Sunday 8 June 2014

"ഓപറേഷൻ കുബെരാ" നാട്ടിലെ മുഴുവൻ കുബേരന്മാരെയും ഓപ്പറേറ്റ് ചെയ്ത് കുചെലന്മാരാക്കുന്ന നടപടി... കയ്യടി ആഭ്യന്തരത്തിനും!!


       "ഓപറേഷൻ കുബെരാ", പേരുമുതൽ ചർച്ച ചെയ്യപ്പെടുകയും വിമർശിക്കപ്പെടുകയും ചെയ്യേണ്ട ഒരു പ്രകടനം... അവതരിപ്പിക്കുന്നത് കേരള ആഭ്യന്തര വകുപ്പ്!! മുഖ്യ നടനും, കഥയും, തിരക്കഥയും, സംവിധാനവും, കൈയ്യടി തുടങ്ങി വെയ്ക്കുന്നതും സാക്ഷാൽ ശ്രീമാൻ രമേശ്‌ ചെന്നിത്തല... കൈയ്യടിക്കാൻ വിട്ടുപോയവർക്ക് ഇനിയും അവസ്സരം ബാക്കി... കൈയ്യടി ചോദിക്കാത്തത് കൊണ്ടാണ് തരാൻ ആരെങ്കിലും മടിക്കുന്നതെങ്കിൽ യാതൊരു മടിയും വേണ്ടാ, കൈയ്യടി തുടങ്ങിക്കോളൂ,, ആഭ്യന്തരമന്ത്രി അഭിനന്ദനങ്ങളും കൈയ്യടികളും ചോദിച്ചു നേരിട്ടുതന്നെ രംഗത്തെത്തിയിട്ടുണ്ട്...!!

       എന്തുകൊണ്ട് 'ഓപറേഷൻ കുബെരാ' എന്ന പേര് ബ്ലേഡു പലിശക്കാരെ പിടികൂടുന്ന കലാ പരിപാടിക്ക് നൽകി എന്നത് തന്നെ അതിശയം ഉയർത്തുന്നതാണ്... കുബേരൻ ഒരു ധനാഡ്യനായ ഹിന്ദുപുരാണ കഥാപാത്രമാണ്... ഹിന്ദു പുരാണങ്ങളിൽ എങ്ങും തന്നെ കുബേരനെ പലിശക്ക് പണം നൽകുന്നവനായി ചിത്രീകരിച്ചിട്ടില്ല... മാത്രമല്ല ശിവപുരാണത്തിലും, ദേവീ മാഹാത്മ്യത്തിലും, ഭാഗവതത്തിലും, രാമായണത്തിലും, മഹാ ഭാരതത്തിലും എല്ലാം തന്നെ സ്രേഷ്ട്ടകഥാപാത്രമായാണ് അദ്ദേഹത്തെ ചിത്രീകരിച്ചിട്ടുള്ളത്... സൂര്യൻ, ഗ്രഹങ്ങൾ, തുളസ്സി, ഗുരു, കാമദേവൻ, നാഗങ്ങൾ തുടങ്ങിയവയെ നാമജപത്തിലൂടെയും, മന്ത്രജപത്തിലൂടെയും ആരാധിക്കുന്നതുപോലെ കുബെരനെയും കുബേരമന്ത്രത്തിൽക്കൂടി ഹിന്ദുക്കൾ ആരാധിച്ചു വരുന്നു... അങ്ങനെയുള്ള ഒരു കഥാപാത്രത്തെ ബ്ലേഡു പലിശക്കാരെ പിടികൂടുന്ന പോലീസ് നടപടിക്ക് പേരായി നൽകുന്നതിലെ ഔചിത്യം മനസ്സിലാക്കാവുന്നതല്ല...

       ഒരു പേരു നല്കിയതാണോ വലിയ കാര്യം എന്ന് ചോദിക്കുന്നവർ കാണാം.. തിരിച്ചുള്ള ചോദ്യം 'എന്തിന് ആ പേരുതന്നെ നൽകി' എന്നതാണ്.. ഹിന്ദുവിനെയോ, ഹിന്ദു പുരാണകഥാപാത്രത്തെയോ മന: പ്പൂർവ്വം അപമാനിക്കുന്നതിനായി ആ പേര് കണ്ടുപിടിച്ചു നൽകി എന്ന് പറയാൻ എനിക്ക് തോന്നുന്നില്ല... മറിച്ച് ഒരു ഹിന്ദു പുരാണകഥാപാത്രത്തിന്റെ പേര് നൽകാൻ സർക്കാർ സംവിധാനം ആലോചിച്ചപ്പോൾ രണ്ടുവട്ടം അതിനെക്കുറിച്ച് ചിന്തിക്കാനുള്ള മനോഭാവം കാട്ടിയില്ല എന്നതാണ് സത്യം... പക്ഷെ ബ്ലേഡു പലിശക്കാരെ പിടികൂടുന്ന ഒരു പോലീസ് നടപടിക്ക് ഒരു മുസ്ലീം കഥാപാത്രത്തിന്റെയോ, ക്രിസ്ത്യൻ കഥാപാത്രത്തിന്റെയോ പേരുനൽകാൻ ആലോചിച്ചിരുന്നെങ്കിൽ സർക്കാൻ സംവിധാനങ്ങൾ പായവിരിചിരുന്ന് അതിനെക്കുറിച്ച് ആലോചിച്ചെനേം.. അതിനവസ്സാനം ആ മതവിഭാഗങ്ങളിൽ നിന്നുള്ള പേര് വേണ്ടാ എന്നും തീരുമാനിച്ചെനേം!! അവിടെ അവരുടെ മതവികാരം വൃണപ്പെടുമോ എന്ന ചർച്ചയും ഊലംകഷമായി നടന്നെനേം... ഹിന്ദുവിന്റെ മതവികാരം വൃണപ്പെടുമോ എന്ന് മാത്രം ആരും ചിന്തിക്കുന്നില്ല എന്നത് ഇവിടെയും കാണാം... ഒരുപക്ഷെ അത് ഹിന്ദുമതത്തിന്റെ ആഴവും, പരപ്പും വിശാലതയുമാകാം വെളിവാക്കുന്നത്.. പിന്നെ വെളിച്ചവും, ശുദ്ധവായുവും, കയറിയ ജനതയുടെ കൂട്ടായ്മയാണ് 'ഹിന്ദു' എന്ന സത്യവും... ഓപറേഷൻ കുബെരാ എന്ന പേരിനു പകരം മറ്റു മതങ്ങളിൽ നിന്നുള്ള കഥാപാത്രത്തിന്റെ പേരായിരുന്നു നൽകിയിരുന്നതെങ്കിൽ ഇന്ന് പ്രസ്തുത അന്യേഷണ വിഷയത്തെക്കുറിച്ച് ചർച്ച ചെയ്യപ്പടുന്ന ഒരെഒരു കാര്യം അതിന്റെ 'പേര്' മാത്രമായിരുന്നെനേം!! അതിനെക്കുറിച്ച് സംസ്സാരിക്കുന്ന ഒരു സംഘടിത ശക്ത്തിയെയും നാം കണ്ടെനേം.. [[["മതവികാരം വൃണപ്പെടുന്നത്" തീരുമാനിക്കപ്പെടുന്നത് എങ്ങനെ??]]]

       കേരള ജനത ആവേശം പകർന്ന് കൈയ്യടി നല്കിയ പ്രകടനങ്ങൾ പലതുണ്ടായിട്ടുണ്ട്... 'ടോട്ടൽ ഫോര് യു' തട്ടിപ്പ് നടന്നപ്പോൾ സകല ഫിനാൻസ് സ്ഥാപനങ്ങളിലും റയിഡു നടന്നു... ജനം കൈയ്യടിച്ചു.. സഖാവ് വി എസ്സ് അച്ചുതാനന്ദൻ കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ JCB യുമായി മൂന്നാറിന് പോയി.. ജനം കൈയ്യടിച്ചു... ഉദ്യോഗസ്ഥർ 'ഒഴിപ്പിക്കൽ' എന്ന പേരിൽ കടകളുടെയും, സ്ഥാപനങ്ങളുടെയും, കെട്ടിടങ്ങളുടെയും അതിർത്തി മാന്തിയിളക്കി...മുഴുവൻ കൈയ്യേറ്റങ്ങളും ഒഴിപ്പിക്കാൻ പോകുന്നു എന്ന് കരുതി ജനം കൈയ്യടിച്ചു... ഒരുവൻ ഷവർമ്മാ തിന്നു മരിച്ചപ്പോൾ സകല ഹോട്ടല്ലുകളിലും റയിഡു നടന്നു.. തങ്ങൾക്കു നല്ല ഭക്ഷണം ലഭ്യമാകാൻ പോകുന്നു എന്ന് കരുതി ജനം കൈയ്യടിച്ചു.. സന്തോഷ്‌ മാധവൻ പീഡനകേസ്സിൽ പിടിയിലായപ്പോൾ നാട്ടിലുള്ള ആൾദൈവങ്ങളുടെയെല്ലാം കേന്ദ്രങ്ങളിൽ റയിഡു നടന്നു.. സമൂഹത്തിൽ നിന്നും ഒരു മാലിന്യം ഒഴിവാകാൻ പോകുന്നു എന്ന് കരുതി ജനം കൈയ്യടിച്ചു... ഇങ്ങനെ ചിലവയെ ഉദാഹരണങ്ങൾ മാത്രമാക്കി പറയുന്നുള്ളൂ എങ്കിലും നമ്മുടെ നാട്ടിൽ 'ചില സംഭവങ്ങളുടെ മാത്രം ബാക്കിയായി' നടക്കുന്ന അന്യേഷണ പ്രഹസ്സനങ്ങൾ നാമെത്ര കണ്ടു?? തേക്കടിയിൽ ബോട്ടപകടം നടന്നപ്പോൾ സകല ബോട്ടുകളിലും ഫിറ്റ്നെസ്സ് പരിശോധനകൾ.., സ്കൂൾ ബസ്സ്‌ അപകടം നടന്നപ്പോൾ സ്കൂൾ ബസ്സുകൾക്ക് കർശന നിർദ്ദേശങ്ങൾ, പ്രൈവറ്റ് ബസ്സ്‌ അപകടം നടന്നപ്പോൾ വേഗപ്പാച്ചിലിനെതിരെ പരിശോധന, ടിപ്പർ ഇടിച്ച് ഒരു ബസ്സിലുണ്ടായിരുന്ന പത്തുപേരോളം മരിച്ചപ്പോൾ ടിപ്പറുകൾക്ക് നിയന്ത്രണം...... അങ്ങനെ തുടരുന്നു ഒരു അത്യാഹിതത്തിനോട് ചേർന്നുണ്ടാകുന്ന ജനശ്രദ്ധയെ മുതലെടുക്കാൻ നടത്തുന്ന ഭരണപരമായ നടപടികളും ഇമേജു വർദ്ധക പ്രഹസ്സനങ്ങളും... ഇവിടെയെല്ലാം പ്രസ്തുത മേഘലയിലെ ഉന്നതരെയും സ്വാധീനശക്തികളെയും ഒഴിവാക്കി നിർത്തിയാണ് 'നടപടികൾ' എന്നപേരിൽ നടത്തിവന്ന ഭരണകൂട അതിക്രമങ്ങളെല്ലാം അരങ്ങേറിയിരുന്നത്‌... മുൻകാലങ്ങളിലെ നടപടികളിൽ നിന്നും രക്ഷപെട്ടു നിന്ന ആ മേഘലകളിലെ ഉന്നതർ ആരോക്കെയെന്നു കേരളജനതക്ക് തിരിച്ചറിവുണ്ട്... വിശദീകരണങ്ങൾക്ക് അപ്പുറം തന്നെ.... 'ഓപറേഷൻ കുബെര' യും ഒരു കുടുംബം ആത്മഹത്യ ചെയ്യുവാനുണ്ടായ സാഹചര്യത്തിൽ പൊതുജനത്തിന് ഉണ്ടായ വികാരത്തെ മുതലെടുക്കാൻ ഭരണകൂടം നടത്തുന്ന ഒരു " ഓപറേഷൻ ഇമേജ് ആഭ്യന്തരം";; അത്രമാത്രം... പിന്നെ മുൻ വൈരാഗികളെ കണ്ടെത്തി 'പണി' കൊടുക്കുന്നതിന് പൊലീസ്സിനും രാഷ്ട്രീയക്കാർക്കും കിട്ടിയ അവസ്സരവും.....!   

       അമിതപലിശ ഈടാക്കുന്നവരെ പിടികൂടുക എന്നതാണ് "ഓപറേഷൻ കുബെരാ" യുടെ പ്രഖ്യാപിത മുഖം... ഒരു പരാതിയുടെ മാത്രം അടിസ്ഥാനത്തിൽ പോലീസ്സ് പലർക്കെതിരെയും നടപടി എടുത്തു കണ്ടു... പ്രൈവറ്റു കമ്പനികൾ  ടാർജെറ്റ് നൽകി ബിസ്സിനെസ്സ് നടത്തുന്നതുപോലെ, പൊലീസ്സിനു ടാർജെറ്റ് നൽകി, ഒരു സ്റ്റേഷൻ അതിർത്തിയിൽ നിന്നും നിശ്ചിത എണ്ണം 'കുബേരൻ' മാരെ ദിവസ്സവും പിടിച്ചുകൊള്ളണം എന്ന നിർദ്ദേശം ഉണ്ടെന്ന് വേണം കരുതാൻ!! .. ടാർജെറ്റ് തികക്കാൻ പരക്കം പായുന്ന മാർക്കെറ്റിംഗ് എക്സിക്യുട്ടിവിനെ പ്പോലെ കിട്ടിയവരെയെല്ലാം പ്രതിചേർക്കാൻ പോലീസ്സ് വെമ്പൽ കൊള്ളുന്നു... കാരണം പത്രസമ്മേളനം വിളിച്ചുകൂട്ടി പിടിക്കപ്പെട്ട  'കുബേരൻ' മാരുടെ എണ്ണം നിരത്തുമ്പോൾ ആഭ്യന്തര വകുപ്പു മന്ത്രിക്ക് തലയുയർത്തിപ്പിടിച്ച് റിയാലിറ്റിഷോയിലെ പൈതങ്ങൾ വോട്ടു ചോദിക്കുന്നതു പോലെ 'അഭിനന്ദനം' ഇരക്കണമെങ്കിൽ പൊലീസ്സിന്റെ ഭാഗത്തുനിന്നും മികച്ച 'പെർഫോമൻസ്' വേണം!! 

       പണം കടമായി വാങ്ങിയാൽ തിരിച്ചു നൽകേണ്ടതില്ല എന്ന് നമ്മുടെ നിയമം പറയുന്നില്ല.. നല്കിയ പണം തിരിച്ചു കിട്ടുന്നതിലേക്കായി ഈടു വാങ്ങി വെയ്ക്കാൻ പാടില്ലെന്നും നിയമം പറയുന്നില്ല... കോടുത്തപണം തിരികെ ചോദിക്കാൻ പാടില്ല എന്നും നിയമം പറയുന്നില്ല... നിയമം അനിശാസ്സിക്കുന്നതിലും കൂടുതൽ തുക പലിശയായി ഈടാക്കുന്നതിനെ മാത്രമാണ് നിയമം എതിർക്കുന്നത്... കൊടുത്തപണം തിരികെ വാങ്ങുന്നതിനായി നിയമപരമായ നടപടികൾക്ക് മുതിരാതെ അക്രമത്തിലേക്കും, നീചമായ മാർഗ്ഗങ്ങളിലെക്കും നീങ്ങുന്നതിനെയാണ് നിയമം എതിർക്കുന്നതും കുറ്റകരമായി കാണുന്നതും... പക്ഷെ "ഓപറേഷൻ കുബെരാ" യിൽ പൊലീസ്സിന്റെ ഭാഗത്തുനിന്നും അക്രമപ്രവർത്തനങ്ങൾ ഉണ്ടാകുന്നു എന്നു വേണം കാണാൻ... ഒരുവൻ അമിത പലിശ ഈടാക്കി എന്നതിനു തെളിവ് ശേഖരിക്കാതെയും,, പണം തിരികെ ലഭിക്കുന്നതിന് അക്രമ മാർഗ്ഗങ്ങൾ പ്രതി സ്വീകരിച്ചോ എന്ന് അന്യെഷിക്കാതെയും ആരെങ്കിലും വ്യക്ത്തി വിരൊധം തീർക്കാനൊ, വാങ്ങിയ പണം തിരികെ നൽകാതിരിക്കുക എന്ന അടവായോ "ഓപറേഷൻ കുബെര" യെ ഉപയോഗിക്കുന്നുണ്ടോ എന്ന് പരിശോധിക്കാതെയും നടപടികൾ സ്വീകരിക്കുന്നതായി കാണുന്നു... സദ്‌ ഉദ്ദേശത്തോടെ പലിശ രഹിതമായി പണം കടം നൽകിയവരും "ഓപറേഷൻ കുബെര" യിൽ പ്രതികളാകുന്നുണ്ടെന്ന സത്യം കൂടി പൊതു സമൂഹവും ആഭ്യന്തര മന്ത്രിയും തിരിച്ചറിയണം... ഒരുവൻ കൈയ്യിലെ പണവും നൽകി കേസ്സിലെ പ്രതിയുമായി നില്ക്കക്കള്ളിയില്ലാതെ ആത്മഹത്യ ചെയ്‌താൽ അന്നുണ്ടാകുന്ന എതിർ വികാരത്തെ മുതലെടുക്കാൻ 'പണം കടം വാങ്ങി തിരികെ നൽകാത്തവരെ അറസ്റ്റുചെയ്ത് തുറുംഗിൽ അടക്കുന്ന' "ഓപറേഷൻ കുചെലക്ക്" ആഭ്യന്തര മന്ത്രി രൂപം നല്കുമോ ആവോ?? 

       അമിത പലിശക്ക് പണം കടം നൽകി ചൂഷണം ചെയ്യുന്നവരെയും, അതിനായി അക്രമ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നവരെയും നിയന്ത്രിക്കുകയും ശിക്ഷിക്കുകയും വേണം... അതിന് പൊതു സമൂഹത്തിൽ രണ്ടഭിപ്രായമുണ്ടാകാൻ ഇടയില്ല.. പക്ഷെ അതിന്റെ പേരിൽ മുതലെടുപ്പുകൾ ഉണ്ടാകാതിരിക്കാനും, ചൂഷണങ്ങൾ ഉണ്ടാകാതിരിക്കാനും, നീതിനിഷേധം ഉണ്ടാകാതിരികാനും കൂടി ശ്രദ്ധിക്കാനുള്ള ഉത്തരവാദിത്വം ഭരണകൂടത്തിനുണ്ട്... ഒരു തീവ്രവാദിയെയോ, മോഷ്ട്ടാവിനെയോ, ബലാത്സംഗകേസ്സ് പ്രതിയെയോ കാണുന്നതുപോലെ ഒരു 'കുബേരനെ' കാണേണ്ടതില്ല... നീതി അവകാശപ്പെടാൻ അർഹത ഉള്ളവൻ തന്നെയാണ് 'കുബേരൻ' !! 'പലിശക്ക്' നാട്ടിൽ സാമൂഹികമായ സ്വാധീനം ഉണ്ട്... അത് ചെറുതായാലും വലുതായാലും!! പിന്നെ ഒരു പലിശക്കാരനും ആരെയും നിർബന്ധിച്ചല്ല പണം നൽകുന്നത്,, അവന്റെ വാതിലിൽ മുട്ടി ഒരുവൻ നേടിക്കൊണ്ട് പോകുന്നതാണത്!! തിരികെ വാങ്ങുന്ന പണത്തോടൊപ്പം ഈടാക്കുന്ന 'കൂടിയ പലിശ' മാത്രമാണ്  'കുബേരനെ' കുറ്റക്കാരനാക്കുന്നത്‌... തന്റെ ആവശ്യങ്ങൾ നിരവേറിയ ശേഷം മുതല് പോലും തിരികെ നൽകാൻ തയ്യാറല്ലാത്ത ആളുകളാണ് "ഓപറേഷൻ കുബെര" യിലെ പരാതിക്കാരിൽ ഭൂരിഭാഗവും!!!

       പലിശയെക്കുറിച്ചുള്ള ചില സാമൂഹിക വശങ്ങൾ നോക്കാം... 'പലിശ' സമ്പ്രദായം സമ്പത്ത് വ്യവസ്ഥയുടെ ആധാരശിലയാണെന്നു സ്ഥാപിച്ചെടുക്കേണ്ട ആവശ്യമില്ല... സർക്കാർ- സർക്കാർ ഇതര ധനകാര്യ സ്ഥാപനങ്ങൾ പലിശ സമ്പ്രദായത്തെ പ്രൊഹൽസ്സാഹിപ്പിക്കുന്നു... അമിത പലിശ എന്ന നിർവചനങ്ങൾക്ക് അതീതമായിത്തന്നെ അവർ പലിശയും ഈടാക്കുന്നു... LIC പോലെയുള്ള സ്ഥാപനങ്ങളിൽ നിന്നും വായ്പ്പയായി മറ്റ് സ്ഥാപനങ്ങൾ വൻതുക എടുക്കുമ്പോൾ ഈടാക്കുന്ന വായ്പ്പയുടെ ശതമാനവും കണക്കും ആരെയും അമ്പരപ്പിക്കുന്നത് തന്നെയാണ്... പക്ഷെ അതൊന്നും പൊതുജനത്തിന്റെ ദ്രിഷ്ട്ടിയിൽ വരുന്നില്ല എന്ന് മാത്രം...

       സഹൂഹത്തിന്റെ താഴെക്കിടയിലും, സാധാരണക്കാർക്കിടയിലും സാധാരണക്കാരനായ ബ്ലയിഡു പലിശക്കാരൻ പോസ്സിറ്റിവ് ആയ ഭാഗം പ്രവർത്തിക്കുന്നുണ്ട്... ചില ഉദാഹരണങ്ങൾ പൊതു ജീവിതത്തിൽ നിന്നും നേരിട്ട് കണ്ടതും എനിക്ക് പറയാനുണ്ട്... നമ്മൾ കാണുന്ന പെട്ടിക്കടകൾ മികച്ച ഒരു ഉദാഹരണമാണ്... പല പെട്ടിക്കടകളിലും കച്ചവടം നടക്കുന്നത് ബ്ലയിഡു പലിശക്കാരനിൽ നിന്നും പണമെടുത്താണ്... അവിടെ നൂറു രൂപക്ക് അഞ്ചു രൂപവരെ പലിശ ഈടാക്കിയെന്നു വരാം... പക്ഷെ അയ്യായിരമോ, പതിനായിരമോ, പലിശക്കെടുത്തു കച്ചവടം നടത്തി ദിവസ്സം അമ്പതു രൂപവെച്ച് തിരിച്ചടച്ച്‌, അവർ കച്ചവടം നടത്തുന്നതും, കടം വീടുന്നതും, ഒപ്പം ജീവിതവും മുൻപോട്ടു കൊണ്ടുപോകും... ഇത്തരം കച്ചവടങ്ങളിൽ ബ്ലയിഡു പലിശക്കാരൻറെ ആകെ ആസ്തി അൻപതിനായിരമൊ ഒരുലക്ഷമോ രൂപ ആയിരിക്കും... ഇത് പരസ്പ്പര പൂരകങ്ങളായ ഉപജീവന മാർഗ്ഗങ്ങളാണ്... മറ്റൊരു ഉദാഹരണം പറയാം... സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന, എന്നാൽ തന്റെ അധ്വാനം കൊണ്ട് തന്റെയും കുടുംബത്തിന്റെയും കാര്യങ്ങൾ കഴിയുന്നത്ര മെച്ചപ്പെട്ടരീതിയിൽ മുൻപോട്ടു കൊണ്ടുപോകണമെന്ന് ആഗ്രഹിക്കുന്ന ഇവിടുത്തെ സാധാരണക്കാരായ പൊതുജനം....  അവർ തങ്ങളുടെ പെട്ടന്നുണ്ടാകുന്ന ആവശ്യങ്ങളെ നിവർത്തിക്കുന്നതു ഇത്തരം ചെറുകിട ബ്ലയിഡു പലിശക്കാരെക്കൊണ്ടാണ്... വീട്ടിലോ, ബന്ധു ജനത്തിനിടയിലോ ഉണ്ടാകുന്ന മരണം, അസുഖങ്ങൾ അവയുടെ ചെലവുകൾ; ഇവയൊക്കെ പെട്ടന്നുള്ള ആവശ്യങ്ങളിൽ വരുന്നു... നിലവിലെ സാഹചര്യം തന്നെ നോക്കൂ... സ്കൂൾ തുറക്കുന്ന അവസ്സരമാണ്... ഒരു കുട്ടിയെ നല്ല നിലയിൽ സ്കൂളിൽ വിടാൻ ആയിരം മുതൽ മൂവായിരം രൂപ വരെ ആവശ്യമാണ്‌... മഴക്കാലം കൂടി വന്നെത്തിയതോടെ പല ദിവസ്സക്കൂലി ജോലിക്കാർക്കും ഒന്നിച്ചു പണം എടുക്കാനില്ല... ബ്ലയിഡു പലിശയിലായാലും പണം എടുത്ത് അവർ തന്റെ കുട്ടിയുടെ വിദ്ധ്യാഭ്യാസ്സ ആവശ്യങ്ങൾ നിറവേറും....അൻപതോ നൂറോ ഒക്കെവെച്ചു തിരിച്ചടച്ച്‌ അവർ കടവും വീടും!!  ഈ സ്കൂൾ തുറപ്പ് കാലം നോക്കൂ... മനുഷ്യൻ നെട്ടോട്ട മോടുകയാണ്... സ്കൂൾ സാമഗ്രികൾ വിൽക്കുന്ന കടകളിൽ തിരക്ക് നന്നേ കുറവാണ്... പ്രതിസന്ധി കച്ചവടക്കാരനിലേക്കും നീളുന്നു... നമ്മൾ മനസ്സിലാക്കണം, ഈ ബ്ലയിഡു പലിശക്ക് പണമെടുത്ത് ആവശ്യം കാണേണ്ട അവസ്ഥ ഇവിടുത്തെ പാവപ്പെട്ടവനാണ്... പണകാരന്റെ കുട്ടി എല്ലാ ചമയങ്ങളിലും സ്കൂളിൽ പോകും... കീറിയ യുണിഫോമും, ചോരുന്നകുടയുമായി സ്കൂളിൽ പോകുന്നത് പാവപ്പെട്ടവന്റെ മാത്രം കുട്ടിയാണ്... അത് മറ്റു സാമൂഹിക പ്രശ്നങ്ങളിലേക്കും വഴി വെയ്ക്കും!! ഇവിടുത്തെ പാവപ്പെട്ടവന്റെ ഇത്തരം ഏതു ആവശ്യങ്ങൾ നിവർത്തിക്കാനുള്ള മാർഗ്ഗങ്ങൾ കണ്ടു വെച്ചിട്ടാണ് ബഹുമാന്യനായ ആഭ്യന്തരവകുപ്പുമന്ത്രി ബ്ലയിഡു പലിശക്കാരെപ്പിടിക്കാൻ പടയുമായി ഇറങ്ങിയിരിക്കുന്നത്?? ഇവിടെ 'കുബേരൻ' ന്മാരായി കുറ്റം ചാർത്തി ജയിലിൽ അടക്കപ്പെട്ടവരിൽ ഭൂരിഭാഗവും മേൽപ്പറഞ്ഞ ചെറിയ പലിശക്കാരാണ്... യഥാർഥ കുബേരന്മാർ സ്വർണ്ണ ഗോപുരങ്ങളിൽ വമ്പൻ തുകകളുടെ ഇടപാടുകൾ നടത്തി സ്വസ്ഥമായി ഇരിക്കുന്നു...  

       ബ്ലയിഡു പലിശ ഈടാക്കുന്നതിനെ ഒരു 'കുറ്റം' എന്ന നിലയിൽ മാത്രം കാണാം... മറിച്ച് ആത്മഹത്യ തുടങ്ങിയ സാമൂഹിക അത്യാഹിതങ്ങളിലേക്ക് കൊണ്ടുചെന്നെത്തിക്കുന്നതിനു കാരണം ബ്ലയിഡു പലിശയല്ല... മറിച്ച് 'കടക്കെണി' മാത്രമാണ്... അത് ബ്ലയിഡു പലിശ അല്ലാതെ ബാങ്ക് പലിശ ആയാലും സംഭവിക്കും... ഒരുവൻ തന്റെ പതിനയ്യായിരം രൂപ വിലവരുന്ന ഭൂമി ഈടു നൽകി പതിനായിരം രൂപ ബ്ലയിഡു പലിശക്കാരനിൽ നിന്നും കട മെടുക്കുന്നു എന്ന് കരുതുക... തിരിച്ചടവ് സാധ്യമായില്ലെങ്കിൽ ഭൂമി നഷ്ട്ടപ്പെടും... ഇതേ കാര്യം തന്നെ ബാങ്കിൽ ആണെങ്കിലോ?? അവിടെയും ഭൂമി നഷ്ടപ്പെടും... അടവ് മുടങ്ങി ആറു മാസ്സം കൊണ്ട് ബ്ലയിഡു പലിശക്കാരനാൽ സംഭവിക്കുന്നത്‌ ഒരു വർഷം കൊണ്ടേ ബാങ്കിൽ സംഭവിക്കൂ... അവിടെ ബാങ്ക് നടപടിയിൽ മനം നൊന്ത് കടക്കാരൻ ആത്മഹത്യ ചെയ്‌താൽ ബാങ്കിനെതിരെ നടപടിയെടുക്കുമോ?? അവിടെയെല്ലാം "കടക്കെണി" യാണ് വില്ലനായി പ്രവർത്തിക്കുന്നത്... ക്രിഡിറ്റ് കാർഡുകളുടെ ദുരുപയോഗത്തിലും ഇത്തരം കടക്കെണികൾ രൂപം കൊണ്ടില്ലേ?? അതിനെതിരെ  ക്രിഡിറ്റ് കാർഡു് ഇഷ്യു ചെയ്ത ബാങ്കിനെതിരെ നടപടി സാദ്ധ്യമായിരുന്നോ??

       മലയാളിയുടെ മനോഭാവമാണ് കടക്കെണികൾ വരുത്തിവെയ്ക്കുന്നത്‌!! തന്റെ തിരിച്ചടവ് കപ്പാസ്സിറ്റിയെക്കുറിച്ച് വിലയിരുത്താതെ വാങ്ങിക്കൂട്ടുന്ന കടങ്ങൾ!! അവയാണ് നമ്മെ കടക്കാരാക്കുന്നത്!! അതിൽ നിന്നുള്ള മോചനത്തിന് ശക്ത്തമായ ബോധവൽക്കരണമാണ് ആവശ്യം... മദ്യം കഴിച്ച് കരൾ രോഗിയായി ഒരുവൻ മരിച്ചതിന് മദ്യ് കമ്പനിക്കെതിരെ കേസ്സെടുത്തതായോ, അവരിൽ നിന്നും നഷ്ട്ട പരിഹാരം ഈടാക്കിയതായോ നാം കേട്ടിട്ടില്ല!! സർക്കാർ നിലപാട് തന്നെ നോക്കൂ... മദ്യനിരോധനം സാദ്ധ്യമല്ല.. ബോധവൽക്കരണം നടത്താം; എന്നാണ്...  പലിശക്കാരുടെ കാര്യത്തിലും അതുതന്നെയാണ് അഭികാമ്യം... കടക്കെണിയിൽ നിന്നും എങ്ങനെ അകന്നു നിൽക്കാം എന്നു പൊതുജനത്തെ പഠിപ്പിക്കുക... പോതുജനത്തിനുള്ള വായ്പ്പാ സംവിധാനങ്ങൾ ലളിതമായി നടപ്പിലാക്കുക... നിയമ ലംഘനമായി പലിശ ഈടാക്കുന്ന വമ്പൻമാരെ ആദ്യം പിടികൂടുക... കൃത്യതയാർന്ന അന്യെഷണത്തിനു ശേഷം മാത്രം ഒരുവനെതിരെ കുറ്റം ചാർത്തുക... കൈയ്യടി വാങ്ങാൻ വേണ്ടി പോലീസ്സിനെ കയരൂരിവിട്ട് അടിയന്തരാവസ്ഥ കാലത്തെ ഓർമ്മപ്പെടുത്തും വിധം ആൾകാരെ ജയിലിൽ നിറക്കുന്ന പ്രവണത; ഉടനെതന്നെ കൈയ്യടിയെ കൂവലാക്കുന്ന പ്രക്രീയയായിരിക്കും എന്ന് പറയേണ്ടി വരും.... 

       "ഓപറേഷൻ കുബെരാ" യിൽ 'കടക്കെണിയിൽപ്പെട്ട ഒരു കുടുംബത്തിന്റെ ആത്മഹത്യ' കൈയ്യടിയാക്കി മാറ്റാനുള്ള ആഭ്യന്തര മന്ത്രിയുടെ തത്രപ്പാടായിരുന്നുവെങ്കിൽ, ഇവിടുത്തെ കോടതികൾ ശരിയായ വിധം ഉത്തരവാദിത്വം നിറവേറ്റിയില്ല എന്ന് പറയേണ്ടി വരും... മണി ലെണ്ടിംഗ് ആക്റ്റും, മറ്റ് അനുബന്ധ വകുപ്പുകളിലും കുറ്റം ചാർത്തി ഹാജരാക്കപ്പെടുന്ന പ്രതികൾക്ക് ജാമ്യം നൽകുന്ന കാര്യത്തിൽ കൂടുതൽ കോടതികളും സൂഷ്മത പാലിച്ചില്ല എന്ന് കാണാം... സർക്കാർ പ്രവർത്തനത്തിന്റെ പിന്തുണാ സ്ഥാപനമായി കോടതികൾ പ്രവർത്തിക്കുന്ന തോന്നൽ ഉയർത്തുന്നു... ഹാജരാക്കപ്പെടുന്ന ഓരോ പ്രതിയുടെയും കുറ്റകൃത്യത്തിലെ പങ്ക് കണക്കാക്കാതെ "ഓപറേഷൻ കുബെര" യുടെ ഭാഗമായി അറസ്റ്റ് ചെയ്ത പ്രതിയാണെങ്കിൽ അകത്തുതന്നെ എന്ന നിലപാട് സ്വീകരിക്കപ്പെട്ടു... "നിയമം ചിലന്തി വല പോലെയാണ്, ചെറിയ പ്രാണികൾ അതിൽ കുടുങ്ങും, വലിയവ അത് പൊട്ടിച്ചു രക്ഷപെടും"... എന്ന ചൊല്ല് "ഓപറേഷൻ കുബെരാ" യിലും പ്രവർത്തിക്കുന്നത് നമ്മൾ കണ്ടു....

       കുറ്റകൃത്യങ്ങളെ അടിച്ചമർത്തുന്ന ഭരണ കൂടമാണ് നമുക്കുവേണ്ടത്‌... പക്ഷെ അവിടെ നീതി നിഷേധിക്കപ്പെടുകയും ചെയ്യരുത്.... സാമൂഹികമായ പ്രത്യാഘാതങ്ങളുടെ പഠനം നടത്താതെയോ, അതിനെക്കുറിച്ച് ചിന്തിക്കാതെയോ, നിയമത്തെ മനസ്സിലാക്കാതെയോ ഒരു ഭരണ കൂടവും പടപ്പുറപ്പാടുകൾക്കു മുതിരരുത്... "ഓപറേഷൻ കുബെര" യിൽ ഇന്ന് സർക്കാരിനൊപ്പം നിന്ന കോടതികളിൽ നിന്നും എത്രത്തോളം വിമർശനങ്ങൾ വരും കാലത്തും, വിചാരണ വേളകളിലും സർക്കാർ ഏറ്റുവാങ്ങേണ്ടി വരുമെന്ന് നമുക്ക് കാത്തിരുന്നു തന്നെ കാണാം... 

     
[Rajesh Puliyanethu
 Advocate, Haripad]