Saturday 9 July 2016

സീരിയൽ കാണുന്ന സ്ത്രീകൾ......!!


     ഇന്നലെ വൈകിട്ട് ഏകദേശം എട്ടു മണിയോടുകൂടി എൻറെ ഫോണിലേക്ക് ഒരു കാൾ വന്നു... എനിക്ക് അടുപ്പമുള്ള,, ഇരുപത്തിഅഞ്ചു വയസ്സിൽ താഴെ മാത്രം പ്രായമുള്ള ഒരു പയ്യനായിരുന്നു എന്നെ വിളിച്ചത്... ഞാൻ കാരണം തിരക്കി...

     രാജേഷ് ചേട്ടാ,, ഞാൻ സൂരജ്‌ജാ എന്നെ പോലീസ്സ് പിടിച്ചു.... ഞാൻ ഇപ്പോൾ സ്റ്റേഷനിൽ നിന്നാ വിളിക്കുന്നത്...

     എന്തിനാ നിന്നെ പോലീസ്സ് പിടിച്ചത്??

     അത് ഞാൻ അൽപ്പം കഴിച്ചിട്ടുണ്ടായിരുന്നു.... ബൈക്കിൽ വന്നപ്പോഴാ പിടിച്ചത്.... പോലീസ്സുകാര് പറഞ്ഞു; ആരെയെങ്കിലും വിളിച്ചുപറഞ്ഞു ജാമ്യം എടുക്കാൻ... രാജേഷ് ചേട്ടൻ എന്തെങ്കിലും ചെയ്യണേ.... അൽപ്പം ജാള്യത കലർത്തി അവൻ പറഞ്ഞവസ്സാനിപ്പിച്ചു...

     സ്റ്റേഷനിലേക്ക് ആളെവിട്ട് വേണ്ടത് ചെയ്യാമെന്നുള്ള എന്റെ ഉറപ്പിന്മേൽ അവൻ ഫോൺ കട്ടു ചെയ്തു....

     ഏകദേശം ഒരു ഇരുപതു മിനിട്ടുകൾക്കു ശേഷം അവൻ വീണ്ടും വിളിച്ചു...

     രാജേഷ് ചേട്ടാ,, പത്തു മണിക്കു മുൻപ് ഇറങ്ങാൻ കഴിയില്ലേ??

     ഞാൻ ആളെ വിട്ടിട്ടുണ്ട്,, പതിനഞ്ചു മിനിട്ടിനകം ഇറങ്ങാം,, എന്താ പത്തുമണി കണക്ക്??

     അതൊക്കെ ഉണ്ട് ചേട്ടാ,, ഞാൻ ഇറങ്ങീട്ട് അങ്ങോട്ട് വരാം....

     സ്റ്റേഷനിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഏകദേശം എട്ടരയോടെ അവൻ എന്നെ വന്നു കണ്ടു....

     നന്ദി പ്രകടിപ്പിക്കും വിധം എന്തൊക്കെയോ പറഞ്ഞ് അവൻ പോകാൻ ഒരുങ്ങവെ ഞാൻ ചോദിച്ചു;; എന്താ ഈ പത്തുമണി കണക്ക്??

     ഒരു സാധാരണ സംഭവത്തെക്കുറിച്ചു് എഴുതുവാൻ തന്നെ കാരണം അവന്റെ മറുപടിയിൽ തോന്നിയ കൗതുകമാണ്...

     അതേ, ചേട്ടാ ഇന്ന് വെള്ളിയാഴ്ചയല്ലേ,, പത്തര മണിവരെ അമ്മ വിളിക്കത്തില്ല... അത് ഉറപ്പാ... അതിനു മുൻപ് ഇറങ്ങാൻ വേണ്ടിയാരുന്നു... പക്ഷെ ശനിയോ, ഞായറോ ആയിരുന്നേ പണി പാളിയെനേം... അമ്മ എട്ടു മണിക്കുതന്നെ വിളിച്ചേനേം...

     അതെന്താടാ അങ്ങനെ??

     ശനിയും, ഞായറും അമ്മ കാണുന്ന സീരിയൽ ഒന്നുമില്ല.... അതുകൊണ്ട് എട്ടു മണിക്ക് വിളിക്കും... പക്ഷെ ബാക്കി ദിവസ്സമൊക്കെ സീരിയലുണ്ട്... അതുകൊണ്ട് പത്തര കഴിഞ്ഞേ വിളിക്കൂ....

     കേട്ടതിൽ തമാശക്ക് അപ്പുറം ഒരു അസ്വസ്ഥതയാണ് എനിക്കുണ്ടായത്... ഇന്ന് മലയാളികളുടെ കുടുംബ ബന്ധങ്ങൾ സീരിയലുകൾക്ക് വിധേയപ്പെട്ടിരിക്കുന്നോ എന്ന് തോന്നിപ്പോകുന്നു...

     സാധാരണ കുടുംബങ്ങളിൽ അംഗങ്ങൾ തമ്മിൽ ഇടപെടലുകൾക്കുള്ള സമയം വൈകിട്ട് അഞ്ചു മണി മുതൽ പത്തുമണി വരെയാണ്... ഗൃഹനാഥൻ ജോലി കഴിഞ്ഞു വരുന്നു... കുട്ടികൾ സ്കൂൾ- റ്യുഷൻ പഠനങ്ങൾ കഴിഞ്ഞ് എത്തുന്നു... മുതിർന്ന മക്കളാണെങ്കിൽ അവരുടേതായ ജോലികൾ കഴിഞ്ഞ് വരുന്നു... അങ്ങനെ കല്ലിലും മരത്തിലും തീർത്ത  കെട്ടിടം ഒരു കുടുംബമായി മാറുന്ന സമയമാണ് ഈ അഞ്ചു മുതൽ പത്തുമണി വരെയുള്ള സമയം...  തങ്ങളുടെ ഒരു ദിവസത്തെ ക്ഷീണത്തെ ഇറക്കിവെച്ചു് ഓരോ വ്യക്തിയും കുടുംബാംഗമാകുന്ന സമയം കൂടിയാണിത്... രാവിലെ ഒരു ദിവസത്തിന്റെ തിരക്കുകളിലേക്ക് പ്രവേശിക്കുന്നതിൻറെ മുന്നൊരുക്കങ്ങൾക്കായും രാത്രി ഉറക്കത്തിനായും മാറ്റിവെയ്ക്കുമ്പോൾ കുടുംബത്തിനായി മാത്രമുള്ള ഈ വിലപ്പെട്ട സമയം കണ്ണീർ സീരിയലുകൾ അപഹരിക്കുന്നതിലെ നഷ്ട്ടം ആരും അറിയാതെ പോകുന്നു..

     സീരിയലുകൾ വിഷവാതകങ്ങളുടെ ഉറവിടം പോലെ പ്രവർത്തിക്കുന്നു.... കുടുംബത്തിലും, സമൂഹത്തിലും വ്യാപിക്കുന്ന വിഷകണികകൾ ചിലരെ ശ്വാസം മുട്ടിച്ചു കൊല്ലുമ്പോൾ  ചിലർക്ക് മാരക രോഗങ്ങൾ സമ്മാനിക്കുന്നു... പക്ഷെ തങ്ങളിൽ കടന്നു കൂടിയ വിഷാംശം എവിടെനിന്ന് എന്നു മാത്രം ആരും അന്വേഷിക്കുന്നില്ല!!

     സീരിയലുകളിലെ വിഷം ആദ്യം പരക്കുന്നത് വീട്ടമ്മമാരിലേക്കാണ്... ബാഹ്യ ലോകത്തേക്കുറിച് കൂടുതലായി വിവരം ഇല്ലാത്ത ഈ വിഭാഗം ലോകത്തെ നോക്കികാണുന്നത് തന്നെ സീരിയലുകളിലൂടെയാണ്... കുടുംബത്തിലും, സമൂഹത്തിലും കാണുന്ന വ്യക്തികളെ സീരിയൽ കഥാപാത്രങ്ങളോട് സ്വയമറിയാതെതന്നെ ഇവർ താരതമ്യം ചെയ്യുന്നു... താൻ കാണുന്ന വ്യക്തികളെ വിലയിരുത്തുന്നത് സമാന സ്വഭാവവും, സംഭവവും അനുവർത്തിച്ച സീരിയൽ കഥാപാത്രങ്ങളോടാകുമ്പോൾ പരിതഃസ്ഥിതി ഭയാനകമാകുന്നു... സീരിയലുകൾ നിരത്തുന്ന കഥാപാത്രങ്ങൾക്ക് അവിഹിതം, കലഹം, ജാരസന്തതി, കുതുകാൽ വെട്ട്, വഞ്ചന, അമ്മായിഅമ്മ- മരുമകൾ കലഹം, സ്വത്ത് തർക്കം, കൊലപാതകം തുടങ്ങിയ സ്ഥിരം സ്വഭാവങ്ങൾ ആയതിനാൽ മസ്തിഷ്ക്കത്തെ മയക്കുന്ന കറുപ്പിനേക്കാൾ വലിയ കേടുപാടുകൾ തലച്ചോറിൽ ഉണ്ടാക്കുന്നു... അതിനോടൊപ്പം തന്നെ സീരിയലുകളോടുള്ള ആസക്തിയും, അടിമത്വവും വർദ്ധിപ്പിക്കുന്നു .....!! കലാ- കായിക രാഷ്ട്രീയ- സാമൂഹിക- കുടുംബ- വാർത്താ പരിപാടികളിൽ സീരിയൽ അടിമകൾ യാതൊരു താൽപ്പര്യവും കാട്ടാറില്ല... സമാന വിഷയങ്ങളോട് ഇക്കൂട്ടർക്ക് ജീവിതത്തിലും  വലിയ പ്രാധാന്യമില്ല!! തലച്ചോറിലാകെ പടർന്നുപിടിച്ച സീരിയൽ കഥകളും,, കഥാപാത്രങ്ങളുടെ കുടില ചിന്താഗതികളും മാത്രം.....

     സീരിയലിൽ കണ്ട കഥാപാത്രങ്ങളിൽ നിന്നും സ്വാംശീകരിക്കുന്ന അറിവ് ഓരോ വിഷയത്തെക്കുറിച്ചുമുള്ള ധാരണകളായി രൂപാന്തരപ്പെടുന്നു.... അത്തരം ധാരണകളെ മുൻനിർത്തി കുടുംബ വിഷയങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങളെ സമീപിക്കുമ്പോൾ വ്യക്തികൾ തമ്മിലുള്ള ബന്ധങ്ങളിൽ വിടവും ശത്രുതയും രൂപം കൊള്ളുന്നു... സീരിയലുകളിൽ നിന്നും ഉള്ളിൽ കടന്നുകൂടിയ വിഷമാണ് തങ്ങളെ ഈ വിധം സംസാരിക്കുകയും, പ്രവർത്തിപ്പിക്കുകയും ചെയ്യുന്നതെന്ന തിരിച്ചറിവില്ലാതെ ഇക്കൂട്ടർ സ്വയം ശത്രു കഥാപാത്രങ്ങൾ ആകുന്നു... ഒപ്പം ബുദ്ധിയും കാര്യപ്രാപ്ത്തിയും പ്രകടിപ്പിച്ച ചാരിതാർഥ്യത്തോടെ ജീവിക്കുകയും ചെയ്യുന്നു... ഈ ദൂഷ്യം സ്ത്രീ- പുരുഷ ഭേദമെന്യേ കാണാൻ കഴിയുന്നു.... 'കണ്ണീർ സീരിയലുകൾ സ്ത്രീകൾക്ക്' എന്നതിൽ നിന്നും മാറി പുരുഷ ആസ്വാദകരുടെയും എണ്ണം വർദ്ധിച്ചിരിക്കുന്നു എന്നത് സാമൂഹികമായ ഒരു മൂല്യച്യുതി പടർന്നു പിടിച്ചിരിക്കുന്നു എന്നേ കാണാൻ കഴിയൂ...  അവിഹിതം, കലഹം, ജാരസന്തതി, കുതുകാൽ വെട്ട്, വഞ്ചന, അമ്മായിഅമ്മ- മരുമകൾ കലഹം, സ്വത്ത് തർക്കം, കൊലപാതകം എന്നിവ എല്ലാദിവസ്സേവും മൂന്നോ നാലോ മണിക്കൂർ കണ്ട് ആസ്വദിക്കാൻ കഴിയുന്നു എന്നത് തന്നെ ഒരു തരം മാനസ്സിക രോഗമല്ലേ??

     സീരിയൽ കണ്ടുകൊണ്ടിരിക്കുന്ന വേളയിൽ ഒരു അഥിതി ആ വീട്ടിലേക്ക് കടന്നുവന്നാൽ അയാൾ പിന്നീട് ഒരിക്കലും അങ്ങോട്ടു വരില്ല... വന്ന ആളെ ഒന്നു പരിഗണിക്കാനോ, സംസ്സാരിക്കാനോ പോലും വീട്ടമ്മമാർ തയ്യാറാകില്ല... അവരുടെ ശ്രദ്ധ സീരിയലിലാണ്... അതിഥിയോട് അവശ്യം സംസാരിക്കേണ്ടിയിരുന്ന പലതും സംസാരിക്കാതെ പോകുന്നു.. തന്നെ ഒഴിവാക്കാൻ ഇവർ വെമ്പുന്നോ എന്ന തോന്നൽ ആ അഥിതിയിൽ ഉണ്ടായാൽ അത് ബന്ധങ്ങളിലും പ്രതിഫലിക്കും എന്ന് എടുത്തു പറയേണ്ട ആവശ്യമില്ലല്ലോ?? 

     വൈകിട്ട് അഞ്ചു മുതൽ പത്തുമണി വരെ സീരിയലുകൾക്കായി മാറ്റി വെയ്ക്കുന്ന വീട്ടമ്മമാർ തങ്ങളുടെ ഉത്തരവാദിത്വങ്ങളിൽ നിന്നും മാറിനിൽക്കുകയാണെന്ന് പറയേണ്ടിവരും.. പലവീടുകളിലും ഗൃഹനാഥൻ വൈകിട്ട് എത്തിയാൽ പല ആവർത്തി ആവശ്യപ്പെടാതെ ഒരു ചായ കിട്ടില്ല... കാരണം ഒരു പരസ്യത്തിന്റെ ഇടവേള ലഭിക്കാതെ വീട്ടമ്മക്ക് സമയമില്ല... രണ്ടു ചാനലിലെ സീരിയലുകൾ മാറിമാറികാണുന്ന ഒരുവളാണെങ്കിൽ പറയുകയും വേണ്ട.... ആവശ്യം കഠിനമാകുമ്പോൾ പ്രാക്കോടുകൂടി ഒരു ചായ ഗൃഹനാഥന് ലഭിക്കുന്നു... സീരിയലിന് അടിമപ്പെടാത്ത വീട്ടമ്മ "ചായ എടുക്കട്ടേ" എന്ന് ചോദിച്ചുകൊണ്ട് ചായ കൊടുക്കുന്നു... ചായ കുടിക്കുന്നതിനൊപ്പം ഒരുപാടു വിശേഷങ്ങൾ അവർ പങ്കുവെയ്ക്കുന്നു... സീരിയൽ അടിമ ഒരു ചായ എടുത്തുവെച്ചിട്ട് അടുത്ത സീൻ എന്തായി എന്നറിയാൻ ടി വി യുടെ അടുത്തേക്ക് ഓടുന്നു..  കുടുംബജീവിതത്തിൽ,, 'ആവശ്യപ്പെട്ട് പ്രാക്കോടുകൂടി കിട്ടുന്ന ചായയും ആവശ്യമറിഞ്ഞു കൊടുക്കുന്ന ചായയും തമ്മിൽ വ്യത്യാസ്സപെട്ടിരിക്കുന്നു'... സീരിയൽ അടിമകൾ തങ്ങളുടെ മനസ്സിൽ താൽപ്പര്യപ്പെടാതെ തന്നെ കുടുംബം ശിഥിലമാകുന്നതിന് കാരണക്കാരാകുന്നു....

     പ്രായഭേദമെന്യേ പുരുഷന്മാരുടെ മദ്യപാനത്തിന് സീരിയലുകളും, സ്ത്രീകളുടെ സീരിയൽ ആസക്തിയും കാരണമാകുന്നുണ്ട്... വൈകുന്നേരങ്ങളിൽ പല കുടുംബങ്ങളിലെയും പുരുഷന്മാർക്ക് ഏകാന്തതയും, ബോറടിയുമാണ്... അവർ വൈകുന്നേരങ്ങളിൽ പുറത്തുള്ള ചങ്ങാത്തങ്ങളെ ഇഷ്ട്ടപ്പെടാൻ ഇത് കാരണമാകുന്നു... പിന്നീട് പുറത്തുള്ള ഈ ചങ്ങാത്തങ്ങൾ ശീലങ്ങളാകുന്നു... പിന്നീട് ഭാര്യയോ, അമ്മയോ സീരിയൽ കാണുകയാണോ അല്ലയോ എന്നുപോലും തെരക്കാൻ അവർ മുതിരില്ല... വൈകുന്നേരങ്ങളിലെ കൂട്ടുകാരെ താൻ കണ്ടെത്തിയതെന്തുകൊണ്ടെന്ന് അയാൾപ്പോലും മറന്നു പോകും!! ചിലപ്പോൾ തിരിച്ചറിയാതെയും പോകും... വൈകുന്നേരങ്ങളിലെ തന്റെ ആഘോഷം മദ്യവും,, വീട്ടിലെ സ്ത്രീകളുടെ ആഘോഷം സീരിയലുമായി നിജപ്പെടുന്നു... രണ്ടിലേയും പരിണിതഫലങ്ങൾ ആ കുടുംബം ഒന്നാകെ അനുഭവിക്കുന്നു... ഈപ്പറഞ്ഞത് പുരുഷന്മാർ മദ്യപാനികളാകുന്നതിന്റെ ന്യായീകരണമല്ല... എല്ലാ പുരുഷന്മാരും മദ്യപാനികളാകുന്നതിന്റെ കാരണവുമല്ല... പക്ഷെ ഇങ്ങനെയും ഒരു കാരണമുണ്ടെന്ന് തിരിച്ചറിയണം... തന്റെ കുടുംബത്തിൽ അതുണ്ടാകില്ലെന്ന് ഉറപ്പിക്കുകയും വേണം....

     സീരിയലിന് അടിമകളായവരിൽ സിംഹഭാഗവും സ്ത്രീകളാണെന്നതിൽ സംശയമില്ല... അവരിൽ ഒട്ടുമിക്കവരും അമ്മമാരാണ്... തന്റെ കുട്ടികൾ പകൽ എന്തൊക്കെ ചെയ്തു, അവർക്ക് എന്തൊക്കെ അനുഭവങ്ങളുണ്ടായി, എന്നൊന്നും ചോദിച്ചറിയാൻ ഈ അമ്മമാർക്ക് സമയമില്ല... കുട്ടികൾക്കുണ്ടാകുന്ന ചൂഷണവാർത്തകൾ കൊണ്ട് പത്രങ്ങൾ നിറയുന്നു... എങ്കിലും സീരിയലിലെ നായികയുടെ കുഞ്ഞിന്റെ ക്ലേശങ്ങളിലാണ് അവർക്ക് ആകുലത.. ഒരു കുട്ടിക്ക് ദിവസത്തിൽ എപ്പോളെങ്കിലും ഉണ്ടായ ദുരവസ്ഥ, അബദ്ധം അല്ലെങ്കിൽ തെറ്റ് ഇതൊക്കെ അമ്മയുമായി പങ്കുവെയ്ക്കണമെന്ന് ആക്കുട്ടി ആഗ്രഹിക്കുന്നുണ്ടാകും.... പലപ്പോഴും, ജാള്യതയോടെയോ, കുറ്റബോധത്തോടെയോ, ഭയത്തോടെയോ ആയിരിക്കും അവർ അതു തന്റെ അമ്മയുടെ മുന്നിൽ അവതരിപ്പിക്കുന്നത്... പക്ഷെ അതിന് സമാധാനമായി അമ്മയെ കിട്ടണം... ഒരു ദിവസത്തിന്റെ അവസ്സാന സമയങ്ങളിൽ നിരന്തരമായ സമ്പർക്കങ്ങളിൽക്കൂടി ശാന്തവും, സംഘർഷരഹിതവുമായ കുറച്ചു സമയം അതിനായി ലഭിക്കണം.... അതിന് സീരിയലുകൾ തടസ്സമാണെന്നതിൽ സംശയമില്ല... രക്ഷിതാക്കളുടെ സമയോചിതമായ ഇടപെടലുകളിൽ മുളയിലേ പരിഹരിക്കാമായിരുന്ന എത്രയോ വലിയ സംഭവങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്... ഒരു സീരിയൽ തീർന്നാൽ മൂന്നുമാസങ്ങൾക്ക് ഇപ്പുറത്തേക്ക് ആരുംതന്നെ അതിന്റെ കഥയോ കഥാപാത്രങ്ങളോ ഓർത്തിരിക്കുന്നില്ല... അത്രമാത്രം നിസ്സാരമായ ഒന്ന് നമ്മുടെ കുടുംബംതന്നെ ശിഥിലമാക്കാൻ കാരണമാകുന്നു എന്നത് ഒരിക്കലും അനുവദിക്കരുത്.... 

      ഞാൻ കണ്ട സൂരജ് എന്ന കുട്ടി ഒരു പ്രതീകമാണ്... തിങ്കൾ മുതൽ വെള്ളിവരെയുള്ള ദിവസ്സങ്ങളിൽ അവനെ അവന്റെ അമ്മ പത്തുമണിവരെ വിളിക്കില്ല എന്നത് അവന്റെ വിശ്വാസമാണ്.. കാരണം സീരിയലാണ്... എന്നാൽ ശനിയും ഞായറും എട്ടുമണിക്കു മുൻപേ അവനെ വിളിക്കും... കാരണം അമ്മകാണുന്ന സീരിയലുകൾ അന്നില്ല... 'സ്വസ്ഥമായി സീരിയൽ കാണുന്നതിനായി ആ അമ്മ അവന്റെ ശല്യം പത്തുമണിവരെ ഉണ്ടാകാതിരുന്നെങ്കിൽ നന്നായിരുന്നു' എന്നു ചിന്തിക്കുമെന്നു കരുതാൻ എനിക്ക് കഴിയുന്നില്ല... അതോ അവർ സീരിയൽ ദിവസ്സങ്ങളിൽ തന്റെ മകനെ മറന്നു പോകുന്നോ?? കാരണം എന്തായാലും ഇരുപത്തിയഞ്ചു വയസ്സിൽതാഴെ മാത്രം പ്രായമുള്ള അവന് എന്തും ചെയ്യാനുള്ള ലൈസൻസ് ആണ് രാത്രി പത്തുമണി വരെയുള്ള സമയം.... 

     സൂരജ് മദ്യപിക്കാൻ കാട്ടിയ ധൈര്യം പോലും പത്തുമണിവരെ അവനെ ആരും അന്വേഷിക്കില്ല എന്ന വിശ്വാസ്സമാണ്‌... അത് ഇന്നവനെ പോലീസിന്റെ പിടിയിൽ എത്തിച്ചു... അത് അപകടത്തിലേക്കോ, മോശം കൂട്ടുകെട്ടിലേക്കോ, തിന്മനിറഞ്ഞ പ്രവർത്തിയിലേക്കോ അവനെ കൊണ്ടുചെന്നെത്തിക്കാം... അതുവഴി ഒരിക്കലും തിരിച്ചുപിടിക്കാൻ കഴിയാത്ത ഒരു ശാപയുവത്വമായി അവൻ മാറിയെന്നും വരാം... തന്റെ സീരിയൽ ഭ്രാന്ത് മാറ്റിവച്ച് ആ അമ്മ തന്റെ മകന്റെ കാര്യങ്ങളിൽ ശ്രദ്ധിച്ചാൽ ഒരു പക്ഷെ അവൻ ഏഴു മണിക്കകം വീട്ടിൽ എത്തും... അതുവഴി അഴുക്കുനിറഞ്ഞ ഒരുപാടു വഴികൾ അവന്റെ മുന്നിൽ അടക്കപ്പെടുകയും ചെയ്യും... കുത്തഴിഞ്ഞ ജീവിതം ശീലമായാൽ തിരിച്ചു പിടിക്കാനും കഴിയില്ല... അന്നും എല്ലാവരും സൂരജ്‌ജിനെ മാത്രമേ കുറ്റപ്പെടുത്തൂ... 

    ഒന്നിനോടും അടിമപ്പെടുക എന്നത് ആശാസ്യമല്ല... അത് മനുഷ്യന്റെ അപചയത്തിന്റെ കാരണമാണ്... മദ്യത്തിന്റെയും, മയക്കുമരുന്നിന്റെയും പരിണിതഫലം മറ്റെന്തുണ്ടാക്കിയാലും അതിനെതിരെയും ബോധവൽക്കരണം ഉണ്ടാകണം...  സീരിയലുകൾ നിയമം മൂലം നിയന്ത്രിക്കുക പ്രായോഗികമാണെന്ന് തോന്നുന്നില്ല... തിരിച്ചറിവോടെയും, വിവേകത്തോടെയും പ്രവർത്തിക്കുകയാണ് അഭികാമ്യം... അതിനായി ബോധവൽക്കരപരിപാടികൾ സംഘടിപ്പിക്കുവാൻസാമൂഹിക സംഘടനകൾ മുന്നോട്ടുവരണം 

[Rajesh Puliyanethu
 Advocate, Haripad]