Wednesday 9 October 2013

ഹരിപ്പാട് ബോയ്സ് ഹൈസ്കൂൾ ഗ്രൌണ്ട് സംരക്ഷണം; ഒരു സാമൂഹിക ആവശ്യകത...!!!

       ഒരു പ്രദേശത്തെക്കുറിച്ച് ഓർമ്മപ്പെടുത്തുംപോൾത്തന്നെ ഒരുവന്റെ മനസ്സിലേക്ക് ആ പ്രദേശത്തിന്റെ തനതായ ചില പ്രത്യേകതകൾ കടന്നു വരും.. അത് ആ പ്രദേശത്തിന്റെ ചരിത്രപരമായ പ്രാധാന്യത്തിൽ, ഒരു പ്രത്യേക സംഭവത്തിനു വേദിയായി എന്ന നിലയിൽ, ചില പ്രശസ്തമായതും പ്രാധാന്യമർഹിക്കുന്നതുമായ സ്മാരകങ്ങൾ, സ്ഥാപനങ്ങൾ എന്നിവ നിലനിൽക്കുനതിന്റെ പേരിൽ, ചില മഹത് വ്യക്തികൾക്ക് ജന്മം നൽകിയിടം എന്നാ പേരിൽ  അങ്ങനെ പലതിന്റെയും പേരിലാണ് ഒരു ദേശം മഹത്തരമാകുന്നതും, പ്രശസ്തമാകുന്നതും..ഒരു ദേശം ഉൾക്കൊള്ളുന്ന ഇത്തരം ചില പ്രാധാന്യങ്ങൾ ആ പ്രദേശത്തിന്റെ അസ്തിത്വവും, ആ നാട്ടുകാരുടെ അഭിമാനവുമാണ്.. സംഭവങ്ങളുടെയും, സ്ഥാപനങ്ങളുടെയും പ്രാധാന്യവും പ്രശസ്തിയും അതിലെ ഏറ്റക്കുറച്ചിലുകളും പലയിടങ്ങളിൽ പലതായിരിക്കുമെങ്കിലും തന്റെ ദേശത്തെ സ്നേഹിക്കുകയും, അതിന്റെ പ്രത്യേകതകളിൽ അഭിമാനിക്കുകയും ചെയ്യുന്നവർക്ക് വിലമതിക്കാൻ കഴിയാത്ത വൈകാരിക മുഖങ്ങളാണ് ഇത്തരം കാലത്തിന്റെ ശേഷിപ്പുകൾ..

       മയൂര സന്ദേശത്തിന്റെ നാടായ ഹരിപ്പാടിനും ഇവിടുത്തെ നാട്ടുകാർക്കും ഉണ്ട്; വൈകാരികമായ ചില ബന്ധങ്ങൾ!! സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, ചരിത്രമുറങ്ങുന്ന കൊട്ടാരങ്ങൾ, പായിപ്പാട് വള്ളം കളി, ആരാധനാലയങ്ങൾ, ആചാരങ്ങൾ, ചടങ്ങുകൾ അങ്ങനെ നീളുന്നു അവ,, ഈ ശ്രേണിയിൽ ഏറ്റവും പ്രധാനപ്പെട്ട രണ്ടു സ്ഥാപനങ്ങൾ ഉണ്ട്.. ഹരിപ്പടിന്റെ തലമുറകളെ അക്ഷരം പഠിപ്പിച്ച രണ്ടു സ്കൂളുകൾ.. ഹരിപ്പാട് ഗവ: ബോയ്സ് ഹൈസ്കൂൾ, ഹരിപ്പാട് ഗേൾസ്‌ ഹൈസ്കൂൾ എന്നിവ..അതിൽ ഹരിപ്പാടിന്റെ തലമുറകളെ കായികമായിക്കൂടി പ്രാപ്തരാക്കി എന്ന പ്രശംസ ഹരിപ്പാട് ഗവ: ബോയ്സ് ഹൈസ്കൂളിന് അർഹമായതാണ്.. അനവധി ഉന്നത വിജയങ്ങൾ കരസ്ഥമാക്കുകയും പല പ്രതിഭകളെയും രാജ്യത്തിന്‌ സംഭാവനചെയ്യുകയും ചെയ്ത ഈ സ്ഥാപനങ്ങൾ ഇന്ന് അതീവ ജീർണ്ണതയിലേക്കാണ് സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്.. അധികാരികളുടെ കേടുകാര്യസ്തതയിലും, അലംഭാവത്തിലും തുടങ്ങി വ്യക്തിതാല്പ്പര്യങ്ങളും, മുതലെടുപ്പുകളും, ലാഭേശ്ച്യയും എല്ലാം ഇത്തരം ജീർണ്ണതകൾക്ക് കാരണമായിട്ടുണ്ട്..

       അവഗണിച്ചു നശിപ്പിക്കുക എന്നതിൽ തുടങ്ങി തല്ലിത്തകർക്കുക എന്നതിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്‌ എന്ന് തോന്നുന്നു.. ടൌണ്‍ ഹാൾ - എഴിക്കകത്ത് ജങ്ങ്ഷൻ റോഡിനെ നാഷണൽ ഹൈവേയുമായി ബന്ധിപ്പിക്കുന്ന ഒരു റോഡ്‌ ഹരിപ്പാട് ഗവ: ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽക്കൂടി നിര്മ്മിക്കുക എന്താണ് ഹരിപ്പാടിന്റെ വികസ്സനത്തിനായി കണ്ടെത്തിയിരിക്കുന്ന പുതിയ മാർഗ്ഗം.. ഒരു സുരേഷ് ഗോപി ചിത്രത്തിലെ ഡയലൊഗ് കടമെടുത്തു പറഞ്ഞാൽ- വികസ്സനമെന്ന് പറയുന്നതാണെല്ലോ ജനങ്ങളുടെ കണ്ണിൽ പോടിയിടാനുള്ള ഏറ്റവും എളുപ്പമുള്ള മാർഗ്ഗം!! ഹരിപ്പടിന്റെ ട്രാഫിക് ബ്ലോക്കിന് ശാശ്വത പരിഹാരം എന്നതാണ് പ്രഖ്യാപനം.. എന്നാൽ ചില വ്യക്തികളുടെ മാത്രം താല്പ്പര്യങ്ങളെയും, ചില വാക്ദാനങ്ങളുടെയും പൂർത്തീകരണത്തിനാണ് യാതൊരു മനസാക്ഷിക്കും നിരക്കാത്ത ഈ പ്രവർത്തനം എന്ന് സ്പഷ്ട്ടം..  

       നിലവിലെ ഹരിപ്പാട് ഗവ: ബോയ്സ് ഹൈസ്കൂൾ ഗ്രൌണ്ടിന്റെ കിഴക്കെ അതിരിൽക്കൂടിയായിരിക്കും പ്രസ്തുത റോഡ്‌ കടന്നു പോകുന്നതെന്നാണ് ടി തീരുമാനം കൈക്കൊണ്ട കാർത്തികപ്പള്ളി താലൂക്ക് വികസ്സനസമിതിയുടെ വിശദീകരണം.. എന്നാൽ അതുതന്നെ എതിർപ്പുകൾ കുറക്കാനുള്ള അടവായി മാത്രമേ കാണാൻ കഴിയൂ..   ടൌണ്‍ ഹാൾ - എഴിക്കകത്ത് ജങ്ങ്ഷൻ റോഡിൽ നിന്നും ആരംഭിച്ച്  ഗ്രൌണ്ടിന്റെ വടക്ക് വശം എത്തി നില്ക്കുന്ന റോഡ്‌  ഗ്രൌണ്ടിന്റെ കിഴക്കെ അതിരിൽ നിന്നും ഏകദേശം 10 മീറ്റർ പടിഞ്ഞാറോട്ട് മാറിയാണ് നിലകൊള്ളുന്നത്.. ആ റോഡ്‌ ഹൈവേയുമായി ബന്ധിപ്പിക്കുമ്പോൾ ടി റോഡിന്റെ തുടർച്ചയായി മാത്രമേ സാധ്യമാകുകയുള്ളു... അങ്ങനെ വന്നാൽ നിലവിലെ  ഗ്രൌണ്ട് കിഴക്കേഅതിർത്തിയിൽ നിന്നും പ്രസ്തുത റോഡിന്റെ വീതിസഹിതം 12  മീറ്റർ കുറവ് വരുന്നതാണ്.. നിലവിലെ  ഗ്രൌണ്ടിന് തന്നെ 70 മീറ്ററിൽ താഴെമാത്രമേ വീതിയുള്ളൂ.. ഒരു സ്റ്റാൻഡേർഡ് ഗ്രൌണ്ടിന്റെ വീതി 140 മീറ്റർ വേണമെന്നിരിക്കെ  ഗ്രൌണ്ട് നിലവിൽത്തന്നെ അനുഭവിക്കുന്ന സ്ഥലപരിമിതി വ്യക്തമാണ്..  ഗ്രൌണ്ടിന്റെ കിഴക്കേ അതിർത്തിയിൽക്കൂടി മാത്രമാണ് റോഡ്‌ കടന്നുപോകുന്നതെന്ന കാർത്തികപ്പള്ളി താലൂക്ക് വികസ്സനസമിതിയുടെ കണ്ണിൽ പൊടിയിടാനുള്ള വാദം അങ്ങീകരിച്ചാൽ; അതുതന്നെ  ഗ്രൌണ്ടിനെ നശിപ്പിക്കുന്നതാണ്.. 

       . ടൌണ്‍ ഹാൾ - എഴിക്കകത്ത് ജങ്ങ്ഷൻ റോഡിനെ നാഷണൽ ഹൈവേയുമായി ബന്ധിപ്പിക്കുന്ന ഒരു റോഡ്‌ ഹരിപ്പാട്ട് അനിവാര്യമാണ് എന്നുതന്നെ കരുതുക.. ഹരിപ്പാടിന്റെ ഒരു ഐഡെൻടിറ്റിയായ  ഗവ: ബോയ്സ് ഹൈസ്കൂൾ ഗ്രൌണ്ടിനെ നശിപ്പിച്ചുകൊണ്ട് തന്നെ അത് നടപ്പിലാക്കണമെന്ന് എന്താണ് നിര്ബന്ധം?? നിലവിൽത്തന്നെ ടൌണ്‍ ഹാൾ - എഴിക്കകത്ത് ജങ്ങ്ഷൻ റോഡിൽ നിന്നും ആരംഭിച്ച്  ഗ്രൌണ്ടിന്റെ വടക്ക് വശം എത്തി നില്ക്കുന്ന റോഡ്‌ കിഴക്കോട്ട്തിരിഞ്ഞ്  ഹൈവേയിലേക്ക് ബന്ധപ്പെടുന്നുണ്ട്.. ടി റോഡ്‌ വികസിപ്പിച്ച് ഗതാഗതത്തിന് ഉപയുക്തമാക്കിയാൽ താലൂക്ക് ആഫീസ്, പോലീസ് സ്റ്റേഷൻ തുടങ്ങിയിടങ്ങളിൽ എത്തുന്നവർക്കും വളരെ അധികം പ്രയോജനകരമായിരിക്കും.. അത് ഹരിപ്പാട്ട്‌ ഭാവിയിൽ വരാനിരിക്കുന്ന റെവന്യൂ ടവറിനും പ്രയോജനകരമാകുന്നതാണ്.. വസ്തുതകൾ ഇങ്ങനെയിരിക്കെ ഗ്രൌണ്ടിൽക്കൂടിയുള്ള റോഡ്‌ നിർമ്മാണപദ്ധതി ദുരൂഹവും സ്വാർഥതാല്പ്പര്യങ്ങളെമാത്രം മുൻനിർത്തിയുള്ളതാണെന്നും കാണാവുന്നതുമാണ്.. 

       ഹരിപ്പാട്‌ ബോയ്സ് ഹൈസ്കൂൾ ഗ്രൌണ്ടിന് പ്രത്യേകതകൾ പലതാണ്.. ഇത് സർക്കാർ ഉടമസ്ഥതയിലുള്ള സമീപപ്രദേശത്തിലെ ഏകഗ്രൗണ്ടാണ്.. മറ്റ് സർക്കാർ സ്കൂളുകളിലെ സഹിതം കായിക പരിപാടികൾ അരങ്ങേറുന്നത്  ഹരിപ്പാട്‌ ബോയ്സ് ഹൈസ്കൂൾ ഗ്രൌണ്ടിൽ വെച്ചാണ്.. പഞ്ചായത്ത്- ബ്ലോക്ക് തലങ്ങളിലെ കായിക മത്സ്സരങ്ങളും അരങ്ങേറുന്നതിനുള്ള ഏകവേദിയാണിത്.. ഇവിടെ വർഷങ്ങളായി നടന്നു വരുന്ന ക്രിക്കറ്റ് ടൂർണമെന്റുകൾ നാട്ടിലെ ആയിരക്കണക്കിന് കായികപ്രേമികളുടെ താല്പ്പര്യമാണ്.. ഒളിമ്പ്യൻ അനിലിനെപ്പോലെയുള്ള പ്രതിഭാശാലികളെ രാജ്യത്തിന്‌ ലഭിച്ചതിനുപിന്നിലും ഹരിപ്പാട്‌ ബോയ്സ് ഹൈസ്കൂൾ ഗ്രൌണ്ടിന് വ്യക്തമായ പങ്കുനിർവഹിക്കാൻ കഴിഞ്ഞിരുന്നു എന്നത് ഓരോ ഹരിപ്പാട്ടുകാരനിലും അഭിമാനത്തെ ഉണർത്തുന്നു.. ഹരിപ്പാട്ടുനിന്നോ വളരെ വിസ്തൃതമായ സമീപപ്രദെശത്തുനിന്നൊ കഴിഞ്ഞ അൻപത് വർഷത്തിനിടയിൽ ഒരു കായിക പ്രതിഭ ഉയർന്നു വന്നിട്ടുണ്ടെങ്കിൽ അതിന് പിന്നിൽ  ഹരിപ്പാട്‌ ബോയ്സ് ഹൈസ്കൂൾ ഗ്രൌണ്ട് വ്യക്തമായ പങ്ക് വഹിച്ചിട്ടുണ്ടാകും; നിസ്സംശയം!

        ഹരിപ്പാട്‌ ബോയ്സ് ഹൈസ്കൂൾ ഗ്രൌണ്ട് നശിപ്പിച്ചുകൊണ്ട് ഒരു റോഡ്‌ വരുന്നു എന്ന് കേട്ടപ്പോൾത്തന്നെ വളരെ നിരാശാകരമായ ഒരു വികാരമാണ് ഉണർന്നത്..  ഹരിപ്പാട്‌ ബോയ്സ് ഹൈസ്കൂളിലെ ഒരു പൂർവ്വ വിദ്യാർഥി എന്ന നിലയിലും, ഹരിപ്പാട്‌ ബോയ്സ് ഹൈസ്കൂൾ ഗ്രൌണ്ടിൽ കളിച്ചുവളർന്ന ഒരുവനെന്ന നിലയിലുമാണ് എനിക്കപ്രകാരം അനുഭവപ്പെട്ടതെന്ന് തോന്നി.. പക്ഷെ ടി റോഡിന് എതിരെയുള്ള പ്രചാരവേലകളുമായി പല മുതിർന്ന വ്യക്തികളുമായി സംസ്സാരിക്കേണ്ടി വന്നപ്പോളാണ്; ഈ ഗ്രൌണ്ടുമായി നിലവിൽ യാതൊരുവിധത്തിലും ബന്ധപ്പെട്ടു നിൽക്കാത്ത അവർക്ക് പോലും വൈകാരികമായി അതിനോടുള്ള ബന്ധം മനസ്സിലാക്കാൻ കഴിഞ്ഞത്.. പത്തു പൈസ്സക്കും, ഇരുപത്തി അഞ്ചു പൈസക്കും വരെ കളം വെട്ടിയും, കാർഡു വിറ്റും പണം സമ്പാദിച്ച്  ഗ്രൌണ്ട് അവർ യാഥാർഥയമാക്കിയ കഥകൾ, അതിനൊപ്പം മണ്ണുചുമന്നും നിരത്തിയും തങ്ങളുടെ അധ്വാനവും സമർപ്പിചതിന്റെ ഓർമ്മകൾ; അവരൊക്കെ ശരിക്കും വാചാലരാകുന്നത് കാണാമായിരുന്നു..!! പോതുജനത്തിന്റെ വികാരത്തെയും, നാടിന്റെ താൽപ്പര്യത്തെയും, യുവജനതയുടെ ക്ഷേമത്തെയും ഒന്നും മനസ്സിലാക്കുകയോ തിരിച്ചറിയുവാൻ ശ്രമിക്കുകയോ ചെയ്യാതെ എന്തും നശിപ്പിച്ച് തന്റെ നേട്ടങ്ങൾക്ക്‌ വേണ്ടി മാത്രം പ്രവർത്തിക്കാൻ മടിയില്ലാത്ത രാഷ്ട്രീയ ഭരണ നേതൃത്വങ്ങളെ പഴിക്കുന്നവരും, ശപിക്കുന്നവരും അക്കൂട്ടത്തിലുണ്ടായിരുന്നു... 

       നമ്മുടെ നാട്ടിൽനിന്നും എന്തുകൊണ്ട് കായികപ്രതിഭകൾ ഉയർന്നു വരുന്നില്ല, എന്തുകൊണ്ട് ലോകത്തിൽ ഭാരതം ഒരു നിർണ്ണായക കായികശക്തി ആകുന്നില്ല എന്നൊക്കെ വിലപിക്കാൻ ഇവിടെ രാഷ്ട്രീയക്കാരുണ്ട്.. സ്വന്തം താൽപ്പര്യത്തിനുവേണ്ടിയും നേട്ടങ്ങൾക്ക്‌ വേണ്ടിയും ഇവിടുത്തെ കായികപ്രതിഭാകളുടെ സാദ്ധ്യതകളെ മുളയിലെനുള്ളുന്ന സ്വാർഥമതികൾ തന്നെയാണ് ഈ ദുരവസ്ഥക്ക് പിന്നിൽ.. 

         ഹരിപ്പാട്‌ ബോയ്സ് ഹൈസ്കൂൾ ഗ്രൌണ്ട് നശിപ്പിച്ചുകൊണ്ടുള്ള ഏതു പ്രവർത്തനത്തെയും പരാജയപ്പെടുത്തെണ്ടത് തന്നെയാണ്..    ഹരിപ്പാട്‌ ബോയ്സ് ഹൈസ്കൂൾ ഗ്രൌണ്ട് ഇല്ലാതാകുന്നത് നാടിന്റെ പൊതു നഷ്ടമാണ്.. അപ്രകാരം പ്രവർത്തിക്കുന്നതാരായാലും അവരെ നാടിന്റെ പൊതുശത്രു വായിക്കണ്ട് ഒറ്റപ്പെടുത്തുകയും പരാജയപ്പെടുത്തുകയും ചെയ്യേണ്ടതാണ്.. ഒരു മൈതാനം നിർമ്മിക്കുക എന്നത് നമ്മുടെ ഹരിപ്പാട്ട്‌ അസംഭവ്യമാണ്.. ഉള്ളത് നിലനിർത്തുകയാണ് അഭികാമ്യം.. ഹരിപ്പടിന്റെ സന്തതികളിൽ ഹരിപ്പാട്‌ ബോയ്സ് ഹൈസ്കൂൾ ഗ്രൌണടിൽ ഓടിക്കളിച്ചിട്ടില്ലാത്ത എത്രപേർ?? നമ്മുടെ വരും തലമുറക്കും പ്രയോജന മാകത്തക്ക വിധത്തിൽ അതിനെ നിലനിർത്തുക എന്നത് നമ്മുടെ ഓരോരുത്തരുടെയും കർത്തവ്യമാണ്.. ഈ നാടിനെ സ്നേഹികുകയും ഈ നാടിന്റെ സ്വത്ത് സംരക്ഷിക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നവർ ഹരിപ്പാട്‌ ബോയ്സ് ഹൈസ്കൂൾ ഗ്രൌണ്ട് സംരക്ഷണസമിതിക്ക് എല്ലാ വിധപിന്തുണയും നൽകണമെന്നും, അതിനായുള്ള പരമാവധി പ്രചാരണങ്ങൾ നൽകണമെന്നും അഭ്യർഥിച്ചുകൊള്ളുന്നു....


[Rajesh Puliyanethu
 Advocate, Haripad]