Saturday, 8 November 2025

ഗണഗീതത്തിൽ അസ്വസ്ഥത ആർക്ക്??

 ✍️ Rajesh Puliyanethu ദേശീയ ഗാനമായ 'ജനഗണമനയും' ദേശീയ ഗീതമായ 'വന്ദേ മാതരവും' അടിസ്ഥാനപരമായി ദേശഭക്തി ഗാനങ്ങളാണ്.... ഭാരതത്തിൽ അനേകം ദേശ ഭക്തിഗാനങ്ങൾ രചിക്കപ്പെട്ടിട്ടുണ്ട്... എന്നാൽ മഹത്തായ ഈ സ്ഥാനങ്ങൾ മറ്റ് ദേശഭക്തി ഗാനങ്ങൾക്ക് ലഭിച്ചിട്ടില്ല എന്നു മാത്രം.... എല്ലാ ദേശഭക്തി ഗാനങ്ങളുടെയും ഉദ്ദേശം ഭാരതത്തെ അഭിമാനത്തോടെയും, ആദരവോടെയും, സ്നേഹത്തോടെയും, ഉർത്തിക്കാട്ടുക എന്നതാണ്... 

     ഏതെങ്കിലും ഒരു പ്രത്യേക സംഘടന ഒരു ഗീതത്തെ അവരുടെ ഔദ്യോഗിക പരിപാടികളിൽ നിരന്തരമായി ഉപയോഗിക്കുന്നു എന്നു കരുതി ആ ഗീതം അനഭിമതമാകുന്നത് എങ്ങനെയാണ്!!! ??

     ആ ഗീതം ഏതെങ്കിലും ഒരു സംഘടനയ്ക്ക് വേണ്ടി രചിച്ചതാണെങ്കിൽ കൂടി ആ ഗീതത്തിൽ വിമർശനാത്മകമായ വരികൾ ഒന്നും തന്നെയില്ല എങ്കിൽ ആ ഗീതത്തെ എങ്ങനെ അകറ്റി നിറുത്താൻ കഴിയും?

     വന്ദേ ഭരത് ട്രെയിനിൽ RSS അവരുടെ പരിപാടികളിൽ തുടർച്ചയായി ഉപയോഗിക്കാനുള്ള ""പരമ പവിത്രമതാമീ മണ്ണിൽ ഭാരതാംബയെ പൂജിക്കാൻ"" എന്ന ഗാനം സ്കൂൾ വിദ്യാർത്ഥികൾ ആലപിച്ചു എന്നതാണ് ഇന്നത്തെ വിവാദ കാരണം... അത് തെറ്റായിപ്പോയി എന്നുപറയുന്നവർക്ക്  'അവരുടെ സ്വന്തം രാഷ്ട്രീയ താല്പര്യങ്ങൾക്ക് ഇഷ്ടമല്ല' എന്നതിനപ്പുറം എന്ത് ന്യൂനതയാണ് ചൂണ്ടിക്കാട്ടാനുള്ളത്?? ഈ ഗീതം എവിടെയെങ്കിലും പാടുന്നതിന് നിയമപരമായ വിലക്കുകൾ ഉണ്ടോ?? ദേശീയ ഗാനവും, ദേശീയ ഗീതവും അല്ലാതെ മറ്റൊരു ഗാനവും പൊതുവിടങ്ങളിലോ, നികുതിപ്പണം വിനിയോഗിച്ച് സ്ഥാപിതമായ ഇടങ്ങളിലോ ആലപിക്കാൻ പാടില്ല എന്ന നിയമം നിലനിൽക്കുന്നുണ്ടോ?? നിയമം നിലനിൽക്കുന്നില്ല എങ്കിൽ പോലും ആ പാട്ടിലെ വരികൾക്കിടയിൽ സമൂഹത്തിനെ തെറ്റിദ്ധരിപ്പിക്കുന്നതോ, തലമുറകളെ വഴിതെറ്റിക്കുന്നതോ ആയ എന്തെങ്കിലും ഉണ്ടോ??  അപ്രകാരമുള്ള ഒന്നും തന്നെ ഇല്ല എന്നിരിക്കെ ഈ ഗാനം നിഷിദ്ധമാകുന്നത്  നിങ്ങളുടെ തീട്ടൂരം എന്നതിനപ്പുറം മറ്റെന്താണ്??

     'ഗണഗീതം' എന്നാൽ ആളുകൾ ഒത്തുചേർന്ന് പാടുന്നത് എന്ന അർത്ഥമാണുള്ളത്... ഏതു ദേശഭക്തിഗാനവും/ഗാനവും ആളുകൾ ഒത്തുചേർന്ന് പാടിയാൽ അത് ഗണഗീതമാണ്... ദേശഭക്തിഗാനം അടച്ചിട്ട മുറികൾക്കുള്ളിൽ ആലപിക്കാനുള്ളതല്ല... ഭാരതമെന്ന ആവേശത്തെ ഉയർത്തുന്നതിനും ഒപ്പം ഈ രാജ്യത്തിനോടുള്ള ഭക്തിയും, കർത്തവ്യ ബോധവും വളർത്തുവാൻ വേണ്ടിയാണ് ദേശഭക്തിഗാനങ്ങൾ രചിക്കപ്പെട്ടിട്ടുള്ളത്... ആ ഗാനങ്ങൾ ഈ രാജ്യത്തിൻറെ ഓരോ മുക്കിലും മൂലയിലും ഉറക്കെ ഉറക്കെ ആലപിക്കപ്പെടും... കുരിശു കണ്ട ചെകുത്താനെപ്പോലെ ഈ ദേശത്തിനും, ദേശത്തിൻറെ ശക്തിയായ ദേശീയതയ്ക്കും എതിരെ യുദ്ധം ചെയ്യുന്നവർക്ക് ഇത്തരം ദേശഭക്തിഗാനങ്ങൾ അലോസരതയുണ്ടാക്കും എന്ന കാര്യത്തിൽ യാതൊരു അതിശയവുമില്ല... സംഘപരിവാറിന്റെ പേര് പറഞ്ഞ് ഇക്കൂട്ടർ യഥാർത്ഥത്തിൽ ദേശത്തിനും, ദേശീയതയ്ക്കും എതിരെയാണ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്... രാഷ്ട്രീയ സ്വയം സേവക സംഘം പോലെ കഴിവും, പഴക്കവും, അധികാരവും, ആത്മാഭിമാനവും, കരുത്തും, ഉറച്ച നിലപാടുകളും ഉള്ള ഒരു സംഘടന നിങ്ങളുടെ തീട്ടൂരങ്ങൾക്ക് കഴഞ്ചം വില വെച്ച് തരുമെന്ന് കരുതുന്നുണ്ടോ??

     ഭാരതാംബയെ പൂജിക്കാൻ പുണ്യവാഹിനി സേചന മേൽക്കും പൂങ്കാവനങ്ങളുണ്ട് എന്നു പറയുന്നതും, അടിമുടി സേവന സന്നദ്ധതയോടെ ഇലയും, പൂവും, മൊട്ടുകളും ഇറുത്തർപ്പിക്കാൻ തയ്യാറായവർ തഴച്ചു വളരുന്നുണ്ട് എന്ന് കേൾക്കുന്നതും നിങ്ങളെ ദേഷ്യം പിടിപ്പിക്കുന്നതാകാം...

     ഭഗത് സിംഹനും,  ഝാൻസിയും ഭേരി മുഴക്കുന്ന,, ശ്രീനാരായണ ഗുരുവും അരവിന്ദ മഹർഷിയും ശ്രീകോവികൾ തുറക്കുന്ന,, ശ്രീരാമകൃഷ്ണ പരമഹംസരും, തുളസീദാസും നിവേദ്യമർപ്പിക്കുന്ന,, സ്വാമി വിവേകാനന്ദൻ ബലിഹവ്യം തൂകുന്നതെന്ന് വർണ്ണിക്കുന്ന വരികൾ നിങ്ങളെ അസ്വസ്ഥമാക്കുന്നുണ്ടാകാം... അല്ലെങ്കിൽ ഈ മഹാ വ്യക്തിത്വങ്ങൾ നിങ്ങളുടെ വിധ്വംസകവഴികളിലെ മൈനാകങ്ങൾ ആകുന്നുണ്ടാകാം...

     ഈ മഹാത്മാക്കളുടെ ശ്രീ പീഠത്തിൽ ആദ്യ കർമ്മമായ നിർമാല്യം തൊട്ടുണരുന്ന ഒരു ജീവ മുകുളം പോലും വാടി കൊഴിഞ്ഞു പോകില്ല എന്ന ആത്മവിശ്വാസവും, ഈ മഹാത്മാക്കളുടെ ചിന്താമാരുതനേൽക്കാൻ അഖില ജനങ്ങളെയും ക്ഷണിക്കുന്നതും, ഇവിടെയാണ് ഭാരതം ഉണരുന്നത് എന്ന് ഉത്ഘോഷിക്കുന്നതും നിങ്ങളെ വെറളി പിടിപ്പിക്കുന്നുണ്ടാകാം...

     ഈ ഗാനം നിങ്ങളെ ഈ വിധമൊക്കെ അസ്വസ്ഥമാക്കുന്നുവെങ്കിൽ അത് ഈ ഗാനത്തിൽ അടങ്ങിയിരിക്കുന്ന ഊർജത്തെയാണ് അടയാളപ്പെടുത്തുന്നത്... അത്രയധികം ഊർജ്ജം ഉൾക്കൊള്ളുന്ന ഒരു സംഘടന ഹൃദയത്തിൽ തൊട്ട് ആലപിക്കുന്നതു കൊണ്ടാകാം അത് സാദ്ധ്യമായതും.... അണപൊട്ടി ഒഴുകുന്ന ജലത്തെ കീറ് വാഴയില കൊണ്ട് തടയാൻ ശ്രമിക്കുന്നതു പോലെയാണ് നിങ്ങൾ ഈ ഗാനത്തെ പ്രതിരോധിക്കാൻ ശ്രമിക്കുന്നത്... പാഴ്ശ്രമത്തിനും അഭിവാദ്യങ്ങൾ...


വന്ദേമാതരം

ഭാരത് മാതാ കീ ജയ്


[Rajesh Puliyanethu 

 Advocate, Haripad]