Wednesday 4 July 2018

'കുമ്പസ്സാരം' രഹസ്യമോ, പരസ്യമോ!??


''ചെയ്ത തെറ്റുകൾ പശ്ചാത്തപിച്ച് ഏറ്റുപറഞ്ഞ് നീ പാപമോചിതനാവുക'' എന്ന ബൈബിൾ ആശയം മാത്രമാണ് കുമ്പസ്സാരത്തിനു പിന്നിൽ ഉള്ളത്.... തെറ്റുകൾ ഏറ്റു പറയേണ്ടത് ആരോടാണെന്ന് പറഞ്ഞില്ല.. മഹത്വപരമായി തന്റെ തെറ്റിന്റെ ദോഷം അനുഭവിക്കേണ്ടി വന്നവനോടാണ് ഏറ്റു പറയേണ്ടത്... മറ്റാരോടുമല്ല...! അവൻ ക്ഷമിക്കുമ്പോളാണ് പാപിക്ക് പാപമോചനം ഉണ്ടാകുന്നത്... പിന്നീട് തെറ്റുകൾ ഏറ്റു പറയേണ്ടത് ദൈവത്തോടാണ്... അവിടേയും തന്റെ പാപത്തിന്റെ ദോഷം അനുഭവിക്കേണ്ടി വന്നവൻ ക്ഷമിക്കാതെ ദൈവം മാത്രം ക്ഷമിച്ചിട്ട് എന്തു കാര്യം..?? പാപത്തിന്റെ ദോഷം അനുഭവിക്കപ്പെട്ടവൻ ക്ഷമിക്കാതെ ഏറ്റുപറച്ചിലിൽ മനമലിഞ്ഞ് പാപിയെ പാപമുക്തനാക്കാൻ ദൈവത്തിനും അവകാശമില്ല എന്നതാണ് എന്റെ പക്ഷം....

'നിന്റെ പാപങ്ങൾ ദൈവത്തോട് ഏറ്റു പറഞ്ഞ് പശ്ചാത്തപിച്ച് പാപമുക്തനാവുക' എന്ന ആശയത്തിൽ വിശ്വാസിക്കും, ദൈവത്തിനും ഇടയിൽ ബോധപൂർവ്വം കടന്നു കൂടിയ വിഭാഗമാണ് പുരോഹിതർ... അവർ സ്വയം ദൈവത്തിന്റെ പ്രതിപുരുഷൻമാരും, ദൈവത്തിനും വിശ്വാസിക്കും ഇടയിൽ വർത്തിക്കുന്നവരുമായി... എല്ലാ മതവിഭാഗങ്ങളിലേയും പുരോഹിത വിഭാഗത്തിന്റെ വ്യാഖ്യാനം ഇപ്രകാരം തന്നെ... കുമ്പസ്സാരം വിഷയമാകുമ്പോൾ പാപിക്കും ദൈവത്തിനും ഇടയിലുള്ളവൻ എന്ന് വായിക്കേണ്ടി വരുമെന്നു മാത്രം...

പുരോഹിത വിഭാഗം എന്നും ദൈവത്തിന്റെ പ്രതിപുരുഷൻ എന്ന നിലയിൽ വളരെ അധികം നേട്ടങ്ങൾ അനുഭവിച്ചവരാണ്... ചരിത്രത്തിൽ പുരോഹിത വിഭാഗം രാജാക്കന്മാരെപ്പോലും ചൊൽപ്പടിയിൽ നിർത്തിയിരുന്നതായി കാണാം... അവിടെയാണ് പുരാതന കാലം മുതൽ കുമ്പസ്സാരത്തിൽ നിലനിന്നിരുന്ന രാഷ്ട്രീയം നമ്മൾ കാണേണ്ടത്... അവിടെയെല്ലാം രാജാവും,, രാജാവുമായി ബന്ധപ്പെട്ടു നിൽക്കുന്ന എല്ലാവരും വിശ്വാസ്സികൾ ആയിരിക്കും... അതിനാൽത്തന്നെ ദൈവത്തിന്റെ പ്രതിപുരുഷന്മാർക്കൂ മുൻപിൽ അവർ കുമ്പസ്സരിക്കും... രാജാവിന്റെ പാപങ്ങളുടെ ഭാണ്ഡം ചുമക്കുന്ന വൈദികന് രാജാവിനു മേലുണ്ടാകുന്ന സ്വാധീനം എത്ര വലുതായിരിക്കുമെന്ന് ഒന്നാലോചിച്ചു നോക്കൂ... അങ്ങനെ രാജാവിനു മേൽപ്പോലും മാനസ്സികമായ മേൽക്കോയ്മയും,, ആജ്ഞാശക്തിയും നേടാൻ കുമ്പസ്സാരം എന്ന കർമ്മം കൊണ്ട് പുരോഹിത വൃന്ദത്തിനു കഴിഞ്ഞിട്ടുണ്ട്...

കുമ്പസ്സാര രഹസ്യം പുറത്തു പറയാൻ പാടില്ല എന്നത് സഭാ നിയമം മാത്രമാണ്...!? വൈദികനോട് കുമ്പസ്സരിക്കണം എന്ന് ബൈബിളിൽ നിഷ്കർഷിക്കാത്ത അവസ്ഥയിൽ അതിന്റെ രഹസ്യം കാക്കുന്ന രീതിയും ബൈബിളിൽ വിശദീകരിക്കാനുള്ള സാദ്ധ്യത കുറവാണ്... എന്തായാലും ഇന്ത്യൻ നിയമം കുമ്പസ്സാര രഹസ്യം എന്ന സങ്കല്പത്തിന് യാതൊരു പരിരക്ഷയും നൽകുന്നില്ല... കുറ്റകരമായ ഒന്ന് വൈദികൻ കുമ്പസ്സാര കർമ്മത്തിൽക്കൂടി അറിഞ്ഞാൽ അദ്ദേഹം അത് പോലീസ്സിൽ അറിയിക്കാൻ ബാദ്ധ്യസ്ഥനാണ്... ഒരുവൻ സ്കൂൾ ബസ്സിൽ ബോംബു വെച്ചിട്ട് വന്ന് കുമ്പസ്സരിച്ചാൽ കമ്പസ്സാര രഹസ്യമെന്നു പറഞ്ഞ് വൈദികൻ നിശബ്ദനാവുകയല്ല, മറിച്ച് പോലീസ്സിൽ അറിയിച്ച് ബോംബു പൊട്ടുന്നത് തടയുകയാണ് വേണ്ടതെന്ന് സാരം...

കുമ്പസ്സാര രഹസ്യത്തെ ബ്ലാക്ക് മെയിലിംഗ് ഉപാധിയാക്കി ചൂഷണം ചെയ്ത കഥ പുറത്തു വന്നതാണ് 'കുമ്പസ്സാരം' കേരള സമൂഹത്തിൽ ചർച്ചക്ക് കാരണമായത്... അത് ലൈംഗീക ചൂഷണമായതിനാലാണ് ചർച്ചകൾക്ക് ചൂടേറിയും... മറ്റെന്തെല്ലാം ചൂഷണങ്ങൾ വൈദികർ കഴിഞ്ഞ കാലങ്ങളിൽ കുമ്പസ്സാര രഹസ്യത്തെ ഉപയോഗിച്ച് നടത്തിയിട്ടുണ്ടാകാം എന്ന് പറയാൻ കർത്താവു പോലും അശക്തനായിരിക്കും..

ഒരുവന്റെ മനസ്സിലെ സംഘർഷങ്ങളെ കുറക്കാൻ ഏറ്റു പറച്ചിലുകൾക്ക് കഴിയും.. അപ്രകാരം സൈക്കോളജിക്കലായ ഒരു മേന്മ കുമ്പസ്സാരത്തിനുണ്ട്... പക്ഷെ വൈദികനു മേൽ വിശ്വാസ്സിയുടെ സംശയത്തിന്റെ നിഴൽ വീണ സ്ഥിതിക്ക് അപ്രകാരം ഒരു മേന്മയും മേലിൽ കുമ്പസ്സാരത്തിനു കല്പിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല...

വിശ്വാസ്സം എന്ന തടാകത്തിന്റെ നടുവിൽ നിന്നുകൊണ്ട് ചിന്തിക്കേണ്ട വിഷയമായതിനാൽ 'കുമ്പസാരം' പടിയടച്ചു പുറത്താക്കാൻ കഴിയുന്ന ഒന്നാണെന്ന് കരുതുക വയ്യ... പക്ഷെ കുമ്പസ്സാരത്തിലെ പഴുതുകൾ തുടർന്നും വൈദീകർ ഉപയോഗിക്കാൻ സാദ്ധ്യത ഉള്ളതിനാൽ ആ പഴുതുകൾ ഇല്ലാതാക്കാനുള്ള ബാധ്യതയും സഭകൾക്കുണ്ട്... കാരണം തുടർച്ചയായ കുമ്പസ്സാര ദുരുപയോഗ കഥകൾ സഭകൾക്കും അപമാനമാണ്....

ദുരുപയോഗം ചെയ്യാൻ കഴിയാത്ത രീതിയിൽ എങ്ങനെ കുമ്പസ്സാരം നടത്താം എന്നതാണ് ഇപ്പോഴത്തെ ചർച്ചകൾ.... 'ദുരുപയോഗം ചെയ്യാൻ മടിയില്ലാത്തവൻ' എന്ന് സംശയമുള്ളവന് മുൻപിൽ എന്തിനു കുമ്പസ്സരിക്കാൻ നിൽക്കണം എന്നത് മറ്റൊരു ചോദ്യം..! എന്നാലും പലവിധമായ അഭിപ്രായങ്ങൾ പറഞ്ഞു കേൾക്കുന്നുണ്ട്.... അഭിപ്രായങ്ങൾ പറയുന്നതാണ് ഏറ്റവും വലിയ വിനോദം എന്നു കാണുന്ന സമൂഹത്തിലെ ഒരുവൻ എന്ന നിലയിൽ ഞാനും ഒരു അഭിപ്രായം പറയാം.... "" കുമ്പസ്സരിക്കുന്നവന്റെ ഐഡന്റിറ്റി വെളിപ്പെടുത്താതെയുള്ള കുമ്പസ്സാര രീതി കൊണ്ടുവരിക""..... അത് എത്രത്തോളം പ്രയോഗികമാണെന്ന് കുമ്പസാരിച്ചിട്ടില്ലാത്ത എനിക്കറിയില്ല.... എന്നാലും ഒരഭിപ്രായം എന്റെ വകയും ആകട്ടെ എന്ന് കരുതി....

വിശ്വാസ്സങ്ങളും ആചാരങ്ങളും വിശ്വാസ്സിയെത്തന്നെ ഇല്ലാതാക്കുന്ന പല അനുഭവങ്ങൾ നമ്മൾ കാണുന്നു... ഒരു വിശ്വസ്സിക്കുപോലും ദുരനുഭവം ഉണ്ടാകാത്ത മതം എന്ന് മേനി പറയാൻ ഒരു മതത്തിനും ആകില്ല... ""അവനവനെ അവനവൻ തന്നെ കാക്കുകയും കരുതുകയും ചെയ്യുക"" എന്നതാണ് ഏറ്റവും നല്ല മുദ്രാവാക്യം.... എപ്പോഴും സ്തുതിയായിരിക്കട്ടെ......   

[Rajesh Puliyanethu
Advocate, Haripad]