Sunday 12 February 2012

ചില പ്രണയ സല്ലാപങ്ങള്‍.... [പ്രണയത്തെ ആദരിക്കുന്നവര്‍ക്കായി!!] Happy Valentines Day...


       ഏതൊരു ജീവിക്കും, ഏതൊരു ജീവിയോടോ, വസ്തുവിനോടോ, വസ്തുതയോടോ തോന്നുന്ന, തോന്നേണ്ടുന്ന മഹത്തരവും ഗംഭീരവുമായ വികാരം "സ്നേഹം". ആ ഒരു ചെറിയ വാക്കില്‍ ഒതുങ്ങി യിരിക്കുന്ന പല തലങ്ങലുള്ള വലിയ വികാരത്തെക്കുറിച്ചും, അതിന്റെ അഭാവത്തിലെ ഭീകരതെയെക്കുറിച്ചും എന്നും മനുഷ്യ സമൂഹങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്. അതിനെ ഉള്‍ക്കൊണ്ടു അനുവര്‍ത്തിക്കാന്‍ പരിപൂര്‍ണ്ണ മായും തയ്യാറാകുന്നില്ല എങ്കിലും!! ഇവിടെ സ്നേഹം സ്വന്തം മനസ്സിനുള്ളിലെ താല്‍പ്പര്യങ്ങള്‍ക്കും, വ്യക്ത്തികള്‍ക്കും ചുറ്റും മാത്രമാകുമ്പോള്‍ സ്നേഹം വിഷമയമായ സ്വാര്‍ത്ഥത എന്നാ പരിവേഷം നേടുന്നു. സ്നേഹം തന്റെ മനസ്സിനുള്ളില്‍ മാത്രമുള്ള വ്യക്തികളില്‍ നിന്നും താല്‍പര്യങ്ങളില്‍ നിന്നും പുറത്തേക്ക് വ്യാപിപ്പിക്കാന്‍ സ്വന്തം പ്രവര്‍ത്തികൊണ്ടു ലോകത്തെ ഉപദേശിക്കുകയും, പഠിപ്പിക്കുകയും ചെയ്തവരെയാണ്  ലോകം സ്നേഹപൂര്‍വ്വം മഹത് വ്യക്ത്തികള്‍ എന്ന് വിളിച്ചു ആദരിക്കുന്നതും; ആ സ്നേഹത്തെയാണ്‌ ക്രിസ്തു സമാനമായ സ്നേഹം എന്ന് ദസ്തയവിസ്ക്കി വിളിച്ചതും, മഹാത്മാഗാന്ധി ഈ യുഗത്തില്‍ കാട്ടിത്തന്നതും. സ്നേഹത്തെക്കുറിച്ച് സംസാരിക്കാതെപോയ അധികമാരും കാലത്തെ അതിജീവിച്ചു  മനുഷ്യമനസ്സുകളില്‍ ആയുസ്സോടെ ഉണ്ടാകുമെന്ന് തോന്നുന്നില്ല.

       സ്വന്തം മനസ്സിനുള്ളിലെ പ്രിയപ്പെട്ടവയുടെതെന്ന ശീര്‍ഷകത്തിന്‍ കീഴില്‍ മാത്രം ഒതുങ്ങുന്ന സ്നേഹം പലപ്പോഴും തന്നിലും ആ ശീര്‍ഷകത്തിന്‍ കീഴിലെ വസ്തുതകളിലും മാത്രം ഒതുങ്ങിപ്പോകുന്നു. അതിനു പുറത്തേക്ക് മഹത്വ വല്‍ക്കരിക്കപ്പെടാവുന്ന തോന്നും അവിടെ കണ്ടെത്താന്‍ കഴിഞ്ഞു എന്നും വരുന്നില്ല. അതിനു പുറത്തേക്ക് വ്യാപിപ്പിക്കാന്‍ കഴിയുന്ന സമസ്തമായതും, വിശാലമായതുമായ സ്നേഹം എന്നാ വികാരം മഹത്തരമെന്നു വിശേഷിപ്പിക്കാമെങ്കിലും അതില്‍ അന്തര്‍ലീനമായ 'എല്ലാത്തിനോടുമുള്ളത്‌' എന്നത് ചെറിയ തോതിലെങ്കിലും ഇകഴ്ത്തല്ലിനു കാരണമാകുന്നു. ഒരു സ്വര്‍ണ്ണതളികയില്‍ അല്പം മഷി പുരണ്ടിരിക്കുന്നതിനെ ആ തളികയുടെ മൂല്യത്തിന്റെ കുറവായി പറയുന്നത് പോലെ എങ്കിലും!! പക്ഷെ ചിലതില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നു എന്നത് സ്വാര്‍ഥതയുടെ നിറം ചാര്‍ത്തപ്പെടാത്തതും സമസ്ത പ്രകൃതിയിലേക്കും പകരാന്‍ കഴിയാത്തത് ഒരു കുറവായി കാണാന്‍ കഴിയാത്തതുമായ സ്നേഹത്തിന്റെ ഏറ്റവും ഉദാത്തമായ അവസ്ഥയാണ് "പ്രണയം" !! കാരണം പ്രണയത്തിന്റെ മഹനീയതകളെ  വര്‍ണ്ണിക്കുമ്പോള്‍ പ്രധാനമായതോന്നാണ്, അത് എല്ലാത്തിനോടും സാധ്യമാകുന്നില്ല എന്നത്. ആ പരിമിതികളും പ്രണയത്തിന്‌ അലങ്കാരങ്ങളാകുന്നത്തെ ഉള്ളു!! 

       എല്ലാ ജന്മങ്ങളും മനസ്സിന്റെ വസന്തകാലത്തില്‍, മനസ്സിലെ വര്‍ണ്ണങ്ങള്‍ തിരിച്ചറിയുന്ന കാലം മുതല്‍  ഒരു പനിനീര്‍ ചെടി നട്ടു വളര്‍ത്തുന്നുണ്ട്. തന്റെ മനസ്സിലെ സ്നേഹത്തിന്റെയും, മമതയുടെയും, പ്രതീക്ഷയുടെയും, സങ്കല്പ്പങ്ങളുടെയും, സ്വപ്നങ്ങളുടെയും ഒക്കെ പരിപാലനത്തില്‍; ഒരില വാടുന്നത് വേദനയോടെയും, ഒരില കൊഴിയുന്നത് നിരാശയോടെയും കണ്ടു പരിപാലിക്കുന്ന ആ പനിനീര്‍ ചെടിയില്‍ വിരിയുന്ന ഒറ്റ പുഷ്പമാണ്‌ 'പ്രണയം'. മനസ്സിന്റെ ഏറ്റവും വലിയ സന്തോഷവും, ആവേശവും, താല്‍പര്യവും, ഇഷ്ടവുമായി അതാര്‍ക്കു അടര്‍ത്തി നല്‍കുന്നതിനാണ് നീ ഇഷ്ട്ടപ്പെടുന്നത്, അതാണ്‌ നിന്റെ പ്രണയിനി. 

       പ്രണയം ഒരിക്കല്‍ മാത്രം മനസ്സില്‍ വിടരുന്ന പുഷ്പമാണ്, അതടര്‍ത്തി ഒരിക്കല്‍ ഒരുവന് നല്‍കിയാല്‍ അത് നുകര്‍ന്ന് ആസ്വദിക്കുന്നതിനുള്ള പരിപൂര്‍ണ്ണ സ്വാതന്ത്ര്യം അയാള്‍ക്കാണ്‌. പിന്നീട് മറ്റൊരാളിലേക്ക് അത് തിരികെ വാങ്ങി നല്‍കുന്നതിനു മാത്രമേ കഴിയുന്നുള്ളൂ, പക്ഷെ അപ്പോഴേക്കും ആ പുഷ്പ്പത്തിന്റെ ഏറ്റവും മനോഹരമായ സുഗന്ധം നഷ്ടപ്പെട്ടിരിക്കും. 'ഒരു മനസ്സിന് ഒരുവനെ മാത്രമേ പ്രണയിക്കാന്‍ സാധിക്കുന്നുള്ളൂ, പിന്നീടുള്ളവരിലെല്ലാം തിരയുന്നത് അവനെത്തന്നെ ആയിരിക്കും' എന്ന് വായിച്ചത് എവിടെയെന്നു മറന്നെങ്കിലും വരികളിലെ സത്യം മനസ്സില്‍ത്തന്നെ നിലനില്‍ക്കുന്നു.

       ഒരിക്കലും മനസ്സില്‍ ഒരാളോട് തോന്നുന്ന പ്രണയത്തെ ഒരു തിരശീലകൊണ്ട് മറച്ചുവെച്ച്‌ ആര്‍ക്കും ആ നേര്‍ത്ത മറക്കുള്ളില്‍ ഒളിച്ചിരിക്കാനാവില്ല! മുഖത്തിനു മേല്‍ നിങ്ങളെ സ്വയം മറക്കാന്‍ ധരിക്കുന്ന ആ നേര്‍ത്ത മറ നിങ്ങളുടെ കണ്ണ് നീരാല്‍ നനയപ്പെട്ടിരിക്കുന്നത് നിങ്ങളുടെ മനസ്സിനെ തിരിച്ചറിയുന്നവന്‍ കാണുന്നുണ്ടായിരിക്കും. നീ ഒരു തോണിയില്‍ പുഴയുടെ മധ്യത്തില്‍ നില്‍ക്കുന്നു എന്ന് കരുതുക. നിന്റെ തോണിയില്‍ നിന്നും നീട്ടി കെട്ടിയ കയര്‍ കയ്യിലേന്തി കരയില്‍ നില്‍ക്കുന്നവനാണ് നിന്റെ പ്രണയിതാവ്. അവന്‍  കയറില്‍ പിടിച്ചു വലിച്ചാലും നീ കയറില്‍ പിടിച്ചു എതിര്‍ ദിശയിലേക്കു വലിച്ചാലും നീ അവനിലേക്ക്‌ തന്നെയേ അടുക്കു. മനസ്സുകളെ പ്രണയത്തോളം ആകര്‍ഷിച്ചു അടുപ്പിക്കുന്ന മറ്റൊന്നും ഈ ലോകത്തില്ല!!

       പ്രണയം മനസ്സുകളുടെ ലഹരിയും, വിനോദവും ആയതിനാലാകാം പ്രണയത്തെക്കുറിച്ചുള്ള സങ്കല്പങ്ങള്‍ പോലും മധുര വികാരങ്ങളെ ഉയര്‍ത്തുന്നത്. പ്രപഞ്ചത്തിലെ ഏതോരു മനോഹര വസ്തുവും പ്രണയിക്കുന്നു എന്നസങ്കല്‍പ്പം തന്നെ ആനന്ദദായകമാണ്. അതിനുവേണ്ടി ഈ പ്രപഞ്ചം മുഴുവന്‍ പരസ്പ്പരം പ്രണയിക്കുന്നു എന്ന് സങ്കല്‍പ്പിക്കുക. ഈ ഭൂമിയും വാനവും പരസ്പ്പരം പ്രണയിക്കുന്നു. ഒരിക്കലും പരസ്പ്പരം ഒന്ന് ആലിംഗനം ചെയ്യാന്‍ പോലും കഴിയാത്തതില്‍ ഉള്ള വാനത്തിന്റെ ദുഖമായിരിക്കാം കണ്ണുനീരായി, മഴയായി ഭൂമിയിലേക്ക്‌ പൊഴിക്കുന്നത്.

       പ്രണയം തീര്‍ക്കുന്നത് ഒരു ലോകമാണ്. ആ ലോകത്തില്‍ പ്രണയിതാക്കള്‍ മാത്രമേ ഉള്ളു. അവിടെ അവര്‍ക്ക് എന്തുമാകാം. ആ ലോകത്തിന്റെ വിസ്തൃതി പ്രണയിതാക്കളുടെ മനസ്സുകളുടെ സീമയോളമാണ്. മനസ്സിലും ശരീരത്തിലും പ്രണയം മാത്രം. ആ പ്രണയത്തെ ദൈവവും കണ്ടു ആസ്വദിക്കുന്നു. ദൈവവും ആ പ്രണയത്തെ കണ്ടു ഉന്മാദാവസ്ഥയില്‍ എത്തുന്നു. ആ ലോകത്തേക്ക് ബാഹ്യമായ ചിന്തകളോ, സ്വാധീനങ്ങലോ  ഉണ്ടാകുമ്പോള്‍ പ്രണയം നിന്യവും മലിനവുമാകുന്നു. അങ്ങനെ വിശുദ്ധമായ പ്രണയത്തിലേക്ക് കറ പുരളുമ്പോള്‍ ഇച്ചാഭംഗത്തോടെ ദൈവം ഇണകള്‍ക്കുമേല്‍ ശാപം വിതറുന്നു.

       പ്രണയത്തിന്റെ ഉന്മാദാവസ്ഥ മനസ്സിന്റെ ശക്ത്തിയും, വിശ്വാസവും ആയി മാറുമ്പോള്‍ ഏതോരു  പ്രണയിതാവിനും തന്റെ ഇണയോട് ഉച്ചത്തില്‍ വിളിച്ചു പറയാന്‍ സാധിക്കും; "നീ നിന്റെ ജീവനെക്കാളേറെ എന്നെ സ്നേഹിക്കുക, നിന്നോടുള്ള സ്നേഹം കൊണ്ടും, വിശ്വാസം കൊണ്ടും, പരിഗണന കൊണ്ടും നിന്റെ ജീവനെ ഞാന്‍ സംരക്ഷിച്ചു കൊള്ളാം" എന്ന്!!

       പ്രണയത്തിന്റെ ഉന്മാദഅവസ്ഥയുടെ ഉത്തുംഗമാണ് പ്രണയം ഉള്‍ക്കൊള്ളുന്ന മനസ്സുകളെ വഹിക്കുന്ന  ശരീരങ്ങളുടെ സംഗമം. പ്രണയം ഉള്‍ക്കൊള്ളുന്ന ശരീരങ്ങളുടെ സ്വകാര്യതകളില്‍ ഇണയുടെ സമ്മതത്തോടും, പരസ്പര ആനന്ദത്തോടും, താല്പര്യത്തോടും, സ്നേഹത്തോടും, സംതൃപ്തിയോടും, ആവേശത്തോടും, പരസ്പര ഭാവനകള്‍ക്കനുസ്സരിച്ചു ചെലവഴിക്കുന്നതുപോലെ പരസ്പരം മനസ്സുകളുടെ സ്വോകാര്യതകളിലും ചെലവഴിക്കാന്‍ കഴിയുമ്പോള്‍ പ്രണയം അതിന്റെ പൂര്‍ണ്ണതയില്‍ എത്തുന്നു. വീണ്ടും ഒടുങ്ങാത്ത അഗ്നിയായും, മനസ്സിലെ പൂരങ്ങളുടെ പൂരമായും, മഞ്ഞുതുള്ളിയിലെ കുളിര്‍മയായും, കാറ്റിന്റെ തലോടലായും, നിലാവിന്റെ വെന്മയായും ഒക്കെ അതങ്ങനെ തുടരും!!

       ഒരിക്കലെങ്കിലും പ്രണയിച്ചിട്ടില്ലാത്തവര്‍ ഉണ്ടാകുമെന്ന് കരുതാമെങ്കിലും, ഒരിക്കലെങ്കിലും പ്രണയത്തെ ആഗ്രഹിച്ചിട്ടില്ലaത്തവര്‍ ഉണ്ടാകുമെന്ന് കരുതാന്‍ വയ്യ.  പ്രണയിച്ചിട്ടുള്ളവര്‍ക്കും, പ്രണയം മനസ്സില്‍ സൂക്ഷിക്കുന്നവ്ര്‍ക്കും, പ്രണയം ആഗ്രഹിക്കുന്നവര്‍ക്കും, പ്രണയത്തെ ആദരിക്കുന്നവര്‍ക്കും, പ്രണയം കണ്ണുനീരിന്റെ രുചിയുള്ള ഓര്‍മ്മയായി സൂക്ഷിക്കുവര്‍ക്കും, എല്ലാ ഭാവുകങ്ങളും ആശംസ്സിച്ചുകൊണ്ട് പ്രണയത്തിനു വേണ്ടി ത്യാഗത്തിലൂടെ ഓര്‍മ്മപ്പെടുത്തലിന്റെ ഒരു ദിവസം സമ്മാനിച്ച മഹാനെ ആദരവോടെ ഓര്‍ത്തുകൊണ്ട്‌..............

Happy Valentines Day................. 


[RajeshPuliyanethu,
Advocate, Haripad]