Showing posts with label ആശംസകള്‍.......... Show all posts
Showing posts with label ആശംസകള്‍.......... Show all posts

Friday, 17 March 2023

ഉറക്ക ദിവസത്തിന്റെ അവകാശികൾ...!!?

 ഇന്ന് മാർച്ച് 17, ലോക ഉറക്ക ദിനം...

മനുഷ്യന്റെ ആരോഗ്യകരമായ ജീവിതത്തിന് ഉറക്കത്തിനുള്ള പ്രാധാന്യത്തെ ഓർമ്മപ്പെടുത്തുന്നതിനായി 2008 മുതലാണ് മാർച്ച് 17 ലോക ഉറക്ക ദിനമായി ആചരിക്കുവാൻ തുടങ്ങിയത്... ഉറക്കത്തിന്റെ പ്രാധാന്യം ഉറക്കളച്ചിരുന്ന് ഇന്റെർനെറ്റിൽ പരതി നമ്മൾ മനസ്സിലാക്കിക്കൊണ്ടിരിക്കുന്നു... അത് തുടരട്ടെ...
പക്ഷെ ലോക ഉറക്ക ദിനത്തിന്റെ അർത്ഥവ്യാപ്തി മനസ്സിലാക്കി "ഉറങ്ങുന്ന" വർക്കായി ഞാൻ ഈ ദിനം സമർപ്പിക്കുന്നു...
ഭരണപരമായ ഉത്തരവാദിത്വങ്ങൾ മറന്നുറങ്ങുന്ന മുഖ്യമന്ത്രിക്കും, മന്ത്രിമാർക്കും,, പ്രതികരിക്കാനും, പ്രതിഷേധിക്കുവാനുമുള്ള ഉത്തരവാദിത്വം മറന്നുറങ്ങുന്ന പ്രതിപക്ഷത്തിനും,, നിയമ നിർവ്വഹണത്തിന്റെ ഉത്തരവാദിത്വം മറന്നുറങ്ങുന്ന പോലീസിനും,, ആരോഗ്യ പാലനത്തിന്റെ ഉത്തരവാദിത്വം മറന്നുറങ്ങുന്ന ഡോക്ടർമാർക്കും,, കിമ്പളം സ്വപ്നം കണ്ടുറങ്ങുന്ന ഉദ്യോഗസ്ഥ പ്രഭുക്കൾക്കും,, പുരസ്കാരങ്ങൾ പ്രതീക്ഷിച്ചുറങ്ങുന്ന സാംസ്കാരിക നായകർക്കും,, നീതിദേവതയുടെ വിളിച്ചുണർത്തലിനായി കൂർക്കം വലിച്ചുറങ്ങുന്ന കോടതികൾക്കും അങ്ങനെ "ഉറക്കം" യഥാർത്ഥ ഉത്തരവാദിത്വമായി കാണുന്ന എല്ലാ ഉറക്ക സ്നേഹി മഹത് വ്യക്തിത്വങ്ങൾക്കും ഈ ദിനം സമർപ്പിക്കുന്നു...
ഉണർന്നിരിക്കുന്നവർ ക്ഷമിക്കുക... ഒന്ന് ഓർക്കുകയും ചെയ്യുക... ""ഉറങ്ങുന്നവന്റെ ആയുസ്സും, ആരോഗ്യവും, സൗന്ദര്യവും വർദ്ധിക്കും,, ഉണർന്നിരിക്കുന്നവന്റെ നശിക്കും""
"""'നല്ല നാളെകൾ സ്വപ്നം കണ്ടുറങ്ങുന്നവർക്കും ഉറക്ക ദിന ആശംസകൾ"""

[Rajesh Puliyanethu
Advocate, Haripad]

Monday, 13 February 2017

Happy Valentine's Day........... 2017






"എൻ ഹൃദയ ഉലയിലൂതിക്കാച്ചി 
ഒരു പൊൻ നാണയം തീർത്തു-
നൽകിടാം നിനക്കായ്;; 
നിൻ പ്രണയത്തിൻ പ്രതിഫലമായ്".....!!



 പ്രണയം ചിലർക്ക് മോഹമാണ്,, ചിലർക്ക് ലക്ഷ്യമാണ്,, ചിലർക്ക് സങ്കൽപ്പമാണ്,, ചിലർക്ക് നിരാശയാണ്,, ചിലർക്ക് അനുഭവമാണ്,, ചിലർക്ക് വിദ്വെഷമാണ്.... ഏതുവിധത്തിലായാലും പ്രണയത്തെ മനസ്സിലേക്ക് കൊണ്ടുവരാത്തവർ ഉണ്ടാകുമെന്ന് കരുതുന്നില്ല... ""പ്രണയം"" എന്ന ചിന്തക്കായി ജീവിതത്തിലെ ഒരു നിമിഷമെങ്കിലും ചെലവഴിച്ചവർക്ക് ഹൃദയം നിറഞ്ഞ പ്രണയദിന ആശംസകൾ...........


Happy Valentine's Day........... 

[Rajesh Puliyanethu
 Advocate, Haripad]

Friday, 1 January 2016

പുതുവൽസ്സര ആശംസ്സകൾ.......

   

       ഏറ്റവും ഭയാനകമായ ഒന്നാണ് ഖടികാര സൂചിയിലേക്ക് നോക്കിയിരിക്കുന്നത് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്....... നിമിഷസൂചി പിൻതള്ളുന്ന സമയകണം ഒന്നുപോലും പുനർ സൃഷ്ട്ടിക്കാൻ ആർക്കും കഴിയുന്നില്ല എന്നതിനാലാണത്.... അങ്ങനെ ഒരു വർഷം കൂടി നമ്മിൽനിന്നും വിട പറഞ്ഞു പോയിരിക്കുന്നു.... ആഘോഷത്തോടെ പുതുവർഷത്തെ സ്വീകരിക്കുമ്പോൾ മറഞ്ഞുപോയ കാലത്തെ ഓർത്ത് ഒരു തേങ്ങലും മനസ്സിലുണ്ടാകും....! 




പുത്തൻ പ്രതീക്ഷകളോടെ;; ഐശ്വര്യവും,, സന്തോഷവും,, സമൃദ്ധിയും നിറഞ്ഞ ഒരു വർഷമാകട്ടെ എല്ലാവർക്കും 2016 എന്ന് ആശംസ്സിക്കുന്നു........

പുതുവൽസ്സര ആശംസ്സകൾ.......

[Rajesh Puliyanethu
 Advocate, Haripad]








Thursday, 7 November 2013

സച്ചിൻ ടെണ്ടുൽക്കർ എന്ന വിസ്മയ പ്രതിഭയുടെ വിടവാങ്ങൽ!!


       സച്ചിൻ ടെണ്ടുൽക്കർ എന്ന എല്ലാ ഭാരതീയനും അറിയുകയും ഇഷ്ട്ടപ്പെടുകയും, ആരാധിക്കുകയും ചെയ്യുന്ന മഹാനായ ക്രിക്കറ്റർ തന്റെ ഇരുപത്തിഅഞ്ചു വർഷത്തെ മഹത്തായതും കളങ്കരഹിതവുമായ കർത്തവ്യനിർവഹണത്തിന്റെ ക്രീസ് വിടുന്നു.. സച്ചിനെ അറിയുന്നവർ എല്ലാം തന്നെ അദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലുമൊക്കെ നല്ലത് പറയുന്നതിനായി  ആവേശം കാണിക്കുന്നതും നമ്മൾ കാണുന്നു.. ഏതു കോഹിനൂർ രത്നത്തിന്റെ മാറ്റിലും സംശയം പ്രകടിപ്പിക്കുന്നവർ ഉണ്ടെങ്കിലും ബഹുഭൂരിപക്ഷം അങ്ങനെ അല്ലെന്നത് ആശ്വാസം നൽകുന്നു.. നമുക്ക് അടുത്തറിയുന്ന, ഒരുപാടിഷ്ട്ടപ്പെടുന്ന ഒരുവനെക്കുറിച്ച് അറിയാവുന്ന ആരൊടെങ്കിലുമൊക്കെ പത്തു നല്ലവർത്തമാനം പറയുമ്പോൾ കിട്ടുന്ന മനുഷ്യസഹജമായ മനോസുഖമാണ് സച്ചിനെപ്പറ്റി സംസ്സാരിക്കുന്നവർക്കുണ്ടാകുന്നതെന്ന്പറയാം.. ഒരു മനുഷ്യൻ പ്രതിഭകൊണ്ടും, സ്വോഭാവഗുണം കൊണ്ടും നേടിയെടുത്ത ജനഹ്രിദയങ്ങളിലെ സ്ഥാനമാണ് അദ്ദേഹത്തിനുള്ളത്.. ഈശ്വരദത്തമായ കഴിവുകളിൽ അഹങ്കരിച്ചു സ്വന്തം കുഴി തോണ്ടുന്നവർക്കും, തന്റെ അംഗീകാരം രാജ്യത്തിന്റെ അതിർവരമ്പുകളും ഭേദിച്ച് സഞ്ചരിക്കുമ്പോൾ ഒരുവൻ എങ്ങനെ വിനയാന്വിതനാകണം എന്നതിനുമോക്കെയുള്ള ഒരു പഠന പുസ്തകമായി സച്ചിന്റെ ക്രിക്കറ്റ് ജീവിതം..

       സച്ചിൻ നേടിയെടുത്തത് അദരവുകളും, അങ്ങീകാരങ്ങളും മാത്രമായിരുന്നില്ല; മറിച്ച് വിശ്വാസ്സം കൂടിയായിരുന്നു.. ആ വിശ്വാസ്സങ്ങൾ 'സച്ചിൻ ഇപ്രകാരം ആയിരിക്കും' എന്ന ഒരു ജനതയുടെ വിശ്വാസ്സമായിരുന്നു.. 'സച്ചിൻ ഇപ്രകാരം ആയിരിക്കും' എന്നാ വിശ്വാസ്സത്തിന്റെ ശീർഷകത്തിൽ ഒരുപാടു കാര്യങ്ങൾ ഉൾക്കൊണ്ടിരുന്നു.. അതിലൊന്ന് ഇന്ത്യൻ ക്രിക്കറ്റിനെ താങ്ങിനിര്ത്തുന്നതിനുള്ള കരുത്ത് സച്ചിന്റെ ചുമലുകൾക്ക് ഉണ്ടെന്നതായിരുന്നു.. കേവലം കുറച്ചു വർഷങ്ങൾക്ക് മുന്പുവരെ സച്ചിന്റെ വിക്കറ്റ് വീണാൽ ഉടനെ TV ഓഫ്‌ ചെയ്തു എഴുനേറ്റു പോകുന്ന ലക്ഷക്കണക്കിന്‌ ക്രിക്കറ്റ് പ്രേമികൾ അതിന്റെ ചെറിയ ഉദാഹരണം മാത്രം.. സച്ചിൻ ക്രിക്കറ്റിനെ ഒറ്റുകൊടുക്കില്ല എന്ന വിശ്വാസ്സം,  തങ്ങളുടെ ആരാധനാ പുരുഷൻ അഹങ്കാരത്താൽ വികൃതരൂപം പ്രാപിക്കില്ല എന്നാ വിശ്വാസ്സം... അങ്ങനെ നീളുന്നു അവ.. ആവിശ്വാസ്സങ്ങളെയെല്ലാം പൂർത്തീകരിച്ചുതന്നെയാണ് തന്റെ വിടവാങ്ങൽ മൽസ്സരത്തിനു പാടുകെട്ടുന്നതിന് അദ്ദേഹം തയ്യാറെടുക്കുന്നത്.. 

       റെക്കോർഡ്‌ കൾ കൊണ്ട് ഒരു പെരുമല സൃഷ്ടിച്ചാണ് സച്ചിൻ വിടവാങ്ങുന്നത്.. റെക്കോർഡ്കൾ ഭെദിക്കപ്പെടുവാനുള്ളയാണ് എന്നതിനാൽ അവയൊക്കെ തിരുത്തി എഴുതപ്പെടുമെന്നും കരുതാം.. അന്ന് ഈ റെക്കോർഡ്‌കൾ തിരുത്തിയെഴുതുന്ന പ്രതിഭയ്ക്ക് സച്ചിന്റെ റെക്കോർഡ്കൾ ആണ് താൻ തിരുത്തിയെഴുതിയതെന്നത് കൂടുതൽ അഭിമാനത്തിനും വഴി നൽകിയേക്കാം.. പക്ഷെ സച്ചിൻ ഒഴിച്ചിട്ടുപോകുന്ന സ്ഥാനം നികത്താൻ മറ്റൊരാൾക്ക് കഴിയും എന്നെനിക്ക് തോന്നുന്നില്ല... കാരണം കഴിഞ്ഞ ഇരുപത്തി അഞ്ചു വർഷക്കാലമായി ഓരോ ഭാരതീയന്റെയും മനസ്സിലാണ് ഈ ഇതിഹാസ്സം സ്ഥാനം പിടിച്ചാത്.. അവിടെ മറ്റൊരുവനെയും പകരം സ്ഥാപിക്കാൻ അവർ തയ്യാറല്ല എന്നതാണ് സത്യം...

       സച്ചിന്റെ കാലഘട്ടത്തിന് അപ്പുറമെന്നും ഇപ്പുറമെന്നും ഇനിയും ക്രിക്കറ്റിന്റെ ചരിത്രത്തെ വിശേഷിപ്പിച്ചു എന്ന് വരാം.. പക്ഷെ സച്ചിന്റെ കാലത്തിനെയാണ് ക്രിക്കറ്റിന്റെ ഒരു കാലഘട്ടം എന്ന് വിശേഷിപ്പിക്കപ്പെടെണ്ടത് എന്നാണ് എന്റെ പക്ഷം..

       സച്ചിന് ശേഷം ഇന്ത്യൻ ടീം ഗ്രൗണ്ടിൽ ഇറങ്ങുമ്പോൾ ഏതൊരു ക്രിക്കെറ്റ് പ്രേമിയുടെയും മനസ്സില് ഒരു ശൂന്യത അനുഭവിക്കുന്നുണ്ടാകും.. പലരും യാഥാർത്യത്തെ ഉൾക്കൊള്ളാതെ ഒരു നിമിഷം മൈതാനത്ത് തിരയുന്നുണ്ടാകും; തങ്ങളുടെ പ്രിയതാരത്തെ!! ക്രിക്കറ്റിന്റെ ഏതെങ്കിലും ഒരു സജീവ മേഘലയിൽ അദ്ദേഹം ഉണ്ടാകും തീർച്ച.. തന്റെ ക്രിക്കെറ്റ് ജീവിതത്തിന്റെ രണ്ടാം ഇന്നിങ്ങ്സ്സിൽ കൂടുതൽ ജ്വലിച്ചുതന്നെ..........

[Rajesh Puliyanethu
 Advocate, Haripad]

Saturday, 11 May 2013

'മാതൃ' ദിന ആശംസ്സകള്‍....................



       വളരെ ചെറിയ ഒരു കുഞ്ഞായി ഇരുന്നപ്പോള്‍ ഉള്ളതെങ്കിലും മനസ്സില്‍ മായാതെ കിടക്കുന്ന ഒരു ഓര്‍മ്മചിത്രമുണ്ട്. എന്‍റെ അമ്മ നിവര്‍ത്തിവെച്ച കാലുകളില്‍ എന്നെ കിടത്തിയിരുന്നത്. അന്ന് എന്‍റെ കാലുകള്‍ക്ക് അമ്മയുടെ പാദങ്ങളോളമേത്തത്തക്ക നീളമുണ്ടായിരുന്നില്ല. പിന്നീട് അമ്മയുടെ പാദങ്ങളുടെ അപ്പുറത്തെക്കുള്ള വളര്‍ച്ച മനസ്സിന് സംഘര്‍ഷവും, ചുവരുകള്‍ക്ക് ഭാരവുമാണ് എനിക്ക് സമ്മാനിച്ചത്‌!!!!!..

       എല്ലാ അമ്മമാര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ മാതൃദിന ആശംസ്സകള്‍....


[Rajesh Puliyanethu,
 Advocate, Haripad]


Sunday, 12 February 2012

ചില പ്രണയ സല്ലാപങ്ങള്‍.... [പ്രണയത്തെ ആദരിക്കുന്നവര്‍ക്കായി!!] Happy Valentines Day...


       ഏതൊരു ജീവിക്കും, ഏതൊരു ജീവിയോടോ, വസ്തുവിനോടോ, വസ്തുതയോടോ തോന്നുന്ന, തോന്നേണ്ടുന്ന മഹത്തരവും ഗംഭീരവുമായ വികാരം "സ്നേഹം". ആ ഒരു ചെറിയ വാക്കില്‍ ഒതുങ്ങി യിരിക്കുന്ന പല തലങ്ങലുള്ള വലിയ വികാരത്തെക്കുറിച്ചും, അതിന്റെ അഭാവത്തിലെ ഭീകരതെയെക്കുറിച്ചും എന്നും മനുഷ്യ സമൂഹങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്. അതിനെ ഉള്‍ക്കൊണ്ടു അനുവര്‍ത്തിക്കാന്‍ പരിപൂര്‍ണ്ണ മായും തയ്യാറാകുന്നില്ല എങ്കിലും!! ഇവിടെ സ്നേഹം സ്വന്തം മനസ്സിനുള്ളിലെ താല്‍പ്പര്യങ്ങള്‍ക്കും, വ്യക്ത്തികള്‍ക്കും ചുറ്റും മാത്രമാകുമ്പോള്‍ സ്നേഹം വിഷമയമായ സ്വാര്‍ത്ഥത എന്നാ പരിവേഷം നേടുന്നു. സ്നേഹം തന്റെ മനസ്സിനുള്ളില്‍ മാത്രമുള്ള വ്യക്തികളില്‍ നിന്നും താല്‍പര്യങ്ങളില്‍ നിന്നും പുറത്തേക്ക് വ്യാപിപ്പിക്കാന്‍ സ്വന്തം പ്രവര്‍ത്തികൊണ്ടു ലോകത്തെ ഉപദേശിക്കുകയും, പഠിപ്പിക്കുകയും ചെയ്തവരെയാണ്  ലോകം സ്നേഹപൂര്‍വ്വം മഹത് വ്യക്ത്തികള്‍ എന്ന് വിളിച്ചു ആദരിക്കുന്നതും; ആ സ്നേഹത്തെയാണ്‌ ക്രിസ്തു സമാനമായ സ്നേഹം എന്ന് ദസ്തയവിസ്ക്കി വിളിച്ചതും, മഹാത്മാഗാന്ധി ഈ യുഗത്തില്‍ കാട്ടിത്തന്നതും. സ്നേഹത്തെക്കുറിച്ച് സംസാരിക്കാതെപോയ അധികമാരും കാലത്തെ അതിജീവിച്ചു  മനുഷ്യമനസ്സുകളില്‍ ആയുസ്സോടെ ഉണ്ടാകുമെന്ന് തോന്നുന്നില്ല.

       സ്വന്തം മനസ്സിനുള്ളിലെ പ്രിയപ്പെട്ടവയുടെതെന്ന ശീര്‍ഷകത്തിന്‍ കീഴില്‍ മാത്രം ഒതുങ്ങുന്ന സ്നേഹം പലപ്പോഴും തന്നിലും ആ ശീര്‍ഷകത്തിന്‍ കീഴിലെ വസ്തുതകളിലും മാത്രം ഒതുങ്ങിപ്പോകുന്നു. അതിനു പുറത്തേക്ക് മഹത്വ വല്‍ക്കരിക്കപ്പെടാവുന്ന തോന്നും അവിടെ കണ്ടെത്താന്‍ കഴിഞ്ഞു എന്നും വരുന്നില്ല. അതിനു പുറത്തേക്ക് വ്യാപിപ്പിക്കാന്‍ കഴിയുന്ന സമസ്തമായതും, വിശാലമായതുമായ സ്നേഹം എന്നാ വികാരം മഹത്തരമെന്നു വിശേഷിപ്പിക്കാമെങ്കിലും അതില്‍ അന്തര്‍ലീനമായ 'എല്ലാത്തിനോടുമുള്ളത്‌' എന്നത് ചെറിയ തോതിലെങ്കിലും ഇകഴ്ത്തല്ലിനു കാരണമാകുന്നു. ഒരു സ്വര്‍ണ്ണതളികയില്‍ അല്പം മഷി പുരണ്ടിരിക്കുന്നതിനെ ആ തളികയുടെ മൂല്യത്തിന്റെ കുറവായി പറയുന്നത് പോലെ എങ്കിലും!! പക്ഷെ ചിലതില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നു എന്നത് സ്വാര്‍ഥതയുടെ നിറം ചാര്‍ത്തപ്പെടാത്തതും സമസ്ത പ്രകൃതിയിലേക്കും പകരാന്‍ കഴിയാത്തത് ഒരു കുറവായി കാണാന്‍ കഴിയാത്തതുമായ സ്നേഹത്തിന്റെ ഏറ്റവും ഉദാത്തമായ അവസ്ഥയാണ് "പ്രണയം" !! കാരണം പ്രണയത്തിന്റെ മഹനീയതകളെ  വര്‍ണ്ണിക്കുമ്പോള്‍ പ്രധാനമായതോന്നാണ്, അത് എല്ലാത്തിനോടും സാധ്യമാകുന്നില്ല എന്നത്. ആ പരിമിതികളും പ്രണയത്തിന്‌ അലങ്കാരങ്ങളാകുന്നത്തെ ഉള്ളു!! 

       എല്ലാ ജന്മങ്ങളും മനസ്സിന്റെ വസന്തകാലത്തില്‍, മനസ്സിലെ വര്‍ണ്ണങ്ങള്‍ തിരിച്ചറിയുന്ന കാലം മുതല്‍  ഒരു പനിനീര്‍ ചെടി നട്ടു വളര്‍ത്തുന്നുണ്ട്. തന്റെ മനസ്സിലെ സ്നേഹത്തിന്റെയും, മമതയുടെയും, പ്രതീക്ഷയുടെയും, സങ്കല്പ്പങ്ങളുടെയും, സ്വപ്നങ്ങളുടെയും ഒക്കെ പരിപാലനത്തില്‍; ഒരില വാടുന്നത് വേദനയോടെയും, ഒരില കൊഴിയുന്നത് നിരാശയോടെയും കണ്ടു പരിപാലിക്കുന്ന ആ പനിനീര്‍ ചെടിയില്‍ വിരിയുന്ന ഒറ്റ പുഷ്പമാണ്‌ 'പ്രണയം'. മനസ്സിന്റെ ഏറ്റവും വലിയ സന്തോഷവും, ആവേശവും, താല്‍പര്യവും, ഇഷ്ടവുമായി അതാര്‍ക്കു അടര്‍ത്തി നല്‍കുന്നതിനാണ് നീ ഇഷ്ട്ടപ്പെടുന്നത്, അതാണ്‌ നിന്റെ പ്രണയിനി. 

       പ്രണയം ഒരിക്കല്‍ മാത്രം മനസ്സില്‍ വിടരുന്ന പുഷ്പമാണ്, അതടര്‍ത്തി ഒരിക്കല്‍ ഒരുവന് നല്‍കിയാല്‍ അത് നുകര്‍ന്ന് ആസ്വദിക്കുന്നതിനുള്ള പരിപൂര്‍ണ്ണ സ്വാതന്ത്ര്യം അയാള്‍ക്കാണ്‌. പിന്നീട് മറ്റൊരാളിലേക്ക് അത് തിരികെ വാങ്ങി നല്‍കുന്നതിനു മാത്രമേ കഴിയുന്നുള്ളൂ, പക്ഷെ അപ്പോഴേക്കും ആ പുഷ്പ്പത്തിന്റെ ഏറ്റവും മനോഹരമായ സുഗന്ധം നഷ്ടപ്പെട്ടിരിക്കും. 'ഒരു മനസ്സിന് ഒരുവനെ മാത്രമേ പ്രണയിക്കാന്‍ സാധിക്കുന്നുള്ളൂ, പിന്നീടുള്ളവരിലെല്ലാം തിരയുന്നത് അവനെത്തന്നെ ആയിരിക്കും' എന്ന് വായിച്ചത് എവിടെയെന്നു മറന്നെങ്കിലും വരികളിലെ സത്യം മനസ്സില്‍ത്തന്നെ നിലനില്‍ക്കുന്നു.

       ഒരിക്കലും മനസ്സില്‍ ഒരാളോട് തോന്നുന്ന പ്രണയത്തെ ഒരു തിരശീലകൊണ്ട് മറച്ചുവെച്ച്‌ ആര്‍ക്കും ആ നേര്‍ത്ത മറക്കുള്ളില്‍ ഒളിച്ചിരിക്കാനാവില്ല! മുഖത്തിനു മേല്‍ നിങ്ങളെ സ്വയം മറക്കാന്‍ ധരിക്കുന്ന ആ നേര്‍ത്ത മറ നിങ്ങളുടെ കണ്ണ് നീരാല്‍ നനയപ്പെട്ടിരിക്കുന്നത് നിങ്ങളുടെ മനസ്സിനെ തിരിച്ചറിയുന്നവന്‍ കാണുന്നുണ്ടായിരിക്കും. നീ ഒരു തോണിയില്‍ പുഴയുടെ മധ്യത്തില്‍ നില്‍ക്കുന്നു എന്ന് കരുതുക. നിന്റെ തോണിയില്‍ നിന്നും നീട്ടി കെട്ടിയ കയര്‍ കയ്യിലേന്തി കരയില്‍ നില്‍ക്കുന്നവനാണ് നിന്റെ പ്രണയിതാവ്. അവന്‍  കയറില്‍ പിടിച്ചു വലിച്ചാലും നീ കയറില്‍ പിടിച്ചു എതിര്‍ ദിശയിലേക്കു വലിച്ചാലും നീ അവനിലേക്ക്‌ തന്നെയേ അടുക്കു. മനസ്സുകളെ പ്രണയത്തോളം ആകര്‍ഷിച്ചു അടുപ്പിക്കുന്ന മറ്റൊന്നും ഈ ലോകത്തില്ല!!

       പ്രണയം മനസ്സുകളുടെ ലഹരിയും, വിനോദവും ആയതിനാലാകാം പ്രണയത്തെക്കുറിച്ചുള്ള സങ്കല്പങ്ങള്‍ പോലും മധുര വികാരങ്ങളെ ഉയര്‍ത്തുന്നത്. പ്രപഞ്ചത്തിലെ ഏതോരു മനോഹര വസ്തുവും പ്രണയിക്കുന്നു എന്നസങ്കല്‍പ്പം തന്നെ ആനന്ദദായകമാണ്. അതിനുവേണ്ടി ഈ പ്രപഞ്ചം മുഴുവന്‍ പരസ്പ്പരം പ്രണയിക്കുന്നു എന്ന് സങ്കല്‍പ്പിക്കുക. ഈ ഭൂമിയും വാനവും പരസ്പ്പരം പ്രണയിക്കുന്നു. ഒരിക്കലും പരസ്പ്പരം ഒന്ന് ആലിംഗനം ചെയ്യാന്‍ പോലും കഴിയാത്തതില്‍ ഉള്ള വാനത്തിന്റെ ദുഖമായിരിക്കാം കണ്ണുനീരായി, മഴയായി ഭൂമിയിലേക്ക്‌ പൊഴിക്കുന്നത്.

       പ്രണയം തീര്‍ക്കുന്നത് ഒരു ലോകമാണ്. ആ ലോകത്തില്‍ പ്രണയിതാക്കള്‍ മാത്രമേ ഉള്ളു. അവിടെ അവര്‍ക്ക് എന്തുമാകാം. ആ ലോകത്തിന്റെ വിസ്തൃതി പ്രണയിതാക്കളുടെ മനസ്സുകളുടെ സീമയോളമാണ്. മനസ്സിലും ശരീരത്തിലും പ്രണയം മാത്രം. ആ പ്രണയത്തെ ദൈവവും കണ്ടു ആസ്വദിക്കുന്നു. ദൈവവും ആ പ്രണയത്തെ കണ്ടു ഉന്മാദാവസ്ഥയില്‍ എത്തുന്നു. ആ ലോകത്തേക്ക് ബാഹ്യമായ ചിന്തകളോ, സ്വാധീനങ്ങലോ  ഉണ്ടാകുമ്പോള്‍ പ്രണയം നിന്യവും മലിനവുമാകുന്നു. അങ്ങനെ വിശുദ്ധമായ പ്രണയത്തിലേക്ക് കറ പുരളുമ്പോള്‍ ഇച്ചാഭംഗത്തോടെ ദൈവം ഇണകള്‍ക്കുമേല്‍ ശാപം വിതറുന്നു.

       പ്രണയത്തിന്റെ ഉന്മാദാവസ്ഥ മനസ്സിന്റെ ശക്ത്തിയും, വിശ്വാസവും ആയി മാറുമ്പോള്‍ ഏതോരു  പ്രണയിതാവിനും തന്റെ ഇണയോട് ഉച്ചത്തില്‍ വിളിച്ചു പറയാന്‍ സാധിക്കും; "നീ നിന്റെ ജീവനെക്കാളേറെ എന്നെ സ്നേഹിക്കുക, നിന്നോടുള്ള സ്നേഹം കൊണ്ടും, വിശ്വാസം കൊണ്ടും, പരിഗണന കൊണ്ടും നിന്റെ ജീവനെ ഞാന്‍ സംരക്ഷിച്ചു കൊള്ളാം" എന്ന്!!

       പ്രണയത്തിന്റെ ഉന്മാദഅവസ്ഥയുടെ ഉത്തുംഗമാണ് പ്രണയം ഉള്‍ക്കൊള്ളുന്ന മനസ്സുകളെ വഹിക്കുന്ന  ശരീരങ്ങളുടെ സംഗമം. പ്രണയം ഉള്‍ക്കൊള്ളുന്ന ശരീരങ്ങളുടെ സ്വകാര്യതകളില്‍ ഇണയുടെ സമ്മതത്തോടും, പരസ്പര ആനന്ദത്തോടും, താല്പര്യത്തോടും, സ്നേഹത്തോടും, സംതൃപ്തിയോടും, ആവേശത്തോടും, പരസ്പര ഭാവനകള്‍ക്കനുസ്സരിച്ചു ചെലവഴിക്കുന്നതുപോലെ പരസ്പരം മനസ്സുകളുടെ സ്വോകാര്യതകളിലും ചെലവഴിക്കാന്‍ കഴിയുമ്പോള്‍ പ്രണയം അതിന്റെ പൂര്‍ണ്ണതയില്‍ എത്തുന്നു. വീണ്ടും ഒടുങ്ങാത്ത അഗ്നിയായും, മനസ്സിലെ പൂരങ്ങളുടെ പൂരമായും, മഞ്ഞുതുള്ളിയിലെ കുളിര്‍മയായും, കാറ്റിന്റെ തലോടലായും, നിലാവിന്റെ വെന്മയായും ഒക്കെ അതങ്ങനെ തുടരും!!

       ഒരിക്കലെങ്കിലും പ്രണയിച്ചിട്ടില്ലാത്തവര്‍ ഉണ്ടാകുമെന്ന് കരുതാമെങ്കിലും, ഒരിക്കലെങ്കിലും പ്രണയത്തെ ആഗ്രഹിച്ചിട്ടില്ലaത്തവര്‍ ഉണ്ടാകുമെന്ന് കരുതാന്‍ വയ്യ.  പ്രണയിച്ചിട്ടുള്ളവര്‍ക്കും, പ്രണയം മനസ്സില്‍ സൂക്ഷിക്കുന്നവ്ര്‍ക്കും, പ്രണയം ആഗ്രഹിക്കുന്നവര്‍ക്കും, പ്രണയത്തെ ആദരിക്കുന്നവര്‍ക്കും, പ്രണയം കണ്ണുനീരിന്റെ രുചിയുള്ള ഓര്‍മ്മയായി സൂക്ഷിക്കുവര്‍ക്കും, എല്ലാ ഭാവുകങ്ങളും ആശംസ്സിച്ചുകൊണ്ട് പ്രണയത്തിനു വേണ്ടി ത്യാഗത്തിലൂടെ ഓര്‍മ്മപ്പെടുത്തലിന്റെ ഒരു ദിവസം സമ്മാനിച്ച മഹാനെ ആദരവോടെ ഓര്‍ത്തുകൊണ്ട്‌..............

Happy Valentines Day................. 


[RajeshPuliyanethu,
Advocate, Haripad]