Sunday 8 April 2012

Face Book ലെ മഴവില്ലില്‍ 'പച്ച' എവിടെ??


       എടാ തമ്പി നീ ആ കടയില്‍ വരെ പോയി കുറച്ചു സാധങ്ങള്‍ വാങ്ങിക്കൊണ്ടു വാ,
കുറച്ചു കഴിയട്ടമ്മേ, ഞാന്‍ അത്യാവശ്യമായി ഒരു  കാര്യം ചെയ്തുകൊണ്ടിരിക്കുവാ.. തമ്പി അളിയന്റെ ജോലി തകൃതിയില്‍ നടക്ക്കുകയാണ്.
കുറച്ചു സമയം കഴിഞ്ഞു വീണ്ടും അമ്മയുടെ വിളി വന്നു.
നീ പോകാറായില്ലേ?
       ഇപ്പം പോകാമമ്മേ; തമ്പി അളിയന്റെ ശബ്ദത്തില്‍ അല്‍പ്പം രോഷവും കലര്‍ന്നിരുന്നു.
വീണ്ടും പല ആവര്‍ത്തി വിളികള്‍ തുടര്‍ന്നെങ്കിലും തമ്പി അളിയന്റെ ജോലി മാത്രം തീര്‍ന്നില്ല
നീ ആ കതകു അടച്ച്ചെക്കണേ, ആരെങ്കിലും കേറി വല്ലതു മേടുത്തോണ്ട് പോയാലും ആരുമറിയില്ല; തമ്പി അളിയനെ വിളിച്ചു മടുത്ത, വിവര സാങ്കേതിക വിദ്യയുടെ പുതിയ മേഘലയെക്കുരിച്ചോ, ഇന്റര്‍നെറ്റിനെ ക്കുറിച്ചോ, സൌഹൃത സയിറ്റുകളെക്കുറിച്ചോ, എന്തിന് ഫേസ് ബുക്കിനെ ക്കുറിച്ച് പോലും ഒന്നു മറിയാത്ത വെറും കണ്ട്രിയായ ആ അമ്മ സഞ്ചിയുമെടുത്ത് കടയിലേക്ക് പോവുകയാണ്.

    ഒരു വലിയ ആശ്വാസ്സമായി തമ്പി അളിയന്‍ ഇരിക്കുന്നിടത്തുനിന്നും എഴുനെറ്റുചെന്ന് അമ്മ പോയി എന്ന് ഉറപ്പു വരുത്തിയ ശേഷം വാതിലടച്ചു തിരികെ വന്ന് തന്റെ കംപ്യുട്ടറിനു  മുന്‍പില്‍ ഇരുന്നു..

     Where are you dear ? Are you there??
   
     തമ്പി അളിയന്‍ അത്യാവശ്യമായി ചെയ്തുകൊണ്ടിരുന്ന 'ചാറ്റ്' ജോലിയില്‍ വിഘാതം സംഭവിച്ചതില്‍ അസ്വസ്ഥനായ ഒരു ഫേസ് ബുക്ക്‌ സുഹൃത്തിന്റെ പ്രതികരണമായിരുന്നു അത്.

   Sorry Da, I had a visitor..
       ഒരിക്കല്‍ പോലും കണ്ടിട്ടില്ല എങ്കിലും തന്റെ ഇന്റര്‍ നെറ്റിലെ കൂട്ടായ്മയിലുള്ള സുഹൃത്തുക്കളുടെ സൌഹൃതത്തിറെ ആവേശത്തില്‍ ആയിരുന്നു അയാള്‍.

       രാമകൃഷ്ണന്‍ തമ്പി എന്നാ തമ്പീ അളിയന്റെ മനസ്സില്‍ മുഴുവന്‍ തന്റെ ഇന്റര്‍ നെറ്റിലെ കൂട്ടായ്മയിലുള്ള സുഹൃത്തുക്കളുമായുള്ള സല്ലാപങ്ങള്‍ ആയിരുന്നു. തന്റെ ഓരോ പോസ്ടിങ്ങുകളിലും അവര്‍ സമ്മാനിക്കുന്ന "Like" കള്‍, താല്‍പ്പര്യത്തോടെ നടത്തുന്ന കമന്റുകള്‍; അതിന്റെ ലോകം ഒരു മാസ്മരികത അയാളില്‍ സൃഷ്ടിച്ചിരിക്കുന്നു.
 
        തമ്പി അളിയന്റെ BSC Computer Science കോഴ്സ് കഴിഞ്ഞ് അടുത്തത്‌ എന്തിനു പോകണമെന്നു വരെ തീരുമാനിച്ചത് തന്റെ FB ഫ്രണ്ട്ന് ഇടയില്‍ വോട്ടിനിട്ടാണ്. അങ്ങനെയാണ്  BSC Computer Science കഴിഞ്ഞ് ഏറ്റവും നല്ല തുടര്‍പഠനം Fire& Safety ആണെന്ന് കണ്ടു പിടിച്ചതും ഇപ്പോള്‍ വിവര സാങ്കേതിക വിദ്യയില്‍ തീ പിടിപ്പിച്ചു പഠിച്ചു വരുന്നതും.

       എടാ, നിനക്കിതും കുത്തികൊണ്ടിരുന്നല്‍ എന്തോ കിട്ടാനാടാ, പോയി എന്തെങ്കിലും പ്രയോജനമുള്ള കാര്യങ്ങല്‍ ചെയ്യടാ, ഈ കുന്ത്രാണ്ടം മേടിച്ചു തന്നതാ എനിക്ക് പറ്റിയ അബദ്ധം...

  തമ്പി അളിയന്റെ അച്ഛന്‍ തമ്പിയളിയന്‍ കംപ്യുട്ടെരിനു മുന്‍പില്‍ നിന്നും ഇളകാത്തളിലുള്ള രോഷപ്രകടനം നടത്തിയതാണ്.


  അതിനിപ്പോള്‍ അവനെന്തിനാ കംപ്യുട്ടെര്, അതെടുത്തങ്ങു വിക്കരുതോ, അവനിപ്പോ തീയില്‍ ചാടാന്‍ പടിചോണ്ടിരിക്കുകയല്ലേ......

  തങ്ങള്‍ളുടെ ഇഷ്ടത്തിനു വിപരീതമായി തമ്പീ അളിയന്‍ Fire& Safety പഠിക്കാന്‍ പോയതിലെ അരിശം അമ്മയും തത്അവസ്സരത്തില്‍ തീര്‍ത്തു.

  ഇവര്‍ക്കൊക്കെ അല്‍പ്പം വിവരം കൊടുക്കണേ എന്ന് ദൈവത്തോട് പ്രാര്‍ഥിക്കുക മാത്രമായിരുന്നു തമ്പി അളിയന്റെ മറുപടി.

 ഇവരൊന്നും എന്നെ ഒന്ന് മതിക്കാത്തതെന്താ, നാട്ടുകാര് തരുന്നതിന്റെ നൂറില്‍ ഒന്ന് വെല ഇവര് തന്നാ മതിയാരുന്നു! അതോര്‍ത്തു തമ്പി അളിയന് ചെറിയതോതില്‍ ദുഖവു മുണ്ടായിരുന്നു. എന്റെ നാടിനെ പ്രതിനിധീകരിക്കുന്ന ഗ്രൂപ്പിന്റെ Admin ആണ് താന്‍. അയ്യായിരത്തില്‍പ്പരം ആള്‍ക്കാരുടെ പ്രതിനിധി. എന്റെ നാടിന്റെ ഓരോ മൂലയും ഇന്ന് എന്റെ ഗ്രൂപ്പില്‍ കൂടി ലോകം കാണുന്നു. ഈ നാട്ടിലെ ഓരോ പ്രവര്‍ത്തനത്തിനും ചര്‍ച്ചാവേദി ആകുന്നതു ഇവിടമാണ്. ആഘോഷങ്ങള്‍ക്ക്, വികസ്സനത്തിന്, പ്രതിഷേധത്തിന്, ആശയത്തിന്, പൌരാണികതക്ക്, ചരിത്രത്തിനു, ഐതീഹ്യത്തിനു അങ്ങനെ തുടങ്ങി ജീവകാരുണ്യ പ്രവര്‍ത്തനങ്ങല്‍ വരെ ഇവിടെ നടക്കുന്നു. തന്റെ പ്രവര്‍ത്തനങ്ങളുടെ വ്യാപ്തിയില്‍ അയാള്‍ അറിയാതെ തന്നെ ഒന്നുയര്‍ന്നമര്‍ന്നിരുന്നു.


   ഇത്രയും ഒക്കെചെയ്യുന്ന തന്നോടാ എന്ന മട്ടില്‍, തന്റെ പ്രവര്‍ത്തനങ്ങളുടെ വ്യാപ്തി തന്റെ മാതാ പിതാക്കളെ ഒന്ന് ബോധവല്‍ക്കരിക്കാന്‍ തന്നെ തമ്പി അളിയന്‍ തീരുമാനിച്ചു.


   നീ എന്തവാടാ ഈ ചെയ്തോണ്ടിരിക്കുന്നത്??


ഫേസ് ബുക്കിലെ തന്റെ പ്രവര്‍ത്തന വ്യാപ്തി ബോധ്യപ്പെടുത്താന്‍ അച്ഛന്റെ അടുത്തേക്ക്‌ ചെന്ന തമ്പി  അളിയനോടുള്ള ചോദ്യമായിരുന്നു അത്.


   അച്ഛനും പൊതു പ്രവര്‍ത്തനം നടത്താന്‍ പോകുന്നില്ലിയോ? അതുപോലെ പൊതു പ്രവര്‍ത്തനത്തിന്റെ പുതിയ മേഘലയാ ഇന്റര്‍നെറ്റ്‌.


   ഓ ഹോ, പൊതു പ്രവര്‍ത്തനമാണോ?? എടാ, ആള്‍ക്കാരുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്നു അവര്‍ക്ക് ആവശ്യമായ ബോധവല്‍ക്കരണം നടത്തുകയും, അവരുടെ ക്ഷേമത്തിനും, ആവശ്യങ്ങള്‍ക്ക് വേണ്ടിയും, നെട്ടങ്ങല്‍ക്കുവേണ്ടിയും, പുരോഗതിക്കുവേണ്ടിയും ഒക്കെ ഇറങ്ങി നടന്നു പ്രവര്‍ത്തിക്കുന്നതാ പൊതു പ്രവര്‍ത്തനം.  അല്ലാതെ തനിക്കോ, നാട്ടുകാര്‍ക്കോ ഒരു പ്രയോജനവുമില്ലാതെ 24 മണിക്കൂറും കമ്പ്യുട്ടെരിനു മുന്‍പില്‍ കുത്തി ഇരിക്കുന്നതല്ല. നീ ഇപ്പോള്‍ ഈ വീട്ടിലെ എന്തെങ്കിലും കാര്യം നോക്കുന്നുടോ, ഒരു കല്യാണ വീട്ടിലോ മരണ വീട്ടിലോ പോകാന്‍ പറഞ്ഞാല്‍ പോകത്തില്ല, ഒന്ന് കടയില്‍ പോവുകയോ, എന്തിനു ആ കരണ്ട് ചാര്‍ജു പോലും ഒന്നടക്കാന്‍ പോകാന്‍ വയ്യ. പൊതു പ്രവര്‍ത്തനമാണു പോലും!! വീട്ടിലില്ലാത്ത പ്രവര്‍ത്തനമാ നാട്ടില്....


   അച്ചനിതോന്നും അറിയാന്‍ വയ്യാത്തത് കൊണ്ടാ..

   ഇല്ല, എനിക്കറിയത്തില്ല; നീ പറഞ്ഞു താ... നീ ഇതിന്റെ മുന്‍പില്‍ കുത്തിയിരുന്നു ആര്‍ക്കെങ്കിലും എന്തെങ്കിലും പ്രയോജനം കിട്ടിയതിന്റെയോ, ഉപകാരപ്പെട്ടതിന്റെയോ ഒരു ഉദാഹരണം പറ. പ്രയോജനപ്പെട്ട ഒരാളുടെ പേര് പറ....

   അത് അങ്ങനൊക്കെ ചോദിച്ചാ........................
ഹോ, കഴിഞ്ഞ ആഴ്ച ബ്ലഡ്‌ വേണമെന്ന് പറഞ്ഞവന് അത് കൊടുക്കാന്‍ പറ്റിയിരുന്നെങ്കില്‍ അതെങ്കിലും പറയാരുന്നു, അത് കൊടുക്കാമെന്നു പറഞ്ഞ FB ഫ്രെണ്ട് അവസാനം കാലുവാരിയതും, അത് പ്രതീക്ഷിഷിരുന്നവന്‍ അവസാനം ചീത്ത പറഞ്ഞതും എല്ലാം ഒരു നിമിഷം കൊണ്ട് തമ്പി അളിയന്റെ മനസ്സില്‍ ക്കൂടി ഒന്നോടി മറഞ്ഞു. എന്നാലും പിടി വിടാന്‍ തമ്പി അളിയന്‍ ഒരുക്കമായിരുന്നില്ല....


   എന്തോരം ബ്ലഡ്‌ ഡോണെഷനോക്കെയാ ഇതുവഴി നടക്കുന്നതെന്ന് അച്ഛനറിയാമോ........ അല്ലാ,, നാലു പെരറിയുക എന്ന് പറയുന്നതും ഒരു വലിയ കാര്യമല്ലിയോ?? അച്ഛന്‍ എത്രയും നാള് സ്കൂള്‍ മാഷും, പൊതു പ്രവര്‍ത്തകനും ഒക്കെയായി നടന്നിട്ടും അച്ഛനെ അറിയുന്നതിന്റെ എത്ര ഇരട്ടി ആള്‍ക്കാര്‍ എന്നെ അറിയും, എന്തിനു വെളി രാജ്യങ്ങളില്‍ വരെ......


   അമ്പതുപയിസ്സ ഷെയറിടാന്‍ എന്റെ കയ്യില് മുണ്ട് അച്ഛാ!! എന്നാ മട്ടില്‍ തമ്പി അളിയന്‍ തട്ടി വിട്ടു.

    ക്ഹ, അത് ശരിയാ പലതരത്തില്‍ തിരിഞ്ഞും മറിഞ്ഞും നില്‍ക്കുന്ന പടങ്ങളല്ലേ മണിക്കൂരിടവിട്ടു പോസ്റ്റ്‌ ചെയ്യുന്നത്, അപ്പോള്‍ എല്ലാര്‍ക്കും അറിയാരിക്കും, അതിനപ്പറം എന്ത് ബന്ധമാടാ നിനക്കോക്കെ തമ്മില്‍ ഉള്ളത്?? പിന്നെ കൊറേ Like ഉം, വേണ്ടാത്തതിനും, വേണ്ടതിനും വായില്‍ തോന്നിയ കംമെന്റും.............
Like ഓ കംമെന്ടോ കിട്ടിയില്ലെങ്കിലോ, പരിഭവവും, പിണക്കവും; എന്തോ അങ്ങ് കുറഞ്ഞു പോയപോലാ.....

   അച്ഛനെ ഫേസ് ബുക്കിനെ ക്കുറിച്ച് ബോധവല്‍ക്കരിക്കാന്‍ ശ്രമിക്കെണ്ടായിരുന്നു; എന്നാ മട്ടില്‍ തമ്പി അളിയന്‍ കളം വിട്ടു.
 അല്ലാ, എന്നാലും അച്ഛന് Like ഉം കമെന്റും ഒക്കെ അറിയാരുന്നോ, അച്ഛനും ഇനി ഫേസ് ബുക്ക്‌ അക്കൗണ്ട്‌ ഉണ്ടോ? എന്തായാലും ഇന്നെനി അതൊന്നും ചോദിച്ചു അച്ഛനെ കൂടുതല്‍ ദേഷ്യം പിടിപ്പിക്കേണ്ടാ..

   നേരത്തെ പോസ്റ്റ്‌ ചെയ്ത, മത്തിയുടെ തലതിന്നുന്ന കാക്കയുടെ പടത്തിന്റെ കമ്മെന്റ് എന്തൊക്കെയാണോ എന്തോ?? അവറാച്ചന്റെ കമ്മെന്റ് ഇഷ്ടപ്പെടാതെ ഗ്രൂപ്പില്‍ നിന്ന് പെണങ്ങിപ്പോയ മാത്തുക്കുട്ടി തിരിച്ചു വന്നോ?? അവറാചനെ കൊട്ടേഷന്‍കാരെ കൊണ്ട് തല്ലിക്കുമെന്നു മാത്തുക്കുട്ടി പറഞ്ഞത് പോലെ ചെയ്യുമോ?? ഗ്രൂപ്പിലെ അംഗങ്ങള്‍ നടത്തുന്ന കോംപ്രമയിസ് ടോക്ക് എവിടെ വരെ ആയോ?? ഈ ടെന്‍ഷന്റെ ഒക്കെ ഇടയില്‍ അച്ഛനോട് സംസ്സാരിച്ചു വെറുതെ സമയം പോയി. മനസ്സില്‍ പിറുപിറുത്തുകൊണ്ട് തമ്പി അളിയന്‍ ലോഗിന്‍ ചെയ്തു.

   ഗ്രൂപ്പിലെ മുതിര്‍ന്ന ഒരു അന്ഗത്തിന്റെ അനുനയന ലേഖനവും, മാത്തുക്കുട്ടിയെ എന്ത് വില കൊടുത്തും തിരികെ കൊണ്ട് വരുമെന്നുമുള്ള അദ്ദേഹത്തിന്‍റെ ഉറപ്പും തമ്പി അളിയനില്‍ ചെറിയ ഒരു ആശ്വാസം നല്‍കി.
     
     തമ്പി അളിയന്‍ തന്റെ ഭാരിച്ച ജോലിയുടെ ഉത്തരവാദിത്തം ആത്മാര്ധമായി നിര്‍വഹിച്ചു മുന്‍പോട്ടു പോയി.

   തിരക്കുകള്‍ക്കിടയില്‍ തമ്പി അളിയനും സുഹൃത്തും കൂടി ഒരു ദിവസ്സം വൈകിട്ട് ബൈക്കില്‍ യാത്ര ചെയ്തു വരികയായിരുന്നു. സ്വദവേ ഓവര്‍ സ്പീഡും, അശ്രദ്ദയുമുള്ള തമ്പി അളിയന്‍ ഹെല്‍മെറ്റ്‌ കൂടി വെച്ചില്ലെങ്കിലോ, അതെ; തമ്പി അളിയന്‍ ഇരുപതു വാര അകലെ എത്തിയപ്പോള്‍ തന്നെ കൊന്‍സ്ടബില്‍ കൈ കാണിച്ചു...

   പണി പാളുമോടാ...
തമ്പി അളിയന്റെ സുഹൃത്തിന്റെ ഭയപ്പാടണത്.


   നീ വാടാ, ഞാനല്ലേ കൂടെ! തമ്പി അളിയന്‍ അല്‍പ്പം മാറി നിന്ന കൊണ്സ്തബിലിനെ കണ്ട സന്തോഷം മറച്ചു വെയ്ക്കാതെ തന്നെ പറഞ്ഞു. അയാളുടെ മുഖം ദിവസ്സവും താന്‍ എത്ര കാണുന്നതാ...തന്റെ കംമെന്റുകള്‍ക്കും, ഇടുന്ന ഫോട്ടോയിക്കും എത്ര "Like" ഇടുന്നയാളാ....അയാള്‍ക്ക്‌ തന്നോട് ആരാധന ആണോന്നു കൂടി തോന്നിയിട്ടുണ്ട്‌..


   തമ്പി അളിയന്‍ ആത്മ വിശ്വാസ്സത്തോടെ അജയന്‍ പോലീസിന്റെ അടുത്തെത്തി
 
   ക്ഹാ.....അജയന്‍ പോലീസ് സ്വതസിദ്ദമായ പുഷ്ച്ചഭാവം ഒട്ടും കളയാതെ ആരാഞ്ഞു...

അല്ലാ...........  ഞാന്‍......... ഹെല്‍മെറ്റ്‌...............,,, കൈ കാണിച്ചാരുന്നു.....

   വല്ലതും പറയാനുണ്ടെങ്കില്‍ S I അദ്ദേഹത്തിന്റെ അടുത്തോട്ടു ചെല്ല്...

അല്ല, അത് ഞാന്‍ പിന്നെ....... എന്നെ........ .അജയന്‍ പോലീസിന്റെ പെരുമാറ്റം തമ്പി അളിയനെ അമ്പരപ്പിച്ചു....


നിമിഷങ്ങള്‍ ചിലത് കഴിഞ്ഞു...


നിനക്കെന്താ വേണ്ടേ....

ഞാന്‍......... ഹെല്‍മെറ്റ്‌..

എന്താ നിനക്ക് ഹെല്‍മെറ്റ്‌ ഞാന്‍ തരണോ, ചുറ്റി തിരിയാതെ S I യുടെ അടുത്തോട്ടു പോടാ....

എന്നെ മനസ്സിലായില്ലേ...... തമ്പി അളിയന്‍ സംശയം തീര്‍ത്ത്‌ ചോദിച്ചു ഒപ്പിച്ചു..


നീയാരാട ഇന്ത്യന്‍ പ്രസിഡന്റോ, S I യുടെ അടുത്തോട്ടു പോടാ


  തമ്പി അളിയന്‍ S I യുടെ അടുത്തെത്തി മുറപോലെ കാര്യങ്ങളെല്ലാം കഴിച്ച് വീണ്ടും വണ്ടി എടുത്തു യാത്ര തുടര്‍ന്നു; അപ്പോള്‍ പുറകില്‍ നിന്നും അപമാന തീയില്‍ എണ്ണ ഒഴിക്കുന്ന ചോദ്യം വന്നു, നീ ആ പോലീസ്സുകാരനെ മോന്ത ഇതിനും വേണ്ടി എവിടെക്കണ്ടെന്നാ പറഞ്ഞത്??????

   തമ്പി അളിയന്‍ തനിക്കുണ്ടായ അനുഭവം തന്റെ ഗ്രൂപ്പില്‍ വിവരിച്ചു കാത്തിരുന്നു. തന്റെ സുഹൃത്തുക്കള്‍ക്ക് ഉണ്ടായേക്കാവുന്ന രോഷത്തിന്റെ അളവ് എന്തെങ്കിലും അനിഷ്ട സംഭാവത്തിലെക്കു വരെ കാര്യങ്ങള്‍ എത്തിക്കുമോ എന്നു തമ്പി അളിയന്‍ ഭയന്നു.  ഡ്യുട്ടിക്ക് ഇടയിലെ ഒരു ചെറിയ സംഭവമായി കണ്ടു ക്ഷമിക്കണമെന്നും, ഇതൊരു ഇഷ്യൂ ആക്കെരുതെന്നും,  ഒരു 'കുടുംബത്തിന്റെ പ്രശ്നമാണ് എന്നോര്‍ത്ത്തു വിട്ടു കളയണമെന്നും, ഇവിടെ കാണിക്കുന്ന ക്ഷമ   തമ്പി അളിയനെ ഇനിയും ഉയര്‍ത്തുമെന്നും പലരും ഉപദേശ്ശിച്ചു. പോലിസിനെ പഴിക്കാന്‍ നാട്ടുകാരാരും മുതിര്‍ന്നില്ല. നാട്ടിലെ പോലിസിനെ പെണക്കാന്‍ ആരെങ്കിലും നില്‍ക്കുമോ??
 
    ഗ്രൂപ്പ് അംഗത്തിലോരുവന്‍ മുന്നോട്ടു വെച്ച 'ഗ്രൂപ്പന്ഗങ്ങളില്‍ 5 വര്ഷം തികക്കുന്നവര്‍ക്ക് മരണം വരെ പെന്‍ഷന്‍ നല്‍കുക' എന്നാ ആശയത്തെക്കുറിച്ച് ചര്‍ച്ചകള്‍ തുടങ്ങിയതോടെ തമ്പി അളിയന്റെ 'പോലീസ് അപമാനം ചര്‍ച്ച' പേജുകളുടെ പാതാളത്തിലേക്ക്‌ പോയി. 


   തമ്പി അളിയന്റെ ചെറിയ സമയ ദോഷങ്ങള്‍ അവസാനിക്കുന്നതേ ഇല്ല, തമ്പി അളിയനെ അച്ഛന്‍ ഏല്‍പ്പിച്ച കാറിന്റെ ലോണ്‍ പയിസ്സ ഇതുവരെ അടച്ചിട്ടില്ല, ചെക്ക് കളക്ഷന്‍നു വരുന്ന ദിവസ്സം രാവിലെ അച്ഛന്‍ ഒര്മിപ്പിച്ചപ്പോലാണ് തമ്പി അളിയന്‍ അതിനെക്കുറിച്ച് ഓര്‍ത്തത് തന്നെ. ചെക്ക് ബാങ്കില്‍ കളക്ഷന്‍നു എത്തുന്നതിനു മുന്‍പേ അത് അടക്കണം! അച്ഛനോട് പണം നേരത്തെ അടച്ചതാനെന്നു കളവു പറഞ്ഞു തമ്പി അളിയന്‍ ബാങ്കിലേക്ക് കുതിക്കുകയാണ്; എതിരെ പോയ സുഹൃത്തിനെ തിരിഞ്ഞു നോക്കി കൈ പൊക്കി കാണിച്ചത് മാത്രമേ തമ്പി അളിയന് ഓര്‍മയുള്ളൂ. റോഡിന്‍റെ ടാര്‍ പോര്‍ഷനില്‍ നിന്നും തെന്നി വീണ തമ്പി അളിയന്റെ കാലിനു മുകളില്‍ ബയിക്ക് കിടക്കുകയാണ്. മറ്റു പരിക്കുകളോന്നുമില്ലെങ്കിലും കാലിനു കലശലായ വേദന ഉണ്ട്. ആരെങ്കിലും വണ്ടി ഒന്ന് ഉയര്‍ത്താന്‍ സഹായിച്ചിരുന്നങ്കില്‍, സ്വദവേ ആളും അനക്കവും കുറവായിരുന്ന ആ വഴിയെ കൂടി വല്ലപ്പോഴും പോയവരും തമ്പി അളിയനെ സഹായിച്ചില്ല! ഏകദേശം 5 മിനിട്ടുകള്‍ക്ക് ശേഷം; ദൂരെനിന്നും ഒരു ബൈക്കില്‍ വരുന്നവനെ കണ്ടു തമ്പി അളിയന്റെ മുഖത്ത് വേദനയുടെ ഇടയിലും പുഞ്ചിരി വിടര്‍ത്തി. തന്റെ FB സുഹൃത്ത്. എന്നെ നന്നായി തിരിച്ചരിയുന്നവന്‍. ബൈക്ക് അടുത്തെത്തിയപ്പോഴേക്കും തമ്പി അളിയന്‍ ഉറക്കെ വിളിച്ചു. റോബി, റോബി, Please..... ദൂരെ നിന്നും തമ്പി അളിയനെ കണ്ട റോബി അവിടെ ഒന്നുമേ സംഭവിക്കാത്തതുപോലെ നേരെ വാഹന മോടിച്ചു പോയി. 


     വേദന കഠിനമായി തമ്പി അളിയന് തല കറങ്ങുന്നത് പോലെ തോന്നി, അയാളുടെ ബോധം ക്രമേണ മറഞ്ഞു തുടങ്ങി. അതിനു ശേഷമുള്ള സംഭവങ്ങളോ, കടന്നു പോയ സമയമോ ഒന്നും തമ്പി അളിയന്റെ തിരിച്ചറിവിലില്ല. ഉണര്‍ന്നു നോക്കുമ്പോള്‍, താന്‍ ഒരു ആശുപത്രി മുറിയിലാണെന്നു അയാള്‍ക്ക്‌ മനസ്സിലായി. തമ്പി അളിയന്‍ കണ്ണ് തുറന്നു എന്ന് കണ്ടു അമ്മ പറഞ്ഞു.... കാലനക്കല്ലേ തമ്പി..... ചെറിയ fracture ഉണ്ട്. അമ്മയുടെ തുടര്‍ന്നുള്ള ആശ്വാസവാക്കുകളും കാലിന്റെ വേദനയെ കുറക്കുന്നില്ല. സിസ്റ്റര്‍ വന്ന് അടുത്ത ഡോസ് സെടെഷന്‍ കൊടുത്തു.    


   ദിവസ്സങ്ങള്‍ ഒന്ന് രണ്ടു കഴിഞ്ഞു, തമ്പി അളിയന്റെ അച്ഛന്‍ വീട്ടില്‍ പോയി വന്നപ്പോള്‍ കയ്യിലിരുന്ന ഒരു  സാധനം അയാളില്‍ വലിയ ആശ്ചര്യം ഉളവാക്കി. തന്റെ ലാപ്‌ ടോപ്‌. അതിലേക്കുള്ള തമ്പി അളിയന്റെ നോട്ടം കണ്ടു അച്ഛന്‍ പറഞ്ഞു, നീ ബോറടിച്ചു കിടക്കുകയല്ലേ; ഇതുടിങ്ങേടുത്തു....


   തമ്പി അളിയന്‍ ആവേശത്തോടെ ലോഗിന്‍ ചെയ്തു, www. facebook.com 


   നോട്ടിഫികേഷനില്‍ കണ്ട ഒരു പോസ്റ്റില്‍ തമ്പി അളിയന്‍ ക്ലിക്ക് ചെയ്തു. അതിനു 300 ല്‍ പരം "ലൈക്‌" കള്‍.  150 ല്‍ പരം കമെന്ടുകള്‍. ആ കമെന്ടുകള്‍ മുഴുവന്‍ പ്രാര്‍ഥനകള്‍ ആയിരുന്നു.  തമ്പി അളിയന്‍ പോസ്റ്റ്‌ വായിച്ചു; " Our Admin: Thampi met with an accident, Pray for his speedy recovery" തനി ക്കുണ്ടായ അപകടത്തില്‍ മനംനൊന്തു പ്രാര്ധിക്കുന്ന ആ സുഹൃത്തിന്റെ പേര്  തമ്പി അളിയന്‍ വായിച്ചു...
   "റോബി" 




[Rajesh Puliyanethu
 Advocate, Haripad]
 


   .