ്രൊഫഷനാക്കിയവർ കേരളാ പോലീസിനെ ഉപേയോഗിച്ചു ഉദ്വെഗത്തോടെ അവതരിപ്പിച്ച ഒന്നല്ലേ ഇത് എന്ന് ഇവിടുത്തെ സാധാരണ മനുഷ്യർ ചിന്തിച്ചാൽ ആ ചോദ്യം തീർച്ചയായും ന്യായീകരിക്കപ്പെടും...

[Rajesh Puliyanethu  
 Advocate, Haripad]