Tuesday 13 December 2016

ദേശീയ ഗാനം,, സിനിമ ശാലകളിൽ...!!


     ഏതൊന്നിനെയും കണ്ണുമടച്ചു എതിർത്താൽ വിപ്ലവമാണ് എന്ന് കരുതുന്ന ചിലരുണ്ട്... പ്രത്യേകിച്ചു നാളിതുവരെ നല്ലതെന്നു പറഞ്ഞു കേട്ടതിനെ എല്ലാം... സംസ്ക്കാരം, ദേശീയത, രാജ്യസ്നേഹം ഇവയെയെല്ലാം മനഃപൂർവ്വം എതിർ ചേരിയിൽ നിർത്തി പുലഭ്യം പറയാനുള്ള പ്രവണത... എന്തിനുവേണ്ടിയാണ് ഇപ്രകാരം ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതെന്ന് മനസ്സിലാകുന്നില്ല.. വന്ദേമാതരത്തെ ചില മുസ്ളീം സംഘടനകൾ എതിർത്തതോടെ ദേശീയമായി കരുതിയിരുന്നതിനെയെല്ലാം എതിർക്കുന്നവർ ഇസ്ളാം ജനതയെ പ്രീണിപ്പിക്കാനാണ് അപ്രകാരം ചെയ്യുന്നതെന്ന് ചിലർ ആരോപിക്കുന്നു... ഈ ആരോപണത്തെ പരസ്യമായി എതിർക്കേണ്ടത് ഇസ്ളാം ജനതയാണ്... ദേശീയതയ്ക്ക് വിരുദ്ധമായി പ്രവർത്തിച്ചാൽ തങ്ങളുടെ പിന്തുണ ലഭിക്കില്ല എന്നവർ ഉച്ചത്തിൽ പ്രഖ്യാപിക്കണം..... 

     ഇപ്പോഴത്തെ ചർച്ചാവിഷയം ദേശീയ ഗാനത്തെ ബന്ധപ്പെടുത്തിയാണ്... സുപ്രീം കോടതി സിനിമാ ശാലകളിൽ ദേശീയഗാനം നിര്ബന്ധമാക്കിയതാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചിരിക്കുന്നത്... ദേശീയഗാനം ആലപിക്കണം എന്ന ഉത്തരവ് ഉണ്ടായ സ്ഥിതിക്ക് അത് പാലിക്കുക എന്നതാണ് മാന്യത....  സിനിമ ശാലകളിൽ ദേശീയ ഗാനം കേട്ടാൽ എന്ത് ദേശസ്നേഹമാണ് ഉണ്ടാകുന്നതെന്ന ചോദ്യമല്ല പ്രധാനം... ഒരു പാട്ടോ കൊടിയോ ഒന്നും നമ്മിൽ ദേശസ്നേഹം വളർത്തില്ല എന്നുതന്നെ കരുതിക്കോളൂ...! പക്ഷെ അതിനെയെല്ലാം ദേശീയതയുടെ ചിഹ്നങ്ങളായി കാണുമ്പോൾ ബഹുമാനിക്കപ്പെടേണ്ടവയാകുന്നു... ദേശീയതയുടെ ചിഹ്നങ്ങളെ ബഹുമാനിക്കുമ്പോൾ അതുവഴി നാം നമ്മുടെ രാജ്യത്തെയും അതിന്റെ പരമാധികാരത്തെയുമാണ് ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നത്... പരമാധികാരത്തെ ബലപ്രയോഗത്താൽ പോലും അംഗീകരിപ്പിക്കണം.. രാജ്യത്തിന്റെ പരമാധികാരത്തെ അംഗീകരിക്കുന്നതിൽ നിന്നുമുള്ള സ്വാതന്ത്ര്യം തേടൽ സ്വാതന്ത്യം തേടലല്ല.. മറിച്ചു് ദുഃസ്വാതന്ത്ര്യത്തിനുള്ള ദുർവാശിയാണ്..... 

     ബഹുമാനം ഹൃദയത്തിലാണ് ഉണ്ടാകേണ്ടത്, അത് പ്രകടിപ്പിക്കേണ്ടതല്ല എന്ന വാദഗതിക്കാരുമുണ്ട്... പക്ഷെ ഭൗതീക തലത്തിൽ അതിനു പരിമിതികളുണ്ട്... ഹൃദയത്തിൽ ബഹുമാനമുണ്ടെങ്കിലും ബഹുമാനത്തിന്റേതെന്നു പൊതുസമൂഹം അംഗീകരിക്കപ്പെടുന്ന പ്രവർത്തികളെ ഒഴിവാക്കിയാൽ ബഹുമാനിക്കപ്പെടേണ്ട ഒന്ന് ബഹുമാനിക്കപ്പെടുന്നതായി പൊതുസമൂഹത്തിന് തോന്നില്ല... അത് പ്രകടമായ അനാദരവായി ചിത്രീകരിക്കപ്പെടും...അതനുവദിച്ചുകൂടാ.. അതിനാലാണ് ദേശീയഗാനം ആലപിക്കുമ്പോൾ എഴുനേറ്റു നിൽക്കണം എന്ന് പറയുന്നത്....

     ബഹുമാനിക്കപ്പെടേണ്ട ചിലതൊക്കെ ഉണ്ട് എന്ന് സമൂഹം പരക്കെപ്പറയുന്നു... നമ്മുടെ രാജ്യത്തെ,, ഭരണഘടനയെ,, നിയമവ്യവസ്ഥിതിയെ,, ദേശീയ പതാകയെ,, ദേശീയഗാനത്തെ,, വിശ്വസ്സിച്ചില്ല എങ്കിൽപ്പോലും മതഗ്രന്ഥങ്ങളെ,, ഗുരുക്കന്മാരെ,, ഭരണാധികാരികളെ,, മുതിർന്നവരെ,, മൃതശരീരത്തെ അങ്ങനെ പലതിനെയും നാം ബഹുമാനത്തിന്റേതായ ചിഹ്നങ്ങൾ കാട്ടിത്തന്നെ ബഹുമാനിക്കണം... അതിന് ഓരോന്നിനോടും അതാതിനർഹമായത് എന്ന് പൊതുസമൂഹം അംഗീകരിക്കപ്പെടുന്ന രീതിയിൽത്തന്നെ പ്രകടിപ്പിക്കുന്നതിന് നമ്മൾ ബാധ്യസ്ഥരാണ്.... അതാണ് സിനിമാ ശാലകളിൽ സുപ്രീം കോടതി ദേശീയഗാനം നിർബന്ധമായും ആലപിക്കണം എന്ന ഉത്തരവ് വന്ന സ്ഥിതിക്ക് അത് പാലിക്കുകയാണ് മാന്യത എന്ന് പറഞ്ഞത്... കാരണം ഇവിടെ ദേശീയഗാനാലാപനം വേണ്ട എന്ന രീതിയിൽ ദേശീയഗാനത്തെ തിരസ്ക്കരിച്ചാൽ അത് പലവിധത്തിൽ ദേശീയഗാനത്തെ അപമാനിക്കുന്ന ഫലം ഉണ്ടാക്കും.... 

     ഏതെങ്കിലും ഒരു പാർട്ടിയുടെയോ, മതത്തിന്റെയോ, വിഭാഗത്തിന്റെയോ, മാത്രം സ്വന്തമല്ലാത്ത; എല്ലാവരുടെയും സ്വന്തവും, രാജ്യത്തിന്റെ അന്തസ്സിന്റെ പ്രതീകമെന്നു കരുതുകയും ചെയ്യുന്ന ദേശീയഗാനത്തെച്ചൊല്ലി ഇത്രയേറെ വിവാദങ്ങൾക്കു കാരണമുണ്ടോ!?  അവസ്സരമേതും ആകട്ടെ.... അമ്പത്തിരണ്ട് സെക്കൻഡ് സമയം രാജ്യത്തിനു വേണ്ടിയുള്ള പ്രാർഥന ആണന്നുകരുതി നമുക്കു നിൽക്കാം... ദേശീയഗാനം മുഴങ്ങുമ്പോളെല്ലാം.... 

[Rajesh Puliyanethu
 Advocate, Haripad]