Thursday 6 February 2014

കെ.കെ രമ; ഭർത്താവിന്റെ രക്തത്തത്തിന് കൊതി പൂണ്ടവരെ തിരയുന്നു?? നരഭോജികൾ ചിരിക്കുന്നു!!


    CPM വിമതനും, RMP എന്ന CPM വിമത പാർട്ടിയുടെ നേതാവുമായ ടി. പി ചന്ദ്രശേഖരൻ 2012 മെയ്‌ മാസം 4 ആം തീയതി അതിക്രൂരമായി നടുറോഡിൽ കൊലചെയ്യപ്പെട്ടു... 51 വെട്ടുകളാണ് അദ്ദേഹത്തിന്റെ ശരീരത്തിൽ ഉണ്ടായിരുന്നതെന്നായിരുന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്‌... ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ എന്ന മട്ടിൽ അപ്പോൾത്തന്നെ പൊതുജനം CPM നു കുറ്റപത്രം ചാർത്തി നൽകി..

       T .P ചന്ദ്രശേഖരനെ കൊന്നത് CPM തന്നെയെന്ന് പൊതുജനം കരുതിയത്തിന് കാരണങ്ങൾ പലതായിരുന്നു... അതിൽ പ്രധാനമായത് T . P ക്ക് വ്യക്തി വിരോധികൾ ഉള്ളതായി ആർക്കും അറിയില്ലായിരുന്നു എന്നതാണ്.. ഒരുവലിയ പ്രദേശം അദ്ദേഹത്തെ പിന്തുണച്ചിരുന്നത് മാത്രമേ ഏവർക്കും അറിയുമായിരുന്നുള്ളൂ.. എന്നാൽ CPM ന്റെ അടിത്തറഇളക്കുന്ന രീതിയിൽ  T .P ചന്ദ്രശേഖരൻ നടത്തി വന്നിരുന്ന പ്രവർത്തനങ്ങളിൽ CPM ന് ഉണ്ടായിരുന്ന വൈരാഗ്യം കൊച്ചു കുട്ടികൾക്കുപോലും തിരിച്ചറിവുണ്ടായിരുന്നതും!! CPM എന്ന പാർട്ടി പ്രതിയോഗിയെ കൊന്നു എന്ന വാർത്ത ആരിലും അത്ഭുതം ജനിപ്പിച്ചതുമില്ല..

       അന്വേഷണം മുൻപോട്ടു പോയപ്പോൾ CPM ന്റെ കൊലപാതകത്തിലെ പങ്ക് ചാരം മാറി കനൽ തെളിയുന്നതുപോലെ വ്യക്തമായി വന്നു.. CPM ന്റെ പാർട്ടി ഓഫീസ്സുകളിൽ പ്രതികൾക്ക് അഭയം നൽകിയത്, CPM പ്രതികൾക്ക് വാഹനം ഏർപ്പാടാക്കിയത്, CPM പ്രതികളെ ഒളിവിൽ പോകാൻ അനുവദിച്ചത്, ഇതിനെല്ലാം പുറമേ കുഞ്ഞനന്തൻ, മോഹനൻ, ട്രൌസ്സർ മനോജ്‌ എന്നീ വീരസഖാക്കൾ പ്രതിപ്പട്ടികയിൽപ്പെട്ടത്, CPM നേതാക്കൾ പരസ്യമായി പ്രതികളെസംരക്ഷിക്കാൻ രംഗത്ത് വന്നത്,    T .P ചന്ദ്രശേഖരന്റെ ചിതകെട്ടടങ്ങിയതിനു ശേഷവും കലിയടങ്ങാതെ  CPM ന്റെ സംസ്ഥാന സെക്രട്ടറി T .P ചന്ദ്രശേഖരനെ കുലംകുത്തി എന്ന് അലറിവിളിച്ചത്‌.. അങ്ങനെ      T .P ചന്ദ്രശേഖരൻറെ കൊലപാതകത്തിൽ CPM ന്റെ പങ്കുബോദ്ധ്യപ്പെടുന്ന തെളിവുകൾ പൊതുജനങ്ങൾക്ക് മുൻപിൽ പലതുണ്ടായിരുന്നു..    T .P ചന്ദ്രശേഖരന്റെ കൊലപാതകത്തിൽ തങ്ങൾക്കുപങ്കില്ലെന്നും രാഷ്ട്രീയവിരോധികളുടെ തിരക്കഥയുടെ അടിസ്ഥാനത്തിൽ മാത്രമാണ് CPM പ്രതിസ്ഥാനത്ത് നിൽക്കുന്നതെന്നും  CPM നേതാക്കൾ പത്രസമ്മേളനങ്ങൾ വിളിച്ചുകൂട്ടി പറഞ്ഞു.. തങ്ങളുടെ പ്രസ്ഥാവനയെ പൊതുജനം വിശ്വാസ്സത്തിലെടുക്കുന്നതിലേക്ക് 'കുറ്റം തെളിയിക്കപ്പെട്ടവരാരും പാര്ട്ടിയിലുണ്ടാകില്ലെന്ന' സത്യപ്രഖ്യാപനവും നടത്തി..  തദ് അവസ്സരത്തിൽത്തന്നെ കൊടിസുനി അടക്കമുള്ള പാർട്ടിപ്പടയാളികൾക്ക് രാഷ്ട്രീയപരവും, നിയമപരവുമായ പിന്തുണ നൽകുന്നതിന് പാർട്ടി അതീവ ശ്രദ്ധകാട്ടി..

       കൊലയാളികൾ സഞ്ചരിച്ച വാഹനത്തിൽ അറബി സൂക്ത്തങ്ങൽ എഴുതി വെച്ച് അന്യെഷണഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാനും, ഡമ്മി പ്രതികളെ നല്കി കേസ്സിൽ നിന്ന് രക്ഷപ്പെടാമെന്നുമുള്ള പാർട്ടി ഉദ്ദേശം പാളിപ്പോയെന്നാണ് എതിർപക്ഷം ആരോപിക്കുന്നത്.. മുസ്ലിം സമുദായത്തിന്റെ ക്ഷേമത്തിനായി മുതലക്കണ്ണീർ ഒഴുക്കുന്ന  CPM കൊലയാളി വാഹനത്തിൽ അറബിക് സൂക്തങ്ങൾ എഴുതിവെച്ച് മുസ്ലീം സമുദായത്തെ പ്രതിസ്ഥാനത്തുനിർത്താൻ നടത്തിയ ശ്രമം മ്ലെശ്ചം എന്നതിനപ്പുറം സമൂഹത്തിന് ഒന്നടങ്കം ആപത്ക്കരവുമായിരുന്നു...

       CPM ന്റെ അനുഭാവികളായ പ്രഗൽഭഅഭിഭാഷകർത്തന്നെ പ്രതികൾക്കായി കോടതിയിലെത്തി..  CPMന്റെ നേതൃത്വത്തിൽ കേസ്സ് നടത്തിപ്പിലേക്ക് ഫണ്ട് സ്വരൂപണവും നടത്തി.. അപ്പോഴും  T .P ചന്ദ്രശേഖരൻറെ കൊലപാതകത്തിൽ CPM ന് പങ്കുണ്ടെന്നത് രാഷ്ട്രീയ ആരോപണം മാത്രമാണെന്ന് നേതാക്കൾ കിട്ടിയ അവസ്സരത്തിലെല്ലാം പറഞ്ഞു.. നൂറോളം പ്രതികൾ ഉണ്ടായിരുന്നത് ചുരുങ്ങി കൊലയാളിസംഘത്തേയും, കുഞ്ഞനന്ദനെയും കുറ്റക്കാരായി കണ്ട് കോടതി വിധി പറഞ്ഞു... മോഹനൻ കുറ്റവിമുക്തനായി എന്നത് മാത്രമായിരുന്നു അവിടെ CPM ന്റെ പിടിവള്ളി..

       കോടതി കുറ്റക്കാരായി കണ്ടവരെ പാർട്ടിയിൽ നിന്നും പുറത്താക്കാൻ  CPM തയ്യാറായില്ല എന്ന് മാത്രമല്ല അവരെ പിന്തുണച്ചുകൊണ്ട് പ്രസ്ഥാവന ഇറക്കാനും തയ്യാറായി.. പാര്ട്ടി എത്ര പ്രതിരൊധത്തിലായാലും, പൊതുജനമദ്ധ്യത്തിൽ എത്ര ചോദ്യം ചെയ്യപ്പെട്ടാലും  T .P ചന്ദ്രശേഖരൻ എന്ന മഹാമാരണത്തിനെ ഒഴിവാക്കാൻ കഴിഞ്ഞതാണ് പാർട്ടിക്ക് വലിയകാര്യമെന്നും, അതിന് സഹായിച്ചവരാണ് പാർട്ടിക്ക് ഒന്നാമതായവരെന്നും പ്രഖ്യാപിക്കുന്നതുപൊലെയായി പാർട്ടിയുടെ പ്രവർത്തനരീതി..

       ഒരു രാഷ്ട്രീയ കൊലപാതകത്തിലെ പ്രതികളെ പ്രസ്തുത പാര്ട്ടി സംരക്ഷിക്കും എന്നത് നടപ്പ് രാഷ്ട്രീയം എന്ന് കരുതാം... അല്ലെങ്കിൽ നാളെ രാഷ്ട്രീയ വൈരികളെ കൊല്ലാൻ നേതാക്കന്മാർ തന്നെ ഇരുട്ടിന്റെ മറപിടിച്ച് വാരിക്കുന്തവുമായി കാത്തിരിക്കേണ്ടി വരും.. പക്ഷെ കൊലയാളി സംഘത്തിന് മർദ്ദനമേറ്റെന്ന വാർത്തകേട്ട് ഓടികൂടിയ പോളിറ്റ് ബ്യൂറോ അംഗങ്ങൾ ഉൾപ്പടെയുള്ള നേതാക്കന്മ്മാർ  CPM എന്ന പാർട്ടിയെ ജനമദ്ധ്യത്തിൽ നാണംകെടുത്തി എന്നുവേണം കരുതാൻ.. കൃഷ്ണമേനോൻ, AKG, EMS, EK നായനാർ തുടങ്ങി നീളുന്ന ആദർശധീരരായ നേതാക്കളുടെയും, ചോരകൊടുത്തു പ്രസ്ഥാനത്തെ വളർത്തിയ രക്തസാക്ഷികളുടെയും, വിയർപ്പുനൽകിയ തൊഴിലാളി വർഗ്ഗത്തിന്റെയും എല്ലാം അഭിമാനം ഒരുകൂട്ടം കൊലയാളികൾക്കുമുൻപിൽ ഹോമിച്ചു കളഞ്ഞു എന്നെ കാണാൻ കഴിയൂ.. മറ്റൊന്നുകൂടി ഏതൊരുവനും ചിന്തിച്ചു പോകും; ഇത്രയും മഹാനായ  CPM ശത്രു ആയിരുന്നോ  T .P ചന്ദ്രശേഖരൻ??

        പത്രസമ്മേളനം വിളിച്ചു ചേർത്തു പറയുന്നില്ല അല്ലെങ്കിൽ കോടതി മുൻപാകെ  T .P വധത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തില്ല എന്നതൊഴിച്ചാൽ പരസ്യമായി  CPM തങ്ങളുടെ സമീപനങ്ങളിൽക്കൂടി ജനങ്ങൽക്കുമുൻപിൽ ആ ഉത്തരവാദിത്വം ഏറ്റെടുത്തുകഴിഞ്ഞു.. കൊടിസ്സുനിയും സംഘവും നിയമത്തിന് മുൻപിൽ കുറ്റക്കാരാണെന്ന് തെളിഞ്ഞുകഴിഞ്ഞു.. കുറ്റം തെളിയിക്കപ്പെടുന്നതുവരെ നിരപരാധിയാണെന്നുള്ള ഡിഫെൻസ്സിന്റെയും സാദ്ധ്യത അവസ്സാനിച്ചു.. ഇപ്പോഴും ജനങ്ങളെ മുഴുവൻ വെല്ലുവിളിച്ചുകൊണ്ട് CPM നേതാക്കൾ തങ്ങളുടെ വിധേയത്വവും, കടപ്പാടും പ്രകടിപ്പിച്ചുകൊണ്ട് കൊലയാളി സംഘത്തിനു പുറകെ നാണം കേട്ട് നടക്കുന്നു.. ഇത്രയുമൊക്കെ ആണെങ്കിലും  CPM നേതാക്കൾ പറയുന്നതുപോലെ; തങ്ങൾക്ക്  T .P വധത്തിൽ പങ്കില്ല എന്നത് ജനങ്ങൾ അതേപടിതന്നെ വിശ്വസിച്ചുകൊള്ളണം!! അല്ലെങ്കിൽ ജയരാജാൻ സഖാക്കൻന്മാരെ പോലെയുള്ള ഉന്നത സഖാക്കന്മാർക്കും, അവരിൽനിന്നും വിപ്ലവധാർഷ്ട്യം ആവാഹിച്ചു പ്രവർത്തിക്കുന്ന അഭിനവജയരാജൻ സഖാക്കൻന്മാർക്കും അരിശം വരും.. ഇത്രയുമൊക്കെ കാണുമ്പോൾ ചിന്തിച്ചുപോകുന്ന ഒന്നുണ്ട്;   CPM നേതാക്കൾ കേരളജനതയെ നോക്കി 'പ്രബുദ്ധർ' എന്ന് വിളിച്ചത് പരിഹസ്സിച്ചായിരുന്നോ എന്ന്!! പിന്നെ ആശ്വാസ്സം തോന്നുന്നത് ഇവിടെ പ്രബുധത കൊണ്ടുവന്നത് അവരാണെന്ന്കൂടി പറഞ്ഞു കേൾക്കുമ്പോളാണ്!!

        T.Pചന്ദ്രശേഖരൻ കൊലചെയ്യപ്പെട്ടു എന്നത് CPM അന്ഗീകരിക്കുന്നുണ്ടെന്നു തോന്നുന്നു..  T .P  51 വെട്ടുകളുള്ള ഒരു ശരീരം വഴിയിലുപേക്ഷിച്ച് മാറിനിന്ന് എതിർകക്ഷികളുമായി ചേർന്ന് CPM നെതിരെ പ്രവർത്തിക്കുകയാണെന്നും അതിന്റെ ഭാഗമായി രമയെ സമരത്തിനയച്ചതുമാണെന്നുള്ള നിലപാട് CPM എടുക്കാഞ്ഞത് കാര്യമായി.. അല്ലെങ്കിൽ ആ നിലപാടും കേരള ജനത വിശ്വസ്സിക്കണമെന്നുള്ള ശാഠയം അവർ കാണിച്ചേനേം!! ആ നിലപാടുകളെ ന്യായീകരിച്ചു കൊണ്ടുള്ള വായ്പ്പാട്ടുകൾ നമ്മൾ കേൾക്കേണ്ടിയും വന്നെനേം...

       T.Pചന്ദ്രശേഖരൻ കൊലചെയ്യപ്പെട്ടു; കൊലയാളി സംഘത്തിന് ശിക്ഷയും ലഭിച്ചു.. പക്ഷെ കൊലയാളി സംഘത്തിന് എന്തായിരുന്നു നിഷ്ട്ടൂരമായി T.Pചന്ദ്രശേഖരനെ കൊലപ്പെടുത്താനുണ്ടായിരുന്ന വിരോധം?? അതിനു പിന്നിൽ പ്രവർത്തിച്ചവരാര്?? വളരെ നിസ്സാരവും സാമാന്യവുമായ ഒരു ചോദ്യമല്ലേ അത്?? അതിന് കാര്യക്ഷമമായ ഒരു അന്വേഷണം വരുന്നതിനെ വിറളി പൂണ്ട്  CPM എതിർക്കുന്നതെന്തിന്?? നിസ്സാരമായ ഈ ചോദ്യത്തിനല്ലേ  CPM ആദ്യം ഉത്തരം പറയേണ്ടത്??  CPM നേതാക്കളുടെ കൈകൾ ശുദ്ധമാണെങ്കിൽ എന്തിന് അവർ ഭയചെകിതരാകുന്നു?? സിപിഎം നേതാക്കളെ മന: പൂർവ്വം കേസ്സിൽ കുടുക്കാനുള്ള കേരള സർക്കാരിന്റെ തന്ത്രമാണ് CBI അന്യെഷണമെങ്കിൽ കേരള സര്ക്കാരിന്റെ സ്വന്തം പോലീസ്സിനെക്കൊണ്ട് അത് സാധ്യമാകുമായിരുന്നതിന്റെ അത്രയും അനായാസ്സത CBI യെ ക്കൊണ്ട് ഉണ്ടാകുമോ?? പിന്നെ നാട്ടിലെ കോടതികളും കള്ളം, പോലീസും കള്ളം, CBI യും കള്ളം; സത്യമെന്നത് സിപിഎം നേതാക്കൾ പറയുന്നത് മാത്രം.. അതും യുക്തികൊണ്ട് ചോദ്യം ചെയ്യാതെ അംഗീകരിച്ചുകൊള്ളണമെന്നത്??

       സിപിഎം നേതൃത്വത്തിന് ടി പി വധത്തിൽ പങ്കില്ലയെന്ന് പിണറായിയും അനുവർത്തികളും ഇടക്കിടെ പറയുന്നതിന് അപ്പുറം ജനങ്ങൾക്ക്‌ ബോദ്ധ്യപ്പെടുന്ന രീതിയിൽ അത് തെളിയിക്കപ്പെടേണ്ടേ?? അതിന് യഥാർഥ ഗൂഡാലൊചകരെ പൊതുജനമദ്ധ്യത്തിലും നിയമത്തിനു മുന്നിലും കൊണ്ട് വരുന്നതിലൂടെ മാത്രമല്ലേ സാദ്ധ്യമാകൂ?? പാർട്ടിക്ക് പുറത്ത് അങ്ങനെ ആരെയും കണ്ടെത്താൻ സാധിക്കില്ലെന്ന ഉറപ്പാണോ CBI അന്യെഷണത്തെ നേതാക്കൾ എതിർക്കാൻ കാരണമെന്ന് പ്രത്യയ ശാസ്ത്ര ബോധമില്ലാത്ത കേരളത്തിലെ സാധാരണക്കാരൻ ചോദിച്ചാൽ അവരെ പരിഹസ്സിക്കുന്ന താണോ ഉചിതമായ മറുപടി??

       കേരളത്തിലെ പൊതുജനത്തിന്  T.Pചന്ദ്രശേഖരൻ ഒരു രാഷ്ട്രീയ പ്രവർത്തകൻ, നടുറോഡിൽ വെട്ടേറ്റു വീണവൻ, രാഷ്ട്രീയ വൈരത്തിന്റെ ഇര അങ്ങനെ ഒക്കെ മാത്രം കാണേണ്ട ബാദ്ധ്യതയെ ഉള്ളൂ.. രാഷ്ട്രീയനയ വ്യതിയാനങ്ങളുടെയും, കൂട്ടുകെട്ടുകളുടെയും ഒക്കെ അടിസ്ഥാനത്തിൽ ടി. പി യെ മറക്കുകയോ, അവഗണിക്കുകയോ ആകാം!! പക്ഷെ ടി. പി ഒരു കുടുംബത്തിനുണ്ടാക്കിയ വിടവുണ്ട്‌.. ഒരു മകന്റെയും, ഭർത്താവിന്റെയും, അച്ഛന്റെയും സ്ഥാനത്തിനുണ്ടാക്കിയ വിടവ്.. ടി. പി യുടെ മരണം കൊണ്ട് നേടിയവർക്കോ, മരണത്തിൽ നിന്നു നെടിയവർക്കോ ആ വിടവ് നികത്താനാകില്ല.. എങ്കിലും അദ്ദേഹത്തിൻറെ ജീവനെടുക്കാൻ ഉത്തരവ് നൽകിയവർ ആരെന്നു തിരിച്ചറിയാനും, അവർ ശിക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പു വരുത്താനുമുള്ള അവകാശം ആ കുടുംബത്തിനില്ലെ ??

       തന്റെ ഭർത്താവിന്റെ കൊലപാതകത്തിന് കാരണമായവരെ  പിടികൂടണമെന്ന് ആവശ്യപ്പെട്ടാണ് രമ നിരാഹാര സമരം ആരംഭിച്ചത്.. സമരം വിജയം കാണുമോ, സമരം എങ്ങനെ അവസ്സാനിക്കും എന്നതൊന്നും പ്രസക്തമല്ല.. സമരത്തിന്റെ കാരണവും ആവശ്യവും മാത്രമാണ് പ്രാധാന്യം അർഹിക്കുന്നത്.. ഇന്നത്തെ അന്തരീക്ഷത്തിൽ സമരം സിപിഎം നു എതിരാണെന്ന് വ്യാഖ്യാനിക്കപ്പെടുന്നു.. സിപിഎം നേതാക്കൾത്തന്നെ അങ്ങനെ പറയുന്നു.. അതിനർഥം ടി പി വധത്തിലെ സിപിഎം പങ്കുജനങ്ങൾ ഉറപ്പിക്കുന്നു, പാർട്ടി അത് സമ്മതിക്കുന്നു എന്നാണ്..

       രമയുടെ സമരപന്തലിൽ U D F നേതാക്കൾ വന്നു എന്നതാണ് സിപിഎം കുറ്റമായി കണ്ടത്.. രാഷ്ട്രീയ പരമായി സിപിഎം നു എതിരാണെന്ന് സിപിഎം തന്നെ സമ്മതിക്കുന്ന ഒരു സമരത്തിനു  U D F നേതാക്കൾ പിന്തുണയുമായി വരുന്നതിൽ എന്ത് അതിശയമാണുള്ളത്?? തന്റെ സമര പന്തലിലേക്ക് പിന്തുണയുമായി എത്തുന്നവരെ വിലക്കേണ്ട ബാദ്ധ്യത എന്താണ് രമക്കുള്ളത്?? ഇത്തരം മുട്ട് ന്യായങ്ങൾ നിരത്തി ജനങ്ങളുടെമുന്നിൽ സ്വയം ന്യായീകരിക്കാനും, സമരം പരാജയപ്പെടുത്താനുമാണ് സിപിഎം ശ്രമിക്കുന്നത്.. പാർട്ടിയുടെ സമീപകാല നയപരിപാടിയായ ഇരുട്ടുകൊണ്ട് ഓട്ടഅടക്കലിന്റെ പുതിയ രൂപം.. അത്ര തന്നെ..

       സിപിഎം ന്റെ നേതൃത്വത്തിൽ നടന്ന കൊലപാതകം എന്ന്   T.Pചന്ദ്രശേഖരന്റെ കൊലപാതകത്തെ വിശേഷിപ്പിക്കുമ്പോൾ അത് പാര്ട്ടിയുടെ ആകെ നയപരിപാടിയായോ, സമസ്ഥ പ്രവർത്തകരും അംഗീകരിച്ച പരിപാടിയെന്നോ ആരും ആരോപിക്കുന്നില്ല.. സിപിഎംലെ കരുത്തരായ ആരൊക്കെയോ ചേർന്ന് നടത്തിയ ഒന്ന്.. അത്രമാത്രം.. അതിൻറെ പേരില് പാര്ട്ടി ആകമാനം പ്രതിരൊധത്തിലാകുകയും ചെയ്തു.. അങ്ങനെയെങ്കിൽ തങ്ങളുടെ പാര്ട്ടിയെ പ്രതിരോധത്തിലാവാൻ കാരണക്കാരായവരെ എന്തുകൊണ്ട് അണികൾ ചോദ്യം ചെയ്യുന്നില്ല?? അവിടെ കേടർ പാർട്ടിയെന്ന http://rajeshpuliyanethu.blogspot.in/2012/09/blog-post.html ലക്ഷ്മണരേഖയാണോ അവര്ക്ക് തടസ്സം?? ഒരു ചെറിയ കൂട്ടം ആലോചിച്ചു നടപ്പിലാക്കിയ കുറ്റ കൃത്യത്തിന്റെ ഉത്തരവാദിത്വം മുഴുവൻ പാര്ട്ടി ഏറ്റെടുക്കേണ്ടി വന്നത് സിപിഎം ൽ നഷ്ട്ടപ്പെട്ട ജനാധിപത്യസ്വഭാവമാണെന്ന് കാണേണ്ടിവരും..

       രമ ഒരു വിധവയാണെന്നും, അവരുടെ സമരം ഭർത്താവിനെ വെട്ടിക്കൊന്നവരെ ശിക്ഷിക്കണമെന്നുള്ള ന്യായമായ ആവശ്യത്തെ മുൻനിർത്തിയാണെന്നും കാണാതെ അസഭ്യമായ രീതിയിൽ വിമർശിക്കുന്നവരുണ്ട്.. രാഷ്ട്രീയ പ്രവർത്തന പാരമ്പര്യമുള്ളതുകൊണ്ട് സമരം ചെയ്യുന്നതിനുള്ള ആര്ജ്ജവം അവർ കാട്ടുന്നു.. അവർ ഒരു സ്ത്രീ അല്ലേ?? അവരുടെ ആവശ്യത്തെ മാനിച്ച് ധാർമ്മികമായ പിന്തുണ നൽകേണ്ട ബാദ്ധ്യത പൊതു സമൂഹത്തിനില്ലേ?? അതോ പീഡനക്കേസ്സുകളിലേക്ക് മാത്രമായി പിന്തുണയെ കരുതി നിർത്തിയിരിക്കുകയാണോ??

      രമയുടെ സമരത്തിന് മനുഷ്യ മനസ്സാക്ഷിയുടെ മുൻപിൽ ന്യായീകരണമുണ്ട്.   എത്ര കരുത്ത് ഉള്ളവര്ക്കെതിരെ ആണെങ്കിലും അത് വിജയം കാണേണ്ടത് പൊതു സമൂഹത്തിന്റെ ഒന്നായ ആവശ്യമാണ്‌..


[Rajesh Puliyanethu
 Advocate, Haripad]