Friday 5 June 2015

സമ്പന്നതയിലേക്കുള്ള യാത്രയുടെ തുടക്കമാകണം ദാരിദ്യം!!!!

        
       കുറച്ചു ദിവസ്സങ്ങൽക്കു മുൻപ് ഒരു യാത്രയിൽ കണ്ട കാഴ്ചയാണ് ഈ എഴുത്തിന് കാരണമായത്‌..സമകാലീന സാമൂഹിക ചിന്താഗതിയെ ബന്ധപ്പെടുത്തുന്നത് എന്ന് എടുത്തു പറയേണ്ടുന്ന ഒന്ന്.. 


       ഹരിപ്പാട്‌ നിന്നും കായംകുളം- കൃഷ്ണപുരം- പാവുമ്പ വഴി ഒരു യാത്ര ആവശ്യമായി വന്നു... സ്ഥലത്തിന്റെ പ്രാധാന്യമല്ല പ്രസക്തം... മറിച്ച് ഞാൻ അവിടെ കണ്ട ഒരു കാഴ്ചയാണ്... പാവുമ്പ ക്ഷേത്രത്തിനു പടിഞ്ഞാറു വശത്തായി പ്രധാന റോഡിലെ പാലം തകർന്നു കിടക്കുന്നു... പാലത്തിനു വളരെ താഴെയായി പുഴയിലെ ജലനിരപ്പിന് അൽപ്പം മാത്രം ഉയരത്തിൽ  ഗ്രാവൽ നിറച്ച് സമാന്തരമായി മറ്റൊരു വഴി രൂപപ്പെടുത്തിയിരിക്കുന്നു...



       ഞാൻ വാഹനത്തിൽ അവിടെ എത്തുമ്പോൾ ഏകദേശം പത്തു വാഹനങ്ങൾക്ക് പിന്നിലായാണ് സ്ഥാനം ലഭിച്ചത്.. രാവിലെ ഉണ്ടായ മഴയിൽ പാലത്തിനു സമാന്തരമായി ഉണ്ടാക്കിയിരിക്കുന്ന ഗ്രാവൽ പാതയിൽ മെരുക്കാൻ കഴിയാത്ത വഴുക്കൽ രൂപപ്പെട്ടിരിക്കുന്നു... സാധാരണ വാഹനങ്ങൾക്ക് ആ വഴുക്കലിനെ തരണം ചെയ്ത് അക്കരെ എത്തുക അസാദ്ധ്യമായിരുന്നു... വഴുക്കലിലേക്ക് വാഹനമിറക്കി ചക്രങ്ങൾ മാത്രം കറക്കി പരാജയപ്പെട്ട് തിരികെ Q വിൽ സ്ഥാനം പിടിച്ചിരിക്കുന്നവരാണ് മുൻനിരയിലെ രണ്ടു വാഹനങ്ങൾ.... 



       ഈ വാഹനനിരയിൽ മുൻപിൽ നിന്നും നാലാമതായി നിന്നിരുന്നത് ടൊയോട്ട ലാൻഡ്‌ ക്രുയിസ്സർ ഇനത്തിൽപ്പെട്ട ഒരു വാഹനമായിരുന്നു... പരാജിതർ തിരികെ കയറി നിൽക്കുന്നത് താൽക്കാലിക പാതയുടെ മുഖമടഞ്ഞ് ആയിരുന്നു... ആ ലാൻഡ്‌ ക്രുയിസ്സർ യാത്രക്കാരൻ വാഹനത്തിൽ നിന്നിറങ്ങി വാഹനനിരയിൽ മുന്പിലേക്കുചെന്ന്, മുൻപിൽ നിൽക്കുന്ന മാരുതിക്കാർ യാത്രികനോട് വാഹനം അല്പ്പം ഒതുക്കിത്തരണമെന്ന് ആവശ്യപ്പെട്ടു... പക്ഷെ വാഹനക്കാരൻ ആ അപേക്ഷ കേട്ടഭാവം പോലും നടിച്ചില്ല... ഏതാനും മിനിട്ടുകൾക്ക് ശേഷം അയാൾ തന്റെ അപേക്ഷ ആവർത്തിച്ചു... തികഞ്ഞ അസ്വസ്ഥഭാവവും, രോഷവും പ്രകടിപ്പിച്ചുകൊണ്ട് മാരുതിയിലെ ഡ്രൈവർ "ഇവിടെ നടക്കുന്നതൊന്നും തനിക്ക് കാണാൻ വയ്യേ" എന്ന് ചോദിച്ചു... നിങ്ങൾ ഒരല്പ്പം ഒതുക്കിത്തന്നാൽ മതി; ഞാൻ പൊയ്ക്കോളാം... എന്ന മട്ടായി ലാൻഡ്‌ ക്രുയിസ്സർ യാത്രക്കാരന്... പക്ഷെ കേട്ട ഭാവം നടിക്കുന്നതിനോ, അനുഭാവ സമീപനം സ്വീകരിക്കുന്നതിനൊ മാരുതി യാത്രക്കാരൻ തയ്യാറായില്ല... അത്ഭുതകരവും, നിന്ദ്യവുമായ അവസ്ഥ എന്നത്;; ആ നിരയിൽ നിന്ന യാത്രക്കാരെല്ലാം തന്നെ മാരുതി യാത്രക്കാരനെ പിന്തുണക്കുന്ന നിലപാടാണ് സ്വീകരിച്ചത് എന്നാണ്...



       എന്താണ് ആ മാരുതി ഉടമ ചിന്തിക്കുന്നത്..?? തനിക്ക് സാദ്ധ്യമാകാത്ത ഒരു സൌകര്യം മറ്റാർക്കും ലഭിക്കരുതെന്ന മനോഭാവമോ?? താരതമ്യേന വില കുറഞ്ഞ തന്റെ വാഹനത്തിന് കഴിയാത്തത് വിലകൂടിയ മറ്റൊരു വാഹനത്തിന്റെ ഉടമക്ക് കഴിയരുത്‌ എന്നതോ?? താൻ പ്രയത്നിച്ചു പരാജയപ്പെട്ടിടത്ത് മറ്റൊരുവാൻ വിജയം നേടുന്നതിലുള്ള അപഹർഷതയോ?? വളരെയേറെ വില കൂടിയ ഒരു വാഹനത്തിന്റെ ഉടമയോടുള്ള അസൂയയോ?? 



       ആ മാരുതി ഉടമയെ പിന്തുണച്ചവരുടെ മാനസ്സികനില എന്തായിരിക്കും?? ഒരു പരാജിതന്റെ മാനസ്സിക അവസ്ഥയോന്നും അവർക്കില്ല... സമ്പത്തും സൌകര്യവും ഉള്ളവനോട് സമൂഹം ആകമാനം വളർത്തിക്കൊണ്ടുവന്ന നിലപാടിന്റെ ബ്രഹിസ്സ്പ്പുരണമാണ് അവിടെ സംഭവിച്ചത്... സമൂഹത്തിൽ അത്തരം നിലപാടുകൾ തങ്ങളുടെ നേട്ടങ്ങൾക്കുവേണ്ടി രാഷ്ട്രീയ കക്ഷികൾ സൃഷ്ട്ടിച്ചു വളർത്തിയതാണെന്നു കൂടി ചേർത്തു പറയേണ്ടി വരും.. നിസ്സംശയം പറയാം; ആ ടൊയോട്ട ലാൻഡ്‌ ക്രുയിസ്സർ യാത്രക്കാരൻ ഒരു വിദേശി ആയിരുന്നെങ്കിൽ തീർച്ചയായും ആ മാരുതി യാത്രക്കാരാൻ വഴിമാറി നല്കിയേനേം..!! ഇവിടുത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഭാരതീയരായ സമ്പന്നരോടു മാത്രം വിദ്വേഷവും വിരോധവും പുലർത്താനാണ് ഇവിടുത്തെ സമൂഹത്തെ പഠിപ്പിച്ചിട്ടുള്ളത്‌... വിദേശികളോട് അല്ല!! അപ്രകാരം വളർത്തിക്കൊണ്ടുവന്ന സാമൂഹികനിലയെ വേണ്ടതുപോലെ രാഷ്ട്രീയ കക്ഷികൾ ഉപയോഗിക്കുന്നു എന്നുള്ളതാണ് വസ്തുത... ജനമനസ്സിൽ വളർന്നു നിൽക്കുന്ന മാനസ്സിക നിലക്ക് അനുസൃതമായി വിഷയങ്ങളെ അവതരിപ്പിച്ച് വ്യാഖ്യാനിക്കുന്നതുകൊണ്ട് തങ്ങളുടെ നിലപാടുകൾക്ക് അന്ധമായ പൊതുജനപിന്തുണ ആർജ്ജിക്കുന്നതിനും രാഷ്ട്രീയ പാർട്ടികൾക്ക് സാധിക്കുന്നു...



       മുൻപ് വിവരിച്ച സംഭവം നിസ്സാരമെങ്കിലും, അതിനു പിന്നിലുള്ള മാനസ്സിക നിലയ്ക്ക് രാഷ്ട്രീയവും സാമൂഹീകവുമായ സ്വാധീനങ്ങളുണ്ട്... ചൂഷണം ചെയ്യുന്നവനെയും- ചെയ്യപ്പെടുന്നവനെയും, ജന്മിയും- അടിയാനെയും,  മുതലാളിയെയും- തൊഴിലാളിയും ഒക്കെ ചൂണ്ടിക്കാട്ടി സമ്പത്ത് ആർജ്ജിച്ചവൻ പാപിയാണ് എന്ന് പരക്കെ ചിന്തിക്കാൻ പഠിപ്പിച്ച്, തങ്ങൾ ചൂണ്ടിക്കാണിക്കുന്ന ഏതൊരുവനു നേരെയും വാളെടുക്കാൻ തയ്യാറായ ഒരു ജനതയെ സജ്ജമാക്കി നിർത്തുന്നതിന് വേണ്ടിയാണ് രാഷ്ട്രീയ പ്രസ്ഥാനങ്ങൾ മുൻകാലങ്ങളിൽ ശ്രമിച്ചിട്ടുള്ളത്... മുതലാളിത്തത്തിന്റെ ലേബൽ പതിച്ചുകിട്ടിയ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക്‌ സമ്പന്നതയെ പരസ്യമായി പിന്തുണയ്ക്കുന്നതിന് സാധ്യമല്ലാതെ വന്നു... അവർക്ക് വസ്തുതകളെ തരംതിരിച്ച് ചിന്തിപ്പിക്കുന്നതിനുള്ള ശേഷി പൊതുജനത്തിന് പകർന്നു നൽകുന്നതിനുള്ള ശേഷിയും ധൈര്യവും ഇല്ലാതെ പോയി... സമ്പത്ത് ആർജ്ജിച്ചവൻ പാപിയും ഹീനനും അല്ലെന്നും, സമ്പത്ത് ആർജ്ജിച്ച മാർഗ്ഗത്തിൽ ഹീനമായത് എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോ എന്നും,, സമ്പത്തിന്റെ മറവിൽ രാജ്യതാൽപ്പര്യത്തിന് എതിരായോ, നിയമ വിരുദ്ധമായോ, എന്തെങ്കിലും ചെയ്യുന്നുണ്ടോ എന്നും, തങ്ങൾ ചൂഷണത്തിന് വിധേയരാകുന്നുണ്ടോ എന്നും പരിശോധിക്കാനുള്ള സൂഷ്മമായ ബുദ്ധിയാണ് തങ്ങൾക്ക് ഉണ്ടാകേണ്ടതെന്നുമുള്ള തിരിച്ചറിവ് ഇവിടെ പലർക്കും ലഭികാതെ പോയി... സമ്പത്ത് ആർജ്ജിക്കാൻ പഠിപ്പിക്കാതെയും, അതിനുള്ള വഴികൾ ഉപദേശിക്കാതെയും, ഇവിടുത്തെ സാധാരണക്കാരനെ പ്രതിനിധീകരിക്കുന്നു എന്ന് സ്വയം പ്രഖ്യാപിച്ച വിവിധങ്ങളായ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ തങ്ങളുടെ ആവശ്യങ്ങൾക്ക് വേണ്ടി പോരാടാനുള്ള ആയുധങ്ങളാക്കി ഇവിടുത്തെ ദരിദ്രവിഭാഗത്തെ സജ്ജരാക്കി നിർത്തി... സമ്പത്ത് തങ്ങൾക്കും ആർജ്ജിക്കാനുള്ളതാണെന്ന വിജ്ഞാനം നൽകാതെ സമ്പന്നരെ ശത്രു ചേരിയിൽ നിരന്തരം ചൂണ്ടിക്കാട്ടി നൽകിക്കൊണ്ടിരുന്നു... ഇല്ലായ്മയെ മുതലെടുത്ത്‌ നേട്ടങ്ങൾ കൊയ്യാൻ രാഷ്ട്രീയ പാർട്ടികൾ കണ്ട അടവായിരുന്നു അതെന്ന് ഇവിടുത്തെ ജനത തിരിച്ചറിയാതെയും പോയി...   



       സമ്പന്നത ആർജ്ജിക്കാൻ വിദ്യാഭ്യാസ്സവും, ബുദ്ധിയും, പ്രായോഗിക ജ്ഞാനവും, ധൈര്യവും ഒക്കെക്കൊണ്ട്‌ സാധിക്കുമെന്നല്ല,, മറിച്ച് സമ്പന്നരെ നിരന്തരം പരാജയപ്പെടുത്തണമെന്നാണ് ഇവിടുത്തെ പ്രസ്ഥാനങ്ങൾ ബോധവൽക്കരിച്ചത്... സമ്പത്ത് ആർജ്ജിക്കാൻ ആവശ്യമായ ഉപകരണങ്ങളായ വിദ്യാഭ്യാസ്സവും, ബുദ്ധിയും, പ്രായോഗിക ജ്ഞാനവും, ധൈര്യവും പൊതുജനങ്ങൾക്കിടയിൽ വിതരണം ചെയ്യുന്നതിന് അവർ മന:പൂർവ്വം വിമുഖതയും കാട്ടി... അപ്രകാരം കെട്ടിപ്പൊക്കിയ മാനസ്സിക അവസ്ഥയിൽ നിൽക്കുന്നവരാണ് തന്റെ വാഹനം കടന്നു പോകാത്ത വഴിയിൽക്കൂടി; സാധ്യമാണെങ്കിലും ഒരു വിലകൂടിയ വാഹനം കടന്നു പോകണ്ട എന്ന് ശഠിക്കുന്നത്... അത് സമൂഹത്തിൽ ശക്തമായി വ്യാപിച്ചിരിക്കുന്നതിനാലാണ് വഴികൊടുക്കാൻ തയ്യാറാകാത്ത മാരുതി യാത്രക്കാരന് പിന്തുണ ലഭിച്ചത്... 


      സമ്പന്നതയുടെ പ്രതീകങ്ങൾ എന്ന് ലേബൽ പതിച്ച് രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കേണ്ട എന്തിനെല്ലാം നമ്മൾ വിലങ്ങായി നിന്നു!? ദരിദ്ര വിഭാഗത്തെ സമ്പന്നതയിലേക്ക് നടന്നടുക്കാൻ അനുവദിക്കാതെ 'ദരിദ്രർ' എന്ന തൂണിൽ സ്ഥിരമായി ബന്ധിച്ചതാര്??  ഒരു വിദേശ വ്യവസ്സായിയോട് ഇല്ലാത്ത വിരോധം എന്തിന് ഒരു ഭാരത വ്യവസ്സായിയോട് വെച്ചുപുലർത്തുന്നു?? അപ്രകാരം ഒരു ചിന്ത നമ്മളിൽ കുത്തിനിറയ്ക്കുന്നവരുടെ ഉദ്ദേശശുദ്ധി എന്ത്?? 


       മുതലാളി അവന്റെ ലാഭം തൊഴിലാളികൾക്ക് ഇടയിൽ വിതരണം ചെയ്യുന്നതിലെ "മൂലധന" ശാസ്ത്രപ്രകാരം ഇവിടെ സങ്കര്ഷങ്ങൾ ഉണ്ടാകുന്നില്ല... ചൂഷണത്തിന്റെയോ, തൊഴിൽ സൌകാര്യങ്ങളുടെയോ പേരിൽ ഇവിടെ സങ്കര്ഷങ്ങൾ ഉണ്ടാകുന്നില്ല... തൊഴിൽ അവകാശങ്ങളുടെ പേരിൽ  ഇവിടെ സങ്കര്ഷങ്ങൾ ഉണ്ടാകുന്നില്ല... പകരം അന്ധമായ ഒരു ശത്രുത പൊതുജനങ്ങൾക്കിടയിൽ സമ്പന്ന വർഗ്ഗത്തിനോടു നിലനിർത്തി, ആ വികാരത്തിന്റെ അടിസ്ഥാനത്തിലുള്ള മുതലെടുപ്പ് മാത്രമാണ് ഇവിടെ നടക്കുന്നത്... അതിന്റെ ലാഭം അളന്നു കൊണ്ടു പോകാൻ അവകാശികളുമുണ്ട്...


       സമ്പന്നത ആരുടെയും കുത്തകയല്ല.......
 നീ ദാരിദ്രനാണെന്നും, സമ്പന്നൻ നിന്റെ ശത്രു ആണെന്നും പറയുന്നവനോട് 'ഞാൻ ഇന്നു ദാരിദ്രനാണെന്നും, സമ്പന്നത എന്റെ ലക്ഷ്യമാണെന്നും പറയാനുള്ള തിരിച്ചറിവ് നമുക്ക് വേണം... സമ്പന്നനെ നശിപ്പിക്കാനല്ല എന്നെയും സമ്പന്നനാക്കാൻ നീ സഹായിക്കുകയാണ് വേണ്ടതെന്ന് പറയാനുള്ള ആർജ്ജവവും നമുക്കുണ്ടാകണം... വർഗ്ഗ സമരങ്ങൾ ദരിദ്ര വർഗ്ഗങ്ങളെ സംരക്ഷിക്കാനാണെന്ന് പറയപ്പെടുന്നു..  ദരിദ്ര വർഗ്ഗങ്ങളെ എന്നും ദരിദ്ര വർഗ്ഗങ്ങളായിത്തന്നെ സംരക്ഷിക്കാനാകരുത്... രാജ്യത്ത് ഒറ്റവർഗ്ഗം മതി എന്ന് ശഠിക്കുന്നവർ ആ വർഗ്ഗമായി ദരിദ്രവർഗ്ഗത്തെ തെരഞ്ഞെടുക്കരുത്.... അന്ധമായ വിരോധത്തിലും നല്ലത് ആർജ്ജിക്കാനുള്ള ആവേശമാണ്....

[Rajesh Puliyanethu
 Advocate, Haripad]  



[[[ഇടതുപക്ഷസൂര്യന് ചുവപ്പ് ചോർച്ചയോ?? ചെങ്കനലുകൾ വിളറുന്നുവോ?? ഒരു വർത്തമാനകാല വിചാരം....]]]