Sunday 16 February 2014

ആം ആദ്മി പാർട്ടി; ഒരു രാഷ്ട്രീയ പൊറാട്ട് നാടക കമ്പനി !! രാഷ്ട്രീയ അരാജകത്വത്തിന്റെ മൊത്തവ്യാപാരികൾ....


       ഭാരതത്ത്ന്റെ രാഷ്ട്രീയ അരാജകത്വത്തിന്റെ സന്തതിയായി പിറവികൊണ്ട പാർട്ടി യായിരുന്നു ആം ആദ്മി പാർട്ടി.. http://rajeshpuliyanethu.blogspot.in/2014/01/blog-post.html.. ഭരണപക്ഷത്തിന്റെ അഴിമതികളിലും, കെടുകാര്യസ്ഥതയിലും, സ്വജനപക്ഷപാതത്തിലും മനം മടുത്ത ഒരു ജനത അഴിമതിക്കെതിരെ മുദ്രാവാക്യവും പ്രചരണങ്ങളുമായി രംഗത്തുവന്ന ആം ആദ്മി പാർട്ടിയോട് ആഭിമുഖ്യം കാട്ടി.. മുഖ്യധാരാരാഷ്ട്രീയപ്പാര്ട്ടികൾക്ക് അതൊരു താക്കീതും, ഇരുത്തി ചിന്തിക്കാൻ അവസ്സരവും നൽകുന്നതായിരുന്നു എന്ന് സമ്മതിക്കാതെ വയ്യ.. പക്ഷെ ആം ആദ്മി പാർട്ടി മുന്നോട്ടു വെയ്ക്കുന്ന കാര്യങ്ങളിലെ പ്രായോഗികതയും, അവർക്കില്ല എന്ന് പൊതുജനം കരുതിയിരുന്ന രാഷ്ട്രീയ കാപട്യ സ്വൊഭാവവും എത്രത്തോളമെന്ന് ചിന്തിക്കേണ്ട സമയം വന്നെത്തിയിരിക്കുന്നു.. ആം ആദ്മി പാർട്ടി ഒരു വിജയമായി മുന്നേറിയാൽ,, അത് അഴിമതിയെ എതിർത്തുകൊണ്ടുള്ള ജനങ്ങളുടെ താക്കീതാകുമെന്നും മറിച്ച് ആം ആദ്മി പാർട്ടി ഒരു പരാജയമായാൽ അഴിമതിക്കെതിരെയോ, രാഷ്ട്രീയ കൊള്ളരുതാഴികകൾക്കെതിരെയോ ഭാവിയിലുണ്ടാകാനുള്ള ജന മുന്നെറ്റങ്ങളുടെ സാദ്ധ്യതകളെത്തന്നെ നശിപ്പിക്കുമെന്നും നാം കണ്ടിരുന്നു.. അതുവഴി അത് ജനാധിപത്യത്തിന്റെ തന്നെ ശക്ത്തിക്ഷയത്തിന് കാരണമാകുമെന്നും നാം തിരിച്ചറിഞ്ഞിരുന്നു..

       ആം ആദ്മി പാർട്ടി രാഷ്ട്രീയ അരാജകത്വത്തിന് കാരണമാകുമെന്ന് അവർ ഉദയം കൊണ്ട അവസ്സരത്തിൽതന്നെ പ്രവചനങ്ങളും ഉണ്ടായതാണ്.. പക്ഷെ അത് പ്രവചനത്തിന് മുതിരാതെ കാലത്തിനു വിട്ടുനൽകുക മാത്രം ചെയ്യാൻ കഴിയുന്ന ഒന്നായിരുന്നു.. തങ്ങളുടെ പ്രകടനം സ്വന്തം വാക്കുകൾക്ക് അനുസൃതമായി കാട്ടിക്കൊടുക്കുക എന്നത് അവരുടെ ഉത്തരവാദിത്വം ആയിരുന്നു..

       അഴിമതിയിൽ മുങ്ങിക്കുളിച്ചുനിന്ന രാജ്യത്ത് അഴിമതി തന്നെ ആയുധമാക്കി ആം ആദ്മി പാർട്ടി രംഗത്തുവന്നു.. അണ്ണാ ഹസ്സാരയുടെ തോളിൽ ചവിട്ടിനിന്ന് ഉത്തരത്തിലെ കഴുക്കോൽ ഊരുന്ന രാഷ്ട്രീയ തന്ത്രം പ്രയോഗിച്ച കേജ്രിവാൾ അതിൽ വിജയിക്കുക തന്നെ ചെയ്തു.. അഴിമതി വിരുദ്ധത എന്ന മുദ്രാവാക്യത്താൽ മുഖരിതമായിരുന്ന അന്തരീക്ഷത്തിൽ അണ്ണാ ഹസ്സാരെ ചൂണ്ടിക്കാട്ടിയ കെജ്രിവാൽ വിരുദ്ധ ശബ്ദങ്ങൾ അധികമാരും കേട്ടില്ല..

       നാൽപ്പത്തിഒൻപതു ദിവസ്സത്തെ ഭരണകോലാഹലങ്ങൾക്കൊടുവിൽ ആം ആദ്മി പാർട്ടി സർക്കാർ ഡൽഹിയിൽ രാജി വെച്ചിരിക്കുകയാണ്.. അഴിമതിക്കെതിരെയും, രാഷ്ട്രീയ പൊറാട്ടു നാടകങ്ങൾക്കെതിരേയും പ്രവർത്തിക്കുന്നു എന്ന് പ്രഖ്യാപിച്ച് അധികാരത്തിൽ വന്ന പാർട്ടി തങ്ങളെ വിശ്വസ്സിക്കുകയും, പ്രതീക്ഷ അർപ്പിക്കുകയും ചെയ്തവരെ ഒന്നാകെ വഞ്ചിച്ചു എന്നുതന്നെ പറയേണ്ടിവരും... എന്തിനാണ് കേജ്രിവാൾ രാജിവെച്ചത് എന്ന്അന്യേഷിക്കുന്നവർക്ക് സുവ്യക്തമായി അത് മനസ്സിലാക്കാനും കഴിയും.. ആം ആദ്മി പാർട്ടി അനുഭാവികൾ അത് മനസ്സിലാക്കുന്നു എന്നുതന്നെയാണ് ഞാൻ കരുതുന്നത്.. പക്ഷെ ഒരു ബാധ്യതപൊലെ അവർ കേജ്രിവാളിനു സ്തുതിപാടൽ തുടരുന്നു...   

       ജനലൊക്പാൽ ബിൽ പാസ്സാക്കാൻ കഴിയാതെവന്നു അതിനാൽ രാജി വെയ്ക്കുന്നു എന്നതായിരുന്നു കേജ്രിവാളിന്റെ വിശദീകരണം.. ഒരു ബിൽ പാസ്സാക്കുന്നതിനുള്ള നിയമവശങ്ങൾ പോലും ശ്രദ്ധിക്കാതെ ഒരു ബില് അവതരിപ്പിക്കുക.. അതിനു പരാജയം ക്ഷണിച്ചു വരുത്തി ഏറ്റു വാങ്ങുക.. ആ സംഭവത്തെ മുൻനിർത്തി പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളെ പ്രതിക്കൂട്ടിലാക്കി രാജിവെയ്ക്കുക.. പൊതുജനത്തിനു മുൻപിൽ അഴിമതി വിരുദ്ധ പോരാളിയായി അധികാരം പോലും വലിച്ചെറിഞ്ഞ വീരനായ ത്യാഗിയായി നിന്ന് മറ്റൊരു തെരഞ്ഞെടുപ്പിനെ നേരിടുക.. തമിഴിലോ, തെലിങ്കിലൊ പോലും ഈ തിരക്കഥ അവതരിപ്പിച്ച് സിനിമ നിർമ്മിച്ചാൽ എട്ടു നിലയിൽത്തന്നെ പൊട്ടിപ്പോകും..

       ലേഫ്ടനെന്റ്റ്‌ ഗവെർണ്ണറുടെ അനുവാദം വാങ്ങാതെ ഒരു ഫിനാൻസ് ബിൽ അവതരിപ്പിച്ചതോ, ആ ബില്ലിനെക്കുറിച്ച് ചർച്ച ചെയ്യാത്തതൊ, സാഭാങ്ങങ്ങൾക്കു ബില്ലിന്റെ പകര്പ്പ് നൽകാത്തതൊ; അങ്ങനെ തുടരുന്ന ഭരണഘടനാപരമായ നിർദ്ദേശങ്ങളെ പാലിക്കപ്പെടാത്തതോന്നും ബിൽ പരാജയപ്പെട്ടതിനു കാരണമായി കേജ്രിവാൾ സമ്മതിക്കുന്നില്ല.. പാർളമെന്ററി കാര്യങ്ങളിൽ തനിക്കു പരിചയക്കുറവുണ്ടെന്നു മാത്രമാണ് അതിനുള്ള അദ്ദേഹത്തിൻറെ വിശദീകരണം.. ഒരു മുഖ്യമന്ത്രി മാത്രമാണോ ഒരു ബിൽ അവതരിപ്പിക്കുന്നതിന് പിന്നിൽ പ്രവർത്തിക്കുന്നത്..?? ഏതെങ്കിലും ഒരു ഉദ്യോഗസ്ഥനെങ്കിലും ബിൽ അവതരിപ്പിക്കുന്നതിലെ ചട്ടങ്ങൾ മുഖ്യമന്ത്രിയെ ധരിപ്പിച്ചില്ല എന്നാണോ നമ്മൾ വിശ്വസ്സിക്കേണ്ടത്?? തനിക്ക് നിയമം അറിയില്ല എന്ന് കുമ്പസ്സരിക്കുന്ന കേജ്രിവാൾ എന്തുകൊണ്ട് ബിൽ അവതരിപ്പിക്കുന്നതിലെ ചട്ടങ്ങളും, നിയമങ്ങളും മനസ്സിലാക്കാൻ മുതിർന്നില്ല?? അത്രയ്ക്ക് ലാഘവബുദ്ധിയോടെയാണോ ആം ആദ്മി മന്ത്രിസഭ അവർത്തന്നെ കൊട്ടിഘോഷിച്ചു കൊണ്ടുവന്ന ജനലോക്പാൽ ബില്ലിനെ സമീപിച്ചത്?? ബിൽ പാസ്സകുന്നതിന്ആം ആദ്മി പാർട്ടി താല്പ്പര്യപ്പെട്ടിരുന്നു എങ്കിൽ ചട്ടങ്ങൾ പാലിച്ചുതന്നെ അവർ ബിൽ അവതരിപ്പിക്കുമായിരുന്നു.. പിന്നീടും ജനലോക്പാൽ ബിൽ പരാജയപ്പെട്ടിരുന്നെങ്കിൽ ചട്ടങ്ങൾ പാലിക്കാതെ അവതരിപ്പിക്കാത്തതിനാലാണ് ബിൽ പാസ്സാകാതെ പോയതെന്ന കുറ്റപ്പെടുത്തലിന് പ്രതിപക്ഷത്തിന് അവസ്സരവും ഉണ്ടാകുമായിരുന്നില്ല.. അതിനർഥം ചട്ടങ്ങൾ പാലിച്ച് ജനലോക്പാൽ ബിൽ അവതരിപ്പിച്ചിരുന്നെങ്കിൽ അത് പാസ്സാകുമായിരുന്നെന്നും അതിന് ആം ആദ്മി പാർട്ടി താൽപ്പര്യപ്പെട്ടിരുന്നില്ല എന്നുമാണ്!!

       ഒരു ബിൽ അവതരിപ്പിക്കാൻ പോലും അറിവില്ലാത്ത മുഖ്യമന്ത്രി എന്ന ഖ്യാതിയും കേജ്രിവാൾ സ്വന്തമാക്കിയിരിക്കുകയാണ്.. ബിൽ പരാജയപ്പെടുന്ന രീതിയിൽ അവതരിപ്പിച്ച് കെജ്രിവാൾ ഭരണഘടനയെയും അധിക്ഷേപിച്ചിരിക്കുകയാണ്.. ഒരു ബിൽ നിയമപ്രകാരം അവതരിപ്പിക്കാൻ തയ്യാറാകാത്തവർ പിന്നെ എന്ത് കാര്യത്തിലാണ് നിയമവും, ചട്ടവും പാലിക്കാൻ തയ്യാറാകുന്നത്??

       അഴിമതിയിലും, കോർപ്പറേറ്റ് പ്രേമത്തിലും എല്ലാ രാഷ്ട്രീയകക്ഷികളും ഒന്നാണെന്നും താൻ മാത്രമാണ് അഴിമതിക്കെതിരെ പൊരുതുന്ന ഒരേ ഒരു ഇന്ത്യൻ എന്നുമുള്ള പ്രതീതി ഉയർത്തി മറ്റൊരു തെരഞ്ഞെടുപ്പിനെ നേരിടുകയാണ് ആം ആദ്മി പാർട്ടിയുടെ നേതാവായ കേജ്രിവാളിന്റെ ലക്ഷ്യം.. നിയമ സഭയിലെ തന്റെ സ്ഥിതി മെച്ചപ്പെടുത്താമെന്നും, പാർലമെന്റിൽ കുറച്ചു ചൂലുകാരെ കയറ്റിവിടാമെന്നും അദ്ദേഹം കണക്കുകൂട്ടുന്നുണ്ടെന്നു വേണം മനസ്സിലാക്കാൻ.. ഇങ്ങനെയൊക്കെ രാഷ്ട്രീയ കുടിലതകൾ പ്രദർശിപ്പിക്കുന്ന ഒരു പാർട്ടി ഇന്ത്യൻ രാഷ്ട്രീയത്തിൽ എന്ത് ശുചീകരണം കൊണ്ടുവരുമെന്നാണ് നാം കരുതേണ്ടത്?? എന്ത് പ്രത്യേകതയാണ് ഭാരതത്തിലെ അഴിമതി ഒഴികെ മറ്റൊരു വിഷയങ്ങളിലും ഇടപെടൽ നടത്താൻ താല്പ്പര്യം കാട്ടാത്ത ആം ആദ്മി പാർട്ടിക്ക് അവകാശപ്പെടാനുള്ളത്??

       രാഷ്ട്രീയ പരവും, സാമൂഹികപരവും, മതപരവും, സാമ്പത്തികപരവും, സമീപനപരവും; അങ്ങനെ പലവിധ വർത്തമാനസംഭവവികാസ്സങ്ങളെ ആധാരമാക്കി ആശയങ്ങളും മുന്നേറ്റങ്ങളും രൂപം കൊള്ളും.. പ്രത്യേകിച്ച് ഭാരതം പോലെ വിശാല ജനാധിപത്യമുള്ള ഒരു രാജ്യത്ത് അത്തരം മുന്നെറ്റ ങ്ങൾക്ക് സാദ്ധ്യത കൂടുതലാണ്.. പ്രസ്തുത കാലയളവിൽ ഉയർന്നുവരുന്ന വിഷയത്തിൽ നിന്നുള്ള ജനശ്രദ്ധഅകലുന്നതോടെ അത്തരം വിഷയങ്ങളെ ആധാരമാക്കി ഉയര്ന്നു വരുന്ന പ്രസ്ഥാനങ്ങളുടെ പ്രാധാന്യവും നശിക്കുന്നതായാണ് കാണുന്നത്.. ജനങ്ങളുടെ ആകമാനമായ വിഷയങ്ങളിൽ ശ്രദ്ധചെലുത്തുന്ന പ്രസ്ഥാനങ്ങൾ മാത്രമേ നിലനിൽക്കുകയുള്ളൂ.. ആം ആദ്മി പാർട്ടി ഉയർത്തുന്ന കേവല വിഷയങ്ങളിൽ നിന്നും ജനശ്രദ്ധ വ്യതിചലിക്കുന്നതൊടെ ആ പാർട്ടിയുടെ പ്രാധാന്യവും നശിക്കും.. അവർ ഉയർത്തുന്ന മുദ്രാവാക്യങ്ങളെ സംരക്ഷിക്കാനുള്ള ആർജ്ജവം അവർക്കില്ലെന്നുകൂടിവന്നാൽ ആ പ്രക്രീയയുടെ വേഗവും കൂടും..


[Rajesh Puliyanethu
 Advocate, Haripad]