Saturday 26 November 2016

ഭിക്ഷാടന മാഫിയ എന്ന വിപത്ത്;; കുരുന്നു കൈകളിൽ പിച്ചച്ചട്ടി!!

     നവ മാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഒരു വീഡിയോ ആണ് ഈ എഴുത്തിനു കാരണം... ഒരു ചെറിയ കുട്ടിയെ ഒരു മനുഷ്യമൃഗം ക്രൂരമായി കാലുതല്ലി ഓടിക്കുന്നതാണ് രംഗം... ഭിക്ഷാടന മാഫിയ തട്ടിക്കൊണ്ടു വരുന്ന കുട്ടികളെ ഭിക്ഷതെണ്ടിക്കുന്നതിന് വേണ്ടി കൈകാലുകൾ അടിച്ചോടിച്ചു പാകപ്പെടുത്തുകയാണ്... ആ വീഡിയോയുടെ സത്യസന്ധത എനിക്കറിയില്ല... പക്ഷെ നമുക്കു ചുറ്റും കുരുന്നുകൾ ഭിക്ഷാടന മാഫിയയുടെ ഇതിലും ക്രൂരമായ പീഡനങ്ങൾ ഏറ്റുവാങ്ങുന്നുണ്ട് എന്ന് നമ്മൾ മനസ്സിലാക്കണം.... നിസ്സഹായനായ ആ കുഞ്ഞിന്റെ നിലവിളി സഹിക്കാൻ കഴിയുന്നതിനും ഒരുപാട് അപ്പുറമായി അനുഭവപ്പെടുന്നു... 

     മറ്റുള്ളവർക്ക് ജീവിതത്തിൽ അത്യാഹിതങ്ങൾ സംഭവിക്കുമ്പോൾ '' അത് അവർക്ക് സംഭവിച്ചു പോയത്'' എന്ന ലാഘവ ബുദ്ധിയോടെയും സ്വാർഥ ബുദ്ധിയോടെയുമാണ് നമ്മൾ ജീവിക്കുന്നത്... ഒരു അത്യാഹിതത്തിനു അത് ഇന്നു സംഭവിച്ച വ്യക്തിയിലേക്കുള്ള അതേദൂരമാണ് നമ്മളിലോരോരുത്തരി ലേക്കുമുള്ളത് എന്ന സത്യം നമ്മൾ സൗകര്യപൂർവ്വം മറക്കുന്നു.... നമ്മളുടെയെല്ലാം വീടുകളിൽ നിന്നും ഒരു കുരുന്നെങ്കിലും നേഴ്സ്സറിയിലോ, സ്‌കൂളിലോ പോകുന്നതായി ഉണ്ടാകും... ആ കുഞ്ഞു പുഞ്ചിരിയിൽ ഉണരുകയും ഉറങ്ങുകയും ചെയ്യുന്നതാണ് നമ്മുടെ വീടുകളും... വീഡിയോയിൽ കാണുന്ന കുരുന്നിന്റെ സ്ഥാനത്ത് നമ്മുടെ കുഞ്ഞിനെ ഒന്ന് സങ്കൽപ്പിച്ചു നോക്കൂ... അലറിവിളിക്കാനോ ഉറക്കെകരയാനോ തോന്നുന്നില്ലേ... അങ്ങനെ ഉറക്കെ നിലവിളിക്കുന്ന ഒരു അമ്മയും അച്ഛനും ആ കുഞ്ഞിനും ഉണ്ടാകില്ലേ?? ക്രൂരമായ പീഡനം ഏറ്റുവാങ്ങുന്ന ആ കുഞ്ഞു അനുഭവിക്കുന്ന വേദനയോ?? ഓർത്തിട്ട് രക്തം ഉറഞ്ഞു പോകുന്നതു പോലെ.... 

     ഒരു കുഞ്ഞിന്റെ കാലു തല്ലിയോടിച്ചും, കണ്ണുതുറന്നെടുത്തും ഭിക്ഷതെണ്ടിച്ചു കിട്ടുന്നതിൽ നിന്നും തിന്നാനിരിക്കുന്ന ആ മനുഷ്യരൂപമുള്ള നായക്ക് ഇതിലും എത്രയോ അന്തസ്സായി അമേദ്യം ഭക്ഷിച്ചു ജീവിക്കാം?? അവൻ തെണ്ടാൻ വിട്ടിരിക്കുന്നതിൽ അവന്റെ സ്വന്തം കുട്ടിയും ഉണ്ടാകും....അവൻ മകനെ തെണ്ടാനും ഭാര്യയെ വേശ്യാവൃത്തിക്കും വിട്ടിട്ടുണ്ടാകും.. കാരണം ചില ഹീനജന്മങ്ങൾ അങ്ങനെയാണ്... ദൈവം ആരോഗ്യം കൊടുത്തിട്ടുണ്ടെങ്കിലും ചാവാലിപ്പട്ടിയെക്കാൾ മ്ലേശ്ചമായ ജീവിതമേ പുലർത്തൂ... നാം ഓർക്കേണ്ടത് ഇത്തരം നായാട്ടുകാരുടെ കണ്ണുകൾ നമ്മുടെ കുട്ടികളുടെമേലും പതിയാൻ സാദ്ധ്യതയുണ്ടെന്നുള്ള ദുരന്തസത്യമാണ്....  

     സമൂഹത്തിൽ ഇത്രയധികം ഭയാനകമായ അവസ്ഥ രൂപം കൊള്ളുന്നതിന് പൊതുസമൂഹത്തിനും, ഭരണകൂടത്തിനും ഉത്തരവാദിത്വമുണ്ട്.... നമ്മൾ മഹാമനസ്കത എന്ന ഗർവ്വോടെ യാചകർക്കു നൽകുന്ന പണം... അതാണ് ഇത്രയും തരംതാണ ഒരു വ്യവസ്സായം ഇവിടെ പുഷ്പ്പിക്കുവാൻ കാരണം... നാം കൊടുക്കുന്ന നാണയങ്ങൾകൊണ്ട് തഴച്ചു വളരുന്നത് ഒരു അധോലോകമാണ്... നമ്മുടെ കുട്ടികളുടെ കണ്ണിനും,, കാലിനും,, ജീവിതത്തിനും വിലപറയുവാൻ കെൽപ്പുള്ളവരുടെ ലോകം... പിച്ചതെണ്ടാൻ പൊരിവെയിലത്ത് ഇരിക്കുന്നവർക്ക് ഒരു നേരം പോലും ഭക്ഷണമില്ല... കാരണം പട്ടിണികൊണ്ട് വികൃതമായ അവന്റെ രൂപവും വിനിമയമൂല്യമുള്ളതാണ്... കാരുണ്യം മനസ്സിൽ നിറഞ്ഞു പൊട്ടി ഒലിക്കുന്നവർ ഇവിടെ ഏറെയാണ്... 

     ഒരു വർഷം ഭിക്ഷാടനത്തിൽക്കൂടി വിനിമയം നടത്തപ്പെടുന്ന തുക കോടികൾ വരുമെന്ന് പറഞ്ഞാൽ അതിൽ തെല്ലും അതിശയം കരുതണ്ടാ... പക്ഷെ നാട്ടിൽ നടക്കുന്ന ഇത്രയും ക്രിമിനൽ സ്വഭാവമുള്ള ഒരു വ്യവസ്സായത്തെക്കുറിച്ചു പലരും ബോധവാന്മാരല്ല... ഇവിടുത്തെ ഭരണകൂടവും പോലീസും ഈ മാഫിയക്കെതിരെ എന്തു ചെയ്യുന്നു?? ഭിക്ഷാടന മാഫിയ പ്രവർത്തിക്കുന്നുണ്ടെന്നും നിങ്ങൾ കൊടുക്കുന്ന നാണയത്തുട്ടുകളിൽക്കൂടി നിങ്ങളും ഒരു വലിയ ക്രൈമിൽ പങ്കാളികൾ ആവുകയാണെന്നുള്ള ബോധവൽക്കരണമെങ്കിലും നടത്തിക്കൂടെ?? കേരളത്തിൽ നിന്നും സമീപകാലത്ത് കാണാതായ കുട്ടികളുടെ എണ്ണമെടുത്താൽ മൂവായിരത്തി അഞ്ഞൂറിൽപ്പരം വരുമെന്നത് കേരളാപോലീസ്സിന്റെ കണക്കാണ്... സ്ഥിതിഗതികൾ ഇത്രത്തോളം ഭയാനകമായി എത്തിയിട്ടും കൈയ്യും കെട്ടിനിൽക്കുന്ന അധികാരവർഗ്ഗത്തെ ചാണകം മുക്കിയ ചൂലിനടിക്കണം... അതല്ല ഇത്തരം മാഫിയാകളുടെ പങ്കുപറ്റി നക്കിത്തിന്നുന്നവർ അധികാരികളായി ഉണ്ടെങ്കിൽ അവരെ ശിക്ഷിക്കണം... കുട്ടികളും,, രക്ഷിതാക്കളും അറിഞ്ഞ വേദനയുടെ അപ്പുറം നൽകി ശിക്ഷിക്കണം....  

     ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന്റെ മുൻവശത്ത് റോഡിൽ വിശേഷ ദിവസ്സങ്ങളിൽ യാചകരുടെ നീണ്ട നിരയാണ്.... രണ്ടു കൈകളും രണ്ടു കാലുകളും ഇല്ലാത്തവർ.... കണ്ണില്ലാത്തവർ... പരസ്സഹായമില്ലാതെ ഒരു അടിപോലും ചലിക്കാൻ ശേഷിയില്ലാത്തവർ...ഷഷ്ഠി പോലെയുള്ള ദിവസ്സങ്ങളിൽ ഇവർ രാവിലെ ഏതാണ്ട് ഏഴു മണിയോടെ റോഡിന്റെ വശങ്ങളിൽ നിരക്കുകയാണ്.. വൈകിട്ട് ആളൊഴിയുന്നതിനനുസ്സരിച്ചു നീക്കം ചെയ്യപ്പെടുകയും ചെയ്യുന്നു... ആരാണിവരെ കൃത്യമായി എത്തിച്ചു പണപ്പിരിവു നടത്തിച്ചു തിരികെ കൊണ്ടു പോകുന്നവർ? ? ഇവർ രാത്രികാലങ്ങളിൽ താമസിക്കുന്നത് എവിടെയാണ്?? ഇവരുടെ പണം വിനിയോഗം ചെയ്യുന്നതാരാണ്?? ഇവരുടെ അംഗവൈകല്യങ്ങൾ എങ്ങനെ ഉണ്ടായതാണ്?? ഇതൊക്കെ ഏതെങ്കിലും പോലീസ്സ് അന്വേഷിച്ചതായി നമുക്കറിയുമോ?? ഹെൽമെറ്റ്‌ വേട്ട നടത്തി ഹീറോകൾ ആയും,, ലോക്കപ്പിൽ കിട്ടുന്ന രാഷ്ട്രീയ സ്വാധീനമില്ലാത്ത പ്രതികളുടെ മേൽ കൈത്തരിപ്പ് തീർത്തും അർമാദിക്കുന്ന നമ്മുടെ പൊലീസിന് ഇതിനൊക്കെ എവിടെ സമയം?? ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന്റെ സമീപത്ത് ഞാൻ കണ്ട കാഴ്ച പറഞ്ഞു എന്നേ ഉള്ളൂ...ആളുകൂടുന്നിടത്തൊക്കെ ഈ മാഫിയ തങ്ങളുടെ കച്ചവട സാധ്യത തേടുന്നുണ്ട്....

     ഭിക്ഷാടന മാഫിയയെ തളർത്താനും, നമ്മുടെ കുട്ടികളെ സുരക്ഷിതമാക്കാനും നമുക്കും ചിലതു ചെയ്യാൻ കഴിയും... കുട്ടികളെ പിടിച്ചുകൊണ്ടു പോകുന്നവർ ഉണ്ടെന്നു അവരെ പറഞ്ഞു ബോധ്യപ്പെടുത്തുക.. അപരിചിതരുടെ അടുത്തേക്ക് പോകരുതെന്നും,, ആരെങ്കിലും കടന്നു പിടിച്ചാൽ ഉച്ചത്തിൽ കരയാനും അവരെ പഠിപ്പിക്കുക.... ഇതിനെല്ലാം പുറമെ യാചകർക്ക് നാം ഇനിമേൽ ഒരു നാണയത്തുട്ടുപോലും നൽകില്ല എന്ന ഉറച്ച തീരുമാനം എടുക്കുക... നാം നൽകുന്ന പണത്തിൽക്കൂടി നാം ഒരു വലിയ കുറ്റവാളി ശൃംഖലയെ വളർത്തുകയാണെന്ന് സ്വയം ബോദ്ധ്യപ്പെടുകയും മറ്റുള്ളവരെ ബോധവൽക്കരിക്കുകയും ചെയ്യുക... അത്രയും എങ്കിലും നമ്മൾ ചെയ്യണം... നമ്മുടെ സമൂഹത്തിനു വേണ്ടി....,, നമ്മുടെ കുട്ടികൾക്കുവേണ്ടി....

     കാണാതാകുന്ന കുട്ടികളെക്കുറിച്ചും, തഴച്ചുവളരുന്ന ഭിക്ഷാടന മാഫിയയെക്കുറിച്ചും വിപുലമായ അന്വേഷത്തിന് പോലീസ്സ് തയ്യാറാകണം... ഭിക്ഷാടകരെ ഉപയോഗിച്ച് ലാഭമുണ്ടാക്കുന്നവരെ കണ്ടെത്തണം... ഭരണകൂടം ഇത്തരക്കാരെ ശിക്ഷിക്കാൻ പാകത്തിന് നിയമനിർമ്മാണം നടത്തണം... ഭിക്ഷാടകരെ കയറ്റിയിറക്കു നടത്തുന്നവരെ നിരീക്ഷിക്കുകയും ചോദ്യം ചെയ്യുകയും വേണം... ഭരണകൂടവും, പോലീസ്സും, പൊതുജനവും ഒരുപോലെ ജാഗ്രത പാലിച്ചാൽ മാത്രമേ ഈ കൊടിയ വിഷജീവികളെ നശിപ്പിക്കാൻ കഴിയൂ.... പുകയിലക്കും, മദ്യത്തിനും, സ്ത്രീ ധനത്തിനും, തുറസ്സായ സ്ഥലത്തെ വിസ്സർജ്ജനത്തിനും, മാലിന്യം വലിച്ചെറിയുന്നതിനും ഒക്കെ എതിരെയും, വാക്‌സിനേഷനും, റോഡുനിയമങ്ങളും, നികുതി നിയമങ്ങളും പാലിക്കണമെന്നും;; അങ്ങനെ പലവിധമായ കാര്യങ്ങളിൽ ഇവിടെ ബോധവൽക്കരണങ്ങൾ നടക്കുന്നു.... ഭിക്ഷ നൽകുന്നത് വലിയ സാമൂഹിക വിപത്താണെന്നു മനസ്സിലാക്കി നൽകുന്ന ഒരു ബോധവൽക്കരണ പരിപാടികൾ എന്തുകൊണ്ട് നടക്കുന്നില്ല?? 

     ബലൂണും, കാറ്റാടിയും, പമ്പരവും പിടിച്ചു കളിക്കേണ്ട കുരുന്നുകളുടെ കൈയ്യിൽ പിച്ചച്ചട്ടി... കുറുമ്പും, കൊഞ്ചലും, പൊട്ടിച്ചിരിയുമായി കഴിയേണ്ട അവനിൽ നിന്നും ഉയരുന്നത് നിസ്സഹായമായ നിലവിളി.... ഇത്തരം സംഭവങ്ങളെ സ്വന്തം അനുഭവമായിക്കണ്ട് സ്വയം ഒരു ഹൃദയവേദന അനുഭവിക്കൂ... ഭിക്ഷാടന മാഫിയ എന്ന മഹാദുരന്തത്തെ ഇല്ലാതാക്കാൻ കഴിയുന്നതെല്ലാം ചെയ്യൂ.....  

[Rajesh Puliyanethu
 Advocate, Haripad]

Wednesday 16 November 2016

നോട്ടുമാറാൻ സമയം തന്നില്ല!! മാറിയാൽ തുഛം.... ന്യായമോ,, അന്യായമോ??

     കേന്ദ്ര ഗവണ്മെന്റ് നോട്ടുകൾ പിൻവലിച്ചതിനെ അനുകൂലിക്കുകയും, എന്നാൽ പിൻവലിച്ച രീതി ശരിയായില്ല എന്ന നിലപാട് സ്വീകരിക്കുകയും ചെയ്യുന്നവർ വളരെ അധികമാണ്... കള്ളപ്പണക്കാരെ തളക്കാനുള്ള ക്രിയാത്മകമായ നടപടിയെ എതിർത്താൽ പൊതുജനപിന്തുണ ലഭിക്കില്ല എന്നതിനാലാണ് രാഷ്ട്രീയ പ്രസ്ഥാനങ്ങൾ അപ്രകാരം നിലപാടെടുക്കാൻ കാരണം...താജ്മഹലിനെ മനോഹരമെന്ന് വിശേഷിപ്പിച്ചുകൊണ്ട് തകർക്കാൻ ബോംബ് നിർമ്മിക്കുന്നവരെപ്പോലെയാണ് കോൺഗ്രസ്സും, ഇടത്തരും.....    ജനങ്ങൾ നോട്ടുകൾ മാറി എടുക്കുന്നതിൽ വരുന്ന ചെറിയ ബുദ്ധിമുട്ടുകളെ മുതലെടുക്കാൻ ഉചിതമായ വഴി അത് നടപ്പാക്കിയതിൽ അപാകത ഉണ്ടെന്നു വിളിച്ചു പറയുകയാണ്.... അതുവഴി കണക്കിന് മോദിയെ പഴി പറയുകയും ചെയ്യാം.....

     കള്ളനോട്ടു- കള്ളപ്പണം തടയുന്നതിന് അനിവാര്യമായത് എന്ന അംഗീകാരം നോട്ടു മരവിപ്പിക്കൽ നടപടി നേടിക്കഴിഞ്ഞു....[[നോട്ടു മരവിപ്പിക്കൽ,, ഇന്ത്യൻ സമ്പത് വ്യവസ്ഥയിലെ സർജിക്കൽ സ്ട്രൈക്ക്!!!]]
പക്ഷെ പ്രഖ്യാപനം വളരെപെട്ടന്ന് ആയിപ്പോയി,, നോട്ടുകൾ മരവിപ്പിക്കുന്നതിനു മുൻപ് ആവശ്യമായ സമയം പൊതുജനങ്ങൾക്ക് നൽകണമായിരുന്നു എന്നാണ് പ്രധാന ആക്ഷേപം...! രണ്ടാമത്തെത്‌ നോട്ടുകൾ നൽകി പുതിയ നോട്ടുകൾ എടുക്കുമ്പോൾ നിശ്ചയിച്ച 2500 രൂപ എന്ന പരിധി വളരെ കുറവായിപ്പോയി എന്നതും....

     ഇപ്രകാരം പ്രചരിപ്പിക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങൾക്കും,, സാമ്പത്തിക വിദക്തർ എന്ന് അവകാശപ്പെടുന്നവർക്കും കാര്യങ്ങൾ ബോധ്യപ്പെടാത്തതല്ല... മറിച്ചു് രാഷ്ട്രീയവും, സ്വന്തവുമായ കാരണങ്ങളാണ് ഇക്കൂട്ടരെക്കൊണ്ട് ഇത്തരം നിലപാടുകൾ എടുപ്പിക്കുന്നത്... പക്ഷെ സർക്കാരിന് ഒരുതരത്തിലും പിന്മാറാൻ കഴിയാത്ത ഈ തീരുമാനത്തെ ഇവരുടെ വിമര്ശനങ്ങൾകൊണ്ട് എന്തു ചെയ്യാൻ??

     നോട്ടുമരവിപ്പിക്കൽ പ്രഖ്യാപനത്തിനു ശേഷം നോട്ടുകൾക്ക് പ്രാബല്യം ഉണ്ടായിരുന്നത് കേവലം നാലു മണിക്കൂറുകൾ മാത്രമായിരുന്നു... പ്രഖ്യാപന സമയം എന്നത് രാജ്യത്തെ സാമ്പത്തിക ഇടപാടു സ്ഥാപനങ്ങൾ എല്ലാം അടച്ചതിനു ശേഷവും.... ജനങ്ങൾ സഹകരിക്കുകയും,, രാജ്യത്തിന്റെ ഒരു വലിയ നേട്ടത്തിനായി അൽപ്പം ബുദ്ധിമുട്ടുകൾ സഹിക്കുകയും ചെയ്യേണ്ടിവരുന്ന വലിയ ഒരു തീരുമാനത്തിന് പൂർണ്ണ ഫലസിദ്ധി ഉണ്ടാകണമെന്ന് സർക്കാരിന് ഉദ്ദേശമുള്ളതുകൊണ്ടായിരുന്നു അതെന്ന് കാണണം... 

      നോട്ടുകൾ മരവിപ്പിക്കുന്നതിനു  മുൻകൂട്ടി പ്രഖ്യാപിച്ച്  സമയം അനുവദിക്കുകയായിരുന്നു എങ്കിൽ രാജ്യത്തിന്റെ പല മേഖലയിലും കള്ളപ്പണം വിനിയോഗിക്കുന്നതിനുള്ള അവസ്സരം ലഭിക്കുമായിരുന്നു... ഒരു അഭിഭാഷകൻ എന്ന നിലയിൽ എന്റെ പ്രവർത്തനമേഘലയിൽ മാത്രം അത് എങ്ങനെയൊക്കെ പ്രാർത്തികമായിരുന്നു എന്ന ചില ഉദാഹരണങ്ങൾ പറയാൻ കഴിയും.... 

500, 1000 നോട്ടുകൾ മരവിപ്പിക്കാൻ പോകുന്നു എന്ന് 08/ 11/ 2016 ൽ തീരുമാനമാകുന്നു... ഈ തീരുമാനത്തിന്റെ പ്രഖ്യാപനം മെയ് മാസ്സത്തിൽ സർക്കാരിൽ നിന്നും ഉണ്ടാകുന്നു എന്ന് കരുതുക.... ഇവിടെ കോർട്ട് ഫീയായി കുടിശിക കിടക്കുന്ന കോടിക്കണക്കിന് പണം കള്ളപ്പണം ഉപയോഗിച്ച് കെട്ടാൻ കഴിയുമായിരുന്നു... അത് നിലവിലുള്ള കേസ്സുകളിലെ കാര്യം... ഇവിടെ കൃത്രിമ കേസ്സുകളിലൂടെയും കള്ളപ്പണക്കാർക്ക് അത് സാദ്ധ്യമായിരുന്നു... ഒരു മണി സൂട്ട്‌ ഫയൽ ചെയ്‌താൽ അതിന്റെ പത്തു ശതമാനം കോർട്ട് ഫീ ആയി കെട്ടണം..[[ കോർട്ട് ഫീ ആക്ട് പ്രകാരം കണക്കാക്കുമ്പോൾ വ്യത്യാസങ്ങൾ വരാം,, ഒരു ആവറേജ് പറഞ്ഞു എന്നേ ഉള്ളൂ]] ഒരു പ്രോമിസ്സറി നോട്ടിന്റെയോ,, അതുപോലെ ഡോക്യൂമെന്റുകളുടെയോ അടിസ്ഥാനത്തിൽ മണി സൂട്ട്‌ കൊടുക്കാം,, ഈ ഡോക്യൂമെന്റുകൾ തയ്യാർ ചെയ്യാൻ യാതൊരു പ്രയാസവുമില്ല,, ചെലവുൾപ്പടെ!! ഒരു പ്രോമിസ്സറി നോട്ട് തയ്യാറായ്ക്കാൻ വേണ്ടത് വെള്ളപ്പേപ്പറും റെവന്യൂ സ്റ്റാമ്പും..!! കള്ളപ്പണക്കാരന് ഇങ്ങനെ ഒരു കേസ്സ് ഫയൽ ചെയ്‌താൽ കേസ്സ് തുകയുടെ 10% കോർട്ട് ഫീ ആയി കെട്ടാം.... അതായത് ഒരു ലക്ഷം രൂപക്ക് പതിനായിരം രൂപ.... കോടികളാണ് കേസ്സ് തുകയെങ്കിൽ കോർട്ട് ഫീയും അതിനനുസൃതമായി.... ഇത് ഒരു കള്ളപ്പണക്കാരന് തന്റെ പല സ്വന്തക്കാരെയും ഉപയോഗിച്ച് ചെയ്യാം,,, അവരിൽകൂടിയെല്ലാം വലിയതുകകൾ കോർട്ട് ഫീ കെട്ടാം...  അതിനുശേഷം നോട്ടു നിയന്ത്രണം നിലവിൽ വന്ന് പുതിയ നോട്ടുകൾ സാർവ്വർത്രികമായതിന് ശേഷം ഇതേ പാർട്ടികൾ തമ്മിൽ അദാലത്തിൽ വെച്ചോ മറ്റോ ഈ കേസ്സ് സെറ്റിൽ ആയാൽ കോടതിയിൽ നിന്നും കോർട്ട് ഫീ ആയി കെട്ടിയ പണം തിരികെ ലഭിക്കുന്നതാണ്.... കോടതിയിൽ നിന്നും ലഭിക്കുന്ന ചെക്ക് ട്രഷറി വഴി മാറി എടുക്കണം,, അത്ര തന്നെ.... 
മണി സൂട്ടിനു പകരം മറ്റേതെങ്കിലും തരത്തിലുള്ള ക്ലെയിം കേസ്സുകളാണെങ്കിലോ?? ഒരു കൃത്രിമ കേസ്സാണെങ്കിൽ മേൽപ്പറഞ്ഞ പ്രകാരം ഇരുകൂട്ടരും ഒത്തുനിന്ന് ക്ലെയിമിന് തുല്യമായതുക കോടതിയിൽ കെട്ടാവുന്ന സാഹചര്യം ഉണ്ടായേക്കാവുന്നതാണ്...  അതും ഒത്തുതീർപ്പിൽക്കൂടി പിന്നീട് കോടതിയിൽ നിന്നും വാങ്ങി പുതിയ നോട്ടാക്കാവുന്നതാണ്....
ഒരു കുടുംബത്തിൽ സൂക്ഷിച്ചിരിക്കുന്ന പത്തോ ഇരുപത്തഞ്ചോ ലക്ഷം രൂപയുടെ കള്ളപ്പണം വെളുപ്പിക്കാൻ ഭാര്യയും ഭർത്താവും ഒന്ന് ഒത്തുകളിച്ചാൽ മതിയാകും... ഭാര്യ ഭർത്താവിനെതിരെ കൊടുക്കുന്ന ഒരു കേസ്സിൽ ഒരു മ്യൂച്ചൽ കൺസെന്റ് വഴി തുക കോടതിയിൽ കെട്ടി വെയ്ക്കാവുന്ന സാഹചര്യം ഉണ്ടാക്കാൻ കഴിയുമായിരുന്നു.... പിന്നീട് ഒത്തുതീർപ്പിൽകൂടി പുതിയ നോട്ട് നേടാനും കഴിയുമായിരുന്നു... ഇതൊന്നും കേസ്സു നടത്തുന്ന അഭിഭാഷകൻ പോലും അറിഞ്ഞു കൊള്ളണമെന്നില്ല എന്നതാണ് വസ്തുത.... 'കോടതിയിലെ കൊടുക്കലും വാങ്ങലും അക്കൗണ്ട് ചെയ്യപ്പെടുമായിരുന്നില്ലേ അവ പിന്നീട് പരിശോധിച്ചാൽ പോരെ'? എന്ന് ചോദിച്ചാൽ അത് അസാധ്യമാകുന്ന നൂലാമാലകളിൽ ചെന്നെത്തുകയെ ഉണ്ടായിരുന്നുള്ളു എന്ന് മാത്രമേ പറയാൻ കഴിയൂ....   

     ഇതൊക്കെ പല ആൾക്കാരിൽക്കൂടി നടത്തി എടുക്കാൻ സാധിക്കുകയും നോട്ടു അസാധുവാക്കുക എന്നതിന്റെ ഉദ്ദേശം തകിടം മറിക്കപ്പെടുകയും ചെയ്തേനേം... അതിനൊക്കെ വേണ്ടത് കേസ്സ് കൊടുക്കാൻ സന്നദ്ധരായ കുറെ ആൾക്കാരെയാണ്... മാറി എടുക്കുന്ന തുകയുടെ ഒരു നിശ്ചിതശതമാനം വ്യവസ്ഥചെയ്‌താൽ ആളെക്കിട്ടാനാണോ പഞ്ഞം!?? എന്തിനും ലോബികൾ രൂപം കൊള്ളുന്ന നാടാണിത്... അത് റയിൽവേ ടിക്കറ്റ് ബുക്കിങ്ങിലും, പട്ടാളക്കാരുടെ കൊട്ടാ മദ്യം മാറിയെടുക്കുന്നതിലും, കോളേജ് അഡ്മിഷനിലും, എന്നുവേണ്ടാ നോട്ടുകൾ നിരോധിച്ചതിന്റെ തൊട്ടടുത്ത ദിവസ്സം 1000 നോട്ട് മാറി 750 നൽകാനും 500 മാറി 350 നൽകാനും വരെ ഉണ്ടാകുന്നത് നമ്മൾ കണ്ടതാണ്...  

     രാജ്യത്ത് നോട്ടു വിതരണത്തിനു മുൻപ് പ്രഖ്യാപനം നടത്തി സമയം അനുവദിച്ചിരുന്നെങ്കിൽ കള്ളപ്പണത്തിൽ സൂക്ഷിക്കുന്ന നോട്ടുകൾ മാറി പുതിയ നോട്ട് കള്ളപ്പണമായിത്തന്നെ സൂക്ഷിക്കുന്നതിനുള്ള അവസ്സരം ലഭിക്കുന്ന  എന്റെ പ്രവർത്തനമേഖലയിലെ ചില സാദ്ധ്യതകൾ മാത്രമാണ് പറഞ്ഞത്... രാജ്യത്ത് ആകമാനം പരിശോധിച്ചാൽ ഇത്തരം നൂറായിരം സാദ്ധ്യതകൾ കണ്ടെത്താൻ കള്ളപ്പണക്കാർക്ക് കഴിയുകയും നോട്ടു നിരോധനം ലക്ഷ്യം കാണാത്ത ശരമായി തീരുകുയും ചെയ്തേനേം... 

     നോട്ടു നിരോധനത്തോട് അനുബന്ധിച്ചു കേൾക്കുന്ന രണ്ടാമത്തെ പ്രധാന ആരോപണം ബാങ്കിൽ നിന്നും 500, 1000 നോട്ടുകൾ  മാറി എടുക്കാനുള്ള തുകക്ക് 2500 എന്ന പരിധി എന്തിനാണ് എന്നാണ്‌... രണ്ടായിരത്തി അഞ്ഞൂറ് എന്നത് തന്നെ ദുരുപയോഗം ചെയ്യാൻ സാദ്ധ്യതയുണ്ട്!! പക്ഷെ അതിൽ കുറഞ്ഞ തുക അനുവദിക്കുന്നത് ജനങ്ങൾക്ക് കൂടുതൽ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെന്നും,, ജനങ്ങളോടുള്ള അനീതിയാകുമെന്നും കണ്ടാണ്....

     രണ്ടായിരത്തി അഞ്ഞൂറു രൂപയുടെ പഴയ നോട്ടുകൾ മാറിനൽകുന്നതിൽക്കൂടി വലിയ തുകകൾ കള്ളപ്പണക്കാർക്ക് മാറി എടുക്കാൻ കഴിയും... അതിന് ആവശ്യമുള്ളത് കേവലം ഒരു ഐ ഡി കാർഡ് മാത്രമാണ്..നൂറു തൊഴിലാളികൾ ഉള്ള ഒരു കള്ളപ്പണക്കാരൻ മുതലാളിക്ക് ദിവസ്സം രണ്ടു ലക്ഷത്തിഅൻപതിനായിരം രൂപ മാറി എടുക്കാം.. അതും കേവലം ഒരു മണിക്കൂർ നേരത്തെ Q നില്പിൽക്കൂടി... ഒരു പ്രാവശ്യം 2500 രൂപ മാറുന്നവന് 500 രൂപ കൂലി നൽകിയാലും പിന്നീട് ബാങ്കിലടച്ചു 200 ശതമാനം ടാക്സ് നൽകുന്നതിലും ലാഭമാണ്.. ഉറവിടത്തിനുള്ള ഉത്തരം നൽകുന്ന ലാഭം വേറെ!! പല പ്രാവശ്യമായി പല ബാങ്കുകളിൽ പോയി മാറാൻ കഴിഞ്ഞാൽ മുതലാളിക്കും തൊഴിലാളിക്കും നേട്ടങ്ങൾ ഏറെയാണ്... ഈ നോട്ടു മാറ്റത്തൊഴിലാളിയെ പിന്നീട് പിടികൂടി നിയമത്തിന് മുൻപിൽ കൊണ്ടുവരിക എന്നത് സാങ്കേതികമായും, നിയമപരമായും പ്രായോഗികമല്ല!! ഇങ്ങനെ ആളെവെച്ചു നോട്ടു മാറുന്ന പ്രക്രീയ തുടർന്നാൽ എ ടി എം കൾക്കു മുൻപിലെ Q അവസ്സാനിക്കാനേ പോകുന്നില്ല!! അതുകൊണ്ട് ഗുണമുള്ള വിഭാഗങ്ങൾ പ്രധാനമായും നാലു കൂട്ടരാണ്... 1. കള്ളപ്പണക്കാരൻ,, 2. നോട്ടുമാറ്റ തൊഴിലാളി 3. ബാങ്കിലെ തിരക്ക് ചൂണ്ടിക്കാട്ടി മോഡിയെയും, കേന്ദ്ര സർക്കാരിനെയും പള്ളു പറയുന്നവർ,, 4. മാധ്യമങ്ങൾ....

     ബാങ്ക് അക്കൗണ്ടിൽക്കൂടി മാത്രമേ ടി 2500/- മാറാൻ അനുവദിക്കാവൂ എന്നാണ് എന്റെ പക്ഷം... അക്കൗണ്ട് ഇല്ലാത്തവർക്ക് ത്വരിത സംവിധാനത്തിൽക്കൂടി അത് നൽകണം.. അല്ലെങ്കിൽ നോട്ട് മാറാൻ നൽകുന്ന ഐ ഡി ഉപയോഗിച്ച് ബാങ്കിൽ പ്രത്യേക അക്കൗണ്ടുകൾ തുറന്ന് അന്വേഷണം നടത്തും എന്ന പ്രഖ്യാപനം എങ്കിലും നടത്തണം.. അക്കൗണ്ട് ഉള്ള പലരും നേരിട്ടു പണം മാറുന്ന മോശം പ്രവണത അതോടെ നിൽക്കും.  ആധാർ ഐ ഡി കൾ മാത്രമേ അനുവദിക്കൂ എന്ന് വന്നാലും അട്ടിമറി നിയന്ത്രിക്കാവുന്നതാണ്... 

കള്ളപ്പണമെന്ന രാജ്യവിപത്തിനെ പരാജയപ്പെടുത്തിയെ പറ്റൂ... അതിലേക്കുള്ള വലിയ നേട്ടത്തിന് തടയിടാൻ ദുഷ്ട്ട ബുദ്ധികൾ തുനിഞ്ഞിറങ്ങിയിട്ടുണ്ട്... രാജ്യത്തെ സാധാരണക്കാരായ ബഹുഭൂരിപക്ഷം വിജയിക്കണമെങ്കിൽ കള്ളപ്പണത്തിനെതിരെയുള്ള നടപടി വിജയിക്കണം.. 

[Rajesh Puliyanethu
 Advocate, Haripad]       

Sunday 13 November 2016

നോട്ടു മരവിപ്പിക്കൽ,, ഇന്ത്യൻ സമ്പത് വ്യവസ്ഥയിലെ സർജിക്കൽ സ്ട്രൈക്ക്!!!

     നവംബർ എട്ടാം തീയതി എട്ടുമണിക്ക് പ്രധാനമന്ത്രി ഇന്ത്യൻ സമ്പത് വ്യവസ്ഥയിൽ ഒരു സർജിക്കൽ സ്ട്രൈക്ക് നടത്താനുള്ള തീരുമാനം പ്രഖ്യാപിക്കുന്നു... 500, 1000 എന്നിവയിൽ നിലനിൽക്കുന്ന നോട്ടുകളുടെ പ്രാബല്യം അന്നേദിവസ്സം അർദ്ധരാത്രിയോടെ ഇല്ലാതാകുന്നു... രാജ്യത്തിന്റെ സാമ്പത്തവ്യവസ്ഥയെ ശുദ്ധീകരിക്കുന്നതിന് അനിവാര്യമായ ആ തീരുമാനം പ്രഖ്യാപിക്കുക ഒരു യുദ്ധം പ്രഖ്യാപിക്കുന്നതിലും ധീരമായിരുന്നു.... ഭൂരിപക്ഷമുള്ള ഒരു സർക്കാരിനും,, അതിനെ നയിക്കുന്ന പ്രാപ്തരായ ഭരണാധികാരികൾക്കും മാത്രം കൈക്കൊള്ളാൻ കഴിയുന്ന ഒന്ന്... ബി ജെ പി സർക്കാർ തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു....

     ദൂരവ്യാപകങ്ങളായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന തീരുമാനമെന്ന് ഇടതുപക്ഷർ അഭിപ്രായപ്പെടുന്നു... അതിനെ തിരുത്തി ദൂരവ്യാപകമായ ഫലങ്ങൾ ഉണ്ടാക്കുന്ന തീരുമാനം എന്ന് പറയുന്നതിനാണ് പൊതുജനം താല്പര്യപ്പെടുന്നത്.... രാജ്യത്തിന് ഗുണകരമായ ഭാവി ഉണ്ടാക്കുന്ന തീരുമാനം  എന്ന് സാമാന്യബുദ്ധിയുള്ള പൊതുജനം ഈ പ്രഖ്യാപനം ഉണ്ടായ അന്നുതന്നെ വിധിയെഴുതിയതാണ്....  രാഷ്ട്രീയ, വർഗ്ഗ, മത ഭേദം വിട്ട് പലരും ആദ്യദിനത്തിൽ ഈ തീരുമാനത്തെ അനുകൂലിച്ചു... പിന്നീടുള്ള ദിവസ്സങ്ങളിൽ ജനങ്ങൾക്ക് ഉണ്ടായ നോട്ടു മാറിയെടുക്കുന്നതിലെയും മറ്റും ചെറിയ ബുദ്ധിമുട്ടുകളെ മുതലെടുത്ത് നാട്ടിൽ കലാപം ഉയർത്തുന്നതിന് ഇതര രാഷ്ട്രീയ പ്രസ്ഥാനങ്ങൾ കൂടിയിരുന്നാലോചിച്ചു തീരുമാനിച്ചു... 

     രാജ്യത്തിന്റെ സമ്പത്‌ വ്യവസ്ഥയെക്കുറിച്ചു പറഞ്ഞു തുടങ്ങുമ്പോൾത്തന്നെ കേട്ടിരുന്ന ആവലാതിയായിരുന്നു ഇവിടുത്തെ ധനം മുഴുവൻ ചില കോണുകളിലും, വ്യക്തികളുടെയും കൈകളിൽ മാത്രമായി ശേഖരിക്കപ്പെട്ടിരിക്കുകയാണെന്നും അത് സമാഹരിച്ചു പൊതുഖജനാവിലും, വിപണിയിലും എത്തിക്കാൻ കഴിവില്ലാത്ത സർക്കാരുകളാണ് ഇവിടം ഭരിക്കുന്നത് എന്നും... പണം ആർജ്ജിക്കുന്നതും, സമ്പാതിക്കുന്നതും കുറ്റകരമല്ലാത്ത ജനാധിപത്യ രാജ്യമായ ഭാരതത്തിൽ നിയമവിരുദ്ധമായി സമാഹരിക്കപ്പെട്ട പണം മാത്രമേ സർക്കാരിന് പിടിച്ചെടുക്കാൻ കഴിയൂ... അത് പണമായി സ്വരൂപിച്ചു വെച്ചിരിക്കുന്നവർ സർക്കാരിന്റെ ആഹ്വാനപ്രകാരം ആ പണം പൊതു ഖജനാവിലേക്ക് അടയ്ക്കില്ല... അതിനാൽ സർക്കാർ നികുതിയിളവുകൾ നൽകിക്കൊണ്ട് ആ പണത്തെ രാജ്യത്തിന്റെ പണമാക്കാനുള്ള ശ്രമം നടത്തി... അതുകൊണ്ടും പൂർണ്ണമായും സാധിക്കാതെ വന്നപ്പോൾ എടുത്ത കർശനമായ തീരുമാനമായിരുന്നു നോട്ടുകൾ മരവിപ്പിക്കുക എന്നത്...

     ചില വ്യക്തികളുടെയും, പ്രസ്ഥാനങ്ങളുടെയും, സ്ഥാപനങ്ങളുടെയും കൈകളിൽ മാത്രം ഒതുങ്ങുന്ന, നികുതി വ്യവസ്ഥകൾക്ക് അനുസൃതമല്ലാത്ത പണം രാജ്യത്തിന്റെ പണമാക്കുക എന്നത് ആർജ്ജവമുള്ള സർക്കാരിന്റെ പ്രവർത്തിയാണ്...  ഇവിടെ സോഷ്യലിസ്സം വരണമെന്നും,, പണക്കാരനിൽ നിന്നും സമ്പത്ത് പിടിച്ചെടുത്ത് രാജ്യത്ത് വിതരണം ചെയ്യണമെന്നുപോലും ആഹ്വാനം നടത്തിയ ഇടതുപക്ഷ പ്രസ്ഥാനം കള്ളപ്പണം പിടിച്ചെടുക്കുന്നതിനുള്ള ഈ സംരംഭത്തിന് തടയിടാനുള്ള പ്രവർത്തികളിൽ തങ്ങൾക്ക് ആവതെല്ലാം ചെയ്യുന്നുണ്ട്....! സോഷ്യലിസ്സവും, കമ്യുണിസവും വെറും പൊയ്മുഖങ്ങളാണെന്നും, രാജ്യത്തിന്റെ പൊതുഗുണമായി വരുന്നതിനെ എതിർക്കുക എന്നതുമാത്രമാണ് തങ്ങളുടെ പ്രവർത്തനശൈലി എന്നും ഇടതുപക്ഷം; പ്രത്യേകിച്ച് സി പി എം, ഒരിക്കൽക്കൂടി തെളിയിച്ചു...

     കള്ളപ്പണം തടയുന്നതിന് ഒന്നും ചെയ്യാൻ കഴിയുന്ന തീരുമാനമല്ല സർക്കാരിന്റെ ഭാഗത്തുനിന്നുമുള്ളത് എന്നും പ്രചരിപ്പിക്കുന്നുണ്ട്... കള്ളപ്പണത്തെ തടയുന്നതിന് ഈ നടപടി പ്രയോജനകരമല്ല,, മറിച്ചു കള്ളനോട്ടിന്റെ വിനിമയത്തെമാത്രമേ തടയൂ എന്നും അക്കൂട്ടർ പറഞ്ഞു വെയ്ക്കുന്നു.. ജനം വീട്ടിൽ കയറി തല്ലണ്ടാ എന്ന് കരുതിയാകാം അതെങ്കിലും സമ്മതിച്ചത്... കള്ളനോട്ടിന്റെ വിനിമയത്തെ തടയുന്ന ഒരു നീക്കം തന്നെ നിസ്സാരമാണോ?? രാജ്യത്തു രണ്ടു ലക്ഷം കോടി രൂപയുടെ കള്ളനോട്ട് ഉണ്ടെന്നു പറയുന്നത് വിമർശകരാണ്... കള്ളപ്പണവും കളളനോട്ടും തടയുന്നതിന് സർക്കാർ എടുത്ത തീരുമാനത്തിലെയും വിമർശകർ ഇവർതന്നെയാണ്.... രാജ്യത്തെ തമാശകൾ പറഞ്ഞു ചിരിക്കുന്നതിന് സമ്മേളനങ്ങൾ വിളിക്കേണ്ടിവരും!! രാജ്യത്തിൻറെ സമ്പത് വ്യവസ്ഥയെ തകർക്കാൻ പാകിസ്ഥാൻ കമ്മട്ടത്തിൽ അടിച്ചനോട്ടുകൊണ്ട് വിനിമയം നടത്താൻ തയ്യാറാണെന്നാണോ ഇവർ പറഞ്ഞു വെയ്ക്കുന്നത്??  ...അതിലും എത്രയോ അഭിമാനമാണ് ഒരാഴ്ച ചെറിയ ബുദ്ധിമുട്ടുകൾ സഹിക്കുന്നത്??....  നമ്മൾ ചെറുതാകാവുകയാണ്... രാജ്യത്തിനുവേണ്ടി ഒന്നും സഹിച്ചു ശീലമില്ല.. എന്തെങ്കിലും സഹിക്കാൻ തയ്യാറാകുന്നുവെങ്കിൽ അതെല്ലാം തനിക്കുവേണ്ടി മാത്രം... എരിതീയിൽ എണ്ണ ഒഴിക്കാൻ തോമസ്സും, കേജരിവാളും..... അങ്ങനെ കിടക്കുകയല്ലേ??? ഈ മണ്ണിൽ നിന്നുകൊണ്ട് ഇവിടെ കലാപം സൃഷ്ട്ടിക്കാൻ ശ്രമിക്കുന്ന ഇവരായാണ് യഥാർത്ഥ ഒറ്റുകാർ... 

     രാജ്യത്തു വിശുദ്ധയുദ്ധം നടത്താൻ കള്ളനോട്ടുകൾ ഇറക്കുന്നവർക്ക് ഒത്താശപാടാൻ തയ്യാറായിരിക്കുന്നവർക്ക്‌ എന്ത് ആത്മാഭിമാനമാണുള്ളതെന്നു മനസ്സിലാകുന്നതേ ഇല്ല... നോട്ടു പിൻവലിക്കൽ തീരുമാനത്തിൽക്കൂടി രാജ്യത്തിന് ഉണ്ടാകാൻ പോകുന്ന നേട്ടങ്ങളെക്കുറിച്ചും ഇടതുപക്ഷങ്ങൾക്ക് താൽപ്പര്യമില്ല... രാഹുൽ പലവിധ കുസൃതികളും കാട്ടും..  അതിൽ ഒന്നായി എ ടി എം ൽ പോയി നിന്നു.. അത്രെമേ കോൺഗ്രസ്സിന്റെ ഭാഗത്തുനിന്നുള്ള പ്രതിഷേധത്തെ കാണുന്നുള്ളൂ.... പക്ഷെ ചരിത്രമാകുന്ന ഈ തീരുമാനത്തെ പിന്തുണക്കുന്നവർ വരുംകാല ഭാരതത്തിന്റെ ഉന്നതിയിൽ പങ്കാളികളാകും എന്നതിൽ സംശയമില്ല... വിമർശിക്കുന്നവർ, ഏതു നല്ലതിനെയും വിമർശിച്ചു ജനമനസ്സുകളിൽ അവമതിപ്പു സൃഷ്ട്ടിക്കുന്ന സി പി എം നു തുല്യവുമാകും.... കാലത്തിന്റെ വിലയിരുത്തലിൽ നല്ലതിനു പാത്രമാകാൻ നമ്മൾ ശ്രമിക്കണം....

     രാജ്യത്തു സമാന്തരസമ്പത് വ്യവസ്ഥയാണ് കള്ളപ്പണം സൃഷ്ടിക്കുന്നത്.... സർക്കാരിന് നികുതി നൽകികൊണ്ട്, സർക്കാർ അക്കൗണ്ടിൽ ചേർത്തുകൊണ്ട് നടക്കുന്ന സാമ്പത്തിക വിനിമയം ഒരു വശത്തും, സാമാന്തരമായി സർക്കാരിന്റെ അറിവോ അനുമതിയോ സർക്കാരിലേക്ക് ലഭിക്കേണ്ട നികുതി നല്കാതെയോ നടക്കുന്ന സാമ്പത്തിക വിനിമയം മറുവശത്തും... രാജ്യത്തു നടക്കുന്ന രാജ്യ വിഭവങ്ങളുടെ ഉപഭോക്തതകൊണ്ട് നിയമപരമായി നൽകേണ്ട പണമാണ് കള്ളപ്പണക്കാർ നൽകാതെ പോകുന്നത്.... അതുവഴി രാജ്യത്തിനുണ്ടാകുന്ന പ്രത്യക്ഷവും പരോക്ഷവുമായ ദോഷങ്ങൾ ചെറുതല്ല... ജനങ്ങളുടെ പുരോഗതിയെ പിന്നോട്ട് നയിക്കുന്നതും ചെറുതല്ല.. അത്തരം കള്ളപ്പണത്തെ പിടിച്ചെടുക്കണമെന്നു മുറവിളികൾ ഉയരുകയും എന്നാൽ നടപടികളിൽ വിമർശിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് കോൺഗ്രസ്സും ഇടതുപക്ഷവും സ്വീകരിക്കുന്നത്... 

     കോൺഗ്രസിനും ഇടതുപക്ഷത്തിനും പൊള്ളുന്നതിന് കാരണങ്ങളുണ്ട്... കഴിഞ്ഞ യു പി എ ഭരണകാലത്തു രാജ്യത്ത് ആകമാനം ഏഴു ലക്ഷം കോടിയിൽ പരം രൂപയുടെ അഴിമതി നടന്നു എന്ന് ആരോപിക്കപ്പെടുന്നു... ഭൂരിപക്ഷം അഴിമതി തുകയും സി ഐ ജി തന്നെ അംഗീകരിച്ചതുമാണ്... എങ്കിൽ ഈ തുകകൾ എവിടെ?? കൊണ്ഗ്രെസ്സ് തന്നെ പറയുന്നു കള്ളപ്പണം ഭാരതത്തിൽ തിരഞ്ഞിട്ടു കാര്യമില്ല,, അതെല്ലാം വിദേശ രാജ്യങ്ങളിൽ നിക്ഷേപിച്ചിരിക്കുകയാണെന്ന്...!! തീർച്ചയായിട്ടും അവർക്കു മാത്രമേ അതെവിടെ എന്ന് പറയാൻ കഴിയൂ.... പക്ഷെ നിങ്ങൾ മാത്രമല്ല രാഹുൽ കോൺഗ്രസ്സേ കള്ളപ്പണക്കാർ.. വേറെയുമുണ്ട്,, അവരെ എങ്കിലും പിടിച്ചോട്ടെ,, നിങ്ങൾക്കുള്ള വെടിയുണ്ടക്ക് സാവകാശം കിട്ടുമെന്ന് കരുതിക്കോളൂ... 

     ഇവിടെ ഭൂമി ഇടപാടുകൾ ഉൾപ്പെടെ പല ഇടപാടുകളും നടക്കുന്നത് മുൻപ് പറഞ്ഞതുപോലെയുള്ള സമാന്തര സാമ്പത്തിക  സംവിധാനങ്ങ ളിൽക്കൂടിയാണ്.! ഒരു ഭൂമിയുടെ വിലയുടെ പത്തിൽ ഒന്ന് മാത്രം സ്റ്റാമ്പ് ഡ്യൂട്ടിയിൽ കാണിക്കുന്നു.... ബാക്കി മുഴുവൻ കള്ളപ്പണമായി നൽകുന്നു.. ഈ സംവിധാനത്തെക്കുറിച്‌ അറിയാത്തവൻ ഉണ്ടെന്ന് ആരും പറയരുത്... ഇത്തരം ഭൂമി ഇടപാടുകളിൽ സർക്കാരിനുള്ള നഷ്ട്ടം കണക്കാക്കിയാൽ കോടികളാണ്... കള്ളപ്പണമായി നൽകുന്ന തുകയിൽ കള്ളനോട്ട് നൽകിയാലും ഭൂമി വിറ്റയാൾ അത് പുറത്തു പറയില്ല.. കാരണം കള്ളപ്പണവ്യവഹാരത്തിന്റെ ഭാഗമാണ് ആ കള്ളനോട്ടും...! കബളിപ്പിക്കപ്പെട്ടവൻ നിസംഗനായി നിൽക്കും,, അത്ര തന്നെ....   

     കള്ളപ്പണമാണ് രാജ്യത്തെ ക്രിമിനൽ പ്രവർത്തനങ്ങൾക്കെല്ലാം ഉപയോഗിക്കുന്നത്... അത് തീവ്രവാദം മുതൽ കൊട്ടേഷൻ പ്രവർത്തനങ്ങളിൽ വരെ പറന്നു കിടക്കുന്നു... കൊട്ടേഷൻ കൊടുക്കുന്നവർ ചെക്കെഴുതിക്കൊടുക്കുന്നതായി കേട്ടുകേഴ്വി പോലുമില്ലല്ലോ.. കള്ളപ്പണമാണ് കൈക്കൂലിയുടെ അടിസ്ഥാനം... കൈക്കൂലി കൊണ്ടും, പണത്തിന്റെ അതിപ്രസ്സം കൊണ്ടും ഏതുവഴിയിലും കാര്യങ്ങൾ നേടിയെടുക്കുമെന്ന അഹങ്കാരം സൃഷ്ടിക്കുന്നത് കള്ളപ്പണമാണ്...  രാഷ്ട്രീയക്കാർ ജനങ്ങളെ സ്വാധീനിക്കാനും, നിയമവിരുദ്ധപ്രവർത്തനങ്ങൾ നടത്തുന്നതിനും ഉപയോഗിക്കുന്നത് കള്ളപ്പണമാണ്.... പാർട്ടിൽ, സ്ഥാനവും ഗ്രൂപ്പും നിലനിർത്തുന്നതിന് ശേഖരിക്കുന്നതും, വിനിമയിക്കുന്നതും കള്ളപ്പണമാണ്... സമൂഹത്തിൽ അനാരോഗ്യകരമായ ആർഭാടങ്ങൾ സൃഷ്ടിക്കുന്നത് കള്ളപ്പണമാണ്.... അക്കൗണ്ട് ചെയ്യാത്ത പണം ചെലവഴിച്ചു തീർക്കുക എന്ന രീതിയാണത്...

     രാജ്യത്തിനു പുറത്തുള്ള കള്ളപ്പണം കൊണ്ടുവരൂ,, കള്ളപ്പണം ചാക്കിൽ കെട്ടി ആരെങ്കിലും വീട്ടിൽ വെക്കുമോ എന്നൊക്കെ മുറവിളിക്കുന്നവരോട് തർക്കങ്ങളിയിൽ ഏർപ്പെടാതിരിക്കുക എന്നതാണ് ഉചിതം.... നോട്ടെണ്ണുന്ന മിഷീൻ വരെ വാങ്ങി കൃത്യമായി തിട്ടപ്പെടുത്തി വെച്ചിരിക്കുന്ന നോട്ടുകളാ... പട്ടിയുടെ കൈയ്യിലെ പൊതിയത്തേങ്ങ പോലെ അതിൽ നോക്കിക്കൊണ്ടിരിക്കുന്നവന്റെ ഹൃദയവേദന,, രാജ്യസുരക്ഷയെന്നും, കള്ളനോട്ടു- കള്ളപ്പണ നിരോധനമെന്നും പറഞ്ഞു ആവേശം കൊണ്ട് നടക്കുന്നവർക്ക് പറഞ്ഞാൽ മനസ്സിലാകില്ല.... അത് തിരിച്ചറിയണമെങ്കിൽ നാലുകെട്ടു പച്ചനോട്ടു തട്ടുമ്പുറത്തു വെച്ചിട്ടുണ്ടാകണം... അതുള്ളവരെല്ലാം ഒന്നിച്ചുകൂടിനിന്നുതന്നെ ഉച്ചത്തിൽ പ്രതിഷേധിക്കുന്നുണ്ട്....   ആത്മഗതവും,, എന്നാലും മോഡീ ........

     രണ്ടായിരത്തി പതിനേഴിന്റെ ആരംഭത്തിൽത്തന്നെ നോട്ടുമരവിപ്പിക്കൽ തീരുമാനത്തിന്റെ ഗുണഫലങ്ങൾ കണ്ടുതുടങ്ങും.... രാജ്യത്തുനിന്നും അപ്രത്യക്ഷമാകുന്ന കള്ളനോട്ടുകളുടെയും, പ്രവർത്തന രഹിതമാകുന്ന കള്ളപ്പണത്തിന്റെയും, നികുതിയിനത്തിൽ ലഭിക്കുന്ന പണത്തിന്റെയും ആകെത്തുക ഏകദേശം നാലുലക്ഷം കൊടിയിൽപ്പരം വരുമെന്നാണ് സാമ്പത്തിക വിദക്തർ അഭിപ്രായപ്പെടുന്നത്....നിലവിൽ സർക്കാരിന്റെ കണക്കുകളിൽ പ്രതീക്ഷിക്കുന്ന നികുതി വരുമാനങ്ങൾക്ക് പുറമെയാണിത്... ആ തുക സർക്കാരിന് ഏതുതരത്തിലെ വികസ്സന ക്ഷേമ പ്രവർത്തനങ്ങൾക്കായും വിനിയോഗിക്കാവുന്നതാണ്.... പ്രതീക്ഷകൾക്ക് അപ്പുറത്തേക്കുള്ള ഒരു കുതിപ്പ് രാജ്യത്ത് ഉണ്ടാകുമെന്നുതന്നെ കരുതാം...

     ദൈനംദിന സാമ്പത്തിക വിനിമയത്തിന് കുറച്ചു ദിവസ്സം പ്രയാസം നേരിടുമെന്നതു മാത്രമാണ് നോട്ടുമരവിപ്പിക്കൽ നടപടിയിലെ ദോഷഫലം... ആ ബുദ്ധിമുട്ടിനെ പരമാവധി ഊതിപ്പെരുപ്പിച്ചൂ നാട്ടിൽ കലാപം സൃഷ്ട്ടിക്കാൻ കളളപ്പണ മാഫിയ ശ്രമിക്കുന്നുണ്ട്.... അതിനെ അതിജീവിക്കേണ്ടത് ഇവിടുത്തെ സാധാരണക്കാരന്റെ ആവശ്യമാണ്... പണിയെടുക്കാൻ തയ്യാറുള്ള ബാങ്ക് ജീവനക്കാരെ സമ്മേളനത്തിന് വിളിച്ചുകൊണ്ടു പോയും,, ബാങ്കിൽ കുഴഞ്ഞു വീഴുന്നയാളിന്റെ ചിത്രം പ്രചരിപ്പിച്ചും, 2000 ത്തിന്റെ നൊട്ടിനു ചില്ലറ കിട്ടാതെ നടന്നവന്റെ കദന കഥ പറഞ്ഞും,, അങ്ങനെ സാധ്യമായ വഴിയിലെല്ലാം ജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കുന്നതിന് ശ്രമിക്കുന്നുണ്ട്... രാജ്യത്തിന്റെ നന്മയ്ക്കായി ഒരൽപം ബുദ്ധിമുട്ടാൻ തയ്യാറാണെന്ന് സ്വയം പറയൂ.. നല്ല പൗരനാകൂ........

[Rajesh Puliyanethu
 Advocate, Haripad]

Friday 11 November 2016

""ദേശസ്നേഹം"" വെറുക്കപ്പെത്?? വിളിപ്പുറത്തെത്തിയ തീവ്രവാദം!!

     ദേശസ്നേഹം ഒരു മഹത്തായ വികാരമായാണ് പരിഗണിക്കപ്പെടുന്നത് എന്നാണ്  കരുതൽ... പാഠ്യപദ്ധതികളിലും,  സ്വാതന്ത്ര്യ സമരകാല ചരിത്രത്തിലും മറ്റും രാജ്യത്തിന്റെ അഭിമാനത്തിനായി പൊരുതി ജീവൻ കളഞ്ഞ മഹത് വ്യക്തിത്വങ്ങളെ ആദരവോടെയും,, ആവേശപൂർവ്വവുമാണ് അവതരിപ്പിച്ചിരിക്കുന്നത്.. അതുവഴി വീണ്ടും നാടിനുവേണ്ടി ജീവൻ നൽകാൻ സന്നദ്ധരായ പൊതുസമൂഹത്തെ സൃഷ്ട്ടിക്കാൻ കഴിയും എന്നും ദേശീയതയെ അരക്കിട്ടുറപ്പിക്കാൻ കഴിയും എന്നും പൂർവ്വകാല ജനത വിശ്വസ്സിച്ചിട്ടുണ്ടാകാം... സ്വാതന്ത്ര്യ സമരം കഴിഞ്ഞിട്ട് നാളിത്രത്തോളം ആയതുകൊണ്ടും,, ചരിത്രം വായിച്ചു് ആവേശം കൊള്ളാൻ ആളില്ലാത്തതുകൊണ്ടും ഭാരതം സമീപകാലത്തൊന്നും തീവ്രമായ അധിനിവേശ ഭീഷണി നേരിടാത്തതുകൊണ്ടുമാകാം നാട്ടിൽ പലർക്കും ദേശീയതയും ദേശസ്നേഹവും മ്ലേശ്ചമായ പദങ്ങളായിപ്പോയത്.....

     ദേശീയതയെയും, ദേശസ്നേഹത്തെയും വിലകുറഞ്ഞ വികാരങ്ങളായി അവതരിപ്പിക്കപ്പെടാൻ തുടങ്ങിയിട്ട് കേവലം നാളുകൾ മാത്രമേ ആയിട്ടുള്ളു... പതിനഞ്ചു വര്ഷക്കാലത്തിനു മുൻപുള്ള ഒരു സമയം ഒരു തീവ്രവാദിയും  ഇവിടെ ന്യായീകരിക്കപ്പെടുമായിരുന്നില്ല... പക്ഷെ അതിനും നാളുകൾക്കുമുന്പ് വിഘടനവാദികൾ തുടങ്ങിയ ശ്രമത്തിനു കിട്ടിയ ഗുണമാണ്  ഇന്നു അവർക്കു ലഭിക്കുന്ന സ്വീകാര്യതയും, പരസ്യമായി ന്യായീകരിക്കപ്പെടാനുള്ള സാഹചര്യവും... !! അതിനു പൂർവ്വകാലത്തു വളമിട്ടു നൽകിയത് കൊണ്ഗ്രെസ്സ് പാർട്ടിയും,, മുസ്ളീം ലീഗും ആയിരുന്നെങ്കിൽ ആ വിഭാഗത്തെ മൊത്തമായി ഹൈജാക് ചെയ്തത് സമീപകാല കമ്യുണിസ്റ്റ് പ്രസ്ഥാനങ്ങളാണ്.. തങ്ങളുടെ മൊതലിനെ കമ്യുണിസ്റ്റ് കൊണ്ടുപോയി എന്ന ചിന്തയിൽ വിഷണ്ണരായാണ് കോൺഗ്രസ്സിന്റെ നിൽപ്പ്... തിരിച്ചു പിടിക്കാൻ ആവതെല്ലാം ചെയ്യുന്നുമുണ്ടു... വോട്ടുബാങ്ക് രാഷ്ട്രീയത്തെ മുൻനിർത്തി നടത്തിയ പ്രവർത്തനങ്ങൾ ദേശീയതയെയും,, ദേശസ്നേഹത്തെയും അവമതിപ്പുള്ള വികാരങ്ങളാക്കി... രാജ്യത്തിനുവേണ്ടി പോരാടി മരിക്കുന്ന പട്ടാളക്കാരൻ പോലും രണ്ടുതരത്തിൽ വ്യാഖ്യാനിക്കപ്പെടാനും,, വിമർശനങ്ങൾക്ക് പാത്രീഭൂതരാകാനും തുടങ്ങി.... അവിടെയെല്ലാം ന്യായീകരിക്കപ്പെട്ടത് വിഘടനവാദത്തെ പിന്തുണക്കുന്നവരായിരുന്നു...

     ഇസ്‌ലാമീക തീവ്രവാദം നമുക്കുവളരെ അടുത്തെത്തിയെന്നതിന്റെ തെളിവാണ് ഈ വക ന്യായീകരണങ്ങൾ... കാരണം ഭാരതത്തിൽ രാഷ്ട്രീയമായി അധികാരം സ്ഥാപിക്കാനാണ് അവർ ശ്രമിക്കുന്നത്... രാഷ്ട്രീയമായ തീവ്രവാദപ്രവർത്തണമെന്നും,, ഭൗതീകമായതെന്നും തീവ്രവാദ പ്രവർത്തനങ്ങളെ തരംതിരിക്കാം.... ഭാരതത്തിൽ ഇവരണ്ടും പ്രത്യേക അനുപാദത്തിൽ ഉള്ള ചേരുവയാണ് അവർ അവതരിപ്പിക്കുന്നത്... ഒരുവശത്ത് രാഷ്ട്രീയമായി പിടിമുറുക്കാൻ വേണ്ടിയുള്ള ശ്രമങ്ങൾ നടക്കുന്നു... അതിന് ക്രൂരമായ തീവ്രവാദമുഖം സഹായത്തിനായി ഉപയോഗിക്കുന്നു.... രാഷ്ട്രീയത്തിൽ തീവ്രവാദം കലർത്തി പ്രയോഗിക്കുന്നതിനെതിരെ എതിർപ്പുകളും വിമർശനങ്ങളും ഉയർന്നുവരാൻ സാധ്യതകൾ ഏറെയാണ്... അവിടെ തങ്ങൾക്കെതിരെയുള്ള എല്ലാ ശബ്ദങ്ങളെയും ആയുധംകൊണ്ട് ഇല്ലാതാക്കും എന്ന സമീപനം സ്വീകരിക്കുന്നു.. അത്തരം സമീപനം സ്വീകരിക്കുന്നതിന്റെ മുന്നറിയിപ്പായിരുന്നു ജോസഫ് സാറിന്റെ കൈവെട്ടിയ സംഭവം... വിമർശകരെ കൂട്ടത്തോടെ ആക്രമിക്കുക, അതിനായി മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പിന്തുണ നേടുക.. അതുവഴി വിമർശനബുദ്ധിയോടെ കാണുന്നവരെയും നിശ്ശബ്ദരാക്കുക... അതിൽ ഏറെക്കുറെ അവർ മുന്നോട്ടുപോയിരിക്കുന്നു...

     മുസ്‌ലിം മതവിഭാഗത്തിലെ ദേശസ്നേഹികളായ പണ്ഡിതന്മാർ തീവ്രവാദമുഖം ഉയർത്തുന്ന പലവാദഗതികളെയും തള്ളിക്കളയുന്നു... വിശുദ്ധ ഗ്രന്ഥത്തെ തെറ്റായരീതിയിൽ വ്യാഖ്യാനിച്ചു് സമൂഹത്തിൽ അന്ത: ഛിദ്രം സംഭവിപ്പിക്കരുത് എന്ന് മുന്നറിയിപ്പുനൽകുന്നു... പക്ഷെ നിഗൂഢമായ ഏതൊക്കെയോ ശക്തികൾ മതത്തിന്റെ അടിസ്ഥാനത്തിൽ ചേരിതിരിവ് ഇവിടെ ഉണ്ടാകണമെന്ന് ശഠിക്കുന്നു.... അതിനായി മറ്റു മതങ്ങളെ അവഗണിക്കുന്ന രീതിയിലും, പ്രകോപിപ്പിക്കുന്ന രീതിയിലും പ്രസ്ഥാവനകളും,, പ്രവർത്തികളും നടത്തുന്നു... സ്വോഭാവികമായും ഇതര മതസ്ഥർ സംഘടിക്കുകയും എതിർ വികാരത്തിന്റെ ഒരു ചേരി രൂപപ്പെടുകയും ചെയ്യുന്നു...  മുന്പ് പറഞ്ഞ നിഗൂഢ ശക്തികൾ താല്പര്യപ്പെടുന്നതും ഇതുതന്നെയാണ്....

     അഫ്‌സൽ ഗുരു വധത്തോട് അനുബന്ധിച്ചു നടന്ന വിവാദങ്ങളും,, JNU വിലെ നാടകങ്ങളും,, അങ്ങനെ തുടർന്ന് ഇസ്‌ലാമിനുവേണ്ടി എന്നനിലയിൽ ഉയർന്നുകേൾക്കുന്ന പല ശബ്ദങ്ങളും ആസൂത്രിതമായിരുന്നു... ഇവിടെ ഉണ്ടാകുന്ന സ്വീകാര്യതയുടെയും,, സ്വാധീനത്തിന്റെയും പഠനമായിരുന്നു അതൊക്കെ എന്നാണ് എന്റെ പക്ഷം.. പാർലമെന്റ് ആക്രമണം നടത്തി പട്ടാളക്കാരെ കൊന്നൊടുക്കിയ ഒരുവനെ തൂക്കിക്കൊന്നാൽ ഇവിടുത്തെ ഇസ്‌ലാം മത വിശ്വാസികൾക്ക് തെറ്റായി ഒന്നും തോന്നില്ലായിരുന്നു... പക്ഷെ പലവിധ സ്വാധീന ശക്തികളെ ഉപയോഗിച്ച് പലകോണുകളിൽ നിന്നും വിഘടനവാദികൾ വിളിച്ചു പറഞ്ഞു... ഇതെല്ലാം ഇസ്‌ലാമിനുനേരെയുള്ള കടന്നു കയറ്റമാണെന്ന്.. ചിലർ അത്തരം പ്രചാരവേലകളിൽ തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ടാകാം... പക്ഷെ ബഹുഭൂരിപക്ഷത്തിനെയും സ്വാധീനിക്കാൻ കഴിഞ്ഞിട്ടിട്ടില്ല... ഇസ്‌ലാം മതവിശ്വാസികൾ ഒന്നടങ്കം ആശങ്കയിലാണെന്ന് വിളിച്ചു പറഞ്ഞുകൊണ്ട് അവർക്കെല്ലാം വേണ്ടി ഞങ്ങൾ പൊരുതുന്നു എന്ന് തെട്ടിദ്ധരിപ്പിച്ചുകൊണ്ട് മുന്നേറാൻ ശ്രമിക്കുന്നു...

     വന്ദേമാതരത്തിനും,, ദേശീയഗാനത്തിനും മതവും, മതവിരുദ്ധതയും ഉണ്ടെന്ന് കഴിഞ്ഞകാല തലമുറ ചിന്തിച്ചിട്ടുകൂടി ഉണ്ടാകില്ല... മതത്തിന്റെ അടിസ്ഥാനത്തിൽ വിശകലനം നടക്കുമെന്ന് ഒരുകാലത്ത് ചിന്തിച്ചിട്ടു പോലുമില്ലാത്ത ഇത്തരം ദേശീയതയുടെ ചിഹ്നങ്ങൾ പോലും സമീപകാലത്ത് ചോദ്യം ചെയ്യപ്പെട്ടു... മന:പ്പൂർവം ഉയർത്തിക്കൊണ്ടുവന്ന ഇത്തരം വിഷയങ്ങളിൽ പോലും രണ്ടു ചേരിയെ സൃഷ്ട്ടിച്ചു സംവാദങ്ങൾ സംഘടിപ്പിക്കാൻ കഴിഞ്ഞു... അവിടെ ഏകതയുടെ സ്വരം കാണാതെ പോയത് ദൗർഭാഗ്യം എന്നേ പറയാൻ കഴിയൂ... അതുകൊണ്ടാണ് മുൻപ് പറഞ്ഞത് ഇസ്‌ലാമിക തീവ്രവാദികൾ നമുക്കടുത്തെത്തിയെന്നും,, അവർ കാലങ്ങൾക്കു മുൻപ് മുതൽ ലോകത്താകമാനം നടത്തിവന്ന പ്രവർത്തനങ്ങൾക്ക് ഫലം കണ്ടുതുടങ്ങി എന്നും...

     ഇസ്‌ലാമിക തീവ്രവാദത്തെ അനുകൂലിക്കാത്ത രാഷ്ട്രം എന്നതിന് അപ്പുറം ഭാരതത്തിന് ഒരു ഹിന്ദു ഭൂരിപക്ഷ രാഷ്ട്രം എന്ന നിലയിൽ ആഗോളതല ഭീകരതയെ ചേർത്തുവെച്ചു വിശകലം ചെയ്യുമ്പോൾ പ്രാധാന്യമുണ്ടെന്നു കരുതുന്നില്ല.. ഭാരതത്തിൽ തീവ്രവാദത്തെ തുണക്കാത്ത മുസ്ലീങ്ങൾ ഉൾപ്പെടെ ഉള്ളവർ ഒരുഭാഗത്തും, തീവ്രവാദത്തെ പ്രത്യക്ഷമായോ, പരോക്ഷമായോ പിന്തുണക്കുന്ന വിഭാഗങ്ങൾ ചേരുന്നവർ മറുപക്ഷത്തും നിന്ന് പോരടിക്കണമെന്നു മാത്രമേ തീവ്രവാദ ചിന്താഗതിക്കാർ ആഗ്രഹിക്കുന്നുള്ളു.. അത് ഭാരതത്തിൽ ഭൂരിപക്ഷ വിഭാഗമായ ഹിന്ദുവിനെ മാത്രമല്ല അവർ ശത്രുപക്ഷത്ത് കാണുന്നത്... മറിച്ചു് അവർക്കെതിരെ ചിന്തിക്കുന്ന വിഭാഗങ്ങളെ ആകമാനമായാണ്..! ഹിന്ദുവിനെതിരെ മാത്രമുള്ള പോരാട്ടമായിരുന്നു ഇസ്‌ലാമിക തീവ്രവാദികൾ നയിക്കുന്നതെങ്കിൽ,, ആഗോളതലത്തിലെ പോരാട്ടങ്ങളെ എങ്ങനെ വിലയിരുത്തും???  അങ്ങനെ വരുമ്പോൾ ഭാരതത്തിൽ  ഇസ്‌ലാമിന്റെ നേട്ടങ്ങൾക്ക് അനുസൃതമായി സംസാരിക്കുന്നു എന്ന വ്യാജേന രംഗപ്രവേശനം ചെയ്യുന്ന തീവ്രവാദ ചിന്താഅനുഭാവികൾക്ക് എന്ത് അടിസ്ഥാനത്തിലാണ് പിന്തുണയും പരവതാനിയും നൽകുന്നതെന്ന് സി പി എം വ്യക്തമാക്കണം...

     ഇസ്‌ലാമിക തീവ്രവാദത്തെ ഭാരതത്തിന്റെ അതിർത്തികൾക്ക് പുറത്തുനിർത്തണം എന്ന ശബ്ദത്തിന് ശക്തി കുറക്കുന്നതിനുള്ള ബോധപൂർവ്വമായ ശ്രമം നടക്കുന്നു... ഹിന്ദു തീവ്രവാദം എന്ന്  കൂടുതൽ ഉച്ചത്തിൽ വിളിച്ചു പറയുവാനാണ് അവർ ശ്രമിക്കുന്നത്... ഇസ്‌ലാമിക തീവ്രവാദം പോലെ ഹിന്ദു തീവ്രവാദവും ഇവിടെ നിലനിൽക്കുന്നു എന്ന് സമർഥിച്ചു താരതമ്യ ചർച്ചകൾ നടത്തി ഇസ്‌ലാമിക തീവ്രവാദത്തിന് അനുകൂല സാഹചര്യം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്... ഹിന്ദു തീവ്രവാദ പ്രവർത്തനങ്ങൾ നടക്കുന്നു എന്ന് തന്നെ കരുതിയാലും അത് ഇസ്‌ലാമിക തീവ്രവാദം പോലെ ഭയാനകമാകുന്നില്ല... അത് ഒരു കുറ്റകൃത്യം എന്ന രീതിയിൽ മാത്രം കാണാവുന്നതും ഭരണകൂടത്തിന് നിയന്ത്രിക്കാവുന്നതും ആകുന്നു.....

     ഹിന്ദു തീവ്രവാദം ഭയാനകമാകുന്നില്ല എന്ന് പറഞ്ഞതിന് കാരണങ്ങളുണ്ട്.... അതിന് ചരിത്രത്തിന്റെ പിൻബലവുമുണ്ട്... ചരിത്രത്തിൽ ഹിന്ദു തന്റെ തീവ്രമായ നിലപാടുകൾ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചതിന്റെ ഒരുപാട് ഉദാഹരണങ്ങൾ നിരത്താൻ ലഭിക്കില്ല... മതപരമായ തീവ്രമായ നിലപാടുകൾ ഭൂരിപക്ഷം ഹിന്ദു ജനതയിലും ഇല്ല... അതുമാത്രമല്ല മതപരമായ നേതൃത്വങ്ങളെ ഒറ്റക്കെട്ടായി അനുസ്സരിക്കുന്ന പ്രവണത ഹിന്ദുവിനില്ല... ഹിന്ദു മതത്തിൽത്തന്നെ അനേകം ജാതികളും, ദൈവങ്ങളും ഉള്ളതിനാൽ ദൈവ കൽപ്പന എന്ന പേരിൽ അവതരിപ്പിക്കപ്പെടുന്ന ഒന്നിന് മുഴുവൻ മത വിശ്വാസ്സികളിലും സ്വാധീനം ചെലുത്തില്ല...  ഹിന്ദു തീവ്രവാദത്തിന് രാജ്യത്തിനു പുറത്തുനിന്നും പിന്തുണയോ സാമ്പത്തിക- ആയുധ സഹായമോ ലഭിക്കില്ല... ഹിന്ദു ഭൂരിപക്ഷ രാഷ്ട്രങ്ങൾ നേപ്പാളോഴിച്ചു മറ്റൊന്നുമില്ലാത്തതിനാൽ ഹിന്ദു തീവ്രവാദ ആശയങ്ങൾ ഭാരതത്തിന്റെ അതിർത്തിവിട്ട് പുറത്തേക്ക് വ്യാപിക്കില്ല... അതുകൊണ്ടാണ് ഹിന്ദു തീവ്രവാദം എന്ന ആശയപ്രചരണം ഭരണകൂടത്തിനാൽ നിയന്ത്രണം സാധ്യമാണെന്ന് പറയാൻ കാരണം... അതിനെല്ലാം ഉപരിയായി ഹിന്ദുമതത്തിൽ ആശയ- അഭിപ്രായ സ്വാതന്ത്ര്യം ഇസ്‌ലാം മതത്തിനേക്കാൾ വളരെ കൂടുതലാണ്... മതത്തെയും ദൈവത്തെയും ഒരുപോലെ വിമർശിക്കുന്നവർ ഹിന്ദുമതത്തിൽ ധാരാളമാണ്... ആ വിമർശന സ്വാതന്ത്ര്യം ഹിന്ദു തീവ്രവാദ മനോഭാവങ്ങളെ താലോലിക്കാൻ അനുവദിക്കില്ല...  ഹിന്ദു മതത്തെക്കുറിച്ചു ചിന്തിക്കാനും പ്രവർത്തിക്കാനും കാരണം മറ്റുമതങ്ങളുടെ പ്രവർത്തനമാണ്... മറ്റുമതങ്ങളുടെ പ്രവർത്തനവും പ്രീണനവും ഇല്ലായിരുന്നെങ്കിൽ ഹിന്ദുവിലെ ബഹുഭൂരിപക്ഷവും സ്വന്തം മതത്തിന്റെ പേരുപോലും മറന്നുപോയെനേം...!!

     വർത്തമാനകാലത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നതും പ്രാധാന്യം അർഹിക്കുന്നതുമായ വിഷയം മതമാണ്.... ചിലർ മതത്തെ അവഗണിച്ചു് ജീവിക്കണം എന്ന് ആഹ്വാനം ചെയ്യുന്നു... അത് ആശയപരമായി ഗുണകരമായത് എന്നത് ഒഴിച്ചാൽ പ്രായോഗിക തലത്തിൽ അർത്ഥശൂന്യമാണ്... കാരണം ഈ ലോകം തന്നെ ചലിക്കുന്നത് മതത്തിന്റെ അടിസ്ഥാനത്തിലാണ്... അല്ലെന്നു പറഞ്‌ഞ്‌ ആരെങ്കിലും തർക്കിച്ചാൽ അത് ഇരുട്ടുകൊണ്ട് ഓട്ട അടക്കലാണെന്നു പറയേണ്ടി വരും... മധ്യ- പൂർവ്വ ഏഷ്യ മുഴുവൻ മതത്തിന്റെ വിവിധ തലത്തിൽ പ്രവർത്തനങ്ങൾ നടത്തുന്നു... മുസ്ളീം രാഷ്ട്രങ്ങൾ എന്ന് സ്വയം പ്രഖ്യാപിച്ചു പ്രവർത്തിക്കുന്ന രാജ്യങ്ങളിൽ മതത്തിന്റെ പ്രാധാന്യം എടുത്തു പറയേണ്ടതില്ലല്ലോ? ലോകത്തിന്റെ പലഭാഗങ്ങളിൽ ഇന്നു നടക്കുന്ന യുദ്ധങ്ങളിൽ എൺപതു ശതമാനവും മതവുമായി ബന്ധപ്പെട്ടതാണ്.. രാജ്യത്തിന്റെയും, രാഷ്ട്രീയത്തിന്റെയും താൽപ്പര്യങ്ങളും, അഭിപ്രായ വ്യത്യാസങ്ങളിലും ഉടലെടുക്കുന്ന യുദ്ധങ്ങൾ ഏറെക്കുറെ ചരിത്രത്തിന്റെ ഭാഗമായതുപോലെയാണ്... ഇന്ന് രാഷ്ട്രത്തിന്റെയും രാഷ്ട്രീയത്തിന്റെയും ഭാഗമായ സംഘർഷങ്ങൾക്കും മതത്തിൻെറ ഒളിഞ്ഞതോ തെളിഞ്ഞതോ ആയ ഒരു മുഖമുണ്ട്...

      മതേതര രാജ്യമായ ഭാരതത്തിലും മതത്തിന്റെ അതിപ്രസരമാണ് അനുഭവപ്പെടുന്നത്... തെരഞ്ഞെടുപ്പുകളിൽ മതത്തെ മുൻനിർത്തി പ്രവർത്തിക്കുന്നവർക്ക് വളരെയധികം സ്വാധീനം ചെലുത്താൻ കഴിയുന്നു എന്ന ആപത്കരമായ അവസ്ഥയിൽ നിന്നാണ് ഭാരതത്തിന്റെ സമസ്ഥ മേഖലയിലും മതം സ്വാധീനഘടകമായത്... തങ്ങളെ ജയിപ്പിക്കാനോ തോല്പിക്കാനോ കഴിവുള്ള മതസ്വാധീന ശക്തികളെത്തേടി രാഷ്ട്രീയ പാർട്ടികൾ പോയി... എപ്രകാരം അക്കൂട്ടരെ പ്രീണിപ്പിപ്പിച്ചു നിർത്തി തങ്ങളുടെ നിലനിൽപ്പിന് ഉപയോഗിക്കാം എന്ന് അവർ പ്രായോഗികതലത്തിൽ ചിന്തിച്ചു തുടങ്ങി... അവിടെ വോട്ടുബാങ്ക് എന്ന നിലയിൽ ന്യൂന പക്ഷങ്ങളാണ് പ്രീണിപ്പിക്കപ്പെട്ടത്... അസംഘടിതമായിരുന്ന ഹിന്ദു വിഭാഗങ്ങളെ അവഗണിക്കുന്ന നിലപാടുകൾ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ സ്വീകരിച്ചു... വിദേശത്തുനിന്നും തീവ്രവാദ ചിന്താഗതിക്കാരുടെ സ്വാധീനം ഉണ്ടായിരുന്ന ഒരു വിഭാഗം ഇസ്‌ലാമിക വിഭാഗത്തിൽ ഇവിടെ ഉണ്ടായിരുന്നു.... രാഷ്ട്രീയക്കാരുടെ പ്രീണന നയങ്ങളെ മുതലാക്കി ഇക്കൂട്ടർ ഇവിടുത്തെ മുസ്ലീമുകളിൽകൂടി തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിക്കാൻ തുടങ്ങി... ആ ആവശ്യങ്ങൾ രാജ്യതാൽപ്പര്യത്തിന് അനുസൃതമായിരുന്നില്ല,, മറിച്ചു് ഇസ്ളാമിക രാജ്യത്തിനുവേണ്ടി മുറവിളികൂട്ടുന്നവരുടെ മാത്രം ആവശ്യങ്ങളായിരുന്നു... സ്വന്തം നിലനിൽപ്പിനു വേണ്ടി രാഷ്ട്രീയ നേതൃത്വങ്ങൾ ഇതെല്ലാം അംഗീകരിച്ചു കൊടുത്തു... അതാണ് തീവ്രവാദം നമ്മുടെ പടിവാതിൽക്കലും എത്തി നിൽക്കാനുള്ള ഒരു കാരണം.. മുൻപ് പറഞ്ഞത് പോലെ അതിനു പിന്നിൽ ഒരു പാടുകാലത്തെ നയപരമായ പ്രവർത്തനങ്ങളുമുണ്ട്....

      രാഷ്ട്രീയ നേതൃത്വങ്ങളുടെ ന്യൂനപക്ഷ പ്രീണനങ്ങളെ  വലിയ അമർഷത്തോടെ കണ്ടിരുന്ന ഹിന്ദു മത വിഭാഗങ്ങളെ സംഘടിപ്പിക്കാനും സ്വാഭാവികമായി പ്രസ്ഥാനങ്ങൾ മുന്നോട്ടുവന്നു.. ന്യുന പക്ഷത്തെ പ്രീണിപ്പിച്ചു നിർത്തുന്നതിൽ നിന്നും നേട്ടങ്ങൾ കൊയ്യാൻ ശ്രമിച്ചിരുന്ന രാഷ്ട്രീയ ചേരികൾക്കു എതിരായി നിൽക്കുന്ന;; ഭൂരിപക്ഷത്തെ പിന്തുണക്കുന്ന രാഷ്ട്രീയ സാമൂഹിക പ്രസ്ഥാനങ്ങൾ രൂപം കൊണ്ടു... ഈ രണ്ടു വിഭാഗങ്ങളും പ്രത്യയശാസ്ത്ര പരമായും പ്രവർത്തന രീതിയിലും തീർത്തും എതിർവിഭാഗങ്ങളായി നിലകൊള്ളുന്നു.... ഇസ്‌ലാമിക അനുകൂല വിഭാഗമെന്നും, ഇസ്ളാമിക വിരുദ്ധ വിഭാഗമെന്നും രണ്ടുചേരിയിൽ നിന്നുകൊണ്ട് ലോകത്താകമാനം സംഘർഷങ്ങൾ നിലനിൽക്കണം എന്ന് ശഠിക്കുന്ന ഇസ്ളാമിക തീവ്രവാദ ഗ്രൂപ്പുകൾക്ക് ഭാരതത്തിലെ ഇന്നത്തെ രാഷ്ട്രീയ- മത സാഹചര്യം അനുകൂലമാണെന്ന് പറയാതിരിക്കാൻ കഴിയില്ല... അതിന് ന്യുനപക്ഷങ്ങളെ വോട്ടുബാങ്ക് എന്ന ഭാവനയിൽ പ്രീണിപ്പിച്ചു പ്രവർത്തിച്ച ഇടതു- വലതു രാഷ്ട്രീയ പ്രസ്ഥാനങ്ങൾ തന്നെയാണ് കാരണക്കാർ... ഹിന്ദു മറുചേരിയിൽ ഒന്നിച്ചത് അത്തരം ന്യൂനപക്ഷ  പ്രീണന രാഷ്ട്രീയത്തിന്റെ ഉൽപ്പന്നവുമാണ്... 

      ലോകത്താകമാനം ഇന്ന് മതത്തെപ്പറ്റി കൂടുതൽ സംസ്സാരങ്ങൾ കേൾക്കുന്നു... ആഗോള പ്രതിഭാസത്തിന്റെ അലകൾ എന്ന നിലയിലാകാം ഭാരതത്തിലും മതത്തെപ്പറ്റി ആളുകൾ ഒരുപാട് സംസ്സാരിക്കുകയും, ആകുലതപ്പെടുകയും ചെയ്യുന്നു... മതത്തിൽ ഊന്നിയ ഒരു ചിന്താധാര ഇവിടെ ഉരുണ്ടു കൂടിയിരിക്കുന്നു... അതിനും മുൻപ് പറഞ്ഞപോലെ കാലങ്ങളുടെ അധ്വാനമുണ്ട്... ഇസ്‌ലാമികരാജ്യം എന്ന ആശയം വെച്ച് പുലർത്തുന്നവരുടെ ഇടയിൽ നിന്നുള്ള പ്രചോദനങ്ങളാണ് ഇത്തരം ആകുലതകൾക്ക് കാരണം... വെള്ളത്തിൽ വീണു മരിക്കാൻ പോകുന്ന സ്ത്രീ തന്റെ ഇക്ക മാത്രം എന്നെ സ്പർശിക്കാവൂ എന്ന് വിളിച്ചു കൂവുന്നു,, നവജാത ശിശുവിന് അഞ്ചു ബാങ്ക് വിളിക്കു ശേഷം മാത്രമേ മുലപ്പാൽ നൽകാൻ പാടുള്ളു എന്ന് ശഠിക്കുന്നു,, ഹിന്ദു ക്ഷേത്രങ്ങൾക്ക് പിരിവു നൽകുന്നത് വേശ്യാലയത്തിനു പണം നൽകുന്നത് പോലെയെന്ന് പറയുന്നു,, പ്രസവമെടുക്കുന്നതിനു ഡോക്റ്ററുടെ സഹായം തേടുന്നത് അനിസ്ളാമികമാണെന്നു പറയുന്നു,, അങ്ങനെ ഒരുപാട് പ്രഖ്യാപനങ്ങൾ... സമൂഹത്തിൽ മുൻപ് കേട്ടുകേഴ്വി ഇല്ലാതിരുന്ന ജീവിത ചര്യകൾ ഷിർക്കുകളായി പറഞ്ഞു കേൾക്കുന്നു... ആകുലത ഉയർത്തുന്നത്, ഇവയെയെല്ലാം സമൂഹം ഒറ്റക്കെട്ടായി തള്ളിക്കളയുന്നതിനു പകരം രണ്ടുചേരിയിൽ നിന്നുകൊണ്ട് ചർച്ച ചെയ്യുന്നതാണ്... ഈ രണ്ടു ചേരികൾക്കിടയിലെ വിടവ് തീവ്രവാദത്തിനുള്ള സുരക്ഷിത പാതയാണ്...

     സമൂഹത്തിനു ആപത്കാരമേതെന്ന് ഇവിടെ ഉണ്ടാകുന്ന എല്ലാവിധമായ സംഭവ വികാസങ്ങളിൽ നിന്നും അപഗ്രഥിച്ചു മനസ്സിലാക്കുന്നതിനുള്ള കഴിവ് പൊതു ജനതയ്ക്ക് ഉണ്ടാകണം... അത് തന്റെ മതത്തിൽ നിന്നോ പ്രസ്ഥാനത്തിൽ നിന്നോ ആണെങ്കിലും നിശിതമായി എതിർക്കുന്നതിനുള്ള ആർജ്ജവവും ഉണ്ടാകണം... ഒരു വിഷയത്തിൽ തെറ്റായ നിലപാട് ഏതു വിഭാഗമാണ് എടുത്തത് എന്ന് പ്രത്യക്ഷമാണെങ്കിലും സാമൂഹിക രാഷ്ട്രീയ വിഭാഗങ്ങൾ വിമർശനങ്ങൾക്ക് തയ്യാറാകില്ല... പ്രത്യേകിച്ച് ന്യൂനപക്ഷ വിഭാഗങ്ങളാണ് പ്രതിസ്ഥാനത്തെങ്കിൽ ഒട്ടും തയ്യാറാകില്ല....  മലപ്പുറത്ത് സ്ഫോടനം നടന്നു,, ആരാണത്തിന്റെ പിന്നിലെന്ന് ഉഹാപോഹങ്ങൾ മാത്രമേ ഉണ്ടായിരുന്ന അവസ്സരത്തിലും നിയമസഭയിൽ കുറ്റക്കാർ ആരെന്നു കണ്ടുപിടിക്കുന്നതിലല്ല;; മറിച്ചു് ഇസ്ളാമിനെ ഇതിന്റെ പേരിൽ കുറ്റപ്പെടുത്താൻ സമ്മതിക്കില്ല എന്നതായിരുന്നു ഭരണ പ്രതിപക്ഷങ്ങളുടെ വിഷയം... "അച്ഛൻ പത്തായത്തിലില്ല" എന്ന് പറയും പോലെ ഇസ്‌ലാമിനെ അപമാനിക്കലാണത്... മാത്രമല്ല പ്രതിസ്ഥാനത്തു ആശയമോ, മതമോ, വ്യക്തിയോ, പ്രസ്ഥാനമോ ഏതായിരുന്നാലും ഒറ്റപ്പെടുത്തുകയല്ലെ വേണ്ടത്?? മറ്റേതൊരു പരിഗണനയ്ക്കും അപ്പുറം??

     മതത്തെ ഒഴിവാക്കിയ ഒരു സാമൂഹിക ജീവിതം രൂപപ്പെടാനൊന്നും പോകുന്നില്ല... പക്ഷെ എന്റെയും നിന്റെയും മതം രാജ്യത്തിന് ഏതൊക്കെവിധത്തിൽ ഗുണവും ദോഷവും ചെയ്യുന്നു എന്ന് ചിന്തിക്കാനുള്ള ശേഷി മാത്രം ഉണ്ടായാൽ മതി... കൂടാതെ മതം ഏതൊരു കറുത്ത തുണിയാൾ നമ്മുടെ കാഴ്ചയെ മറക്കാൻ ശ്രമിച്ചാലും അതുയർത്തി തെളിഞ്ഞ ആകാശം കാണുവാനുള്ള സ്വാതന്ത്ര്യം നമുക്കുണ്ടെന്ന തിരിച്ചറിവും വേണം.... 

[Rajesh Puliyanethu
 Advocate, Haripad]