Tuesday 1 September 2020

ശ്രീനാരായണ ഗുരു ജയന്തി ആശംസകൾ..

 ഇന്ന് ശ്രീനാരായണ ഗുരു ജയന്തി.. മതത്തിനും, ജാതിക്കും, സമൂഹത്തിനും, വിശ്വാസങ്ങൾക്കും, ദൈവീകതക്കും, ചിന്തകൾക്കും, സ്വാതന്ത്ര്യബോധത്തിനും, അഭിമാനത്തിനും, വ്യക്തിത്വത്തിനും, കാവ്യാത്മകമായ ചേതനകൾ കൊണ്ട് സമൃദ്ധമാക്കിയ യുഗപ്രഭാവൻ്റെ ജന്മദിനം.. 

ആശംസകൾ.. 

ഗുരുദേവ ജന്മദിനങ്ങളിൽ ആശംസകൾ അർപ്പിച്ചു പോകുമ്പോൾ അദ്ദേഹം തുറന്നു വെച്ച ചിന്തയുടെ അനേകം ജാലകങ്ങളിൽ ചിലതെങ്കിലും നമുക്ക് ശ്രദ്ധിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ!?.. 

ഗുരുദേവനെ ഈ വിധം മഹാ പ്രഭാവത്തോടെ ഈ ലോകത്തിനു സമ്മാനിച്ചതിൽ ആ കാലത്തിനും സമൂഹത്തിനും അഭിമാനാർഹമായ പങ്കുണ്ടായിരുന്നു.. ഗുരുവിനെ കേൾക്കാനും, അനുസരിക്കാനും ആക്കാല സമൂഹം തയ്യാറായിരുന്നു.. അദ്ദേഹത്തിൻ്റെ ഉദ്ബോധനങ്ങളെ ബഹുമാനത്തോടെ ഏറ്റെടുത്തിരുന്നു.. ഗുരു ജീവിച്ചിരുന്നത് ഇന്നായിരുന്നെങ്കിലൊ?? ഒരു ഹിന്ദു സന്യാസി എന്ന പേരിൽ അദ്ദേഹത്തെ അവഗണിക്കാനും, പരിഹസിക്കാനുമല്ലേ ഒരു വലിയ സമൂഹം ശ്രമിക്കുമായിരുന്നുള്ളൂ..!?? നിങ്ങൾ പ്രതിഷ്ഠിച്ച ഈഴവ ശിവൻ ജാതി വെറിയുടെ ശിവനാണെന്നു വിളിച്ചു പറഞ്ഞ് അദ്ദേഹത്തിൻ്റെ ആശ്രമത്തിലേക്ക് മാർച്ചു നടത്താനും, തല്ലിത്തകർക്കാനും എത്രയോ വിപ്ലവ യുവജന സംഘടനകൾ ഉണ്ടാകുമായിരുന്നു? റാം, റാം എന്നുരുവിടുന്ന ജീവനുള്ള ഒരു ഗാന്ധിക്ക് വർത്തമാനകാല ഇന്ത്യയിൽ വിദ്വേഷത്തിൻ്റെ വക്താവ് എന്ന ലേബൽ ചാർത്തി നൽകാതെ ഒരു സ്വീകാര്യത ലഭിക്കുമായിരുന്നോ?? ചാനൽ ചർച്ചകളിലെ സൊ കോൾഡ് പുരോഗമന വാദികളുടെ അലർച്ചകളിൽ ഗുരുവിൻ്റേയും, ഗാന്ധിയുടേയും അർത്ഥസമ്പുഷ്ടമായ മൃദുസ്വരങ്ങൾ കേൾക്കാൻ സാധാരണക്കാരന് കഴിയുമായിരുന്നോ?? 

അന്നത്തെ കാലഘട്ടത്തെ ചിന്തയിലും, പ്രവർത്തിയിലും ശരിയായ രീതിയിൽ അഡ്രസ്സ് ചെയ്തിരുന്ന ഗുരുദേവൻ തിരികെ വന്ന് ഇന്നത്തെക്കാലത്തെ അഡ്രസ്സ് ചെയ്യാൻ തയ്യാറായാൽ കേൾക്കാനും, അനുസ്സരിക്കാനും എത്ര ആൾക്കാർ ഉണ്ടാകും.. തീർച്ചയാണ്, ഇന്നത്തെ സമൂഹം പക്ഷപാതിയല്ലാത്ത ഗുരുവിനെ ജീവനോടെ തന്നെ കുരിശിൽ തറക്കും.. പ്രതീകാത്മകമായി കുരിശിൽ തറച്ചവർ അതിനു മടിക്കില്ലല്ലോ.. അതാണ് സമൂഹത്തിനു സംഭവിച്ച മൂല്യച്യുതി... 

ഇന്ന് നിറങ്ങൾക്കാണ് പ്രാധാന്യം.. വേഷത്തിൻ്റെയും, കൊടിയുടേയും, തൊലിയുടേയും നിറങ്ങൾക്ക്... പ്രാധാന്യമില്ലാതെ പോകുന്നത് ചോരയുടെ നിറത്തിനു മാത്രവും.. വ്യത്യസ്തയില്ലാത്തതു കൊണ്ട് വിലപോയ നിറമാണല്ലോ ചോരക്കുള്ളത്.. വാക്കുകൾക്കും, ആശയങ്ങൾക്കും ഉണ്ടായ വിലയിടിവുമായി തുലനം ചെയ്യുമ്പോൾ ചോരക്ക് കറുകനാമ്പോളം വില കൂടുതലുണ്ടെന്നു തോന്നുമെന്നു മാത്രം..

അറിവുള്ളവനേയും, ആദർശധീരനേയും അംഗീകരിക്കാൻ തയ്യാറല്ലാത്ത എന്നാൽ പരിഹസ്സിക്കാൻ മാത്രം തയ്യാറായ വർത്തമാനകാലത്തിൽ ഇനിയുമൊരു ഗുരവോ ഗാന്ധിയോ ഉണ്ടാകില്ല.. ഗുരുവിനെ വന്ദിക്കുമ്പോൾ ഗുരുവിൻ്റെ ഉദ്ബോധനങ്ങളെ നമ്മൾ തമസ്കരിക്കുന്നു എന്നതിൻ്റെ തെളിവുകൂടിയാണത്..

ഗുരുദേവ ദർശനങ്ങൾ പ്രാവർത്തികമാക്കാൻ പ്രാപ്തമായ ഒരു സമൂഹം ഇവിടെ ഉണ്ടാകുമെന്ന പ്രത്യാശയോടെ ഒരിക്കൽക്കൂടി ഗുരുദേവ ജയന്തി ആശംസകൾ...

[Rajesh Puliyanethu 

Advocate, Haripad]