Saturday 13 December 2014

ചുമ്പന സമരം സമൂഹത്തിന് എന്ത് നൽകി ???


        കഴിഞ്ഞ കുറച്ചു ദിവസ്സങ്ങളായി കേരളത്തിൽ ഏറ്റവും ഉയർന്നു കേൾക്കുന്ന ഒരു വാക്ക് "ചുമ്പനവും" ഏറ്റവും ജനശ്രദ്ധ ആകർഷിച്ച സമരം "ചുമ്പനസമരവും" ആണ്... രാഷ്ട്രീയം, അഴിമതി, വിദേശനയം, സാമ്പത്തിക നില, ഭരണം, നിയമം, ഭീകരാക്രമണങ്ങൾ, സൈനീകരുടെ വീരമ്രിത്യു, കായികം, സ്പോർട്സ്, അങ്ങനെയുള്ള പല സാമൂഹിക പ്രസക്തമായ കാര്യങ്ങളെയും ചുമ്പന സമരം കവച്ചുവെച്ചു... ഏറ്റവും കൂടുതൽ 'സമൂഹത്തിൽ അറിയപ്പെടുന്നവർ'
അഭിപ്രായം പറഞ്ഞ സമരവും, സമൂഹത്തിലെ ഏതൊരു വിഷയത്തിലും ഇടപെട്ടു സംസ്സാരിക്കാറുള്ള 'സമൂഹത്തിൽ അറിയപ്പെടുന്ന' വലിയൊരു വിഭാഗം യാതൊരു അഭിപ്രായം പറയാതിരിക്കുകയും ചെയ്ത സമരമായിരുന്നു ചുമ്പന സമരം...


       സമരകാരണത്തിന്റെ ആദ്യ ബിന്ദു മുതൽ യാതൊരു പ്രസക്തിയും ഇല്ലാത്ത സമരമായിരുന്നു ചുമ്പനസമരം എന്ന് നിസ്സംശയം പറയാം... കാരണം റൌണ്‍ ടൌണ്‍ റസ്റൊറന്റിൽ നടന്ന ചുമ്പന ദ്രിശ്യങ്ങൾ ചാനൽ സംപ്രേക്ഷണം ചെയ്തത് വ്യാജം ആണെന്നും എഡിറ്റു ചെയ്തതുമാണെന്നാണ് ഹോട്ടൽ  നൽകിയ ആദ്യവിശദീകരണം...  അവിടെത്തന്നെ ഹോട്ടലിൽ നടന്നുവെന്നരീതിയിൽ പുറത്തുവന്ന വീഡിയൊയെ ഹോട്ടൽ അധികൃതർ തള്ളിക്കളയുന്നുവെന്നും, നിഷേധിക്കുന്നുവെന്നും ഒപ്പം തന്നെ ഹോട്ടലിൽ വെച്ച് നടന്നു എന്ന് ചാനൽ അവകാശപ്പെടുന്ന സംഭവം തെറ്റ് ആണെന്ന് അവർ അങ്ങീകരിക്കുകയും ചെയ്യുന്നു എന്നാണ്... പക്ഷെ സമരം നടക്കുന്നതോ;? ഹോട്ടലിൽ വെച്ച് അരങ്ങേറാറുണ്ടായിരുന്നു എന്ന് ചാനലും, യുവമൊർച്ചയും പറയുന്ന 'ചുമ്പനവും മറ്റ് ലൈംഗീക കേളികളും വ്യക്തിസ്വാതന്ത്ര്യവും, പരസ്യമായി നടപ്പിലാക്കാവുന്നതും ആണെന്നാണ്‌' എന്ന് പറഞ്ഞു കൊണ്ടാണ്... സമരം ഉയർത്തുന്ന അടിസ്ഥാന കാരണം തന്നെ അവിടെ നഷ്ട്ടപ്പെട്ടിരിക്കുകയാണ്...    

       ആഴ്ചകൾ ചർച്ചകളിൽ ഒരു വിഷയം നിറഞ്ഞു നിൽക്കുക എന്നത് നമ്മുടെ നാട്ടിൽ പുതിയ സംഭവം ഒന്നുമല്ല... പക്ഷെ അത് തീർച്ചയായും ലൈംഗീകതയുമായി ബന്ധപ്പെട്ടതായിരിക്കണം...!! ഇവിടെ 'അടിയന്തരാവസ്ഥ' എന്ന രാജ്യം നേരിട്ട അവസ്ഥക്കപ്പുറം കാലങ്ങൾ ചർച്ച ചെയ്ത വിഷയങ്ങൾ ഐസ് ക്രീം, സൂര്യനെല്ലി, കിളിയൂർ, കതിരൂർ എന്നിവയൊക്കെയാണ്... ഈ രാജ്യം മുഴുവൻ അറബിക്കടലിലേക്ക് പോകുമെന്ന് പറഞ്ഞാലും ഏറിയാൽ ഒരാഴ്ച ചാനൽ ചർച്ചകളും ഭൂകമ്പവും ഉണ്ടാകും... പിന്നീട് ആവിഷയം അറബിക്കടലിൽ കിടന്നുകൊണ്ടാകും ചർച്ച... അതാണ്‌ നമ്മുടെ രീതി..! ചുംബനസമരം പരസ്യമായ ലൈഗീക പ്രകടനം അവകാശമായി പ്രഖ്യാപിക്കുന്നതിനു വേണ്ടിയുള്ള സമരമായതിനാൽ കൂടുതൽ പങ്കാളിത്തമുള്ള ചർച്ചയായി മാറുന്നു.. 

       രാഷ്ട്രീയമായും, സാമൂഹികമായും യാതൊരു പ്രാധാന്യവും ഇല്ലാത്ത വിഷയമാണെങ്കിലും ചുമ്പന സമരം രാഷ്ട്രീയ- സാഹൂഹിക വിഷയങ്ങളിലും ഇടംപിടിച്ചു... വിവാദത്തിനു തുടക്കം കുറിച്ചത് യുവമോർച്ച ആയതിനാൽ മറ്റ് എല്ലാ രാഷ്ട്രീയ സംഘടനകൾക്കും എതിരഭിപ്രായം പ്രകടിപ്പിച്ചേ മതിയാകൂ എന്നാ അവസ്ഥയായി... കാരണം ഹിന്ദുത്വത്തെ മുന്നെപിടിക്കുന്നവർ എന്ത് നല്ലതു പറഞ്ഞാലും വിമർശിച്ചല്ലേ മതിയാകൂ..!! എങ്കിൽ മാത്രമല്ലേ 'മതേതരൻ' ആകാൻ കഴിയൂ!! ഹിന്ദു പരിവാർ സംഘടനകളെ ഒന്നടങ്കം എതിർക്കാൻ കൊണ്ഗ്രെസ്സ് - ഇടതുപക്ഷ സംഘടനകൾ രംഗത്തു വന്നു... രാഷ്ട്രീയ പരമായ സ്വാധീനം ചുമ്പന സമരങ്ങൾക്ക് ഉണ്ടായത് അവിടെയാണ്... ഹിന്ദു പരിവാർ സംഘടനകളെ സദാചാര പോലീസ് ആയി ചിത്രീകരിക്കാൻ ശ്രമിച്ചു... സാധാരണ മുസ്ലീം സംഘടനകൾക്ക് മാത്രമായിരുന്ന സദാചാര പോലീസ് പേരുദോഷം ഹിന്ദു പരിവാർ സംഘടനകൾക്ക് കൂടി ചാർത്തിക്കൊടുക്കുന്നതിനുള്ള ശ്രമം നടന്നു... പക്ഷെ ചുംബന സമരത്തെക്കുറിച്ച് സ്വോതന്ത്രമായി ചിന്തിച്ച പൗരന്മാർക്കൊന്നുംതന്നെ അതിനെ അനുകൂലിക്കാൻ കഴിഞ്ഞില്ല... ക്രമേണ കൊണ്ഗ്രെസ്സ്- KSU സംഘടനകൾക്ക് പ്രസ്തുത വിഷയത്തെക്കുറിച്ച് കലഹിച്ചു കൊണ്ട് നിലപാടുമാറ്റം വരുത്തേണ്ടി വന്നു... അതേ നിലതെന്നെ ഇടതുപക്ഷത്തിനും ഉണ്ടായി... ചുമ്പന സമരത്തിൽക്കൂടി വിപ്ലവം കൊണ്ടുവരാമെന്ന് കരുതിയ ഇടതു പക്ഷ പാർട്ടികൾക്കും തെറ്റി... DYFI ചുമ്പന ദാഹികൾക്ക് കാവൽ കിടന്നപ്പോൾ സിപിഎം സംസ്ഥാന സെക്രട്ടറിക്ക് തന്നെ സമരത്തെ തള്ളിപ്പറയേണ്ടി വന്നു... പൊതുജനാഭിപ്രായം ആകമാനം പാർട്ടിക്കെതിരാകാതിരിക്കാൻ വേണ്ടി കൈക്കൊണ്ട അടവുനയമായി മാത്രമേ അതിനെ കാണാൻ കഴിയൂൂ... 

       എന്നാൽ രാഷ്ട്രീയ പരമായ നേട്ടം ബി ജെ പി ക്കും, സംഘപരിവാർ സംഘടനകൾക്കും ഉണ്ടായി എന്നുതന്നെ പറയണം... ഏതു നല്ലകാര്യത്തിന്റെ ഭാഗമായി ഹിന്ദു സംസാരിച്ചാലും ന്യൂനപക്ഷ പ്രീണന നയത്തിന്റെ ഭാഗമായി അതിനെയെല്ലാം അടച്ചാക്ഷേപിക്കുകയും, പരിഹസ്സിക്കുകയും ചെയ്യുന്ന ഇതരപാർട്ടികളുടെ കുടില സമീപനത്തെ പൊതുജനം ചുമ്പന സമരത്തിൽ കൂടുതൽ അടുത്തുകണ്ടു... സ്വതന്ത്രമായി അതിനെ വിശകലനം ചെയ്തു ചിന്തിച്ച അവർ, ഇടതു വലതന്മാർ ഏത് ആഭാസ്സത്തിനും തങ്ങളുടെ നേട്ടങ്ങൾക്ക്‌ വേണ്ടി കഴലൂത്ത് നടത്തുന്നവരാണെന്ന് തിരിച്ചറിഞ്ഞു... അത് ബി ജെ പി ക്കും, സംഘപരിവാർ സംഘടനകൾക്കും പിന്നിൽ വലിയോരുജനവിഭാഗത്തിനെ ഒന്നിച്ച് അണിനിരത്താൻ കാരണമായി... ഒരുതരത്തിൽ ഹിന്ദു സംഘടനകളുടെ ശാക്തീകരണത്തിന് ചുംബന സമരം ഒരു കാരണവുമായി... 

       ചുംബന സമരം എന്തിനു വേണ്ടിയാണ് എന്നുപോലും സമൂഹമധ്യത്തിൽ വിശദീകരിക്കാൻ സമരജീവികൾക്ക് കഴിഞ്ഞില്ല... ചുമ്പനസമരങ്ങളിൽ അമ്മയെയും, സഹോദരിയും, സുഹൃത്തിനെയും, സഹോദരനെയും ഉമ്മവെച്ച് വിപ്ലവം കൊണ്ടുവരുന്നവരെ കണ്ടു...  'ചുംബനം' എന്ന പ്രക്രീയയെ ആരോ തടഞ്ഞതിലുള്ള പ്രതികാരമാണെന്ന് തോന്നിപ്പോകും ഈ പ്രവർത്തികൾ കണ്ടാൽ... അമ്മയെയും, സഹോദരിയും, സുഹൃത്തിനെയും, സഹോദരനെയും ഉമ്മവെയ്ക്കുന്നതിന് സ്ഥലമോ സമയമോ ആരും നോക്കേണ്ടതില്ല... ചുംബിക്കുന്നവരൊ, കണ്ടുനിൽക്കുന്നവരോ ആരുംതന്നെ... പക്ഷെ അത്തരം ചുംബനങ്ങൾ സമര മാർഗ്ഗങ്ങൾ അല്ല... അത് സ്നേഹത്തിന്റെ ഒരു കൈമാറ്റം മാത്രമാണ്.. അത്തരം ചുംബനങ്ങൾ നിമിഷങ്ങൾക്കപ്പുരം നീണ്ടുപോകില്ല എന്നതും സത്യമാണ്... ആരാണ് അമ്മയെയോ, സഹോദരിയോ, സുഹൃത്തിനെയോ, സഹോദരനെയോ കോഫീ ഷോപ്പിൽ കൊണ്ടുപോയിരുത്തി മണിക്കൂറുകൾ ഉമ്മ വെച്ചുകൊണ്ടിരിക്കുന്നത്?? അപ്രകാരം കാമുകിയെയും സമൂഹമദ്ധ്യത്തിൽ വെച്ച് സ്നേഹത്തിന്റെ കൈമാറ്റമെന്നവണ്ണം ഒന്നു ചുംബിക്കുന്നതിലും തെറ്റുണ്ടാവില്ല.. അപ്രകാരമോക്കെ ഇവിടെ നടന്നു വന്നിരുന്നതുമാണ്... ആരും എതിർത്തിട്ടുമില്ല... പക്ഷെ അതൊന്നും കാമച്ചുവയുള്ള ചുംബനങ്ങളല്ല... ഒരു സ്നേഹചുംബനത്തിനപ്പുരം ലൈഗീക ആസ്വാദനപരമായ ചുംബനത്തിലേക്ക് ഒരു ചുംബനം നീളുന്നതാണ് പരസ്യമായി സമൂഹമദ്ധ്യത്തിൽ പാടില്ല എന്ന് പറയുന്നതും, എതിർക്കുന്നതും... ശ്രീ പിണറായി വിജയൻ 'ഭാര്യയും ഭർത്താവും തമ്മിൽ ബെഡ് റൂമിൽ കാട്ടേണ്ടത്‌' എന്ന് പറഞ്ഞതും...

       'ചുംബനം' എന്ന ഏറെക്കുറെ സ്വോകാര്യ സ്വോഭാവം ഉള്ള ഒന്നുപോലും സമരമാർഗ്ഗം ആക്കാവുന്നതാണ് എന്ന് ചുംബന സമരം കാട്ടിത്തന്നു... ഭാവിയിൽ ഈ ചുവടുപിടിച്ച് പല സമരമാർഗ്ഗങ്ങളും ഇവിടെ ഉയർന്നു വരാം... 'അമ്മയെത്തല്ലിയാലും രണ്ടുപക്ഷം കിട്ടും' എന്നാ പഴംചൊല്ല് ചുമ്പന സേനാംഗങ്ങൾ അന്വർഥമാക്കി... 

       സദാചാര ബോധത്തെ വേർതിരിച്ചു നിർത്തി നോക്കിക്കാണുന്നതിനും വിലയിരുത്തുന്നതിനും കഴിഞ്ഞ വലിയൊരു കാലയളവിനിടയിൽ കിട്ടിയ അവസ്സരമായിരുന്നു ചുംബന സമരം..!! നമ്മുടെ നാട് ഏതിനെയോക്കെയാണ്, എന്തിനെയോക്കെയാണ് സദാചാരമായി കണക്കാക്കുന്നത് എന്ന വിശകലനത്തിന് ചുംബന സമരം വഴിവെച്ചു... മുൻകാലങ്ങളിൽ നിന്നും സദാചാരത്തിന്റെ അളവുകോൽ മാറ്റിസ്ഥാപിക്കപ്പെട്ടിട്ടുണ്ടോ എന്നും പരിശോധിക്കപ്പെട്ടു... എന്ത് ആഭാസ്സവും തങ്ങളുടെ അവകാശമാണെന്ന് കരുതുന്ന വിഭാഗത്തെയും, അത് കണ്ടു രസിക്കുന്ന വെറിയന്മാരെ പിന്തുണക്കാരായി കണ്ടെത്താൻ കഴിയുകയും ചെയ്തുവെങ്കിലും സമൂഹത്തിൽ സദാചാരത്തിന്റെ ബോധം പരിക്കുകൾ ഏൽക്കാതെ തന്നെ നിലനിൽക്കുന്നു എന്ന് വേണം കരുതാൻ... ഭാരതത്തിന്റെ സംസ്ക്കാരം എഴുതിവെയ്ക്കപ്പെട്ടതല്ല... അത് ഓരോ ഭാരതീയന്റെയും മനസ്സിലെ ധാരണകളാണ്... ആ ധാരണ വികലമായ ചുംബന സമരത്തെ പിന്തുണയ്ക്കുന്നതരത്തിലല്ലെന്ന് തെളിയിക്കാൻ കഴിഞ്ഞതിനെ ചുംബന സമരത്തിന്റെ ഗുണവശമായി ഞാൻ കാണുന്നു...   

       ഹിന്ദുവിനെയും, ഭാരത സംസ്ക്കാരത്തെയും അവഹേളിക്കുവാൻ തക്കംപാർത്തിരുന്ന ഒരു വിഭാഗത്തെ തിരിച്ചറിയുന്നതിന് ചുംബന സമരം സഹായിച്ചു... ഗീതാ ഗൊവിന്ദത്തെയും, ശ്രീ കൃഷ്ണനെയും, അഘോരികളെയും, ഭാരത ശില്പ്പകലയെയും, പുരാണ- ഇതിഹാസ്സങ്ങളെയും വർദ്ധിത വീര്യത്തോടെ ചുംബന സമര വേളയിൽ ആക്രമിക്കുകയും, അപകീർത്തിപ്പെടുത്തുകയും ചെയ്യുന്നവരെ ചുംബന സമര വേളയിൽ നാം കണ്ടു... നമ്മുടെ സംസ്ക്കാരത്തെ ചവിട്ടിമെതിക്കാൻ തയ്യാറായി നിൽക്കുന്നവരെ എണ്ണി മാറ്റിനിർത്താൻ ഈ സമരം സഹായിച്ചു... അവരുടെ മുഖം മറക്കാതെ സൂക്ഷിക്കാൻ പൈതൃക സ്നേഹികളെ സഹായിച്ച ചുംബന സമര സംഘാടകരോടുള്ള നന്ദി നിസ്സീമമാണ്.... 

       ഭാരതത്തിൽ എന്തൊക്കെ സാദ്ധ്യമാണ്, ഇവിടെ എന്തൊക്കെ അനുചിതമാണ് എന്നതിനെക്കുറിച്ച് ഏല്ലാവർക്കും വ്യക്തമായ ധാരണയുണ്ട്... അതിനെ മറന്നു കൊണ്ട് വെല്ലുവിളികൾ നടത്താനാണ് ചിലരുടെ ശ്രമം... ആ ശ്രമം ഇവിടെ വിലപ്പോകില്ല എന്ന് തെളിയിച്ചു കൊടുക്കുന്നതിനു സഹായിച്ച ചുമ്പന സമരത്തോട് നന്ദി... !!!

[[ചുമ്പന വിഷയത്തിലെ ഒരു പഴയ പോസ്റ്റ്‌ ..... Click here]]

[Rajesh Puliyanethu
 Advocate, Haripad]