Saturday 22 March 2014

സഖാവ് വി സ് അച്യുതാനന്ദൻ... ആധുനിക കാലത്തെ പീറ്റർ അപ്പോസ്തലൻ !!


       കമ്യുണിസ്റ്റ്‌ പ്രസ്ഥാനങ്ങൾക്ക്‌ ഉണ്ടായിക്കൊണ്ടിരിക്കുന്ന മൂല്യച്യുതിക്കും നയവ്യതിയാനങ്ങൾക്കും ഒരു അപവാദമായി കേരള രാഷ്ട്രീയം കണ്ടിരുന്ന വ്യക്തിയാണ് സഖാവ് വി സ് അച്യുതാനന്ദൻ.. പാര്ട്ടിക്ക് പോലും എതിരെ  നിന്നുകൊണ്ട് നീതിക്കുവേണ്ടിയും , അഴിമതിക്കെതിരെയും പോരുതുന്ന വ്യക്തിത്വം.. പാർട്ടിയിൽ നിന്നു തന്നെ അച്ചടക്ക നടപടികൾ ഏറ്റുവാങ്ങേണ്ടിവന്നിട്ടും ധീരമായ നിലപാടുകളിൽക്കൂടി മുൻപോട്ടു പോകുന്ന, പ്രായം തളർത്താത്ത വിപ്ലവകാരി.. അന്ന്യം നിന്നു നിന്നുപൊയ്ക്കൊണ്ടിരിക്കുന്ന  മുതലാളിത്തവിരുദ്ധ കമ്യുണിസ്സത്തിന്റെ വക്ത്താവ്.. അഴിമതിക്കാരുടെയും സ്ത്രീ പീഡകരുടെയും പേടിസ്വപ്നം...   CPM ന്റെ സ്ഥാപക നേതാക്കളിൽ ജീവിച്ചിരിക്കുന്ന ഒരേഒരാൾ... അങ്ങനെ പോകുന്നു  സഖാവ് വി സ് അച്യുതാനന്ദന് ഇതര കമ്യുണിസ്റ്റുകളിൽ നിന്ന് ഉന്നതമായി ജനങ്ങള് നൽകിയ സ്ഥാനത്തിന്റെ കാരണങ്ങൾ....

        സഖാവ് വി സ് അച്യുതാനന്ദനിൽ ജനങ്ങള് അര്പ്പിച്ച വിശ്വാസ്സത്തിനു കാരണം  അദ്ദേഹം കമ്യുണിസ്സത്തിന്റെ അടിസ്ഥാന ആശയങ്ങൾക്ക് പ്രാധാന്യം കൊടുക്കുകയും അതിൽ ഉറച്ചു നിൽക്കുകയും ചെയ്യുന്നു എന്നു കണ്ടാണ്... അദ്ദേഹത്തിൻറെ നിലപാടുകൾ പൊതു ജനങ്ങൾ ശ്രദ്ധയോടെ വീക്ഷിക്കുന്നു എന്ന് കണ്ടാണ്‌ മാധ്യമങ്ങൾ അവയ്ക്ക് വലിയ   പ്രാധാന്യവും നൽകിയത്... അഴിമതിക്കെതിരെയും, സ്ത്രീ പീഡനങ്ങൾക്കെതിരെയും പൊതുജനം ഒരു കമ്യുണിസ്റ്റിൽ നിന്നും പ്രതീക്ഷിക്കുന്നത് അദ്ദേഹത്തിൽ നിന്നും ഉണ്ടായി എന്നതാണ് ഇതിനൊക്കെ കാരണം.. പാർട്ടിക്കുള്ളിൽത്തന്നെ കമ്യുണിസ്സത്തിൽ വിശ്വസ്സിക്കുന്ന ഒരു വിഭാഗം  സഖാവ് വി സ് അച്യുതാനന്ദനോടൊപ്പം നിൽക്കാൻ കാരണവും അതുതന്നെ... കേരള CPM ൽ ഓൾഡ്‌ ജനറേഷൻ കമ്യുണിസ്സവും ന്യൂ നറേഷൻ കമ്യുണിസ്സവും പ്രകടമാകുന്നതിന് കാരണമായതും ഇതൊക്കെത്തന്നെ... ന്യൂ നറേഷൻ കമ്യുണിസ്റ്റുകൾ കരുത്തന്മാർ ആയിരുന്നിട്ടുതന്നെ സഖാവ് വി സ് അച്യുതാനന്ദൻറെ നിലപാടുകൾ ആർക്കും തമസ്ക്കരിക്കാൻ കഴിയാത്തവയായി... 

       സഖാവ് പിണറായി വിജയനും അനുചരന്മാരും നയിച്ചുവരുന്ന ന്യൂ നറേഷൻ കമ്യുണിസ്റ്റുകളുടെ പലനിലപാടുകൾക്കെതിരെ വി സ് എടുത്ത നിലപാടുകൾക്കും  പൊതുജനപിന്തുണ ലഭിച്ചു..  സഖാവ് പിണറായി വിജയനെ വ്യക്തിപരമായി ബാധിക്കാനിടയുണ്ടായിരുന്ന ലാവലിൻ കേസ്സിൽ പോലും വി സ് എതിർ നിലപാടെടുത്തു.. തന്റെ ശത്രുവിന്റെ വലിപ്പം തന്റെ വലിപ്പത്തെയും വർദ്ധിപ്പിക്കുമെന്ന് പറയുന്നതു ശരിവെയ്ക്കും വിധം വി സ് തന്റെ ശത്രുക്കളെക്കാൾ കരുത്തനായി ജനമനസ്സുകളിൽ നിലകൊണ്ടു... സഖാവ് പിണറായി വിജയൻ, ജയരായത്രയം, ബാലകൃഷ്ണ പിള്ള, കുഞ്ഞാലിക്കുട്ടി, സാൻറിയാഗോ മാർട്ടിൻ, ഫാരിസ് അബൂബേക്കർ, ഫയാസ് അങ്ങനെ തുടരുകയായിരുന്നെല്ലോ വി സ് ന്റെ കരുത്തരായ ശത്രുനിര!! 

       പാർട്ടിയിൽ ഒറ്റയാൾ പോരാട്ടങ്ങൾ നടത്തി വരവേ പാർട്ടിയെ അക്ഷരാർഥത്തിൽ പ്രതിരോധത്തിലാക്കിയ വി സ് നിലപാടുകൾ ലാവലിൽ കേസ്സ്, ടി. പി ചന്ദ്രശേഖരൻ വധം എന്നിവ അനുഭന്ധിച്ചുള്ളവയായിരുന്നു.. ലാവലിൽ കേസ്സിൽ ശിക്ഷിക്കപ്പെട്ട് പിണറായി പ്രതാപത്തിന് അറുതി വന്നുകൊള്ളും എന്ന് വി സ് കരുതിയിട്ടുണ്ടാകണം... കാരണം ലാവലിൻ കേസ്സിൽനിന്ന് പിണറായിയെ കുറ്റവിമുക്തനാക്കിയപ്പോൾ മുതലുള്ള അദ്ദേഹത്തിൻറെ കീഴടങ്ങൽ നയം അതാണ്‌ സൂചിപ്പിക്കുന്നത്... എന്തായാലും വി സ് ന്യൂ നറേഷൻ കമ്യുണിസ്റ്റുകൾക്ക് കീഴടങ്ങി എന്ന്; വി സ് ൻറെ ഭാഷതന്നെ കടമെടുത്തു പറഞ്ഞാൽ 'അരിയാഹാരം കഴിക്കുന്ന ആർക്കും മനസ്സിലാകും'...

       ലാവലിൻ കേസ്സ് ജനമനസ്സുകളിൽ പലതിലോന്നായ ഒരു അഴിമതിക്കേസ് മാത്രമായിരുന്നുവെങ്കിൽ ടി. പി ചന്ദ്രശേഖരൻ വധം ജീവൻ തുടിക്കുന്ന ഏതൊരു മനസ്സിന്റെയും വൈകാരിക ഭാവമായിരുന്നു...  പലതിലോന്നായ ഒരു അഴിമതിക്കേസ് എന്നതുപോലെ, പലതിലോന്നായ ഒരു രാഷ്ട്രീയ കൊലപാതകക്കേസ്സ് എന്ന് മാത്രം അതിനെ കാണാൻ കഴിയുമായിരുന്നില്ല...  സഖാവ് വി സ് അച്യുതാനന്ദനും ആ വൈകാരിക ഭാവത്തോടെതന്നെ ടി. പി ചന്ദ്രശേഖരൻ വധത്തെ കണ്ടിരുന്നു വെന്നാണ് മനസ്സിലാക്കുവാൻ കഴിഞ്ഞിരുന്നത്.. ലാവലിൻ കേസ്സിൽ കണ്ടിരുന്ന രാഷ്ട്രീയ ലാക്കായിരുന്നു ടി പി വധത്തിൽ അദ്ദേഹത്തിനുണ്ടായിരുന്നതെന്ന് ഇപ്പോഴും കരുതുക വയ്യ.. ടി. പി ചന്ദ്രശേഖരൻ എന്ന മനുഷ്യനോട് മനസ്സിൽ സ്നേഹം സൂക്ഷിച്ചുകൊണ്ടുതന്നെ സ്വന്തം നിലനിൽപ്പിനായി അദ്ദേഹത്തെ തള്ളിപ്പറഞ്ഞുവന്നെ ഞാൻ കരുതുന്നുള്ളൂ... 

        സഖാവ് വി സ് അച്യുതാനന്ദന്റെ ഈ അവസ്ഥ കാണുമ്പോൾ ഒരു ബൈബിൾ കഥയാണ്‌ ഓർമ്മ വരുന്നത്...

       അവസ്സാന അത്താഴവേളയിൽ പീറ്റർ യേശുവിനോടു പറഞ്ഞു.. ' പ്രഭോ, അങ്ങയോടൊപ്പം തടവറയിലെക്കോ, മരണത്തിലേക്കോ വരുവാൻ ഞാൻ സന്നദ്ധനാണ്'.. യേശു അതുകേട്ട് മറുപടിനൽകി: ' പീറ്റർ ഞാൻ നിന്നോടു പറയുന്നു കോഴി രണ്ടുതവണ കൂവുന്നതിനു മുൻപ് നീ മൂന്നുതവണ എന്നെ തള്ളിപ്പറയും'... അത്താഴത്തിനു ശേഷം യേശു പൂന്തോട്ടത്തിലിരുന്നു പ്രാർഥിച്ചു.. പീറ്റർ ഉറങ്ങി.. അന്നു രാത്രി യൂദാസ് മുപ്പതു വെള്ളിക്കാശിന് യേശുവിനെ ഒറ്റുകൊടുത്തു... അവർ ദൈവപുത്രനെ അടിച്ചവശനാക്കി ബന്ധനസ്ഥനാക്കി പുരോഹിതന്റെ മുൻപിൽ കൊണ്ടുചെന്നു... പീറ്റർ തളർന്നു പോയി.. തൊഴില്കാർ തീകൂട്ടി തണുപ്പകറ്റുന്നിടത്ത് അയാളും പോയിരുന്നു തീകാഞ്ഞു... ഒരു തൊഴില്കാരത്തി അദ്ദേഹത്തെ കണ്ടിട്ട് പറയുകയുണ്ടായി. 'ഈ മനുഷ്യനും യേശുവിനൊപ്പം ഉണ്ടായിരുന്നു'.. പീറ്ററേയും ശിക്ഷിക്കേണ്ടതാണ് എന്നാണവൾ ഉദ്ദേശിച്ചത്... തൊഴില്കാർ സംശയത്തോടെ നോക്കിയപ്പോൾ അദ്ദേഹം പറഞ്ഞു: 'എനിക്ക് യേശുവിനെ അറിഞ്ഞുകൂടാ'. കുറച്ചു കഴിഞ്ഞപ്പോൾ, പീറ്ററെ യേശുശിഷ്യൻ എന്ന് മനസ്സിലാക്കിയ ഒരുത്തൻ പറഞ്ഞു: 'നീയും അവനോടു കൂടി ഉണ്ടായിരുന്നു'. പീറ്റർ അതും നിഷേധിച്ചു.. മൂന്നാമത്തെ തവണ മറ്റൊരുവൻ ചോദിച്ചു: 'നീ അവനോടൊപ്പം പൂന്തോട്ടത്തിൽ ഉണ്ടായിരുന്നില്ലേ?' പീറ്റർ അതും നിഷേധിച്ചു... ഇതിനു ശേഷം കോഴി കൂവുന്നത് കേൾക്കാമായിരുന്നു!! യേശു തന്നോടു പറഞ്ഞത് പീറ്റർ ഓർത്തു.. അദ്ദേഹം അവിടെ നിന്നും മാറിനിന്ന് വിലപിച്ചു... നിശബ്ദതയിൽ നിന്ന് വിലപിച്ച അദ്ദേഹത്തിൻറെ വിലാപം ആർക്കും കേൾക്കുവാൻ കഴിയുമായിരുന്നില്ല...   

       ലാവലിൻ കേസ്സിലെ വി സ് ന്റെ നിലപാടുമാറ്റങ്ങളെ കേവലം രാഷ്ട്രീയ നിലപാടുകളായി കാണാം.. പക്ഷെ ഒരു മനുഷ്യന്റെ, അതും വി സ് നു വ്യക്തിപരമായി അടുപ്പമുണ്ടായിരുന്നവന്റെ നിഷ്ട്ടൂര കൊലപാതകത്തിനോട് കൂടിയുള്ള നിലപാട് മാറ്റി, ന്യൂ നറേഷൻ കമ്യുണിസ്സത്തിന് അദ്ദേഹം കീഴ്പ്പെട്ടത്‌ അപലപനീയമാണ് എന്നതിനപ്പുറം അദ്ദേഹത്തിൻറെ നിലപാടുകൾക്ക്  പിന്തുണ നല്കി പാര്ട്ടിക്കകത്തും പുറത്തും നിന്നവരോടുള്ള ചതിയുമായിപ്പോയി... ചന്ദ്രശേഖരന്റെ വിധവയ്ക്ക് പ്രത്യക്ഷമായും പരോക്ഷമായും അദ്ദേഹം നല്കിയ പിന്തുണ എവിടെപ്പോയി?? കഴിഞ്ഞ ദിവസ്സങ്ങളിൽ സഖാവ് വി സ് അച്യുതാനന്ദൻ കൈക്കൊണ്ട കീഴടങ്ങൽ നടപടികൾ അദ്ദേഹത്തെ ഒരു വെറും രാഷ്ട്രീയക്കാരൻ എന്ന നിലയിലേക്ക് തരം താഴ്ത്തി... പോളിറ്റ് ബ്യൂറോയിൽ നിന്നും തരം താഴ്ത്തിയപ്പോഴും ജനഹൃദയങ്ങളിൽ അദ്ദേഹം ജ്വലിച്ചുതന്നെ നിന്നിരുന്നു... പക്ഷെ കീഴടങ്ങലിൽക്കൂടി അദ്ദേഹം നേടാനോ നിലനിർത്താനോ പോകുന്ന സ്ഥാനമാനങ്ങൾക്ക്‌ ജനമനസ്സുകളിലെ സ്ഥാനത്തോളം വിലയുണ്ടാകില്ല...

       പീറ്റർ കർത്താവിനെ തള്ളിപ്പറഞ്ഞത് കാരാഗ്രഹ വാസ്സത്തിൽ നിന്നോ, മരണത്തിൽ നിന്നോ രക്ഷപ്പെടുന്നതിനായിരുന്നെങ്കിൽ  സഖാവ് വി സ് അച്യുതാനന്ദൻ ചന്ദ്രശേഖരനെ തള്ളിപ്പറഞ്ഞത് സ്ഥാനമാനങ്ങൾ നേടാനോ സംരക്ഷിക്കാനോ വേണ്ടിയാണ്... അങ്ങനെയെങ്കിൽ പീറ്റർ കർത്താവിനെ തള്ളിപ്പറഞ്ഞതിലും വലിയ തെറ്റാണ് സഖാവ് വി സ് അച്യുതാനന്ദൻ ചെയ്തിരിക്കുന്നത്.. ടി പി ചന്ദ്രശേഖരന്റെ മരണത്തിൽ അദ്ദേഹം കണ്ണുനീർ പൊഴിച്ചത് അന്നത്തെ രാഷ്ട്രീയ സാഹചര്യത്തിനനുസ്സരിച്ചുള്ള മുതലെടുപ്പിനല്ലായിരുന്നു വെങ്കിൽ അദ്ദേഹം തീർച്ചയായും അതിൽ ദു:ഖിക്കുന്നുണ്ടാകും... പീറ്റർ ചെയ്തത് പോലെ നിശബ്ദതയിലെങ്കിലും വിലപിക്കാനുള്ള മനസ്സുണ്ടായാൽ മനുഷ്യത്വം നശിച്ചിട്ടില്ലെന്നു ബോധ്യപ്പെടുത്താം..... സ്വയമെങ്കിലും....!!

കെ.കെ രമ; ഭർത്താവിന്റെ രക്തത്തത്തിന് കൊതി പൂണ്ടവരെ തിരയുന്നു?? നരഭോജികൾ ചിരിക്കുന്നു!!



[Rajesh Puliyanethu
 Advocate, Haripad]