Tuesday 16 September 2014

ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ തിരുവോണ [മയൂര] ത്തോണി....... !!!


       ഹരിപ്പാട്  ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെക്ക് ആറന്മുള ശ്രീ പാർത്ഥസാരഥീ ക്ഷേത്രത്തിലെ മാതൃകയിൽ ഒരു മയൂരത്തോണി നിർമ്മിച്ച്‌ സമർപ്പിക്കുന്നതിനെക്കുറിച്ച് ആലോചനായോഗങ്ങൾ പോടിപൊടിക്കുന്നു.. വേലായുധ സ്വാമിക്ക് എന്ത് സമർപ്പിക്കുന്നതിനെയും എത്രയും ആവെശത്തോടെ കാണുന്ന ഹരിപ്പാട് നിവാസികൾ ഈ സംരംഭത്തെയും സഹർഷം സ്വാഗതം ചെയ്യും എന്നതിൽ സന്ദേഹത്തിനുവകയില്ല... ഹരിപ്പാട്ടെ സ്വാർഥതാൽപ്പര്യങ്ങളും, വ്യക്തി താല്പ്പര്യങ്ങളും ഇല്ലാത്ത സാധാരണക്കാരായ ഭക്തജനങ്ങൾ എല്ലാം തന്നെ വെലായുധസ്വാമിക്കുള്ള സമർപ്പണങ്ങളെയും, ക്ഷേത്രത്തിന് ഉണ്ടാകാൻ പോകുന്ന ഉന്നമനം എന്ന്   വിശദീകരിക്കപ്പെടുന്ന ഏതിനെയും അതിൽ മറഞ്ഞു കിടക്കുന്ന നിക്ഷിപ്ത്ത താല്പ്പര്യങ്ങളെക്കുറിച്ച് അന്യെഷിക്കാതെ അന്ധമായി പിന്തുണക്കുകയാണ് ചെയ്യുന്നത്...!! ആ 'അന്ധത' എന്നത് വേലായുധസ്വാമിയോടുള്ള ഭക്തിയുടെയും, സ്നേഹത്തിന്റെയും, ബഹുമാനത്തിന്റെയും ബഹിർസ്പുരണമാണ്; മറിച്ച് അക്ജ്ഞതയുടെത് അല്ല...      

       വേലായുധസ്വാമിയോടുള്ള ഭക്ത്തി ഭക്ത്തജനങ്ങൾ, ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ എല്ലാക്കാര്യങ്ങളിലും ഇടപെട്ട്, ആചാര- അനുഷ്ട്ടാനങ്ങളും, നിർമ്മാണങ്ങളും, പൊളിച്ചു മാറ്റലുകളും, കൂട്ടിച്ചേർക്കലുകളും, അങ്ങനെ ക്ഷേത്രത്തെ സംബന്ധിക്കുന്നതെന്തും കുറ്റമറ്റ രീതിയിൽ നടന്നു വരുന്നു എന്ന് ഉറപ്പു വരുത്തി; തങ്ങളുടെ ഭക്ത്തിയെ ഒരു ഉത്തരവാദിത്വമായി നിറവേറ്റേണ്ട കാലമായി എന്ന് പറയേണ്ടി വരുന്നു...  മറിച്ച് പിന്നീട് ക്ഷേത്രത്തിനുണ്ടാകുന്ന അപചയത്തിൽ കണ്ണീർ വാർത്ത്, ഉത്തരവാദികളെ പഴിപറഞ്ഞു മാത്രം നാം കടന്നു പോയാൽ അത് നാം നമ്മുടെ ആരാധനാ മൂർത്തിയോടും, നാടിനോടും, വിശ്വാസ്സങ്ങളോടും, പൈത്രുകത്തോടും, ചെയ്യുന്ന അപരാധമായിരിക്കും... ഒരുകൂട്ടം ചൂഷകരുടെ മുൻപിൽ ശബ്ദമുയർത്താതെ ചുരുണ്ടുകൂടി ജീവിച്ച കുറച്ചു പൂർവ്വികർ ഇവിടെയുണ്ടായിരുന്നു  എന്ന വരും തലമുറയുടെ പഴിപറച്ചിലിനും നാം പാത്രീഭൂതരാകേണ്ടി വരും!!

       ക്ഷേത്രത്തിലെ എല്ലാക്കാര്യങ്ങളിലും ശ്രദ്ധവെയ്ക്കുക, ക്ഷേത്രകാര്യങ്ങൾ സുഗമമായും, സുതാര്യമായും നടക്കുന്നു എന്ന് ഉറപ്പുവരുത്തുക, ക്ഷേത്രത്തിൽ ഉണ്ടാകുന്ന വ്യത്യസ്തമായ ഏതൊന്നിനെയും കുറിച്ച് അപഗ്രഥിച്ചു പഠിക്കുക, സംശയം ജനിപ്പിക്കുന്നതെന്തും ചോദ്യം ചെയ്യുക; ഇത്രയും ചെയ്യാൻ ഭക്തജനങ്ങൾ തയ്യാറായാൽ, പിന്നീട് "പാടില്ലാത്തത് ആയിരുന്നു" എന്ന് ചിന്തിക്കേണ്ടി വരുന്നതൊന്നും സംഭവിക്കില്ല... ഒരു കാര്യം മനസ്സിൽ കരുതി വെയ്ക്കുക.. ക്ഷേത്രകാര്യങ്ങളിൽ ഉത്തരവാദിത്വവും, അവകാശവും ദേവസ്വം ബോഡിനോ, ക്ഷേത്ര ഭരണസമിതിക്കൊ, ഉപദേശകസമിതിക്കൊ മാത്രമല്ല... ആത്യന്തികമായി അത് ഭക്ത്തനിൽ നിക്ഷിപ്ത്തമാണ്...

       ക്ഷേത്രത്തിൽ വരണമെന്ന ആവശ്യമുയരുന്ന "മയൂരത്തോണി" തന്നെ ഒരു വിഷയമായി എടുക്കൂ... നിലവിൽ ക്ഷേത്രത്തിൽ മയൂരത്തോണി എന്ന ആചാരമോ അനുഷ്ട്ടാനമോ നിലനില്ക്കുന്നില്ല.. മുൻകാലങ്ങളിൽ നിലന്നിന്നിരുന്ന എന്നാൽ മുടങ്ങിപ്പോയ ഒരു ആചാരത്തിന്റെ തിരിച്ചു വരവുമല്ല അതുകൊണ്ട് ഉദ്ദേശിക്കുന്നത്... അങ്ങനെയെങ്കിൽ ഏത് ക്ഷേത്ര ഐതീഹ്യത്തിന്റെയോ, ആചാരത്തിന്റെയോ, ചരിത്രത്തിന്റെയോ പിൻബലത്തിലാണ് നാളെ ക്ഷേത്രത്തിലെ അനുഷ്ട്ടാനത്തിന്റെ ഭാഗമാകേണ്ട ഒന്ന് ഒരു കൂട്ടം ആൾക്കാർക്ക്‌ കൂടിയിരുന്നു തീരുമാനിച്ച് നടപ്പിലാക്കാൻ കഴിയുന്നത്‌!!??

       കണ്ടല്ലൂരിൽ നിന്നും കണ്ടെടുത്ത ചതുർബാഹിയായ വിഗ്രഹം കോപ്പാറ കടവിൽ എത്തിച്ച്, അവിടെ നിന്നും ചുണ്ടൻ വള്ളങ്ങളുടെ അകമ്പടിയോടെ പായിപ്പാട്ട് എത്തിച്ചു വെന്നും ആ സംഭവത്തിന്റെ പിന്തുടർച്ചയായി പായിപ്പാട് ജലൊൽസ്സവം അരങ്ങേറുന്നു എന്നും നാം മനസ്സിലാക്കുന്നു... ഈ സംഭവം തന്നെയാണ് "മയൂരത്തോണി" എന്ന സങ്കൽപ്പത്തിന്റെയും ആധാരശില എന്നാണ് മയൂരത്തോണി എന്ന ആശയം ഉയർത്തുന്നവർ പറയുന്നത്... അപ്പോഴും ചുണ്ടൻ വള്ളങ്ങളുടെ അകമ്പടിയോടെ എത്തിയ ഭഗവാന്റെ വിഗ്രഹത്തിനെ "തോണി" യുമായി ബന്ധപ്പെടുത്തി ഒരു ആചാരം സൃഷ്ട്ടിക്കുന്നതിലെ സാങ്കത്യം എളുപ്പത്തിൽ ദഹിക്കുന്നില്ല... ഹരിപ്പാട് ക്ഷേത്രത്തിന്റെ ഭാഗമായി ഒരു ചുണ്ടൻ വള്ളമായിരുന്നു ഉയർന്നുവന്ന ആശയമെങ്കിൽ അത് ഭക്ത്ത മനസ്സുകളിൽ കൂടുതൽ അങ്ങീകരിക്കപ്പെട്ടെനേം...

       തിരുവാറൻമുളയിലെ ശൈലിയിലാണ് മയൂരത്തോണി എന്നാണ് ഉപദേശകസമിതിയുടെ ഭാഷ്യം... അങ്ങനെയെങ്കിൽ തിരുവാറൻമുളയിലെ ഐതീഹ്യത്തെക്കൂടി നമുക്കൊരു നിമിഷം സ്മരിക്കേണ്ടതുണ്ട്... അവിടെ ഭഗവാൻ ചെറുകോലിൽ നിന്നും ചങ്ങാടത്തിലാണ് തിരുവാറൻമുളയിലേക്ക് എത്തിയത് എന്നാണ് വിശ്വാസ്സം... ഇടക്ക് മാലക്കരയിൽ ഇറങ്ങി വിശ്രമിച്ചെന്നും ഉചിതമായ സ്ഥലം 'തിരുവാറന്മുള' യാണെന്നുള്ള ഭൂതഗണങ്ങളുടെ അറിയിപ്പിനെ തുടർന്നു അവിടേക്ക് അദ്ദേഹം യാത്ര തുടർന്നുവെന്നും ഐതീഹ്യം പറയുന്നു.... ഇതാണ് "തിരുവോണത്തോണി" യുടെ പിന്നിലെ കഥയെങ്കിൽ തിരുവോണത്തോണിയിൽ ഭഗവാന് തിരുവോണവിഭവങ്ങൾ എത്തിക്കുന്നതിനു പിന്നിലെ കഥ മറ്റൊന്നാണ്... മാങ്ങാട്ട് ഇല്ലത്തെ വൃദ്ധബ്രാഹ്മണൻ പതിവായി ഒരു ബ്രാഹ്മണബാലന് തിരുവോണവിഭവങ്ങൾ നൽകുമായിരുന്നു വെന്നും ആ ബാലൻ ഭഗവാൻ ആയിരുന്നുവെന്നും ഒരു തിരുവോണത്തിന് ആ ബാലൻ എത്താതിരുന്നു വെന്നും തുടർന്നു 'തനിക്കുള്ള വിഭവങ്ങൾ ഇങ്ങോട്ട് കൊടുത്തുവിട്ടാൽ മതി' എന്ന അരുളപ്പാട് ഉണ്ടായി എന്നും ആ സംഭവം തിരുവോണത്തോണിയിൽ ഭഗവാന് വിഭവങ്ങൾ എത്തിക്കുന്ന ആചാരത്തിന് കാരണമായി എന്നും പറയപ്പെടുന്നു...  

       ഏതൊരു ക്ഷേത്രത്തിലും അനുഷ്ട്ടാനങ്ങൾ ഉണ്ടാകുന്നതും അത് ഒരു ചിട്ടപ്രകാരം നടന്നു വരുന്നതും ആ ക്ഷേത്രോൽപ്പത്തിയോടും, ആ ക്ഷേത്രത്തിലെ ആരാധനാമൂർത്തിയോടും ബന്ധപ്പെട്ട പുരാതനമായ വിശ്വാസ്സങ്ങളുടെ അടിസ്ഥാനത്തിലാണ്... അത് ക്രമമായി ആചരിച്ചു വരുമ്പോൾ മാത്രമാണ് അവയെല്ലാം അനുഗ്രഹപൂർണ്ണവും, മഹാനീയവും ആകുന്നത്.. ചില പുതിയ 'ചടങ്ങുകൾ' ഒരു ദിവസ്സം തുടങ്ങിവെച്ചതിനു ശേഷം ഇവയാണ് ഇനിമേൽ 'അനുഷ്ട്ടാനങ്ങൾ' എന്ന് പറഞ്ഞാൽ 'അനുഷ്ട്ടാനം' എന്ന വാക്കിന്റെ അർഥ ഭദ്രതയെപ്പോലും അത് ചോദ്യം ചെയ്യും.. അവ ആ ക്ഷേത്രത്തിന്റെമേൽ 'ഏച്ചുകെട്ടിയ മാറാപ്പുപോലെ' വേറിട്ടു നിൽക്കും...

       ആചാര-അനുഷ്ട്ടാനങ്ങളുടെ പിൻബലം അവിടെ നിൽക്കട്ടെ;   പുതിയതായി ഒന്ന് അവതരിപ്പിക്കപ്പെടുമ്പോൾ ക്ഷേത്രത്തിന്റെ നിലവിലെ സാഹചര്യങ്ങൾ തീർച്ചയായും വിലയിരുത്തപെടണം..   ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെക്ക് മയൂരത്തോണി അവതരിപ്പിക്കുമ്പോൾ 'നിലവിലെ ക്ഷേത്രകാര്യങ്ങൾ എല്ലാം കാര്യക്ഷമമായും, മികച്ചനിലയിലും പ്രവർത്തിക്കുന്നുണ്ടോ എന്ന് ആദ്യം നോക്കണം... അല്ലാതെ പട്ടിണി ഇല്ലത്തേക്ക് ആനയെ വാങ്ങി നൽകിയ അവസ്ഥ ആകരുത്..!! ക്ഷേത്രത്തിലെ കൂത്തമ്പലം നിലം പോത്തലിന്റെ വക്കിലാണ്, ഊട്ടുപുരയുടെ ശ്യോച്യാവസ്ഥ ഒന്നുകൊണ്ടു മാത്രം കല്യാണങ്ങൾ നടത്താൻ മടിക്കുന്ന അവസ്ഥ.. ക്ഷേത്രമതിൽക്കെട്ടിനകവും പെരുംകുളത്തിന് ചുറ്റുവട്ടവും മലിനമായിക്കിടക്കുന്നു, ആനക്കൊട്ടിലും പുനരുദ്ധാരണം ആവശ്യമായ നിലയിൽത്തന്നെ...!! ഇവയൊക്കെ ക്ഷേത്രം ഒരു പത്തുമിനിട്ടിൽ ചുറ്റിനടന്നു കാണുന്നവന് മനസ്സിലാക്കാവുന്ന സ്പഷ്ട്ടമായ കാര്യങ്ങൾ... കൂടുതൽ സൂഷ്മതയോടെ നോക്കിയാൽ മറ്റെത്രയോ അവശ്യകാര്യങ്ങൾ കണ്ടെത്താൻ കഴിയും!? പൌരാണികതയുടെ മകുടോദാഹരണങ്ങളായ കൂത്തമ്പലം നിലംപൊത്താൻ വിട്ടിട്ട് എന്ത് മയൂരത്തോണിയാണ് നിങ്ങൾ നിർമ്മിക്കാൻ പോകുന്നതെന്ന് ചോദിച്ചാൽ വഴുക്കലിൽ വടികുത്തിയത് പോലെയൊരു   മറുപടിക്കപ്പുരം എന്ത് ലഭിക്കും?? ക്ഷെത്രത്തിന്റെതെന്നു പറഞ്ഞു നിർമ്മിച്ച്‌ പായിപ്പട്ടാറിന്റെ തീരത്ത്‌ പൊളിഞ്ഞ വിറകുകഷ്ണങ്ങളാക്കാനാണോ 'മയൂരത്തോണി' ??

       പതിനഞ്ചു വർഷങ്ങൾക്കു മുൻപാണ് മഹാക്ഷേത്രമായ ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ദേവപ്രശ്നം നടന്നത്.. ദേവന്റെ ഹിതം അറിയത്തക്ക സാഹചര്യം നിലനിൽക്കുന്നില്ല എന്ന് ആർക്കും വാദിക്കാൻ കഴിയില്ല... കാരണം കഴിഞ്ഞ വർഷങ്ങളിൽ ആശുഭങ്ങളുടെ പലപല കഥകൾ നമുക്ക് പറയാനുണ്ട്... ക്ഷേത്രം തന്ത്രി ക്ഷേത്രക്കുളത്തിൽത്തന്നെ വീണുമരിച്ചു... അതിൽപ്പരം ദുർനിമിത്തം എന്ന് വിശേഷിപ്പിക്കാവുന്ന മറ്റൊരു സംഭവമില്ല... കാവടി കത്തിയത്, ക്ഷേത്രാങ്കണത്തിൽ രക്തം വീണത്‌ അങ്ങനെ തുടരുന്നു അവ.. ദേവനെ പ്രസാദിപ്പിക്കാതെയുള്ള ഏതു മയൂരത്തോണിയാണ് മഹനീയമായ സമർപ്പണമാകുന്നത്?? ദേവപ്രശ്നം ആവശ്യപ്പെടുന്നവരോട്, പ്രശ്നവിധി നടപ്പിലാക്കുമ്പോൾ ആവശ്യമാകുന്ന ഭാരിച്ച ചെലവുകളാണ് ഉപദേശകസമിതിയും മറ്റും നിരത്തുന്നത്...  മയൂരത്തോണിനിർമ്മിക്കാൻ ഇരുപതു ലക്ഷം കണ്ടെത്തുന്നത് അവർക്ക് ഒരു പൂവിറക്കുന്നതിനേക്കാൾ നിസ്സാരമാണ് താനും!! മികച്ച ഫലിതങ്ങളിൽപ്പെടുത്തി പ്രസിദ്ധീകരിക്കേണ്ടത് എന്ന് മാത്രമേ അതിനെക്കുറിച്ച് പറയുവാനുള്ളു...

       ദേവന്റെ ഹിതം അറിയാതെയുള്ള  മയൂരത്തോണിനിർമ്മാണം ദേവനോടുള്ള അവഹേളനമായിമാറും എന്ന് ചിന്തിക്കുന്നവരും ഉണ്ട്... മര്യാദ എന്നത് അതിന്റെ ഏറ്റവും ഉന്നതമായ രീതിയിലാണ് ആരാദ്ധ്യദേവന് നൽകേണ്ടത് എന്ന് വിശ്വസ്സികുന്നവർക്ക് എങ്ങനെ ദേവഹിതം അറിയാതെയുള്ള അടിച്ചേൽപ്പിക്കലിനെ ദേവനോടുള്ള അവഹേളനം അല്ലാതെ കാണാൻ സാധിക്കും?? പക്ഷെ ദേവഹിതം നോക്കൽ  മയൂരത്തോണിയുടെ കാര്യത്തിൽ മാത്രം പോരാ... മറിച്ച് ക്ഷേത്രത്തിലെ സമസ്ഥകാര്യങ്ങളെക്കുറിച്ചും ആയിരിക്കുക തന്നെ വേണം...

       ക്ഷേത്രത്തിൽ സുതാര്യതയില്ലാതെ നടന്ന മുൻകാല സംഭവങ്ങളെല്ലാം ഭക്തജനങ്ങളെ വഞ്ചിക്കുന്നവ ആയിരുന്നു... അതിന്റെ ഒരു ഉദാഹരണം മാത്രമാണ് കമ്പവിളക്ക് സംഭവം... ക്ഷേത്രത്തിലേക്ക് പുതിയ കമ്പവിളക്കുകൾ വരുന്നു എന്ന ആവേശത്തിൽ ഭക്തജനങ്ങൾ സന്തോഷിച്ചു പിന്താങ്ങി... വിളക്കിലെ വിലപിടിച്ച അപൂർവ ലോഹക്കൂട്ട്‌ കടത്തിക്കൊണ്ടുപോകുന്ന പകൽക്കൊള്ളയുടെ രംഗവേദി ആകുകയായിരുന്നു  ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രമെന്ന് തിരിച്ചറിയാൻ ഏവരും ഏറെ വൈകി... ഭഗവാന്റെ ഉൽസ്സവാഘോഷങ്ങളെപ്പോലും മുടക്കി സമരം ചെയ്യേണ്ടി വന്നു ഇന്നത്തെ രൂപത്തിലെങ്കിലും കമ്പവിളക്കുകൾ പിന:സ്ഥാപിക്കപ്പെടാൻ എന്നത് ഹരിപ്പാട്ടുകാരുടെ മനസ്സിലെ മായാത്ത ഓർമ്മ... എനിക്ക് തോന്നുന്നത് ഹരിപ്പാട്ടെ എല്ലാ മുരുകഭക്ത്തരും അന്നെടുത്ത തീരുമാനമാകാം "സുതാര്യമാല്ലാത്തതോന്നും ഈ ക്ഷേത്രാങ്കണത്തിൽ ഇനി അനുവദിക്കില്ല" എന്നത്..

       ശാസ്‌ത്ര വിധികളും, ദേവഹിതവും, ക്ഷേത്രത്തിന്റെ നിലവിലെ സാഹചര്യവും എല്ലാം പഠിച്ച് ഭക്തജനങ്ങളുടെ മുൻപിൽ വിശദീകരിച്ചതിനു ശേഷം മാത്രം മതി മയൂരത്തോണിയുടെ ഭാവി നിശ്ചയിക്കുന്നത്... ഒപ്പം ഒളിച്ചുവെച്ച താൽപ്പര്യങ്ങൾ ആരെങ്കിലും നടപ്പിലാക്കാൻ ശ്രമിക്കുന്നുണ്ടോ എന്ന് കൂടി ശ്രദ്ധിക്കണം... "ഹരിപ്പാടിന് സ്വന്തമായി ഒരു ചുണ്ടൻ വള്ളം എന്നാ ആശയം നാടിന്റെ പലകോണുകളിൽ നിന്നും ഉയർന്നു വരുന്ന അവസ്സരത്തിൽ അതിനെ ഒരു മയൂരത്തോണി കൊണ്ട് കടക്കെക്ക് വെട്ടാൻ ശ്രമിക്കുന്നതാണ്" എന്ന് അങ്ങാടിയിൽ കേൾക്കുന്ന പാട്ടിന്റെ പല്ലവിയും ചരണവും കൂടി തിരയുന്നത് നന്നായിരിക്കും.. ആരുടെയും സ്വന്തം താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ 'കരു' വാക്കാനുള്ളതല്ല ജനമനസ്സുകളിൽ വാഴുന്ന വേലായുധസ്വാമി...

       'ഏതൊരു നല്ലകാര്യത്തിനു തുടക്കമിട്ടാലും അതിനെല്ലാം ഉടക്കുമായി ഒരു വിഭാഗം ഇറങ്ങിക്കോളും',, എന്ന വസ്തുതകളെ ലഘൂകരിക്കുന്ന വർത്തമാനവും ഹരിപ്പാട്ടമ്പലത്തിലെ കാര്യങ്ങളിൽ വിലപ്പോകാത്ത അവസ്ഥയാണ്... കാരണം മുൻകാല പരിചയമാണ്... പലകാര്യങ്ങളും ചോദ്യം ചെയ്യലുകൾക്ക് വിധേയമാക്കാതെ നടപ്പിലാക്കാൻ അനുവദിച്ചതിന്റെ മനസ്ഥാപം ഏറെയുണ്ട്; ഹരിപ്പാട്ടുകാരുടെ മനസ്സുകളിൽ....

       എല്ലാം പരംപൊരുളായ വേലായുധസ്വാമിയുടെ ഇചഛയും, അനുഗ്രഹവും പോലെ നടക്കട്ടെ...

 ഹരഹരോ ഹരഹര...


[Rajesh Puliyanethu
 Advocate, Haripad]