Showing posts with label AASHAMSAKAL. Show all posts
Showing posts with label AASHAMSAKAL. Show all posts

Monday, 11 August 2025

മദ്യം ഓൺലൈൻ വിതരണം.!!??.

 ✍️ Adv Rajesh Puliyanethu 

     ഓൺലൈൻ വഴി മദ്യം വിൽപ്പന ചെയ്യുന്ന പദ്ധതി BEVCO വിഭാവനം ചെയ്യുന്നു എന്നറിയുന്നു... സ്വാഭാവികമായും എതിർപ്പുകൾ ഉയരുന്നുണ്ട്... അതിന് രാഷ്ട്രീയവും മതപരവുമായ കാരണങ്ങൾ ഉണ്ടാകാം... എന്നാൽ ഒരു സ്വതന്ത്ര പൗരൻ എന്ന നിലയിൽ എങ്ങനെയൊക്കെ ഈ ആശയത്തെ നോക്കി കാണാൻ കഴിയും?

     ഓൺലൈൻ വഴി മദ്യം വിൽപ്പന ചെയ്യുന്ന സമ്പ്രദായം പുരോഗമനപരമാണ് എന്ന ആമുഖത്തോടെ തന്നെ പറഞ്ഞു തുടങ്ങട്ടെ... മദ്യലഭ്യത പരമാവധി കുറയ്ക്കുക എന്ന പ്രഖ്യാപിത നയത്തോടെ അധികാരത്തിൽ കയറിയ കമ്മ്യൂണിസ്റ്റ് സർക്കാർ നിയമിച്ച BEVCO എംഡി 500 കോടി രൂപയുടെ അധിക വരുമാനം ഉണ്ടാകുമെന്നും വരുംകാലങ്ങളിൽ 2500 കോടി രൂപയോളം വരുമാനവർദ്ധനം ഉണ്ടാകുമെന്നും പറഞ്ഞതാണ് പദ്ധതിയിലെ ഒരു പാളിച്ചയായി ഞാൻ കാണുന്നത്...

     ഈ പദ്ധതിയെ ഏറ്റവും കൂടുതൽ എതിർക്കാൻ കാരണമുണ്ടായിരുന്നത് ബാറുകാർക്കാണ്... സർക്കാർ മദ്യ കൗണ്ടറുകൾ വഴി വാങ്ങിപ്പോകുന്ന മദ്യം സ്വകാര്യ സ്ഥലങ്ങളിൽ ഇരുന്ന് മാത്രം ഉപയോഗിക്കുന്നതിനാണ് എന്നതാണ് നിയമം കരുതുന്നത്... സ്വകാര്യമായ വീടോ മറ്റേതെങ്കിലും സ്ഥലവും ഒഴികെ ബാറുകൾ മാത്രമാണ് പൊതുവായി മദ്യപിക്കാനുള്ള ഇടങ്ങൾ... സർക്കാർ വിതരണ കേന്ദ്രങ്ങളിൽ പോയി ക്യു നിന്നു വാങ്ങാൻ വിമുഖതയുള്ളവർ ബാറുകളെ ആയിരുന്നു ആശ്രയിച്ചുകൊണ്ടിരുന്നത്... അത്തരം ഉപഭോക്താക്കൾ ഓൺലൈൻ വഴി മദ്യം വാങ്ങി വീട്ടിലിരുന്ന് മദ്യപിക്കുന്നത് ബാറുകളുടെ കച്ചവടത്തെ ദോഷമായി ബാധിക്കുന്നതാണ്... അതുകൊണ്ടാണ് ബാറുകൾ ഈ പദ്ധതിയെ എതിർക്കാൻ കാരണമുണ്ട് എന്നു പറഞ്ഞത്... അപ്രകാരമുള്ള മറ്റു ചില കാരണങ്ങളുമുണ്ട്... ബാറുകളിൽ ലഭിക്കേണ്ട വരുമാനമാണ് ഡൈവർട്ട് ചെയ്തത് ഈ പദ്ധതി മൂലം സർക്കാർ ഔട്ട്ലെറ്റുകളിൽ എത്തി വരുമാനം വർദ്ധിക്കുന്നതെന്ന് BEVCO MD പറഞ്ഞിരുന്നെങ്കിൽ അത് ന്യായീകരിക്കപ്പെടുമായിരുന്നു...

     ഈ പദ്ധതിയെ എതിർക്കുന്നവർ പറയുന്നത് വീടുകളിൽ മദ്യ ഉപഭോഗം കൂടും എന്നുള്ളതാണ്... നിലവിലെ സർക്കാർ ഔട്ട്ലെറ്റുകൾ വഴി വാങ്ങുന്ന മദ്യവും വീടുകളിലൊ മറ്റ് സ്വകാര്യ ഇടങ്ങളിലോ മാത്രം ഉപഭോഗം ചെയ്യാൻ കഴിയുന്നവയാണ്... അങ്ങനെയെങ്കിൽ സർക്കാർ ഔട്ട് ലെറ്റുകളും പൂട്ടേണ്ടവയാണ്... വീട്ടിലിരുന്ന് മദ്യ ഉപഭോഗം ചെയ്യുന്നവർക്ക് പല മേന്മകളോടെ ഒരു സൗകര്യ വർദ്ധനവ് ഉണ്ടായി എന്നതാണ് ഓൺലൈൻ മദ്യ വിതരണ ആശയത്തെ കാണേണ്ടത്...

     സമൂഹത്തിൽ വളരെ അച്ചടക്കത്തോടെ ജീവിക്കുന്ന പല ആൾക്കാർക്കും ചെറിയതോതിൽ മദ്യപിക്കുന്ന സ്വഭാവം ഉണ്ടാകാം... അവർ സമൂഹത്തിലെ പലവിധമായ ഉത്തരവാദിത്വങ്ങൾ വഹിക്കുന്നവരും ആകാം... അവർക്ക് ബാറിൽ പോയി മദ്യപിക്കുക എന്നതു പോലും സ്വയം ആക്ഷേപകരമായി കരുതുന്നവർ ആയിരിക്കാം... അവർ തങ്ങളുടെ പദവികളെ പോലും മറന്ന് മദ്യം വാങ്ങിക്കാൻ വേണ്ടി മറ്റു പലരെയും ആശ്രയിക്കേണ്ടി വരും... അവരോട് അനാവശ്യമായ ഒരു വിധേയത്വം കൊടുക്കേണ്ടി വരുന്നത് മദ്യം വാങ്ങി നൽകുന്ന ആൾ എന്ന നിലയിലാണ്... മദ്യം ഉപയോഗിക്കുന്നത് നിഷിദ്ധമല്ലാത്ത ഈ മണ്ണിൽ അപ്രകാരം ഒരു അവസ്ഥയിലേക്ക് അവരെ എത്തിച്ചു നിർത്തുന്നത് അനീതിയാണ്... കേൾക്കുമ്പോൾ നിസ്സാരമായ ഒരു വിധേയത്വം എന്ന് തോന്നിയാലും ആ വിധേയത്വം മൂലം പല ഉത്തരവാദിത്ത പദവികൾ വഹിക്കുന്നവരും ചെയ്തു പോകുന്ന പാതകങ്ങൾ വിവരണാതീതമാണ് എന്നും കാണണം...

     മദ്യം ഓൺലൈനിൽ വിതരണം ചെയ്താൽ അത് പ്രായപൂർത്തിയാകാത്ത ആൾക്കാരിൽ എത്തിച്ചേരും എന്നതാണ് മറ്റൊരു എതിർവാദം... വളരെ ദുർബല ഒരു വാദമായാണ് ഞാൻ അതിനെ കാണുന്നത്... കാരണം നിലവിൽ തന്നെ വെബ്കോയിൽ നിന്നും പ്രായപൂർത്തിയായ ഒരാൾ വാങ്ങുന്ന മദ്യക്കുപ്പി പ്രായപൂർത്തിയാകാത്ത ഒരാളിൽ എത്തിച്ചേരുന്നതിനെ തടയുന്ന മാർഗങ്ങളില്ല എന്നതുകൊണ്ടാണ്... പ്രായോഗികമായി സർക്കാർ ഔട്ട്ലെറ്റുകളിൽ നിന്ന് വാങ്ങുന്ന മദ്യവും ഓൺലൈൻ വഴി വാങ്ങുന്ന മദ്യവും പ്രായപൂർത്തിയാകാത്ത ഒരാളിൽ എത്തിച്ചേരുന്നതിനുള്ള മാർഗങ്ങൾ സമാനങ്ങളാണ്...

     സർക്കാർ ഔട്ട്ലെറ്റുകളിൽ പോയി മദ്യം വാങ്ങാൻ മടിയുള്ള ആൾക്കാരുടെ സംഖ്യ, മദ്യം ഉപയോഗിക്കുന്നവർക്കിടയിൽ ചെറുതാണെന്ന് കരുതാതെ ഇരിക്കുകയാണ് വേണ്ടത്... അങ്ങനെയുള്ള മദ്യ ഉപഭോക്താക്കൾ ബാറുകളെയാണ് ആശ്രയിക്കുന്നത്... അവർക്ക് ഓൺലൈൻ വഴി സ്വകാര്യമായി മദ്യം വീട്ടിൽ ലഭിച്ചാൽ ആ സമ്പ്രദായത്തെ ആശ്രയിക്കും... അങ്ങനെ ബാറുകളിൽ മദ്യപിച്ച് വാഹനമോടിച്ച് വീടുകളിലേക്ക് പോകാൻ നിർബന്ധിതരായ അനേകം ഉപഭോക്താക്കളെ നിയമലംഘനങ്ങളിൽ നിന്നും അപകടങ്ങളിൽ നിന്നും രക്ഷിക്കാൻ സാധിക്കും... മദ്യ ഓൺലൈൻ വിതരണ പദ്ധതി അപകടങ്ങളെ കുറയ്ക്കും എന്നുകൂടി പറയട്ടെ... 

     നമ്മുടെ നാട്ടിൽ ജോലി കഴിഞ്ഞ് ഫ്രീ ആകുന്നതിന് വൈകിട്ട് 5:00 മണി മുതൽ മുകളിലേക്ക് പത്തുമണി കഴിഞ്ഞും പോകുന്ന തൊഴിലുകൾ ഉണ്ട്... അവരിൽ പലരും മദ്യപിക്കുന്നവരാണ്... അവർ ബാറുകളെയും സർക്കാർ ഔട്ട്ലെറ്റുകളിൽ നിന്നും മദ്യം വാങ്ങി നൽകുന്നവരെയും ആശ്രയിക്കുന്നു... തൊഴിൽ കഴിഞ്ഞ് ബാറുകളിൽ പോയി മദ്യപിക്കുന്നതിനേക്കാൾ ഗുണകരമായ സാമൂഹിക, കുടുംബ അന്തരീക്ഷം അയാൾക്ക് നൽകുന്നത് ഓൺലൈനിൽ വീട്ടിലെത്തിയ മദ്യം വീട്ടിലിരുന്ന് മദ്യപിക്കുന്നതാണ്... കാരണം അയാൾ മദ്യപാനം തുടങ്ങുന്നത് തന്നെ കുടുംബ അന്തരീക്ഷത്തിന്റെ മുൻപിലോ, അല്പം മറവിലോ ആയ അന്തരീക്ഷത്തിലാണ്... ഞാൻ കുടുംബത്തിനുള്ളിലാണ് എന്ന ബോധം അയാളെ സ്വയം ഒരുപാട് പരിമിതികളിലേക്ക് ചുരുക്കും.. അത് അയാളുടെ മദ്യ ഉപഭോഗത്തെയും, വീടിന് പുറത്തുള്ള സുരക്ഷിതമല്ലാത്ത മറ്റൊരു ഇടത്തിൽ ഇരുന്നു മദ്യപിച്ചതിനുശേഷം ഉള്ള പലവിധമായ മോശം അനുഭവങ്ങളെയും ഇല്ലാതാക്കും... അത് കുടുംബത്തോടൊപ്പം ചെലവാക്കുന്ന സമയത്തെയും വർദ്ധിപ്പിക്കും... 

     ഓൺലൈൻ വഴി മദ്യം വിതരണം ചെയ്താൽ ഉപഭോഗത്തെ വലുതായി വർധിപ്പിക്കുകയും എന്ന് കരുതാൻ കഴിയില്ല... 'സർക്കാർ ഔട്ട്ലെറ്ററിൽ പോയി Q നിന്ന് വാങ്ങേണ്ടല്ലോ,, അതിനാൽ മദ്യപാനം തുടങ്ങിയേക്കാം' എന്നാരും കരുതില്ലല്ലോ? ബാറുകളിൽ കച്ചവടം കുറയും, ബാറുകളിൽ നിന്നും സർക്കാരിന് ലഭിക്കുന്ന വരുമാനത്തിൽ കുറവ് ഉണ്ടാവും... ബാറുകളിൽ ലഭ്യമായ സേവനങ്ങൾ കൂടുതലായി ഉപഭോക്താവിന് നൽകിക്കൊണ്ട് ഉപഭോക്താക്കളെ ആകർഷിക്കാനും പിടിച്ചു നിർത്താനും അവർ ശ്രമിക്കും... 

     മദ്യപിക്കുന്നവരിൽ വലിയ ഒരു വിഭാഗം ഓൺലൈൻ പർച്ചേസിലേക്ക് മാറിയാൽ തന്നെ ഒരു സമൂഹത്തിനെ ആകമാനം നാണം കെടുത്തും വിധമുള്ള ക്യു സർക്കാർ മദ്യ ഔട്ട്ലെറ്റുകളുടെ മുൻപിൽ നിന്നും ഒഴിവാകും എന്നത് തന്നെ ഈ പദ്ധതിയുടെ വലിയൊരു നന്മയായി കാണണം...

     മദ്യത്തിനെ സംബന്ധിക്കുന്ന എന്ത് ആശയങ്ങൾ വന്നാലും ഉടനെ എതിർക്കണം എന്ന് കർത്താവിൻറെ അരുളപ്പാട് ഉള്ളതുപോലെയാണ് ക്രിസ്ത്യൻ സഭകൾ മദ്യ വിതരണത്തെ കുറിച്ചുള്ള ഏതൊരു ആശയത്തെയും എതിർക്കുന്നത്... ബാറുകൾ അനവധി നടത്തുന്ന സമൂഹങ്ങളിൽ നിന്നും സമുദായങ്ങളിൽ നിന്നും സർക്കാർ എതിർപ്പുകൾ നേരിടേണ്ടി വരും എന്നതും നിശ്ചയമാണ്...

     ഓൺലൈൻ വഴി മദ്യ വിതരണം നടത്തുന്നതിന് നിയമപരമായ വഴികൾ കൂടി തെളിക്കേണ്ടതുണ്ട്...  ഈ ആശയം പ്രാവർത്തികമാകുന്നതിന് അബ്കാരി നിയമം ഭേദഗതി ചെയ്യേണ്ടിവരും എന്നാണ് എൻറെ നിഗമനം... മദ്യ വില്പന,  വിതരണം ഈ വക കാര്യങ്ങളിൽ കേരള അബ്കാരി നിയമം ഓൺലൈൻ വിതരണത്തെ പിന്തുണയ്ക്കുന്നില്ല... അതുമാത്രമല്ല ഓൺലൈൻ വിതരണക്കാരന് ക്യാരി ചെയ്യാവുന്ന മദ്യത്തിൻറെ അളവിൽ വ്യക്തതയോ, വ്യതിയാനമൊ വരുത്തണം... ഓൺലൈൻ അംഗീകൃത വിതരണക്കാരന് Exception കൊടുക്കണം... അങ്ങനെ നിയമപരമായി പൂർത്തീകരിക്കേണ്ട ആവശ്യങ്ങൾ പലതുണ്ട്...

     മദ്യം ആപത്കരമാണെന്ന തത്വത്തെ ഉൾക്കൊണ്ടുതന്നെ മദ്യത്തിൻറെ ഉല്പാദനത്തെയും വിതരണത്തെയും നിയമവും, വ്യവസ്ഥിതിയും അനുകൂലിക്കുമ്പോൾ അതിൻറെ വിതരണത്തിലെ ശോഷത്വമാണ് ഏറ്റവും വലിയ മദ്യവർജന മാർഗം എന്ന് ചിന്തിക്കുന്നത് ഭോഷ്കാണ് എന്നതാണ് എൻറെ പക്ഷം...

[Rajesh Puliyanethu 

 Advocate, Haripad]

     നിയമം വിലക്കാത്താടത്തോളം കാലം നിയമപരമായി മദ്യപിക്കുന്നവനും സൗകര്യങ്ങൾക്ക് അവകാശമുണ്ട്...


Healthy Drinking May Be A Concept 

                            But

Wealthy Drinking Is Reality....

Tuesday, 1 September 2020

ശ്രീനാരായണ ഗുരു ജയന്തി ആശംസകൾ..

 ഇന്ന് ശ്രീനാരായണ ഗുരു ജയന്തി.. മതത്തിനും, ജാതിക്കും, സമൂഹത്തിനും, വിശ്വാസങ്ങൾക്കും, ദൈവീകതക്കും, ചിന്തകൾക്കും, സ്വാതന്ത്ര്യബോധത്തിനും, അഭിമാനത്തിനും, വ്യക്തിത്വത്തിനും, കാവ്യാത്മകമായ ചേതനകൾ കൊണ്ട് സമൃദ്ധമാക്കിയ യുഗപ്രഭാവൻ്റെ ജന്മദിനം.. 

ആശംസകൾ.. 

ഗുരുദേവ ജന്മദിനങ്ങളിൽ ആശംസകൾ അർപ്പിച്ചു പോകുമ്പോൾ അദ്ദേഹം തുറന്നു വെച്ച ചിന്തയുടെ അനേകം ജാലകങ്ങളിൽ ചിലതെങ്കിലും നമുക്ക് ശ്രദ്ധിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ!?.. 

ഗുരുദേവനെ ഈ വിധം മഹാ പ്രഭാവത്തോടെ ഈ ലോകത്തിനു സമ്മാനിച്ചതിൽ ആ കാലത്തിനും സമൂഹത്തിനും അഭിമാനാർഹമായ പങ്കുണ്ടായിരുന്നു.. ഗുരുവിനെ കേൾക്കാനും, അനുസരിക്കാനും ആക്കാല സമൂഹം തയ്യാറായിരുന്നു.. അദ്ദേഹത്തിൻ്റെ ഉദ്ബോധനങ്ങളെ ബഹുമാനത്തോടെ ഏറ്റെടുത്തിരുന്നു.. ഗുരു ജീവിച്ചിരുന്നത് ഇന്നായിരുന്നെങ്കിലൊ?? ഒരു ഹിന്ദു സന്യാസി എന്ന പേരിൽ അദ്ദേഹത്തെ അവഗണിക്കാനും, പരിഹസിക്കാനുമല്ലേ ഒരു വലിയ സമൂഹം ശ്രമിക്കുമായിരുന്നുള്ളൂ..!?? നിങ്ങൾ പ്രതിഷ്ഠിച്ച ഈഴവ ശിവൻ ജാതി വെറിയുടെ ശിവനാണെന്നു വിളിച്ചു പറഞ്ഞ് അദ്ദേഹത്തിൻ്റെ ആശ്രമത്തിലേക്ക് മാർച്ചു നടത്താനും, തല്ലിത്തകർക്കാനും എത്രയോ വിപ്ലവ യുവജന സംഘടനകൾ ഉണ്ടാകുമായിരുന്നു? റാം, റാം എന്നുരുവിടുന്ന ജീവനുള്ള ഒരു ഗാന്ധിക്ക് വർത്തമാനകാല ഇന്ത്യയിൽ വിദ്വേഷത്തിൻ്റെ വക്താവ് എന്ന ലേബൽ ചാർത്തി നൽകാതെ ഒരു സ്വീകാര്യത ലഭിക്കുമായിരുന്നോ?? ചാനൽ ചർച്ചകളിലെ സൊ കോൾഡ് പുരോഗമന വാദികളുടെ അലർച്ചകളിൽ ഗുരുവിൻ്റേയും, ഗാന്ധിയുടേയും അർത്ഥസമ്പുഷ്ടമായ മൃദുസ്വരങ്ങൾ കേൾക്കാൻ സാധാരണക്കാരന് കഴിയുമായിരുന്നോ?? 

അന്നത്തെ കാലഘട്ടത്തെ ചിന്തയിലും, പ്രവർത്തിയിലും ശരിയായ രീതിയിൽ അഡ്രസ്സ് ചെയ്തിരുന്ന ഗുരുദേവൻ തിരികെ വന്ന് ഇന്നത്തെക്കാലത്തെ അഡ്രസ്സ് ചെയ്യാൻ തയ്യാറായാൽ കേൾക്കാനും, അനുസ്സരിക്കാനും എത്ര ആൾക്കാർ ഉണ്ടാകും.. തീർച്ചയാണ്, ഇന്നത്തെ സമൂഹം പക്ഷപാതിയല്ലാത്ത ഗുരുവിനെ ജീവനോടെ തന്നെ കുരിശിൽ തറക്കും.. പ്രതീകാത്മകമായി കുരിശിൽ തറച്ചവർ അതിനു മടിക്കില്ലല്ലോ.. അതാണ് സമൂഹത്തിനു സംഭവിച്ച മൂല്യച്യുതി... 

ഇന്ന് നിറങ്ങൾക്കാണ് പ്രാധാന്യം.. വേഷത്തിൻ്റെയും, കൊടിയുടേയും, തൊലിയുടേയും നിറങ്ങൾക്ക്... പ്രാധാന്യമില്ലാതെ പോകുന്നത് ചോരയുടെ നിറത്തിനു മാത്രവും.. വ്യത്യസ്തയില്ലാത്തതു കൊണ്ട് വിലപോയ നിറമാണല്ലോ ചോരക്കുള്ളത്.. വാക്കുകൾക്കും, ആശയങ്ങൾക്കും ഉണ്ടായ വിലയിടിവുമായി തുലനം ചെയ്യുമ്പോൾ ചോരക്ക് കറുകനാമ്പോളം വില കൂടുതലുണ്ടെന്നു തോന്നുമെന്നു മാത്രം..

അറിവുള്ളവനേയും, ആദർശധീരനേയും അംഗീകരിക്കാൻ തയ്യാറല്ലാത്ത എന്നാൽ പരിഹസ്സിക്കാൻ മാത്രം തയ്യാറായ വർത്തമാനകാലത്തിൽ ഇനിയുമൊരു ഗുരവോ ഗാന്ധിയോ ഉണ്ടാകില്ല.. ഗുരുവിനെ വന്ദിക്കുമ്പോൾ ഗുരുവിൻ്റെ ഉദ്ബോധനങ്ങളെ നമ്മൾ തമസ്കരിക്കുന്നു എന്നതിൻ്റെ തെളിവുകൂടിയാണത്..

ഗുരുദേവ ദർശനങ്ങൾ പ്രാവർത്തികമാക്കാൻ പ്രാപ്തമായ ഒരു സമൂഹം ഇവിടെ ഉണ്ടാകുമെന്ന പ്രത്യാശയോടെ ഒരിക്കൽക്കൂടി ഗുരുദേവ ജയന്തി ആശംസകൾ...

[Rajesh Puliyanethu 

Advocate, Haripad]


Monday, 5 June 2017

""മരം"" എന്റെ ജീവന്റെ കാവൽ!!

ഒരു മരം നട്ടു ഞാൻ ഭൂമിക്കു കുടയായ്,,
ഒരു മരം നട്ടു ഞാൻ നാളേക്കു തണലായ്‌.... 

ഒരു മരം നട്ടു ഞാൻ കിളികൾക്കു പാർക്കാൻ,,
ഒരു മരം നട്ടു ഞാൻ പ്രണയത്തിന് നിഴലായ്....  

ഒരു മരം നട്ടു ഞാൻ അമ്മതൻ സ്നേഹമായ്,,
ഒരു മരം നട്ടു ഞാൻ മകനുള്ള വഴിയായ്....

ഒരു മരം നട്ടു ഞാൻ ജീവന്റെ ജീവനായ്,,
ഒരു മരം നട്ടു ഞാൻ പ്രാണന്റെ നേരിനായ്...

ഒരു മരം നട്ടു ഞാൻ വിരഹത്തിനു കൂട്ടായ്,,
ഒരു മരം നട്ടു ഞാൻ ഏകാന്ത ബലിയായ്...

ഒരു മരം നട്ടു ഞാൻ എൻ നോവു കേൾക്കാൻ,,
ഒരു മരം നട്ടു ഞാൻ എൻ നോവു തീർക്കാൻ.....

     പ്രകൃതി ഇല്ലെങ്കിൽ ജീവനും, ജീവിതങ്ങളും ഇല്ല.... മരങ്ങൾ ഇല്ലെങ്കിൽ പ്രകൃതിയുമില്ല....  നമ്മൾ നമുക്കൊരു ഭവനം നിർമ്മിക്കാൻ ഒരു മരം വെട്ടുമ്പോൾ ഇന്നേക്കും നാളേക്കും എത്തറെത്രയോ ജീവജാലങ്ങളുടെ ഭവനമാണ് ഇല്ലാതാക്കുന്നതെന്ന് ഓർക്കുന്നുണ്ടോ...!? ഓർത്താൽത്തന്നെ നമ്മൾ നമ്മുടെ സ്വാർത്ഥ താൽപര്യത്തിൽ നിന്ന് പിന്മാറാൻ തയ്യാറാകാറുണ്ടോ!??  ഈ പ്രകൃതി സംരക്ഷണ ദിനത്തിലെങ്കിലും നമ്മൾ ഒരു പ്രതിജ്ഞ എടുക്കണം... 

"എന്റെ ഭവനം നിർമ്മിക്കാൻ വേണ്ടി ഒരു മരം നിലംപൊത്തില്ല" എന്ന്.... 

     ആധുനിക സംവിധാനങ്ങൾ ഒരുപാട് വന്നിട്ടും നാമെന്തിന് മരത്തിൽ തീർത്ത ജനൽപ്പടികൾക്കും,, വാതിൽപ്പടികൾക്കും വേണ്ടി വാശി പിടിക്കുന്നു?? 

     മരത്തെ മൃതമാക്കി മിനുക്കി വെയ്ക്കുന്നതിലും എത്രയോ ഭംഗിയാണ് മരം ഒരു തണലായ്‌ വിളങ്ങി നിൽക്കുന്നത്??

     ഓരോ ദിനങ്ങളും ഓരോ ഓർമ്മപ്പെടുത്തലുകളാണ്....  നമ്മൾ സ്വീകരിക്കേണ്ട തിരുത്തലുകളുടെ ഓർമ്മപ്പെടുത്തലുകൾ.....! 

 [Rajesh Puliyanethu
 Advocate, Haripad] 

Wednesday, 1 October 2014

ആയുധപൂജ ചെയ്യൂ!! നവരാത്രി പൂർണ്ണതക്ക്.........


       ഒൻപതു ദിവസ്സത്തെ പൂജാ സപര്യക്ക് പര്യവസ്സാനമായി മാഹാനവമിയും വിജയ ദശമിയും എത്തിചേർന്നിരിക്കുന്നു... ശ്രീ പാർവ്വതിയെയും, ദുർഗ്ഗയെയും, സാരസ്വതിയെയും ആരാധിച്ച് വിദ്യയുടെ പൂർണ്ണതക്കായി ഭാരതമാകമാനം വൃതമെടുക്കുന്നു.. വിദ്യയുടെ പൂർണ്ണതക്കായി അനുഷ്ട്ടിക്കുന്ന ഈ വൃതത്തിന് മനുഷ്യന്റെ ആത്മതേജസ്സിനെ ഉയർത്തുക എന്ന ഫലപ്രാപ്ത്തികൂടി പറയുന്നു... അതിന് നിഷ്ക്കർഷികപ്പെട്ടിരിക്കുന്ന പ്രാർഥനാചര്യയാണ് മഹാനവമി ദിനത്തിലെ ആയുധപൂജ അഥവാ ശസ്ത്രപൂജ... ഭാരതമാകമാനം ശസ്ത്രപൂജ മഹാനവമി ദിനത്തിൽ നടന്നു വരുന്നുവെങ്കിലും കേരളത്തിൽ അത്ര വ്യാപകമായി കാണുന്നില്ല... അതിനാൽ ഹിന്ദു ഐക്യവേദി ശസ്ത്രപൂജയുടെ പ്രാധാന്യം പ്രചരിപ്പിക്കുകയും, ശസ്ത്രപൂജ നടത്തിന്നതിന് എല്ലാ വിശ്വാസ്സികളെയും പ്രേരിപ്പിക്കുകയും ചെയ്യുവാനുള്ള ദൗത്യം ഏറ്റെടുത്തിരിക്കുന്നു...

       ഒരുവനിൽ അന്തർലീന മായിരിക്കുന്ന ആത്മവിശ്വാസ്സം, ആത്മധൈര്യം, ആത്മബോധം എന്നിവയെ ഉത്ദീപിപ്പിക്കുക എന്നതാണ് ശസ്ത്ര പൂജ കൊണ്ട് ഉദ്ദേശിക്കുന്നത്...

       'ശസ്ത്രം'  മനുഷ്യന്റെ നിലനില്പ്പിന്റെയും, വളർച്ചയുടെയും, നേട്ടങ്ങളുടെയും,  ആത്മവിശ്വാസ്സത്തിന്റേയും, ആത്മധൈര്യത്തിന്റേയും, ആത്മബോധത്തിന്റേയും, സുരക്ഷിതത്വത്തിന്റെയും മാത്രമല്ല, കാലത്തിന്റെയും വിവരണം നൽകുന്നു...

       മനുഷ്യൻ സാമൂഹികമായും, ആധുനികമായും വളർന്നു തുടങ്ങിയ കഥ പോലും നമ്മൾ പറഞ്ഞു തുടങ്ങിയത് ശസ്ത്രത്തിന്റെ അടിസ്ഥാനത്തിലാണ്.. അന്ന് പുരാതന മനുഷ്യൻ കല്ലുകളെയായിരുന്നു ആയുധങ്ങളാക്കിയിരുന്നത്.. അങ്ങനെ ചരിത്രാതീത കാലത്ത് അതായത് ശിലായുഗത്തിൽ ശിലകളെ ആയുധമാക്കിക്കൊണ്ട് മനുഷ്യൻ ആരംഭിച്ച പുരോഗമനത്തിന്റെയും, കീഴടക്കലുകളുടെയും തുടർച്ചയാണ് ആധുനികതയുടെ ഇന്നത്തെ ലോകത്തേക്ക് അവനെ കൊണ്ടു ചെന്നെത്തിച്ചത്... അന്ന് അവൻ കീഴടക്കിയത് തനിക്കെതിരെ നിന്ന പ്രകൃതിയിലെ പ്രതിബന്ധങ്ങളെ ആയിരുന്നു... ഇതേ ആയുധം തന്നെ അവന് ഭക്ഷണവും നൽകി.. കൈയ്യിൽ ആയുധമേന്തിയ മനുഷ്യൻ പ്രവർത്തന സജ്ജതയുടെ പര്യായമായി... കൈയ്യിലെ ആയുധം അവനെ എത്രത്തോളം പ്രാപ്തനാക്കുന്നു എന്നത് മനസ്സിലാക്കുന്നതിന് 'നിരായുധനായ ഒരുവൻ' എന്ന് മനസ്സിൽ ചിന്തിച്ചാൽ മതി...

       ഈ ഭൂമിയിൽ ഏതൊരു മൃഗത്തെയും പോലെ നഗ്നനായി, ഒന്നും ഇല്ലാതെയാണ് മനുഷ്യനും പിറവി കൊണ്ടത്‌... അവിടെ മനുഷ്യനെ അജയ്യനാക്കിയത് അവൻ കണ്ടെത്തിയ വിവിധങ്ങളായ ആയുധങ്ങളാണ്... മനുഷ്യന് ഇന്നത്തെ നേട്ടങ്ങളെല്ലാം സമ്മാനിച്ചത്‌ നിസ്സംശയം അവൻ കയ്യിലേന്തിയ ആയുധങ്ങളാണെന്ന് പറയാം!!  

       പ്രകൃതിയെയും, ജീവജാലങ്ങളെയും നേരിട്ട് വിജയം കൊയ്ത മനുഷ്യൻ ആധുനികതയിലേക്ക് ചുവടുകൾ വെച്ചു.. അവിടെ അവൻ നേരിട്ടത് മറ്റൊരു മനുഷ്യനെത്തന്നെയായിരുന്നു... അവിടെയും വിജയേഷുവിന് തന്റെ ആയുധങ്ങളോട് തീർച്ചയായും നന്ദി പറയാനുണ്ടായിരുന്നു... രാജ്യങ്ങൾക്ക് പോലും നിലനിൽപ്പ്‌ ആയുധങ്ങളുടെ ശേഖരത്തിൻറെ കണക്കുകളുടെ അടിസ്ഥാനത്തിലായി മാറി.. കൌടില്യൻ തന്റെ അർഥ ശാസ്ത്രത്തിൽ ഇങ്ങനെ പറയുന്നു..' രാജ്യത്ത് സമാധാനം ഉണ്ടാകണമെങ്കിൽ സമ്പത്തോ, നല്ല ഭരണാധികാരിയോ മാത്രം പോരാ!! ആവനാഴി നിറയെ അസ്ത്രങ്ങളും ഉണ്ടാകണം' എന്ന്.. രാജ്യ സമാധാനത്തെപ്പോലും ആയുധങ്ങൾ സ്വാധീനിക്കുന്നു എന്ന വൈരുധ്യത നിറഞ്ഞ ഒരു ശാസ്ത്രമാണ് ആ വരികളിൽക്കൂടി അദ്ദേഹം അവതരിപ്പിച്ചത്...   ഭാരതം അണുവായുധ ശക്തിയായപ്പോൾ ഭാരതജനതയുടെ സമാധാനവും സുരക്ഷിതത്വവും വർദ്ധിക്കുകയാണ് ഉണ്ടായത് എന്നത് ചാണക്യ തത്വത്തിന്റെ സമീപകാല ഉദാഹരണം മാത്രം..


       ശസ്ത്രത്തിന് അങ്ങനെ വിപുലമായ മാനങ്ങളാണ് ഉള്ളത്... 'ഒരുവന് തന്റെ തൊഴിൽ കൃത്യമായി ചെയ്യാൻ അറിഞ്ഞാൽ അയാൾ വിദ്യാസമ്പന്നനാണ്' എന്ന് മഹാത്മാ ഗാന്ധി തന്റെ സത്യാന്യേഷണ പരീക്ഷണങ്ങളിൽ പറഞ്ഞിരിക്കുന്നത് പോലെ 'ഇതൊന്നിനെയും തന്റെ ഉപയുക്തതക്ക് അനുസൃതമായി ഉപയോഗിക്കാൻ ഒരുവന് കഴിയുന്നു വെങ്കിൽ അവൻ ശസ്ത്രവിദ്യ സ്വായത്വമാക്കിയവനാണ്.. അവന്റെ കൈയ്യിലുള്ളത് ശസ്ത്രമാണ്, അവൻ ശസ്ത്രധാരിയാണ്... ആ ശസ്ത്രമാണ് പൂജിക്കപ്പെടേണ്ടത്..

       മനുഷ്യന്റെ വളർച്ചക്കും, വികാസ്സതിനും, നിലനില്പ്പിനും അനിവാര്യമായ 'ശസ്ത്രം' തെറ്റായ ഉപയോഗത്താൽ നാശവും വിതയ്ക്കുന്നു.. ശസ്ത്രത്തിന്റെ ശരിയായ ഉപയോഗത്തിനുള്ള ഈശ്വര കടാക്ഷമാണ് നാം മഹാനവമി ദിവസ്സത്തെ ദുർഗ്ഗാ പൂജയിൽക്കൂടി ഉദ്ദേശിക്കുന്നത്.. ഭാരതത്തിന്റെ സംസ്ക്കാരത്തിന്റെയും, പൈതൃകത്തിന്റെയും, വിശ്വാസ്സങ്ങളുടെയും പുനരവതരണം കൂടിയാണ് ശസ്ത്രപൂജയിൽക്കൂടി സംഭവിക്കുന്നത്‌...

       നാം എല്ലാവരും തന്നെ മഹാനവമി ദിനത്തിൽ ശസ്ത്ര പൂജ നടത്തണമെന്നും, കഴിയുന്നത്ര ആൾക്കാരെ ശസ്ത്രപൂജയുടെ പ്രാധാന്യം പറഞ്ഞുകൊടുത്ത് ശസ്ത്ര പൂജക്ക്‌ പ്രേരിപ്പിക്കണമെന്നും അഭ്യർഥിച്ചു കൊള്ളുന്നു..

      എല്ലാവർക്കും മഹാനവമി, വിജയദശമി ആശംസ്സകൾ.... 

(ഈ പോസ്റ്റ്‌ ഷെയർ ചെയ്ത് പരമാവധി ആൾക്കാരിൽ ഈ സന്ദേശം എത്തിക്കണമെന്ന് താൽപ്പര്യപ്പെടുന്നു)

         
[Rajesh Puliyanethu
 Advocate, Haripad]

Friday, 31 December 2010

പുതുവത്സര ആശംസകള്‍

വീണ്ടും ഒരു പുതുവത്സരം കൂടി. ...എന്‍റെ രംഗവേദിയുടെ പച്ച്ചാത്തലചിത്രം പോലെ വര്‍ഷങ്ങള്‍ അങ്ങനെ കടന്നു പോകുന്നു. എനിക്ക് പിന്നില്‍ ഒരു scroll പോലെ.!!      ഞാന്‍ നില്‍ക്കുന്ന തറയും ഞാനും മാറ്റമില്ലാതെ അങ്ങനെ തന്നെ തുടരുന്നു.   പക്ഷെ എനിക്ക് പിന്നില്‍ ഒരു SCROLL പോലെ കടന്നു പോകുന്ന വര്‍ഷങ്ങളില്‍ ഒന്നില്‍ ഒരു "ഹുക്ക്" ഉണ്ടാകും. അതില്‍ തൂങ്ങി ആ വര്‍ഷത്തോടൊപ്പം ഞാനും അങ്ങ് പോകും............ അതുവരെ എല്ലാ പുതുവത്സര ദിനങ്ങളിലും എന്‍റെ പ്രിയപ്പെട്ടവരോടായി ആത്മാര്‍ഥമായിത്തന്നെ ഞാന്‍ പറയും.


" HAPPY NEW YEAR"


[Rajesh Puiyanethu
 Advocate, Haripad]