Friday 10 January 2014

സരിതേ നീ പാപിയാണ്; നീ സാരി ഉടുക്കരുത്, പൂചൂടരുത്, മുഖം മിനുക്കരുത്: ഹൈക്കോടതി!!



       സരിതയെക്കുറിച്ച് ആര് എന്ത് ശബ്ദിച്ചാലും കേരളത്തിൽ അത് വലിയ വാർത്തയാണ്.. രാഷ്ര്ടീയ പാർട്ടികൾക്കും പ്രവർത്തകർക്കും പങ്കുള്ള ഒരു തട്ടിപ്പുകേസ്സ്പ്രതി എന്നതിൽ ഉപരി എന്താണ് സരിതക്ക് പ്രാധാന്യവും, പ്രശസ്തിയും നേടിക്കൊടുത്തത്?? നിസ്സംശയം പറയാം സരിതയുമായി ചേർന്ന് ഉയർന്നുവന്ന കാമ കഥകളാണ് അതിനു കാരണം.. ഇക്കിളിപ്പെടുത്തുന്ന വാർത്തകൾക്ക് പുറകെ മലയാളിയുടെ പാച്ചിൽ തുടങ്ങിയിട്ട് കാലമധികമായിരിക്കുന്നു!! ഏതൊന്നിനും വാർത്താപ്രാധാന്യം ലഭിക്കണമെങ്കിൽ അവിടെ ഒരു പെണ്ണിന്റെ സാനിദ്ധ്യം അനിവാര്യമായിത്തീർന്നിരിക്കുകയാണ്.. മ്ലേശ്ചമായ സാമൂഹിക നിലവാരമെന്ന്തന്നെ അതിനെ വിശേഷിപ്പിക്കപ്പെടെണ്ടതുമുണ്ട്..  http://rajeshpuliyanethu.blogspot.in/2013/07/blog-post_8.html

       സരിതയുടെ ആര്ഭാട ജീവിതത്തെക്കുറിച്ചും മാധ്യമങ്ങൾ കൊണ്ടാടി.. ലക്ഷങ്ങൾ ചെലവഴിച്ചു അവർ നടത്തിയ ആഡംഭരപ്രവർത്തനങ്ങൾ തുടർക്കഥ എന്നവണ്ണം അവർ പ്രസിദ്ധീകരിച്ചു.. അഴിമതിയും, അതിലെ രാഷ്ട്രീയ പങ്കാളിത്തവും എല്ലാം മറന്ന് കേരള ജനത സരിതയുടെ സാരിയുടെയും, ചുണ്ടിലെ ലിപ്സ്റ്റിക്കിനും പുറകെ പാഞ്ഞു..

       സരിതയെ കോടതികളിൽ കൊണ്ട് വരുന്ന അവസ്സരങ്ങളിൽ അവർ ധരിച്ചിരുന്ന സാരിയും മേക്- അപ്പ്‌ കളുമായി രാഷ്ട്രീയ- സാംസ്ക്കാരിക- സാമൂഹിക കേരളത്തിൻറെ ചർച്ചാവിഷയം.. രാഷ്ട്രീയ നേതൃത്വങ്ങൾ സരിതയ്ക്ക് അമിത സൌകര്യങ്ങൾ ജയിലിൽ നൽകുന്നു എന്നും അതുവഴി രാഷ്ട്രീയ നേതൃത്വങ്ങൾക്ക്‌ സരിതയോടുള്ള ബന്ധവുമാണ് ചൂണ്ടിക്കാണിക്കാൻ ചിലർ ശ്രമിച്ചത്‌.. അപ്രകാരമുള്ള ഒരു രാഷ്ട്രീയ ആരോപണം നടത്തുന്നതിന് രാഷ്ട്രീയ പാർട്ടികൾക്ക് പ്രത്യേകിച്ച് തെളിവുകളുടെ ആവശ്യമില്ല.. സരിത ഒരുദിവസ്സം ഉടുത്തൊരുങ്ങി കോടതിയിൽ വന്നാൽ അത്രമാത്രം ധാരാളം.. പോതുജനത്തിനിടയിൽ സരിതയും രാഷ്ട്രീയനേതൃത്വവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഒരു സംശയം സൃഷ്ടിക്കാൻ..

       സരിതക്കെന്താ ജയിലിൽ ബ്യൂട്ടിഷൻ ഉണ്ടോ? ഈ ചോദ്യം ആദ്യമായി ഉയർത്തിയത്‌ PC ജോർജജു് ആയിരുന്നു.. ഒരു ജോർജ്ജു ചോദ്യമായിരുന്നപ്പോൾ ആ ചോദ്യത്തിന് കേൾക്കാൻ ഒരു രസ്സമുണ്ടായിരുന്നു.. ഒരു രാഷ്ട്രീയ എതിരാളിയുടെ ചൂടൻ ചോദ്യം.. ഭരണപക്ഷത്തുതന്നെയുള്ള പ്രതിയോഗികളെ പ്രതിക്കൂട്ടിലാക്കാൻ ഉതകുന്ന ഒന്ന്; അത്രമാത്രം.. സരിത മുഖത്ത് പൌഡറിടുന്നതോ, സാരി ഉടുക്കുന്നതോ ഒക്കെയാണോ സോളാർ കേസ്സിലെ കാതലായ കാര്യങ്ങൾ??

       ഒരു ജോർജജുചോദ്യം കേരളഹൈക്കോടതി ആവർത്തിച്ചു ചോദിച്ചിരിക്കുകയാണ്.. സരിതയുടെ സാരിയിൽ ഹൈക്കോടതിക്ക് ആശങ്കപ്പെടാനെന്താണ് ഇത്രയുമുള്ളതെന്ന് മനസ്സിലാകുന്നതെ ഇല്ല.. ഒരു സെലിബ്രിറ്റി കുറ്റവാളി അല്ലായിരുന്നെങ്കിൽ; എത്ര സ്ത്രീ കുറ്റവാളികളുടെ സാരിയുടെ ഫാഷനും, വിലയും, പകിട്ടും മുഖത്തിട്ട പൗഡറിന്റെ ഘനവും കോടതികൾ വിലയിരുത്താൻ ശ്രമിച്ചിട്ടുണ്ട്??

       ഒരു രാഷ്ട്രീയ ആരോപണത്തിന്റെ ലാഘവത്തോടെ കോടതികൾ ആരോപണങ്ങൾ ഉന്നയിക്കാൻ മുതിരരുത്.. കോടതികൾ അഭിപ്രായങ്ങൾ പറയുമ്പോൾ അവയ്ക്ക് തീർച്ചയായും നിയമത്തിന്റെയും, തെളിവുകളുടെയും പിന്തുണയുള്ള ആധികാരികത ആവശ്യമുണ്ട്.. അപ്രകാരമുള്ള ആധികാരികത കോടതികളുടെ അഭിപ്രായങ്ങൾക്കുണ്ട് എന്നാ പൊതുജനത്തിന്റെ ധാരണയാണ് കോടതികൾ നടത്തുന്ന ചെറിയ പരാമർശങ്ങൾക്ക് പോലും വലിയ പൊതുജന ശ്രദ്ധ ലഭിക്കുന്നതിന് കാരണമാകുന്നത്... കോടതികളുടെ ആശങ്ക സാരിയിലും, പാവാടയിലും ഒക്കെ ആണെന്ന് വന്നാൽ രാഷ്ട്രീയക്കാർ നൽകുന്ന വാഗ്ദാനങ്ങളെക്കാൾ വിലകുറച്ചേ കോടതി പരാമർശങ്ങളെ പൊതുജനം കാണൂ!!

       സരിതയുടെ സാരി തന്നെ വിഷയമായി എടുക്കാം.. സരിതക്കുപുതിയ സാരികൾ ലഭിക്കുന്നു എന്ന് ഹൈക്കൊടതിക്ക് എങ്ങനെ മനസ്സിലായി?? ഏതെങ്കിലും അന്യേഷണ ഉദ്യോഗസ്ഥൻ സരിതയ്ക്ക് പുതിയ സാരികൾ ജയിലിൽ കിട്ടുന്നു എന്ന് റിപ്പോർട്ട്‌ ഹൈക്കൊടതിക്കുനല്കിയിട്ടുണ്ടോ??  സരിതയെ ഹാജരാക്കിയ കോടതികളിലെ ഓഫീസർമാർ ആരെങ്കിലും സരിത പലവിധസാരികൾ ഉടുത്താണ് കോടതിയിൽ എത്തുന്നതെന്ന് ഹൈക്കൊടതിക്ക് റിപ്പോർട്ട്‌ നൽകിയിട്ടുണ്ടോ?? പിന്നെ സരിത പലവിധ സാരികളാണ് ജയിലിലും, കോടതികളിൽ ഹാജരാക്കുന്ന വേളയിലും ധരിക്കുന്നത് എന്ന്  ഹൈക്കോടതി പറഞ്ഞതിന്റെ മാനദണ്ഡം എന്താണ്?? അതോ ജയിലിലെയും കോടതികളിൽ ഹാജരാക്കുന്ന അവസ്സരങ്ങളിലെയും സരിതയുടെ സാരികൾ ഹൈക്കോടതി നേരിട്ട് നിരീക്ഷിക്കുന്നുണ്ടായിരുന്നോ?? സരിത ജയിലിൽ മേക്- അപ്പ്‌ നടത്തുന്നു എന്നു തന്നെ ഹൈക്കോടതി എങ്ങനെ മനസ്സിലാക്കി?? ഏതെങ്കിലും വിധത്തിലുള്ള പരിശോധനകൾ സരിതയുടെ മുഖത്ത് കോടതി നടത്തിയിട്ടുണ്ടോ?? എന്തിന്; പത്രവാർത്തകൾക്കും, രാഷ്ട്രീയ ആരോപണങ്ങൾക്കും അപ്പുറം സരിതയ്ക്ക് ജയിലിൽ പ്രത്യേക സൌകര്യം ലഭിക്കുന്നു എന്നതിനു തന്നെ എന്ത് ആധികാരിക തെളിവാണ് ഹൈക്കൊടതിയുടെ മുന്നിലുള്ളത്??

       തീവ്രവാദികൾക്കു വരെ മനുഷ്യാവകാശവും സംരക്ഷണവും വാരിവിതരാൻ തയ്യാറുള്ള രാജ്യമാണ് നമ്മുടേത്‌.. സരിത എന്നത് ഒരു വാർത്താപ്രാധാന്യവുമില്ലാത്ത സാധാരണ ഒരു വിചാരണ തടവുകാരിയാണെന്ന് കരുതുക.. ആരാണ് സരിതയുടെ സാരിയെക്കുറിച്ച് ചിന്തിക്കുകതന്നെ ചെയ്യുന്നത്?? വിചാരണ തടവുകാരെ കുറ്റവാളികളായല്ല; കുറ്റം തെളിയിക്കുന്നതുവരെ ഏതൊരുവനെയും നിരപരാധിയായി മാത്രമേ കാണാൻ കഴിയൂ എന്നാണ് നമ്മുടെ നിയമം പറയുന്നത്.. വിചാരണതടവുകാർക്ക് പ്രത്യേക വേഷം നിയമം നിഷ്കർഷിക്കുന്നില്ല!! സ്വന്തം വേഷം ധരിക്കാം.. അങ്ങനെ എങ്കിൽ സരിത എന്ത് വേഷം ധരിക്കണമെന്നത് സരിതയുടെ സ്വാതന്ത്ര്യമാണ്!! അതിൽ കൊടതിക്കെന്തുകാര്യം?? വിചാരണതടവുകാരിയായി പോവുകയാണെല്ലോ, കുറച്ചു ലളിതമായ വസ്ത്രങ്ങൾ വാങ്ങിക്കൊണ്ട് പോയേക്കാം, എന്ന് ഏതെങ്കിലും വ്യക്തി ജയിലിലേക്ക് പോകുമ്പോൾ ചിന്തിക്കുമോ?? വിചാരണതടവുകാർക്ക് അവരെ സന്ദർശിക്കാൻ ജയിലിൽ വരുന്നവർ വസ്ത്രങ്ങൾ കൊണ്ടുവന്നു നൽകുന്നത് സർവസാർവര്ത്രികമാണ്.. ജയിലിൽ പ്രത്യേക വേഷനിയമങ്ങൾ നിലനിൽക്കാത്തടത്തോളം അതിനെ എങ്ങനെ തടയാൻ കഴിയും?? അറസ്റ്റ്‌ ചെയ്യുന്ന അവസ്സരത്തിലെ വേഷം മാത്രമേ ജയിലിൽ കൊണ്ടു വരാൻ പാടുള്ളൂ എന്നും പറയാൻ കഴിയില്ല.. ശരീരശുദ്ധി വരുത്തി വസ്ത്രം മാറുക ഏതു കൊലപുള്ളിയുടെയും അവകാശമാണ്..

      സരിത വിചാരണതടവുകാരിയാണ്.. അവരുടെമേൽ പത്രക്കാർരും,രാഷ്ട്രീയ പ്രവർത്തകർക്കും ഉപരി നിയമപരമായി കുറ്റം തെളിയിക്കപ്പെട്ടിട്ടില്ല.. അനധികൃതമായും കുറ്റകരമായും അവർ നേടിയതെല്ലാം കണ്ടുകെട്ടെണ്ടതുതന്നെയാണ്.. പക്ഷെ ഇന്നു കോടതി ചോദിച്ചത്; എന്തുകൊണ്ട് സരിതയുടെ സാരികൾ കണ്ടുകെട്ടുന്നില്ല?? എന്നാണ്.. സരിത കുറ്റകരമായി നേടിയപണം കൊണ്ടാണ് സാരിവാങ്ങിയത് എന്ന് ആദ്യം തെളിയിക്കണം എന്നത് അവിടെ നിൽക്കട്ടെ.. ഒരു സ്ത്രീയുടെ കെട്ടുതാലി, ഒരു വ്യക്തിയുടെ പെൻഷൻ ഇവയൊക്കെ കണ്ടുകെട്ടുന്നതിൽ നിന്നുള്ള നിയമപരമായ പരിരക്ഷനിലനിൽക്കുന്നത് പോലെ പരിരക്ഷ ആവശ്യമുള്ള ഒന്നല്ലേ; ഒരു സ്ത്രീയുടെ ഉടുതുണി കണ്ടുകെട്ടുന്നതിൽ നിന്നുള്ള പരിരക്ഷ?? അവർ എത്ര വലിയ കുറ്റവാളിയായാലും അതൊരു സ്ത്രീയോടുകാണിക്കേണ്ട മാന്യതയുടെ ഭാഗമല്ലേ?? ഒരു ചെറിയ സംശയവും എനിക്കുണ്ട്.. സരിത വാങ്ങിയ് സാരികളെല്ലാം കുറ്റകരമായ പണം കൊണ്ടാണെന്ന് കരുതുക.. സാരികൾ കണ്ടുകെട്ടാൻ കോടതി നിയോഗിച്ച  ഉദ്യോഗസ്ഥൻ ചെല്ലുന്നു.. സരിത തദ് അവസ്സരത്തിൽ ധരിച്ചിരിക്കുന്ന സാരിയും കണ്ടുകെട്ടുന്ന മുതലിൽ ഉൾപ്പെടുത്തുമോ??

       പത്രവാർത്തകളിൽ നിന്നും, രാഷ്ട്രീയക്കാരുടെ പ്രസ്ഥാവനകളിൽ നിന്നും ആവേശം ഉൾക്കൊണ്ടു നിയമപരമായി നിലനിൽക്കാത്ത ഒരു ചെറിയ വിഭാഗത്തിന്റെ മാത്രം കൈയ്യടി ലഭിക്കുവാൻ കാരണമാകുന്ന ഇത്തരം പരാമർശങ്ങൾ കോടതികൾ ഒഴിവാക്കേണ്ടത് തന്നെയാണ്.. പ്രത്യേകിച്ച് ഉന്നതമായ കോടതികൾ... കാരണം കീഴ്കോടതികളിൽ നിന്ന് ഇത്തരം അനാവശ്യമായ പരാമർശങ്ങൾ ഉണ്ടായാൽ മേൽക്കൊടതികൾ അതിനെ തിരുത്തുമെന്ന് കരുതാം..

       കോടതികൾ അമിതവികാരപ്രകടനം നടത്തുന്ന പ്രവണത തന്നെ ആശാസ്യമല്ല.. രാഷ്ര്ടീയ ആയുധങ്ങൾ ആകാനും മുതലെടുപ്പുകൾക്ക് കാരണമാകാനും തങ്ങളുടെ പരാമർശങ്ങൾ കാരണമാകാനിടയുണ്ടെന്ന ബോധം കോടതികൾ വെച്ച് പുലർത്തണം.. പത്രവാർത്തകൾക്കും, പോതുപ്രതികരണങ്ങൾക്കും അപ്പുറമായി നിയമപരമായും വസ്തുതാപരമായും നിലനിൽക്കുന്ന പരാമർശങ്ങൾ മാത്രമേ കോടതികൾ നടത്താവൂ..

        ഒരു കേസ്സ് പരിഗണിക്കുന്ന വേളയിൽ കെസ്സിനാസ്പദമായ ചില ചോദ്യങ്ങൾ കോടതികൾക്ക് ചോദിക്കേണ്ടി വരും.. അത് പലപ്പോഴും വസ്തുതകളെ വ്യക്തമായി നിർവചിക്കാൻ സഹായമാകാൻ വേണ്ടിയാണ്.. അത്തരം ചില ചോദ്യങ്ങൾ സമൂഹത്തിൽ ശ്രദ്ധിക്കപ്പെടാൻ സാദ്ധ്യത ഉണ്ടെന്നു കരുതി അമിത പ്രാധാന്യത്തോടെ കോടതി പരാമർശമെന്നനിലയിൽ പ്രസിദ്ധീകരിക്കുന്ന പ്രവണത വാർത്താമാധ്യമങ്ങൾക്കുണ്ട്‌.. മാധ്യമ യുദ്ധങ്ങളുടെ ഈകാലത്ത് അത് മാധ്യമങ്ങൾ സ്വയം ഒഴിവാക്കും എന്ന് കരുതുക വയ്യ.. ജഡീഷ്യറിക്ക് പൊതുജനമധ്യത്തിൽ അവമതിപ്പുണ്ടാകുന്ന രീതിയിൽ തെറ്റിധാരണാ പരമായരീതിയിൽ റിപ്പോർട്ട്‌ ചെയ്യുന്നതിനെ ചില ചട്ടങ്ങൾ നിർമിച്ച് നിയന്ത്രിക്കുന്നതും പരിഗണിക്കാവുന്നതാണ്..
http://rajeshpuliyanethu.blogspot.in/2013/07/blog-post_8.html

[Rajesh Puliyanethu
 Advocate, Haripad]