Wednesday 11 December 2019

തെലുങ്കാനയിലെ പോലീസ്സ് നടപടി;; ''നീതി'' കണ്ണു കെട്ടുന്നു....!!??


     ഹൈദ്രബാദിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തു ചുട്ടുകൊന്ന കേസ്സിലെ പ്രതികളെ  വെടിവെച്ചു കൊന്ന പോലീസ് ഉദ്യോഗസ്ഥർക്ക് സല്യൂട്ട് നൽകുന്ന തിരക്കിലാണ് രാജ്യത്തിന്റെ ഒരു പകുതി...  രാജ്യത്ത് കൂടിവരുന്ന ബലാത്സംഗ കൊലപാതകങ്ങൾക്കു നേരെ ഉയരുന്ന ജനരോഷമാണ് ഇത്രയും അധികം പിന്തുണ തെലുങ്കാന പൊലീസിന് ലഭിക്കാൻ കാരണം.. വൈകാരികമായി മാത്രം ചിന്തിക്കുന്ന ഒരു വിഭാഗമാണ് ഈ വിധം കലവറയില്ലാതെ പിന്തുണ പൊലീസിന് നൽകുന്നതെന്ന് നിസ്സംശയം പറയാൻ കഴിയും... നിയമത്തെ ഏതു വിധത്തിൽ നോക്കിക്കാണണം എന്നും, നിയമത്തിൻ്റെ അടിസ്ഥാന തത്വങ്ങളിൽ നിന്നുകൊണ്ട് എങ്ങനെ ചിന്തിക്കണണമെന്നും പ്രാഥമിക വീദ്യാഭ്യാസകാലം മുതൽ പഠിപ്പിച്ചു നല്കാത്തതിന്റെ പോരായ്മയും കൂടിയാണ് ഈ പിന്തുണകൾ തെളിച്ചു കാണിച്ചു തരുന്നത്.. ചെറിയ ക്ലാസ് തലം മുതൽ നിയമം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം കൂടി ഈ അവസ്സങ്ങളിൽ ഓര്മപ്പെടുത്തേണ്ടതാണ്...

     തെലുങ്കാനയിലെ സംഭവം നോക്കൂ... പ്രതികളെ വിചാരണ കൂടാതെ വെടിവെച്ചു കൊല്ലുക എന്നതല്ലല്ലോ രാജ്യം വിവക്ഷിക്കുന്ന രീതി... പൊലീസിന് പറയാനുള്ളത് എന്താണ്!!??? പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചു... ഒരു കോടതിയുടെയോ,, അന്വേഷണ കമ്മീഷന്റെയോ,, പുതിയതായി വരുന്ന അന്വേഷണ ഏജൻസിയുടെയോ മുൻപിൽ ഈ കാരണം നിരത്തി പൊലീസിന് എത്രകാലം പിടിച്ചു നിൽക്കാൻ കഴിയും എന്നത് കണ്ടുതന്നെ അറിയണം... പോലീസിന്റെ കസ്റ്റഡിയിൽ രണ്ടു ദിവസത്തിലേറെയായി ഉള്ളവർ... തീർച്ചയായും അവരുടെ പക്കൽ ആയുധങ്ങൾ ഉണ്ടാകില്ല.. ആയുധങ്ങൾ ഉണ്ടായിരുന്നു എന്ന വാദം പൊലീസിന് ഒരിക്കലും ഉന്നയിക്കാൻ കഴിയില്ല... ഇത്രയധികം സെൻസേഷണൽ ആയ ഒരു വിഷയത്തിൽ ജനങ്ങൾ ആക്രമിക്കാൻ സാദ്ധ്യത ഉണ്ട് എന്ന നിലയിൽ കനത്ത ബന്തവസ്സിൽ മാത്രമേ പ്രതികളെ തെളിവെടുപ്പിന് കൊണ്ടുവരാൻ സാദ്ധ്യത ഉള്ളൂ... ഇത്രയധികം കാര്യങ്ങൾ കൃത്യമായി കാണാൻ കഴിയുന്ന രീതിയിൽ നിൽക്കുമ്പോളാണ് പൊലീസിന് ഈ വിഷയത്തിൽ ന്യായങ്ങൾ പറഞ്ഞു അധികകാലം പിടിച്ചു നിൽക്കാൻ കഴിയില്ല എന്ന് പറയുന്നത്... ഇത്രയധികം പൊലീസുകാരെ നിരായുധരായ നാലുപേർ ആക്രമിച്ചാൽത്തന്നെ പ്രതിരോധിക്കാനോ,, അവരെ കീഴടക്കാനോ ഉള്ള ക്ഷമത ഇല്ലാത്തവരാണോ തെലുങ്കാന പോലീസ്സ്...!!?? തോക്കുകൊണ്ടു മാത്രം അവരെ പ്രതിരോധിക്കാൻ കഴിവുള്ളവരാണ് ആ പോലീസ്സ് സംഘത്തിൽ ഉള്ളതെങ്കിൽ ഒരു നിമിഷം പോലും സർവ്വീസിൽ തുടരാൻ അവർ അർഹരല്ല... പോലീസ് സംഘത്തെ അക്രമിക്കുകയല്ല,, മറിച്ചു് അവർ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നുവെങ്കിൽ അവരെ പിടികൂടാൻ കഴിയാത്തതിനാൽ വെടിവച്ചിട്ടു എന്ന് എങ്ങനെ ലജ്ജ കൂടാതെ ഒരു പോലീസ്സ് അധികാരിക്ക് പറയാൻ കഴിയും... ഒരു കാര്യം ഏറെക്കുറെ ഉറപ്പിച്ചു പറയാൻ കഴിയും... ഏറ്റവും കുറഞ്ഞത് ഏത് ഉദ്യോഗസ്ഥന്റെ സർവീസ് റിവോൾവറിൽ നിന്നാണോ പ്രതികളുടെ ശരീരത്തിൽ വെടിയുണ്ടകൾ കയറിയത്,, അയാളെങ്കിലും ശിഷ്ടകാലം ഇരുമ്പഴികൾക്കുള്ളിൽ കഴിയേണ്ടി വരും... കുറ്റം ആരോപിക്കപ്പെടുന്നവനെ വെടിവെച്ചു കൊല്ലുന്നതല്ല പോലീസിന്റെ മികവ്,, മറിച് യഥാർത്ഥ കുറ്റവാളികളെ കണ്ടെത്തി അവർക്കെതിരെ തെളിവുകൾ ശേഖരിച്ചു കോടതിയുടെ മുൻപാകെ തെളിയിച്ചു ശിക്ഷവാങ്ങി കൊടുക്കുന്നതിലാണ്... വിചാരണ കൂടാതെ ശിക്ഷ നടപ്പിലാക്കുന്നതുതന്നെ കാടത്തമാണ്... അതിനെ പിന്തുണക്കുന്നത് അധഃ പതനമാണ്...

     നിയമ വ്യവസ്ഥയിൽ വലിയ ഒരു വിഭാഗം ജനതയ്ക്ക് വിശ്വാസ്സം നഷ്ടപ്പെട്ടതാണ് പോലീസ്സ് നടപടിക്ക്‌ ഇത്രയധികം പിന്തുണ ലഭിക്കാൻ കാരണം എന്ന് കാണേണ്ടതുണ്ട്... അതിനൊപ്പം തന്നെ എന്തുകൊണ്ട് നിയമ വ്യവസ്ഥയിലെ വിശ്വാസ്സം നഷ്ട്ടപ്പെട്ടു എന്നു കൂടി തിരിച്ചറിയാൻ ശ്രമിക്കണം..

     രാഷ്ട്രീയത്തിലും, പോലീസ്സിലും സ്വാധീനങ്ങൾ ചെലുത്തി ചില കേസ്സുകൾ അട്ടിമറിക്കപ്പെടുന്നത് കണ്ടു നിൽക്കേണ്ടി വരുന്നത് ജനങ്ങളിൽ അസ്വസ്ഥതകൾ സൃഷ്ട്ടിക്കും... തങ്ങളുടെ കാഴ്ചപ്പാടിൽ കുറ്റവാളിയാണെന്ന് തീർച്ചപ്പെടുത്തിയ ഒരു കുറ്റാരോപിതർ വിചാരണയ്ക്കു ശേഷം നിരപരാധിയെന്ന് കണ്ടു വിട്ടയക്കപ്പെടുന്നത്,, ശിക്ഷിക്കപ്പെട്ട പ്രതി ജയിലിൽ പൂർവ്വാധികം കായബലം നേടി നിൽക്കുന്നത് കാണുന്നത്,, ശിക്ഷിക്കപ്പെട്ടവൻ സർക്കാർ - രാഷ്ട്രീയ ഒത്താശയോടെ തുടർച്ചയായി പരോളുകൾ നേടി നിയമ സംവിധാനങ്ങളെ പരിഹസിക്കുന്നത്;; ഇതൊക്കെ കണ്ടു നിൽക്കുന്നവൻ സ്വോഭാവികമായും രോഷാകുലരാകും... ഇതിനൊപ്പം കണ്ടു നിൽക്കുന്നവന് നിയമപരിജ്ഞാനത്തിന്റെ അഭാവവും കൂടി ഉണ്ടെങ്കിലോ!!?? തീർച്ചയായും അവർ നീതിന്യായ സംവിധാനത്തെ പഴിപറയും...  കോടതി വിചാരണയ്ക്കു മുൻപുതന്നെ മാദ്ധ്യമങ്ങൾ വിചാരണ നടത്തി കുറ്റവും ശിക്ഷയും വിധിച്ചു കഴിഞ്ഞ ഒരു പ്രതിയെ കോടതി വെറുതെ വിടുന്നുവെങ്കിൽ കണ്ടു നിൽക്കുന്നവന്റെ അമർഷം വീണ്ടും വർദ്ധിക്കും... അവിടെയെല്ലാം പൊതുജനത്തിൻ്റെ മനസ്സിൽ വിലയിടിയുന്നത് നമ്മുടെ നിയമ നീതിന്യായ സംവിധാനങ്ങളുടേത് ആയിരിക്കും... കുറ്റവാളിയെ നിയമത്തിനു വിട്ടുകൊടുക്കാതെ വെടിവെച്ചു കൊന്നുകളയുന്ന സിനിമയിലെ പോലീസ്സ് നായകനോട് തോന്നുന്ന ആരാധന യഥാർഥ പോലീസിനോട് തോന്നുന്നത് നിയമപരമായ അറിവിന്റെയും, ചിന്തയുടെയും ച്യുതിയാണ്... സിനിമയിലും പ്രേക്ഷകന്റെ മനസ്സിലേക്ക് കനത്ത ഡയലോഗുകളിൽക്കൂടി നായകൻ പറഞ്ഞു നിറക്കുന്നത് "നിയമത്തിൻ്റെ പഴുതുകളിൽക്കൂടി രക്ഷപ്പെടാതിരിക്കാൻ വില്ലനെ കൊന്നു കളയുന്നു" എന്നാണല്ലോ!

     വിചാരണ കൂടാതെ വിധി നടപ്പാക്കുന്ന ഉട്ടോപ്യൻ രാജ്യങ്ങളുടെ ആരാധകരായി മാറുകയാണ് നമ്മളിൽ പലരും... ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്ന നിലയിൽ ഭാരതം ശ്രെഷ്ട പദവി അലങ്കരിച്ചു നിൽക്കുന്നത് വിചാരണ കൂടാതെ വെടിവെച്ചു കൊല്ലുന്ന തരത്തിലെ കാടൻ രീതികൾ ഇവിടെ നിലവിലില്ലാത്തതു  കൊണ്ടു കൂടിയാണ്... നീതി അതിന്റെ ശരിയായ രീതിയിൽ നടപ്പിലാക്കുന്ന രാജ്യം എന്ന പേരിലാണ് നമ്മുടെ രാജ്യം ശ്രെയസ്ക്കരമാകുന്നത്... ''ക്യാപ്പിറ്റൽ ഓഫ് ഡെമോക്രസി'' എന്നതാണ് ഭാരതത്തിന്റെ ക്യാപ്‌ഷൻ...  റേപ്പ് ക്യാപിറ്റൽ എന്ന് ഭാരതത്തെ ഒരു വിദേശിയും, സ്വദേശിയും വിശേഷിപ്പില്ല... സ്വദേശിയും വിദേശിയുമല്ലാത്തെ ആരെങ്കിലും അങ്ങനെ വിശേഷിപ്പിച്ചാൽ നമ്മൾ അത് മുഖവിലക്കെടുക്കേണ്ട കാര്യവുമില്ല.... 

     ഇത്രകണ്ട് രാജ്യത്തെ നിയമ വ്യവസ്ഥിയിൽ വിശ്വാസ്സമില്ലാതാകേണ്ട അവസ്ഥ നിലവിലില്ല എന്നുതന്നെ നമ്മൾ കാണണം... രാജ്യത്തിനെതിരെ പ്രവർത്തിച്ച കൊടും കുറ്റവാളികൾക്ക് നമ്മുടെ രാജ്യം വിചാരണ നടത്തിത്തന്നെ ക്യാപ്പിറ്റൽ പണിഷ്മെൻറ് നൽകിയിട്ടുണ്ട്... മതത്തിന്റെയും,, രാഷ്ട്രീയത്തിന്റെയും സമ്മർദ്ദങ്ങളെ അതിജീവിച്ചുതന്നെ അജ്മൽ കസബിനെയും,, അഫ്‌സൽ ഗുരുവിനെയും ഇവിടുത്തെ നീതിന്യായ വ്യവസ്ഥ തൂക്കൂലേറ്റിയില്ലേ...?? നിർഭയ കേസ്സിലെ പ്രതികൾ തൂക്കുകയർ കാത്തുകിടക്കുകയല്ലേ?? ശിക്ഷിക്കപ്പെട്ടവനെ പട്ടിണിക്കിടുന്നതല്ല നമ്മുടെ രാജ്യം പിന്തുടരുന്ന രീതി എന്നതുകൊണ്ട് കായപുഷ്ടി നേടിയ ഗോവിന്ദച്ചാമിയെ കണ്ട് നമ്മൾ നീതി പീഠങ്ങളെ കുറ്റപ്പെടുത്തേണ്ട കാര്യമില്ല... ജീവപര്യന്തം എന്നാൽ ജീവിതാവസാനം വരെ എന്നാണ് അർഥം... ഗോവിന്ദച്ചാമി മരണം വരെ ജയിലിൽ കിടന്നാൽ അതും അർഹമായ ശിക്ഷയാണ്... വിചാരണ നടത്തി നൽകിയ ശിക്ഷ എന്ന മേന്മ ആ ശിക്ഷക്കുണ്ട്....

     തെലുങ്കാന റേപ്പ് കേസ്സിലേക്കു തന്നെ വരൂ... നാലുപേരെ കുറ്റവാളികളായി കണ്ടെത്തിയത് പൊലീസ് ആണ്... പോലീസ് പറഞ്ഞ അറിവിന്റെ അടിസ്ഥാനത്തിലാണ് അവർ കുറ്റവാളികളാണെന്ന് നമ്മൾ തിരിച്ചറിഞ്ഞത്... അവർ കുറ്റവാളികളാണെന്ന ഉറച്ച വിശ്വാസ്സത്തിലാണ് അവർ കൊല്ലപ്പെടേണ്ടവരാണെന്ന് നമ്മളിൽ ഒരു വിഭാഗം തീർത്തു പറഞ്ഞത്... വികാരങ്ങളെ മാറ്റിനിർത്തി ആലോചിക്കൂ... അവർ യഥാർഥ കുറ്റവാളികൾ അല്ലെങ്കിലോ!!?? പ്രബലരായ മറ്റേതെങ്കിലും പ്രതികളെ എന്നെന്നേക്കുമായി രക്ഷിക്കാൻ പോലീസ്സ് നടത്തിയ തിരക്കഥയാണ് നടപ്പിലായതെങ്കിലോ!!?? പ്രതികളിൽ ഒരാളെപ്പോലും ബാക്കിവെയ്ക്കാതെ പോലീസ്സ് കൊന്നുകളഞ്ഞതുകൊണ്ടാണ് സംശയം ബലപ്പെടുന്നത്... പ്രതികൾ എല്ലാവരും  മരിച്ചതിനാൽ ഇനി കുറ്റ വിചാരണയുമില്ല... അവരിൽ ഒരുവനെങ്കിലും നിരപരാധിയായിരുന്നുവെങ്കിൽ അത് തെളിയിക്കപ്പെടാതെ ഈ ലോകത്തുനിന്നും അവനെ തിരികെ അയച്ചതിൽ എന്ത് നീതിയാണുള്ളത്... പൊലീസ് നടപടിയെ അത്യന്തം സംശയത്തോടെ തന്നെ കാണണം... കാരണം രക്ഷപ്പെടാൻ ശ്രമിക്കുന്ന നാലു പ്രതികളിൽ ഒരുവൻ വെടി കൊണ്ടു വീണത് കാണുമ്പോൾത്തന്നെ മറ്റുള്ളവർ അതിൽ നിന്നും പിന്തിരിയില്ലേ?? നാലുപേരെയും കൊന്നതിനാൽ അവരെ മുഴുവനും ഇല്ലാതാക്കുക എന്നത് പോലീസിന്റെ തീരുമാനമായിരുന്നു എന്ന് കാണണം.. പക്ഷെ അതിനവർ തയ്യാറാക്കിയ തിരക്കഥ ദുർബലമായിരുന്നു എന്നും പറയേണ്ടി വരും...

     തെലുങ്കാന പ്രതികളെ കൊന്ന ഓപ്പറേഷനെ "എൻകൗണ്ടർ" എന്ന് വിശേഷിപ്പിക്കാൻ പാടില്ല... പൊലീസ് ഭാഷ്യം തന്നെ അവർ രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വെടി വെയ്ക്കുകയായിരുന്നു എന്നാണ്... രക്ഷപ്പെടാൻ ഓടുന്നവനെ വെടിവെച്ചിടുന്നതാണോ എൻകൗണ്ടെർ!!?? നമ്മുടെ പോലീസിനെയും,, പട്ടാളത്തെയും,, പൊതുജനത്തെയും ആക്രമിക്കുകയും നശിപ്പിക്കുകയും,, പൊതുജനത്തെ ബന്ദികളാക്കുകയും ചെയ്യുന്നവരെ കൊല്ലുകയല്ലാതെ മറ്റു മാർഗ്ഗങ്ങളില്ലാതെ വരുമ്പോൾ എടുക്കുന്ന നടപടിയാണ്  "എൻകൗണ്ടർ"... അത് രാജ്യത്തിന്റെയും,, ജനതയുടെയും സുരക്ഷക്കായി ഉത്തരവാദിത്വപ്പെട്ടവർ നടത്തുന്ന ധീരമായ നടപടിയാണ്.. മറിച്ചു തെലുങ്കാന പോലീസ് ചെയ്തതു പോലെയുള്ള ഭീരുത്വവും, നിഗൂഢതയും നിറഞ്ഞ ഒന്നല്ല...

     തെലുങ്കാന സംഭവത്തിൽ രണ്ടു രാഷ്ട്രീയ ചേരികൾ രൂപം കൊണ്ടതാണ് ഏറെ അത്ഭുതപ്പെടുത്തുന്നത്... പോലീസ്സ് നടപടിയെ അനുകൂലിക്കുന്ന വിഭാഗം, എതിർക്കുന്ന വിഭാഗം എന്നതിനപ്പുറം അനുകൂലിക്കുകയും, എതിർക്കുകയും ചെയ്യുന്ന രാഷ്ട്രീയ ചേരിതിരിവാണ് ഇവിടെ രൂപം കൊണ്ടത്... ഇസ്ളാമിക തീവ്രവാദികളെ കൊന്നൊടുക്കുന്നതിനെ അനുകൂലിക്കുകയും, എതിർക്കുകയും ചെയ്യുന്ന രാഷ്ട്രീയ നിലപാടുകളുടെ തനിപ്പകർപ്പ് ഈ വിഷയത്തിൽ ഉണ്ടാകാൻ പാടില്ലായിരുന്നു... രാജ്യത്തെ ആക്രമിച്ചു കൊണ്ടിരിക്കുന്നവരെ പ്രത്യാക്രമണങ്ങളിൽക്കൂടി ഇല്ലാതാക്കാനേ കഴിയൂ... അവിടെയും വിചാരണയ്ക്ക് അവസ്സരം കിട്ടിയാൽ അത് ചെയ്യണം.. 

      കുറ്റവാളികളെ വെറുതെവിടുന്നതിന്റെ തോത് കൂടുതലായതിനാൽ അത് നീതിന്യായ സംവിധാനങ്ങളുടെ പോരായ്മയാണ് എന്ന വാദം അംഗീകരിക്കാൻ കഴിയില്ല... പ്രതിക്കൂട്ടിൽ നിൽക്കുന്നവരെല്ലാം ശിക്ഷിക്കപ്പെടേണ്ടവരാണ് എന്ന മുൻവിധിയോടെ അന്വേഷ ഏജൻസികളെ മാത്രം വിശ്വാസ്സത്തിലെടുത്ത് ആളുകളെ ജയിലിലേക്ക് അയക്കുന്ന ഏജൻസികൾ അല്ല കോടതികൾ... കോടതികളുടെ 'വിശ്വാസ്യത' കൂട്ടാൻ ശിക്ഷിക്കപ്പെടുന്ന റേറ്റ് കൂട്ടാൻ വേണ്ടി കോടതികൾ തുനിഞ്ഞിറങ്ങാതിരുന്നാൽ മതി...

"നീതി നടപ്പിലായാൽ മാത്രം പോരാ, അത് നടപ്പിലായതായി പൊതുസമൂഹത്തിന് തോന്നുകയും വേണം" എന്നതാണ് തത്വം... ഭരണ ഘടന അനുശാസിക്കുന്ന മാർഗ്ഗങ്ങളിൽക്കൂടി നടപ്പിലാക്കുന്ന 'നീതി',, നീതിയുടെ നടപ്പിലാകലായി പലർക്കും ബോദ്ധ്യപ്പെടുന്നില്ല എന്ന സത്യവും നമ്മൾക്ക് കണ്ടില്ലെന്നു നടിക്കാൻ കഴിയില്ല.. നീതി ശരിയായ രീതിയിൽ ഇവിടെ നടപ്പിലാകുന്നു എന്നും,, അതിവിടുത്തെ ജനങ്ങളെ ബോദ്ധ്യപ്പെടുത്താൻ കഴിയുന്നുണ്ട് എന്നും  അധികാരസ്ഥാനങ്ങൾ ഉറപ്പുവരുത്തട്ടെ.... 

[Rajesh Puliyanethu
 Advocate, Haripad]
                    @ 
          PuliyanZ 

Friday 21 June 2019

കുട്ടികളെക്കുറിച്ചു ഒരു കൊച്ചു വർത്തമാനം...

     
     സ്‌കൂളുകൾ തുറന്നു... പുതിയ ആവേശത്തോടെ കുഞ്ഞുങ്ങൾ സ്കൂളുകളിലേക്ക് പോകുന്നു... ആവേശത്തിനൊപ്പം അവർ ഒരുപാട് സമ്മർദ്ദങ്ങളും അനുഭവിക്കുന്നു.. പഠനത്തിന്റെ,, പഠന ഇതര വിഷയങ്ങളുടെ,, പ്രതീക്ഷകളുടെ,, മൽസര ബുദ്ധിയുടെ,, ശകാരങ്ങളുടെ,, കുറ്റപ്പെടുത്തലുകളുടെ,, പരാജയത്തിന്റെ അങ്ങനെ പലതും...!! നമ്മൾ കേൾക്കുമ്പോൾ ചെറുതെന്നു തോന്നുന്ന കാര്യങ്ങളും അവർക്ക് വലിയ കാര്യങ്ങൾ ആയിരിക്കും... "ആനക്ക് തടി ഭാരം, ഉറുമ്പിന് അരി ഭാരം" എന്നു പറയുന്നതു പോലെ അവർ അവർക്കു വലുതായി കാണുന്ന കാര്യങ്ങളിൽ സംഘർഷം അനുഭവിക്കുന്നു... അതുപോലെ തന്നെ രക്ഷിതാക്കളും വലിയ സമ്മർദ്ദം ഉള്ളിൽ കൊണ്ടു നടക്കുന്നു... കുട്ടികളുടെ ഭാവി,, വിദ്യാഭ്യാസം,, പെരുമാറ്റം,, കോപം,, ലഹരി,, പഠന വൈകല്യം,, ലൈംഗീക ചൂഷണങ്ങൾ,, കുട്ടികൾ കാട്ടുന്ന മൗനം അങ്ങനെ തുടങ്ങി ഒരുപാടു കാര്യങ്ങളിൽ രക്ഷിതാക്കളും സമ്മർദ്ദം അനുഭവിക്കുന്നു... ആധുനിക സംവിധാനങ്ങളായ ഇന്റർനെറ്റ്,, സോഷ്യൽ മീഡിയ,, മൊബൈൽ ഫോൺ,, കമ്പ്യുട്ടർ എന്നിവയൊക്കെ അനുവദിക്കാനോ, അനുവദിക്കാതിരിക്കാനോ കഴിയാത്ത ധർമ്മ സങ്കടം...!? ഏതെല്ലാം കഴിഞ്ഞു കുട്ടികളെക്കുറിച്ചു മറ്റുള്ളവർ ആരെങ്കിലും മോശമായ ഒരഭിപ്രായം പറഞ്ഞുകേട്ടുപോയാൽ ഈ സമ്മർദ്ദമെല്ലാം പൊട്ടിത്തെറിയായി മാറുന്ന അവസ്ഥ... അങ്ങനെ അതിമനോഹരമായ കുട്ടിക്കാലവും, വിദ്യാഭ്യാസ്സകാലവും സംഘർഷങ്ങൾ കൊണ്ടു നിറഞ്ഞ ഒരു കാലമായി മാറുന്നു... രക്ഷിതാക്കൾക്കും, കുട്ടികൾക്കും ഒരുപോലെതന്നെ....

     യൗവ്വനം മുന്നേറുമ്പോൾ സ്വോഭാവികമായും സംഘർഷങ്ങളും,, സമ്മർദ്ദങ്ങളും വന്നുചേരും... ആ സമ്മർദ്ദങ്ങളെ നേരിടാൻ വിദ്യാഭ്യാസകാലത്തു സമ്മർദ്ദങ്ങൾ നേരിട്ടു മുരടിച്ച മനസ്സുകൾക്ക് എങ്ങനെ കഴിയും എന്നതും ഒരു ചോദ്യമാണ്... വിദ്യാഭ്യാസ്സകാലത്തിന്റെ ശീതള സ്വഭാവത്തെ എങ്ങനെ കുറേയെങ്കിലും നിലനിർത്താം എന്നതും നമ്മുടെ മുൻപിലെ ഒരു വലിയ വിഷയമാണ്...?? സ്കൂളുകളിലെ ചുവരുകൾക്കുള്ളിൽ നിന്നും അവർക്കു ലഭിക്കുന്ന അറിവും, ഭാവി ജീവിതത്തിലേക്ക് പ്രയോഗിക്കാൻ ഉതകേണ്ട  അവശ്യ ശസ്ത്രങ്ങളുടെ കുറവും സൂഷ്മതയോടെ നോക്കിക്കാണേണ്ടതുണ്ട്.....

     വളരെ അധികം സമൂഹത്തിൽ ചർച്ച ചെയ്ത വിഷയമാണിത്.. ഈ വിഷയത്തിൽ സാധ്യമായ എല്ലാ വശങ്ങളും തലനാരിഴകീറി പരിശോധിക്കപ്പെടുകയും ചെയ്തിട്ടുണ്ട്... ഇന്ന് കാണുന്ന വലിയ ഒരു പരിധിവരെ കാര്യങ്ങൾ നന്നായി മുൻപോട്ടു പോകുന്നതും ഈ ചർച്ചകളുടെ ഫലമായാണ് എന്ന് നിസ്സംശയം പറയാം... എങ്കിലും നമ്മൾ വീണ്ടും,, വീണ്ടും ഈ വിഷയങ്ങൾ സംസാരിച്ചു കൊണ്ടിരിക്കണം... കാരണം ഇത്തരം ചർച്ചകൾ ചെന്നെത്തിയിട്ടില്ലാത്തിടങ്ങളുണ്ട്,, വിദഗ്ദ്ധരായ പലരും പറഞ്ഞതിനെ ഉൾക്കൊള്ളാതിരുന്നവരുണ്ട്... അങ്ങനെ "കുട്ടികളുടെ വിദ്യാഭ്യാസ്സ കാലത്ത് ഉണ്ടാകുന്ന പല വിധമായ പ്രശ്നങ്ങൾ" ഇന്നും പലയിടങ്ങളിലും പരിഹരിക്കാതെ തന്നെ കിടക്കുന്നു... ചർച്ചകളുടെ ഗുണകരമായ അലകൾ എല്ലാവരിലേക്കും ചെന്നെത്തുന്നതുവരെ നമ്മൾ ഈ വിഷയം സംസാരിച്ചുകൊണ്ടേയിരിക്കണം... കാര്യകാരണങ്ങൾ മനസ്സിലാക്കി കഴിയുന്ന പരിഹാരങ്ങൾ സ്വന്തം കുടുംബത്തിലെങ്കിലും ചെയ്യണം... അതിനോട് നനഞ്ഞ നിലപാട് സ്വീകരിക്കുന്നത് വരുംകാല തലമുറയോട് ചെയ്യുന്ന ഉത്തരവാദിത്വകുറവായിരിക്കും എന്നതാണ് എൻ്റെ കാഴ്ചപ്പാട്.....

     ഈ വിഷയത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ഈ വിഷയം ജാതി,, മത,, സാമ്പത്തിക വ്യതിയാനങ്ങളിൽ നിൽക്കുന്ന എല്ലാ വിഭാഗങ്ങളിലും ചർച്ച ചെയ്യപ്പെടേണ്ടതുണ്ട് എന്നതാണ്... കാരണം ജാതിയുടെയും, മതത്തിന്റെയും,, സാമ്പത്തിക ചുറ്റുപാടുകളുടെയും,, കുടുംബ അന്തരീക്ഷത്തിന്റെയും ഒക്കെ അടിസ്ഥാനത്തിൽ ഈ വിഷയത്തിന്റെ സ്വാധീന ഘടകങ്ങളിൽ വ്യത്യാസങ്ങൾ ഉണ്ടാകുന്നു എന്നതല്ലാതെ ഒരു വ്യവസ്ഥയിലും ഈ വിഷയത്തിന്റെ ചലനങ്ങൾ ഇല്ലാതാകുന്നില്ല...

     വിഷയം സ്കൂളിൽ കുട്ടികൾ പോകുന്നവർക്കും,, അവരുടെ കാര്യങ്ങളിൽ ആശങ്കയുള്ളവർക്കും താൽപ്പര്യം നിറഞ്ഞതും മറിച്ചൊരു വിഭാഗത്തിന് വിരസ്സവും ആയിരിക്കാം... എന്നാൽ ആ സമീപനം സാർവ്വജനീനമായതാണെന്ന് പറയുകയും വയ്യ...

     സമീപ കാലത്തുമാത്രം ശീർഷകത്തിലെ വിഷയം എന്തുകൊണ്ട് ഇത്രകണ്ട് ഭീഭൽസ്സമാവുകയും, നിരന്തര ചർച്ചകൾക്ക് വിധേയമാവുകയും ചെയ്തു എന്ന് ചിന്തിക്കേണ്ടതാണ്... മുൻകാലങ്ങളിൽ അതായത് ഏകദേശം എൺപതുകളുടെ അവസാനം വരെ,, കുട്ടികൾ പഠിക്കുക, അവർ വളരുക എന്നത് ഒരു പ്രത്യേക ശ്രദ്ധ ആവശ്യപ്പെടുന്ന വിഷയം ആയിരുന്നില്ല എന്നുവേണം മനസ്സിലാക്കാൻ... എന്നാൽ എൺപതുകളുടെ അവസ്സാനം മുതൽ സാമൂഹിക ജീവിതത്തിൽ വന്ന ത്വരിതമായ മാറ്റം പ്രസ്തുത വിഷയത്തിന്റെ തീഷ്ണത കൂട്ടി... അവയെ എല്ലാം മനസ്സിന്റെ ഒരു കോണിൽ നിലനിർത്തിക്കൊണ്ടുവേണം നാം വിഷയത്തെ സമീപിക്കാൻ...

     കുട്ടികളുടെ മാനസ്സിക നിലയിലും,, സമീപനങ്ങളിലും വന്ന ആശങ്കാപരമായ മാറ്റത്തെക്കുറിച്ചു ചർച്ച ചെയ്യുമ്പോൾ ആദ്യം കുടുംബ ത്തിൽ നിന്നുതന്നെ തുടങ്ങണമെന്നാണ് മതം... കൂട്ടു കുടുംബ വ്യവസ്ഥിതിയിൽ നിന്നും ആണു കുടുംബ വ്യവസ്ഥിതിയിലേക്ക് മാറിയതിനെ ചിലർ ചൂണ്ടി കാട്ടുന്നു... അപരിഹാര്യമായ വ്യവസ്ഥാ മാറ്റമായിരുന്നു ഏതെങ്കിലും അത് ഉണ്ടാക്കിയ ഗുണ- ദോഷ വശങ്ങൾ നമ്മൾക്ക് അവഗണിക്കാൻ കഴിയില്ല...

     കൂട്ടു കുടുംബം നശിച്ചതല്ല,, മനുഷ്യ മനസ്സുകൾ അണുവിലും ചെറുതായി പ്പോയതാണ് കാരണമെന്ന് പറയേണ്ടി വരും... സ്വന്തം സൗകര്യങ്ങളെ മാനിച്ചു കൂട്ടു കുടുംബത്തിൽ നിന്നും വിഭജിച്ചു പോയപ്പോൾ വീടുകളിലെ താമസം മാത്രമേ മാറാൻ പാടുള്ളായിരുന്നു... പക്ഷെ ഓരോ വീടുകൾക്ക് മതിലുകളും ഗേറ്റും നിർമ്മിച്ചു പൂട്ടി വെക്കുന്നതു പോലെ നമ്മൾ മനസ്സുകളും ചെറിയ ഇടുക്കുകളിൽ പരിമിതപ്പെടുത്തി... അത് കുട്ടികളുടെ ജീവിതത്തെ എങ്ങനെ ബാധിച്ചൂ എന്നും പരിശോധിക്കണം...

     കൂട്ടുകുടുംബ വ്യവസ്ഥയിൽ വളർന്നു വരുന്ന ഒരു കുട്ടിക്കുമേൽ ആ കുടുംബത്തിലെ എല്ലാവരും ശാസനയും, അധികാരവും പ്രകടിപ്പിക്കും... ആ കുട്ടിയുടെ മനസ്സിൽ മുതിർന്ന എല്ലാവരും തൻറെ രക്ഷിതാക്കളാണ്... അവിടെ അമ്മാവനും, അമ്മാവിയും, ചിറ്റപ്പനും, ചേട്ടത്തിയും, അപ്പൂപ്പനും, അമ്മുമ്മയും എല്ലാം രക്ഷിതാക്കളുടെ സ്ഥാനത്താണ്... വളർന്നു വരുന്ന ഒരു കുട്ടിയുടെ മനസ്സിൽ ഇവരെയെല്ലാം ഭയ ഭക്തി ബഹുമാനത്തോടെയാണ് കണ്ടിരുന്നത്... ഈ മുതിർന്ന വ്യക്തികളെല്ലാം ഒരു തെറ്റു കണ്ടാൽ കുട്ടികളെ ശാസിക്കും,, വേണ്ടിവന്നാൽ ശിക്ഷയും നൽകും... അന്ന് അതിനെതിരെ ആരും പരാതിപ്പെട്ടിരുന്നില്ല.. കുട്ടിയുടെ അച്ഛനും, അമ്മയും പോലും...!!! അമ്മാവൻ കുട്ടിക്ക് ശിക്ഷ കൊടുക്കാൻ യോഗ്യനായ മനുഷ്യൻ ആയിരുന്നില്ല എന്ന് ആ കാലത്ത് ആരും കണ്ടിരുന്നില്ല... ഈ കുടുംബ അന്തരീക്ഷത്തിന്റെ പ്രതിഫലനം സാമൂഹിക അന്തരീക്ഷത്തിലും പ്രകടമായിരുന്നു... കുടുംബത്തിലെ മറ്റു അംഗങ്ങളെയെല്ലാം ഭയ ഭക്തി ബഹുമാനത്തോടെ പരിഗണിച്ചു വളർന്ന കുട്ടിക്ക് അച്ഛന്റെയും, അമ്മാവന്റെയും, ചിറ്റപ്പന്റെയും സുഹൃത്തുക്കളെയും ബഹുമാനിക്കാൻ യാതൊരു മടിയും ഉണ്ടായിരുന്നില്ല... സ്കൂളിൽ അധ്യാപനെ ബഹുമാനിക്കാനും, അനുസരിക്കാനും, ഉൾക്കൊള്ളാനും അവനെ ആരും പ്രത്യേകിച്ച് പഠിപ്പിച്ചു നൽകേണ്ടിയിരുന്നില്ല... കാരണം ആ സ്വഭാവ ഗുണം ആ കുട്ടി അവന്റെ കുടുംബ അന്തരീക്ഷത്തിൽ നിന്നും ആർജ്ജിച്ചതായിരുന്നു... പ്രായം കൊണ്ടും,, സ്ഥാനം കൊണ്ടും,, പദവി കൊണ്ടും,, വിദ്യാഭ്യാസം കൊണ്ടും,, കഴിവു കൊണ്ടും,, സമൂഹം നൽകുന്ന അംഗീകാരം കൊണ്ടും ഒക്കെ മേൽക്കൈ പുലർത്തുന്നവരെ ബഹുമാനപൂർവ്വം കാണാനുള്ള സദ് ഗുണത്തിന് വിഘാതം ഏൽപ്പിച്ചതിന്  മുൻപ് പറഞ്ഞ കൂട്ടുകുടുംബ വ്യവസ്ഥിതിയുടെ തകർച്ച കാരണമായി എന്ന് പറയേണ്ടി വരുന്നു...

     കൂട്ടുകുടുംബ വ്യവസ്ഥിതി തകർന്നതോടെ കുട്ടികൾക്ക് "പങ്കുവെക്കുക" എന്ന മഹനീയമായ സ്വഭാവ സവിശേഷത നഷ്ടമായി... അണു കുടുംബങ്ങളിൽ രക്ഷിതാക്കൾ നൽകുന്നവരും,, കുട്ടികൾ നേടുന്നവരും ആയിമാറി... അവിടെ പങ്കു വെയ്പ്പിന് ഇടം പോലും ഇല്ല എന്നതാണ് സത്യം.. ഇത് കുട്ടികൾ സ്വാർത്ഥരായി വളർന്നു വരുന്നതിന് കാരണമായി... തനിക്കു ലഭിച്ചതും,, ലഭിക്കാൻ സാധ്യത ഉള്ളതും,, ആഗ്രഹിച്ചതും,, കണ്ണിൽ കണ്ടതും എല്ലാം തന്റേതു മാത്രമെന്ന കുടില ചിന്ത രൂപം കൊണ്ടു... ലഭിക്കാത്തതെല്ലാം നഷ്ടങ്ങളായി കരുതി... ആ നഷ്ട ചിന്ത മാനസ്സിക സംഘര്ഷങ്ങളായി,, പകയായി,, പ്രതികാരമായി..... അങ്ങനെ പല വിധമായ ദോഷങ്ങളായി മാറി.... അടിസ്ഥാനം "പങ്കു വെയ്ക്കുക" എന്ന സ്വഭാവം നഷ്ടപ്പെട്ടതാണ്...

     കൂട്ടു കുടുംബ വ്യവസ്ഥിതിയുടെ തകർച്ചയോടെ എങ്ങനെയാണ് മുൻപ് പറഞ്ഞ ഗുണകരമായ വശങ്ങൾ ഇല്ലാതായത് എന്ന് കൂടി നമ്മൾ മനസ്സിലാക്കണം... കൂട്ടു കുടുംബത്തിലേക്ക് തിരികെ പോവുക സാധ്യവുമല്ല.. എങ്കിലും മൂല്യാധിഷ്ഠിതമായ സ്വഭാവ ഗുണങ്ങളെ എങ്ങനെ നിലനിർത്താം എന്ന ഒരു ശ്രമമെങ്കിലും നടത്താനുള്ള ബാധ്യത നമുക്കുണ്ട്...

     കൂട്ടു കുടുംബങ്ങൾ വ്യവസ്ത്ഥ പിരിഞ്ഞതിലെ കാര്യ കാരണങ്ങൾ നമുക്ക് മാറ്റി നിർത്താം... കുട്ടികളുടെ ചിന്തക്കും, സമീപനത്തിനും പുതിയ സാഹചര്യങ്ങൾ ഉണ്ടാക്കിയ സ്വാധീനത്തിനാണ് പ്രസക്തി... അതായത് മറ്റു വ്യക്തിത്വങ്ങളെ ബഹുമാനത്തോടെയും,, ആദരവോടെയും കാണാനുള്ള ചിന്ത ഇല്ലാതായതാണ് പ്രസക്തമായ കാര്യം... അതു പോലെ പങ്കു വെയ്ക്കുന്ന മനസ്സ് ഇല്ലാതായതും...!! ഈ രണ്ടു കാര്യങ്ങളും കുട്ടികളുടെ സ്വഭാവത്തെയും,, സമീപനത്തെയും ബാധിക്കുന്നവയാണ്...

     കൂട്ടു കുടുംബത്തിൽ നിന്നും നേരിട്ട് ആണു കുടുംബത്തിലേക്ക് മാറിയ തലമുറയിൽ ഇന്ന് സ്‌കൂൾ കുട്ടികൾ അധികം ഉണ്ടാകാൻ സാധ്യതയില്ല.. കാരണം ആ വ്യവസ്ഥക്ക് മാറ്റം വന്നിട്ട് കാലം അധികമായി... ചില ഗുണഫലങ്ങൾ കിട്ടിയിരുന്ന ഒരു വ്യവസ്ഥിതി അസ്തമിച്ചു എന്ന് മാത്രം പറയുന്നു ... പക്ഷെ ആണു കുടുംബങ്ങൾ ഇന്ന് നിലനിൽക്കുന്നു... അവിടെ വളരെ ചെറിയ പ്രായം മുതൽ കുട്ടി അച്ഛനും,, അമ്മയും ഒഴികെ മറ്റെല്ലാവരെയും 'അന്യരായി' ആണ് കാണുന്നത്... ജീവിതത്തിന്റെ ആരംഭത്തിൽ മുതൽ മറ്റുള്ളവരെ മുഴുവൻ അന്യരായി കാണുന്ന കുട്ടിക്ക് കാലങ്ങൾ മുൻപോട്ടു പോകുമ്പോൾ മാതാപിതാക്കളും അന്യരായി തോന്നും... താൻ തന്നിലേക്ക് തന്നെ ചുരുങ്ങുന്ന ഒരു മാനസ്സിക സ്ഥിതി സംജാതമാകുന്നു... അവിടെ നമ്മൾ ഇന്ന് കാണുന്ന കുട്ടികളുടെ മാനസിക വൈകല്യങ്ങൾക്കെല്ലാം സ്ഥാനമുണ്ട്...

     ഈ അവസ്ഥ സംജാതമാകാൻ കാരണമാകുന്ന സാഹചര്യങ്ങൾ  സൃഷ്ട്ടിക്കാതിരിക്കാനാണ് മുതിർന്നവർ ശ്രദ്ധിക്കേണ്ടത്... ഒരു വീടിന്റെ സമ്പത്ത്;; അത് വലുതായാലും ചെറുതായാലും അണു കുടുംബത്തിൽ അതുപോലെതന്നെ പ്രസരിക്കപ്പെടുന്നു.... സ്വയം അന്തസ്സായി കഴിയാനുള്ള തങ്ങളുടെ സ്ഥിതി ഒരു തരം ധാർഷ്‌ട്യമായി വളരുന്നതായും കാണുന്നു... സമ്പത്തിന്റെ ഏറ്റക്കുറച്ചിലുകൾ ദാർഷ്ട്യത്തിന്റെ ഏറ്റക്കുറച്ചിലുകളുടെ മാനദണ്ഡമായി വർത്തിക്കുന്നതും കാണാം... പരമാവധി നാലുപേരിൽ മാത്രം ചുരുങ്ങി നിൽക്കുന്ന ഇത്തരം കുടുംബങ്ങളിൽ ഈ ധാർഷ്ട്യം കുട്ടികളിലേക്കും വ്യാപിക്കപ്പെടുന്നു.... ആ കുട്ടിയുടെ മനസ്സിൽ, തന്നെ ചോദ്യം ചെയ്യാനോ, ശാസിക്കാനോ, ശിക്ഷിക്കാനോ ആർക്കും അവകാശമില്ല എന്ന ചിന്ത ഉറക്കുന്നു... താൻ ആരുടെയും "ഔദാര്യത്തിലല്ല കഴിയുന്നത്" എന്ന ധാരണ യാണ് ഈ ചിന്തയുടെ അടിസ്ഥാനം... മനസ്സുകൾ തമ്മിലുള്ള പ്രതിപത്തി നശിച്ചു അവിടെ തന്റെ ആവശ്യങ്ങൾ നിവർത്തിക്കുന്ന സാമ്പത്തിക സ്രോതസ്സ് മാത്രം ബഹുമാനം അർഹിക്കുന്നതാകുന്നു... അത്തരം തലമുറ സ്വന്തം സാമ്പത്തിക സ്രോതസ്സ് കണ്ടെത്തിക്കഴിയുമ്പോൾ അതു വരെ തന്റെ സാമ്പത്തിക ശ്രോതസ്സായിരുന്ന രക്ഷിതാക്കളെയും പുറം കാലിന് അടിക്കുന്നു... കാരണം ചെറിയ പ്രായം മുതൽ അവന്റെ മനസ്സിൽ ഉറച്ചു പോയ ബഹുമാനിക്കേണ്ട വിഷയം തന്റെ ആവശ്യങ്ങൾ നിവർത്തിക്കുന്ന സാമ്പത്തിക സ്രോതസ്സ് മാത്രമാണ്... സൂഷ്മമായി പരിശോധിച്ചു നോക്കൂ,, പണസമ്പാദനം നടത്തുന്ന യുവജനതയുടെ ഭൂരിപക്ഷത്തിന്റെയും  മനോഭാവം ''തനിക്ക് ആരെയും വക വയ്‌ക്കേണ്ട കാര്യമില്ല,, കാരണം ഞാൻ സ്വന്തം കാലിലാണ്'' എന്നതല്ലേ!??

     മാതാപിതാക്കളും, കുട്ടികളും മാത്രം ഉള്ള കുടുംബത്തിൽ സന്തോഷമായി നിങ്ങൾ ജീവിച്ചുകൊള്ളൂ... പക്ഷെ കേവലം ഒരു അണുവിലേക്ക് നിങ്ങളുടെ ചിന്തയെയും, ജീവിതത്തെയും ചുരുക്കുന്നത് എന്തിനാണ്... നിങ്ങൾ രക്ഷിതാക്കൾക്ക് മറ്റുള്ളവരോടുള്ള വിദ്വെഷവും, വിരോധവും കുട്ടികളിലേക്ക് പകർന്നു കൊടുക്കുന്നത് എന്തിനാണ്... നിങ്ങള്ക്ക് മാനസ്സിക വിദ്വെഷമുള്ള ഒരുവന്റെ കുട്ടിയോട് നിങ്ങൾ അത് പ്രകടിപ്പിക്കുന്നത് എന്തിനാണ്... നമ്മൾ ആരുടെയും ഔദാര്യത്തിൽ ജീവിക്കാത്തവർ ആയതിനാൽ നമ്മൾക്ക് ആരെയും, ആവശ്യമില്ലെന്നും, നമ്മൾ ആരോടും കരുതൽ പുലർത്തണ്ട ആവശ്യമില്ലെന്നും ഉള്ള ചിന്ത കുട്ടികളിൽ വളർത്തുന്നത് എന്തിനാണ്?? നിങ്ങളുടെ സഹായം ഒരിക്കൽ സ്വീകരിച്ചവൻ ആജീവനാന്തം നിങ്ങളോട് വിധേയത്വം ഉള്ളവനാണെന്ന നിലയിൽ ഒരുവനെ ചൂണ്ടിക്കാണിച്ചു കുട്ടികളെ പരിചയപ്പെടുത്തുന്നത്  എന്തിനാണ്?? മറ്റാരും മോശക്കാരല്ലെന്നും,, നമ്മൾ എല്ലാവരും പരസ്പ്പരം ആശ്രയിച്ചാണ് ജീവിക്കുന്നത് എന്നുള്ള ചിന്ത കുട്ടികളിൽ വളർത്തൂ... നമ്മുടെ മുൻപിൽ കാണുന്ന ആരുടെയൊക്കെയോ കൈയ്യിൽ നമുക്ക് അത്യാവശ്യമുള്ള സഹായങ്ങൾ കരുതി വെച്ചിട്ടുണ്ടെന്ന് അവരെ പഠിപ്പിക്കൂ... ആ സഹായങ്ങൾ യഥാസമയത്ത് ലഭിച്ചില്ലെങ്കിൽ നമ്മൾ ചിലനിമിഷങ്ങളെ അതിജീവിക്കാൻ സാധ്യതയില്ലെന്ന് അവരെ മനസ്സിലാക്കൂ... ആ സഹായങ്ങൾക്കായെങ്കിലും മറ്റുള്ളവരോട് സ്നേഹത്തോടും,, ബഹുമാനത്തോടും സമീപിക്കാൻ കുട്ടികളെ പഠിപ്പിക്കൂ.. അത് കഴിയുന്നത് രക്ഷിതാക്കൾക്ക് മാത്രമാണ്... അതും ചെറിയ പ്രായത്തിൽ...

     നിങ്ങളുടെ കുട്ടി ചെയ്യുന്ന ഒരു ചെറിയ തെറ്റിന് കുട്ടിയുടെ ഒരു ബന്ധു ഒരു വിലക്കോ,, ശാസ്സനയോ,, ഉപദേശമോ ചെയ്തു എന്ന അവസ്സരത്തിൽ നിങ്ങൾ കുട്ടി കേൾക്കെ "" അയാളാരാ എന്റെ കൊച്ചിനെ ഉപദേശിക്കാൻ"" എന്ന് ചോദിച്ചാൽ, പിന്നീട് ഒരിക്കലും ആ കുട്ടി ആരെയും അനുസ്സരിക്കില്ല...ആദ്യം തന്നെ നിന്റെ 'തെറ്റ്' ആണ് ശാസിക്കപ്പെട്ടത് എന്ന് മനസ്സിലാക്കി നൽകൂ... തെറ്റുകൾ ആവർത്തിച്ചാൽ പലമുഖങ്ങളിൽനിന്നും ശാസ്സനകൾ ഏറ്റു വാങ്ങേണ്ടിവരും എന്നും പറയൂ... അല്ലെങ്കിൽ നാളെ മറ്റൊരാൾ പറയുന്ന ഉപദേശത്തോട് കുട്ടി നേരിട്ടു ചോദിക്കും;; എന്നെ ഉപദേശിക്കാൻ താൻ ആരാ?, എന്ന്... അത് ക്രമേണ കുട്ടിയുടെ മനസ്സിൽ
"എന്നെ ആരും നിയന്ത്രിക്കേണ്ട ആവശ്യമില്ല" എന്ന ചിന്തയെ വളർത്തും...  ഈ ചോദ്യങ്ങൾ ഉയർത്തികൊണ്ട് രക്ഷിതാക്കളുടെയും, ഗുരുക്കന്മാരുടെയും സന്മാർഗ്ഗത്തിൽ നിന്നും അവൻ വഴിമാറി സഞ്ചരിച്ചു പോകും... കുട്ടികൾ എത്തിച്ചേരരുത് എന്ന് നമ്മൾ ആഗ്രഹിക്കുന്ന ഇടങ്ങളായിരിക്കും ആ സഞ്ചാരവഴികളുടെ അന്ത്യം...

     അതു പോലെതന്നെയാണ് കുട്ടികളുടെ അധ്യാപകരോട് നമ്മൾ എടുക്കുന്ന സമീപനവും... ഒരു ഉദാഹരണം പറഞ്ഞാൽ,, കുട്ടിയുടെ നോട്ട് ബുക്കിൽ ടീച്ചർ രേഖപ്പെടുത്തിയ ഒരു തെറ്റ് നിങ്ങൾ ശ്രദ്ധിച്ചു എന്ന് കരുതുക... പാഠ്യ വിഷയത്തിൽ തന്നെ.... ''എന്തൊരു വിവര ദോഷിയാടെ നിന്റെ ടീച്ചർ'' എന്ന് ഒരു പാഴ്‌വാചകം മതി ആ ടീച്ചറിനോടുള്ള എല്ലാ മതിപ്പും ആ ചെറിയ മനസ്സിൽ നിന്നും നീങ്ങി പോകാൻ... അധ്യാപകരുടെ സ്ഥാനം വിദ്യ പകർന്നു നൽകുന്ന മഹത്തായ ഇടത്തിൽ നിന്നും ''വിവരദോഷി" എന്ന സാധ്യതയിലേക്കു കൂടി കൂപ്പുകുത്തിപ്പോകും... ചിന്തയിലെ ആ തകർച്ച ജീവിതത്തിൽ ഉടനീളം നിലനിൽക്കുകയും ചെയ്യും... ബഹുമാന്യ വ്യക്തിത്വങ്ങളിൽ എല്ലാം ഒരു "വിവരദോഷിയെ" ദർശിച്ചു തുടങ്ങുന്നത് പിന്നീട് സ്വയം പരാജയത്തിലേക്ക് നയിക്കും എന്നതാണ് എന്റെ പക്ഷം...

     സ്വാർഥതയും, പിടിവാശിയും ഇന്ന് ചെറിയ കുട്ടികളിൽ മുതൽ കണ്ടുവരുന്ന ഒരു പോരായ്മയാണ്... പങ്കുവെക്കുക എന്ന നൈർമല്യം നിറഞ്ഞ സ്വഭാവം സ്വാർഥതയെയും,, പിടിവാശിയേയും ഒരു പരിധിവരെ ഇല്ലാതാക്കും എന്ന് കാണണം... അവിടെയും രക്ഷകർത്താക്കൾ ആണ് വില്ലൻ... ആധുനിക സൊസൈറ്റിയിലെ ഈഗോ മാനിയാക്കുകളായ മാതാപിതാക്കൾക്ക് തന്റെ കുട്ടി മറ്റൊരുവനിൽ നിന്നും ഒരു മിട്ടായി വാങ്ങി കഴിക്കുന്നതു പോലും അപമാനകരമാണ്... കുട്ടിയുടെ ആരോഗ്യമോ, മറ്റു സുരക്ഷിതത്വ കാരണങ്ങളോ അല്ല പലർക്കും കാരണം.. "അപമാനമായി" കാണുന്നു.. ശരി നിങ്ങൾ അപരിചിതരിൽ നിന്നും മറ്റുള്ളവരിൽ നിന്നും ഒരു മിടായി വാങ്ങി കഴിക്കുന്നതിനെ വിലക്കിക്കോള്ളൂ... പക്ഷെ സ്വന്തം സഹപാഠിയിൽ അവൻ സ്നേഹപൂർവ്വം ഒരു മിടായി വാങ്ങി കഴിക്കാൻ അനുവദിക്കൂ... ചെറിയ പ്രായത്തിലെ പങ്കുവെയ്ക്കലിന്റെ കുളിർമ്മ അവൻ ആസ്വദിക്കട്ടെ... ഒരു മിടായി പങ്കുവെച്ചു വളർന്നതിന്റെ സ്നേഹം ആ കുഞ്ഞു കൂട്ടുകാർക്കിടയിൽ നിന്നും ഭാവിയിൽ അവർ കാണാൻ പോകുന്ന ഒരുപാട് ആൾക്കാരിലേക്കു വ്യാപിക്കും എന്നതാണ് സത്യം...

     രക്ഷിതാക്കൾ കുട്ടികളുടെ ധൈര്യവും,, ശക്തിയും ആയിരിക്കണം എന്നതിൽ സംശയം ലവലേശമില്ല... പക്ഷെ രക്ഷിതാക്കൾ ഒരിക്കലും കുട്ടികളുടെ ഗുണ്ടകൾ ആകരുത്... നമ്മൾ പലർക്കിടയിലും കാണുന്ന ഒരു പ്രവണതയാണിത്... കുട്ടിയോടുള്ള അമിത സ്നേഹവാത്സല്യങ്ങൾ ആയിരിക്കാം കാരണം... ആവശ്യമില്ലാതെ,, ന്യായാന്യായങ്ങളെ മനസ്സിലാക്കാതെ അന്ധമായി കുട്ടികളുടെ പക്ഷം പറയുക... മറ്റുള്ളവരോട് തട്ടിക്കയറുക,, അങ്ങനെ പലവിധ പ്രവർത്തികൾ... ഇത്തരം സമീപനങ്ങൾ കുട്ടികളിൽ അഹങ്കാരമാണ് വർധിപ്പിക്കുന്നത് മറിച്ചു ആത്മവിശ്വാസ്സമല്ല...

     സമീപകാലത്ത് ഞാൻ ഒരു സ്‌കൂളിൽ കണ്ട ഒരു സംഭവമാണ്... ഒരു രക്ഷിതാവ് പരാതിയുമായി സ്കൂളിൽ നിൽക്കുന്നു... തന്റെ ഒന്നാം ക്‌ളാസിൽ പഠിക്കുന്ന കുട്ടിയെ ടീച്ചർ തല്ലി എന്നതാണ് പരാതിയുടെ കാരണം... കുട്ടിയുടെ ശരീരത്ത് പാടുകൾ ഒന്നും തന്നെയില്ല... പക്ഷെ കുട്ടി അങ്ങനെ പറയുന്നു.... അവിടെ രക്ഷകർത്താക്കളും ധർമ്മ സങ്കടത്തിലാണ്.. കാരണം കുട്ടികളെ ക്രൂരമായി ഉപദ്രവിക്കുന്ന അധ്യാപകരുടെ വാർത്തകൾ പുറത്തു വരുന്നു... തന്റെ കുട്ടിയോട് അതുണ്ടാകുമോ എന്ന ആശങ്ക.... എങ്കിലും കുട്ടി പറയുന്ന ഒന്നാമത്തെ സംഭവത്തിൽത്തന്നെ പരാതിയുമായി പോകാൻ മുതിരരുതെന്നാണ് എന്റെ അഭിപ്രായം... അല്ലെങ്കിൽ ക്രൂരമായ പെരുമാറ്റത്തിന്റെ വ്യക്തമായ അടയാളങ്ങൾ വേണം... ഇത്തരം പരാതികൾ ഉന്നയിക്കുമ്പോൾ രക്ഷിതാക്കൾ ജാഗ്രത പുലർത്തണം എന്ന് പറയുന്നതിന് കാരണമുണ്ട്... കാരണം അത് കുട്ടികളിൽ അഹങ്കാരം വളർത്തും... തീർച്ച... മുതിർന്നവരെ അനുസ്സരിക്കാനുള്ള മനോഭാവം കുറയും... മറ്റൊരുഭാഗത്ത് നിർദ്ദോഷമായി ടീച്ചർ ചെയ്ത ഒരു പ്രവർത്തി ചോദ്യം ചെയ്യപ്പെട്ടാൽ ആ ടീച്ചർക്ക് ആ കുട്ടിയോട് തോന്നുന്ന വാത്സല്യത്തിന് അതൊരു മുറിവായി നില്ക്കും... വീണ്ടും പറയുന്നു;; യുക്തിയെ ഉപയോഗിക്കുകയും,, ജാഗ്രത പുലർത്തുകയും നാം ഒരേ സമയം ചെയ്യണം....

     കുട്ടികളുടെ കഴിവിനെ അംഗീകരിക്കാൻ തയ്യാറാകാത്ത രക്ഷകർത്താക്കൾ കുട്ടികൾക്ക് നൽകുന്നത് വലിയ ക്രൂരതയാണ്... എന്നും ഈ വിഷയങ്ങളിൽ പഠനം നടത്തിയിട്ടുള്ളവർ പറയുന്നത്, കുട്ടികൾക്ക് കഴിയുന്ന ഭാരമേ അവർക്കുമേൽ ഏൽപ്പിക്കാവൂ എന്നാണ്‌... എന്നാൽ രക്ഷകർത്താക്കളുടെ മനസ്സിലേക്ക് കയറാത്ത ഒരു ഉപദേശവും ഇതുതന്നെയാണെന്ന് തോന്നുന്നു... മറ്റൊരു കുട്ടിയുടെ മികവല്ല നിങ്ങളുടെ കുട്ടിയുടെ കഴിവിന് അടിസ്ഥാനം... നിങ്ങളുടെ കുട്ടിയിലെ കഴിവിനെ കണ്ടെത്തി അതിൽ ഒന്നാമനാക്കാൻ ശ്രമിക്കൂ... {{{മറ്റൊരു കുട്ടിക്കോപ്പ മുണ്ടായ നേട്ടത്തെ പോരായ്മയായി കാണുന്ന ഒരു സന്ദർഭം ചർച്ച ചെയ്യുന്നു... ദയവായി ഈ ലിങ്ക് സന്ദർശിക്കൂ....https://rajeshpuliyanethu.blogspot.com/2014/09/blog-post_21.html}}}}

     കുടുംബ ജീവിതത്തിലെ പ്രതിഫലനങ്ങൾ കുട്ടികളെ സ്വാധീനിക്കും എന്ന് പറയേണ്ടതില്ലല്ലോ?? കുട്ടികളുടെ ഭാവിയും,, മാനസ്സിക ആരോഗ്യവും കണക്കിലെടുത്തു മാത്രം സ്വന്തം ജീവിതത്തിലെ പൊരുത്തക്കേടുകൾ പുറം ലോകത്തെ അറിയിക്കാതെ ജീവിക്കുന്ന അനേകം ദമ്പതികളുണ്ട്... അതിനു കഴിയാത്തത്ര പ്രശ്നങ്ങൾ  നിലനിൽക്കുന്ന ദമ്പതികൾ തുറന്ന പോരിന് മുതിരും.. അതിൽ ചിലതെങ്കിലും അനിവാര്യതകളാകാം... പക്ഷെ അവിടെ കുട്ടികൾ അനുഭവിക്കുന്ന മാനസ്സിക സംഘർഷങ്ങൾ ആർക്കും പരിഹരിക്കാൻ കഴിയില്ല... അതുപോലെ തന്നെയാണ് രക്ഷിതാക്കൾ മറ്റുള്ളവരോട് പെരുമാറുന്നത് നോക്കിക്കാണുന്ന കുട്ടികളുടെ മനസ്സിനുണ്ടാകുന്ന സ്വാധീനവും... ഒരു കുട്ടിയുടെ അച്ഛന്റെ അച്ഛൻ കൊയ്ത്തു കഴിഞ്ഞു തന്റെ മകനും കുടുംബത്തിനായി കുറേ കുത്തരി കൊണ്ടുവരുന്നു... കുട്ടിയുടെ അമ്മക്ക് ഭർത്താവിന്റെ വീട്ടുകാരെ ഇഷ്ട്ടമല്ല... യാതൊരു ദയയുമില്ലാതെ കുട്ടിയുടെ അമ്മ ആ അരി തിരസ്കരിച്ചു അയക്കുന്നു... ഭാര്യയുടെ പ്രസാദത്തിനായി കുട്ടിയുടെ അച്ഛൻ ജീവച്ഛവം പോലെ എല്ലാ ലഹളകൾക്കും സാക്ഷിയായി നിൽക്കുന്നു... ആ അച്ഛനമ്മമാരോട് ആ കുട്ടിക്ക്‌ ഉണ്ടാകുന്ന മതിപ്പ് എന്തായിരിക്കും എന്ന് ഊഹിക്കാവുന്നതല്ലേ ഉള്ളൂ?? തന്റെ അമ്മയുടെ താല്പര്യത്തിനു വഴങ്ങി തന്നെ ഒന്നു തൊടാൻ പോലും  മുത്തശ്ശനെ അച്ഛൻ അനുവദിച്ചിരുന്നില്ല എന്ന്കൂടി ചിന്തിക്കുമ്പോൾ ആ കുട്ടിയുടെ ചിന്തയിലേക്ക് അത് നല്ല സന്ദേശം ഒന്നും നല്കില്ല.. തീർച്ച... ഈ കഥകളൊന്നും സാങ്കല്പികങ്ങൾ അല്ലെന്നതാണ് വേദനയുള്ള മറ്റൊരു കാര്യം...

     ഇന്നത്തെ ബാല്യത്തിന്റെ ഏറ്ററ്വും വലിയ പോരായ്മയാണ് അവർ കളിച്ചു ആർത്തുല്ലസ്സിച്ചു ജീവിക്കേണ്ട സമയം മൊബൈൽ ഫോണിലും,, കമ്പ്യുട്ടറിലും മുഖം കുമ്പിട്ടിരുന്നു പാഴാക്കുന്നു എന്നത്... കായികമായ കളികൾക്കും,, മറ്റുള്ളവരുമായി കൂട്ടുകൂടി കളിക്കുന്നതിനും അവരെ പ്രേരിപ്പിക്കേണ്ടത് രക്ഷാകർത്താക്കളാണ്... മൊബൈലുമായി കുട്ടി ഒരു മൂലക്കിരുന്നാൽ അത്രനേരം അവരുടെ ശല്യമില്ലല്ലോ എന്ന് പല രക്ഷിതാക്കളും കരുതുന്നു... നിങ്ങൾ അക്കൂട്ടരിൽ ഒരുവരാണോ എന്ന് ചിന്തിക്കേണ്ടത് നിങ്ങളാണ്... കുട്ടിയുടെ കണ്ണിന്റെയും, തലച്ചോറിന്റെയും ആരോഗ്യത്തെക്കുറിച്ഛ് ഡോക്ടർമാർ പറയുന്നത് ആർക്കും പ്രശ്നമല്ല... കുട്ടിയുടെ ഒരു ചെറിയ വാശിയെ അതിജീവിക്കാൻ കഴിയാത്ത നിങ്ങൾ എങ്ങനെയാണ് അവരെ പറക്കാൻ പ്രാപ്തരാക്കും വരെ എത്തിക്കുന്നത്?? മൊബൈൽ ഫോണോ, കംപ്യുട്ടറോ കുട്ടികൾക്ക് നൽകേണ്ട എന്നല്ല... കാരണം സമൂഹത്തിന്റെ എല്ലാവിധ വളർച്ചകളും,, മാറ്റങ്ങളും അവർ അറിഞ്ഞു തന്നെ വളരണം.... അതിന് ഒരു ദിവസത്തിലെ നിശ്ചിത സമയം ഫോൺ ഉപയോഗിക്കാൻ അനുവദിച്ചു കൊടുക്കണം... അതുപോലെതന്നെ കമ്പ്യുട്ടർ ആവശ്യങ്ങൾക്കനുസ്സരിച്ചു ഉപയോഗം ക്രമപ്പെടുത്തി നല്കണം... 

     അതുപോലെതന്നെയാണ് കുട്ടികൾക്ക് ടി വി യും സിനിമകളും ഉണ്ടാക്കുന്ന സ്വാധീനം... സിനിമകൾക്ക് മനസ്സിനെ നിയന്ത്രിക്കാനുള്ള കഴിവുണ്ട്...പ്രത്യേകിച്ച് കുട്ടികളിൽ... അതിനാൽ കുട്ടികൾ കാണുന്ന സിനിമകൾക്ക് രക്ഷകർത്താക്കൾ വ്യക്തമായ സ്ക്രീനിംഗ് നടത്തണം... വിലക്കുകൾ എപ്പോഴും പൊട്ടിക്കാനുള്ള വ്യഗ്രത ഉണ്ടാകും... അതിനാൽ ആരോഗ്യകരമായ നിയന്ത്രണങ്ങളാണ് അഭികാമ്യം... കുട്ടികൾക്ക് സിനിമയെക്കുറിച്ചുള്ള അറിവ് ലഭിക്കണമെങ്കിൽ അത് കാണുക തന്നെ വേണം.. ഇംഗ്ളീഷ് സിനിമകളെക്കുറിച്ചും,, നായകന്മാരെക്കുറിച്ചും സംസാരിച്ചു കൊണ്ടിരിക്കുന്ന കുട്ടിയുടെ കൂട്ടുകാർക്കിയയിൽ അതൊന്നും അറിയാതെ പോകുന്നതും കൂട്ടത്തിൽ ചെറുതാകുന്ന അവസ്ഥ ഉളവാകും എന്ന് മനസ്സിലാക്കണം... അതും കുട്ടിയുടെ മാനസ്സികമായി തകർച്ചക്ക് കാരണമാകും.. ഉന്നത സൊസൈറ്റിയിലെ പൊങ്ങച്ചത്തിന്റെ അലകൾ നേഴ്‌സറി സ്കൂളിൽ പഠിക്കുന്ന കുട്ടിയിൽ വരെ എത്തി നിൽക്കുന്നു എന്ന സാമൂഹിക അന്തരീക്ഷവും നമ്മൾ കണക്കിലെടുക്കണം... എല്ലാം ഉൾക്കൊള്ളുകയും, ഇണങ്ങുകയും ചെയ്യുന്ന രീതിയിൽ വളർന്നു വരുന്നതാണ് നല്ലത്... പുതിയതായ ഒരു അവസ്ഥയോട് പകച്ചു നിൽക്കാത്ത അവസ്ഥയിലേക്ക് മാനസ്സിക ദൃഢത ഉണ്ടാക്കുക എന്നതും വിദ്യാഭ്യാസ്സകാലത്ത് നേടണം...

     കുട്ടികളോട് അപരിചിതർ സമീപിച്ചാൽ ഒച്ച വെയ്ക്കുക, ഓടുക, ആൾക്കാർക്കിടയിലേക്കു പോവുക അങ്ങനെ പലതും നമ്മൾ പഠിപ്പിച്ചു വിടാറുണ്ട്... അതെല്ലാം അവരുടെ സുരക്ഷയെ കരുതിയാണ്... ഇന്ന് കൂട്ടികൾ നേരിടുന്ന വലിയ ഒരു സുരക്ഷാ പ്രശ്നം ലൈംഗിക ചൂഷണമാണ്..  അതിൽ നിന്നും രക്ഷനേടാൻ അവരെ സജ്ജരാകുക എന്നതാണ് നമ്മുടെ വെല്ലുവിളി... സ്കൂളുകളിൽ ഇത്തരം ചൂഷണങ്ങളെ പ്രതിരോധിക്കാനുള്ള ബോധവൽക്കരണങ്ങൾ നടത്തുന്നുണ്ട്... അവിടെ വ്യക്തമായി കാര്യങ്ങൾ വിശദീകരിച്ചു നൽകുന്നുണ്ട്... രക്ഷകർത്താക്കൾ  "" അതിലൊന്നും വലിയ കാര്യമില്ല"" എന്ന രീതിയിൽ കുട്ടികളുടെ മുൻപിൽ ലഘൂകരിക്കാതെ സ്കൂളുകളിൽ നൽകുന്ന പാഠങ്ങൾ അതേപടി പിന്തുടരാൻ പ്രേരിപ്പിക്കുകയാണ് വേണ്ടത്... 

     ഒരു കുട്ടി ഏതാണ്ട് പത്തുവയസ്സു കടക്കുന്നത് മുതൽ ലൈഗീകതയെക്കുറിച്ചു ചിന്തിച്ചു തുടങ്ങും എന്നാണ് സയൻസ് പറയുന്നത്... അതുമുതൽ അവർക്കുണ്ടാകുന്ന സംശയങ്ങളെ നിവർത്തിച്ചു നല്കുന്നതാണ് ലൈംഗീക വിദ്യാഭ്യാസം... അത് ശരിയായ രീതിയിൽ നൽകാൻ രക്ഷിതാക്കളോ, അധ്യാപകരോ തയ്യാറായില്ലെങ്കിൽ അതിനു മുൻപോട്ടു വരുന്ന മൂന്നാമൻ ശരിയായ ചിന്താഗതി ഉള്ളവൻ ആകണമെന്നില്ല... അതിനാൽ ലൈംഗീകത അനാവശ്യമോ,, പാപമോ അല്ലെന്ന രീതിയിൽ ശാസ്ത്രീയമായും,, ധാർമികമായും അവർക്കു പറഞ്ഞു കൊടുക്കണം... അതിനൊപ്പം കുടുംബം എന്ന എസ്റ്റാബ്ലിഷ്‌മെന്റ് അതി സ്രേഷ്ടമാണെന്നും,, അതിൽ ഊന്നിയാണ് ലൈംഗീകത നിലനിൽക്കുന്നത് എന്നുകൂടി കുട്ടികൾക്ക് പ്രായം കൂടുന്നതിനനുസ്സരിച്ചു ക്രമത്തിൽ മനസ്സിലാക്കി നൽകിയാൽ ലൈംഗീക ചൂഷണങ്ങളും,, വഴിപിഴക്കലുകളും ഒരു പരിധിവരെ നിയന്ത്രിക്കാൻ കഴിയും... അതിനൊപ്പം സകല പ്രവർത്തികളിലെയും ധർമ്മ- അധർമ്മങ്ങൾ ദൈവീക ചിന്തകളോടും, ഭയത്തോടും ചിട്ടപ്പെടുത്തി വളർത്തിയെടുക്കുന്നത്;; സ്വയം തെറ്റെന്നു ബോധ്യമുള്ളവയിൽ നിന്നും അവർക്ക്‌ സ്വയം വിലക്കുന്നതിനു ഉപകാരപ്പെടും.. അതിനൊപ്പം തന്നെയാണ് ജാതി, മത ചിന്തകളെക്കുറിച്ചുള്ള പഠനവും... പൊതു സമൂഹത്തിനു നടുവിൽ മറ്റൊരുവൻ അവന്റെ മതത്തെപ്പറ്റി അസാധാരണമായി സംസാരിക്കുകയും, പ്രകീർത്തിക്കുകയും ചെയ്യുന്നു എങ്കിൽ അതിനു ചെവി കൊടുക്കാതിരിക്കാൻ പറയുക... കഴിയുന്നതും ആ വ്യക്തിയോട് അകലം പാലിക്കാൻ ഉപദേശിക്കുക.. നീ നിന്റെ ജാതിയെയും, മതത്തെയും പറ്റി ആരോടും ഗുണമായോ ദോഷമായോ സംസാരിക്കാതിരിക്കാൻ നിഷ്കർഷിക്കുക... അതിനൊപ്പം തന്നെ നിൻറെ കുലവും, മതവും, ജാതിയും സ്രേഷ്ടമാണെന്ന് അവന് പറഞ്ഞു കൊടുക്കുക... മറ്റുള്ളവരുടെതും സ്രേഷ്ടമാണെന്നു പഠിപ്പിക്കുക... എന്റെയോ, നിന്റെയോ മതം മോശമാണെന്നു പറയുന്നത് മാത്രമാണ് തെറ്റ് എന്ന് ബോധ്യപ്പെടുത്തുക... മതം ഉപദേശിച്ചു നൽകുന്ന തത്വഗുണങ്ങൾ നിറഞ്ഞ കഥകൾ അവർക്കു പറഞ്ഞു കൊടുക്കുക...  ഇങ്ങനെ ഒരു നിലപാട്  കുട്ടികൾക്ക് തീർച്ചയായും പ്രയോജനം ചെയ്യും എന്ന് ഞാൻ നിശ്വസ്സിക്കുന്നു...

     കുട്ടികളോട് നമ്മൾ അനുവർത്തിക്കേണ്ട കാര്യങ്ങൾ മാത്രം സംസ്സാരിച്ചുകൊണ്ടിരിക്കുന്നതിൽ അർത്ഥമില്ലല്ലോ? ഇവയൊക്കെ എങ്ങനെ കുട്ടികളുടെ അസ്വസ്ഥതകൾക്ക് കാരണമാകാതെ നടപ്പിലാക്കാം എന്നതും വലിയ വിഷയമല്ലേ?? നമ്മൾ മുന്നോട്ടു വെയ്ക്കുന്ന പ്രവർത്തി രീതികൾ കുട്ടികളെ അവരുടെ ആവശ്യമായി ചെയ്യിക്കുക എന്നതാണ് ഉചിതം... അതിനു ചില മാർഗ്ഗങ്ങൾ ഉണ്ട്... 

     കുട്ടികൾക്ക് അറിയുവാനുള്ള ആഗ്രഹം വർധിപ്പിക്കുവാൻ അവരെ ചോദ്യം ചോദിക്കാനും,, സംശയങ്ങൾ ഉയർത്താൻ പ്രാപ്തരാക്കുകയും ചെയ്യുക എന്നതാണ് മാർഗ്ഗം... കുട്ടികൾ നമ്മളോട് പൊതുവായ ചില കാര്യങ്ങളിൽ ചോദിക്കുന്ന സംശയങ്ങൾക്ക് ഉത്തരം കണ്ടെത്താൻ അവർക്കുതന്നെ അവസ്സരം നല്കുക... അതിനു ഒരു ചെറിയ സമയവും നിഷ്കര്ഷിക്കുക... അവിടെ അവർ കണ്ടെത്തിക്കൊണ്ടു വരുന്ന ഉത്തരത്തെ ഗൗരവമായിത്തന്നെ സമീപിക്കുക... ആ ഉത്തരം ശരിയോ, തെറ്റോ എന്നതല്ല.. അവർ പറയുന്ന ഉത്തരം ലോജിക്കാണോ എന്ന് പരിശോധിക്കുക... ആണെങ്കിൽ ആ ലോജിക്കിനെ ഉയർത്തിക്കാട്ടി അവരെ എൻകറേജ് ചെയ്യുക... അവരുടെ ഉത്തരം ഫണ്ണി ആണെങ്കിൽ ആ ഫൺ ആസ്വദിക്കുക... അവരെക്കൊണ്ട് ആസ്വദിപ്പിക്കുക... ഒപ്പം ശരി ഉത്തരം പറഞ്ഞു കൊടുക്കുക... ചോദ്യത്തിനും ഉത്തരത്തിനും കാണിച്ച സാമർഥ്യത്തിന് അവരിഷ്ട്ട്പ്പെടുന്ന ചെറിയ സമ്മാനങ്ങൾ നല്കുക... ഉദാഹരണത്തിന്... 

     കുട്ടികൾ സാധാരണയായി റോഡിലെ വിശേഷമായി ചോദിക്കുന്ന ഒരു ചോദ്യമാണ് 'എന്താ ഈ ആംബുലൻസിൽ അക്ഷരങ്ങൾ തിരിച്ചു എഴുതി വെച്ചിരിക്കുന്നത്' എന്ന്... ഒരു ഇരുപത്തിനാല് മണിക്കൂർ സമയം അവർക്കുതന്നെ അതിനുത്തരം കണ്ടുപിടിക്കാൻ നൽകൂ... അവർ പറയുന്ന ഉത്തരത്തെക്കുറിച്ചു സംസാരിക്കൂ... ആ സംസ്സാരത്തെ അച്ഛനും മകനും ആസ്വദിക്കൂ... ഒപ്പം ശരിയായ ഉത്തരവും പറഞ്ഞു നൽകൂ... വീണ്ടും അവർ ചോദ്യങ്ങൾ ചോദിക്കും... അല്ലെങ്കിൽ ചോദ്യങ്ങൾ നിങ്ങൾ ഉയർത്തൂ.. ഉത്തരം കണ്ടെത്താൻ അവർക്ക് അവസ്സരം നല്കൂ.....

     കുട്ടികളോട് നമ്മൾ ചെയ്യുന്ന ഇത്തരം എക്സർസൈസുകളിൽ നമ്മൾ ശ്രദ്ധിക്കേണ്ടത് നമ്മൾ വളരെ ഗൗരവത്തിൽത്തന്നെയാണ് ഇതെല്ലാം ചെയ്യുന്നതെന്ന് അവരെ ധരിപ്പിക്കുകയാണ്... ചോദ്യവും, ഉത്തരം കണ്ടെത്തലും എല്ലാം ഗൗരവമുള്ള കാര്യങ്ങളാണ്... നമ്മൾ അലംഭാവം കാട്ടുന്നു എന്ന് കുട്ടികൾക്ക് തോന്നിയാൽ പിന്നെ ഇതൊന്നും ശരിയായ രീതിയിൽ പ്രവർത്തിക്കില്ല... മറ്റൊരു രീതി കൂടി കുട്ടികൾക്കിടയിൽ ഗുണകരമായി പരീക്ഷിക്കാവുന്നതാണ്...

     കുട്ടികൾ പാലിക്കണം എന്ന് നമ്മൾ നിഷ്‌കർഷിച്ചിട്ടുള്ള പ്രവർത്തികൾ, പെരുമാറ്റങ്ങൾ, പഠനം, ആഹാരം അങ്ങനെ പലതിനെക്കുറിച്ചും എന്തൊക്കെ, എങ്ങനൊക്കെ എന്ന് നമ്മൾക്കും അറിയാം,, കുട്ടികൾക്കും അറിയാം... ഈ പ്രവർത്തികൾക്ക് ഒരു പോയിൻറ് സമ്പ്രദായം വെയ്ക്കുക... അതായത് കുട്ടി ചെയ്യുന്ന പ്രവർത്തികൾക്ക് നിശ്ചിത പോയിൻറ് നൽകുക.. എല്ലാ ദിവസ്സവും നിഷ്ഠയോടെ ചെയ്യണമെന്ന് നമ്മൾ പറഞ്ഞിരിക്കുന്ന പ്രവർത്തികൾ കൃത്യമായി ചെയ്യുന്നതിന് നിശ്ചിത പോയിൻറ് നൽകുക...  ഉദാഹരണത്തിന്;; കിടക്കുന്നതിനു മുൻപ് അടുത്ത ദിവസത്തെ പുസ്തകം കൃത്യമായി എടുത്തു വെയ്ക്കണം എന്നാണ് നമ്മൾ പറഞ്ഞു കൊടുത്തിട്ടുള്ളത്... അങ്ങനെയുള്ള ദൈനംദിന കാര്യങ്ങൾ കൃത്യമായി ചെയ്യുന്നതിന് നിശ്ചിത പോയിൻറ്... പുസ്തകം എടുത്തു വെയ്ക്കാതെ കിടന്നുറങ്ങിയാൽ കുട്ടിയെ ബോധ്യപ്പെടുത്തിത്തന്നെ നെഗറ്റീവ് പോയിൻറ് നല്കണം... കുട്ടി യുക്തി പൂർവ്വമോ, ബുദ്ധിപൂർവ്വമോ ചെയ്ത ഒരു പ്രവർത്തിക്കു അതിനെ പ്രശംസിച്ചുകൊണ്ടുതന്നെ ഉയർന്ന പോയിൻറ് നല്കണം... അതു പോലെ ഒരു വലിയ പിഴവിന് കുട്ടിയെ ബോധ്യപ്പെടുത്തിക്കൊണ്ടുതന്നെ കൂടുതൽ നെഗറ്റീവ് പോയിൻറ്സ് നല്കണം... അങ്ങനെ ഒരു നിശ്ചിത പോയിൻറ് അച്ചീവ് ചെയ്തു കഴിയുമ്പോൾ അവൻ ആഗ്രഹിക്കുന്ന ഒരു സമ്മാനം വാങ്ങി നൽകണം... ഉദാഹരണത്തിന് അവൻ ഒരു ഫുട് ബാൾ ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് കരുതുക... അവനോട് പറയുക നീ അൻപത് പോയിൻറ് നേടുമ്പോൾ നിനക്ക് ഫുട് ബാൾ കിട്ടും എന്ന്... അങ്ങനെ വരുമ്പോൾ നല്ല പ്രവർത്തികളിൽക്കൂടി അവൻ നേടുന്ന പോയിന്റുകളുടെ പ്രതിഫലമാണ് അവനു ലഭിക്കുന്ന ഫുട് ബാൾ... രക്ഷിതാക്കൾക്ക് കൂടുതൽ സ്‌ട്രെയിൻ എടുക്കേണ്ടി വരുന്നില്ല... അങ്ങനെ പോയിന്റുകളും, അതുവഴി നേടുന്ന സമ്മാനങ്ങളും കാരണം നല്ല കാര്യങ്ങൾ കുട്ടിക്ക് ശീലമാകും... ഇവിടെ രക്ഷിതാക്കൾ ജനുവിനും, കൃത്യവും ആയിരിക്കണം... സമ്മാനങ്ങൾ കൃത്യമായി വാങ്ങി നല്കണം... പോയിന്റുകൾ കൃത്യമായി കണക്കാക്കണം... മുൻപു പറഞ്ഞതു പോലെ നമ്മൾ ഈ സമ്പ്രദായത്തിൽ വളരെ സീരിയസ് ആയിരിക്കണം... സമ്മർദങ്ങൾ ഉണ്ടാക്കാതെ ശരിയായ ചിട്ടകളും, ശീലങ്ങളും വളർത്താൻ ഈ രീതി ചില കുട്ടികളിലെങ്കിലും പ്രയോജനപ്പെടും എന്ന് കരുതുന്നു....

കുട്ടികളുമായുള്ള സൗഹൃദം നിലനിർത്തുക എന്നതാണ് രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട ഒരു വലിയ കാര്യം... ആ സൗഹൃദത്തിനിടയിൽ രക്ഷിതാവ് എന്ന നിലയിലെ പരിഗണനയ്ക്ക് വിഘാതം സംഭവിക്കാതെ സൂക്ഷിക്കുവാൻ കൂടി കഴിയുമ്പോൾ അതൊരു അർത്ഥവത്തായ ബന്ധമായി മാറുന്നു... കുട്ടി നേരിടേണ്ടി വരുന്ന ഒരു വിഷയത്തിൽ ഏറ്റവും കരുത്തനും വിശ്വസ്ഥനുമായ സുഹൃത്തായി രക്ഷാകർത്താവിന്റെ മുഖം അവൻ്റെ മനസ്സിൽ ആദ്യം തെളിഞ്ഞു വരുന്ന രീതിയിൽ ആ ബന്ധം ഉഷ്മളമായിരിക്കണം... കുട്ടികൾ നേരിടേണ്ടി വരുന്ന പ്രതിബന്ധങ്ങളിലാണ് അവർ മറ്റൊരുവനാൽ ചൂഷണത്തിന് വിധേയനാകുന്നത്... 

     വീടിന്റെയും,, നാടിന്റെയും ഒഴുക്കിനനുസ്സരിച്ചു കുട്ടികൾ വിദ്യാഭ്യാസം നേടി മുൻപോട്ട് ജീവിക്കുന്നു എന്ന കാലം രണ്ടു പതിറ്റാണ്ടുകൾക്ക് മുൻപ് പൂർണ്ണമായും അവസ്സാനിച്ചു... ഇന്ന് എല്ലാം കമ്പ്യുട്ടർ പ്രോഗ്രാമുകൾ നിയന്ത്രിക്കുമ്പോൾ കുട്ടികളെ ദിശാബോധത്തോടെ വളർത്തുന്നതിന് രക്ഷിതാക്കൾ പ്രത്യേകമായ മാനസ്സിക പ്രോഗ്രാമുകൾ മെനയുന്ന തെരക്കിലാണ്‌... കുടുംബത്തിന്റെയും,, നാടിന്റെയും ഭാവി ഇന്നത്തെ കുരുന്നുകളിൽ ആയതിനാൽ ഇമവെട്ടാതെയുള്ള ശ്രദ്ധ അനിവാര്യവുമാണ്‌.. 

     നാളത്തെ മഹത് വ്യക്തിത്വങ്ങൾ ആകേണ്ട ഇന്നത്തെ കുട്ടികൾക്ക് നല്ല ഒരു സ്കൂൾ വര്ഷം ആശംസ്സിക്കുന്നു...

[Rajesh Puliyanethu
 Advocate, Haripad]     @    PuliyanZ  

Friday 31 May 2019

2019 ചില തെരഞ്ഞെടുപ്പ് ചർച്ചകൾ ......

     രണ്ടായിരത്തി പത്തൊൻപതു തെരഞ്ഞെടുപ്പ് അവസ്സാനിച്ചു... നരേന്ദ്രമോഡി ഭൂരിപക്ഷവും,, വോട്ടു വിഹിതവും വർദ്ധിപ്പിച്ചു അധികാരത്തിലെത്തി.... രാജ്യത്തെ കേവലം രണ്ടു രാഷ്ട്രീയ ചേരിയാക്കി നിർത്തിയാണ് 2018 നു തോട്ടു മുൻപ് മുതൽ രാഷ്ട്രീയ ഭാരതം മുന്നേറിയത്.. അത് ശ്രീ നരേന്ദ്ര മോദിയെ അനുകൂലിക്കുന്ന രാഷ്ട്രീയം മോദിയെ എതിർക്കുന്ന രാഷ്ട്രീയം എന്നിങ്ങനെ ആയിരുന്നു... 2019 ലെ തെരഞ്ഞെടുപ്പിലേക്കു രാജ്യം എത്തിയപ്പോൾ വിവിധ ശബ്ദങ്ങളായി രാജ്യത്തിന്റെ പല കോണുകളിലായി നിന്ന മോഡി വിരുദ്ധർ ഒന്നായി വന്നു എന്നാണ് കാണാൻ കഴിഞ്ഞത്... ഒരു മനുഷ്യനും അദ്ദേഹത്തെ അനുകൂലിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനവും ഒരു വശത്തും,, ഇരുപത്തി മൂന്നു രാഷ്ട്രീയ പ്രസ്ഥാനങ്ങളും മറ്റു സംഘടനകളും എതിർവശത്തും ഉണ്ടായിട്ടും എന്തുകൊണ്ട് മോഡി വീണ്ടും അധികാരത്തിലെത്തിയെന്നത് ശരിക്കും ഒരു പഠന വിഷയം തന്നെയാണ്....


     "എന്തുകൊണ്ട് നമ്മൾ തോറ്റു എന്നത് ലളിതമായി പറഞ്ഞാൽ പോരേ" എന്ന സിനിമാ ഡയലോഗിനെ വെളിച്ചമായിക്കണ്ടുതന്നെ നമ്മൾ വിഷയം പഠിക്കണം... കാരണം ലാളിത്യം നിറഞ്ഞ ബഹുഭൂരിപക്ഷം വരുന്ന ജനതയാണ് ഇവിടെയുള്ളത്... അവരാണ് ഈ രാജ്യത്തിന്റെ ഭരണവും ഭാവിയും നിർണ്ണയിക്കുന്നത്... അവർ എത്ര വലിയ കാര്യവും ലളിതമായി മനസ്സിലാക്കാൻ ക്ഷമത ഉള്ളവരാണ്... തങ്ങൾ നിസ്സാരക്കാരാണെന്ന രീതിയിൽ വിഡ്ഢികളാക്കാമെന്ന ധാരണയിൽ ആരെങ്കിലും വിഷയങ്ങളെ വളച്ചൊടിച്ചും,, വിഷം പുരട്ടിയും അവതരിപ്പിച്ചാൽ ലളിതമായിത്തന്നെ അതിന്റെ നിജസ്ഥിതി മനസ്സിലാക്കി ഒന്നിച്ചു നിന്നു പ്രതികരിക്കാനും അറിയുന്നവർ... തങ്ങളുടെ കൈയ്യിലെ പ്രഹര ശേഷിയുള്ള ആയുധം കൊണ്ടു തന്നെ...

     ഒരു രാജ്യം ഒറ്റക്കെട്ടായി ഒരു പ്രസ്ഥാനത്തിന് വോട്ടു ചെയ്യുന്നതിന് പല കാരണങ്ങൾ ഉണ്ടാകാം... എങ്കിലും പ്രധാനമായത്;; വിജയിപ്പിച്ച പാർട്ടിയോടുള്ള ജനങ്ങളുടെ അമിതമായ സ്നേഹവും,, വിശ്വാസ്സവും,, പ്രതീക്ഷയും ആയിരിക്കും കാരണം.... അല്ലെങ്കിൽ തോൽപ്പിച്ച വിഭാഗത്തിനോടുള്ള ജനങ്ങളുടെ വിരോധം അല്ലെങ്കിൽ വിശ്വാസമില്ലായ്മ... ഇതിൽ രണ്ടു വിഷയങ്ങളിലും സൂഷ്മമായി പരിശോധിച്ച് വിവിധ വഴികൾ തുറന്നു പഠിക്കാവുന്നതാണ്.... നമ്മുടെ ഭാരതത്തിൽ എന്തായിരിക്കും സംഭവിച്ചത്..?? സർവ്വ് ജനതയുടെയും സമ്മതം പിടിച്ചു വാങ്ങത്തക്ക വിധമായ ഒരു ഭരണമായിരുന്നോ ശ്രീ മോഡി നടത്തിയിരുന്നത്??

     രണ്ടാം യു പി എ സർക്കാരിന്റെ ഭരണ പരാജയങ്ങൾ മുതലെടുത്ത് മോഡി അധികാരത്തിൽ വന്നു.. അത് അത്ഭുതം കൂറേണ്ട ഒരു ജനാധിപത്യ പ്രതിഭാസമല്ല... പത്തുവർഷം ഭരണത്തിലിരിക്കുന്ന സർവ്വതും അഴിമതി ആരോപണങ്ങളിൽക്കൂടി മാത്രം സഞ്ചരിച്ചിരുന്ന ഒരു സർക്കാരിനെതിരെ ഒരു പ്രസ്ഥാനത്തിലും,, ഭരണാധികാരിയിലും ജനങ്ങൾ വിശ്വാസ്സവും അഭയവും കണ്ടതായിരുന്നു അത്... അതേ വിശ്വാസ്സം അഞ്ചു് വർഷത്തെ ഭരണത്തിനു ശേഷവും ഉയർന്ന ജനപിന്തുണയിൽ നിലനിർത്താൻ കഴിഞ്ഞതിലെ ജനാധിപത്യ താല്പര്യങ്ങളാണ് രാഷ്ട്രീയ പാർട്ടികൾ മുഖവിലക്കെടുക്കേണ്ടതും,, ചർച്ച ചെയ്യേണ്ടതും,, തങ്ങളുടെ പോരായ്മകളെ പരിഹരിക്കേണ്ടതും....

     ദേശീയ രാഷ്ട്രീയത്തിൽ മോദിയെ നേരിട്ട പ്രതിപക്ഷ രീതികളെല്ലാം തന്നെ ശുഷ്കവും അപ്രായോഗികവും ആയിരുന്നു എന്ന് നിസ്സംശയം പറയാൻ കഴിയും... ഗുജറാത്ത് കലാപത്തിലെ ആരോപണങ്ങളായിരുന്ന ശൂലവും,, ഗർഭിണിയും ജനങ്ങൾ കേട്ടു മടുത്തിരുന്നു... ആ ആരോപണങ്ങളിലെ പൊള്ളത്തരങ്ങൾ ജനങ്ങൾ മനസ്സിലാക്കിയത് നിങ്ങൾ പ്രതിപക്ഷക്കാർ മനസ്സിലാക്കിയില്ല... ഇതേ ആരോപണങ്ങളെ മുൻനിർത്തി നിങ്ങൾ നടത്തിയ പ്രചരണങ്ങളെ തള്ളിയാണ് 2014 ൽ മോദിയെ ജനങ്ങൾ തെരഞ്ഞെടുത്തതെന്ന് എങ്കിലും നിങ്ങൾ ഓർക്കണമായിരുന്നു... ഏറ്റവും കുറഞ്ഞത് അതേ ആരോപണങ്ങൾ പ്രതിരോധിക്കാൻ കഴിയാത്ത തെളിവുകളോടെ പുനഃ രവതരിപ്പിക്കാനെങ്കിലും നിങ്ങള്ക്ക് കഴിയണമായിരുന്നു.... അതിനു കഴിയാതെ പോയത് നിങ്ങളുടെ ആരോപണങ്ങളിലെ പൊള്ളത്തരം പുറത്തു കൊണ്ടുവരുന്നതിനാണ് സഹായിച്ചത് എന്ന് കാണണം.. ജനങ്ങളുടെ ചിന്താശേഷിയെ നിങ്ങൾ ദേശീയ പ്രതിപക്ഷം നീതീകരണമില്ലാത്ത രീതിയിൽ ഇകഴ്ത്തി ചിന്തിച്ചു എന്ന് വേണം കരുതാൻ...

     കൊണ്ഗ്രെസ്സ് എന്ന പാർട്ടിയുടെ നിവർത്തികേടാണ് ദേശീയ രാഷ്ട്രീയത്തിൽ മോദിക്ക് കുറേയൊക്കെ അനുകൂലമായത് എന്ന് കാണുന്നതിൽ തെറ്റില്ല... ജനം തുലനം ചെയ്യുമ്പോൾ നരേന്ദ്രമോഡി എന്ന പ്രഭാവത്തിന് എതിരായി കാണിക്കാൻ പ്രതിപക്ഷത്തിന് ആരുമില്ലായിരുന്നു എന്നതാണ് സത്യം... ലോക ചരിത്രം പരിശോധിച്ചു നോക്കൂ... വ്യക്തി പ്രഭാവം ഉയർന്ന നിലയിൽ നിൽക്കുന്ന തികഞ്ഞ സ്വേശ്ചാതി പതിയായ വ്യക്തിത്വങ്ങളെ പോലും ജനം അംഗീകരിച്ചിട്ടുണ്ട്... അത് വ്യക്തി പ്രഭാവത്തിന്റെ ഒരു ശാസ്ത്രമാണ്.. പിന്നെയാണോ കൂപ്പു കൈകളോടെ ജനങ്ങളെ കാണുന്ന,, പാർലമെന്റിനെ നമസ്കരിച്ചു കയറുന്ന,, പാവപ്പെട്ടവന്റെ ശൗചാലയത്തിനും,, ആഹാരം പാകം ചെയ്യാനുള്ള ഗ്യാസിനും,, കയറിക്കിടക്കാനുള്ള വീടിനും,, തൊഴിൽ തുടങ്ങാനുള്ള കൈത്താങ്ങിനും അങ്ങനെ പലതിനും പ്രാധാന്യം കൽപ്പിക്കുന്ന ഭരണാധികാരിയെ ഒരു ജനതയ്ക്ക് അവഗണിക്കാൻ കഴിയുന്നത്...?? ഇരുപത്തി മൂന്നു രാഷ്ട്രീയ കക്ഷികളിലും നരേന്ദ്ര മോഡിക്കു തുല്യനായ വ്യക്തി പ്രഭാവം സ്പുരിക്കുന്ന ഒരുവൻ ഇല്ലായിരുന്നു എന്നത് സത്യമാണ്... അതിലെ രസകരമായ കാര്യം;; ബി ജെ പി യിലെ മോദിജി ഒഴികെയുള്ള അഞ്ചു നേതാക്കളെ നേരിടാൻ കഴിയുന്ന വ്യക്തി പ്രഭാവമുള്ളവരാരും പ്രതിപക്ഷ പാർട്ടികളിൽ ഇല്ല എന്നതാണ് സത്യം.. അത് സമ്മതിക്കാത്തത് ഇതേ പ്രതിപക്ഷ പാർട്ടിക്കാർ മാത്രം.... ജനങ്ങളല്ല.... പ്രതിപക്ഷത്തിന്റെ നേതാവായി അവരോധിച്ചിരുന്ന രാഹുൽജിയെ മാത്രം എടുത്തു പറഞ്ഞു പഴി പറയാൻ ഞാൻ തയ്യാറാകുന്നില്ല... ആ സ്ഥാനത്തേക്കു പോലും വരാൻ കെൽപ്പുള്ള ആളുകൾ പ്രതിപക്ഷ സ്രെണിയിൽ ഇല്ലാതെ പോയി എന്നതാണ് മനസ്സിലാക്കേണ്ടത്...

     ജനങ്ങൾ നോക്കിക്കണ്ട അഴിമതി ആരോപണങ്ങളായിരുന്നു മറ്റൊരു പ്രധാന വസ്തുത.... ആറുലക്ഷം കോടിയിൽപ്പരം തുകയുടെ അഴിമതി ആരോപണങ്ങളുടെ  വിഴിപ്പിനെ ഇറക്കിവെച്ച ആശ്വാസ്സത്തിലായിരുന്നു ജനം 2014 ൽ മോദിക്ക് വോട്ടു ചെയ്തത്... ആരോപണത്തിനപ്പുറം തെളിയിക്കാൻ കഴിയാതെപോയ റാഫേൽ മാത്രമായിരുന്നു മോദിക്കെതിരെയുള്ള അഴിമതി ആരോപണം... അതും മറകൾ പലതു നീക്കി പോയപ്പോൾ എത്തിയത് ചിദംബരം പോലെയുള്ള നേതാക്കളുടെ മുഖങ്ങളിലേക്കും....

     അഴിമതി ആരോപണങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന നെഹ്‌റു കുടുംബം നിരന്തരം കോടതി കയറി ജാമ്യമെടുത്ത് നടക്കുന്നത് ജനങ്ങൾ കാണുന്നില്ല എന്ന് കരുതിയത് നിങ്ങളുടെ തെറ്റ്...  ആറുലക്ഷം കോടിയുടെ അഴുമതിയുടെ ചരിത്രത്തിലേക്ക് രാജ്യത്തെ തിരികെ  കൊണ്ടു പോകേണ്ടതില്ല എന്ന് ജനം കരുതി... ചിദംബരം, മകൻ, ഭാര്യ,, സോണിയ ജി, രാഹുൽ ജി, വധേര  തുടങ്ങി എല്ലാവരും അഴിമതി കേസുകളിൽ ജാമ്യത്തിൽ...  യാതൊരു പ്രഭാവവുമില്ലാത്ത അഴിമതി കൂട്ടങ്ങൾക്കു ഭരണം നൽകേണ്ടതില്ല എന്ന് തീരുമാനിച്ച ജനതയെ അഭിനന്ദിക്കുകയല്ലേ വേണ്ടത്???

     നരേന്ദ്ര മോഡിക്കെതിരെ ഉയർത്തിയ ആരോപണങ്ങൾ പൊള്ളായാണെന്നു കണ്ടതാണ് പ്രതിപക്ഷത്തെ കൂടുതൽ ദുര്ബലമാക്കിയത്...  റാഫേൽ അഴിമതി പ്രതിപക്ഷത്തിന് തെളിയിക്കാൻ കഴിയാതെ പോയത് മാത്രമല്ല പ്രതിപക്ഷത്തെ പരാജയപ്പെടുത്തിയത്... പ്രതിപക്ഷം ഉയർത്തിയ ആരോപണങ്ങൾ കഴമ്പില്ലാത്തവയായിരുന്നു എന്നതാണ് വസ്തുത.... രാജ്യം നേരിടുന്ന ചർച്ച ചെയ്യപ്പെടേണ്ട അനവധി പ്രസക്തമായ കാര്യങ്ങൾ പ്രതിപക്ഷത്തുനിന്നു പൊതുജനം പ്രതീക്ഷിക്കുമ്പോൾ പ്രതിപക്ഷം പറയുന്നു;; മോഡിജി ഭാര്യക്ക് ചെലവിനു കൊടുത്തില്ല,, മോദിജി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു,, മോദിജി പത്തു ലക്ഷത്തിന്റെ കോട്ടിടുന്നു,, മോദിജി വിദേശത്തു പോകുന്നു,, മോദിജി ക്ഷേത്ര ദർശനം നടത്തുന്നു അങ്ങനെ പലതും..... ഇതിലൊന്നും ജനങ്ങൾ ആശങ്കാകുലർ ആയിരുന്നില്ല... പ്രിയ പ്രതിപക്ഷമേ...  മോദിജി ഭാര്യക്ക് ചെലവിന് കൊടുത്തില്ലെങ്കിൽ ആ സ്ത്രീക്ക് പരാതി ഉന്നയിക്കാൻ ഇവിടെ അതിന്റേതായ നിയമ ഫോറങ്ങളുണ്ട്.. അതാണോ പ്രതിപക്ഷത്തിന്റെ തലവേദന... പകരം രാജ്യത്തെ അശരണരായ യുവതികൾക്ക് വേണ്ടി ശബ്ദമുയർത്തുകയും അവരെ പരിപാലിക്കുന്നതിൽ സർക്കാർ വീഴ്ച കാണിക്കുന്നുണ്ടെങ്കിൽ ഉയർത്തിക്കാട്ടുകയും, പ്രതികരിക്കുകയും ചെയ്തിരുന്നെങ്കിൽ നിങ്ങൾ എത്രയധികം അംഗീകരിക്കപ്പെടുമായിരുന്നു....??  കഴമ്പില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ചു നിങ്ങൾ ജനങ്ങൾക്ക് മുൻപിൽ സ്വയം അപഹാസ്യരായി... കഴമ്പുള്ള ആരോപണങ്ങൾ ഉന്നയിക്കാൻ കാരണമില്ലാത്ത നേതാവായി മോദിജി ജനമനസ്‌സുകളിൽ  വളരുകയായിരുന്നു എന്ന് നിങ്ങൾ അറിയാതെ പോയി... നിങ്ങൾ അതിനുള്ള വളമായി എന്ന് പറയുന്നതും ശരി തന്നെയാണ്...

     മത ന്യൂനപക്ഷങ്ങളെ പ്രീണിപ്പിച്ചു കൂടെ നിർത്തുകയും, ഭൂരിപക്ഷ മത വിഭാഗങ്ങളെ ഭിന്നിപ്പിച്ചു നിർത്തുകയും ചെയ്യുക എന്ന പതിവ് അടവ് ഫലിക്കാതെ പോയി എന്ന് കാണണം... കാരണം മതന്യൂനപക്ഷത്തെ പ്രീണിപ്പിച്ചു മുതലെടുക്കുക എന്ന തന്ത്രം ഇതുവരെ പ്രതിപക്ഷ കക്ഷികൾ നടത്തിയിരുന്നത് ഒരുതരം ഒളിച്ചു കടത്തലാണ്... പക്ഷെ  മതന്യൂനപക്ഷത്തെ പ്രീണിപ്പിച്ചു ഒന്നിപ്പിച്ചു  നിർത്താനുള്ള നിങ്ങളുടെ അമിതമായ പ്രീണന  തന്ത്രങ്ങൾ ഭൂരിപക്ഷം അമർഷത്തോടെ നോക്കിക്കാണുന്ന വിധത്തിലേക്ക് ഉയർന്നത് നിങ്ങൾ തിരിച്ചറിഞ്ഞില്ല.... ന്യൂനപക്ഷത്തിന് ഒന്നായി നിന്ന് വോട്ടു ചെയ്യാൻ കഴിയുമെന്ന വസ്തുത തിരിച്ചറിഞ്ഞു പ്രവർത്തിച്ച നിങ്ങൾ ഭൂരിപക്ഷം ഒന്നിച്ചു നിന്ന് വോട്ടുചെയ്യാനുള്ള സാധ്യത തിരിച്ചറിഞ്ഞപ്പോൾ വൈകി... പരിഹാരമായി തെരഞ്ഞെടുപ്പടുത്തപ്പോൾ രാഹുലിനെ കുറി തോടുവിച്ചു അമ്പലങ്ങളിൽ കയറ്റിയിറക്കിയതിലെ കപടത ജനം തിരിച്ചറിഞ്ഞു പോയി... മോഡി അധികാരത്തിൽ വന്നാൽ മുസ്ളീം ജനത അനുഭവിക്കാൻ പോകുന്ന കഷ്ടതയുടെ ഭീകരത 2014 ൽ നിങ്ങൾ വിവരിച്ചത് പൊള്ളയായിരുന്നു എന്ന് തെളിയിക്കാൻ കഴിഞ്ഞ അഞ്ചു വര്ഷം മുസ്‌ലിം ജനത ഇവിടെ അനുഭവിച്ച സുരക്ഷിതത്വം മാത്രം മതിയായിരുന്നു മോദിജിക്ക്‌ ഒരു ജനതയ്ക്ക് മുന്നിൽ തെളിവായി നല്കാൻ... ഫലത്തിൽ നിങ്ങളിൽ നിന്നും ഭൂരിപക്ഷവും,, ന്യൂനപക്ഷവും അകന്നു... നിങ്ങൾ നിൽക്കുന്ന മണ്ണിനെക്കുറിച്ചു നിങ്ങൾ തിരിച്ചറിയണമായിരുന്നു... എന്തു രാഷ്ട്രീയ വങ്കത്തരവും കാണിച്ചിട്ട് പകരം ഇന്ദിരയുടെ മൂക്കുള്ള കൊച്ചുമകൾ പരിഹാരമാകുമെന്നു നിങ്ങൾ കരുതി.... വീണ്ടും പറയുന്നു നിങ്ങൾ ജനങ്ങളുടെ വിലയിരുത്തൽ ശക്തിയെ ഇകഴ്ത്തി വിലയിരുത്തിയാണ് കഴിഞ്ഞ നാളുകളിൽ രാഷ്ട്രീയ പ്രവർത്തനം നടത്തിയത്...

     ദേശീയത ഭാരത ജനതയുടെ വികാരവും, അഭിമാനവുമാണെന്ന് നിങ്ങൾക്കുൾപ്പടെ എല്ലാവർക്കും തിരിച്ചറിവുണ്ടായിരുന്നു.... കൊണ്ഗ്രെസ്സ് ദേശീയതയിൽ ഊന്നിയ രാഷ്ട്രീയത്തിലായിരുന്നു വളർന്നതെന്നാണ് ഞാൻ കരുതുന്നത്... തീവ്രവാദികളെ സൗമ്യ നിലപാടോടെ സമീപിക്കുകയും, ദേശീയതയെ തള്ളിപ്പറയുകയും ചെയ്യുകവഴി ആരുടെ പിന്തുണയാണ് നിങ്ങൾ പ്രതീക്ഷിച്ചത്?? തീവ്രവാദികളെ വെള്ള പൂശുക വഴി ഇസ്‌ലാമിക സമൂഹത്തിന്റെ പിന്തുണ ലഭിക്കും എന്ന് കരുതിയ നിങ്ങൾ യഥാർത്ഥത്തിൽ ഇസ്ളാം സമൂഹത്തെ അപമാനിക്കുകയാണ് ചെയ്തത്... തീവ്രവാദത്തെ എതിർക്കുന്ന നിലപാട് തന്നെയാണ് തങ്ങൾക്കെന്നു അടിവരിയിട്ടുപറയാൻ രാജ്യത്തെ ബഹുഭൂരിപക്ഷം ഇസ്‌ലാം മത വിശ്വാസ്സികൾക്കും ബിജെപി ക്കു വോട്ടു ചെയ്തു കാണിക്കേണ്ട അവസ്ഥ നിങ്ങൾ സംജാതമാക്കി എന്ന് വിലയിരുത്തേണ്ടി വരും... ഓ വൈ സി,, യുടെ പല പ്രസ്ഥാവനകളും,, മണിശങ്കര അയ്യർ പാകിസ്ഥാനിൽ പോയി നിന്ന് ഇന്ത്യൻ പ്രധാന മന്ത്രിയെ പുറത്താക്കാൻ നടത്തിയ സഹായ അഭ്യർഥനയും എത്ര അമർഷത്തോടെയാണ് ഭാരത ജനത കണ്ടതെന്ന് നിങ്ങൾ തിരിച്ചറിഞ്ഞില്ല... തിരിച്ചറിഞ്ഞിരുന്നെങ്കിലും അറിയാത്തതായി നടിച്ചു... അതെല്ലാം ന്യൂനപക്ഷ വോട്ടുകളായി പരിണമിക്കുമെന്ന് നിങ്ങൾ തെറ്റിധരിച്ചു... കാരണം നിങ്ങൾ ഭാരത ജനതയുടെ ചിന്താമണ്ഡലത്തെ ചെറുതായികണ്ടു..

     നോട്ടു നിരോധനത്തിലും,, ജി സ് ടി യിലും പ്രതിപക്ഷം ഇരുട്ടിൽ തപ്പി... ഈ രണ്ടു കേന്ദ്ര സർക്കാർ തീരുമാനങ്ങളിലും എന്തു നിലപാട് സ്വീകരിക്കണമെന്ന വ്യക്തത പോലും പ്രതിപക്ഷത്തിന് ഉണ്ടായിരുന്നില്ല... നോട്ടു നിരോധനത്തെ ആദ്യ ദിവസ്സങ്ങളിൽ കോൺഗ്രസ്സ് അനുകൂലിക്കുകയാണ് ചെയ്തത്... മറ്റു മാർഗ്ഗങ്ങൾ അവർക്കില്ലായിരുന്നു... അത്രയ്ക്ക് ചടുലമായ ഒരു നീക്കമായിരുന്നു മോദിയുടെ ഭാഗത്തുനിന്നും ഉണ്ടായത്... കള്ളപ്പണം ഇല്ലാതാക്കാൻ കഴിഞ്ഞില്ലെന്നു പറയുന്ന പ്രതിപക്ഷത്തിന് കള്ളനോട്ട് ഇല്ലാതാക്കാൻ കഴിഞ്ഞു എന്ന് സമ്മതിക്കേണ്ടിവന്നു.. രാജ്യത്തിനു നല്ലതുവരാൻ ഏത് ശക്തമായ തീരുമാനവും എടുക്കാൻ പ്രാപ്തനായ പ്രധാനമന്ത്രിയാണ് മോഡി എന്ന ഇമേജ് ആണ് നോട്ടു നിരോധനവും,, ജി സ് ടി യും മോദിക്ക് നൽകിയത്.. അതിനെയൊന്നും ക്രിയാത്മകമായി ജനങ്ങളെ വിശ്വാസ്സത്തിലെടുത്തു പ്രതികരിക്കാൻ പ്രതിപക്ഷത്തിന് കഴിഞ്ഞില്ല... അല്ലെങ്കിൽ അവർക്ക് അതിനുള്ള കാരണങ്ങൾ കിട്ടിയില്ല.... 

     മോദിക്ക് അനുകൂലമായി കാര്യങ്ങൾ പരിണമിച്ചത് പുൽവാമ ആക്രമണശേഷമാണെന്ന് ചിലർ പറഞ്ഞു കേട്ടു..  പുൽവാമ ആക്രമണം മോദിക്ക് അനുകൂലമായതെങ്ങനെ എന്ന് നിങ്ങൾ എന്തുകൊണ്ട്  വിശകലനം ചെയ്യുന്നില്ല..!!?? നിങ്ങൾ തീവ്രവാദത്തിന് അനുകൂല നിലപാടും മണിശങ്കര അയ്യരെപ്പോലെയുള്ളവരുടെ പ്രസ്താവനകളെ പിന്താങ്ങുന്നവരുമാണ്... ദേശീയതയെ പിൻ കണ്ണു കൊണ്ടു പോലും സ്വീകരിക്കാൻ തയ്യാറാകാത്ത പ്രതിപക്ഷത്തെ എങ്ങനെ ഒരു ജനത വിശ്വാസ്സത്തിലെടുക്കും???  നിങ്ങളുടെ സമീപനങ്ങളായിരുന്നു തെറ്റ്.. അല്ലെങ്കിൽ ഭരിക്കുന്ന പാർട്ടിയുടെ പരാജയമായി മാത്രമല്ലേ പുൽവാമ കണക്കാക്കപ്പെടുമായിരുന്നുളൂ!?? രാഷ്ട്രത്തെ ജനങ്ങളെ ഒന്നായിക്കണ്ട് ദേശീയതയിൽ വെള്ളം ചേർക്കാത്ത നിലപാടുകൾ സ്വീകരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ നിങ്ങൾക്ക് ഇത്രയും വലിയ പരാജയം ഏറ്റുവാങ്ങേണ്ടി വരില്ലായിരുന്നു... ഏറ്റവും കുറഞ്ഞത് ഒരു പ്രതിപക്ഷ നേതാവിനെയ്‌തെങ്കിലും ഈ വലിയ ജനാധിപത്യ സംവിധാനത്തിനു സംഭാവന ചെയ്യാൻ നിങ്ങൾക്കു കഴിയുമായിരുന്നു... ഒരു പ്രതിപക്ഷ നേതാവിനെ സംഭാവന ചെയ്യുവാൻ പോലും പ്രാപ്തിയില്ലാത്ത നിങ്ങൾ ജനാധിപത്യ പ്രക്രിയയിൽ എത്രത്തോളം അപ്രസക്തരായി എന്ന് വിലയിരുത്തിയാൽ അതിന്റെ ഗുണം നാടിനുമുണ്ടെന്ന് പറയുന്നതിൽ യാതൊരു ആക്ഷേപവും ഇല്ല...

     കാര്യങ്ങൾ കേരളത്തിലേക്ക് വന്നാലോ?? വിജയവും,, പരാജയവും ശബരിമലയിൽ ഒതുക്കി നിർത്താൻ എല്ലാ കൂട്ടരും ശ്രമിക്കുന്നു എന്നതാണ് സത്യം... ബിജെപി ശബരിമല എന്ന വിഷയത്തിന്റെ പേരിൽ മാത്രം വിജയം പ്രതീക്ഷിച്ചു... രാജ്യമാകമാനം ആഞ്ഞടിക്കുന്ന മോഡി തരംഗത്തെ കേരളത്തിലേക്ക് കൊണ്ടുവരാൻ കേരള ബി ജെ പി ക്ക് കഴിയാതെ പോയി... എങ്കിലും ബി ജെ പി പരാജയമായിരുന്നു എന്ന് പറയാൻ സാധിക്കില്ല.. കേരളത്തിൽ ആകമാനം ബിജെപി ക്ക് വളരെ അധികം വോട്ടു നേടാൻ കഴിഞ്ഞു... ബി ജെ പി ക്ക് വോട്ടു ചെയ്യാൻ മടിച്ചു നിന്ന ഒരു വലിയ വിഭാഗം ബിജെപി ക്കു വോട്ടുചെയ്യാൻ ശബരിമല വിഷയം കാരണമായി... അത് ഭാവിയിലും ബിജെപി ക്കു ഗുണം ചെയ്യും... കൂടുതൽ ജനകീയ വിഷയങ്ങളിൽ ഇടപെടുകയും,, കഴമ്പുള്ള നേതൃനിര തങ്ങൾക്കുണ്ടെന്നു തെളിയിക്കാനും കഴിഞ്ഞാൽ ബിജെപി ക്കു കേരളം കിട്ടാക്കനി ആകില്ല.. എന്നാൽ ശബരിമലയെ മാത്രം ആശ്രയിച്ചായിരുന്നു കഴിഞ്ഞ ഇലക്ഷനെ ബിജെപി നേരിട്ടത്.... ശബരിമല വിഷയം വന്നില്ലായിരുന്നു എങ്കിൽ ബിജെപി എന്ത് പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു കേരളത്തിൽ പ്രതീക്ഷയെങ്കിലും പുലർത്താൻ കഴിയുമായിരുന്നത്?? 

     കടുത്ത ഭരണ വിരുദ്ധ വികാരം കേരളത്തിൽ ഉണ്ടായിരുന്നു എന്നു തന്നെ കാണണം... യു ഡി ഫ് നെ വിജയിപ്പിക്കാൻ വേണ്ടി ആയിരുന്നില്ല ജനം വോട്ടുചെയ്തത്... മറിച്ചു് എൽ ഡി എഫ് നെ പരാജയപ്പെടുത്തുവാൻ വേണ്ടി ആയിരുന്നു... അതിൽ ബി ജെ പി മനസ്സോടെ യു ഡി ഫ് ന് വോട്ടു ചെയ്ത അനേകങ്ങളുണ്ട്... തങ്ങളുടെ വോട്ടു വിഘടിച്ചു പോയി എൽ ഡി എഫ് വിജയിക്കരുതെന്ന കർശന ബുദ്ധിയോടെ ആയിരുന്നു ജനം വോട്ടു ചെയ്തത്... ആ പൊതുജന വികാരത്തിന്റെ ഏകീകരണം ഉണ്ടാക്കുന്നതിൽ ശബരിമല വലിയ പങ്കു വഹിച്ചു എന്നത് സത്യമാണെങ്കിലും മറ്റനേകം കാരണങ്ങളും നിഴലിച്ചുതന്നെ നിൽക്കുന്നു എന്നതാണ് എൻ്റെ പക്ഷം...

     ശബരിമലയായിരുന്നു തങ്ങളുടെ പരാജയ കാരണം എന്ന് പ്രചരിപ്പിക്കുകയാണ് എൽ ഡി എഫ് നു ഗുണം ചെയ്യുന്നത് എന്നാണ് മനസ്സിലാക്കാക്കുവാൻ കഴിയുന്നത്... പുരോഗമനപരമായ ആശയത്തിനു വേണ്ടിയും,, സ്ത്രീ തുല്യതക്കു വേണ്ടിയും നിലപാട് സ്വീകരിച്ചതിൽ ലഭിച്ച താൽക്കാലിക തിരിച്ചടി എന്ന് ന്യായീകരിക്കാൻ അവർക്ക് കഴിയുന്നു... അതുവഴി  വോട്ടു ചെയ്ത ജനം കണ്ട പല ഭരണ പരാജയങ്ങളും,, പോരായ്മകളും മറച്ചു പിടിക്കാൻ ശ്രീ പിണറായിക്കും കൂട്ടർക്കും വഴി തെളിഞ്ഞിരിക്കുന്നു.. 

     ശബരിമല മാത്രമായിരുന്നോ ജനങ്ങൾ പിണറായി ഭരണത്തെ വെറുക്കാൻ കാരണം എന്ന്  എൽ ഡി ഫ് തന്നെ വിലയിരുത്തുന്നത് നന്നായിരിക്കും... പിണറായി ഭരണത്തിന്റെ ഏതു മേഘലയിലാണ് ജനങ്ങളുടെ പ്രീതി വാങ്ങിയെടുക്കാൻ കഴിഞ്ഞിട്ടുള്ളത്?? കമ്യുണിസ്റ്റ്റുകളിൽ നിന്ന് പൊതുജനം ഇഷ്ട്ടപ്പെടാത്ത രീതിയിൽ നിങ്ങൾ മതകാര്യങ്ങളിൽ ഇടപെടുകയും ന്യൂനപക്ഷ പ്രീണനങ്ങൾ നടത്തുകയും ചെയ്തില്ലേ?? ന്യൂനപക്ഷങ്ങൾക്കു സഹായങ്ങൾ നൽകി അവരെ സന്തോഷിപ്പിക്കുന്നത്‌ ഇവിടുത്തെ ഹിന്ദു സമൂഹത്തെ ഒരിക്കലും അലോസരപ്പെടുത്തുമായിരുന്നില്ല... പക്ഷെ നിങ്ങൾ അനാവശ്യമായി ഹിന്ദുവിനെ ആക്രമിക്കാൻ മുതിർന്നത് എന്തിനു വേണ്ടിയാണ്??? അതിവിടുത്തെ ഇതര മതസ്ഥരിൽ പോലും എതിർപ്പുകളാണ് ഉണ്ടാക്കിയത് എന്ന് മനസ്സിലാക്കാനുള്ള സംഘടനാ സംവിധാനം നിങ്ങൾക്കില്ലാതെ പോയോ?? നിരന്തരം ഹിന്ദു ക്ഷേത്രങ്ങളിൽ നിങ്ങൾ ആക്രമണങ്ങൾ നടത്തിയതെന്തിന്?? അത്തരം ആക്രമണങ്ങളെ നേതൃത്വം അപലപിക്കാൻ തയ്യാറാകാതിരിക്കുകയും,, ചെറു പുഞ്ചിരിയോടെ അനുമോദിക്കുകയും ചെയ്തതെന്തിന്?? ന്യൂന പക്ഷത്തിനു മാത്രമല്ല;; ഭൂരിപക്ഷത്തിനും വോട്ടുണ്ടെന്നും ഒന്നിച്ചു നിൽക്കാൻ പ്രാപ്തരാണെന്നും നിങ്ങൾ മറന്നു പോയി... ഒരു ചെറിയ കല്ല് ഒരു ചെറിയ കുളത്തിൽ ഓളങ്ങളെ സൃഷ്ട്ടിക്കും... പക്ഷെ സമുദ്രത്തിൽ ഓളങ്ങളെ സൃഷ്ട്ടിക്കാൻ കഴിയില്ല... ഒരു ചെറിയ കല്ല് ഒരു ചെറുകുളത്തിൽ ഓളങ്ങളെ സൃഷ്ടിക്കുന്നത് പോലെയാണ് ഒരു ചെറിയ വിഷയം ന്യൂനപക്ഷങ്ങൾക്കിടയിൽ വളരെ വേഗത്തിൽ അലകളെ സൃഷ്ടിക്കുന്നത്... എന്നാൽ ഭൂരിപക്ഷമാകുന്ന സമുദ്രത്തിൽ  ഉണ്ടാകുന്ന അലകൾ തീഷ്ണവും,, വിനാശകരവും,, ദീർഘകാലം നിലനിൽക്കുന്നതും ആകുമെന്ന് നിങ്ങൾ തിരിച്ചറിയാതെ പോയി....

     മതവും, ക്ഷേത്രവും, പള്ളിയും എല്ലാം മാറ്റി വെയ്ക്കാം... ക്രമ സമാധാനത്തിൽ കേരളം എത്രയോ പിന്നോട്ട് പോയി..!!?? ലോക്കപ്പ് പീഡനങ്ങളും,, ലോക്കപ്പ് മരണങ്ങളും കേരളം പലതു കണ്ടു... അവിടെയെല്ലാം കുറ്റക്കാരെ നിങ്ങൾ സംരക്ഷിച്ചില്ലേ?? എവിടെയും വേട്ടക്കാരനൊപ്പമാണ് നിങ്ങൾ എന്ന ചിന്ത ജനങ്ങൾക്കുണ്ടായി.... ടി പി വധക്കേസ്സ് പ്രതികളെ നിങ്ങൾ കൈവെള്ളയിൽ വെച്ച് പരിപാലിക്കുന്നത് ജനം ഇഷ്ട്ടപ്പെടുമെന്ന് നിങ്ങൾ കരുതിയോ?? നിങ്ങൾ തന്നെ എത്ര ജീവനുകൾ ഈ ഭരണ കാലത്തു എടുത്തൂ... തെരഞ്ഞെടുപ്പിന് ദിവസങ്ങൾക്കു മുൻപ് പോലും നിങ്ങൾ അതിനു മുതിർന്നില്ലേ?? പത്രക്കാരെയും, പൊതുജനത്തെയും ആട്ടി ഓടിക്കുന്ന പിണറായി കേരള ജനതയ്ക്ക് അഭിമതനാകുമെന്ന് നിങ്ങൾ കരുതിയത് എന്തു കൊണ്ടാണ്?? തീവ്രവാദികളുടെ സുരക്ഷിത താവളമാണ് കേരളം എന്ന പൊതുജന ധാരണ ജനിച്ചത് നിങ്ങളുടെ ഭരണകാലത്തല്ലേ?? 

     ജനങ്ങളോട് ധാർഷ്ട്യത്തോടെ സംസാരിക്കുന്ന പിണറായിയെപ്പോലെയും,, മണിയെപ്പോലെയും ഉള്ള മന്ത്രിമാരെ ജനം ഇഷ്ട്ടപ്പെടുമെന്ന് കരുതിയോ?? കൃത്യമായ ഡാം മാനേജ്മെന്റിന് കഴിയാതെ കേരളത്തെ പ്രളയത്തിൽ മുക്കിയത് ആരും തിരിച്ചറിയുന്നില്ല എന്ന് നിങ്ങൾ കരുതിയോ?? ഡാമിൽ വെള്ളം നിറഞ്ഞു കയറുന്നതു കണ്ട് 'ഡാം തുറന്നു വിടുന്നില്ലേ??' എന്ന് ചോദിച്ച പത്രക്കാരോട്,, ""നിങ്ങള്ക്ക് പടം പിടിക്കാൻ തുറക്കുന്നില്ല" എന്ന് പരിഹസിച്ച മന്ത്രി മണിയേയും അതിനു ശേഷമുണ്ടായ ദുരന്തത്തെയും ആരും മറന്നു പോയെന്നു കരുതരുത്...

     പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് അനുഭവിക്കേണ്ടി വന്ന രണ്ടാം ദുരന്തമായിരുന്നു ക്യാമ്പുകളിൽ സിപിഎം വരുത്തി വെച്ചത്.... സുമനസ്സുകൾ ദാനമായി നല്കിയതെല്ലാം അടക്കിവെച്ച് അവർ നടത്തിയ പ്രവർത്തികൾ ക്യാമ്പിൽ സന്ദർശിച്ചവന്റെ പോലും വോട്ടുകൾ സി പി എം ന് എതിരാക്കുന്നതായിരുന്നു.. അത്രയധികം ധാർഷ്ട്യവും,, അഹങ്കാരവും അവർ കാട്ടി... 

     പ്രളയത്തിനു ശേഷം ഭിക്ഷാടനത്തിൽ മാത്രമല്ലെ നിങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചത്?? എന്ത് നവകേരള നിർമ്മാണമാണ് നിങ്ങൾ നടത്തിയത്... പ്രളയത്തെ നേരിടാൻ ലഭിച്ച തുകയിൽ ഭൂരിഭാഗവും നിങ്ങൾ നിങ്ങളുടെ ഇഷ്ട്ടങ്ങൾക്കനുസ്സരിച്ചു വിനിയോഗിക്കുകയായിരുന്നില്ലേ?? കേന്ദ്ര ഗവണ്മെന്റ് ഒരുക്കിയ പല പദ്ധതികളുടെയും ഗുണം ജനങ്ങളിലെത്താതിരിക്കാൻ രാഷ്ട്രീയം മുൻനിർത്തി നിങ്ങൾ ശ്രമിച്ചില്ലേ?? ഇതെല്ലാം ജനങ്ങൾ വീക്ഷിക്കുന്നുണ്ടായിരുന്നു... നിങ്ങൾ ധാർഷ്ട്യത്തോടെ ഗർജ്ജിച്ചു പറഞ്ഞത് കേരള ജനത വിശ്വസ്സിച്ചിരുന്നില്ല.. നിങ്ങളുടെ ഗുണ്ടാ ശക്തി ഓർത്ത് പലരും പ്രതികരിച്ചിരുന്നില്ല എന്ന് മാത്രം...പകരം വോട്ടു ദിനത്തിനായി കാത്തിരുന്നു...

സി പി എം ന്റെ സൈബർ സൈദ്ധാന്തിക വക്താക്കളായി ദീപാ നിശാന്തിനേയും,, രശ്മി പശുപാലനേയും,, റീമാ കല്ലിങ്ലിനേയും,, ആഷിക് അബുവിനേയും ect നിയമിച്ചു നൽകി നിങ്ങൾ നേതൃത്വം മറി നിന്നപ്പോൾ ഇക്കൂട്ടർ പാർട്ടിയെ തങ്ങൾക്കു മാത്രം വളരാൻ ഉതകുന്ന കമ്പോസ്റ്റു വളമാക്കി മാറ്റിക്കൊണ്ടാരിക്കുകയായിരുന്നു എന്ന് നിങ്ങൾ തിരിച്ചറിഞ്ഞില്ല... സൈബർ പോരാളികർ എതിർ ഫലം ഉണ്ടാക്കുന്നതിനു കാരണമായി എന്ന്, ഇന്ന് നിങ്ങൾ നടത്തുന്ന വിലയിരുത്തൽ കാലങ്ങൾക്കു മുൻപേ നടത്തേണ്ടതായിരുന്നു...

അദ്ധ്യാപകരുടെ കസ്സേര കത്തിച്ചും,, അവർക്കു കുഴിമാടങ്ങൾ തീർത്തും അട്ടഹസിച്ച കുട്ടി സഖാക്കന്മാരെ "ആര്ട്ട് ഇൻസ്റ്റലേഷൻ" എന്ന് പറഞ്ഞു നിങ്ങൾ പ്രോഹത്സാസഹിച്ചപ്പോൾ പൊതുജനവും അദ്ധ്യാപകരെ ഇപ്രകാരം സ്വീകരിക്കുന്നത് ഉചിതമെന്നു കരുതും എന്ന് നിങ്ങൾ കരുതിയോ?? ചുംബന സമരവും,, വനിതാമതിലും കേരള ജനതയിൽ അലോസരങ്ങൾ സൃഷ്ട്ടിച്ചത് നിങ്ങൾ തിരിച്ചറിയാതെ പോയി...

കേരളത്തിൽ വിജയിച്ചു നിന്നിരുന്ന പാർട്ടി ആയിരുന്നില്ല ബി ജെ പി.. അതിനാൽ പ്രതീക്ഷയെമുൻനിർത്തി പരാജയപ്പെടുന്നതും ബി ജെ പി ക്കു നേട്ടമാണ്.. എന്നാൽ വിജയിച്ചുകൊണ്ടിരുന്ന സി പി എം കേരളത്തിലും,, കൊണ്ഗ്രെസ്സ് കേന്ദ്രത്തിലും പരാജയപ്പെടുന്നത് കാരണങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്തപ്പെടേണ്ടതുണ്ട്... അതിനു മുതിരാൻ തയ്യാറുണ്ടോ എന്നതാണ് ഈ പാർട്ടികളുടെ ഭാവി തീരുമാനിക്കുന്ന ചോദ്യം... 

ജനാധിപത്യ സംവിധാനത്തിൽ പ്രതിപക്ഷം അസ്ഥിരമാകുന്നത് രാജ്യത്തിനു അഭികാമ്യമല്ല..... ചോദ്യം ചെയ്തു വികസ്സിക്കുന്നതാണ് ജനാധിപത്യത്തിന്റെ മുഖമുദ്ര..


[Rajesh Puliyanethu
 Advocate, Haripad]

Tuesday 5 March 2019

യുദ്ധക്കൊതിയന്മാരും,, അഭിനവ സമാധാന വെള്ളരി പ്രാവുകളും....!!??

     പുൽവാമയിൽ രാജ്യം ധീര യോദ്ധാക്കളെ നഷ്ട്ടപ്പെട്ട് നിൽക്കുകയാണ്... ഒപ്പം രാജ്യത്തിനുളളിൽ കടന്ന് കേവലം ഒരു ചാവേറിന് അത്രയധികം നാശനഷ്ടമുണ്ടാക്കാൻ കഴിഞ്ഞു എന്ന ആത്മാഭിമാനത്തിനേറ്റ പ്രഹരവും,, നാണക്കേടും.... വിഘടന കാലം മുതൽ ഭാരതത്തിന്റെ തകർച്ച കാണുന്നതിൽ മാത്രം താൽപ്പര്യം പ്രകടിപ്പിച്ചു പ്രവർത്തിക്കുന്ന പാകിസ്ഥാൻ എന്ന രാജ്യത്തിന്റെ ഈ ആക്രമണത്തിനുള്ള ബന്ധം... രാജ്യത്തിനുള്ളിലെയും,, പുറത്തെയും വിഘടന വാദികളുടെ വിജയഘോഷങ്ങൾ.... ആത്ഭാഭിമാനമുള്ള ആരാണ് നമ്മുടെ ജവാന്മാരെകൊന്നവരെ ഉന്മൂലനാശം ചെയ്യണമെന്നും,, അതിനായി സഹായമായും,, പ്രേരണയായും നിന്നവരെ ശിക്ഷിക്കണമെന്നും ആഗ്രഹിക്കാത്തത്...!!?? ചോരചീന്തിക്കൊണ്ടു തന്ന ഈ അവസ്ഥയ്ക്ക് പ്രതികാരം ചെയ്യണമെന്ന് ആഗ്രഹിക്കാത്തത്...!!?? ആഗ്രഹിക്കാത്തവർ ഉണ്ടാകും..!! അവർ,, ഈ മരിച്ചവർ സ്വന്തം കുടുംബാംഗങ്ങൾ എന്ന് ചിന്തിക്കാത്ത നിർവികാര കാഴ്ചക്കാർ ആകാം,, രാജ്യത്തിന്റെ ശത്രുക്കൾ ആകാം,, മരിച്ചവർ തെറ്റുകാരാണ് എന്ന് ചിന്തിക്കുന്നവർ ആകാം,, മാനസ്സിക രോഗത്താൽ ചിന്താ ശേഷി നഷ്ടപ്പെട്ടവർ ആകാം,, ഈ കൂട്ടക്കുരുതികൊണ്ട് നേട്ടമുള്ളവർ ആകാം... അങ്ങനെ പലരും ആകാം...!

     പുൽവാമ രാജ്യത്തിന്റെ ഒരേ ഒരുദുഃഖമാണോ എന്നാണ് നാം ആദ്യം ചിന്തിക്കേണ്ടത്... ഒരിക്കലുമല്ല... മുംബൈ സ്ഫോടനം,, കോയമ്പത്തൂർ സ്ഫോടനം,, ഡൽഹി സ്ഫോടനം,, പാർലമെൻറ് ആക്രമണം,,  മുംബൈ ഭീകര ആക്രമണം,, ഉറി സ്ഫോടനം,, അങ്ങനെ ഏതൊരു ഭാരതീയനേയും ഏതുറക്കത്തിൽ വിളിച്ചുണർത്തി ചോദിച്ചാലും മറക്കാതെ പറയുന്ന ആക്രമണങ്ങൾക്കു പുറമേ എത്രയെത്ര വലുതും ചെറുതുമായ ആക്രമണങ്ങൾ?? അവസ്സാനമായി പുൽവാമയിലും... ഇതിനിടയിൽ പാകിസ്ഥാൻ എന്ന ഭീകരവാദികളുടെ സുരക്ഷിത താവളമായ ഒരു രാജ്യത്തിന്റെ പട്ടാളം നേരിട്ട് വെടിനിർത്തൽ കരാർ ലംഘിച്ചു കൊണ്ടു നിർവ്വഹിച്ച അനേകം ആക്രമണങ്ങളിൽ പലിഞ്ഞ അനേകം പട്ടാളക്കാരുടെയും,, പ്രദേശവാസികളുടെയും ജീവനും,, ജീവിതങ്ങളും...

     പാകിസ്ഥാൻ എന്ന ഭീകര രാഷ്ട്രത്തിന്റെ ആക്രമങ്ങളെ പ്രതിരോധിക്കാനും,, പൊരുതാനും ഇത്രകാലം ചിലവാക്കിയ പല സഹസ്ര കോടി തുക ജീവനും അഭിമാനത്തിനും വേണ്ടിയെന്നനിലയിൽ അവഗണിച്ചു തന്നെ പോകട്ടെ... എങ്കിലും..!!

     ഭാരതം ഒരു സ്വതന്ത്രജനാധിപത്യ പരമാധികാരം എന്ന് ഊറ്റം കൊള്ളുമ്പോൾ അത് കേവലം മുദ്രാവാക്യത്തിൽ മാത്രം ഒതുങ്ങുന്നതല്ല എന്ന് മനസ്സിലാക്കണം... ഭാരതം ബാഹ്യ ആക്രമണങ്ങളെ നേരിടാൻ സുസജ്ജമാണെന്ന് പറയുമ്പോൾ രോമ കൂപങ്ങൾ എഴുനേറ്റു നിന്നിട്ട് കാര്യമില്ല.. സുസ്സജ്ജമാജ സൈന്യവും,, ശക്തമായ ഭരണ നേതൃത്വവും ഈ രാജ്യത്ത് നിലനിൽക്കുന്നു എന്നത് കൂടിയാണ് 'സുസജ്ജമായ രാജ്യം' എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്... ബാഹ്യമായ ആക്രമണഭീഷണികളെ തളരാതെ നേരിടുമെന്നും തിരിച്ചടിക്കുമെന്നും ഇവിടെ ഓരോ പൗരനും വിശ്വസിക്കുന്നു...

     രാജ്യം വർഷങ്ങൾക്കു മുൻപ് നേരിട്ട് യുദ്ധത്തിൽ നേരിടേണ്ടി വന്ന രാഷ്ട്രമാണ് പാകിസ്ഥാൻ എന്ന് ഇവിടെ പലരും മറന്നു പോകുന്നു.. പാകിസ്ഥാൻ നേതൃത്വം കൊടുത്തു നടത്തിയ ഭീകര ആക്രമണങ്ങളിലാണ് ഇവിടെ പട്ടാളക്കാരും,, സാധാരണ ജനവും ഉൾപ്പെടുന്ന അനേകം ജീവിതങ്ങൾ ഇല്ലാതായതെന്ന് പലരും മറക്കുന്നു... ഭാരത സൈനീയകരുടെ ശരീര അവയവങ്ങൾ ഛേദിച്ചുവരെ തിരികെ ലഭിച്ച ശവശരീരങ്ങളെ പലരും മറക്കുന്നു... അവിടെയെല്ലാം സമാധാനം മുറുകെപ്പിടിച്ച ഭാരതം എന്ന രാജ്യത്തേയും ഇവിടെ പലരും മറക്കുന്നു... ഈ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വന്ന അവസ്സരങ്ങളിൽ രാജ്യം ഭരിച്ചവരെ മാത്രം നമ്മൾ ചർച്ചകളിൽ ഓർക്കുന്നു.. ഏതൊരു രാഷ്ട്രീയകക്ഷി ഭരിച്ചാലും രാജ്യം 'ഭാരതം' മാത്രമാണെന്ന സത്യത്തെയും മറക്കുന്നു....

     രാജ്യം 'സമാധാനം' എന്ന വർണ്ണക്കടലാസ്സിൽ പൊതിഞ്ഞ മിഠായി വിതരണം ചെയ്‌താൽ സമാധാനം ഉണ്ടാകും എന്ന് കരുതുന്നത് എന്തുതരം വിവേകമാണ്...!?? പാകിസ്ഥാൻ നേരിട്ട് നടത്തിയ യുദ്ധത്തിലും,, കാർഗിൽ യുദ്ധം എന്ന ഒളിപ്പോർ നടത്തിയതിലും,, തീവ്രവാദികളാൽ നടത്തിയ വിശുദ്ധ യുദ്ധത്തിലും, ആക്രമണങ്ങളിലും ഭാരതത്തിനു നഷ്ടപ്പെട്ടത് ജീവനും, സ്വത്തും, മാത്രമാണ്... സുരക്ഷിത രാഷ്ട്രമല്ലെന്ന പേരുദോഷത്തിന് ഉത്തരം പറയേണ്ട ബാധ്യത ലോക ജനതയ്ക്കു മുൻപിൽ വേറെയും.. ഇവിടെയെല്ലാം ആക്രമണങ്ങളുടെ നേട്ടം ഉണ്ടാക്കിയത് പാകിസ്ഥാനാണ്... നേരിട്ടുള്ള യുദ്ധപരാജയം ഒഴികെ... അവിടെയും ഇഴകീറി പരിശോധിച്ചാൽ തിരികെ ചിന്തിക്കേണ്ടി വരും... നമ്മുടെ രാജ്യത്തിൽ സമാധാനം ഇല്ലാതാക്കിയതിൽക്കൂടി,, ഓരോ അക്രമണങ്ങളിലും,, പട്ടാളക്കാരുടെ ഉൾപ്പെടെ ജീവൻ അപഹരിച്ചതിൽക്കൂടി,, നമ്മുടെ രാജ്യത്തിന്റെ സമ്പത്ത് നശിപ്പിച്ചതിൽക്കൂടി,, നമ്മുടെ രാജ്യത്തിന്റെ പ്രതിച്ഛായ നശിപ്പിച്ചതിൽക്കൂടി,, നമ്മുടെ ജനതയെ സംഘർഷത്തിൽ ആക്കിയതിൽക്കൂടി,, രാജ്യത്തിനകത്തുള്ള വിധ്വംസ്സക ശക്തികൾക്ക് പ്രചോദനവും, ശക്തിയും പകർന്നതിൽക്കൂട്ടി, അങ്ങനെ പലരീതിയിലും നമ്മുടെ രാജ്യത്തിന്റെ സമാധാനപൂർണ്ണമായ മുന്നേറ്റത്തിന് പാകിസ്ഥാൻ വിലങ്ങുതടി ആകാൻ തുടങ്ങിയിട്ട് ആ രാജ്യത്തിന്റെ ആരംഭകാലത്തോളം പഴക്കമുണ്ട്...

     നിശ്ചിത ഇടവേളകളിൽ ഉണ്ടാകുന്ന ജീവനുകളുടെ  നഷ്ടങ്ങളെ അപലപിച്ചും,, നാശ നഷ്ടങ്ങളെ മറന്നുമുള്ള;; ശക്തമായ രാഷ്ട്രം,, അഞ്ചാം സൈനീക ശക്തി,, അണ്വായുധ ശക്തി,, സാമ്പത്തിക ശക്തി എന്നൊക്കെയുള്ള ഗീർവാണങ്ങളെ ആർക്കും മനസ്സിലാക്കാൻ കഴിയുന്നില്ല...  മൂന്നുലക്ഷം കോടി രൂപ പ്രതിരോധത്തിന് വാർഷിക ബഡ്ജറ്റിൽ അനുവദിച്ചു ജീവിക്കുന്ന ഒരു ജനതയ്ക്ക് എല്ലാ നഷ്ട്ടങ്ങൾക്കു ശേഷമുള്ള സമാധാന ചർച്ചയുടെ സുരക്ഷിതത്വം മാത്രം മതിയോ?? അതോ ഇത്രയും തുക പൊതു ഖജനാവിൽ നിന്നും മുടക്കുന്നത് അപലപിക്കലുകളുടെയും,, സമാധാന ചർച്ചകളുടെയും മാത്രം ചെലവാണോ?? ഇത്രയും കാലം ഭരിച്ച സകല ഭരണ കർത്താക്കളും മറുപടി പറയണം... 

     പുൽവാമയിലെ ഭീകര ആക്രമണം അവസ്സാനത്തെത് എന്ന് കരുതുന്ന വിഡ്ഢികൾ ഭാരതത്തിൽ ജീവിക്കുന്നത് അതിശയമാണ്..  മുംബൈ ഭീകര ആക്രമണം അവസ്സാനത്തേത് എന്ന് കരുതിയത് പോലെ ഒരു വിഡ്ഢിത്വം... സ്വയം ചാകാൻ വരുന്നവന് അവൻ ഉദ്ദേശിച്ചതിലും അപ്പുറമുള്ള നാശനഷ്ടം നമുക്കു വരുത്തിയതിനുശേഷം അവന്റെ ജീവിതം നീട്ടി നൽകി വിചാരണ നടത്തി കഴുവേറ്റുന്നതിൽ എന്ത് പ്രശ്നപരിഹാരമാണ് ഉണ്ടാകുന്നത്..!?? ആക്രമണസമയം മരിക്കാൻ തയ്യാറായവന് ജീവിതം നീട്ടി നൽകി ഇവിടുത്തെ വിധ്വംസ്സക ശക്തികൾക്ക് രാഷ്ട്രീയ വിനിമയ ഉപാധിയാകുന്നതിനു കൂടികാരണമായ ശേഷം മരിക്കാൻ കഴിയുന്ന  ഇരട്ടി നേട്ടമാണ് പിടിക്കപ്പെടുന്ന തീവ്രവാദിക്ക് ഉണ്ടാകുന്നത്... 

     യുദ്ധം ഒരു ജനതയെയും വിജയിപ്പിച്ചിട്ടില്ല എന്നതു മാത്രമല്ല ഒരു രക്തരൂക്ഷിത വിപ്ലവവും ആരെയും ആത്യന്തികമായി വിജയിപ്പിച്ചിട്ടില്ല എന്നതും സത്യമാണ്... പക്ഷെ ലോകം കണ്ട പല വിപ്ലവങ്ങളും അനന്തര കാലഘട്ടങ്ങളിൽ പ്രകീർത്തിക്കപ്പെട്ടിട്ടുണ്ട്... ആ വിപ്ലവങ്ങളെ പ്രചോദന ശക്തിയായിക്കണ്ട് പ്രവർത്തിക്കുന്നവർ ഇന്ന് സംഘർഷങ്ങളെ തള്ളിപ്പറഞ്ഞു കാണുമ്പോൾ സംശയമാണ് ഉയരുന്നത്... അനിവാര്യതയുടെ അവസ്സാനഘട്ടത്തിൽ മാത്രമേ യുദ്ധങ്ങൾ സംഭവിക്കാവൂ.. യുദ്ധങ്ങൾ ഒഴിവാക്കുക എന്നത് അതിനു കാരണഭൂതരാകുന്ന എല്ലാവരുടെയും ഉത്തരവാദിത്വമാണ്... കാരണം ആരും യുദ്ധത്തിൽനിന്നും പരിപൂർണ്ണമായും നേടില്ല... എന്നാൽ യുദ്ധത്തെ ക്ഷണിച്ചു വരുത്തുന്നവർക്ക് എല്ലാം നഷ്ട്ടപെടുകയും,, മറ്റൊരുവർക്ക് ഉയർന്നു നിന്ന ഒരു സംഘർഷ വിഷയത്തിന് പരിഹാരം കാണാൻ കഴിയുകയും ചെയ്ത ചരിത്രവും യുദ്ധത്തിനുണ്ടെന്ന് എല്ലാവരും കാണണം... 

     നിലവിലെ ഭാരതത്തിന്റെ അന്തരീക്ഷത്തിലേക്ക് വരൂ... ഒരു യുദ്ധത്തെ ആരുംതന്നെ സ്വാഗതം ചെയ്യുന്നില്ല... യുദ്ധത്തിൽ ഏർപ്പെടുന്ന രാജ്യത്തിന് ഉണ്ടാകുന്ന നഷ്ട്ടം സൈനികരുടെ ജീവനും,, സമ്പത്തും മാത്രമല്ല... യുദ്ധത്തിന്റെ തീവ്രതയിൽ നിൽക്കുന്ന രാജ്യം മറ്റുപല രാജ്യങ്ങളുടെയും സഹായം അനിവാര്യമായി സ്വീകരിക്കേണ്ടിവരും... അത് സാങ്കേതികവും, സാമ്പത്തികവും,, ആശയപരവും,, രാഷ്ട്രീയപരവും,, വ്യവസായികപരവും;;  അങ്ങനെ പലവിധത്തിലും സമവായങ്ങളിൽ എത്താൻ രാജ്യം നിർബന്ധിതമാകും... കാരണം യുദ്ധത്തിലെ വിജയമാണ് പ്രധാനം... ശത്രു രാജ്യത്തെ സഹായിക്കുന്നതിനോ,, സഹായിക്കാതിരിക്കാനോ നമ്മൾ വിട്ടു വീഴ്ചകൾക്ക് തയ്യാറാകേണ്ടി വരും... കാരണം സുസജ്ജമായ സാമ്പത്തിക- സൈനീക രാഷ്ട്രമായ അമേരിക്ക യുദ്ധത്തിനിറങ്ങുന്ന അവസ്ഥയല്ല നമുക്കുള്ളത്... നമ്മൾ ഇന്നും അവികസിത രാജ്യം എന്ന ലേബലിൽ നിലകൊള്ളുന്ന ഒരു രാജ്യമാണ്... ""നമ്മൾ കരുത്തരാണ്... പക്ഷെ കരുത്ത് പരീക്ഷിക്കാൻ അവസ്സരം ഉണ്ടാക്കരുത്"" എന്നത് രാഷ്ട്ര മീമാംസയിലെ ഒരു ഉപദേശം മാത്രം....

     ഇപ്രകാരം ഒരു യുദ്ധത്തിന്റെ കെടുതികളുടെ സകല വശങ്ങളും തിരിച്ചറിവുള്ള ഭാരതജനത എന്തു കൊണ്ടായിരിക്കും പാകിസ്ഥാനെതിരെയുള്ള ഒരു പ്രത്യാക്രമണത്തെ സ്വാഗതം ചെയ്യുന്നത്?? കാരണം ഭാരത ജനതയുടെ മുൻകാല ചരിത്രത്തെ പഠിച്ചാൽ മനസ്സിലാകും... പാരതന്ത്യ്രത്തെ ഒരൽപ്പം പോലും ഉൾക്കൊള്ളാൻ വിസ്സമ്മതിച്ച പൂർവ്വികരായിരുന്നു നമുക്കുണ്ടായിരുന്നത്.. അവർ ബ്രിട്ടീഷ് ജനതക്കെതിരെ സംഘർഷത്തിന് മുതിർന്നത് ഇന്ന് തള്ളിപ്പറയുന്നവർ ഉണ്ടോ എന്ന് ആരായാണം... അവർ മുന്നോട്ടു വന്ന് നമ്മുടെ പൂർവ്വികരെ പരസ്യമായി തള്ളിപ്പറയണം... അവർക്കു മാത്രമേ അഭിമാനത്തെ പണയം വെയ്ക്കുന്ന അവസ്ഥയിലും സംഘർഷത്തെ തള്ളിപ്പറയാൻ കഴിയൂ... സംഘർഷം രാജ്യത്തിന്റെ സാഭിമാനത്തിനും,, സുരക്ഷക്കും വിഘാതമാകുമ്പോൾ സ്വീകരിക്കുന്നതിൽ ചരിത്രം ഇന്നുവരെ തെറ്റ് കണ്ടിട്ടില്ല... മറിച്ചു അപ്പോഴും സമവായം പറയുന്നവനോടെ മാത്രമേ കണ്ടിട്ടുള്ളു.. 

     ഒരു സ്വേച്ചാതിപത്യ രാഷ്ട്രം സംഘർഷത്തിലേക്ക് പോകുന്നതുപോലെ ഒരു ജനാധിപത്യ രാജ്യത്തിന് പോകാൻ കഴിയില്ല... അവിടെ സകലമായ ജനങ്ങളുടെയും വിശ്വാസ്യത അനിവാര്യമാണ്... തീവ്രവാദ കേന്ദ്രങ്ങൾ ആക്രമിക്കുന്നതിൽ സന്തോഷം അനുഭവിക്കുന്ന ജനതയാണ് ഇവിടെയുള്ളത്... കാരണം നിരന്തരമായ ബാഹ്യ ആക്രമണങ്ങളിലും, അതിൽ പൊലിയുന്ന ജീവിതങ്ങളിലും പൊതുജനം വ്യാകുലപ്പെടുന്നു.. അവർ അതിൽ അസ്വസ്ഥരാണ്... തീവ്രവാദികളെ വെച്ചുപുലർത്തുന്നത് നമുക്കോരോരുത്തർക്കും ഭീഷണിയാണെന്ന് ഈ രാജ്യം മനസ്സിലാക്കുന്നു...

     ഈ രാജ്യം നമ്മുടെ ശത്രുക്കൾക്കെതിരെ ആക്രമണം നടത്താൻ മുതിരുമ്പോൾ ഏറ്റവും എതിർ ശക്തിയായി നിൽക്കുന്നത് രാജ്യത്തിനുള്ളിൽ ഉള്ളവരാണെന്നതാണ് ഏറ്റവും വലിയ പ്രതിസന്ധി... അവരും പല വിധത്തിലുണ്ട്... രാജ്യത്തിന്റെ പൊതു താൽപ്പര്യം കണക്കാക്കി രാജ്യം പ്രതിയാക്രമണം നടത്തുമ്പോൾ അതിന്റെ മേന്മ ഭരണകൂടം കൊണ്ടുപോകുമോ എന്ന ഭീതി എതിർപക്ഷ രാഷ്ട്രീയക്കാരെ ഭരിക്കുന്നു.... അവർ വ്യാകുലത പൂണ്ടു നടത്തുന്ന പ്രവർത്തനങ്ങൾ ശത്രുപക്ഷത്തിന് ഗുണം ചെയ്യും എന്നു മനസ്സിലാക്കിയിട്ടും അവർ അപ്രകാരം തന്നെ പ്രവർത്തിക്കുന്നു എന്നതാണ് ആശങ്കാജനകം... രാഷ്ട്രീയ നേട്ടത്തിനായി ഇവിടുത്തെ ഇസ്ളാമിക സമൂഹത്തെ തെറ്റിദ്ധരിപ്പിച്ചു കൂടെ നിർത്താനും പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ ശ്രമിക്കുന്നു എന്നത് രാജ്യത്തിന്റെ നിലനിൽപ്പിന് ഭീഷണിയാണ്... അതിർത്തിയിൽ മരിക്കുന്ന ഭീകരൻ നിങ്ങൾക്കുകൂടി വേണ്ടിയാണ് മരിച്ചത് എന്ന് ഇസ്ളാമിക സമൂഹത്തിനിടയിൽ പ്രചാരണം നടത്താൻ ഇവിടെ ചിലർ കഷ്ടപ്പെടുന്നുണ്ടോ എന്നു കൂടി നമ്മൾ ചിന്തിക്കണം...

     യുദ്ധം ഒഴിവാക്കപ്പെടേണ്ടതാണ്... ആരംഭ നിമിഷം വരെ.. ഒരു ജനത അതിനു തയ്യാറെടുത്താൽ അതിന്റെ അർഥം യുദ്ധത്തിനു കാരണമായ വിഷയത്തെ ഇനിമേൽ ഞങ്ങൾക്ക് അനുവദിക്കാൻ കഴിയില്ല എന്നും,, അതിന്റെ പ്രത്യാഖാതങ്ങൾ സഹിക്കാൻ ഞങ്ങൾ തയ്യാറാണ് എന്നുമാണ്.. അത് സഹനത്തിന്റെ അവസ്സാന വാക്കാണ്... അല്ലാതെ തങ്ങൾക്കുവേണ്ടി പൊരുതുന്ന സൈനികരെ ബലിനൽകി നേടുന്ന സുഖം എന്നല്ല.. യുദ്ധത്തിന് തയ്യാറാകുന്നത് രാജ്യമാണ്.... സൈന്യം മാത്രമല്ല... ഈ തിരിച്ചറിവുള്ളവർ യുദ്ധം വിജയിച്ചു തന്നെ വരും.. നമ്മുടെ രാജ്യം നമുക്ക് ഒരു നഷ്ട്ടവുമില്ലാതെ ശത്രുവിനെ ഇല്ലായ്‌മചെയ്യും... തീർച്ച...

[Rajesh Puliyanethu
 Advocate, Haripad]

Friday 15 February 2019

മാധ്യമ രംഗം ഇരുപത്തി അഞ്ചു വർഷങ്ങളിലെ മാറ്റം....!!!??


'ഏഷ്യാനെറ്റ്' എന്ന ആദ്യ സ്വകാര്യ മലയാളം ചാനൽ അവരുടെ ഇരുപത്തി അഞ്ചാം വാർഷികം ആഘോഷിക്കുകയാണ്... 

സ്വകാര്യ മലയാളം ചാനലുകളുടെ പ്രവർത്തനകാലം 'ഏഷ്യാനെറ്റ്' ന്റെ പിറവികാലത്തെ അടിസ്ഥാന മാനദണ്ഡമായി എടുത്തു പറഞ്ഞാൽ....

ഇരുപത്തി അഞ്ച് വർഷങ്ങൾക്കു മുൻപ് 'പത്രഭാഷ' എന്നത് ഉന്നതമായ ഭാഷാപ്രയോഗത്തിന്റെ വിളിപ്പേരായിരുന്നു.... 'അച്ചടി ഭാഷ' എന്നു വിളിച്ചും അപ്രകാരമുള്ള ഭാഷാ പ്രയോഗത്തെ പൊതു സമൂഹം പ്രകീർത്തിച്ചിരുന്നു... പത്ര ഭാഷ ഒരിക്കലും സാഹിത്യത്തിന്റെ ഉന്നത പ്രദർശനം നടത്തിയിരുന്നില്ല.. എന്നാൽ അത് ലളിതവും,, മാന്യവും ആയിരുന്നു.... 'വടുവൊത്ത ഭാഷ,, ചതുര ഭാഷ' എന്നിങ്ങനെയും വിശേഷണങ്ങൾ അനവധി ഉണ്ടായിരുന്നു.... വിശേഷിപ്പിക്കുന്നവർ 'പത്ര ഭാഷ' എന്ന സംസ്കാര സമ്പന്നമായ പ്രയോഗരീതിയെക്കുറിച്ച് ബഹുമാനം സൂക്ഷിച്ചു മാത്രം ചിന്തിക്കുകയും, സംസാരിക്കുകയും ചെയ്തിരുന്നു...

ഇന്ന് ദൃശ്യ-മാധ്യമ ഭാഷക്ക് മുൻപ് പറഞ്ഞ വിധമായ മേന്മയില്ല... നാടൻ സംസാര ശൈലികൾ ദൃശ്യ മാധ്യമങ്ങൾ കടം കൊള്ളുകയും അച്ചടി മാധ്യമങ്ങൾ അതേ വഴി പിന്തുടരുകയും ചെയ്തതോടെ  ദൃശ്യ മാധ്യമ ഭാഷ അടിസ്ഥാന പത്ര ഭാഷയിൽ നിന്നും ഒരുപാട് വേറിട്ടു നിൽക്കുന്നു...അത് ഈ മേഘലയിലെ ച്യുതിയായിത്തന്നെ ചൂണ്ടിക്കാണിക്കപ്പെടണം...  പത്ര മാധ്യമ രംഗത്തെ ച്യുതിക്ക്‌ കാരണം സ്വകാര്യ വ്യക്തികൾ നടത്തുന്ന മാധ്യമ പ്രവർത്തനങ്ങൾ കാരണമാണ് എന്നും പറയുക വയ്യ... കേരളചരിത്രത്തിൽ മാത്രം നൂറ്റാണ്ടുകളായി പത്ര പ്രവർത്തനം നടത്തി വരുന്ന സ്വകാര്യ സംരംഭകർ എത്രയോ ഉണ്ട്.... രാഷ്ട്രീയ, സാംസ്കാരിക, മത, സാമുദായിക വിഷയങ്ങളിൽ അവർ പക്ഷപാതങ്ങൾ കാണിച്ചിരുന്നു എങ്കിലും അവരുടെ ഭാഷ മാന്യമായിരുന്നു... നിലപാടുകളിലെ ചായ്‌വ് പൊതുജനം തിരിച്ചറിയാതെ സൂക്ഷിക്കാനുള്ള ഒരു ശ്രമമെങ്കിലും നടത്തിയിരുന്നു... ആ ശ്രമവും പൊതുജനത്തെ വില കല്പിയ്ക്കുന്നതിന്റെ ഭാഗമായി കരുതുവാൻ കഴിയുമായിരുന്നു.. 

മുൻപ് പത്ര മാധ്യമങ്ങൾ ആക്ഷേപ ഹാസ്യത്തെ മനോഹരമായി കൈകാര്യം ചെയ്തിരുന്നു... കാർട്ടൂണുകൾ ഉൾപ്പെടെയുള്ള ആക്ഷേപ ഹാസ്യരീതികളെ മികച്ച കലാരൂപങ്ങളായിക്കൂടി കണ്ട് ബഹുമാനിച്ചിരുന്നു.... വിമർശനം ഏറ്റു വാങ്ങുന്നവരും അതിന്റെ സൃഷ്ട്ടാവിനെ ബഹുമാനിച്ചിരുന്നു.. ആ കലയെ അംഗീകരിച്ചിരുന്നു... ആ അംഗീകാരം പൊതു സമൂഹത്തിന്റേതു കൂടി ആയിരുന്നു.... കാരണം ആ വിമർശനങ്ങൾ ഭാഷയുടെ സീമകളെ ലംഘിച്ചിരുന്നില്ല... പ്രതിപക്ഷ ബഹുമാനം എന്ന ജനാധിപത്യ മാനദണ്ഡം ലംഘിച്ചവർ തുലോം കുറവായിരുന്നു... 

മാധ്യമ സംസ്കാരത്തിലെ "സംസ്ക്കാരം" എന്ന വാക്ക് എടുത്തുമാറ്റി പ്രവർത്തിക്കുന്നവരാണ് ഇന്നത്തെ ദൃശ്യമാധ്യമ പ്രവർത്തകർ എന്ന് പറയാതെ വയ്യ... ''വാർത്ത വിൽപ്പന ചരക്ക്'' എന്ന അധഃപതിച്ച ചിന്തയിലേക്ക് എത്തിച്ചവർ ദൃശ്യമാധ്യമ പ്രവർത്തകർ ആണെന്ന് കാണേണ്ടിവരുന്നു... മുൻപ് ഒരു അധികാര സ്ഥാനത്ത് ഉള്ള ഒരുവനെ,, അല്ലെങ്കിൽ ഒരു പൊതു പ്രവർത്തകനെ,, കലാ- സാംസ്കാരിക പ്രവർത്തകരെ;; അപ്രകാരം സമൂഹം അംഗീകരിക്കുന്ന-  ബഹുമാനിക്കുന്ന പല വിധ മേഖലയിൽ പ്രവർത്തിക്കുന്നവരെ മാധ്യമങ്ങൾ നേരിട്ടിരുന്ന ഒരു രീതി ഉണ്ടായിരുന്നു.... എത്ര വലിയ പ്രതിയോഗിയെയും നിലം പരിശാക്കുകയും ഒപ്പം പ്രതിപക്ഷ ബഹുമാനം സൂക്ഷിക്കുകയും ചെയ്യുന്ന ഒരു നല്ല രസതന്ത്രം അവിടെയെല്ലാം പ്രവർത്തനത്തിൽ ഉണ്ടായിരുന്നു... 

മഹാരഥന്മാരിൽ നിന്നും തുടങ്ങി വെച്ച, രാജ്യസ്നേഹത്തിൽ വേരുറപ്പിച്ചു വളർന്ന,, ആത്മാഭിമാനത്തെ ജ്വലിപ്പിച്ചു മുന്നേറിയ പത്ര സംസ്ക്കാരം ഇവിടെ മരിച്ചു പോയി എന്നു തന്നെ പറയാം.... ഇവിടെ ഏതൊരുവനെതിരെയും ആക്രോശിക്കാൻ മാത്രം ശീലിച്ച,, തങ്ങൾ മാത്രമാണ് എന്തിന്റെയും, ഏതിന്റെയും നിർണ്ണയ ശക്തി എന്ന് അഹങ്കരിക്കുന്ന, ഒരു പത്ര സ്ഥാപനം ജോലി നൽകാൻ കാരണമായ ഒരു ഡിഗ്രിയോ, ഡിപ്ലോമയോ ലോകത്തെ മുഴുവൻ നിയന്ത്രിക്കാനും, നിർണ്ണയിക്കാനുമുള്ള അധികാര പത്രികയായി കരുതുകയും ചെയ്യുന്ന ഒരു വിഭാഗം മാധ്യമ ജീവികൾ ഈ മേഘലയുടെ എല്ലാ മഹനീയതയും നശിപ്പിച്ചു എന്നതാണ് സത്യം... സ്വന്തം രാഷ്ട്രീയത്തെയും, മതത്തേയും,, താല്പര്യങ്ങളെയും ഏറ്റവും ഉയർന്ന വിലക്ക് വിൽക്കുവാനുള്ള ഒരുവിനിമയ മേഖല മാത്രമായി പത്ര പ്രവർത്തന രംഗം അധഃ പതിച്ചു... 

സ്വന്തം മതവും,, രാഷ്ട്രീയവും പൊതുജന ശ്രദ്ധ അധികമാകർഷിക്കാത്തവിധം ഒളിച്ചു കടത്തിയിരുന്ന മനോരമയുടെയും, മാതൃഭൂമിയുടെയും പത്ര രീതികൾ തങ്ങളുടെ രാഷ്ട്രീയവും,, മതവും,, നിലപാടുകളും, വെല്ലുവിളിച്ചു കടത്തിയിരുന്ന ദേശാഭിമാനിക്കും,, ജന്മഭൂമിക്കും,, ചന്ദ്രികയ്ക്കും സമാനമായി മാറി... ഒരു വാർത്ത ""ഏത് മാധ്യമത്തിലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്"" എന്ന പ്രസക്തചോദ്യത്തിന് ഉത്തരം കണ്ടതിനു ശേഷം മാത്രം ആ വാർത്തയുടെ ആഴവും, പരപ്പും,, പ്രാധാന്യവും വിലയിരുത്തേണ്ട ഉത്തരവാദിത്വം വീക്ഷകന്‌ ഉണ്ടായി...  വാർത്തകൾ റിപ്പോർട്ട് ചെയ്യുക എന്ന വലിയ ജോലിക്കപ്പുറം 'നിലപാടുകൾ' സ്വീകരിക്കുക എന്ന അധിക ഉത്തരവാദിത്വം ഏറ്റെടുത്തതോടെ ദൃശ്യ- പത്ര മാധ്യമ രംഗം മലീമസ്സമായി... 

 " അമ്മയെ തല്ലിയാലും രണ്ടു പക്ഷമുണ്ടെന്ന്" മുൻകാലങ്ങളിൽ പരിഹാസത്തോടും, ആശ്ചര്യത്തോടും ജനങ്ങൾ പറഞ്ഞിരുന്നതാണെങ്കിൽ അമ്മയെ തല്ലുന്നതിലെ ന്യായവും,, അന്യായവും പത്രക്കാർ അന്തിചർച്ച നടത്തി പറഞ്ഞു മനസ്സിലാക്കിക്കൊടുത്തു... ഈ ചർച്ചകളിൽ ലയിച്ച പ്രേക്ഷകരിൽ ഒരു വിഭാഗം "അത്യാവശ്യ ഘട്ടങ്ങളിൽ അമ്മയും തല്ലുകൊള്ളാൻ യോഗ്യയാണ്"" എന്ന നിഗമനത്തിൽ കളം വിട്ടു... കഴിഞ്ഞ ഇരുപത്തി അഞ്ചു വർഷങ്ങൾക്കു മുൻപ് ഇവിടെ അമ്മയെ തല്ലുന്നത് "തെറ്റ്" മാത്രമായിരുന്നു... 

സമൂഹത്തിൽ ഉയർന്നു വരുന്ന ഏതൊരു വിഷയത്തിന്റെയും പ്രാധാന്യം ഇല്ലാതാക്കുന്നത് ദൃശ്യ- പത്ര മാധ്യമങ്ങളാണ്.. സമൂഹം ഒറ്റ ശബ്ദമായി നിലകൊള്ളേണ്ട വിഷയങ്ങളെ അവർ സമൂഹം രണ്ടായി നിന്നു തർക്കിക്കേണ്ട വിഷയങ്ങളാക്കി മാറ്റുന്നു... ഈ പ്രവർത്തി സമൂഹത്തിന് തർക്കങ്ങളിലൂടെയും,, ചർച്ചകളിൽക്കൂടിയും നിഗമനങ്ങളിൽ എത്തിച്ചേരാനുള്ള കഴിവിനെയാണ് വർദ്ധിപ്പിക്കുന്നത് എന്നവർ പ്രചരിപ്പിക്കുകയും ചെയ്യുന്നു... യഥാർഥത്തിൽ ചർച്ചകളുടെ കോലാഹലങ്ങളിൽ ഒരുപാട് താൽപ്പര്യങ്ങളെ ഇക്കൂട്ടർ ഒളിച്ചു കടത്തുന്നു... അതിർത്തിയിൽ ഭീകരർ കടന്നു കയറുമ്പോൾ പാകിസ്ഥാൻ പട്ടാളം കവറിങ് ഫയർ നടത്താറുണ്ട് എന്ന് കേട്ടിട്ടുണ്ട്... ഇവിടെ തങ്ങളുടെ താൽപ്പര്യങ്ങളെ ഒളിച്ചു കടത്തുന്നതിനുള്ള കവറിങ് ഫയറാണ് മാധ്യമങ്ങൾ സംഘടിപ്പിക്കുന്ന പല ചർച്ചകളും....

ഇരുപത്തി അഞ്ചു വർഷങ്ങൾക്കു മുൻപ് ഇവിടെ രാജ്യ താൽപ്പര്യങ്ങൾക്ക് എതിരായി നിൽക്കുന്ന ഒന്നും രണ്ടായി നിന്ന് ചർച്ച ചെയ്യപ്പെടുമായിരുന്നില്ല... അതിനു താല്പര്യമുണ്ടായിരുന്നവരും അതിനുള്ള ധൈര്യം കാണിച്ചിരുന്നില്ല... ഇന്ന് രാജ്യത്തിനെതിരെ പ്രത്യക്ഷ ആക്രമണം നടത്തുന്നവനു വേണ്ടിയും സ്വതന്ത്ര ചർച്ചകൾ സംഘടിപ്പിക്കപ്പെടുന്നു... രാജ്യത്തിനെതിരെ പ്രത്യക്ഷ ആക്രമണം നടത്തുന്നവൻ ഒറ്റപ്പെടേണ്ടവനാണെന്നുള്ള സാമൂഹ്യ ബോധത്തിനാണ് ഈ ചർച്ചകൾ തുരങ്കം വെയ്ക്കുന്നത്... അങ്ങനെ പലതും.... മുൻപു പറഞ്ഞതു പോലെ  "അത്യാവശ്യ ഘട്ടങ്ങളിൽ അമ്മയും തല്ലുകൊള്ളാൻ യോഗ്യയാണ്" എന്ന നിഗമനത്തിൽ എത്തുന്നതു പോലെ ഒരു വിഭാഗം രാജ്യത്തിനെതിരെ പ്രത്യക്ഷ ആക്രമണം നടത്തുന്നവനും അവന്റേതായ ന്യായീകരണങ്ങൾ ഉണ്ടെന്നും അവയും സംരക്ഷിക്കപ്പെടേണ്ടതാണ് എന്നുമുള്ള നിഗമനങ്ങളിൽ എത്തിച്ചേരുന്നു... തീർച്ചയായും ഇപ്രാകാരമുള്ള മാധ്യമ പ്രവർത്തനം രാജ്യത്തിന്റെ സുരക്ഷയേയും കെട്ടുറപ്പിനെയും ബാധിക്കും എന്ന കാര്യത്തിൽ യാതൊരു തർക്കവും വേണ്ട...രാജ്യത്തിനെതിരെ യുദ്ധം ചെയ്യുന്നവന് ആശയപരമായി ആളെക്കൂട്ടുന്നതിന് ഈ മാധ്യമ പ്രവർത്തനം വഴി വെയ്ക്കുന്നു... 

ഇരുപത്തി അഞ്ചു വർഷങ്ങൾക്കു മുൻപ് വിമർശന സ്വാതന്ത്ര്യത്തെ ഇത്രയധികം മ്ലേശ്ചമായി കൈകാര്യം ചെയ്യുന്ന ഒരു മാധ്യമ രീതി ഉണ്ടായിരുന്നില്ല... വിമർശിക്കാനും,, പരിഹസ്സിക്കാനും ഉള്ള സ്വാതന്ത്ര്യവും അവകാശവും മാനിച്ചു കൊണ്ടു തന്നെ പറയട്ടെ... നിന്റെ സ്വാതന്ത്യം എന്റെ മൂക്കിൻ തുമ്പിൽ അവസ്സാനിക്കുന്നു എന്ന അവകാശവും കാണണം... റേറ്റിങ്ങ് കൂട്ടുവാനും,, ആൾക്കാരെ ആകർഷിക്കാനും എത്ര തരം താണ പദ പ്രയോഗങ്ങളും നടത്താൻ മാധ്യമങ്ങൾ പ്രത്യേകിച്ച് ദൃശ്യ മാധ്യമങ്ങൾ മടിക്കുന്നില്ല... രാഷ്ട്രീയ- സാമൂഹിക- സാംസ്ക്കാരിക- വിദ്യാഭ്യാസ്സ- വ്യവസ്സായ-- കലാ-- ഉദ്യോഗസ്ഥ മേഘലയിലെ;; ആരെയും,, വിമർശിക്കുന്നതിനും,, പ്രവർത്തിയിൽ പോരായ്മയെ പരിഹസിക്കുന്നതിനും അപ്പുറം താണ തരം വാക്കുകൾ കൊണ്ട് അപമാനിക്കാൻ ഒരു മാധ്യമ സ്ഥാപനത്തിന്റെ ശമ്പളം പറ്റുന്നു എന്ന വിലാസത്തിന് ആരധികാരം നല്കി?? വിമർശനത്തിനു മാത്രമാണ് ഇത്രയധികം സ്വാതന്ത്ര്യം അനുവദിച്ചിരിക്കുന്നത്... പരിഹസിക്കാൻ കഴിയുന്നത് മറ്റൊരുവന്റെ പ്രവർത്തിയിലെ പോരായ്മയെയാണ്... ഒരിക്കലും മറ്റൊരുവനെയല്ല... 

ഇരുപത്തി അഞ്ചു വർഷങ്ങൾക്കു മുൻപ് ഒരു മാധ്യമ സ്ഥാപനത്തിലെ അവതാരകൻ സർവ്വ ജനങ്ങൾക്കും നേരേ ""കോപ്പാണ്""" എന്നൊരു പദ പ്രയോഗം നടത്തില്ല... രാജ്യത്തിന്റെ പ്രധാനമന്ത്രിയെ നിരന്തരം പ്രയാണ മന്ത്രി എന്ന് മാത്രം സംബോധന ചെയ്യില്ല... പ്രതിപക്ഷ നേതാവിനെ പൗഡർ കുട്ടപ്പൻ എന്ന് വിളിക്കില്ല... മുതിർന്ന രാഷ്ട്രീയ നേതാവിനെയും,, മുഖ്യമന്ത്രി പദം അലങ്കരിച്ചയാളെയും അച്ചുമാമ എന്ന് പറയില്ല... അങ്ങനെ നിങ്ങൾ അപമാനിക്കുന്ന ഉയർന്ന വ്യക്തിത്വങ്ങൾ എത്ര അധികം!? നിങ്ങൾ പത്ര പ്രവർത്തകർ ഈ സമൂഹത്തിലെ എല്ലാ മനുഷ്യരുടെയും പ്രവർത്തി ദോഷങ്ങളും, പോരായ്മകളും വിളിച്ചു പറയൂ.. അപ്പോഴും നിങ്ങൾ മാന്യരാണെന്നു തെളിയിക്കൂ... നിങ്ങളുടെ പ്രതിപക്ഷ ബഹുമാനം നിറഞ്ഞ വാക്കുകളിലും പ്രവർത്തികളിലും കൂടി...!! തീയേറ്ററിൽ നാലു ടിക്കറ്റ് അധികം വിറ്റുപോകാൻ വേണ്ടി തരം താണ ഡയലോഗ് പറയുന്ന ഇക്കിളി നായകൻറെ റോളല്ല ഒരു മാധ്യമ പ്രവര്ത്തകന് സമൂഹ മധ്യത്തിൽ ഉള്ളത് എന്ന് തിരിച്ചറിയൂ....

ഇരുപത്തി അഞ്ചു വർഷങ്ങൾക്കു മുൻപ് "പറഞ്ഞു നാറ്റിക്കും" എന്ന ഭയപ്പാടോടെയല്ല ഒരു പത്രപ്രവർത്തകനെ പൊതു സമൂഹം നോക്കിക്കണ്ടിരുന്നു... തങ്ങളുടെ കണ്ടെത്തലുകളും നിഗമനങ്ങളും പൊതുജന മധ്യത്തിൽ തുറന്നു വെച്ചു കൊടുക്കുന്നതാണ് മാധ്യമ ധർമം... മാധ്യമങ്ങൾ തുറന്നു കാണിക്കുന്ന വസ്തുതകൾക്ക് അവയുടെ യഥാർഥ നിറം തന്നെ ആയിരിക്കണം... ഇന്ന് അവസ്ഥ മാറിയിരിക്കുന്നു... മാധ്യമങ്ങൾ അവർ താല്പര്യപ്പെടുന്നത് മാത്രമേ കാണുന്നുള്ളൂ... അവർക്കു ലഭിക്കുന്ന വാർത്തകളിലേക്കു അവർ ഇഷ്ട്ടപ്പെടുന്ന നിറങ്ങൾ കലർത്തി പൊതു സമൂഹത്തിനു മുൻപിൽ വിളമ്പുകയും ചെയ്യുന്നു... അതു മാത്രമല്ല, തങ്ങൾ അവതരിപ്പിക്കുന്ന നിറമാണ് യാഥാർത്ഥ നിറം എന്ന് മറ്റെല്ലാവരും വിശ്വസ്സിക്കണം എന്ന് വാശി പിടിക്കുന്നു... അതിനായി ആക്രോശിക്കുന്നു... ആ ആക്രോശങ്ങളിൽക്കൂടി സമൂഹത്തിന്റെ സമസ്ത മേഖലയെയും തങ്ങളുടെ കടിഞ്ഞാണിനുള്ളിലാക്കാൻ ശ്രമിക്കുന്നു.. ആ ശ്രമം ഭരണഘടനാ സ്ഥാപനങ്ങൾക്കു നേരേ വരെ തിരിയുമ്പോൾ സമൂഹം ആശങ്കപ്പെടേണ്ടതുണ്ട്...

സദസ്സിന്റെ ഏറ്റവും പുറകിൽ നിൽക്കുന്ന ആസ്വാദകന് വരെ അനുഭവയോഗ്യമാകാനാണ് നാടകങ്ങളിൽ നമ്മൾ തിരിച്ചറിയുന്ന നാടകീയത കലർത്തിയിരിക്കുന്നത് എന്ന് പറയപ്പെടുന്നു... അതുപോലെ സമൂഹത്തിലെ എല്ലാ വിഭാഗം മനുഷ്യരുടെയും മനസ്സുകളുടെ ശ്രദ്ധ പിടിച്ചെടുക്കാൻ അൽപ്പം നാടകീയത വാർത്തകളിലും കലർത്തുന്നത് മനസ്സിലാക്കാവുന്നതേ ഉള്ളൂ... അതിൽ ഒരു ഏക സ്വഭാവം ഉണ്ട്... എന്നാൽ ഇന്ന് മാധ്യമങ്ങൾ തങ്ങളുടെ താല്പര്യങ്ങൾക്കനുസ്സരിച്ചു ശബ്ദത്തെ ഉയർത്തിയും താഴ്ത്തിയും പറയുന്നു... അടുത്ത കാലത്തു കേട്ട ഒരു തമാശയാണ്;; അറിവിനായി പത്രം വായിക്കുന്നു... ആരോഗ്യത്തിനായി പച്ചക്കറി കഴിക്കുന്നു.. എന്തു ചെയ്യാം രണ്ടിലും വിഷമാണ്...

ഇരുപത്തി അഞ്ചു വർഷങ്ങൾക്കു മുൻപ് വിമർശനത്തിനും, പരിഹാസത്തിനും യുക്തി ഉപയോഗിക്കാതെ വിമർശിക്കാനായി വിമർശിക്കുകയും, പരിഹസിക്കാനായി പരിഹസിക്കുകയും ചെയ്യുന്ന മാധ്യമ പ്രവർത്തനം ഇവിടെ ഉണ്ടായിരുന്നില്ല... ഏതൊരു പ്രവർത്തിയിലേയോ, ആശയത്തിലെയോ മൂല്യമോ, നന്മയോ കാണാതെ വിമർശിക്കുകയും പരിഹസ്സിക്കുകയും ചെയ്യുന്ന ച്യുതി സമൂഹത്തിനെ ദോഷമായി ബാധിച്ചു തുടങ്ങിയിരിക്കുന്നു... പത്രക്കാർ സമൂഹത്തിലേക്ക് കുത്തിവയ്ക്കുന്ന ഈ Psychotropic drugs സമൂഹത്തിലേക്ക് വ്യാപിച്ചു തുടങ്ങിയിരിക്കുന്നു... ഇന്ന് പൊതു സമൂഹത്തിലെ ഏറിയ പങ്ക് ആൾക്കാർക്കും അപഗ്രഥിച്ചു മനസ്സിലാക്കാതെ പരിഹസിക്കാനാണ് താൽപ്പര്യം... വർത്തമാനകാലത്തിൽ മാധ്യമ പ്രവർത്തനം ചരിത്ര കാലത്തും നില നിന്നിരുന്നെങ്കിൽ നമ്മൾ മഹാന്മാർ എന്ന് വിളിച്ചിരുന്ന ഒരു വിഭാഗം ഇവിടെ ഉണ്ടാകുമായിരുന്നില്ല... ഗാന്ധിയോ,, ശ്രീ നാരായണ ഗുരുവോ, പൽപ്പുവോ, അയ്യങ്കാളിയോ,, ബുദ്ധനോ,, ശങ്കരനോ ആരും ഉണ്ടാകുമായിരുന്നില്ല... ഇവർ ആരെങ്കിലും സമൂഹത്തോട് പറഞ്ഞ ആദ്യ വാക്കിനെത്തന്നെ അന്തി ചർച്ച നടത്തി കേവലനായ ഒരു പത്ര പ്രവർത്തകന്റെ ബുദ്ധിയിലും, യുക്തിയിലും ഇട്ട് ഭേദ്യം ചെയ്തു മഥിച്ചു രണ്ടാമതൊരു വാക്കു പറയാൻ ഇവരാരും യോഗ്യരല്ല എന്ന് പ്രഖ്യാപിച്ചു പതിനഞ്ചു നിമിഷത്തെ കൊമേഴ്‌സ്യൽ ബ്രെക്കിന് കട്ട് പറഞ്ഞു എഴുനേറ്റു പോയിട്ടുണ്ടാകും...

മാധ്യമ സ്വാതന്ത്രവും, പ്രവർത്തനവും ഒരു ജനാധിപത്യ സമൂഹത്തിന് ഒഴിച്ചു കൂടാൻ കഴിയാത്തത് ആയതു കൊണ്ടാണ് മലിനമായാലും അതും പേറി നടക്കേണ്ടി വരുന്നത്.. കച്ചവട വൽക്കരിക്കപ്പെടുന്ന മാധ്യമ പ്രവർത്തനത്തെ തിരിച്ചറിയാനുള്ള ബുദ്ധി സമൂഹം ആർജ്ജിക്കണം... അപ്രകാരമുള്ള സമൂഹം കള്ള നാണയങ്ങളെ അവഗണിക്കും.. ആ അവഗണന അവരുടെ നിലനിൽപ്പിനെ ബാധിക്കും.. അത് ശരിയായ പ്രവർത്തനത്തിലേക്ക് അവരെ നയിക്കും.... ജനതക്ക് അർഹതപ്പെട്ടതേ അവർക്കു കിട്ടൂ...


[Rajesh Puliyanethu
 Advocate, Haripad]