Friday 24 January 2014

രാഹുകാലം കഴിയുമ്പോൾ രാജ്യം ആർക്കൊപ്പം?? യുവരാജന്റെ നമ്പരുകൾ നാട്ടിൽ ചിരിക്കാലം!!


       മമ്മീ, മമ്മീ .....

       എന്താ മോനേ ??

       മമ്മീ; ഞാൻ ഇന്ന് അങ്കിളമ്മാരടെ ദർബാരിനു പോവാതെ കൂട്ടുകാരടെകൂടെ കറങ്ങാൻ പൊക്കോട്ടെ....

       വേണ്ട മോനേ, നീ ദർബാരിനു പോയാമതി...

       മമ്മീ; അങ്കിളമ്മാരു പറയുന്നതൊക്കെ എനിച്ചു ഭയങ്കര ബോറാ... ഞാൻ കൂട്ടുകാരുടെ കൂടെ കളിച്ചാൻ പോവ്വാ...

       എന്താ മോനേ നീ ഇങ്ങനെ!!?? നെനക്ക് അച്ഛനെപ്പോലേം, അമ്മൂമ്മേപ്പോലേം, വല്യപ്പൂപ്പനെപ്പോലേം ഒക്കെ വലിയ രാജാവാകണ്ടേ...

       എനിച്ച് രാജാവാകുന്നതൊക്കെ ഇഷ്ട്ടമാ....

       എന്നാപ്പിന്നെ മോൻ ഫ്രിഡ്ജിന്ന് ഒരു ഐസ് ക്രീം എടുത്തു കഴിച്ചിട്ട് ദർബാരിനു പോ...

       എന്നാ ശരി മാമ്മീ...

       പിന്നെ മോനേ, നീ ഐസ് ക്രീം മുഴുവൻ കഴിച്ചു വാകഴുകി തോടച്ചിട്ടെ ദർബ്ബാരിനു പോകാവൂ.. അല്ലെങ്കിൽ അങ്ങേ ദര്ബ്ബാറിലെ മാമന്മാര് പറേം; എന്റെ മോൻ കൊച്ചു കുഞ്ഞാ, മോനെക്കൊണ്ടു രാജാവാകാൻ കൊള്ളത്തില്ലെന്ന്...

       അതൊക്കെ അത്രേ ഒള്ളമ്മേ....

       പിന്നെ മോനേ നീ ദർബ്ബാരിൽ ചെന്ന് വലിയ ഗൌരവക്കാരനായി ഇരിക്കണം, കേട്ടോ.... പിന്നെ പണ്ഡിറ്റ്‌ അങ്കിള് ഇന്നലെ പറഞ്ഞു തന്നതല്ലാതെ വേറൊന്നും എന്റെമൊൻ പറയരുത് കേട്ടോ; മമ്മീടെ പൊന്നല്ലെ!! പിന്നെ പണ്ഡിറ്റ് അങ്കിൾ പറഞ്ഞു തന്നതെല്ലാം മോന്റെ സ്വന്തമായിട്ടെ പറയാവൂ...

       അതൊക്കെ ഞാൻ ഏറ്റു മമ്മീ.. പിന്നൊരു കാര്യം

       എന്താ മോനേ??

       അത്, അത്...

       എന്തായാലും പറഞ്ഞോ യുവ രാജാ..

       അത് ഞാൻ ഫ്രിഡ്ജിന്ന് ഒന്നല്ല; രണ്ട് ഐസ്ക്രീം എടുക്കും..

       ഓ! ശരി ശരി യുവരാജാ; നിന്നെക്കൊണ്ട് ഞാൻ തോറ്റു....

       മമ്മി എന്താ എന്നെ യുവരാജാന്ന് വിളിക്കുന്നത്‌??

       അത് മോനെ; നെനക്ക് രാജാവാകാനോള്ളതാണെന്നുള്ള തോന്നല് വളരാനാ.. പണ്ഡിറ്റ്‌ അങ്കിൾ പറഞ്ഞുതന്ന ഐഡിയയാ....

       ക്ഹ; ആവിളി എനിച്ചിഷ്ട്ട്ടപ്പെട്ടു മമ്മി.... ഞാൻ ഇനി മമ്മിയെ മമ്മി റാണിന്നെ വിളിക്കൂ.....

       ഒന്നു പോടാ; നിൻറെ ഒരു കാര്യം...

       കുറച്ചു സമയത്തിനകം ദർബാർ ആരംഭിച്ചു... മഹാരാജാവ് എന്തെങ്കിലും പറയും എന്ന് എല്ലാവരും കരുതി... പക്ഷെ അദ്ദേഹം ഒന്നും മിണ്ടിയില്ല.. എന്തെങ്കിലും ഒന്നു മിണ്ടിയിരുന്നെങ്കിലെന്ന് പലരും ആശിച്ചു..  അദ്ദേഹം പറയുന്നതെന്താണെന്ന് കേട്ട് നാട്ടിൽ പാട്ടാക്കാൻ നിന്ന പാണന്മാരും നിരാശരായി... ഗതികെട്ട് സൈന്യാധിപൻ മഹാരാജാവിന്റെ അടുത്തുചെന്നു പറഞ്ഞു.... അവിടുന്നെന്തെങ്കിലും പറഞ്ഞിരുന്നെങ്കിൽ??

       മഹാരാജാവ് കൈചൂണ്ടി അകലേക്ക്‌ കാട്ടി മൌനം തുടർന്നു... എല്ലാവർക്കും കാര്യം മനസ്സിലായത്‌ പോലെ; ആരും അദ്ദേഹത്തെ പിന്നീട് നിർബന്ധിച്ചില്ല...

       പലരും പലതും പറഞ്ഞു.. യുവരാജാവ് അതൊന്നും ശ്രദ്ദിക്കുന്നില്ല... തനിക്ക് പറയാനുള്ളത് പണ്ഡിറ്റ്‌ അങ്കിൾ എഴുതിത്തന്നിട്ടുണ്ട്... എന്തായാലും അത് പറയാനുള്ള സമയമായില്ലാ....

     അപ്പോഴാണ് കിണർ കുഴിച്ച് വെള്ളവും ചെളിയുമേടുക്കുന്നവകുപ്പിലെ മന്ത്രിക്കെതിരെ അഴിമതി ആരോപണമുണ്ടായത്...

      അതിന് എന്നെമാത്രം പറയണ്ടാ... മഹാരാജാവിനും അതിൽ പങ്കോണ്ടെന്നു മുണ്ട് ആരോപണം... ചെളി വകുപ്പ് മന്ത്രി തിരിച്ചടിച്ചു... അതോടെ ആ ആരോപണം അവസ്സാനിച്ചു...

       പിന്നീട് ഉയർന്നുവന്ന ആരോപണം അടുപ്പിലെരിക്കാനുള്ള വിറകിന്റെ വില വർധനവായിരുന്നു.. വിറകിന്റെ വിലനിർണ്ണയിക്കാനുള്ള അവകാശം വിറകുവെട്ടുകാർക്കുതന്നെ നൽകികൊണ്ടുള്ള ദർബാർ തീരുമാനത്തെ പലരും വിമർശിച്ചു... വിറകിന്റെ വിലനിർണ്ണയിക്കാനുള്ള അധികാരം മഹാരാജാവിന്റെ ദർബാർ തന്നെ ഏറ്റെടുക്കണമെന്ന് അഭിപ്രായം ഉയർന്നുവന്നു...

       വിറകിന്റെ വിലയെക്കുറിച്ചുള്ള ചർച്ചകൾകേട്ട് സഹികെട്ട മഹാരാജാവ് വാതുറന്നു; അദ്ദേഹം ഗർജ്ജിച്ചു...  വെറകിന്റെ വെല എനിയും കൂട്ടും... പണം കായ്ക്കുന്ന മരമൊന്നും വെട്ടിയല്ലല്ലൊ തീയെരിക്കുന്നത്!! പിന്നെന്താ?? എൻറെ അത്രയും കണക്ക് പഠിച്ചവരോന്നും ഇവിടില്ല; കേട്ടല്ലോ!! പിന്നെ ഇവിടുത്തെ കാര്യങ്ങളെല്ലാം ഞാൻ വെളുത്തരാജ്യത്തെ കറുത്ത രാജാവിനോട് കൂടി ആലോചിച്ചാ ചെയ്യുന്നേ... വലിയറാണിക്കും അതുതന്നാ താൽപ്പര്യം!!

       കാര്യങ്ങൾ ഇത്രയുമായപ്പോൾ പണ്ഡിറ്റ്‌ജി യുവരാജാവിനെ നോക്കി; അവസ്സരമായി എന്ന് മുന്നറിയിപ്പ് നൽകുന്നവിധം കണ്ണിറുക്കി..

       മനസ്സിലായി എന്ന ഭാവത്തിൽ യുവരാജാവ് എഴുനേറ്റു... ദർബാർ നിശബ്ദമായി..... അദ്ദേഹം തുടങ്ങി!! അഴിമതി ഞാൻ വെച്ചുപൊറുപ്പിക്കില്ല... ഈ ദർബ്ബാറിൽ അഴിമതിക്കാർക്ക് സ്ഥാനമില്ല.... പിന്നെ വെറകിന്റെ കാര്യം;; വെറകിന്റെ വില കൊറക്കണം!! അല്ലെങ്കിൽ ഞാൻ നേരിട്ടിറങ്ങി മരംവെട്ടിക്കീറി വെറകാക്കി ഈ രാജ്യത്തെ എല്ലാ പാവപ്പെട്ടവരുടെയും വീട്ടിൽ കൊണ്ടുചെന്നുകൊടുക്കും....

       ഗംഭീരമായി എന്ന നിലയിൽ പണ്ഡിറ്റ്‌ജി കണ്ണിറുക്കി... കൂടുതൽ പറഞ്ഞ് കൊളമാക്കണ്ട എന്ന അടയാളം കൂടിയാണിതെന്നു മനസ്സിലാക്കിയ യുവരാജാ തന്റെ ഇരിപ്പിടത്തിലേക്ക് ഒരോറ്റയിരുപ്പ് വെച്ചുകൊടുത്തു... ഈ ബോറ് പരിപാടികൾ ഇപ്പോഴെങ്ങും അവസ്സാനിക്കില്ലെ!? എന്ന മട്ടിൽ അദ്ദേഹം ഇരിപ്പിടത്തിൽ ഞെളിപിരി കൊണ്ടു...

       ദർബ്ബാരു കഴിഞ്ഞു... പാണന്മാർ ആവേശത്തോടെ പറഞ്ഞു നടന്നു... യുവരാജാവ് അഴിമതിക്കെതിരെ ശക്തമായ നിലപാടെടുത്തു... അഴിമതിയിൽ മനം മടുത്ത അദ്ദേഹം ഇരിപ്പിടത്തിൽപ്പോലും അസ്വസ്ഥനായിരുന്നു!! വിറകിന്റെ വിലവർധനവിലെ എതിർപ്പും അദ്ദേഹം പ്രകടമാക്കി!!
     
        യുവരാജാവിന്റെ കീഴിലെ യുവജനസമിതി നാട്ടിൽ ഉൽസ്സവമാക്കി; ഇതാണ് അടുത്ത മഹാരാജാ!! ജനങ്ങൾക്ക്‌ വേണ്ടി മഹാരാജാവിനെപ്പോലും എതിർത്തുനിന്ന വീരയോദ്ധാവ്... യുവരാജാ മഹാരാജാവാകുന്നതിലെ തങ്ങളുടെ പുളകം അവർ നാട്ടിലും വിതറി....

       മമ്മീ, മമ്മിറാണീ.....

       എന്താ യുവരാജ് ??

       എനിക്കീപ്പണി വയ്യ; എന്തൊരു ബോറാ... പണ്ഡിറ്റ് അങ്കിള് പറഞ്ഞു തന്നില്ലാരുന്നെങ്കിൽ; ഞാനാകെ ചമ്മിപ്പോയേനേം... മമ്മി ഒടപ്പെറന്നോളെ പ്പിടിച്ച് രാജ്ഞിയാക്ക്; അല്ലെ അളിയനോട് പറ...

       അതൊന്നും വേണ്ടാ,, എന്റെ മോൻതന്നെ രാജാവായാൽ മതി.. അളിയനായാൽ ശരിയാവത്തില്ല... അവന് ആക്രാന്തം കൂടുതലാ.. ഒറ്റയടിക്ക് നാടു മുഴുവനും അങ്ങ് വിഴുങ്ങണം...  പൊന്മുട്ടയിടുന്ന താറാവിനെ റോസ്റ്റ് ചെയ്തടിക്കാനാ അവനു താൽപ്പര്യം... പിന്നെ മൊറ അനുസ്സരിച്ച് ഇതെന്റെ പൊന്നുമോന്റെ രാജ്യമല്ലേ??

       മമ്മിയെന്താ രാജ്ഞി ആകാതെ നമ്മടെ കണക്കപ്പിള്ളയങ്കിളിനെ രാജാവാക്കിയെ??

       ഓ! മമ്മയെ അച്ഛൻ അങ്ങേരാജ്യത്തൂന്ന് കെട്ടിക്കൊണ്ടു വന്നതാണെന്ന് പറഞ്ഞ് പലർക്കും മുറുമുറുപ്പ്... എന്റെ മോനെ നാളെ രാജാവാക്കാൻ വേണ്ടിയാ മമ്മി മാറിനിന്ന് കണക്കപ്പിള്ളയെ രാജാവാക്കിയത്...

       എനിച്ചും രാജാവാകുന്നതൊക്കെ ഇഷ്ട്ടമാ മമ്മി; പക്ഷേ എനിച്ചതിനോള്ള ബുദ്ധി ഒന്നുമില്ലെന്നാ എല്ലാവരും പറയുന്നത്... ആൾക്കാരൊക്കെ എന്നെ കാണുമ്പോൾ മാറിനിന്നു ചിരിക്കുവാ.... ഒരു ദിവസ്സം ഞാൻ കുളത്തിന്റെ കരയിൽ നിന്നപ്പോൾ കൊറേ ആള്ക്കാര് കൊളത്തീന്നു താമരയും പറിച്ചോണ്ട് കേറിപോകുന്നത്‌ കണ്ടു... അവരെന്നെ നോക്കി കൊറേ കളിയാക്കി... ഞാൻ രാജാവാകാൻ ഉടുപ്പും തൈച്ചിരിക്കുവാന്ന് അതിലോരുത്തൻ പറഞ്ഞു... അവരുടെ ദാദ ഒരു താടിക്കാരൻ എന്നെ ഗോദായിൽ മലർത്തിയടിച്ച് അടുത്ത രാജാവാകുമെന്നും പറഞ്ഞു.. ഈനാടെന്താടാ നിന്റെ അച്ഛന്റെ വകയാണോന്നും ഒരാള് ചോദിച്ചു... ഈ രാജ്യം ശരിക്കും എൻറെ അച്ഛന്റെ അല്ലേ മമ്മാ??

       പിന്നല്ലാതെ.... ഇതു നിന്റെ വല്യപ്പൂപ്പന്റെ രാജ്യമായിരുന്നു,, പിന്നെ നിന്റെ അമ്മൂമ്മേടെയായി,, പിന്നെ നിന്റെ അച്ഛന്റെയായി,, പിന്നെ നിന്റെ അമ്മേടെയായി, അമ്മ കണക്കപ്പിള്ള അങ്കിളിനെ രാജാവാക്കി,, അടുത്തതെന്റെ മോനാ രാജാവാകണ്ടത്...

       അമ്മ പറഞ്ഞതാ ശരി; ആ താമരക്കച്ചവടക്കാർക്ക് ഒന്നുമറിയില്ല... ഞാൻ രാജാവാകട്ടെ; അവരെയെല്ലാം ചൂലിനടിക്കും...

       ഡാ,, നീ മേലാൽ ചൂലെന്ന വാക്കുപോലും പറഞ്ഞു പോയേക്കരുത്‌... ഇവിടെ നാട്ടുകാര് ചൂലെടുക്കുന്നത് നമുക്കുവേണ്ടിയാണെന്നാ പല പാണന്മാരും പറയുന്നത്...

       മമ്മീ എന്നെ മിടുക്കനാണെന്ന് പറേപ്പിക്കാനെന്താ ഒരു വഴി?? നമ്മുടെ പണ്ഡിറ്റ്‌ അങ്കിൾ പറഞ്ഞുതരുന്ന ഐഡിയ ഒന്നും ഏശുന്നില്ല... മമ്മി എനിക്ക് ഐഡിയ പറഞ്ഞു തരാൻ വേറെ ബുദ്ധിഉള്ള ആരേലും കൂടി വെച്ചുതരണം...

      ശരിമോനെ... പക്ഷെ പണ്ഡിറ്റ്‌ അങ്കിൾ പറഞ്ഞുതന്നതെന്താ പാളിപ്പോയത്??

       ഒന്നും പറയണ്ടാ മമ്മീ; പണ്ഡിറ്റ്‌ അങ്കിള് പറഞ്ഞു ഞാൻ ജനകീയനാകണമെന്ന്... ഞാൻ അതിനെന്തെല്ലാം ചെയ്തു!! രഥത്തിൽ പോയപ്പോൾ കണ്ട ചായക്കടയിൽ ചാടിക്കയറി... കെട്ടിടം പണി നടക്കുന്നവരുടെ കൂടെ കല്ലു ചുമക്കാൻ പോയി... പപ്പടം ചുട്ടു വെച്ചിരിക്കുന്നത് കണ്ടപ്പം അവിടെച്ചാടിക്കേരി നാലെണ്ണം തിന്നു... പാടത്ത് പണിക്കുവരുന്ന ചിരുതേടെ വീട്ടിപ്പോയി പഴങ്കഞ്ഞി കുടിച്ചു;; അത് ചിരുതക്ക് പാടത്തുനിന്നു വന്നിട്ട് കഴിക്കാൻ വെച്ചിരുന്ന കഞ്ഞിയാരുന്നു; അത് ഞാനെടുത്തു കുടിച്ചു ചിരുത പട്ടിണിയായിപ്പോയി എന്ന് പലരും പറഞ്ഞു കളിയാക്കി... ഞാൻ കാണിച്ചുകൂട്ടിയതെല്ലാം പൊളിഞ്ഞു... മണ്ടനാണെന്നുള്ള പേരും കിട്ടി..  അതാ മമ്മിയോടു പറഞ്ഞത് ബുദ്ധിയുള്ള ഒരാളെ ഐഡിയ പറഞ്ഞുതരാൻ നിയമിക്കാൻ..

       യുവരാജ്.. പണ്ഡിറ്റ്‌ അങ്കിൾ നീ ജനകീയനാകണമെന്നല്ലേ പറഞ്ഞുള്ളൂ... അതിനൊള്ള വഴികൾ നീയല്ലേ കണ്ടു പിടിച്ചത്... നിനക്ക് തീറ്റിയുമായി ബന്ധപ്പെട്ട് ജനകീയനാകാനേ അറിയത്തോള്ളോ??

       എന്റെ സമയദൊഷമാ മമ്മേ... അല്ലേപ്പിന്നെ ഞാൻ നമ്മുടെ നാട്ടുരാജ്യത്ത് പോയപ്പോൾ അവിടുത്തെ ഭടന്മാരുടെ രഥത്തിന്റെ മുകളിൽകയറി എന്നും പറഞ്ഞ് എന്തൊരു പുകിലാരുന്നു...  ഞാൻ യുവജനസമിതിയുടെ ആവേശമാണെന്ന് കാണിക്കാൻ ചെയ്തതാ.. അതും ചീറ്റിപ്പോയി.. അതാ പറഞ്ഞേ എനിക്ക് സമയദോഷമാണെന്ന്...

       സത്യമാ,, എന്റെമോന് സമയദോഷവുമുണ്ട്..നിന്റെ പേരിട്ടു നൂലുകെട്ടിയപ്പോൾ മുതൽ ഒരു 'രാഹു' നിന്റെ ഒപ്പമുണ്ട്..

       പിന്നെ വേറൊരു കാര്യം മമ്മക്കു പറയാനുള്ളത്;; കുറച്ചുകൂടി അന്തസ്സുള്ള നമ്പരുകൾ എന്റെ മോൻതന്നെ കണ്ടു പിടിക്കണം...

       മമ്മ കണ്ടോ,, ഞാൻ കലക്കും... എന്റെ അടുത്ത നമ്പരിൽ നാട്ടുകാരെല്ലാം വീഴും... ഞാൻ തന്നെ രാജാവായാൽ മതിയെന്ന് അവരൊന്നിച്ചു പറയും...

       എന്റെമോൻ മിടുക്കനല്ലേ; മമ്മിക്കറിയാം മോൻ എല്ലാരേം വീഴ്ത്തുമെന്ന്... മോൻ മമ്മയോട് പറ;; എന്ത് നമ്പരാ മോൻ അടുത്തതായി എറക്കാൻ പോകുന്നേ??

       അതെനിച്ചും അറിയത്തില്ല മമ്മി... മമ്മി എനിച്ച്‌ രണ്ട് ഐസ് ക്രീം താ... ഞാൻ കഴിച്ചിട്ട് കേടന്നോറങ്ങിട്ട് നാളെ പുതിയ ഐഡിയ കണ്ടു പിടിക്കാം..

       ശരി മോനെ; മോൻ പോയിക്കിടന്നുറങ്ങിക്കൊ... നാളെ പറയണേ മോനെ..

       ഓക്കേ മമ്മി...............




{യുവരാജാവിന്റെ നമ്പരുകൾ അവസ്സാനിക്കുന്നതേ ഇല്ല... പുതിയ പുതിയ നമ്പരുകളുമായി അദ്ദേഹം നമ്മെ എന്നും ചിരിപ്പിച്ചു കൊണ്ടു തന്നെയിരിക്കും.
അടുത്ത നമ്പരിനായി നമുക്ക് കാത്തിരിക്കാം}


[[ ഈ വരികൾക്കിടയിൽ ജീവിച്ചിരിക്കുന്നതോ, മരിച്ചു പോയതോ, തലയിലുള്ളതോ, വാലിലുള്ളതോ, ഒളിഞ്ഞു നിൽക്കുന്നതോ, തെളിഞ്ഞു നിൽക്കുന്നതോ സ്വോദേശിയോ, വിദേശിയോ, രാജാവോ, പ്രജയൊ ആയ ആരൊടെങ്കിലും സാദ്രിശ്യമോ, സമാനതയോ തോന്നുന്നുവെങ്കിൽ അത് യാദ്രിശ്ചികം എന്ന് ഞാൻ പറയുന്നില്ല... നിങ്ങൾക്ക്ഉണ്ടാകുന്ന 'സമാനത' യുടെ തോന്നൽ എന്റെ ലക്ഷ്യമാണ് ]]


[Rajesh Puliyanethu
 Advocate, Haripad]