Monday 15 June 2020

''ആത്മഹത്യകൾ'':: പറയാതെ ബാക്കിവെയ്ക്കുന്ന കഥകൾ ,,,!!??

     ആത്മഹത്യകൾ എന്നും നമ്മെ വിഷമിപ്പിക്കുകയും, ചോദ്യങ്ങളെ അവശേഷിപ്പിക്കുകയും ചെയ്തിട്ടുണ്ട്... കേട്ട വിലാപങ്ങളെല്ലാം, 'നീ എന്തിനിതു ചെയ്തു' എന്നതാണ്... കടബാദ്ധ്യതകൾ, രോഗങ്ങൾ, പ്രണയ നൈരാശ്യങ്ങൾ, ഡിപ്രഷനുകൾ, ആഗ്രഹങ്ങളുടെ മുടക്കങ്ങൾ അങ്ങനെ പലകാരണങ്ങളും ചുറ്റുപാടുമുള്ളവർ കണ്ടെത്തുന്നുണ്ട്... പക്ഷെ അവിടെയും ചുടലയിലെ കനൽ പോലെ പ്രിയപ്പെട്ടവരുടെ മനസ്സുകളിൽ  സംശയം തിളങ്ങാറുമുണ്ട്... ''അവൻ/അവൾ ഈ കാരണം കൊണ്ട് തന്നെയാണോ ആത്മഹത്യ ചെയ്തത് എന്ന്... മരിക്കാൻ എന്തുകൊണ്ട് തീരുമാനിച്ചെന്നും, ആ തീരുമാനത്തെ തിരുത്താൻ എന്തുകൊണ്ട് മനസ്സിന് കഴിഞ്ഞില്ല എന്നതും നമ്മൾ എഴുതി ചേർക്കുന്ന ഉത്തരങ്ങൾ മാത്രമാകുന്നു.. പലപ്പോഴും യാഥാർഥ്യം വളരെ അകലെ സഞ്ചരിച്ചു കൊണ്ടിരിക്കും....

     സ്വന്തം ജീവിതം സന്തോഷം കൊണ്ട് ഇല്ലാതാക്കിയവർ ഉണ്ടാകുമോ!? ജീവിതത്തിൽ ആഗ്രഹിച്ചതെല്ലാം നേടി, ഇനി മരണത്തിനു കീഴടങ്ങുകയാണ് താൻ ഇഷ്ട്ടപ്പെടുന്നതെന്ന് കരുതുന്നവരുണ്ടാകുമോ!?? ഇന്നത്തെ സന്തോഷം  എനിക്ക് നാളെ ഉണ്ടാകാൻ സാദ്ധ്യതയില്ല;; അതിനാൽ തൻ്റെ ജീവിതത്തിലെ സന്തോഷത്തിന്റെ ഉച്ചസ്ഥായിയിൽ ജീവിതം അവസ്സാനിപ്പിക്കുന്നതാണ് ഉചിതം എന്ന് ചിന്തിക്കുന്നവർ ഉണ്ടാകുമോ!?? ജീവിതം തെരഞ്ഞെടുക്കുന്നതുപോലെ മരണവും ഒരു തെരഞ്ഞെടുപ്പാണ് എന്ന് കരുതി മരിക്കുന്നവർ ഉണ്ടാകുമോ!?? സ്വയം മരിക്കുക എന്നത് അവകാശമായി കണ്ട് ആരെങ്കിലും ഈ ലോകത്ത് മരിച്ചിട്ടുണ്ടാകുമോ!?? സ്വന്തം ഈശ്വരന്റെ ബലിയാകേണ്ടതാണ് തൻ്റെ ജന്മം എന്ന് കണ്ട് ആരെങ്കിലും മരിച്ചിട്ടുണ്ടാകുമോ!?? വിചിത്രമായി തോന്നിയേക്കാവുന്ന ഒരുപാടു ചോദ്യങ്ങൾ നമുക്കിനിയും സ്വയം ഇല്ലാതാകുന്നവന്റെ മാനസ്സിക സ്ഥിതിയെക്കുറിച്ചു ചോദിക്കാം... ഇതിലും എത്രയോ വിചിത്രമായ കാരണങ്ങൾ മനസ്സിൽ സൂക്ഷിച്ചുകൊണ്ട് ജീവനെ ഇല്ലാതാക്കിയവർ ഉണ്ടാകാം.. നമ്മൾ തിരിച്ചറിഞ്ഞെന്നു കരുതുന്ന കാരണങ്ങൾ ഒന്നും തന്നെ ആകണമെന്നില്ല ആത്മഹത്യ എന്ന സ്വയം കൊലക്ക് ആളുകൾ തയ്യാറാകുന്നത്... ഇതിന്റെയെല്ലാം ഇടയിൽ തമാശപോലെ ചില സെലിബ്രിറ്റികളുടെ വിയോഗത്തിൽ കൂടെ ചാകുന്ന ചിലരും..

     കേട്ടു നിൽക്കുന്ന ആർക്കും ബോദ്ധ്യമാകാത്ത ഒരു കാരണവും ആത്മഹത്യ ചെയ്യുന്നവന് മതിയായ കാരണമാണ്... മറ്റ് ആത്മഹത്യകൾ കണ്ടിട്ടുള്ളവൻ,, അവിടെ വിലപിക്കുന്നവർ പോലും മരിച്ചവനോട് വിരോധത്തിന്റെയോ, പുശ്ചത്തിന്റെയോ ഇരുൾ മനസ്സിൽ സൂക്ഷിക്കുന്നത്, ഏറ്റവും കുറഞ്ഞത്, തന്നെക്കുറിച്ചു ഓർക്കാതെ ഇതു ചെയ്തതിലുള്ള പരിഭവം, ഇതെല്ലാം കണ്ടിട്ടുള്ളവൻ, തന്റേ തോന്നലിനെ അതിജീവിക്കാൻ കഴിയാതെ മരണം തെരഞ്ഞെടുക്കുന്നത് ആത്മഹത്യയെ ഒരു പ്രഹേളികയാക്കുന്നു... തൻ്റെ പ്രിയപ്പെട്ടവരുടെ മുഖങ്ങളെ അവഗണിച്ചു കൊണ്ട് മരണത്തെ സ്വീകരിക്കാൻ തയ്യാറായ സാഹചര്യങ്ങളെക്കുറിച്ചു ആഴമേറിയ പഠനങ്ങൾ ആവശ്യമാണ്...

     ചിലരിൽ ആത്മഹത്യാ പ്രവണത ഒരു രോഗമായിത്തന്നെ വൈദ്യ ശാസ്ത്രം പറയുന്നു.. പക്ഷേ അത്തരത്തിലുള്ള രോഗികൾക്കു പോലും എന്തു കരുതലാണ് നമ്മൾ നൽകിയിട്ടുള്ളത്?? ആത്‍മഹത്യ ചെയ്തതിനു ശേഷം മാത്രമാണ് നമുക്ക് അതൊരു വലിയ കാര്യമായി തോന്നുന്നത്... ഞാൻ അങ്ങു ചത്തു കളയും,, ചത്താ മതിയാരുന്നു തുടങ്ങിയ നെഗറ്റീവ് വൈബ്രേഷൻ
വാക്കുകൾ നമുക്ക് നിത്യ സംസ്സാര ഭാഗമായിരിക്കുന്നു... വാക്കുകൾകൊണ്ട് നമ്മളെന്തിനാണ് സ്വയം മരിക്കുന്നതിനെക്കുറിച്ചു എപ്പോഴും മനസ്സിനെ ഓർമ്മപ്പെടുത്തിക്കൊണ്ടിരിക്കുന്നതു?? ആ വാക്കുകളുടെ യാഥാർഥ്യം എല്ലാത്തിന്റെയും അവസ്സാനമാണെന്ന് തിരിച്ചറിയണം... ആ രീതിയിലുള്ള സംസാരങ്ങൾ പറയുന്നവനിലും കേൾക്കുന്നവനിലും യാതൊരു ഗുണവും ചെയ്യില്ല...   

     ആത്മഹത്യകൾ ഉണ്ടാകാതിരിക്കാൻ സാമൂഹികമായ ബോധവൽക്കരണവും, പ്രവർത്തനങ്ങളും ആവശ്യമാണ്... അതിലൊന്നാണ് "സ്വയം ഇല്ലാതാകുന്നു'' എന്ന അർഥം സ്പുരിക്കുന്നതെല്ലാം നമ്മൾ ഒഴിവാക്കുക എന്നത്... മറ്റൊന്നാണ് 'ആത്മഹത്യ ചെയ്യുക' എന്ന സമര മാർഗ്ഗത്തെ പൂർണ്ണമായും അവഗണിക്കുക എന്നത്... സർക്കാർ ഓഫീസുകൾക്കു മുൻപിൽ,, തനിക്കെതിർപ്പുള്ള ഒരു പ്രവർത്തി നടക്കുന്നിടത്ത്, അവിടെയെല്ലാം 'ആത്മഹത്യാ ശ്രമം' ഒരു വലിയ സമര മാർഗ്ഗമായി കാണുന്നു... സമരത്തിന്റെ ഒരു വഴിയായി ആത്മഹത്യയെ ആരും തന്നെ തെരഞ്ഞെടുക്കുവാനോ, പ്രോൽസ്സാഹിപ്പിക്കുവാനോ തയ്യാറാകരുത്‌... സമരത്തിന്റെ ഭാഗമായി ആത്മഹത്യ ചെയ്തയാളെ രക്തസാക്ഷിയായി വാഴിക്കുന്ന രീതികളിൽ നിന്നും രാഷ്ട്രീയ കക്ഷികൾ പിന്മാറണം... ചുരുക്കിപ്പറഞ്ഞാൽ "ആത്മഹത്യ" എന്ന ചിന്ത ഏത് ആശയ വിരുദ്ധതയുടെ പേരിലായാലും മഹത്വവൽക്കരിക്കില്ല എന്നും,, സമൂഹത്തിൽ ഒരു പ്രകമ്പനവും കൊള്ളിക്കാൻ ആത്മഹത്യയ്ക്കു കഴിയില്ലെന്നും ജീവിച്ചിരിക്കുന്നവരുടെ മനസ്സുകളെ ബോധ്യപ്പെടുത്തി ക്കൊണ്ടേയിരിക്കണം... ''തൻ്റെ ഒരു ആവശ്യത്തിനായി മോഷണം ചെയ്ത ഒരാൾ  മറ്റൊരു ആവശ്യം ഉണ്ടാകുമ്പോളും ആദ്യം ചിന്തിക്കുക മോഷ്ടിക്കാൻ ആയിരിക്കും'' എന്നൊരു വർത്തമാനമുണ്ട്... അതുപോലെയാണ് ആത്മഹത്യയും... ജീവിതത്തിലെ ഒരു സന്നിദ്ധ ഘട്ടത്തിൽ മരണത്തെപ്പറ്റി ചിന്തിച്ചവൻ അത് ചെയ്യാൻ പരാജയപ്പെട്ടാലും പിന്നീട് ഏതൊരു ദുർഘട ഘട്ടത്തിലും മരണത്തെക്കുറിച്ചു ചിന്തിക്കും.. അതൊരു മാനസ്സിക അവസ്ഥയാണ്... ആ അവസ്ഥയാണ് ഇല്ലാതാകേണ്ടത്...

     സ്വന്തമായി ഒരു ചിന്താ ധാര ഉറച്ചിട്ടില്ലാത്ത ചെറു ബാല്യങ്ങൾ പോലും ചെറിയ ദുഖങ്ങളിൽ പോലും സ്വയം ഇല്ലാതാകാൻ തീരുമാനിക്കുന്ന കാഴ്ചകൾ നമ്മൾ കണ്ടു... ചെറിയ കുട്ടികളും, വിദ്യാ സമ്പന്നരും, ശത കോടീശ്വരന്മാരും, പ്രഫഷണൽസും, സെലിബ്രിറ്റികളും, പുരുഷന്മാരും, സ്ത്രീകളും എല്ലാം ആത്‍മഹത്യ ചെയ്തവരുടെ പട്ടികയിലുണ്ട്... മരണം ഏതൊരുവനും തുല്യമാണെന്ന് പറയുന്നത് പോലെ ആത്മഹത്യക്കു പരമ സത്യത്തിന്റെ മഹത്വം ചാർത്തി കൊടുക്കാൻ കഴിയില്ല... അതൊരു തെറ്റായ തെരഞ്ഞെടുക്കലാണ്... പ്രായോഗികമായ വിദ്യാഭ്യാസവും, ചികിൽസയും, ബോധവൽക്കരണവും, സമീപനവും കൊണ്ട് തിരുത്താൻ കഴിയുന്ന തെറ്റായ തെരഞ്ഞെടുക്കൽ...

     കുട്ടികളിലെയും, കൗമാരക്കാരിലെയും ആത്മഹത്യാ പ്രവണതയുടെ കാരണം കണ്ടു വരുന്നത് പിടിവാശിയും, സ്ട്രെസ്സും, നിരാശാ ബോധവുമാണ്.. ബൈക്ക് വാങ്ങിത്തരാനുള്ള ആവശ്യം നിരാകരിച്ച പിതാവിനോടുള്ള വാശി ആത്മഹത്യയിൽ അവസ്സാനിക്കുന്നു.. ബൈക്ക് എന്ന ആവശ്യം നിരാകരിക്കപ്പെട്ടില്ലായിരുന്നെങ്കിൽ കാർ എന്ന രണ്ടാമത്തെ ആവശ്യം നിരാകരിക്കുമ്പോൾ ആത്മഹത്യയിൽ എല്ലാം തീരുന്നു... രണ്ടു ദിവസ്സം ചിരിച്ചു കാണിച്ച പെണ്ണ് അടുത്ത ദിവസ്സം ചിരിക്കാതെ പോയാൽ പരിഹാരം കയർ!?? കാമുകൻ അവഗണിച്ചാൽ കാമുകിക്ക് വിഷം അഭയം.. അങ്ങനെ നമുക്ക് ചുറ്റും എന്തെല്ലാം കാരണങ്ങൾ ആത്മഹത്യക്കു പിന്നിൽ കേൾക്കുന്നു... യഥാർഥ കാരണങ്ങൾ ഇവയൊക്കെത്തന്നെ എന്ന് കണക്കിലെടുത്തുകൊണ്ട് സംസാരിച്ചാൽ ഇതിനെല്ലാം പിന്നിലെ മനഃശാസ്ത്രത്തെ വിശകലനം ചെയ്തേ മതിയാകൂ...

     ആത്മഹത്യക്കു പിന്നിലെ കാരണങ്ങൾ വിശാലമായ പഠനങ്ങൾക്ക് വിധേയമായാക്കി സമൂഹത്തിൽ വേണ്ട ക്രിയകൾ ചെയ്യണം... വ്യക്തമായി ഒരു കാരണം കണ്ടു നിൽക്കുന്നവന് പറയാൻ പല സംഭവങ്ങളിലും കഴിയില്ല എന്ന എന്റെ പക്ഷം അനുഭവങ്ങളുടെ വെളിച്ചത്തിലാണ്... വളരെ ചെറുപ്പം മുതൽ ഞങ്ങൾക്കൊപ്പമുണ്ടായിരുന്ന ഒരു സുഹൃത്തിന്റെ ആത്മഹത്യ... എന്തു വിഷയത്തെയും 'പോടാ പുല്ലേ' എന്ന മനോഭാവത്തിൽ സമീപിക്കുന്ന അയാളുടെ മരണം ഞങ്ങൾ സുഹൃത്തുക്കളിൽ ഒരു ഷോക്ക് ആയിരുന്നു... ഇന്നും ഞങ്ങളുടെ സംസാരങ്ങളിൽ അതിൻ്റെ കാരണം എന്തായിരിക്കും എന്ന് ഞങ്ങൾ തിരഞ്ഞു കൊണ്ടേയിരിക്കുന്നു... മരിക്കുമ്പോൾ ഒരു വിധം നല്ല ജോലി ഉണ്ടായിരുന്ന അയാൾക്കു മേൽ ആരോപിച്ചിരുന്ന സാമ്പത്തിക ബാദ്ധ്യതകൾ വരുമാനത്തിന്റെ വലിയ മടങ്ങുകൾ ആയിരുന്നില്ല... അയാളുമായി വർഷങ്ങളുടെ ചങ്ങാത്തം കൊണ്ട് ഞങ്ങൾ തിരിച്ചറിഞ്ഞിരുന്നയാൾ ഒരിക്കലും ആത്‍മഹത്യ ചെയ്യുന്നവനല്ല... എന്തുകൊണ്ട് നമ്മുടെ സഹജീവികൾ ഇത്രയധികം ദുർബലരാകുന്നു!?? ഒരു വേള മറിച്ചും ആലോചിക്കാറുണ്ട്, ഇവർ അസാധാരണ ധൈര്യ ശാലികൾ ആയതുകൊണ്ടാണോ?? മരിക്കാൻ വരെ ധൈര്യമുള്ളവർ!?? 

     സമാന അനുഭവങ്ങൾ പലതുണ്ട്... എൻ്റെ ഒരു കക്ഷിയുടെ ആത്‍മഹത്യ എന്നെ വല്ലാതെ അമ്പരപ്പിച്ചു... ആ കക്ഷി എന്തു വിഷയമെങ്കിലും ഒരു കൈ അല്ല,, രണ്ടു കൈയ്യും നോക്കാം എന്ന മനോഭാവക്കാരനായിരുന്നു... മരിക്കുന്നതിന് ഒരാഴ്ച മുൻപ് എൻ്റെ ഓഫീസ്സിൽ വന്നു പോകുമ്പോൾ അയാളിൽ ദുഃഖത്തിന്റെയോ,, മറ്റു വലിയ പ്രശ്നങ്ങളുടെയോ യാതൊരു ലാഞ്ചനയും കണ്ടിരുന്നില്ല.. മുൻപു കണ്ടതിൽ ഒരു മാറ്റവും അന്നും ഉണ്ടായിരുന്നില്ല.. ആകെ നിലവിൽ ചെറിയ ഒന്നു രണ്ടു സിവിൽ കേസ്സുകൾ.. അതും അയാൾക്ക് അനുകൂലമായി നിൽക്കുന്നത്... ശ്രീ രാമൻ എന്ന് പേര് ഇവിടെ ഉപയോഗിക്കുന്നു... ശ്രീ രാമൻ എൻ്റെ അറിവിൽ മുൻപ് നേരിട്ട വിഷയങ്ങളുമായി നോക്കിയാൽ പുഞ്ചിരിച്ചു തള്ളാവുന്നവ... അയാൾ ആത്‍മഹത്യ ചെയ്തു... എന്തായിരുന്നു കാരണം!?? എനിക്ക് കൺവിൻസിങ് ആയതൊന്നും ഇന്നു വരെ അറിഞ്ഞിട്ടില്ല.. കേസ്സുകളിൽപ്പെട്ട വിഷമമാണെന്ന് ഒരുപാടുപേർ പറയുന്നത് കേട്ടു... കേസ്സുകൾ എത്ര നിസ്സാരമായിരുന്നെന്നും,, അതൊന്നും ശ്രീ രാമനെ അൽപ്പം പോലും ചലിപ്പിച്ചിട്ടില്ലെന്നും എനിക്കറിയാവുന്നതുപോലെ മറ്റാർക്കറിയാം?? പിന്നെയെന്ത്!!?? അതാണ് ആത്മഹത്യകളിലെ സമസ്യ...!! പിന്നീട് ആത്മഹത്യകൾ എന്ന് കേട്ട മരണ വാർത്തകളിൽ മറ്റുള്ളവർ കണ്ടെത്തിയ കാരണങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങി.. പലതും അതിശയകരങ്ങളായി തോന്നി... പലതും അവിശ്വസ്സനീയവും...!!

     ആത്മഹത്യാ പ്രവണത എന്ന രോഗം കണ്ടെത്തിയിട്ടില്ലാത്ത ആളുകൾ നടത്തിയ ആത്മഹത്യകളാണ് കൂടുതൽ പഠന വിഷയങ്ങളാക്കേണ്ടത്.... മരിക്കാൻ തീരുമാനമെടുത്തു നടപ്പിലാക്കിയതിനു തൊട്ടു മുൻപുള്ള നിമിഷം വരെ അവരിൽ ചിലരെങ്കിലും ആത്മഹത്യയെക്കുറിച്ചു ചിന്തിച്ചിട്ടു പോലും ഉണ്ടാകുകയില്ല... ആ മനുഷ്യർക്ക് എന്തു കൊണ്ട്  നിമിഷത്തെ അതിജീവിക്കാൻ കഴിഞ്ഞില്ല... അങ്ങനെയെങ്കിൽ എന്നിലും എനിക്കു ചുറ്റിനുമുള്ളവരിലും ആ ചിന്തയുടെയും,, അവസ്ഥയുടെയും അണുക്കൾ ഉറങ്ങിക്കിടപ്പുണ്ടാകില്ലേ!!?? അതാണ് സമൂഹത്തിന് ഒന്നടങ്കമായ പ്രതിരോധ കുത്തിവെയ്പ്പ് ആവശ്യമാണെന്ന് പറയുന്നത്...

     ആത്മഹത്യയുടെ പിന്നിലെ കൂടുതൽ കാരണങ്ങൾ അന്വേഷിച്ചു പോകുമ്പോൾ കൂടുതൽ വിഷയങ്ങളിലേക്ക് വാതിലുകൾ തുറക്കും എങ്കിലും പിടിവാശിയും,, സ്ട്രെസ്സും,, നിരാശാ ബോധവും,, മദ്യത്തിന്റെയും, മയക്കുമരുന്നിന്റെയും ഉപയോഗവും,, കുടുംബ ബന്ധങ്ങളിലെ ശിഥിലതയും,, തുറന്നു സംസ്സാരിക്കാനും, വിഷയങ്ങൾ പങ്കുവെയ്ക്കുന്നതിലെ വിമുഘതയും,, ദുരഭിമാനവും അങ്ങനെ പലതും കാരണങ്ങളായി തെളിഞ്ഞു തന്നെ നിൽക്കുന്നു... മരണം എന്ന പരിഹാരവും,, ജീവിതം എന്ന പോരാട്ടവും മനസ്സിൽ മുഖാമുഖം നിൽക്കുമ്പോൾ പോരാട്ടത്തിന് പടച്ചട്ടയിലേക്ക് കൈകൾ അറിയാതെ നീളണം... അതിനു മനസ്സിനെ സജ്ജമാക്കുന്ന വിദ്യാഭ്യാസം ഇവിടെ ലഭിക്കണം..

     ആത്മഹത്യ ചെയ്തു ഇവിടം വിട്ടു പോയവരിൽ പലരും നമ്മുടെ പരിചയക്കാരും, സ്വന്തക്കാരും അങ്ങനെ പലതും ആയിരുന്നു... അവർ സ്വയം കോല ചെയ്തു പോകാൻ തീരുമാനിച്ചതിനു പിറകിൽ ഒരു കാരണമുണ്ടാകും.. ആ കാരണത്തിന് മറ്റൊരുവന്റെ ഒരു വാക്കിൽ പരിഹാരവും ഉണ്ടായിരുന്നിരിക്കാം..  ആ വാക്ക് എന്നത് പരിഹാരത്തിൻ്റെ ആകെത്തുകയായ വിശാല അർത്ഥത്തെ ഉൾക്കൊള്ളണം.. ആ വാക്ക് പറയാൻ കഴിയാതെ പോയതാണോ,, കേൾക്കാൻ കഴിയാതെ പോയതാണോ പോരായ്മയെന്ന് പഠിക്കണം... ''അവനവനിൽ നിന്നു തന്നെ അവനവനെ രക്ഷിച്ചു നിർത്തേണ്ട വലിയ ഒരു ടാസ്ക് ആണ് ആത്മഹത്യയിൽ നിന്നുള്ള രക്ഷ..''

[Rajesh Puliyanethu
 Advocate, Haripad]