Wednesday 16 November 2016

നോട്ടുമാറാൻ സമയം തന്നില്ല!! മാറിയാൽ തുഛം.... ന്യായമോ,, അന്യായമോ??

     കേന്ദ്ര ഗവണ്മെന്റ് നോട്ടുകൾ പിൻവലിച്ചതിനെ അനുകൂലിക്കുകയും, എന്നാൽ പിൻവലിച്ച രീതി ശരിയായില്ല എന്ന നിലപാട് സ്വീകരിക്കുകയും ചെയ്യുന്നവർ വളരെ അധികമാണ്... കള്ളപ്പണക്കാരെ തളക്കാനുള്ള ക്രിയാത്മകമായ നടപടിയെ എതിർത്താൽ പൊതുജനപിന്തുണ ലഭിക്കില്ല എന്നതിനാലാണ് രാഷ്ട്രീയ പ്രസ്ഥാനങ്ങൾ അപ്രകാരം നിലപാടെടുക്കാൻ കാരണം...താജ്മഹലിനെ മനോഹരമെന്ന് വിശേഷിപ്പിച്ചുകൊണ്ട് തകർക്കാൻ ബോംബ് നിർമ്മിക്കുന്നവരെപ്പോലെയാണ് കോൺഗ്രസ്സും, ഇടത്തരും.....    ജനങ്ങൾ നോട്ടുകൾ മാറി എടുക്കുന്നതിൽ വരുന്ന ചെറിയ ബുദ്ധിമുട്ടുകളെ മുതലെടുക്കാൻ ഉചിതമായ വഴി അത് നടപ്പാക്കിയതിൽ അപാകത ഉണ്ടെന്നു വിളിച്ചു പറയുകയാണ്.... അതുവഴി കണക്കിന് മോദിയെ പഴി പറയുകയും ചെയ്യാം.....

     കള്ളനോട്ടു- കള്ളപ്പണം തടയുന്നതിന് അനിവാര്യമായത് എന്ന അംഗീകാരം നോട്ടു മരവിപ്പിക്കൽ നടപടി നേടിക്കഴിഞ്ഞു....[[നോട്ടു മരവിപ്പിക്കൽ,, ഇന്ത്യൻ സമ്പത് വ്യവസ്ഥയിലെ സർജിക്കൽ സ്ട്രൈക്ക്!!!]]
പക്ഷെ പ്രഖ്യാപനം വളരെപെട്ടന്ന് ആയിപ്പോയി,, നോട്ടുകൾ മരവിപ്പിക്കുന്നതിനു മുൻപ് ആവശ്യമായ സമയം പൊതുജനങ്ങൾക്ക് നൽകണമായിരുന്നു എന്നാണ് പ്രധാന ആക്ഷേപം...! രണ്ടാമത്തെത്‌ നോട്ടുകൾ നൽകി പുതിയ നോട്ടുകൾ എടുക്കുമ്പോൾ നിശ്ചയിച്ച 2500 രൂപ എന്ന പരിധി വളരെ കുറവായിപ്പോയി എന്നതും....

     ഇപ്രകാരം പ്രചരിപ്പിക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങൾക്കും,, സാമ്പത്തിക വിദക്തർ എന്ന് അവകാശപ്പെടുന്നവർക്കും കാര്യങ്ങൾ ബോധ്യപ്പെടാത്തതല്ല... മറിച്ചു് രാഷ്ട്രീയവും, സ്വന്തവുമായ കാരണങ്ങളാണ് ഇക്കൂട്ടരെക്കൊണ്ട് ഇത്തരം നിലപാടുകൾ എടുപ്പിക്കുന്നത്... പക്ഷെ സർക്കാരിന് ഒരുതരത്തിലും പിന്മാറാൻ കഴിയാത്ത ഈ തീരുമാനത്തെ ഇവരുടെ വിമര്ശനങ്ങൾകൊണ്ട് എന്തു ചെയ്യാൻ??

     നോട്ടുമരവിപ്പിക്കൽ പ്രഖ്യാപനത്തിനു ശേഷം നോട്ടുകൾക്ക് പ്രാബല്യം ഉണ്ടായിരുന്നത് കേവലം നാലു മണിക്കൂറുകൾ മാത്രമായിരുന്നു... പ്രഖ്യാപന സമയം എന്നത് രാജ്യത്തെ സാമ്പത്തിക ഇടപാടു സ്ഥാപനങ്ങൾ എല്ലാം അടച്ചതിനു ശേഷവും.... ജനങ്ങൾ സഹകരിക്കുകയും,, രാജ്യത്തിന്റെ ഒരു വലിയ നേട്ടത്തിനായി അൽപ്പം ബുദ്ധിമുട്ടുകൾ സഹിക്കുകയും ചെയ്യേണ്ടിവരുന്ന വലിയ ഒരു തീരുമാനത്തിന് പൂർണ്ണ ഫലസിദ്ധി ഉണ്ടാകണമെന്ന് സർക്കാരിന് ഉദ്ദേശമുള്ളതുകൊണ്ടായിരുന്നു അതെന്ന് കാണണം... 

      നോട്ടുകൾ മരവിപ്പിക്കുന്നതിനു  മുൻകൂട്ടി പ്രഖ്യാപിച്ച്  സമയം അനുവദിക്കുകയായിരുന്നു എങ്കിൽ രാജ്യത്തിന്റെ പല മേഖലയിലും കള്ളപ്പണം വിനിയോഗിക്കുന്നതിനുള്ള അവസ്സരം ലഭിക്കുമായിരുന്നു... ഒരു അഭിഭാഷകൻ എന്ന നിലയിൽ എന്റെ പ്രവർത്തനമേഘലയിൽ മാത്രം അത് എങ്ങനെയൊക്കെ പ്രാർത്തികമായിരുന്നു എന്ന ചില ഉദാഹരണങ്ങൾ പറയാൻ കഴിയും.... 

500, 1000 നോട്ടുകൾ മരവിപ്പിക്കാൻ പോകുന്നു എന്ന് 08/ 11/ 2016 ൽ തീരുമാനമാകുന്നു... ഈ തീരുമാനത്തിന്റെ പ്രഖ്യാപനം മെയ് മാസ്സത്തിൽ സർക്കാരിൽ നിന്നും ഉണ്ടാകുന്നു എന്ന് കരുതുക.... ഇവിടെ കോർട്ട് ഫീയായി കുടിശിക കിടക്കുന്ന കോടിക്കണക്കിന് പണം കള്ളപ്പണം ഉപയോഗിച്ച് കെട്ടാൻ കഴിയുമായിരുന്നു... അത് നിലവിലുള്ള കേസ്സുകളിലെ കാര്യം... ഇവിടെ കൃത്രിമ കേസ്സുകളിലൂടെയും കള്ളപ്പണക്കാർക്ക് അത് സാദ്ധ്യമായിരുന്നു... ഒരു മണി സൂട്ട്‌ ഫയൽ ചെയ്‌താൽ അതിന്റെ പത്തു ശതമാനം കോർട്ട് ഫീ ആയി കെട്ടണം..[[ കോർട്ട് ഫീ ആക്ട് പ്രകാരം കണക്കാക്കുമ്പോൾ വ്യത്യാസങ്ങൾ വരാം,, ഒരു ആവറേജ് പറഞ്ഞു എന്നേ ഉള്ളൂ]] ഒരു പ്രോമിസ്സറി നോട്ടിന്റെയോ,, അതുപോലെ ഡോക്യൂമെന്റുകളുടെയോ അടിസ്ഥാനത്തിൽ മണി സൂട്ട്‌ കൊടുക്കാം,, ഈ ഡോക്യൂമെന്റുകൾ തയ്യാർ ചെയ്യാൻ യാതൊരു പ്രയാസവുമില്ല,, ചെലവുൾപ്പടെ!! ഒരു പ്രോമിസ്സറി നോട്ട് തയ്യാറായ്ക്കാൻ വേണ്ടത് വെള്ളപ്പേപ്പറും റെവന്യൂ സ്റ്റാമ്പും..!! കള്ളപ്പണക്കാരന് ഇങ്ങനെ ഒരു കേസ്സ് ഫയൽ ചെയ്‌താൽ കേസ്സ് തുകയുടെ 10% കോർട്ട് ഫീ ആയി കെട്ടാം.... അതായത് ഒരു ലക്ഷം രൂപക്ക് പതിനായിരം രൂപ.... കോടികളാണ് കേസ്സ് തുകയെങ്കിൽ കോർട്ട് ഫീയും അതിനനുസൃതമായി.... ഇത് ഒരു കള്ളപ്പണക്കാരന് തന്റെ പല സ്വന്തക്കാരെയും ഉപയോഗിച്ച് ചെയ്യാം,,, അവരിൽകൂടിയെല്ലാം വലിയതുകകൾ കോർട്ട് ഫീ കെട്ടാം...  അതിനുശേഷം നോട്ടു നിയന്ത്രണം നിലവിൽ വന്ന് പുതിയ നോട്ടുകൾ സാർവ്വർത്രികമായതിന് ശേഷം ഇതേ പാർട്ടികൾ തമ്മിൽ അദാലത്തിൽ വെച്ചോ മറ്റോ ഈ കേസ്സ് സെറ്റിൽ ആയാൽ കോടതിയിൽ നിന്നും കോർട്ട് ഫീ ആയി കെട്ടിയ പണം തിരികെ ലഭിക്കുന്നതാണ്.... കോടതിയിൽ നിന്നും ലഭിക്കുന്ന ചെക്ക് ട്രഷറി വഴി മാറി എടുക്കണം,, അത്ര തന്നെ.... 
മണി സൂട്ടിനു പകരം മറ്റേതെങ്കിലും തരത്തിലുള്ള ക്ലെയിം കേസ്സുകളാണെങ്കിലോ?? ഒരു കൃത്രിമ കേസ്സാണെങ്കിൽ മേൽപ്പറഞ്ഞ പ്രകാരം ഇരുകൂട്ടരും ഒത്തുനിന്ന് ക്ലെയിമിന് തുല്യമായതുക കോടതിയിൽ കെട്ടാവുന്ന സാഹചര്യം ഉണ്ടായേക്കാവുന്നതാണ്...  അതും ഒത്തുതീർപ്പിൽക്കൂടി പിന്നീട് കോടതിയിൽ നിന്നും വാങ്ങി പുതിയ നോട്ടാക്കാവുന്നതാണ്....
ഒരു കുടുംബത്തിൽ സൂക്ഷിച്ചിരിക്കുന്ന പത്തോ ഇരുപത്തഞ്ചോ ലക്ഷം രൂപയുടെ കള്ളപ്പണം വെളുപ്പിക്കാൻ ഭാര്യയും ഭർത്താവും ഒന്ന് ഒത്തുകളിച്ചാൽ മതിയാകും... ഭാര്യ ഭർത്താവിനെതിരെ കൊടുക്കുന്ന ഒരു കേസ്സിൽ ഒരു മ്യൂച്ചൽ കൺസെന്റ് വഴി തുക കോടതിയിൽ കെട്ടി വെയ്ക്കാവുന്ന സാഹചര്യം ഉണ്ടാക്കാൻ കഴിയുമായിരുന്നു.... പിന്നീട് ഒത്തുതീർപ്പിൽകൂടി പുതിയ നോട്ട് നേടാനും കഴിയുമായിരുന്നു... ഇതൊന്നും കേസ്സു നടത്തുന്ന അഭിഭാഷകൻ പോലും അറിഞ്ഞു കൊള്ളണമെന്നില്ല എന്നതാണ് വസ്തുത.... 'കോടതിയിലെ കൊടുക്കലും വാങ്ങലും അക്കൗണ്ട് ചെയ്യപ്പെടുമായിരുന്നില്ലേ അവ പിന്നീട് പരിശോധിച്ചാൽ പോരെ'? എന്ന് ചോദിച്ചാൽ അത് അസാധ്യമാകുന്ന നൂലാമാലകളിൽ ചെന്നെത്തുകയെ ഉണ്ടായിരുന്നുള്ളു എന്ന് മാത്രമേ പറയാൻ കഴിയൂ....   

     ഇതൊക്കെ പല ആൾക്കാരിൽക്കൂടി നടത്തി എടുക്കാൻ സാധിക്കുകയും നോട്ടു അസാധുവാക്കുക എന്നതിന്റെ ഉദ്ദേശം തകിടം മറിക്കപ്പെടുകയും ചെയ്തേനേം... അതിനൊക്കെ വേണ്ടത് കേസ്സ് കൊടുക്കാൻ സന്നദ്ധരായ കുറെ ആൾക്കാരെയാണ്... മാറി എടുക്കുന്ന തുകയുടെ ഒരു നിശ്ചിതശതമാനം വ്യവസ്ഥചെയ്‌താൽ ആളെക്കിട്ടാനാണോ പഞ്ഞം!?? എന്തിനും ലോബികൾ രൂപം കൊള്ളുന്ന നാടാണിത്... അത് റയിൽവേ ടിക്കറ്റ് ബുക്കിങ്ങിലും, പട്ടാളക്കാരുടെ കൊട്ടാ മദ്യം മാറിയെടുക്കുന്നതിലും, കോളേജ് അഡ്മിഷനിലും, എന്നുവേണ്ടാ നോട്ടുകൾ നിരോധിച്ചതിന്റെ തൊട്ടടുത്ത ദിവസ്സം 1000 നോട്ട് മാറി 750 നൽകാനും 500 മാറി 350 നൽകാനും വരെ ഉണ്ടാകുന്നത് നമ്മൾ കണ്ടതാണ്...  

     രാജ്യത്ത് നോട്ടു വിതരണത്തിനു മുൻപ് പ്രഖ്യാപനം നടത്തി സമയം അനുവദിച്ചിരുന്നെങ്കിൽ കള്ളപ്പണത്തിൽ സൂക്ഷിക്കുന്ന നോട്ടുകൾ മാറി പുതിയ നോട്ട് കള്ളപ്പണമായിത്തന്നെ സൂക്ഷിക്കുന്നതിനുള്ള അവസ്സരം ലഭിക്കുന്ന  എന്റെ പ്രവർത്തനമേഖലയിലെ ചില സാദ്ധ്യതകൾ മാത്രമാണ് പറഞ്ഞത്... രാജ്യത്ത് ആകമാനം പരിശോധിച്ചാൽ ഇത്തരം നൂറായിരം സാദ്ധ്യതകൾ കണ്ടെത്താൻ കള്ളപ്പണക്കാർക്ക് കഴിയുകയും നോട്ടു നിരോധനം ലക്ഷ്യം കാണാത്ത ശരമായി തീരുകുയും ചെയ്തേനേം... 

     നോട്ടു നിരോധനത്തോട് അനുബന്ധിച്ചു കേൾക്കുന്ന രണ്ടാമത്തെ പ്രധാന ആരോപണം ബാങ്കിൽ നിന്നും 500, 1000 നോട്ടുകൾ  മാറി എടുക്കാനുള്ള തുകക്ക് 2500 എന്ന പരിധി എന്തിനാണ് എന്നാണ്‌... രണ്ടായിരത്തി അഞ്ഞൂറ് എന്നത് തന്നെ ദുരുപയോഗം ചെയ്യാൻ സാദ്ധ്യതയുണ്ട്!! പക്ഷെ അതിൽ കുറഞ്ഞ തുക അനുവദിക്കുന്നത് ജനങ്ങൾക്ക് കൂടുതൽ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെന്നും,, ജനങ്ങളോടുള്ള അനീതിയാകുമെന്നും കണ്ടാണ്....

     രണ്ടായിരത്തി അഞ്ഞൂറു രൂപയുടെ പഴയ നോട്ടുകൾ മാറിനൽകുന്നതിൽക്കൂടി വലിയ തുകകൾ കള്ളപ്പണക്കാർക്ക് മാറി എടുക്കാൻ കഴിയും... അതിന് ആവശ്യമുള്ളത് കേവലം ഒരു ഐ ഡി കാർഡ് മാത്രമാണ്..നൂറു തൊഴിലാളികൾ ഉള്ള ഒരു കള്ളപ്പണക്കാരൻ മുതലാളിക്ക് ദിവസ്സം രണ്ടു ലക്ഷത്തിഅൻപതിനായിരം രൂപ മാറി എടുക്കാം.. അതും കേവലം ഒരു മണിക്കൂർ നേരത്തെ Q നില്പിൽക്കൂടി... ഒരു പ്രാവശ്യം 2500 രൂപ മാറുന്നവന് 500 രൂപ കൂലി നൽകിയാലും പിന്നീട് ബാങ്കിലടച്ചു 200 ശതമാനം ടാക്സ് നൽകുന്നതിലും ലാഭമാണ്.. ഉറവിടത്തിനുള്ള ഉത്തരം നൽകുന്ന ലാഭം വേറെ!! പല പ്രാവശ്യമായി പല ബാങ്കുകളിൽ പോയി മാറാൻ കഴിഞ്ഞാൽ മുതലാളിക്കും തൊഴിലാളിക്കും നേട്ടങ്ങൾ ഏറെയാണ്... ഈ നോട്ടു മാറ്റത്തൊഴിലാളിയെ പിന്നീട് പിടികൂടി നിയമത്തിന് മുൻപിൽ കൊണ്ടുവരിക എന്നത് സാങ്കേതികമായും, നിയമപരമായും പ്രായോഗികമല്ല!! ഇങ്ങനെ ആളെവെച്ചു നോട്ടു മാറുന്ന പ്രക്രീയ തുടർന്നാൽ എ ടി എം കൾക്കു മുൻപിലെ Q അവസ്സാനിക്കാനേ പോകുന്നില്ല!! അതുകൊണ്ട് ഗുണമുള്ള വിഭാഗങ്ങൾ പ്രധാനമായും നാലു കൂട്ടരാണ്... 1. കള്ളപ്പണക്കാരൻ,, 2. നോട്ടുമാറ്റ തൊഴിലാളി 3. ബാങ്കിലെ തിരക്ക് ചൂണ്ടിക്കാട്ടി മോഡിയെയും, കേന്ദ്ര സർക്കാരിനെയും പള്ളു പറയുന്നവർ,, 4. മാധ്യമങ്ങൾ....

     ബാങ്ക് അക്കൗണ്ടിൽക്കൂടി മാത്രമേ ടി 2500/- മാറാൻ അനുവദിക്കാവൂ എന്നാണ് എന്റെ പക്ഷം... അക്കൗണ്ട് ഇല്ലാത്തവർക്ക് ത്വരിത സംവിധാനത്തിൽക്കൂടി അത് നൽകണം.. അല്ലെങ്കിൽ നോട്ട് മാറാൻ നൽകുന്ന ഐ ഡി ഉപയോഗിച്ച് ബാങ്കിൽ പ്രത്യേക അക്കൗണ്ടുകൾ തുറന്ന് അന്വേഷണം നടത്തും എന്ന പ്രഖ്യാപനം എങ്കിലും നടത്തണം.. അക്കൗണ്ട് ഉള്ള പലരും നേരിട്ടു പണം മാറുന്ന മോശം പ്രവണത അതോടെ നിൽക്കും.  ആധാർ ഐ ഡി കൾ മാത്രമേ അനുവദിക്കൂ എന്ന് വന്നാലും അട്ടിമറി നിയന്ത്രിക്കാവുന്നതാണ്... 

കള്ളപ്പണമെന്ന രാജ്യവിപത്തിനെ പരാജയപ്പെടുത്തിയെ പറ്റൂ... അതിലേക്കുള്ള വലിയ നേട്ടത്തിന് തടയിടാൻ ദുഷ്ട്ട ബുദ്ധികൾ തുനിഞ്ഞിറങ്ങിയിട്ടുണ്ട്... രാജ്യത്തെ സാധാരണക്കാരായ ബഹുഭൂരിപക്ഷം വിജയിക്കണമെങ്കിൽ കള്ളപ്പണത്തിനെതിരെയുള്ള നടപടി വിജയിക്കണം.. 

[Rajesh Puliyanethu
 Advocate, Haripad]