Wednesday 23 November 2022

'അന്ധ' വിശ്വാസ്സവും,, 'കണ്ട' വിശ്വാസ്സവും,, ഭാവനാ നിയമങ്ങളും ....!!??


       'അന്ധ' വിശ്വാസ്സങ്ങളും,, 'കണ്ട' വിശ്വാസ്സങ്ങളും നമ്മൾ വെച്ച് പുലർത്താറുണ്ട്... നേരിട്ട് കണ്ടതിനുശേഷമോ, അനുഭവേദ്യമായതിനു ശേഷം മാത്രമോ  വിശ്വസ്സിക്കുകയും, ആ വിശ്വാസത്തെ വെച്ച് പുലർത്തുകയും ആ വിശ്വാസത്തിനനുസ്സരിച്ചു ജീവിക്കുകയും പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നതാണ് 'കണ്ട' വിശ്വാസ്സം... മറിച്ചുള്ളതെല്ലാം 'അന്ധ' വിശ്വാസമാണ്... ഒരുവന് സ്വയം ബോധ്യമോന്നുമില്ലാതെതന്നെ മറ്റുള്ളവന്റെ ബോധ്യത്തെ വിശ്വസിച്ചോ, ആർക്കും ബോധ്യമില്ലാത്തതിനെ 'വിശ്വാസ്സം' എന്ന പേരിലോ 'പലരും വിശ്വസ്സിക്കുന്ന ഒന്ന്' എന്ന നിലയിലോ വിശ്വസ്സിക്കുന്നതും പിൻതുടരുന്നതും എല്ലാം 'അന്ധ' വിശ്വാസ്സങ്ങളുടെ ഗണത്തിൽപ്പെടുത്താൻ കഴിയും... നമ്മുടെ വിശ്വാസ്സങ്ങളിൽ ഭൂരിഭാഗവും 'അന്ധ' വിശ്വാസ്സങ്ങൾ ആണെന്ന് പറയേണ്ടി വരും... മറ്റൊരുവൻ പരീക്ഷണ നിരീക്ഷണങ്ങളിൽക്കൂടി തിരിച്ചറിഞ്ഞതാണെങ്കിലും നമ്മൾ സ്വയം ആ വിഷയത്തിൽ തിരിച്ചറിവില്ലാതിരിക്കുകയും, മറ്റൊരുവന്റെയോ ഒരു കൂട്ടത്തിന്റെയോ തിരിച്ചറിവുകളെ അവർ തിരിച്ചറിഞ്ഞത് എന്ന നിലയിൽ നമ്മോട് പറഞ്ഞു തരുന്നത് നമ്മൾ വിശ്വസ്സിക്കുന്നതും 'അന്ധ' വിശ്വാസ്സത്തിൻറെ ഗണത്തിൽപ്പെടുത്തണം എന്നാണ് എൻ്റെ പക്ഷം... കാരണം അവിടെ കണ്ടതും, അനുഭവേദ്യമായതും, ബോധ്യപ്പെട്ടതും നമുക്കല്ല... മറ്റൊർക്കോ ആണ്... അവിടെ നമ്മുടെ നില അന്ധന്റെതാണ്... ആധുനിക ശാസ്ത്ര വിഷയങ്ങളിൽ പലതിലും നമ്മൾ വിശ്വാസ്സം പുലർത്തുന്നുണ്ട്... ആ വിഷയങ്ങളെക്കുറിച്ചു് നേരിട്ട് അറിവോ ബോധ്യമോ ഇല്ലാത്ത ഒരുവൻ മറ്റൊരുവന്റെ കണ്ടെത്തലിനെ വിശ്വസിച്ചു മുൻപോട്ടു പോകുമ്പോൾ അതും ആ ഒരുവനെ സംബന്ധിച്ചിടത്തോളം അന്ധമായ വിശ്വാസ്സമാണ്‌... അത്തരം വിശ്വാസ്സ രീതികൾ തെറ്റാണെന്നു സമർഥിക്കാൻ യാതൊരു ശ്രമവും ഞാൻ നടത്തുന്നില്ല... അപ്രകാരമുള്ള വിശ്വാസ്സ ക്രമങ്ങളെ പിന്തുടരാതെ നമുക്ക് മുൻപോട്ടു പോകുവാൻ സാധ്യവുമല്ല... പക്ഷെ ഈ വിധത്തിലുള്ള ഭൂരിഭാഗം നമ്മുടെ വിശ്വാസ്സങ്ങളും "അന്ധ" മായ വിശ്വാസ്സങ്ങളാണെന്ന് സമ്മതിച്ചു  തന്നേ മതിയാകൂ എന്ന് മാത്രം... എല്ലാം സ്വയം കണ്ടു തിരിച്ചറിഞ്ഞു വിശ്വസ്സിക്കുന്നവനാണ് ആധുനിക- പുരോഗമന- വിദ്യാസമ്പന്നനായ- മനുഷ്യൻ എന്ന് ഊറ്റം കൊള്ളുകയുമരുത്... നമുക്ക് സ്വയം ബോധ്യമില്ലാത്ത പലതിനെയും സ്വയം പരീക്ഷിച്ചു ബോധ്യപ്പെട്ട് വിശ്വസ്സിക്കുന്നവനെന്ന് വിശ്വസ്സിക്കുന്ന അന്ധവിശ്വാസ്സിയാണ് ആധുനിക മനുഷ്യൻ... 

       വിശ്വാസ്സങ്ങൾ എന്ന് പറയുന്നത് ഒരുവന്റെ പരമസ്വാതന്ത്ര്യങ്ങളിൽപ്പെ ടുന്നതാണ്... അത് അന്ധമായി വിശ്വസ്സിക്കുന്നതായാലും മറിച്ചു് ആധുനിക ശാസ്ത്രവിശദീകരണങ്ങളുടെ അടിസ്ഥാനത്തിലുള്ളതായാലും;; വിശ്വസ്സിക്കുക എന്നത് ഒരുവന്റെ സ്വയം ചിന്തയുടെയും, യുക്തിയുടെയും സ്വാതന്ത്ര്യമാണ്... അതിലേക്ക് കടന്നു കയറാൻ മറ്റൊരുവനും യാതൊരു അധികാര അവകാശങ്ങളുമില്ല... ശാസ്ത്ര വിശദീകരണങ്ങളുടെ പിന്തുണയുണ്ടെങ്കിൽ പോലും വിശ്വസിക്കാതിരിക്കാനുള്ള സ്വാതന്ത്ര്യം നമുക്കുണ്ട്... അതുപോലെ യാതൊരു നേരനുഭവത്തിന്റെ പിന്തുണയില്ലാത്തവയെ വിശ്വസ്സിക്കാനുള്ള സ്വാതന്ത്ര്യവും നമുക്കുണ്ട്... വിശ്വാസ്സം ചിന്തയുടെ ഉല്പന്നമാണ്... ഒരുവന്റെ ചിന്തയുടെ ഉൽപ്പന്നത്തെ മോശമെന്ന് മറ്റൊരുവൻ പറയുന്നത് അവൻ്റെ ചിന്തയുടെ ഉൽപ്പന്നത്തോട് താരതമ്യം ചെയ്തുകൊണ്ടാണ് എന്നതാണ് വസ്തുത... അവിടെ എൻ്റെ സന്താനം നല്ലതെന്നും നിന്റെ സന്താനം മോശം എന്നും പറയുന്നത് പോലെയുള്ള മ്ലേശ്ചതയുണ്ട്... ചിന്തയുടെ ഉല്പന്നത്തെ വിലക്കാൻ ആർക്കാണ് സാധിക്കുക!!? ഏറിയാൽ ബോധവൽക്കരണം എന്ന പേരിൽ ഒരുവന് തൻ്റെ ചിന്തയുടെ ഉൽപ്പന്നമാണ് ശരി എന്ന നിലയിൽ മറ്റൊരുവനോട് സംസ്സാരിക്കാം... അതും ശ്രോതാവ് അസ്വസ്ഥമായി  തുടങ്ങുന്ന നിമിഷം വരെ മാത്രം... തുടർന്നാൽ അതാണ് 'ന്യൂയിസൻസ്' എന്ന കുറ്റമാകുന്നത്... 

       വിശ്വാസ്സങ്ങളെ വിലക്കാൻ കഴിയില്ലെങ്കിലും വിശ്വാസ്സത്തിന്റെ അടിസ്ഥാനത്തിൽ ചെയ്യുന്ന പ്രവർത്തികളെ വിലക്കാൻ സാധിക്കും... പക്ഷെ അതിനും പരിമിതികളുണ്ട്... വിശ്വാസ്സത്തിന്റെ അടിസ്ഥാനത്തിൽ ഒരുവൻ ചെയ്യുന്ന പ്രവർത്തി രാജ്യത്തെ നിയമങ്ങൾക്കും, ഭരണഘടനക്കും എതിരും, മറ്റുള്ളവന്റെ സ്വൈര്യ ജീവിതത്തെ ബാധിയ്ക്കും വിധം ദോഷകരമാകുമ്പോഴും മാത്രമാണ് വിശ്വാസ്സത്തിന്റെ അടിസ്ഥാനത്തിൽ ചെയ്യുന്ന പ്രവർത്തികളെ വിലക്കാൻ സാധിക്കുന്നത്... അല്ലാത്തപക്ഷം വിശ്വാസ്സത്തിന്റെ അടിസ്ഥാനത്തിലുള്ള പ്രവർത്തികൾ വ്യക്തി സ്വാതന്ത്ര്യത്തിന്റെ പരിരക്ഷക്കുള്ളിൽ നിലകൊള്ളുന്ന ഒന്നായിരിക്കും... 

       യുക്തിവാദികൾ എന്ന് സ്വയം വിശേഷിപ്പിച്ചു നടക്കുന്ന പല കുഞ്ഞിക്കൂനന്മാരും പലവിധത്തിലുള്ള അന്ധവിശ്വാസ്സങ്ങൾ വെച്ച് പുലർത്തുന്നതായികാണാം... കണ്ണുതുറന്നു പിടിച്ചു് സമൂഹത്തിലേക്ക് നോക്കിയാൽ നമുക്ക് വ്യക്തമായി അത് മനസ്സിലാക്കുന്നതിനും കഴിയും... മുൻപ് പറഞ്ഞ വിജ്ഞാനലോകത്തെ തിരിച്ചറിവുകൾ പലതും നമുക്ക് അന്ധമായ വിശ്വാസ്സമാണെന്നും അത്തരം വിശ്വാസ്സങ്ങൾ നിറഞ്ഞതാണ് ഈ സമൂഹം എന്നും പറഞ്ഞതുപോലെ "ഒരുവന്റെ ഭാഗ്യം" എന്ന രീതിയിൽ പല സംഗതികളെക്കുറിച്ചും വിശദീകരിക്കത്തക്ക അടിസ്ഥാനകാരണങ്ങളില്ലാതെ ചിന്തിക്കുന്ന അന്ധവിശ്വാസ്സികൾ നിറഞ്ഞതു കൂടിയാണ് ഈ സമൂഹം...  മുൻപ് പറഞ്ഞതുപോലെ വിശ്വാസ്സത്തിന്റെ അടിസ്ഥാനത്തിൽ ഒരുവൻ ചെയ്യുന്ന പ്രവർത്തി രാജ്യത്തെ നിയമങ്ങൾക്കും, ഭരണഘടനക്കും എതിരും, മറ്റുള്ളവന്റെ സ്വൈര്യ ജീവിതത്തെ ബാധിയ്ക്കും വിധം ദോഷകരമാകുമ്പോഴും മാത്രമാണ് ഈ വിധമായ ഭാഗ്യാന്വേഷികളുടെ അന്ധമായ വിശ്വാസ്സങ്ങളുടെ അടിസ്ഥാനത്തിൽ ചെയ്യുന്ന പ്രവർത്തികളെ മറ്റൊരുവന് ചോദ്യംചെയ്യാൻ പോലും സാധിക്കുന്നത്... 

       ലോകം കണ്ട ഏറ്റവും വലിയ ഫിലോസഫർമാരിൽ ഒരുവനും, ഭാരതത്തിന്റെ രാഷ്ട്രപതിയുമായിരുന്ന ഡോ. രാധാകൃഷ്ണൻ രാവിലെ പരുന്തിനെ കണ്ടതിനു ശേഷം മാത്രമേ ജലപാനം ചെയ്തു വന്നിരുന്നുള്ളു... പരുന്തിനെ കണ്ടതിനു ശേഷം മാത്രം ജലപാനം ചെയ്യുന്ന ശീലം തനിക്ക് നല്ലതു കൊണ്ടുവരും എന്ന അദ്ദേഹത്തിൻ്റെ ചിന്തയെ ചോദ്യം ചെയ്യാനോ വിലക്കാനോ ആർക്കും അധികാരമില്ല... സച്ചിൻ ടെണ്ടുൽക്കർ ആദ്യം ഇടതുകാലിൽ പാഡ് കെട്ടുന്ന ശീലക്കാരനായിരുന്നു... തൻ്റെ ഊഴം വരെ ഹെൽമെറ്റ് ധരിച്ചു് ഡ്രസ്സിങ് റൂമിൽ ഇരിക്കുന്ന പതിവുണ്ടായിരുന്ന ആളായിരുന്നു... ഈ ശീലങ്ങൾ കളിയിൽ തനിക്ക് നല്ല അനുഭവങ്ങൾ കൊണ്ടുവരും എന്ന് അദ്ദേഹം വിശ്വസ്സിച്ചിരുന്നു... ആ വിശ്വാസ്സങ്ങളെ തുറന്നു സമ്മതിക്കുന്നതിന് അദ്ദേഹം ഡോ. രാധാകൃഷ്ണനെപോലെതന്നെ വിമുഖത കാട്ടിയിരുന്നില്ല... 'വിശ്വാസ്സം' എന്നതിനപ്പുറം യാതൊരു വിശദീകരണങ്ങളും നല്കാനില്ലാത്ത ഈവിധ ശീലങ്ങളെ എതിർക്കാനോ, വിലക്കാനോ, ചോദ്യം ചെയ്യാനോ ആർക്കും സ്വാതന്ത്ര്യമില്ല എന്നതാണ് സത്യം... വിമർശിക്കുക എന്ന രണ്ടാമന്റെ സ്വാതന്ത്ര്യത്തിനപ്പുറം ഒന്നും തന്നെ പ്രവർത്തനയോഗ്യമല്ല... അതിനപ്പുറം പ്രവർത്തികൾക്ക് ആരെങ്കിലും ശ്രമിച്ചാൽ ഭരണഘടനയുടെ പരിരക്ഷ ഈ "അന്ധ" വിശ്വാസ്സികൾക്കായിരിക്കും ലഭിക്കുക... 

       അന്ധവിശ്വാസ്സങ്ങൾ എന്ന് ഉച്ചരിക്കുമ്പോൾത്തന്നെ പ്രാകൃതമായ എന്തോ ഒന്ന് എന്ന ചിന്തയാണ് ആദ്യം ഉണ്ടാകുന്നത്... അതിനാലാണ് ജീവിതത്തിലെ വിശ്വാസ്സങ്ങളിൽ ഭൂരിഭാഗവും അന്ധമായി മാത്രം വിശ്വസിക്കുന്ന നമ്മുടെ സമൂഹം "അന്ധവിശ്വാസ്സങ്ങൾ" എന്ന വാക്ക് കേൾക്കുമ്പോൾത്തന്നെ മ്ലേശ്ചമായ എന്തോ ഒന്നിന്റെ രുചി നുണയുന്നത്... അതിൽ പലതും ഭാഗ്യാന്വേഷികൾ തങ്ങളുടെ വിശ്വാസങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ കുറ്റകൃത്യങ്ങളുടെ ഭാഗമായി രൂപം കൊണ്ടതാകാനാണ് സാധ്യത... അന്ധവിശ്വാസ്സങ്ങൾ ഒരിക്കലും വികസ്വര രാജ്യങ്ങളുടെയോ, അവികസിത രാജ്യങ്ങളുടെയോ മാത്രം പ്രത്യേകതയല്ല... "SUPERSTITION" എന്ന സാമാന അർത്ഥമുള്ള ഒരു വാക്ക് ആംഗ്ലേയ ഭാഷയിൽ  കേൾക്കുമ്പോൾ "അന്ധവിശ്വാസ്സങ്ങൾ" എന്ന വാക്ക് കേൾക്കുമ്പോൾ ഉണ്ടാകുന്ന അതേ പ്രാകൃത ചിന്ത ഉണ്ടാക്കുന്നില്ല... "SUPERSTITION" എന്ന സമാന അർഥമുള്ള വാക്ക് കേൾക്കുമ്പോൾ ഒരു 'സ്വഭാവരീതി' എന്നതിനപ്പുറം തുടച്ചുമാറ്റപ്പെടേണ്ടത് എന്ന ചിന്ത ആരിലും ഉയരുന്നില്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്... 

       "അന്ധവിശ്വാസ്സങ്ങൾ" എന്നതിന്റെ പേരിൽ മുൻകാലങ്ങളിൽ നടന്നിരുന്ന ചില ആചാരങ്ങൾ ഇന്നത്തെ സമൂഹത്തിന് അംഗീകരിക്കാൻ കഴിയാതെ വന്നതാണ് അന്ധവിശ്വാസ്സങ്ങളെ ആകമാനം പ്രതിക്കൂട്ടിൽ നിർത്താൻ  കാരണം... അതിൽ ഒരു ഉദാഹരണമാണ് "ബലി"...  മുൻകാല രാജാക്കന്മാർ യുദ്ധത്തിന് പോകുന്നതിനു മുൻപ് ബലി നടത്തിയുന്നതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നുണ്ട്... തങ്ങളുടെ ദേവതക്ക് അർപ്പിക്കുന്ന രീതിയിലാണ് ബലികൾ ചിട്ടപ്പെടുത്തിയിരുന്നത്... ബലി മൃഗങ്ങളിൽ മനുഷ്യരും ഉൾപ്പെട്ടിരുന്നു എന്നത് സത്യവുമാണ്... അവിടെ ശരിയായി നടക്കു ന്നതെന്താണ്? യുദ്ധമുഖത്തേക്ക് പോകുന്ന ഓരോ യോദ്ധാവും തനിക്കു സ്വയം ആയിരങ്ങളെ കൊന്നുതള്ളാനുള്ള കഴിവും വീര്യവും ഉള്ളവനാകണമെന്ന മാനസ്സിക അവസ്ഥയിൽ നിൽക്കുന്ന സമയമാണ്... അവിടെ എത്രയുമധികം ഒഴുകുന്ന ശത്രുവിന്റെ ചോരമാത്രമാണ് ലക്‌ഷ്യം... സാധാരണമായ സാമൂഹീക ജീവിതവും, വ്യവസ്ഥയുമായി ഒരു തരത്തിലും താരതമ്യം ചെയ്യാൻ കഴിയാത്ത അവസ്ഥ... തൻ്റെ ദേവതക്ക് നൽകുന്നത് എന്ന പേരിൽ ഓരോ യോദ്ധാവിൻറെയും മനോവീര്യത്തെയും, കൊല്ലാനുള്ള ത്വരയെയും  ഉണർത്താനാണ് ബലീ നടത്തി വന്നത്... ആ അവസ്ഥയിൽ സൈനികർക്കുള്ള സൈക്കോളജിക്കൽ ട്രീറ്റ്‌മെന്റ് എന്നനിലനിൽ ആ പ്രവർത്തിക്കു ന്യായീകരണങ്ങളുണ്ട്... ഇന്നും പല രാജ്യങ്ങളുടെയും പട്ടാള റെജിമെന്റുകൾ യുദ്ധത്തിന് മുൻപ് സൈനികരുടെ 'കൊല്ലാനുള്ള മടി' ഒഴിവാക്കാനുള്ള സൈക്കോളജിക്കൽ ട്രീറ്റ്‌മെന്റ് എന്ന നിലയിൽ ബലികൾ നടത്തുന്നു എന്നാണറിവ്... 

       ഇതേ രാജാവ് ബലി നൽകിയതിന് ശേഷം നടത്തിയ പോരാട്ടവിജയം ബലീ നല്കിയതിലുള്ള തൻ്റെ ദേവതയുടെ പ്രസാദമായി ചിന്തിച്ചു തുടങ്ങുമ്പോൾ ആ ചിന്ത സമൂഹത്തിനു ദ്രോഹമായി മാറുന്നു... കാരണം രാജാവ് പരമാധികാരിയാണ്... പോരാട്ടവിജയം ബലീ നല്കിയതിലുള്ള തൻ്റെ ദേവതയുടെ പ്രസാദമായി കരുതുന്ന രാജാവ് തൻ്റെ ഏതൊരു ആഗ്രഹത്തെയും സഫലമാക്കുന്നതിനുള്ള പ്രവർത്തികൾ ബലിയോടെ ആരംഭിക്കാൻ തുടങ്ങി... സമാനമായ ഒരുപാട് പ്രവർത്തികൾ സമൂഹത്തിന് ദുഃഖവും, ദുരിതവും വിതച്ചപ്പോൾ രാജാവിന്റെ അല്ലെങ്കിൽ പ്രമാണിയുടെ ഈവിധമായ പ്രവർത്തനങ്ങളെ പൊതുസമൂഹം "അന്ധവിശ്വാസ്സങ്ങൾ" എന്ന ശീർഷ കത്തിന് കീഴിലാക്കുകയും ഭയക്കാനും, വെറുക്കാനും കാരണമാവുകയും ചെയ്തു... ഭാഗ്യാന്വേഷികളുടെ കുറ്റകരവും, സാമൂഹിക ദ്രോഹപരമായ പ്രവർത്തികളെ  "അന്ധവിശ്വാസ്സങ്ങൾ" എന്ന വാക്കിനോടു തന്നെ ചേർത്തുവെച്ചു് സമൂഹം വെറുക്കാൻ തുടങ്ങി... വെറുപ്പിന് കരണമാകേണ്ടത് വിശ്വാസ്സങ്ങളിലെ 'അന്ധത' യാണോ അതല്ല വിശ്വാസ്സത്തോട് ചേർത്തുചെയ്യുന്ന കുറ്റ- ദ്രോഹ പ്രവർത്തനങ്ങളാണോ എന്ന് ഇഴകീറി പരിശോധിക്കപ്പെട്ടില്ല എന്ന പോരായ്മയുമുണ്ട്...!

       കേരളത്തിലെ ചില അനിഷ്ട സംഭവ വികാസങ്ങളുടെ അടിസ്ഥാനത്തിൽ അന്ധവിശ്വാസ്സങ്ങളെ  ഉന്മൂലനം ചെയ്യാൻ നിയമനിർമ്മാണം നടത്താൻ സർക്കാർ തീരുമാനിക്കുന്നു എന്ന വാർത്തകൾ വരുന്നു... സമൂഹത്തിൽ നടക്കുന്ന ചില ക്രൂരകൃത്യങ്ങളോടുള്ള അമർഷം എന്ന നിലയിലാകാം പലരും പറഞ്ഞു തീരുന്നതിനു മുൻപുതന്നെ പ്രസ്തുത നിയമത്തിന് പിന്തുണ അറിയിക്കുന്നതും കണ്ടു...!! പക്ഷെ പ്രായോഗീക തലത്തിൽ അതെത്രത്തോളം സകാരാത്മകമായി പ്രവർത്തിക്കും എന്നതിൽ പൊതുസമൂഹം സംശയവും ഉയർത്തുന്നുണ്ട്‌... ആദ്യപാദ വരികളിൽ ഉയർത്തിയ സംശയം ഞാൻ ആവർത്തിക്കുകയാണ്... ഒരു വിശ്വാസ്സത്തെ എങ്ങനെ നിയമം മൂലം വിലക്കാനോ, നിയന്ത്രിക്കാനോ കഴിയും!?? ക്രൂരവും, നിന്ദ്യവുമായ ഒരു വിശ്വാസ്സമാണ് ഒരാൾ വെച്ച് പുലർത്തുന്നത് എന്ന് സമ്മതിച്ചാൽത്തന്നെ;; അതേ ക്രൂരവും, നിന്ദ്യവുമായ വിശ്വാസ്സത്തിൻറെ അടിസ്ഥാനത്തിൽ നിയമ വിരുദ്ധമായ ഒരു പ്രവർത്തിയിലേക്ക് അയാൾ കടക്കുന്നതുവരെ അയാളെ എങ്ങനെ നിയമത്തിൻ്റെ ശക്തികരങ്ങൾക്കുള്ളിലാക്കും എന്നതാണ് എൻ്റെ സംശയം? ഒരുവൻ ശക്തമായും, ദൃഢമായും വിശ്വസ്സിക്കുകയാണ് ഒരു നരബലി നടത്തിയാൽ തനിക്ക് സ്വർഗ്ഗരാജ്യം ലഭിക്കും... മറ്റൊരുവൻ വിശ്വസ്സിക്കുന്നു; തൻ്റെ മതത്തിൽ വിശ്വസിക്കാത്ത ഒരുവനെയോ, തൻ്റെ ദൈവത്തെ ബഹുമാനിക്കാത്തവനെയോ കൊന്നാൽ സ്വർഗ്ഗം ലഭിക്കും... ഇത്തരം മ്ലേശ്ചമായ വിശ്വാസ്സങ്ങൾ പോലും സ്വന്തം മനസ്സിലെ വിശ്വാസ്സങ്ങളായി മാത്രം സൂക്ഷിക്കുന്നവനെ എങ്ങനെ നിയമം കണ്ടെത്തും, കുറ്റം സ്ഥാപിക്കും, തെളിയിക്കും, ശിക്ഷനടപ്പിലാക്കും!!?? "അന്ധവിശ്വാസ്സങ്ങൾ" എന്നതിനെ പൊതുസമൂഹത്തിന്റെ ചിന്തയിൽ മതങ്ങളുമായും,, ഈശ്വര ചിന്തയുമായും,, ആചാരങ്ങളുമായും ചേർത്തുവച്ചു  മാത്രം ചിന്തിപ്പിക്കാൻ കാലങ്ങളായി ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നു എന്ന് കാണണം... നിരീശ്വരവാദികളും, യുക്തിചിന്തകരും, സ്വയം പുരോഗമന പ്രസ്ഥാനങ്ങൾ എന്ന് മേനി പറഞ്ഞു നടക്കുന്നവരും ചേർന്ന് വിശ്വാസമാണോ  പ്രവർത്തിയാണോ കുറ്റകരമായത് എന്ന് അപഗ്രഥിക്കാതെയും, സമൂ ഹത്തിനെ അതിനനുവദിക്കാതെയും മതങ്ങളുമായും,, ഈശ്വര ചിന്തയുമായും,, ആചാരങ്ങളുമായും ചേർന്നതെല്ലാം അന്ധവിശ്വാസ്സങ്ങൾ ആണെന്ന രീതിയിൽ കേവല മനുഷ്യന്റെ ചിന്തയിൽ പ്രക്ഷാളനം നടത്തി അവയെ ഉന്മൂലനം ചെയ്യണമെന്നാണ് ആഹ്വാനം ചെയ്യുന്നത്... അത് കേവലം രാഷ്ട്രീയം മാത്രമാണ്... തങ്ങളുടെ പ്രത്യയശാസ്ത്രം സമൂഹത്തിലെ ചില തിക്താനുഭവങ്ങളെ മറയാക്കി നടപ്പിലാക്കുക എന്നതാണ് അവർ ലക്ഷ്യമായി കാണുന്നത്... മറിച്ചു് സമൂഹ നന്മയല്ല എന്നത് സ്പഷ്ടമാണ്... ചിന്തയെയും, ചിന്തയുടെ ഉല്പന്നമായ വിശ്വാസ്സത്തെയും നിയമം കൊണ്ട് വിലക്കുക എന്ന ആശയത്തെ ഭോഷ്ക്ക് എന്ന് വിളിക്കണോ തമാശ എന്ന് വിളിക്കണോ എന്ന ആശയക്കുഴപ്പമാണ് നിലനിൽക്കുന്നത്.. 

       "അന്ധവിശ്വാസ്സങ്ങൾ" നിലനിൽക്കുന്നത് കൊണ്ടാണ് അന്ധവിശ്വാസ്സങ്ങളിൽ നിന്നും കുറ്റകൃത്യങ്ങൾ ജനിക്കുന്നത് എന്ന വാദവും കേട്ടു... ആ വാദഗതിയെ അംഗീകരിച്ചാൽത്തന്നെ ചിന്തയെയും, വിശ്വാസ്സത്തെയും എങ്ങനെ നിയമം  മൂലം നിരോധിക്കും എന്ന സംശയം ഉത്തരം കിട്ടാതെ തന്നെ നിലനിൽക്കുന്നു... ഒരുവന് ഉത്തമ വിശ്വാസ്സമുണ്ട് ബാങ്ക് കവർച്ച ചെയ്താൽ തനിക്ക് ധാരാളം പണം ലഭിക്കും... അല്ലെങ്കിൽ സ്വർണ്ണകടത്തിൽ വാഹകൻ ആയാൽ ധാരാളം പണം ലഭിക്കും... അത് വിശ്വാസമാണ്... പണം ലഭിക്കുമെന്നത് ഉറപ്പാണ്... ഒരു നരബലി നടത്തിയാൽ ഭാഗ്യം സിദ്ധിക്കും എന്ന വിശ്വാസ്സത്തെക്കാൾ ദൃഢത ഈ വിശ്വാസ്സത്തിനുണ്ട്... പക്ഷെ ബാങ്ക് കവർച്ച ചെയ്‌താൽ പണം ലഭിക്കും എന്ന വിശ്വാസ്സം മാത്രം സൂക്ഷിച്ചു യാതൊരു ഒരുക്കങ്ങളും നടത്താതെ ജീവിക്കുന്നവൻ എങ്ങനെ കുറ്റക്കാരനാകും!? നരബലി നടത്തിയാൽ ഭാഗ്യം ലഭിക്കും എന്ന വിശ്വാസ്സം മനസ്സിൽ സൂക്ഷിച്ചു ഒരു മനുഷ്യനെയും നുള്ളി നോവിക്കുക പോലും ചെയ്യാതെ ജീവിക്കുന്ന ഒരുവനെ എങ്ങനെ നിയമം വഴി കുറ്റക്കാരനാക്കാൻ കഴിയും!? അതാണ് അന്ധവിശ്വാസം നിരോധിച്ചു കൊണ്ടുള്ള നിയമം പ്രായോഗികമെല്ലെന്ന് പറയാൻ കാരണം...

       ഒരു നിയമം പാസ്സാക്കുക എന്നത് മാത്രം പ്രായോഗീകമാകുന്നതും എന്നാൽ ഭരണഘടനമൂലം അപ്രായോഗീകവുമാകുന്ന ചിലത്‌ അന്ധവിശ്വാസ്സങ്ങൾ നിരോധിക്കുന്നതിന്റെ പേരിൽ ഒരു സർക്കാരിന് ചെയ്തു വെയ്ക്കാം... "അന്ധവിശ്വാസ്സങ്ങൾ" ളുടെ അടിസ്ഥാനത്തിലുള്ള എല്ലാ കുറ്റകരമായ പ്രവർത്തനങ്ങളും നിരോധിക്കാം... നിലവിലെ ഏതെങ്കിലും ഒരു നിയമം കുറ്റകരമാണെന്ന് പറയുന്ന ഒരു വിഷയത്തിനെതിരായി പ്രവർത്തിക്കുന്നതാണല്ലോ കുറ്റകരമായ പ്രവർത്തി അല്ലെങ്കിൽ "കുറ്റം" എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്... അങ്ങനെയെങ്കിൽ എന്തിനാണ് ഇനിയും പുതിയ ഒരു നിയമം കൊണ്ട് ആ പ്രവർത്തിയെ വീണ്ടും കുറ്റകരം എന്ന് പറയുന്നത്? ഉദാഹരണമായി പറഞ്ഞാൽ, കൊലപാതകം ഇന്ത്യൻ ശിക്ഷാനിയമ പ്രകാരം മരണശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ്... ഒരു ഭാഗ്യാന്വേഷി തനിക്ക് സമ്പത്തു വന്നുചേരും എന്ന അന്ധമായ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ ഒരു നരബലി നടത്തുന്നു... അവിടെയും മുൻപ് പറഞ്ഞ ഇന്ത്യൻ ശിക്ഷാനിയമ പ്രകാരമുള്ള 'മർഡർ' എന്ന കുറ്റകൃത്യം നിലനിക്കുമല്ലോ?? ആ കുറ്റകൃത്യത്തിന് മരണശിക്ഷ വരെ നല്കാനും കഴിയും... പുതിയ നിയമത്തിൽക്കൂടി അതിനപ്പുറം എന്ത് ശിക്ഷ നൽകാനാണ്?? വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ ചെയ്യുന്ന കുറ്റ കൃത്യത്തിന് നരഹത്യയെ ഉദാഹരണമായി പറഞ്ഞു എന്നെ ഉള്ളൂ... വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ ചെയ്യുന്ന നരഹത്യയുടെ അത്രയും ഗ്രാവിറ്റി ഇല്ലാത്ത കുറ്റകൃത്യങ്ങൾക്കും അതിനനുസരിച്ചുള്ള ശിക്ഷകൾ ഇന്ത്യൻ ശിക്ഷാനിയമം നിലവിൽത്തന്നെ ഉറപ്പുവരുത്തുന്നുണ്ട്... കുറ്റകരമായ പ്രവർത്തിക്കു ഇവിടെ നിലവിൽത്തന്നെ ശിക്ഷ ഉറപ്പു വരുത്തുന്ന നിയമങ്ങളുണ്ട്... കുറ്റകരമായ ഒരു പ്രവർത്തിയെക്കുറിച്ചുള്ള ചിന്ത കുറ്റകരവുമല്ല,, ശിക്ഷ സാധ്യവുമല്ല... 

       നിയമനിർമ്മാണം നടത്തുമ്പോൾ ഒഴിവാക്കാൻ കഴിയാത്ത മറ്റു ചിലകാര്യങ്ങളുണ്ട്... "അന്ധവിശ്വാസ്സങ്ങൾ" എന്നത് എന്താണെന്ന് ആദ്യം നിയമത്തിൽ നിർവചിക്കേണ്ടി വരും... അതിനു പ്രായോഗികമായി ബുദ്ധിമുട്ടുണ്ട്...  "അന്ധവിശ്വാസ്സങ്ങൾ" ഏതൊക്കെ രീതിയിൽ വിശദീകരിക്കപ്പെടാൻ സാധ്യത ഉണ്ടെന്നുള്ളതിന്റെ സൂചകമായാണ് ഈ എഴുത്തിന്റെ ആദ്യ വരികളിൽ അന്ധവിശ്വാസ്സങ്ങളെക്കുറിച്ചു ചിലതു പറഞ്ഞു പോയത്... പലതരത്തിലുള്ള അന്ധവിശ്വാസ്സങ്ങളുണ്ട്... കുറ്റകരമായ ഒരു പ്രവർത്തിയെക്കുറിച്ചുള്ള അന്ധമായചിന്ത കുറ്റകരവുമല്ല... കുറ്റകരമായ പ്രവർത്തി മാത്രമാണ് കുറ്റകരമാകുന്നത്... അങ്ങനെയെങ്കിൽ അന്ധമായ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ ചെയ്യുന്ന കുറ്റകരമല്ലാത്ത നിർദോഷകരമായ ഒരു പ്രവർത്തി എങ്ങനെ കുറ്റകരമാകും!!?? നിയമ നിർമ്മാണത്തിന്  പിന്നീട് സാദ്ധ്യമായ ഒരു മാർഗ്ഗം മത- ദൈവീക- ആരാധനാ ക്രമങ്ങളുടെ അടിസ്ഥാനത്തിലുള്ള അന്ധമായ ചിന്തയുടെ പിന്തുടർച്ചയായി വരുന്ന പ്രവർത്തികൾ നിയമം മൂലം നിരോധിക്കുക എന്നതാണ്... പ്രസ്തുത രീതിയിൽ നിയമ നിർമ്മാണം നടത്തണമെങ്കിൽ ഭരണഘടന ഉറപ്പുതരുന്ന ഫണ്ടമെന്റൽ റൈറ്റ്സ് ആയ  Article 25 മുതൽ 28 വരെയുള്ള മത- ആരാധനാ- വിശ്വാസ്സ സ്വാതന്ത്ര്യങ്ങളെ പൊളിച്ചെഴുതേണ്ടി വരും... നിലവിൽ അന്ധവിശ്വാസ്സനിരോധന നിയമം പാസ്സാക്കാൻ കച്ചമുറുക്കി നിൽക്കുന്നവരുടെ പക്കൽ അതിനുതക്ക ശേഷിയുള്ള വാളും പരിചയും ഉണ്ടെന്നു തോന്നുന്നില്ല... മറ്റൊരു ചോദ്യം അന്ധവിശ്വാസ്സങ്ങളുടെ പേരിൽ മനുഷ്യർ ചെയ്യുന്ന നിർദോഷകരമായ പ്രവർത്തികളെ വിലക്കുന്നതെന്തിനാണ്? സച്ചിൻ ടെണ്ടുൽക്കർ ആദ്യം ഇടതു കാലിൽ പാഡ് കെട്ടിയാൽ ആർക്കാണ് ദോഷം???

       അന്ധവിശ്വാസ്സങ്ങൾ ഇല്ലാതാക്കാനെന്ന പേരിൽ രാഷ്ട്രീയ നുഴഞ്ഞു കയറ്റത്തിന് ശ്രമിക്കുന്നവർക്ക് അറ്റകൈ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളുണ്ട്... ദൈവീക വിശ്വാസ്സ പ്രമാണങ്ങളെയും, ആരാധനാ ക്രമങ്ങളെയും "അന്ധവിശ്വാസ്സങ്ങൾ" എന്ന പരിവേഷം നൽകി വിലക്കുക... ദൈവീകമായ എല്ലാ ചിന്തയും അന്ധമായതാണ്... ദൈവം എന്ന ആരും കണ്ടിട്ടില്ലാത്ത ഒരു സങ്കൽപ്പത്തെ അന്ധമായി വിശ്വസിച്ചു ആരാധിക്കുകയാണല്ലോ ചെയ്യുന്നത്... അങ്ങനെ വന്നാൽ ക്ഷേത്രത്തിൽ പോയി തൊഴുന്നതിനോ, കുർബാന നടത്തുന്നതിനോ, നിസ്കരിക്കുന്നതിനോ കഴിയാതെവരും... ക്രിമിനൽ നിയമമായതിനാൽ ഏതെങ്കിലും മതസ്ഥരെ ഒഴിവാക്കി നിയമനിർമ്മാണം സാധ്യവുമല്ല... കുർബാനയും, നിസ്‌ക്കാരവും നിയമത്തിന്റെ പരിധിയിൽ കൊണ്ട് വരേണ്ടിവരും എന്നുള്ളതിനാൽ ഗണപതിഹോമവും, ഭഗവതി സേവയും രക്ഷപ്പെട്ടു എന്ന് കരുതാം... ഭരണഘടന ഇവിടെയെല്ലാം വിലങ്ങുതടിയായി നിൽക്കുകയും ചെയ്യും എന്നത് യാഥാർഥ്യം... പിന്നീട് ഒരു നിയമ സാധ്യത എന്നത് വിശ്വാസ്സങ്ങളുടെ അടിസ്ഥാനത്തിലെ ആരാധനാ ചര്യയെ അതിനായി നിർവചിച്ചിരിക്കുന്ന സ്ഥലങ്ങളിൽ മാത്രം നടത്താൻ അനുവദിച്ചുകൊണ്ട് നിയമം മൂലം ചുരുക്കുക... അപ്പോൾ വീടുകളിൽ വെച്ച് ഗണപതിഹോമം നടത്തുന്നത് തടയാം... മണിയടിക്കുന്ന ശബ്ദം മറ്റുള്ളവർക്ക് അരോചകമാണെന്ന് വ്യവസ്ഥ ചെയ്തു വിലക്കാം... അന്ധവിശ്വാസ്സങ്ങളും, ദോഷപ്രവർത്തികളും എല്ലാം ഹിന്ദു മതത്തിന്റെ കാടത്തരങ്ങളും, ഉല്പന്നങ്ങളും ആണെന്ന രീതിയിൽ ബോധപൂർവ്വമായ പ്രചാര വേല വർഷങ്ങളായി നടത്തിവരുന്നവർ സമൂഹത്തിൽ നടക്കുന്ന കുറ്റകൃത്യങ്ങളുടെ മറപിടിച്ചു് ആകമായ ദൈവീക- മത- ആരാധനാ രീതികളെ നിയമം മൂലം നിയന്ത്രിച്ചു തങ്ങളുടെ വരുതിയിൽ കൊണ്ടുവരാൻ വൃഥാ ശ്രമം നടത്തുന്നു എന്ന് ചുരുക്കിപ്പറയാം... മണിയടിശബ്ദമല്ല ആരാധന- വിശ്വാസ്സ പ്രവർത്തികളുടെ ഒരു പൂവിതൾ ഇറുക്കാൻ പോലും ഭരണഘടനയാൽ നയിക്കപ്പെടുന്ന ജനാധിപത്യ ഭാരതത്തിൽ കഴിയില്ല എന്ന് അവർ തിരിച്ചറിഞ്ഞാൽ നന്ന്... 

       എന്നാൽ നിയമം മൂലം നിയന്ത്രിക്കാൻ കഴിയുന്നതും നിയമത്തിന്റെ മുന്നിൽ നിലനിൽക്കാൻ സാധ്യത ഉള്ളതുമായ ചില ഹിന്ദു അനുഷ്ഠാനങ്ങളുണ്ട്... അവയിൽ ചിലതാണ് കുത്തിയോട്ടം, ഗരുഡൻ തൂക്കൽ തുടങ്ങിയവ... അവിടെ ഉയരുന്ന ചോദ്യങ്ങൾ ഈ അനുഷ്ഠാനങ്ങൾ സമൂഹത്തെ ഏതെങ്കിലും വിധത്തിലുള്ള വിഘാതത്തിലേക്കു നയിച്ചിട്ടുണ്ടോ എന്നതാണ്... ഈ അനുഷ്ഠാനങ്ങൾ നിരോധിക്കുക വഴിയുള്ള നേട്ടങ്ങളെക്കുറിച്ചും, ആവശ്യഗതയെക്കുറിച്ചുമാണ്... ആ നിരോധനങ്ങൾ ചർച്ചകൾക്ക് വിധേയമാക്കി തീരുമാനിക്കപ്പെടേണ്ടവയാണ്... ഹിന്ദു സമൂഹത്തെ വിശ്വാസ്സത്തിലെടുത്ത് ഉചിതമായ തീരുമാനങ്ങൾ കൈ ക്കൊള്ളേണ്ടതാണ്... അവിടെയും വിശ്വാസ്സമല്ല, വിശ്വാസ്സത്തെ അടിസ്ഥാനമാക്കിയുള്ള ഒരു പ്രവർത്തിയാണ് നിരോധിക്കാൻ കഴിയുക...  

[Rajesh Puliyanethu

 Advocate, Haripad] 

No comments: