Saturday, 19 July 2025

നിമിഷ പ്രിയ ഒരു യമനീസ് ദു:ഖം...

     നിമിഷപ്രിയ എന്ന ഇന്ത്യൻ യുവതിയുടെ വധശിക്ഷ യമനിൽ നടപ്പാക്കുന്നതിനെ കുറിച്ചും അത് എങ്ങനെ തടയാം, നിമിഷപ്രിയയെ മോചിപ്പിക്കാം എന്നതിനെക്കുറിച്ചും ചർച്ചകൾ സജീവമായി നടക്കുന്നു... നിമിഷ പ്രിയ നടത്തിയ കുറ്റകൃത്യത്തെക്കുറിച്ചും അനന്തര നടപടിക്രമങ്ങളെക്കുറിച്ചും വളരെ അടുത്ത സമയത്താണ് ഇത്രയധികം ആളുകൾ മനസ്സിലാക്കി തുടങ്ങിയതും ചർച്ച ചെയ്യുന്നതും... 

     നിമിഷ പ്രിയയുടെ വിഷയം പല തലങ്ങളായി തരംതിരിച്ച് ആലോചിക്കേണ്ടതാണ്... ഒന്നാമത്തെ ചോദ്യം എന്താണ് നിമിഷ പ്രിയ ചെയ്ത കുറ്റം?? അതേ കുറ്റം ഇന്ത്യ മഹാരാജ്യത്തിന്റെ ടെറിറ്ററി ക്കുള്ളിൽ ആയിരുന്നു എങ്കിൽ എന്തായിരുന്നു പരമാവധി ശിക്ഷ?? നിമിഷ പ്രിയക്ക് ഫെയർ ട്രയൽ ലഭിച്ചോ?? നിമിഷപ്രിയ ഈ രാജ്യത്തിന് വേണ്ടി നടത്തിയ ഏതെങ്കിലും പ്രവർത്തനത്തിന്റെ ഭാഗമായാണോ ജയിലിലായത്?? നിമിഷപ്രിയ മനസ്സറിവില്ലാതെ അബദ്ധത്തിൽ ചെയ്തുപോയ ഒരു തെറ്റിന്റെ പേരിലാണോ ശിക്ഷ അനുഭവിക്കുന്നത്?? ഭാരത സർക്കാരും ഇവിടുത്തെ ജനങ്ങളും എന്തുകൊണ്ട് നിമിഷ പ്രിയ മോചിപ്പിക്കപ്പെടണം എന്ന ചിന്തയിൽ പ്രവർത്തിക്കണം?? ഭാരത സർക്കാറിനോ, മറ്റാർക്കെങ്കിലുമൊ നിമിഷ പ്രിയ വിഷയത്തിൽ എന്തുചെയ്യാൻ കഴിയും?? ആർക്കായാലും ചെയ്യാൻ സാധ്യമായ പരിഹാരം എന്താണ്?? ഈ ചോദ്യങ്ങൾക്ക് എല്ലാം ഉത്തരം ലഭിക്കുന്നതോടെ നിമിഷ പ്രിയ വിഷയം ജനങ്ങളുടെ മുന്നിൽ വസ്തു നിഷ്ഠമായും വികാരങ്ങൾക്ക് അതീതമായും വിവരിക്കപ്പെടും...

     ഒന്നാമത്തെ ചോദ്യമാണ് പ്രധാനം... എന്തായിരുന്നു നിമിഷ പ്രിയ ചെയ്ത കുറ്റം??

     നിമിഷ പ്രിയ വിവാഹിതയായ ഒരു ക്രിസ്ത്യൻ മലയാളി വനിതയാണ്... അവർ നഴ്സിംഗ് മേഖലയിൽ ഉൾപ്പെടുന്ന ഒരു ജോലിയുമായി യമനിൽ എത്തിച്ചേരുന്നു... അവിടെ തലാൽ അബ്ദോ മഹ്ദി എന്നയാളുമായി ചേർന്ന് ഒരു ലാബ് നടത്തുന്ന ബിസിനസ്സിൽ ഏർപ്പെടുന്നു... യമനിലെ നിയമപരമായ ചില ആനുകൂല്യങ്ങൾ ലഭിക്കാനായി നിമിഷ പ്രിയ തലാലിനെ വിവാഹം കഴിച്ചതാണ് എന്ന മട്ടിൽ പെരുമാറുന്നു... അവർ വിവാഹിതരായി എന്നും അതല്ല അപ്രകാരം പെരുമാറുക മാത്രമായിരുന്നു എന്ന രണ്ടു പക്ഷവും ഉണ്ട്... അത് കേസിന്റെ മെറിറ്റിൽ കൂടുതലായി ബാധകമാകുന്ന കാര്യമല്ല... ഏകദേശം മൂന്നു വർഷത്തോളം കാര്യങ്ങൾ ഇപ്രകാരം മുന്നോട്ടു പോകവെ തലാൽ നിമിഷ പ്രിയയെ ക്രൂരമായി ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും നിമിഷ പ്രിയയുടെ പാസ്പോർട്ട് കൈക്കലാക്കി തടഞ്ഞു വെയ്ക്കുകയും അവരെ സാമ്പത്തികമായി ചൂഷണം ചെയ്യുകയും ചെയ്തുകൊണ്ടിരുന്നു... നിവൃത്തികെട്ട നിമിഷ പ്രിയ മറ്റൊരു  സുഹൃത്തിൻ്റെ സഹായത്തോടെ തലാലിനെ അബോധാവസ്ഥയിലാക്കി പാസ്പോർട്ട് കൈക്കലാക്കി രക്ഷപ്പെടാൻ തീരുമാനിക്കുന്നു... അതിനായി തലാലിന് ഒരു ഡോസ് ഉറക്കമരുന്ന് നൽകുന്നു... ആ ഡോസിൽ തലാൽ നിമിഷ പ്രിയയും കൂട്ടാളിയും വിചാരിച്ച വിധത്തിൽ ഉറങ്ങുന്നില്ല... അതിനാൽ നിമിഷ പ്രിയ തലാലിന് മറ്റൊരു ഡോസ് ഉറക്ക മരുന്നു കൂടി നൽകുന്നു... അത് അധിക ഡോസ് ആയി തീരുകയും ആ കാരണത്താൽ തലാൽ മരണപ്പെടുകയും ചെയ്യുന്നു... തലാൽ മരണപ്പെട്ടു എന്ന് മനസ്സിലാക്കിയ നിമിഷ പ്രിയയും കൂട്ടാളിയും കൂടിച്ചേർന്ന് തലാലിന്റെ മൃതശരീരം പല കഷ്ണങ്ങളാക്കി വാട്ടർ ടാങ്കിൽ നിക്ഷേപിക്കുന്നു... അതിനുശേഷം പാസ്പോർട്ട് കൈക്കലാക്കി രാജ്യം വിടാൻ ശ്രമിക്കുന്നു... എയർപോർട്ടിൽ വച്ച് നിമിഷ പ്രിയ പോലീസ് പിടിയിലാകുന്നു... 

     ഇതാണ് നിമിഷ പ്രിയ ചെയ്ത കുറ്റകൃത്യത്തിന്റെ സംക്ഷിപ്ത രൂപം...

     നിമിഷ പ്രിയ ചെയ്ത കുറ്റകൃത്യത്തിന് മോട്ടീവുണ്ട്... കോൺസ്പിറസ്സി ഉണ്ട്... പ്രിപ്പറേഷൻ ഉണ്ട്... ആക്ഷൻ ഉണ്ട്... 

     ഇന്ത്യൻ നിയമ പ്രകാരം പോലും ഒരു ക്രിമിനൽ ആക്ടിന്റെ എല്ലാവിധ ചേരുവകളും നിമിഷപ്രിയ പൂർത്തീകരിച്ചിട്ടുണ്ട്... ഉറക്ക മരുന്നു നൽകി ഉറക്കി കിടത്തി പാസ്പോർട്ട് എടുത്ത് രക്ഷപ്പെടാൻ മാത്രമല്ലേ ശ്രമിച്ചിരുന്നുള്ളൂ,, കൊല്ലാൻ ഉദ്ദേശിച്ചിരുന്നില്ലല്ലോ? എന്ന ഒരു ചോദ്യം മാത്രമാണ് അവശേഷിക്കുന്നത്... അപ്പോഴും യാതൊരു ഇൻ്റെൻഷനും ഇല്ലാതെ ഒരശ്രദ്ധ കൊണ്ടു മാത്രം സംഭവിച്ച മനപ്പൂർവമല്ലാത്ത നരഹത്യ എന്ന വിഭാഗത്തിലും നിമിഷ പ്രിയയുടെ കേസ് ഉൾപ്പെടുമെന്ന് തോന്നുന്നില്ല... ഒരാളെ അയാൾ അറിയാതെ ഉറക്കമരുന്നു നൽകി ഉറക്കി കിടത്തി അയാളുടെ കസ്റ്റഡിയിൽ ഇരുന്ന ഒരു വസ്തു അപഹരിക്കാൻ ശ്രമിച്ചപ്പോൾ നടന്ന മരണമാണ്... അതൊരു കുറ്റകൃത്യത്തിന്റെ ഭാഗമായി നടന്ന മരണമാണ്... ഭാരതത്തിലെ ക്രിമിനൽ വിചാരണ പോലെ പ്രതിയുടെ ഉദ്ദേശവും, ഉദ്ദേശത്തിൻറെ ആഴവും, പരപ്പും, ഭാരവും എല്ലാം തലനാരിഴ കീറി പരിശോധിച്ച് ശിക്ഷ വിധിക്കുക എന്നത് ശരിയത് നിയമങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന ഒരു രാജ്യത്ത് സാധ്യമാണെന്ന് തോന്നുന്നതുമില്ല...

     നിമിഷപ്രിയ ചെയ്ത കുറ്റകൃത്യത്തിന്റെ സ്വഭാവം ഇപ്രകാരമല്ല എന്നോ നിമിഷ പ്രിയ പ്രകാരം ഒരു കുറ്റകൃത്യം ചെയ്തില്ല എന്നോ നിമിഷയുടെ മോചനത്തിനു വേണ്ടി ശ്രമിക്കുന്നവർക്ക് പോലും ആക്ഷേപമില്ല... നിമിഷ പ്രിയക്ക് വിചാരണയെ നേരിടാനുള്ള അവസരം ലഭിച്ചില്ല എന്ന ആക്ഷേപവും ഇല്ല... ISIS  തീവ്രവാദികളോ താലിബാനികളൊ ചെയ്യുന്നതുപോലെ ഒരു വിചാരണയും കൂടാതെ കഴുത്തറക്കുന്ന രീതി ഈ വിഷയത്തിൽ കണ്ടില്ല... നിൽക്കുന്ന മണ്ണിൻറെ നിയമമാണല്ലോ അറിയേണ്ടതും അനുസരിക്കേണ്ടതും... യമനിലെ നിയമ കുറ്റ വിചാരണാ നടപടികൾക്ക് വിധേയ ആകാനും പ്രതിരോധിക്കാനും നിമിഷ പ്രിയക്ക് അവസരം ലഭിച്ചു എന്നു വേണം മനസ്സിലാക്കാൻ...

     നിമിഷ പ്രിയയുടെ മോചനം രാജ്യം ഒന്നടങ്കം ആവശ്യപ്പെടത്തക്ക വിധത്തിൽ നിമിഷ പ്രിയ ഈ രാജ്യത്തിൻറെ പൊതുവായ ആവശ്യത്തിന് വേണ്ടി ഏതെങ്കിലും സേവനം ചെയ്തപ്പോൾ ആയിരുന്നോ പിടിയിലാവുകയും ശിക്ഷയേറ്റു വാങ്ങേണ്ടി വരികയും ചെയ്തത്?? ഒരിക്കലുമല്ല... പട്ടാള സേവനം നടത്തുന്നതിനിടയിലോ, രാജ്യത്തിനുവേണ്ടി ചാര പ്രവർത്തി നടത്തിയതിന്റെ പേരിലോ, ഏതെങ്കിലും നിരീക്ഷണ പരീക്ഷണങ്ങൾ നടത്തിയതിന്റെ പേരിലോ ഒന്നുമല്ലല്ലോ നിമിഷ പ്രതി ചേർക്കപ്പെട്ടത്!? 

     കുറ്റകരമായ ലക്ഷ്യങ്ങളോ മനസ്സോ ഇല്ലാത്ത ഏതെങ്കിലും ഒരു പ്രവർത്തി ചെയ്യുന്നതിന്റെ ഇടയിൽ അബദ്ധത്തിൽ നിമിഷപ്രിയ ഒരു കുറ്റകൃത്യം ചെയ്തു പോയതാണോ?? ഉദാഹരണത്തിന് കാലി മെയ്ക്കാൻ പോകുന്നവർ, കടലിൽ മീൻ പിടിക്കാൻ പോകുന്നവർ തുടങ്ങിയവർ അബദ്ധത്തിൽ കര/ കടൽ അതിർത്തികൾ ഭേദിച്ചതിന്റെ പേരിൽ മറ്റു രാജ്യങ്ങളുടെ പിടിയിലാകാറുണ്ട്... വാഹനമോടിച്ച് അബദ്ധത്തിൽ ആരെങ്കിലും മരണപ്പെട്ടു പോകുന്നതിന്റെ ഭാഗമായി വലിയ ശിക്ഷകൾ ഏറ്റുവാങ്ങേണ്ടി വന്നവരുണ്ട്... അപ്രകാരം അബദ്ധത്തിൽ ചെയ്തുപോയ കുറ്റകൃത്യത്തിന്റെ ഗണത്തിലും നിമിഷ പ്രിയയുടെ കുറ്റകൃത്യത്തെ ഉൾക്കൊള്ളിക്കാൻ കഴിയുന്നില്ല എന്ന സത്യവും ആവശേഷിക്കുന്നു...

     യമനിൽ വിചാരണ കോടതി നിമിഷ പ്രിയയിൽ കണ്ടെത്തിയ കുറ്റകൃത്യം കൊലപാതകമാണ്... അതേ കുറ്റകൃത്യം ഇന്ത്യൻ കോടതി മുമ്പാകെ തെളിയിക്കപ്പെട്ടിരുന്നു എങ്കിലും കിട്ടാവുന്ന പരമാവധി ശിക്ഷ എന്നു പറയുന്നത് വധശിക്ഷ തന്നെയാണ്... വധശിക്ഷ വിധിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്ന നമ്മുടെ രാജ്യത്തിന്, സമാനമായ കുറ്റത്തിന് സമാനമായ ശിക്ഷാ വിധി നടപ്പിലാക്കുന്ന മറ്റൊരു രാജ്യത്തോട് അപേക്ഷാ സ്വരമല്ലാതെ വിമർശന സ്വരം അല്പം പോലും സാദ്ധ്യമല്ല...

     കാര്യങ്ങൾ ഇപ്രകാരമാണെന്നിരിക്കെ ഇന്ത്യാ ഗവൺമെൻ്റും, ജനങ്ങളും എന്തിൻറെ അടിസ്ഥാനത്തിൽ നിമിഷ പ്രിയയുടെ മോചനത്തിനായി ശ്രമിക്കണം എന്ന പ്രസക്തമായ ഈ ചോദ്യമുണ്ട്... 


     അതിനുള്ളിൽ ഉത്തരം നിമിഷപ്രിയയോടുള്ള സെന്റിമെന്റ്സിന്റെ പേരിലോ, അവർ ഒരു സ്ത്രീയാണ്, സഹോദരിയാണ്, അമ്മയാണ്, ഭാര്യയാണ്, നിർധനയാണ്, എന്നതിന്റെ ഒന്നും പേരിലോ ആകരുത്...

അവർ ഒരു ഭാരത പൗരയാണ്... ഈ മഹാരാജ്യത്തിലെ ഒരു അംഗത്തെയും മറ്റൊരു രാജ്യത്തിന് കൊല്ലാനോ പീഡിപ്പിക്കാനോ വിട്ടു നൽകില്ല എന്നതാണ് ഈ രാജ്യത്തിൻറെ ഒറ്റക്കെട്ടായി തീരുമാനം... അതുകൊണ്ട് മാത്രം നിമിഷ പ്രിയയുടെ മോചനത്തിനായി ഈ രാജ്യം ഒന്നായി ശ്രമിക്കുന്നു... അപ്രകാരം വിദേശ രാജ്യങ്ങളിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ ഈ രാജ്യത്തിൻറെ സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെടുത്തി ഈ മണ്ണിൽ കൊണ്ടുവന്നാൽ അവരെ ഇവിടെ വിചാരണ ചെയ്ത് ശിക്ഷ ഉറപ്പാക്കാനുള്ള നിയമ നിർമാണങ്ങൾ നടത്തണമെന്നാണ് എൻറെ പക്ഷം... 

     നിമിഷ പ്രിയയുടെ മോചനത്തിനായി ക്രിയാത്മകമായി എന്തു ചെയ്യാൻ കഴിയും എന്നുള്ളതാണ് കാതലായ കാര്യം... ഭാരത സർക്കാരിനോ, ശ്രീ കാന്തപുരം അബൂബക്കർ മുസ്‌ലിയാരെ പോലെയുള്ള മത നേതാക്കൾക്കോ ചെയ്യാൻ കഴിയുന്നതിന് പരിമിതികൾ ഉണ്ടെന്നതാണ് സത്യം... കാരണം നിമിഷ പ്രിയയുടെ മോചനത്തിനായി സംസാരിക്കാനോ, തലാലിൻ്റെ രക്തബന്ധുക്കൾക്ക് അവർ ആവശ്യപ്പെടുന്ന ചോരപ്പണം സംഘടിപ്പിച്ചു നൽകാനോ മാത്രമേ ആർക്കും കഴിയുകയുള്ളു... തലാലിൻ്റെ രക്ത ബന്ധുക്കൾ ചോരപ്പണം കൈപ്പറ്റി നിമിഷ പ്രിയക്ക് മാപ്പു നൽകാൻ തയ്യാറുണ്ടോ എന്നതാണ് നിമിഷ പ്രീയയുടെ മോചനത്തിലെ പ്രസക്ത ചോദ്യം... ഒരു സമ്മർദ്ദത്തിലൂടെ അവരെ എത്രത്തോളം നിമിഷ പ്രിയക്ക് മാപ്പ് നൽകാൻ പ്രേരിപ്പിക്കാൻ കഴിയും എന്നുള്ളതും അവർക്ക് മേൽ ഒരു സമ്മർദ്ദം ചെലുത്താൻ യമൻ അധികാരികൾ അനുമതി നൽകുമോ എന്നതും കാത്തിരുന്നു കാണുക തന്നെ വേണം...

     നിമിഷ പ്രിയയുടെ മോചനം സാധ്യമാകണം എന്ന കാര്യത്തിൽ രാഷ്ട്രീയ മത നേതൃത്വങ്ങൾ ഒരേ ശബ്ദം വെച്ചു പുലർത്തുന്നതുകൊണ്ടാണ് ഈ രാജ്യത്തെ ജനങ്ങളുടെ ഒന്നായ താൽപര്യം നിമിഷ പ്രിയയുടെ മോചനമാണ് എന്ന നിലയിൽ രാജ്യത്തിന് പുറത്തേക്ക് സ്പുരിക്കുന്നത് എന്നുകൂടി ഈ രാജ്യത്തെ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളെ വിലയിരുത്തി പറയുക കൂടി വേണം... മറിച്ച് ധ്വനിക്കും വിധം ഏതെങ്കിലും ഒരു പ്രമുഖ രാഷ്ട്രീയ നേതൃത്വം ഒരു പ്രസ്താവന ഇറക്കിയാൽ നിമിഷ പ്രിയയുടെ മോചനത്തെ സംബന്ധിക്കുന്ന അഭിപ്രായം വിവിധ ചേരികൾ ആയി നിന്ന് തർക്കിക്കുന്നത് നമുക്ക് കാണാം... നിമിഷ പ്രിയയോട് കാണിക്കുന്ന സെന്റിമെൻസിന്റെയൊക്കെ ആഴവും പരപ്പുമൊക്കെ അത്രത്തോളമേയുള്ളൂ എന്നുകൂടി പറയാതിരിക്കാൻ കഴിയില്ല...

     നിമിഷ പ്രിയ കുറ്റവാളിയാണെന്നും അവർ ശിക്ഷക്ക് അർഹയാണെന്നും അഭിപ്രായപ്പെടുന്നവരെ ക്രൂരമായി ആക്രമിക്കുന്ന പ്രവണതയും നമ്മൾ കണ്ടു... മുൻപ് പറഞ്ഞതുപോലെ ഒരു ഇന്ത്യൻ പൗരയെ വിദേശ രാജ്യത്തിന് കൊല്ലാൻ കൊടുക്കാൻ തയ്യാറല്ല എന്നതു മാത്രമാണ് നിമിഷ പ്രിയ വിഷയത്തിൽ അവരുടെ മോചനത്തിനായി പ്രയത്നിക്കേണ്ടതിന്റെ ഏക അടിസ്ഥാന കാരണം... കൂടത്തായി ജോളി ശിക്ഷിക്കപ്പെടണമെന്നാണ് പൊതു സമൂഹം ആഗ്രഹിച്ചത്... കാരണവർ കൊലക്കേസ് പ്രതി ഷെറിൻ ഇത്രവേഗം ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയതിനെയാണ് പൊതുസമൂഹം വിമർശിച്ചത്... ഷാരോൺ രാജിന് കഷായത്തിൽ വിഷം കലർത്തി കൊടുത്തു കൊന്ന ഗ്രീഷ്മ ശിക്ഷിക്കപ്പെടണമെന്ന് ആരാണ് ആഗ്രഹിക്കാതിരുന്നത്... ഏകദേശം സമാനമാണ് നിമിഷ പ്രിയയുടെയും കുറ്റകൃത്യം... മരണത്തിനുശേഷം തലാലിന്റെ ശരീരത്തെ അനേകം കഷ്ണങ്ങൾ ആക്കി വെട്ടി നുറുക്കാൻ അവർക്കു കഴിഞ്ഞത് അവരുടെ ക്രിമിനൽ മനസ്സാന്നിധ്യം വെളിപ്പെടുന്നതാണ്... നമ്മുടെ അതിർത്തിക്കുള്ളിൽ നടക്കുന്ന കുറ്റകൃത്യങ്ങൾക്ക് പ്രതികൾ ശിക്ഷ വാങ്ങണമെന്ന് നാം ആഗ്രഹിക്കുകയും, അതേ കുറ്റകൃത്യം അതിർത്തിക്കപ്പുറത്ത് നടത്തിയാൽ മോചിപ്പിച്ചു വിടുകയാണ് വേണ്ടത് എന്നും എങ്ങനെ പറയാൻ കഴിയും!!??

     നിമിഷപ്രിയ ഒരു വിദേശ രാജ്യത്ത് വധശിക്ഷയ്ക്ക് വിധേയയാകുന്നത് വ്യക്തിപരമായി എനിക്ക് അല്പം പോലും സന്തോഷമോ ആശ്വാസമോ നൽകുന്ന ഒരു കാര്യമല്ല... ഒരേ ഒരു കാരണം അവർ ഒരു ഇന്ത്യൻ പൗരയാണ്... അവർ വിദേശത്ത് ഒരു വധശിക്ഷയ്ക്ക് വിധേയമാകുന്നത് നമ്മുടെ രാജ്യത്തിന് ഭൂഷണമല്ല... അതുകൊണ്ട് നിമിഷ പ്രിയയുടെ മോചനം ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു... 


[Rajesh Puliyanethu

 Advocate, Haripad]

No comments:

Post a Comment

Note: only a member of this blog may post a comment.