✍️Adv. Rajesh Puliyanethu
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബിഗ് ബോസ് എന്ന ടെലിവിഷൻ പ്രോഗ്രാമിലെ ഒരു സംഭവം വളരെയധികം ചർച്ചയായി കാണുന്നു... പ്രോഗ്രാമിലെ സംഭവ വികാസങ്ങൾ എന്താണെന്ന് വലിയ ധാരണയിലെങ്കിലും വിഷയം പൊതുരംഗത്തേക്ക് വികസിച്ചിരിക്കുന്നത് സ്വവർഗ്ഗാനുരാഗികളെ സമൂഹം ഏതുവിധത്തിൽ സ്വീകരിക്കുന്നു എന്നത് സംബന്ധിച്ചാണ് എന്ന് മനസ്സിലാക്കാൻ കഴിയുന്നു... ഒരു ടെലിവിഷൻ പ്രോഗ്രാമിന്റെ പ്രാധാന്യത്തിനപ്പുറം ഈ വിഷയം സമൂഹത്തിൽ പ്രസക്തമായതുകൊണ്ട് ആ വിഷയം മാത്രം പ്രോഗ്രാമിന് പുറത്തേക്ക് എടുത്ത് നമ്മൾ സംസാരിക്കേണ്ടതുണ്ട്...
സ്വവർഗ അനുരാഗികൾക്കിടയിലെ ബന്ധം ചർച്ച ചെയ്യുമ്പോൾ ഒരിക്കലും Platonic Love ന് അവിടെ പ്രാധാന്യമില്ല... Romantic Love ന് മാത്രമാണ് അവിടെ പ്രസക്തമായി നിൽക്കാൻ കഴിയുന്നത്... അതുകൊണ്ടു തന്നെ ഈ വിഷയം തികച്ചും ലൈംഗികതയിൽ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്... അതുകൊണ്ടുതന്നെയാണ് സമൂഹം ഈ വിഷയത്തെ 'പ്രത്യേക' താല്പര്യത്തോടെ സമീപിക്കുന്നതിനും കാരണം... രാഷ്ട്രീയമൊ, സാമൂഹീകമൊ ആയ വിഷയങ്ങളിൽ 'ലൈംഗികത' കടന്നു കൂടുമ്പോൾ അത് എത്രത്തോളം വലിയ ഒരു ചർച്ചാവിഷയമായി മാറുന്നു എന്നത് കാലങ്ങളായി നമ്മൾ കണ്ടു വരുന്നതാണ്!?
ഒരു വ്യക്തി ലൈംഗികമായി ആകർഷിക്കപ്പെടേണ്ടത് എതിർ ലിംഗത്തോട് മാത്രമാണെന്നതാണ് പ്രകൃതി നിയമം എന്നാണ് ചിലരുടെ ഭാഷ്യം... എതിൽ ലിംഗങ്ങൾക്കിടയിൽ ഉണ്ടാകുന്ന ലൈംഗികതയിൽ മാത്രമാണ് സന്താനോൽപാദനം സാധ്യമാകുന്നതെന്നും അതിനാൽ ഈ രീതി മാത്രമാണ് പ്രകൃതി കൽപ്പിച്ചു തരുന്നത് എന്നും സമർത്ഥിക്കപ്പെടുന്നു... ഈ വാദത്തിന്റെ അടിസ്ഥാനത്തിലാണ് സമാന ലിംഗങ്ങൾക്കിടയിലുള്ള ബന്ധത്തിന് 'പ്രകൃതിവിരുദ്ധ ബന്ധം' എന്ന ഒരു പേരു പോലും വീണു പോയത്... എന്നാൽ എതിർ ലിംഗങ്ങൾക്കിടയിൽ ഉണ്ടാകുന്ന ലൈംഗികത 'പ്രകൃതി നിയമം' എന്നതിലുപരി 'ഭൂരിപക്ഷ നിയമം' എന്ന പേരിട്ടു വിളിക്കണം എന്നാണ് എൻറെ പക്ഷം...
ഈ സമൂഹത്തിലെ ഇന്നുവരെയുള്ള മനുഷ്യരിൽ 95% ആൾക്കാരും വിപരീത ലിംഗ അനുരാഗികളാണ്... (Hetero Sexual). ഈ ഭൂരിപക്ഷം വരുന്ന ആൾക്കാരുടെ കാലാകാലങ്ങളായ ലൈംഗിക തൃഷ്ണക്ക് വിപരീതമായി കണ്ട സ്വവർഗ അനുരാഗികളായ വളരെ വളരെ ചെറിയ സമൂഹത്തിൽപ്പെട്ട ആൾക്കാരെ മോശപ്പെട്ടവരും വെറുക്കപ്പെട്ടവരുമായി ഭൂരിപക്ഷ സമൂഹം ചിത്രീകരിച്ചു എന്നതാണ് വാസ്തവം... സ്വവർഗ്ഗാനുരാഗത്തെ വെറുക്കപ്പെടേണ്ടത് എന്നു പറയാൻ വിപരീത ലിംഗ അനുരാഗികൾക്ക് മറ്റെന്തു കാരണമാണുള്ളത്!!? "ഇത് തങ്ങളുടെ താല്പര്യ പ്രകാരമുള്ളതല്ല" എന്നതിനപ്പുറം!!?
ലൈംഗികതയിൽ അടിസ്ഥാനപ്പെടുത്തിയുള്ള പ്രണയം (Romantic Love) എതിൽ ലിംഗത്തിനോട് മാത്രം തോന്നേണ്ടതാണ് എന്ന് പറയുന്നതിൽ ന്യായം മറ്റെന്താണുള്ളത്?? മതങ്ങൾ പറയുന്നു ന്യായങ്ങൾക്കപ്പുറം?? സ്വലിംഗത്തിൽപ്പെട്ട മറ്റൊരു വ്യക്തിയോട് റൊമാൻറിക് ലവ് തോന്നുകയും രണ്ടാമത്തെ വ്യക്തി അതിനെ അംഗീകരിക്കുകയും ആ രണ്ടു പേരും തങ്ങളുടെ താൽപര്യങ്ങൾക്ക് അനുസൃതമായ ഒരു ജീവിതം നയിക്കാൻ തയ്യാറെടുക്കുകയും ചെയ്യുമ്പോൾ അതിനെ സാമൂഹ്യ വിരുദ്ധമെന്നും, നിയമ വിരുദ്ധമെന്നും വ്യാഖ്യാനിക്കേണ്ട ആവശ്യകത എന്താണ്?? അത് രണ്ടു വ്യക്തികൾക്കിടയിലുള്ള സ്വകാര്യമായ താല്പര്യം മാത്രമായി കാണുകയല്ലേ വേണ്ടത്?? അതിനിടയിലേക്ക് വ്യക്തിക്കോ സമൂഹത്തിനോ മാത്രമല്ല, നിയമത്തിനു പോലും കടന്നു ചെല്ലാൻ അവകാശമില്ല എന്നാണ് കാണേണ്ടത്... സ്വലിംഗത്തിൽപ്പെട്ട അനുരാഗ ബദ്ധരായ രണ്ടു പേരോട് "നിങ്ങൾ എതിർലിംഗത്തിൽ പെട്ടവരോട് പോയി അനുരാഗ ബദ്ധരാകൂ,, അല്ലെങ്കിൽ നിങ്ങളുടെ അനുരാഗത്തെ ഉപേക്ഷിക്കുക" എന്ന് കൽപ്പിക്കാൻ നീതിബോധമുള്ള ഒരു സമൂഹത്തിന് എങ്ങനെയാണ് കഴിയുന്നത്!?
ഏകദേശം 14 വർഷങ്ങൾക്ക് മുൻപ് എൻറെ ഓഫീസിൽ രണ്ടു വനിതകളായ കക്ഷികൾ വരുമായിരുന്നു... അവർ സ്വവർഗ്ഗാനുരാഗികൾ ആണെന്നുള്ളത് അവർ തന്നെ സമ്മതിക്കുന്ന കാര്യമായിരുന്നു... സമൂഹത്തിനു മുൻപിലും അവർ അധികമൊന്നും മറച്ചുവെക്കാൻ ശ്രമിച്ചിരുന്നതായി തോന്നിയിട്ടില്ല... എൻറെ ഓഫീസിൽ വരുന്ന കാലത്ത് അവർക്ക് 25 വയസ്സിൽ താഴെയാണ് പ്രായം... ആ പ്രായത്തിനുള്ളിൽ തന്നെ അവർ ഇരുവരും വീട്ടുകാരുടെ സമ്മർദ്ദ പ്രകാരം വിവാഹിതരാവുകയും ആ വിവാഹ ബന്ധങ്ങൾ ഇരുവരും വേർപെടുത്തുകയും ചെയ്തിരുന്നു... കുടുംബ കോടതിയിലെ വിഷയങ്ങളാണ് അവരെ എൻറെ ഓഫീസിൽ എത്തിച്ചത്... ഈ രണ്ടു വനിതകൾക്കും അവർ ഒത്തുചേർന്നുള്ള ജീവിതമാണ് ഏറ്റവും സന്തോഷം നൽകുന്നത്... വീട്ടുകാരുടെ നിർബന്ധപ്രകാരമുള്ള വിവാഹ ബന്ധങ്ങളിൽ നിന്ന് അവർ പുറത്തുവന്ന് സ്വന്തം താല്പര്യങ്ങൾക്ക് അനുസരിച്ച് ജീവിക്കുന്നു... അവരുടെ താൽപര്യങ്ങൾക്കു വിരുദ്ധമായി നിർബന്ധപൂർവ്വം അവരെ വിവാഹബന്ധത്തിൽ എത്തിച്ചതുകൊണ്ട് സമൂഹത്തിനോ, വീട്ടുകാർക്കോ, അവരെ വിവാഹം കഴിച്ചവർക്കോ, ഈ വനിതകൾക്ക് തന്നെയൊ എന്തു മേന്മയാണ് ഉണ്ടായത്?? ഒരു അളവുകോൽ ലഭ്യമാണെങ്കിൽ കുറേയധികം കോട്ടങ്ങൾ അളന്നെടുക്കാൻ കഴിയും എന്നു മാത്രം... ഈ വനിതകളുടെ ജീവിതത്തിനും സന്തോഷത്തിനും ഇടയിലേക്ക് 'കടന്നു കയറി' സദാചാരം പുലമ്പാൻ മൂന്നാമതൊരുവന് എന്ത് അധികാര അവകാശങ്ങളാണുള്ളത്??
ഇന്ത്യ മഹാരാജ്യത്ത് ഭരണഘടന അവകാശങ്ങൾ വിഭജിച്ചു നൽകുന്നത് പൗരന്മാർക്കാണ്... സ്ത്രീക്കോ, പുരുഷനോ, ട്രാൻസ്ജെൻഡറിനൊ എന്ന വേർതിരിവിന് യാതൊരു പ്രസക്തിയുമില്ല... പൗരനാണ് പ്രസക്തി... ഭരണഘടന അനുവദിച്ചു നൽകുന്ന അവകാശങ്ങളെയും സ്വാതന്ത്ര്യത്തെയും അതിൻ്റെ മഹത്വത്തെ ഉൾക്കൊണ്ടു തന്നെ നടപ്പിലാക്കിയാൽ, സ്വവർഗാനുരാഗികൾക്കിടയിലുള്ള വിവാഹം ഒരു നിയമനിർമാണം നടത്തി നിയമ ബലത്തോടെ തന്നെ സാധ്യമാക്കണം... 'ദ്വിലിംഗാനുരാഗിയുടെ താല്പര്യത്തിനനുസരിച്ച് സ്വവർഗ്ഗാനുരാഗി ജീവിച്ചു കൊള്ളണം' എന്ന തീട്ടൂരം ഭാരതം പോലെ ഒരു വലിയ ജനാധിപത്യ രാജ്യത്തിന് ഭൂഷണമല്ല...
സ്വവർഗ്ഗാനുരാഗം ഒരു 'ജനിതക വൈകല്യമായി' ചിത്രീകരിച്ചു തുടങ്ങുന്നിടത്താണ് ദോഷ ചിന്തകൾ ആരംഭിക്കുന്നത്... വ്യത്യസ്തങ്ങളായ ജനിതക അവസ്ഥകളായി ദ്വിലിംഗാനുരാഗത്തേയും, സ്വവർഗ്ഗാനുരാഗത്തെയും കണ്ടു തുടങ്ങിയാൽ സ്വവർഗ്ഗാനുരാഗികൾ സമൂഹത്തിന്റെ ദോഷങ്ങൾ ആണെന്നുള്ള ചിന്തയ്ക്ക് മാറ്റങ്ങൾ വന്നു തുടങ്ങും... സ്വവർഗ്ഗാനുരാഗികൾക്ക് ചിന്തിച്ചോ, സ്വയം പരിവർത്തനം സംഭവിപ്പിച്ചോ ദ്വിലിംഗാനുരാഗികൾ ആകുന്നതിനൊ, ദ്വിലിംഗാനുരാഗികൾക്ക് ചിന്തിച്ചോ സ്വയം പരിവർത്തനം സംഭവിപ്പിച്ച് സ്വവർഗ അനുരാഗികൾ ആകാനോ സാധ്യമല്ല... തുല്യ പരിഗണന നൽകേണ്ട രണ്ടു താല്പര്യക്കാർ എന്ന് മാത്രം ചിന്തിക്കുകയും,, മറ്റൊരുവന്റെ സ്വകാര്യതയിലേക്ക് ചുഴിഞ്ഞു നോക്കുന്നതിനുള്ള താല്പര്യം നിയന്ത്രിക്കുകയും,, തൻറെ ഇഷ്ടങ്ങൾക്കും, താല്പര്യങ്ങൾക്കും, സുഖങ്ങൾക്കും ഒപ്പം തന്നെ മറ്റൊരുവന്റെ ഈ വക വികാരങ്ങൾക്ക് എല്ലാം പ്രാധാന്യമുണ്ടെന്നും ചിന്തിച്ചു തുടങ്ങിയാൽ പൊതുസമൂഹത്തിടയിലെ ഈ വക ചർച്ചകൾ തന്നെ അസ്തമിക്കുന്നതായിരിക്കും...
[Rajesh Puliyanethu
Advance, Haripad]