Friday 15 January 2016

അധികാരി.........!!!


     ഒരു നാട്ടിൽ ഒരു അധികാരി ഉണ്ടായിരുന്നു... അധികാരി ഉഗ്രപ്രതാപിയും,, സമസ്ഥ മേഘലകളിൽ  സ്വാധീനവും ഉള്ളവൻ ആയിരുന്നു... ജന്മം കൊണ്ടുതന്നെ അധികാരം കൈയ്യാളാൻ വിധിക്കപ്പെട്ടവനാണ്‌ താൻ എന്ന നിലയിൽ അദ്ദേഹം വിരാചിച്ചു!!

     അധികാരി ഏകച്ചത്രാധിപതി ആയി കഴിഞ്ഞു വരവേ സ്വന്തം സ്തുതിപാടകരിൽ നിന്നുംതന്നെ ചില സംശയങ്ങൾ ഉയർന്നു... ''അധികാരി അഴിമാതിക്കാരനാണല്ലേ"??   ഏയ്,, അദ്ദേഹത്തിന് അങ്ങനെ ആകാൻ കഴിയില്ല... അഥവാ അദ്ദേഹം എന്തെങ്കിലുമൊക്കെ ചെയ്യുന്നുണ്ടെങ്കിൽ അതൊക്കെ നമ്മളുടെ നല്ലതിന് വേണ്ടിയാ... സ്തുതിപാടകർക്ക് സമാധാനമായി.... അധികാരിയെ എതിർത്തുകൊണ്ട് മുൻകാലം മുതലേ ചില ചന്തപ്പിള്ളേരു രംഗത്തുണ്ട്... ആയിരം കുടത്തിൻടെ വായ മൂടിക്കെട്ടിയാലും ഒരു മനുഷ്യന്റെ വായമൂടാൻ കഴിയില്ലെന്ന തിരിച്ചറിവുള്ള അധികാരി അവരെ കാര്യമായി പിണക്കാരില്ല... അവരും വഴിപാടു പോലെ അധികാരിയെ പള്ളു പറഞ്ഞു പിരിഞ്ഞു പോകാറുണ്ട്...  

     അധികാരി സ്വന്തം കീശ വീർപ്പിക്കുന്ന അഴിമാതിക്കാരനാണെന്ന് പലരും സംശയം പറഞ്ഞെങ്കിലും 'പൂച്ചക്കാരു മണികെട്ടും' എന്നാ നിലയിൽ ആരും അത് തുറന്നു പറഞ്ഞില്ല... പിന്നെ അദ്ദേഹമുണ്ടെങ്കിലെ നമ്മളുള്ളൂ... നമ്മുടെ ശക്തിയാണദ്ദേഹം... അതുകൊണ്ട് കണ്ണും പൂട്ടി 'ജയ്' വിളിച്ചോളുക.... അത്രതന്നെ..... പാലമരത്തണലിലെ ശീതള ഛായയിൽ സുഗന്ധപൂരിതമായി സ്വന്തം നാട്ടുകാരും കഴിഞ്ഞു..

     പൂച്ചക്ക് മണികെട്ടി... അധികാരി കള്ളനാണെന്ന് തെളിവുസഹിതം ഒരു മദ്യപൻ വിളിച്ചു പറഞ്ഞു.... ആരോ അവനു മദ്യം വാങ്ങിക്കൊടുത്തു പറയിപ്പിച്ചതാണെന്നും ആക്ഷേപം വന്നു... അധികാരിയുടെ ചന്തത്തരങ്ങൾ കണ്ട് ആവേശംമൂത്ത് അദ്ദേഹത്തെ തങ്ങളുടെ നേതാവാക്കണമെന്ന് ആഗ്രഹിച്ച ചന്തപ്പിള്ലെർക്ക് വരെ കാര്യങ്ങൾ കൈയ്യിൽനിന്നും പോയി... മുൻകാല വിദൂഷകൻ വിടുവായൻ പരമു പിണങ്ങി നിൽക്കുന്നതിനാൽ നാട്ടിൽ പാടി നടക്കുന്ന പാണന്മാരുടെ വീട്ടിലെല്ലാം കയറിയിറങ്ങി പരമു അധികാരിയുടെ പരദൂഷണം പറയുകയാണ്‌... പരമുവിനാണേൽ അധികാരിയുടെ അടുക്കളരഹസ്യം പലതും അറിയുകയും ചെയ്യാം... വിവരം രാജാവിന്റെ മുൻപിലെത്തി.... അധികാരിയെ സ്ഥാനപ്രഷ്ട്ടനാക്കാതെ പറ്റില്ലെന്നായി പലരും... അധികാരിയുടെ അധികാരവാഴ്ച്ച അത്രയങ്ങ് പിടിക്കാതിരുന്ന രാജാവും കിട്ടിയ അവസ്സരത്തിൽ പണി പറ്റിച്ചു... അധികാരത്തിൽ നിന്നും അധികാരി ഔട്ട്‌.... 

      അധികാരിയുടെ സ്വന്തം പ്രജകൾക്ക് സഹിക്കുമോ !! അധികാരിഇല്ലെങ്കിൽ പാലമരമുണ്ടോ?? പാലമരമില്ലെങ്കിൽ തണലുണ്ടോ?? ഇതു രണ്ടുമില്ലെങ്കിൽ പാലപ്പൂവുമില്ല,, സുഗന്ധവുമില്ല... അവർ അധികാരിയെ വാഴ്ത്തിപ്പാടി... വളവുകളിലും, തിരിവുകളിലും തടഞ്ഞുനിർത്തി മാലയിട്ടു... ആൾക്കൂട്ടത്തിൽ ചിലർ ഉറക്കെ വിളിച്ചു... കള്ളാ,, കള്ളാ... 
വിളിച്ചവനെ അധികാരി ഇടം കണ്ണിട്ടു നോക്കി.. ഇതുകണ്ട് ബുദ്ധിയുള്ളവർ വിളിച്ചവനെ ഉപദേശിച്ചു... '' അത് അധികാരിയാണ്,,  ഇന്ന് അധികാരം പോയാലും നാളെ വരും,, കാരണം അധികാരി അധികാരം പേറാൻ മാത്രം ജനിച്ചവനാണ്..അന്ന് നീ നിലവിളിക്കുന്നിടത്ത് അധികാരി മാത്രമേ ഉണ്ടാകൂ!!"

     അധികാരി ആണെങ്കിലും താൻ രാജാവല്ലെന്ന സത്യം അധികാരി തിരിച്ചറിഞ്ഞു... രാജാവിന്റെ മനസ്സലിഞ്ഞു... അദ്ദേഹത്തിൽ വർഗ്ഗസ്നേഹം നിറഞ്ഞു .. നീതിപീഠങ്ങളും ഉണർന്നു...  രാജാവും, നീതിപീഠങ്ങളും അധികാരവർഗ്ഗത്തിലെ ഉത്തമർണ്ണരാണല്ലോ!! അവർ അധികാരിക്കെതിരെ ഉയർന്ന കുറ്റകൃത്യങ്ങൾ ഉറക്കെ വായിച്ചു... അതിൽ നിന്നും കുറ്റങ്ങൾ മാഞ്ഞുപോയിരിക്കുന്നു... അവശേഷിക്കുന്നത് കുറച്ചു കൃത്യങ്ങൾ മാത്രം... കൃത്യങ്ങൾ കുറ്റങ്ങൾ ആകുന്നതുമില്ല... അവർ ഒന്നിച്ചു പറഞ്ഞു... ""കൃത്യങ്ങൾ നിർവഹിക്കാൻ ശ്രമിച്ച അധികാരിയെ കുറ്റം ചെയ്തതായി വരുത്തിതീർക്കാൻ ശ്രമിച്ചു"" അധികാരിയുടെ കൃത്യത്തിൽ കുറ്റത്തിന്റെ കണം പോലുമില്ല...!! 

     കുറ്റവിമുക്തനായ അധികാരി വീണ്ടും അധികാരത്തിലേക്ക്... കള്ളാ എന്ന് അധികാരിയെ വിളിച്ചവർ കോപം ഭയന്ന് പാലായനത്തിന് തയ്യാറായി... അവർ ബുദ്ധിയും, അനുഭവപരിചയവും ഉള്ളവർ പറഞ്ഞത് ഓർത്തു.. 

     "''അത് അധികാരിയാണ്,,  ഇന്ന് അധികാരം പോയാലും നാളെ വരും,, കാരണം അധികാരി അധികാരം പേറാൻ മാത്രം ജനിച്ചവനാണ്..അന്ന് നീ നിലവിളിക്കുന്നിടത്ത് അധികാരി മാത്രമേ ഉണ്ടാകൂ!!""

     ഇതെല്ലാം കണ്ടുകൊണ്ട്‌ ഒന്നും മനസ്സിലാകാതെ ഒരു കൂട്ടം അന്തംവിട്ട്‌ കുന്തം വിഴുങ്ങിയപോലെ നിന്നു... അവരാണ് അധികാരിയുടെ അധികാരത്തിന് പാത്രമാകേണ്ടവർ.... "" പ്രജകൾ""

അവർ പരസ്പ്പരം പിറുപിറുത്തു കളം വിട്ടു...

     അധികാരി ശരിക്കും കള്ളനാണോ?? ആയിരിക്കുവോ... ആ,, ആർക്കറിയാം... അല്ലാ,, അതൊക്കെപ്പോട്ടെ; അധികാരി കക്കുന്നത്‌ നീ കണ്ടോ ? ഇല്ലല്ലോ!! ഞാനും കണ്ടില്ല... അപ്പം അധികാരി കട്ടില്ല, അല്ലേ?? ഏയ്,, അങ്ങനേം പറയാൻ പറ്റില്ല... അധികാരി ആരാ മൊതല്...... ആ,, അതൊക്കെ അവരുടെ കാര്യം.... നീ നിന്റെ പണി നോക്ക്.............   

[Rajesh Puliyanethu
 Advocate, Haripad]