Saturday 26 November 2016

ഭിക്ഷാടന മാഫിയ എന്ന വിപത്ത്;; കുരുന്നു കൈകളിൽ പിച്ചച്ചട്ടി!!

     നവ മാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഒരു വീഡിയോ ആണ് ഈ എഴുത്തിനു കാരണം... ഒരു ചെറിയ കുട്ടിയെ ഒരു മനുഷ്യമൃഗം ക്രൂരമായി കാലുതല്ലി ഓടിക്കുന്നതാണ് രംഗം... ഭിക്ഷാടന മാഫിയ തട്ടിക്കൊണ്ടു വരുന്ന കുട്ടികളെ ഭിക്ഷതെണ്ടിക്കുന്നതിന് വേണ്ടി കൈകാലുകൾ അടിച്ചോടിച്ചു പാകപ്പെടുത്തുകയാണ്... ആ വീഡിയോയുടെ സത്യസന്ധത എനിക്കറിയില്ല... പക്ഷെ നമുക്കു ചുറ്റും കുരുന്നുകൾ ഭിക്ഷാടന മാഫിയയുടെ ഇതിലും ക്രൂരമായ പീഡനങ്ങൾ ഏറ്റുവാങ്ങുന്നുണ്ട് എന്ന് നമ്മൾ മനസ്സിലാക്കണം.... നിസ്സഹായനായ ആ കുഞ്ഞിന്റെ നിലവിളി സഹിക്കാൻ കഴിയുന്നതിനും ഒരുപാട് അപ്പുറമായി അനുഭവപ്പെടുന്നു... 

     മറ്റുള്ളവർക്ക് ജീവിതത്തിൽ അത്യാഹിതങ്ങൾ സംഭവിക്കുമ്പോൾ '' അത് അവർക്ക് സംഭവിച്ചു പോയത്'' എന്ന ലാഘവ ബുദ്ധിയോടെയും സ്വാർഥ ബുദ്ധിയോടെയുമാണ് നമ്മൾ ജീവിക്കുന്നത്... ഒരു അത്യാഹിതത്തിനു അത് ഇന്നു സംഭവിച്ച വ്യക്തിയിലേക്കുള്ള അതേദൂരമാണ് നമ്മളിലോരോരുത്തരി ലേക്കുമുള്ളത് എന്ന സത്യം നമ്മൾ സൗകര്യപൂർവ്വം മറക്കുന്നു.... നമ്മളുടെയെല്ലാം വീടുകളിൽ നിന്നും ഒരു കുരുന്നെങ്കിലും നേഴ്സ്സറിയിലോ, സ്‌കൂളിലോ പോകുന്നതായി ഉണ്ടാകും... ആ കുഞ്ഞു പുഞ്ചിരിയിൽ ഉണരുകയും ഉറങ്ങുകയും ചെയ്യുന്നതാണ് നമ്മുടെ വീടുകളും... വീഡിയോയിൽ കാണുന്ന കുരുന്നിന്റെ സ്ഥാനത്ത് നമ്മുടെ കുഞ്ഞിനെ ഒന്ന് സങ്കൽപ്പിച്ചു നോക്കൂ... അലറിവിളിക്കാനോ ഉറക്കെകരയാനോ തോന്നുന്നില്ലേ... അങ്ങനെ ഉറക്കെ നിലവിളിക്കുന്ന ഒരു അമ്മയും അച്ഛനും ആ കുഞ്ഞിനും ഉണ്ടാകില്ലേ?? ക്രൂരമായ പീഡനം ഏറ്റുവാങ്ങുന്ന ആ കുഞ്ഞു അനുഭവിക്കുന്ന വേദനയോ?? ഓർത്തിട്ട് രക്തം ഉറഞ്ഞു പോകുന്നതു പോലെ.... 

     ഒരു കുഞ്ഞിന്റെ കാലു തല്ലിയോടിച്ചും, കണ്ണുതുറന്നെടുത്തും ഭിക്ഷതെണ്ടിച്ചു കിട്ടുന്നതിൽ നിന്നും തിന്നാനിരിക്കുന്ന ആ മനുഷ്യരൂപമുള്ള നായക്ക് ഇതിലും എത്രയോ അന്തസ്സായി അമേദ്യം ഭക്ഷിച്ചു ജീവിക്കാം?? അവൻ തെണ്ടാൻ വിട്ടിരിക്കുന്നതിൽ അവന്റെ സ്വന്തം കുട്ടിയും ഉണ്ടാകും....അവൻ മകനെ തെണ്ടാനും ഭാര്യയെ വേശ്യാവൃത്തിക്കും വിട്ടിട്ടുണ്ടാകും.. കാരണം ചില ഹീനജന്മങ്ങൾ അങ്ങനെയാണ്... ദൈവം ആരോഗ്യം കൊടുത്തിട്ടുണ്ടെങ്കിലും ചാവാലിപ്പട്ടിയെക്കാൾ മ്ലേശ്ചമായ ജീവിതമേ പുലർത്തൂ... നാം ഓർക്കേണ്ടത് ഇത്തരം നായാട്ടുകാരുടെ കണ്ണുകൾ നമ്മുടെ കുട്ടികളുടെമേലും പതിയാൻ സാദ്ധ്യതയുണ്ടെന്നുള്ള ദുരന്തസത്യമാണ്....  

     സമൂഹത്തിൽ ഇത്രയധികം ഭയാനകമായ അവസ്ഥ രൂപം കൊള്ളുന്നതിന് പൊതുസമൂഹത്തിനും, ഭരണകൂടത്തിനും ഉത്തരവാദിത്വമുണ്ട്.... നമ്മൾ മഹാമനസ്കത എന്ന ഗർവ്വോടെ യാചകർക്കു നൽകുന്ന പണം... അതാണ് ഇത്രയും തരംതാണ ഒരു വ്യവസ്സായം ഇവിടെ പുഷ്പ്പിക്കുവാൻ കാരണം... നാം കൊടുക്കുന്ന നാണയങ്ങൾകൊണ്ട് തഴച്ചു വളരുന്നത് ഒരു അധോലോകമാണ്... നമ്മുടെ കുട്ടികളുടെ കണ്ണിനും,, കാലിനും,, ജീവിതത്തിനും വിലപറയുവാൻ കെൽപ്പുള്ളവരുടെ ലോകം... പിച്ചതെണ്ടാൻ പൊരിവെയിലത്ത് ഇരിക്കുന്നവർക്ക് ഒരു നേരം പോലും ഭക്ഷണമില്ല... കാരണം പട്ടിണികൊണ്ട് വികൃതമായ അവന്റെ രൂപവും വിനിമയമൂല്യമുള്ളതാണ്... കാരുണ്യം മനസ്സിൽ നിറഞ്ഞു പൊട്ടി ഒലിക്കുന്നവർ ഇവിടെ ഏറെയാണ്... 

     ഒരു വർഷം ഭിക്ഷാടനത്തിൽക്കൂടി വിനിമയം നടത്തപ്പെടുന്ന തുക കോടികൾ വരുമെന്ന് പറഞ്ഞാൽ അതിൽ തെല്ലും അതിശയം കരുതണ്ടാ... പക്ഷെ നാട്ടിൽ നടക്കുന്ന ഇത്രയും ക്രിമിനൽ സ്വഭാവമുള്ള ഒരു വ്യവസ്സായത്തെക്കുറിച്ചു പലരും ബോധവാന്മാരല്ല... ഇവിടുത്തെ ഭരണകൂടവും പോലീസും ഈ മാഫിയക്കെതിരെ എന്തു ചെയ്യുന്നു?? ഭിക്ഷാടന മാഫിയ പ്രവർത്തിക്കുന്നുണ്ടെന്നും നിങ്ങൾ കൊടുക്കുന്ന നാണയത്തുട്ടുകളിൽക്കൂടി നിങ്ങളും ഒരു വലിയ ക്രൈമിൽ പങ്കാളികൾ ആവുകയാണെന്നുള്ള ബോധവൽക്കരണമെങ്കിലും നടത്തിക്കൂടെ?? കേരളത്തിൽ നിന്നും സമീപകാലത്ത് കാണാതായ കുട്ടികളുടെ എണ്ണമെടുത്താൽ മൂവായിരത്തി അഞ്ഞൂറിൽപ്പരം വരുമെന്നത് കേരളാപോലീസ്സിന്റെ കണക്കാണ്... സ്ഥിതിഗതികൾ ഇത്രത്തോളം ഭയാനകമായി എത്തിയിട്ടും കൈയ്യും കെട്ടിനിൽക്കുന്ന അധികാരവർഗ്ഗത്തെ ചാണകം മുക്കിയ ചൂലിനടിക്കണം... അതല്ല ഇത്തരം മാഫിയാകളുടെ പങ്കുപറ്റി നക്കിത്തിന്നുന്നവർ അധികാരികളായി ഉണ്ടെങ്കിൽ അവരെ ശിക്ഷിക്കണം... കുട്ടികളും,, രക്ഷിതാക്കളും അറിഞ്ഞ വേദനയുടെ അപ്പുറം നൽകി ശിക്ഷിക്കണം....  

     ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന്റെ മുൻവശത്ത് റോഡിൽ വിശേഷ ദിവസ്സങ്ങളിൽ യാചകരുടെ നീണ്ട നിരയാണ്.... രണ്ടു കൈകളും രണ്ടു കാലുകളും ഇല്ലാത്തവർ.... കണ്ണില്ലാത്തവർ... പരസ്സഹായമില്ലാതെ ഒരു അടിപോലും ചലിക്കാൻ ശേഷിയില്ലാത്തവർ...ഷഷ്ഠി പോലെയുള്ള ദിവസ്സങ്ങളിൽ ഇവർ രാവിലെ ഏതാണ്ട് ഏഴു മണിയോടെ റോഡിന്റെ വശങ്ങളിൽ നിരക്കുകയാണ്.. വൈകിട്ട് ആളൊഴിയുന്നതിനനുസ്സരിച്ചു നീക്കം ചെയ്യപ്പെടുകയും ചെയ്യുന്നു... ആരാണിവരെ കൃത്യമായി എത്തിച്ചു പണപ്പിരിവു നടത്തിച്ചു തിരികെ കൊണ്ടു പോകുന്നവർ? ? ഇവർ രാത്രികാലങ്ങളിൽ താമസിക്കുന്നത് എവിടെയാണ്?? ഇവരുടെ പണം വിനിയോഗം ചെയ്യുന്നതാരാണ്?? ഇവരുടെ അംഗവൈകല്യങ്ങൾ എങ്ങനെ ഉണ്ടായതാണ്?? ഇതൊക്കെ ഏതെങ്കിലും പോലീസ്സ് അന്വേഷിച്ചതായി നമുക്കറിയുമോ?? ഹെൽമെറ്റ്‌ വേട്ട നടത്തി ഹീറോകൾ ആയും,, ലോക്കപ്പിൽ കിട്ടുന്ന രാഷ്ട്രീയ സ്വാധീനമില്ലാത്ത പ്രതികളുടെ മേൽ കൈത്തരിപ്പ് തീർത്തും അർമാദിക്കുന്ന നമ്മുടെ പൊലീസിന് ഇതിനൊക്കെ എവിടെ സമയം?? ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന്റെ സമീപത്ത് ഞാൻ കണ്ട കാഴ്ച പറഞ്ഞു എന്നേ ഉള്ളൂ...ആളുകൂടുന്നിടത്തൊക്കെ ഈ മാഫിയ തങ്ങളുടെ കച്ചവട സാധ്യത തേടുന്നുണ്ട്....

     ഭിക്ഷാടന മാഫിയയെ തളർത്താനും, നമ്മുടെ കുട്ടികളെ സുരക്ഷിതമാക്കാനും നമുക്കും ചിലതു ചെയ്യാൻ കഴിയും... കുട്ടികളെ പിടിച്ചുകൊണ്ടു പോകുന്നവർ ഉണ്ടെന്നു അവരെ പറഞ്ഞു ബോധ്യപ്പെടുത്തുക.. അപരിചിതരുടെ അടുത്തേക്ക് പോകരുതെന്നും,, ആരെങ്കിലും കടന്നു പിടിച്ചാൽ ഉച്ചത്തിൽ കരയാനും അവരെ പഠിപ്പിക്കുക.... ഇതിനെല്ലാം പുറമെ യാചകർക്ക് നാം ഇനിമേൽ ഒരു നാണയത്തുട്ടുപോലും നൽകില്ല എന്ന ഉറച്ച തീരുമാനം എടുക്കുക... നാം നൽകുന്ന പണത്തിൽക്കൂടി നാം ഒരു വലിയ കുറ്റവാളി ശൃംഖലയെ വളർത്തുകയാണെന്ന് സ്വയം ബോദ്ധ്യപ്പെടുകയും മറ്റുള്ളവരെ ബോധവൽക്കരിക്കുകയും ചെയ്യുക... അത്രയും എങ്കിലും നമ്മൾ ചെയ്യണം... നമ്മുടെ സമൂഹത്തിനു വേണ്ടി....,, നമ്മുടെ കുട്ടികൾക്കുവേണ്ടി....

     കാണാതാകുന്ന കുട്ടികളെക്കുറിച്ചും, തഴച്ചുവളരുന്ന ഭിക്ഷാടന മാഫിയയെക്കുറിച്ചും വിപുലമായ അന്വേഷത്തിന് പോലീസ്സ് തയ്യാറാകണം... ഭിക്ഷാടകരെ ഉപയോഗിച്ച് ലാഭമുണ്ടാക്കുന്നവരെ കണ്ടെത്തണം... ഭരണകൂടം ഇത്തരക്കാരെ ശിക്ഷിക്കാൻ പാകത്തിന് നിയമനിർമ്മാണം നടത്തണം... ഭിക്ഷാടകരെ കയറ്റിയിറക്കു നടത്തുന്നവരെ നിരീക്ഷിക്കുകയും ചോദ്യം ചെയ്യുകയും വേണം... ഭരണകൂടവും, പോലീസ്സും, പൊതുജനവും ഒരുപോലെ ജാഗ്രത പാലിച്ചാൽ മാത്രമേ ഈ കൊടിയ വിഷജീവികളെ നശിപ്പിക്കാൻ കഴിയൂ.... പുകയിലക്കും, മദ്യത്തിനും, സ്ത്രീ ധനത്തിനും, തുറസ്സായ സ്ഥലത്തെ വിസ്സർജ്ജനത്തിനും, മാലിന്യം വലിച്ചെറിയുന്നതിനും ഒക്കെ എതിരെയും, വാക്‌സിനേഷനും, റോഡുനിയമങ്ങളും, നികുതി നിയമങ്ങളും പാലിക്കണമെന്നും;; അങ്ങനെ പലവിധമായ കാര്യങ്ങളിൽ ഇവിടെ ബോധവൽക്കരണങ്ങൾ നടക്കുന്നു.... ഭിക്ഷ നൽകുന്നത് വലിയ സാമൂഹിക വിപത്താണെന്നു മനസ്സിലാക്കി നൽകുന്ന ഒരു ബോധവൽക്കരണ പരിപാടികൾ എന്തുകൊണ്ട് നടക്കുന്നില്ല?? 

     ബലൂണും, കാറ്റാടിയും, പമ്പരവും പിടിച്ചു കളിക്കേണ്ട കുരുന്നുകളുടെ കൈയ്യിൽ പിച്ചച്ചട്ടി... കുറുമ്പും, കൊഞ്ചലും, പൊട്ടിച്ചിരിയുമായി കഴിയേണ്ട അവനിൽ നിന്നും ഉയരുന്നത് നിസ്സഹായമായ നിലവിളി.... ഇത്തരം സംഭവങ്ങളെ സ്വന്തം അനുഭവമായിക്കണ്ട് സ്വയം ഒരു ഹൃദയവേദന അനുഭവിക്കൂ... ഭിക്ഷാടന മാഫിയ എന്ന മഹാദുരന്തത്തെ ഇല്ലാതാക്കാൻ കഴിയുന്നതെല്ലാം ചെയ്യൂ.....  

[Rajesh Puliyanethu
 Advocate, Haripad]