Monday 5 November 2012

തമ്പി അളിയനും, അമ്മാവനും കുറെ യാത്രക്കാരും!!



       തമ്പി അളിയന്‍ കായംകുളം ബസ്സ്‌ സ്റ്റാന്റില്‍ നില്‍ക്കുകയാണ്. ആലപ്പുഴ വരെ പോകണം. ഏകദേശം പത്തു പതിനഞ്ചു മിനിട്ടുകള്‍ ആയി അവിടെ നില്‍ക്കുന്നു. ശാപഗ്രസ്ഥമായ KSRTC യുടെ പതിവ് ആവര്‍ത്തിച്ചു. കൊല്ലം, തിരുവനനന്തപുരം ബോര്‍ഡുകള്‍ വെച്ചുകൊണ്ട് രണ്ടു സൂപ്പര്‍ ഫാസ്റ്റ് ബസ്സുകളും, ഒരു ലിമിറ്റെഡ് സ്റ്റോപ്പ്‌ ബസ്സും പോയിക്കഴിഞ്ഞു.

       ഒരാള്‍ നടന്നു വന്ന് തമ്പി അളിയന്‍റെ അടുത്തുവന്നു നിന്നു. വളരെ എക്സിക്കുട്ടിവായി വേഷം ധരിച്ചിരുന്ന അയാള്‍ തമ്പി അളിയന്‍റെ മുഖത്തെക്ക് ഒരുനിമിഷം നോക്കി. എന്നിട്ടുചോദിച്ചു .....

       സമയമെന്തായി??

       തമ്പി അളിയന്‍ ആളെ ഒന്നുകൂടി ഉഴിഞ്ഞു നോക്കി; എന്നിട്ടുപറഞ്ഞു 10.30

       കുറച്ചു നിമിഷങ്ങളുടെ ഇടവേളകള്‍ക്കു ശേഷം തമ്പി അളിയന്‍ ചോദിച്ചു,

       എവിടെ പോകാനാ??

       തിരുവനന്തപുരം വരെ, എന്‍റെ കമ്പിനിയുടെ ഒരു മീറ്റിംഗ് ഉണ്ട്. അത് പറഞ്ഞു തീരും മുന്‍പേ അയാള്‍ പറഞ്ഞു!

       ദാ, എന്‍റെ വണ്ടി വന്നല്ലോ

       ഒരു സൂപ്പര്‍ എക്സ്പ്രെസ്സ് സ്റ്റാന്‍ടിനുള്ളിലേക്ക് കടന്നുവരുന്നു.

       തനിക്ക് ബസ്സ് കിട്ടാത്തതിലുള്ള അരിശമാണോ മറ്റേയാള്‍ക്ക് വേഗത്തില്‍ വണ്ടി കിട്ടി പോയതിലെ വിഷമമാണോ! തമ്പി അളിയന്‍ അസ്വസ്ഥനായി ചുറ്റും നോക്കി.

       പ്രത്യേകിച്ച് ഏതെങ്കിലും ഒരു വ്യക്തിയെ ഉദ്ദേശിച്ചുനോക്കിയതല്ല എങ്കിലും തന്‍റെ വലതു തോളിനു അല്‍പ്പം പുറകിലായി നിന്ന ഒരാളില്‍ എത്തി തമ്പി അളിയന്റെ നോട്ടം ഉടക്കിനിന്നുപോയി. കാരണം അവിടെനിന്നും തമ്പി അളിയനോടായി ചില വാക്കുകള്‍ ഉണ്ടായിരുന്നു...

     വലിയ കൊട്ടും കളസ്സവുമൊക്കെ ഇട്ടോണ്ടാ വരവ്, സമയമറിയണേ വല്ലോനോടും ചോദിക്കണം!

     ഒരു നിമിഷാര്‍ത്ഥനേരത്തെ അമ്പരപ്പിന് ശേഷം തമ്പി അളിയന് എല്ലാം മനസ്സിലായി; ഈ പറയുന്നത് തന്നോടാണെന്നും, പറയുന്നത് തന്നോട് സമയം ചോദിച്ച്, ബസ്സു കയറി പോയവനെപ്പറ്റിയാണെന്നും!!

       ഇതെല്ലാം ഇങ്ങേരു നോക്കുന്നുണ്ടാരുന്നോ എന്ന് മനസ്സില്‍ ചിന്തിക്കുന്നതിനൊപ്പം തമ്പി അളിയന്‍ ആ മനുഷ്യനെ വിശാലമായി ഒന്നുനോക്കി.

       തൂവെള്ള മുണ്ടും ഷര്‍ട്ടും. അതിലും വെളുത്ത ഒരു വലിയ തോര്‍ത്തു തലയില്‍ കെട്ടിയിരിക്കുന്നു. തീരെ വണ്ണമില്ലാത്ത ശരീര പ്രകൃതം. മുട്ടിനു വളരെ മീതെ മുണ്ട് മടക്കി ഉടുത്തിരിക്കുന്നതിനാല്‍ ശോഷിച്ച കറുത്ത കാലുകള്‍ ആരും ശ്രദ്ദിച്ചു പോകും. കൈ പുറകില്‍ കെട്ടി അല്‍പ്പം മുന്‍പോട്ടുവളഞ്ഞ നില്‍പ്പ്.  പ്രായം 65 ല്‍ താഴേക്കു വരില്ല!!ഷര്‍ട്ടിന്റെ പോക്കറ്റില്‍ കുത്തിനിറച്ചുവെച്ച ഒരു പേഴ്സും മൊബൈല്‍ ഫോണും. ഇതിനെല്ലാം പുറമേ ആകാരത്തിനു വിരുദ്ധമായി ചെമ്പില്‍ കൂടത്തിനടിക്കുന്ന ശബ്ദവും!!

       രണ്ടു ചെവിടുകള്‍ കൂടി മുന്നോട് വന്ന് ആ അമ്മാവന്‍ ചോദിച്ചു; മോനെങ്ങോട്ടാ??

       ആലപ്പുഴവരെ

       ഞാനും ആവഴിക്കാ, മെഡിക്കല്‍ കോളേജില്‍ വരെ ഒന്നുപോകണം.

       വണ്ടാനത്ത്......

       അറിയാമെന്ന ഭാവത്തില്‍ തമ്പി അളിയന്‍ തലയാട്ടി

       മോനവിടാകുമ്പോ ഒന്നു പറയണം

       ങ്ങ

       ഒറ്റക്കെ ഉള്ളോ?? തമ്പി അളിയന്‍ ആരാഞ്ഞു

       അതൊന്നും പറയണ്ട കുഞ്ഞേ.........

        അമ്മാവന്‍ ഒരു കഥയുടെ ഭാണ്ഡം തുറക്കാന്‍ തുടങ്ങിയപ്പോഴേക്കും ഒരു ബസ്സ്‌ എറണാകുളം ബോര്‍ഡ് വെച്ച് സ്ടാന്റിനുള്ളിലേക്ക് കടന്നിരുന്നു.

       തമ്പി അളിയനും അമ്മാവനും ബസ്സിലേക്ക് കയറി, സീറ്റുകള്‍ പലതും ഒഴിഞ്ഞു കിടക്കുന്നു, തമ്പി അളിയനു മുന്‍പേ ബസ്സില്‍ കയറി ഏതാണ്ട് മധ്യ ഭാഗത്തുള്ള ഒരു സീറ്റില്‍ അമ്മാവന്‍ ഇരുപ്പുറപ്പിച്ചു. തമ്പി അളിയന്‍ ബസ്സില്‍ കയറി മുന്‍പോട്ടു നടന്നപാടെ തന്നെ വിളിവന്നു.

     മോനെ, ഇവിടിരിക്കാം !!

       അമ്മാവന്റെ ക്ഷണം അവഗണിക്കണ്ടാ എന്നുകരുതി തമ്പി അളിയന്‍ അവിടെ ചെന്നിരുന്നു.

       കായംകുളത്തുനിന്നും ആള്‍ക്കാര്‍ കയറിയതു കൂടിക്കഴിഞ്ഞപ്പോള്‍ അഞ്ചോ ആറോ പേരേ ബസ്സില്‍ നില്‍ക്കാനുണ്ടായിരുന്നുള്ളൂ.

       കണ്ടക്ടര്‍ ടിക്കറ്റിനായി എത്തി

       പ്രായത്തോടുള്ള പരിഗണന കൊണ്ടാകാം, തമ്പി അളിയാല്‍ ലോഹ്യത്തില്‍ അമ്മാവനോട് ചോദിച്ചു. ടിക്കട്ടെടുക്കണോ??

       രണ്ടു നിമിഷത്തെ ആലോചനക്കുശേഷം മറുപടി എത്തി

       മോനെന്തവായാലും ചോദിച്ചതല്ലിയോ, അമ്മാവന്റെയും കൂടെടുത്തോ!!

       ലോഹ്യം ചോദിച്ചതിന് 30 രൂപ പോയി എന്ന് മനസ്സില്‍ പിറുപിറുത്തു കൊണ്ട് തമ്പി അളിയന്‍ പണം നല്‍കി.

       വണ്ടി കുറെ ദൂരം പിന്നിട്ടു, അമ്മാവന്‍ തമ്പി അളിയന്‍റെ വിശേഷങ്ങളും ഓരോന്നായി ചോദിച്ചറിഞ്ഞു കൊണ്ടിരുന്നു. മറുപടി പറഞ്ഞു മടുത്ത തമ്പി അളിയന്‍ ഉറങ്ങുന്നതു പോലെ സീറ്റിലേക്ക് ചാഞ്ഞിരുന്നു.

       ധും!!!! ഒരു കടുത്ത ശബ്ദത്തില്‍ ബസ്സ് ഒരു ഗട്ടറില്‍ വീണതാണ്!

       'കഴുവരടാ മോനേ!! നടുവോടിക്കാനാണോടാ വണ്ടി ഓടിക്കുന്നത്' വീണ ഗട്ടറില്‍ നിന്ന് വണ്ടി കര കേറുന്നതിനു മുന്‍പുതന്നെ അമ്മാവന്‍റെ പ്രതികരണമെത്തി.

       ഒന്നുതിരിഞ്ഞു നോക്കിയതിന് ശേഷം വണ്ടി സൈഡിലേക്ക് ഒതുക്കി നിര്‍ത്തി ഡ്രൈവര്‍ അമ്മാവന്‍റെ അടുത്തേക്ക് വരുകയാണ്..

       ആരെയാടോ മൂപ്പിലെ തെറി വിളിച്ചത്.

      കൊല്ലാനാണോടാ വണ്ടി ഓടിക്കുന്നത്?? തന്‍റെ തെറിവിളി ഉചിതമായത് തന്നെ ആയിരുന്നു എന്നമട്ടില്‍ അമ്മാവന്‍ കത്തുകയാണ്..

       ഓരോ കെളവനോക്കെ വന്നു കേറിക്കോളും, പ്രായം ഇത്രം ഇല്ലായിരുന്നെ പല്ല് രണ്ടെണ്ണം ഇപ്പം വായിക്കെടന്നെനേം.

       പിന്നെ നിന്‍റെ വീട്ടിലല്ലിയോ വന്നു കേറിയത്‌........!

       അമ്മാവന്‍ വിട്ടു കൊടുക്കുന്ന ലക്ഷണവുമില്ല, രംഗം വഷളാകുന്നു എന്നുകൂടി കണ്ട് തമ്പി അളിയന്‍ ഡ്രൈവറുടെ അടുത്തുചെന്ന് അയാളെ സമാധാനിപ്പിച്ചു കൊണ്ട് പറഞ്ഞു. ക്ഷമിക്ക് സാറേ, പ്രായമായ ആളല്ലേ!! തമ്പി അളിയനെ പിന്തുണച്ചു രംഗം ശാന്തമാക്കാന്‍ മറ്റു ചില യാത്രക്കാരും കൂടി. അതോടെ ഡ്രൈവര്‍ പിന്തിരിഞ്ഞു പോയി യാത്ര തുടര്‍ന്നു. അമ്മാവനെ ഒന്നും ചെയ്യുവാനും കഴിയില്ല!! രക്ഷപ്പെട്ടാല്‍ മതി എന്നാ ചിന്ത ഡ്രൈവര്‍ക്കും ഉണ്ടായിരുന്നു എന്നു തോന്നുന്നു. 

       ബസ്സ്‌ ഏകദേശം പുറക്കാട് കഴിഞ്ഞു കാണും, അമ്മാവന്‍റെ ഫോണ്‍ ശബ്ദിച്ചു. ഫോണും പേഴ്സും എല്ലാം ചേര്‍ത്ത് വലിച്ച് അമ്മാവന്‍ പുറത്തെടുത്തു. പേഴ്സ് ഉള്‍പ്പടെ കുറെ പേപ്പറുകള്‍ അതാ കിടക്കുന്നു താഴെ...

        ഫോണ്‍ അറ്റന്‍ഡ് ചെയ്ത് ഒരു ഹലോ പറഞ്ഞു നിര്‍ത്തി അമ്മാവന്‍ തമ്പി അളിയനോട് തിരിഞ്ഞു, മോനെ അതെല്ലാം ഒന്നെടുത്തേരെ

       സാഹചര്യത്തിന്‍റെ സമ്മര്‍ദ്ദം എന്നു പറയുന്നതു പോലെ വേറെ നിവര്‍ത്തി ഒന്നുമില്ലാതെ തമ്പി അളിയന്‍ പേപ്പറുകള്‍ വാരി എടുത്തു. നിരസ്സിച്ചാല്‍ അമ്മാവന്‍റെ നാവിലെ സരസ്വതി വീണവായിക്കുന്നതെങ്ങനെയെന്ന ഭയവും തമ്പി അളിയനെ ഭരിച്ചിട്ടുണ്ടാകാം!!

       തമ്പി അളിയന്‍ പേപ്പറെടുത്തു അമ്മാവനു നേരെ നീട്ടിയത് വങ്ങുവാനുള്ള സാവകാശം അമ്മാവനുണ്ടായിരുന്നില്ല!! തന്‍റെ നേരെ പുറകിലെ സീറ്റിലിരുന്ന പയ്യനു നേരെ തിരിഞ്ഞു കൊണ്ട്, നിന്‍റെ പാട്ടു മാത്രം കേട്ടാമതിയോ?? മൊബൈല്‍ ഫോണില്‍ ഉച്ചത്തില്‍ പാട്ട് ഓണ്‍ ചെയ്തു വെച്ചിരുന്ന പയ്യനോടുള്ള ആക്രോശം തമ്പി അളിയനും അല്‍പ്പം ബോധിച്ചു. അമ്മാവനെ അതിനോടകം തന്നെ മനസ്സിലാക്കിയിട്ടുള്ളതുകൊണ്ടാകാം, അടുത്ത നിമിഷം തന്നെ പയ്യന്‍ ഫോണ്‍ ഓഫ്‌ ചെയ്ത് പോക്കറ്റില്‍ വെച്ചു.

    അമ്മാവന്‍ ഫോണില്‍ സംസാരിച്ചു തുടങ്ങിയപ്പോള്‍ തന്നെ ബസ്സില്‍ നിശബ്ദത വ്യാപിച്ചു. ആ ബസ്സു സഞ്ചരിച്ചു വരുന്ന വഴിയില്‍ നില്‍ക്കുന്നവര്‍ക്കു തന്നെ അമ്മാവന്റെ സംസാരം വ്യക്തമായിരുന്നു.

       ക്ഹ, ഞാന്‍ ഒറ്റക്കാ, രാവിലെ ഇറങ്ങിയതാ, അജിത്ത് വരും, എളെവളുടെ രണ്ടാമത്തെവന്‍, അവന് ബസ്സെ കേറാന്‍ കഴിയത്തില്ല. ഇപ്പോ ഒരു വണ്ടിം കൂടി കിട്ടിയതിപ്പിന്നെ അത് ചന്തിക്കീഴീന്ന് മാറ്റത്തില്ല. ഓ പ്രത്യേകിച്ച് പണി ഒന്നുമില്ല, രാവിലെ ഷര്‍ട്ടും തേച്ചിട്ടെറങ്ങും, എവിടെ തെണ്ടാന്‍ പോകുവാണോ എന്തോ??

       യാത്രക്കാര്‍ ഇടക്ക് തിരിഞ്ഞു നോക്കുന്നുണ്ട്, ഭൂരിപക്ഷത്തിന്റെയും; കണ്ണുകള്‍ അമ്മാവനില്‍ നിന്ന് അകന്നാലും,കാതുകള്‍ അമ്മാവനിലേക്കുതന്നെ തുറന്നു പിടിച്ചിരിക്കുന്നു.

       വണ്ടാനത്ത് ബസ്സെറങ്ങുന്നിടത്തു കാണുമെന്നാ പറഞ്ഞത്, ആ ആര്‍ക്കറിയാം, ഇപ്പഴത്തെ ചെരുപ്പക്കാരെന്നോന്നുമില്ല, ദേ, എന്‍റെ അടുത്തൊരു പയ്യനിരുപ്പോണ്ട്, എന്തൊരു നല്ല ചെറുക്കാനാ....തിരിഞ്ഞു നോക്കുന്നവര്‍ അമ്മാവനൊപ്പം തമ്പി അളിയനെയും കാഴ്ച വസ്തുവാക്കി..

       എന്തിനാ അമ്മാവാ നാറ്റിക്കുന്നത്, എന്നമട്ടില്‍ ദയനീയമായി തമ്പി അളിയന്‍ അമ്മാവനെ നോക്കി...

       അമ്മാവന്‍ കൊച്ചുമോനെ പ്രകീര്‍ത്തിക്കുന്നത് തുടരുകയാണ്. എടാ നിന്നോട് ഞാന്‍ നേരത്തെ പറഞ്ഞതല്ലിയോ, ബാംബെലോ, പോറത്തോ എവിടേലും അവനെ ഒന്ന് കൊണ്ട് പോകാന്‍, ഇവിടെ നിന്നാ അവന്‍ കോണം പിടിക്കത്തില്ല.
       ഓ, തന്തേം, തള്ളേം ഒന്നും പറഞ്ഞാ അവന്‍ കേക്കത്തില്ല.

       ഇന്നുതന്നെ 500 രൂപാ ഏതാണ്ട് കുന്ത്രാണ്ടത്തിന് കൊടുക്കാമെന്നു തള്ള പറഞ്ഞത് കൊണ്ടാ അവന്‍ ആശുപത്രി വരാമെന്നു സമ്മതിച്ചത്!!

     ക്ഹ, നീ ഫോണ്‍ വെച്ചോ വണ്ടാനത്ത് എറങ്ങിക്കഴിയുമ്പം അവനെക്കൊണ്ട്‌ വിളിപ്പിക്കാം. ഓ എനിക്കീ കുന്ത്രാണ്ടാത്തീന്നു വിളിക്കാനൊന്നും അറിയത്തില്ല!! ഒറ്റയ്ക്ക് പോകുവല്ലിയോന്നു പറഞ്ഞ് അവളെടുത്തു തന്നതാ....
       ക്ഹ, ശരി !!

       ഫോണിലെ അപ്പുറത്തെ ആള്‍ പറയുന്നതെന്തെന്ന് കേള്‍ക്കാന്‍ കഴിയുന്നില്ല എങ്കിലും ബസ്സിലുള്ളവര്‍ക്കെല്ലാം എല്ലാം വ്യക്തമായി.

       എന്‍റെ മൂത്തമോടെ കെട്ടിയോന്റെ അനിയനാ, എന്നോട് വലിയ സ്നേഹമാ.....
       അമ്മാവന്‍ തമ്പി അളിയനോടായി പറഞ്ഞു....

       അമ്പലപ്പുഴയില്‍ നിന്നും ബസ്സില്‍ കയറിയ രണ്ടു പേര്‍ക്ക് ടിക്കറ്റ്‌ കൊടുക്കാനായി കണ്ടക്ടര്‍ അവര്‍ക്കടുത്തുകൂടി പോയി.

       സാറെ, 40 രൂപ ബാക്കി കിട്ടാനുണ്ടായിരുന്നു. തമ്പി അളിയന്‍ പറഞ്ഞു.

       തരാം, ആലപ്പുഴയല്ലേ, കണ്ടക്ടര്‍ ആ മറുപടി പറഞ്ഞു തീര്‍ന്നില്ല, അമ്മാവന്‍ ഇടപെട്ടു കഴിഞ്ഞിരുന്നു.

       മേടിക്കാന്‍ മറന്നു പോയാല്‍ കയ്യിലിരിക്കുമല്ലോ!!

       ഇങ്ങേര്‍ക്ക് വേണ്ടാത്തതോന്നുമില്ലേ, എന്നഭാവത്തില്‍ തമ്പി അളിയനും, ഇയാളെ എന്തുചെയ്യാനാ എന്നാ മട്ടില്‍ കണ്ടക്ടറും ഒരു നോട്ടത്തില്‍ എല്ലാം ഒതുക്കി.

       ബസ്സ്‌ വളഞ്ഞ വഴി കഴിഞ്ഞ് മുന്നോട്ടു പോയികൊണ്ടിരിക്കുന്നു

       തമ്പി അളിയന്‍ ആരാഞ്ഞു, അമ്മാവന് എന്താ അസുഖം??

       ഓ, ക്യാന്‍സറാണെന്നാ ഡോക്ടര്‍മാര് പറയുന്നത്, ശ്വാസകൊശത്തിലാ...

       തിരുവനന്തപുറത്തേക്ക് പോവാന്‍ ഇന്ന് എഴുതിത്തരും. .....................

       എവിടെപ്പോയിട്ടും കാര്യമൊന്നുമില്ല, പഴകിപ്പോയി ഏറിയാ ആറു മാസ്സം!!

       അതുവരെ ആ മനുഷ്യനെക്കുറിച്ച് മനസ്സില്‍ കരുതിയ അസ്വസ്ഥത കലര്‍ന്ന വികാരം തന്നില്‍ നിന്നും കഴുകിപ്പോയപോലെ അയാള്‍ക്ക് തോന്നി.

       ഈ മനുഷ്യന്‍റെ സ്വഭാവത്തിന്‍റെ സവിഷേതയാണ് തന്‍റെ മാരക രോഗത്തെപ്പറ്റിയും ഇത്ര നിസ്സാരമായി സംസാരിക്കാന്‍ അയാളെ പ്രാപ്തനാക്കുന്നത്. അതിന്‍റെ മറ്റൊരു മുഖമാണ് ഈ യാത്രയിലുടനീളം കണ്ടതും!!

       ചിന്തയില്‍ നിന്ന് പെട്ടന്നുണര്‍ന്നത് തമ്പി അളിയന്‍ പറഞ്ഞു.

       വണ്ടാനം അടുക്കാറായി

       അമ്മാവന്‍ എഴുനേറ്റ് നേരെ വാതിലിന് അടുത്തേക്ക് പോയി.

       വണ്ടാനം സ്റ്റോപ്പിനു വാരകള്‍ മാത്രം അകലെ വണ്ടി എത്തിയപ്പോള്‍ അമ്മാവന്‍ തമ്പി അളിയനോടായി വിളിച്ചു പറഞ്ഞു.

       അവന്‍ വന്നുനിപ്പോണ്ട്...

       ഫോണില്‍ക്കൂടി അമ്മാവന്‍ നല്‍കിയ വിവരണങ്ങളുടെ ആകെത്തുക തമ്പി അളിയന്‍ ഉള്‍പ്പടെയുള്ള ആ ബസ്സിലെ എല്ലാ യാത്രക്കാരിലും ഓടിയെത്തി. ആ വിശേഷണങ്ങളുടെ ആള്‍രൂപത്തെ കാണാന്‍ ആ ബസ്സിലെ എല്ലാ കണ്ണുകളും ഒരു നിമിഷം ആ ചെരുപ്പക്കാരനില്‍ കേന്ത്രീകരിച്ചു...

       കുറെരസ്സകരവും ഒപ്പം വേദനയും തന്ന അമ്മാവനോടൊപ്പമുള്ള യാത്ര അയവിറക്കി നില്‍ക്കവേ തമ്പി അളിയനുമായുള്ള ബസ്സില്‍ ഡബിള്‍ ബെല്‍ കേട്ടു.

       വണ്ടി നീങ്ങിത്തുടങ്ങി; തമ്പി അളിയന്‍ താന്‍ ഇരുന്ന സീറ്റില്‍നിന്നും അല്‍പ്പം ഉയര്‍ന്നു നിന്ന് തിരിഞ്ഞു നോക്കി. ആ മനുഷ്യന്‍ മെഡിക്കല്‍ കോളേജ് കവാടത്തിലേക്ക് നടന്നു നീങ്ങികൊണ്ടിരിക്കുന്നു....




[Rajesh Puliyanethu
 Advocate, Haripad]