Monday 11 November 2013

അനാഥരെന്നു വിളിച്ചു വിളിച്ചു നാം അനാഥത്വമെന്നമന്നമുരുട്ടി നൽകുന്നു!!


       കഴിഞ്ഞ ദിവസ്സം എറണാകുളം MG റോഡിൽക്കൂടി ബസ്സ്‌ഇറങ്ങി നടന്ന് അടുത്തൊരു സ്ഥലം വരെ പോകേണ്ട  ആവശ്യമുണ്ടായി.. ട്രാഫിക് ബ്ലോക്കിൽപ്പെട്ട് ഒരു വാൻ നിർത്തിയിട്ടിരിക്കുന്നത് എന്റെ ശ്രദ്ദയിൽപ്പെട്ടു.. ഒരു ടെമ്പോ ട്രാവലർ വാൻ.. അതിന്റെ ബോണറ്റ് ഉൾപ്പടെ; അതായത് നാല് വശങ്ങളിലും കുട്ടികളുടെ ചിത്രങ്ങൾ.. വാനിന്റെ പേര് എന്ന് തോന്നിക്കുന്ന വിധത്തിൽ 'സാന്ത്വനം' എന്ന് എഴുതിയിരിക്കുന്നു.. വനിനുള്ളിൽ ആറേഴു കുട്ടികളും.. അവരെന്തോക്കെയോ കളികളിലാണ്..  അവരിലാരുടെയും പ്രായം പതിനഞ്ചുകടക്കുന്നില്ല എന്നത് വ്യക്തം!! ട്രാഫിക്‌ ലൈറ്റ് അനുവാദം നല്കി, ആ വാഹനം പോയി....

       കാണുന്ന ഏതൊരുവനുംവ്യക്തമാണ്; അതൊരു അനാഥാലയത്തിന്റെ വാഹനമാണ്.. അനാഥബാല്യങ്ങളെ സൃഷ്ടിക്കുന്ന സാമൂഹിക കാരണങ്ങളെ തേടലുകൾ അവരുടെ പ്രശ്നങ്ങൾക്ക് പരിഹാര മാർഗ്ഗങ്ങളല്ല, മറിച്ച് അവർക്ക് വേണ്ടി എന്ത് തനിക്ക് ചെയ്യാൻ കഴിയും എന്ന് ചിന്തിക്കുകയാണ് വേണ്ടത്.. ഉത്തരം ശൂന്യതയുടെ സീമകൾക്ക് അപ്പുറമെവിടെയോ ഉണ്ട് എന്ന് മാത്രമാണെങ്കിൽ ഒന്ന് മാത്രമേ ചെയ്യാൻ കഴിയൂ!! അനാഥത്വത്തിന്റെ കാരണമന്യേഷിക്കാതെ അവരെ സംരക്ഷിക്കാനും മാർഗനിർദ്ദേശം നൽകാനും, പണവും അധ്വാനവും മുടക്കുവാനും സന്മനസ്സുകാണിക്കുന്നവരോട് കൂപ്പുകൈകളോടെ അപേക്ഷിക്കുക.. പൊതു സമൂഹത്തിലെ ഏതൊരുവനും അതേ കഴിയൂ ..

       നിങ്ങൾക്ക് സമൂഹത്തിനോടുള്ള പ്രതിഭധതയോ, സാമൂഹിക ബോധമോ, ദയയോ അങ്ങനെ എതെങ്കിലുമൊക്കെവിധത്തിലുള്ള നന്മയുടെ കണങ്ങളാണ് ഇത്തരം ബാല്യങ്ങളെ സംരക്ഷിക്കുക എന്നാ മഹത്തായ സംരംഭത്തിലേക്ക് നിങ്ങളെ നയിച്ചത്.. വിമർശകർ പറയുന്നത് പോലെ ടാക്സ്സിൽ നിന്ന് ഒഴിവാകുക എന്നൊക്കെയുള്ള കച്ചവടതാൽപ്പര്യത്തിന്റെ മറയാണ് ഇത്തരം ചാരിറ്റി പ്രവർത്തനങ്ങൾ എന്ന് പറയുന്നവരോടും ഞാൻ യോജിക്കുന്നില്ല.. കാരണം ടാക്സ്സിൽ നിന്ന് രക്ഷപ്പെടാൻ ഉദ്ദേശിക്കുന്ന കള്ളപ്പണക്കാർ ഒന്നാകെ 'ചാരിറ്റി' എന്നതിനെ അതിനെതിർ മാര്ഗ്ഗമായി കണ്ടിരുന്നെങ്കിൽ ഇവിടെ കഷ്ട്ടപ്പെടുന്നവന്റെ ജീവിതനിലവാരം എത്ര മെച്ചപ്പെട്ടെനേം!! കൈവശം വെയ്ക്കാൻ കഴിയാത്ത കള്ളപ്പണം കത്തിച്ചു കളയാൻ കാണിക്കുന്നതിലും നന്മയുണ്ട് ആപ്പണം അനാഥാലയത്തിന്റെ ഭണഡാരത്തിൽ ഉപേക്ഷിക്കുന്നവന്..

       നന്മയെ ഉദ്ദേശിച്ചു ചെയ്യുന്ന ഒരു പ്രവർത്തിക്ക് കൂടുതൽ തിളക്കമുണ്ടാക്കണമെന്ന അപേക്ഷയെ എനിക്കുള്ളൂ.. എന്തായാലും അനാഥത്വത്തിന്റെ കുപ്പായമണിഞ്ഞ്‌ സമൂഹത്തിന്റെ മുൻപിൽ നിൽക്കേണ്ടിവന്നത് അവരുടെ തെറ്റല്ല.. അവര്ക്ക് ഭക്ഷണവും, താമസ്സവും, വിദ്യാഭ്യാസ്സവും, മരുന്നും എല്ലാം നൽകാൻ തയ്യാറാകുന്നവർ അനാഥത്വം എന്നാലേബലിൽ നിന്നുകൂടി ഒരു മോചനം അവർക്ക് നൽകിക്കൂടെ?? എന്തിനാണ് ഒരു അനാഥസംരക്ഷണ കേന്ദ്രത്തിന് സാന്ത്വനം, കനിവ്, തണൽ, കാരുണ്യം തുടങ്ങിയ പേരുകൾ?? എന്തിനാണ് അവർക്ക് സഞ്ചരികാനുള്ള വാഹനത്തിൽ ഇത്രയും കുട്ടികളുടെ ചിത്രങ്ങൾ?? അങ്ങനെയെങ്കിൽ അവര്ക്ക് എന്ത് തണൽ നൽകിയാലും അനാഥത്വത്തിന്റെ തീഷ്ണമായ ചൂട് അവരെ പൊള്ളിച്ചു കൊണ്ടുതന്നെയിരിക്കും!!

       അനാഥബാല്യങ്ങൾ നാളത്തെ ഉത്തമ പൗരന്മാരായി വളര്ന്നു വരുകയാണ് സംരക്ഷകരുടെ ലക്ഷ്യമെങ്കിൽ അവരെ 'അനാഥർ' എന്ന ചിന്തയിൽ നിന്ന് പുറത്തു കൊണ്ട് വരികയാണ് ആദ്യം ചെയ്യേണ്ടത്.. അനാഥർ എന്ന അപകർഷതാബോധം എന്നും അവരിൽ എതിർവികാരമായി മാത്രം പ്രവർത്തിക്കാനെ തരമുള്ളൂ..

       ഒരു പുണ്യപ്രവര്ത്തിയുടെ പരിപൂർണ്ണ ഫലത്തിന് വിഘാതമാണ് ഇത്തരം സമീപനങ്ങൾ എന്നത് വ്യക്തം.. ഇവിടെ കാര്യങ്ങൾ നന്മയുടെ ഒരു വലിയ പങ്കിനെ ആഗീരണം ചെയ്യുന്നതായി കാണാം.. " എടാ അനാഥാ, നിനക്ക് എന്റെ കനിവിൽ ഭക്ഷണം കഴിക്കുകയും ജീവിക്കുകയുമാകാം.. നിനക്ക് എന്റെ കനിവിൽ വസ്ത്രവും വിദ്യാഭ്യാസ്സവും നൽകാം... പക്ഷെ നീ ഒന്നോർക്കണം; ഇതെല്ലാം എന്റെ വലിയ മനസ്സാണ്.. നീ അനാഥൻ തന്നെയാണ്" എന്ന് വിളിച്ചു പറഞ്ഞു കൊണ്ട് അവനു നേരെ അന്നം നീട്ടുന്ന പ്രതീതി ഇവിടെ ജനിക്കുന്നു...

       എന്ത് ശകാരങ്ങൾ പൊഴിച്ച് കൊണ്ട് ഒരു അനാഥബാലകന് നേരെ ഒരുവൻ അന്നം നീട്ടിയാലും അതിനെതിരെ അഭിപ്രായം പറയാനുള്ള ധാർമികാമായ ശക്തി സമൂഹത്തിന് ഇല്ല എന്നുതന്നെ പറയാം.. കാരണം ആബാലകനെ ചൂഷണം ചെയ്യുക എന്നാ ഉദ്ദേശം അന്നദാദാവിന് ഇല്ലാത്തടത്തോളം കാലം അവിടെ വിശപ്പകറ്റുന്ന ഒരു പുണ്യം തന്നെയാണത്.. എന്നാൽ പൊതു സമൂഹമോ?? കണ്ണും കാതും മൂടി ഇടക്കിടക്ക് വിമർശനത്തിന്റെ വായ മാത്രം തുറക്കുന്ന വിചിത്ര ജീവിയും!!

       എന്നാൽ ഈ ഉത്തരവാദിത്വങ്ങൽ നിർവഹിക്കാൻ സർക്കാർ മുന്നോട് വരേണ്ടതും അവിടെ ഈ  അനാഥത്വങ്ങൾക്ക് ലഭിക്കുന്നത് ഔദാര്യം എന്ന സ്ഥാനത്ത് അവകാശം എന്ന് സ്ഥാപിക്കേണ്ടാതുമാണ്.. അങ്ങനെയെങ്കിൽ ഇപ്രകാരമൊക്കെമാത്രമേ ഇവരോട് പെരുമാറാൻ പാടുള്ളൂ എന്ന് ആവശ്യപ്പെടാനുള്ള അവകാശം പോതുജനതക്ക് കൈ വരുന്നതാണ്.. അതിനു സർക്കാരുകൾ മുന്നോട്ടു വരികതന്നെ വേണം.. കൂടാതെ സ്വന്തം ആവശ്യത്തിനപ്പുറം പണം തനിക്കുണ്ടെന്ന് കരുതുന്നവരെങ്കിലും ചാരിറ്റി തങ്ങളുടെ പ്രവർത്തി മണ്ഡലത്തിന്റെ ഒരു ഭാഗമാക്കാൻ ശ്രമിക്കണം.. അങ്ങനെ തുടങ്ങി എല്ലാ മനുഷ്യരിലേക്കും  വളരുന്ന ഒരു വികാരമായി അത് മാറുകയും വിളംബരം ചെയ്യാത്ത ചാരിറ്റി ഒരു ശീലമാകുകയും ചെയ്യും... അങ്ങനെ വരുമ്പോൾ ചുരുക്കം ചിലര് ചെയ്യുന്ന നന്മ എന്ന സ്ഥാനത്തു നിന്ന് മാറി അതൊരു പൊതു സമൂഹസ്വഭാവമായി മാറുകയും അതിന്റെ ഗുണഫലം ഏറ്റു വാങ്ങേണ്ടി വരുന്നവരോട് ഇപ്രകാരമോക്കെമാത്രമേ പെരുമാറാൻ പാടുള്ളൂ എന്ന് ശക്തമായി ആവശ്യപ്പെടാൻ ഏതൊരുവനും കഴിയുകയും ചാർത്തപ്പെട്ട് നൽകിയ അവരുടെ നെറ്റിയിലെ 'അനാഥർ'  എന്നാ ലേബൽ അഴിച്ചുമാറ്റുവാനും കഴിയും...


[Rajesh Puliyanethu
 Advocate, Haripad]