] ✍️Adv. Rajesh Puliyanethu [Right To Disconnect
റൈറ്റ് ടു ഡിസ്കണക്ട്, എന്താണ് ഈ നിയമം കൊണ്ട് ഉദ്ദേശിക്കുന്നത്? ഒരു വ്യക്തിയുടെ ജോലിസമയത്തിനുശേഷം അയാളെ തൊഴിലുടമയോ, മേലധികാരികളോ തൊഴിൽപരമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിൽ നിന്നും അയാളെ (Employee) യെ സംരക്ഷിക്കുന്ന അല്ലെങ്കിൽ,, ജോലിസമയത്തിനുശേഷം തൊഴിലുടമയുടെ ആവശ്യങ്ങളെ നിരാകരിക്കുന്നതിനുമുള്ള അവകാശങ്ങൾ എംപ്ലോയിക്ക് നൽകുന്നതാണ് ഈ നിയമം... അതായത് ജോലിസമയത്തിനുശേഷം സ്ഥാപനത്തിൽ നിന്നുള്ള കോളുകക്ക് ഉത്തരം നൽകാതിരിക്കുന്നതിന്, ഈമെയിലുകൾക്ക് മറുപടി കൊടുക്കാതിരിക്കുന്നതിന് അങ്ങനെ പലവിധമായ തൊഴിൽപരമായ ഉത്തരവാദിത്തങ്ങൾ തൊഴിൽ സമയത്തിന് ശേഷം ചെയ്യേണ്ടതില്ല എന്നും അപ്രകാരം തൊഴിൽ സമയത്തിന് ശേഷം മേൽപ്പറഞ്ഞ പ്രകാരമുള്ള സേവനങ്ങൾ നൽകിയില്ല എന്ന കാരണത്താൽ എംപ്ലോയിക്ക് എതിരെ നടപടികൾ സ്വീകരിക്കാൻ എംപ്ലോയർക്ക് സാധിക്കുന്നതല്ല എന്നും ഈ നിയമം പറയുന്നു...
ഈ നിയമം ലോകത്ത് നടപ്പിലാക്കിയിരിക്കുന്നത് ഇറ്റലി സ്പെയിൻ തുടങ്ങിയ ചില രാജ്യങ്ങൾ മാത്രമാണ്... തൊഴിൽ ഭാരം ലഘൂകരിക്കുക, തൊഴിലാളികളുടെ മാനസിക സംഘർഷം കുറയ്ക്കുക, തൊഴിലാളികൾക്ക് വിനോദങ്ങൾക്ക് അവസരം കൊടുക്കുക, തൊഴിൽ ചൂഷണം ഒഴിവാക്കുക തുടങ്ങിയവയാണ് ഈ നിയമത്തിൻറെ ഉദ്ദേശലക്ഷ്യങ്ങൾ...
ഭാരതം പോലെ ഒരു രാജ്യത്ത് ഈ നിയമം പ്രായോഗികമല്ല എന്നതാണ് എൻറെ പക്ഷം... വളരെയധികം തൊഴിൽ അന്വേഷകർ ഉള്ള ഈ രാജ്യത്ത് 'നിയമത്തിന്റെ സംരക്ഷണം ഉണ്ട്' എന്ന കാരണത്താൽ ബഹുഭൂരിപക്ഷം വരുന്ന എംപ്ലോയിസിനും തൊഴിൽപരമായ മറുപടി ആവശ്യപ്പെടുന്ന തൊഴിലുടമയുടെ കോളുകളോ, ഈമെയിലുകളോ അവഗണിക്കാൻ കഴിയില്ല... ഗവൺമെൻറ് സെക്ടറിൽ ഈ നിയമം ഒരു കാരണവശാലും നടപ്പാക്കാൻ സാധ്യമല്ല... തൊഴിൽ സമയത്തിന് ശേഷം തൊഴിൽപരമായ കാര്യങ്ങൾക്ക് മറുപടി കൊടുക്കേണ്ട ബാധ്യത ഇല്ല എന്ന് പറയുന്നത് തന്നെ രാജ്യത്ത് നിലനിൽക്കുന്ന സർവീസ് നിയമങ്ങൾക്ക് എതിരാണ്...
കേരള നിയമസഭ 'Right To Disconnect' നിയമം പാസാക്കിയതായാണ് ചില വാർത്താചാനലുകളിൽ കൂടിയും, സോഷ്യൽ മീഡിയയിൽ കൂടിയും പ്രചരിക്കുന്ന വാർത്ത... ഒരു ഇടതുപക്ഷ സർക്കാർ ഭരണത്തിൽ ഇരിക്കുന്നതുകൊണ്ട് തൊഴിലാളികൾക്ക് അനുകൂലമായ നിയമങ്ങൾ പാസാക്കാൻ സാധ്യതയുണ്ട് എന്ന ചിന്തയുടെ അടിസ്ഥാനത്തിൽ ആകാം ഈ വാർത്തയ്ക്ക് സമൂഹത്തിൽ വലിയ സ്വീകാര്യതയും വിശ്വാസ്യതയും ലഭിച്ചിരിക്കുന്നതിന് കാരണം... എന്നാൽ കേരളത്തിൽ എന്നല്ല ഇന്ത്യയിലെ ഒരു സംസ്ഥാനത്തിലും ഈ നിയമം നാളിതുവരെ പാസാക്കിയിട്ടില്ല എന്നതാണ് സത്യം... ആയതിനാൽ നിയമത്തിന്റെ പരിരക്ഷ ഉണ്ടെന്നു തെറ്റിദ്ധരിച്ച് തൊഴിലധികാരികളുടെ കോളുകൾക്കും, ഈമെയിലുകൾക്കും മറുപടി നൽകാതിരിക്കുന്നത് ഉചിതം ആകില്ല എന്നു പറഞ്ഞുകൊള്ളട്ടെ...
മികച്ച തൊഴിൽ സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നിയമങ്ങൾ പ്രാബല്യത്തിൽ വരട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം... പക്ഷേ നിലനിൽക്കാത്ത നിയമങ്ങളുടെ പേരിൽ സംരക്ഷണങ്ങൾ ആവശ്യപ്പെടരുത്...
[Rajesh Puliyanethu
Advocate, Haripad]