Tuesday 31 July 2018

''മീശ'' വിഴുങ്ങിയതെന്ത്...!!???


      ''മീശ'' എന്ന നോവൽ ആയിരുന്നു കഴിഞ്ഞ ആഴ്ചയിൽ കേരളം ചർച്ച ചെയ്തത്.. മേശയിലെ വിശേഷങ്ങളുടെ ചര്ച്ചക്കും, വിശകലനങ്ങൾക്കും, പ്രതിഷേധങ്ങൾക്കും ഒടുവിൽ മീശ വിഴുങ്ങി കഥാകൃത്ത് കളം വിടുന്നതാണ് കണ്ടത്.... യഥാർഥത്തിൽ അവിടം മുതലാണ് സാംസ്കാരിക കേരളം മീശ തടവിക്കൊണ്ട് ചർച്ചകൾ ആരംഭിക്കുന്നത്...  നോവൽ പിൻവലിച്ചുകൊണ്ടു ഒരു കഥാകൃത്തിന് രക്ഷപ്പെടേണ്ട അവസ്ഥ എന്തുകൊണ്ടുണ്ടായി എന്ന് ഇവിടെ മീശയും, മുടിയും വളർത്തിയ സാംസ്‌കാരിക നായകർ ചർച്ച ചെയ്തു... താടി വെച്ചവർ വട്ടമേശ ചർച്ചകൾക്ക് ചായയും കടിയും വിളമ്പി... മാധ്യമങ്ങൾ ശബ്ദവും, വെളിച്ചവും നൽകി...

     'മീശ' എന്ന നോവലിലെ എണ്ണിയെടുത്താൽ ആറുവരിയോളം വരുന്ന ഭാഗമാണ് ഈ കോലാഹലങ്ങൾക്കെല്ലാം കാരണം...

      """പെണ്കുട്ടികൾ എന്തിനാണിങ്ങനെ കുളിച്ചു സുന്ദരികളായി അമ്പലത്തിൽ പോകുന്നത്?? പ്രാർഥിക്കാൻ.. ഞാൻ പറഞ്ഞു.. നീ ഒന്നു കൂടി സൂക്ഷിച്ചു നോക്ക്... ഏറ്റവും നല്ല വസ്ത്രങ്ങൾ ഏറ്റവും ഭംഗിയായണിഞ്ഞു ഏറ്റവും ഒരുങ്ങി എന്തിനാണ് പ്രാർത്ഥിക്കുന്നത്?? തങ്ങൾ ലൈംഗീക ബന്ധത്തിൽ ഏർപ്പെടാൻ തയ്യാറാണെന്ന് ബോധപൂർവ്വമായി പ്രഖ്യാപിക്കുകയാണവർ... ഞാൻ ചിരിച്ചു..

     അല്ലെങ്കിൽ അവരെന്താണ് മാസത്തിൽ നാലോ അഞ്ചോ ദിവസ്സം അമ്പലത്തിൽ വരാത്തത്?? അവർ അതിന് തയ്യാറല്ലെന്ന്..........""

     ഈ വരികളിൽ തുടങ്ങിയാണ് മേശയിലെ രോമങ്ങൾ കോഴിയാൻ തുടങ്ങുന്നത്... ഹിന്ദു സ്ത്രീകൾ എല്ലാം ക്ഷേത്രത്തിൽ പോകുന്നത് ലൈംഗീക ബന്ധത്തിൽ ഏർപ്പെടാൻ വേണ്ടിയാണെന്ന് ധ്വനിക്കും വിധമാണ് ഈ വരികൾ എന്ന് ഈ നോവലിന്റെ വിമർശകർ പറയുന്നു...  ഈവരികൾ ക്ഷേത്രത്തിൽ പോകുന്ന സ്ത്രീകളെയും ഒപ്പം സ്ത്രീത്വത്തെ ആകമാനവും അപമാനിക്കുന്നതായി അവർ ആരോപിക്കുന്നു....

     ഹിന്ദു സ്ത്രീകളെ അപമാനിച്ചു എന്ന ആരോപണമാണ് ഉയർന്നു വന്നിരിക്കുന്നത്.. അതിനാൽ ഉയരുന്ന ശബ്ദങ്ങളെല്ലാം സംഘപരിവാർ ഫ്സ്സിസ്സം എന്ന് അച്ചുനിരത്തിപ്പറയാതെ മാധ്യമ ധർമ്മം പൂർത്തിയാകില്ല എന്ന് കരുതുന്ന മാധ്യമ പ്രവർത്തകരും, ഉറക്കത്തിൽ മുഖത്ത് അല്പം വെള്ളം കുടഞ്ഞാൽപ്പോലും ഹിന്ദു ഫാസ്സിസ്സം എന്ന് മാത്രം ഉറക്കെ വിളിച്ചുകൊണ്ട് ഞെട്ടി ഉണരുന്ന സാംസ്ക്കാരിക നായകരും ചേർന്നപ്പോൾ രംഗം സജീവമായി...  മീശയിലെ പ്രകോപനപരമായ വരികൾ മാത്രം തിരഞ്ഞെടുത്ത് നവ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചവർക്ക് വ്യക്തമായ രാഷ്ട്രീയം ഉണ്ടായിരുന്നു എന്നും ഇവർ അർത്ഥശങ്കയില്ലാതെ പറഞ്ഞു വെച്ചു...  പ്രചരിപ്പിച്ചതിലെ തെറ്റാണ് ഇവർ ചർച്ച ചെയ്തത്...  അത് വായിച്ച ബഹുഭൂരിപക്ഷം ഹിന്ദു അമ്മമാരിലും, സഹോരദിമാരിലും ആ വരികൾ അമർഷം ഉണ്ടാക്കിയതെന്ത് എന്ന് മാത്രം  ചർച്ച ചെയ്യാൻ ഈ സമൂഹം മടികാട്ടി നിന്നു...

     മീശയിലെ കഥാപാത്രങ്ങളുടെ സംസാരമായിക്കണ്ടു സമാധാനപ്പെടാൻ പലർക്കും കഴിഞ്ഞില്ല എന്നതാണ് സത്യം... കാരണം ആ കഥയിലെ കഥാപാത്രമായ ഏതെങ്കിലും ഒരു സ്ത്രീ ലൈംഗീക വേഴ്ചയിൽ ഏർപ്പെടാൻ അമ്പലത്തിൽ പോകുന്നു എന്നല്ല പറയുന്നത്...  എന്തിനാണ് ഈ പെൺകുട്ടികൾ നല്ല വസ്ത്രങ്ങൾ ധരിച്ചു സുന്ദരികളായി പോകുന്നത്... അത് ലൈംഗീക വേഴ്ചക്ക് തയ്യാറാണെന്ന് പ്രഖ്യാപിക്കാനാണെന്നാണ് പറയുന്നത്... അവിടെ അമ്പലത്തിൽ പോകുന്ന എല്ലാ പെൺകുട്ടികളുടെയും ഉദ്ദേശം ഈ വിധമാണെന്നു സമർഥിക്കുന്നു എന്നും അത് തങ്ങൾക്ക് അപമാനകരമാണെന്നും ക്ഷേത്രത്തിൽ പോകുന്ന ഒരു സ്ത്രീ പറയുന്നതിൽ എന്താണ് തെറ്റ്?? അത് സ്ത്രീത്വത്തിനെതിരെയുള്ള ഒരു ആവിഷ്ക്കാരമായി കാണുന്നവരെ എങ്ങനെ കുറ്റപ്പെടുത്താൻ കഴിയും??

     കഥാപാത്രം പറയുന്നത് കഥാപാത്രമായും,, പൊതുവായി സമൂഹത്തിനെ അഡ്രസ് ചെയ്തു പറയുന്നത് അങ്ങനെയും,, എന്റേതെന്നും നിന്റേതെന്നും പറയുന്നത് എങ്ങനെയെന്നും വ്യക്തമാക്കാനുള്ള ബാധ്യത കഥാകൃത്തിനുണ്ട്... കഥാപാത്രം സംസാരിച്ചാലും അത് സമൂഹത്തിനെയോ ഒരു വിഭാഗത്തിനെയോ ഒന്നാകെ അപകീർത്തിപ്പെടുത്തുന്നതാകരുത്... തന്റെ ആവിഷ്‌ക്കാര സ്വാതന്ത്ര്യം സൃഷ്ട്ടികൾക്കിടയിൽ മാത്രമേ അനിയന്ത്രിതമായി വിനിയോഗിക്കാൻ കഥാകൃത്തിനു സ്വാതന്ത്ര്യമുള്ളു... മറിച്ചു സമൂഹത്തിനു നേരെ ആ സ്വാതന്ത്ര്യം വിനിയോഗിക്കുമ്പോൾ അത് ചെന്ന് തറക്കാൻ സാദ്ധ്യതയുള്ള ഇടങ്ങളുടെയെല്ലാം സ്പന്ദനം തിരിച്ചറിയാൻ കഴിയുന്നതാണ് കഥാകൃത്തിന്റെ മേന്മ...  ഒരു നിസ്സാര ഉദാഹരണം പറയാം... അടുത്ത കാലത്ത് വളരെ ഹിറ്റായ ഒരു പാട്ടാണല്ലോ

      ''എന്റമ്മേടെ ജിമിക്കിക്കമ്മൽ, എന്റപ്പൻ കട്ടോണ്ടു പോയി,, എന്റപ്പന്റെ ബ്രാണ്ടിക്കുപ്പി എന്റമ്മ കുടിച്ചു തീർത്തേ""

     ഈ പാട്ടിന്റെ ഗുണദോഷങ്ങളല്ല ചർച്ച ചെയ്യാൻ ഉദ്ദേശിക്കുന്നത്... ഈ വരികൾ  ""എന്റമ്മേടെ ജിമിക്കിക്കമ്മൽ എന്റപ്പൻ കട്ടോണ്ടു പോയി എന്ന് പാടിയതുകൊണ്ടാണ് ഈ പാട്ട് പരുക്കുകളില്ലാതെ രക്ഷപ്പെട്ടത്... അതിനു പകരം "" നിന്റമ്മേടെ  ജിമിക്കിക്കമ്മൽ നിന്റപ്പൻ കട്ടോണ്ടു പോയി"" എന്ന് പാടിയിരുന്നെങ്കിൽ പാട്ടു കേൾക്കുന്നവൻ ഒക്കെ പാടുന്നവനെ തല്ലിയേനേം...

     സമൂഹത്തിലാകമാനമായോ, ഏതെങ്കിലും ഒരു വിഭാഗത്തിലോ നിലനിൽക്കുന്ന അനീതിക്കോ, അനാചാരത്തിനോ എതിരെയുള്ള പ്രതിഷേധമോ ഉത്ബോധനമോ ആയിരുന്നു ഈ സൃഷ്ടി എങ്കിൽ കഥാകാരൻ അതിരു വിടുന്നതിനെ ന്യായീകരിക്കാമായിരുന്നു... ചില അവസ്സരങ്ങളിൽ പ്രസ്തുത വിഷയത്തിനെതിരെയുള്ള ആക്രമണമായി അത്തരം സൃഷ്ടികളും ആവശ്യമായി വന്നേക്കാം... എന്നാൽ മീശയിൽ എന്ത്?? ഒരു വിഭാഗത്തിൽപ്പെട്ടവരും; ഇത് ഒരു അനാചാരത്തിനെതിരെയുള്ള ശബ്ദമല്ലേ??, അനാവശ്യ പ്രതിഷേധങ്ങൾ ഉയർത്തി അതിന്റെ മൂർച്ച കെടുത്തേണ്ടതില്ലല്ലോ എന്ന് കരുതേണ്ട ആവശ്യമില്ല...

     മീശയിലെ ഹിന്ദു സ്ത്രീകളുടെയും, സമൂഹത്തിന്റെയും പ്രതിഷേധം മതവികാരം വൃണപ്പെട്ടു എന്ന ആവലാതി പറഞ്ഞു കൊണ്ടാണെന്ന് കരുതുക വയ്യ... അമ്പലത്തിൽ ഉടുത്തൊരുങ്ങി ലൈംഗീക വേഴ്ചക്കു പോകുന്നു എന്ന ചിന്ത മതവികാരത്തെയല്ല മറിച്ചു് സ്വന്തം അഭിമാനത്തെയാണ് മുറിപ്പെടുത്തുന്നത്... മതവികാരത്തെ വൃണപ്പെടുത്തുന്നു എന്നരീതിയിലാണ് ഇവിടെ പ്രതിഷേധം ഉയർന്നുവന്നത് എന്ന പ്രചാരണം തെറ്റാണ്... പ്രതിഷേധിക്കുന്നവരെ ഒരു പ്രത്യേക വിഭാഗമാക്കി മാറ്റിനിർത്താനുള്ള ആസൂത്രിതമായ നീക്കമായിരുന്നു ഈ പ്രതിഷേധത്തിന് മതത്തിന്റെ നിറം ചാർത്തി നൽകിയത്...

     മീശയിലെ വരികളിൽ അൽപ്പം മാറ്റം വരുത്തി ചിന്തിച്ചു നോക്കൂ...
പെണ്കുട്ടികൾ എന്തിനാണിങ്ങനെ കുളിച്ചു സുന്ദരികളായി കോളേജിൽ പോകുന്നത്??പഠിക്കാൻ.. ഞാൻ പറഞ്ഞു.. നീ ഒന്നു കൂടി സൂക്ഷിച്ചു നോക്ക്... ഏറ്റവും നല്ല വസ്ത്രങ്ങൾ ഏറ്റവും ഭംഗിയായണിഞ്ഞു ഏറ്റവും ഒരുങ്ങി എന്തിനാണ് പോകുന്നത്?? തങ്ങൾ ലൈംഗീക ബന്ധത്തിൽ ഏർപ്പെടാൻ തയ്യാറാണെന്ന് ബോധപൂർവ്വമായി പ്രഖ്യാപിക്കുകയാണവർ...

     അമ്പലം എന്നതിനെ ഒഴിവാക്കി ആലോചിക്കൂ... അമ്പലം എന്ന വാക്കിനു പകരം കോളേജ് എന്നായിരുന്നെങ്കിൽ ഇവിടുത്തെ സകല രാഷ്ട്രീയക്കാരും, സ്ത്രീപക്ഷക്കാരും മീശയുടെ സൃഷ്ട്ടാവിനെതിരെ വാളെടുക്കുമായിരുന്നില്ലേ... അവിടെ ഉയരുന്ന പ്രതിഷേധ സമരങ്ങളെ ഇവർ സംഘപരിവാർ ഫസ്സിസ്സം എന്ന് വിളിക്കുമായിരുന്നോ?? ഇല്ലേ ഇല്ല... അപ്പോൾ അമ്പലം എന്ന പ്രയോഗമാണ് മീശയെ അനുകൂലിക്കാൻ ഒരു വിഭാഗത്തിന് പ്രേരണ ആയതും മീശക്കെതിരെയുള്ള പ്രതിഷേധം ഉയർത്തുന്നവർ ഫസിസ്റ്റുകൾ ആയതിനും കാരണം... മാധ്യമങ്ങൾ,, രാഷ്ട്രീയക്കാർ,, സാംസ്ക്കാരിക നായകർ തുടങ്ങിയവർ ഒരേ അടിസ്ഥാന വിഷയങ്ങളിൽ കാട്ടുന്ന ഇത്തരം ഇരട്ടത്താപ്പുകളാണ്  അവഗണിക്കുന്നവരെ  ഒന്നിപ്പിക്കുന്ന പ്രേരക ശക്തിയാകുന്നത്.....

     ലോകത്താകമാനം സൃഷ്ട്ടികൾ കാരണം വികാരം വൃണപ്പെടുന്നു എന്ന ചിന്തയും പ്രതിഷേധവും തുടങ്ങി വെച്ചത് ഇസ്ളാം വിഭാഗമാണ്.... ഈ തലമുറ ഓർത്തുവെയ്ക്കുന്ന അതിൽ പ്രധാനപ്പെട്ടത് തസ്ലിമ നസ്സിന്റെ ലജ്ജക്കെതിരെയും,, സൽമാർ റുഷ്ദിയുടെ ദി സാത്താനിക് വേർസ്ഡ് ന് എതിരെയും ഉയർന്ന കൊലവിളികളാണ്... ഫ്രാൻസിലെ ചാർളി എൽദോം മിൽ പ്രവാചകന്റെ കാർട്ടൂൺ വരച്ചു എന്നു പറഞ്ഞു പന്ത്രണ്ടുപേർ തോക്കിനിരയായപ്പോൾ അവയെയെല്ലാം ആഗോള വിഷയങ്ങളായിക്കണ്ട് നമ്മൾ ചിരിച്ചു തള്ളി...  മീശയുടെ പ്രസാധകരായ മാതൃഭൂമി പോലും ഇസ്ളാം നിന്ദ നടത്തി എന്ന ആരോപണത്തിന്റെ പഴികേട്ടപ്പോൾ മതവികാരം വൃണപ്പെടുന്നു എന്ന ചിന്തയുടെ ചൂടുകാറ്റ് നമ്മളും അറിഞ്ഞു... കേരളത്തിൽ ഈ വിധമായ ആക്രമണങ്ങൾ അന്യവും, വിരളവും ആയിരുന്നു...ആകെ പറയാനുണ്ടായിരുന്നത്  പി എം ആൻറണി യുടെ ക്രിസ്തുവിന്റെ ആറാം തിരുമുറുവിനെതിരെ നടന്ന ക്രിസ്തീയ പ്രതിഷേധം ആയിരുന്നു... അത് ശ്രീ കെ കരുണാകരനുമായി നടത്തിയ വിലപേശൽ തന്ത്രമായിരുന്നു എന്നത് അരമന രഹസ്യം... 

     തങ്ങളുടെ മതത്തിലേക്ക് ഒരിക്കലും വിമർശം കടന്നു വരരുത് എന്നും സ്വതന്ത്രമായ ചിന്താഗതി ഉണ്ടാകാൻ പാടില്ല എന്നും ഉള്ള ഉറച്ച ആലോചനയിൽ രൂപപ്പെടുത്തിയ മൂടുപടമാണ് ഇക്കൂട്ടർ ഉയർത്തുന്ന മതവികാര ചിന്ത...  
ചില സംഭവങ്ങളെ ചേർത്തുവെച്ചു മതവികാരം വൃണപ്പെട്ടു എന്ന് അവർ  പ്രഖ്യാപിച്ചുകൊണ്ട് അക്രമങ്ങൾ 
അഴിച്ചു വിടും.          കൂടുതൽ ആളുകളെ വിമർശനങ്ങൾക്ക് മുതിരാതെ  ഭയപ്പെടുത്തുക എന്നതാണ് അതിനു പിന്നിലെ തന്ത്രം... കൂടാതെ ഭരണ കൂടത്തെ ഭീഷണിപ്പെടുത്തുകയും, വിലപേശുകയുമാകാം...  ഇത്രനാളും അവർ അതിൽ വിജയിച്ചു തന്നെ നിന്നു... അതേ സമയങ്ങളിൽ   ടി ജെ ആൻറണി ദേവീ വിഗ്രഹത്തിൽ കാർക്കിച്ചു തുപ്പിയും,, ബഷീർ ഭഗവതിഗീതയും കുറെ മുലകളും എഴുതിയും അര്മാദിച്ചു നടക്കുകയായിരുന്നു... കാരണം ഹിന്ദുവിന്റെ സഹിഷ്ണതയും, വിശാല ചിന്തയും അനുകരണീയമാം വിധം നിലനിന്നിരുന്നു... മീശ വിഷയത്തിൽ ഹിന്ദുവിന് ആ സഹിഷ്ണതയല്ല നഷ്ടപ്പെട്ടത്... മറിച്ചു ക്ഷേത്രത്തിൽ പൊകുന്ന ഓരോ സ്ത്രീക്കും സ്വയവും,, തന്റെ വീട്ടിൽ നിന്നും ക്ഷേത്രത്തിൽ പോകുന്ന സ്ത്രീയെക്കുറിച്ചു പുരുഷനും ഉയർന്ന സാഭിമാനത്തിന്റെ വിഷയമായിരുന്നു..... 

     മതവികാരം വൃണപ്പെട്ടു എന്ന കാരണത്തിൽ കൃതികൾ പിൻവലിക്കേണ്ടി വരുകയോ,, നിരോധിക്കുകയോ ചെയ്തപോലെ സന്മാർഗ്ഗത്തിനെതിരെ സഞ്ചരിക്കുന്നു എന്നപേരിലും കൃതികൾ  നിരോധിക്കപ്പെട്ട സംഭവങ്ങൾ ലോകചരിത്രത്തിൽ വിരളമല്ല... ഹിന്ദു വിഭാഗം നാടിനു അപമാനമാകും വിധം പുതിയതായി അവതരിപ്പിച്ച പ്രക്ഷോഭമല്ലിത് എന്ന് പറയാൻ വേണ്ടിയാണിത് പറയുന്നത്... ബ്രിട്ടീഷ് എഴുത്തുകാരനായിരുന്ന ഡി എച് ലോറൻസിന്റെ "" ലേഡി കാതറീന്റെ ലവർ"" എന്ന പുസ്തകത്തിനു ഭ്രഷ്ട്ട് കൽപ്പിക്കാൻ കാരണം "അരക്കെട്ടിനു താഴെയുള്ള ഭാഗമാകെ തളർന്നു പോയ ഒരുവന്റെ ഭാര്യക്ക് ശാരീരികാവശ്യത്തിന്റെ പേരിൽ പരിചാരകനുമായി ലൈംഗീക വേഴ്ചയിൽ ഏർപ്പെടാൻ അധികാരമുണ്ട്"" എന്ന പരാമർശമാണ്.... സമാനമായതോ അതിനപ്പുറമോ പരാമർശങ്ങൾ നടത്തിയ എത്രയോ കൃതികൾ ലോകസാഹിത്യത്തിൽ മുൻകാലങ്ങളിലും,, വർത്തമാനകാലത്തും ഉണ്ടാകും??? ഭാവിയിലും ഉണ്ടാകും... അവയിൽ ചിലതൊക്കെ പ്രക്ഷോഭങ്ങളെ നേരിടേണ്ടിയും വരും... 

     മീശക്കെതിരെ പ്രക്ഷോഭം നടത്തിയവരെ പരിഹസിക്കുന്നവർ ആശ്രയിക്കുന്നത് കുമാരസംഭവത്തിൽ കാളിദാസൻ ദേവിയുടെ ശരീര വർണ്ണന നടത്തുന്നതും,, ലളിത സഹസ്രനാമത്തിലും,, ഭഗവത് ഗീതയിലും,, ശ്യാമളാ ദണ്ഡകത്തിലും,, സൗന്ദര്യ ലഹരിയിലും പരന്നുകിടക്കുന്ന കാമ- ശൃംഗാര ഭാവങ്ങളുടെ സാനിദ്ധ്യവുമാണ്.... പുരാതന ഹിന്ദു ക്ഷേത്രങ്ങളിലെ ശില്പങ്ങളും അവയിൽ പ്രകടമായ കാമകലയുടെ ഉദാത്ത ഭാവങ്ങളെയും ഇവർ കൂട്ടുപിടിക്കുന്നു.... ക്ഷേത്രവുമായി ബന്ധപ്പെട്ട എല്ലാത്തിലും ഈ വിധമായി ലൈംഗീകത പ്രകടമാകുമ്പോൾ 'മീശ' യിലെ പരാമർശത്തിന് മാത്രം എന്താണ് തെറ്റ് എന്നാണ് ഇവർ ചോദിക്കുന്നത്... വലിയ കറുത്തിരുണ്ട ശരീരവും, കപ്പടാമീശയും, ക്രൂര മുഖഭാവവുമുള്ള ഒരു പോലീസ് ഓഫീസർ വലിയ ഗൗരവത്തിൽ വന്നു സ്ത്രീ ശബ്ദത്തിൽ സംസ്സാരിക്കുന്നതു പോലെ യാണ് ഈ ചോദ്യം കേൾക്കുമ്പോൾ തോന്നുന്നത്.. വലിയ സാംസ്ക്കാരിക നായകരെന്നും,, മാധ്യമ മഹാരാധങ്ങളെന്നും സ്വയം വിശേഷിപ്പിക്കുന്നവർ വലിയ ഗൗരവത്തിൽ മുന്നോട്ടു വന്നു ചോദിക്കുന്ന ചോദ്യമാണിത്... മീശയിലെ ഒരു നാലാംകിട വാചകത്തോട് ഉപമിക്കുന്നത് കാളിദാസ കൃതികളും,, ലളിത സഹസ്രനാമവും,, ഭഗവത് ഗീതയും,, ശ്യാമളാ ദണ്ഡകവും,, സൗന്ദര്യ ലഹരിയും... ഇവർ ക്ഷേത്ര ശില്പങ്ങളിൽ നോക്കി നിന്നത് ശില്പ കല ആസ്വദിക്കാനായിരിക്കില്ല.. ശില്പ്പ കലയിലെ ലൈംഗീക ആവിഷ്ക്കാരം കണ്ട് സ്വയം ഉദ്ധരിക്കപ്പെടാനായിരുന്നിരിക്കണം... 

     "മുത്തണിസ്ഥനയുഗം പതിഞ്ഞതായി മെത്തമേലേരിയ പാടുകാൺപു ഞാൻ 
ചിത്തമോഹിനീ മലർന്നതിൽക്കിടന്നത്തൽ പൊക്കിയതിനുണ്ടു ലക്ഷണം""

എന്ന വരിയിലെ മനോഹാരിത 

""വരത്തന്റോപ്പം ഒളിച്ചു ചാടിയ തങ്കമ്മേ,, നിന്റെ പരക്കം പാച്ചലിനൊടുക്കം കിട്ടിയോടീ തങ്കമ്മേ"" 

എന്ന വരികൾക്കില്ല എന്ന്  മനസ്സിലാക്കാൻ കഴിവില്ലാത്തവരാണോ ഇവിടുത്തെ സ്വയം പ്രഖ്യാപിത സാംസ്ക്കാരിക നായകരും,, മാധ്യമ സിംഹങ്ങളും?? 

     ഹിന്ദു മതവും,, ആചാരവും ഒരു സംസ്ക്കാരമാണെന്ന് പറയുന്നത് എന്തുകൊണ്ടെന്നു തിരിച്ചറിയാത്ത ശുംഭന്മാരാണ്  ഇത്തരം ചോദ്യങ്ങൾ ഉയർത്തുന്നത്... കേവലം ദൈവീക ആരാധന മാത്രമായിരുന്നു ഹിന്ദു മതമെങ്കിൽ അത് മറ്റു മതങ്ങളെപ്പോലെ കേവലം ഒരു മതം മാത്രമാകുമായിരുന്നു.... ഒരു സംസ്‌കാരത്തിന്റെയും,, സമൂഹത്തിന്റെയും സമസ്ത മേഘലയും ഹിന്ദു മതത്തിൽ പ്രതിഫലിച്ചിരുന്നു... അതിൽ ദൈവീകമായ ആചാരങ്ങളും,, കലയും,, സാഹിത്യവും,, നൃത്തവും,, സംഗീതവും,, രതിയും,, ശൃംഗാരവും,, സംഘർഷവും,, വൈദ്യവും,, യോഗയും എന്നു തുടങ്ങി മാനവ രാശിയുടെ സമസ്ത മേഖലകളും ഉൾക്കൊണ്ടിരിക്കും.... ഹിന്ദു മതത്തിന്റെ കേന്ദ്രബിന്ദുവായി വർത്തിച്ചിരുന്നത് ക്ഷേത്രങ്ങൾ ആയിരുന്നതിനാൽ ഇതിന്റെയെല്ലാം പ്രതിഫലനവും, വിവരണവും ക്ഷേത്രത്തിന്റെ വിവിധ ഭാഗങ്ങളിൽ കാണുവാൻ കഴിയും... ക്ഷേത്രങ്ങളുടെ ആധാരമായ ഗ്രന്ഥങ്ങളിലും മറ്റും ഇതേ വിവരങ്ങൾ ഉണ്ടാവുക സ്വോഭാവികം മാത്രം... എന്ന് കരുതി ബുദ്ധിജീവികൾ കരുതുന്നതുപോലെ ഇവയൊന്നും ആരും ലൈംഗീക ഉത്തേജനത്തിന് കണ്ടിരുന്ന മാർഗ്ഗങ്ങളല്ല... ഇവിടുത്തെ യഥാർഥ ഹിന്ദു സമൂഹത്തോട് ചേർത്തു നോക്കുമ്പോൾ ആധുനിക ബുദ്ധി ജീവികൾക്ക് ഇല്ലാതെ പോകുന്നത് ഈ തിരിച്ചറിവാണ്.... 

     കാമത്തെയും, ലൈംഗീകതയേയും ഒരിക്കലും സമൂഹം മോശമായി കണ്ടിട്ടില്ല.. അതിന്റെ വർണ്ണനകളും,, വിവരണങ്ങളും,, വെളിവാക്കലുകളും പ്രസ്ഥുത കൃതിയുടെ കലാപരമായ സമീപനത്തെക്കൂടി ചേർത്തുവെച്ചാണ് സമൂഹം വിലയിരുത്തുന്നത്... തോമസ്സിന്റെ സുവിശേഷത്തിൽ ക്രിസ്തു പറയുന്നുണ്ട് "" ലജ്ജ കൂടാതെ നിങ്ങൾ ശരീരം അനാവരണം ചെയ്യുമ്പോൾ നിങ്ങൾ വസ്ത്രങ്ങൾ ഊരി കാല്ക്കലെറിഞ്ഞു കുഞ്ഞുങ്ങളെപ്പോലെ അവയെ ചവിട്ടി തേയ്ക്കുമ്പോൾ ഞാൻ നിങ്ങളുടെ അരികിൽ വീണ്ടുമെത്തും"".... തോമസ്സിന്റെ സുവിശേഷത്തിലോ,, അജന്താ ശില്പങ്ങളിലോ,, കാളിദാസന്റെ ദേവീ വർണ്ണനയിലോ ആരും അസഭ്യത കണ്ടിരുന്നില്ല... മറ്റാരെയെങ്കിലും അപകീർത്തിപ്പെടുത്തുന്നതായോ,, ലജ്ജിപ്പിക്കുന്നതായോ അതിലൊന്നുമില്ല.... എന്നാൽ മീശയെ പിന്തുണക്കുന്നവർ ഒന്നു മനസ്സിലാക്കണം;; യാതൊരു സാഹിത്യഭംഗിയുമില്ലാത്ത വരികളിൽക്കൂടി സ്പഷ്ടമായി കഥാകൃത്ത് ക്ഷേത്രത്തിൽ പോകുന്ന സ്ത്രീകളെ ആകമാനം അസഭ്യം പറഞ്ഞിരിക്കുകയാണ്... ക്ഷേത്ര വാതിൽക്കൽ നിന്നുകൊണ്ട് ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്ന സ്ത്രീകളെ ഉച്ചത്തിൽ അസഭ്യം പറയുന്ന ഒരു ആഭാസ്സനപ്പുറം നിലവാരം മീശയുടെ സൃഷ്ട്ടാവിനില്ലെന്ന് നിസ്സംശയം പറയാം....

     മീശക്കെതിരെ ഉയർന്നു വന്ന പ്രതിഷേധം മത വികാരം വൃണപ്പെടുത്തി എന്ന് പറഞ്ഞുകൊണ്ടുള്ള വിലകുറഞ്ഞ സമരമായിരുന്നില്ല... ക്ഷേത്രത്തിൽ പോകുന്ന സ്ത്രീകളുടെ ആകമായ അഭിമാനത്തിനേറ്റ ക്ഷതത്തിൽ നിന്നും ഉയർന്ന വികാരമായിരുന്നു അത്... എന്നാൽ മീശക്കെതിരെ ഉയർന്ന ശബ്ദം രാഷ്ട്രീയാധിഷ്ഠിതമാണെന്നു പ്രചരിപ്പിക്കുന്നവരുണ്ട്... അത്തരം പ്രചാരണങ്ങൾക്ക് രാഷ്ട്രീയമുണ്ട്...  സംഘപരിവാർ നടത്തുന്ന മത ധ്രുവീകരണത്തിനുള്ള മാർഗ്ഗമായാണ് മീശയെ ഉപയോഗിക്കുന്നത് എന്ന് ഇടതുപക്ഷ ചിന്തകർ പ്രചരിപ്പിച്ചു... ആ പ്രചാരണത്തിൽ നിന്നാണ് "മീശ" യുടെ രാഷ്ട്രീയ രോമങ്ങൾ കിളിർക്കുന്നത്... 

     സംഘപരിവാർ മീശക്കെതിരെ നിലപാടെടുത്തപ്പോൾ സംഘപരിവാർ രാഷ്ട്രീയമാണെന്ന് പ്രചരിപ്പിച്ചവർക്ക് രാഷ്ട്രീയമായി നേട്ടമുണ്ടാക്കാൻ കഴിഞ്ഞു എന്നു വേണം കരുതാൻ... മറ്റു രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിക്കുന്ന ഹിന്ദുക്കളായ ആൾക്കാരുടെ ആകമാനമായ എതിർപ്പിനെ ഒഴിവാക്കി സംഘപരിവാറിനെ പിന്തുണക്കുന്നവരുടെയും സ്വാഭിമാനികളായ ഒരുകൂട്ടം ഹിന്ദുക്കളുടേയും മാത്രം പ്രക്ഷോഭമായി മീശക്കെതിരെയുള്ള സമരത്തെ ചുരുക്കിനിർത്താൻ അവർക്കു കഴിഞ്ഞു... ഇടതു പക്ഷത്തുള്ള ഹിന്ദു സഖാക്കളെപ്പോലും അമർഷത്തിലാക്കിയ പരാമർശമായിരുന്നു മീശയിൽ ഉണ്ടായിരുന്നതെങ്കിലും നേതൃത്വത്തിന്റെ നിലപാടിനനുസ്സരിച്ചു അവർ പ്രചാരവേലകൾ നടത്തി... പതിവുപോലെ ഇതിൽ നിന്നും എന്തെങ്കിലും ന്യൂനപക്ഷ പ്രീണനത്തിനായി ലഭിക്കുമോ എന്ന് തിരഞ്ഞു ഇടതു വലതന്മാർ പ്രസ്ഥാവനകൾ ഇറക്കി... എന്നാൽ ഇതുപോലെ ഒരു പരാമർശം തങ്ങളുടെ പള്ളികളിൽ വരുന്നവരെക്കുറിച്ചായിരുന്നെങ്കിൽ എന്ന് സ്വയം ചിന്തിച്ച ഇസ്‌ലാമിക- ക്രിസ്ത്യൻ സഹോദരങ്ങൾക്ക് ഹിന്ദുക്കളോട് സഹതാപമായിരിക്കും തോന്നിയിട്ടുണ്ടാവുക... എന്തായാലും അവർ മാതൃകാപരമായ മൗനം പാലിച്ചു രാഷ്ട്രീയ കക്ഷികളുടെ വിളവെടുപ്പിനുള്ള അവസ്സരം നഷ്ടപ്പെടുത്തിക്കളഞ്ഞു..... 

     രചനകൊണ്ടോ,, പ്രഭാഷണംകൊണ്ടോ,, അംഗവിക്ഷേപംകൊണ്ടോ മറ്റൊരുവന്റെ വികാരങ്ങൾക്ക് മുറിവേൽപ്പിക്കാൻ ആർക്കും അധികാരമില്ല എന്നതാണ് പൊതു നിയമം.. മീശയിലെ പ്രയോഗങ്ങൾക്ക് ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ യാതൊരു ആനുകൂല്യവും അർഹിക്കുന്നില്ല... കവലയിൽ ജനമദ്ധ്യത്തു നിന്ന് ഉച്ചത്തിൽ അസഭ്യം വിളിച്ചു പറയുന്ന ഒരു സാമൂഹ്യദ്രോഹി മാത്രമാണ് ഇവിടെ കഥാകൃത്ത്... കാര്യങ്ങൾ വളരെ നിസ്സാരമാണ്.. കവലയിലെ അസഭ്യവർഷം അധികമായാൽ ജനം ഇടപെടും... ഇവിടെയും ജനം ഇടപെട്ടു... മീശ വിഴുങ്ങേണ്ടിയും വന്നു.....

[Rajesh Puliyanethu
 Advocate, Haripad]

Sunday 8 July 2018

ഗ്ലാസ്സിലെ നുരയും, പ്ലേറ്റിലെ കറിയും... GNPC..

ഗ്ലാസ്സിലെ നുരയും,, പ്ലേറ്റിലെ കറിയും GNPC എന്ന പേരിലെ FB ഗ്രൂപ്പിനെതിരെ എക്സൈസ് ഡിപ്പാർട്ടുമെന്റ് നടപടിക്ക് ഒരുങ്ങുന്നു എന്ന വാർത്ത കേൾക്കുന്നു... തികച്ചും അനാവശ്യമായ ഒരു ഇടപെടൽ എന്ന് ആദ്യം തന്നെ പറയട്ടെ... അങ്ങനെ പറയാൻ കാരണങ്ങൾ പലതാണ്... ഒന്നാമത് ഇതൊരു സീക്രട്ട് ഗ്രൂപ്പാണ്.... അതിൽ അംഗങ്ങൾ ആയവർ മാത്രമാണ് ഈ പോസ്റ്റുകൾ കാണുന്നത്... അംഗങ്ങൾ സ്വമനസ്സാലെ അംഗങ്ങൾ ആയതാണോ എന്ന ചോദ്യവും പ്രസക്തമല്ല... കാരണം ആരെങ്കിലും അനുവാദം കൂടാതെ Add ചെയ്തതാണെങ്കിൽ അവർക്ക് Exit ചെയ്യാനുള്ള സ്വാതന്ത്രമുണ്ട്... ഇങ്ങനെയൊക്കെ വരുമ്പോൾ ഈ ഗ്രൂപ്പ് മദ്യപാനത്തെ പൊതു ജനമധ്യത്തിൽ പ്രോത്സാഹിപ്പിക്കുന്നു എന്ന് പറയാൻ കഴിയില്ല...

മറ്റൊരു കാര്യം ഈ ഗ്രൂപ്പിൽ ആരും തന്നെ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നില്ല എന്നതാണ്... ഇവിടെ ഒരു സീക്രട്ട് സുഹൃത്ത് വലയത്തിനുള്ളിൽ തങ്ങളുടെ മദ്യപാന അനുഭവങ്ങൾ പങ്കുവെയ്ക്കുക മാത്രമാണ് ചെയ്യുന്നത്.. അതെങ്ങനെ പ്രോത്സാഹനമാകും?? സിനിമയിൽ മദ്യപാന സീനുകൾ ചിത്രീകരിക്കുന്നതിന് തടസ്സമില്ല... പക്ഷെ അത് മദ്യപാനത്തിന്റെ പ്രോത്സാഹനമല്ലെന്നു കാണിക്കാനാണ് ''മദ്യപാനം ആരോഗ്യത്തിന് ഹാനികരം'' എന്ന് എഴുതിക്കാണിക്കണം എന്ന നിബന്ധ ഉള്ളത്.. അവിടേയും മദ്യപാനം ചിത്രീകരിക്കുന്നതോ,, മദ്യപാന അനുഭവങ്ങൾ പങ്കുവെക്കുന്നതോ നിയമവിരുദ്ധമല്ല എന്ന് കാണാം... അഥവാ ആരെങ്കിലും മദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്താൽ അയാൾ ആണ് ഉത്തരവാദി.. അഡ്മിന് അഡ്മിൻ എന്ന ഉത്തരവാദിത്വം മാത്രം.... അതും ഗ്രൂപ്പ് നിർത്തലാക്കാനുള്ള കാരണമല്ല എന്ന് സാരം.. സ്വന്തം സുഹൃത്ത് വലയത്തിനുള്ളിൽ മദ്യപാന അനുഭവങ്ങൾ പങ്കുവെയ്ക്കുന്നത് എങ്ങനെയാണ് നിയമവിരുദ്ധമാകുന്നത്??? തന്റെ സുഹൃത്ത് വലയം നിശ്ചിത സംഖ്യക്കുള്ളിൽ ഉള്ള ഒന്നാ കണമെന്ന് ഏതു നിയമമാണ് പറയുന്നത്??

ഈ ഗ്രൂപ്പിൽ മദ്യപാനം മാത്രമല്ല വിഷയം... പ്ലേറ്റിലെ നല്ല കറികൾ കൂടിയാണ്.... അതിൽ നിന്നു തന്നെ ഇത് മദ്യപാനത്തെ പോത്സാഹിപ്പിക്കാനുള്ള ഒന്നല്ല എന്ന് വ്യക്തമാകുന്നു... മദ്യക്കുപ്പികളുടെ ചിത്രങ്ങൾ Personal timeline ൽ പോസ്റ്റു ചെയ്യുന്ന എത്രയോ ആൾക്കാരുണ്ട്... അവർക്കെതിരെ ഒന്നും ഇല്ലാത്ത നടപടി ഈ ഗ്രൂപ്പിനെതിരെ മാത്രം കാണുമ്പോൾ അതിൽ ചില ദുരൂഹതകൾ കണ്ടാൽ തെറ്റുപറയാൻ കഴിയില്ല...

മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നതാണ് Prime offence ആയി കാണുന്നതെങ്കിലും സൈബർ കുറ്റകൃത്യത്തിൻ എക്സൈസീന്റ ഇടപെടൽ എത്രത്തോളം നിലനിൽക്കുമെന്നത് ഭാവിയിലെ ഒരു നിയമ ചോദ്യമായും ഉയർന്നു വരും... അത് GNPC ക്ക് അനുകൂലവുമായിരിക്കും എന്നാണ് എന്റെ നിഗമനം..

ഈ GNPC  എന്ന ഗ്രൂപ്പിന്റെ സ്വാധീനത്തിൽ ആരും മദ്യപിച്ചതായി ഞാൻ കരുതുന്നില്ല... അതിനാൽത്തന്നെ ഈ ഗ്രൂപ്പ് നിയമവിരുദ്ധമാണെന്നും ഞാൻ കരുതുന്നില്ല..

[Rajesh Puliyanethu
 Advocate,  Haripad ]

Wednesday 4 July 2018

'കുമ്പസ്സാരം' രഹസ്യമോ, പരസ്യമോ!??


''ചെയ്ത തെറ്റുകൾ പശ്ചാത്തപിച്ച് ഏറ്റുപറഞ്ഞ് നീ പാപമോചിതനാവുക'' എന്ന ബൈബിൾ ആശയം മാത്രമാണ് കുമ്പസ്സാരത്തിനു പിന്നിൽ ഉള്ളത്.... തെറ്റുകൾ ഏറ്റു പറയേണ്ടത് ആരോടാണെന്ന് പറഞ്ഞില്ല.. മഹത്വപരമായി തന്റെ തെറ്റിന്റെ ദോഷം അനുഭവിക്കേണ്ടി വന്നവനോടാണ് ഏറ്റു പറയേണ്ടത്... മറ്റാരോടുമല്ല...! അവൻ ക്ഷമിക്കുമ്പോളാണ് പാപിക്ക് പാപമോചനം ഉണ്ടാകുന്നത്... പിന്നീട് തെറ്റുകൾ ഏറ്റു പറയേണ്ടത് ദൈവത്തോടാണ്... അവിടേയും തന്റെ പാപത്തിന്റെ ദോഷം അനുഭവിക്കേണ്ടി വന്നവൻ ക്ഷമിക്കാതെ ദൈവം മാത്രം ക്ഷമിച്ചിട്ട് എന്തു കാര്യം..?? പാപത്തിന്റെ ദോഷം അനുഭവിക്കപ്പെട്ടവൻ ക്ഷമിക്കാതെ ഏറ്റുപറച്ചിലിൽ മനമലിഞ്ഞ് പാപിയെ പാപമുക്തനാക്കാൻ ദൈവത്തിനും അവകാശമില്ല എന്നതാണ് എന്റെ പക്ഷം....

'നിന്റെ പാപങ്ങൾ ദൈവത്തോട് ഏറ്റു പറഞ്ഞ് പശ്ചാത്തപിച്ച് പാപമുക്തനാവുക' എന്ന ആശയത്തിൽ വിശ്വാസിക്കും, ദൈവത്തിനും ഇടയിൽ ബോധപൂർവ്വം കടന്നു കൂടിയ വിഭാഗമാണ് പുരോഹിതർ... അവർ സ്വയം ദൈവത്തിന്റെ പ്രതിപുരുഷൻമാരും, ദൈവത്തിനും വിശ്വാസിക്കും ഇടയിൽ വർത്തിക്കുന്നവരുമായി... എല്ലാ മതവിഭാഗങ്ങളിലേയും പുരോഹിത വിഭാഗത്തിന്റെ വ്യാഖ്യാനം ഇപ്രകാരം തന്നെ... കുമ്പസ്സാരം വിഷയമാകുമ്പോൾ പാപിക്കും ദൈവത്തിനും ഇടയിലുള്ളവൻ എന്ന് വായിക്കേണ്ടി വരുമെന്നു മാത്രം...

പുരോഹിത വിഭാഗം എന്നും ദൈവത്തിന്റെ പ്രതിപുരുഷൻ എന്ന നിലയിൽ വളരെ അധികം നേട്ടങ്ങൾ അനുഭവിച്ചവരാണ്... ചരിത്രത്തിൽ പുരോഹിത വിഭാഗം രാജാക്കന്മാരെപ്പോലും ചൊൽപ്പടിയിൽ നിർത്തിയിരുന്നതായി കാണാം... അവിടെയാണ് പുരാതന കാലം മുതൽ കുമ്പസ്സാരത്തിൽ നിലനിന്നിരുന്ന രാഷ്ട്രീയം നമ്മൾ കാണേണ്ടത്... അവിടെയെല്ലാം രാജാവും,, രാജാവുമായി ബന്ധപ്പെട്ടു നിൽക്കുന്ന എല്ലാവരും വിശ്വാസ്സികൾ ആയിരിക്കും... അതിനാൽത്തന്നെ ദൈവത്തിന്റെ പ്രതിപുരുഷന്മാർക്കൂ മുൻപിൽ അവർ കുമ്പസ്സരിക്കും... രാജാവിന്റെ പാപങ്ങളുടെ ഭാണ്ഡം ചുമക്കുന്ന വൈദികന് രാജാവിനു മേലുണ്ടാകുന്ന സ്വാധീനം എത്ര വലുതായിരിക്കുമെന്ന് ഒന്നാലോചിച്ചു നോക്കൂ... അങ്ങനെ രാജാവിനു മേൽപ്പോലും മാനസ്സികമായ മേൽക്കോയ്മയും,, ആജ്ഞാശക്തിയും നേടാൻ കുമ്പസ്സാരം എന്ന കർമ്മം കൊണ്ട് പുരോഹിത വൃന്ദത്തിനു കഴിഞ്ഞിട്ടുണ്ട്...

കുമ്പസ്സാര രഹസ്യം പുറത്തു പറയാൻ പാടില്ല എന്നത് സഭാ നിയമം മാത്രമാണ്...!? വൈദികനോട് കുമ്പസ്സരിക്കണം എന്ന് ബൈബിളിൽ നിഷ്കർഷിക്കാത്ത അവസ്ഥയിൽ അതിന്റെ രഹസ്യം കാക്കുന്ന രീതിയും ബൈബിളിൽ വിശദീകരിക്കാനുള്ള സാദ്ധ്യത കുറവാണ്... എന്തായാലും ഇന്ത്യൻ നിയമം കുമ്പസ്സാര രഹസ്യം എന്ന സങ്കല്പത്തിന് യാതൊരു പരിരക്ഷയും നൽകുന്നില്ല... കുറ്റകരമായ ഒന്ന് വൈദികൻ കുമ്പസ്സാര കർമ്മത്തിൽക്കൂടി അറിഞ്ഞാൽ അദ്ദേഹം അത് പോലീസ്സിൽ അറിയിക്കാൻ ബാദ്ധ്യസ്ഥനാണ്... ഒരുവൻ സ്കൂൾ ബസ്സിൽ ബോംബു വെച്ചിട്ട് വന്ന് കുമ്പസ്സരിച്ചാൽ കമ്പസ്സാര രഹസ്യമെന്നു പറഞ്ഞ് വൈദികൻ നിശബ്ദനാവുകയല്ല, മറിച്ച് പോലീസ്സിൽ അറിയിച്ച് ബോംബു പൊട്ടുന്നത് തടയുകയാണ് വേണ്ടതെന്ന് സാരം...

കുമ്പസ്സാര രഹസ്യത്തെ ബ്ലാക്ക് മെയിലിംഗ് ഉപാധിയാക്കി ചൂഷണം ചെയ്ത കഥ പുറത്തു വന്നതാണ് 'കുമ്പസ്സാരം' കേരള സമൂഹത്തിൽ ചർച്ചക്ക് കാരണമായത്... അത് ലൈംഗീക ചൂഷണമായതിനാലാണ് ചർച്ചകൾക്ക് ചൂടേറിയും... മറ്റെന്തെല്ലാം ചൂഷണങ്ങൾ വൈദികർ കഴിഞ്ഞ കാലങ്ങളിൽ കുമ്പസ്സാര രഹസ്യത്തെ ഉപയോഗിച്ച് നടത്തിയിട്ടുണ്ടാകാം എന്ന് പറയാൻ കർത്താവു പോലും അശക്തനായിരിക്കും..

ഒരുവന്റെ മനസ്സിലെ സംഘർഷങ്ങളെ കുറക്കാൻ ഏറ്റു പറച്ചിലുകൾക്ക് കഴിയും.. അപ്രകാരം സൈക്കോളജിക്കലായ ഒരു മേന്മ കുമ്പസ്സാരത്തിനുണ്ട്... പക്ഷെ വൈദികനു മേൽ വിശ്വാസ്സിയുടെ സംശയത്തിന്റെ നിഴൽ വീണ സ്ഥിതിക്ക് അപ്രകാരം ഒരു മേന്മയും മേലിൽ കുമ്പസ്സാരത്തിനു കല്പിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല...

വിശ്വാസ്സം എന്ന തടാകത്തിന്റെ നടുവിൽ നിന്നുകൊണ്ട് ചിന്തിക്കേണ്ട വിഷയമായതിനാൽ 'കുമ്പസാരം' പടിയടച്ചു പുറത്താക്കാൻ കഴിയുന്ന ഒന്നാണെന്ന് കരുതുക വയ്യ... പക്ഷെ കുമ്പസ്സാരത്തിലെ പഴുതുകൾ തുടർന്നും വൈദീകർ ഉപയോഗിക്കാൻ സാദ്ധ്യത ഉള്ളതിനാൽ ആ പഴുതുകൾ ഇല്ലാതാക്കാനുള്ള ബാധ്യതയും സഭകൾക്കുണ്ട്... കാരണം തുടർച്ചയായ കുമ്പസ്സാര ദുരുപയോഗ കഥകൾ സഭകൾക്കും അപമാനമാണ്....

ദുരുപയോഗം ചെയ്യാൻ കഴിയാത്ത രീതിയിൽ എങ്ങനെ കുമ്പസ്സാരം നടത്താം എന്നതാണ് ഇപ്പോഴത്തെ ചർച്ചകൾ.... 'ദുരുപയോഗം ചെയ്യാൻ മടിയില്ലാത്തവൻ' എന്ന് സംശയമുള്ളവന് മുൻപിൽ എന്തിനു കുമ്പസ്സരിക്കാൻ നിൽക്കണം എന്നത് മറ്റൊരു ചോദ്യം..! എന്നാലും പലവിധമായ അഭിപ്രായങ്ങൾ പറഞ്ഞു കേൾക്കുന്നുണ്ട്.... അഭിപ്രായങ്ങൾ പറയുന്നതാണ് ഏറ്റവും വലിയ വിനോദം എന്നു കാണുന്ന സമൂഹത്തിലെ ഒരുവൻ എന്ന നിലയിൽ ഞാനും ഒരു അഭിപ്രായം പറയാം.... "" കുമ്പസ്സരിക്കുന്നവന്റെ ഐഡന്റിറ്റി വെളിപ്പെടുത്താതെയുള്ള കുമ്പസ്സാര രീതി കൊണ്ടുവരിക""..... അത് എത്രത്തോളം പ്രയോഗികമാണെന്ന് കുമ്പസാരിച്ചിട്ടില്ലാത്ത എനിക്കറിയില്ല.... എന്നാലും ഒരഭിപ്രായം എന്റെ വകയും ആകട്ടെ എന്ന് കരുതി....

വിശ്വാസ്സങ്ങളും ആചാരങ്ങളും വിശ്വാസ്സിയെത്തന്നെ ഇല്ലാതാക്കുന്ന പല അനുഭവങ്ങൾ നമ്മൾ കാണുന്നു... ഒരു വിശ്വസ്സിക്കുപോലും ദുരനുഭവം ഉണ്ടാകാത്ത മതം എന്ന് മേനി പറയാൻ ഒരു മതത്തിനും ആകില്ല... ""അവനവനെ അവനവൻ തന്നെ കാക്കുകയും കരുതുകയും ചെയ്യുക"" എന്നതാണ് ഏറ്റവും നല്ല മുദ്രാവാക്യം.... എപ്പോഴും സ്തുതിയായിരിക്കട്ടെ......   

[Rajesh Puliyanethu
Advocate, Haripad]