Thursday 19 November 2020

തിരക്കുകൾ പരിഭവങ്ങൾ...

      

     ആൾക്കൂട്ടങ്ങളെ നിബന്ധനകളോടെ മാത്രം ഇഷ്ട്ടപ്പെടുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും... ഇന്നത്തെ കോവിഡ് സാഹചര്യത്തിൽ മാത്രമല്ല,, മുൻപും നമ്മൾ ആൾക്കൂട്ടത്തെ അനിഷ്ടത്തോടെയായിരുന്നു സംബോധന ചെയ്തിരുന്നത്.. നമ്മളെപ്പോലെ പല വ്യക്തികളുടെ സംഗമമാണിതെന്ന സഹജീവി മര്യാദ പോലും പുലർത്താതെ നമ്മൾ ആൾക്കൂട്ടങ്ങളെക്കുറിച്ചു ഈർഷ്യയോടെ സംസാരിച്ചിട്ടുണ്ട്.. നമ്മുടെ സുഖപരിധിയിലേക്ക് കടന്നു കയറുന്നതാണ് ആൾക്കൂട്ടങ്ങൾ എന്ന് നമ്മൾ മനസ്സുകൊണ്ട് നിശ്ചയിച്ചിരുന്നു... ഒരു മാർക്കറ്റിൽ പോയി വന്ന് നീരസത്തോടെ "എന്തൊരാളായിരുന്നു അവിടെ" എന്ന് പരിഭവത്തോടെ പറഞ്ഞവരാണ് നമ്മളിൽ പലരും... ആരാധനാലയങ്ങളിൽ,, വ്യാപാര സ്ഥാപനങ്ങളിൽ,, ട്രെയിനിൽ,, ബസ്സിൽ,, സർക്കാർ ഓഫീസുകളിൽ അങ്ങനെ പലയിടങ്ങളിലും നമ്മൾ ആൾക്കൂട്ടത്തെ പഴിച്ചിട്ടുണ്ട്.. തന്നെപ്പോലെതന്നെ മറ്റൊരാളും,, അങ്ങനെ പലപല വ്യക്തികളാണ് ഈ ആൾക്കൂട്ടങ്ങൾ എന്നതാണ് നാം മറന്നുപോകുന്ന കാതലായ കാര്യം... അവിടുത്തെ "തന്നെപ്പോലെതന്നെ" എന്ന പ്രയോഗത്തിനാണ് പ്രാധാന്യം.. കാരണം ആ ഒരു കൂട്ടത്തിൽ ഓരോരുത്തരുടെയും ആവശ്യത്തെ എടുത്താൽ അത് 'തൻ്റെ ആവശ്യത്തിനു സമാനം' എന്ന് കാണാം.. തൻ്റെ അതേ ആവശ്യവുമായി ഒരു പ്രത്യേക സ്ഥലത്ത് ഒത്തു കൂടേണ്ടി വന്ന ഒരു കൂട്ടം വ്യക്തികളെത്തന്നെയാണ് നമ്മൾ പരിഭവത്തോടെ "എന്തൊരാളാണിത്" എന്ന് പറഞ്ഞത്... ചിലർ കുറച്ചുകൂടി കടന്ന് "ഇവർക്കൊന്നും വേറെ പണിയൊന്നും ഇല്ലേ" എന്നുവരെ ചോദിച്ചു കളയും... തന്നെപ്പോലെ യാത്ര ചെയ്യുക എന്ന അതേ ഉദ്ദേശത്തിലാണ് മറ്റൊരുവനും ബസ്സിലുള്ളത്.. ബസ്സിൽ മറ്റു നൂറുപേർ ഉണ്ടെകിൽ അവരുടെ എല്ലാം ഉദ്ദേശം ഒന്നാണ്... "യാത്ര ചെയ്യുക"... എന്നാൽ അതൊരു ആൾക്കൂട്ടമാകുമ്പോൾ നമ്മൾ പരസ്പ്പരം "തിരക്ക്" എന്ന സാമാന്യതയുടെ ഭാഗമാവുകയും പരസ്പരം ഇടുങ്ങിനിന്ന് സംബോധന ചെയ്യുകയും ചെയ്യുന്നു... 

     മുൻകാലങ്ങളിൽ ആൾക്കൂട്ടവും, തിരക്കും ഒരു പരിഭവം ആയിരുന്നെങ്കിൽ കോവിഡ് കാലത്ത്  ശത്രുതയാണ്... സൂപ്പർ മാർക്കറ്റിൽ,, ആരാധനാലയങ്ങളിൽ ect പോയിവരുന്നവർ സംസാരിക്കുന്നത് കൗതുകം ഉയർത്തും... "മനുഷേരെല്ലാം ഇതെന്തോ ഭാവിച്ചോണ്ടാ",, "ഇവറ്റകൾക്കൊക്കെ വീട്ടിലിരുന്നോടെ",, "ഒരു ബോധമില്ലേ ഇവനൊന്നും".... അങ്ങനെ നീളുന്നു വിരോധം സ്പുരിക്കുന്ന വിമർശനങ്ങൾ... ഇവിടെ മാർക്കറ്റിൽ കണ്ട ഒന്നാമനും, നൂറാമനും സാധനങ്ങൾ വാങ്ങാനാണ് അവിടെ എത്തിയത്... ആരാധനാലയത്തിൽ വന്ന ഒന്നാമനും, നൂറാമനും ആരാധനക്കാണ് എത്തിയത്... പക്ഷെ തന്നെപ്പോലെതന്നെ എല്ലാ ആവശ്യങ്ങളിലും സമാനതകളോടെ അവിടെയെത്തിയ മറ്റൊരാൾ നമുക്ക് കേവലം ആൾക്കൂട്ടത്തിന്റെ ഭാഗം മാത്രമാണ്... മറ്റൊരുവന്റെ കണ്ണിൽ ആൾക്കൂട്ടവും,, തിരക്കും ആയാണ് തന്നെയും വിശേഷിപ്പിക്കപ്പെടുന്നതെന്ന് നമ്മൾ മറക്കുന്നു...

     എന്നാൽ ആൾക്കൂട്ടത്തെ നമ്മൾക്ക് ഇഷ്ടവുമാണ്... ഇതേ ആൾക്കൂട്ടം എപ്പോഴെങ്കിലും നമ്മുടെ മേന്മയുടെ ഭാഗമായി വരുമ്പോൾ നമുക്ക് ഇതേ ആൾക്കൂട്ടത്തിനോട് വലിയ ഇഷ്ടമാണ്.. നമ്മൾ വിളിച്ചു ചേർക്കുന്ന ഒരു സമ്മേളനത്തിൽ,, ഒരു ചടങ്ങിൽ അങ്ങനെ പലതിലും ഇതേ ആൾക്കൂട്ടം നമുക്ക് ഇഷ്ടമാണ്... സൂപ്പർ മാർക്കറ്റിൽ കാണുന്ന "തിരക്കിനെ" കട ഉടമയ്ക് ഇഷ്ടമാണ്.. കസ്റ്റമറിൽ ഓരോരുത്തർക്കും മറ്റൊരുവൻ അസഹനീയമായ "തിരക്കാണ്".. അതേ മാർക്കറ്റ് ഉടമ വാഹനവുമായി റോഡിലേക്കിറങ്ങുമ്പോൾ റോഡിൽ കാണുന്ന മറ്റ് അനവധി വാഹനങ്ങൾ തിരക്കിൻറെ ഭാഗമാണ്.. ആ വാഹനങ്ങളിൽ ഉള്ളവർ പലരും തൻ്റെ കടയിലെ കസ്റ്റമേഴ്സ്  ആണ്.. അവിടെ തിരക്കിലെ ഇഷ്ടാനിഷ്ടങ്ങൾ മാറി വരുന്നതുകാണാം..

    മനുഷ്യർ ചിന്തിച്ചുറച്ചു പ്രകടിപ്പിക്കാത്ത ഒരുതരം സ്വാർത്ഥചിന്തയാണിത്... വലിയ പരിക്കുകൾ ഇതൊന്നും സമൂഹത്തിൽ സൃഷ്ട്ടിക്കുന്നുമില്ല.. വെറുതെ ആലോചനയുടെ ഒരു വഴി എന്ന നിലയിൽ പറഞ്ഞു എന്നു മാത്രം...

[Rajesh Puliyanethu

 Advocate, Haripad]