Tuesday 14 January 2014

" ആം ആദ്മി പാർട്ടി" ഭാരത രാഷ്ട്രീയ അരാജകത്വത്തിന്റെ സന്തതി!! കാലത്തിന്റെ മറുപടി; ഒരു വീക്ഷണം....


       ഏതൊരു രാഷ്ട്രത്തിലും ഭരണത്തിൽ ജനങ്ങൾക്ക്‌ അതിയായ മടുപ്പ് ഉണ്ടാകുമ്പോൾ ജനങ്ങൾ ഭരണ മാറ്റത്തിന് ആഗ്രഹിക്കും.. ഒരു ജനാധിപത്യ  രാജ്യത്ത് ആ ഭരണമാറ്റം ജനങ്ങളെക്കൊണ്ട് വളരെ എളുപ്പത്തിൽ സാദ്ധ്യമാകുന്നു.. തങ്ങൾക്ക് അനഭിമതരായ നേതാക്കളെയും രാഷ്ട്രീയ പാര്ട്ടികളെയും ഭരണത്തിൽ നിന്നും അകറ്റി നിരത്തുന്നതിന് അവരുടെ കൈയ്യിൽ വോട്ട് എന്ന പ്രഹരശേഷിയുള്ള ആയുധം അഞ്ചു വർഷത്തിൽ ഒരിക്കലെങ്കിലും എത്തിച്ചേരും.. എന്നാൽ സ്വേശ്ചാതിപതികൾ ഭരിക്കുന്ന രാഷ്ട്രങ്ങളിൽ ജനങ്ങൾക്ക് അവർ ആഗ്രഹിക്കുന്ന ഭരണ മാറ്റം അത്ര അനയാസ്സമായി സാദ്ധ്യമാകുന്നില്ല.. അവിടെ ജനങ്ങളുടെ ഭരണകൂടത്തൊടുള്ള  ചെറിയ അപ്രീയങ്ങളിൽ ഒരു ഭരണമാറ്റം സാദ്ധ്യമാകുന്നില്ല.. ജനങ്ങളുടെ ചെറിയ അപ്രീയങ്ങൾ പരാതികളായും, ആ പരാതികൾ ഭരണ വർഗ്ഗത്തോടുള്ള വെറുപ്പായും ആവെറുപ്പ് സംഘടിത ശക്ത്തിക്ക്‌ വഴിവെയ്ക്കുകയും ആ സംഘടിത ശക്തി കലാപങ്ങൾക്ക് കാരണമാവുകയും ചെയ്തതിനെല്ലാം ശേഷം; ആ സംഘതിത ശക്തിക്ക് ഒരു വിജയം ലഭിച്ചാൽ മാത്രമാണ് അവിടെ ഒരു ഭരണ മാറ്റം സാധ്യമാകുന്നത്...

       ഭാരതത്തിലെ സ്ഥിതിവിശേഷം മറ്റൊന്നായിരുന്നു.. ഇവിടുത്തെ ജനത തങ്ങളുടെ വോട്ടവകാശത്തെ വിനിയോഗിച്ച് ദു:ർഭരണത്തെ പുറത്താക്കാൻ സന്നദ്ധരായിരുന്നു.. പക്ഷെ ഇവിടെ അവർക്ക് തെരഞ്ഞെടുപ്പുകൾക്കുള്ള അവസ്സരം ഇല്ലായിരുന്നു എന്നുതന്നെ പറയാം.. അഴിമതിയിൽ നിന്നും സ്വജന പക്ഷപാതത്തിൽ നിന്നും വിഭിന്നമായ ഒരു പാർട്ടിയെ സമീപഭൂതകാലത്തിൽ കാണുവാനേ സാധ്യമല്ലായിരുന്നു.. അതുപോലെ തന്നെ വിരളമായിരുന്നു അഴിമതി മുക്തരായ രാഷ്ട്രീയ നേതാക്കളും.. BJP യുടെ ഭൂതകാലഭരണത്തിലും അഴിമതിയുടെയും ചേരിപ്പൊരുകളുടെയും വർത്തമാനങ്ങൾ വിരളമല്ല.. കർണ്ണാടകയിലും മറ്റും അവർ നടത്തിയ അഴിമതിയും രാഷ്ട്രീയ വിലപേശലുകളും ആരിലും വെറുപ്പുളവാക്കുന്നതായിരുന്നു..  പക്ഷെ ആം ആദ്മി പാര്ട്ടിയുടെ ജനനത്തിന് വഴിവെച്ചത് ജനങ്ങളെ ത്രിണവത്ക്കരിച്ചു കൊണ്ട് UPA സര്ക്കാര് നടത്തിയ പ്രവർത്തനങ്ങളാണ്... അത് പലകൊടികളുടെ അഴിമതിയിൽ തുടങ്ങി ജനദ്രോഹപ്രവർത്തനങ്ങളിൽക്കൂടി മുന്നേറി കുടുംബവാഴ്ചയിൽ അസ്വസ്ഥമായി കേടുകാര്യസ്ഥതയിൽ മുങ്ങി;; ഇതിന്റെ യെല്ലാം വിപത്ത് ഓരോ പൌരനിലേക്കും വിതരണം ചെയ്യാൻ തുടങ്ങിയതിന്റെ പൊതുജന പ്രതികരണമായിരുന്നു..

       UPA സർക്കാർ സാധാരണക്കാരനെ വെറുപ്പിച്ച ഭരണരീതികളിലേക്കും, നയങ്ങളിലേക്കും, പ്രവർത്തനങ്ങളിലേക്കും ഒന്ന് കണ്ണോടിക്കേണ്ടതുണ്ട്.. UPA യുടെ ഹൈലൈറ്റ് ആയി പറയാനുള്ളത് അവർ നടത്തിയ പലകൊടികളുടെ അഴിമതിയാണ്.. ഒരു പൊതുസാമൂഹിക സംസ്സാര പ്രകാരം നമ്മുടെ ജനത കോണ്ഗ്രെസ്സ്കാർക്ക് അല്പ്പം അഴിമതി നടത്താനുള്ള സ്വാതന്ത്ര്യം ഒക്കെ കല്പ്പിച്ചു നൽകിയിട്ടുണ്ട്.. അതവരെക്കൊണ്ട് ഒഴിവാക്കാൻ കഴിയില്ല എന്ന തിരിച്ചറിവ് ഉള്ളതുകൊണ്ട് ആയിരിക്കാം!! എന്നാൽ രണ്ടാം UPA സര്ക്കാരിന്റെ അഴിമതി കഥകൾ ഏതൊരു പൌരനേയും അക്ഷരാർഥത്തിൽ ഞെട്ടിക്കുക തന്നെ ചെയ്തു.. ലക്ഷം കോടികളുടെ അഴിമതിക്കഥകൾ മാത്രം പിന്നീട് ജനങ്ങള് ശ്രദ്ധിക്കുവാൻ തുടങ്ങി..അപ്പോഴും ജനങ്ങളുടെ മുന്നിൽ അഴിമതി കഥകൾ മാത്രം നിരന്നു...

       രാജ്യത്തെ ജനങ്ങൾ അഴിമതികൾ കണ്ടില്ലെന്നും അത് രാഷ്ട്രീയത്തിന്റെ ഭാഗമായും അനുവദിച്ചു കൊടുത്ത് പ്രതികരണശേഷി നഷ്ട്ടപ്പെട്ടവരായി ജീവിച്ചു വരവേയാണ് രണ്ടു ലക്ഷത്തോളം കോടി രൂപയുടെ അഴിമതിയുമായി 2 G സ്പെക്ട്രം അഴിമതി രംഗത്ത് വരുന്നത്.. അതിന് മുൻപിലും പിന്നിലുമായി ലക്ഷം കോടികളുടെ കല്ക്കരി അഴിമതി, കോമണ്‍ വെൽത്ത് അഴിമതി, ഹെലികൊപ്റ്റെർ അഴിമതി, മുംബയിലെ ആദർശ് ഫ്ലാറ്റ് അഴിമതി, റോക്കറ്റ് അഴിമതി, ലക്ഷം കോടികൾ വരുന്ന രാഷ്ട്രീയ പ്രവര്ത്തകരുടെ വിദേശ കള്ളപ്പണനിക്ഷേപങ്ങൾ, കൊർപ്പറേറ്റ്കൾക്ക് വിടുവേല ചെയ്യുന്ന സമീപനങ്ങൾ, ലക്ഷം കോടികളുടെ ബാങ്ക് വായ്പ്പ കൊർപ്പറേറ്റുകൾക്ക് മാത്രം എഴുതിത്തള്ളിയത്, റിലയൻസ് പോലെയുള്ള കുത്തകൾക്ക് രാജ്യത്തിന്റെ പൊതു സ്വത്തുക്കളായ ധാതുക്കളുടെ നിക്ഷേപം തീറെഴുതി നൽകിയതിന്, പെട്രോളിയം ഉൽപ്പെന്നങ്ങളുടെ വില നിശ്ചയാവകാശങ്ങൾ എണ്ണ കമ്പിനികൾക്ക് നൽകി മാറിനിന്നത്, പലകൊടികൾ വരുന്ന ആയുധ കുംഭകോണങ്ങൾ, നിത്യോപയോഗ സാധനങ്ങൾ വിലവർധനവുകൊണ്ട് സാധാരണക്കാരന് അപ്രാപ്യമാക്കിയത്;; അങ്ങനെ നീളുന്നു UPA ഗവണ്‍മെന്റ് ജനമനസ്സുകളിലെ കരിഞ്ഞകഞ്ഞി യായതിനു പിന്നിലെ കാരണങ്ങൾ.. അഴിമതിയിലൂടെയും, കെടുകാര്യസ്ഥതയിലൂടെയും, സ്വജനപക്ഷപാതത്തിലൂടെയും, ധൂർത്തിലൂടെയും തങ്ങളുടെ രാജ്യത്തിന്റെ പൊതു സ്വത്ത് ചില പോക്കറ്റുകളിൽ മാത്രം ഒതുങ്ങിയതിനെ ജനങ്ങൾ തികഞ്ഞ അമർത്തോടെ  തന്നെ കണ്ടു.. ഈ പണം രാജ്യത്ത് ആകമാനം പൊതു ഖജനാവിന്റെ ഭാഗമായി വിതരണം ചെയ്തിരുന്നെങ്കിൽ ഇവിടെ ഉണ്ടാകുമായിരുന്ന ജനജീവിതത്തിലെ ഉയർച്ച നിരാശയോടെ ഒരു ജനത നോക്കിക്കണ്ടു..

       കോണ്‍ഗ്രസ്‌ രാഷ്ട്രീയ നേതാക്കന്മാരും ജനങ്ങളുടെ അവമതിപ്പ്‌ നേടിയെടുക്കുന്നതിൽ വിജയിച്ചു.. അതിൽ ഒന്നാമൻ നമ്മുടെ പ്രധാന മന്ത്രി തന്നെ ആയിരുന്നു.. കഴിവുകെട്ട പ്രധാനമന്ത്രിയാണ് നമുക്കുള്ളതെന്ന് അടക്കം പറച്ചിലുകളിൽ നിന്ന് കവലപ്രസ്സങ്ങങ്ങൾ ആയിമാറി.. പ്രധാനമന്ത്രി വായ തുറക്കുന്നത് രാജ്യത്ത് ആകമാനം അവധിനൽകി ആഘോഷിക്കേണ്ട സന്ദർഭമായി ജനം കാണാൻ തുടങ്ങി.. AK ആന്റണിയെപ്പോലെ ആദർശധീരനെന്ന ഇമേജുള്ളവരെ മുൻനിർത്തി നടത്തിയ ഭരണത്തിലെ പൊള്ളത്തരങ്ങൾ പൊതുജനം തിരിച്ചറിഞ്ഞു.. ഹെലികൊപ്റ്റെർ, ആയുധ ഇടപാടുകളിൽ അഴിമതി നേരിട്ട് നടത്തിയില്ലെങ്കിലും, അവ തടയാൻ കഴിയാഞ്ഞ പ്രതിരോധ വകുപ്പ് മന്ത്രി അഴിമതിയിൽ നേരിട്ട് പങ്കെടുത്തവർക്ക് തുല്യം തന്നെയെന്ന് പൊതുജനം നിരീക്ഷിച്ചു.. കപിൽ സിബിലിനെപ്പോലെയുള്ള പുത്തെൻകൂറ്റ് രാഷ്ട്രീയക്കാർ ധിക്കാരപരമായാണ് പലപ്പോഴും പൊതുജനങ്ങളോട് സംസ്സാരിച്ചിരുന്നത്.. നിത്യ ജീവിതം പോള്ളുന്നതാക്കിയ ഭരണാധികാരികളുടെ ധിക്കാരം നാടിനു പൊറുക്കാൻ കഴിയുന്നതിനും അപ്പുറമായിരുന്നു...

       കോണ്‍ഗ്രസ്‌ നേതാക്കളെക്കുറിച്ച് പറയുമ്പോൾ കൂട്ടത്തിൽ പറയാതെ പ്രത്യേക സ്ഥാനം നൽകിത്തന്നെ പരാമർശിക്കേണ്ട ഒരാളുണ്ട്.. പ്രത്യേകിച്ചു കോണ്‍ഗ്രസ്‌ ഭരണത്തിന്റെ ച്യുതികളെക്കുറിച്ച് സംസ്സരിക്കുമ്പൊൽ!! കോണ്‍ഗ്രസ്സ് ഉപാധ്യ്ക്ഷനായ ശ്രീ രാഹുൽ ഗാന്ധി!! രാഹുൽ ഗാന്ധിയുടെ സ്ഥാനവും, പ്രവർത്തനവും എല്ലാം തന്നെ പൊതുജന സ്വീകാര്യത നേടാൻ കഴിയാത്തവയായിരുന്നു എന്ന് വേണം മനസ്സിലാക്കാൻ.. അതിൽ ഒന്നാമത്തേത് രാഹുലിന്റെ സ്ഥാനമായിരുന്നു.. നെഹ്‌റു കുടുംബത്തിലെ അംഗം എന്ന നിലയിൽ, നിലവിലെ കോണ്‍ഗ്രസിലെ സർവ്വാധികാരിയായ സോണിയാഗാന്ധിയുടെ മകനെന്ന നിലയിൽ;; പിന്തുടർച്ചാ അവകാശമായി കിട്ടിയതല്ലേ രാഹുലിന് ഈ സ്ഥാനമാനങ്ങൾ.. ഭാരതത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്ട്ടിയുടെ നേതൃത്വത്തെ കുടുംബ പിന്തുടർച്ചാവകാശ പ്രകാരമാണ് നിശ്ചയികുന്നതെന്നത് കോണ്‍ഗ്രസ്സ് പാർട്ടിക്ക് ആകമാനം നാണക്കേടുണ്ടാക്കുന്നതായി... ആ അപമാനത്തെ മറന്ന് സോണിയയേയും, രാഹുലിനെയും പുകഴ്ത്താൻ മുതിർന്ന കൊണ്ഗ്രെസ്സ് നേതാക്കൾ പോലും മൽസ്സരികുന്നതു ജുപുംസ്സാവകമായ കാഴ്ച്ചയായി.. മുൻകാലങ്ങളിലും കൊണ്ഗ്രസ്സിൽ പിൻതുടർച്ചാവകാശമാണ് വെച്ച് പുലർത്തിയിരുന്നതെങ്കിലും പാർട്ടിയുടെയും, ഭരണത്തിന്റെയും അമരത്ത് പ്രഗൽഭമതികളായിരുന്നു എന്നതിനാൽ പിൻതുടർച്ചാക്രമത്തെ ആരും കാര്യമാക്കിയില്ല എന്നതാണ് സത്യം.. രാഹുലിൽ കാണുന്ന മഹത്വത്തെയം, ഭരണ നിപുണതയെയും, സാമൂഹിക ജ്ഞാനത്തെയും, പുരോഗമന ആശയങ്ങളെയും, മതേതര നിലപാടുകളെയും, എല്ലാം കൊണ്ഗ്രെസ്സ് നേതാക്കൾ വാഴ്ത്തി പ്പറയുന്നതിനപ്പുറം  ഭൂത ക്കണ്ണാടി വെച്ചു നോക്കിയിട്ടും ആർക്കും കണ്ടെത്താനും കഴിഞ്ഞില്ല..

       അങ്ങനെ അഴിമതി കണ്ടു തങ്ങൾക്ക് മറ്റൊരു രാഷ്ട്രീയ അഭയം ഇല്ലാതെ നിൽക്കുന്ന ഒരു ജനതയുടെ മുൻപിലെക്കാണ് അണ്ണാ ഹസ്സാരെ http://rajeshpuliyanethu.blogspot.com/2011/08/blog-post_27.html?spref=fb അഴിമതിക്കെതിരെ ഒരു നിയമ നിർമ്മാണം തന്നെ ആവശ്യപ്പെട്ടുകൊണ്ട് സമരത്തിന് മുതിർന്നത്.. ആ സമരത്തിന് ലഭിച്ച ജനപിന്തുണ AA P യുടെ രാഷ്ട്രീയപ്രവേശനത്തിന് കാതലായ സംഭാവനകൾ നൽകി.. കെജ്രിവാൾ എന്ന ജനങ്ങൾ വിശ്വസ്സിക്കുന്ന സംശുദ്ധമായ കൈകളുള്ള നേതാവിന് രാജ്യത്തെ ജനങ്ങളെ വിശ്വാസ്സത്തിലെടുക്കാൻ കഴിയുന്നു എന്നാണ് മനസ്സിലാക്കേണ്ടത്.. അത് ഡൽഹിയിൽ നിന്ന് ആരംഭിക്കുന്നു എന്നും കരുതാം..

       രാഷ്ട്രീയ പ്രവർത്തകർ എന്നത് അല്ലെങ്കിൽ അടിയുറച്ച ഒരു പാർട്ടി പ്രവർത്തകൻ എന്നത് ഭാരത രാഷ്ട്രീയത്തിൽ അന്യമായ ഒന്നായി മാറികഴിഞ്ഞിരുന്നു.. കാലുമാറ്റ രാഷ്ട്രീയത്തെയല്ല ഞാൻ ഉദ്ദേശിക്കുന്നത്.. ഒരു രാഷ്ട്രീയ പ്രവർത്തകൻ എന്നാൽ ഒരു പ്രത്യയ ശാസ്ത്രത്തിലോ, നിലപാടുകളിലോ ആകൃഷ്ടരായി ആപാർട്ടിയൊടോപ്പം പൊതു ജന മധ്യത്തിൽ പ്രവർത്തിക്കുക എന്നതാണ്.. എന്നാൽ ഏതു പാർട്ടിയോട് ചേർന്നാണ് തൻറെ ഉപജീവനമാർഗ്ഗം കണ്ടെത്താൻ കഴിയുന്നത്‌, ഏതു പാർട്ടിയോട് ചേർന്നാണ് തൻറെ നേട്ടങ്ങളും പുരോഗതിയും സാധ്യമാകുന്നത് അത് തന്റെ പാർട്ടിയായും വിശ്വാസ്സമായും കാണുന്ന അവസ്ഥയിലേക്ക് രാഷ്ട്രീയ പ്രസ്ഥാനങ്ങൾ അധ:പ്പതിച്ച കാഴ്ചയും നമ്മൾ കണ്ടു.. അഴിമതിയെയും സ്വനേട്ട രാഷ്ട്രീയ വാദത്തെയും ചൂലുകൊണ്ടടിച്ച് പുറത്താക്കാൻ തയ്യാറായ രാഷ്ട്രീയ പ്രസ്ഥാനത്തിന് ജനശ്രദ്ധആകർഷിക്കാൻ കഴിഞ്ഞതിൽ അതിശയം ലവലേശമില്ല..

       ആം ആദ്മി പാർട്ടി യെ അരാഷ്ട്രീയം എന്ന് പറഞ്ഞ് പിൻതള്ളാൻ ശ്രമിക്കുന്നവരുണ്ട്.. പക്ഷെ ആം ആദ്മി പാർട്ടി എങ്ങനെ അരാഷ്ട്രീയമാകുന്നു എന്ന് തൃപ്തികരമായ വിശദീകരണം തരാൻ ആര്ക്കും കഴിയുന്നില്ല... പരമ്പര്യമില്ലാത്ത രാഷ്ട്രീയ പ്രസ്ഥാനമായതിനാൽ കാര്യക്ഷമമായ ഭരണം നടത്താൻ അവർക്ക് കഴിയില്ല എന്ന് ഒരു വിഭാഗം പറയുന്നു... അത് ആം ആദ്മി പാർട്ടിയുടെ ഭരണം കണ്ട് കാലം പറയേണ്ടതാണ്.. സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം കൊടുത്ത കൊണ്ഗ്രസ്സിനാണ് ഇന്ത്യ ഭരിക്കാൻ സർവഥാ യോഗ്യത എന്ന് അവർ കവലകൾ തോറും പ്രസ്സംഗിക്കുന്നു !! സ്വാതന്ത്ര്യസമരകാലത്തെ കൊണ്ഗ്രസ്സിൽ നിന്നും 'നാമം' മാത്രമാണ് ഇന്നത്തെ കൊണ്ഗ്രെസ്സിൽ വ്യത്യാസ്സപ്പെടാതെ നിലനിൽക്കുന്നതെന്ന് പൊതു ജനത്തിന് ഒന്നാകെ തിരിച്ചറിയാം... കോണ്‍ഗ്രസ്‌കാർ മാത്രം അത് തിരിച്ചറിയുന്നില്ല എന്ന് തോന്നുന്നു.. അല്ലെങ്കിൽ ജനം അത് തിരിച്ചറിയുന്നത്‌ അറിയുന്നില്ലെന്ന് തോന്നുന്നു.. അല്ലെങ്കിൽ അങ്ങനെ നടിക്കുന്നു..

       ഭരണകൂടത്തിലും, രാഷ്ട്രീയ പാർട്ടികളിലും ഉണ്ടായ ജനതയുടെ അമർഷമാണ്‌ ആം ആദ്മി പാർട്ടിയോട് അവരെ അടുപ്പിച്ചത്.. നിലവിലുള്ള ജീർണ്ണാവസ്ഥയിൽ നിന്നും പുതിയതോന്നിന്റെ നിർമ്മാണമല്ലേ അഭികാമ്യമായത്?? മറിച്ച് സ്വയം ജീർണിച്ച്‌ നാടിനെ ആകമാനം ജീർണ്ണിപ്പിക്കുന്നതിനെ പിന്നെയും ചുമലിലേറ്റി നടക്കുന്നതാണോ?? അതല്ലേ അരാഷ്ട്രീയ വാദം?? അങ്ങനെ നടക്കുന്ന ജനതയല്ലേ കഴിവുകെട്ട ജനത?? തങ്ങളുടെ കൈവശമുള്ള വിലപിടിച്ച ആയുധമായ 'വോട്ട്' ബുദ്ധിപൂർവ്വം വിനിയോഗിക്കാത്ത ജനതയായി നമ്മൾ മാറാൻ പാടില്ല..http://rajeshpuliyanethu.blogspot.com/2011/04/blog-post_12.html?spref=fb

       മുൻപ് പറഞ്ഞത് പോലെ ഒരു സംശുദ്ധമായ, ജനങ്ങൾ ആകമാനം ആഗ്രഹിക്കുന്ന വിധത്തിലുള്ള ഒരു ഭരണ മാറ്റത്തിലെക്കുള്ള സാദ്ധ്യത മങ്ങിയവരായിരുന്നു നമ്മൾ.. നിലനിന്നിരുന്ന ഏതു രാഷ്ട്രീയ പ്രസ്ഥാനമാണെങ്കിലും അഴിമതിയിലും മുൻപ് വിവരിച്ച ആരാജകത്വങ്ങളുടെയും മോത്തക്കച്ചവടക്കാരായിരുന്നു... ജീവിത ബുദ്ധിമുട്ടുകളും ഭരണ കൂടത്തോടുള്ള  തികഞ്ഞ അമർഷവും പൊതുവായി ജനങ്ങളെ കലാപത്തിനു പ്രേരിപ്പിക്കുന്നതാണ് ചരിത്രത്തിൽ നാം കണ്ടിട്ടുള്ലാത്.. ജനങ്ങളുടെ അമർഷത്തെ ഒരു ചെറിയ വിധമെങ്കിലും ലഘൂകരിക്കാൻ കഴിയുന്ന ഒരു രാഷ്ട്രീയ പാര്ട്ടിയുടെ ഉദയം രാജ്യത്തിനാകമാനം ശുഭദായകമാണെന്നെ കാണാൻ കഴിയൂ... 

       ഇവിടെ ജനങ്ങൾക്ക് ആകമാനം സന്തുഷ്ട്ടമായ ഒരു ഭരണം നിലനിന്നിരുന്നെങ്കിൽ ആം ആദ്മി പാർട്ടി മുന്നോട്ടു വെച്ച ആശയങ്ങളുടെ അടിസ്ഥാനത്തിൽ ഒരു പാര്ട്ടി രൂപം കൊള്ളുകയോ വളര്ച്ച നേടുകയോ ചെയ്യുമായിരുന്നില്ല!! അതാണ്‌  'ആം ആദ്മി പാർട്ടി ഭാരത രാഷ്ട്രീയ അരാജകത്വത്തിന്റെ സന്തതി' എന്ന് മുൻപേ ഞാൻ പറയാൻ കാരണം.. ഇങ്ങനെ ഒരു പാര്ട്ടിയുടെ ജനനം മറ്റു രാഷ്ട്രീയ പാര്ട്ടികളെ ഇരുത്തി ചിന്തിപ്പിക്കാനെങ്കിലും പ്രേരിപ്പിക്കും.. മറുവശമായി ആം ആദ്മി പാർട്ടിക്ക് ജനങ്ങളുടെ പ്രതീക്ഷക്ക് ഒത്ത് ഉയരാൻ കഴിയാതെ വന്നാൽ അഴിമതിപ്പാർട്ടികൾക്ക് അതൊരു ശുഭ വാർത്തയുമാകും..

       രാഷ്ട്രീയ സമവാക്യങ്ങൾ ചേർത്തു വെയ്ക്കാനുള്ള ശ്രമത്തിനിടെ ആം ആദ്മി പാർട്ടിയുടെ ആദർശങ്ങളും നിലപാടുകളും ചോര്ന്നു പോകില്ല എന്ന്‌ പ്രതീക്ഷിക്കാം.. ജനക്ഷേമത്തിനു വിരുദ്ധമായോ, ജനങ്ങളെ വിലകൽപ്പിക്കാതെയൊ നടത്തുന്ന ഏതൊരു ഭരണവും ശുഷ്ക്കമാവുകയും ജനപിന്തുണയോടെ മറ്റൊരു പ്രസ്ഥാനം ഉയർന്നു വരികയും ചെയ്യും... അത് ജനാധിപത്യത്തിന്റെ മഹത്വവും അനന്തസാധ്യതയുമാണ്‌.. അത് മറക്കാതെ പ്രവർത്തിക്കുന്ന പ്രസ്ഥാനങ്ങൾ  നിലനിൽക്കും..


[Rajesh Puliyanethu
 Advocate, Haripad]