Wednesday 11 December 2019

തെലുങ്കാനയിലെ പോലീസ്സ് നടപടി;; ''നീതി'' കണ്ണു കെട്ടുന്നു....!!??


     ഹൈദ്രബാദിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തു ചുട്ടുകൊന്ന കേസ്സിലെ പ്രതികളെ  വെടിവെച്ചു കൊന്ന പോലീസ് ഉദ്യോഗസ്ഥർക്ക് സല്യൂട്ട് നൽകുന്ന തിരക്കിലാണ് രാജ്യത്തിന്റെ ഒരു പകുതി...  രാജ്യത്ത് കൂടിവരുന്ന ബലാത്സംഗ കൊലപാതകങ്ങൾക്കു നേരെ ഉയരുന്ന ജനരോഷമാണ് ഇത്രയും അധികം പിന്തുണ തെലുങ്കാന പൊലീസിന് ലഭിക്കാൻ കാരണം.. വൈകാരികമായി മാത്രം ചിന്തിക്കുന്ന ഒരു വിഭാഗമാണ് ഈ വിധം കലവറയില്ലാതെ പിന്തുണ പൊലീസിന് നൽകുന്നതെന്ന് നിസ്സംശയം പറയാൻ കഴിയും... നിയമത്തെ ഏതു വിധത്തിൽ നോക്കിക്കാണണം എന്നും, നിയമത്തിൻ്റെ അടിസ്ഥാന തത്വങ്ങളിൽ നിന്നുകൊണ്ട് എങ്ങനെ ചിന്തിക്കണണമെന്നും പ്രാഥമിക വീദ്യാഭ്യാസകാലം മുതൽ പഠിപ്പിച്ചു നല്കാത്തതിന്റെ പോരായ്മയും കൂടിയാണ് ഈ പിന്തുണകൾ തെളിച്ചു കാണിച്ചു തരുന്നത്.. ചെറിയ ക്ലാസ് തലം മുതൽ നിയമം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം കൂടി ഈ അവസ്സങ്ങളിൽ ഓര്മപ്പെടുത്തേണ്ടതാണ്...

     തെലുങ്കാനയിലെ സംഭവം നോക്കൂ... പ്രതികളെ വിചാരണ കൂടാതെ വെടിവെച്ചു കൊല്ലുക എന്നതല്ലല്ലോ രാജ്യം വിവക്ഷിക്കുന്ന രീതി... പൊലീസിന് പറയാനുള്ളത് എന്താണ്!!??? പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചു... ഒരു കോടതിയുടെയോ,, അന്വേഷണ കമ്മീഷന്റെയോ,, പുതിയതായി വരുന്ന അന്വേഷണ ഏജൻസിയുടെയോ മുൻപിൽ ഈ കാരണം നിരത്തി പൊലീസിന് എത്രകാലം പിടിച്ചു നിൽക്കാൻ കഴിയും എന്നത് കണ്ടുതന്നെ അറിയണം... പോലീസിന്റെ കസ്റ്റഡിയിൽ രണ്ടു ദിവസത്തിലേറെയായി ഉള്ളവർ... തീർച്ചയായും അവരുടെ പക്കൽ ആയുധങ്ങൾ ഉണ്ടാകില്ല.. ആയുധങ്ങൾ ഉണ്ടായിരുന്നു എന്ന വാദം പൊലീസിന് ഒരിക്കലും ഉന്നയിക്കാൻ കഴിയില്ല... ഇത്രയധികം സെൻസേഷണൽ ആയ ഒരു വിഷയത്തിൽ ജനങ്ങൾ ആക്രമിക്കാൻ സാദ്ധ്യത ഉണ്ട് എന്ന നിലയിൽ കനത്ത ബന്തവസ്സിൽ മാത്രമേ പ്രതികളെ തെളിവെടുപ്പിന് കൊണ്ടുവരാൻ സാദ്ധ്യത ഉള്ളൂ... ഇത്രയധികം കാര്യങ്ങൾ കൃത്യമായി കാണാൻ കഴിയുന്ന രീതിയിൽ നിൽക്കുമ്പോളാണ് പൊലീസിന് ഈ വിഷയത്തിൽ ന്യായങ്ങൾ പറഞ്ഞു അധികകാലം പിടിച്ചു നിൽക്കാൻ കഴിയില്ല എന്ന് പറയുന്നത്... ഇത്രയധികം പൊലീസുകാരെ നിരായുധരായ നാലുപേർ ആക്രമിച്ചാൽത്തന്നെ പ്രതിരോധിക്കാനോ,, അവരെ കീഴടക്കാനോ ഉള്ള ക്ഷമത ഇല്ലാത്തവരാണോ തെലുങ്കാന പോലീസ്സ്...!!?? തോക്കുകൊണ്ടു മാത്രം അവരെ പ്രതിരോധിക്കാൻ കഴിവുള്ളവരാണ് ആ പോലീസ്സ് സംഘത്തിൽ ഉള്ളതെങ്കിൽ ഒരു നിമിഷം പോലും സർവ്വീസിൽ തുടരാൻ അവർ അർഹരല്ല... പോലീസ് സംഘത്തെ അക്രമിക്കുകയല്ല,, മറിച്ചു് അവർ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നുവെങ്കിൽ അവരെ പിടികൂടാൻ കഴിയാത്തതിനാൽ വെടിവച്ചിട്ടു എന്ന് എങ്ങനെ ലജ്ജ കൂടാതെ ഒരു പോലീസ്സ് അധികാരിക്ക് പറയാൻ കഴിയും... ഒരു കാര്യം ഏറെക്കുറെ ഉറപ്പിച്ചു പറയാൻ കഴിയും... ഏറ്റവും കുറഞ്ഞത് ഏത് ഉദ്യോഗസ്ഥന്റെ സർവീസ് റിവോൾവറിൽ നിന്നാണോ പ്രതികളുടെ ശരീരത്തിൽ വെടിയുണ്ടകൾ കയറിയത്,, അയാളെങ്കിലും ശിഷ്ടകാലം ഇരുമ്പഴികൾക്കുള്ളിൽ കഴിയേണ്ടി വരും... കുറ്റം ആരോപിക്കപ്പെടുന്നവനെ വെടിവെച്ചു കൊല്ലുന്നതല്ല പോലീസിന്റെ മികവ്,, മറിച് യഥാർത്ഥ കുറ്റവാളികളെ കണ്ടെത്തി അവർക്കെതിരെ തെളിവുകൾ ശേഖരിച്ചു കോടതിയുടെ മുൻപാകെ തെളിയിച്ചു ശിക്ഷവാങ്ങി കൊടുക്കുന്നതിലാണ്... വിചാരണ കൂടാതെ ശിക്ഷ നടപ്പിലാക്കുന്നതുതന്നെ കാടത്തമാണ്... അതിനെ പിന്തുണക്കുന്നത് അധഃ പതനമാണ്...

     നിയമ വ്യവസ്ഥയിൽ വലിയ ഒരു വിഭാഗം ജനതയ്ക്ക് വിശ്വാസ്സം നഷ്ടപ്പെട്ടതാണ് പോലീസ്സ് നടപടിക്ക്‌ ഇത്രയധികം പിന്തുണ ലഭിക്കാൻ കാരണം എന്ന് കാണേണ്ടതുണ്ട്... അതിനൊപ്പം തന്നെ എന്തുകൊണ്ട് നിയമ വ്യവസ്ഥയിലെ വിശ്വാസ്സം നഷ്ട്ടപ്പെട്ടു എന്നു കൂടി തിരിച്ചറിയാൻ ശ്രമിക്കണം..

     രാഷ്ട്രീയത്തിലും, പോലീസ്സിലും സ്വാധീനങ്ങൾ ചെലുത്തി ചില കേസ്സുകൾ അട്ടിമറിക്കപ്പെടുന്നത് കണ്ടു നിൽക്കേണ്ടി വരുന്നത് ജനങ്ങളിൽ അസ്വസ്ഥതകൾ സൃഷ്ട്ടിക്കും... തങ്ങളുടെ കാഴ്ചപ്പാടിൽ കുറ്റവാളിയാണെന്ന് തീർച്ചപ്പെടുത്തിയ ഒരു കുറ്റാരോപിതർ വിചാരണയ്ക്കു ശേഷം നിരപരാധിയെന്ന് കണ്ടു വിട്ടയക്കപ്പെടുന്നത്,, ശിക്ഷിക്കപ്പെട്ട പ്രതി ജയിലിൽ പൂർവ്വാധികം കായബലം നേടി നിൽക്കുന്നത് കാണുന്നത്,, ശിക്ഷിക്കപ്പെട്ടവൻ സർക്കാർ - രാഷ്ട്രീയ ഒത്താശയോടെ തുടർച്ചയായി പരോളുകൾ നേടി നിയമ സംവിധാനങ്ങളെ പരിഹസിക്കുന്നത്;; ഇതൊക്കെ കണ്ടു നിൽക്കുന്നവൻ സ്വോഭാവികമായും രോഷാകുലരാകും... ഇതിനൊപ്പം കണ്ടു നിൽക്കുന്നവന് നിയമപരിജ്ഞാനത്തിന്റെ അഭാവവും കൂടി ഉണ്ടെങ്കിലോ!!?? തീർച്ചയായും അവർ നീതിന്യായ സംവിധാനത്തെ പഴിപറയും...  കോടതി വിചാരണയ്ക്കു മുൻപുതന്നെ മാദ്ധ്യമങ്ങൾ വിചാരണ നടത്തി കുറ്റവും ശിക്ഷയും വിധിച്ചു കഴിഞ്ഞ ഒരു പ്രതിയെ കോടതി വെറുതെ വിടുന്നുവെങ്കിൽ കണ്ടു നിൽക്കുന്നവന്റെ അമർഷം വീണ്ടും വർദ്ധിക്കും... അവിടെയെല്ലാം പൊതുജനത്തിൻ്റെ മനസ്സിൽ വിലയിടിയുന്നത് നമ്മുടെ നിയമ നീതിന്യായ സംവിധാനങ്ങളുടേത് ആയിരിക്കും... കുറ്റവാളിയെ നിയമത്തിനു വിട്ടുകൊടുക്കാതെ വെടിവെച്ചു കൊന്നുകളയുന്ന സിനിമയിലെ പോലീസ്സ് നായകനോട് തോന്നുന്ന ആരാധന യഥാർഥ പോലീസിനോട് തോന്നുന്നത് നിയമപരമായ അറിവിന്റെയും, ചിന്തയുടെയും ച്യുതിയാണ്... സിനിമയിലും പ്രേക്ഷകന്റെ മനസ്സിലേക്ക് കനത്ത ഡയലോഗുകളിൽക്കൂടി നായകൻ പറഞ്ഞു നിറക്കുന്നത് "നിയമത്തിൻ്റെ പഴുതുകളിൽക്കൂടി രക്ഷപ്പെടാതിരിക്കാൻ വില്ലനെ കൊന്നു കളയുന്നു" എന്നാണല്ലോ!

     വിചാരണ കൂടാതെ വിധി നടപ്പാക്കുന്ന ഉട്ടോപ്യൻ രാജ്യങ്ങളുടെ ആരാധകരായി മാറുകയാണ് നമ്മളിൽ പലരും... ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്ന നിലയിൽ ഭാരതം ശ്രെഷ്ട പദവി അലങ്കരിച്ചു നിൽക്കുന്നത് വിചാരണ കൂടാതെ വെടിവെച്ചു കൊല്ലുന്ന തരത്തിലെ കാടൻ രീതികൾ ഇവിടെ നിലവിലില്ലാത്തതു  കൊണ്ടു കൂടിയാണ്... നീതി അതിന്റെ ശരിയായ രീതിയിൽ നടപ്പിലാക്കുന്ന രാജ്യം എന്ന പേരിലാണ് നമ്മുടെ രാജ്യം ശ്രെയസ്ക്കരമാകുന്നത്... ''ക്യാപ്പിറ്റൽ ഓഫ് ഡെമോക്രസി'' എന്നതാണ് ഭാരതത്തിന്റെ ക്യാപ്‌ഷൻ...  റേപ്പ് ക്യാപിറ്റൽ എന്ന് ഭാരതത്തെ ഒരു വിദേശിയും, സ്വദേശിയും വിശേഷിപ്പില്ല... സ്വദേശിയും വിദേശിയുമല്ലാത്തെ ആരെങ്കിലും അങ്ങനെ വിശേഷിപ്പിച്ചാൽ നമ്മൾ അത് മുഖവിലക്കെടുക്കേണ്ട കാര്യവുമില്ല.... 

     ഇത്രകണ്ട് രാജ്യത്തെ നിയമ വ്യവസ്ഥിയിൽ വിശ്വാസ്സമില്ലാതാകേണ്ട അവസ്ഥ നിലവിലില്ല എന്നുതന്നെ നമ്മൾ കാണണം... രാജ്യത്തിനെതിരെ പ്രവർത്തിച്ച കൊടും കുറ്റവാളികൾക്ക് നമ്മുടെ രാജ്യം വിചാരണ നടത്തിത്തന്നെ ക്യാപ്പിറ്റൽ പണിഷ്മെൻറ് നൽകിയിട്ടുണ്ട്... മതത്തിന്റെയും,, രാഷ്ട്രീയത്തിന്റെയും സമ്മർദ്ദങ്ങളെ അതിജീവിച്ചുതന്നെ അജ്മൽ കസബിനെയും,, അഫ്‌സൽ ഗുരുവിനെയും ഇവിടുത്തെ നീതിന്യായ വ്യവസ്ഥ തൂക്കൂലേറ്റിയില്ലേ...?? നിർഭയ കേസ്സിലെ പ്രതികൾ തൂക്കുകയർ കാത്തുകിടക്കുകയല്ലേ?? ശിക്ഷിക്കപ്പെട്ടവനെ പട്ടിണിക്കിടുന്നതല്ല നമ്മുടെ രാജ്യം പിന്തുടരുന്ന രീതി എന്നതുകൊണ്ട് കായപുഷ്ടി നേടിയ ഗോവിന്ദച്ചാമിയെ കണ്ട് നമ്മൾ നീതി പീഠങ്ങളെ കുറ്റപ്പെടുത്തേണ്ട കാര്യമില്ല... ജീവപര്യന്തം എന്നാൽ ജീവിതാവസാനം വരെ എന്നാണ് അർഥം... ഗോവിന്ദച്ചാമി മരണം വരെ ജയിലിൽ കിടന്നാൽ അതും അർഹമായ ശിക്ഷയാണ്... വിചാരണ നടത്തി നൽകിയ ശിക്ഷ എന്ന മേന്മ ആ ശിക്ഷക്കുണ്ട്....

     തെലുങ്കാന റേപ്പ് കേസ്സിലേക്കു തന്നെ വരൂ... നാലുപേരെ കുറ്റവാളികളായി കണ്ടെത്തിയത് പൊലീസ് ആണ്... പോലീസ് പറഞ്ഞ അറിവിന്റെ അടിസ്ഥാനത്തിലാണ് അവർ കുറ്റവാളികളാണെന്ന് നമ്മൾ തിരിച്ചറിഞ്ഞത്... അവർ കുറ്റവാളികളാണെന്ന ഉറച്ച വിശ്വാസ്സത്തിലാണ് അവർ കൊല്ലപ്പെടേണ്ടവരാണെന്ന് നമ്മളിൽ ഒരു വിഭാഗം തീർത്തു പറഞ്ഞത്... വികാരങ്ങളെ മാറ്റിനിർത്തി ആലോചിക്കൂ... അവർ യഥാർഥ കുറ്റവാളികൾ അല്ലെങ്കിലോ!!?? പ്രബലരായ മറ്റേതെങ്കിലും പ്രതികളെ എന്നെന്നേക്കുമായി രക്ഷിക്കാൻ പോലീസ്സ് നടത്തിയ തിരക്കഥയാണ് നടപ്പിലായതെങ്കിലോ!!?? പ്രതികളിൽ ഒരാളെപ്പോലും ബാക്കിവെയ്ക്കാതെ പോലീസ്സ് കൊന്നുകളഞ്ഞതുകൊണ്ടാണ് സംശയം ബലപ്പെടുന്നത്... പ്രതികൾ എല്ലാവരും  മരിച്ചതിനാൽ ഇനി കുറ്റ വിചാരണയുമില്ല... അവരിൽ ഒരുവനെങ്കിലും നിരപരാധിയായിരുന്നുവെങ്കിൽ അത് തെളിയിക്കപ്പെടാതെ ഈ ലോകത്തുനിന്നും അവനെ തിരികെ അയച്ചതിൽ എന്ത് നീതിയാണുള്ളത്... പൊലീസ് നടപടിയെ അത്യന്തം സംശയത്തോടെ തന്നെ കാണണം... കാരണം രക്ഷപ്പെടാൻ ശ്രമിക്കുന്ന നാലു പ്രതികളിൽ ഒരുവൻ വെടി കൊണ്ടു വീണത് കാണുമ്പോൾത്തന്നെ മറ്റുള്ളവർ അതിൽ നിന്നും പിന്തിരിയില്ലേ?? നാലുപേരെയും കൊന്നതിനാൽ അവരെ മുഴുവനും ഇല്ലാതാക്കുക എന്നത് പോലീസിന്റെ തീരുമാനമായിരുന്നു എന്ന് കാണണം.. പക്ഷെ അതിനവർ തയ്യാറാക്കിയ തിരക്കഥ ദുർബലമായിരുന്നു എന്നും പറയേണ്ടി വരും...

     തെലുങ്കാന പ്രതികളെ കൊന്ന ഓപ്പറേഷനെ "എൻകൗണ്ടർ" എന്ന് വിശേഷിപ്പിക്കാൻ പാടില്ല... പൊലീസ് ഭാഷ്യം തന്നെ അവർ രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വെടി വെയ്ക്കുകയായിരുന്നു എന്നാണ്... രക്ഷപ്പെടാൻ ഓടുന്നവനെ വെടിവെച്ചിടുന്നതാണോ എൻകൗണ്ടെർ!!?? നമ്മുടെ പോലീസിനെയും,, പട്ടാളത്തെയും,, പൊതുജനത്തെയും ആക്രമിക്കുകയും നശിപ്പിക്കുകയും,, പൊതുജനത്തെ ബന്ദികളാക്കുകയും ചെയ്യുന്നവരെ കൊല്ലുകയല്ലാതെ മറ്റു മാർഗ്ഗങ്ങളില്ലാതെ വരുമ്പോൾ എടുക്കുന്ന നടപടിയാണ്  "എൻകൗണ്ടർ"... അത് രാജ്യത്തിന്റെയും,, ജനതയുടെയും സുരക്ഷക്കായി ഉത്തരവാദിത്വപ്പെട്ടവർ നടത്തുന്ന ധീരമായ നടപടിയാണ്.. മറിച്ചു തെലുങ്കാന പോലീസ് ചെയ്തതു പോലെയുള്ള ഭീരുത്വവും, നിഗൂഢതയും നിറഞ്ഞ ഒന്നല്ല...

     തെലുങ്കാന സംഭവത്തിൽ രണ്ടു രാഷ്ട്രീയ ചേരികൾ രൂപം കൊണ്ടതാണ് ഏറെ അത്ഭുതപ്പെടുത്തുന്നത്... പോലീസ്സ് നടപടിയെ അനുകൂലിക്കുന്ന വിഭാഗം, എതിർക്കുന്ന വിഭാഗം എന്നതിനപ്പുറം അനുകൂലിക്കുകയും, എതിർക്കുകയും ചെയ്യുന്ന രാഷ്ട്രീയ ചേരിതിരിവാണ് ഇവിടെ രൂപം കൊണ്ടത്... ഇസ്ളാമിക തീവ്രവാദികളെ കൊന്നൊടുക്കുന്നതിനെ അനുകൂലിക്കുകയും, എതിർക്കുകയും ചെയ്യുന്ന രാഷ്ട്രീയ നിലപാടുകളുടെ തനിപ്പകർപ്പ് ഈ വിഷയത്തിൽ ഉണ്ടാകാൻ പാടില്ലായിരുന്നു... രാജ്യത്തെ ആക്രമിച്ചു കൊണ്ടിരിക്കുന്നവരെ പ്രത്യാക്രമണങ്ങളിൽക്കൂടി ഇല്ലാതാക്കാനേ കഴിയൂ... അവിടെയും വിചാരണയ്ക്ക് അവസ്സരം കിട്ടിയാൽ അത് ചെയ്യണം.. 

      കുറ്റവാളികളെ വെറുതെവിടുന്നതിന്റെ തോത് കൂടുതലായതിനാൽ അത് നീതിന്യായ സംവിധാനങ്ങളുടെ പോരായ്മയാണ് എന്ന വാദം അംഗീകരിക്കാൻ കഴിയില്ല... പ്രതിക്കൂട്ടിൽ നിൽക്കുന്നവരെല്ലാം ശിക്ഷിക്കപ്പെടേണ്ടവരാണ് എന്ന മുൻവിധിയോടെ അന്വേഷ ഏജൻസികളെ മാത്രം വിശ്വാസ്സത്തിലെടുത്ത് ആളുകളെ ജയിലിലേക്ക് അയക്കുന്ന ഏജൻസികൾ അല്ല കോടതികൾ... കോടതികളുടെ 'വിശ്വാസ്യത' കൂട്ടാൻ ശിക്ഷിക്കപ്പെടുന്ന റേറ്റ് കൂട്ടാൻ വേണ്ടി കോടതികൾ തുനിഞ്ഞിറങ്ങാതിരുന്നാൽ മതി...

"നീതി നടപ്പിലായാൽ മാത്രം പോരാ, അത് നടപ്പിലായതായി പൊതുസമൂഹത്തിന് തോന്നുകയും വേണം" എന്നതാണ് തത്വം... ഭരണ ഘടന അനുശാസിക്കുന്ന മാർഗ്ഗങ്ങളിൽക്കൂടി നടപ്പിലാക്കുന്ന 'നീതി',, നീതിയുടെ നടപ്പിലാകലായി പലർക്കും ബോദ്ധ്യപ്പെടുന്നില്ല എന്ന സത്യവും നമ്മൾക്ക് കണ്ടില്ലെന്നു നടിക്കാൻ കഴിയില്ല.. നീതി ശരിയായ രീതിയിൽ ഇവിടെ നടപ്പിലാകുന്നു എന്നും,, അതിവിടുത്തെ ജനങ്ങളെ ബോദ്ധ്യപ്പെടുത്താൻ കഴിയുന്നുണ്ട് എന്നും  അധികാരസ്ഥാനങ്ങൾ ഉറപ്പുവരുത്തട്ടെ.... 

[Rajesh Puliyanethu
 Advocate, Haripad]
                    @ 
          PuliyanZ