Thursday 24 January 2013

സ്ത്രീ പീഡനങ്ങള്‍ തുടര്‍ക്കഥയും, അകത്തളവും.......


   സ്ത്രീ പീഡനങ്ങള്‍ ഭാരതം എന്ന മഹാരാജ്യത്ത് ഒരു പുതുമയുള്ള വാര്‍ത്തയെ അല്ല!! രാജ്യത്ത് ആകമാനം അത് സംഭവിക്കുന്നതിന്റെ കണക്കെടുത്താല്‍ മിനിട്ടുകളില്‍ സംഭവിക്കുന്ന ഒന്ന്!! പൊതുജനശ്രദ്ദയും, പ്രതികരണവും, ഇരക്ക് നീതിയും ലഭിക്കുന്നത് പല സഹസ്രങ്ങളില്‍ ഒന്നിനു മാത്രം! അതും പ്രസ്തുത സംഭവം കൊണ്ട് ആര്‍ക്കെങ്കിലും ഏതെങ്കിലും വിധത്തിലുള്ള മുതലെടുപ്പുകള്‍ സാധ്യമാകുമ്പോള്‍; അല്ലെങ്കില്‍ മാധ്യമങ്ങള്‍ " ഈ സംഭവം വിവാദമായിരിക്കുന്നു" എന്ന മുന്നറിയിപ്പോടെ നമ്മെ അറിയിക്കുമ്പോള്‍!!`! ഒരു സ്ത്രീയില്‍ നിന്നും ശാരീരികമായമായ സുഖം ബലമായി നേടിയെടുക്കാന്‍ ഒരു പുരുഷന്‍ തീരുമാനിക്കുന്നത് എന്ത് കൊണ്ടാണ്??  അത്തരം ഒരു തീരുമാനത്തിന്‍റെ ഇരയാകാതെ ഏതൊരു സ്ത്രീയെയും സംരക്ഷിച്ചു നിര്‍ത്തുന്നതിന് സമൂഹത്തിനും, നിയമത്തിനും, സര്‍ക്കാരുകള്‍ക്കും ഒരുപോലെ ബാധ്യത ഉണ്ട്..  ആ ബാധ്യത നിറവേറ്റുന്നതിന് വേണ്ടി ശക്തമായി ആവശ്യപ്പെട്ടുകൊണ്ട് ആവേശത്തെ ഉള്‍ക്കൊണ്ട് വെറിപൂണ്ട് ഒരു സമൂഹത്തിന് തെരുവിലിറങ്ങാം.. പക്ഷെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെക്കുറിച്ച് പഠിക്കാതെ; തങ്ങളും സ്ത്രീ ശാക്തീകരണത്തിനും, സ്ത്രീ സംരക്ഷണത്തിനും മുന്നില്‍ നില്‍ക്കുന്നു എന്നപ്രതീതി ഉളവാക്കും വിധം നിയമനിര്‍മ്മാണങ്ങള്‍ നടത്താനോ, പ്രവര്‍ത്തിക്കാനോ സര്‍ക്കാരുകള്‍ ശ്രമിക്കരുത്..

   ഒരു പുരുഷന്‍ അക്രമ സ്വഭാവത്തോടെ ഒരു സ്ത്രീയില്‍ നിന്നും രതി ആസ്വതിക്കാന്‍ മുതിരുന്നതിന് പിന്നിലെ ചെതോവികാരമാണ് ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ടത്. ആ ചര്‍ച്ചകള്‍ക്കൊടുവില്‍ ഒന്നാമതായി കണ്ടെത്തിയ കാരണം സ്ത്രീ തന്നെ പുരുഷനെ കാമവെറി കൊള്ളിക്കും വിധം പെരുമാറുന്നുഎന്നതായിരുന്നു.. പ്രധാനമായും അല്‍പ വസ്ത്രധാരണത്തിലൂടെയാണ് സ്ത്രീ ആ കൃത്യം നിര്‍വഹിക്കുന്നതെന്നും ഒരു കൂട്ടര്‍ പറഞ്ഞു വെച്ചു.. സ്ത്രീയുടെ അല്‍പ്പ വസ്ത്ര ധാരണാ രീതി ലൈംഗീക കുറ്റകൃത്യങ്ങളെ വര്‍ദ്ധിപ്പിക്കുന്നുന്നുണ്ടോ??

   പ്രായപൂര്‍ത്തിയായ ഏതൊരു പുരുഷനും സ്ത്രീക്കും തമ്മില്‍ യാതൊരു പരസ്പ്പര പ്രതിഫലവും കൂടാതെയും പ്രദര്‍ശന സ്വഭാവം കൂടാതെയും, പരസ്പ്പര താല്‍പ്പര്യപ്രകാരം ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് അനുവദിക്കുന്ന നിയമവും സമൂഹവുമാണ് നമ്മുടേത്‌..`.. ആ കാഴ്ച്ചപ്പാടുകള്‍ പ്രോത്സാഹിപ്പിക്കപ്പെടുന്ന രീതിയില്‍ നിയമങ്ങളും, പൊതുജനനിലപാടുകളും  നിലകൊള്ളുന്ന കാഴ്ചയാണ് പോയകാലത്ത് നമ്മള്‍ കണ്ടത്.. ലോകം മുഴുവന്‍ അത്തരം കാഴ്ചപ്പാടുകളിലേക്ക് വളരുന്നതും നമ്മള്‍ കണ്ടു.. വ്യക്തി സ്വാതന്ത്ര്യത്തിന്‍റെ അനിവാര്യതയാണ് തീര്‍ച്ചയായും അത്തരം അനുമതികള്‍ എന്നത് വ്യക്തം.. അവിടെ ഏറ്റവും കാതലായ വസ്തുത എന്നത് പരസ്പ്പര സമ്മതവും താല്‍പ്പര്യവും എന്നതാണ്.. നിയമവും, സാമൂഹികവും വിഷയങ്ങ ളാകുമ്പോള്‍ പ്രതിഫലത്തെയും, പ്രദര്‍ശനത്തെയും തടയുന്നു എന്ന് മാത്രം..

   വ്യക്തി സ്വാതന്ത്യവും, സ്ത്രീയുടെ സമ്മതവും കൂട്ടിവായിച്ച് വേണം വസ്ത്ര ധാരണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍...`.. ഏതു തരത്തിലുള്ള വസ്ത്രം താന്‍ ധരിക്കണമെന്നത് അവളുടെ മാത്രം സ്വാതന്ത്ര്യമാണ്. നിയമം കല്‍പ്പിക്കുന്ന അതിര്‍വരമ്പിനുള്ളില്‍ എത്ര പ്രദര്‍ശനവും അവള്‍ക്കാകാം.. അതില്‍ കാഴ്ചക്കാരന് പരിമിതികള്‍ മാത്രമേ ഉള്ളു.. ഒരു സ്ത്രീ എത്രത്തോളം തന്‍റെ ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ച് വസ്ത്രം ധരിക്കുന്നോ, അത്രത്തോളം ശരീര ഭാഗങ്ങള്‍ മറ്റുള്ളവന് കാണുന്നതിനുള്ള അനുമതി നല്‍കല്‍ കൂടിയാണത്.. ആസ്വാദ്യകരമെങ്കില്‍ അത്രത്തോളം കണ്ട് ആസ്വദിക്കുന്ന അവകാശം മാത്രമേ രണ്ടാമതോരുവനുള്ളു.. 'കണ്ടു മാത്രം ആസ്വദിക്കുന്നതിന്'.... അതിനപ്പുറത്തെക്കുള്ള ഏതൊരു അതിക്രമ പ്രവര്‍ത്തിക്കും അല്‍പ വസ്ത്ര ധാരണത്തെ പഴിചാരി ന്യായം കണ്ടെത്താന്‍ സാധിക്കില്ല..

   ഒരു ബലാല്‍സംഗത്തില്‍ കൂടി കാമസംതൃപ്തി തേടുന്നതിനെ കാമവെറി എന്ന് വിശേഷിപ്പിക്കുന്നതിലും ഒരു ലൈഗിക കൃത്യത്തില്‍ അവസാനിക്കുന്ന  മനോവെറി എന്ന് വിശേഷിപ്പിക്കുന്നതാകും ഉത്തമം.. കാമാസക്തിയുടെ പൂര്‍ത്തീകരണം ഒരു ബലാത്സംഗത്തില്‍ കൂടി നടക്കുന്നു എന്ന് കരുതാന്‍ വയ്യ..  മനസ്സില്‍ ഉദ്ദേശിച്ച് ഉറപ്പിച്ച് ചെയ്യുന്ന ഏതൊരു കുറ്റകൃത്യം പോലെ മാത്രമേ ഉള്ളു ഇതും! അതിന് വികാരഉദ്ദീപനത്തിന്റെ കാര്യമായ സ്വാധീനം ഇല്ല എന്നു വേണം കരുതാന്‍..`.. മറിച്ച് ചിന്തയുടെ സ്വാധീനം മാത്രമേ ഉള്ളു.. ആ  ചിന്ത എന്നത് വളരെ ചെറിയ പ്രായം മുതല്‍; ഏറ്റവും അടുത്ത ചില ബന്ധങ്ങളില്‍ ഒഴിച്ചുള്ള മറ്റെല്ലാ സ്ത്രീകളെയും ശാരീരിക സൌകുമാര്യത്തിന്‍റെയും, രതിയുടെയും അടിസ്ഥാനത്തില്‍ വിശകലനം ചെയ്തതും വിവരിച്ചും വളര്‍ന്നുവരുന്ന സാമൂഹിക അന്തരീക്ഷത്തില്‍ നിന്നും ഉയര്‍ന്ന് വരുന്നതാണ്..  അക്രമചിന്തയും വന്യസ്വഭാവവും കൂടി നില്‍ക്കുന്ന ചില പുരുഷന്മാര്‍ അക്രമ ലൈഗികതയിലേക്ക് അതിനെ കൊണ്ട്ചെന്നെത്തിക്കുന്നു എന്ന് മാത്രം..  സ്വന്തം മകളില്‍ കാമ താല്‍പര്യങ്ങള്‍ പൂര്‍ത്തീകരിക്കുന്ന കാടത്തത്തിലേക്ക് വരെ ആ സാമൂഹിക അന്തരീക്ഷം വളരുന്നു എന്നതാണ് ക്രൂരമായ വസ്തുത..

    സ്ത്രീയും മുന്‍പ് പറഞ്ഞ പൊതു സാമൂഹിക രീതിയില്‍ തന്നെ പുരുഷനെ വിലയിരുത്തി വരുന്നുണ്ടെന്നു വേണം കരുതാന്‍..`.. പക്ഷെ അത് അത്ര കണ്ട് വലിയ സാമൂഹിക വിപത്തായി ഉയര്‍ന്നു വരാത്തത്; അത് സാര്‍വത്രികമല്ല എന്നതിനാലാണ്. കൂടാതെ ഒരു ബലപ്രയോഗത്തില്‍ കൂടി പുരുഷനെ കീഴ്പ്പെടുത്താന്‍ സ്ത്രീക്ക് കഴിയാത്തതും ശക്തി കൊണ്ട് കീഴ്പ്പെടുത്തിയാലും ലൈഗീക ബന്ധത്തിലേക്ക് ബലപ്രയോഗത്തില്‍ കൂടി പുരുഷനെ എത്തിക്കാന്‍ കഴിയാത്ത ശാരീരികമായ സവിശേഷതയുമാണ് സ്ത്രീ ബലാത്സംഗ കേസ്സുകളില്‍ പ്രതിയാകാതിരിക്കാന്‍ കാരണം.. മറിച്ച് സമാനമായി ചിന്തിക്കുന്നവര്‍ സ്ത്രീയിലും പുരുഷന്മാരിലെന്നപോലെ തന്നെ ഉണ്ട്..

   സാമൂഹികമായ സ്ത്രീ പുരുഷ ഭേതമില്ലാത്ത ഒരു ചിന്താ സ്വോഭാവത്തിന്റെ  ക്രിമിനല്‍ ആവിഷ്ക്കാരമാണ് ബലാല്‍സംഗങ്ങളായി നാം കാണുന്നത്.. അതില്‍ സ്ത്രീയെ പ്രതി സ്ഥാനത്ത് കാണാത്തത് അവര്‍ക്ക് ആ കുറ്റക്രിത്യം നടപ്പിലാക്കാനുള്ള കഴിവുകേടുകൊണ്ടും.. അതുകൊണ്ട് തന്നെ ഇരയുടെ സ്ഥാനത്ത് നാം എല്ലായെപ്പോഴും സ്ത്രീയെ മാത്രം കാണുന്നു.. അതിനാല്‍ പുരുഷന് വേണ്ടി മാത്രമുള്ള മരുന്നുകള്‍ നിര്‍മ്മിക്കാനാണ് പൊതുസമൂഹവും, സര്‍ക്കാരും ശ്രമിക്കുന്നത്.. മറിച്ച് അടിസ്ഥാനപരമായി  സമൂഹത്തില്‍ നിലനില്‍ക്കുന്ന ചിന്തയിലെ വൈകല്യത്തെ ഫലപ്രദമായി ചികില്‍സ്സിക്കുന്നതിനുള്ളതോന്നും ഇവിടെ ഉയര്‍ന്നു വരുന്നില്ല..

   പുരുഷനെ ലൈഗിക അതിക്രമങ്ങളില്‍ നിന്നും പിന്തിരിപ്പിക്കാന്‍ പല ഉപായങ്ങളും ഉയര്‍ന്നു വരുന്നുണ്ട്. സ്ത്രീകള്‍ക്കെതിരെ ഉണ്ടാകുന്ന അതിക്രമങ്ങള്‍ക്ക് ശിക്ഷ കടുത്തതാക്കുകന്നതാണ് അതില്‍ പ്രധാനമായത്.. ഒന്നു ചിന്തിക്കൂ. ഒരു സ്ത്രീയെ ബലാല്‍സംഗം ചെയ്യുന്ന കുറ്റ കൃത്യത്തിന് പത്തു വര്‍ഷത്തില്‍ കുറയാത്ത ശിക്ഷ ലഭിക്കുന്ന നിയമങ്ങള്‍ ഇവിടെ നിലനില്‍ക്കുന്നു.. ഒരു സ്ത്രീയെ ബലാല്‍സംഗം ചെയ്യാന്‍ മുതിരുന്ന വേളയില്‍ ഒരുവന്‍ " ഇതു പിടിക്കപ്പെട്ടാലും 10 വര്‍ഷം തടവ് കിട്ടുമെന്നല്ലെ ഉള്ളു" എന്ന് നിസ്സാരമായിചിന്തിച്ച് ആ കുറ്റകൃത്യം ചെയ്യുന്നില്ല.. നിലവിലുള്ള നിയമപ്രകാരം പിഴ ഒടുക്കി കുറ്റവാളികള്‍ രക്ഷപ്പെടുന്നു എന്നാ നിലയിലാണ് പലരും സംസ്സാരിക്കുന്നത്.. ബലാത്സംഗ കേസുകളിലെ കുറ്റവാളികള്‍ എത്ര കഠിനമായും ശിക്ഷിക്കപ്പെടുന്നത് ഉചിതം തന്നെയാണ്. പക്ഷെ കെമിക്കല്‍ ഷ ണ്‍ഡീകരണം പോലെയുള്ള ശിക്ഷകള്‍ക്ക് നിയമ സാധുത നല്‍കിയാല്‍; സ്ത്രീ പീഡനങ്ങളെ മറയാക്കി ചൂഷണം നടത്താന്‍ തല്‍പ്പരരായ കുറ്റവാളികളായ സ്ത്രീകള്‍ക്ക് അവരുടെ ബര്‍ഗൈനിംഗ് മൂല്യം വര്‍ദ്ധിപ്പിക്കാന്‍ ഉപയോഗിക്കാം എന്നതിനപ്പുറം സ്ത്രീ പീഡനങ്ങളുടെ തോത് ക്രിയാത്മകമായി കുറക്കാന്‍ ഉതകും എന്ന് തോന്നുന്നില്ല..

      സ്ത്രീ പീഡനങ്ങള്‍ കുറയ്ക്കുന്നതിന് പുരുഷന്‍റെ ലൈഗീക ത്രിഷ്ണക്ക് നിയമം അനുവദിച്ച് കൊണ്ടുതന്നെ പരിഹാര മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തേണ്ടതുണ്ട് എന്ന് നിര്‍ദ്ദേശിക്കുന്നവരുണ്ട്. നിയമം അനുവദിക്കുന്ന വേശ്യാലയങ്ങള്‍ സ്ത്രീ പീഡനങ്ങളുടെ അളവ് കുറക്കാന്‍ സഹായകമാകുമെന്ന് അവര്‍ വിശ്വസിക്കുന്നു.. പക്ഷെ സമൂഹത്തിലെ പുരുഷന്മാരുടെ ലൈഗീക ആസക്ത്തിയുടെ പൂരണത്തിനായി ഒരു സംഘം സ്ത്രീകളെ ഒരുക്കിനിര്‍ത്തുക എന്നപ്രവര്‍ത്തിക്ക് ഒരുപാട് മാന്യതക്കുറവുകളുണ്ട്. മാത്രമല്ല അപ്രകാരം നിയമ പരിരക്ഷ വേശ്യാലയങ്ങള്‍ക്ക് നല്‍കിയാല്‍ അവിടേക്ക് സ്ത്രീകള്‍ എത്തപ്പെടുന്ന രീതി ക്രൂരവും, അധാര്‍മ്മികവും ആയിരിക്കും.. പരിഷ്കൃത ജനത എന്ന് സ്വയം പുകഴ്ത്തി പാടി നടക്കുന്ന നമുക്ക് അത് ഭൂഷണവുമല്ല..

   സ്ത്രീ  പുരുഷനെയോ, പുരുഷന്‍ സ്ത്രീയെയോ പ്രഥമമായി വിലയിരുത്തുന്നത് രൂപ സൌകുമാര്യത്തിന്റെ അടിസ്ഥാനത്തിലാണെന്ന് കണ്ടുവരുന്നു.. അതില്‍ നിന്നും ഒരു പടികൂടി കടന്ന് ലൈഗീകമായ ആസ്വാദനത്തിന്റെ വിലയിരുത്തലായി മാറുന്നു.. ആ ആസ്വാദനത്തിന്റെ മാര്‍ഗങ്ങള്‍ ഒരു വ്യക്തി തേടി തുടങ്ങുന്നതോടെയാണ് ഒരു കുറ്റകൃത്യം ജനിക്കാനുള്ള സാധ്യത ആരംഭിക്കുന്നത്.. തന്‍റെ ആഗ്രഹം മാന്യമായി ആവശ്യപ്പെടുന്നതോ, തന്നിലേക്ക് എതിര്‍ വ്യക്തിയെ ആകര്‍ഷിക്കുന്നത് വരെയോ കാര്യങ്ങള്‍ വിക്രിതമല്ല.. പക്ഷെ എതിര്‍ വ്യക്തിയുടെ താല്‍പ്പര്യത്തിന് വിരുദ്ധമായി തന്‍റെ താല്പ്പര്യപൂര്‍ത്തീകരണത്തിന് ശ്രമിക്കുമ്പോളാണ് കാടത്തവും കുറ്റകൃത്യവും ഒന്നായി ഒരു 'താല്‍പ്പര്യം' മാറുന്നത്.. അതിലേക്ക് മുതിരരുത് എന്ന് മാത്രമാണ് സമൂഹത്തില്‍ പ്രചരിപ്പിക്കെണ്ടതും, ബോധവല്‍ക്കരണം നടത്തേണ്ടതും!! സ്വതന്ത്രമായി പരസ്പ്പര താല്‍പ്പര്യത്തോടെ ശരീരസുഖം പങ്കിടുവാന്‍ ആഗ്രഹിക്കുന്നവരെ വേട്ടയാടാനും പിന്തുടരാനും പാപ്പരാസ്സി മനസ്ഥിതിയോടെ മുതിരരുതെന്നും ഈ സമൂഹത്തെ പഠിപ്പിക്കണം.. അങ്ങനെ ലൈഗീക വിഷയങ്ങളിലെ സമൂഹത്തിന്‍റെ അമിത ത്രിഷ്ണക്ക് പല മാര്‍ഗ്ഗങ്ങളില്‍ കൂടി അറുതി വരുത്തണം.. ലൈഗീക വിഷയങ്ങളെ സമൂഹം അവഗണിക്കാന്‍ പഠിക്കണം.. എങ്കില്‍ മാത്രമേ കരുതിക്കൂട്ടിയുള്ള ലൈഗീക അപകീര്‍ത്തികരമായ പ്രവര്‍ത്തികള്‍ അവസ്സാനിക്കുകയും യഥാര്‍ഥ കുറ്റവാളികള്‍ മാത്രം നിയമത്തിന് മുന്നില്‍ എത്തുകയും ചെയ്യുകയുള്ളൂ..

   ലൈഗീകമായ കുറ്റകൃത്യങ്ങള്‍ ഭാരതത്തില്‍ മാത്രമല്ല ലോകത്തിന്‍റെ എല്ലാ ഭാഗത്തും അരങ്ങേറുന്ന ഒന്നാണത്.. കാലപ്പഴക്കം നിര്‍ണ്ണയിക്കാന്‍ കഴിയാത്ത കുറ്റകൃത്യം.. അതില്‍നിന്ന് സമൂഹത്തെ രക്ഷിക്കാനുള്ള ബോധവല്‍ക്കരണം ക്രിയാത്മകമായി ചെയ്യണം.. 'പരസ്പര താല്‍പ്പര്യം ഒരു ലൈഗീക ബന്ധത്തിന് ഉണ്ടായിരിക്കണം' എന്ന ഒരൊറ്റ മുദ്രാ വാക്യത്തില്‍ മാത്രം ഊന്നി പ്രചരണങ്ങള്‍ നടത്തണം.. മറിച്ച് ലൈഗീകമായതെല്ലാം തെറ്റാണെന്ന് പ്രചരിപ്പിച്ച് തന്‍റെ പുണ്യാളന്‍ രൂപം അതുവഴി സമൂഹത്തിന് മുന്‍പില്‍ വരച്ചു കാട്ടി, സാമൂഹികതയും, ആത്മീയതയും, സംസ്ക്കാരത്തെയും, പാരമ്പര്യത്തെയും കൂട്ടിക്കുഴച്ച് ലക്ഷ്യബോധമില്ലാത്ത പ്രചരണങ്ങള്‍ നടത്തി അവ്യക്തമായ ചിത്രങ്ങള്‍ സമൂഹത്തില്‍ സൃഷ്ട്ടിക്കുമ്പോള്‍ അവയെല്ലാം മാലിന്യങ്ങളായി മാത്രം നിക്ഷേപിക്കപ്പെടുന്നു.. ശുഭകരമായ ചലനങ്ങള്‍ സമൂഹത്തില്‍ സൃഷ്ടിക്കപ്പെടാതെ പോകുന്നു.. 

   ഇവിടെ ഉയരുന്ന ഒരു രൊദനമാണ് സ്ത്രീ വില്‍പ്പനച്ചരക്കാകുന്നു, ഉപഭാഗ വസ്തു ആയിമാത്രം അധപ്പതിക്കുന്നു എന്നൊക്കെ.. എന്തുകൊണ്ടാണ് സ്ത്രീ അപ്രകാരം ചിത്രീകരിക്കപ്പെടുന്നത്?? എന്തുകൊണ്ടാണ് അത് സംഭവിക്കുന്നത്‌?? സ്ത്രീയും പുരുഷനുമായി ചേര്‍ന്നുള്ള കഥകള്‍ക്ക് സമൂഹം കാട്ടുന്ന അമിത പ്രാധാന്യമാണ് അതിനു കാരണം.. സ്ത്രീയുടെ ശരീരത്തെ മുതലെടുപ്പിന് ഉതകുന്ന ഒന്നാണെന്ന് ഉച്ചത്തില്‍ വിളിച്ചുപറയുകയാണ് തന്‍റെ വിലാപം എന്നപേരില്‍ ഈ ആള്‍ക്കൂട്ടങ്ങള്‍ ചെയ്യുന്നത്.. ഒരു ക്രൂരവ്യക്തിയാല്‍ ഒരു പെണ്ണ് ഒരുപ്രാവശ്യമായിരിക്കും പീഡി പ്പിക്കപ്പെടുന്നത്. പക്ഷെ അവളുടെ കണ്ണീരോപ്പാനെന്ന വ്യാജേന കൂടെ കൂടുന്നവര്‍ സമൂഹമദ്ധ്യത്തില്‍ അവളെ ഒരായിരം പ്രാവശ്യം അപമാനിക്കും!! അതും പല വര്‍ഷങ്ങള്‍......`.. അതിനുള്ള ഉദാഹരണങ്ങള്‍ക്ക് പോയകാലകേരള രാഷ്ട്രീയത്തിലേക്ക് ഒന്ന് കണ്ണോടിച്ചാല്‍ മതി..

   സമൂഹത്തിലെ സമഗ്രമായ മാറ്റത്തെപ്രതീക്ഷിച്ച് ഇവിടെ ഒരു സ്ത്രീക്കും ആശ്വസിക്കാന്‍ കഴിയില്ല.. സ്ത്രീ പീഡനങ്ങള്‍ ഇല്ലാത്ത ഒരു സുന്ദരഭൂമിയൊന്നും ഇവിടെ ഉണ്ടാകാന്‍ പോകുന്നില്ല.. ഇവിടെ ഫലവത്താകുന്നത് സ്ത്രീ നടത്തുന്ന സ്വയം പ്രതിരോധ മാത്രമാണ്.. ഒരു ഇരയാകാതെ എങ്ങനെ കടന്ന് പോകാം എന്ന് ചിന്തിച്ച് അവള്തന്നെ രൂപപ്പെടുത്തുന്ന ഒരു പ്രവര്‍ത്തന ചര്യക്ക്‌ മാത്രമേ അവളെ രക്ഷിക്കാന്‍ കഴിയൂ.. ചെളിയില്‍ കൂടി നടക്കുമ്പോള്‍ തെന്നിവീഴാതെ നടക്കുന്നവര്‍  ശ്രദ്ദിക്കുക.. വ്യക്തി സ്വാതന്ത്ര്യങ്ങളെ വേദനയോടെ മറന്നു കൊണ്ടാണെങ്കിലും വീഴ്ചകള്‍ക്ക് പാത്രീഭവിക്കാതിരിക്കുവാന്‍ ശ്രദ്ദിക്കുക.. ഏതൊരു സ്ത്രീക്കും ഏതു സമയത്തും, ഏതൊരിടത്തുകൂടിയും ഭയാശങ്കകളില്ലാതെ കടന്നു പോകാന്‍ കഴിയുന്ന കാലം സ്വപ്നത്തില്‍ മാത്രം അവശേഷിക്കുന്നിടത്തോളം കാലം അതിന് മാത്രമേ കഴിയൂ......



[Rajesh Puliyanethu
 Advocate, Haripad]