Saturday 24 December 2016

മദ്യത്തെയും പാപിയാക്കിയ മൊബൈൽ ഫോൺ!!!

ഒരിക്കൽ മദ്യം പാപിയായി ദൈവസന്നിധിയിലെത്തി... മദ്യത്തെ ശിക്ഷിക്കാൻ ദൈവം തീരുമാനിച്ചു... മദ്യം ചോദിച്ചു... തമ്പുരാനെ അങ്ങുണ്ടായ കാലം മുതൽ ഞാനുണ്ട്.... പിന്നെ ഇപ്പോൾ മാത്രം ശിക്ഷിക്കാൻ കാരണമെന്ത്?? ദൈവം പറഞ്ഞു; "" ജനങ്ങൾക്ക് ദോഷം ചെയ്യുന്ന സ്വഭാവം ഉണ്ടെങ്കിലും അതിലും ചില നന്മ പ്രവർത്തികളുണ്ടെങ്കിൽ ഞാൻ ക്ഷമിക്കും"" അതാണ് നിന്നെ ഞാൻ ഇത്രയും കാലം ശിക്ഷിക്കാതിരുന്നത്...

മദ്യം പറഞ്ഞു;; ദൈവമേ,, ഞാൻ പഴയതുപോലെതന്നെ ഗുണവും ദോഷവും ഇപ്പോളും ചെയ്യുന്നു....  

ദൈവം പറഞ്ഞു.... നീപറയുന്ന ഗുണവും ദോഷവും ഒന്നു വിവരിക്കാമോ?? 

ഞാൻ ചെയ്യുന്ന ഗുണവും ദോഷവും അങ്ങേക്ക് അറിവുള്ളതല്ലേ... എന്നെ കുടിക്കുന്നവർക്ക് ഞാൻ റിലാക്സേഷൻ നൽകും,, സൗഹൃദങ്ങളെ കൂട്ടി ഉറപ്പിക്കും,, സുഹൃത്തുക്കൾ തമ്മിൽ മനസുതുറന്നു സംസാരിക്കാനുള്ള അവസ്സരം ഞാൻ ഉണ്ടാക്കും,, എന്നെ ഒന്നിച്ചിരുന്നു സേവിക്കുന്നവർക്കിടയിൽ മാനസ്സിക സംഘർഷങ്ങൾ കുറക്കും... ഇങ്ങനെ ചില ഗുണങ്ങളാണ് ഞാൻ ചെയ്യുന്നത്...

അപ്പോൾ ദോഷങ്ങളോ??

ഞാൻ ലിവറിനെ കാർന്നുതിന്നും... പാൻക്രിയാസിനെ നശിപ്പിക്കും... ഒരുവനെ രോഗിയാക്കും.. അവന്റെ ധനത്തെ നശിപ്പിക്കും,, കുടുംബബന്ധം തകർക്കും,, ചിലപ്പോഴൊക്കെ അവനു മാനഹാനിയും കൊടുക്കും... ഇങ്ങനെ ചില ദോഷങ്ങളാണ് ഞാൻ ചെയ്യുന്നത്...

ശരി,, നീ വരൂ... ദൈവം മദ്യത്തെ വിളിച്ചു ഒരു കാഴ്ച കാണിച്ചു കൊടുത്തു ... നാലു സുഹൃത്തുക്കൾ മദ്യപിക്കാൻ തയാറെടുക്കുന്നു... അവർ മദ്യം ഗ്ലാസ്സുകളിലേക്ക് പകർന്നു... ഒന്നിച്ചു ചേർന്ന് ചിയേർസ് പറഞ്ഞു... ഒന്നു നുണഞ്ഞു താഴെവെച്ചു.. മൊബൈൽ ഫോൺ കൈയ്യിലെടുത്തു... അവർ ആ മദ്യപാന പരിപാടി പൂർത്തീകരിക്കുന്നതുവരെ ദൈവവും, മദ്യവും ആ കാഴ്ച നോക്കി നിന്നു.... ഒരാൾ മറ്റാരോടോ ചാറ്റുകയാണ്... മറ്റൊരാൾ ഗെയിം കളിക്കുന്നു... മൂന്നാമൻ ഫെയിസ് ബുക്കിലാണ്.... നാലാമൻ വാട്ട്സ് ആപ്പിലും... അവർ പിരിയുന്നതിനിടയിൽ ഉണ്ടായ ശബ്ദം എന്നത് "" ഒന്നൂടോഴിക്കടാ"" എന്നത് മാത്രമായിരുന്നു... 

ഇപ്പോൾ മനസ്സിലായോ ഞാൻ എന്തുകൊണ്ടാണ് നിന്നെ ശിക്ഷിക്കാൻ പോകുന്നതെന്ന്?? ഈ സുഹൃത്തുക്കൾക്ക് നിന്റെ ഗുണമെന്ന് നീ തന്നെ അവകാശപ്പെടുന്ന എന്തെങ്കിലും ഗുണം ലഭിച്ചോ?? എന്നാൽ നിന്നെ കൊണ്ടുള്ള ദോഷങ്ങൾ ഒന്നൊഴിയാതെ കിട്ടുന്നുമുണ്ടല്ലോ?? ഇതല്ലേ ഇന്നത്തെ നിന്റെ ഉപയോഗത്തിലെ മുഴുവൻ സീൻ??  ""സോഷ്യൽ ലൂബ്രിക്കൻറ്"" എന്ന നിന്റെ ഗുണം നിനക്ക് നഷ്ടപ്പെട്ടിരിക്കുന്നു.. നിന്റെ ആ മേന്മയെ മൊബൈൽ ഫോൺ നശിപ്പിച്ചു... നീ ഇന്ന് ദോഷങ്ങൾ മാത്രമുള്ളവനാണ്.... 

ഇത്രയും കാലം ഇങ്ങനൊരുപണി തനിക്കു കിട്ടിയിട്ടില്ല... അതിനും ഒരു മൊബൈൽ ഫോൺ വരേണ്ടി വന്നു... മദ്യം വിലപിച്ചു....   

[Rajesh Puliyanethu
 Advocate, Haripad]

Tuesday 13 December 2016

ദേശീയ ഗാനം,, സിനിമ ശാലകളിൽ...!!


     ഏതൊന്നിനെയും കണ്ണുമടച്ചു എതിർത്താൽ വിപ്ലവമാണ് എന്ന് കരുതുന്ന ചിലരുണ്ട്... പ്രത്യേകിച്ചു നാളിതുവരെ നല്ലതെന്നു പറഞ്ഞു കേട്ടതിനെ എല്ലാം... സംസ്ക്കാരം, ദേശീയത, രാജ്യസ്നേഹം ഇവയെയെല്ലാം മനഃപൂർവ്വം എതിർ ചേരിയിൽ നിർത്തി പുലഭ്യം പറയാനുള്ള പ്രവണത... എന്തിനുവേണ്ടിയാണ് ഇപ്രകാരം ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതെന്ന് മനസ്സിലാകുന്നില്ല.. വന്ദേമാതരത്തെ ചില മുസ്ളീം സംഘടനകൾ എതിർത്തതോടെ ദേശീയമായി കരുതിയിരുന്നതിനെയെല്ലാം എതിർക്കുന്നവർ ഇസ്ളാം ജനതയെ പ്രീണിപ്പിക്കാനാണ് അപ്രകാരം ചെയ്യുന്നതെന്ന് ചിലർ ആരോപിക്കുന്നു... ഈ ആരോപണത്തെ പരസ്യമായി എതിർക്കേണ്ടത് ഇസ്ളാം ജനതയാണ്... ദേശീയതയ്ക്ക് വിരുദ്ധമായി പ്രവർത്തിച്ചാൽ തങ്ങളുടെ പിന്തുണ ലഭിക്കില്ല എന്നവർ ഉച്ചത്തിൽ പ്രഖ്യാപിക്കണം..... 

     ഇപ്പോഴത്തെ ചർച്ചാവിഷയം ദേശീയ ഗാനത്തെ ബന്ധപ്പെടുത്തിയാണ്... സുപ്രീം കോടതി സിനിമാ ശാലകളിൽ ദേശീയഗാനം നിര്ബന്ധമാക്കിയതാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചിരിക്കുന്നത്... ദേശീയഗാനം ആലപിക്കണം എന്ന ഉത്തരവ് ഉണ്ടായ സ്ഥിതിക്ക് അത് പാലിക്കുക എന്നതാണ് മാന്യത....  സിനിമ ശാലകളിൽ ദേശീയ ഗാനം കേട്ടാൽ എന്ത് ദേശസ്നേഹമാണ് ഉണ്ടാകുന്നതെന്ന ചോദ്യമല്ല പ്രധാനം... ഒരു പാട്ടോ കൊടിയോ ഒന്നും നമ്മിൽ ദേശസ്നേഹം വളർത്തില്ല എന്നുതന്നെ കരുതിക്കോളൂ...! പക്ഷെ അതിനെയെല്ലാം ദേശീയതയുടെ ചിഹ്നങ്ങളായി കാണുമ്പോൾ ബഹുമാനിക്കപ്പെടേണ്ടവയാകുന്നു... ദേശീയതയുടെ ചിഹ്നങ്ങളെ ബഹുമാനിക്കുമ്പോൾ അതുവഴി നാം നമ്മുടെ രാജ്യത്തെയും അതിന്റെ പരമാധികാരത്തെയുമാണ് ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നത്... പരമാധികാരത്തെ ബലപ്രയോഗത്താൽ പോലും അംഗീകരിപ്പിക്കണം.. രാജ്യത്തിന്റെ പരമാധികാരത്തെ അംഗീകരിക്കുന്നതിൽ നിന്നുമുള്ള സ്വാതന്ത്ര്യം തേടൽ സ്വാതന്ത്യം തേടലല്ല.. മറിച്ചു് ദുഃസ്വാതന്ത്ര്യത്തിനുള്ള ദുർവാശിയാണ്..... 

     ബഹുമാനം ഹൃദയത്തിലാണ് ഉണ്ടാകേണ്ടത്, അത് പ്രകടിപ്പിക്കേണ്ടതല്ല എന്ന വാദഗതിക്കാരുമുണ്ട്... പക്ഷെ ഭൗതീക തലത്തിൽ അതിനു പരിമിതികളുണ്ട്... ഹൃദയത്തിൽ ബഹുമാനമുണ്ടെങ്കിലും ബഹുമാനത്തിന്റേതെന്നു പൊതുസമൂഹം അംഗീകരിക്കപ്പെടുന്ന പ്രവർത്തികളെ ഒഴിവാക്കിയാൽ ബഹുമാനിക്കപ്പെടേണ്ട ഒന്ന് ബഹുമാനിക്കപ്പെടുന്നതായി പൊതുസമൂഹത്തിന് തോന്നില്ല... അത് പ്രകടമായ അനാദരവായി ചിത്രീകരിക്കപ്പെടും...അതനുവദിച്ചുകൂടാ.. അതിനാലാണ് ദേശീയഗാനം ആലപിക്കുമ്പോൾ എഴുനേറ്റു നിൽക്കണം എന്ന് പറയുന്നത്....

     ബഹുമാനിക്കപ്പെടേണ്ട ചിലതൊക്കെ ഉണ്ട് എന്ന് സമൂഹം പരക്കെപ്പറയുന്നു... നമ്മുടെ രാജ്യത്തെ,, ഭരണഘടനയെ,, നിയമവ്യവസ്ഥിതിയെ,, ദേശീയ പതാകയെ,, ദേശീയഗാനത്തെ,, വിശ്വസ്സിച്ചില്ല എങ്കിൽപ്പോലും മതഗ്രന്ഥങ്ങളെ,, ഗുരുക്കന്മാരെ,, ഭരണാധികാരികളെ,, മുതിർന്നവരെ,, മൃതശരീരത്തെ അങ്ങനെ പലതിനെയും നാം ബഹുമാനത്തിന്റേതായ ചിഹ്നങ്ങൾ കാട്ടിത്തന്നെ ബഹുമാനിക്കണം... അതിന് ഓരോന്നിനോടും അതാതിനർഹമായത് എന്ന് പൊതുസമൂഹം അംഗീകരിക്കപ്പെടുന്ന രീതിയിൽത്തന്നെ പ്രകടിപ്പിക്കുന്നതിന് നമ്മൾ ബാധ്യസ്ഥരാണ്.... അതാണ് സിനിമാ ശാലകളിൽ സുപ്രീം കോടതി ദേശീയഗാനം നിർബന്ധമായും ആലപിക്കണം എന്ന ഉത്തരവ് വന്ന സ്ഥിതിക്ക് അത് പാലിക്കുകയാണ് മാന്യത എന്ന് പറഞ്ഞത്... കാരണം ഇവിടെ ദേശീയഗാനാലാപനം വേണ്ട എന്ന രീതിയിൽ ദേശീയഗാനത്തെ തിരസ്ക്കരിച്ചാൽ അത് പലവിധത്തിൽ ദേശീയഗാനത്തെ അപമാനിക്കുന്ന ഫലം ഉണ്ടാക്കും.... 

     ഏതെങ്കിലും ഒരു പാർട്ടിയുടെയോ, മതത്തിന്റെയോ, വിഭാഗത്തിന്റെയോ, മാത്രം സ്വന്തമല്ലാത്ത; എല്ലാവരുടെയും സ്വന്തവും, രാജ്യത്തിന്റെ അന്തസ്സിന്റെ പ്രതീകമെന്നു കരുതുകയും ചെയ്യുന്ന ദേശീയഗാനത്തെച്ചൊല്ലി ഇത്രയേറെ വിവാദങ്ങൾക്കു കാരണമുണ്ടോ!?  അവസ്സരമേതും ആകട്ടെ.... അമ്പത്തിരണ്ട് സെക്കൻഡ് സമയം രാജ്യത്തിനു വേണ്ടിയുള്ള പ്രാർഥന ആണന്നുകരുതി നമുക്കു നിൽക്കാം... ദേശീയഗാനം മുഴങ്ങുമ്പോളെല്ലാം.... 

[Rajesh Puliyanethu
 Advocate, Haripad]

Sunday 11 December 2016

മനുഷ്യന്റെ ശബ്ദം കേൾക്കൂ.......!!


     ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തിനു വടക്കുവശം ക്ഷേത്ര പരിസ്സരമാണ് സംഭവസ്ഥലം... കഴിഞ്ഞ വർഷത്തെ തൈപൂയ കാവടി കാലം... വൈകിട്ട് ദീപാരാധന തൊഴുത് ഞാൻ ഉൾപ്പടെ ഒരുപാട് സ്വാമിമാരും മറ്റു ഭക്തജനങ്ങളും ക്ഷേത്രത്തിനു പുറത്തേക്കു വരുന്നു.... പുറത്തെ ആനക്കൊട്ടിലിനു വടക്കുവശം ഒരു സുഹൃത്തിനെ കണ്ട് ഞാൻ  അങ്ങോട്ട് നീങ്ങി നിന്നു... അവൻ അവിടെനിന്നും കുറച്ചു വടക്കായി ഒരാളുടെ ചില പ്രവർത്തികൾ/ ചേഷ്ടകൾ എന്നെ കാണിച്ചുതന്നു... ചെറുതായി ഇരുട്ടു വീണു തുടങ്ങിയിരുന്നു എങ്കിലും കുറെ ഏറെ കാഴ്ചക്കാരുടെ നടുവിൽ അദ്ദേഹത്തെ വ്യക്തമായി കാണാമായിരുന്നു....  

     ഒരു സ്കൂട്ടറിന്റെ സമീപത്തായി ഒരു മനുഷ്യൻ നിൽക്കുന്നു.... മദ്യപിച്ചു ലക്കുകെട്ടവനെപ്പോലെ കാലുകൾ ഉറയ്ക്കാത്ത അവസ്ഥ... ഇടക്ക് വീണുപോകാതെ സ്കൂട്ടറിൽ പിടിക്കാൻ ശ്രമിക്കുന്നുണ്ട്... അതിലേറെ ആളുകൾ ശ്രദ്ധിക്കാൻ കാരണം അദ്ദേഹത്തിൻറെ മുണ്ട് കൈയ്യിൽ പിടിച്ചിരിക്കുകയാണ്... അത് ഉടക്കുവാൻ വേണ്ടി സ്വയം നടത്തുന്ന എല്ലാ പ്രവർത്തനങ്ങളും പരാജയപ്പെടുകയാണ്... ഈ ആൾക്കൂട്ടം വെറും കാഴ്ചക്കാരായി മാത്രം നിൽക്കുന്നു.. കാര്യം തെരക്കുന്നില്ല എന്ന് മാത്രമല്ല കൂടുതൽ ആൾക്കാരെ ഈ കാഴ്ച വിളിച്ചു കാണിക്കുന്നു മുണ്ട്..എന്റെ സുഹൃത്ത് എന്നെ ഈ രംഗം കാട്ടിത്തന്നതുപോലെ...

     ഈ കാഴ്ചയിൽ എന്തോ പന്തികേട് തോന്നിയ തോന്നിയ ഞാൻ അദ്ദേഹത്തിൻറെ അടുത്തേക്ക് ചെന്നു... എനിക്ക് പരിചയമുള്ള മറ്റു ചിലരും എന്റെ സമീപത്തേക്ക് വന്നു... "വെള്ളമാണെന്നു തോന്നുന്നു"... വായ തുറന്നവർ പറഞ്ഞ അഭിപ്രായമാണത്.... എനിക്ക് ആ മനുഷ്യനെ യാതൊരു പരിചയവുമില്ല... എന്നാൽ അവിടെ കൂടിനിന്ന പലരും അദ്ദേഹത്തെയും,, അദ്ദേഹത്തിൻറെ വീടും,, തൊഴിലും എല്ലാം നന്നായി അറിയുന്നവരും!!! അതിലേറെ രസകരമായ കാര്യം ഇതിൽ ഒരുവൻ പോലും അദ്ദേഹത്തെ ഇതിനുമുൻപ് മദ്യപിച്ചു കണ്ടിട്ടില്ല... അദ്ദേഹം മദ്യപിക്കുന്ന ആളായി അവർക്കാർക്കും അറിവുമില്ല..!! 

     ടി വി യിലെ ആരോഗ്യപരിപാടിയിലോ, ഫ് ബി യിലെ ഹെൽത്ത് മെസ്സേജുകളിൽനിന്നോ കിട്ടിയ സൂചനയാണെന്നു തോന്നുന്നു... ഇതിലോക്കെ എന്തോ അപാകത എനിക്ക് തോന്നി... മുണ്ടുടുക്കാൻ കഴിയാത്തതൊക്കെ ഏതോ രോഗത്തിന്റെ സിംടമാണെന്ന് ഒരു കേട്ടറിവ് പോലെ... അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടു പോകാം എന്ന ഒരു നിർദ്ദേശം ഞാൻ മുൻപോട്ടു വെച്ചു... ചിലർ അതിന്റെ ആവശ്യമില്ലെന്നു അഭിപ്രായപ്പെട്ടു... എന്റെ സുഹൃത്തുക്കൾ ആശുപത്രിയിൽ കൊണ്ടുപോകാം എന്ന എന്റെ അഭിപ്രായത്തെ പിന്തുണച്ചപ്പോൾ എതിർപ്പുകൾ കുറഞ്ഞു... അവരിലൊരാൾതന്നെ വിളിച്ചുകൊണ്ടുവന്ന ഓട്ടോയിൽ അദ്ദേഹത്തെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി... ആശുപത്രിയിൽ നിന്നും ഞങ്ങളെ അറിയിച്ചത് അദ്ദേഹത്തിൻറെ രക്ത സമ്മർദ്ദം വളരെ ഉയർന്ന നിലയിലാണ്... ഉടനെ കൂടുതൽ സൗകര്യമുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകണം എന്നായിരുന്നു.... ഹോസ്പിറ്റലിൽ നിന്നും ഫസ്റ്റ് എയ്ഡ് നൽകി.. അദ്ദേഹത്തിൻറെ ബന്ധുക്കൾ എത്തി... മറ്റേതോ ആശുപത്രിയിൽ കൊണ്ടുപോയി....

     കുറച്ചു ദിവസത്തിനു ശേഷം അദ്ദേഹത്തിൻറെ അവസ്ഥ അന്യഷിച്ചതിൽ മനസ്സിലായത്; അദ്ദേഹത്തിന് സ്‌ട്രോക്കിന്റെ പ്രാരംഭമായിരുന്നു... ഏകദേശം രണ്ടാഴ്ചയോളം ആശുപത്രിയിൽ കിടന്നു,, ഭേദമായി വീട്ടിലെത്തിയെന്നതാണ്.. 

     ഈ അനുഭവം വിവരിക്കാൻ കാരണം നമ്മുടെ എല്ലാവരുടെയും പൊതുവായ കാഴ്ചപ്പാടിലെ ഒരു അപാകത ചൂണ്ടിക്കാട്ടാനാണ്... മനുഷ്യന് ഉണ്ടാകുന്ന അവശതകളിൽ പലതിനെയും 'മദ്യം' എന്ന് പറഞ്ഞു നമ്മൾ അവഗണിക്കുന്നു... ഒരുവനെ അവശനായിക്കണ്ടാൽ ആദ്യം തന്നെ അയാൾ മദ്യപനാണ് എന്ന നിഗമനത്തിൽ എത്തിച്ചേരാതിരിക്കൂ... ഒരു നിമിഷം നമ്മുടെ ശ്രദ്ധ അയാൾക്കു നൽകുന്നതിൽ നമുക്കൊന്നും നഷ്ട്ടപ്പെടാനില്ല... ടി സംഭവത്തിൽ ആ വ്യക്തി മദ്യപിക്കുന്ന ആളാണെന്ന് അദ്ദേഹത്തെ അറിയുന്നവർക്കുപോലും അറിവില്ല എന്നതാണ് രസം... ഒരുവൻ മദ്യത്തിന്റെ സ്വാധീനത്തിലാണ് അവശനായതെങ്കിൽപോലും അയാൾക്ക് അപത്തുണ്ടാകാതെ വരാൻ എന്തെങ്കിലും ചെയ്തുകൊടുക്കുന്നതിൽ തെറ്റില്ല... 

     വേലായുധസ്വാമിയെ തൊഴുതിറങ്ങിയവരായിരുന്നു അസുഖം ബാധിച്ച ആ മനുഷ്യനും, ഞാനും, സഹായത്തിനെത്തിയ എന്റെ സുഹൃത്തുക്കളും എല്ലാം... ഈശ്വര നിയോഗങ്ങളാണ് എല്ലാം... അദ്ദേഹം സുഖം പ്രാപിച്ചു എന്നത് സുഖമുള്ള ഒരു വാർത്തയും... 

[Rajesh Puliyanethu
 Advocate, Haripad]

Sunday 4 December 2016

'വിധി' ഒരു സ്വാതന്ത്ര്യവും, വിശ്വാസ്സവുമാണ്....!!

'വിധി' എന്ന് പറയുന്നത് ഒരു വിശ്വാസ്സവും, സ്വാതന്ത്ര്യവുമാണ്.. എന്തു സംഭവിക്കുന്നോ അതാണ് വിധി എന്നും,, സംഭവിക്കുന്നതെല്ലാം മുൻ നിശ്ചയപ്രകാരമാണെന്നും വിശ്വസ്സിക്കാനുള്ള രണ്ടു കൂട്ടരുടെ സ്വാതന്ത്ര്യം.... 

[Rajesh Puliyanethu
 Advocate, Haripad]

Saturday 26 November 2016

ഭിക്ഷാടന മാഫിയ എന്ന വിപത്ത്;; കുരുന്നു കൈകളിൽ പിച്ചച്ചട്ടി!!

     നവ മാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഒരു വീഡിയോ ആണ് ഈ എഴുത്തിനു കാരണം... ഒരു ചെറിയ കുട്ടിയെ ഒരു മനുഷ്യമൃഗം ക്രൂരമായി കാലുതല്ലി ഓടിക്കുന്നതാണ് രംഗം... ഭിക്ഷാടന മാഫിയ തട്ടിക്കൊണ്ടു വരുന്ന കുട്ടികളെ ഭിക്ഷതെണ്ടിക്കുന്നതിന് വേണ്ടി കൈകാലുകൾ അടിച്ചോടിച്ചു പാകപ്പെടുത്തുകയാണ്... ആ വീഡിയോയുടെ സത്യസന്ധത എനിക്കറിയില്ല... പക്ഷെ നമുക്കു ചുറ്റും കുരുന്നുകൾ ഭിക്ഷാടന മാഫിയയുടെ ഇതിലും ക്രൂരമായ പീഡനങ്ങൾ ഏറ്റുവാങ്ങുന്നുണ്ട് എന്ന് നമ്മൾ മനസ്സിലാക്കണം.... നിസ്സഹായനായ ആ കുഞ്ഞിന്റെ നിലവിളി സഹിക്കാൻ കഴിയുന്നതിനും ഒരുപാട് അപ്പുറമായി അനുഭവപ്പെടുന്നു... 

     മറ്റുള്ളവർക്ക് ജീവിതത്തിൽ അത്യാഹിതങ്ങൾ സംഭവിക്കുമ്പോൾ '' അത് അവർക്ക് സംഭവിച്ചു പോയത്'' എന്ന ലാഘവ ബുദ്ധിയോടെയും സ്വാർഥ ബുദ്ധിയോടെയുമാണ് നമ്മൾ ജീവിക്കുന്നത്... ഒരു അത്യാഹിതത്തിനു അത് ഇന്നു സംഭവിച്ച വ്യക്തിയിലേക്കുള്ള അതേദൂരമാണ് നമ്മളിലോരോരുത്തരി ലേക്കുമുള്ളത് എന്ന സത്യം നമ്മൾ സൗകര്യപൂർവ്വം മറക്കുന്നു.... നമ്മളുടെയെല്ലാം വീടുകളിൽ നിന്നും ഒരു കുരുന്നെങ്കിലും നേഴ്സ്സറിയിലോ, സ്‌കൂളിലോ പോകുന്നതായി ഉണ്ടാകും... ആ കുഞ്ഞു പുഞ്ചിരിയിൽ ഉണരുകയും ഉറങ്ങുകയും ചെയ്യുന്നതാണ് നമ്മുടെ വീടുകളും... വീഡിയോയിൽ കാണുന്ന കുരുന്നിന്റെ സ്ഥാനത്ത് നമ്മുടെ കുഞ്ഞിനെ ഒന്ന് സങ്കൽപ്പിച്ചു നോക്കൂ... അലറിവിളിക്കാനോ ഉറക്കെകരയാനോ തോന്നുന്നില്ലേ... അങ്ങനെ ഉറക്കെ നിലവിളിക്കുന്ന ഒരു അമ്മയും അച്ഛനും ആ കുഞ്ഞിനും ഉണ്ടാകില്ലേ?? ക്രൂരമായ പീഡനം ഏറ്റുവാങ്ങുന്ന ആ കുഞ്ഞു അനുഭവിക്കുന്ന വേദനയോ?? ഓർത്തിട്ട് രക്തം ഉറഞ്ഞു പോകുന്നതു പോലെ.... 

     ഒരു കുഞ്ഞിന്റെ കാലു തല്ലിയോടിച്ചും, കണ്ണുതുറന്നെടുത്തും ഭിക്ഷതെണ്ടിച്ചു കിട്ടുന്നതിൽ നിന്നും തിന്നാനിരിക്കുന്ന ആ മനുഷ്യരൂപമുള്ള നായക്ക് ഇതിലും എത്രയോ അന്തസ്സായി അമേദ്യം ഭക്ഷിച്ചു ജീവിക്കാം?? അവൻ തെണ്ടാൻ വിട്ടിരിക്കുന്നതിൽ അവന്റെ സ്വന്തം കുട്ടിയും ഉണ്ടാകും....അവൻ മകനെ തെണ്ടാനും ഭാര്യയെ വേശ്യാവൃത്തിക്കും വിട്ടിട്ടുണ്ടാകും.. കാരണം ചില ഹീനജന്മങ്ങൾ അങ്ങനെയാണ്... ദൈവം ആരോഗ്യം കൊടുത്തിട്ടുണ്ടെങ്കിലും ചാവാലിപ്പട്ടിയെക്കാൾ മ്ലേശ്ചമായ ജീവിതമേ പുലർത്തൂ... നാം ഓർക്കേണ്ടത് ഇത്തരം നായാട്ടുകാരുടെ കണ്ണുകൾ നമ്മുടെ കുട്ടികളുടെമേലും പതിയാൻ സാദ്ധ്യതയുണ്ടെന്നുള്ള ദുരന്തസത്യമാണ്....  

     സമൂഹത്തിൽ ഇത്രയധികം ഭയാനകമായ അവസ്ഥ രൂപം കൊള്ളുന്നതിന് പൊതുസമൂഹത്തിനും, ഭരണകൂടത്തിനും ഉത്തരവാദിത്വമുണ്ട്.... നമ്മൾ മഹാമനസ്കത എന്ന ഗർവ്വോടെ യാചകർക്കു നൽകുന്ന പണം... അതാണ് ഇത്രയും തരംതാണ ഒരു വ്യവസ്സായം ഇവിടെ പുഷ്പ്പിക്കുവാൻ കാരണം... നാം കൊടുക്കുന്ന നാണയങ്ങൾകൊണ്ട് തഴച്ചു വളരുന്നത് ഒരു അധോലോകമാണ്... നമ്മുടെ കുട്ടികളുടെ കണ്ണിനും,, കാലിനും,, ജീവിതത്തിനും വിലപറയുവാൻ കെൽപ്പുള്ളവരുടെ ലോകം... പിച്ചതെണ്ടാൻ പൊരിവെയിലത്ത് ഇരിക്കുന്നവർക്ക് ഒരു നേരം പോലും ഭക്ഷണമില്ല... കാരണം പട്ടിണികൊണ്ട് വികൃതമായ അവന്റെ രൂപവും വിനിമയമൂല്യമുള്ളതാണ്... കാരുണ്യം മനസ്സിൽ നിറഞ്ഞു പൊട്ടി ഒലിക്കുന്നവർ ഇവിടെ ഏറെയാണ്... 

     ഒരു വർഷം ഭിക്ഷാടനത്തിൽക്കൂടി വിനിമയം നടത്തപ്പെടുന്ന തുക കോടികൾ വരുമെന്ന് പറഞ്ഞാൽ അതിൽ തെല്ലും അതിശയം കരുതണ്ടാ... പക്ഷെ നാട്ടിൽ നടക്കുന്ന ഇത്രയും ക്രിമിനൽ സ്വഭാവമുള്ള ഒരു വ്യവസ്സായത്തെക്കുറിച്ചു പലരും ബോധവാന്മാരല്ല... ഇവിടുത്തെ ഭരണകൂടവും പോലീസും ഈ മാഫിയക്കെതിരെ എന്തു ചെയ്യുന്നു?? ഭിക്ഷാടന മാഫിയ പ്രവർത്തിക്കുന്നുണ്ടെന്നും നിങ്ങൾ കൊടുക്കുന്ന നാണയത്തുട്ടുകളിൽക്കൂടി നിങ്ങളും ഒരു വലിയ ക്രൈമിൽ പങ്കാളികൾ ആവുകയാണെന്നുള്ള ബോധവൽക്കരണമെങ്കിലും നടത്തിക്കൂടെ?? കേരളത്തിൽ നിന്നും സമീപകാലത്ത് കാണാതായ കുട്ടികളുടെ എണ്ണമെടുത്താൽ മൂവായിരത്തി അഞ്ഞൂറിൽപ്പരം വരുമെന്നത് കേരളാപോലീസ്സിന്റെ കണക്കാണ്... സ്ഥിതിഗതികൾ ഇത്രത്തോളം ഭയാനകമായി എത്തിയിട്ടും കൈയ്യും കെട്ടിനിൽക്കുന്ന അധികാരവർഗ്ഗത്തെ ചാണകം മുക്കിയ ചൂലിനടിക്കണം... അതല്ല ഇത്തരം മാഫിയാകളുടെ പങ്കുപറ്റി നക്കിത്തിന്നുന്നവർ അധികാരികളായി ഉണ്ടെങ്കിൽ അവരെ ശിക്ഷിക്കണം... കുട്ടികളും,, രക്ഷിതാക്കളും അറിഞ്ഞ വേദനയുടെ അപ്പുറം നൽകി ശിക്ഷിക്കണം....  

     ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന്റെ മുൻവശത്ത് റോഡിൽ വിശേഷ ദിവസ്സങ്ങളിൽ യാചകരുടെ നീണ്ട നിരയാണ്.... രണ്ടു കൈകളും രണ്ടു കാലുകളും ഇല്ലാത്തവർ.... കണ്ണില്ലാത്തവർ... പരസ്സഹായമില്ലാതെ ഒരു അടിപോലും ചലിക്കാൻ ശേഷിയില്ലാത്തവർ...ഷഷ്ഠി പോലെയുള്ള ദിവസ്സങ്ങളിൽ ഇവർ രാവിലെ ഏതാണ്ട് ഏഴു മണിയോടെ റോഡിന്റെ വശങ്ങളിൽ നിരക്കുകയാണ്.. വൈകിട്ട് ആളൊഴിയുന്നതിനനുസ്സരിച്ചു നീക്കം ചെയ്യപ്പെടുകയും ചെയ്യുന്നു... ആരാണിവരെ കൃത്യമായി എത്തിച്ചു പണപ്പിരിവു നടത്തിച്ചു തിരികെ കൊണ്ടു പോകുന്നവർ? ? ഇവർ രാത്രികാലങ്ങളിൽ താമസിക്കുന്നത് എവിടെയാണ്?? ഇവരുടെ പണം വിനിയോഗം ചെയ്യുന്നതാരാണ്?? ഇവരുടെ അംഗവൈകല്യങ്ങൾ എങ്ങനെ ഉണ്ടായതാണ്?? ഇതൊക്കെ ഏതെങ്കിലും പോലീസ്സ് അന്വേഷിച്ചതായി നമുക്കറിയുമോ?? ഹെൽമെറ്റ്‌ വേട്ട നടത്തി ഹീറോകൾ ആയും,, ലോക്കപ്പിൽ കിട്ടുന്ന രാഷ്ട്രീയ സ്വാധീനമില്ലാത്ത പ്രതികളുടെ മേൽ കൈത്തരിപ്പ് തീർത്തും അർമാദിക്കുന്ന നമ്മുടെ പൊലീസിന് ഇതിനൊക്കെ എവിടെ സമയം?? ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന്റെ സമീപത്ത് ഞാൻ കണ്ട കാഴ്ച പറഞ്ഞു എന്നേ ഉള്ളൂ...ആളുകൂടുന്നിടത്തൊക്കെ ഈ മാഫിയ തങ്ങളുടെ കച്ചവട സാധ്യത തേടുന്നുണ്ട്....

     ഭിക്ഷാടന മാഫിയയെ തളർത്താനും, നമ്മുടെ കുട്ടികളെ സുരക്ഷിതമാക്കാനും നമുക്കും ചിലതു ചെയ്യാൻ കഴിയും... കുട്ടികളെ പിടിച്ചുകൊണ്ടു പോകുന്നവർ ഉണ്ടെന്നു അവരെ പറഞ്ഞു ബോധ്യപ്പെടുത്തുക.. അപരിചിതരുടെ അടുത്തേക്ക് പോകരുതെന്നും,, ആരെങ്കിലും കടന്നു പിടിച്ചാൽ ഉച്ചത്തിൽ കരയാനും അവരെ പഠിപ്പിക്കുക.... ഇതിനെല്ലാം പുറമെ യാചകർക്ക് നാം ഇനിമേൽ ഒരു നാണയത്തുട്ടുപോലും നൽകില്ല എന്ന ഉറച്ച തീരുമാനം എടുക്കുക... നാം നൽകുന്ന പണത്തിൽക്കൂടി നാം ഒരു വലിയ കുറ്റവാളി ശൃംഖലയെ വളർത്തുകയാണെന്ന് സ്വയം ബോദ്ധ്യപ്പെടുകയും മറ്റുള്ളവരെ ബോധവൽക്കരിക്കുകയും ചെയ്യുക... അത്രയും എങ്കിലും നമ്മൾ ചെയ്യണം... നമ്മുടെ സമൂഹത്തിനു വേണ്ടി....,, നമ്മുടെ കുട്ടികൾക്കുവേണ്ടി....

     കാണാതാകുന്ന കുട്ടികളെക്കുറിച്ചും, തഴച്ചുവളരുന്ന ഭിക്ഷാടന മാഫിയയെക്കുറിച്ചും വിപുലമായ അന്വേഷത്തിന് പോലീസ്സ് തയ്യാറാകണം... ഭിക്ഷാടകരെ ഉപയോഗിച്ച് ലാഭമുണ്ടാക്കുന്നവരെ കണ്ടെത്തണം... ഭരണകൂടം ഇത്തരക്കാരെ ശിക്ഷിക്കാൻ പാകത്തിന് നിയമനിർമ്മാണം നടത്തണം... ഭിക്ഷാടകരെ കയറ്റിയിറക്കു നടത്തുന്നവരെ നിരീക്ഷിക്കുകയും ചോദ്യം ചെയ്യുകയും വേണം... ഭരണകൂടവും, പോലീസ്സും, പൊതുജനവും ഒരുപോലെ ജാഗ്രത പാലിച്ചാൽ മാത്രമേ ഈ കൊടിയ വിഷജീവികളെ നശിപ്പിക്കാൻ കഴിയൂ.... പുകയിലക്കും, മദ്യത്തിനും, സ്ത്രീ ധനത്തിനും, തുറസ്സായ സ്ഥലത്തെ വിസ്സർജ്ജനത്തിനും, മാലിന്യം വലിച്ചെറിയുന്നതിനും ഒക്കെ എതിരെയും, വാക്‌സിനേഷനും, റോഡുനിയമങ്ങളും, നികുതി നിയമങ്ങളും പാലിക്കണമെന്നും;; അങ്ങനെ പലവിധമായ കാര്യങ്ങളിൽ ഇവിടെ ബോധവൽക്കരണങ്ങൾ നടക്കുന്നു.... ഭിക്ഷ നൽകുന്നത് വലിയ സാമൂഹിക വിപത്താണെന്നു മനസ്സിലാക്കി നൽകുന്ന ഒരു ബോധവൽക്കരണ പരിപാടികൾ എന്തുകൊണ്ട് നടക്കുന്നില്ല?? 

     ബലൂണും, കാറ്റാടിയും, പമ്പരവും പിടിച്ചു കളിക്കേണ്ട കുരുന്നുകളുടെ കൈയ്യിൽ പിച്ചച്ചട്ടി... കുറുമ്പും, കൊഞ്ചലും, പൊട്ടിച്ചിരിയുമായി കഴിയേണ്ട അവനിൽ നിന്നും ഉയരുന്നത് നിസ്സഹായമായ നിലവിളി.... ഇത്തരം സംഭവങ്ങളെ സ്വന്തം അനുഭവമായിക്കണ്ട് സ്വയം ഒരു ഹൃദയവേദന അനുഭവിക്കൂ... ഭിക്ഷാടന മാഫിയ എന്ന മഹാദുരന്തത്തെ ഇല്ലാതാക്കാൻ കഴിയുന്നതെല്ലാം ചെയ്യൂ.....  

[Rajesh Puliyanethu
 Advocate, Haripad]

Wednesday 16 November 2016

നോട്ടുമാറാൻ സമയം തന്നില്ല!! മാറിയാൽ തുഛം.... ന്യായമോ,, അന്യായമോ??

     കേന്ദ്ര ഗവണ്മെന്റ് നോട്ടുകൾ പിൻവലിച്ചതിനെ അനുകൂലിക്കുകയും, എന്നാൽ പിൻവലിച്ച രീതി ശരിയായില്ല എന്ന നിലപാട് സ്വീകരിക്കുകയും ചെയ്യുന്നവർ വളരെ അധികമാണ്... കള്ളപ്പണക്കാരെ തളക്കാനുള്ള ക്രിയാത്മകമായ നടപടിയെ എതിർത്താൽ പൊതുജനപിന്തുണ ലഭിക്കില്ല എന്നതിനാലാണ് രാഷ്ട്രീയ പ്രസ്ഥാനങ്ങൾ അപ്രകാരം നിലപാടെടുക്കാൻ കാരണം...താജ്മഹലിനെ മനോഹരമെന്ന് വിശേഷിപ്പിച്ചുകൊണ്ട് തകർക്കാൻ ബോംബ് നിർമ്മിക്കുന്നവരെപ്പോലെയാണ് കോൺഗ്രസ്സും, ഇടത്തരും.....    ജനങ്ങൾ നോട്ടുകൾ മാറി എടുക്കുന്നതിൽ വരുന്ന ചെറിയ ബുദ്ധിമുട്ടുകളെ മുതലെടുക്കാൻ ഉചിതമായ വഴി അത് നടപ്പാക്കിയതിൽ അപാകത ഉണ്ടെന്നു വിളിച്ചു പറയുകയാണ്.... അതുവഴി കണക്കിന് മോദിയെ പഴി പറയുകയും ചെയ്യാം.....

     കള്ളനോട്ടു- കള്ളപ്പണം തടയുന്നതിന് അനിവാര്യമായത് എന്ന അംഗീകാരം നോട്ടു മരവിപ്പിക്കൽ നടപടി നേടിക്കഴിഞ്ഞു....[[നോട്ടു മരവിപ്പിക്കൽ,, ഇന്ത്യൻ സമ്പത് വ്യവസ്ഥയിലെ സർജിക്കൽ സ്ട്രൈക്ക്!!!]]
പക്ഷെ പ്രഖ്യാപനം വളരെപെട്ടന്ന് ആയിപ്പോയി,, നോട്ടുകൾ മരവിപ്പിക്കുന്നതിനു മുൻപ് ആവശ്യമായ സമയം പൊതുജനങ്ങൾക്ക് നൽകണമായിരുന്നു എന്നാണ് പ്രധാന ആക്ഷേപം...! രണ്ടാമത്തെത്‌ നോട്ടുകൾ നൽകി പുതിയ നോട്ടുകൾ എടുക്കുമ്പോൾ നിശ്ചയിച്ച 2500 രൂപ എന്ന പരിധി വളരെ കുറവായിപ്പോയി എന്നതും....

     ഇപ്രകാരം പ്രചരിപ്പിക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങൾക്കും,, സാമ്പത്തിക വിദക്തർ എന്ന് അവകാശപ്പെടുന്നവർക്കും കാര്യങ്ങൾ ബോധ്യപ്പെടാത്തതല്ല... മറിച്ചു് രാഷ്ട്രീയവും, സ്വന്തവുമായ കാരണങ്ങളാണ് ഇക്കൂട്ടരെക്കൊണ്ട് ഇത്തരം നിലപാടുകൾ എടുപ്പിക്കുന്നത്... പക്ഷെ സർക്കാരിന് ഒരുതരത്തിലും പിന്മാറാൻ കഴിയാത്ത ഈ തീരുമാനത്തെ ഇവരുടെ വിമര്ശനങ്ങൾകൊണ്ട് എന്തു ചെയ്യാൻ??

     നോട്ടുമരവിപ്പിക്കൽ പ്രഖ്യാപനത്തിനു ശേഷം നോട്ടുകൾക്ക് പ്രാബല്യം ഉണ്ടായിരുന്നത് കേവലം നാലു മണിക്കൂറുകൾ മാത്രമായിരുന്നു... പ്രഖ്യാപന സമയം എന്നത് രാജ്യത്തെ സാമ്പത്തിക ഇടപാടു സ്ഥാപനങ്ങൾ എല്ലാം അടച്ചതിനു ശേഷവും.... ജനങ്ങൾ സഹകരിക്കുകയും,, രാജ്യത്തിന്റെ ഒരു വലിയ നേട്ടത്തിനായി അൽപ്പം ബുദ്ധിമുട്ടുകൾ സഹിക്കുകയും ചെയ്യേണ്ടിവരുന്ന വലിയ ഒരു തീരുമാനത്തിന് പൂർണ്ണ ഫലസിദ്ധി ഉണ്ടാകണമെന്ന് സർക്കാരിന് ഉദ്ദേശമുള്ളതുകൊണ്ടായിരുന്നു അതെന്ന് കാണണം... 

      നോട്ടുകൾ മരവിപ്പിക്കുന്നതിനു  മുൻകൂട്ടി പ്രഖ്യാപിച്ച്  സമയം അനുവദിക്കുകയായിരുന്നു എങ്കിൽ രാജ്യത്തിന്റെ പല മേഖലയിലും കള്ളപ്പണം വിനിയോഗിക്കുന്നതിനുള്ള അവസ്സരം ലഭിക്കുമായിരുന്നു... ഒരു അഭിഭാഷകൻ എന്ന നിലയിൽ എന്റെ പ്രവർത്തനമേഘലയിൽ മാത്രം അത് എങ്ങനെയൊക്കെ പ്രാർത്തികമായിരുന്നു എന്ന ചില ഉദാഹരണങ്ങൾ പറയാൻ കഴിയും.... 

500, 1000 നോട്ടുകൾ മരവിപ്പിക്കാൻ പോകുന്നു എന്ന് 08/ 11/ 2016 ൽ തീരുമാനമാകുന്നു... ഈ തീരുമാനത്തിന്റെ പ്രഖ്യാപനം മെയ് മാസ്സത്തിൽ സർക്കാരിൽ നിന്നും ഉണ്ടാകുന്നു എന്ന് കരുതുക.... ഇവിടെ കോർട്ട് ഫീയായി കുടിശിക കിടക്കുന്ന കോടിക്കണക്കിന് പണം കള്ളപ്പണം ഉപയോഗിച്ച് കെട്ടാൻ കഴിയുമായിരുന്നു... അത് നിലവിലുള്ള കേസ്സുകളിലെ കാര്യം... ഇവിടെ കൃത്രിമ കേസ്സുകളിലൂടെയും കള്ളപ്പണക്കാർക്ക് അത് സാദ്ധ്യമായിരുന്നു... ഒരു മണി സൂട്ട്‌ ഫയൽ ചെയ്‌താൽ അതിന്റെ പത്തു ശതമാനം കോർട്ട് ഫീ ആയി കെട്ടണം..[[ കോർട്ട് ഫീ ആക്ട് പ്രകാരം കണക്കാക്കുമ്പോൾ വ്യത്യാസങ്ങൾ വരാം,, ഒരു ആവറേജ് പറഞ്ഞു എന്നേ ഉള്ളൂ]] ഒരു പ്രോമിസ്സറി നോട്ടിന്റെയോ,, അതുപോലെ ഡോക്യൂമെന്റുകളുടെയോ അടിസ്ഥാനത്തിൽ മണി സൂട്ട്‌ കൊടുക്കാം,, ഈ ഡോക്യൂമെന്റുകൾ തയ്യാർ ചെയ്യാൻ യാതൊരു പ്രയാസവുമില്ല,, ചെലവുൾപ്പടെ!! ഒരു പ്രോമിസ്സറി നോട്ട് തയ്യാറായ്ക്കാൻ വേണ്ടത് വെള്ളപ്പേപ്പറും റെവന്യൂ സ്റ്റാമ്പും..!! കള്ളപ്പണക്കാരന് ഇങ്ങനെ ഒരു കേസ്സ് ഫയൽ ചെയ്‌താൽ കേസ്സ് തുകയുടെ 10% കോർട്ട് ഫീ ആയി കെട്ടാം.... അതായത് ഒരു ലക്ഷം രൂപക്ക് പതിനായിരം രൂപ.... കോടികളാണ് കേസ്സ് തുകയെങ്കിൽ കോർട്ട് ഫീയും അതിനനുസൃതമായി.... ഇത് ഒരു കള്ളപ്പണക്കാരന് തന്റെ പല സ്വന്തക്കാരെയും ഉപയോഗിച്ച് ചെയ്യാം,,, അവരിൽകൂടിയെല്ലാം വലിയതുകകൾ കോർട്ട് ഫീ കെട്ടാം...  അതിനുശേഷം നോട്ടു നിയന്ത്രണം നിലവിൽ വന്ന് പുതിയ നോട്ടുകൾ സാർവ്വർത്രികമായതിന് ശേഷം ഇതേ പാർട്ടികൾ തമ്മിൽ അദാലത്തിൽ വെച്ചോ മറ്റോ ഈ കേസ്സ് സെറ്റിൽ ആയാൽ കോടതിയിൽ നിന്നും കോർട്ട് ഫീ ആയി കെട്ടിയ പണം തിരികെ ലഭിക്കുന്നതാണ്.... കോടതിയിൽ നിന്നും ലഭിക്കുന്ന ചെക്ക് ട്രഷറി വഴി മാറി എടുക്കണം,, അത്ര തന്നെ.... 
മണി സൂട്ടിനു പകരം മറ്റേതെങ്കിലും തരത്തിലുള്ള ക്ലെയിം കേസ്സുകളാണെങ്കിലോ?? ഒരു കൃത്രിമ കേസ്സാണെങ്കിൽ മേൽപ്പറഞ്ഞ പ്രകാരം ഇരുകൂട്ടരും ഒത്തുനിന്ന് ക്ലെയിമിന് തുല്യമായതുക കോടതിയിൽ കെട്ടാവുന്ന സാഹചര്യം ഉണ്ടായേക്കാവുന്നതാണ്...  അതും ഒത്തുതീർപ്പിൽക്കൂടി പിന്നീട് കോടതിയിൽ നിന്നും വാങ്ങി പുതിയ നോട്ടാക്കാവുന്നതാണ്....
ഒരു കുടുംബത്തിൽ സൂക്ഷിച്ചിരിക്കുന്ന പത്തോ ഇരുപത്തഞ്ചോ ലക്ഷം രൂപയുടെ കള്ളപ്പണം വെളുപ്പിക്കാൻ ഭാര്യയും ഭർത്താവും ഒന്ന് ഒത്തുകളിച്ചാൽ മതിയാകും... ഭാര്യ ഭർത്താവിനെതിരെ കൊടുക്കുന്ന ഒരു കേസ്സിൽ ഒരു മ്യൂച്ചൽ കൺസെന്റ് വഴി തുക കോടതിയിൽ കെട്ടി വെയ്ക്കാവുന്ന സാഹചര്യം ഉണ്ടാക്കാൻ കഴിയുമായിരുന്നു.... പിന്നീട് ഒത്തുതീർപ്പിൽകൂടി പുതിയ നോട്ട് നേടാനും കഴിയുമായിരുന്നു... ഇതൊന്നും കേസ്സു നടത്തുന്ന അഭിഭാഷകൻ പോലും അറിഞ്ഞു കൊള്ളണമെന്നില്ല എന്നതാണ് വസ്തുത.... 'കോടതിയിലെ കൊടുക്കലും വാങ്ങലും അക്കൗണ്ട് ചെയ്യപ്പെടുമായിരുന്നില്ലേ അവ പിന്നീട് പരിശോധിച്ചാൽ പോരെ'? എന്ന് ചോദിച്ചാൽ അത് അസാധ്യമാകുന്ന നൂലാമാലകളിൽ ചെന്നെത്തുകയെ ഉണ്ടായിരുന്നുള്ളു എന്ന് മാത്രമേ പറയാൻ കഴിയൂ....   

     ഇതൊക്കെ പല ആൾക്കാരിൽക്കൂടി നടത്തി എടുക്കാൻ സാധിക്കുകയും നോട്ടു അസാധുവാക്കുക എന്നതിന്റെ ഉദ്ദേശം തകിടം മറിക്കപ്പെടുകയും ചെയ്തേനേം... അതിനൊക്കെ വേണ്ടത് കേസ്സ് കൊടുക്കാൻ സന്നദ്ധരായ കുറെ ആൾക്കാരെയാണ്... മാറി എടുക്കുന്ന തുകയുടെ ഒരു നിശ്ചിതശതമാനം വ്യവസ്ഥചെയ്‌താൽ ആളെക്കിട്ടാനാണോ പഞ്ഞം!?? എന്തിനും ലോബികൾ രൂപം കൊള്ളുന്ന നാടാണിത്... അത് റയിൽവേ ടിക്കറ്റ് ബുക്കിങ്ങിലും, പട്ടാളക്കാരുടെ കൊട്ടാ മദ്യം മാറിയെടുക്കുന്നതിലും, കോളേജ് അഡ്മിഷനിലും, എന്നുവേണ്ടാ നോട്ടുകൾ നിരോധിച്ചതിന്റെ തൊട്ടടുത്ത ദിവസ്സം 1000 നോട്ട് മാറി 750 നൽകാനും 500 മാറി 350 നൽകാനും വരെ ഉണ്ടാകുന്നത് നമ്മൾ കണ്ടതാണ്...  

     രാജ്യത്ത് നോട്ടു വിതരണത്തിനു മുൻപ് പ്രഖ്യാപനം നടത്തി സമയം അനുവദിച്ചിരുന്നെങ്കിൽ കള്ളപ്പണത്തിൽ സൂക്ഷിക്കുന്ന നോട്ടുകൾ മാറി പുതിയ നോട്ട് കള്ളപ്പണമായിത്തന്നെ സൂക്ഷിക്കുന്നതിനുള്ള അവസ്സരം ലഭിക്കുന്ന  എന്റെ പ്രവർത്തനമേഖലയിലെ ചില സാദ്ധ്യതകൾ മാത്രമാണ് പറഞ്ഞത്... രാജ്യത്ത് ആകമാനം പരിശോധിച്ചാൽ ഇത്തരം നൂറായിരം സാദ്ധ്യതകൾ കണ്ടെത്താൻ കള്ളപ്പണക്കാർക്ക് കഴിയുകയും നോട്ടു നിരോധനം ലക്ഷ്യം കാണാത്ത ശരമായി തീരുകുയും ചെയ്തേനേം... 

     നോട്ടു നിരോധനത്തോട് അനുബന്ധിച്ചു കേൾക്കുന്ന രണ്ടാമത്തെ പ്രധാന ആരോപണം ബാങ്കിൽ നിന്നും 500, 1000 നോട്ടുകൾ  മാറി എടുക്കാനുള്ള തുകക്ക് 2500 എന്ന പരിധി എന്തിനാണ് എന്നാണ്‌... രണ്ടായിരത്തി അഞ്ഞൂറ് എന്നത് തന്നെ ദുരുപയോഗം ചെയ്യാൻ സാദ്ധ്യതയുണ്ട്!! പക്ഷെ അതിൽ കുറഞ്ഞ തുക അനുവദിക്കുന്നത് ജനങ്ങൾക്ക് കൂടുതൽ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെന്നും,, ജനങ്ങളോടുള്ള അനീതിയാകുമെന്നും കണ്ടാണ്....

     രണ്ടായിരത്തി അഞ്ഞൂറു രൂപയുടെ പഴയ നോട്ടുകൾ മാറിനൽകുന്നതിൽക്കൂടി വലിയ തുകകൾ കള്ളപ്പണക്കാർക്ക് മാറി എടുക്കാൻ കഴിയും... അതിന് ആവശ്യമുള്ളത് കേവലം ഒരു ഐ ഡി കാർഡ് മാത്രമാണ്..നൂറു തൊഴിലാളികൾ ഉള്ള ഒരു കള്ളപ്പണക്കാരൻ മുതലാളിക്ക് ദിവസ്സം രണ്ടു ലക്ഷത്തിഅൻപതിനായിരം രൂപ മാറി എടുക്കാം.. അതും കേവലം ഒരു മണിക്കൂർ നേരത്തെ Q നില്പിൽക്കൂടി... ഒരു പ്രാവശ്യം 2500 രൂപ മാറുന്നവന് 500 രൂപ കൂലി നൽകിയാലും പിന്നീട് ബാങ്കിലടച്ചു 200 ശതമാനം ടാക്സ് നൽകുന്നതിലും ലാഭമാണ്.. ഉറവിടത്തിനുള്ള ഉത്തരം നൽകുന്ന ലാഭം വേറെ!! പല പ്രാവശ്യമായി പല ബാങ്കുകളിൽ പോയി മാറാൻ കഴിഞ്ഞാൽ മുതലാളിക്കും തൊഴിലാളിക്കും നേട്ടങ്ങൾ ഏറെയാണ്... ഈ നോട്ടു മാറ്റത്തൊഴിലാളിയെ പിന്നീട് പിടികൂടി നിയമത്തിന് മുൻപിൽ കൊണ്ടുവരിക എന്നത് സാങ്കേതികമായും, നിയമപരമായും പ്രായോഗികമല്ല!! ഇങ്ങനെ ആളെവെച്ചു നോട്ടു മാറുന്ന പ്രക്രീയ തുടർന്നാൽ എ ടി എം കൾക്കു മുൻപിലെ Q അവസ്സാനിക്കാനേ പോകുന്നില്ല!! അതുകൊണ്ട് ഗുണമുള്ള വിഭാഗങ്ങൾ പ്രധാനമായും നാലു കൂട്ടരാണ്... 1. കള്ളപ്പണക്കാരൻ,, 2. നോട്ടുമാറ്റ തൊഴിലാളി 3. ബാങ്കിലെ തിരക്ക് ചൂണ്ടിക്കാട്ടി മോഡിയെയും, കേന്ദ്ര സർക്കാരിനെയും പള്ളു പറയുന്നവർ,, 4. മാധ്യമങ്ങൾ....

     ബാങ്ക് അക്കൗണ്ടിൽക്കൂടി മാത്രമേ ടി 2500/- മാറാൻ അനുവദിക്കാവൂ എന്നാണ് എന്റെ പക്ഷം... അക്കൗണ്ട് ഇല്ലാത്തവർക്ക് ത്വരിത സംവിധാനത്തിൽക്കൂടി അത് നൽകണം.. അല്ലെങ്കിൽ നോട്ട് മാറാൻ നൽകുന്ന ഐ ഡി ഉപയോഗിച്ച് ബാങ്കിൽ പ്രത്യേക അക്കൗണ്ടുകൾ തുറന്ന് അന്വേഷണം നടത്തും എന്ന പ്രഖ്യാപനം എങ്കിലും നടത്തണം.. അക്കൗണ്ട് ഉള്ള പലരും നേരിട്ടു പണം മാറുന്ന മോശം പ്രവണത അതോടെ നിൽക്കും.  ആധാർ ഐ ഡി കൾ മാത്രമേ അനുവദിക്കൂ എന്ന് വന്നാലും അട്ടിമറി നിയന്ത്രിക്കാവുന്നതാണ്... 

കള്ളപ്പണമെന്ന രാജ്യവിപത്തിനെ പരാജയപ്പെടുത്തിയെ പറ്റൂ... അതിലേക്കുള്ള വലിയ നേട്ടത്തിന് തടയിടാൻ ദുഷ്ട്ട ബുദ്ധികൾ തുനിഞ്ഞിറങ്ങിയിട്ടുണ്ട്... രാജ്യത്തെ സാധാരണക്കാരായ ബഹുഭൂരിപക്ഷം വിജയിക്കണമെങ്കിൽ കള്ളപ്പണത്തിനെതിരെയുള്ള നടപടി വിജയിക്കണം.. 

[Rajesh Puliyanethu
 Advocate, Haripad]       

Sunday 13 November 2016

നോട്ടു മരവിപ്പിക്കൽ,, ഇന്ത്യൻ സമ്പത് വ്യവസ്ഥയിലെ സർജിക്കൽ സ്ട്രൈക്ക്!!!

     നവംബർ എട്ടാം തീയതി എട്ടുമണിക്ക് പ്രധാനമന്ത്രി ഇന്ത്യൻ സമ്പത് വ്യവസ്ഥയിൽ ഒരു സർജിക്കൽ സ്ട്രൈക്ക് നടത്താനുള്ള തീരുമാനം പ്രഖ്യാപിക്കുന്നു... 500, 1000 എന്നിവയിൽ നിലനിൽക്കുന്ന നോട്ടുകളുടെ പ്രാബല്യം അന്നേദിവസ്സം അർദ്ധരാത്രിയോടെ ഇല്ലാതാകുന്നു... രാജ്യത്തിന്റെ സാമ്പത്തവ്യവസ്ഥയെ ശുദ്ധീകരിക്കുന്നതിന് അനിവാര്യമായ ആ തീരുമാനം പ്രഖ്യാപിക്കുക ഒരു യുദ്ധം പ്രഖ്യാപിക്കുന്നതിലും ധീരമായിരുന്നു.... ഭൂരിപക്ഷമുള്ള ഒരു സർക്കാരിനും,, അതിനെ നയിക്കുന്ന പ്രാപ്തരായ ഭരണാധികാരികൾക്കും മാത്രം കൈക്കൊള്ളാൻ കഴിയുന്ന ഒന്ന്... ബി ജെ പി സർക്കാർ തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു....

     ദൂരവ്യാപകങ്ങളായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന തീരുമാനമെന്ന് ഇടതുപക്ഷർ അഭിപ്രായപ്പെടുന്നു... അതിനെ തിരുത്തി ദൂരവ്യാപകമായ ഫലങ്ങൾ ഉണ്ടാക്കുന്ന തീരുമാനം എന്ന് പറയുന്നതിനാണ് പൊതുജനം താല്പര്യപ്പെടുന്നത്.... രാജ്യത്തിന് ഗുണകരമായ ഭാവി ഉണ്ടാക്കുന്ന തീരുമാനം  എന്ന് സാമാന്യബുദ്ധിയുള്ള പൊതുജനം ഈ പ്രഖ്യാപനം ഉണ്ടായ അന്നുതന്നെ വിധിയെഴുതിയതാണ്....  രാഷ്ട്രീയ, വർഗ്ഗ, മത ഭേദം വിട്ട് പലരും ആദ്യദിനത്തിൽ ഈ തീരുമാനത്തെ അനുകൂലിച്ചു... പിന്നീടുള്ള ദിവസ്സങ്ങളിൽ ജനങ്ങൾക്ക് ഉണ്ടായ നോട്ടു മാറിയെടുക്കുന്നതിലെയും മറ്റും ചെറിയ ബുദ്ധിമുട്ടുകളെ മുതലെടുത്ത് നാട്ടിൽ കലാപം ഉയർത്തുന്നതിന് ഇതര രാഷ്ട്രീയ പ്രസ്ഥാനങ്ങൾ കൂടിയിരുന്നാലോചിച്ചു തീരുമാനിച്ചു... 

     രാജ്യത്തിന്റെ സമ്പത്‌ വ്യവസ്ഥയെക്കുറിച്ചു പറഞ്ഞു തുടങ്ങുമ്പോൾത്തന്നെ കേട്ടിരുന്ന ആവലാതിയായിരുന്നു ഇവിടുത്തെ ധനം മുഴുവൻ ചില കോണുകളിലും, വ്യക്തികളുടെയും കൈകളിൽ മാത്രമായി ശേഖരിക്കപ്പെട്ടിരിക്കുകയാണെന്നും അത് സമാഹരിച്ചു പൊതുഖജനാവിലും, വിപണിയിലും എത്തിക്കാൻ കഴിവില്ലാത്ത സർക്കാരുകളാണ് ഇവിടം ഭരിക്കുന്നത് എന്നും... പണം ആർജ്ജിക്കുന്നതും, സമ്പാതിക്കുന്നതും കുറ്റകരമല്ലാത്ത ജനാധിപത്യ രാജ്യമായ ഭാരതത്തിൽ നിയമവിരുദ്ധമായി സമാഹരിക്കപ്പെട്ട പണം മാത്രമേ സർക്കാരിന് പിടിച്ചെടുക്കാൻ കഴിയൂ... അത് പണമായി സ്വരൂപിച്ചു വെച്ചിരിക്കുന്നവർ സർക്കാരിന്റെ ആഹ്വാനപ്രകാരം ആ പണം പൊതു ഖജനാവിലേക്ക് അടയ്ക്കില്ല... അതിനാൽ സർക്കാർ നികുതിയിളവുകൾ നൽകിക്കൊണ്ട് ആ പണത്തെ രാജ്യത്തിന്റെ പണമാക്കാനുള്ള ശ്രമം നടത്തി... അതുകൊണ്ടും പൂർണ്ണമായും സാധിക്കാതെ വന്നപ്പോൾ എടുത്ത കർശനമായ തീരുമാനമായിരുന്നു നോട്ടുകൾ മരവിപ്പിക്കുക എന്നത്...

     ചില വ്യക്തികളുടെയും, പ്രസ്ഥാനങ്ങളുടെയും, സ്ഥാപനങ്ങളുടെയും കൈകളിൽ മാത്രം ഒതുങ്ങുന്ന, നികുതി വ്യവസ്ഥകൾക്ക് അനുസൃതമല്ലാത്ത പണം രാജ്യത്തിന്റെ പണമാക്കുക എന്നത് ആർജ്ജവമുള്ള സർക്കാരിന്റെ പ്രവർത്തിയാണ്...  ഇവിടെ സോഷ്യലിസ്സം വരണമെന്നും,, പണക്കാരനിൽ നിന്നും സമ്പത്ത് പിടിച്ചെടുത്ത് രാജ്യത്ത് വിതരണം ചെയ്യണമെന്നുപോലും ആഹ്വാനം നടത്തിയ ഇടതുപക്ഷ പ്രസ്ഥാനം കള്ളപ്പണം പിടിച്ചെടുക്കുന്നതിനുള്ള ഈ സംരംഭത്തിന് തടയിടാനുള്ള പ്രവർത്തികളിൽ തങ്ങൾക്ക് ആവതെല്ലാം ചെയ്യുന്നുണ്ട്....! സോഷ്യലിസ്സവും, കമ്യുണിസവും വെറും പൊയ്മുഖങ്ങളാണെന്നും, രാജ്യത്തിന്റെ പൊതുഗുണമായി വരുന്നതിനെ എതിർക്കുക എന്നതുമാത്രമാണ് തങ്ങളുടെ പ്രവർത്തനശൈലി എന്നും ഇടതുപക്ഷം; പ്രത്യേകിച്ച് സി പി എം, ഒരിക്കൽക്കൂടി തെളിയിച്ചു...

     കള്ളപ്പണം തടയുന്നതിന് ഒന്നും ചെയ്യാൻ കഴിയുന്ന തീരുമാനമല്ല സർക്കാരിന്റെ ഭാഗത്തുനിന്നുമുള്ളത് എന്നും പ്രചരിപ്പിക്കുന്നുണ്ട്... കള്ളപ്പണത്തെ തടയുന്നതിന് ഈ നടപടി പ്രയോജനകരമല്ല,, മറിച്ചു കള്ളനോട്ടിന്റെ വിനിമയത്തെമാത്രമേ തടയൂ എന്നും അക്കൂട്ടർ പറഞ്ഞു വെയ്ക്കുന്നു.. ജനം വീട്ടിൽ കയറി തല്ലണ്ടാ എന്ന് കരുതിയാകാം അതെങ്കിലും സമ്മതിച്ചത്... കള്ളനോട്ടിന്റെ വിനിമയത്തെ തടയുന്ന ഒരു നീക്കം തന്നെ നിസ്സാരമാണോ?? രാജ്യത്തു രണ്ടു ലക്ഷം കോടി രൂപയുടെ കള്ളനോട്ട് ഉണ്ടെന്നു പറയുന്നത് വിമർശകരാണ്... കള്ളപ്പണവും കളളനോട്ടും തടയുന്നതിന് സർക്കാർ എടുത്ത തീരുമാനത്തിലെയും വിമർശകർ ഇവർതന്നെയാണ്.... രാജ്യത്തെ തമാശകൾ പറഞ്ഞു ചിരിക്കുന്നതിന് സമ്മേളനങ്ങൾ വിളിക്കേണ്ടിവരും!! രാജ്യത്തിൻറെ സമ്പത് വ്യവസ്ഥയെ തകർക്കാൻ പാകിസ്ഥാൻ കമ്മട്ടത്തിൽ അടിച്ചനോട്ടുകൊണ്ട് വിനിമയം നടത്താൻ തയ്യാറാണെന്നാണോ ഇവർ പറഞ്ഞു വെയ്ക്കുന്നത്??  ...അതിലും എത്രയോ അഭിമാനമാണ് ഒരാഴ്ച ചെറിയ ബുദ്ധിമുട്ടുകൾ സഹിക്കുന്നത്??....  നമ്മൾ ചെറുതാകാവുകയാണ്... രാജ്യത്തിനുവേണ്ടി ഒന്നും സഹിച്ചു ശീലമില്ല.. എന്തെങ്കിലും സഹിക്കാൻ തയ്യാറാകുന്നുവെങ്കിൽ അതെല്ലാം തനിക്കുവേണ്ടി മാത്രം... എരിതീയിൽ എണ്ണ ഒഴിക്കാൻ തോമസ്സും, കേജരിവാളും..... അങ്ങനെ കിടക്കുകയല്ലേ??? ഈ മണ്ണിൽ നിന്നുകൊണ്ട് ഇവിടെ കലാപം സൃഷ്ട്ടിക്കാൻ ശ്രമിക്കുന്ന ഇവരായാണ് യഥാർത്ഥ ഒറ്റുകാർ... 

     രാജ്യത്തു വിശുദ്ധയുദ്ധം നടത്താൻ കള്ളനോട്ടുകൾ ഇറക്കുന്നവർക്ക് ഒത്താശപാടാൻ തയ്യാറായിരിക്കുന്നവർക്ക്‌ എന്ത് ആത്മാഭിമാനമാണുള്ളതെന്നു മനസ്സിലാകുന്നതേ ഇല്ല... നോട്ടു പിൻവലിക്കൽ തീരുമാനത്തിൽക്കൂടി രാജ്യത്തിന് ഉണ്ടാകാൻ പോകുന്ന നേട്ടങ്ങളെക്കുറിച്ചും ഇടതുപക്ഷങ്ങൾക്ക് താൽപ്പര്യമില്ല... രാഹുൽ പലവിധ കുസൃതികളും കാട്ടും..  അതിൽ ഒന്നായി എ ടി എം ൽ പോയി നിന്നു.. അത്രെമേ കോൺഗ്രസ്സിന്റെ ഭാഗത്തുനിന്നുള്ള പ്രതിഷേധത്തെ കാണുന്നുള്ളൂ.... പക്ഷെ ചരിത്രമാകുന്ന ഈ തീരുമാനത്തെ പിന്തുണക്കുന്നവർ വരുംകാല ഭാരതത്തിന്റെ ഉന്നതിയിൽ പങ്കാളികളാകും എന്നതിൽ സംശയമില്ല... വിമർശിക്കുന്നവർ, ഏതു നല്ലതിനെയും വിമർശിച്ചു ജനമനസ്സുകളിൽ അവമതിപ്പു സൃഷ്ട്ടിക്കുന്ന സി പി എം നു തുല്യവുമാകും.... കാലത്തിന്റെ വിലയിരുത്തലിൽ നല്ലതിനു പാത്രമാകാൻ നമ്മൾ ശ്രമിക്കണം....

     രാജ്യത്തു സമാന്തരസമ്പത് വ്യവസ്ഥയാണ് കള്ളപ്പണം സൃഷ്ടിക്കുന്നത്.... സർക്കാരിന് നികുതി നൽകികൊണ്ട്, സർക്കാർ അക്കൗണ്ടിൽ ചേർത്തുകൊണ്ട് നടക്കുന്ന സാമ്പത്തിക വിനിമയം ഒരു വശത്തും, സാമാന്തരമായി സർക്കാരിന്റെ അറിവോ അനുമതിയോ സർക്കാരിലേക്ക് ലഭിക്കേണ്ട നികുതി നല്കാതെയോ നടക്കുന്ന സാമ്പത്തിക വിനിമയം മറുവശത്തും... രാജ്യത്തു നടക്കുന്ന രാജ്യ വിഭവങ്ങളുടെ ഉപഭോക്തതകൊണ്ട് നിയമപരമായി നൽകേണ്ട പണമാണ് കള്ളപ്പണക്കാർ നൽകാതെ പോകുന്നത്.... അതുവഴി രാജ്യത്തിനുണ്ടാകുന്ന പ്രത്യക്ഷവും പരോക്ഷവുമായ ദോഷങ്ങൾ ചെറുതല്ല... ജനങ്ങളുടെ പുരോഗതിയെ പിന്നോട്ട് നയിക്കുന്നതും ചെറുതല്ല.. അത്തരം കള്ളപ്പണത്തെ പിടിച്ചെടുക്കണമെന്നു മുറവിളികൾ ഉയരുകയും എന്നാൽ നടപടികളിൽ വിമർശിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് കോൺഗ്രസ്സും ഇടതുപക്ഷവും സ്വീകരിക്കുന്നത്... 

     കോൺഗ്രസിനും ഇടതുപക്ഷത്തിനും പൊള്ളുന്നതിന് കാരണങ്ങളുണ്ട്... കഴിഞ്ഞ യു പി എ ഭരണകാലത്തു രാജ്യത്ത് ആകമാനം ഏഴു ലക്ഷം കോടിയിൽ പരം രൂപയുടെ അഴിമതി നടന്നു എന്ന് ആരോപിക്കപ്പെടുന്നു... ഭൂരിപക്ഷം അഴിമതി തുകയും സി ഐ ജി തന്നെ അംഗീകരിച്ചതുമാണ്... എങ്കിൽ ഈ തുകകൾ എവിടെ?? കൊണ്ഗ്രെസ്സ് തന്നെ പറയുന്നു കള്ളപ്പണം ഭാരതത്തിൽ തിരഞ്ഞിട്ടു കാര്യമില്ല,, അതെല്ലാം വിദേശ രാജ്യങ്ങളിൽ നിക്ഷേപിച്ചിരിക്കുകയാണെന്ന്...!! തീർച്ചയായിട്ടും അവർക്കു മാത്രമേ അതെവിടെ എന്ന് പറയാൻ കഴിയൂ.... പക്ഷെ നിങ്ങൾ മാത്രമല്ല രാഹുൽ കോൺഗ്രസ്സേ കള്ളപ്പണക്കാർ.. വേറെയുമുണ്ട്,, അവരെ എങ്കിലും പിടിച്ചോട്ടെ,, നിങ്ങൾക്കുള്ള വെടിയുണ്ടക്ക് സാവകാശം കിട്ടുമെന്ന് കരുതിക്കോളൂ... 

     ഇവിടെ ഭൂമി ഇടപാടുകൾ ഉൾപ്പെടെ പല ഇടപാടുകളും നടക്കുന്നത് മുൻപ് പറഞ്ഞതുപോലെയുള്ള സമാന്തര സാമ്പത്തിക  സംവിധാനങ്ങ ളിൽക്കൂടിയാണ്.! ഒരു ഭൂമിയുടെ വിലയുടെ പത്തിൽ ഒന്ന് മാത്രം സ്റ്റാമ്പ് ഡ്യൂട്ടിയിൽ കാണിക്കുന്നു.... ബാക്കി മുഴുവൻ കള്ളപ്പണമായി നൽകുന്നു.. ഈ സംവിധാനത്തെക്കുറിച്‌ അറിയാത്തവൻ ഉണ്ടെന്ന് ആരും പറയരുത്... ഇത്തരം ഭൂമി ഇടപാടുകളിൽ സർക്കാരിനുള്ള നഷ്ട്ടം കണക്കാക്കിയാൽ കോടികളാണ്... കള്ളപ്പണമായി നൽകുന്ന തുകയിൽ കള്ളനോട്ട് നൽകിയാലും ഭൂമി വിറ്റയാൾ അത് പുറത്തു പറയില്ല.. കാരണം കള്ളപ്പണവ്യവഹാരത്തിന്റെ ഭാഗമാണ് ആ കള്ളനോട്ടും...! കബളിപ്പിക്കപ്പെട്ടവൻ നിസംഗനായി നിൽക്കും,, അത്ര തന്നെ....   

     കള്ളപ്പണമാണ് രാജ്യത്തെ ക്രിമിനൽ പ്രവർത്തനങ്ങൾക്കെല്ലാം ഉപയോഗിക്കുന്നത്... അത് തീവ്രവാദം മുതൽ കൊട്ടേഷൻ പ്രവർത്തനങ്ങളിൽ വരെ പറന്നു കിടക്കുന്നു... കൊട്ടേഷൻ കൊടുക്കുന്നവർ ചെക്കെഴുതിക്കൊടുക്കുന്നതായി കേട്ടുകേഴ്വി പോലുമില്ലല്ലോ.. കള്ളപ്പണമാണ് കൈക്കൂലിയുടെ അടിസ്ഥാനം... കൈക്കൂലി കൊണ്ടും, പണത്തിന്റെ അതിപ്രസ്സം കൊണ്ടും ഏതുവഴിയിലും കാര്യങ്ങൾ നേടിയെടുക്കുമെന്ന അഹങ്കാരം സൃഷ്ടിക്കുന്നത് കള്ളപ്പണമാണ്...  രാഷ്ട്രീയക്കാർ ജനങ്ങളെ സ്വാധീനിക്കാനും, നിയമവിരുദ്ധപ്രവർത്തനങ്ങൾ നടത്തുന്നതിനും ഉപയോഗിക്കുന്നത് കള്ളപ്പണമാണ്.... പാർട്ടിൽ, സ്ഥാനവും ഗ്രൂപ്പും നിലനിർത്തുന്നതിന് ശേഖരിക്കുന്നതും, വിനിമയിക്കുന്നതും കള്ളപ്പണമാണ്... സമൂഹത്തിൽ അനാരോഗ്യകരമായ ആർഭാടങ്ങൾ സൃഷ്ടിക്കുന്നത് കള്ളപ്പണമാണ്.... അക്കൗണ്ട് ചെയ്യാത്ത പണം ചെലവഴിച്ചു തീർക്കുക എന്ന രീതിയാണത്...

     രാജ്യത്തിനു പുറത്തുള്ള കള്ളപ്പണം കൊണ്ടുവരൂ,, കള്ളപ്പണം ചാക്കിൽ കെട്ടി ആരെങ്കിലും വീട്ടിൽ വെക്കുമോ എന്നൊക്കെ മുറവിളിക്കുന്നവരോട് തർക്കങ്ങളിയിൽ ഏർപ്പെടാതിരിക്കുക എന്നതാണ് ഉചിതം.... നോട്ടെണ്ണുന്ന മിഷീൻ വരെ വാങ്ങി കൃത്യമായി തിട്ടപ്പെടുത്തി വെച്ചിരിക്കുന്ന നോട്ടുകളാ... പട്ടിയുടെ കൈയ്യിലെ പൊതിയത്തേങ്ങ പോലെ അതിൽ നോക്കിക്കൊണ്ടിരിക്കുന്നവന്റെ ഹൃദയവേദന,, രാജ്യസുരക്ഷയെന്നും, കള്ളനോട്ടു- കള്ളപ്പണ നിരോധനമെന്നും പറഞ്ഞു ആവേശം കൊണ്ട് നടക്കുന്നവർക്ക് പറഞ്ഞാൽ മനസ്സിലാകില്ല.... അത് തിരിച്ചറിയണമെങ്കിൽ നാലുകെട്ടു പച്ചനോട്ടു തട്ടുമ്പുറത്തു വെച്ചിട്ടുണ്ടാകണം... അതുള്ളവരെല്ലാം ഒന്നിച്ചുകൂടിനിന്നുതന്നെ ഉച്ചത്തിൽ പ്രതിഷേധിക്കുന്നുണ്ട്....   ആത്മഗതവും,, എന്നാലും മോഡീ ........

     രണ്ടായിരത്തി പതിനേഴിന്റെ ആരംഭത്തിൽത്തന്നെ നോട്ടുമരവിപ്പിക്കൽ തീരുമാനത്തിന്റെ ഗുണഫലങ്ങൾ കണ്ടുതുടങ്ങും.... രാജ്യത്തുനിന്നും അപ്രത്യക്ഷമാകുന്ന കള്ളനോട്ടുകളുടെയും, പ്രവർത്തന രഹിതമാകുന്ന കള്ളപ്പണത്തിന്റെയും, നികുതിയിനത്തിൽ ലഭിക്കുന്ന പണത്തിന്റെയും ആകെത്തുക ഏകദേശം നാലുലക്ഷം കൊടിയിൽപ്പരം വരുമെന്നാണ് സാമ്പത്തിക വിദക്തർ അഭിപ്രായപ്പെടുന്നത്....നിലവിൽ സർക്കാരിന്റെ കണക്കുകളിൽ പ്രതീക്ഷിക്കുന്ന നികുതി വരുമാനങ്ങൾക്ക് പുറമെയാണിത്... ആ തുക സർക്കാരിന് ഏതുതരത്തിലെ വികസ്സന ക്ഷേമ പ്രവർത്തനങ്ങൾക്കായും വിനിയോഗിക്കാവുന്നതാണ്.... പ്രതീക്ഷകൾക്ക് അപ്പുറത്തേക്കുള്ള ഒരു കുതിപ്പ് രാജ്യത്ത് ഉണ്ടാകുമെന്നുതന്നെ കരുതാം...

     ദൈനംദിന സാമ്പത്തിക വിനിമയത്തിന് കുറച്ചു ദിവസ്സം പ്രയാസം നേരിടുമെന്നതു മാത്രമാണ് നോട്ടുമരവിപ്പിക്കൽ നടപടിയിലെ ദോഷഫലം... ആ ബുദ്ധിമുട്ടിനെ പരമാവധി ഊതിപ്പെരുപ്പിച്ചൂ നാട്ടിൽ കലാപം സൃഷ്ട്ടിക്കാൻ കളളപ്പണ മാഫിയ ശ്രമിക്കുന്നുണ്ട്.... അതിനെ അതിജീവിക്കേണ്ടത് ഇവിടുത്തെ സാധാരണക്കാരന്റെ ആവശ്യമാണ്... പണിയെടുക്കാൻ തയ്യാറുള്ള ബാങ്ക് ജീവനക്കാരെ സമ്മേളനത്തിന് വിളിച്ചുകൊണ്ടു പോയും,, ബാങ്കിൽ കുഴഞ്ഞു വീഴുന്നയാളിന്റെ ചിത്രം പ്രചരിപ്പിച്ചും, 2000 ത്തിന്റെ നൊട്ടിനു ചില്ലറ കിട്ടാതെ നടന്നവന്റെ കദന കഥ പറഞ്ഞും,, അങ്ങനെ സാധ്യമായ വഴിയിലെല്ലാം ജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കുന്നതിന് ശ്രമിക്കുന്നുണ്ട്... രാജ്യത്തിന്റെ നന്മയ്ക്കായി ഒരൽപം ബുദ്ധിമുട്ടാൻ തയ്യാറാണെന്ന് സ്വയം പറയൂ.. നല്ല പൗരനാകൂ........

[Rajesh Puliyanethu
 Advocate, Haripad]

Friday 11 November 2016

""ദേശസ്നേഹം"" വെറുക്കപ്പെത്?? വിളിപ്പുറത്തെത്തിയ തീവ്രവാദം!!

     ദേശസ്നേഹം ഒരു മഹത്തായ വികാരമായാണ് പരിഗണിക്കപ്പെടുന്നത് എന്നാണ്  കരുതൽ... പാഠ്യപദ്ധതികളിലും,  സ്വാതന്ത്ര്യ സമരകാല ചരിത്രത്തിലും മറ്റും രാജ്യത്തിന്റെ അഭിമാനത്തിനായി പൊരുതി ജീവൻ കളഞ്ഞ മഹത് വ്യക്തിത്വങ്ങളെ ആദരവോടെയും,, ആവേശപൂർവ്വവുമാണ് അവതരിപ്പിച്ചിരിക്കുന്നത്.. അതുവഴി വീണ്ടും നാടിനുവേണ്ടി ജീവൻ നൽകാൻ സന്നദ്ധരായ പൊതുസമൂഹത്തെ സൃഷ്ട്ടിക്കാൻ കഴിയും എന്നും ദേശീയതയെ അരക്കിട്ടുറപ്പിക്കാൻ കഴിയും എന്നും പൂർവ്വകാല ജനത വിശ്വസ്സിച്ചിട്ടുണ്ടാകാം... സ്വാതന്ത്ര്യ സമരം കഴിഞ്ഞിട്ട് നാളിത്രത്തോളം ആയതുകൊണ്ടും,, ചരിത്രം വായിച്ചു് ആവേശം കൊള്ളാൻ ആളില്ലാത്തതുകൊണ്ടും ഭാരതം സമീപകാലത്തൊന്നും തീവ്രമായ അധിനിവേശ ഭീഷണി നേരിടാത്തതുകൊണ്ടുമാകാം നാട്ടിൽ പലർക്കും ദേശീയതയും ദേശസ്നേഹവും മ്ലേശ്ചമായ പദങ്ങളായിപ്പോയത്.....

     ദേശീയതയെയും, ദേശസ്നേഹത്തെയും വിലകുറഞ്ഞ വികാരങ്ങളായി അവതരിപ്പിക്കപ്പെടാൻ തുടങ്ങിയിട്ട് കേവലം നാളുകൾ മാത്രമേ ആയിട്ടുള്ളു... പതിനഞ്ചു വര്ഷക്കാലത്തിനു മുൻപുള്ള ഒരു സമയം ഒരു തീവ്രവാദിയും  ഇവിടെ ന്യായീകരിക്കപ്പെടുമായിരുന്നില്ല... പക്ഷെ അതിനും നാളുകൾക്കുമുന്പ് വിഘടനവാദികൾ തുടങ്ങിയ ശ്രമത്തിനു കിട്ടിയ ഗുണമാണ്  ഇന്നു അവർക്കു ലഭിക്കുന്ന സ്വീകാര്യതയും, പരസ്യമായി ന്യായീകരിക്കപ്പെടാനുള്ള സാഹചര്യവും... !! അതിനു പൂർവ്വകാലത്തു വളമിട്ടു നൽകിയത് കൊണ്ഗ്രെസ്സ് പാർട്ടിയും,, മുസ്ളീം ലീഗും ആയിരുന്നെങ്കിൽ ആ വിഭാഗത്തെ മൊത്തമായി ഹൈജാക് ചെയ്തത് സമീപകാല കമ്യുണിസ്റ്റ് പ്രസ്ഥാനങ്ങളാണ്.. തങ്ങളുടെ മൊതലിനെ കമ്യുണിസ്റ്റ് കൊണ്ടുപോയി എന്ന ചിന്തയിൽ വിഷണ്ണരായാണ് കോൺഗ്രസ്സിന്റെ നിൽപ്പ്... തിരിച്ചു പിടിക്കാൻ ആവതെല്ലാം ചെയ്യുന്നുമുണ്ടു... വോട്ടുബാങ്ക് രാഷ്ട്രീയത്തെ മുൻനിർത്തി നടത്തിയ പ്രവർത്തനങ്ങൾ ദേശീയതയെയും,, ദേശസ്നേഹത്തെയും അവമതിപ്പുള്ള വികാരങ്ങളാക്കി... രാജ്യത്തിനുവേണ്ടി പോരാടി മരിക്കുന്ന പട്ടാളക്കാരൻ പോലും രണ്ടുതരത്തിൽ വ്യാഖ്യാനിക്കപ്പെടാനും,, വിമർശനങ്ങൾക്ക് പാത്രീഭൂതരാകാനും തുടങ്ങി.... അവിടെയെല്ലാം ന്യായീകരിക്കപ്പെട്ടത് വിഘടനവാദത്തെ പിന്തുണക്കുന്നവരായിരുന്നു...

     ഇസ്‌ലാമീക തീവ്രവാദം നമുക്കുവളരെ അടുത്തെത്തിയെന്നതിന്റെ തെളിവാണ് ഈ വക ന്യായീകരണങ്ങൾ... കാരണം ഭാരതത്തിൽ രാഷ്ട്രീയമായി അധികാരം സ്ഥാപിക്കാനാണ് അവർ ശ്രമിക്കുന്നത്... രാഷ്ട്രീയമായ തീവ്രവാദപ്രവർത്തണമെന്നും,, ഭൗതീകമായതെന്നും തീവ്രവാദ പ്രവർത്തനങ്ങളെ തരംതിരിക്കാം.... ഭാരതത്തിൽ ഇവരണ്ടും പ്രത്യേക അനുപാദത്തിൽ ഉള്ള ചേരുവയാണ് അവർ അവതരിപ്പിക്കുന്നത്... ഒരുവശത്ത് രാഷ്ട്രീയമായി പിടിമുറുക്കാൻ വേണ്ടിയുള്ള ശ്രമങ്ങൾ നടക്കുന്നു... അതിന് ക്രൂരമായ തീവ്രവാദമുഖം സഹായത്തിനായി ഉപയോഗിക്കുന്നു.... രാഷ്ട്രീയത്തിൽ തീവ്രവാദം കലർത്തി പ്രയോഗിക്കുന്നതിനെതിരെ എതിർപ്പുകളും വിമർശനങ്ങളും ഉയർന്നുവരാൻ സാധ്യതകൾ ഏറെയാണ്... അവിടെ തങ്ങൾക്കെതിരെയുള്ള എല്ലാ ശബ്ദങ്ങളെയും ആയുധംകൊണ്ട് ഇല്ലാതാക്കും എന്ന സമീപനം സ്വീകരിക്കുന്നു.. അത്തരം സമീപനം സ്വീകരിക്കുന്നതിന്റെ മുന്നറിയിപ്പായിരുന്നു ജോസഫ് സാറിന്റെ കൈവെട്ടിയ സംഭവം... വിമർശകരെ കൂട്ടത്തോടെ ആക്രമിക്കുക, അതിനായി മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പിന്തുണ നേടുക.. അതുവഴി വിമർശനബുദ്ധിയോടെ കാണുന്നവരെയും നിശ്ശബ്ദരാക്കുക... അതിൽ ഏറെക്കുറെ അവർ മുന്നോട്ടുപോയിരിക്കുന്നു...

     മുസ്‌ലിം മതവിഭാഗത്തിലെ ദേശസ്നേഹികളായ പണ്ഡിതന്മാർ തീവ്രവാദമുഖം ഉയർത്തുന്ന പലവാദഗതികളെയും തള്ളിക്കളയുന്നു... വിശുദ്ധ ഗ്രന്ഥത്തെ തെറ്റായരീതിയിൽ വ്യാഖ്യാനിച്ചു് സമൂഹത്തിൽ അന്ത: ഛിദ്രം സംഭവിപ്പിക്കരുത് എന്ന് മുന്നറിയിപ്പുനൽകുന്നു... പക്ഷെ നിഗൂഢമായ ഏതൊക്കെയോ ശക്തികൾ മതത്തിന്റെ അടിസ്ഥാനത്തിൽ ചേരിതിരിവ് ഇവിടെ ഉണ്ടാകണമെന്ന് ശഠിക്കുന്നു.... അതിനായി മറ്റു മതങ്ങളെ അവഗണിക്കുന്ന രീതിയിലും, പ്രകോപിപ്പിക്കുന്ന രീതിയിലും പ്രസ്ഥാവനകളും,, പ്രവർത്തികളും നടത്തുന്നു... സ്വോഭാവികമായും ഇതര മതസ്ഥർ സംഘടിക്കുകയും എതിർ വികാരത്തിന്റെ ഒരു ചേരി രൂപപ്പെടുകയും ചെയ്യുന്നു...  മുന്പ് പറഞ്ഞ നിഗൂഢ ശക്തികൾ താല്പര്യപ്പെടുന്നതും ഇതുതന്നെയാണ്....

     അഫ്‌സൽ ഗുരു വധത്തോട് അനുബന്ധിച്ചു നടന്ന വിവാദങ്ങളും,, JNU വിലെ നാടകങ്ങളും,, അങ്ങനെ തുടർന്ന് ഇസ്‌ലാമിനുവേണ്ടി എന്നനിലയിൽ ഉയർന്നുകേൾക്കുന്ന പല ശബ്ദങ്ങളും ആസൂത്രിതമായിരുന്നു... ഇവിടെ ഉണ്ടാകുന്ന സ്വീകാര്യതയുടെയും,, സ്വാധീനത്തിന്റെയും പഠനമായിരുന്നു അതൊക്കെ എന്നാണ് എന്റെ പക്ഷം.. പാർലമെന്റ് ആക്രമണം നടത്തി പട്ടാളക്കാരെ കൊന്നൊടുക്കിയ ഒരുവനെ തൂക്കിക്കൊന്നാൽ ഇവിടുത്തെ ഇസ്‌ലാം മത വിശ്വാസികൾക്ക് തെറ്റായി ഒന്നും തോന്നില്ലായിരുന്നു... പക്ഷെ പലവിധ സ്വാധീന ശക്തികളെ ഉപയോഗിച്ച് പലകോണുകളിൽ നിന്നും വിഘടനവാദികൾ വിളിച്ചു പറഞ്ഞു... ഇതെല്ലാം ഇസ്‌ലാമിനുനേരെയുള്ള കടന്നു കയറ്റമാണെന്ന്.. ചിലർ അത്തരം പ്രചാരവേലകളിൽ തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ടാകാം... പക്ഷെ ബഹുഭൂരിപക്ഷത്തിനെയും സ്വാധീനിക്കാൻ കഴിഞ്ഞിട്ടിട്ടില്ല... ഇസ്‌ലാം മതവിശ്വാസികൾ ഒന്നടങ്കം ആശങ്കയിലാണെന്ന് വിളിച്ചു പറഞ്ഞുകൊണ്ട് അവർക്കെല്ലാം വേണ്ടി ഞങ്ങൾ പൊരുതുന്നു എന്ന് തെട്ടിദ്ധരിപ്പിച്ചുകൊണ്ട് മുന്നേറാൻ ശ്രമിക്കുന്നു...

     വന്ദേമാതരത്തിനും,, ദേശീയഗാനത്തിനും മതവും, മതവിരുദ്ധതയും ഉണ്ടെന്ന് കഴിഞ്ഞകാല തലമുറ ചിന്തിച്ചിട്ടുകൂടി ഉണ്ടാകില്ല... മതത്തിന്റെ അടിസ്ഥാനത്തിൽ വിശകലനം നടക്കുമെന്ന് ഒരുകാലത്ത് ചിന്തിച്ചിട്ടു പോലുമില്ലാത്ത ഇത്തരം ദേശീയതയുടെ ചിഹ്നങ്ങൾ പോലും സമീപകാലത്ത് ചോദ്യം ചെയ്യപ്പെട്ടു... മന:പ്പൂർവം ഉയർത്തിക്കൊണ്ടുവന്ന ഇത്തരം വിഷയങ്ങളിൽ പോലും രണ്ടു ചേരിയെ സൃഷ്ട്ടിച്ചു സംവാദങ്ങൾ സംഘടിപ്പിക്കാൻ കഴിഞ്ഞു... അവിടെ ഏകതയുടെ സ്വരം കാണാതെ പോയത് ദൗർഭാഗ്യം എന്നേ പറയാൻ കഴിയൂ... അതുകൊണ്ടാണ് മുൻപ് പറഞ്ഞത് ഇസ്‌ലാമിക തീവ്രവാദികൾ നമുക്കടുത്തെത്തിയെന്നും,, അവർ കാലങ്ങൾക്കു മുൻപ് മുതൽ ലോകത്താകമാനം നടത്തിവന്ന പ്രവർത്തനങ്ങൾക്ക് ഫലം കണ്ടുതുടങ്ങി എന്നും...

     ഇസ്‌ലാമിക തീവ്രവാദത്തെ അനുകൂലിക്കാത്ത രാഷ്ട്രം എന്നതിന് അപ്പുറം ഭാരതത്തിന് ഒരു ഹിന്ദു ഭൂരിപക്ഷ രാഷ്ട്രം എന്ന നിലയിൽ ആഗോളതല ഭീകരതയെ ചേർത്തുവെച്ചു വിശകലം ചെയ്യുമ്പോൾ പ്രാധാന്യമുണ്ടെന്നു കരുതുന്നില്ല.. ഭാരതത്തിൽ തീവ്രവാദത്തെ തുണക്കാത്ത മുസ്ലീങ്ങൾ ഉൾപ്പെടെ ഉള്ളവർ ഒരുഭാഗത്തും, തീവ്രവാദത്തെ പ്രത്യക്ഷമായോ, പരോക്ഷമായോ പിന്തുണക്കുന്ന വിഭാഗങ്ങൾ ചേരുന്നവർ മറുപക്ഷത്തും നിന്ന് പോരടിക്കണമെന്നു മാത്രമേ തീവ്രവാദ ചിന്താഗതിക്കാർ ആഗ്രഹിക്കുന്നുള്ളു.. അത് ഭാരതത്തിൽ ഭൂരിപക്ഷ വിഭാഗമായ ഹിന്ദുവിനെ മാത്രമല്ല അവർ ശത്രുപക്ഷത്ത് കാണുന്നത്... മറിച്ചു് അവർക്കെതിരെ ചിന്തിക്കുന്ന വിഭാഗങ്ങളെ ആകമാനമായാണ്..! ഹിന്ദുവിനെതിരെ മാത്രമുള്ള പോരാട്ടമായിരുന്നു ഇസ്‌ലാമിക തീവ്രവാദികൾ നയിക്കുന്നതെങ്കിൽ,, ആഗോളതലത്തിലെ പോരാട്ടങ്ങളെ എങ്ങനെ വിലയിരുത്തും???  അങ്ങനെ വരുമ്പോൾ ഭാരതത്തിൽ  ഇസ്‌ലാമിന്റെ നേട്ടങ്ങൾക്ക് അനുസൃതമായി സംസാരിക്കുന്നു എന്ന വ്യാജേന രംഗപ്രവേശനം ചെയ്യുന്ന തീവ്രവാദ ചിന്താഅനുഭാവികൾക്ക് എന്ത് അടിസ്ഥാനത്തിലാണ് പിന്തുണയും പരവതാനിയും നൽകുന്നതെന്ന് സി പി എം വ്യക്തമാക്കണം...

     ഇസ്‌ലാമിക തീവ്രവാദത്തെ ഭാരതത്തിന്റെ അതിർത്തികൾക്ക് പുറത്തുനിർത്തണം എന്ന ശബ്ദത്തിന് ശക്തി കുറക്കുന്നതിനുള്ള ബോധപൂർവ്വമായ ശ്രമം നടക്കുന്നു... ഹിന്ദു തീവ്രവാദം എന്ന്  കൂടുതൽ ഉച്ചത്തിൽ വിളിച്ചു പറയുവാനാണ് അവർ ശ്രമിക്കുന്നത്... ഇസ്‌ലാമിക തീവ്രവാദം പോലെ ഹിന്ദു തീവ്രവാദവും ഇവിടെ നിലനിൽക്കുന്നു എന്ന് സമർഥിച്ചു താരതമ്യ ചർച്ചകൾ നടത്തി ഇസ്‌ലാമിക തീവ്രവാദത്തിന് അനുകൂല സാഹചര്യം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്... ഹിന്ദു തീവ്രവാദ പ്രവർത്തനങ്ങൾ നടക്കുന്നു എന്ന് തന്നെ കരുതിയാലും അത് ഇസ്‌ലാമിക തീവ്രവാദം പോലെ ഭയാനകമാകുന്നില്ല... അത് ഒരു കുറ്റകൃത്യം എന്ന രീതിയിൽ മാത്രം കാണാവുന്നതും ഭരണകൂടത്തിന് നിയന്ത്രിക്കാവുന്നതും ആകുന്നു.....

     ഹിന്ദു തീവ്രവാദം ഭയാനകമാകുന്നില്ല എന്ന് പറഞ്ഞതിന് കാരണങ്ങളുണ്ട്.... അതിന് ചരിത്രത്തിന്റെ പിൻബലവുമുണ്ട്... ചരിത്രത്തിൽ ഹിന്ദു തന്റെ തീവ്രമായ നിലപാടുകൾ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചതിന്റെ ഒരുപാട് ഉദാഹരണങ്ങൾ നിരത്താൻ ലഭിക്കില്ല... മതപരമായ തീവ്രമായ നിലപാടുകൾ ഭൂരിപക്ഷം ഹിന്ദു ജനതയിലും ഇല്ല... അതുമാത്രമല്ല മതപരമായ നേതൃത്വങ്ങളെ ഒറ്റക്കെട്ടായി അനുസ്സരിക്കുന്ന പ്രവണത ഹിന്ദുവിനില്ല... ഹിന്ദു മതത്തിൽത്തന്നെ അനേകം ജാതികളും, ദൈവങ്ങളും ഉള്ളതിനാൽ ദൈവ കൽപ്പന എന്ന പേരിൽ അവതരിപ്പിക്കപ്പെടുന്ന ഒന്നിന് മുഴുവൻ മത വിശ്വാസ്സികളിലും സ്വാധീനം ചെലുത്തില്ല...  ഹിന്ദു തീവ്രവാദത്തിന് രാജ്യത്തിനു പുറത്തുനിന്നും പിന്തുണയോ സാമ്പത്തിക- ആയുധ സഹായമോ ലഭിക്കില്ല... ഹിന്ദു ഭൂരിപക്ഷ രാഷ്ട്രങ്ങൾ നേപ്പാളോഴിച്ചു മറ്റൊന്നുമില്ലാത്തതിനാൽ ഹിന്ദു തീവ്രവാദ ആശയങ്ങൾ ഭാരതത്തിന്റെ അതിർത്തിവിട്ട് പുറത്തേക്ക് വ്യാപിക്കില്ല... അതുകൊണ്ടാണ് ഹിന്ദു തീവ്രവാദം എന്ന ആശയപ്രചരണം ഭരണകൂടത്തിനാൽ നിയന്ത്രണം സാധ്യമാണെന്ന് പറയാൻ കാരണം... അതിനെല്ലാം ഉപരിയായി ഹിന്ദുമതത്തിൽ ആശയ- അഭിപ്രായ സ്വാതന്ത്ര്യം ഇസ്‌ലാം മതത്തിനേക്കാൾ വളരെ കൂടുതലാണ്... മതത്തെയും ദൈവത്തെയും ഒരുപോലെ വിമർശിക്കുന്നവർ ഹിന്ദുമതത്തിൽ ധാരാളമാണ്... ആ വിമർശന സ്വാതന്ത്ര്യം ഹിന്ദു തീവ്രവാദ മനോഭാവങ്ങളെ താലോലിക്കാൻ അനുവദിക്കില്ല...  ഹിന്ദു മതത്തെക്കുറിച്ചു ചിന്തിക്കാനും പ്രവർത്തിക്കാനും കാരണം മറ്റുമതങ്ങളുടെ പ്രവർത്തനമാണ്... മറ്റുമതങ്ങളുടെ പ്രവർത്തനവും പ്രീണനവും ഇല്ലായിരുന്നെങ്കിൽ ഹിന്ദുവിലെ ബഹുഭൂരിപക്ഷവും സ്വന്തം മതത്തിന്റെ പേരുപോലും മറന്നുപോയെനേം...!!

     വർത്തമാനകാലത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നതും പ്രാധാന്യം അർഹിക്കുന്നതുമായ വിഷയം മതമാണ്.... ചിലർ മതത്തെ അവഗണിച്ചു് ജീവിക്കണം എന്ന് ആഹ്വാനം ചെയ്യുന്നു... അത് ആശയപരമായി ഗുണകരമായത് എന്നത് ഒഴിച്ചാൽ പ്രായോഗിക തലത്തിൽ അർത്ഥശൂന്യമാണ്... കാരണം ഈ ലോകം തന്നെ ചലിക്കുന്നത് മതത്തിന്റെ അടിസ്ഥാനത്തിലാണ്... അല്ലെന്നു പറഞ്‌ഞ്‌ ആരെങ്കിലും തർക്കിച്ചാൽ അത് ഇരുട്ടുകൊണ്ട് ഓട്ട അടക്കലാണെന്നു പറയേണ്ടി വരും... മധ്യ- പൂർവ്വ ഏഷ്യ മുഴുവൻ മതത്തിന്റെ വിവിധ തലത്തിൽ പ്രവർത്തനങ്ങൾ നടത്തുന്നു... മുസ്ളീം രാഷ്ട്രങ്ങൾ എന്ന് സ്വയം പ്രഖ്യാപിച്ചു പ്രവർത്തിക്കുന്ന രാജ്യങ്ങളിൽ മതത്തിന്റെ പ്രാധാന്യം എടുത്തു പറയേണ്ടതില്ലല്ലോ? ലോകത്തിന്റെ പലഭാഗങ്ങളിൽ ഇന്നു നടക്കുന്ന യുദ്ധങ്ങളിൽ എൺപതു ശതമാനവും മതവുമായി ബന്ധപ്പെട്ടതാണ്.. രാജ്യത്തിന്റെയും, രാഷ്ട്രീയത്തിന്റെയും താൽപ്പര്യങ്ങളും, അഭിപ്രായ വ്യത്യാസങ്ങളിലും ഉടലെടുക്കുന്ന യുദ്ധങ്ങൾ ഏറെക്കുറെ ചരിത്രത്തിന്റെ ഭാഗമായതുപോലെയാണ്... ഇന്ന് രാഷ്ട്രത്തിന്റെയും രാഷ്ട്രീയത്തിന്റെയും ഭാഗമായ സംഘർഷങ്ങൾക്കും മതത്തിൻെറ ഒളിഞ്ഞതോ തെളിഞ്ഞതോ ആയ ഒരു മുഖമുണ്ട്...

      മതേതര രാജ്യമായ ഭാരതത്തിലും മതത്തിന്റെ അതിപ്രസരമാണ് അനുഭവപ്പെടുന്നത്... തെരഞ്ഞെടുപ്പുകളിൽ മതത്തെ മുൻനിർത്തി പ്രവർത്തിക്കുന്നവർക്ക് വളരെയധികം സ്വാധീനം ചെലുത്താൻ കഴിയുന്നു എന്ന ആപത്കരമായ അവസ്ഥയിൽ നിന്നാണ് ഭാരതത്തിന്റെ സമസ്ഥ മേഖലയിലും മതം സ്വാധീനഘടകമായത്... തങ്ങളെ ജയിപ്പിക്കാനോ തോല്പിക്കാനോ കഴിവുള്ള മതസ്വാധീന ശക്തികളെത്തേടി രാഷ്ട്രീയ പാർട്ടികൾ പോയി... എപ്രകാരം അക്കൂട്ടരെ പ്രീണിപ്പിപ്പിച്ചു നിർത്തി തങ്ങളുടെ നിലനിൽപ്പിന് ഉപയോഗിക്കാം എന്ന് അവർ പ്രായോഗികതലത്തിൽ ചിന്തിച്ചു തുടങ്ങി... അവിടെ വോട്ടുബാങ്ക് എന്ന നിലയിൽ ന്യൂന പക്ഷങ്ങളാണ് പ്രീണിപ്പിക്കപ്പെട്ടത്... അസംഘടിതമായിരുന്ന ഹിന്ദു വിഭാഗങ്ങളെ അവഗണിക്കുന്ന നിലപാടുകൾ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ സ്വീകരിച്ചു... വിദേശത്തുനിന്നും തീവ്രവാദ ചിന്താഗതിക്കാരുടെ സ്വാധീനം ഉണ്ടായിരുന്ന ഒരു വിഭാഗം ഇസ്‌ലാമിക വിഭാഗത്തിൽ ഇവിടെ ഉണ്ടായിരുന്നു.... രാഷ്ട്രീയക്കാരുടെ പ്രീണന നയങ്ങളെ മുതലാക്കി ഇക്കൂട്ടർ ഇവിടുത്തെ മുസ്ലീമുകളിൽകൂടി തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിക്കാൻ തുടങ്ങി... ആ ആവശ്യങ്ങൾ രാജ്യതാൽപ്പര്യത്തിന് അനുസൃതമായിരുന്നില്ല,, മറിച്ചു് ഇസ്ളാമിക രാജ്യത്തിനുവേണ്ടി മുറവിളികൂട്ടുന്നവരുടെ മാത്രം ആവശ്യങ്ങളായിരുന്നു... സ്വന്തം നിലനിൽപ്പിനു വേണ്ടി രാഷ്ട്രീയ നേതൃത്വങ്ങൾ ഇതെല്ലാം അംഗീകരിച്ചു കൊടുത്തു... അതാണ് തീവ്രവാദം നമ്മുടെ പടിവാതിൽക്കലും എത്തി നിൽക്കാനുള്ള ഒരു കാരണം.. മുൻപ് പറഞ്ഞത് പോലെ അതിനു പിന്നിൽ ഒരു പാടുകാലത്തെ നയപരമായ പ്രവർത്തനങ്ങളുമുണ്ട്....

      രാഷ്ട്രീയ നേതൃത്വങ്ങളുടെ ന്യൂനപക്ഷ പ്രീണനങ്ങളെ  വലിയ അമർഷത്തോടെ കണ്ടിരുന്ന ഹിന്ദു മത വിഭാഗങ്ങളെ സംഘടിപ്പിക്കാനും സ്വാഭാവികമായി പ്രസ്ഥാനങ്ങൾ മുന്നോട്ടുവന്നു.. ന്യുന പക്ഷത്തെ പ്രീണിപ്പിച്ചു നിർത്തുന്നതിൽ നിന്നും നേട്ടങ്ങൾ കൊയ്യാൻ ശ്രമിച്ചിരുന്ന രാഷ്ട്രീയ ചേരികൾക്കു എതിരായി നിൽക്കുന്ന;; ഭൂരിപക്ഷത്തെ പിന്തുണക്കുന്ന രാഷ്ട്രീയ സാമൂഹിക പ്രസ്ഥാനങ്ങൾ രൂപം കൊണ്ടു... ഈ രണ്ടു വിഭാഗങ്ങളും പ്രത്യയശാസ്ത്ര പരമായും പ്രവർത്തന രീതിയിലും തീർത്തും എതിർവിഭാഗങ്ങളായി നിലകൊള്ളുന്നു.... ഇസ്‌ലാമിക അനുകൂല വിഭാഗമെന്നും, ഇസ്ളാമിക വിരുദ്ധ വിഭാഗമെന്നും രണ്ടുചേരിയിൽ നിന്നുകൊണ്ട് ലോകത്താകമാനം സംഘർഷങ്ങൾ നിലനിൽക്കണം എന്ന് ശഠിക്കുന്ന ഇസ്ളാമിക തീവ്രവാദ ഗ്രൂപ്പുകൾക്ക് ഭാരതത്തിലെ ഇന്നത്തെ രാഷ്ട്രീയ- മത സാഹചര്യം അനുകൂലമാണെന്ന് പറയാതിരിക്കാൻ കഴിയില്ല... അതിന് ന്യുനപക്ഷങ്ങളെ വോട്ടുബാങ്ക് എന്ന ഭാവനയിൽ പ്രീണിപ്പിച്ചു പ്രവർത്തിച്ച ഇടതു- വലതു രാഷ്ട്രീയ പ്രസ്ഥാനങ്ങൾ തന്നെയാണ് കാരണക്കാർ... ഹിന്ദു മറുചേരിയിൽ ഒന്നിച്ചത് അത്തരം ന്യൂനപക്ഷ  പ്രീണന രാഷ്ട്രീയത്തിന്റെ ഉൽപ്പന്നവുമാണ്... 

      ലോകത്താകമാനം ഇന്ന് മതത്തെപ്പറ്റി കൂടുതൽ സംസ്സാരങ്ങൾ കേൾക്കുന്നു... ആഗോള പ്രതിഭാസത്തിന്റെ അലകൾ എന്ന നിലയിലാകാം ഭാരതത്തിലും മതത്തെപ്പറ്റി ആളുകൾ ഒരുപാട് സംസ്സാരിക്കുകയും, ആകുലതപ്പെടുകയും ചെയ്യുന്നു... മതത്തിൽ ഊന്നിയ ഒരു ചിന്താധാര ഇവിടെ ഉരുണ്ടു കൂടിയിരിക്കുന്നു... അതിനും മുൻപ് പറഞ്ഞപോലെ കാലങ്ങളുടെ അധ്വാനമുണ്ട്... ഇസ്‌ലാമികരാജ്യം എന്ന ആശയം വെച്ച് പുലർത്തുന്നവരുടെ ഇടയിൽ നിന്നുള്ള പ്രചോദനങ്ങളാണ് ഇത്തരം ആകുലതകൾക്ക് കാരണം... വെള്ളത്തിൽ വീണു മരിക്കാൻ പോകുന്ന സ്ത്രീ തന്റെ ഇക്ക മാത്രം എന്നെ സ്പർശിക്കാവൂ എന്ന് വിളിച്ചു കൂവുന്നു,, നവജാത ശിശുവിന് അഞ്ചു ബാങ്ക് വിളിക്കു ശേഷം മാത്രമേ മുലപ്പാൽ നൽകാൻ പാടുള്ളു എന്ന് ശഠിക്കുന്നു,, ഹിന്ദു ക്ഷേത്രങ്ങൾക്ക് പിരിവു നൽകുന്നത് വേശ്യാലയത്തിനു പണം നൽകുന്നത് പോലെയെന്ന് പറയുന്നു,, പ്രസവമെടുക്കുന്നതിനു ഡോക്റ്ററുടെ സഹായം തേടുന്നത് അനിസ്ളാമികമാണെന്നു പറയുന്നു,, അങ്ങനെ ഒരുപാട് പ്രഖ്യാപനങ്ങൾ... സമൂഹത്തിൽ മുൻപ് കേട്ടുകേഴ്വി ഇല്ലാതിരുന്ന ജീവിത ചര്യകൾ ഷിർക്കുകളായി പറഞ്ഞു കേൾക്കുന്നു... ആകുലത ഉയർത്തുന്നത്, ഇവയെയെല്ലാം സമൂഹം ഒറ്റക്കെട്ടായി തള്ളിക്കളയുന്നതിനു പകരം രണ്ടുചേരിയിൽ നിന്നുകൊണ്ട് ചർച്ച ചെയ്യുന്നതാണ്... ഈ രണ്ടു ചേരികൾക്കിടയിലെ വിടവ് തീവ്രവാദത്തിനുള്ള സുരക്ഷിത പാതയാണ്...

     സമൂഹത്തിനു ആപത്കാരമേതെന്ന് ഇവിടെ ഉണ്ടാകുന്ന എല്ലാവിധമായ സംഭവ വികാസങ്ങളിൽ നിന്നും അപഗ്രഥിച്ചു മനസ്സിലാക്കുന്നതിനുള്ള കഴിവ് പൊതു ജനതയ്ക്ക് ഉണ്ടാകണം... അത് തന്റെ മതത്തിൽ നിന്നോ പ്രസ്ഥാനത്തിൽ നിന്നോ ആണെങ്കിലും നിശിതമായി എതിർക്കുന്നതിനുള്ള ആർജ്ജവവും ഉണ്ടാകണം... ഒരു വിഷയത്തിൽ തെറ്റായ നിലപാട് ഏതു വിഭാഗമാണ് എടുത്തത് എന്ന് പ്രത്യക്ഷമാണെങ്കിലും സാമൂഹിക രാഷ്ട്രീയ വിഭാഗങ്ങൾ വിമർശനങ്ങൾക്ക് തയ്യാറാകില്ല... പ്രത്യേകിച്ച് ന്യൂനപക്ഷ വിഭാഗങ്ങളാണ് പ്രതിസ്ഥാനത്തെങ്കിൽ ഒട്ടും തയ്യാറാകില്ല....  മലപ്പുറത്ത് സ്ഫോടനം നടന്നു,, ആരാണത്തിന്റെ പിന്നിലെന്ന് ഉഹാപോഹങ്ങൾ മാത്രമേ ഉണ്ടായിരുന്ന അവസ്സരത്തിലും നിയമസഭയിൽ കുറ്റക്കാർ ആരെന്നു കണ്ടുപിടിക്കുന്നതിലല്ല;; മറിച്ചു് ഇസ്ളാമിനെ ഇതിന്റെ പേരിൽ കുറ്റപ്പെടുത്താൻ സമ്മതിക്കില്ല എന്നതായിരുന്നു ഭരണ പ്രതിപക്ഷങ്ങളുടെ വിഷയം... "അച്ഛൻ പത്തായത്തിലില്ല" എന്ന് പറയും പോലെ ഇസ്‌ലാമിനെ അപമാനിക്കലാണത്... മാത്രമല്ല പ്രതിസ്ഥാനത്തു ആശയമോ, മതമോ, വ്യക്തിയോ, പ്രസ്ഥാനമോ ഏതായിരുന്നാലും ഒറ്റപ്പെടുത്തുകയല്ലെ വേണ്ടത്?? മറ്റേതൊരു പരിഗണനയ്ക്കും അപ്പുറം??

     മതത്തെ ഒഴിവാക്കിയ ഒരു സാമൂഹിക ജീവിതം രൂപപ്പെടാനൊന്നും പോകുന്നില്ല... പക്ഷെ എന്റെയും നിന്റെയും മതം രാജ്യത്തിന് ഏതൊക്കെവിധത്തിൽ ഗുണവും ദോഷവും ചെയ്യുന്നു എന്ന് ചിന്തിക്കാനുള്ള ശേഷി മാത്രം ഉണ്ടായാൽ മതി... കൂടാതെ മതം ഏതൊരു കറുത്ത തുണിയാൾ നമ്മുടെ കാഴ്ചയെ മറക്കാൻ ശ്രമിച്ചാലും അതുയർത്തി തെളിഞ്ഞ ആകാശം കാണുവാനുള്ള സ്വാതന്ത്ര്യം നമുക്കുണ്ടെന്ന തിരിച്ചറിവും വേണം.... 

[Rajesh Puliyanethu
 Advocate, Haripad]

Tuesday 25 October 2016

രാഷ്ട്രീയ ബോധം,, ഒരു പരമ്പരാഗത വിശ്വാസ്സം.........!!

     നമ്മുടെ ഇടയിൽ ഓരോരുത്തരും വിവിധങ്ങളായ രാഷ്ട്രീയ പാർട്ടികളോടും,, അതിന്റെ വീക്ഷണങ്ങളോടും ആകൃഷ്ടരായിട്ടുള്ളവരാണ്... ഈ രാഷ്ട്രീയ വീക്ഷണങ്ങളിലേക്ക് ആളുകൾ എത്തിച്ചേരുന്ന കാരണങ്ങളിൽ ഒന്നിനെക്കുറിച്ചു എനിക്കുണ്ടായ അനുഭവം വിവരിക്കാനാണ് ഈ എഴുത്ത്.... 

     എന്റെ സ്കൂൾകാല സുഹൃത്തായിരുന്ന ഷംസീർ കുറച്ചു ദിവസങ്ങൾക്കു മുൻപ് എന്നെ കാണാൻ വന്നു... സ്കൂൾ തലത്തിനു ശേഷം നിരന്തര ബന്ധം അയാളുമായി ഉണ്ടായിരുന്നില്ല.. വല്ലപ്പോഴും കാണും,, എന്തെങ്കിലും കുശലാന്വേഷണം നടത്തും,, പിരിയും,, അത്രമാത്രം... 

     ഷംസീർ എന്നെ കാണാൻ വന്നപ്പോൾ കൂടെ ഒരാൾ ഉണ്ടായിരുന്നു... ഷംസീർ അയാളെ പരിചയപ്പെടുത്തി.. എന്റെ മകളുടെ ഭർത്താവാണ്.. ഷാനവാസ്... ഷാനവാസ് എനിക്ക് പുതിയ മുഖമല്ല.. ഒരു ഖാദർ ധാരിയായാണ് ഞാൻ കണ്ടിട്ടുള്ളത്...  ഷംസീറുമായുള്ള ബന്ധം അറിയില്ലായിരുന്നു എന്ന് മാത്രം... ചില ഡോക്യൂമെന്റസ് നോക്കികൊടുക്കണം,, ചില എഗ്രിമെന്റുകൾ തയ്യാർ ചെയ്യണം അതു മാത്രമായിരുന്നു അവരുടെ ആവശ്യം... സംസാരങ്ങൾക്കു ശേഷം ഞങ്ങൾ പിരിഞ്ഞു... 

     വീണ്ടും കേസ്സുകാര്യങ്ങളുടെ ആവശ്യത്തിന് ഷാനവാസ്സ്‍ എന്നെ കാണാൻ വന്നു... പഴയ ഖദർ ധാരിയിൽ നിന്നും ജീൻസ്സിലേക്കുള്ള മാറ്റത്തെപ്പറ്റി ഞാൻ ചോദിച്ചു.. അയാൾ പറഞ്ഞു.... """ഷബാനെ കെട്ടിയതിൽ പിന്നാ... രാജേഷ് ചേട്ടന് അറിയാമെല്ലോ,, അവളുടെ അത്ത വലിയ സഖാവാ.... ബ്രാഞ്ചിന്റെ ചുമതലയുമുണ്ട്... അപ്പോപ്പിന്നെ അവരുടെകൂടെ നിൽക്കുവാ ഗുണം... അവടത്താ പറഞ്ഞിട്ടാ,, കൊറച്ചു നാള് ഒന്നും ഇല്ലാതെ നിൽക്കാൻ""".....!!!!

      യൂത്ത് കോൺഗ്രസിന്റെ സജീവ പ്രവർത്തകനായിരുന്ന ഒരുവന്റെ രാഷ്ട്രീയ നിലപാടുകൾക്കുണ്ടായ മാറ്റത്തിന്റെ അടിസ്ഥാനം അയാളുടെ ഭാര്യയുടെ പിതാവ് ഇടതുപക്ഷത്ത് സ്വാധീനമുള്ള ഒരാളാണ് എന്നതാണ്... എത്ര വികലമായ രാഷ്ട്രീയ വീക്ഷണമാണ് ഇതെന്നു കാണൂ... അച്ഛൻ ഇടതുപക്ഷ നേതാവെങ്കിൽ മകനും ഇടതൻ.... അമ്മായി അപ്പൻ വലതനെങ്കിൽ മരുമകൻ വലതൻ... 

     ഇതാണ് അങ്ങ് ഡൽഹിയിൽ മുതൽ കാണുന്ന രാഷ്ട്രീയ വീക്ഷണം... രാജീവ് ഗാന്ധി കൊണ്ഗ്രെസ്സ്കാരനായതിനാൽ രാഹുൽ കൊണ്ഗ്രെസ്സ്കാരൻ... രാഹുലിന് സ്വതന്ത്ര്യ രാഷ്ട്രീയ വീക്ഷണമില്ല.... താഴേക്കിടയിലെ ഷാനവാസിനും സ്വതന്ത്ര്യ രാഷ്ട്രീയ വീക്ഷണമില്ല.... പരമ്പരാഗതമായി ഒരു സ്വത്തു കൈമാറ്റം പോലെ രാഷ്ട്രീയ വീക്ഷണവും കൈമാറുന്നു... ജനാധിപത്യത്തിന്റെ സ്വാതന്ത്ര്യങ്ങളെ എത്രത്തോളം മൂടിവെയ്ക്കുന്നു ഇക്കൂട്ടർ... അവരെല്ലാം തന്നെ തന്റെ അപ്പോൾ നിൽക്കുന്ന പാർട്ടിയുടെ പ്രത്യയശാസ്ത്ര മൂല്യങ്ങൾക്കായി തർക്കങ്ങളിൽ ഏർപ്പെടുന്നു... പരസ്പ്പരം തല്ലുന്നു.. കൊല്ലാനും മരിക്കാനും തയ്‌യാറാകുന്നു...  

     മാറിനിന്നു നോക്കിയാൽ വലിയ താമാശ ആയിരിക്കുന്നു രാഷ്ട്രീയം... തനിക്കെന്തു ലാഭം എന്നു നോക്കി രാഷ്ട്രീയ പാർട്ടികളെ തെരഞ്ഞെടുക്കുന്നു... തന്റെ ചിന്തയിലെ ത്രിപ്ത്തിയോ,, ന്യായമോ ഒന്നും ആലോചിക്കാതെ പിന്താങ്ങുന്നു.. ജയ് വിളിക്കുന്നു.... പോരടിക്കുന്നു... രാഷ്ട്രമോ, രാഷ്ട്രീയമൊ തിരിച്ചറിയാത്ത കുറെ കോലാഹലസൃഷ്ട്ടാക്കൾ മാത്രമാകുന്നു ഇന്നത്തെ ഭൂരിപക്ഷം രാഷ്ട്രീയ പ്രവർത്തകരും, അനുഭാവികളും....! 

     രാജ്യത്തിന്റെ നിലനിൽപ്പ് ജനതയുടെ ജനാധിപത്യ വിശ്വാസ്സങ്ങളിലും, മൂല്യബോധത്തിലുമാണുള്ളത്... അത് വിജയിക്കണമെങ്കിൽ സ്വതന്ത്രമായ ചിന്തയും, വിശ്വാസ്സവും രൂപം കൊള്ളണം...അപഗ്രഥിച്ചു മനസ്സിലാക്കി പ്രവർത്തിക്കാൻ കഴിവുള്ള പൊതുസമൂഹത്തെ സ്വാധീനിച്ചു പരാജയപ്പെടുത്താൻ ആർക്കും കഴിയില്ല... സ്വതന്ത്രമായ സ്വന്തം ചിന്തകൾ വ്യക്ത്തിക്കൊപ്പം രാജ്യത്തെയും വളർത്തും.....

[Rajesh Puliyanethu
 Advocate, Haripad]  

Wednesday 19 October 2016

അഭിഭാഷകരിൽ പത്രക്കാരും,, പത്രക്കാരിൽ അഭിഭാഷകരില്ല...!!

     അഭിഭാഷകരും, പത്രക്കാരും സമൂഹനടത്തിപ്പിന്റെ നിർണ്ണായക ഘടകങ്ങളാണെന്ന് പറഞ്ഞു കേൾക്കുന്നു.... ലെജിസ്ലേറ്റീവ്,, ബ്യൂറോക്രസി,, ജുഡീഷ്യറി എന്നിങ്ങനെ ജനാധിപത്യത്തെ നിലനിർത്തുന്ന തൂണുകളിൽ നാലാമതായി ഉള്ളതാണത്രേ മീഡിയ.. മുൻപറഞ്ഞ മൂന്നും ജനാധിപത്യ വ്യവസ്ഥയുടെ പൊതുമേഘലാ സ്ഥാപനങ്ങളാകുമ്പോൾ സ്വയം ജനാധിപത്യത്തിന്റെ നാലാം തൂണായി അവരോധിച്ച സ്വകാര്യ സ്ഥാപനങ്ങളാണ് മാധ്യമ സ്ഥാപനങ്ങൾ...!! അവർക്ക് ജനാധിപത്യത്തിൽ യാതൊരു പങ്കുമില്ലേ എന്ന് മറുചോദ്യം ഉയർത്തിയാൽ തീർച്ചയായും പറയാം,, ജനാധിപത്യത്തിൽ സ്ഥാനം മാധ്യമ സ്ഥാപനങ്ങൾക്കല്ല,,  മറിച്ചു് ഭരണഘടന വിഭാവനം ചെയ്യുന്ന പൊരുൾനിറഞ്ഞ ആശയമായ ''അഭിപ്രായ സ്വാതന്ത്ര്യത്തിനാണ്''.....അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ തണലാണ് മാധ്യമ സ്വാതന്ത്ര്യത്തിനുള്ളത്... മാധ്യമങ്ങൾ ആവശ്യപ്പെടുന്ന സ്വാതന്ത്ര്യങ്ങളുടെയും, അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും സീമകൾ ഒന്നാണെന്ന് സ്ഥാപിക്കാനുള്ള ശ്രമങ്ങൾ  നടക്കുന്നു എന്ന് മാത്രം... കച്ചവടത്തിന്റെയും,, രാഷ്ട്രീയത്തിന്റെയും,, മതത്തിന്റെയും,, പ്രചരണ- കുപ്രചരണ ദൗത്യം മാധ്യമരംഗം ഏറ്റെടുത്തപ്പോൾ മാധ്യമപ്രവർത്തകർ തങ്ങളുടെ ശിരസ്സിൽ കിളിർക്കുന്ന കൊമ്പിന്റെ സൗന്ദര്യം ആസ്വദിക്കുകയായിരുന്നു... അവിടെ അഭിപ്രായ സ്വാതന്ത്ര്യം എന്നത് "പത്രക്കാർക്ക് മാത്രം പറയാനുള്ള സ്വാതന്ത്ര്യം" എന്ന് ചുരുക്കിപ്പറയാൻ ബോധപൂർവ്വമായ ശ്രമവും ഉണ്ടായി... പക്ഷെ അതിനെതിരെ ശബ്ദിക്കാൻ സാമൂഹിക, രാഷ്ട്രീയ, കലാ രംഗത്തെ അധികമാരും മുൻപോട്ടു വന്നില്ല എന്നതാണ് ഈ രംഗത്തെ അപചയത്തിന്റെ കാരണവും!!

     വളരെ ലളിതമായ മാനുഷിക വികാരങ്ങളാണ് മനുഷ്യനെ പത്രക്കാർക്കെതിരെ പ്രതികരിക്കുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നത്... അതിൽ പ്രധാനം എല്ലാവരും പ്രശസ്തി ഇഷ്ട്ടപ്പെടുന്നു എന്നതാണ്... ആൾക്കൂട്ടത്തിൽ നിൽക്കുന്ന തന്റെ ഒരു പടം പത്രത്തിൽ കണ്ടാൽ ആ പത്രത്താളുമെടുത്ത് നാട്ടുകാരെ കാണിക്കാനിറങ്ങുന്നവരാണ് നമ്മളിൽ പലരും.. അതിന്റെ മറുവശം തന്നെയാണ് രണ്ടാമത്തെ കാരണം... മനുഷ്യൻ കുപ്രചരണങ്ങളെ ഭയക്കുന്നു... ഇതുരണ്ടും നൽകാനുള്ള പത്രക്കാരന്റെ കഴിവാണ് അവന്റെ ശക്ത്തി.. അങ്ങനെ പത്രക്കാരനെ പ്രീതിപ്പെടുത്തി നിർത്തിയാൽ അവരുടെ പിന്തുണയും അതുവഴി സമൂഹത്തിൽ അംഗീകാരവും ലഭിക്കുമെന്നിരിക്കെ എന്തിനവരെ പിണക്കണം എന്നതായി പൊതുധാരണ...!! സമൂഹശ്രദ്ധയിലേക്ക് വരുന്നവരും,, മുഖ്യധാരയിൽ നിൽക്കുന്നവർക്കും ഒരുപോലെ പത്ര പ്രവർത്തകരെ ആവശ്യമായി വന്നതോടെ ഏതൊരു അധികാരസ്ഥാപനത്തിന് നേരെയും ധാർഷ്ട്യം പുലർത്താനുള്ള ക്ഷമത ഉള്ളവരായി പത്രക്കാർ മാറി... ചെറിയ ഗ്രാമങ്ങളിൽ പോലും ആരും ഭയക്കുന്ന,, പ്രത്യേകിച്ച് മാന്യമായി ജീവിക്കുന്നവർ ഭയക്കുന്ന ഒരു പരദൂഷണ കഥാപാത്രം ഉണ്ടാകും... അവരെ എല്ലാവരും ഭയക്കുന്നു... ആ കഥാപാത്രത്ത്തിന്റെ ഒരു ഗ്ലോറിഫൈഡ് രൂപമാണ് ഇന്നത്തെ പത്രപ്രവർത്തനവും,, അതിനോട് മനുഷ്യൻ കാട്ടുന്ന ഭയവും...!!  ആരെങ്കിലും പത്രക്കാരനോട് ഒന്നെതിർത്തു നോക്കൂ... അടുത്ത നിമിഷം അവൻ പ്രതികരിച്ചിരിക്കും... "" എഴുതി നാറ്റിച്ചുകളയും ഞാൻ"' എന്ന്!!

     സ്വാതന്ത്ര്യ സമരകാലത്തും, പിന്നിടിങ്ങോട്ടും പത്ര മാധ്യമങ്ങൾ അഭിപ്രായ സ്വാതന്ത്ര്യം എന്നതിനെ എത്ര മഹനീയമായി ഉപയോഗിച്ചു എന്നതിന് പലവിധമായ തെളിവുകൾ ഉണ്ട്... അതിലെല്ലാം സത്യത്തെ പുറത്തുകൊണ്ടുവരുക എന്ന ലക്ഷ്യവും,, ദേശീയതയെ അരക്കിട്ടുറപ്പിക്കുക എന്ന ലാഭവും മാത്രമേ അക്കാല പത്രപ്രവർത്തകർ കണ്ടിരുന്നുള്ളൂ... പൂർവ്വകാല പത്രപ്രവർത്തകരിൽ കണ്ടിരുന്ന സവിശേഷത എന്നത് അവരാരും കേവലം പത്രപ്രവർത്തകർ മാത്രമായിരുന്നില്ല ... മറിച്ചു് സാമൂഹിക പരിഷ്ക്കർത്താക്കളും, ദേശീയ വാദികളും ആയിരുന്നു എന്നതാണ്... തങ്ങളുടെ പുരോഗമന ആശയങ്ങളെ പൊതുസമൂഹ സമക്ഷം അവതരിപ്പിക്കുന്നതിനുള്ള മാർഗ്ഗമായാണ് അവർ പത്ര പ്രവർത്തനത്തെ കണ്ടിരുന്നത്... തങ്ങളുടെ പത്രകോപ്പികൾ വിറ്റഴിക്കുന്നതിനെക്കുറിച്ചോ,, തങ്ങളുടെ പ്രദർശന പാടവത്തിന്റെ റേറ്റിങ്ങോ അവർക്ക് വിഷയമായിരുന്നില്ല... അവരാരും ആരുടെയും ഉറക്കറയിൽ ക്യാമറയുമായി ചെന്നുവെന്നോ, ഒരു സ്ത്രീയുടെയും രതി ഗാംഭീര്യം എഴുതി കേമന്മാരായതായോ നാം കേട്ടിട്ടില്ല..  ദൗർഭാഗ്യമെന്നു പറയട്ടെ അത്തരം മുൻകാല പത്രപ്രവർത്തകരുടെ പിന്മുറക്കാരെന്ന വീരവാദം മാത്രമെ ഇന്നത്തെ മാധ്യമ പ്രവർത്തകർക്ക് ആവശ്യമുള്ളൂ.... മറിച്ചു് ധാർമികത ആവശ്യമില്ല... പണം വളരെയേറെ ചെലവഴിച്ചു നടത്തുന്ന മാധ്യമ വ്യവസായത്തിൽ മൽസ്സരവും, പണാധിപത്യവും ഒഴിവാക്കുവാൻ കഴിയില്ലല്ലോ??

     രാഷ്ട്രീയ- സാമൂഹിക- കലാ- ഉദ്യോഗസ്ഥ രംഗങ്ങളിലെ നിർണ്ണയശക്ത്തിയായി മാധ്യമ രംഗം മാറിയതിന് മറ്റൊരു പ്രധാന കാരണം ഭരണരംഗത്തെ അഴിമതിയും കെടുകാര്യസ്ഥതയും ആണ്... തങ്ങളുടെ പ്രവർത്തിദോഷങ്ങളെ ഏതെങ്കിലും പത്രക്കാരൻ പുറത്തുകൊണ്ടുവരുമോയെന്ന് പല മേലാളന്മാരും ഭയന്നു... അത്തരക്കാരുടെ തെറ്റുനിറഞ്ഞ പ്രവർത്തനങ്ങളുടെ വാർത്തകളെ റേറ്റിങ് ഉയർത്തുക,, ബാർഗെയിനിങ് ഉപാധിയാക്കുക,, തന്റെ രാഷ്ട്രീയ- കച്ചവട താൽപ്പര്യങ്ങൾക്ക് അനുസൃതമായി വിനിയോഗിക്കുക തുടങ്ങിയ ആവശ്യങ്ങളിലേക്ക് മാത്രം പത്രപ്രവർത്തകൻ ഉപയോഗിച്ചു തുടങ്ങി... ന്യായയാധിപന്മാരുടെ തീരുമാനങ്ങൾപ്പോലും പത്ര റിപ്പോർട്ടുകളാൽ സ്വാധീനിക്കപ്പെടുവാൻ തുടങ്ങി...  വിവാദങ്ങൾ ഉണ്ടാകുന്ന വിഷയങ്ങളിൽ ഭരണവർഗ്ഗവും, ജുഡീഷ്യറിയും എടുക്കുന്ന നിലപാടുകളും ഇതരവിഷയങ്ങളിലെ നിലപാടുകളും വ്യത്യസ്ഥമാണ്... പത്രക്കാരെ സംതൃപ്തിപ്പെടുത്തുന്ന രീതിയിൽ പ്രവർത്തിക്കുന്ന അധികാരസ്ഥാനങ്ങൾ സ്വതന്ത്ര ഭരണസ്ഥാപനങ്ങളായി കാണുവാൻ കഴിയില്ല... അവർ വിവാദങ്ങളുടെ മൊത്തവ്യാപാരികളായ പത്രക്കാരുടെ അടിമകളാണെന്നേ കാണുവാൻ കഴിയൂ...

     ലോകത്താകമാനം പത്രപ്രവർത്തനം 'പാപ്പരാസി' പത്രപ്രവർത്തന രംഗത്തിലേക്ക് അധഃപതിച്ചപ്പോൾ ഭാരതത്തിൽ ന്യായാധിപ മാധ്യമ സംസ്ക്കാരം തളിർത്തു...  ചർച്ചകളിൽ എല്ലാവിധ ശരികളുടെയും മൂർത്തീഭാവങ്ങളായി വാർത്താ അവതാരകർ വിരാജിക്കുമ്പോൾ പൗഡറുമിട്ട് അന്തിചർച്ചക്ക് തയാറെടുക്കുന്ന വിശകലന വിദക്തർ ആരും തന്നെ ''''ഞാൻ എന്റെ അഭിപ്രായം പറയുന്നതിനാണ് ഇവിടെ വന്നത് മറിച്ചു് നിങ്ങളുടെ വിചാരണയെ നേരിടാനാനല്ല"" എന്ന് അവതാരക ന്യായാധിപനോട്  തുറന്നടിക്കാനുള്ള ആർജ്ജവം കാണിക്കാറില്ല ... ഏതൊരു വ്യക്തിത്വത്തെയും ഇന്റർവ്യു ചെയ്യുന്നത് ചോദ്യം ചെയ്യലായി തെറ്റിദ്ധരിച്ചു പ്രവർത്തിക്കുന്ന പുതു മാധ്യമ പ്രവർത്തകർക്ക് തങ്ങൾക്കെതിരെ ഉണ്ടാകുന്ന ശബ്ദം അലോസരമായി തോന്നുന്നത് സ്വാഭാവികം മാത്രം...   

     വർത്തമാനകാല മാധ്യമ കെടുതികളെക്കുറിച്ഛ് ഇത്രയെങ്കിലും ആമുഖമായി പറഞ്ഞതിന് കാരണമുണ്ട്... മാലിന്യകൂമ്പാരത്തിൽ വിരാജിക്കുന്ന എലികളെപ്പോലെ എന്തും കരണ്ടു നശിപ്പിക്കാനുള്ള സ്വയാർജ്ജിത അവകാശവുമായി ഇതേ മാധ്യമപ്രവർത്തകർ എത്തിച്ചേർന്നത് അഭിഭാഷകർക്ക് മുന്നിലേക്കാണ്... തേറ്റപ്പല്ല് രാകുകയുമാകാം,, കുറച്ചു കരളുകയുമാകാം എന്ന് അവർ കരുതി... അവിടെ "എഴുതി നാറ്റിക്കും" എന്ന ഭയപ്പെടുത്തൽ ചെലവാക്കാതെ പോയി... ""ഏതൊരു രാഷ്ട്രീയ പ്രമുഖനെയും, ഉദ്യോഗസ്ഥ വിശിഷ്ട്ടനെയും പേരെടുത്തു വിളിച്ചു സംസ്സാരിക്കാനുള്ള അവകാശം പത്ര പ്രവർത്തനം തനിക്കുതന്നു""  എന്ന് അഹങ്കാരത്തോടെ പറയുന്ന പത്രപ്രവർത്തകരെ ഞാൻ കണ്ടിട്ടുണ്ട്... പക്ഷെ പരമോന്നത നീതിപീഠത്തിനു മുൻപിൽ വരെ നിന്ന് നീതിക്കായി തർക്കമുയർത്താൻ ക്ഷമതയുള്ള അഭിഭാഷകനു മുൻപിൽ അഹങ്കാരത്തിന്റെ തേറ്റപ്പല്ലുകൾ ഒടിഞ്ഞുപോവുകയേ ഉള്ളൂ എന്ന് മനസ്സിലാക്കാൻ, പാവം മാധ്യമ സുഹൃത്തുക്കൾ; അല്പം വൈകി... നിയമത്തിന്റെ യാതൊരു പരിരക്ഷയുമില്ലാതെ പ്രയോഗികതയുടെയും,, നിയമത്തിന്റെയും,, സാങ്കേതികതയുടെയും ന്യായം പറഞ്ഞു സമൂഹത്തിന്റെ സമസ്ത മേഖലകളിലും ഇടപെട്ട് പോരടിച്ചു തന്നെ ജീവിതം നയിക്കുന്നവരാണ് അഭിഭാഷകർ... പറഞ്ഞു നാറ്റിക്കാനുള്ള കഴിവുവെച്ചു വിരട്ടി നിർത്തിയിരുന്ന രാഷ്ട്രീയക്കാരോടും,, ഉദ്യോഗസ്ഥരോടും,, പോലീസ്സുകാരോടും ഒക്കെ തുലനം ചെയ്തു അഭിഭാഷകരോട് പോരു കുറിച്ചാണ് മാധ്യമ പ്രവർത്തകർക്ക് സംഭവിച്ച പിഴവ്......

     തന്റെ പത്രത്തിന് പരസ്യവും, പണവും നൽകുന്ന ഒരു സ്ഥാപനത്തിന്റെ ഏതു കൊള്ളരുതാഴികക്കു നേരെയും ലെൻസുകൾ മറച്ചുവെച്ചു ചിത്രങ്ങളെടുക്കാൻ മടിയില്ലാത്തവർ,, രാഷ്ട്രീയ വേശ്യയുടെ നീലച്ചിത്രങ്ങൾക്കായി വാലിൽ തീകൊളുത്ത് ഓടിയവർ,, കാണേണ്ടത് കാണാതെയും, കണ്ടത് കണ്ടെന്നു നടിക്കാതെയും, കാണാത്തതിനെ കണ്ടതായി പറഞ്ഞും, സ്വന്തം താൽപ്പര്യത്തിന് അനുസൃതമായി ഉളുപ്പില്ലാതെ എന്തും പടച്ചുവിടാൻ തയ്യാറായ കൂലിക്കാരായി പത്രക്കാരെ പൊതു സമൂഹം കണ്ടതു കൊണ്ടാകാം;; തങ്ങളുടെ ഭാഗം വിളിച്ചുപറയാൻ മാധ്യമ വഴികളില്ലാത്തവരായിട്ടുകൂടി അഭിഭാഷകരുടെ നിലപാടുകൾക്ക് പൊതുസമൂഹം അംഗീകാരം നൽകിയത്.. അഭിഭാഷകരെ നോക്കി അഭിഭാഷക ഗുണ്ടകൾ എന്ന് വിളിച്ചതിനെ പൊതുസമൂഹം പുച്ഛിച്ചത്...

     മാധ്യമ സ്വാതന്ത്ര്യത്തെ അഭിഭാഷകർ വിലക്കി എന്നതാണ് പ്രചരണം...എന്തായിരുന്നു ഹൈ കോടതിയിൽ ഉണ്ടായിരുന്ന മാധ്യമ സ്വാതന്ത്ര്യം?? ഒരു കേസ്സിൽ കോടതി വാദം കേട്ടപാടെ തന്നെ, വിധിപ്പകർപ്പ് ഔദ്യോഗികമായി കോടതി പുറപ്പെടുവിക്കുന്നതിനു മുൻപുതന്നെ, ജഡ്ജിയുടെ ചേമ്പറിലോ, സ്റ്റെനോയുടെ പക്കൽ നിന്നുമോ അത് നേടിയെടുക്കാനുള്ള സ്വാതന്ത്ര്യം... ഇത് എന്തുതരം സ്വാതന്ത്ര്യമാണ്?? ഒരു കേസ്സിനെക്കുറിച്ചുള്ള കോടതിയുടെ തീരുമാനം അറിയാനുള്ള ആദ്യ അവകാശം ആ കേസ്സിലെ കക്ഷികൾക്കാണ്... രണ്ടാമതായി കേസ്സുനടത്തിയ അഭിഭാഷകനാണ്... അതിനു മുൻപ് ആ വിധി അറിയാനുള്ള അവകാശം പത്രപ്രവർത്തകർക്കോ, സമൂഹത്തിനോ ഇല്ല... ഒരു വിധിയുടെ പകർപ്പ് കോടതിയിൽ നിന്ന് ലഭിക്കുന്നതിന് നിയമം അനുശാസിക്കുന്ന മാർഗ്ഗങ്ങൾ ഉണ്ട്... അതുപ്രകാരം ഞങ്ങൾക്ക് ലഭിച്ചാൽ പോരാ, ജഡ്ജിയുടെ ചേമ്പറിൽ നിന്നുതന്നെ വേണം എന്ന് ശഠിക്കുന്നതല്ലേ അഹങ്കാരം?? നിയമത്തിന്റെ വഴികൾ തങ്ങൾക്കുമുന്പിൽ മാറിനിൽക്കണം എന്ന ധാർഷ്ട്യം എന്ന് മാത്രമേ അതിനെ കാണാൻ കഴിയൂ... ആദ്യമായി ചേമ്പറിൽ നിന്നും വിധിയുടെ സാരാംശം പത്രക്കാരെ അറിയിക്കാൻ തയ്യാറായ ജഡ്ജിയും,, അന്ന് അതിനെ എതിർക്കാതിരുന്ന അഭിഭാഷകരും ഇത്തരം മോശമായ കീഴ്വഴക്കങ്ങൾ സൃഷ്ട്ടിച്ചതിന് ഉത്തരവാദികളാണ്... തിരുത്തലുകൾക്ക് അഭിവാദ്യങ്ങൾ....

     രണ്ടാമതായുള്ള പ്രധാന മാധ്യമ സ്വാതന്ത്ര്യം;; കോടതിയിൽ കേസ്സിന്റെ പരിഗണനാ വേളയിൽ കോടതിയും അഭിഭാഷകരും തമ്മിലുണ്ടാകുന്ന ആശയവിമിയത്തെയും,, ക്ലാരിഫിക്കേഷനുകളെയും മറ്റും വളച്ചൊടിച്ചു തങ്ങൾക്ക് നേട്ടങ്ങൾക്ക് അനുസൃതമായും,, റേറ്റിങ്ങിന് വേണ്ടിയും,, വിവാദപരമായും അവതരിപ്പിക്കുക എന്നതാണ്... ജുഡീഷ്യൽ നടപടികൾക്കു മേലുള്ള ശുദ്ധമായ കടന്നു കയറ്റമായിരുന്നു അത്.. കോടതി വാദമധ്യേ നടത്തുന്ന പരാമർശങ്ങളെ അടർത്തി ഒടിച്ചു പൊതുജന സമക്ഷം അവതരിപ്പിക്കുമ്പോൾ ജനങ്ങളിൽ അവ്യക്തതയാണ് അത് സൃഷ്ടിക്കുന്നത്... ഒരു പരാമർശവും വിധിയും തമ്മിലുള്ള അന്തരം ന്യായാധിപന്റെ സത്യസന്ധതയെപ്പോലും സംശയത്തിന്റെ നിഴലിൽ നിർത്തും!!  അനവസരത്തിലുണ്ടാകുന്ന മാധ്യമ പരാമർശങ്ങളും,, വിവാദങ്ങളും ആ കേസ്സിന്റെ ന്യായയുക്തമായ തീരുമാനങ്ങളെ ബാധിക്കും എന്നതിൽ സംശയമില്ല... കോടതി പരാമർശങ്ങൾ എന്നരീതിയിൽ പ്രസിദ്ധീകരിക്കുന്നതിൽ നിന്നും മാധ്യമങ്ങൾ പിന്തിരിയണം എന്ന് പലപ്രാവശ്യം ഹൈകോടതിപോലും ആവശ്യപ്പെട്ടിട്ടും മാധ്യമ പ്രവർത്തകൻ അത് ചെവിക്കൊള്ളാൻ തയ്യാറായിരുന്നില്ല!! പത്രങ്ങൾ വിധികൾ പ്രസിദ്ധീകരിക്കൂ... പകരം കോടതിയുടെയും അഭിഭാഷകരുടെയും തൊഴിലിൽ ഇടപെടണ്ടതില്ല.. അതുതന്നെയാണ് അഭിഭാഷകസമൂഹത്തിന്റെ ശക്തമായ തീരുമാനം... 

     മാധ്യമങ്ങളുടെ അഴിഞ്ഞാലാട്ടത്തിന് ഹൈകോടതിയിൽ അറുതി വന്നതിനെക്കുറിച്ചു "കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വസ്ഥതയുണ്ടായിരുന്നു" എന്ന് ശ്രീ കെ. ടി ശങ്കരനെപ്പോലെ മുതിർന്ന ഒരു ഹൈ കോടതി ജഡ്ജി പരാമർശിക്കണമെങ്കിൽ, ജുഡീഷ്യൽ നടപടികളിൽ എത്രയധികം ശല്യമായിരുന്നു അവരെന്ന് കാണണം... മാധ്യമങ്ങൾക്ക് അനുകൂലമായി വാളെടുത്തു വരുന്ന അഭിഭാഷക വേഷധാരികളുടെ നിലപാടിനെ ഇതിനപ്പുറമായി കാണേണ്ടകാര്യമില്ല... കാരണം മാധ്യമങ്ങൾ നൽകിയ പ്രശസ്തിയിൽ ജീവിക്കുന്നവരാണ് അവർ... അവർക്ക് അത് തുടർന്നും ആവശ്യമാണ്... ഒരു ആഴ്ചക്കപ്പുറം ഇക്കൂട്ടരെ അന്തിചർച്ചക്ക്  ചാനലുകൾ വിളിച്ചില്ലെങ്കിൽ പിന്നെ അവരുടെ പ്രസക്തി വട്ടപൂജ്യമാണ്...  അതുകൊണ്ടുതന്നെ അവരെ പഴിക്കേണ്ടതുമില്ല.. പക്ഷെ മറന്നു പോകരുതാത്ത ഒന്നുണ്ട്... അഭിഭാഷകരെ കൂട്ടത്തിൽ നിന്നു കുത്താൻ ചില അഭിഭാഷകരുണ്ട്... പത്രക്കാരെ വിമർശിക്കാൻ പരസ്പ്പരം പോരടിക്കുന്ന പത്രക്കാരിൽപോലും ആരുമില്ല!!

     വാർത്തകൾ നിലയ്ക്കുന്നില്ല എന്നാണല്ലോ... പത്രക്കാർക്ക് എല്ലാം വാർത്തകളാണ്.. കൊലപാതകവും, കൊള്ളയും, ബലാത്സംഗവും, സരിതയും, സൗമ്യയും, ഗോവിന്ദച്ചാമിയും, ഭീകരരും, സ്ഫോടനവും, അതിർത്തിയും, പട്ടാളക്കാരും, തീവ്രവാദവും എല്ലാം... "അഭിഭാഷകരുടെ തല്ലുകൊണ്ടാൽ പത്രക്കാരന് അതും ഒരു വാർത്ത"".... തൊഴിലിന്റെ ഭാഗമെന്ന് ന്യായവും പറയാം.... പക്ഷെ അഭിഭാഷകർക്ക് അങ്ങനെയല്ല... പത്രക്കാരുമായുള്ള തർക്കങ്ങൾ അവർക്ക് തങ്ങളുടെ ഉർജ്ജത്തെയും, സമയത്തെയും പാഴാക്കലാണ്... അതുകൊണ്ട് ഈ തർക്കങ്ങൾക്ക് പരിഹാരം കാണാൻ കോടതിയും സർക്കാരും മുൻകൈ എടുക്കണം... തെറ്റായി വ്യാഖ്യാനിക്കപ്പെട്ട സ്വാതന്ത്ര്യങ്ങൾ ഇല്ലാതാകുകയും വേണം....

[Rajesh Puliyanethu
 Advocate, Haripad] 


Saturday 15 October 2016

ഒരുതുള്ളി ഓർമ്മ....!!

ഒരു തുള്ളി ഓർമ്മയിൽ ഒളിച്ചിക്കുന്നതെത്ര തന്മാത്ര തൻ സുഗന്ധം
ജീവനെ ജീവനായ് ഉണർത്തിനിറുത്തിയ ജന്മത്തിൻ ആകെ സുഗന്ധം...
നിന്റെ ഓർമ്മകൾക്കെത്ര സുഗന്ധം....

പോക്കുവെയിൽ ദൂരെ അകലെ മറയുമ്പോൾ,,
ഓർമ്മകൾ നിഴലായ് അരികെ നിൽപ്പൂ...
നിൻ ഓർമ്മകൾ നിഴലായ് അരികിൽ നിൽപ്പൂ...

നീ ഒരുവേള മറഞ്ഞു തെളിഞ്ഞു വരുവോളം കൂരിരുട്ടെന്നെ പുണരും,,
ഞാനീ ഏകാന്തതീരത്തു നിൽക്കും,, നിശയുടെ മടിയിൽ മയങ്ങും..
വീണ്ടും മിഴികളെ തഴുകി ഉണർത്തുന്ന പൊൻകിരണങ്ങളായ് നീവരുവോളം..

കഴിയില്ല നിന്നുടെ ഓർമ്മകൾ പേറിയ തനുവിനെ മയക്കിക്കിടത്താൻ....
വിരഹമായ മാറിയ ഓർമ്മതൻ തന്തുക്കൾ ജീവനെ ഉണർത്തി നിറുത്തും...
ഞാനൊരു നിശാഗന്ധിയായ് മിഴികൾ തുറന്നു വെയ്ക്കും....

കാത്തിരിക്കുന്നൊരു നാളുകൾക്കപ്പുറം കാത്തിരിപ്പിനുണ്ടൊരു സുഗന്ധം...
ആത്മാവ് കാണുന്ന ചക്രവാളത്തിങ്കൽ നിൻനിഴൽ പതിയെ പതിയുവോളം..

ഒരു തുള്ളി ഓർമ്മയിൽ ഒളിച്ചു വെച്ചു ഞാനീ ഓർമ്മതൻ പെട്ടകം ഒളിച്ചുവെയ്ക്കാം...
ഈ ഓർമ്മതൻ പേടകം ഒളിച്ചുവെയ്ക്കാം.......

[Rajesh Puliyanethu
 Advocate, Haripad]

Saturday 9 July 2016

സീരിയൽ കാണുന്ന സ്ത്രീകൾ......!!


     ഇന്നലെ വൈകിട്ട് ഏകദേശം എട്ടു മണിയോടുകൂടി എൻറെ ഫോണിലേക്ക് ഒരു കാൾ വന്നു... എനിക്ക് അടുപ്പമുള്ള,, ഇരുപത്തിഅഞ്ചു വയസ്സിൽ താഴെ മാത്രം പ്രായമുള്ള ഒരു പയ്യനായിരുന്നു എന്നെ വിളിച്ചത്... ഞാൻ കാരണം തിരക്കി...

     രാജേഷ് ചേട്ടാ,, ഞാൻ സൂരജ്‌ജാ എന്നെ പോലീസ്സ് പിടിച്ചു.... ഞാൻ ഇപ്പോൾ സ്റ്റേഷനിൽ നിന്നാ വിളിക്കുന്നത്...

     എന്തിനാ നിന്നെ പോലീസ്സ് പിടിച്ചത്??

     അത് ഞാൻ അൽപ്പം കഴിച്ചിട്ടുണ്ടായിരുന്നു.... ബൈക്കിൽ വന്നപ്പോഴാ പിടിച്ചത്.... പോലീസ്സുകാര് പറഞ്ഞു; ആരെയെങ്കിലും വിളിച്ചുപറഞ്ഞു ജാമ്യം എടുക്കാൻ... രാജേഷ് ചേട്ടൻ എന്തെങ്കിലും ചെയ്യണേ.... അൽപ്പം ജാള്യത കലർത്തി അവൻ പറഞ്ഞവസ്സാനിപ്പിച്ചു...

     സ്റ്റേഷനിലേക്ക് ആളെവിട്ട് വേണ്ടത് ചെയ്യാമെന്നുള്ള എന്റെ ഉറപ്പിന്മേൽ അവൻ ഫോൺ കട്ടു ചെയ്തു....

     ഏകദേശം ഒരു ഇരുപതു മിനിട്ടുകൾക്കു ശേഷം അവൻ വീണ്ടും വിളിച്ചു...

     രാജേഷ് ചേട്ടാ,, പത്തു മണിക്കു മുൻപ് ഇറങ്ങാൻ കഴിയില്ലേ??

     ഞാൻ ആളെ വിട്ടിട്ടുണ്ട്,, പതിനഞ്ചു മിനിട്ടിനകം ഇറങ്ങാം,, എന്താ പത്തുമണി കണക്ക്??

     അതൊക്കെ ഉണ്ട് ചേട്ടാ,, ഞാൻ ഇറങ്ങീട്ട് അങ്ങോട്ട് വരാം....

     സ്റ്റേഷനിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഏകദേശം എട്ടരയോടെ അവൻ എന്നെ വന്നു കണ്ടു....

     നന്ദി പ്രകടിപ്പിക്കും വിധം എന്തൊക്കെയോ പറഞ്ഞ് അവൻ പോകാൻ ഒരുങ്ങവെ ഞാൻ ചോദിച്ചു;; എന്താ ഈ പത്തുമണി കണക്ക്??

     ഒരു സാധാരണ സംഭവത്തെക്കുറിച്ചു് എഴുതുവാൻ തന്നെ കാരണം അവന്റെ മറുപടിയിൽ തോന്നിയ കൗതുകമാണ്...

     അതേ, ചേട്ടാ ഇന്ന് വെള്ളിയാഴ്ചയല്ലേ,, പത്തര മണിവരെ അമ്മ വിളിക്കത്തില്ല... അത് ഉറപ്പാ... അതിനു മുൻപ് ഇറങ്ങാൻ വേണ്ടിയാരുന്നു... പക്ഷെ ശനിയോ, ഞായറോ ആയിരുന്നേ പണി പാളിയെനേം... അമ്മ എട്ടു മണിക്കുതന്നെ വിളിച്ചേനേം...

     അതെന്താടാ അങ്ങനെ??

     ശനിയും, ഞായറും അമ്മ കാണുന്ന സീരിയൽ ഒന്നുമില്ല.... അതുകൊണ്ട് എട്ടു മണിക്ക് വിളിക്കും... പക്ഷെ ബാക്കി ദിവസ്സമൊക്കെ സീരിയലുണ്ട്... അതുകൊണ്ട് പത്തര കഴിഞ്ഞേ വിളിക്കൂ....

     കേട്ടതിൽ തമാശക്ക് അപ്പുറം ഒരു അസ്വസ്ഥതയാണ് എനിക്കുണ്ടായത്... ഇന്ന് മലയാളികളുടെ കുടുംബ ബന്ധങ്ങൾ സീരിയലുകൾക്ക് വിധേയപ്പെട്ടിരിക്കുന്നോ എന്ന് തോന്നിപ്പോകുന്നു...

     സാധാരണ കുടുംബങ്ങളിൽ അംഗങ്ങൾ തമ്മിൽ ഇടപെടലുകൾക്കുള്ള സമയം വൈകിട്ട് അഞ്ചു മണി മുതൽ പത്തുമണി വരെയാണ്... ഗൃഹനാഥൻ ജോലി കഴിഞ്ഞു വരുന്നു... കുട്ടികൾ സ്കൂൾ- റ്യുഷൻ പഠനങ്ങൾ കഴിഞ്ഞ് എത്തുന്നു... മുതിർന്ന മക്കളാണെങ്കിൽ അവരുടേതായ ജോലികൾ കഴിഞ്ഞ് വരുന്നു... അങ്ങനെ കല്ലിലും മരത്തിലും തീർത്ത  കെട്ടിടം ഒരു കുടുംബമായി മാറുന്ന സമയമാണ് ഈ അഞ്ചു മുതൽ പത്തുമണി വരെയുള്ള സമയം...  തങ്ങളുടെ ഒരു ദിവസത്തെ ക്ഷീണത്തെ ഇറക്കിവെച്ചു് ഓരോ വ്യക്തിയും കുടുംബാംഗമാകുന്ന സമയം കൂടിയാണിത്... രാവിലെ ഒരു ദിവസത്തിന്റെ തിരക്കുകളിലേക്ക് പ്രവേശിക്കുന്നതിൻറെ മുന്നൊരുക്കങ്ങൾക്കായും രാത്രി ഉറക്കത്തിനായും മാറ്റിവെയ്ക്കുമ്പോൾ കുടുംബത്തിനായി മാത്രമുള്ള ഈ വിലപ്പെട്ട സമയം കണ്ണീർ സീരിയലുകൾ അപഹരിക്കുന്നതിലെ നഷ്ട്ടം ആരും അറിയാതെ പോകുന്നു..

     സീരിയലുകൾ വിഷവാതകങ്ങളുടെ ഉറവിടം പോലെ പ്രവർത്തിക്കുന്നു.... കുടുംബത്തിലും, സമൂഹത്തിലും വ്യാപിക്കുന്ന വിഷകണികകൾ ചിലരെ ശ്വാസം മുട്ടിച്ചു കൊല്ലുമ്പോൾ  ചിലർക്ക് മാരക രോഗങ്ങൾ സമ്മാനിക്കുന്നു... പക്ഷെ തങ്ങളിൽ കടന്നു കൂടിയ വിഷാംശം എവിടെനിന്ന് എന്നു മാത്രം ആരും അന്വേഷിക്കുന്നില്ല!!

     സീരിയലുകളിലെ വിഷം ആദ്യം പരക്കുന്നത് വീട്ടമ്മമാരിലേക്കാണ്... ബാഹ്യ ലോകത്തേക്കുറിച് കൂടുതലായി വിവരം ഇല്ലാത്ത ഈ വിഭാഗം ലോകത്തെ നോക്കികാണുന്നത് തന്നെ സീരിയലുകളിലൂടെയാണ്... കുടുംബത്തിലും, സമൂഹത്തിലും കാണുന്ന വ്യക്തികളെ സീരിയൽ കഥാപാത്രങ്ങളോട് സ്വയമറിയാതെതന്നെ ഇവർ താരതമ്യം ചെയ്യുന്നു... താൻ കാണുന്ന വ്യക്തികളെ വിലയിരുത്തുന്നത് സമാന സ്വഭാവവും, സംഭവവും അനുവർത്തിച്ച സീരിയൽ കഥാപാത്രങ്ങളോടാകുമ്പോൾ പരിതഃസ്ഥിതി ഭയാനകമാകുന്നു... സീരിയലുകൾ നിരത്തുന്ന കഥാപാത്രങ്ങൾക്ക് അവിഹിതം, കലഹം, ജാരസന്തതി, കുതുകാൽ വെട്ട്, വഞ്ചന, അമ്മായിഅമ്മ- മരുമകൾ കലഹം, സ്വത്ത് തർക്കം, കൊലപാതകം തുടങ്ങിയ സ്ഥിരം സ്വഭാവങ്ങൾ ആയതിനാൽ മസ്തിഷ്ക്കത്തെ മയക്കുന്ന കറുപ്പിനേക്കാൾ വലിയ കേടുപാടുകൾ തലച്ചോറിൽ ഉണ്ടാക്കുന്നു... അതിനോടൊപ്പം തന്നെ സീരിയലുകളോടുള്ള ആസക്തിയും, അടിമത്വവും വർദ്ധിപ്പിക്കുന്നു .....!! കലാ- കായിക രാഷ്ട്രീയ- സാമൂഹിക- കുടുംബ- വാർത്താ പരിപാടികളിൽ സീരിയൽ അടിമകൾ യാതൊരു താൽപ്പര്യവും കാട്ടാറില്ല... സമാന വിഷയങ്ങളോട് ഇക്കൂട്ടർക്ക് ജീവിതത്തിലും  വലിയ പ്രാധാന്യമില്ല!! തലച്ചോറിലാകെ പടർന്നുപിടിച്ച സീരിയൽ കഥകളും,, കഥാപാത്രങ്ങളുടെ കുടില ചിന്താഗതികളും മാത്രം.....

     സീരിയലിൽ കണ്ട കഥാപാത്രങ്ങളിൽ നിന്നും സ്വാംശീകരിക്കുന്ന അറിവ് ഓരോ വിഷയത്തെക്കുറിച്ചുമുള്ള ധാരണകളായി രൂപാന്തരപ്പെടുന്നു.... അത്തരം ധാരണകളെ മുൻനിർത്തി കുടുംബ വിഷയങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങളെ സമീപിക്കുമ്പോൾ വ്യക്തികൾ തമ്മിലുള്ള ബന്ധങ്ങളിൽ വിടവും ശത്രുതയും രൂപം കൊള്ളുന്നു... സീരിയലുകളിൽ നിന്നും ഉള്ളിൽ കടന്നുകൂടിയ വിഷമാണ് തങ്ങളെ ഈ വിധം സംസാരിക്കുകയും, പ്രവർത്തിപ്പിക്കുകയും ചെയ്യുന്നതെന്ന തിരിച്ചറിവില്ലാതെ ഇക്കൂട്ടർ സ്വയം ശത്രു കഥാപാത്രങ്ങൾ ആകുന്നു... ഒപ്പം ബുദ്ധിയും കാര്യപ്രാപ്ത്തിയും പ്രകടിപ്പിച്ച ചാരിതാർഥ്യത്തോടെ ജീവിക്കുകയും ചെയ്യുന്നു... ഈ ദൂഷ്യം സ്ത്രീ- പുരുഷ ഭേദമെന്യേ കാണാൻ കഴിയുന്നു.... 'കണ്ണീർ സീരിയലുകൾ സ്ത്രീകൾക്ക്' എന്നതിൽ നിന്നും മാറി പുരുഷ ആസ്വാദകരുടെയും എണ്ണം വർദ്ധിച്ചിരിക്കുന്നു എന്നത് സാമൂഹികമായ ഒരു മൂല്യച്യുതി പടർന്നു പിടിച്ചിരിക്കുന്നു എന്നേ കാണാൻ കഴിയൂ...  അവിഹിതം, കലഹം, ജാരസന്തതി, കുതുകാൽ വെട്ട്, വഞ്ചന, അമ്മായിഅമ്മ- മരുമകൾ കലഹം, സ്വത്ത് തർക്കം, കൊലപാതകം എന്നിവ എല്ലാദിവസ്സേവും മൂന്നോ നാലോ മണിക്കൂർ കണ്ട് ആസ്വദിക്കാൻ കഴിയുന്നു എന്നത് തന്നെ ഒരു തരം മാനസ്സിക രോഗമല്ലേ??

     സീരിയൽ കണ്ടുകൊണ്ടിരിക്കുന്ന വേളയിൽ ഒരു അഥിതി ആ വീട്ടിലേക്ക് കടന്നുവന്നാൽ അയാൾ പിന്നീട് ഒരിക്കലും അങ്ങോട്ടു വരില്ല... വന്ന ആളെ ഒന്നു പരിഗണിക്കാനോ, സംസ്സാരിക്കാനോ പോലും വീട്ടമ്മമാർ തയ്യാറാകില്ല... അവരുടെ ശ്രദ്ധ സീരിയലിലാണ്... അതിഥിയോട് അവശ്യം സംസാരിക്കേണ്ടിയിരുന്ന പലതും സംസാരിക്കാതെ പോകുന്നു.. തന്നെ ഒഴിവാക്കാൻ ഇവർ വെമ്പുന്നോ എന്ന തോന്നൽ ആ അഥിതിയിൽ ഉണ്ടായാൽ അത് ബന്ധങ്ങളിലും പ്രതിഫലിക്കും എന്ന് എടുത്തു പറയേണ്ട ആവശ്യമില്ലല്ലോ?? 

     വൈകിട്ട് അഞ്ചു മുതൽ പത്തുമണി വരെ സീരിയലുകൾക്കായി മാറ്റി വെയ്ക്കുന്ന വീട്ടമ്മമാർ തങ്ങളുടെ ഉത്തരവാദിത്വങ്ങളിൽ നിന്നും മാറിനിൽക്കുകയാണെന്ന് പറയേണ്ടിവരും.. പലവീടുകളിലും ഗൃഹനാഥൻ വൈകിട്ട് എത്തിയാൽ പല ആവർത്തി ആവശ്യപ്പെടാതെ ഒരു ചായ കിട്ടില്ല... കാരണം ഒരു പരസ്യത്തിന്റെ ഇടവേള ലഭിക്കാതെ വീട്ടമ്മക്ക് സമയമില്ല... രണ്ടു ചാനലിലെ സീരിയലുകൾ മാറിമാറികാണുന്ന ഒരുവളാണെങ്കിൽ പറയുകയും വേണ്ട.... ആവശ്യം കഠിനമാകുമ്പോൾ പ്രാക്കോടുകൂടി ഒരു ചായ ഗൃഹനാഥന് ലഭിക്കുന്നു... സീരിയലിന് അടിമപ്പെടാത്ത വീട്ടമ്മ "ചായ എടുക്കട്ടേ" എന്ന് ചോദിച്ചുകൊണ്ട് ചായ കൊടുക്കുന്നു... ചായ കുടിക്കുന്നതിനൊപ്പം ഒരുപാടു വിശേഷങ്ങൾ അവർ പങ്കുവെയ്ക്കുന്നു... സീരിയൽ അടിമ ഒരു ചായ എടുത്തുവെച്ചിട്ട് അടുത്ത സീൻ എന്തായി എന്നറിയാൻ ടി വി യുടെ അടുത്തേക്ക് ഓടുന്നു..  കുടുംബജീവിതത്തിൽ,, 'ആവശ്യപ്പെട്ട് പ്രാക്കോടുകൂടി കിട്ടുന്ന ചായയും ആവശ്യമറിഞ്ഞു കൊടുക്കുന്ന ചായയും തമ്മിൽ വ്യത്യാസ്സപെട്ടിരിക്കുന്നു'... സീരിയൽ അടിമകൾ തങ്ങളുടെ മനസ്സിൽ താൽപ്പര്യപ്പെടാതെ തന്നെ കുടുംബം ശിഥിലമാകുന്നതിന് കാരണക്കാരാകുന്നു....

     പ്രായഭേദമെന്യേ പുരുഷന്മാരുടെ മദ്യപാനത്തിന് സീരിയലുകളും, സ്ത്രീകളുടെ സീരിയൽ ആസക്തിയും കാരണമാകുന്നുണ്ട്... വൈകുന്നേരങ്ങളിൽ പല കുടുംബങ്ങളിലെയും പുരുഷന്മാർക്ക് ഏകാന്തതയും, ബോറടിയുമാണ്... അവർ വൈകുന്നേരങ്ങളിൽ പുറത്തുള്ള ചങ്ങാത്തങ്ങളെ ഇഷ്ട്ടപ്പെടാൻ ഇത് കാരണമാകുന്നു... പിന്നീട് പുറത്തുള്ള ഈ ചങ്ങാത്തങ്ങൾ ശീലങ്ങളാകുന്നു... പിന്നീട് ഭാര്യയോ, അമ്മയോ സീരിയൽ കാണുകയാണോ അല്ലയോ എന്നുപോലും തെരക്കാൻ അവർ മുതിരില്ല... വൈകുന്നേരങ്ങളിലെ കൂട്ടുകാരെ താൻ കണ്ടെത്തിയതെന്തുകൊണ്ടെന്ന് അയാൾപ്പോലും മറന്നു പോകും!! ചിലപ്പോൾ തിരിച്ചറിയാതെയും പോകും... വൈകുന്നേരങ്ങളിലെ തന്റെ ആഘോഷം മദ്യവും,, വീട്ടിലെ സ്ത്രീകളുടെ ആഘോഷം സീരിയലുമായി നിജപ്പെടുന്നു... രണ്ടിലേയും പരിണിതഫലങ്ങൾ ആ കുടുംബം ഒന്നാകെ അനുഭവിക്കുന്നു... ഈപ്പറഞ്ഞത് പുരുഷന്മാർ മദ്യപാനികളാകുന്നതിന്റെ ന്യായീകരണമല്ല... എല്ലാ പുരുഷന്മാരും മദ്യപാനികളാകുന്നതിന്റെ കാരണവുമല്ല... പക്ഷെ ഇങ്ങനെയും ഒരു കാരണമുണ്ടെന്ന് തിരിച്ചറിയണം... തന്റെ കുടുംബത്തിൽ അതുണ്ടാകില്ലെന്ന് ഉറപ്പിക്കുകയും വേണം....

     സീരിയലിന് അടിമകളായവരിൽ സിംഹഭാഗവും സ്ത്രീകളാണെന്നതിൽ സംശയമില്ല... അവരിൽ ഒട്ടുമിക്കവരും അമ്മമാരാണ്... തന്റെ കുട്ടികൾ പകൽ എന്തൊക്കെ ചെയ്തു, അവർക്ക് എന്തൊക്കെ അനുഭവങ്ങളുണ്ടായി, എന്നൊന്നും ചോദിച്ചറിയാൻ ഈ അമ്മമാർക്ക് സമയമില്ല... കുട്ടികൾക്കുണ്ടാകുന്ന ചൂഷണവാർത്തകൾ കൊണ്ട് പത്രങ്ങൾ നിറയുന്നു... എങ്കിലും സീരിയലിലെ നായികയുടെ കുഞ്ഞിന്റെ ക്ലേശങ്ങളിലാണ് അവർക്ക് ആകുലത.. ഒരു കുട്ടിക്ക് ദിവസത്തിൽ എപ്പോളെങ്കിലും ഉണ്ടായ ദുരവസ്ഥ, അബദ്ധം അല്ലെങ്കിൽ തെറ്റ് ഇതൊക്കെ അമ്മയുമായി പങ്കുവെയ്ക്കണമെന്ന് ആക്കുട്ടി ആഗ്രഹിക്കുന്നുണ്ടാകും.... പലപ്പോഴും, ജാള്യതയോടെയോ, കുറ്റബോധത്തോടെയോ, ഭയത്തോടെയോ ആയിരിക്കും അവർ അതു തന്റെ അമ്മയുടെ മുന്നിൽ അവതരിപ്പിക്കുന്നത്... പക്ഷെ അതിന് സമാധാനമായി അമ്മയെ കിട്ടണം... ഒരു ദിവസത്തിന്റെ അവസ്സാന സമയങ്ങളിൽ നിരന്തരമായ സമ്പർക്കങ്ങളിൽക്കൂടി ശാന്തവും, സംഘർഷരഹിതവുമായ കുറച്ചു സമയം അതിനായി ലഭിക്കണം.... അതിന് സീരിയലുകൾ തടസ്സമാണെന്നതിൽ സംശയമില്ല... രക്ഷിതാക്കളുടെ സമയോചിതമായ ഇടപെടലുകളിൽ മുളയിലേ പരിഹരിക്കാമായിരുന്ന എത്രയോ വലിയ സംഭവങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്... ഒരു സീരിയൽ തീർന്നാൽ മൂന്നുമാസങ്ങൾക്ക് ഇപ്പുറത്തേക്ക് ആരുംതന്നെ അതിന്റെ കഥയോ കഥാപാത്രങ്ങളോ ഓർത്തിരിക്കുന്നില്ല... അത്രമാത്രം നിസ്സാരമായ ഒന്ന് നമ്മുടെ കുടുംബംതന്നെ ശിഥിലമാക്കാൻ കാരണമാകുന്നു എന്നത് ഒരിക്കലും അനുവദിക്കരുത്.... 

      ഞാൻ കണ്ട സൂരജ് എന്ന കുട്ടി ഒരു പ്രതീകമാണ്... തിങ്കൾ മുതൽ വെള്ളിവരെയുള്ള ദിവസ്സങ്ങളിൽ അവനെ അവന്റെ അമ്മ പത്തുമണിവരെ വിളിക്കില്ല എന്നത് അവന്റെ വിശ്വാസമാണ്.. കാരണം സീരിയലാണ്... എന്നാൽ ശനിയും ഞായറും എട്ടുമണിക്കു മുൻപേ അവനെ വിളിക്കും... കാരണം അമ്മകാണുന്ന സീരിയലുകൾ അന്നില്ല... 'സ്വസ്ഥമായി സീരിയൽ കാണുന്നതിനായി ആ അമ്മ അവന്റെ ശല്യം പത്തുമണിവരെ ഉണ്ടാകാതിരുന്നെങ്കിൽ നന്നായിരുന്നു' എന്നു ചിന്തിക്കുമെന്നു കരുതാൻ എനിക്ക് കഴിയുന്നില്ല... അതോ അവർ സീരിയൽ ദിവസ്സങ്ങളിൽ തന്റെ മകനെ മറന്നു പോകുന്നോ?? കാരണം എന്തായാലും ഇരുപത്തിയഞ്ചു വയസ്സിൽതാഴെ മാത്രം പ്രായമുള്ള അവന് എന്തും ചെയ്യാനുള്ള ലൈസൻസ് ആണ് രാത്രി പത്തുമണി വരെയുള്ള സമയം.... 

     സൂരജ് മദ്യപിക്കാൻ കാട്ടിയ ധൈര്യം പോലും പത്തുമണിവരെ അവനെ ആരും അന്വേഷിക്കില്ല എന്ന വിശ്വാസ്സമാണ്‌... അത് ഇന്നവനെ പോലീസിന്റെ പിടിയിൽ എത്തിച്ചു... അത് അപകടത്തിലേക്കോ, മോശം കൂട്ടുകെട്ടിലേക്കോ, തിന്മനിറഞ്ഞ പ്രവർത്തിയിലേക്കോ അവനെ കൊണ്ടുചെന്നെത്തിക്കാം... അതുവഴി ഒരിക്കലും തിരിച്ചുപിടിക്കാൻ കഴിയാത്ത ഒരു ശാപയുവത്വമായി അവൻ മാറിയെന്നും വരാം... തന്റെ സീരിയൽ ഭ്രാന്ത് മാറ്റിവച്ച് ആ അമ്മ തന്റെ മകന്റെ കാര്യങ്ങളിൽ ശ്രദ്ധിച്ചാൽ ഒരു പക്ഷെ അവൻ ഏഴു മണിക്കകം വീട്ടിൽ എത്തും... അതുവഴി അഴുക്കുനിറഞ്ഞ ഒരുപാടു വഴികൾ അവന്റെ മുന്നിൽ അടക്കപ്പെടുകയും ചെയ്യും... കുത്തഴിഞ്ഞ ജീവിതം ശീലമായാൽ തിരിച്ചു പിടിക്കാനും കഴിയില്ല... അന്നും എല്ലാവരും സൂരജ്‌ജിനെ മാത്രമേ കുറ്റപ്പെടുത്തൂ... 

    ഒന്നിനോടും അടിമപ്പെടുക എന്നത് ആശാസ്യമല്ല... അത് മനുഷ്യന്റെ അപചയത്തിന്റെ കാരണമാണ്... മദ്യത്തിന്റെയും, മയക്കുമരുന്നിന്റെയും പരിണിതഫലം മറ്റെന്തുണ്ടാക്കിയാലും അതിനെതിരെയും ബോധവൽക്കരണം ഉണ്ടാകണം...  സീരിയലുകൾ നിയമം മൂലം നിയന്ത്രിക്കുക പ്രായോഗികമാണെന്ന് തോന്നുന്നില്ല... തിരിച്ചറിവോടെയും, വിവേകത്തോടെയും പ്രവർത്തിക്കുകയാണ് അഭികാമ്യം... അതിനായി ബോധവൽക്കരപരിപാടികൾ സംഘടിപ്പിക്കുവാൻസാമൂഹിക സംഘടനകൾ മുന്നോട്ടുവരണം 

[Rajesh Puliyanethu
 Advocate, Haripad]  

Friday 20 May 2016

ഇന്ത്യൻ ഫിഡൽ കാസ്ട്രോ ??


     'കമ്യുണിസ്റ്റ് പാർട്ടി ഭാരതീയമല്ല' എന്ന വാദം അടിവരയിട്ടു ശരി വെയ്ക്കുന്നതാണ് യച്ചൂരിയു്ടെ ശ്രീ അച്ചുതാനന്ദനെ ഫിഡൽ കാസ്ട്രോയോട് ഉപമിച്ചു കൊണ്ടുള്ള പ്രസ്ഥാവന... ഒരു ആശയത്തിനും,, തത്വത്തിനും,, പ്രത്യയശാസ്ത്രത്തിനും എന്തിനും ഏതിനും വിദേശത്തേക്ക് നോക്കേണ്ടിയും കടമെടുക്കേണ്ടിയും വരുന്നു... അല്ലെങ്കിൽ അതിനു മാത്രം അവർ താൽപ്പര്യപ്പെടുന്നു... കമ്യുണിസ്റ്റ് യുവത്വത്തിന് ചെഗുവര മതി... ഭാരത മണ്ണിന്റെ അഭിമാനത്തിനു വേണ്ടി പൊരുതി മരിച്ചവരാരും അവർക്ക് വീര നായകരേ അല്ല... കഴിഞ്ഞ നൂറു വർഷങ്ങളായി ഭാരതത്തിൻറെ ഉന്നമനത്തിനായി വിയർപ്പും ചോരയും ഒഴുക്കുന്നു എന്ന് അവകാശപ്പെടുന്ന സി പി എം നു വി. എസ്സ് അച്യുതാനന്ദനെ ഉപമിക്കാൻ ഒരു ഭാരത കമ്യുണിസ്റ്റ് നേതാവിനെ കണ്ടെത്താൻ കഴിഞ്ഞില്ലല്ലോ?? പരിതാപകരം എന്ന് മാത്രമല്ലേ പറയാൻ കഴിയൂ?? 

     ഇ. എം. എസ്സും,, എ. കെ. ജി യും ഒന്നും അത്ര പോരാ,, ഒരു ഉപമയ്ക്കുള്ള ആളില്ല എന്ന മട്ടായിരിക്കും യെചൂരിക്ക്...!! അതോ ശ്രീ അച്യുതാനന്ദന് അതിനുള്ള യോഗ്യത ഇല്ലന്നോ?? 

[Rajesh Puliyanethu
 Advocate, Haripad] 

Sunday 1 May 2016

പത്രവും പച്ചക്കറിയും...!?




    സമാനതകളുള്ള രണ്ടു കാര്യങ്ങളാണ് പത്രം വായിക്കുന്നതും, പച്ചക്കറി കഴിക്കുന്നതും.. പോഷകഗുണം ലഭിക്കുമെന്ന് കരുതിയാണ് പച്ചക്കറി കഴിക്കുന്നത്‌... ശരിയായ വിവരങ്ങളും, അറിവും ലഭിക്കുമെന്ന് കരുതിയാണ് പത്രം വായിക്കുന്നത്.. 

    ദൌർഭാഗ്യവശാൽ രണ്ടും ഇനന് മലിനവും വിഷലിബ്ദവുമാണ്...... 

[Rajesh Puliyanethu
 Advocate,  Haripad]


Friday 29 April 2016

മാമ്പഴത്തെ കൊതിക്കാത്ത ബാല്യം മാവിനെ സ്നേഹിക്കാതെ പോകുന്നു....!!


     ഇന്ന് ഒരു കാഴ്ചയിൽ കണ്ട ചെറിയ ഒരു കൌതുകം പങ്കു വെയ്ക്കുന്നതിനാണ് ഈ എഴുത്ത്...

     ഒരു വസ്തു തർക്കത്തിലെ കേസ്സ് സംബന്ധമായി ഒരിടം വരെ പോകേണ്ടി വന്നു...  ഉടമയുടെ വീടിനു മുകളിലത്തെ നിലയിൽ നിന്നും ജനാലയിൽക്കൂടി പുറത്തേക്ക് നോക്കിയാൽ അടുത്തുതന്നെ ഒരു ബഹുനില കെട്ടിടത്തിന്റെ നിർമ്മാണം നടക്കുന്നത് കാണാം.. എന്റെ ജോലി കഴിഞ്ഞതിനു ശേഷം കെട്ടിട നിർമ്മാണത്തിന്റെ കൌതുകം നോക്കി അൽപ്പനേരം നിന്നു...

     ആ വർക്ക് സൈറ്റിലേക്ക് ഒരു ഓഡി കാർ കയറി വരുന്നത് കണ്ടു. കെട്ടിടത്തിന്റെ അടുത്തെത്തുന്നതിനു മുൻപ് വഴിയിൽ ആ വാഹനം നിർത്തി..  ആ ബഹുനിലക്കെട്ടിടത്തിന്റെ ഉടമ ആയിരിക്കാം, ഏതായാലും 'ധനാഡ്യൻ' എന്നും തോന്നിക്കും വിധം ഒരാൾ അതിൽ നിന്നും പുറത്തേക്ക് ഇറങ്ങി.. അയാൾ വാഹനം കെട്ടിടത്തിന്റെ അടുത്ത് എത്തുന്നതിന് മുൻപ്‌ നിർത്തിയത് കൊണ്ടാകാം ഞാൻ ശ്രദ്ധിച്ചത്... വാഹനത്തിൽ നിന്നും പുറത്തിറങ്ങിയ ആൾ വാഹനത്തിന്റെ മുൻപിൽ കിടന്ന ഒരു പഴുത്ത മാങ്ങ എടുത്ത് തന്റെ മുണ്ടു കൊണ്ട് ഭംഗിയായി തുടച്ചു... അത് കടിച്ചുകൊണ്ട് വീണ്ടും വാഹനത്തിൽ കയറി ഓടിച്ച് കെട്ടിടത്തിനറെ അടുത്തു പാർക്ക് ചെയ്ത് ഇറങ്ങിപ്പോയി... അപ്പോഴും അയാളുടെ കൈയ്യിൽ ആ മാമ്പഴം ഉണ്ടായിരുന്നു...

     ഈ കാഴ്ചയിൽ എന്താണ് എടുത്തു പറയാൻ എന്ന് ചോദിക്കുന്നവരായിരിക്കും അധികവും... പക്ഷെ ഒരു കൌതുകം ജനിപ്പിച്ച സംഭവമായിരുന്നു അത്... ഇന്ന് സമൂഹത്തിൽ നിലനിൽക്കുന്ന പെരുമാറ്റ ചര്യകൾക്കിടയിൽക്കൂടി കാണുമ്പോളാണ് ഈ കാഴ്ചയിലെ നന്മ വെളിവാകുന്നത്...

       പാൻറും, ഷർട്ടും ഇട്ട് കയ്യിൽ ഒരു മൊബൈൽ ഫോണും ഉണ്ടെങ്കിൽ സായിപ്പായി എന്ന് കരുതുന്ന സമൂഹമാണിത് ... വീണു കിടക്കുന്ന ഒരു മാമ്പഴമോ, പറങ്കാപ്പഴമോ കുനിഞ്ഞൊന്നെടുത്തുപൊയാൽ തന്റെ വിദ്യാഭ്യാസ്സവും, അന്തസ്സും, സമൂഹത്തിലെ സ്ഥാനവും ഒക്കെ കപ്പലുകയറിപ്പോയി എന്ന് കരുതുന്നിടത്തു കണ്ട ഒരു കാഴ്ച്ച...!! പറമ്പിലെ മാമ്പഴം പെറുക്കിയെടുക്കുന്നത്‌ അപമാനമായി കണ്ട് നൂറ്റി അൻപത് രൂപ കൊടുത്ത് കാർബയിഡു വിഷം പുരണ്ട മാമ്പഴം വാങ്ങി കുട്ടികൾക്കുനൽകുന്നത് അഭിമാനമായും, അതേ അഭിമാനബോധം തങ്ങളുടെ CBSE അമുൽ പൈതലുകൾക്ക് പകർന്നു നൽകുകയും ചെയ്യുന്നിടത്ത് കണ്ട കാഴ്ച്ച..!!  അങ്ങനെയുള്ളിടത്ത് സ്വന്തമായി ഓഡി കാറും,, ബഹുനില കെട്ടിടവും,, പണവും ഉണ്ടെന്നുള്ളത് ഒരു മാമ്പഴം കുനിഞ്ഞെടുക്കുന്നത് തടസ്സമാകാതിരുന്നത് കണ്ടപ്പോൾ ഒരു കൌതുകം...ആ കൌതുകം എടുത്തു പറയണമെന്ന് മാത്രമേ കരുതിയുള്ളൂ...

     വീണു കിടക്കുന്ന ഒരു മാമ്പഴത്തെ നാം കാണാതെ വന്നാൽ,, പുറം കാലുകൊണ്ട്‌ അതിനെ തട്ടി മാറ്റി മുൻപോട്ടു പോയാൽ,, സ്വീകരിക്കാൻ ഒരണ്ണാരക്കണ്ണൻ പോലും ഇല്ലാതെ വന്നാൽ;;  ആർക്കായും പ്രത്യേകം കരുതാതെ, എല്ലാവർക്കുമായി പുഷ്പ്പിച്ചിട്ടും, മധുരമുള്ള മാമ്പഴം വിളമ്പിത്തന്നിട്ടും, അതൊന്നു സ്വീകരിക്കാനും, നന്ദിയോടെയും, സ്നേഹത്തോടെയും ഒന്നു നോക്കാനും ആരുമില്ലെന്ന തോന്നൽ ആ മാവിലും ഒരു താപം ഉയർത്തിയേക്കാം...!! അങ്ങനെ തങ്ങളുടെ ഫലങ്ങൾ ചവിട്ടി അരച്ചു കളഞ്ഞവർക്കു നേരേ,,  അതിനും ശേഷം തങ്ങളുടെ തടിയിൽ കോടാലി വെയ്ക്കുന്നവർക്കു നേരെ ഉയരുന്ന താപവും കണ്ണീരും ഓരോ മരത്തിനും ഉണ്ടാകാം... ആ താപമാകാം നമ്മെ ചുട്ടു പോള്ളിച്ചുകൊണ്ടിരിക്കുന്നത്...!!!

     പ്രകൃതിയുടെ കനിവ് നമുക്കു ലഭിക്കണമെങ്കിൽ നാം പ്രകൃതിയെയും, പ്രകൃതി തരുന്ന വിഭവങ്ങളെയും നന്ദിയോടെ കാണണം.. മധുരമൂറുന്ന മാമ്പഴം തന്ന മാവിനോട് സ്നേഹം വേണം... ആ സ്നേഹം ആാത്മാവിൽ ജനിക്കണമെങ്കിൽ കാറ്റത്തു വീണമാമ്പഴം ഓടിച്ചെന്ന് കൂട്ടുകാർക്കൊപ്പം തല്ലുകൂടി പങ്കിട്ടെടുത്ത ബാല്യം വേണം... അങ്ങനെ ഒരു ബാല്യമുള്ളവന് തനിക്ക് മധുരമുള്ള മാമ്പഴം തന്ന,, തന്റെ ഏറു കൊണ്ട് വീണ്ടും സന്തോഷത്തോടെ മാമ്പഴം പൊഴിച്ച മാതൃതുല്യമായ ആ വൃക്ഷത്തിൻറെ ചുവട്ടിൽ കൊടാലിവെയ്ക്കാൻ മനസ്സൊന്നു പിടക്കും....  

     പ്രകൃതിയെ നന്ദിയോടെയും, സ്നേഹത്തോടെയും കാണൂ... അങ്ങനെയുള്ളവന് പ്രകൃതി നമുക്കായി നൽകുന്ന ഏതൊരു വിഭവത്തെയും ചെറുതായിക്കാണാൻ കഴിയില്ല... അവർ ഭൂമിയെ ചുട്ടു പോള്ളിക്കാനും, കരയിക്കാനും ഇടവരുത്തില്ല...........

[Rajesh Puliyanethu
 Advocate, Haripad]