Friday 29 April 2016

മാമ്പഴത്തെ കൊതിക്കാത്ത ബാല്യം മാവിനെ സ്നേഹിക്കാതെ പോകുന്നു....!!


     ഇന്ന് ഒരു കാഴ്ചയിൽ കണ്ട ചെറിയ ഒരു കൌതുകം പങ്കു വെയ്ക്കുന്നതിനാണ് ഈ എഴുത്ത്...

     ഒരു വസ്തു തർക്കത്തിലെ കേസ്സ് സംബന്ധമായി ഒരിടം വരെ പോകേണ്ടി വന്നു...  ഉടമയുടെ വീടിനു മുകളിലത്തെ നിലയിൽ നിന്നും ജനാലയിൽക്കൂടി പുറത്തേക്ക് നോക്കിയാൽ അടുത്തുതന്നെ ഒരു ബഹുനില കെട്ടിടത്തിന്റെ നിർമ്മാണം നടക്കുന്നത് കാണാം.. എന്റെ ജോലി കഴിഞ്ഞതിനു ശേഷം കെട്ടിട നിർമ്മാണത്തിന്റെ കൌതുകം നോക്കി അൽപ്പനേരം നിന്നു...

     ആ വർക്ക് സൈറ്റിലേക്ക് ഒരു ഓഡി കാർ കയറി വരുന്നത് കണ്ടു. കെട്ടിടത്തിന്റെ അടുത്തെത്തുന്നതിനു മുൻപ് വഴിയിൽ ആ വാഹനം നിർത്തി..  ആ ബഹുനിലക്കെട്ടിടത്തിന്റെ ഉടമ ആയിരിക്കാം, ഏതായാലും 'ധനാഡ്യൻ' എന്നും തോന്നിക്കും വിധം ഒരാൾ അതിൽ നിന്നും പുറത്തേക്ക് ഇറങ്ങി.. അയാൾ വാഹനം കെട്ടിടത്തിന്റെ അടുത്ത് എത്തുന്നതിന് മുൻപ്‌ നിർത്തിയത് കൊണ്ടാകാം ഞാൻ ശ്രദ്ധിച്ചത്... വാഹനത്തിൽ നിന്നും പുറത്തിറങ്ങിയ ആൾ വാഹനത്തിന്റെ മുൻപിൽ കിടന്ന ഒരു പഴുത്ത മാങ്ങ എടുത്ത് തന്റെ മുണ്ടു കൊണ്ട് ഭംഗിയായി തുടച്ചു... അത് കടിച്ചുകൊണ്ട് വീണ്ടും വാഹനത്തിൽ കയറി ഓടിച്ച് കെട്ടിടത്തിനറെ അടുത്തു പാർക്ക് ചെയ്ത് ഇറങ്ങിപ്പോയി... അപ്പോഴും അയാളുടെ കൈയ്യിൽ ആ മാമ്പഴം ഉണ്ടായിരുന്നു...

     ഈ കാഴ്ചയിൽ എന്താണ് എടുത്തു പറയാൻ എന്ന് ചോദിക്കുന്നവരായിരിക്കും അധികവും... പക്ഷെ ഒരു കൌതുകം ജനിപ്പിച്ച സംഭവമായിരുന്നു അത്... ഇന്ന് സമൂഹത്തിൽ നിലനിൽക്കുന്ന പെരുമാറ്റ ചര്യകൾക്കിടയിൽക്കൂടി കാണുമ്പോളാണ് ഈ കാഴ്ചയിലെ നന്മ വെളിവാകുന്നത്...

       പാൻറും, ഷർട്ടും ഇട്ട് കയ്യിൽ ഒരു മൊബൈൽ ഫോണും ഉണ്ടെങ്കിൽ സായിപ്പായി എന്ന് കരുതുന്ന സമൂഹമാണിത് ... വീണു കിടക്കുന്ന ഒരു മാമ്പഴമോ, പറങ്കാപ്പഴമോ കുനിഞ്ഞൊന്നെടുത്തുപൊയാൽ തന്റെ വിദ്യാഭ്യാസ്സവും, അന്തസ്സും, സമൂഹത്തിലെ സ്ഥാനവും ഒക്കെ കപ്പലുകയറിപ്പോയി എന്ന് കരുതുന്നിടത്തു കണ്ട ഒരു കാഴ്ച്ച...!! പറമ്പിലെ മാമ്പഴം പെറുക്കിയെടുക്കുന്നത്‌ അപമാനമായി കണ്ട് നൂറ്റി അൻപത് രൂപ കൊടുത്ത് കാർബയിഡു വിഷം പുരണ്ട മാമ്പഴം വാങ്ങി കുട്ടികൾക്കുനൽകുന്നത് അഭിമാനമായും, അതേ അഭിമാനബോധം തങ്ങളുടെ CBSE അമുൽ പൈതലുകൾക്ക് പകർന്നു നൽകുകയും ചെയ്യുന്നിടത്ത് കണ്ട കാഴ്ച്ച..!!  അങ്ങനെയുള്ളിടത്ത് സ്വന്തമായി ഓഡി കാറും,, ബഹുനില കെട്ടിടവും,, പണവും ഉണ്ടെന്നുള്ളത് ഒരു മാമ്പഴം കുനിഞ്ഞെടുക്കുന്നത് തടസ്സമാകാതിരുന്നത് കണ്ടപ്പോൾ ഒരു കൌതുകം...ആ കൌതുകം എടുത്തു പറയണമെന്ന് മാത്രമേ കരുതിയുള്ളൂ...

     വീണു കിടക്കുന്ന ഒരു മാമ്പഴത്തെ നാം കാണാതെ വന്നാൽ,, പുറം കാലുകൊണ്ട്‌ അതിനെ തട്ടി മാറ്റി മുൻപോട്ടു പോയാൽ,, സ്വീകരിക്കാൻ ഒരണ്ണാരക്കണ്ണൻ പോലും ഇല്ലാതെ വന്നാൽ;;  ആർക്കായും പ്രത്യേകം കരുതാതെ, എല്ലാവർക്കുമായി പുഷ്പ്പിച്ചിട്ടും, മധുരമുള്ള മാമ്പഴം വിളമ്പിത്തന്നിട്ടും, അതൊന്നു സ്വീകരിക്കാനും, നന്ദിയോടെയും, സ്നേഹത്തോടെയും ഒന്നു നോക്കാനും ആരുമില്ലെന്ന തോന്നൽ ആ മാവിലും ഒരു താപം ഉയർത്തിയേക്കാം...!! അങ്ങനെ തങ്ങളുടെ ഫലങ്ങൾ ചവിട്ടി അരച്ചു കളഞ്ഞവർക്കു നേരേ,,  അതിനും ശേഷം തങ്ങളുടെ തടിയിൽ കോടാലി വെയ്ക്കുന്നവർക്കു നേരെ ഉയരുന്ന താപവും കണ്ണീരും ഓരോ മരത്തിനും ഉണ്ടാകാം... ആ താപമാകാം നമ്മെ ചുട്ടു പോള്ളിച്ചുകൊണ്ടിരിക്കുന്നത്...!!!

     പ്രകൃതിയുടെ കനിവ് നമുക്കു ലഭിക്കണമെങ്കിൽ നാം പ്രകൃതിയെയും, പ്രകൃതി തരുന്ന വിഭവങ്ങളെയും നന്ദിയോടെ കാണണം.. മധുരമൂറുന്ന മാമ്പഴം തന്ന മാവിനോട് സ്നേഹം വേണം... ആ സ്നേഹം ആാത്മാവിൽ ജനിക്കണമെങ്കിൽ കാറ്റത്തു വീണമാമ്പഴം ഓടിച്ചെന്ന് കൂട്ടുകാർക്കൊപ്പം തല്ലുകൂടി പങ്കിട്ടെടുത്ത ബാല്യം വേണം... അങ്ങനെ ഒരു ബാല്യമുള്ളവന് തനിക്ക് മധുരമുള്ള മാമ്പഴം തന്ന,, തന്റെ ഏറു കൊണ്ട് വീണ്ടും സന്തോഷത്തോടെ മാമ്പഴം പൊഴിച്ച മാതൃതുല്യമായ ആ വൃക്ഷത്തിൻറെ ചുവട്ടിൽ കൊടാലിവെയ്ക്കാൻ മനസ്സൊന്നു പിടക്കും....  

     പ്രകൃതിയെ നന്ദിയോടെയും, സ്നേഹത്തോടെയും കാണൂ... അങ്ങനെയുള്ളവന് പ്രകൃതി നമുക്കായി നൽകുന്ന ഏതൊരു വിഭവത്തെയും ചെറുതായിക്കാണാൻ കഴിയില്ല... അവർ ഭൂമിയെ ചുട്ടു പോള്ളിക്കാനും, കരയിക്കാനും ഇടവരുത്തില്ല...........

[Rajesh Puliyanethu
 Advocate, Haripad]