Showing posts with label ഒരു നിരീക്ഷണം......... Show all posts
Showing posts with label ഒരു നിരീക്ഷണം......... Show all posts

Saturday, 19 July 2025

നിമിഷ പ്രിയ ഒരു യമനീസ് ദു:ഖം...

     നിമിഷപ്രിയ എന്ന ഇന്ത്യൻ യുവതിയുടെ വധശിക്ഷ യമനിൽ നടപ്പാക്കുന്നതിനെ കുറിച്ചും അത് എങ്ങനെ തടയാം, നിമിഷപ്രിയയെ മോചിപ്പിക്കാം എന്നതിനെക്കുറിച്ചും ചർച്ചകൾ സജീവമായി നടക്കുന്നു... നിമിഷ പ്രിയ നടത്തിയ കുറ്റകൃത്യത്തെക്കുറിച്ചും അനന്തര നടപടിക്രമങ്ങളെക്കുറിച്ചും വളരെ അടുത്ത സമയത്താണ് ഇത്രയധികം ആളുകൾ മനസ്സിലാക്കി തുടങ്ങിയതും ചർച്ച ചെയ്യുന്നതും... 

     നിമിഷ പ്രിയയുടെ വിഷയം പല തലങ്ങളായി തരംതിരിച്ച് ആലോചിക്കേണ്ടതാണ്... ഒന്നാമത്തെ ചോദ്യം എന്താണ് നിമിഷ പ്രിയ ചെയ്ത കുറ്റം?? അതേ കുറ്റം ഇന്ത്യ മഹാരാജ്യത്തിന്റെ ടെറിറ്ററി ക്കുള്ളിൽ ആയിരുന്നു എങ്കിൽ എന്തായിരുന്നു പരമാവധി ശിക്ഷ?? നിമിഷ പ്രിയക്ക് ഫെയർ ട്രയൽ ലഭിച്ചോ?? നിമിഷപ്രിയ ഈ രാജ്യത്തിന് വേണ്ടി നടത്തിയ ഏതെങ്കിലും പ്രവർത്തനത്തിന്റെ ഭാഗമായാണോ ജയിലിലായത്?? നിമിഷപ്രിയ മനസ്സറിവില്ലാതെ അബദ്ധത്തിൽ ചെയ്തുപോയ ഒരു തെറ്റിന്റെ പേരിലാണോ ശിക്ഷ അനുഭവിക്കുന്നത്?? ഭാരത സർക്കാരും ഇവിടുത്തെ ജനങ്ങളും എന്തുകൊണ്ട് നിമിഷ പ്രിയ മോചിപ്പിക്കപ്പെടണം എന്ന ചിന്തയിൽ പ്രവർത്തിക്കണം?? ഭാരത സർക്കാറിനോ, മറ്റാർക്കെങ്കിലുമൊ നിമിഷ പ്രിയ വിഷയത്തിൽ എന്തുചെയ്യാൻ കഴിയും?? ആർക്കായാലും ചെയ്യാൻ സാധ്യമായ പരിഹാരം എന്താണ്?? ഈ ചോദ്യങ്ങൾക്ക് എല്ലാം ഉത്തരം ലഭിക്കുന്നതോടെ നിമിഷ പ്രിയ വിഷയം ജനങ്ങളുടെ മുന്നിൽ വസ്തു നിഷ്ഠമായും വികാരങ്ങൾക്ക് അതീതമായും വിവരിക്കപ്പെടും...

     ഒന്നാമത്തെ ചോദ്യമാണ് പ്രധാനം... എന്തായിരുന്നു നിമിഷ പ്രിയ ചെയ്ത കുറ്റം??

     നിമിഷ പ്രിയ വിവാഹിതയായ ഒരു ക്രിസ്ത്യൻ മലയാളി വനിതയാണ്... അവർ നഴ്സിംഗ് മേഖലയിൽ ഉൾപ്പെടുന്ന ഒരു ജോലിയുമായി യമനിൽ എത്തിച്ചേരുന്നു... അവിടെ തലാൽ അബ്ദോ മഹ്ദി എന്നയാളുമായി ചേർന്ന് ഒരു ലാബ് നടത്തുന്ന ബിസിനസ്സിൽ ഏർപ്പെടുന്നു... യമനിലെ നിയമപരമായ ചില ആനുകൂല്യങ്ങൾ ലഭിക്കാനായി നിമിഷ പ്രിയ തലാലിനെ വിവാഹം കഴിച്ചതാണ് എന്ന മട്ടിൽ പെരുമാറുന്നു... അവർ വിവാഹിതരായി എന്നും അതല്ല അപ്രകാരം പെരുമാറുക മാത്രമായിരുന്നു എന്ന രണ്ടു പക്ഷവും ഉണ്ട്... അത് കേസിന്റെ മെറിറ്റിൽ കൂടുതലായി ബാധകമാകുന്ന കാര്യമല്ല... ഏകദേശം മൂന്നു വർഷത്തോളം കാര്യങ്ങൾ ഇപ്രകാരം മുന്നോട്ടു പോകവെ തലാൽ നിമിഷ പ്രിയയെ ക്രൂരമായി ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും നിമിഷ പ്രിയയുടെ പാസ്പോർട്ട് കൈക്കലാക്കി തടഞ്ഞു വെയ്ക്കുകയും അവരെ സാമ്പത്തികമായി ചൂഷണം ചെയ്യുകയും ചെയ്തുകൊണ്ടിരുന്നു... നിവൃത്തികെട്ട നിമിഷ പ്രിയ മറ്റൊരു  സുഹൃത്തിൻ്റെ സഹായത്തോടെ തലാലിനെ അബോധാവസ്ഥയിലാക്കി പാസ്പോർട്ട് കൈക്കലാക്കി രക്ഷപ്പെടാൻ തീരുമാനിക്കുന്നു... അതിനായി തലാലിന് ഒരു ഡോസ് ഉറക്കമരുന്ന് നൽകുന്നു... ആ ഡോസിൽ തലാൽ നിമിഷ പ്രിയയും കൂട്ടാളിയും വിചാരിച്ച വിധത്തിൽ ഉറങ്ങുന്നില്ല... അതിനാൽ നിമിഷ പ്രിയ തലാലിന് മറ്റൊരു ഡോസ് ഉറക്ക മരുന്നു കൂടി നൽകുന്നു... അത് അധിക ഡോസ് ആയി തീരുകയും ആ കാരണത്താൽ തലാൽ മരണപ്പെടുകയും ചെയ്യുന്നു... തലാൽ മരണപ്പെട്ടു എന്ന് മനസ്സിലാക്കിയ നിമിഷ പ്രിയയും കൂട്ടാളിയും കൂടിച്ചേർന്ന് തലാലിന്റെ മൃതശരീരം പല കഷ്ണങ്ങളാക്കി വാട്ടർ ടാങ്കിൽ നിക്ഷേപിക്കുന്നു... അതിനുശേഷം പാസ്പോർട്ട് കൈക്കലാക്കി രാജ്യം വിടാൻ ശ്രമിക്കുന്നു... എയർപോർട്ടിൽ വച്ച് നിമിഷ പ്രിയ പോലീസ് പിടിയിലാകുന്നു... 

     ഇതാണ് നിമിഷ പ്രിയ ചെയ്ത കുറ്റകൃത്യത്തിന്റെ സംക്ഷിപ്ത രൂപം...

     നിമിഷ പ്രിയ ചെയ്ത കുറ്റകൃത്യത്തിന് മോട്ടീവുണ്ട്... കോൺസ്പിറസ്സി ഉണ്ട്... പ്രിപ്പറേഷൻ ഉണ്ട്... ആക്ഷൻ ഉണ്ട്... 

     ഇന്ത്യൻ നിയമ പ്രകാരം പോലും ഒരു ക്രിമിനൽ ആക്ടിന്റെ എല്ലാവിധ ചേരുവകളും നിമിഷപ്രിയ പൂർത്തീകരിച്ചിട്ടുണ്ട്... ഉറക്ക മരുന്നു നൽകി ഉറക്കി കിടത്തി പാസ്പോർട്ട് എടുത്ത് രക്ഷപ്പെടാൻ മാത്രമല്ലേ ശ്രമിച്ചിരുന്നുള്ളൂ,, കൊല്ലാൻ ഉദ്ദേശിച്ചിരുന്നില്ലല്ലോ? എന്ന ഒരു ചോദ്യം മാത്രമാണ് അവശേഷിക്കുന്നത്... അപ്പോഴും യാതൊരു ഇൻ്റെൻഷനും ഇല്ലാതെ ഒരശ്രദ്ധ കൊണ്ടു മാത്രം സംഭവിച്ച മനപ്പൂർവമല്ലാത്ത നരഹത്യ എന്ന വിഭാഗത്തിലും നിമിഷ പ്രിയയുടെ കേസ് ഉൾപ്പെടുമെന്ന് തോന്നുന്നില്ല... ഒരാളെ അയാൾ അറിയാതെ ഉറക്കമരുന്നു നൽകി ഉറക്കി കിടത്തി അയാളുടെ കസ്റ്റഡിയിൽ ഇരുന്ന ഒരു വസ്തു അപഹരിക്കാൻ ശ്രമിച്ചപ്പോൾ നടന്ന മരണമാണ്... അതൊരു കുറ്റകൃത്യത്തിന്റെ ഭാഗമായി നടന്ന മരണമാണ്... ഭാരതത്തിലെ ക്രിമിനൽ വിചാരണ പോലെ പ്രതിയുടെ ഉദ്ദേശവും, ഉദ്ദേശത്തിൻറെ ആഴവും, പരപ്പും, ഭാരവും എല്ലാം തലനാരിഴ കീറി പരിശോധിച്ച് ശിക്ഷ വിധിക്കുക എന്നത് ശരിയത് നിയമങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന ഒരു രാജ്യത്ത് സാധ്യമാണെന്ന് തോന്നുന്നതുമില്ല...

     നിമിഷപ്രിയ ചെയ്ത കുറ്റകൃത്യത്തിന്റെ സ്വഭാവം ഇപ്രകാരമല്ല എന്നോ നിമിഷ പ്രിയ പ്രകാരം ഒരു കുറ്റകൃത്യം ചെയ്തില്ല എന്നോ നിമിഷയുടെ മോചനത്തിനു വേണ്ടി ശ്രമിക്കുന്നവർക്ക് പോലും ആക്ഷേപമില്ല... നിമിഷ പ്രിയക്ക് വിചാരണയെ നേരിടാനുള്ള അവസരം ലഭിച്ചില്ല എന്ന ആക്ഷേപവും ഇല്ല... ISIS  തീവ്രവാദികളോ താലിബാനികളൊ ചെയ്യുന്നതുപോലെ ഒരു വിചാരണയും കൂടാതെ കഴുത്തറക്കുന്ന രീതി ഈ വിഷയത്തിൽ കണ്ടില്ല... നിൽക്കുന്ന മണ്ണിൻറെ നിയമമാണല്ലോ അറിയേണ്ടതും അനുസരിക്കേണ്ടതും... യമനിലെ നിയമ കുറ്റ വിചാരണാ നടപടികൾക്ക് വിധേയ ആകാനും പ്രതിരോധിക്കാനും നിമിഷ പ്രിയക്ക് അവസരം ലഭിച്ചു എന്നു വേണം മനസ്സിലാക്കാൻ...

     നിമിഷ പ്രിയയുടെ മോചനം രാജ്യം ഒന്നടങ്കം ആവശ്യപ്പെടത്തക്ക വിധത്തിൽ നിമിഷ പ്രിയ ഈ രാജ്യത്തിൻറെ പൊതുവായ ആവശ്യത്തിന് വേണ്ടി ഏതെങ്കിലും സേവനം ചെയ്തപ്പോൾ ആയിരുന്നോ പിടിയിലാവുകയും ശിക്ഷയേറ്റു വാങ്ങേണ്ടി വരികയും ചെയ്തത്?? ഒരിക്കലുമല്ല... പട്ടാള സേവനം നടത്തുന്നതിനിടയിലോ, രാജ്യത്തിനുവേണ്ടി ചാര പ്രവർത്തി നടത്തിയതിന്റെ പേരിലോ, ഏതെങ്കിലും നിരീക്ഷണ പരീക്ഷണങ്ങൾ നടത്തിയതിന്റെ പേരിലോ ഒന്നുമല്ലല്ലോ നിമിഷ പ്രതി ചേർക്കപ്പെട്ടത്!? 

     കുറ്റകരമായ ലക്ഷ്യങ്ങളോ മനസ്സോ ഇല്ലാത്ത ഏതെങ്കിലും ഒരു പ്രവർത്തി ചെയ്യുന്നതിന്റെ ഇടയിൽ അബദ്ധത്തിൽ നിമിഷപ്രിയ ഒരു കുറ്റകൃത്യം ചെയ്തു പോയതാണോ?? ഉദാഹരണത്തിന് കാലി മെയ്ക്കാൻ പോകുന്നവർ, കടലിൽ മീൻ പിടിക്കാൻ പോകുന്നവർ തുടങ്ങിയവർ അബദ്ധത്തിൽ കര/ കടൽ അതിർത്തികൾ ഭേദിച്ചതിന്റെ പേരിൽ മറ്റു രാജ്യങ്ങളുടെ പിടിയിലാകാറുണ്ട്... വാഹനമോടിച്ച് അബദ്ധത്തിൽ ആരെങ്കിലും മരണപ്പെട്ടു പോകുന്നതിന്റെ ഭാഗമായി വലിയ ശിക്ഷകൾ ഏറ്റുവാങ്ങേണ്ടി വന്നവരുണ്ട്... അപ്രകാരം അബദ്ധത്തിൽ ചെയ്തുപോയ കുറ്റകൃത്യത്തിന്റെ ഗണത്തിലും നിമിഷ പ്രിയയുടെ കുറ്റകൃത്യത്തെ ഉൾക്കൊള്ളിക്കാൻ കഴിയുന്നില്ല എന്ന സത്യവും ആവശേഷിക്കുന്നു...

     യമനിൽ വിചാരണ കോടതി നിമിഷ പ്രിയയിൽ കണ്ടെത്തിയ കുറ്റകൃത്യം കൊലപാതകമാണ്... അതേ കുറ്റകൃത്യം ഇന്ത്യൻ കോടതി മുമ്പാകെ തെളിയിക്കപ്പെട്ടിരുന്നു എങ്കിലും കിട്ടാവുന്ന പരമാവധി ശിക്ഷ എന്നു പറയുന്നത് വധശിക്ഷ തന്നെയാണ്... വധശിക്ഷ വിധിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്ന നമ്മുടെ രാജ്യത്തിന്, സമാനമായ കുറ്റത്തിന് സമാനമായ ശിക്ഷാ വിധി നടപ്പിലാക്കുന്ന മറ്റൊരു രാജ്യത്തോട് അപേക്ഷാ സ്വരമല്ലാതെ വിമർശന സ്വരം അല്പം പോലും സാദ്ധ്യമല്ല...

     കാര്യങ്ങൾ ഇപ്രകാരമാണെന്നിരിക്കെ ഇന്ത്യാ ഗവൺമെൻ്റും, ജനങ്ങളും എന്തിൻറെ അടിസ്ഥാനത്തിൽ നിമിഷ പ്രിയയുടെ മോചനത്തിനായി ശ്രമിക്കണം എന്ന പ്രസക്തമായ ഈ ചോദ്യമുണ്ട്... 


     അതിനുള്ളിൽ ഉത്തരം നിമിഷപ്രിയയോടുള്ള സെന്റിമെന്റ്സിന്റെ പേരിലോ, അവർ ഒരു സ്ത്രീയാണ്, സഹോദരിയാണ്, അമ്മയാണ്, ഭാര്യയാണ്, നിർധനയാണ്, എന്നതിന്റെ ഒന്നും പേരിലോ ആകരുത്...

അവർ ഒരു ഭാരത പൗരയാണ്... ഈ മഹാരാജ്യത്തിലെ ഒരു അംഗത്തെയും മറ്റൊരു രാജ്യത്തിന് കൊല്ലാനോ പീഡിപ്പിക്കാനോ വിട്ടു നൽകില്ല എന്നതാണ് ഈ രാജ്യത്തിൻറെ ഒറ്റക്കെട്ടായി തീരുമാനം... അതുകൊണ്ട് മാത്രം നിമിഷ പ്രിയയുടെ മോചനത്തിനായി ഈ രാജ്യം ഒന്നായി ശ്രമിക്കുന്നു... അപ്രകാരം വിദേശ രാജ്യങ്ങളിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ ഈ രാജ്യത്തിൻറെ സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെടുത്തി ഈ മണ്ണിൽ കൊണ്ടുവന്നാൽ അവരെ ഇവിടെ വിചാരണ ചെയ്ത് ശിക്ഷ ഉറപ്പാക്കാനുള്ള നിയമ നിർമാണങ്ങൾ നടത്തണമെന്നാണ് എൻറെ പക്ഷം... 

     നിമിഷ പ്രിയയുടെ മോചനത്തിനായി ക്രിയാത്മകമായി എന്തു ചെയ്യാൻ കഴിയും എന്നുള്ളതാണ് കാതലായ കാര്യം... ഭാരത സർക്കാരിനോ, ശ്രീ കാന്തപുരം അബൂബക്കർ മുസ്‌ലിയാരെ പോലെയുള്ള മത നേതാക്കൾക്കോ ചെയ്യാൻ കഴിയുന്നതിന് പരിമിതികൾ ഉണ്ടെന്നതാണ് സത്യം... കാരണം നിമിഷ പ്രിയയുടെ മോചനത്തിനായി സംസാരിക്കാനോ, തലാലിൻ്റെ രക്തബന്ധുക്കൾക്ക് അവർ ആവശ്യപ്പെടുന്ന ചോരപ്പണം സംഘടിപ്പിച്ചു നൽകാനോ മാത്രമേ ആർക്കും കഴിയുകയുള്ളു... തലാലിൻ്റെ രക്ത ബന്ധുക്കൾ ചോരപ്പണം കൈപ്പറ്റി നിമിഷ പ്രിയക്ക് മാപ്പു നൽകാൻ തയ്യാറുണ്ടോ എന്നതാണ് നിമിഷ പ്രീയയുടെ മോചനത്തിലെ പ്രസക്ത ചോദ്യം... ഒരു സമ്മർദ്ദത്തിലൂടെ അവരെ എത്രത്തോളം നിമിഷ പ്രിയക്ക് മാപ്പ് നൽകാൻ പ്രേരിപ്പിക്കാൻ കഴിയും എന്നുള്ളതും അവർക്ക് മേൽ ഒരു സമ്മർദ്ദം ചെലുത്താൻ യമൻ അധികാരികൾ അനുമതി നൽകുമോ എന്നതും കാത്തിരുന്നു കാണുക തന്നെ വേണം...

     നിമിഷ പ്രിയയുടെ മോചനം സാധ്യമാകണം എന്ന കാര്യത്തിൽ രാഷ്ട്രീയ മത നേതൃത്വങ്ങൾ ഒരേ ശബ്ദം വെച്ചു പുലർത്തുന്നതുകൊണ്ടാണ് ഈ രാജ്യത്തെ ജനങ്ങളുടെ ഒന്നായ താൽപര്യം നിമിഷ പ്രിയയുടെ മോചനമാണ് എന്ന നിലയിൽ രാജ്യത്തിന് പുറത്തേക്ക് സ്പുരിക്കുന്നത് എന്നുകൂടി ഈ രാജ്യത്തെ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളെ വിലയിരുത്തി പറയുക കൂടി വേണം... മറിച്ച് ധ്വനിക്കും വിധം ഏതെങ്കിലും ഒരു പ്രമുഖ രാഷ്ട്രീയ നേതൃത്വം ഒരു പ്രസ്താവന ഇറക്കിയാൽ നിമിഷ പ്രിയയുടെ മോചനത്തെ സംബന്ധിക്കുന്ന അഭിപ്രായം വിവിധ ചേരികൾ ആയി നിന്ന് തർക്കിക്കുന്നത് നമുക്ക് കാണാം... നിമിഷ പ്രിയയോട് കാണിക്കുന്ന സെന്റിമെൻസിന്റെയൊക്കെ ആഴവും പരപ്പുമൊക്കെ അത്രത്തോളമേയുള്ളൂ എന്നുകൂടി പറയാതിരിക്കാൻ കഴിയില്ല...

     നിമിഷ പ്രിയ കുറ്റവാളിയാണെന്നും അവർ ശിക്ഷക്ക് അർഹയാണെന്നും അഭിപ്രായപ്പെടുന്നവരെ ക്രൂരമായി ആക്രമിക്കുന്ന പ്രവണതയും നമ്മൾ കണ്ടു... മുൻപ് പറഞ്ഞതുപോലെ ഒരു ഇന്ത്യൻ പൗരയെ വിദേശ രാജ്യത്തിന് കൊല്ലാൻ കൊടുക്കാൻ തയ്യാറല്ല എന്നതു മാത്രമാണ് നിമിഷ പ്രിയ വിഷയത്തിൽ അവരുടെ മോചനത്തിനായി പ്രയത്നിക്കേണ്ടതിന്റെ ഏക അടിസ്ഥാന കാരണം... കൂടത്തായി ജോളി ശിക്ഷിക്കപ്പെടണമെന്നാണ് പൊതു സമൂഹം ആഗ്രഹിച്ചത്... കാരണവർ കൊലക്കേസ് പ്രതി ഷെറിൻ ഇത്രവേഗം ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയതിനെയാണ് പൊതുസമൂഹം വിമർശിച്ചത്... ഷാരോൺ രാജിന് കഷായത്തിൽ വിഷം കലർത്തി കൊടുത്തു കൊന്ന ഗ്രീഷ്മ ശിക്ഷിക്കപ്പെടണമെന്ന് ആരാണ് ആഗ്രഹിക്കാതിരുന്നത്... ഏകദേശം സമാനമാണ് നിമിഷ പ്രിയയുടെയും കുറ്റകൃത്യം... മരണത്തിനുശേഷം തലാലിന്റെ ശരീരത്തെ അനേകം കഷ്ണങ്ങൾ ആക്കി വെട്ടി നുറുക്കാൻ അവർക്കു കഴിഞ്ഞത് അവരുടെ ക്രിമിനൽ മനസ്സാന്നിധ്യം വെളിപ്പെടുന്നതാണ്... നമ്മുടെ അതിർത്തിക്കുള്ളിൽ നടക്കുന്ന കുറ്റകൃത്യങ്ങൾക്ക് പ്രതികൾ ശിക്ഷ വാങ്ങണമെന്ന് നാം ആഗ്രഹിക്കുകയും, അതേ കുറ്റകൃത്യം അതിർത്തിക്കപ്പുറത്ത് നടത്തിയാൽ മോചിപ്പിച്ചു വിടുകയാണ് വേണ്ടത് എന്നും എങ്ങനെ പറയാൻ കഴിയും!!??

     നിമിഷപ്രിയ ഒരു വിദേശ രാജ്യത്ത് വധശിക്ഷയ്ക്ക് വിധേയയാകുന്നത് വ്യക്തിപരമായി എനിക്ക് അല്പം പോലും സന്തോഷമോ ആശ്വാസമോ നൽകുന്ന ഒരു കാര്യമല്ല... ഒരേ ഒരു കാരണം അവർ ഒരു ഇന്ത്യൻ പൗരയാണ്... അവർ വിദേശത്ത് ഒരു വധശിക്ഷയ്ക്ക് വിധേയമാകുന്നത് നമ്മുടെ രാജ്യത്തിന് ഭൂഷണമല്ല... അതുകൊണ്ട് നിമിഷ പ്രിയയുടെ മോചനം ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു... 


[Rajesh Puliyanethu

 Advocate, Haripad]

Sunday, 30 April 2023

അരിക്കൊമ്പൻ എന്ന വർത്തമാനകാല ഹിന്ദു...

     എത്ര കരുത്തനും അംഗബലവും ഉള്ളവനെങ്കിലും സ്വന്തമിടത്തു നിന്നും ബാഹ്യ ശക്തികളാൽ എങ്ങനെ പുറത്താക്കപ്പെടും എന്നതിന്റെ നേർചിത്രമാണ് "അരിക്കൊമ്പൻ" നൽകുന്നത്... 

     ഈ നാട്ടിലെ  "ഹിന്ദു സമൂഹം" അരിക്കൊമ്പന്റെ അനുഭവം കണ്ടു പഠിക്കുന്നത് നല്ലതാണ്...

     അതിന് അനിവാര്യം വേണ്ട ചില ചേരുവകൾക്കൂടിയുണ്ട്...

അവയിൽ

1)) നിരന്തരം കുറ്റാരോപിതനാക്കി നിലനിർത്തുക.... ((ഫാസിസം എന്ന പേര് നിരന്തരം ആവർത്തിച്ചു കൊണ്ടവർ അത് ചെയ്യുന്നു...))

2)) അധികാരത്തിന്റെ വാറോല... ((അരിക്കൊമ്പനെതിരെ കോടതി വിധിപോലെ രാഷ്ട്രീയ പ്രീണനത്തോടെ അവരത് നേടിക്കൊണ്ടിരിക്കുന്നു.))

3)) മയക്കു വെടി... ((കപടമായ "മതേതരത്വം" പുലമ്പിക്കൊണ്ട് രാഷ്ട്രീയ/ സാംസ്കാരിക നേതൃത്വങ്ങളുടെ സഹായത്തോടെ സമൂഹത്തെ ഒന്നടങ്കം അവർ മയക്കു വെടി വെച്ചു കൊണ്ടിരിക്കുന്നു))

4)) കുങ്കിയാനകൾ... ((സ്വന്തം സമൂഹത്തിൽ നിന്നും വർഗ്ഗത്തിൽ നിന്നും തന്നെ ബാഹ്യശക്തികൾ മെരുക്കി മയപ്പെടുത്തി ഉപയോഗിക്കുന്ന ഏറ്റവും അപകടകാരികളായ ശത്രുക്കൾ...

5)) സമ്പത്ത്... ((അനേക കാലത്തെ ഹവാല/ രാഷ്രീയ അഴിമതികളിൽക്കൂടി അവർ ആവശ്യത്തിലധികം നേടിക്കഴിഞ്ഞിരിക്കുന്നു...

6)) സംവിധാനങ്ങൾ... ((സമ്പത്തും അധികാരവും ഉണ്ടെങ്കിൽ പിന്നെ സംവിധാനങ്ങൾ താനേ വന്നുചേരും))

7)) നിന്റെ ദൈന്യതയെക്കുറിച്ച് കഥകളും, കവിതകളും ലേഖനങ്ങളും പുസ്തകങ്ങളും എഴുതാനും നിന്നെ കുറ്റപ്പെടുത്താനും, നീ ചാകേണ്ടവനാണെന്നു വരെ പറയാനും കാഴ്ചക്കാരുടെ നീണ്ട നിര തന്നെയുണ്ടാകും... ((മാധ്യമങ്ങളെപ്പോലെ))

സ്വന്തം ആവാസങ്ങളിൽ നിന്നും നിന്നെ പുറന്തള്ളുന്നവർക്ക് നീ ജീവിക്കുന്നോ മരിക്കുന്നോ എന്നത് വിഷയമല്ല... പക്ഷെ മരണം വരെ നീ അവർ ബാഹ്യശക്തികൾ ഘടിപ്പിച്ച റേഡിയോ കോളറിന്റെ നിരീക്ഷണത്തിലായിരിക്കും...

ഈ ആക്രമണങ്ങൾ നിനക്കെതിരെ തുടങ്ങി വെയ്ക്കാൻ നിന്റെ കൈയ്യിലെ ഒരു പിടി അരി തന്നെ ധാരാളം...

[Rajesh Puliyanethu

 Advocate, Haripad]

Friday, 15 February 2019

മാധ്യമ രംഗം ഇരുപത്തി അഞ്ചു വർഷങ്ങളിലെ മാറ്റം....!!!??


'ഏഷ്യാനെറ്റ്' എന്ന ആദ്യ സ്വകാര്യ മലയാളം ചാനൽ അവരുടെ ഇരുപത്തി അഞ്ചാം വാർഷികം ആഘോഷിക്കുകയാണ്... 

സ്വകാര്യ മലയാളം ചാനലുകളുടെ പ്രവർത്തനകാലം 'ഏഷ്യാനെറ്റ്' ന്റെ പിറവികാലത്തെ അടിസ്ഥാന മാനദണ്ഡമായി എടുത്തു പറഞ്ഞാൽ....

ഇരുപത്തി അഞ്ച് വർഷങ്ങൾക്കു മുൻപ് 'പത്രഭാഷ' എന്നത് ഉന്നതമായ ഭാഷാപ്രയോഗത്തിന്റെ വിളിപ്പേരായിരുന്നു.... 'അച്ചടി ഭാഷ' എന്നു വിളിച്ചും അപ്രകാരമുള്ള ഭാഷാ പ്രയോഗത്തെ പൊതു സമൂഹം പ്രകീർത്തിച്ചിരുന്നു... പത്ര ഭാഷ ഒരിക്കലും സാഹിത്യത്തിന്റെ ഉന്നത പ്രദർശനം നടത്തിയിരുന്നില്ല.. എന്നാൽ അത് ലളിതവും,, മാന്യവും ആയിരുന്നു.... 'വടുവൊത്ത ഭാഷ,, ചതുര ഭാഷ' എന്നിങ്ങനെയും വിശേഷണങ്ങൾ അനവധി ഉണ്ടായിരുന്നു.... വിശേഷിപ്പിക്കുന്നവർ 'പത്ര ഭാഷ' എന്ന സംസ്കാര സമ്പന്നമായ പ്രയോഗരീതിയെക്കുറിച്ച് ബഹുമാനം സൂക്ഷിച്ചു മാത്രം ചിന്തിക്കുകയും, സംസാരിക്കുകയും ചെയ്തിരുന്നു...

ഇന്ന് ദൃശ്യ-മാധ്യമ ഭാഷക്ക് മുൻപ് പറഞ്ഞ വിധമായ മേന്മയില്ല... നാടൻ സംസാര ശൈലികൾ ദൃശ്യ മാധ്യമങ്ങൾ കടം കൊള്ളുകയും അച്ചടി മാധ്യമങ്ങൾ അതേ വഴി പിന്തുടരുകയും ചെയ്തതോടെ  ദൃശ്യ മാധ്യമ ഭാഷ അടിസ്ഥാന പത്ര ഭാഷയിൽ നിന്നും ഒരുപാട് വേറിട്ടു നിൽക്കുന്നു...അത് ഈ മേഘലയിലെ ച്യുതിയായിത്തന്നെ ചൂണ്ടിക്കാണിക്കപ്പെടണം...  പത്ര മാധ്യമ രംഗത്തെ ച്യുതിക്ക്‌ കാരണം സ്വകാര്യ വ്യക്തികൾ നടത്തുന്ന മാധ്യമ പ്രവർത്തനങ്ങൾ കാരണമാണ് എന്നും പറയുക വയ്യ... കേരളചരിത്രത്തിൽ മാത്രം നൂറ്റാണ്ടുകളായി പത്ര പ്രവർത്തനം നടത്തി വരുന്ന സ്വകാര്യ സംരംഭകർ എത്രയോ ഉണ്ട്.... രാഷ്ട്രീയ, സാംസ്കാരിക, മത, സാമുദായിക വിഷയങ്ങളിൽ അവർ പക്ഷപാതങ്ങൾ കാണിച്ചിരുന്നു എങ്കിലും അവരുടെ ഭാഷ മാന്യമായിരുന്നു... നിലപാടുകളിലെ ചായ്‌വ് പൊതുജനം തിരിച്ചറിയാതെ സൂക്ഷിക്കാനുള്ള ഒരു ശ്രമമെങ്കിലും നടത്തിയിരുന്നു... ആ ശ്രമവും പൊതുജനത്തെ വില കല്പിയ്ക്കുന്നതിന്റെ ഭാഗമായി കരുതുവാൻ കഴിയുമായിരുന്നു.. 

മുൻപ് പത്ര മാധ്യമങ്ങൾ ആക്ഷേപ ഹാസ്യത്തെ മനോഹരമായി കൈകാര്യം ചെയ്തിരുന്നു... കാർട്ടൂണുകൾ ഉൾപ്പെടെയുള്ള ആക്ഷേപ ഹാസ്യരീതികളെ മികച്ച കലാരൂപങ്ങളായിക്കൂടി കണ്ട് ബഹുമാനിച്ചിരുന്നു.... വിമർശനം ഏറ്റു വാങ്ങുന്നവരും അതിന്റെ സൃഷ്ട്ടാവിനെ ബഹുമാനിച്ചിരുന്നു.. ആ കലയെ അംഗീകരിച്ചിരുന്നു... ആ അംഗീകാരം പൊതു സമൂഹത്തിന്റേതു കൂടി ആയിരുന്നു.... കാരണം ആ വിമർശനങ്ങൾ ഭാഷയുടെ സീമകളെ ലംഘിച്ചിരുന്നില്ല... പ്രതിപക്ഷ ബഹുമാനം എന്ന ജനാധിപത്യ മാനദണ്ഡം ലംഘിച്ചവർ തുലോം കുറവായിരുന്നു... 

മാധ്യമ സംസ്കാരത്തിലെ "സംസ്ക്കാരം" എന്ന വാക്ക് എടുത്തുമാറ്റി പ്രവർത്തിക്കുന്നവരാണ് ഇന്നത്തെ ദൃശ്യമാധ്യമ പ്രവർത്തകർ എന്ന് പറയാതെ വയ്യ... ''വാർത്ത വിൽപ്പന ചരക്ക്'' എന്ന അധഃപതിച്ച ചിന്തയിലേക്ക് എത്തിച്ചവർ ദൃശ്യമാധ്യമ പ്രവർത്തകർ ആണെന്ന് കാണേണ്ടിവരുന്നു... മുൻപ് ഒരു അധികാര സ്ഥാനത്ത് ഉള്ള ഒരുവനെ,, അല്ലെങ്കിൽ ഒരു പൊതു പ്രവർത്തകനെ,, കലാ- സാംസ്കാരിക പ്രവർത്തകരെ;; അപ്രകാരം സമൂഹം അംഗീകരിക്കുന്ന-  ബഹുമാനിക്കുന്ന പല വിധ മേഖലയിൽ പ്രവർത്തിക്കുന്നവരെ മാധ്യമങ്ങൾ നേരിട്ടിരുന്ന ഒരു രീതി ഉണ്ടായിരുന്നു.... എത്ര വലിയ പ്രതിയോഗിയെയും നിലം പരിശാക്കുകയും ഒപ്പം പ്രതിപക്ഷ ബഹുമാനം സൂക്ഷിക്കുകയും ചെയ്യുന്ന ഒരു നല്ല രസതന്ത്രം അവിടെയെല്ലാം പ്രവർത്തനത്തിൽ ഉണ്ടായിരുന്നു... 

മഹാരഥന്മാരിൽ നിന്നും തുടങ്ങി വെച്ച, രാജ്യസ്നേഹത്തിൽ വേരുറപ്പിച്ചു വളർന്ന,, ആത്മാഭിമാനത്തെ ജ്വലിപ്പിച്ചു മുന്നേറിയ പത്ര സംസ്ക്കാരം ഇവിടെ മരിച്ചു പോയി എന്നു തന്നെ പറയാം.... ഇവിടെ ഏതൊരുവനെതിരെയും ആക്രോശിക്കാൻ മാത്രം ശീലിച്ച,, തങ്ങൾ മാത്രമാണ് എന്തിന്റെയും, ഏതിന്റെയും നിർണ്ണയ ശക്തി എന്ന് അഹങ്കരിക്കുന്ന, ഒരു പത്ര സ്ഥാപനം ജോലി നൽകാൻ കാരണമായ ഒരു ഡിഗ്രിയോ, ഡിപ്ലോമയോ ലോകത്തെ മുഴുവൻ നിയന്ത്രിക്കാനും, നിർണ്ണയിക്കാനുമുള്ള അധികാര പത്രികയായി കരുതുകയും ചെയ്യുന്ന ഒരു വിഭാഗം മാധ്യമ ജീവികൾ ഈ മേഘലയുടെ എല്ലാ മഹനീയതയും നശിപ്പിച്ചു എന്നതാണ് സത്യം... സ്വന്തം രാഷ്ട്രീയത്തെയും, മതത്തേയും,, താല്പര്യങ്ങളെയും ഏറ്റവും ഉയർന്ന വിലക്ക് വിൽക്കുവാനുള്ള ഒരുവിനിമയ മേഖല മാത്രമായി പത്ര പ്രവർത്തന രംഗം അധഃ പതിച്ചു... 

സ്വന്തം മതവും,, രാഷ്ട്രീയവും പൊതുജന ശ്രദ്ധ അധികമാകർഷിക്കാത്തവിധം ഒളിച്ചു കടത്തിയിരുന്ന മനോരമയുടെയും, മാതൃഭൂമിയുടെയും പത്ര രീതികൾ തങ്ങളുടെ രാഷ്ട്രീയവും,, മതവും,, നിലപാടുകളും, വെല്ലുവിളിച്ചു കടത്തിയിരുന്ന ദേശാഭിമാനിക്കും,, ജന്മഭൂമിക്കും,, ചന്ദ്രികയ്ക്കും സമാനമായി മാറി... ഒരു വാർത്ത ""ഏത് മാധ്യമത്തിലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്"" എന്ന പ്രസക്തചോദ്യത്തിന് ഉത്തരം കണ്ടതിനു ശേഷം മാത്രം ആ വാർത്തയുടെ ആഴവും, പരപ്പും,, പ്രാധാന്യവും വിലയിരുത്തേണ്ട ഉത്തരവാദിത്വം വീക്ഷകന്‌ ഉണ്ടായി...  വാർത്തകൾ റിപ്പോർട്ട് ചെയ്യുക എന്ന വലിയ ജോലിക്കപ്പുറം 'നിലപാടുകൾ' സ്വീകരിക്കുക എന്ന അധിക ഉത്തരവാദിത്വം ഏറ്റെടുത്തതോടെ ദൃശ്യ- പത്ര മാധ്യമ രംഗം മലീമസ്സമായി... 

 " അമ്മയെ തല്ലിയാലും രണ്ടു പക്ഷമുണ്ടെന്ന്" മുൻകാലങ്ങളിൽ പരിഹാസത്തോടും, ആശ്ചര്യത്തോടും ജനങ്ങൾ പറഞ്ഞിരുന്നതാണെങ്കിൽ അമ്മയെ തല്ലുന്നതിലെ ന്യായവും,, അന്യായവും പത്രക്കാർ അന്തിചർച്ച നടത്തി പറഞ്ഞു മനസ്സിലാക്കിക്കൊടുത്തു... ഈ ചർച്ചകളിൽ ലയിച്ച പ്രേക്ഷകരിൽ ഒരു വിഭാഗം "അത്യാവശ്യ ഘട്ടങ്ങളിൽ അമ്മയും തല്ലുകൊള്ളാൻ യോഗ്യയാണ്"" എന്ന നിഗമനത്തിൽ കളം വിട്ടു... കഴിഞ്ഞ ഇരുപത്തി അഞ്ചു വർഷങ്ങൾക്കു മുൻപ് ഇവിടെ അമ്മയെ തല്ലുന്നത് "തെറ്റ്" മാത്രമായിരുന്നു... 

സമൂഹത്തിൽ ഉയർന്നു വരുന്ന ഏതൊരു വിഷയത്തിന്റെയും പ്രാധാന്യം ഇല്ലാതാക്കുന്നത് ദൃശ്യ- പത്ര മാധ്യമങ്ങളാണ്.. സമൂഹം ഒറ്റ ശബ്ദമായി നിലകൊള്ളേണ്ട വിഷയങ്ങളെ അവർ സമൂഹം രണ്ടായി നിന്നു തർക്കിക്കേണ്ട വിഷയങ്ങളാക്കി മാറ്റുന്നു... ഈ പ്രവർത്തി സമൂഹത്തിന് തർക്കങ്ങളിലൂടെയും,, ചർച്ചകളിൽക്കൂടിയും നിഗമനങ്ങളിൽ എത്തിച്ചേരാനുള്ള കഴിവിനെയാണ് വർദ്ധിപ്പിക്കുന്നത് എന്നവർ പ്രചരിപ്പിക്കുകയും ചെയ്യുന്നു... യഥാർഥത്തിൽ ചർച്ചകളുടെ കോലാഹലങ്ങളിൽ ഒരുപാട് താൽപ്പര്യങ്ങളെ ഇക്കൂട്ടർ ഒളിച്ചു കടത്തുന്നു... അതിർത്തിയിൽ ഭീകരർ കടന്നു കയറുമ്പോൾ പാകിസ്ഥാൻ പട്ടാളം കവറിങ് ഫയർ നടത്താറുണ്ട് എന്ന് കേട്ടിട്ടുണ്ട്... ഇവിടെ തങ്ങളുടെ താൽപ്പര്യങ്ങളെ ഒളിച്ചു കടത്തുന്നതിനുള്ള കവറിങ് ഫയറാണ് മാധ്യമങ്ങൾ സംഘടിപ്പിക്കുന്ന പല ചർച്ചകളും....

ഇരുപത്തി അഞ്ചു വർഷങ്ങൾക്കു മുൻപ് ഇവിടെ രാജ്യ താൽപ്പര്യങ്ങൾക്ക് എതിരായി നിൽക്കുന്ന ഒന്നും രണ്ടായി നിന്ന് ചർച്ച ചെയ്യപ്പെടുമായിരുന്നില്ല... അതിനു താല്പര്യമുണ്ടായിരുന്നവരും അതിനുള്ള ധൈര്യം കാണിച്ചിരുന്നില്ല... ഇന്ന് രാജ്യത്തിനെതിരെ പ്രത്യക്ഷ ആക്രമണം നടത്തുന്നവനു വേണ്ടിയും സ്വതന്ത്ര ചർച്ചകൾ സംഘടിപ്പിക്കപ്പെടുന്നു... രാജ്യത്തിനെതിരെ പ്രത്യക്ഷ ആക്രമണം നടത്തുന്നവൻ ഒറ്റപ്പെടേണ്ടവനാണെന്നുള്ള സാമൂഹ്യ ബോധത്തിനാണ് ഈ ചർച്ചകൾ തുരങ്കം വെയ്ക്കുന്നത്... അങ്ങനെ പലതും.... മുൻപു പറഞ്ഞതു പോലെ  "അത്യാവശ്യ ഘട്ടങ്ങളിൽ അമ്മയും തല്ലുകൊള്ളാൻ യോഗ്യയാണ്" എന്ന നിഗമനത്തിൽ എത്തുന്നതു പോലെ ഒരു വിഭാഗം രാജ്യത്തിനെതിരെ പ്രത്യക്ഷ ആക്രമണം നടത്തുന്നവനും അവന്റേതായ ന്യായീകരണങ്ങൾ ഉണ്ടെന്നും അവയും സംരക്ഷിക്കപ്പെടേണ്ടതാണ് എന്നുമുള്ള നിഗമനങ്ങളിൽ എത്തിച്ചേരുന്നു... തീർച്ചയായും ഇപ്രാകാരമുള്ള മാധ്യമ പ്രവർത്തനം രാജ്യത്തിന്റെ സുരക്ഷയേയും കെട്ടുറപ്പിനെയും ബാധിക്കും എന്ന കാര്യത്തിൽ യാതൊരു തർക്കവും വേണ്ട...രാജ്യത്തിനെതിരെ യുദ്ധം ചെയ്യുന്നവന് ആശയപരമായി ആളെക്കൂട്ടുന്നതിന് ഈ മാധ്യമ പ്രവർത്തനം വഴി വെയ്ക്കുന്നു... 

ഇരുപത്തി അഞ്ചു വർഷങ്ങൾക്കു മുൻപ് വിമർശന സ്വാതന്ത്ര്യത്തെ ഇത്രയധികം മ്ലേശ്ചമായി കൈകാര്യം ചെയ്യുന്ന ഒരു മാധ്യമ രീതി ഉണ്ടായിരുന്നില്ല... വിമർശിക്കാനും,, പരിഹസ്സിക്കാനും ഉള്ള സ്വാതന്ത്ര്യവും അവകാശവും മാനിച്ചു കൊണ്ടു തന്നെ പറയട്ടെ... നിന്റെ സ്വാതന്ത്യം എന്റെ മൂക്കിൻ തുമ്പിൽ അവസ്സാനിക്കുന്നു എന്ന അവകാശവും കാണണം... റേറ്റിങ്ങ് കൂട്ടുവാനും,, ആൾക്കാരെ ആകർഷിക്കാനും എത്ര തരം താണ പദ പ്രയോഗങ്ങളും നടത്താൻ മാധ്യമങ്ങൾ പ്രത്യേകിച്ച് ദൃശ്യ മാധ്യമങ്ങൾ മടിക്കുന്നില്ല... രാഷ്ട്രീയ- സാമൂഹിക- സാംസ്ക്കാരിക- വിദ്യാഭ്യാസ്സ- വ്യവസ്സായ-- കലാ-- ഉദ്യോഗസ്ഥ മേഘലയിലെ;; ആരെയും,, വിമർശിക്കുന്നതിനും,, പ്രവർത്തിയിൽ പോരായ്മയെ പരിഹസിക്കുന്നതിനും അപ്പുറം താണ തരം വാക്കുകൾ കൊണ്ട് അപമാനിക്കാൻ ഒരു മാധ്യമ സ്ഥാപനത്തിന്റെ ശമ്പളം പറ്റുന്നു എന്ന വിലാസത്തിന് ആരധികാരം നല്കി?? വിമർശനത്തിനു മാത്രമാണ് ഇത്രയധികം സ്വാതന്ത്ര്യം അനുവദിച്ചിരിക്കുന്നത്... പരിഹസിക്കാൻ കഴിയുന്നത് മറ്റൊരുവന്റെ പ്രവർത്തിയിലെ പോരായ്മയെയാണ്... ഒരിക്കലും മറ്റൊരുവനെയല്ല... 

ഇരുപത്തി അഞ്ചു വർഷങ്ങൾക്കു മുൻപ് ഒരു മാധ്യമ സ്ഥാപനത്തിലെ അവതാരകൻ സർവ്വ ജനങ്ങൾക്കും നേരേ ""കോപ്പാണ്""" എന്നൊരു പദ പ്രയോഗം നടത്തില്ല... രാജ്യത്തിന്റെ പ്രധാനമന്ത്രിയെ നിരന്തരം പ്രയാണ മന്ത്രി എന്ന് മാത്രം സംബോധന ചെയ്യില്ല... പ്രതിപക്ഷ നേതാവിനെ പൗഡർ കുട്ടപ്പൻ എന്ന് വിളിക്കില്ല... മുതിർന്ന രാഷ്ട്രീയ നേതാവിനെയും,, മുഖ്യമന്ത്രി പദം അലങ്കരിച്ചയാളെയും അച്ചുമാമ എന്ന് പറയില്ല... അങ്ങനെ നിങ്ങൾ അപമാനിക്കുന്ന ഉയർന്ന വ്യക്തിത്വങ്ങൾ എത്ര അധികം!? നിങ്ങൾ പത്ര പ്രവർത്തകർ ഈ സമൂഹത്തിലെ എല്ലാ മനുഷ്യരുടെയും പ്രവർത്തി ദോഷങ്ങളും, പോരായ്മകളും വിളിച്ചു പറയൂ.. അപ്പോഴും നിങ്ങൾ മാന്യരാണെന്നു തെളിയിക്കൂ... നിങ്ങളുടെ പ്രതിപക്ഷ ബഹുമാനം നിറഞ്ഞ വാക്കുകളിലും പ്രവർത്തികളിലും കൂടി...!! തീയേറ്ററിൽ നാലു ടിക്കറ്റ് അധികം വിറ്റുപോകാൻ വേണ്ടി തരം താണ ഡയലോഗ് പറയുന്ന ഇക്കിളി നായകൻറെ റോളല്ല ഒരു മാധ്യമ പ്രവര്ത്തകന് സമൂഹ മധ്യത്തിൽ ഉള്ളത് എന്ന് തിരിച്ചറിയൂ....

ഇരുപത്തി അഞ്ചു വർഷങ്ങൾക്കു മുൻപ് "പറഞ്ഞു നാറ്റിക്കും" എന്ന ഭയപ്പാടോടെയല്ല ഒരു പത്രപ്രവർത്തകനെ പൊതു സമൂഹം നോക്കിക്കണ്ടിരുന്നു... തങ്ങളുടെ കണ്ടെത്തലുകളും നിഗമനങ്ങളും പൊതുജന മധ്യത്തിൽ തുറന്നു വെച്ചു കൊടുക്കുന്നതാണ് മാധ്യമ ധർമം... മാധ്യമങ്ങൾ തുറന്നു കാണിക്കുന്ന വസ്തുതകൾക്ക് അവയുടെ യഥാർഥ നിറം തന്നെ ആയിരിക്കണം... ഇന്ന് അവസ്ഥ മാറിയിരിക്കുന്നു... മാധ്യമങ്ങൾ അവർ താല്പര്യപ്പെടുന്നത് മാത്രമേ കാണുന്നുള്ളൂ... അവർക്കു ലഭിക്കുന്ന വാർത്തകളിലേക്കു അവർ ഇഷ്ട്ടപ്പെടുന്ന നിറങ്ങൾ കലർത്തി പൊതു സമൂഹത്തിനു മുൻപിൽ വിളമ്പുകയും ചെയ്യുന്നു... അതു മാത്രമല്ല, തങ്ങൾ അവതരിപ്പിക്കുന്ന നിറമാണ് യാഥാർത്ഥ നിറം എന്ന് മറ്റെല്ലാവരും വിശ്വസ്സിക്കണം എന്ന് വാശി പിടിക്കുന്നു... അതിനായി ആക്രോശിക്കുന്നു... ആ ആക്രോശങ്ങളിൽക്കൂടി സമൂഹത്തിന്റെ സമസ്ത മേഖലയെയും തങ്ങളുടെ കടിഞ്ഞാണിനുള്ളിലാക്കാൻ ശ്രമിക്കുന്നു.. ആ ശ്രമം ഭരണഘടനാ സ്ഥാപനങ്ങൾക്കു നേരേ വരെ തിരിയുമ്പോൾ സമൂഹം ആശങ്കപ്പെടേണ്ടതുണ്ട്...

സദസ്സിന്റെ ഏറ്റവും പുറകിൽ നിൽക്കുന്ന ആസ്വാദകന് വരെ അനുഭവയോഗ്യമാകാനാണ് നാടകങ്ങളിൽ നമ്മൾ തിരിച്ചറിയുന്ന നാടകീയത കലർത്തിയിരിക്കുന്നത് എന്ന് പറയപ്പെടുന്നു... അതുപോലെ സമൂഹത്തിലെ എല്ലാ വിഭാഗം മനുഷ്യരുടെയും മനസ്സുകളുടെ ശ്രദ്ധ പിടിച്ചെടുക്കാൻ അൽപ്പം നാടകീയത വാർത്തകളിലും കലർത്തുന്നത് മനസ്സിലാക്കാവുന്നതേ ഉള്ളൂ... അതിൽ ഒരു ഏക സ്വഭാവം ഉണ്ട്... എന്നാൽ ഇന്ന് മാധ്യമങ്ങൾ തങ്ങളുടെ താല്പര്യങ്ങൾക്കനുസ്സരിച്ചു ശബ്ദത്തെ ഉയർത്തിയും താഴ്ത്തിയും പറയുന്നു... അടുത്ത കാലത്തു കേട്ട ഒരു തമാശയാണ്;; അറിവിനായി പത്രം വായിക്കുന്നു... ആരോഗ്യത്തിനായി പച്ചക്കറി കഴിക്കുന്നു.. എന്തു ചെയ്യാം രണ്ടിലും വിഷമാണ്...

ഇരുപത്തി അഞ്ചു വർഷങ്ങൾക്കു മുൻപ് വിമർശനത്തിനും, പരിഹാസത്തിനും യുക്തി ഉപയോഗിക്കാതെ വിമർശിക്കാനായി വിമർശിക്കുകയും, പരിഹസിക്കാനായി പരിഹസിക്കുകയും ചെയ്യുന്ന മാധ്യമ പ്രവർത്തനം ഇവിടെ ഉണ്ടായിരുന്നില്ല... ഏതൊരു പ്രവർത്തിയിലേയോ, ആശയത്തിലെയോ മൂല്യമോ, നന്മയോ കാണാതെ വിമർശിക്കുകയും പരിഹസ്സിക്കുകയും ചെയ്യുന്ന ച്യുതി സമൂഹത്തിനെ ദോഷമായി ബാധിച്ചു തുടങ്ങിയിരിക്കുന്നു... പത്രക്കാർ സമൂഹത്തിലേക്ക് കുത്തിവയ്ക്കുന്ന ഈ Psychotropic drugs സമൂഹത്തിലേക്ക് വ്യാപിച്ചു തുടങ്ങിയിരിക്കുന്നു... ഇന്ന് പൊതു സമൂഹത്തിലെ ഏറിയ പങ്ക് ആൾക്കാർക്കും അപഗ്രഥിച്ചു മനസ്സിലാക്കാതെ പരിഹസിക്കാനാണ് താൽപ്പര്യം... വർത്തമാനകാലത്തിൽ മാധ്യമ പ്രവർത്തനം ചരിത്ര കാലത്തും നില നിന്നിരുന്നെങ്കിൽ നമ്മൾ മഹാന്മാർ എന്ന് വിളിച്ചിരുന്ന ഒരു വിഭാഗം ഇവിടെ ഉണ്ടാകുമായിരുന്നില്ല... ഗാന്ധിയോ,, ശ്രീ നാരായണ ഗുരുവോ, പൽപ്പുവോ, അയ്യങ്കാളിയോ,, ബുദ്ധനോ,, ശങ്കരനോ ആരും ഉണ്ടാകുമായിരുന്നില്ല... ഇവർ ആരെങ്കിലും സമൂഹത്തോട് പറഞ്ഞ ആദ്യ വാക്കിനെത്തന്നെ അന്തി ചർച്ച നടത്തി കേവലനായ ഒരു പത്ര പ്രവർത്തകന്റെ ബുദ്ധിയിലും, യുക്തിയിലും ഇട്ട് ഭേദ്യം ചെയ്തു മഥിച്ചു രണ്ടാമതൊരു വാക്കു പറയാൻ ഇവരാരും യോഗ്യരല്ല എന്ന് പ്രഖ്യാപിച്ചു പതിനഞ്ചു നിമിഷത്തെ കൊമേഴ്‌സ്യൽ ബ്രെക്കിന് കട്ട് പറഞ്ഞു എഴുനേറ്റു പോയിട്ടുണ്ടാകും...

മാധ്യമ സ്വാതന്ത്രവും, പ്രവർത്തനവും ഒരു ജനാധിപത്യ സമൂഹത്തിന് ഒഴിച്ചു കൂടാൻ കഴിയാത്തത് ആയതു കൊണ്ടാണ് മലിനമായാലും അതും പേറി നടക്കേണ്ടി വരുന്നത്.. കച്ചവട വൽക്കരിക്കപ്പെടുന്ന മാധ്യമ പ്രവർത്തനത്തെ തിരിച്ചറിയാനുള്ള ബുദ്ധി സമൂഹം ആർജ്ജിക്കണം... അപ്രകാരമുള്ള സമൂഹം കള്ള നാണയങ്ങളെ അവഗണിക്കും.. ആ അവഗണന അവരുടെ നിലനിൽപ്പിനെ ബാധിക്കും.. അത് ശരിയായ പ്രവർത്തനത്തിലേക്ക് അവരെ നയിക്കും.... ജനതക്ക് അർഹതപ്പെട്ടതേ അവർക്കു കിട്ടൂ...


[Rajesh Puliyanethu
 Advocate, Haripad]

Thursday, 17 May 2018

ക്ഷേത്രദർശനത്തിന് മേൽവസ്ത്രം വേണ്ടയോ?? കാരണമെന്ത് !?????


     ക്ഷേത്ര ദർശനത്തിനു പുരുഷന്മാർ മേൽവസ്ത്രം ഉപേക്ഷിക്കണം എന്നതാണ് കേരളത്തിലെ പല ക്ഷേത്രങ്ങളിലെയും നിയമം... കേരളത്തിലേതെന്ന് വ്യക്തമാക്കിത്തന്നെ പറയണം... കാരണം കേരളത്തിനു പുറത്ത് പല മഹാക്ഷേത്രങ്ങളിലും ഈ നിഷ്കർഷ കണ്ടിട്ടില്ല!!?... കേരളത്തിലെതന്നെ പല ക്ഷേത്രങ്ങളിലും ഇങ്ങനെ ഒരു നിയമം നില നിൽക്കുന്നില്ല എന്നിരിക്കെ എന്തിനാണ് കേരളത്തിലെ ചില ക്ഷേത്രങ്ങളിൽ മാത്രം ഇങ്ങനെ ഒരു നിയമം നിലനിൽക്കുന്നു??

     ഭാരതത്തിൽ ആകമാനം ക്ഷേത്രങ്ങളെ കണക്കാക്കിയാൽ ഇരുപതു ശതമാനത്തിൽ താഴെ മാത്രം ക്ഷേത്രങ്ങളിൽ നിലനിൽക്കുന്ന ഒരു നിയമമാണിത്... അതിന്റെ കാരണം വിശ്വാസ്സപ്രമാണങ്ങളെ അടിസ്ഥാനമാക്കിപ്പോലും ന്യായീകരിക്കാൻ ഈ നിയമത്തെ പിന്തുണക്കുന്നവർക്ക് കഴിയുന്നില്ല എന്നതാണ് സത്യം...!! അതിനെക്കുറിച്ചു എനിക്ക് മനസ്സിലാക്കാൻ സാധിച്ച ചില വിശദീകരണങ്ങളിൽ ഊന്നിയാണ് ഈ എഴുത്ത്... വിമർശനാസ്പദമായിത്തന്നെ....

     ക്ഷേത്രത്തിൽ മേൽവസ്ത്രം അഴിക്കണം എന്നുപറയുന്നതിലെ അൽപ്പമെങ്കിലും ലോജിക്കലായിട്ടും, അംഗീകരിക്കാൻ തോന്നിയതുമായ വിശദീകരണം ഇതൊന്ന് മാത്രമാണ്... പണ്ടുകാലത്ത് മേൽവസ്ത്രമായി പുരുഷന്മാർ ധരിച്ചിരുന്നത് കൂട്ടി തൈച്ചിട്ടില്ലാത്ത തരം വസ്ത്രങ്ങൾ ആയിരുന്നു... അതായത് മേൽമുണ്ട്,, ഷാൾ ഇനത്തിൽപ്പെടുന്ന വസ്ത്രങ്ങൾ.. നമ്മൾ ഏതൊരു ബഹുമാന്യ ദേഹത്തെ കാണുമ്പോളും ഈ മേൽവസ്ത്രം അഴിച്ചു അരയിൽ കെട്ടുന്ന ഒരു പരമ്പരാഗത രീതി ഉണ്ടായിരുന്നു... അത് ബഹുമാനത്തിന്റെ ഒരു പ്രകടനം ആയിരുന്നു... എപ്പോഴും ബഹുമാനത്തെയും, സ്നേഹത്തെയും പ്രകടിപ്പിച്ചു മനസ്സിലാക്കിക്കണമെന്നാണല്ലോ!!!? കാരണം പ്രകടിപ്പിക്കാതെ ഈ വികാരങ്ങൾ ആർക്കും മനസ്സിലാക്കാൻ കഴിയില്ല എന്നതു കൊണ്ടാകാം... ഇന്ന് പിതാവിനെയോ, ഗുരുക്കൻമാരേയോ കാണുമ്പോൾ മുണ്ടിന്റെ മടക്കിക്കുത്ത് അഴിച്ചിട്ടു നിൽക്കുന്നതുപോലെ തന്നെ.. അതൊരു പരമ്പരാഗതമായ ബഹുമാന പ്രദർശനം ആയതിനാലാണ് ആ പ്രവർത്തിയിൽ ആത്മസംപൃപ്തി മുണ്ടിന്റെ മടക്കിക്കുത്ത് അഴിച്ചിട്ടു നിൽക്കുന്ന ശിഷ്യനും, അതുകാണുന്ന ഗുരുവിനും ഒരുപോലെ ഉണ്ടായത്.... അപ്രകാരം ഉന്നത ബഹുമാനം അർഹിക്കുന്ന ക്ഷേത്ര വിഗ്രഹത്തിനു മുൻപിലും നമ്മൾ മേൽവസ്ത്രം അഴിച്ചും,, മുണ്ടിന്റെ മടക്കിക്കുത്ത് അഴിച്ചിട്ടും ബഹുമാനം പ്രദർശിപ്പിക്കുന്നു.... കാര്യങ്ങൾ ഇതുവരെ യുക്തി ഭദ്രമാണ്...

     പക്ഷെ മേൽമുണ്ട് ധരിച്ചു വരുന്ന ഒരാൾ മേൽമുണ്ട് അഴിച്ചു അരയിൽ ക്കെട്ടി ബഹുമാനം പ്രകരിപ്പിക്കുന്ന അവസ്ഥ ഷർട്ടുകൾ ധരിക്കുന്നവന്റെ മുൻപിൽ പ്രായോഗികമല്ല... അതാണ് "കൂട്ടി തൈച്ചിട്ടില്ലാത്ത വസ്ത്രങ്ങൾ ധരിച്ചിരുന്ന കാലത്തെ ആചാരം" എന്ന് ആദ്യമേ പറഞ്ഞത്... മുണ്ടിന്റെ മടക്ക് അഴിച്ചിട്ടു ബഹുമാനം പ്രകടിപ്പിക്കുന്ന സമ്പ്രദായത്തിനു മുൻപിൽ പാന്റിട്ടു നിൽക്കുന്നവന് അത് പ്രായോഗികമല്ല... അതിനാൽ പാൻറ് ധരിക്കുന്നവനും, ഉടുപ്പു ധരിക്കുന്നവനും ക്ഷേത്രത്തിൽ പ്രവേശിക്കാൻ യോഗ്യനല്ല എന്ന് പറയുന്ന ന്യായ വാദത്തിനോടും,, മുൻപ് കൂട്ടി തൈച്ചിട്ടില്ലാത്ത വസ്ത്രങ്ങൾ ധരിച്ചിരുന്നവൻ അനുവർത്തിച്ചു വന്നിരുന്ന അതേ രീതികൾ ആധുനീക വസ്ത്രങ്ങൾ ധരിക്കുന്നവർ അനുവർത്തിക്കണം എന്നതിലെ സാങ്കേതികത്വവും ഉൾക്കൊള്ളാൻ കഴിയുന്നില്ല... എന്നാൽ ബഹുമാന പ്രകടനങ്ങൾ ദൈവത്തിന്റെ മുൻപിൽ എന്തിന് എന്ന വാദത്തെയും അംഗീകരിക്കാൻ കഴിയില്ല;; കാരണം സ്വന്തം അധ്യാപകന്റെ മുൻപിൽ മുണ്ടു മടക്കിക്കുത്തി നിന്നു സംസാരിക്കുന്ന ശിഷ്യന്റെ മനോനിലയിലെ പ്രകടമാകാതെ നിലനിൽക്കുന്ന കുറ്റ ചിന്ത ഇവിടെയും ബാധകമാണ്... അപ്രകാരം ഉള്ളിൽ സൂക്ഷിക്കുന്ന, മനസാക്ഷി അംഗീകരിക്കാത്ത ഒരു പ്രവർത്തി താൻ ബഹുമാനിക്കുന്ന ഒരു വിഗ്രഹത്തിനു മുൻപിലും ബാധകമാണ്... വിശ്വാസത്തിൽ അധിഷ്ഠിതമായ ഈശ്വരചിന്തയിൽ അതിനു പ്രാധാന്യം കൂടുതലുമാണ്...

     എന്നാൽ മേൽവസ്ത്രം അഴിച്ചു അരയിൽക്കെട്ടിയും,, മുണ്ടിന്റെ മടക്കഴിച്ചിട്ടു ബഹുമാന പ്രദർശനം ചെയ്യുന്ന പരമ്പരാഗത ആശയത്തിലേക്ക്  ആധുനിക വസ്ത്രങ്ങളായ ഷർട്ടോ, പാന്റോ ധരിക്കുന്നവരെ ഉൾക്കൊള്ളിക്കരുതെന്നു  മാത്രമാണ് അപേക്ഷ..കാരണം അത് പ്രായോഗികമല്ല ... അതിൽ വലിയ ഒരു തമാശയും അടങ്ങിയിരിക്കുന്നു... മുൻകാല അടിസ്ഥാന പ്രമാണത്തിലെ മേൽമുണ്ട് ധരിച്ചുവരുന്ന ഇക്കാലത്തെ അഭിനവ പ്രമാണിമാർ മേൽ നേരിയത് അഴിച്ചു അരയിൽക്കെട്ടുന്നത് കാണാനേയില്ല.... അവർ ""ഭഗവാനെ അങ്ങയെക്കാണാൻ ഞാൻ എന്ന വലിയ ഒരു പുള്ളി വന്നിരിക്കുന്നു"" എന്നനിലയിലാണ് തിരുനടയിൽ പെരുമാറിക്കാണുന്നത്.... അടിസ്ഥാന സങ്കൽപ്പത്തെ അഭിനവ യാഥാർഥ്യം കളിയാക്കി ചിരിക്കുന്ന അവസ്ഥ....!!?

     മേൽവസ്ത്രം അഴിച്ചു മാത്രമേ ക്ഷേത്രത്തിൽ പ്രവേശിക്കാവൂ എന്ന് പറയുന്നതിന് കാരണഭൂതമായി മറ്റൊരു കാരണവും കേട്ടിട്ടുണ്ട്.... അതായത് ക്ഷേത്രത്തിൽ പ്രവേശിക്കുന്നവന് പൂണൂൽ ഉണ്ടോ എന്ന് തിരിച്ചറിയാനാണ് എങ്ങനെ ഒരു രീതി അവലംബിച്ചത് എന്ന്!?....  അങ്ങനെ ഒരു കാരണത്തിലാണ് ഈ നിയമം വന്നതെങ്കിൽ അതിന് ഈ കാലത്ത് നിലനില്പില്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ? പക്ഷെ അന്വേഷിച്ചിറങ്ങിയാൽ ഇപ്പറയുന്ന അടിസ്ഥാന കാരണം പോലും നിലനില്പില്ലാത്തതാണെന്ന് പറയേണ്ടിവരും... കാരണം അബ്രാഹ്മണർക്കു ക്ഷേത്ര പ്രവേശനം പണ്ടുകാലത്ത് ഉണ്ടായിരുന്നില്ല... പ്രക്ഷോഭങ്ങൾക്കൊടുവിൽ അബ്രാഹ്മണ പ്രവേശനം സാദ്ധ്യമായപ്പോൾ പിന്നെയെന്താണ് പൂണൂൽ പരിശോധനക്ക് പ്രാധാന്യം നൽകുന്നത്??

     ഷർട്ട് അഴിച്ചു മാറ്റി ക്ഷേത്ര പ്രവേശനം നടത്തണം എന്ന് നിഷ്കർഷിക്കുന്നവരിൽ ഒരു വിഭാഗം മുൻപോട്ടു വെയ്ക്കുന്ന കാരണം കുറച്ചു ദൈവീകമാണ്... അതായത് ക്ഷേത്ര അകത്തളങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ദൈവീക ചൈതന്യത്തെ ശരീരവുമായി നേരിട്ടു ബന്ധിപ്പിക്കുന്നതിന് മേൽവസ്ത്രം തടസ്സമാണെന്നാണ് വാദം...! ഈ വാദഗതിയിലെ സാങ്കേതികത്വം പരിശോധിക്കാതെ തന്നെ ഈ വാദത്തെ തള്ളിക്കളയാവുന്നതാണ്... കാരണം ദൈവീക ചൈതന്യത്തെ ഒരു വസ്ത്രത്തിന്റെ ഇഴകൾ തടുത്തുനിർത്തുന്നു എന്ന് പറയുന്നതുതന്നെ അബദ്ധജടിലമാണ്... 

     കാര്യകാരണങ്ങൾ ദൈവീക- ക്ഷേത്ര ചിന്തകളെ അടിസ്ഥാനമാക്കി വിവരിക്കാൻ പോലും കഴിയാത്ത ഒരു ആചാരം നിലനിർത്തുന്നതിന് എന്തിനു ശഠിക്കണം എന്നതാണ് ചോദ്യം...  കാരണം ഈ ഒരു ആചാരം അനുഷ്ഠിക്കണം എന്ന വാശി ഒരുപാട് ആൾക്കാരെ ക്ഷേത്ര അകത്തളങ്ങളിൽ നിന്നും അകറ്റി നിർത്തുന്നതിന് കാരണമാകുന്നുണ്ട്... ഒരു ഷർട്ട് അഴിക്കാൻ മടിയുള്ളവൻ അകന്നു പോകട്ടെ എന്ന് ചിന്തിക്കുന്നതും ശരിയല്ല... കാരണം ഈ സമാജത്തിൽ പരമാവധി ആൾക്കാരെ ചേർത്തു നിർത്തേണ്ടത് കാലത്തിന്റെ ആവശ്യമാണ്... അടിസ്ഥാന രഹിതമായ ഒരു ആചാരം പലരെയും ക്ഷേത്ര മതിൽക്കെട്ടിനു പുറത്തു നിർത്തുന്നതിനു കാരണമാകുന്നെങ്കിൽ അത് ഒഴിവാക്കേണ്ടതു തന്നെയാണ്....

     ക്ഷേത്രം എന്നത് ഒരു കൂട്ടം ആചാരങ്ങളുടെയും, നിയമങ്ങളുടെയും, വിശ്വാസങ്ങളുടെയും ആകെത്തുകയാണെന്നും ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ പ്രവേശിക്കാൻ തയ്യാറാകുന്നവൻ അവയെല്ലാം പാലിക്കാൻ ബാധ്യസ്ഥരാണെന്നും ഉള്ള വാദഗതിയെ നൂറുശതമാനം അംഗീകരിക്കണം... അതിനാൽത്തന്നെ ക്ഷേത്രത്തിൽ ഷർട്ടു ധരിച്ചു കയറുക എന്ന മാറ്റം കൊണ്ടുവരേണ്ടത് ഒരു മുഷ്ക്കു പ്രകടനത്തിൽക്കൂടി ആകാൻ പാടില്ല... മറിച്ചു് ഒരു സ്വാതന്ത്രത്തിന്റെ അനുവാദനത്തിൽക്കൂടി ആയിരിക്കണം... ഷർട്ടു ധരിച്ചു പ്രവേശിക്കാൻ താല്പര്യപ്പെടുന്നവനെ അപ്രകാരവും, മറിച്ചു താല്പര്യപ്പെടുന്നവനെ അങ്ങനെയും അനുവദിക്കണം... മുൻപോട്ട് ഒരു ദീർഘകാലം 'ഷർട്ട് അഴിച്ചു മാത്രം ക്ഷേത്ര പ്രവേശനം' എന്ന ആചാരം നിലനിൽക്കില്ല എന്നും നമ്മൾ മനസ്സിലാക്കണം...

     നവീന ചിന്താ രീതികൾ ആചാരങ്ങളിലേക്കു കൊണ്ടുവരുന്നതിനെയും, നടപ്പിലാക്കുന്നതിനെയും പിന്തിരിഞ്ഞു നിന്നു നേരിടുകയോ. സ്വീകരിക്കുകയോ ചെയ്യുന്ന സ്വഭാവം ഹിന്ദുവിനില്ല... ഹിന്ദു മതത്തിലേക്ക്  നവീന ആശയങ്ങളെ കൊണ്ടുവരുമ്പോൾ അത് നടപ്പിലാക്കുന്നതിന് ഒരു കൂട്ടരെ പിന്തിരിപ്പിക്കുന്നത്;; 'മറ്റു മതങ്ങളിൽ ഒന്നും തന്നെ ഇപ്രകാരമുള്ള ചിന്തകൾ നടപ്പിലാക്കാൻ ആരും ശ്രമിക്കുന്നില്ലല്ലോ, പിന്നെ നമ്മൾ മാത്രം എന്തിന്!?' എന്ന ചോദ്യമാണ്... അതിനുത്തരം അതാണ് ഹിന്ദു മതം എന്ന് മാത്രമാണ്... ഈ മതത്തിൽ ഇത്രയധികം വെളിച്ചം കടന്നു കൂടിയത് ഈ തുറന്ന ചിന്താഗതിയാണെന്നും പറയേണ്ടിവരും...

     തുറന്ന മനസ്സോടെ വിഷയങ്ങളെ സമീപിക്കുകയും നടപ്പിലാക്കുകയും ചെയ്യുക.. സനാതനഃ ധർമ്മത്തെ സംരക്ഷിക്കുകയും വിപുലീകരിക്കുകയും ചെയ്യുക 

[Rajesh Puliyanethu
 Advocate, Haripad]


Monday, 27 February 2017

ആമിയിൽ കമൽ തേടുന്നതെന്ത്??

     കമാലുദ്ദീൻ എന്ന സിനിമ സംവിധായകൻ രാഷ്ട്രീയ- വർഗ്ഗീയ രംഗങ്ങളിൽ ഇത്രകണ്ട്  സജീവമായി ഇടപെടാൻ തുടങ്ങിയിട്ട് അധികകാലം ആയിട്ടില്ല... നരേന്ദ്ര മോഡി അധികാരത്തിൽ വന്നതിനു ശേഷം രാജ്യത്ത് അസഹിഷ്ണത നിലനിൽക്കുന്നു എന്ന പ്രചാരണത്തിന് പങ്കാളിയായിക്കോണ്ടായിരുന്നു കമലിന്റെ രംഗപ്രവേശം... സി പി എം നെയും ഇസ്ളാമിക തീവ്രവാദികളെയും ഒരുപോലെ പ്രീതിപ്പെടുത്തുന്ന തരത്തിലുള്ള പ്രസ്ഥാവനകളും, പ്രവർത്തികളുമായാണ് അദ്ദേഹം മുന്നോട്ടു പോകുന്നതെന്നത് ശ്രദ്ധേയമാണ്... സംഘ്പരിവാറിനെയും, ബിജെപി യെയും, നരേന്ദ്രമോദിയെയും ഒരുപോലെ ആക്രമിക്കുന്നതിൽ അദ്ദേഹം അതീവ ശ്രാദ്ധാലുവാണെന്നും കാണണം... ദേശീയതയിൽ ഊന്നിയ വിഷയങ്ങളിലും, ദേശീയഗാനാലാപന വിഷയങ്ങളിലും സുപ്രീം കോടതി ഉത്തരവിനെപ്പോലും വിമശിക്കുകയും, തള്ളിപ്പറയുകയും ചെയ്യുന്നതിലൂടെ തന്റെ അജണ്ട എന്താണെന്ന് വ്യക്തമാക്കിയ ആളാണ് അദ്ദേഹം ... നരേന്ദ്രമോദിയെ നരാധമാണെന്നു വിളിച്ചുകൊണ്ടും, എം ടി വാസുദേവൻ നായരുടെ വിമർശനസ്വാതന്ത്ര്യത്തെ വിമർശിക്കാൻ ബിജെപി ക്കോ സംഘപരിവാറിനോ അവകാശമില്ല എന്ന് പ്രഖ്യാപിക്കുന്നതിനായി സായാഹ്നധർണകൾ സംഘടിപ്പിക്കുകയും ചെയ്യുകവഴി താൻ ഒരു വിമർശകൻ മാത്രമല്ല ബിജെപി  സംഘപരിവാർ സംഘടനകളോടും പൊതുവായി ഹിന്ദു സമൂഹത്തോടും യുദ്ധപ്രഖ്യാപനത്തിലാണെന്നു കൂടി അദ്ദേഹം വെളിവാക്കി..

     ബിജെപി, സംഘപരിവാർ ഉൾപ്പെടുന്ന ഹിന്ദു സമൂഹത്തെ തള്ളിപ്പറയാത്ത പ്രസ്ഥാനങ്ങളെ ആക്രമിക്കുന്നതിൽ കമൽ കാട്ടുന്ന ജാഗ്രത സ്വോഭാവികമെന്ന് കരുതുക വയ്യ... നിരന്തരം ഈ വിഭാഗങ്ങളോട് സംഘർഷം നിലനിർത്താൻ അദ്ദേഹം കരുതിക്കൂട്ടിയുള്ള പ്രവർത്തനങ്ങൾതന്നെ നടത്തുന്നു എന്ന് കാണണം... അതുവഴി തീവ്രനിലപാടുകൾ സ്വീകരിക്കുന്ന മുസ്ളീം സംഘടനകളെയും, അവർക്ക് കുഴലൂത്തു നടത്തുന്ന സി പി എം നേയും ഒരുപോലെ തന്റെ വർഗ്ഗീയ അജണ്ടകൾക്ക് പിന്നിൽ അണിനിരത്താൻ സാധിക്കുമെന്ന് അദ്ദേഹം കരുതുന്നു...  ബോണസ്സായി സ്ഥാനമാനങ്ങൾ വന്നുചേരുകയും ചെയ്യും..

     ഹിന്ദു വിരുദ്ധൻ എന്ന മേലങ്കി സ്വയം എടുത്തണിഞ്ഞ ആളാണ് കമൽ... അദ്ദേഹം സ്വയം അപ്രകാരം അവരോധിതനാകുന്നതിനുമുൻപ് 'കമൽ' എന്ന പൊയ്‌നാമത്തിനപ്പുറം കമാലുദ്ദീൻ എന്ന യഥാർത്ഥനാമത്തെ തെരഞ്ഞു ആരും പോയിട്ടില്ല... കമലിന്റെ ജാതിയും മതവും തെരഞ്ഞു അദ്ദേഹത്തെ ആക്രമിക്കുക എന്നഅവസ്ഥ സംജാതമാകണമെന്ന് അദ്ദേഹംതന്നെ കണക്കുകൂട്ടിയിരുന്നു...  കമൽ പ്രത്യക്ഷമായും പരോക്ഷമായും നടത്തുന്ന ഹിന്ദുവിരുദ്ധ പ്രവർത്തനങ്ങളോടും പ്രസ്ഥാവനകളോടും ഉള്ള ഹിന്ദു അനുകൂല സംഘടനകളുടെ പ്രതികരണം മതപരമായി തനിക്കെതിരെയുള്ള ആക്രമണങ്ങളായി  വ്യാഖ്യാനിക്കാൻ കഴിയുമെന്ന കണക്കുകൂട്ടലിൽത്തന്നെയാണ് അദ്ദേഹം പ്രവർത്തിക്കുന്നത്... അതിനായി 'മതേതരവാദം' എന്ന പൊയ്മുഖം ധരിച്ച രാഷ്ട്രീയ കക്ഷികളുടെ പിന്തുണ ആർജ്ജിക്കുകയും ചെയ്തതോടെ കമൽ തന്റെ ഉദ്ദേശങ്ങൾ നടപ്പിലാക്കുന്നു എന്നു വേണം കാണാൻ.... ഹിന്ദുവിനെയും മുസ്ലീമിനെയും ഭിന്നിപ്പിച്ചു  സംഘർഷം നിലനിർത്തി മുതലെടുക്കുന്ന ഇപ്പോഴും വിനിമയ സാദ്ധ്യതയുള്ള പഴയ ബ്രട്ടീഷ് തന്ത്രം തന്നെയാണ് കമൽ പയറ്റിക്കൊണ്ടിരിക്കുന്നത്..... അതിനായി ഒന്നു കെട്ടടങ്ങുമ്പോളേക്കും ആളുന്ന മറ്റൊന്ന് നിർമ്മിക്കുന്നതിൽ അദ്ദേഹം സാദാ ജാഗരൂകനാണ്.....

     കമലിന്റെ ഇപ്രകാരമുള്ള സമീപനത്തിന്റെയും പ്രവർത്തനങ്ങളുടെയും തുടർച്ചയിൽ ഇപ്പോൾ എത്തിനിൽക്കുന്നത് മാധവിക്കുട്ടിയുടെ ജീവിതം സിനിമയാക്കുന്നതിലാണ്... ഇവിടെ ഹിന്ദു- മുസ്ളീം വിരുദ്ധചേരി സജീവമാക്കി നിർത്തുന്നതിൽ എത്രമാത്രം കുടില ബുദ്ധിയോടെയാണ് അദ്ദേഹം കരുക്കൾ നീക്കുന്നതെന്ന് നമ്മൾ ശ്രദ്ധിക്കണം.... മാധവിക്കുട്ടി എന്ന വ്യക്തിയെ ഊന്നി പാത്രസൃഷ്ടി നടത്തുന്നതിലൂടെ അദ്ദേഹത്തിൻറെ അജണ്ട നടപ്പിലാക്കുന്നതിന് വിശാലമായ ഒരു വേദി ലഭിക്കുകയാണ്... കമൽ ആഗ്രഹിക്കുന്ന രീതിയിൽ രണ്ടുവിരുദ്ധ ചേരിയിൽ ആൾക്കാരെ നിർത്തി പോരടിപ്പിക്കുന്നതിന് മാധവിക്കുട്ടിയുടെ ജീവിതകഥ തിരഞ്ഞെടുക്കുന്നിടത്തോളം അനുയോജ്യമായ മറ്റൊന്ന് ലഭിക്കാനില്ല... കാരണം പലതാണ്... മാധവിക്കുട്ടിയുടെ ജീവിതം കാണുകയും മനസ്സിലാക്കുകയും ചെയ്ത തലമുറ കാലഹരണപ്പെട്ടു പോകുന്നതിന് കാലമായിട്ടില്ല എന്നത് അതിൽ പ്രഥമമായത്.... അതിനാൽ കമലയെക്കുറിച്ചും, കമലാസുരയ്യയിലേക്ക് അവർ നടത്തിയ പരകായ പ്രവേശനവും ചർച്ചചെയ്തതിന്റെ ചൂടാറിയിട്ടില്ല...  മുസ്ളീം ലീഗിന്റെ നേതാവായ അബ്ദുൾ സമദ് സമദാനിയോട് അവർക്കുണ്ടായിരുന്നു എന്ന് പറയപ്പെടുന്ന ബന്ധം വീണ്ടും ചർച്ചയിലേക്ക് കൊണ്ടുവരുന്നതിന് ഒരു ചെറു തീപ്പൊരി മാത്രമേ ആവശ്യമുള്ളു... ലൈംഗീക വിഷയങ്ങൾ ഏറെ താൽപ്പര്യത്തോടെ സംസ്സാരിക്കുന്ന സമൂഹമാണ് നമ്മുടേത് എന്നതിനാൽ,, ലൈംഗീക തൃഷ്ണ കെടാതെ സൂക്ഷിച്ച എഴുത്തുകാരി എന്ന നിലയിൽ മാധവിക്കുട്ടി ശ്രദ്ധേയയാണ്... തന്റെ കൃഷ്ണനെത്തേടിയുള്ള അലച്ചിലിൽ അനുവാചക ഹൃദയങ്ങളിൽ കാമത്തിന്റെ ഒരു സ്പന്ദനം സൃഷ്ട്ടിക്കാൻ അവർക്കു കഴിഞ്ഞിട്ടുണ്ടെന്ന തോന്നൽ കമലയുടെ ഓർമ്മകളെ തിരികെക്കൊണ്ടുവരാൻ എളുപ്പമാക്കുന്ന ഘടകങ്ങളാണ്...

     മാധവിക്കുട്ടി എന്ന നമ്മൾ അറിയുന്ന എഴുത്തുകാരിയുടെ ജീവചരിത്രത്തിൽ കമൽ കാണുന്ന വിനിമയമൂല്യം അവർ കമലാ സുരയ്യയായി മതംമാറിയ സ്ത്രീയായിരുന്നു എന്നതാണ്... ഹിന്ദു മതത്തേക്കാൾ സുരക്ഷിതത്വം അവർ മുസ്ളീം മതത്തിൽ അനുഭവിക്കുന്നു എന്ന ഏറെ ചർച്ചചെയ്യപ്പെട്ട വാക്കുകളും കമലിന്റെ വഴിയിലെ മൃദു ദളങ്ങളാണ്... ഹിന്ദു നലപാടുകളിൽ ഊന്നി പ്രവർത്തിച്ചിരുന്ന സംഘടനകളെ വളരെ അധികം ചൊടിപ്പിച്ച ഈ വാചകം കമല തിരുത്തിയിരുന്നു എന്നും അവർ തിരികെ ഹിന്ദു മതത്തിലേക്ക് വന്നിരുന്നു എന്നും മറ്റുമുള്ള വാർത്തകളെ സ്ഥിതീകരിക്കാത്തിടത്തോളം  അത് ചർച്ചകൾക്കപ്പുറം കലഹത്തിന് മരുന്നു നിറച്ചവയാണ്.... കമലയുടെ ഭൗതിക ശരീരം ഹിന്ദു മതാചാര പ്രകാരം അടക്കം ചെയ്തിട്ടില്ലാത്തതിനാൽ മുസ്ളീം അനുകൂല വാദഗതികൾ നിലനിൽക്കും.... എന്നാൽ കമലയുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന, അവർ ഹിന്ദുമതത്തിലേക്ക് തിരികെ വന്നിരുന്നു എന്ന സാക്ഷ്യപ്പെടുത്തലുകൾ ഹിന്ദു സംഘടനകളുടെ വാദഗതികൾക്കും ബലം നൽകും... അങ്ങനെ പലവിധമായ വഴികളിൽ മാധവിക്കുട്ടിയുടെ ശവക്കല്ലറ തുറക്കുന്നത് കമലിനെപ്പോലുള്ളവർക്ക് സംഘർഷത്തിന്റെ ആസ്വാദനം നൽകും..!!

     മാധവിക്കുട്ടിയുടെ ചരിത്രം ആമിയിൽക്കൂടി അവതരിപ്പിക്കുമ്പോൾ ആവിഷ്‌ക്കാരസ്വാതന്ത്ര്യത്തിന്റെ എല്ലാ പരിരക്ഷയും കമലിന് ലഭിക്കും... ആമിക്ക് ഹിന്ദു സംസ്ക്കാരത്തെ എത്രവേണമെങ്കിലും തള്ളിപ്പറയാം... മതം മാറ്റത്തിനു പ്രേരിപ്പിച്ച കാരണങ്ങൾ എത്ര അധികം ഹിന്ദു വിരുദ്ധമായും അവതരിപ്പിക്കാം.. ഇസ്‌ലാമിന്റെ മേന്മയെക്കുറിച്ചു എത്രവേണമെങ്കിലും പ്രകീര്ത്തിക്കാം... ഹിന്ദു സമൂഹത്തിൽ ലഭിക്കാതിരിക്കുകയും എന്നാൽ ഇസ്ളാമിൽ എത്തിച്ചേർന്നപ്പോൾ ലഭിക്കുകളും ചെയ്ത സ്വാതന്ത്രവും, സുരക്ഷിതത്വവും അക്കമിട്ടു നിരത്താം... സമദാനി എന്ന കഥാപാത്രത്തെ കമലിന്റെ താല്പര്യങ്ങൾക്കനുസ്സരിച്ചു വിവരിക്കാം.. ഹിന്ദു മതത്തിലേക്ക് കമല മടങ്ങിയിരുന്നു എന്നും അവർ മുസ്ളീം വേഷഭൂഷാതികളെ പാടെ ഉപേക്ഷിച്ചിരുന്നു എന്നുമുള്ള വാദഗതികളെ തള്ളിക്കളയാം;; ഇവയെല്ലാം കലാകാരന്റെയും, എഴുത്തുകാരന്റെയും സ്വാതന്ത്ര്യത്തിന്റെ സീമകൾക്കുള്ളിലായതിനാൽ കമൽ സുരക്ഷിതൻ  ആയിരിക്കും...

ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ അപ്പോസ്തലന്മാർ കമലിനുവേണ്ടി അണിനിരക്കും.. പൊതുസമൂഹത്തിനു മുൻപിൽ കമലിന്റെ സ്വാതന്ത്ര്യങ്ങൾ ന്യായീകരിക്കപ്പെടുകയും ചെയ്യും... ഹിന്ദു മതത്തെ ഇകഴ്ത്തിക്കാട്ടുന്നതിൽ രോഷാകുലരാകുന്ന ഹിന്ദു മത നേതാക്കളേയും സംഘടനകളെയും ഒറ്റപ്പെടുത്തുകയും സമൂഹമധ്യത്തിൽ അവരെ വിലകുറച്ചു കാണിക്കുകയും പരാജയപ്പെടുത്തുകയും ചെയ്യാം... അതെല്ലാം ആമിയുടെ താൻ പറഞ്ഞ സത്യ സന്ധമായ കഥയുടെ പ്രത്യധ്വനി മാത്രമാണെന്ന് കമലിനു അവകാശപ്പെടാം..! അതിനൊപ്പം ഇടതുപക്ഷത്തിന്റെയും ഇസ്‌ലാമിക സംഘടനകളുടെയും കൈയടിയും വാങ്ങാം...തദ്വാരാ കമലിന്റെ ആത്യന്തിക ലക്ഷ്യമായ ഹിന്ദു- മുസ്ളീം സംഘർഷം ഇവിടെ അയവില്ലാതെ നിലനിർത്തുകയും ചെയ്യാം...

     ഒരു കലാകാരന്റെ മനസ്സിൽ മാത്രമിരിക്കുന്ന ആവിഷ്ക്കാരത്തെക്കുറിച്ചു എന്തിനു പ്രവചനങ്ങൾക്കു മുതിരുന്നു എന്നാണ്  മാധവിക്കുട്ടിയുടെ ചരിത്രം കമൽ സിനിമ ആക്കാൻ പോകുന്നു എന്ന വാർത്തയോട് പ്രതികരിച്ച ഹിന്ദു സംഘടനാ നേതാക്കളോട് മാധ്യമങ്ങൾ ഉൾപ്പെടെ ചിലർ ചോദിച്ചത്... അതിന്റെ ഉത്തരം 'കമലാണ് ആ സിനിമയുടെ ശില്പി' എന്നതാണ്... മുൻപ് വിവരിച്ചതുപോലെയുള്ള ഇരുണ്ട നേട്ടങ്ങളെ കണ്ടുകൊണ്ടു മാത്രമേ കമൽ ഈ സംരംഭത്തിന് ഇറങ്ങിത്തിരിക്കൂ എന്ന് അവർക്ക് ഉറപ്പുണ്ട്... അതിന്റെ ആകുലതകളാണ് അവർ പങ്കുവെയ്ക്കുന്നത്.... അതിൽ എന്താണ് തെറ്റ്?? കമൽ ചിത്രീകരിക്കാൻ പോകുന്ന കമലയുടെ ജീവിതത്തിൽ ഹിന്ദുമതത്തെ  അവഹേളിക്കുന്നതൊന്നുമില്ലെങ്കിൽ ഈ ചർച്ചകൾക്ക് പ്രാധാന്യമില്ല... ഇന്നു നടത്തിയ ചർച്ചകളുടെ പ്രാധാന്യം അവിടെ അവസ്സാനിച്ചുകൊള്ളും... പക്ഷെ അത്ര നല്ല ഒരു പര്യവസ്സാനം കമലിൽ നിന്നും ആരും പ്രതീക്ഷിക്കുന്നില്ല എന്നതാണ് സത്യം...

     കമലിന്റെ ആമിക്കു ജീവൻ പകരാൻ ആദ്യം വിദ്യാബാലനും, പിന്നീട് മഞ്ജു വാരൃരും തെരഞ്ഞെടുക്കപ്പെട്ടു... ഇരുവരുടെയും ആഗമനവും, പിന്മാറ്റവും ചർച്ച ചെയ്യപ്പെട്ടു... വിദ്യാബാലൻ പിന്മാറിയത് 'തന്റെ പ്രധാനമന്ത്രിയെ അവഹേളിക്കുന്നയാളുടെ സിനിമ ചെയ്യുന്നതിന് താനില്ല' എന്ന മട്ടിൽ പ്രസ്ഥാവന നടത്തിക്കൊണ്ടാണ്... മഞ്ജു വാരൃർ അരങ്ങേറുന്ന വാർത്ത പുറത്തുവന്നപ്പോൾത്തന്നെ ചർച്ചകൾ രൂപംകൊണ്ടു... സംഘപരിവാർ സംഘടനകൾ ആവിഷ്ക്കാരസ്വാതന്ത്ര്യത്തിനും, കലാകാരന്മാരുടെ സ്വാതന്ത്യ്രത്തിനും എതിരായ ഫാസിസ്റ്റുകളാണെന്ന് വരുത്തിത്തീർക്കും വിധം വീണ്ടും ചർച്ചകൾക്ക് അവസ്സരം കമലിന് ലഭിച്ചു... മഞ്ജു വാരൃർ നിർദ്ദോഷമായി 'തന്നോട് പ്രത്യേകിച്ച് ആരും വിരോധിക്കേണ്ട, ഞാൻ ഒരു കലാകാരി മാത്രം' എന്ന് ധ്വാനിപ്പിക്കും വിധം സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ചതു പോലും വിവാദമാക്കി.... 'എന്റെ രാജ്യമാണ് എന്റെ രാഷ്ട്രീയം' എന്നവർ പറഞ്ഞതിനെ അടർത്തി ഒടിച്ചു ചർച്ചചെയ്തു... ഒരുകാലാകാരിക്ക് തന്റെ സർഗ്ഗ വാസ്സനകളുടെ ഭാഗമായി പ്രവർത്തിക്കുന്നതിന് അപ്രകാരം സത്യപ്രസ്ഥാവന നടത്തേണ്ട ഗതികേടിൽ എത്തിച്ചത് സംഘ്പരിവാറാണെന്ന് പൊതുജനത്തെ ധരിപ്പിക്കാൻ മാധ്യമങ്ങൾ കിണഞ്ഞു പരിശ്രമിച്ചു... ഇവിടെയൊക്കെ ബി ജെ പി യെയും, ഹിന്ദു- സംഘപരിവാർ സംഘടനകളെയും പ്രതിക്കൂട്ടിൽ നിർത്തിചർച്ചചെയ്യാൻ കമലിന് മാധ്യമങ്ങളുടെയും, അവസ്സരവാദി സാസ്‌കാരിക പ്രവർത്തകരുടെയും പിന്തുണയോടെ കഴിയുന്നു എന്ന് നമ്മൾ മനസ്സിലാക്കണം... കമൽ ആഗ്രഹിക്കുന്നതും അതുതന്നെയാണ്... വരാൻ പോകുന്ന ഒരു സിനിമക്ക് ഹിന്ദു സംഘടനകളുടെ ചെലവിൽ പരമാവധി പരസ്യവും... നമ്മൾ ചർച്ചകളിൽ പങ്കെടുക്കുമ്പോളെല്ലാം കമൽ നേട്ടം കൊയ്യുകയാണ്..

നടികൾക്ക് യാതൊരു പഞ്ഞവുമില്ലാത്ത നമ്മുടെ രാജ്യത്ത് വിദ്യാബാലനും, മഞ്ജു വാരൃരും എന്നല്ല ആരു പിന്മാറിയാലും മറ്റു നൂറുപേർ വരും... കമലിന്റെ ഡയലോഗ് പറയുന്ന ആമി അഭ്രപാളികളിൽ വരുന്നത് അദ്ദേഹത്തിന് അധികം ആയാസ്സപ്പെട്ട കാര്യമല്ല... പക്ഷെ ഹിന്ദു സംഘടനകൾ ഈ വിഷയത്തിൽ ചർച്ചകളും പ്രതികരണങ്ങളും അവസാനിപ്പിക്കണമെന്നാണ് എന്റെ പക്ഷം... കാരണം ഹിന്ദു സംഘടനകളെ അവഹേളിക്കുന്ന ഒന്ന് അവരുടെ തന്നെ ചെലവിൽ വിജയിക്കാൻ അനുവദിക്കരുത്... ഒപ്പം ഹിന്ദു- മുസ്ളീം സംഘർഷം അയവില്ലാതെ നിലനിൽക്കണമെന്നാഗ്രഹിക്കുന്ന കമലിന് അതിനവസ്സരവും നൽകരുത്...  

[Rajesh Puliyanethu
 Advocate, Haripad]  

Friday, 29 April 2016

മാമ്പഴത്തെ കൊതിക്കാത്ത ബാല്യം മാവിനെ സ്നേഹിക്കാതെ പോകുന്നു....!!


     ഇന്ന് ഒരു കാഴ്ചയിൽ കണ്ട ചെറിയ ഒരു കൌതുകം പങ്കു വെയ്ക്കുന്നതിനാണ് ഈ എഴുത്ത്...

     ഒരു വസ്തു തർക്കത്തിലെ കേസ്സ് സംബന്ധമായി ഒരിടം വരെ പോകേണ്ടി വന്നു...  ഉടമയുടെ വീടിനു മുകളിലത്തെ നിലയിൽ നിന്നും ജനാലയിൽക്കൂടി പുറത്തേക്ക് നോക്കിയാൽ അടുത്തുതന്നെ ഒരു ബഹുനില കെട്ടിടത്തിന്റെ നിർമ്മാണം നടക്കുന്നത് കാണാം.. എന്റെ ജോലി കഴിഞ്ഞതിനു ശേഷം കെട്ടിട നിർമ്മാണത്തിന്റെ കൌതുകം നോക്കി അൽപ്പനേരം നിന്നു...

     ആ വർക്ക് സൈറ്റിലേക്ക് ഒരു ഓഡി കാർ കയറി വരുന്നത് കണ്ടു. കെട്ടിടത്തിന്റെ അടുത്തെത്തുന്നതിനു മുൻപ് വഴിയിൽ ആ വാഹനം നിർത്തി..  ആ ബഹുനിലക്കെട്ടിടത്തിന്റെ ഉടമ ആയിരിക്കാം, ഏതായാലും 'ധനാഡ്യൻ' എന്നും തോന്നിക്കും വിധം ഒരാൾ അതിൽ നിന്നും പുറത്തേക്ക് ഇറങ്ങി.. അയാൾ വാഹനം കെട്ടിടത്തിന്റെ അടുത്ത് എത്തുന്നതിന് മുൻപ്‌ നിർത്തിയത് കൊണ്ടാകാം ഞാൻ ശ്രദ്ധിച്ചത്... വാഹനത്തിൽ നിന്നും പുറത്തിറങ്ങിയ ആൾ വാഹനത്തിന്റെ മുൻപിൽ കിടന്ന ഒരു പഴുത്ത മാങ്ങ എടുത്ത് തന്റെ മുണ്ടു കൊണ്ട് ഭംഗിയായി തുടച്ചു... അത് കടിച്ചുകൊണ്ട് വീണ്ടും വാഹനത്തിൽ കയറി ഓടിച്ച് കെട്ടിടത്തിനറെ അടുത്തു പാർക്ക് ചെയ്ത് ഇറങ്ങിപ്പോയി... അപ്പോഴും അയാളുടെ കൈയ്യിൽ ആ മാമ്പഴം ഉണ്ടായിരുന്നു...

     ഈ കാഴ്ചയിൽ എന്താണ് എടുത്തു പറയാൻ എന്ന് ചോദിക്കുന്നവരായിരിക്കും അധികവും... പക്ഷെ ഒരു കൌതുകം ജനിപ്പിച്ച സംഭവമായിരുന്നു അത്... ഇന്ന് സമൂഹത്തിൽ നിലനിൽക്കുന്ന പെരുമാറ്റ ചര്യകൾക്കിടയിൽക്കൂടി കാണുമ്പോളാണ് ഈ കാഴ്ചയിലെ നന്മ വെളിവാകുന്നത്...

       പാൻറും, ഷർട്ടും ഇട്ട് കയ്യിൽ ഒരു മൊബൈൽ ഫോണും ഉണ്ടെങ്കിൽ സായിപ്പായി എന്ന് കരുതുന്ന സമൂഹമാണിത് ... വീണു കിടക്കുന്ന ഒരു മാമ്പഴമോ, പറങ്കാപ്പഴമോ കുനിഞ്ഞൊന്നെടുത്തുപൊയാൽ തന്റെ വിദ്യാഭ്യാസ്സവും, അന്തസ്സും, സമൂഹത്തിലെ സ്ഥാനവും ഒക്കെ കപ്പലുകയറിപ്പോയി എന്ന് കരുതുന്നിടത്തു കണ്ട ഒരു കാഴ്ച്ച...!! പറമ്പിലെ മാമ്പഴം പെറുക്കിയെടുക്കുന്നത്‌ അപമാനമായി കണ്ട് നൂറ്റി അൻപത് രൂപ കൊടുത്ത് കാർബയിഡു വിഷം പുരണ്ട മാമ്പഴം വാങ്ങി കുട്ടികൾക്കുനൽകുന്നത് അഭിമാനമായും, അതേ അഭിമാനബോധം തങ്ങളുടെ CBSE അമുൽ പൈതലുകൾക്ക് പകർന്നു നൽകുകയും ചെയ്യുന്നിടത്ത് കണ്ട കാഴ്ച്ച..!!  അങ്ങനെയുള്ളിടത്ത് സ്വന്തമായി ഓഡി കാറും,, ബഹുനില കെട്ടിടവും,, പണവും ഉണ്ടെന്നുള്ളത് ഒരു മാമ്പഴം കുനിഞ്ഞെടുക്കുന്നത് തടസ്സമാകാതിരുന്നത് കണ്ടപ്പോൾ ഒരു കൌതുകം...ആ കൌതുകം എടുത്തു പറയണമെന്ന് മാത്രമേ കരുതിയുള്ളൂ...

     വീണു കിടക്കുന്ന ഒരു മാമ്പഴത്തെ നാം കാണാതെ വന്നാൽ,, പുറം കാലുകൊണ്ട്‌ അതിനെ തട്ടി മാറ്റി മുൻപോട്ടു പോയാൽ,, സ്വീകരിക്കാൻ ഒരണ്ണാരക്കണ്ണൻ പോലും ഇല്ലാതെ വന്നാൽ;;  ആർക്കായും പ്രത്യേകം കരുതാതെ, എല്ലാവർക്കുമായി പുഷ്പ്പിച്ചിട്ടും, മധുരമുള്ള മാമ്പഴം വിളമ്പിത്തന്നിട്ടും, അതൊന്നു സ്വീകരിക്കാനും, നന്ദിയോടെയും, സ്നേഹത്തോടെയും ഒന്നു നോക്കാനും ആരുമില്ലെന്ന തോന്നൽ ആ മാവിലും ഒരു താപം ഉയർത്തിയേക്കാം...!! അങ്ങനെ തങ്ങളുടെ ഫലങ്ങൾ ചവിട്ടി അരച്ചു കളഞ്ഞവർക്കു നേരേ,,  അതിനും ശേഷം തങ്ങളുടെ തടിയിൽ കോടാലി വെയ്ക്കുന്നവർക്കു നേരെ ഉയരുന്ന താപവും കണ്ണീരും ഓരോ മരത്തിനും ഉണ്ടാകാം... ആ താപമാകാം നമ്മെ ചുട്ടു പോള്ളിച്ചുകൊണ്ടിരിക്കുന്നത്...!!!

     പ്രകൃതിയുടെ കനിവ് നമുക്കു ലഭിക്കണമെങ്കിൽ നാം പ്രകൃതിയെയും, പ്രകൃതി തരുന്ന വിഭവങ്ങളെയും നന്ദിയോടെ കാണണം.. മധുരമൂറുന്ന മാമ്പഴം തന്ന മാവിനോട് സ്നേഹം വേണം... ആ സ്നേഹം ആാത്മാവിൽ ജനിക്കണമെങ്കിൽ കാറ്റത്തു വീണമാമ്പഴം ഓടിച്ചെന്ന് കൂട്ടുകാർക്കൊപ്പം തല്ലുകൂടി പങ്കിട്ടെടുത്ത ബാല്യം വേണം... അങ്ങനെ ഒരു ബാല്യമുള്ളവന് തനിക്ക് മധുരമുള്ള മാമ്പഴം തന്ന,, തന്റെ ഏറു കൊണ്ട് വീണ്ടും സന്തോഷത്തോടെ മാമ്പഴം പൊഴിച്ച മാതൃതുല്യമായ ആ വൃക്ഷത്തിൻറെ ചുവട്ടിൽ കൊടാലിവെയ്ക്കാൻ മനസ്സൊന്നു പിടക്കും....  

     പ്രകൃതിയെ നന്ദിയോടെയും, സ്നേഹത്തോടെയും കാണൂ... അങ്ങനെയുള്ളവന് പ്രകൃതി നമുക്കായി നൽകുന്ന ഏതൊരു വിഭവത്തെയും ചെറുതായിക്കാണാൻ കഴിയില്ല... അവർ ഭൂമിയെ ചുട്ടു പോള്ളിക്കാനും, കരയിക്കാനും ഇടവരുത്തില്ല...........

[Rajesh Puliyanethu
 Advocate, Haripad]   



Sunday, 14 February 2016

ചുവപ്പിലോളിഞ്ഞ തീവ്രവാദം...!!


       കമ്യുണിസ്റ്റ് പാർട്ടിയുമായി ബന്ധപ്പെട്ട് എന്നും  ആകർഷകമായി തോന്നിയിട്ടുള്ളത് അംഗങ്ങൾ തമ്മിൽ എല്ലാ വലിപ്പ ചെറുപ്പങ്ങളും, വ്യത്യാസ്സങ്ങളും അവഗണിച്ച് "സഖാവേ" എന്ന് പരസ്പ്പരം വിളിക്കുന്നതായിരുന്നു...  [[[ഇടതുപക്ഷസൂര്യന് ചുവപ്പ് ചോർച്ചയോ?? ചെങ്കനലുകൾ വിളറുന്നുവോ?? ഒരു വർത്തമാനകാല വിചാരം....]]]

       പക്ഷെ ഇന്ന് വീരസഖാക്കന്മാരിൽ  പ്രധാനികളായി ഹാസിഫ് സൈദ്‌,, ഒസാമ ബിൻ ലാദൻ,, സദ്ദാം ഹുസൈൻ,, അഫ്സ്സൽ ഗുരു,, അജ്മൽ കസ്സബ്,, യാക്കൂബ് മേമൻ  തുടങ്ങിയ പേരുകൾ കേൾക്കുമ്പോൾ അത് വല്ലാത്ത ആലോസ്സരത സ്രിഷ്ട്ടിക്കുന്നു... സി. പി. എം നെ ഭാരതത്തിലെ ഉത്തരവാദപ്പെട്ട ഒരു രാഷ്ട്രീയ പാർട്ടി എന്നുപോലും അംഗീകരിക്കാൻ കഴിയുന്നില്ല... പകരം വിദേശ നിർമ്മിതമായ ഒന്ന് കാലമിത്ര കടന്നിട്ടും അന്യമായ ഒന്നായിത്തന്നെ ഈ രാജ്യത്ത് അവശേഷിക്കുന്നതായി തോന്നുന്നു... ഭാരതത്തിന്റെ താല്പ്പര്യത്തിനപ്പുരം അതിർത്തിക്കപ്പുറമുള്ളവന്റെ താല്പ്പര്യത്തിനായി വേവലാതി കൊള്ളുന്ന,, അതിനായി ഏതറ്റം വരെയും പോകുന്ന,, ഭാരതത്തിന്റെ ഉന്നതി ആഗ്രഹിക്കുന്ന ഏതൊരുവനും ശ്രദ്ധയോടെ വീക്ഷിക്കേണ്ട ഒരു കൂട്ടം എന്നായി കാണേണ്ടിയിരിക്കുന്നു... രാഷ്ട്രീയത്തിനും ഒരുപാട് അപ്പുറമാണ് രാഷ്ട്രം എന്ന തിരിച്ചറിവുള്ളവർ പ്രതികരിക്കണം... രാജ്യദ്രോഹ പ്രവർത്തനങ്ങൾ ഏതു കോണിൽനിന്നും ഉയർന്നുവന്നാലും തടയപ്പെടേണ്ടതുണ്ട്...[[[കുറ്റകരമായ മൌനം, കണ്ണുകെട്ടി പിന്തുണ നൽകുന്ന അടിമത്വം, വളർത്തുന്ന സ്വേശ്ചാതിപത്യം,, ഒടുവിൽ പ്രസ്ഥാനത്തിന്റെ നാശം...!!]]] അവിടെ രാഷ്ട്രീയ പാർട്ടിയോടുള്ള വിധേയത്തിനപ്പുറം പ്രാധാന്യം രാജ്യത്തോടുള്ള വിധേയത്വമാണ്.... 

ഭാരത മാതാവ് വിജയിക്കട്ടെ..... 

[Rajesh Puliyaneth
Advocate, Haripad]

Saturday, 2 May 2015

പൂന്താനവും ഒരു പേരല്ലേ??


      "പൂന്താനം"  ഈ നാമം മലയാളിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല.. കൃഷ്ണഭക്ത്തനായ പൂന്തനത്തിനെ അല്ലാതെ മറ്റൊരുവനെ ആ നാമത്തിൽ പരിചയപ്പെട്ട അനുഭവവും നമുക്കാർക്കുംതന്നെ ഇല്ല എന്ന് ഞാൻ വിശ്വസിക്കുന്നു... കേഴ്‌വിയിൽ അപാകതകൾ ഒന്നും തോന്നിക്കാത്ത ആ നാമം എന്തുണ്ട് മറ്റാരും അനുകരിച്ചില്ലാ?? 

     പരമസാത്വികനായ കറകളഞ്ഞ കൃഷ്ണ ഭക്തനായാണ് അദ്ദേഹത്തെ നമുക്ക് പരിചയം... നന്മ മാത്രം കൈമുതലായ വ്യക്തിത്വം.... പക്ഷെ എന്തുണ്ട് ആ പേര് മറ്റു മനുഷ്യർക്കിടയിലേക്ക് ആവർത്തിക്കപ്പെടാതെ പോയത്!? 

     കാരണം മറ്റൊന്നുമല്ല; പൂന്താനത്തിന്റെ ഭക്തി പൊതുജനം ആവശ്യപ്പെടുന്നതിലും അപ്പുറത്താണ് എന്നുള്ളത് കൊണ്ടാണ്....!! 

     പൂന്താനത്തോളം ഉള്ള ഭക്ത്തിയെ ഉള്ളിന്റെ ഉളളിൽ പരിഹാസ്സത്തോടെയാണ് മറ്റുള്ളവർ കാണുന്നത്....! അതാണ്‌ കാരണം... 

     ഹിന്ദുക്കളുടെ പൊതുവായ ഒരു   മാനസികനില ചർച്ച ചെയ്യുന്നതിനായി പൂന്താനത്തിന്റെ "പേര്" ഉപയോഗിച്ചുവന്നെ ഉള്ളൂ... 

     ഹിന്ദുക്കൾക്ക് മതത്തിന്റെ അടിസ്ഥാനപ്പെടുത്തിയുള്ള ഭക്തിയിലും വിശ്വാസ്സത്തിലും നാണവും, ലജ്ജയുമാണ്... എത്ര ഭക്തി വിശ്വാസ്സങ്ങൾ പറയുന്ന ഹിന്ദുവിന്റെ മനസ്സിലും ഭക്തിയും വിശ്വാസ്സവും പരിഹാസ്സകാരണങ്ങളാണ്.... ഒന്നുറക്കെ നാമം ജപിക്കാനും, ഒരു ചന്ദനക്കുറി തൊട്ട്‌ ജോലിസ്ഥലത്ത് പോകാനും അവന്‌ നാണമാണ്.... പത്താം ക്ലാസ് വരെ തികച്ചു പഠിച്ചവൻ ആണെങ്കിൽ പറയുകയും വേണ്ട.... ഈ നാണം എന്നത് ഹിന്ദുവിന്റെ മനോനിലയുടെ ബ്രഹിസ്പുരണ്‍മാണ്.. അതുതന്നെയാണ് ഹിന്ദുവിന്റെ പരാജയകാരണവും... 

     മറ്റേതൊരു മതവിശ്വാസിയും തങ്ങളുടെ മത ചിഹ്ന്നങ്ങളെ അന്തസ്സിന്റെയും, അഭിമാനത്തിന്റെയും പ്രതീകങ്ങളായി കൊണ്ടു നടക്കുമ്പോൾ ഹിന്ദു തന്റേതെല്ലാം നാണത്തോടെ മറച്ചു പിടിക്കുന്നു... 

     അത് അത്മാഭിമാനത്തിലും, വിശ്വാസ്സത്തിലും ഉള്ള ഹിന്ദുവിന്റെ ച്യുതിയാണ് വെളിവാക്കുന്നത്... തന്റെതായതെല്ലാം നഷ്ട്ടപ്പെട്ടു പോവുകയും, താൻ അപമാനിക്കപ്പെടുകയും ചെയ്തിട്ടും ഹിന്ദു ഒന്നായിനിന്നു പ്രതികരിക്കാൻ തയ്യാറാകുന്നില്ല... കാരണം മുൻപു പറഞ്ഞ വിധമായ നാണമാണ്... സ്വന്തം പിതാവിനെയും, ഗ്റിഹത്തെയും മറ്റൊരുവന് മുൻപിൽ ചൂണ്ടിക്കാണിക്കുംപോൾ ഒരുവന് ലജ്ജ തോന്നുന്നുവെങ്കിൽ മ്ലെശ്ചമായ ആ വികാരമാണ് ഹിന്ദുവിന്റെ നാണവും... അത് വെടിയും വരെ ഹിന്ദു ബലഹീനനായി തുടരും..... 

(Rajesh Puliyanethu 
 Advocate, Haripad) 

Saturday, 13 December 2014

ചുമ്പന സമരം സമൂഹത്തിന് എന്ത് നൽകി ???


        കഴിഞ്ഞ കുറച്ചു ദിവസ്സങ്ങളായി കേരളത്തിൽ ഏറ്റവും ഉയർന്നു കേൾക്കുന്ന ഒരു വാക്ക് "ചുമ്പനവും" ഏറ്റവും ജനശ്രദ്ധ ആകർഷിച്ച സമരം "ചുമ്പനസമരവും" ആണ്... രാഷ്ട്രീയം, അഴിമതി, വിദേശനയം, സാമ്പത്തിക നില, ഭരണം, നിയമം, ഭീകരാക്രമണങ്ങൾ, സൈനീകരുടെ വീരമ്രിത്യു, കായികം, സ്പോർട്സ്, അങ്ങനെയുള്ള പല സാമൂഹിക പ്രസക്തമായ കാര്യങ്ങളെയും ചുമ്പന സമരം കവച്ചുവെച്ചു... ഏറ്റവും കൂടുതൽ 'സമൂഹത്തിൽ അറിയപ്പെടുന്നവർ'
അഭിപ്രായം പറഞ്ഞ സമരവും, സമൂഹത്തിലെ ഏതൊരു വിഷയത്തിലും ഇടപെട്ടു സംസ്സാരിക്കാറുള്ള 'സമൂഹത്തിൽ അറിയപ്പെടുന്ന' വലിയൊരു വിഭാഗം യാതൊരു അഭിപ്രായം പറയാതിരിക്കുകയും ചെയ്ത സമരമായിരുന്നു ചുമ്പന സമരം...


       സമരകാരണത്തിന്റെ ആദ്യ ബിന്ദു മുതൽ യാതൊരു പ്രസക്തിയും ഇല്ലാത്ത സമരമായിരുന്നു ചുമ്പനസമരം എന്ന് നിസ്സംശയം പറയാം... കാരണം റൌണ്‍ ടൌണ്‍ റസ്റൊറന്റിൽ നടന്ന ചുമ്പന ദ്രിശ്യങ്ങൾ ചാനൽ സംപ്രേക്ഷണം ചെയ്തത് വ്യാജം ആണെന്നും എഡിറ്റു ചെയ്തതുമാണെന്നാണ് ഹോട്ടൽ  നൽകിയ ആദ്യവിശദീകരണം...  അവിടെത്തന്നെ ഹോട്ടലിൽ നടന്നുവെന്നരീതിയിൽ പുറത്തുവന്ന വീഡിയൊയെ ഹോട്ടൽ അധികൃതർ തള്ളിക്കളയുന്നുവെന്നും, നിഷേധിക്കുന്നുവെന്നും ഒപ്പം തന്നെ ഹോട്ടലിൽ വെച്ച് നടന്നു എന്ന് ചാനൽ അവകാശപ്പെടുന്ന സംഭവം തെറ്റ് ആണെന്ന് അവർ അങ്ങീകരിക്കുകയും ചെയ്യുന്നു എന്നാണ്... പക്ഷെ സമരം നടക്കുന്നതോ;? ഹോട്ടലിൽ വെച്ച് അരങ്ങേറാറുണ്ടായിരുന്നു എന്ന് ചാനലും, യുവമൊർച്ചയും പറയുന്ന 'ചുമ്പനവും മറ്റ് ലൈംഗീക കേളികളും വ്യക്തിസ്വാതന്ത്ര്യവും, പരസ്യമായി നടപ്പിലാക്കാവുന്നതും ആണെന്നാണ്‌' എന്ന് പറഞ്ഞു കൊണ്ടാണ്... സമരം ഉയർത്തുന്ന അടിസ്ഥാന കാരണം തന്നെ അവിടെ നഷ്ട്ടപ്പെട്ടിരിക്കുകയാണ്...    

       ആഴ്ചകൾ ചർച്ചകളിൽ ഒരു വിഷയം നിറഞ്ഞു നിൽക്കുക എന്നത് നമ്മുടെ നാട്ടിൽ പുതിയ സംഭവം ഒന്നുമല്ല... പക്ഷെ അത് തീർച്ചയായും ലൈംഗീകതയുമായി ബന്ധപ്പെട്ടതായിരിക്കണം...!! ഇവിടെ 'അടിയന്തരാവസ്ഥ' എന്ന രാജ്യം നേരിട്ട അവസ്ഥക്കപ്പുറം കാലങ്ങൾ ചർച്ച ചെയ്ത വിഷയങ്ങൾ ഐസ് ക്രീം, സൂര്യനെല്ലി, കിളിയൂർ, കതിരൂർ എന്നിവയൊക്കെയാണ്... ഈ രാജ്യം മുഴുവൻ അറബിക്കടലിലേക്ക് പോകുമെന്ന് പറഞ്ഞാലും ഏറിയാൽ ഒരാഴ്ച ചാനൽ ചർച്ചകളും ഭൂകമ്പവും ഉണ്ടാകും... പിന്നീട് ആവിഷയം അറബിക്കടലിൽ കിടന്നുകൊണ്ടാകും ചർച്ച... അതാണ്‌ നമ്മുടെ രീതി..! ചുംബനസമരം പരസ്യമായ ലൈഗീക പ്രകടനം അവകാശമായി പ്രഖ്യാപിക്കുന്നതിനു വേണ്ടിയുള്ള സമരമായതിനാൽ കൂടുതൽ പങ്കാളിത്തമുള്ള ചർച്ചയായി മാറുന്നു.. 

       രാഷ്ട്രീയമായും, സാമൂഹികമായും യാതൊരു പ്രാധാന്യവും ഇല്ലാത്ത വിഷയമാണെങ്കിലും ചുമ്പന സമരം രാഷ്ട്രീയ- സാഹൂഹിക വിഷയങ്ങളിലും ഇടംപിടിച്ചു... വിവാദത്തിനു തുടക്കം കുറിച്ചത് യുവമോർച്ച ആയതിനാൽ മറ്റ് എല്ലാ രാഷ്ട്രീയ സംഘടനകൾക്കും എതിരഭിപ്രായം പ്രകടിപ്പിച്ചേ മതിയാകൂ എന്നാ അവസ്ഥയായി... കാരണം ഹിന്ദുത്വത്തെ മുന്നെപിടിക്കുന്നവർ എന്ത് നല്ലതു പറഞ്ഞാലും വിമർശിച്ചല്ലേ മതിയാകൂ..!! എങ്കിൽ മാത്രമല്ലേ 'മതേതരൻ' ആകാൻ കഴിയൂ!! ഹിന്ദു പരിവാർ സംഘടനകളെ ഒന്നടങ്കം എതിർക്കാൻ കൊണ്ഗ്രെസ്സ് - ഇടതുപക്ഷ സംഘടനകൾ രംഗത്തു വന്നു... രാഷ്ട്രീയ പരമായ സ്വാധീനം ചുമ്പന സമരങ്ങൾക്ക് ഉണ്ടായത് അവിടെയാണ്... ഹിന്ദു പരിവാർ സംഘടനകളെ സദാചാര പോലീസ് ആയി ചിത്രീകരിക്കാൻ ശ്രമിച്ചു... സാധാരണ മുസ്ലീം സംഘടനകൾക്ക് മാത്രമായിരുന്ന സദാചാര പോലീസ് പേരുദോഷം ഹിന്ദു പരിവാർ സംഘടനകൾക്ക് കൂടി ചാർത്തിക്കൊടുക്കുന്നതിനുള്ള ശ്രമം നടന്നു... പക്ഷെ ചുംബന സമരത്തെക്കുറിച്ച് സ്വോതന്ത്രമായി ചിന്തിച്ച പൗരന്മാർക്കൊന്നുംതന്നെ അതിനെ അനുകൂലിക്കാൻ കഴിഞ്ഞില്ല... ക്രമേണ കൊണ്ഗ്രെസ്സ്- KSU സംഘടനകൾക്ക് പ്രസ്തുത വിഷയത്തെക്കുറിച്ച് കലഹിച്ചു കൊണ്ട് നിലപാടുമാറ്റം വരുത്തേണ്ടി വന്നു... അതേ നിലതെന്നെ ഇടതുപക്ഷത്തിനും ഉണ്ടായി... ചുമ്പന സമരത്തിൽക്കൂടി വിപ്ലവം കൊണ്ടുവരാമെന്ന് കരുതിയ ഇടതു പക്ഷ പാർട്ടികൾക്കും തെറ്റി... DYFI ചുമ്പന ദാഹികൾക്ക് കാവൽ കിടന്നപ്പോൾ സിപിഎം സംസ്ഥാന സെക്രട്ടറിക്ക് തന്നെ സമരത്തെ തള്ളിപ്പറയേണ്ടി വന്നു... പൊതുജനാഭിപ്രായം ആകമാനം പാർട്ടിക്കെതിരാകാതിരിക്കാൻ വേണ്ടി കൈക്കൊണ്ട അടവുനയമായി മാത്രമേ അതിനെ കാണാൻ കഴിയൂൂ... 

       എന്നാൽ രാഷ്ട്രീയ പരമായ നേട്ടം ബി ജെ പി ക്കും, സംഘപരിവാർ സംഘടനകൾക്കും ഉണ്ടായി എന്നുതന്നെ പറയണം... ഏതു നല്ലകാര്യത്തിന്റെ ഭാഗമായി ഹിന്ദു സംസാരിച്ചാലും ന്യൂനപക്ഷ പ്രീണന നയത്തിന്റെ ഭാഗമായി അതിനെയെല്ലാം അടച്ചാക്ഷേപിക്കുകയും, പരിഹസ്സിക്കുകയും ചെയ്യുന്ന ഇതരപാർട്ടികളുടെ കുടില സമീപനത്തെ പൊതുജനം ചുമ്പന സമരത്തിൽ കൂടുതൽ അടുത്തുകണ്ടു... സ്വതന്ത്രമായി അതിനെ വിശകലനം ചെയ്തു ചിന്തിച്ച അവർ, ഇടതു വലതന്മാർ ഏത് ആഭാസ്സത്തിനും തങ്ങളുടെ നേട്ടങ്ങൾക്ക്‌ വേണ്ടി കഴലൂത്ത് നടത്തുന്നവരാണെന്ന് തിരിച്ചറിഞ്ഞു... അത് ബി ജെ പി ക്കും, സംഘപരിവാർ സംഘടനകൾക്കും പിന്നിൽ വലിയോരുജനവിഭാഗത്തിനെ ഒന്നിച്ച് അണിനിരത്താൻ കാരണമായി... ഒരുതരത്തിൽ ഹിന്ദു സംഘടനകളുടെ ശാക്തീകരണത്തിന് ചുംബന സമരം ഒരു കാരണവുമായി... 

       ചുംബന സമരം എന്തിനു വേണ്ടിയാണ് എന്നുപോലും സമൂഹമധ്യത്തിൽ വിശദീകരിക്കാൻ സമരജീവികൾക്ക് കഴിഞ്ഞില്ല... ചുമ്പനസമരങ്ങളിൽ അമ്മയെയും, സഹോദരിയും, സുഹൃത്തിനെയും, സഹോദരനെയും ഉമ്മവെച്ച് വിപ്ലവം കൊണ്ടുവരുന്നവരെ കണ്ടു...  'ചുംബനം' എന്ന പ്രക്രീയയെ ആരോ തടഞ്ഞതിലുള്ള പ്രതികാരമാണെന്ന് തോന്നിപ്പോകും ഈ പ്രവർത്തികൾ കണ്ടാൽ... അമ്മയെയും, സഹോദരിയും, സുഹൃത്തിനെയും, സഹോദരനെയും ഉമ്മവെയ്ക്കുന്നതിന് സ്ഥലമോ സമയമോ ആരും നോക്കേണ്ടതില്ല... ചുംബിക്കുന്നവരൊ, കണ്ടുനിൽക്കുന്നവരോ ആരുംതന്നെ... പക്ഷെ അത്തരം ചുംബനങ്ങൾ സമര മാർഗ്ഗങ്ങൾ അല്ല... അത് സ്നേഹത്തിന്റെ ഒരു കൈമാറ്റം മാത്രമാണ്.. അത്തരം ചുംബനങ്ങൾ നിമിഷങ്ങൾക്കപ്പുരം നീണ്ടുപോകില്ല എന്നതും സത്യമാണ്... ആരാണ് അമ്മയെയോ, സഹോദരിയോ, സുഹൃത്തിനെയോ, സഹോദരനെയോ കോഫീ ഷോപ്പിൽ കൊണ്ടുപോയിരുത്തി മണിക്കൂറുകൾ ഉമ്മ വെച്ചുകൊണ്ടിരിക്കുന്നത്?? അപ്രകാരം കാമുകിയെയും സമൂഹമദ്ധ്യത്തിൽ വെച്ച് സ്നേഹത്തിന്റെ കൈമാറ്റമെന്നവണ്ണം ഒന്നു ചുംബിക്കുന്നതിലും തെറ്റുണ്ടാവില്ല.. അപ്രകാരമോക്കെ ഇവിടെ നടന്നു വന്നിരുന്നതുമാണ്... ആരും എതിർത്തിട്ടുമില്ല... പക്ഷെ അതൊന്നും കാമച്ചുവയുള്ള ചുംബനങ്ങളല്ല... ഒരു സ്നേഹചുംബനത്തിനപ്പുരം ലൈഗീക ആസ്വാദനപരമായ ചുംബനത്തിലേക്ക് ഒരു ചുംബനം നീളുന്നതാണ് പരസ്യമായി സമൂഹമദ്ധ്യത്തിൽ പാടില്ല എന്ന് പറയുന്നതും, എതിർക്കുന്നതും... ശ്രീ പിണറായി വിജയൻ 'ഭാര്യയും ഭർത്താവും തമ്മിൽ ബെഡ് റൂമിൽ കാട്ടേണ്ടത്‌' എന്ന് പറഞ്ഞതും...

       'ചുംബനം' എന്ന ഏറെക്കുറെ സ്വോകാര്യ സ്വോഭാവം ഉള്ള ഒന്നുപോലും സമരമാർഗ്ഗം ആക്കാവുന്നതാണ് എന്ന് ചുംബന സമരം കാട്ടിത്തന്നു... ഭാവിയിൽ ഈ ചുവടുപിടിച്ച് പല സമരമാർഗ്ഗങ്ങളും ഇവിടെ ഉയർന്നു വരാം... 'അമ്മയെത്തല്ലിയാലും രണ്ടുപക്ഷം കിട്ടും' എന്നാ പഴംചൊല്ല് ചുമ്പന സേനാംഗങ്ങൾ അന്വർഥമാക്കി... 

       സദാചാര ബോധത്തെ വേർതിരിച്ചു നിർത്തി നോക്കിക്കാണുന്നതിനും വിലയിരുത്തുന്നതിനും കഴിഞ്ഞ വലിയൊരു കാലയളവിനിടയിൽ കിട്ടിയ അവസ്സരമായിരുന്നു ചുംബന സമരം..!! നമ്മുടെ നാട് ഏതിനെയോക്കെയാണ്, എന്തിനെയോക്കെയാണ് സദാചാരമായി കണക്കാക്കുന്നത് എന്ന വിശകലനത്തിന് ചുംബന സമരം വഴിവെച്ചു... മുൻകാലങ്ങളിൽ നിന്നും സദാചാരത്തിന്റെ അളവുകോൽ മാറ്റിസ്ഥാപിക്കപ്പെട്ടിട്ടുണ്ടോ എന്നും പരിശോധിക്കപ്പെട്ടു... എന്ത് ആഭാസ്സവും തങ്ങളുടെ അവകാശമാണെന്ന് കരുതുന്ന വിഭാഗത്തെയും, അത് കണ്ടു രസിക്കുന്ന വെറിയന്മാരെ പിന്തുണക്കാരായി കണ്ടെത്താൻ കഴിയുകയും ചെയ്തുവെങ്കിലും സമൂഹത്തിൽ സദാചാരത്തിന്റെ ബോധം പരിക്കുകൾ ഏൽക്കാതെ തന്നെ നിലനിൽക്കുന്നു എന്ന് വേണം കരുതാൻ... ഭാരതത്തിന്റെ സംസ്ക്കാരം എഴുതിവെയ്ക്കപ്പെട്ടതല്ല... അത് ഓരോ ഭാരതീയന്റെയും മനസ്സിലെ ധാരണകളാണ്... ആ ധാരണ വികലമായ ചുംബന സമരത്തെ പിന്തുണയ്ക്കുന്നതരത്തിലല്ലെന്ന് തെളിയിക്കാൻ കഴിഞ്ഞതിനെ ചുംബന സമരത്തിന്റെ ഗുണവശമായി ഞാൻ കാണുന്നു...   

       ഹിന്ദുവിനെയും, ഭാരത സംസ്ക്കാരത്തെയും അവഹേളിക്കുവാൻ തക്കംപാർത്തിരുന്ന ഒരു വിഭാഗത്തെ തിരിച്ചറിയുന്നതിന് ചുംബന സമരം സഹായിച്ചു... ഗീതാ ഗൊവിന്ദത്തെയും, ശ്രീ കൃഷ്ണനെയും, അഘോരികളെയും, ഭാരത ശില്പ്പകലയെയും, പുരാണ- ഇതിഹാസ്സങ്ങളെയും വർദ്ധിത വീര്യത്തോടെ ചുംബന സമര വേളയിൽ ആക്രമിക്കുകയും, അപകീർത്തിപ്പെടുത്തുകയും ചെയ്യുന്നവരെ ചുംബന സമര വേളയിൽ നാം കണ്ടു... നമ്മുടെ സംസ്ക്കാരത്തെ ചവിട്ടിമെതിക്കാൻ തയ്യാറായി നിൽക്കുന്നവരെ എണ്ണി മാറ്റിനിർത്താൻ ഈ സമരം സഹായിച്ചു... അവരുടെ മുഖം മറക്കാതെ സൂക്ഷിക്കാൻ പൈതൃക സ്നേഹികളെ സഹായിച്ച ചുംബന സമര സംഘാടകരോടുള്ള നന്ദി നിസ്സീമമാണ്.... 

       ഭാരതത്തിൽ എന്തൊക്കെ സാദ്ധ്യമാണ്, ഇവിടെ എന്തൊക്കെ അനുചിതമാണ് എന്നതിനെക്കുറിച്ച് ഏല്ലാവർക്കും വ്യക്തമായ ധാരണയുണ്ട്... അതിനെ മറന്നു കൊണ്ട് വെല്ലുവിളികൾ നടത്താനാണ് ചിലരുടെ ശ്രമം... ആ ശ്രമം ഇവിടെ വിലപ്പോകില്ല എന്ന് തെളിയിച്ചു കൊടുക്കുന്നതിനു സഹായിച്ച ചുമ്പന സമരത്തോട് നന്ദി... !!!

[[ചുമ്പന വിഷയത്തിലെ ഒരു പഴയ പോസ്റ്റ്‌ ..... Click here]]

[Rajesh Puliyanethu
 Advocate, Haripad]

       

Monday, 3 November 2014

വാർത്തയും വിശകലനവും.....!!


       ഇന്ന് മാധ്യമ രംഗം സ്വജന പക്ഷപാതം, രാഷ്ട്രീയ, മത, സാമുദായിക, വ്യക്തി, അധിഷ്ട്ടിത സ്വാധീനങ്ങൾക്കും അനുസൃതമായി പ്രവർത്തിച്ചു വരുന്നു എന്ന ആക്ഷേപം നിലനിൽക്കുന്നു... ഈ സ്വാധീനങ്ങൾക്ക് വശപ്പെട്ട് എഴുത്തുകൾ നടത്തുമ്പോൾ അതിനെ പരക്കെ "കൂലിയെഴുത്ത്" എന്ന പേരിട്ട് വിളിക്കുന്നു... വാർത്തകൾ ജനശ്രദ്ധ ആകർഷിക്കുക എന്ന ഉദ്ദേശത്തിൽ അതിഭാവുകത്വം കലർത്തി അവതരിപ്പിക്കപ്പെടുകയും ചെയ്യുന്നു...  "വാർത്തയിലെ കല...."

       അങ്ങനെയുള്ള കൂലിയെഴുത്തുകൾക്ക് സമൂഹത്തിൽ പ്രവർത്തനശേഷി ഉണ്ടാകുന്നത് സമൂഹത്തിന്റെ മേന്മയും, ച്യുതിയും ഒരുപോലെ കാരണമാണ്...ഉദാഹരണമായി പറഞ്ഞാൽ "അക്ഷരങ്ങൾ കൂട്ടിവായിക്കാൻ അറിയുന്ന ജനത ഇവിടെയുള്ളത് കൂലിയെഴുത്തുകൾക്ക് അനുകൂലഘടകമാണ്... അതുപോലെതന്നെ അപഗ്രഥിച്ചു മനസ്സിലാക്കാൻ കഴിവില്ലാത്ത ജനതയും കൂലിയെഴുത്തുകൾക്ക് അനുകൂലഘടകമാണ്... 

[Rajesh Puliyanethu
 Advocate, Haripad]

Tuesday, 16 September 2014

ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ തിരുവോണ [മയൂര] ത്തോണി....... !!!


       ഹരിപ്പാട്  ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെക്ക് ആറന്മുള ശ്രീ പാർത്ഥസാരഥീ ക്ഷേത്രത്തിലെ മാതൃകയിൽ ഒരു മയൂരത്തോണി നിർമ്മിച്ച്‌ സമർപ്പിക്കുന്നതിനെക്കുറിച്ച് ആലോചനായോഗങ്ങൾ പോടിപൊടിക്കുന്നു.. വേലായുധ സ്വാമിക്ക് എന്ത് സമർപ്പിക്കുന്നതിനെയും എത്രയും ആവെശത്തോടെ കാണുന്ന ഹരിപ്പാട് നിവാസികൾ ഈ സംരംഭത്തെയും സഹർഷം സ്വാഗതം ചെയ്യും എന്നതിൽ സന്ദേഹത്തിനുവകയില്ല... ഹരിപ്പാട്ടെ സ്വാർഥതാൽപ്പര്യങ്ങളും, വ്യക്തി താല്പ്പര്യങ്ങളും ഇല്ലാത്ത സാധാരണക്കാരായ ഭക്തജനങ്ങൾ എല്ലാം തന്നെ വെലായുധസ്വാമിക്കുള്ള സമർപ്പണങ്ങളെയും, ക്ഷേത്രത്തിന് ഉണ്ടാകാൻ പോകുന്ന ഉന്നമനം എന്ന്   വിശദീകരിക്കപ്പെടുന്ന ഏതിനെയും അതിൽ മറഞ്ഞു കിടക്കുന്ന നിക്ഷിപ്ത്ത താല്പ്പര്യങ്ങളെക്കുറിച്ച് അന്യെഷിക്കാതെ അന്ധമായി പിന്തുണക്കുകയാണ് ചെയ്യുന്നത്...!! ആ 'അന്ധത' എന്നത് വേലായുധസ്വാമിയോടുള്ള ഭക്തിയുടെയും, സ്നേഹത്തിന്റെയും, ബഹുമാനത്തിന്റെയും ബഹിർസ്പുരണമാണ്; മറിച്ച് അക്ജ്ഞതയുടെത് അല്ല...      

       വേലായുധസ്വാമിയോടുള്ള ഭക്ത്തി ഭക്ത്തജനങ്ങൾ, ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ എല്ലാക്കാര്യങ്ങളിലും ഇടപെട്ട്, ആചാര- അനുഷ്ട്ടാനങ്ങളും, നിർമ്മാണങ്ങളും, പൊളിച്ചു മാറ്റലുകളും, കൂട്ടിച്ചേർക്കലുകളും, അങ്ങനെ ക്ഷേത്രത്തെ സംബന്ധിക്കുന്നതെന്തും കുറ്റമറ്റ രീതിയിൽ നടന്നു വരുന്നു എന്ന് ഉറപ്പു വരുത്തി; തങ്ങളുടെ ഭക്ത്തിയെ ഒരു ഉത്തരവാദിത്വമായി നിറവേറ്റേണ്ട കാലമായി എന്ന് പറയേണ്ടി വരുന്നു...  മറിച്ച് പിന്നീട് ക്ഷേത്രത്തിനുണ്ടാകുന്ന അപചയത്തിൽ കണ്ണീർ വാർത്ത്, ഉത്തരവാദികളെ പഴിപറഞ്ഞു മാത്രം നാം കടന്നു പോയാൽ അത് നാം നമ്മുടെ ആരാധനാ മൂർത്തിയോടും, നാടിനോടും, വിശ്വാസ്സങ്ങളോടും, പൈത്രുകത്തോടും, ചെയ്യുന്ന അപരാധമായിരിക്കും... ഒരുകൂട്ടം ചൂഷകരുടെ മുൻപിൽ ശബ്ദമുയർത്താതെ ചുരുണ്ടുകൂടി ജീവിച്ച കുറച്ചു പൂർവ്വികർ ഇവിടെയുണ്ടായിരുന്നു  എന്ന വരും തലമുറയുടെ പഴിപറച്ചിലിനും നാം പാത്രീഭൂതരാകേണ്ടി വരും!!

       ക്ഷേത്രത്തിലെ എല്ലാക്കാര്യങ്ങളിലും ശ്രദ്ധവെയ്ക്കുക, ക്ഷേത്രകാര്യങ്ങൾ സുഗമമായും, സുതാര്യമായും നടക്കുന്നു എന്ന് ഉറപ്പുവരുത്തുക, ക്ഷേത്രത്തിൽ ഉണ്ടാകുന്ന വ്യത്യസ്തമായ ഏതൊന്നിനെയും കുറിച്ച് അപഗ്രഥിച്ചു പഠിക്കുക, സംശയം ജനിപ്പിക്കുന്നതെന്തും ചോദ്യം ചെയ്യുക; ഇത്രയും ചെയ്യാൻ ഭക്തജനങ്ങൾ തയ്യാറായാൽ, പിന്നീട് "പാടില്ലാത്തത് ആയിരുന്നു" എന്ന് ചിന്തിക്കേണ്ടി വരുന്നതൊന്നും സംഭവിക്കില്ല... ഒരു കാര്യം മനസ്സിൽ കരുതി വെയ്ക്കുക.. ക്ഷേത്രകാര്യങ്ങളിൽ ഉത്തരവാദിത്വവും, അവകാശവും ദേവസ്വം ബോഡിനോ, ക്ഷേത്ര ഭരണസമിതിക്കൊ, ഉപദേശകസമിതിക്കൊ മാത്രമല്ല... ആത്യന്തികമായി അത് ഭക്ത്തനിൽ നിക്ഷിപ്ത്തമാണ്...

       ക്ഷേത്രത്തിൽ വരണമെന്ന ആവശ്യമുയരുന്ന "മയൂരത്തോണി" തന്നെ ഒരു വിഷയമായി എടുക്കൂ... നിലവിൽ ക്ഷേത്രത്തിൽ മയൂരത്തോണി എന്ന ആചാരമോ അനുഷ്ട്ടാനമോ നിലനില്ക്കുന്നില്ല.. മുൻകാലങ്ങളിൽ നിലന്നിന്നിരുന്ന എന്നാൽ മുടങ്ങിപ്പോയ ഒരു ആചാരത്തിന്റെ തിരിച്ചു വരവുമല്ല അതുകൊണ്ട് ഉദ്ദേശിക്കുന്നത്... അങ്ങനെയെങ്കിൽ ഏത് ക്ഷേത്ര ഐതീഹ്യത്തിന്റെയോ, ആചാരത്തിന്റെയോ, ചരിത്രത്തിന്റെയോ പിൻബലത്തിലാണ് നാളെ ക്ഷേത്രത്തിലെ അനുഷ്ട്ടാനത്തിന്റെ ഭാഗമാകേണ്ട ഒന്ന് ഒരു കൂട്ടം ആൾക്കാർക്ക്‌ കൂടിയിരുന്നു തീരുമാനിച്ച് നടപ്പിലാക്കാൻ കഴിയുന്നത്‌!!??

       കണ്ടല്ലൂരിൽ നിന്നും കണ്ടെടുത്ത ചതുർബാഹിയായ വിഗ്രഹം കോപ്പാറ കടവിൽ എത്തിച്ച്, അവിടെ നിന്നും ചുണ്ടൻ വള്ളങ്ങളുടെ അകമ്പടിയോടെ പായിപ്പാട്ട് എത്തിച്ചു വെന്നും ആ സംഭവത്തിന്റെ പിന്തുടർച്ചയായി പായിപ്പാട് ജലൊൽസ്സവം അരങ്ങേറുന്നു എന്നും നാം മനസ്സിലാക്കുന്നു... ഈ സംഭവം തന്നെയാണ് "മയൂരത്തോണി" എന്ന സങ്കൽപ്പത്തിന്റെയും ആധാരശില എന്നാണ് മയൂരത്തോണി എന്ന ആശയം ഉയർത്തുന്നവർ പറയുന്നത്... അപ്പോഴും ചുണ്ടൻ വള്ളങ്ങളുടെ അകമ്പടിയോടെ എത്തിയ ഭഗവാന്റെ വിഗ്രഹത്തിനെ "തോണി" യുമായി ബന്ധപ്പെടുത്തി ഒരു ആചാരം സൃഷ്ട്ടിക്കുന്നതിലെ സാങ്കത്യം എളുപ്പത്തിൽ ദഹിക്കുന്നില്ല... ഹരിപ്പാട് ക്ഷേത്രത്തിന്റെ ഭാഗമായി ഒരു ചുണ്ടൻ വള്ളമായിരുന്നു ഉയർന്നുവന്ന ആശയമെങ്കിൽ അത് ഭക്ത്ത മനസ്സുകളിൽ കൂടുതൽ അങ്ങീകരിക്കപ്പെട്ടെനേം...

       തിരുവാറൻമുളയിലെ ശൈലിയിലാണ് മയൂരത്തോണി എന്നാണ് ഉപദേശകസമിതിയുടെ ഭാഷ്യം... അങ്ങനെയെങ്കിൽ തിരുവാറൻമുളയിലെ ഐതീഹ്യത്തെക്കൂടി നമുക്കൊരു നിമിഷം സ്മരിക്കേണ്ടതുണ്ട്... അവിടെ ഭഗവാൻ ചെറുകോലിൽ നിന്നും ചങ്ങാടത്തിലാണ് തിരുവാറൻമുളയിലേക്ക് എത്തിയത് എന്നാണ് വിശ്വാസ്സം... ഇടക്ക് മാലക്കരയിൽ ഇറങ്ങി വിശ്രമിച്ചെന്നും ഉചിതമായ സ്ഥലം 'തിരുവാറന്മുള' യാണെന്നുള്ള ഭൂതഗണങ്ങളുടെ അറിയിപ്പിനെ തുടർന്നു അവിടേക്ക് അദ്ദേഹം യാത്ര തുടർന്നുവെന്നും ഐതീഹ്യം പറയുന്നു.... ഇതാണ് "തിരുവോണത്തോണി" യുടെ പിന്നിലെ കഥയെങ്കിൽ തിരുവോണത്തോണിയിൽ ഭഗവാന് തിരുവോണവിഭവങ്ങൾ എത്തിക്കുന്നതിനു പിന്നിലെ കഥ മറ്റൊന്നാണ്... മാങ്ങാട്ട് ഇല്ലത്തെ വൃദ്ധബ്രാഹ്മണൻ പതിവായി ഒരു ബ്രാഹ്മണബാലന് തിരുവോണവിഭവങ്ങൾ നൽകുമായിരുന്നു വെന്നും ആ ബാലൻ ഭഗവാൻ ആയിരുന്നുവെന്നും ഒരു തിരുവോണത്തിന് ആ ബാലൻ എത്താതിരുന്നു വെന്നും തുടർന്നു 'തനിക്കുള്ള വിഭവങ്ങൾ ഇങ്ങോട്ട് കൊടുത്തുവിട്ടാൽ മതി' എന്ന അരുളപ്പാട് ഉണ്ടായി എന്നും ആ സംഭവം തിരുവോണത്തോണിയിൽ ഭഗവാന് വിഭവങ്ങൾ എത്തിക്കുന്ന ആചാരത്തിന് കാരണമായി എന്നും പറയപ്പെടുന്നു...  

       ഏതൊരു ക്ഷേത്രത്തിലും അനുഷ്ട്ടാനങ്ങൾ ഉണ്ടാകുന്നതും അത് ഒരു ചിട്ടപ്രകാരം നടന്നു വരുന്നതും ആ ക്ഷേത്രോൽപ്പത്തിയോടും, ആ ക്ഷേത്രത്തിലെ ആരാധനാമൂർത്തിയോടും ബന്ധപ്പെട്ട പുരാതനമായ വിശ്വാസ്സങ്ങളുടെ അടിസ്ഥാനത്തിലാണ്... അത് ക്രമമായി ആചരിച്ചു വരുമ്പോൾ മാത്രമാണ് അവയെല്ലാം അനുഗ്രഹപൂർണ്ണവും, മഹാനീയവും ആകുന്നത്.. ചില പുതിയ 'ചടങ്ങുകൾ' ഒരു ദിവസ്സം തുടങ്ങിവെച്ചതിനു ശേഷം ഇവയാണ് ഇനിമേൽ 'അനുഷ്ട്ടാനങ്ങൾ' എന്ന് പറഞ്ഞാൽ 'അനുഷ്ട്ടാനം' എന്ന വാക്കിന്റെ അർഥ ഭദ്രതയെപ്പോലും അത് ചോദ്യം ചെയ്യും.. അവ ആ ക്ഷേത്രത്തിന്റെമേൽ 'ഏച്ചുകെട്ടിയ മാറാപ്പുപോലെ' വേറിട്ടു നിൽക്കും...

       ആചാര-അനുഷ്ട്ടാനങ്ങളുടെ പിൻബലം അവിടെ നിൽക്കട്ടെ;   പുതിയതായി ഒന്ന് അവതരിപ്പിക്കപ്പെടുമ്പോൾ ക്ഷേത്രത്തിന്റെ നിലവിലെ സാഹചര്യങ്ങൾ തീർച്ചയായും വിലയിരുത്തപെടണം..   ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെക്ക് മയൂരത്തോണി അവതരിപ്പിക്കുമ്പോൾ 'നിലവിലെ ക്ഷേത്രകാര്യങ്ങൾ എല്ലാം കാര്യക്ഷമമായും, മികച്ചനിലയിലും പ്രവർത്തിക്കുന്നുണ്ടോ എന്ന് ആദ്യം നോക്കണം... അല്ലാതെ പട്ടിണി ഇല്ലത്തേക്ക് ആനയെ വാങ്ങി നൽകിയ അവസ്ഥ ആകരുത്..!! ക്ഷേത്രത്തിലെ കൂത്തമ്പലം നിലം പോത്തലിന്റെ വക്കിലാണ്, ഊട്ടുപുരയുടെ ശ്യോച്യാവസ്ഥ ഒന്നുകൊണ്ടു മാത്രം കല്യാണങ്ങൾ നടത്താൻ മടിക്കുന്ന അവസ്ഥ.. ക്ഷേത്രമതിൽക്കെട്ടിനകവും പെരുംകുളത്തിന് ചുറ്റുവട്ടവും മലിനമായിക്കിടക്കുന്നു, ആനക്കൊട്ടിലും പുനരുദ്ധാരണം ആവശ്യമായ നിലയിൽത്തന്നെ...!! ഇവയൊക്കെ ക്ഷേത്രം ഒരു പത്തുമിനിട്ടിൽ ചുറ്റിനടന്നു കാണുന്നവന് മനസ്സിലാക്കാവുന്ന സ്പഷ്ട്ടമായ കാര്യങ്ങൾ... കൂടുതൽ സൂഷ്മതയോടെ നോക്കിയാൽ മറ്റെത്രയോ അവശ്യകാര്യങ്ങൾ കണ്ടെത്താൻ കഴിയും!? പൌരാണികതയുടെ മകുടോദാഹരണങ്ങളായ കൂത്തമ്പലം നിലംപൊത്താൻ വിട്ടിട്ട് എന്ത് മയൂരത്തോണിയാണ് നിങ്ങൾ നിർമ്മിക്കാൻ പോകുന്നതെന്ന് ചോദിച്ചാൽ വഴുക്കലിൽ വടികുത്തിയത് പോലെയൊരു   മറുപടിക്കപ്പുരം എന്ത് ലഭിക്കും?? ക്ഷെത്രത്തിന്റെതെന്നു പറഞ്ഞു നിർമ്മിച്ച്‌ പായിപ്പട്ടാറിന്റെ തീരത്ത്‌ പൊളിഞ്ഞ വിറകുകഷ്ണങ്ങളാക്കാനാണോ 'മയൂരത്തോണി' ??

       പതിനഞ്ചു വർഷങ്ങൾക്കു മുൻപാണ് മഹാക്ഷേത്രമായ ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ദേവപ്രശ്നം നടന്നത്.. ദേവന്റെ ഹിതം അറിയത്തക്ക സാഹചര്യം നിലനിൽക്കുന്നില്ല എന്ന് ആർക്കും വാദിക്കാൻ കഴിയില്ല... കാരണം കഴിഞ്ഞ വർഷങ്ങളിൽ ആശുഭങ്ങളുടെ പലപല കഥകൾ നമുക്ക് പറയാനുണ്ട്... ക്ഷേത്രം തന്ത്രി ക്ഷേത്രക്കുളത്തിൽത്തന്നെ വീണുമരിച്ചു... അതിൽപ്പരം ദുർനിമിത്തം എന്ന് വിശേഷിപ്പിക്കാവുന്ന മറ്റൊരു സംഭവമില്ല... കാവടി കത്തിയത്, ക്ഷേത്രാങ്കണത്തിൽ രക്തം വീണത്‌ അങ്ങനെ തുടരുന്നു അവ.. ദേവനെ പ്രസാദിപ്പിക്കാതെയുള്ള ഏതു മയൂരത്തോണിയാണ് മഹനീയമായ സമർപ്പണമാകുന്നത്?? ദേവപ്രശ്നം ആവശ്യപ്പെടുന്നവരോട്, പ്രശ്നവിധി നടപ്പിലാക്കുമ്പോൾ ആവശ്യമാകുന്ന ഭാരിച്ച ചെലവുകളാണ് ഉപദേശകസമിതിയും മറ്റും നിരത്തുന്നത്...  മയൂരത്തോണിനിർമ്മിക്കാൻ ഇരുപതു ലക്ഷം കണ്ടെത്തുന്നത് അവർക്ക് ഒരു പൂവിറക്കുന്നതിനേക്കാൾ നിസ്സാരമാണ് താനും!! മികച്ച ഫലിതങ്ങളിൽപ്പെടുത്തി പ്രസിദ്ധീകരിക്കേണ്ടത് എന്ന് മാത്രമേ അതിനെക്കുറിച്ച് പറയുവാനുള്ളു...

       ദേവന്റെ ഹിതം അറിയാതെയുള്ള  മയൂരത്തോണിനിർമ്മാണം ദേവനോടുള്ള അവഹേളനമായിമാറും എന്ന് ചിന്തിക്കുന്നവരും ഉണ്ട്... മര്യാദ എന്നത് അതിന്റെ ഏറ്റവും ഉന്നതമായ രീതിയിലാണ് ആരാദ്ധ്യദേവന് നൽകേണ്ടത് എന്ന് വിശ്വസ്സികുന്നവർക്ക് എങ്ങനെ ദേവഹിതം അറിയാതെയുള്ള അടിച്ചേൽപ്പിക്കലിനെ ദേവനോടുള്ള അവഹേളനം അല്ലാതെ കാണാൻ സാധിക്കും?? പക്ഷെ ദേവഹിതം നോക്കൽ  മയൂരത്തോണിയുടെ കാര്യത്തിൽ മാത്രം പോരാ... മറിച്ച് ക്ഷേത്രത്തിലെ സമസ്ഥകാര്യങ്ങളെക്കുറിച്ചും ആയിരിക്കുക തന്നെ വേണം...

       ക്ഷേത്രത്തിൽ സുതാര്യതയില്ലാതെ നടന്ന മുൻകാല സംഭവങ്ങളെല്ലാം ഭക്തജനങ്ങളെ വഞ്ചിക്കുന്നവ ആയിരുന്നു... അതിന്റെ ഒരു ഉദാഹരണം മാത്രമാണ് കമ്പവിളക്ക് സംഭവം... ക്ഷേത്രത്തിലേക്ക് പുതിയ കമ്പവിളക്കുകൾ വരുന്നു എന്ന ആവേശത്തിൽ ഭക്തജനങ്ങൾ സന്തോഷിച്ചു പിന്താങ്ങി... വിളക്കിലെ വിലപിടിച്ച അപൂർവ ലോഹക്കൂട്ട്‌ കടത്തിക്കൊണ്ടുപോകുന്ന പകൽക്കൊള്ളയുടെ രംഗവേദി ആകുകയായിരുന്നു  ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രമെന്ന് തിരിച്ചറിയാൻ ഏവരും ഏറെ വൈകി... ഭഗവാന്റെ ഉൽസ്സവാഘോഷങ്ങളെപ്പോലും മുടക്കി സമരം ചെയ്യേണ്ടി വന്നു ഇന്നത്തെ രൂപത്തിലെങ്കിലും കമ്പവിളക്കുകൾ പിന:സ്ഥാപിക്കപ്പെടാൻ എന്നത് ഹരിപ്പാട്ടുകാരുടെ മനസ്സിലെ മായാത്ത ഓർമ്മ... എനിക്ക് തോന്നുന്നത് ഹരിപ്പാട്ടെ എല്ലാ മുരുകഭക്ത്തരും അന്നെടുത്ത തീരുമാനമാകാം "സുതാര്യമാല്ലാത്തതോന്നും ഈ ക്ഷേത്രാങ്കണത്തിൽ ഇനി അനുവദിക്കില്ല" എന്നത്..

       ശാസ്‌ത്ര വിധികളും, ദേവഹിതവും, ക്ഷേത്രത്തിന്റെ നിലവിലെ സാഹചര്യവും എല്ലാം പഠിച്ച് ഭക്തജനങ്ങളുടെ മുൻപിൽ വിശദീകരിച്ചതിനു ശേഷം മാത്രം മതി മയൂരത്തോണിയുടെ ഭാവി നിശ്ചയിക്കുന്നത്... ഒപ്പം ഒളിച്ചുവെച്ച താൽപ്പര്യങ്ങൾ ആരെങ്കിലും നടപ്പിലാക്കാൻ ശ്രമിക്കുന്നുണ്ടോ എന്ന് കൂടി ശ്രദ്ധിക്കണം... "ഹരിപ്പാടിന് സ്വന്തമായി ഒരു ചുണ്ടൻ വള്ളം എന്നാ ആശയം നാടിന്റെ പലകോണുകളിൽ നിന്നും ഉയർന്നു വരുന്ന അവസ്സരത്തിൽ അതിനെ ഒരു മയൂരത്തോണി കൊണ്ട് കടക്കെക്ക് വെട്ടാൻ ശ്രമിക്കുന്നതാണ്" എന്ന് അങ്ങാടിയിൽ കേൾക്കുന്ന പാട്ടിന്റെ പല്ലവിയും ചരണവും കൂടി തിരയുന്നത് നന്നായിരിക്കും.. ആരുടെയും സ്വന്തം താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ 'കരു' വാക്കാനുള്ളതല്ല ജനമനസ്സുകളിൽ വാഴുന്ന വേലായുധസ്വാമി...

       'ഏതൊരു നല്ലകാര്യത്തിനു തുടക്കമിട്ടാലും അതിനെല്ലാം ഉടക്കുമായി ഒരു വിഭാഗം ഇറങ്ങിക്കോളും',, എന്ന വസ്തുതകളെ ലഘൂകരിക്കുന്ന വർത്തമാനവും ഹരിപ്പാട്ടമ്പലത്തിലെ കാര്യങ്ങളിൽ വിലപ്പോകാത്ത അവസ്ഥയാണ്... കാരണം മുൻകാല പരിചയമാണ്... പലകാര്യങ്ങളും ചോദ്യം ചെയ്യലുകൾക്ക് വിധേയമാക്കാതെ നടപ്പിലാക്കാൻ അനുവദിച്ചതിന്റെ മനസ്ഥാപം ഏറെയുണ്ട്; ഹരിപ്പാട്ടുകാരുടെ മനസ്സുകളിൽ....

       എല്ലാം പരംപൊരുളായ വേലായുധസ്വാമിയുടെ ഇചഛയും, അനുഗ്രഹവും പോലെ നടക്കട്ടെ...

 ഹരഹരോ ഹരഹര...


[Rajesh Puliyanethu
 Advocate, Haripad]

Monday, 11 August 2014

Performer- Audience ബന്ധം; മനുഷ്യനും- മനുഷ്യനും, മനുഷ്യനും- സമൂഹവും തമ്മിലുള്ള ബന്ധത്തിന്റെ നേർപടം!!!


       വേദിയിൽ ഏകാംഗ നാടകം 'കർണ്ണൻ' അരങ്ങേറുകയാണ്... സൂത പുത്രനായ കർണ്ണൻ പൊതുസഭയിൽ അവഹെളിക്കപ്പെട്ടവേദന സദസ്സ് ഏറ്റെടുത്തു... അംഗ രാജ്യം നൽകി ദുര്യോധനൻ കർണ്ണന്റെ മാനം കാത്തപ്പോൾ മഹാ ഭാരതത്തിലെ പ്രതിനായക സ്ഥാനത്തു നിൽക്കുന്ന ധൃതരാഷ്ട്ര പുത്രനോടു പോലും ആസ്വാദകർക്ക് ആരാധന തോന്നി... കർണ്ണന്റെ കവചകുണ്ഡലങ്ങൾ അറുത്തുവാങ്ങിയ ദേവേന്ദ്രനെ ശത്രുതയോടെ അരങ്ങ് നോക്കിക്കണ്ടു... പാണ്ഡവരിലെ സീമന്ത പുത്രനായ കുന്തീ പുത്രനാണ് താനെന്ന് തിരിച്ചറിഞ്ഞിട്ടും തന്റെ ധർമ്മത്തിന്റെ ഭാഗത്തു നിന്ന കർണ്ണനെ നടൻ അതീവ ചാരുതയോടെ അവതരിപ്പിച്ചു... അവതാരകന്റെ അവതരണ പാടവത്തിനോപ്പം സദസ്സും വികാര വിക്ഷൊഭങ്ങൾക്ക് വശംവദരായി.. യുദ്ധഭൂമിയിൽ ശാപത്തിന്റെ തീഷ്ണതയിൽ ശസ്ത്രം മറന്നു നിൽക്കുന്ന രാധേയന്റെ നെഞ്ചിലേക്ക് പാർഥൻ തൊടുത്തുവിട്ട ശരം സ്വന്തം നെഞ്ചിലേക്ക് കാണികൾ ഏറ്റുവാങ്ങി.. ഏറ്റവുമൊടുവിൽ കുരുക്ഷേത്ര ഭൂമിയിൽ ചേതനയറ്റു കിടക്കുന്ന കർണ്ണനെ നോക്കിയ ഈറൻ കണ്ണുകൾക്ക് മുൻപിൽ തിരശീല വീണു...

       മഹാഭാരതത്തിലെ കർണ്ണന്റെ ദു:ഖം മാത്രമല്ല, ഷേക്സ്പീരിയൻ ട്രാജടികൾ നാടകങ്ങളായി അവതരിപ്പിക്കപ്പെട്ടപ്പോഴും സദസ്സ് വിതുമ്പിയിട്ടുണ്ട്... ചാർളീ ചാപ്ലിൽ അവതരിപ്പിച്ച കോമഡികളിൽ സദസ്സ് ഒന്നടങ്കം എല്ലാം മറന്നു ചിരിച്ചിട്ടുമുണ്ട്... അവതാരകൻ വരച്ചു കാട്ടുന്ന ഒരു ദു:ഖ ചിത്രത്തോളം കാണികളുടെ മനസ്സിനെ സ്വാധീനിക്കാൻ ആഹ്ലാദത്തിനു കഴിയും എന്നെനിക്ക് അഭിപ്രായവുമില്ല!!

       ഇവിടെ അവതാരകൻ (Performer) ആരുമാകട്ടെ, പക്ഷെ അവതാരകനും ആസ്വാദകനും(Audience)  തമ്മിലുള്ള ബന്ധം എന്നു പറയുന്നത് ഒരു സാമൂഹിക ശാസ്ത്രത്തിന്റെ ഭാഗമാണ്... അവതാരകൻ എന്നതിനെ കഥാപാത്രം എന്നുകൂടി വിപുലമാക്കി ചിന്തിക്കണം... ഓരോ മനുഷ്യനും സാഹചര്യങ്ങൾക്കും, അവസ്സരങ്ങൾക്കും അനുസൃതമായി അവതാരകന്റെയും ആസ്വാദകന്റെയും ഭിന്നവേഷങ്ങൾ അണിയുന്നു എന്ന് മാത്രം... അവിടെ ഏതൊരുവനും തന്റെ വേഷം മാത്രമേ ചെയ്യുവാൻ കഴിയുന്നുള്ളൂ... ഏതൊരുവനാണോ അവതാരക സ്ഥാനത്ത് തദ് അവസ്സരത്തിൽ നിൽക്കുന്നത്, അയാളൊഴികെ മറ്റെല്ലാവരും ആസ്വാദകർ മാത്രം... !!

       നമ്മുടെ ദൈനംദിന ജീവിതത്തിൽ ഓരോ വേഷത്തിലും നമ്മൾ Performer ഉം Audient ഉം ആകുന്നുണ്ട്... ഒരു സ്ത്രീക്ക് തന്റെ ഭർത്താവിനെ മരണത്തിലേക്ക് നഷ്ട്ടപ്പെട്ടു എന്ന് കരുതുക... അവിടെ ആ സ്ത്രീ മാത്രമാണ് ആ റോളിലെ Performer.. മറ്റെല്ലാവരും പ്രേക്ഷകർ മാത്രമാണ്... അതേസമയം രണ്ടുപേർ വിവാഹബന്ധം നിയമ പരമായി വേർപെടുത്തുകയാണെന്ന് കരുതുക... അവിടെയും അവർ മാത്രമാണ് പെർഫോർമർ... ഒരമ്മക്ക് തന്റെ കുട്ടിയെ നഷ്ട്ടപ്പെടുന്നു എന്ന് കരുതുക... കുട്ടിയെ നഷ്ട്ടപ്പെട്ട അമ്മയുടെ റോളിൽ അവർ മാത്രമാണ്  പെർഫോർമർ..  കാണികൾക്ക് മറ്റുള്ളവരുടെ ദു:ഖത്തിലേക്ക് പങ്കു ചേരാൻ മാത്രമേ കഴിയൂ.. അവരുടെ സ്ഥാനത്ത് നിൽക്കാൻ കഴിയില്ല... അതുപോലെ തന്നെ സന്തോഷത്തിലും ഏതുതരം വികാരത്തിലും അവസ്സരത്തിലും!! മുൻപ് പറഞ്ഞപോലെ, കർണ്ണന്റെ മാറിലേക്ക്‌ കൊണ്ട പാർഥ ശരത്തിന്റെ വേദനയിൽ ദു:ഖിക്കാം... പക്ഷെ കർണ്ണനാകാൻ കഴിയില്ല... അതയച്ച പാർഥനും ആകാൻ കഴിയില്ല... ഈ ലോകത്തിൽ രണ്ടു മനുഷ്യർ അവശേഷിക്കുന്നതുവരെ ഈ Performer- Audience ബന്ധം തുടരും... അതെല്ലാ സാഹചര്യങ്ങളിലും ഉണ്ട്... ഒരു പിതാവിലും, മകനിലും, രോഗിയിലും, കുറ്റവാളിയിലും, കടക്കാരനിലും, അപകടം സംഭവിച്ചവനിലും, കാമുകനിലും, എല്ലാം ഈ നിയമം പ്രവർത്തിക്കുന്നു... മരിച്ചവനിൽ ഉൾപ്പടെ... അവിടെ മരിച്ചു കിടക്കുന്നവനാണ് Performer.. മറ്റെല്ലാവരും Audience മാത്രമാണ്... ഈ നിയമം 'Individuality' എന്ന വസ്തുതയോടുകൂടി ചേർത്തുവെച്ച് വായിക്കെണ്ടതാണ്.. കാരണം 'Individuality' എന്നതിനെ പ്രകടമാക്കുന്ന ഒന്നാണ് Performer- Audience ബന്ധം..

       Performer- Audience ബന്ധം..,, ഏതൊരു ജീവജാലത്തിന്റെയും പരിമിതിയുടെ കഥ കൂടി പറയുന്നു... ആ പരിമിതി, പരിമിതികളുടെ പേടകത്തിൽ ജീവിക്കുന്ന മനുഷ്യന്റെ സാമൂഹിക വിനിമയങ്ങളുടെ കഥപറയുന്നു....


[Rajesh Puliyanethu                                                                    [ Performer - അവതാരകൻ
 Advocate, Haripad]                                                                    Audience   - ആസ്വാദകൻ]


       

Thursday, 19 September 2013

ഓണാഘോഷം @ ഇരുപത്തി ഒന്നാം നൂറ്റാണ്ട്.....



       ഓണത്തിന്റെ തെരക്കുകളിൽ നിന്നും ആവേശങ്ങളിൽ നിന്നും മലയാളിക്ക് അൽപ്പം അയവ് വന്നിരിക്കുന്നു.. പൊതുവേയുള്ള ഓണാഘോഷതാല്പ്പര്യങ്ങളോട് എന്നല്ല ഉദ്ദേശിച്ചത്.. ഓണം കഴിഞ്ഞു ഉത്രട്ടാതിയോളം നാൾ എത്തിയിരിക്കുന്നു, പ്രവർത്തി ദിവസ്സങ്ങൾ ആരംഭിച്ചിരിക്കുന്നു, അതു കൊണ്ടൊക്കെ ഓണത്തിന്റെ ആഘോഷത്തിൽ നിന്നും ഓണാഘോഷത്തിൽ നിന്നുള്ള ആലസ്യത്തിൽ നമ്മൾ എത്തി നിൽക്കുന്നു .. 

       മലയാളിക്ക് സ്വന്തമായി ഒരു ആഘോഷം; അതാണല്ലോ ഓണം.. നന്മയുടെ ഓർമ്മപ്പെടുത്തലായി, സ്വച്ചസുന്ദരമായ ഒരു കാലത്തെ സ്വപ്നത്തിൽ ഓർക്കാനെങ്കിലും ഉള്ള അവസ്സരമായി ഒക്കെ ഓണത്തെകാണാം.. ഓണത്തിന് പല പ്രത്യേകതകളും ഉണ്ടെന്നുകാണണം.. സാധാരണആഘോഷങ്ങളെല്ലാം തന്നെ ഒരു അവതാരത്തിന്റെ ജനനം, അല്ലെങ്കിൽ ഒരു ദൈവസ്വോരൂപം തിന്മക്ക്‌ എതിരെ നേടിയ വിജയം അങ്ങനെ ഏതെങ്കിലും ഒക്കെ സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തി ആഘോഷിക്കുന്നവയായിരിക്കും.. എന്നാൽ മഹാവിഷ്ണുവിന്റെ വാമന അവതാരത്തെക്കാൾ പ്രാധാന്യം ഓണത്തെ ക്കുറിച്ച് പറയുമ്പോൾ മഹാബലി ചക്രവര്ത്തിക്കുണ്ട്!! മറ്റ് ആഘോഷങ്ങളിൽ തിന്മയെ അമർച്ച ചെയ്തതിന്റെ വിജയാഘോഷങ്ങൾ ആണ് കാണുന്നതെങ്കിൽ ഇവിടെ ഭഗവത് അവതാരം നന്മയുടെ പ്രതീകത്തെ പാതാളത്തിലേക്ക്‌ ചവിട്ടിത്താഴ്ത്തുന്നതാണ് കാണുന്നത്.. ഓണത്തിന്റെ മാത്രം ഒരു പ്രത്യേകത ആണെന്ന് തോന്നുന്നു ഒരു അവതാരം നന്മയെ ചവിട്ടിത്താഴ്ത്തി തിന്മയെ വാഴിക്കുന്നതായും; ഒരു അസ്സുരനായിരുന്നിട്ടു കൂടി മാവേലിത്തമ്പുരാന്റെ പ്രവർത്തിഗുണങ്ങളെ ഓർത്ത്‌ മാലോകർ അദ്ദേഹത്തിൻറെ തിരിച്ചു വരവിനായി ആഘോഷപൂർവ്വം കാത്തിരിക്കുന്നതുമായ സങ്കൽപ്പങ്ങൾ നിലനിൽക്കുന്നത്.. ഓണം എന്നും മാവേലിയിലും വാമനനിലും ഒക്കെ ബന്ധപ്പെട്ടതുതന്നെ.. അതിനാൽ കാലത്തിന്റെ മാറ്റം ഓണത്തെ മാറ്റിയെന്ന് പറയാൻ കഴിയുന്നില്ല.. മറിച്ച് മാറ്റം ഓണം ആഘോഷിക്കുന്ന രീതികൾ മാത്രം..

       'കാണം വിറ്റും ഓണം ഉണ്ണണം' എന്നതാണെല്ലോ ചൊല്ല്.. ഓണം ആഘോഷിക്കുക തന്നെ വേണം അതിന് പ്രതിസന്ധികൾ പ്രശ്നമാക്കരുത് എന്നതാണ് ടി സന്ദേശം!! കാരണം പ്രതിസന്ധികൾ ഓണാഘോഷത്തിന് പ്രതിബന്ധമായി നിന്നാൽ; തിര ഒഴിഞ്ഞിട്ട് കപ്പലിറക്കാൻ കാത്തിരിക്കുന്നത് പോലെയാകും..

       ആഘോഷങ്ങളാൽ സമൃദ്ധമായ ആഘോഷമാണ് ഓണം.. ഓണത്തിന്റെതുമായി ചേർത്തു പറയുന്ന കളികൾ, വിനോദങ്ങൾ ഇവയെല്ലാം ശ്രദ്ധിക്കൂ.. ഏതൊരുവനും പങ്കുചേരാൻ കഴിയുന്നവയാണ് അവയെല്ലാം.. സങ്കീർണ്ണത അവയിൽ ഒട്ടും തന്നെ കാണുവാൻ കഴിയുന്നില്ല.. അവയെല്ലാം കേരളത്തിന്റെ തനതു കലകൾ ഉൾപ്പെടുത്തി ഉണ്ടായ ശീലമാണെന്നും പറയാൻ കഴിയില്ല.. സങ്കീർണ്ണമായ തനതു കലാരൂപങ്ങൾ ഒന്നും ഓണാഘോഷത്തിന്റെ ഭാഗമായി കാണുവാൻ കഴിയില്ല.. ഓണം ആഘോഷിക്കുന്നതിന്റെഭാഗമായി ആരെങ്കിലും കഥകളി നടത്തി എന്നല്ലല്ലോ; പുലികളിയും, തലപ്പന്ത് കളിയും, തുമ്പിതുള്ളലും, ഓണത്തല്ലും നടത്തിയെന്നല്ലേ കേൾക്കാറുള്ളത്.. ഒരുമയോടെ എല്ലാവരും പങ്കെടുത്തു ആഘോഷിച്ചുവന്ന ഒരു ഉൽസ്സവത്തിന്റെ ശീലമാണ് നാം ഓണത്തിൽ കാണുന്നത്.. ഓണാഘോഷങ്ങളിൽ പെർഫൊമറും പ്രേക്ഷകനും ഇല്ല.. മറിച്ച് എല്ലാവരും പങ്കാളികൾ മാത്രമാണ്! ഓണത്തിലെ പ്രധാനിയായ വിഭവസമൃധമായ ഓണസദ്യക്ക്‌ എളിമയുടെ ഒരു സ്പർശവുമുണ്ട്..

       ഓണാഘോഷങ്ങളിൽ വന്ന മാറ്റങ്ങളെ ഏറ്റവുമധികം വിമർശിക്കപ്പെടുന്നത് Ready Made ഓണത്തിലേക്ക് ഓണം മാറി, ഓണം മദ്യസേവക്കുള്ള കാലമായിമാറി, ഓണം ഉപഭോക്തചൂഷണ വേദിയായി എന്നൊക്കെയാണ്.. പക്ഷെ മാറ്റമില്ലാത്ത മാറ്റത്തിന്റെ സന്തതികളാണ് ഇവയൊക്കെ എന്ന് നമ്മൾ അന്ഗീകരിക്കണം.. മറിച്ച് ഓണം മാറിപ്പോയി എന്ന് വിലപിച്ചുകൊണ്ട് മാറിയ ഓണത്തിന് പുറകെപോയാൽ അസംതൃപ്തമായ ഒണാഘോഷത്തിനെ നമുക്ക് കഴിയൂ.. ഓണം ഇന്ന് വിശ്രമ അവസ്സരങ്ങൾ കൂടി ആയതിനാലാണ് ഓണത്തിന്റെ സമസ്ത Ready Made വിഭവങ്ങൾക്കും ഉപഭോക്താക്കളുണ്ടായത്.. വർധിച്ചുവരുന്ന കച്ചവട സംവിധാനങ്ങളും ഏതിനെയും കച്ചവട ബുദ്ധിയോടെ കാണുന്ന പുതു ചിന്തയും അവയ്ക്ക് വിതരണക്കാരെയും സൃഷ്ടിച്ചു.. ഇവയൊന്നും പൂർണ്ണമായും വിമർശിക്കപ്പെടെണ്ടവ അല്ലെന്നും കാണണം..

       ഓണത്തിന് വിറ്റഴിക്കുന്ന മദ്യത്തിൽ വ്യാകുലപ്പെടുന്നവർ ഒരുപാടാണ്‌.......`.. അതും ഏത് ആഘോഷത്തിന്റെയും ഭാഗമായി മലയാളി മദ്യത്തെ കണ്ടതിന്റെ കാരണമാണ്.. ചെറിയ ആഘോഷത്തിന് ഒഴിച്ചുകൂടാൻ കഴിയാത്തത് വലിയ ആഘോഷമായ ഓണത്തിന് ഒഴിവാക്കാൻ കഴിയുമോ??

       'മാവേലി ഏതോ വലിയ കച്ചവടക്കാരനായിരുന്നു എന്നും അദ്ദേഹത്തിന്റെ ഓർമ്മക്കായി ആണ് മലയാളി ഇത്രയും സാധനങ്ങൾ ഓണക്കാലത്ത് വാങ്ങിക്കൂട്ടുന്നത് എന്ന് തോന്നിപ്പോകും' എന്ന് പരിഹസിച്ച് പറയുന്നവരുണ്ട്..  ഒരു ഓണക്കാലത്തെ എങ്ങനെ മാർക്കറ്റു ചെയ്യാം എന്നത്  വിവിധ കമ്പിനികളുടെ മാസ്സങ്ങൾ നീളുന്ന തലപുകക്കലാണ്.. ഓണത്തിന്റെ ഭാഗമല്ല അതിൽ ഭൂരിഭാഗം പുതുകാല കച്ചവടങ്ങളും എന്ന് കാണണം.. പലവ്യഞ്ജനങ്ങളും തുണിയും എന്നും ഓണക്കാല കച്ചവട സാധനങ്ങളും ഓണത്തിന്റെ ഭാഗവുമാണ്.. ചർച്ച ചെയ്യപ്പെടുന്നത് ഗ്രിഹോപകരണങ്ങലുടെ കച്ചവടത്തെക്കുറിച്ചാണ്.. ഓണമായതിനാൽ ഒരു ഫ്രിഡ്ജോ, മിക്സ്സിയോ വാങ്ങിയേക്കാം എന്ന് കരുതുന്നവർ എത്രയുണ്ടെന്ന് അന്യേഷിച്ചുതന്നെ അറിയണം.. ഒരുവന്റെ വീട്ടിൽ ആവശ്യമായി വരുന്ന അത്തരം സാമിഗ്രികളുടെ വാങ്ങാനുള്ള സമയം; കൂടുതൽ തെരഞ്ഞെടുക്കലിനുള്ള അവസ്സരം, ആനുകൂല്യങ്ങൾ ഉണ്ടാകുന്ന അവസ്സരം എന്നൊക്കെ കണ്ട് ഓണസ്സമയത്തെക്ക് നിശ്ചയിക്കുന്നു എന്നതല്ലെ ശരി?? മറിച്ച് അത്തരം ഒരു സാമഗ്രി വാങ്ങാനുള്ള തീരുമാനത്തിന് പുറകിൽ ഓണത്തിന് സ്വാധീനമുണ്ടോ?? 

       താൽപ്പര്യങ്ങൾക്കും, ചിന്തകൾക്കും, സാഹചര്യങ്ങൾക്കും എന്നുവേണ്ട സമസ്ത മേഘലകളിലും സമഗ്രമായ മാറ്റം സംഭവിച്ചു കൊണ്ടിരിക്കുമ്പോൾ ആഘോഷങ്ങൾക്കും ശീലങ്ങൾക്കും എല്ലാം തന്നെ ആ മാറ്റത്തിന്റെ പ്രതിഫലനം ഉണ്ടാകും.. സ്വന്തം താൽപ്പര്യത്തിനും, സൌകര്യത്തിനും വിരുദ്ധമായി ഒരു ആഘോഷം ആഘോഷിക്കുന്നതിലും അർഥമില്ലല്ലോ.. കാരണം ആഘോഷം എന്നാൽ പതിവ് ദിവസ്സങ്ങളിൽ നിന്ന് കൂടുതലായി ഉണ്ടാക്കുന്ന സന്തോഷവും ഉന്മാദവും ഒക്കെയല്ലേ!! വിമുഘതയോടെ തന്റെ പൂർവ്വികൻ ചെയ്തതിന്റെ ഒരു പകർപ്പിന് ശ്രമിച്ചാൽ എത്രനാൾ അത്തരം പ്രവർത്തികൾ നിലനിൽക്കും?? അവ എങ്ങനെ ഇന്നത്തെവന്റെ ഓണമാകും?? പ്രധാനമായത് ഓണം ആഘോഷിക്കാനുള്ള മനസ്സും താൽപ്പര്യവും നിലനിൽക്കുക എന്നതാണ്.. ഓണം നിലനില്ക്കുക എന്നതാണ്.. ആഘോഷരീതികളിലെ ചിലകൂട്ടി ചെർക്കലുകളൊ കാലം ആവശ്യപ്പെടുന്ന ചില സൌകര്യങ്ങളെ വിനിയോഗിക്കുന്നതോ അല്ല.. എന്നും പഴയകാലത്തെ ഓണത്തെമാത്രം പ്രകീർത്തിച്ച് സംസ്സാരിക്കുന്ന പ്രവണതയും ശരിയല്ല.. ഇത് ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ ഓണം.. ഇരുപത്തി രണ്ടാം നൂറ്റാണ്ടിലും ഓണം നിലനിന്നാൽ മതി; ഇരുപത്തിരണ്ടാം നൂറ്റാണ്ടിലെ ഓണമായി......!!!

     
[Rajesh Puliyanethu
 Advocate, Haripad]

Friday, 28 December 2012

സച്ചിന്‍റെ വിടവാങ്ങല്‍!!!!`!!




   സച്ചിന്‍ടെണ്ടുല്‍ക്കര്‍ എന്നാ വിസ്മയ പ്രതിഭ ഏകദിന ക്രിക്കറ്റില്‍ നിന്നും അരങ്ങൊഴിഞ്ഞു.. എന്നെങ്കിലും അത് സംഭവിക്കുമെന്ന് അറിയാമായിരുന്നു എങ്കിലും പെട്ടന്നൊരു ദിവസ്സം അത് കേട്ടപ്പോള്‍ ഞെട്ടിക്കുന്ന ഒരു ദുരന്ത വാര്‍ത്ത കേള്‍ക്കുന്നത് പോലെയാണ് തോന്നിയത്.. പ്രിയപ്പെട്ട ആരുടെയെങ്കിലും വേര്പാട് വാര്‍ത്തയോ, വലിയ ഒരു അപകട വാര്‍ത്തയോ മറ്റോ പെട്ടന്ന് കേള്‍ക്കേണ്ടി വരുമ്പോള്‍ തോന്നുന്ന ഒരു തരം അസുഖകരമായ വികാരം...

   ദിവസ്സങ്ങള്‍ പലത് പിന്നിട്ടിട്ടും ആ വാര്‍ത്ത ഉണ്ടാക്കിയ അസ്വസ്ഥത വിട്ടു മാറുന്നില്ല എന്നതാണ് സത്യം.....




[Rajesh Puliyanethu
 Advocate, Haripad]
--

Monday, 19 November 2012

'അഹങ്കാരം' ഒരു മോശം വികാരമോ??



       'അഹങ്കാരം' ഒരിക്കലും നല്ലത് കേട്ടിട്ടില്ലാത്ത ഒരു വികാരമാണ്. അത് ആരിലെങ്കിലും പ്രവര്‍ത്തിക്കുന്നു എന്നുകണ്ടാല്‍ അയാളുടെയും സ്ഥിതിയും  അതുതന്നെ. ആരെങ്കിലും അവന്‍ അഹങ്കാരിയാണെന്ന്തമാശയായി എങ്കിലും പറഞ്ഞാല്‍; അഹങ്കാരി എന്നാ നാമം അയാള്‍ക്ക്‌ ചാര്‍ത്തി നല്‍കി സമൂഹത്തില്‍ ദുഷിപ്പിച്ചു ചിത്രീകരിക്കാന്‍ ഭൂരിപക്ഷത്തിനും ഒരു പ്രത്യേക സാമര്‍ത്യമാണ്. പക്ഷെ എന്താണ് താന്‍ അയാളില്‍ കണ്ട അഹങ്കാരം എന്ന് പലര്‍ക്കും വ്യക്തമായ ചിത്രമില്ല എന്നതാണ് സത്യം.  ഒരുവന്‍ തന്‍റെ കഴിവില്‍ വിശ്വാസ്സമര്‍പ്പിച്ചു സംസാരിച്ചാല്‍, തനിക്ക് സാധ്യമാക്കി എടുക്കാന്‍ കഴിഞ്ഞ വിഷമകരമായ ഒന്നിനെക്കുറിച്ച് സംസാരിച്ചാല്‍, സഹൂഹത്തിലെ നിലവിലുള്ള കാഴ്ച്ചപ്പാടുകള്‍ക്ക് വിരുദ്ധമായി സംസ്സാരിച്ചാല്‍, സമൂഹം ഉന്നതനെന്നു അന്ഗീകരിക്കപ്പട്ട ഒരൂ വ്യക്ത്തിയെ വിമര്‍ശിച്ചാല്‍, ഒരു പ്രത്യേക മേഘലയില്‍ 'ഉന്നതന്‍' എന്ന് പൊതുസമൂഹം സ്ഥാപിച്ച ഒരുവ്യക്തിയുടെ; ആ മേഘലയിലെ ഒരു പോരായ്മ ചൂണ്ടിക്കാണിച്ചാല്‍, ഒരു വിഷയത്തെക്കുറിച്ച് കൂടുതല്‍ വിശദീകരണത്തിന് മുതിര്‍ന്നാല്‍, ഒരുവനുനേരെ വെച്ചു നീട്ടുന്ന ഒരു ഓഫെര്‍ നിരസ്സിച്ചാല്‍, പണം കൂടുതലായി ചെലവഴിച്ചാല്‍, വിലപിടിച്ച ചില വസ്തുക്കള്‍ വാങ്ങിയാല്‍, മുതിര്‍ന്നവരെയും, ഗുരുജനങ്ങളെയും ബഹുമാനിക്കാതിരുന്നാല്‍, പുരാണത്തെയോ, ഇതിഹാസ്സത്തെയോ വിമര്‍ശിച്ചാല്‍, മതപരമായ വിശ്വാസ്സത്തിന് എതിരുനിന്നാല്‍, ദൈവ വിശ്വാസ്സത്തിന്റെ നിലവിലെ സങ്കല്‍പ്പങ്ങള്‍ക്ക് എതിരായി സംസാരിച്ചാല്‍ എന്നിവയില്‍ തുടങ്ങി കാണുന്നവന് ബോധ്യമാകാത്ത വസ്ത്രധാരണം നടത്തിയാല്‍ വരെ; ഉടനടി അഹങ്കാരി എന്ന  നാമം ചാര്‍ത്തി ലഭിക്കും!!
     അങ്ങനെ അന്യെഷിച്ചിറങ്ങിയാല്‍ അന്തമില്ലാതെ നീളും ഓരോരുത്തരും അഹങ്കാരി എന്ന വിളി സ്വന്തമാക്കിയതിന് പിന്നിലെ കാരണങ്ങള്‍!!!!`!!
     ജീവിതത്തില്‍ ഒരിക്കലെങ്കിലും 'അഹങ്കാരി' എന്ന വിളി കേള്‍ക്കേണ്ടി വന്നിട്ടില്ലാത്തവര്‍ ഉണ്ടാകില്ല എന്ന് നിസ്സംശയം പറയാം!! ഏറ്റവും നിസ്സാരമായി മാതാപിതാക്കളില്‍ നിന്നോ ഗുരുജനങ്ങളില്‍ നിന്നോ എങ്കിലും ആ വിളിക്ക് പാത്രമായവരാണ് നാമെല്ലാം തന്നെ!!
     ഇന്ന് 'താന്‍ ഒരു അഹങ്കാരി ആണ്' അങ്ങനെ തന്നെ കരുതിക്കോളു! എന്നു പ്രഖ്യാപിച്ചു നടക്കുന്ന ഒരു വിഭാഗതത്തെയും കാണുവാന്‍ സാധിക്കുന്നുണ്ട്! അത് പലപ്പോഴും ധാര്‍ഷ്ട്യത്തോടെ ഉള്ള ഒരു വിചാരമായാണ് പരക്കെ കാണാന്‍ കഴിയുന്നത്‌!!`!
     അഹങ്കാരം എന്നാവികാരത്തെ മറ്റുള്ളവര്‍ കാണുകയും ആ 'വിളി' ചാര്‍ത്തിനല്‍കുകയും ചെയ്യുന്നത് വ്യക്ത്തമായ വേര്‍തിരിവുകളോ, ധാരണയോ ഇല്ലാതെയാണ് എന്നതാണ് അതിലെ കുറവ്! മാതാപിതാക്കളെയോ, ഗുരുജനത്തെയോ അപമാനിക്കുന്നവനെയും,  തനിക്ക് സാധ്യമാക്കി എടുക്കാന്‍ കഴിഞ്ഞ വിഷമകരമായ ഒന്നിനെക്കുറിച്ച് സംസാരിക്കുന്നവനെയും അഹങ്കാരി എന്നുതന്നെ വിളിക്കുന്നു. അവിടെ സന്ദര്‍ഭത്തിന് അനുസൃതമായി അര്‍ഥഭേദം നല്‍കുന്നതിന് ആ വാക്കിന് കഴിയുന്നതുമില്ല!!

       പലപ്പോഴും ഒരുവന്‍റെ ആത്മവിശ്വാസ്സതിന്റെ ഉച്ചസ്ഥായിയെ അഹങ്കാരമായി വ്യാഖ്യാനിക്കുന്നു. അത് ഒരു മേഘലയിലുള്ള തന്‍റെ കഴിവിലുള്ള ആത്മവിശ്വാസ്സമായിരിക്കും! അവിടെ ആ അഹങ്കാരത്തിന്‍റെ  നാശം എന്നത് ആ വ്യക്തിയുടെ പരാജയമാണ്. തനിക്ക് അപകടരഹിതമായി ഏറ്റവും നല്ലതുപോലെ വാഹനം ഓടിക്കാന്‍ കഴിയുമെന്നത് ഒരുവന്‍റെ ആത്മവിശ്വാസ്സമാകാം; അതേ സമയം അതിനെ അയാളുടെ അഹങ്കാരമായും വ്യാഖ്യാനിച്ചു എന്നു വരാം. അവിടെ അയാളുടെ അഹങ്കാരത്തിന്‍റെ നാശം എന്നത് ഒരു അപകടവും, അതുവഴിയുള്ള പരാജയവുമാണ്. അയാളുടെ വാഹനം ഓടിക്കുന്നതിലെ ആത്മവിശ്വാസ്സത്തെ മുന്‍പേ ആരും പരാമര്‍ശിച്ചിട്ടില്ല എങ്കില്‍ പോലും ഒരു അപകടത്തിന് ശേഷം " അവനല്ലേലും വല്യ ഡ്രൈവറാനെന്നുള്ള അഹങ്കാരമുണ്ടായിരുന്നു" എന്ന് ജനം പറയും. അങ്ങനെ വരുമ്പോള്‍ പൊതുവേ പറയുന്നതുപോലെ നശിക്കേണ്ട വികാരമല്ല അഹങ്കാരം എന്ന് വരുന്നു. 'എല്ലാ അഹങ്കാരങ്ങളും' എന്ന് വ്യക്തമാക്കി പറയാം!

       അഹങ്കാരം മനോഹരമായ വികാരമാകുന്ന അവസ്ഥയുമുണ്ട്. അത് അഹങ്കാരത്തിന് ഹേതുവായ വസ്തു തന്‍റെ ആത്മാഭിമാനത്തിന് കാരണമാകുമ്പോളാണ്. തന്‍റെ മനസ്സില്‍ അഹങ്കാരം ജനിപ്പിക്കുന്ന ഒന്ന് തന്‍റെ ആത്മാഭിമാനം വര്‍ദ്ധിപ്പിക്കുന്നു എങ്കില്‍ അവിടെ അഹങ്കാരം മനോഹരമായ വികാരമായി മാറുന്നു.അവിടെ തന്‍റെ അഹങ്കാരത്തെ ജനിപ്പിക്കുന്ന വസ്തുവിനെയോ, വസ്തുതയെയോകുറിച്ച് അയാള്‍ക്ക്‌ വ്യക്തത ഉണ്ടായിരിക്കണം. അപ്രകാരം അഹങ്കാരം തന്നില്‍ ജനിപ്പിക്കുന്ന വസ്തുത അയാളുടെ വ്യക്തിത്വത്തിന്‍റെ പരിച്ചേദമായിരിക്കും!! മനോഹരങ്ങളായ അഹങ്കാരങ്ങള്‍ നമ്മില്‍ ജനിക്കുകയും അവ എന്നും പരാജയപ്പെടാതെ നിലനില്‍ക്കുകയും ചെയ്യട്ടെ!!



[Rajesh Puliyanethu,
 Advocate, Haripad]




      

Sunday, 11 November 2012

മലയാളം നമുക്ക് മാതൃഭാഷയാണ്, പിന്നെന്താണ്??



       "മര്‍ത്യന് തന്‍റെ പെറ്റമ്മ തന്റെ മാതൃ ഭാഷ. മറ്റു ഭാഷകള്‍ പോറ്റമ്മമാര്‍ മാത്രം". അമ്മയെ തിരിച്ചറിഞ്ഞു കഴിഞ്ഞ് അമ്മയെന്ന വാക്കിനെ തിരിച്ചറിയുന്നു. ഒരു കുഞ്ഞിനു ലഭിക്കുന്ന ആദ്യത്തെ വിലപ്പെട്ട തിരിച്ചറിവുകള്‍`. അമ്മയെ തിരിച്ചറിയാന്‍ കുഞ്ഞിനെ സഹായിച്ച മാതൃഭാഷ; അമ്മയോളം മൂല്യമുള്ള ഒന്ന്! വ്യക്തിസ്വാതന്ത്രങ്ങളുടെ കടുത്ത പരിരക്ഷയുള്ള വിഷയമാണെങ്കിലും പറയാതെ വയ്യ, ഒരു കുഞ്ഞിനെ സ്വന്തം അമ്മയെ കാണിച്ചു 'ആയ' എന്ന് പരിചയപ്പെടുത്തിക്കോടുക്കുന്നത് പോലെയാണ് അവനെ "മമ്മി" എന്ന് പരിചയപ്പെടുത്തുന്നത് എന്ന് എനിക്ക് തോന്നുന്നു. ആധുനികത, പരിഷ്ക്കാരം എന്നിവ മുണ്ടും നേരിയതുമിട്ട അമ്മക്ക് ബ്രഷ്ട്ടു കല്‍പ്പിച്ച്, ചുരുതാറിടുന്ന അമ്മയെ മാത്രം 'മമ്മി' എന്ന് വിളിച്ച് അന്ഗീകരിക്കാനും പരിചയപ്പെടുത്തുവാനും തുടങ്ങിയപ്പോള്‍ മാതൃഭാഷ രൂപത്തിലും ഭാവത്തിലും അന്യഭാഷയ്ക്ക്‌ ദാസ്സിയായി. സ്വന്തം അമ്മയെക്കൊണ്ട് വിടുവേല ചെയ്യിക്കുന്നതില്‍ അഭിമാനം കൊണ്ട ഭാഷയുടെ സന്തതികള്‍ സ്വയം ചണ്ടാളന്‍മാരായി അധപ്പതിച്ചു!!

       ഭാഷയ്ക്ക്‌ ഉച്ച നീചത്വങ്ങള്‍ ചരിത്രാതീത കാലം മുതല്‍ ഉള്ള പ്രതിഭാസ്സ മാണെന്ന് വേണം മനസ്സിലാക്കാന്‍..........**--............... പുരാണ എതിഹാസ്സങ്ങളില്‍ പോലും ഭാഷയുടെ വലിപ്പ ചെറുപ്പങ്ങളുടെ വ്യക്ത്തമായ പരാമര്‍ശങ്ങള്‍ ഉണ്ട്. അന്ന് സംസ്കൃതം എന്നാ ഭാഷയായിരുന്നു ഏറ്റവും ഉത്തമര്‍ണ്ണന്‍ മാരുടെ ഭാഷയായി കരുതിയിരുന്നത്. അതിനെ ദേവഭാഷയായും ചിത്രീകരിക്കപ്പെട്ടു. അവിടെ എന്തുകൊണ്ട് സംസ്കൃതം ദിവ്യഭാഷയായി കണക്കാക്കപ്പെട്ടു എന്നതിന്റെ ന്യായം തന്നെയാണ് ഇന്ന് ഇംഗ്ലീഷ് ഭാഷ പരിഷ്കൃത ഭാഷയായത്തിന്റെ ഒരു പ്രമുഘകാരണവും. അത്, ഉയര്‍ന്ന വിദ്യാഭ്യാസ്സഭാഷയായി ഈ ഭാഷകള്‍ അതാതു കാലങ്ങളില്‍  കണക്കാക്കി വന്നതാണ്. ഇംഗ്ലീഷ് ഭാഷ എന്തുകൊണ്ട് ഉയര്‍ന്ന വിദ്യാഭ്യാസ്സ ഭാഷയായി കണക്കാക്കി എന്നതിന് ബ്രട്ടിഷ് അധിനിവേശവും മറ്റും കാരണമായിരിക്കാം. പക്ഷെ ഉയര്‍ന്ന വിദ്യാഭ്യാസ്സ ഭാഷ ആയി എന്നതാണ് അതിനെ ഉയര്‍ന്ന 'സ്റ്റാറ്റസ്സ്'  ഭാഷ എന്ന പരിവേഷം നേടി നല്‍കാന്‍ കാരണം.

        ഇംഗ്ലീഷ് ഭാഷയുടെ പ്രചരണം ബ്രിട്ടന്‍റെ ലോക കോളനിനയത്തിന്‍റെ ഉല്‍പ്പന്നമാണ്‌!!......6~.  വെള്ളക്കാര്‍ എന്ന മദ്ധ്യ-പുരാതന കാലത്തെ ലോകഭരണാധി കാരികള്‍ ലോകത്തിന്റെ പലഭാഗങ്ങളിലും നടത്തിയ വിദ്യാഭ്യാസ്സപരമായ വികസ്സന നടപടികള്‍ അവരുടെ ഭാഷയെ പ്രചരിപ്പിക്കുന്നതില്‍ മുഖ്യപങ്ക്  വഹിച്ചു. വിദേശികളില്‍ നിന്നും ആധുനികമായ അറിവ് ഇവിടുത്തുകാര്‍ സമ്പാദിച്ചത്  ഇംഗ്ലീഷ് ഭാഷയിലായിരുന്നതിനാല്‍  ഇംഗ്ലീഷ് വിദ്യാസമ്പന്നന്‍റെ ഭാഷയായി മാറി. വിദ്യാസമ്പന്നന്‍ സമൂഹത്തില്‍ ഉയര്‍ന്ന  ജീവിത നിലവാരം പുലര്‍ത്തിയപ്പോള്‍ മനുഷ്യ സഹജമായ വികാരമെന്നവണ്ണം അവനോടു തോന്നിയ ആരാധനയും, വികാരവും സാധാരണക്കാരന്റെ മനസ്സിലും ആ ഭാഷയോട് ആരാധനയും അഭിനിവേശവും ജനിപ്പിച്ചു! ! എണ്ണി എടുത്തു പറയാന്‍ കഴിയുന്ന രണ്ട്  ഇംഗ്ലീഷ് വാക്കുകള്‍ തന്‍റെ അന്തസ്സിനെ ഉയര്‍ത്തുമെന്ന്‌ സാധാരണക്കാരന്‍ വൃഥാ ധരിച്ചുപോയി.

       നമ്മുടെ നാട്ടിലെ അറിവുകളുടെയും, വിഭവങ്ങളുടെയും ആകെ ഉടമയായി മാറിയ വെള്ളക്കാരന്‍ ഇവിടെ നിന്നും പഠിച്ച മേന്മയേറിയ പലതും അവന്റെ ഭാഷയിലേക്ക് തര്‍ജ്ജിമ ചെയ്താണ് പ്രചരിപ്പിച്ചിരുന്നത്. അത് ഇംഗ്ലീഷ് ഭാഷയെ സമ്പന്നമാക്കിയത് എത്രത്തോളമെന്നത് അനിര്‍വചനീയമാണ്.

       ഏതൊക്കെ കാരണങ്ങളാല്‍ ഒരു ഭാഷയ്ക്ക്‌ പ്രാധാന്യവും പ്രശസ്തിയും ഏറി വന്നാലും; മാതൃ ഭാഷയെ തള്ളിക്കളഞ്ഞ് വിദേഷഭാഷയെ മാത്രം തോളിലേറ്റി നടക്കുന്നത് അധമത്വമാണ്. സായിപ്പിന്റെ ഭാഷ അവന്‍റെ രീതിയില്‍ പഠിച്ച്, അവന്‍റെ ഉച്ചാരണത്തില്‍ അഭ്യസിച്ചു, അവനെ പറഞ്ഞ് കേള്പ്പിക്കേണ്ടി വരുന്നത് പൌരാണികമായ ഒരു ഗതികേടിന്റെ ബാക്കി പത്രമാണ്‌.`.. സ്വന്തം നിലനില്‍പ്പിനായി അത് ചെയ്യാം, പക്ഷെ അതില്‍ അഹങ്കരിക്കാതിരിക്കുക. ഇംഗ്ലീഷ് സാഹിത്യത്തോടോ, കൃതികളോടോ ഉള്ള ഭാഷാപരമായ സ്നേഹം കൊണ്ട് ആ ഭാഷ അഭ്യസ്ഥിച്ചവരല്ല ഇവിടുത്തെ അഭിനവസായിപ്പന്‍മാര്‍~. അങ്ങനെ ഉള്ളവര്‍ ഭാഷാ സ്നേഹികളായിരിക്കും; ആ സ്നേഹത്തിന് ഭാഷയുടെ അതിര്‍വരമ്പുകളും ഉണ്ടാവുകയില്ല.

       ആത്മാഭിമാനത്തിന്‍റെ വേലിയേറ്റത്തിന് കാരണം എന്തായാലും, മലയാള ഭാഷക്ക് ചില രോഗശാന്തി ശുശ്രുഷകള്‍ നടന്നു വരുന്ന ഒരു കാലഘട്ടമാണിത്. 'ഞാന്‍ ഭാഷാ സ്നേഹിയാണ്, മറിച്ച് ഭാഷാ ഭ്രാന്തനല്ല' എന്നതാണ് മുദ്രാ വാക്യം. വിദേശ ഭാഷയുടെ അടിമത്വത്തില്‍ നിന്നും മോചിതനാവാത്ത മലയാളിയുടെ മനസ്സാണ് അതിനു പിന്നില്‍!!!`!! അത് പറഞ്ഞ്  അയലത്തെ തമിഴനെ പരിഹസിക്കാനും നമ്മള്‍ സമയം കണ്ടെത്തുന്നുണ്ട്. തമിഴന്‍ തന്‍റെ എല്ലാ തമിള്‍ പദങ്ങളിലും കടിച്ചു തൂങ്ങി നില്‍ക്കുന്നു എന്നാണ് ആക്ഷേപം. അവയില്‍ അനായാസ്സ ഉച്ചാരണ ശേഷി ഉള്ള വാക്കുകള്‍ മാത്രം ഉപയോഗിച്ചാല്‍ പോരേ? എന്നാണ് മലയാളിയുടെ സംശയം. കേള്‍ക്കുമ്പോള്‍ സുഖമില്ലാത്ത വാക്കുകള്‍ ഒഴിവാക്കി അവിടെ ഇംഗ്ലീഷ് പദങ്ങള്‍ ഉപയോഗിക്കണം! അതാണ്‌ മലയാളിയുടെ പക്ഷം. എന്തായാലും 'മംഗ്ലീഷില്‍' ഉന്നിയ ഭാഷാക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് നാം കച്ചമുറുക്കി ക്കഴിഞ്ഞു.

       മലയാളത്തിന് 'ക്ലാസ്സിക്കല്‍' പദവിക്കുവേണ്ടി രാഷ്ട്രീയ, സാമൂഹ്യ, സാംസ്ക്കാരിക നായകന്‍മാര്‍ പടനയിച്ചു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്. തന്‍റെ ഭാഷക്ക് സാധ്യമായ അന്ഗീകാരങ്ങള്‍ എല്ലാം ലഭിക്കണം എന്നത് സാധൂകരണമുള്ള ഒന്നാണ്. പക്ഷെ തന്‍റെ  ഭാഷയില്‍ മുഴുവന്‍ വാക്കുകളും നിത്യ സംസ്സാരത്തിനു പോലും കൊള്ളില്ല, അതിന് അത്യാവശ്യം കൊള്ളാവുന്ന വാക്കുകള്‍ ഇംഗ്ലീഷില്‍ നിന്ന് കടമെടുക്കണമെന്ന്  അവര്‍തന്നെ പ്രചരിപ്പിച്ചാല്‍; 'ക്ലാസിക്കല്‍' എന്നാ പദവിക്ക് ഈ ഭാഷക്ക് എന്ത് യോഗ്യത എന്ന് സ്വയം ചോദിക്കുന്നതിന് തുല്യമാവുകയില്ലെ?? ചില പ്രമുഘ ദക്ഷിണേന്ത്യന്‍ ഭാഷകളോടും, ഹിന്ദിയോടും മറ്റും തുലനം ചെയ്യുമ്പോള്‍ സംഗീതത്തിനു പോലും അപര്യാപ്തമായ ഭാഷയാണ്‌ മലയാളം എന്ന ആക്ഷേപം നിലനില്‍ക്കെ??

       മാതൃഭാഷ എന്ന നിലയില്‍ ഭാഷയെ അന്ഗീകരിക്കുന്നതിനും, അതിന്‍റെ ഉന്നമനത്തിന് പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടത് അതിന്‍റെ സാങ്കേതികമായ ഏറ്റവും വലിയ മേന്മ കണ്ടിട്ടല്ല! മറിച്ച് അത് തന്‍റെ മാതൃഭാഷആണെന്നുള്ള മേന്മ കണ്ടിട്ടാണ്. കാരണം മാതൃഭാഷയെ ഉപമിക്കുന്നത് മാതാവിനോടാണ്. മാതാവിന്‍റെ മഹത്വം മാതാവെന്നതാണ്. മറ്റൊന്നുമല്ല.

       അന്യഭാഷകള്‍ അഭ്യസ്സിക്കാതിരിക്കുന്നതോ, അവയെ നിന്ദിക്കുന്നതോ ഒന്നുമല്ല മാതൃഭാഷാ സ്നേഹത്തിന്‍റെ ലക്ഷണം. സ്വന്തം ഭാഷ ഉപയോഗിക്കുന്നതിലും, ഉപയോഗിക്കുന്നവനോടും ഉള്ള പുച്ഛം ഇല്ലാതിരിക്കുക എന്നത് മാത്രമാണ്. ഈ മണ്ണില്‍ വിരിയുന്ന പുഷ്പ്പങ്ങള്‍ക്കെല്ലാം ഇവിടുത്തെ ഭാഷയെ തിരിച്ചറിയാന്‍ കഴിയുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യുക. മലയാളം നമ്മുടെ മാതൃഭാഷയാണ്. മാതാവിനോളം അത് പ്രിയപ്പെട്ടതാകട്ടെ...


[Rajesh Puliyanethu,
 Advocate, Haripad]