Monday 31 May 2021

ലക്ഷദ്വീപിലെ സാധാരണക്കാരോടോപ്പം....???

     ലക്ഷദ്വീപിനെ ചോല്ലിയുള്ള സംവാദങ്ങൾ കൊഴുക്കുകയാണ്...  ദ്വീപിലെ അഡ്മിനിസ്‌ട്രേറ്റർ നടത്തുന്ന പരിഷ്‌കാരങ്ങളെ യാണ് വിമർശന കാരണങ്ങളായി ഉയർത്തിക്കാട്ടുന്നത്. ദ്വീപിന്റെ തനതു ഭംഗി നശിപ്പിക്കുന്ന നിർമ്മാണപ്രവർത്തനങ്ങൾ നടത്താൻ തയ്യാറെടുക്കുന്നു,, ദ്വീപിലെ അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ പൊളിച്ചു നീക്കുന്നു,, ഗോവധ നിരോധനം നടപ്പിലാക്കുന്നു,,  സ്കൂളുകളിൽ ഉച്ചഭക്ഷണത്തിൽ നിന്നും നോൺ വെജിറ്റേറിയൻ ഭക്ഷണം ഒഴിവാക്കുന്നു,, രണ്ടിൽ കൂടുതൽ കുട്ടികൾ ഉള്ളവരെ തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിൽ നിന്നും അയോഗ്യരാക്കാൻ തയ്യാറെടുക്കുന്നു,, ഗുണ്ടാ നിയമം നടപ്പിലാക്കുന്നു,,  അങ്ങനെ നീളുന്നു പരാതികൾ... 

     രാജ്യത്ത് ഭരണവർഗം എടുക്കുന്ന തീരുമാനങ്ങളെ പലവിധത്തിലുള്ള കാഴ്ചപ്പാടുകളോടെ വിമർശിക്കുന്നവരുണ്ട് ... രാഷ്ട്രീയം, ജാതി, മതം, സാമ്പത്തികം, പൈതൃകം അങ്ങനെ പല വിഷയങ്ങളും വിമർശനങ്ങൾക്ക് അടിസ്ഥാനമാകാറുമുണ്ട്... ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്റർ ഭരണ പരിഷ്കാരങ്ങളെ ഏതു ഘടകം അടിസ്ഥാനമാക്കിയാണ് വിമർശിക്കുന്നത്... അതിന്  ശരിയായ വിലയിരുത്തൽ നടത്തണമെങ്കിൽ, അഡ്മിനിസ്ട്രേറ്റർ നടത്താൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ ഓരോന്നായി എടുത്ത് വിമർശനം ഉയർത്തുന്നവരോട് ചോദിക്കണം... "ഈ പരിഷ്കാരത്തെ നിങ്ങൾ എതിർക്കുന്നുണ്ടോ, ഉണ്ടെങ്കിൽ എന്തുകൊണ്ട്??" ഓരോ ഭരണ പരിഷ്കാരങ്ങളിലെയും വിമർശനകാരണം ഒരു വിമർശകൻ വിശദീകരിക്കാൻ തയ്യാറായാൽ  സ്വതന്ത്ര ബുദ്ധി ഉപയോഗിക്കുന്നവർക്ക് "താൻ സ്വയം ആരെ പിന്തുണക്കണം?" എന്ന ചോദ്യത്തിന് ഉത്തരം കിട്ടും....  

     "ദ്വീപിൽ ബാറുകൾ തുറക്കാൻ പോകുന്നു"... ഈ തീരുമാനത്തിനെതിരെ രാഷ്ട്രീയ വിർശനം ഉയർത്തുന്നതിൽ നീതി കണ്ടെത്താൻ കഴിയില്ല... കാരണം വിമർശനം ഉന്നയിക്കുന്ന രാഷ്ട്രീയ കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ  ബാറുകൾ യഥേഷ്ടം പ്രവർത്തിക്കുന്നു... കൂടാതെ വിമർശന പക്ഷത്തുള്ള രാഷ്ട്രീയ കക്ഷികളുടെ പ്രഖ്യാപിത നയം മദ്യ വർജ്ജനവുമല്ല... 

അപ്പോൾ രാഷ്ട്രീയ കാരണമല്ല...

     മദ്യം ശീലമില്ലാത്ത ഒരു ജനതയെ മദ്യശീലത്തിലേക്കു തള്ളിവിടുന്നു എന്ന സാമൂഹിക വിമർശനം പരിഗണിച്ചു തള്ളിക്കളയാവുന്നതാണ്... ആ വിമർശനത്തിന് കേന്ദ്ര സർക്കാർ നൽകുന്ന മറുപടി 'മദ്യം ദ്വീപ് നിവാസികൾക്കിടയിൽ വിൽക്കുന്നതിനല്ല,, ടൂറിസ്റ്റ്കൾക്ക് മാത്രം  ലഭ്യമാക്കുന്നതിനായി ബാർ അറ്റാച്ചിഡു ഹോട്ടലുകൾ അനുവദിക്കുന്നു' എന്നാണ്... ഒരു വലിയ പരിധിവരെ വിമർശകരെ തൃപ്തിപ്പെടുത്തേണ്ട ഒരു മറുപടി ആയിരുന്നു അത്... അതുമാത്രമല്ല ഈ സാമൂഹിക വിഷയത്തെ ഉയർത്തികാട്ടിയല്ലല്ലോ രാഷ്ട്രീയ പാർട്ടികൾ പ്രതിഷേധിക്കുന്നത്... ടൂറിസ്റ്റുകൾ  ലക്ഷദ്വീപിൽ വന്ന് മദ്യപാനികളായി എന്ന വിമർശനം ഉയർത്താതിരുന്നാൽ മതി...  സാമ്പത്തിക രംഗത്തുള്ളവർ വിമർശനം ഉന്നയിക്കാൻ സാധ്യതയില്ല... അഥവാ വിമർശകർ ഉണ്ടെങ്കിൽ, മദ്യത്തിന്റെ വിൽപ്പന എത്രത്തോളം സർക്കാരിന് ഗുണകരമാണെന്ന് കേരള ഭരണാധികാരികൾ പറഞ്ഞുതരും... 

     അടുത്തതായി ഉയരുന്ന ചോദ്യം, മതം ഈ വിഷയത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നതാണ്...? "ഇസ്ലാം മതം മദ്യത്തെ നിഷിദ്ധമായി കാണുന്നു, അതിനാൽ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ ലക്ഷദ്വീപിൽ മദ്യവിൽപ്പനയോ, ഉപഭോഗമോ അനുവദിയ്‌ക്കാൻ കഴിയില്ല" എന്നതാണ് മതം ഉയർത്തുന്ന വിമർശനം... ഈ വിമർശനത്തെ ബലപ്പെടുത്താനും, പിന്തുണക്കാനും  വേണ്ടി ആയിരുന്നു ഇവിടെ രാഷ്ട്രീയ പാർട്ടികളും,, കലാ-  സാംസ്‌കാരിക പ്രവർത്തകരും ശ്രമിച്ചത്... അവിടെ കാതലായ മറ്റൊരു ചോദ്യത്തിനും ഇടമുണ്ട്... "ഏതെങ്കിലും ഒരു മത വിഭാഗം ഭൂരിപക്ഷമാകുന്നിടത്ത് മത താൽപ്പര്യങ്ങൾ സാർവത്രികമായി നടപ്പിലാക്കേണ്ടതുണ്ടോ?? ഈ ചോദ്യത്തിന് സുവ്യക്തമായി ഉത്തരം ലഭിക്കുമ്പോൾ മറ്റൊരുചോദ്യം വേദിയിൽ തയ്യാറുണ്ട്... "ഈ പരിഗണന എല്ലാ മതങ്ങൾക്കും അനുവദിച്ചു തരുമോ??"  

     "മതം ഭൂരിപക്ഷമാകുന്ന ഭൂപ്രദേശത്ത് മത താൽപ്പര്യങ്ങൾ നടപ്പിലാക്കണമെന്നും, അത് എല്ലാ മതങ്ങൾക്കും ബാധകമാണ്" എന്ന് സമ്മതിച്ചു തന്നാൽ പോലും അണുവിനോളം പോലും പിന്തുണക്കാൻ കഴിയുന്ന ഒന്നല്ല അത്... ഭരണഘടന അനുവദിച്ചു തരുന്ന അവകാശങ്ങളും, സ്വാതന്ത്ര്യങ്ങളും ഓരോ പൗരനും ലഭ്യമാക്കുക എന്നതാണ് ഭരണകൂടം ഉറപ്പുവരുത്തേണ്ടത്... നൂറു വ്യക്തികൾ മാത്രം താമസിക്കുന്ന ഒരു ഭൂപ്രദേശത്ത് തൊണ്ണൂറ്റി ഒൻപതു പേരും ഒരു മതവും ഒരാൾ മാത്രം മറ്റൊരു മതവും ആണെങ്കിൽ പോലും, ആ ഒരാൾക്ക് ഭരണഘടന അനുവദിച്ചു നൽകുന്ന സുരക്ഷിതത്വവും, അവകാശങ്ങളും, സ്വാതന്ത്ര്യങ്ങളും ലഭ്യമാക്കണം... മതം അവിടെ ഒരു വിധത്തിലും സ്വാധീനഘടകമാകരുത്... ഈ നയം പാലിക്കപ്പെടണം എന്നുള്ള ഭരണഘടനാ പരമായ ഉത്തരവാദിത്വം മറന്നുകൊണ്ടാണ് മതത്തിന്റെ താൽപ്പര്യം മാത്രം പരിഗണിച്ച് വലിയ സംഖ്യ വിമർശകരും ദ്വീപിലെ പല പുതിയ വികസന പ്രവർത്തനങ്ങളെയും എതിർക്കുന്നത്...  

     ഒരു പെറ്റികേസ് പോലും ചാർജ്ജു ചെയ്യപ്പെടാത്ത സ്ഥലത്ത് എന്തിന് ഗുണ്ടാ നിയമം എന്നാണ് മറ്റൊരു ചോദ്യം... സമാന്തരമായി നിയമ വ്യവസ്ഥ കൈയ്യൂക്കുള്ളവരുടെ വിധിന്യായങ്ങളിൽക്കൂടി നടപ്പിലാകുന്നുണ്ട് എന്ന് അധികാരികൾ അന്വേഷണ ശേഷം കണ്ടെത്തിപ്പറഞ്ഞിട്ടും വിമർശകർ അടങ്ങുന്നില്ല... ദ്വീപ് വിധ്വംസക പ്രവർത്തനങ്ങളുടെയും, ആയുധം, മയക്കുമരുന്ന്, സ്വർണ്ണം തുടങ്ങിയവയുടെ ഇല്ലീഗൽ ട്രാൻസ്പോർട്ടേഷന്റെയും വേദി ആകുന്നു എന്ന ഇന്റലിജിൻസ് റിപ്പോർട്ടിനേയും വിമർശകർ വിശ്വാസ്സത്തിൽ എടുക്കുന്നില്ല... 'ദ്വീപിൽ നിന്നും എത്രയോ നോട്ടിക്കൽ മൈൽ അകലെക്കിടക്കുന്ന കപ്പലിൽ നിന്നും ആയുധങ്ങളും, മയക്കുമരുന്നും പിടിച്ചെടുത്തതിന് ദ്വീപ് നിവാസികൾ ഉത്തരം പറയുന്നതെന്തിന്' എന്ന ചോദ്യങ്ങൾ ചോദിച്ചു വിഷയങ്ങളുടെ ഗൗരവത്തെ ഇല്ലാതാക്കാനാണ് വിമർശകർ ശ്രമിക്കുന്നത്... കപ്പൽ ദ്വീപിലേക്ക്‌ വരികയായിരുന്നു എന്ന അന്വേഷണ ഏജൻസികളുടെ റിപ്പോട്ടിങ്ങിനെ മനഃ പൂർവ്വം കോലാഹലങ്ങളിൽ മുക്കിക്കളയാൻ ഇവർ ശ്രമിക്കുന്നു... വിമർശിക്കുന്ന രാഷ്ട്രീയ- സാംസ്കാരിക പ്രവർത്തകർക്ക് ഇത്ര അധികാരികതയോടെ 'ദ്വീപ് തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഒളിയിടമാകുന്നില്ല' എന്ന് പറയാൻ എങ്ങനെ സാധിക്കും?? അന്യദേശ തൊഴിലാളികൾക്കിടയിൽ നിന്നുവരെ തീവ്രവാദികളെ അറസ്റ്റു ചെയ്യുന്ന കാഴ്ചകൾക്കിടയിൽ,, സ്വന്തം അയൽക്കാരന്റെ പ്രവർത്തനരംഗങ്ങളെക്കുറിച്ചു വ്യക്തമായ ധാരണയില്ലാത്ത സമൂഹത്തിൽ, ഒരു ദ്വീപ് നിവാസിക്കുപോലും 'ദ്വീപ് തീവ്രവാദ പ്രവർത്തനങ്ങൾക്ക് വേദിയാകുന്നില്ല' എന്ന് ഉറപ്പിച്ചു പറയാൻ കഴിയുമോ?? സമൂഹത്തിനെ സുരക്ഷിതമാക്കുന്നതിന് സർക്കാർ നടപ്പിലാക്കുന്ന നിയമങ്ങളെയും, സുരക്ഷാ സംവിധാനങ്ങളെയും സ്വാഗതം ചെയ്യാൻ ബാധ്യതപ്പെട്ടവരാണ് വിമർശനവുമായി മുന്നിട്ടുവരുന്നത്... അത് സംശയത്തിന് ഇടനൽകുന്നു എന്നത് സ്വോഭാവികമാണ്... 

     ദ്വീപിലെ അനധികൃത നിർമ്മാണങ്ങൾ പൊളിച്ചു നീക്കുന്നു എന്നതിനെ രാഷ്ട്രീയമായൊ, സാമൂഹീകമായോ, മതപരമായ കാരണങ്ങൾക്കൊണ്ടോ എതിർക്കപ്പെടേണ്ടതല്ല... പൊളിച്ച് മാറ്റിയത് 'അനധികൃത' നിർമ്മാണങ്ങളാണെന്ന് നടപടികൾക്കെതിരെ വാർത്തകൾ നൽകുന്ന മാധ്യമങ്ങൾ തന്നെ സമ്മതിക്കുന്നു... അനധികൃതമായ നിർമ്മാണ പ്രവർത്തനങ്ങൾ നിലംപരിശായതിനെ കണ്ട് കൈയ്യടിച്ചവരുടെ കൂട്ടത്തിൽ ഉള്ളവർ ദ്വീപിലെ അനധികൃത നിർമ്മാണങ്ങൾ പൊളിച്ചതിനെതിരെ കണ്ണീർ വാർക്കുന്നു... വർഷങ്ങൾക്ക് മുൻപ് മൂന്നാറിലും, കുറച്ചു കാലങ്ങൾക്ക് മുൻപ് മരടിലും നാം കണ്ടത് അനധികൃത നിർമ്മാണങ്ങൾ കേരള സർക്കാർ അനുമതിയോടെ പൊളിച്ചു നീക്കുന്നതാണ്... ആ സംഭവങ്ങളെല്ലാം ആഘോഷിച്ച ഇവിടുത്തെ വാർത്താ മാധ്യമങ്ങൾ ദ്വീപിലെ നടപടിയെ വിമർശിക്കുന്നു... അവിടെ മതം നിഷ്കർഷിക്കുന്ന ഒന്നിനു വേണ്ടിയല്ല മറിച്ച് കളക്ടീവ് ആയ മതഭൂരിപക്ഷത്തെ നിയമ വിരുദ്ധ പ്രവർത്തനത്തെ അനുകൂലിച്ചായാലും പ്രീണിപ്പിക്കുക എന്ന ഉദ്ദേശം മാത്രമാണുള്ളതെന്ന് കാണാം... 

     സ്കൂളുകളിൽ നോൺവെജിറ്റേറിയൻ ഭക്ഷണം ഉച്ചഭക്ഷണത്തിൽ നിന്നും ഒഴിവാക്കിയതും, ഗോവധ നിരോധനം ഏർപ്പെടുത്തിയതും രാഷ്ട്രീയപരമായാണ് വിമർശിക്കപ്പെടുന്നത്... വെജിറ്റേറിയൻ ഭക്ഷണം ശരിയായ രീതിയിൽ ഉപയോഗിക്കാത്ത കുട്ടികളിലെ പോഷകാഹാര കുറവ് ഇവർക്ക് ഒരു വിഷയമേ അല്ല... ഗോവധ നിരോധനവും, വെജിറ്റേറിയനിസ്സവും സംഘ പരിവാർ അജണ്ടയാണെങ്കിൽ അത് ആദ്യമായി രാജ്യത്ത് നടപ്പിലാക്കുന്ന ഇടമല്ലല്ലോ ലക്ഷദ്വീപ്...? ഗോവധ നിരോധനം നടപ്പിലാക്കിയ മറ്റു സംസ്ഥാനങ്ങളിൽ വിജയിക്കാതെ പോയ എതിർ സ്വരങ്ങളെ ഇസ്ലാമിക ഭൂരിപക്ഷ പ്രദേശമായ ദ്വീപിൽ വിജയിപ്പിച്ച് എടുക്കാം എന്നാണോ ഇക്കൂട്ടർ കരുതുന്നത്...? അങ്ങനെയെങ്കിൽ ആ പ്രതിഷേധം ദ്വീപ് നിവാസികളോടുള്ള കരുതലിന്റെ അടിസ്ഥാനത്തിൽ അല്ല... മറിച്ച് മതത്തെ കൂട്ടുപിടിച്ച് നടത്താൻ ശ്രമിക്കുന്ന കേവലം രാഷ്ട്രീയ ലക്ഷ്യം മാത്രമാണുള്ളത്...! മാത്രമല്ല കേരളം പോലെ ആഴ്ചയിൽ ഒരു ദിവസം പോലും സ്കൂൾ കുട്ടികളുടെ ഉച്ചഭക്ഷണത്തിൽ നോൺവെജിറ്റേറിയൻ വിഭവങ്ങൾ ഉൾക്കൊള്ളിച്ചിട്ടില്ലാത്ത ഒരു സർക്കാർ ഭരണ പാർട്ടിക്ക് ലക്ഷദ്വീപിൽ നോൺ വെജിറ്റേറിയൻ വിഭവങ്ങൾ കുട്ടികളുടെ ഉച്ചഭക്ഷണത്തിൽ നിന്ന്  ഒഴിവാക്കിയതിനെ വിമർശിക്കാനുള്ള യാതൊരു ധാർമിക അവകാശവുമില്ല... 

     130 കോടിയിൽപ്പരം ജനങ്ങൾ അധിവസിക്കുന്ന ഇന്ത്യ പോല ഒരു രാജ്യത്ത് ജനസംഖ്യാ നിയന്ത്രണ നിയമങ്ങൾ ആവശ്യമില്ല എന്ന് സ്വബോധത്തോടെ ആർക്കും പറയാൻ കഴിയില്ല... നിലവിൽ രണ്ടു കുട്ടികളിൽ കൂടുതൽ ഉള്ളവർക്ക് പുതിയ നിയമം ബാധകമാകുന്നില്ല എന്ന് സുവ്യക്തമായി പറഞ്ഞിട്ടും അതേ വിഷയം ഉന്നയിച്ച് തന്നെ വീണ്ടും വിമർശനങ്ങൾ ഉന്നയിക്കുന്നത്,  വിമർശനങ്ങളെല്ലാം എല്ലാം ഒരു പ്രത്യേക ലക്ഷ്യത്തോടെ ഉള്ളതാണെന്നതിലേക്കാണ് വിരൽ ചൂണ്ടുന്നത്... രാജ്യത്താദ്യമായി ഗോവധ നിരോധനം കൊണ്ടുവന്നത് കോൺഗ്രസ് ആണെന്ന കാര്യം വിമർശനങ്ങൾ ഉയർത്തുമ്പോൾ അവർ ഓർക്കുന്നതേ ഇല്ല... വിമർശനങ്ങളുടെ ഹേതു മതം മാത്രമായി ചുരുങ്ങുന്നു എന്നത് കൂടുതൽ വ്യക്തമാകുന്നു...

     ദ്വീപിന്റെ തനതായ സൗന്ദര്യത്തെയും, സംസ്കാരത്തെയും വികസനപ്രവർത്തനങ്ങൾ നശിപ്പിക്കുമെന്ന് വാദം ഉയർത്തുന്നവരുണ്ട്... നമ്മൾ 50 വർഷം മുൻപ് കണ്ടിരുന്നു ലക്ഷദ്വീപ് ഒരു മാറ്റത്തിനും വിധേയമാകാതെ, ആധുനിക ജീവിത സൗകര്യങ്ങൾ ഒന്നും ലഭ്യമാകാതെ അടുത്ത 100 വർഷത്തിനു ശേഷവും അതുപോലെ തന്നെ  കാണപ്പെടണം എന്നത് സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു വീക്ഷണമല്ല... മനുഷ്യൻ അധിവസിക്കുന്ന എല്ലാ ഇടങ്ങളും മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്നു... ആധുനിക ജീവിത സൗകര്യങ്ങൾ അനുഭവിച്ചും ആസ്വദിച്ചും ജീവിച്ചു മരിക്കുന്നതിനുള്ള എല്ലാ അവകാശങ്ങളും ദ്വീപിലെ സാധാരണക്കാരായ മനുഷ്യർക്കുമുണ്ട്... കേന്ദ്ര ഗവൺമെന്റിന്റെ ഏതു പദ്ധതിയേയും മതത്തെ കൂട്ടുപിടിച്ച് പരാജയപ്പെടുത്താം എന്ന് കരുതുന്ന ഒരു വിഭാഗത്തിൻറെ അജണ്ട നടപ്പിലാക്കൽ മാത്രമാണ് ലക്ഷദ്വീപിന്റെ പേരിൽ ഇന്ന് കേൾക്കുന്ന വിമർശനങ്ങൾ...! അതിരപ്പള്ളി തുരന്നു നശിപ്പിക്കാൻ തയ്യാറെടുത്തു നിൽക്കുന്നവരും വിമർശന രംഗത്ത് മുൻപന്തിയിലുണ്ടെന്നുള്ളത് വലിയ തമാശ...

     സിനിമാശാലകൾ ഇസ്ലാമിന് ഹറാം ആയതുകൊണ്ട് അനുവദിക്കില്ല എന്ന് പറയുന്നത് വിമർശകർക്ക് വിഷയമേ അല്ല...!? സിനിമാ ഷൂട്ടിംഗ് അനുവദിക്കാത്തത് വിമർശന കാരണമല്ല...! സ്കൂളുകൾ, ആശുപത്രികൾ, തൊഴിൽ സൗകര്യങ്ങൾ, ഷോപ്പിംഗ് കോംപ്ലക്സുകൾ, പെട്രോൾ പമ്പുകൾ, വലിയ വിമാനങ്ങൾക്ക് വരെ ഇറങ്ങാൻ കഴിയുന്ന എയർ പോർട്ടുകൾ, തുടങ്ങിയവയുടെ അഭാവം കൂടാതെ ടൂറിസ്റ്റ് അനുമതി വിലക്കുകൾ ഇവയെല്ലാം വിമർശനാത്മകമായി അവതരിപ്പിച്ച് ദ്വീപ് ജനതയുടെ ജീവിത നിലവാരം ഉയർത്തുന്നതിനായി ഇപ്പോൾ കേൾക്കുന്ന ഒരു വിമർശന ജീവികളുടെയും ശബ്ദം നാം കേൾക്കുന്നില്ല... മതത്തെ മാത്രം അടിസ്ഥാനമാക്കി ഉയർന്നു കേൾക്കുന്ന വിമർശനങ്ങൾ ബഹുമാനം അർഹിക്കുന്നില്ല എന്ന് പറയേണ്ടി വരുന്നു... ദ്വീപ് ജനതയുടെ പ്രതിശീർഷ വരുമാനവും, ദ്വീപിൽ എത്രപേർ ഇൻകം ടാക്സ് നൽകുന്നവരാണ് എന്നും ഒരു പഠനം നടത്തിയാൽ ദ്വീപ് ജനതയ്ക്ക് കഴിഞ്ഞ കാലങ്ങളിൽ സംഭവിച്ച ജീവിത നിലവാര മുരടിപ്പിനെക്കുറിച്ച് ഒരു രേഖാചിത്രം ലഭിക്കും... ട്യൂണക്കും, ചകിരിക്കും അപ്പുറമുള്ള തൊഴിൽ- വരുമാന മാർഗ്ഗങ്ങൾ അവർക്ക് മുന്നിലും തുറന്നിടണം... 

     ലക്ഷദ്വീപിലെ ഭൂരിപക്ഷം വരുന്ന ജനവിഭാഗം ഇസ്ളാം മതവിശ്വാസികളാണെന്ന് വിമർശകർ തന്നെ വിളിച്ചു പറയുന്നു... കേന്ദ്ര ഗവൺമെന്റിനെ ഏതു വിധേനയും പരാജയപ്പെടുത്തുക എന്ന അജണ്ട സൂക്ഷിച്ചുകൊണ്ട് ലോകത്തെ എല്ലാ സംഭവവികാസങ്ങളും ഉപയോഗിക്കാൻ ലക്ഷ്യം വെച്ച ഒരു സംഘം സത്യത്തിൽ ലക്ഷദ്വീപിലെ ഭൂരിപക്ഷം വരുന്ന ഇസ്ലാമിക വിശ്വാസികളുടെ ഉയർന്ന ജീവിത നിലവാരത്തിന്റെ സാധ്യതകളെയാണ് ഇല്ലാതാക്കാൻ ശ്രമിക്കുന്നത്...  അതിൽ നിന്ന് മനസ്സിലാക്കാൻ കഴിയും ഈ വിമർശനം ഇസ്ലാം മത വിശ്വാസികളുടെ ഉന്നമനത്തിനായി കേൾക്കുന്നതല്ലാ എന്നും പിൻ വേദിയിൽ തയ്യാർ ചെയ്യുന്ന തിരക്കഥകളുടെ പകർന്നാടലുകൾ തന്നെ എന്നും..! ജിഹാദികൾക്ക് കവറിംഗ് ഫയർ എന്ന നിലയിൽ പ്രസ്ഥാവനകൾ നടത്തുന്നവർ ഭാവികാലത്ത് ഒറ്റുകാർ എന്ന് വാഴ്ത്തപ്പെടും... 

     കഴിഞ്ഞ കാലങ്ങളിൽ നടന്ന പല വിമർശനങ്ങളെയും സൂക്ഷ്മമായി പരിശോധിച്ചാൽ വ്യക്തമായി കാണാൻ കഴിയുന്ന ഒന്നുണ്ട്... ലോകത്ത് നടക്കുന്ന ഏതൊരു സംഭവ വികാസത്തെയും മതവുമായി ചേർത്തുവെച്ച് പക്ഷം പിടിച്ച് വലിയ കോലാഹലങ്ങൾ സൃഷ്ടിക്കുക... അതുവഴി ഇസ്ലാമിക സമൂഹത്തെ ആകമാനം ഞങ്ങൾ പിന്തുണക്കുന്നു എന്ന പ്രതീതി സൃഷ്ടിക്കാനും ഇക്കൂട്ടർ ശ്രമിക്കുന്നു... പക്ഷേ ആ പുക മറയിൽ ഇവർ ഒളിച്ചു നടത്താൻ ശ്രമിക്കുന്നത് ഇസ്ലാമിക തീവ്രവാദവും ജിഹാദുമാണ്... ലോകത്തെവിടെയും ഇസ്ലാമുകൾ തന്നെ കൊല്ലപ്പെടുന്ന ജിഹാദി ആക്രമണങ്ങളിൽ ഇതേ വിമർശകരുടെ ശബ്ദം കൊല്ലുന്ന ജിഹാദികൾക്ക് അനുകൂലമാണ്... സമാധാന കാംക്ഷികളായ ബഹുഭൂരിപക്ഷം വരുന്ന ഇസ്ലാം മത വിശ്വാസികളും ജിഹാദിനെ അനുകൂലിക്കുന്ന തീവ്രവാദികൾക്കൊപ്പമാണ് എന്നു വരുത്തിത്തീർക്കാനാണ് ഈ വിമർശകർ ശ്രമിക്കുന്നത്... ഈ കെണി തിരിച്ചറിഞ്ഞു കൊണ്ടുതന്നെ രാജ്യത്ത് തിരിച്ചറിയുന്ന ചില വ്യക്തിത്വങ്ങളും ഇവർക്ക് അനുകൂലമായ സംസാരിക്കുന്നു എന്നത് ഭാവിയുടെ ഭീഷണിയായെ കാണാൻ കഴിയുകയുള്ളൂ...

     ലക്ഷദ്വീപ് ജനതയെ പരിഗണിക്കുന്നവർ  അഡ്മിനിസ്ട്രേറ്റർ നടത്തുന്ന പരിഷ്ക്കാര പ്രവർത്തനങ്ങളെ പിന്തുണയ്ക്കണം... ഇന്ത്യാ മഹാരാജ്യത്തിലെ വിശാലമായ ജനാധിപത്യത്തിൻറെ എല്ലാ സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും, നിയമത്തിന്റെ സുരക്ഷിതത്വവും ദ്വീപ് ജനങ്ങൾക്ക്  എത്തിച്ചു നൽകുന്നതിനുള്ള ഉത്തരവാദിത്വം ഭരണകൂടത്തിനുണ്ട്... അവയെല്ലാം ആസ്വദിച്ചു ജീവിച്ചു മരിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഭാരതത്തിലെ പ്രജകളായി അവർ ജീവിച്ചിരുന്നു എന്ന് പറയുന്നതിന് എന്തർത്ഥമാണുള്ളത്!?? 

     ഇസ്ലാം മത വിഭാഗത്തെ ആകമാനം സംരക്ഷിക്കുന്നു എന്ന വ്യാജേന ജിഹാദികളുടെ പ്രീതി പിടിച്ചു പറ്റുന്നതിനു വേണ്ടിയാണ് കേരള നിയമസഭ ദ്വീപിലെ വികസന പ്രവർത്തനങ്ങൾക്കെതിരെ പ്രമേയം പാസാക്കുന്നത്... ഒരു വലിയ ജനവിഭാഗത്തിന്റെ ജീവിത ഉന്നമനത്തിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് ഒരു നിയമസഭാ ആകമാനം തുരങ്കം വയ്ക്കാൻ തയ്യാറാവുന്നു എന്നത് തന്നെ എന്നെ ഖേദകരമായ വസ്തുതയാണ്... എസ്ഡിപിഐ പോലെയുള്ള ഉള്ള തീവ്രവാദ സംഘടനകളുടെ വോട്ട് വാങ്ങി ജയിച്ച ഭരണവർഗവും അവർക്ക് വിടുവേല ചെയ്യാൻ തയ്യാറായ നട്ടെല്ലില്ലാത്ത പ്രതിപക്ഷവും ചേർന്ന് പാസാക്കിയ പ്രമേയം കേരള ജനതയുടെ ഒന്നായ ശബ്ദമായി കണക്കാക്കാൻ കഴിയില്ല...

ദ്വീപിന്റെ വികസനത്തിനും അവിടുത്തെ ജനതയുടെ ജീവിത ഉന്നമനത്തിനുവേണ്ടി ഉയരുന്ന വലിയൊരു ശബ്ദം ഇവിടെ ഉണ്ടാകട്ടെ...

[Rajesh Puliyanethu

 Advocate, Haripad]