Sunday 4 November 2018

ശബരിമല സംഘർഷം;; ഒരു ഭരണാധികാരിയുടെ നിർമ്മിതി...!!??

     
     ശബരിമലയിലെ യുവതീ പ്രവേശനമാണ് ഇന്ന് കേരളം ഭീതിയോടെ ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത്... ഒരു സംഘർഷത്തിന്റെ മുനമ്പിലാണോ  നിൽക്കുന്നത് എന്ന് ഏവരും ഭയപ്പെടുന്നു... ഈ ഭയപ്പാടിന്റെ അവസ്ഥയും ഭീതിയും എങ്ങനെ ഉണ്ടായി ?? ഒരു വിധത്തിലും  ഒഴിവാക്കാൻ കഴിയുമായിരുന്ന ഒരു അവസ്ഥയായിരുന്നില്ലേ ഇത്?? ഈ കലാപത്തിന്റെ അന്തരീക്ഷം ഒഴിവാക്കാൻ കഴിയുന്നതായിരുന്നു എന്നു മാത്രമല്ല നമ്മൾ മനസ്സിലാക്കേണ്ടത് മറിച്ചു് വിവേകശൂന്യനും,, പിടിവാശിക്കാരനുമായ ഒരു ഭരണാധികാരി നിർമ്മിച്ച അരക്ഷിതാവസ്ഥയാണ് ഇന്ന് കേരളത്തിലുള്ളത് എന്നാണ്.... 

     കേരളം ഒരു പ്രളയത്തിൽ നിന്നും കരകയറിയതു പോലും ഉണ്ടായിരുന്നില്ല... മലയാളിക്കുണ്ടായ പ്രളയ കാഠിന്യം കണക്കാക്കിപ്പറഞ്ഞാൽ മൂക്കറ്റം വെള്ളം ഇറങ്ങി കഴുത്തറ്റത്തിൽ എത്തിയ ആശ്വാസം വരെയേ ആയിരുന്നുള്ളൂ... അങ്ങനെയുള്ള ഒരു ജനതയ്ക്ക് മേലാണ് ശ്രീ പിണറായി വിജയൻ ശബരിമല പോലെയൊരു സംഘർഷ വിഷയം അടിച്ചേൽപ്പിച്ചത്...  

     ശബരിമല വിഷയം എങ്ങനെയാണ് ഒരു ഭരണാധികാരിയുടെ പരിപൂർണ്ണമായ പരാജയം വരച്ചു കാട്ടുന്ന ഒന്നായി മാറിയത്?? എങ്ങനെയാണ് രാഷ്ട്രീയമായും,, ഭരണപരമായും ശ്രീ പിണറായി വിജയൻ തനിക്ക്  ചേരാത്ത ഒരു വേഷമാണ് മുഖ്യമന്ത്രിയുടേത് എന്ന് തെളിയിക്കുന്നത്.... 

     ശബരിമലയിൽ പ്രായഭേദമെന്യേ സ്ത്രീകൾക്ക് കയറാം എന്ന വിധി സുപ്രീം കോടതിയിൽ നിന്നും വരുന്നു... കേരളാ ഗവൺമെന്റിന് അത് നടപ്പിലാക്കാനുള്ള നിയമപരമായ ബാധ്യത ഉണ്ടെന്ന വാദം പരിപൂർണ്ണമായും അംഗീകരിക്കുന്നു... പക്ഷെ ആ വിധിയിലേക്ക് എത്തിയ സാഹചര്യങ്ങൾ എങ്ങനെയായാണ് മായ്ച്ചു കളയാൻ കഴിയുക?? 

     യു ഡി എഫ് കേരളം ഭരിക്കുന്ന അവസ്സരത്തിൽ ശബരിമല വിഷയത്തോട് അനുബന്ധിച്ചു ഒരു സത്യവാങ്മൂലം കോടതിയിൽ കൊടുത്തിരുന്നു.. അതിൽ വ്യക്തമാക്കിയിരുന്നത് ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കുന്നതിന് സർക്കാർ അനുകൂലിക്കുന്നില്ല എന്നായിരുന്നു... ആ സത്യവാങ്മൂലം എൽ ഡി എഫ് സർക്കാർ തിരുത്തി നൽകിയതാണ് ശബരിമല വിഷയത്തിൽ ശ്രീ പിണറായി വിജയൻ രാഷ്ട്രീയം കലർത്തുന്നു എന്ന് പറയാനുള്ള ആദ്യ കാരണം... രാഷ്ട്രീയ കക്ഷികൾ മാറിമാറി ഭരണത്തിൽ വരുന്നതിനു അനുസരിച്ചു കോടതിയിൽ നിലപാടുകൾ മാറ്റണമെന്നത് ഏതു പുസ്തകത്തിൽ നിന്നുമാണ് കേരള മുഖ്യമന്ത്രി പഠിച്ചത്?? അവിടെ സി പി എം ന്റെ രാഷ്ട്രീയ നിലപാടായിരുന്നു സർക്കാർ നിലപാടായി കോടതിയിൽ  സ്വീകരിച്ചതെന്ന് കാണണം.. യു ഡി എഫ് സർക്കാർ സ്വീകരിച്ച നിലപാടിനെതിരെ ശ്രദ്ധേയമായ യാതൊരു എതിർപ്പുകളും ഉയർന്നു വരാതിരുന്ന വേളയിൽപ്പോലും കോടതിയിൽ നിലപാട് മാറിയതിനെ എങ്ങനെ മനസ്സിലാക്കണം!!??? എൽ ഡി എഫ് രാഷ്ട്രീയം വിശ്വാസികൾക്കുമേൽ അടിച്ചേൽപ്പിക്കുകയായിരുന്നു എന്നതിനപ്പുറം!? 

      സി പി എം ന്റെ രാഷ്ട്രീയ നിലപാട് യുവതികളെ പ്രവേശിപ്പിക്കുന്നതിനെ അനുകൂലിക്കുന്നതായിരുന്നെങ്കിൽ അത് പോലും നയപരമായി നടപ്പാക്കിയെടുക്കാൻ കഴിവില്ലാത്ത രാഷ്ട്രീയക്കാരനും, ഭരണാധികാരിയുമാണ് ശ്രീ പിണറായി വിജയൻ... അങ്ങനെ പറയാനും കാരണങ്ങൾ അധികമാണ്... കോടതി വിധി പുറത്തു വന്ന ദിവസ്സങ്ങളിൽ ബി ജെ പി യും, സംഘ പരിവാറും,, കോൺഗ്രസ്സും എടുത്ത നിലപാടുകൾ വിധിക്കും അതുപോലെ തന്നെ  സി പി എം ന്റെ രാഷ്ട്രീയ നിലപാടിനും അനുകൂലമായിരുന്നു... ആ രാഷ്ട്രീയ നിലപാട് എതിർ ശബ്ദങ്ങൾ രൂപം കൊണ്ടു വരാതെ തന്നെ നടപ്പിലാക്കി എടുക്കാനുള്ള നയപരമായ ബുദ്ധി എന്തുകൊണ്ട് ശ്രീ പിണറായിക്ക് ഇല്ലാതെ പോയി...?? തനിക്ക് അനുകൂലമായി നിന്ന എതിർ രാഷ്ട്രീയ കക്ഷികളുടെ നിലപാടുകളെപ്പോലും തങ്ങൾക്കെതിരായ പൊതുജന പ്രക്ഷോഭമാക്കി മാറ്റിയ ശ്രീ പിണറായി വിജയന്റെ രാഷ്ട്രീയ അപാരതയ്ക്കു പകരം വെയ്ക്കാൻ ഒന്നുമില്ലന്നെ പറയാനുള്ളൂ... അതും ശ്രീ വിജയൻറെ കഴിവായി പുകഴ്ത്തുന്നവരോട് ഒന്നേ ചോദിക്കാനുള്ളൂ... ചോര വീഴ്ത്തി കാര്യം നേടുന്നതിലേ അദ്ദേഹത്തിനു ത്രിൽ ഉള്ളോ;; എന്ന്... 

     ബി ജെ പി യും, സംഘ പരിവാറും,, കോൺഗ്രസ്സും എടുത്ത നിലപാടുകളെ കുറ്റപ്പെടുത്താൻ ആകില്ല... ഹിന്ദു വികാരങ്ങൾക്കൊപ്പം തങ്ങളുണ്ട് എന്ന് പ്രഖ്യാപിത നയം സ്വീകരിച്ചിട്ടുള്ള ബി ജെ പി ക്കും,, സംഘ പരിവാറിനും ഒരിക്കലും ഒരു സംഘടനാ നേതൃത്വത്തിൻ കീഴിൽ അല്ലാതെ പോലും ഉയർന്നു വരുന്ന ഹിന്ദു വിലാപ ശബ്ദത്തെ കേട്ടില്ലെന്നു നടിക്കാൻ കഴിയുമായിരുന്നില്ല... മുൻപെടുത്ത വിശാല കാഴ്ചപ്പാടുകളുടെ മാറാപ്പു പേറുകയായിരുന്നില്ല അവർക്കുചിതമായത്;; മറിച്ചു് വിശ്വാസ്സികൾക്കൊപ്പം ചേരുക തന്നെയായിരുന്നു... സ്വയം അപമാനഭാരത്തോടെ വിലപിക്കുന്ന ഹിന്ദു ശബ്ദങ്ങൾ ആയിരുന്നു തെരുവുകളിൽ നാമജപ ശബ്ദങ്ങളായി ഉയർന്നത്.. കോൺഗ്രസ്സിനും മറിച്ചൊരു നിലപാട് സാധ്യമല്ലാത്ത അവസ്ഥ സംജാതമായി... അപമാനഭാരത്തോടെ വിലപിക്കുന്ന ഹിന്ദുവിനെ സൃഷ്ടിച്ചതും, അവർക്കു പിന്തുണയായി മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ അണി  നിരത്തിയതിനുള്ള പങ്കും ശ്രീ പിണറായി വിജയനല്ലാതെ മറ്റാർക്കും അവകാശപ്പെടാൻ കഴിയില്ല... 

     ഒരു ജനാധിപത്യ രാജ്യത്തെ ഭരണാധികാരി ജനങ്ങളെ വില വെയ്ക്കണം എന്ന ഒരു സാമാന്യ മര്യാദ പോലും ശ്രീ പിണറായി വിജയൻ കാട്ടിയില്ല... പാർട്ടിയുടെ സംഘടനാ ശക്തിയും,, അധികാരവും ഉണ്ടെങ്കിൽ ആരോടും സൗമ്യനാകേണ്ട ആവശ്യമില്ല എന്ന നിലപാടുകാരനാണ് അദ്ദേഹം.. അതിൻ്റെ ഉദാഹരണങ്ങൾ ശബരിമല വിഷയത്തിൽത്തന്നെ പലതാണ്... വൈകാരികമായ ഒരു വിഷയത്തെ അദ്ദേഹം സമീപിച്ച രീതിതന്നെ ഒന്നു വിശകലനം ചെയ്തു നോക്കൂ... കോടതി വിധി വന്ന മാത്രയിൽത്തന്നെ "വിധി കർശനമായി നടപ്പിലാക്കും,, യാതൊരു സാവകാശവും നൽകില്ല" എന്ന പ്രസ്ഥാവന മുതൽ പിന്നിങ്ങോട്ട് ധാർഷ്ട്യം ഓരോ വാക്കിലും ശരീര ഭാഷയിലും നിഴലിച്ചു നിന്നിരുന്നു... കോടതി വിധി പ്രഖ്യാപിച്ചു ന്യായാധിപൻ അതിൽ ഒപ്പു വെച്ച് മഷി ഉണങ്ങിയ സമയമെടുത്തിരുന്നില്ല മുഖ്യന്റെ പ്രസ്ഥാവന വരുന്നതിന് എന്നതാണ് ശ്രദ്ധേയമായ കാര്യം...  വിധിയിൽ വിഷമമുള്ള ഒരു വിഭാഗം ഉണ്ടാകുമെന്ന് സ്വോഭാവികമായും അദ്ദേഹം മനസ്സിലാക്കേണ്ടത് ആണല്ലോ!? അവർക്ക് എന്തെങ്കിലും പരിഗണന ശ്രീ പിണറായി വിജയൻ കാട്ടിയിരുന്നെങ്കിൽ "വിധി പഠിക്കട്ടെ,, അതിനു ശേഷം തീരുമാനിക്കാം" എന്ന പതിവ് പല്ലവി എങ്കിലും പറയുമായിരുന്നില്ലേ!?? 

     സ്വതന്ത്ര ഭരണ ചുമതല ഉള്ള ദേവസ്വം ബോർഡിന്റെ ഭരണകാര്യങ്ങളിൽ കൈകടത്തിയും ശ്രീ പിണറായി വിജയൻ വിശ്വാസികളെ വെല്ലുവിളിക്കുന്നതിനല്ലേ ശ്രമിച്ചത്?? റിവ്യൂ പെറ്റിഷൻ കോടതിയിൽ സമർപ്പിക്കും എന്ന പദ്മകുമാറിന്റെ പ്രസ്താവന ശകാര രൂപത്തിൽ തിരുത്തേണ്ട കാര്യം എന്തായിരുന്നു അദ്ദേഹത്തിന്...?? ഉത്തരം ഒന്നേ ഉള്ളൂ,, വിശ്വാസികൾ എന്ന വിഭാഗത്തെ പരമ പുശ്ചത്തോടെ മാത്രമാണ് അദ്ദേഹം സമീപിച്ചിരുന്നത്... ആ പുശ്ചത്തിന്റെ പരിണിത ഫലമാണ് വിധിയുടെ തൊട്ടടുത്ത ദിവസ്സം ശിവസ്സേന പ്രഖ്യാപിച്ച ഹർത്താലിന് ഹിന്ദു സംഘടനകളുടെ പോലും പിന്തുണയില്ലാതെ പിൻവലിച്ചിടത്തുനിന്ന് സമസ്ത ഹിന്ദു സംഘടനകളുടെയും, കൊണ്ഗ്രെസ്സ് ഉൾപ്പെടെയുള്ള രാഷ്ട്രീയ കക്ഷികളുയെയും പിന്തുണയോടെ കേരളം കണ്ട ഏറ്റവും വലിയ വിശ്വാസ്സി പ്രക്ഷോഭമായി മാറിയത്.... 

     കേരള സർക്കാർ കൊടുത്ത സത്യവാങ്മൂലത്തിന് അനുകൂലമായി ലഭിച്ച വിധിക്ക് എതിരെ തിരുത്തൽ ഹർജി നിലനിൽക്കുകയില്ലന്ന  സാങ്കേതികത്വം മുഖ്യൻ നിരത്തുന്നതിനെ നമുക്ക് അംഗീകരിക്കാം... എന്നാൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരരീതി മണ്ഡലകാലത്തിനു തൊട്ടു മുൻപ് നടപ്പിലാക്കുന്നതിലെ ബുദ്ധിമുട്ടു വിവരിച്ചു കൂടുതൽ സമയം ആവശ്യപ്പെട്ടുകൊണ്ട് ഒരു ഹർജി കോടതിയിൽ സമർപ്പിച്ചിരുന്നെങ്കിൽ തീർച്ചയായും അനുവദിക്കപ്പെടുമായിരുന്നു... വിധിയുടെ പശ്ചാത്തലത്തിൽ നിന്നുകൊണ്ട് സമൂഹത്തിൽ വിശദമായി ചർച്ച ചെയ്യുന്നതിനുള്ള ഒരു വലിയ അവസ്സരമായിരുന്നില്ലേ അതുവഴി ലഭിക്കുമായിരുന്നത്?? ആ ചർച്ചകളുടെ സമയം ഒരിക്കലും പ്രക്ഷോഭങ്ങൾ ഉയരുമായിരുന്നില്ല... സമൂഹം കലുഷിതമാകുമായിരുന്നില്ല... അവിടെ സമൂഹത്തിന് ഒന്നും നഷ്ടമാകുമായിരുന്നില്ല;; എന്നാൽ സി പി എം നു ജനങ്ങളെ ജാതി പറഞ്ഞു വിഘടിപ്പിക്കുന്നതിനുള്ള അവസ്സരം മാത്രം ഇല്ലാതാകുമായിരുന്നു...

     നവകേരളം നിർമ്മിക്കാൻ കൈയ്യിൽ കരണ്ടിയുമായി നിൽക്കുന്ന ഒരു മുഖ്യൻ കേരളത്തിനില്ല... അദ്ദേഹം രാഷ്ട്രീയ വിശദീകരണ യോഗങ്ങൾ സംഘടിപ്പിക്കുന്ന തെരക്കിലാണ്‌... ശബരിമല വിഷയത്തിൽ രാഷ്ട്രീയ വിശദീകരണ യോഗങ്ങൾ സംഘടിപ്പിക്കുന്നതുവഴി സി പി എം ഒരു കാര്യം സമ്മതിക്കുന്നു... ""ശബരിമലയിൽ അവരുടെ വിഷയം രാഷ്ട്രീയമാണ്"" വിശ്വാസ്സികളെ സംരക്ഷിക്കുമെന്നത് വെറും പോയ് വാക്കു മാത്രം... 

     സി പി എം സംഘടിപ്പിക്കുന്ന രാഷ്ട്രീയ വിശദീകരണ യോഗങ്ങളിൽ സൈദ്ധാന്തികമായും,, പ്രത്യയ ശാസ്ത്രപരമായും നിലനിൽക്കുന്ന തമാശകൾ അനവധിയാണ്... ഒരു ഉദാഹരണം പറയാം... അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യമാണ് പലയിടത്തെയും ചർച്ചാ വിഷയം... ശബരി  മലയിലെ മൂല ശാസ്താ വിഗ്രഹത്തിൽ വിലയം പ്രാപിക്കുകയായിരുന്നു അയ്യപ്പനെന്നും അതിനാൽ പത്നീ സമേതനായ ശാസ്താവാണ് അടിസ്ഥാനം എന്നവർ ആധികാരികമായി പറഞ്ഞു വെയ്ക്കുന്നു... സന്തോഷം തന്നെ... ശാസ്‌താവിലും, അയ്യപ്പനിലും ഉള്ള സംശയങ്ങൾ അവർക്കു മാറിയല്ലോ.. ഇനി അവശേഷിക്കുന്ന സംശയം അയ്യപ്പൻറെ ബ്രഹ്മചര്യത്തെപ്പറ്റി മാത്രമല്ലേ ഉള്ളൂ..!?? കാലം അതും മാറ്റിത്തരും എന്ന് പ്രതീക്ഷിക്കാം... ഈ പാർട്ടിയും വളരുന്നുണ്ട്....

     രാഷ്ട്രീയ വിശദീകരണ യോഗങ്ങളിൽ മുഖ്യ മന്ത്രി നേരിട്ട് നടത്തുന്ന ചില വിശദീകരണങ്ങൾ അദ്ദേഹത്തെ സ്വയം അപഹാസ്യനാക്കുന്നു എന്ന് പോലും തോന്നിപ്പോകുന്നു... കേരള ഹൈകോടതിയിൽ നിന്നും 1991 ൽ വന്ന വിധിക്കു മുൻപ് യുവതീ പ്രവേശനം സുഗമമായി നടന്നിരുന്ന രീതിയിലാണ് അദ്ദേഹം സംസാരിക്കുന്നത്... അതിന് തന്ത്രികുടുംബത്തിലെ ഏതോ സ്ത്രീ കയറിയ കഥയും ഉദാഹരിച്ചു കേട്ടു... തന്ത്രിയുടെയോ,, കൊട്ടാരത്തിന്റെയോ ആരുടേയും സ്വന്തക്കാരും, ബന്ധുക്കളുമാകട്ടെ;; ഏതൊരു യുവതിയുടെ പ്രവേശനത്തെയും ഇവിടുത്തെ വിശ്വാസി സമൂഹം അംഗീകരിക്കുന്നില്ല എന്ന് അദ്ദേഹം മനസ്സിലാക്കണം.. തെറ്റ് ഏതു കാലത്ത് ആരു ചെയ്താലും അത് തിരുത്തപ്പെടുകയാണ് വേണ്ടത്... സംഭവിച്ച തെറ്റ് ശരിയെന്ന പോലെ അനുവർത്തിക്കുകയല്ല ഉചിതം....

     വിധി നടപ്പിലാക്കുന്നതിന് സമയം എങ്കിലും ആവശ്യപ്പെട്ട് കേരളത്തെ സംഘർഷ ഭൂമിയാക്കി മാറ്റുന്നതിനെ ഒഴിവാക്കുന്നതിനുള്ള ഒരു ശ്രമവും കേരള മുഖ്യൻ ചെയ്തില്ല എന്ന് നമ്മൾ ദുഃഖത്തോടെ തന്നെ മനസ്സിലാക്കണം.. മാത്രമല്ല അദ്ദേഹത്തിനെക്കൊണ്ട് കഴിയുന്ന രീതിയിൽ അഗ്നിയിൽ എണ്ണ ഒഴിക്കുകയും ചെയ്തു... പ്രളയത്തിനു ശേഷമുള്ള പുനർ നിർമ്മാണമാണ് ഇപ്പോൾ ആവശ്യം എന്ന് അദ്ദേഹം ഓർത്തില്ല...!!! ഇപ്പോഴും ക്യാമ്പുകളിൽ കഴിയുന്നവരെക്കുറിച്ചു അദ്ദേഹം ഓർത്തില്ല...!!! പോലീസ് നടപടികൾക്കാവശ്യമായി വരുന്ന ഭീമമായ ചെലവുകളെക്കുറിച്ചു അദ്ദേഹം ഓർത്തില്ല...!!! ഒരു സംഘർഷം ഉണ്ടായാൽ അതിൽ നിന്നും മുതലെടുക്കാൻ വിധ്വംസ്സക ശക്തികൾ ഉണ്ടാകുമെന്ന് അദ്ദേഹം ഓർത്തില്ല...!!! അങ്ങനെ ജനതയെക്കുറിച്ചു ഒരുപാട് കരുതലുകൾ ആവശ്യമുള്ളവനാണ് ഒരു ഭരണാധികാരി... എന്നാൽ മനസ്സിൽ സംഘർഷത്തിന്റെ സുഖം മാത്രം പ്രതീക്ഷിച്ചു ഭരിക്കുന്ന ഒരു ഭരണാധികാരിയാണ് ഇന്ന് കേരളത്തിനുള്ളത്... 

     ന്യൂനപക്ഷ പ്രീണനം ഇഷ്ട്ട വിഷയമായ ശ്രീ പിണറായി വിജയന് ശബരിമല വിഷയത്തിൽ എടുത്തത തീരുമാനങ്ങളിൽ അപ്രകാരം ഒരു നേട്ടവും ഉണ്ടാക്കാൻ കഴിഞ്ഞില്ല.... എന്നാൽ ന്യൂന പക്ഷങ്ങൾ ചെറിയ നേട്ടം ഉണ്ടാക്കി എന്ന് മനസ്സിലാക്കാം... വിശ്വാസ്സത്തിന്റെ പേരിൽ സ്ഥിരം സംഘടനങ്ങളിൽ ഏർപ്പെടുന്ന ഇക്കൂട്ടർ ശബരിമല വിഷയത്തിൽ വിശ്വാസ്സികൾക്കൊപ്പം നിന്നുകൊണ്ട് വരും കാലങ്ങളിൽ തങ്ങൾക്കുള്ള ഹിന്ദു വിശ്വാസ്സികളുടെ പിന്തുണ ഉറപ്പിച്ചു... എന്തായാലും ഹിന്ദു വിശ്വാസ്സികൾക്കൊപ്പം മറ്റു മതസ്ഥരും ഒത്തുചേർന്നതോടെ മതങ്ങൾക്കിടയിൽ വിടവ് സൃഷ്ട്ടിക്കാൻ സി പി എം നു കഴിയാതെ പോയി... അതിനാൽ അവർ അത് ജാതികൾക്കിടയിലേക്ക് തൽക്കാലം ഒതുക്കി നിർത്തി... 

     ഒരു ഭരണാധികാരിയായി ശ്രീ പിണറായി വിജയൻ നിൽക്കുന്നിടത്തോളം കാലം അദ്ദേഹം ജനങ്ങളുടെ വികാരങ്ങളെ ഉൾക്കൊള്ളുന്ന നയവും ഹൃദയ വിശാലതയും കാട്ടണം.... ജനങ്ങളുടെ വികാരങ്ങൾക്കൊപ്പം വഴക്കമുള്ള സ്വഭാവം പ്രകടിപ്പിച്ചാൽ തന്റെ ചങ്കുറപ്പിന് എന്തെങ്കിലും കുറവു പറ്റിയെന്ന് അണികൾ കരുതുമെന്നാണ് അദ്ദേഹത്തിൻറെ ഭയം... സ്വയം പ്രതിബിംബത്തിൽ കിങ് ജോംഗ് ഉൻ നെ കാണുന്ന പ്രകൃതം കൂടിയായപ്പോൾ കേരള ജനതയ്ക്ക് ലോട്ടറിയടിച്ചു... ഈ സമീപനം തുടർന്നാൽ ഇന്ന് സ്തുതി പാടുന്ന അണികൾ സഹിതം ""കേരളത്തിന് കൊള്ളിവെച്ച നേതാവ്"" എന്ന് അദ്ദേഹത്തെ കൂവി വിളിക്കുന്നത് കാണാം.. അങ്ങനെ ഉണ്ടാകാതിരിക്കട്ടെ....

[Rajesh Puliyanethu
 Advocate, Haripad]