Sunday 13 September 2015

മൂന്നാറിൽ കണ്ട ജനകീയ സമരം....


       "സമരസ്സപ്പെടാൻ കഴിയാത്ത എന്തിനോടും കാട്ടുന്ന പ്രതിഷേധമാണ് സമരം" 

.... പക്ഷെ വർത്തമാനകാല സമരങ്ങളെല്ലാം ആഹ്വാന സമരങ്ങളാണ്... ഒരു തീരുമാനമോ പ്രവർത്തിയൊ തങ്ങൾക്കു സമരസ്സപ്പെടാൻ കഴിയാത്തതാണെന്ന് പ്രഖ്യാപിച്ചതിനു ശേഷം അതിനെതിരെ സമരം ചെയ്യണമെന്നുള്ള ആഹ്വാനപ്രകാരം സമരം ചെയ്യുന്നു... അവിടെ സമരത്തിനു കാരണമായ വസ്തുതയുടെ തീഷ്ണത സമരക്കാരിൽ പലപ്പോഴും എത്തുന്നില്ല... അവിടെ രാഷ്ട്രീയമോ മറ്റേതെങ്കിലുമൊ തരത്തിലുള്ള നേട്ടത്തെ മുൻനിർത്തിയാണ് സമരം നടക്കുന്നത്.... മറിച്ച് സമരസ്സപ്പെടാൻ കഴിയാത്ത ഒന്നിനോടുള്ള ആത്മാർത്ഥമായ സമരമല്ല.... അത്തരം സമരങ്ങളിൽ സമരത്തിന് മുൻപ് തങ്ങൾ ലക്ഷ്യം വെച്ചിരുന്നതിലും മികച്ചനേട്ടം സമരത്തിൽ നിന്നും വ്യതിചലിക്കുന്നതിൽ നിന്നും ഉണ്ടായാൽ ഇന്നത്തെ അവസ്സരവാദി രാഷ്ട്രീയ നേതൃത്വങ്ങൾ അതിനു തയ്യാറാകും...!

സമീപകാലങ്ങളിൽ കണ്ട പലസമരങ്ങളുടെയും പരാജയകാരണം അതാണ്... സമരം ചെയ്തവർ തങ്ങൾ നേതൃത്വങ്ങളിൽ നിന്നും കേട്ട ആഹ്വാനത്തെ അനുസ്സരിച്ചു മാത്രം ചെയ്ത സമരങ്ങളായിരുന്നു അവ... സമരതീരുമാനങ്ങളിൽ നിന്നും ഉണ്ടാകുന്ന വ്യതിചലനം അവരെ ബാധിക്കുന്നതേ ഇല്ല... 

       മൂന്നാർ സമരവും, വളപ്പിൽശാല മാലിന്യപ്രശ്ന സമരവും വ്യത്യസ്ഥമാകുന്നത് അവിടെയാണ്... അവിടെ സമരം ചെയ്യുന്ന ഓരോ വ്യക്തിയുടെയും സ്വന്തം ആവശ്യമായിരുന്നു സമരകാരണം... രാഷ്ട്രീയ നേതൃത്വങ്ങളിൽ നിന്നും കൂലി സമരക്കാരെ ഇറക്കി ആയിരുന്നില്ല ഈ സമരങ്ങൾ നടന്നത്... അതിനാൽ മികച്ച കൂലിവാഗ്ദാനം ലഭിച്ചിടത്തേക്ക് അവർക്ക് പോകാനും കഴിയുമായിരുന്നില്ല... ബംഗാളികളെ പണിക്കുവിട്ട് കൂലിയിൽ നിന്നും കമ്മിഷൻ പറ്റാൻ എത്തുന്ന ഏജന്റുമാരെപ്പോലെ സമരഭൂമിയിലെത്തിയ നേതാകളെ ആട്ടിപ്പായിക്കാനുള്ള ആർജ്ജവവും, ബുദ്ധിയും സമരക്കാർ കാട്ടുകയും ചെയ്തു... ഈ ജനകീയ സമരങ്ങളുടെ വിജയം സംഭവിക്കുകയും ചെയ്തു...

       പൊതുജനങ്ങൾക്കും രാഷ്ട്രീയനേതൃത്വങ്ങൾക്കും ഉള്ള ചൂണ്ടുപലകയാണ് ഈ സമരങ്ങൾ... രാഷ്ട്രീയ നേതൃത്വങ്ങളുടെ സഹായമില്ലാതെ തങ്ങൾക്കു സമരസ്സപ്പെടാൻ കഴിയാത്ത ഒന്നിനെ പരാജയപ്പെടുത്താൻ കഴിയുമെന്ന പാഠം പൊതുജനത്തിനും, തങ്ങളുടെ സഹായമില്ലാതെതന്നെ ഒരു സമരം വിജയിപ്പിക്കാൻ പൊതുജനത്തിനു ത്രാണി ഉണ്ടെന്നുള്ള പാഠം രാഷ്ട്രീയ നേതൃത്വത്തിനും ഉള്ളതാതാണ്.... 

       പൊതുജനങ്ങൾ അനുഭവിക്കുന്ന ഒരുവിഷമതയെ മുൻപേകണ്ടു പരിഹാരം കാണുകയാണ് രാഷ്ട്രീയ നേതൃത്വങ്ങളുടെ കടമ... പൊതുജനങ്ങൾ നിലനിൽപ്പിനായി ചെയ്യുന്ന സമരങ്ങളുടെ വിജയത്തിന്റെ അവകാശം ഏറ്റെടുക്കാൻ മാത്രമുള്ള രാഷ്ട്രീയ പാർട്ടികൾ സമൂഹത്തിലെ മാലിന്യം മാത്രമാണ്...

[Rajesh Puliyanethu
 Advocate, Haripad]   

രാജനെ ഭയക്കാൻ വധം..........!!!


       ജനകീയമായ പ്രതിരോധങ്ങളെയും, പ്രതിഷേധങ്ങളെയും, കൂട്ടായ്മകളെയും ലോകംകണ്ട ഏറ്റവും വലിയ സേശ്ചാധിപത്യ ഭരണകൂടങ്ങൾ വരെ ഭയന്നിരുന്നതായി ചരിത്രം പറയുന്നു.... തങ്ങൾക്ക് ജനകീയ പ്രതിഷേധങ്ങളോടുള്ള ഭയത്തിനപ്പുറം ഒരു ഭയം പൊതുജനങ്ങളിൽ തങ്ങളോടു സൃഷ്ട്ടിക്കുക എന്നാ ഉദ്ദേശത്തിലാണ് അവർ ക്രൂരമായ വധശിക്ഷകൾ തങ്ങളുടെ വിധിന്യായങ്ങളിൽക്കൂടി നടപ്പിലാക്കിയത്.....

       ജനാധിപത്യപ്രക്രീയകളിൽക്കൂടി അധികാരത്തിലെത്തിയ ഭരണകൂടങ്ങൾക്ക് തങ്ങളുടെ ജനങ്ങളിൽ മുൻപ് സൂചിപ്പിച്ച പ്രകാരമുള്ള ഒരു ഭയം നിലനിർത്തേണ്ട ആവശ്യമുണ്ടോ എന്ന ചോദ്യം വധശിക്ഷയെ അനുകൂലിക്കുന്ന ജനാധിപത്യ ഭരണകൂടങ്ങൾ അതിപ്രാധാന്യത്തോടെ കേൾക്കേണ്ടതാണ്.....                          


[Rajesh Puliyanethu
 Advocate, Haripad]

Wednesday 2 September 2015

സിനിമ ജയിച്ചു,, മനുഷ്യൻ തോറ്റു.... !!!


       കലാരൂപങ്ങൾക്ക്‌ സാമൂഹിക ജീവിതത്തിൽ ചെലുത്തുവാൻ കഴിയുന്ന സ്വാധീനത്തെ ആരും ചെറുതായി കണ്ടിട്ടില്ല... വിമർശനവും, പരിഹാസ്സവും, ഓർമ്മപ്പെടുത്തലും, ഉപദേശവും എല്ലാം സമൂഹത്തിലേക്കു വാരി വിതറുന്നതിൽ 'കല' എപ്പോഴും ഉൽസ്സുകമാണ്... ഒരു സന്ദേശം ഏതെങ്കിലും ആവിഷ്ക്കാരത്തിൽക്കൂടി സമൂഹമദ്ധ്യത്തിൽ അവതരിപ്പിക്കുക എന്നത് സ്വാതന്ത്ര്യ സമര കാലത്തുപോലും വിജയിച്ച മാർഗ്ഗമാണ്.... ഒരു കലാരൂപത്തിൽ കൂടി സമൂഹ മദ്ധ്യത്തിൽ അവതരിപ്പിക്കപ്പെടുന്ന നല്ലതോ ചീത്തയോ ഒന്ന് അപ്പാടെ സമൂഹം സ്വീകരിക്കുമെന്നും ആ കലാരൂപത്തിന്റെ അവതരണത്തിന് ശേഷം സ്പഷ്ട്ടമായ ഒരുമാറ്റം പൊടുന്നനെ സൃഷ്ട്ടിക്കാൻ കഴിയുമെന്നും ആരും വിശ്വസ്സിക്കുന്നില്ല ... പ്രസ്തുത വിഷയത്തിലേക്കുള്ള ശ്രദ്ധക്ഷണിക്കൽ സാദ്ധ്യമാവുകയും ചെയ്യുന്നു... 

       പൊതുജനങ്ങൾക്കിടയിൽ കൂടുതൽ സ്വീകാര്യമായ കലാരൂപമെന്ന നിലയിൽ സിനിമകൾക്കുള്ള സ്വാധീനശക്ത്തി വലുതാണ്.... സിനിമകൾ മറ്റു കലാരൂപങ്ങളുമായി  താരതമ്യം ചെയ്യുമ്പോൾ ഉദാത്തമായത് എന്നല്ല, മറിച്ച് കൂടുതൽ ജനങ്ങൾക്കിടയിൽ സ്വാധീനം സൃഷ്ട്ടിക്കാൻ കഴിയുന്നത് എന്ന് വേണം കാണാൻ... ഒരു  ശരാശരി മലയാളി എത്ര കഥകളി അവതരണങ്ങൾ കണ്ടിട്ടുണ്ടാകും എന്നും അയാൾ എത്ര സിനിമകൾ കണ്ടിട്ടുണ്ടാകും എന്നും ഒരു കണക്കെടുപ്പു നടത്തിയാൽ ആ വസ്തുത നിസ്സാരമായി മനസ്സിലാക്കാം... 

       സിനിമയിലെ കലാകാരന്മാരോട്‌ മറ്റു കലാകാരന്മാരോട്‌ ഉള്ളതിലും കൂടുതൽ ആരാധന പൊതുസമൂഹം വെച്ചുപുലർത്തുന്നു... അതുകൊണ്ടുതന്നെ സിനിമയിൽക്കൂടി അവതരിപ്പിക്കപ്പെടുന്ന ഒരു ആശയത്തിനപ്പുറം സിനിമയിലെ കലാകാരന്മാരുടെ, പ്രത്യേകിച്ച് അഭിനേതാക്കളുടെ ചെഷ്ട്ടകൾ ആസ്വാദകരിൽ സ്വാധീനം ചെലുത്തുന്നു.... സിനിമ മുൻപോട്ടു വയ്ക്കുന്ന നല്ലതോ ചീത്തയോ ആയ സന്ദേശത്തെ ഉൾക്കൊള്ളുവാനോ പ്രാവർത്തികമാക്കാനോ വിമുഖത കാട്ടിയാലും വേഷവിധാനമോ, സംഭാഷണമോ പോലെയുള്ള ശൈലികളെ പൊടുന്നനെ അനുകരിക്കാനുള്ള വ്യഗ്രത സമൂഹം കാട്ടുന്നു... 

       സമീപ കാലത്ത് വളരെയധികം വിജയിച്ച ഒരു സിനിമയാണ് 'പ്രേമം'.. പ്രേമത്തിലെ വേഷവിധാനവും, ശൈലിയും പലരും അനുകരിച്ചതിനെ വിമർശിച്ചുകൊണ്ട് പല പ്രമുഘരും രംഗത്തുവന്നു... അതിൽ പലർക്കും പുതുതലമുരയുടെ സിനിമകൾക്ക്‌ ലഭിക്കുന്ന സ്വീകര്യാതയിൽ ഉണ്ടായ അജീർണ്ണം ബാധയാണ്... ന്യൂ ജെനറേഷൻ സിനിമകളെ വിമർശിച്ചു സംസ്സാരിച്ചാൽ മാത്രമേ താൻ വിവരമുള്ളവനായി ഗണിക്കപ്പെടുകയുള്ളൂ എന്ന ധാരണാ പിശകിൽ വിമർശനത്തിന് ആളുകൂടി !! തീയേറ്ററിൽ ഇരുന്നു ബോറടിച്ചു നട്ടം തിരിഞ്ഞാലും 'ആർട്ട്‌ ഫിലിം' എന്ന് നേരത്തെ പേര് സമ്പാദിച്ച ഒരു സിനിമ,, "കൊള്ളാമായിരുന്നു, പക്ഷെ അൽപ്പം സ്ലോയാ" എന്ന് മാത്രം അഭിപ്രായപ്രകടനം നടത്തുന്ന മനോവിചാരനില ന്യൂ ജെനറേഷൻ സിനിമകളെ വിമർശിക്കുന്ന നാണയത്തിന്റെ മറുപുറമാണ്!!

       ഒരു സിനിമയിലെ വേഷവിധാനം അനുകരണീയമായി മറ്റുള്ളവർക്ക് തോന്നിയെങ്കിൽ അത് ആ കോസ്റ്റ്യും ഡിസൈനറുടെ വിജയമാണ്... പ്രേമം സിനിമയ്ക്ക് ശേഷം വന്ന ഓണത്തിന് കാമ്പസുകൾ ആഘോഷിക്കാൻ തെരഞ്ഞെടുത്തത് ആ സിനിമയിലെ ശൈലി ആണെങ്കിൽ ആ സിനിമയുടെ വിജയമാണത്... ഒരു സിനിമയിലെ കഥാപാത്രം മദ്യപിച്ചു ക്ലാസ്സിൽ എത്തിയത് കണ്ട് ഇവിടുത്തെ യുവതലമുറ അതിനു മുതിരുന്നു എന്നു പറയുന്നതുതന്നെ ശുദ്ധഅസംബന്ധമാണ്... മാത്രമല്ല ഇവിടുത്തെ യുവജനതയെ കടുത്തരീതിയിൽ അപമാനിക്കുക കൂടിയാണത്... പ്രേമം സിനിമക്ക് ശേഷം ഒരു വിദ്യാർഥി കലാലയത്തിൽ മദ്യപിച്ച് എത്തിയതായി കണ്ടിട്ടുണ്ടെങ്കിൽ ആ സിനിമയുടെ റിലീസ്സിനു മുൻപ് അവൻ മദ്യപിച്ചെത്തിയത് ആരും ശ്രദ്ധിച്ചിരുന്നില്ല എന്ന് കണ്ടാൽ മതി... ഒരു കൊമെഴ്സ്സിയൽ സിനിമയിലെ നായകൻറെ ചെയ്തികളാണ് ഇവിടുത്തെ യുവത്വത്തിന് ദിശാബോധം നൽകുന്നതെന്ന് പറഞ്ഞ് അപമാനിച്ചിട്ടും അതിനെ പ്രതിരോധിക്കാൻ ഒരു വിദ്യാർഥി- യുവജന സംഘടനയും തയ്യാറായില്ല എന്നത് അതിലേറെ അപമാനം... 

       സിനിമ എന്ന ആവിഷ്ക്കാരം എല്ലായപ്പോഴും സമൂഹത്തിലേക്ക് നന്മയുടെ സന്ദേശങ്ങളെ മാത്രം വിതറിക്കോണ്ടിരിക്കണം എന്ന വാശി എന്തിനാണ്?? മറ്റ് ആവിഷ്ക്കാരങ്ങളോടോന്നും അപ്രകാരം ഒരു നിബന്ധന വെയ്ക്കുന്നതായി കാണുന്നില്ലല്ലോ?? പ്രശസ്ത സാഹിത്യകാരനായ ശ്രീ പെരുമ്പടവത്തിന്റെ 'ഒരു സങ്കീർത്തനം പോലെ' എന്ന പുസ്തകം മദ്യപാനിയും, ചൂതാട്ടക്കാരനുമായ ദസ്തയവസ്ക്കിയെയാണ് അവതരിപ്പിച്ചത്... ആ പുസ്തകം വായിച്ച് ആരും ദസ്തയവസ്ക്കിയെ അനുകരിച്ചതായി കേട്ടിട്ടില്ല... അപ്രകാരം ഒരു ആരോപണവും ഉയർന്നില്ല... 

       സമൂഹത്തിന്റെ പലമേഘലകളിൽ നിന്നും പ്രേമം സിനിമയ്ക്കെതിരെ വിമർശനങ്ങൾ ഉയർന്നു കേട്ടു... അതിൽ ഒരു പ്രമുഖൻ ബഹു: കേരള ഡി. ജി. പി ആയിരുന്നു... സിനിമകളാണ് സമൂഹത്തിന്റെ ഗതിവികതികളെ നിയന്ത്രിക്കുന്നതെന്ന് അടിയുറച്ചു വിശ്വസിക്കുന്ന ആളാണ്‌ അദ്ദേഹമെന്ന് തോന്നുന്നു... ദൃശ്യം സിനിമയും സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്നുവെന്ന് പറഞ്ഞ് രംഗത്തു വന്ന ആളാണ്‌ അദ്ദേഹം... സീരിയലുകൾ കൊണ്ട് മലീമസ്സമായ ഈ സമൂഹത്തിലേക്ക് സിനിമകൾ സുഗന്ധം പരത്തിയിട്ട് എന്താണാവോ പ്രയോജനം എന്നും ചിന്തിച്ചു പോകും....

       കലാരൂപങ്ങളിലെ ആവിഷ്ക്കാരങ്ങളെ അപ്രകാരംതന്നെ കാണാനും വിലയിരുത്താനുമുള്ള വിവേകം പൊതുസമൂഹം കാട്ടണം... ഒരു സിനിമയുടെ കൊസ്റ്റുമു് ഒരു ആഘോഷത്തിന്റെ ഭാഗമാക്കിയാൽ എന്താണ് തെറ്റ്?? അപ്രകാരം ഒരു വേഷവിധാനത്തെ അനുകരിച്ചു എന്ന് കരുതി ആ കഥാപാത്രത്തിന്റെ മുഴുവൻ പ്രകൃതവും അനുകരിച്ചു എന്ന് വ്യാഖ്യാനിക്കുന്നത് എന്തിനാണ്?? ഒരു സിനിമ ഒരു ചെറിയ കാലഘട്ടംകൊണ്ട് പ്രദർശന വിജയം നേടി മടങ്ങും... എന്നാൽ അതിനോട് ചേർത്തുവെച്ച് ഒരു തലമുറയെ പരിഹസ്സിച്ചാൽ ആ അപമാനം എന്നും നിലനിൽക്കും... അത് സിനിമയെ വിജയിപ്പിച്ച് മനുഷ്യനെ തോല്പ്പിക്കുന്നതുപോലെയാകും!!   

[['പ്രേമം' ഒരു നല്ല സിനിമയാണ്...........]]

[Rajesh Puliyanethu
 Advocate, Haripad]