Sunday 14 July 2024

ജെസ്നയുടെ ശ്രീകൃഷ്ണ ചിത്രങ്ങൾ!

 ✍️Adv. Rajesh Puliyanethu 

"കൃഷ്ണഭക്തയായ ജസ്ന എന്ന മുസ്ലിം പെൺകുട്ടി" ഇന്ന് സ്വന്തം മതത്തിൽ നിന്നും ഒപ്പം തന്നെ സംഘികളിൽ നിന്നും അധിക്ഷേപങ്ങൾ ഏൽക്കേണ്ടി വരുന്നു എന്ന വിഷയത്തിൽ സോഷ്യൽ മീഡിയയിൽ ചർച്ചകൾ മുറുകുകയാണ്... സ്വന്തം മതത്തിൽ നിന്നും വ്യക്തിഹത്യകൾ ഏറ്റുവാങ്ങേണ്ടി വന്നതിൽ കൂടുതൽ ഹിന്ദുമതത്തിൽ നിന്നും കേൾക്കേണ്ടി വന്നു എന്ന് ജസ്നയുടെ അടുത്ത വൃത്തങ്ങൾ ആരോപിക്കുന്നു... ജസ്നയുടെ പ്രവർത്തികളെ വിമർശനാത്മകമായി കണ്ട ഹിന്ദുമത വിഭാഗത്തിലെ ചിലരിൽ നിന്നും എതിർപ്പുകളെ നേരിടേണ്ടി വന്നത് മഹാപാതകമായി ചിലർ വിവരിക്കുന്നു... ജെസ്ന എന്തുകൊണ്ട് ചർച്ച ചെയ്യപ്പെടുന്നു എന്ന് നമ്മൾ മനസ്സിലാക്കിയാൽ ജസ്ന അനുകൂലിക്കപ്പെട്ടതിൻ്റേയും എതിർക്കപ്പെട്ടതിൻ്റേയും കാരണങ്ങൾ വെളിവാകുന്നതാണ്...

     'കൃഷ്ണ ഭക്തയായ മുസ്ലീം പെൺകുട്ടി' എന്നതിൽ നിന്നും തിരുത്തി 'ശ്രീകൃഷ്ണൻറെ ചിത്രം വരച്ച മുസ്ലിം പെൺകുട്ടി' എന്നു വായിച്ചു തുടങ്ങുമ്പോൾ തന്നെ കാര്യങ്ങൾ വ്യക്തമാകുന്നതാണ്... ആദ്യമായി ജസ്ന ശ്രീകൃഷ്ണൻറെ ചിത്രം വരച്ച് ഗുരുവായൂരമ്പല നടയിൽ സമർപ്പിക്കുകയും പിന്നീട് മറ്റു കൃഷ്ണ ഭക്തരായ ആൾക്കാർക്ക് വേണ്ടി വരച്ച് സമർപ്പിക്കുകയും ചെയ്തു വന്നിരുന്നു... അതിനായി സാധാരണ ഗതിയിൽ നാട്ടിൽ നിലനിൽക്കുന്ന ഭേദപ്പെട്ട പ്രതിഫലവും അവർ കൈപ്പറ്റുന്നുണ്ടായിരുന്നു... ഈ കച്ചവടത്തിൽ വന്ന വർധനവും, നിരന്തരമായി സോഷ്യൽ മീഡിയയിൽ കൂടിയും മറ്റു ചില മാധ്യമങ്ങളിൽ കൂടിയും ജസ്ന നടത്തിയ ചിത്രത്തിൻറെ പ്രമോഷൻ പരിപാടികളും, ചിത്രം വാങ്ങുവാൻ നടത്തിയ അഹ്വാനങ്ങളും ഹിന്ദു സമൂഹത്തേയും വിശ്വാസികളേയും ചൂഷണം ചെയ്യുന്നതാണോ എന്ന സ്വാഭാവിക സംശയം ഉയരുന്നതിനു കാരണമായി... അവിടെയും അന്തരീക്ഷത്തിൽ നിലനിൽക്കുന്ന പ്രസക്തമായ ഒരു ചോദ്യമുണ്ട്; എന്തിനാണ് ഹിന്ദു സമൂഹത്തിലെ കുറേയേറെ ആൾക്കാരെങ്കിലും ജെസ്നയെ പിന്തുണച്ചത് എന്നത്...!!??

     ശ്രീകൃഷ്ണൻറെ ചിത്രം നാട്ടിൽ ലഭിക്കാൻ വിരളമായ ഒന്നല്ല... ശ്രീകൃഷ്ണന്റെ ചിത്രം വരയ്ക്കുന്ന പെൺകുട്ടികളും കുറവല്ല... പക്ഷേ എന്തുകൊണ്ട് ജെസ്ന ശ്രദ്ധിക്കപ്പെട്ടു!? ജസ്ന ഒരു മുസ്ലിം പെൺകുട്ടി ആയത് കൊണ്ടും, ഇസ്ലാമിനെ നയിക്കുന്ന ശരിയത്ത് നിയമങ്ങൾ ഒരു മുസ്ലിം അന്യമത ദൈവത്തിൻറെ ചിത്രം വരയ്ക്കുന്നത് ശക്തമായി എതിർക്കുന്നത് കൊണ്ടും, അത്തരം എതിർപ്പുകളെ ചില മത പ്രഭാഷകർ ശിർക്കുകൾ രൂപത്തിൽ പൊതു ജനമധ്യത്തിൽ വിളിച്ചു പറയാറുള്ളതു കൊണ്ടുമാണ്... അതേ ഇസ്ലാം മതത്തിനുള്ളിൽ നിന്നു തന്നെ ഒരു പെൺകുട്ടിയെ ഈ വിധമായ മത നിയമങ്ങൾക്കും അപരിഷ്കൃതമായ നിയന്ത്രണങ്ങൾക്കും എതിരെ നിർത്താൻ കിട്ടി എന്നതാണ് ജസ്ന നേടിയ പ്രാധാന്യം... ജിസ്നയുടെ ആ പ്രാധാന്യത്തെ മുതലെടുക്കാൻ വേണ്ടിയാണ് ഹിന്ദു മതത്തിലെ പലരും ജസ്നയിൽ നിന്നും ചിത്രങ്ങൾ വാങ്ങിയത്... അവിടെ ഒരു ഹിന്ദുവും ജസ്നയാൽ കമ്പളിപ്പിക്കപെട്ടിട്ടില്ല... ജെസ്നയുടെ ചിത്രങ്ങൾ വിറ്റഴിക്കപ്പെട്ടത് ഗുരുവായൂരപ്പനോടുള്ള ഭക്തി കാരണവുമല്ല... ഇവിടുത്തെ ഹിന്ദു വിഭാഗങ്ങൾക്ക് ഗുരുവായൂരപ്പനോടുള്ള ഭക്തി അനുഷ്ഠിക്കുന്നതിന് ജസ്നയുടെ ചിത്രങ്ങൾ ആവശ്യമില്ല... ജസ്ന ജസ്നയിൽ കണ്ട വിപണന മൂല്യവും ഇതുതന്നെയാണ്... ജെസ്ന ആ വിപണ മൂല്യത്തെ മുതലെടുത്തു എന്ന് മാത്രം... അവിടെ ജിസ്നയും കബളിപ്പിക്കപ്പെട്ടിട്ടില്ല... ജസ്നയുടെ ചിത്രങ്ങൾ വിറ്റതിനും, വാങ്ങിയതിനും പിന്നിൽ ഒറ്റക്കാരണമേയുള്ളൂ... അത് എംഎൽഎ ഷാജിയുടെ ഭാഷയിൽ തന്നെ പറയണം... അതിൻറെ കാരണം മതമാണ് മതമാണ് മതമാണ്... ഇവിടെ ചിത്രങ്ങൾ വിറ്റ ജസ്നയും വാങ്ങിയ ഹിന്ദുക്കളും മണ്ടന്മാരായിട്ടില്ല... ഉണ്ടായിട്ടുണ്ടെങ്കിൽ അത് ആറാം നൂറ്റാണ്ടിലെ നിയമങ്ങൾ പറഞ്ഞ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെയും ഇരുളടഞ്ഞതാക്കാൻ ശ്രമിക്കുന്ന ചില മത പ്രഭാഷകർ മാത്രമാണ്...

     കാര്യങ്ങൾ ഇവിടെ വരെ ഏതാണ്ട് ആരോഗ്യകരമാണ് എന്നാണ് എൻറെ പക്ഷം... ജസ്ന ഇപ്പോൾ നടത്തുന്ന സോഷ്യൽ മീഡിയ വിലാപങ്ങളും ജസ്ന മുതലെടുപ്പ്കാരിയാണ് എന്ന നിലയിൽ ഹിന്ദു വിഭാഗങ്ങളിൽ നിന്നുണ്ടാകുന്ന വിമർശനങ്ങളും ഇതു വരെ ജസ്നയും ചിത്രങ്ങൾ വാങ്ങിയവരും ഒരുപോലെ വഹിച്ചിരുന്ന വിജയക്കൊടിയെ താഴെ വെയ്പ്പിക്കുന്നത് ആയിരിക്കും... 

     പൊതു സമൂഹത്തിന്റെയോ നിയമത്തിന്റെയോ പിന്തുണ ലഭിക്കാതെ ജെസ്നയെ പിച്ചിച്ചീന്തണം എന്ന ആഹ്വാനം മാത്രം നടത്തി കോപം കടിച്ചമർത്തിയ ഒരു വിഭാഗമുണ്ട്... അവർ എനിയും ജസ്നക്കെതിരെ വീശാനുള്ള കത്തിയുടെ മൂർച്ചകൂട്ടും എന്ന കാര്യത്തിൽ സംശയമില്ല... അവിടെയും ജസ്ന സംരക്ഷിക്കപ്പെടണം... മുൻപ് ശ്രീകൃഷ്ണ ചിത്രങ്ങൾ വാങ്ങിയ അതേ മനസ്സോടെ ജസ്നയെ സംരക്ഷിച്ചു പിടിക്കണം... കാരണം ജസ്ന ഒരു പ്രചോദനമാണ്... ബന്ധിക്കപ്പെട്ടിരിക്കുന്ന ഒരു ചരടെങ്കിലും അറുത്തു മാറ്റാൻ ഒരുപാട് പെൺകുട്ടികൾക്ക് ധൈര്യം നൽകേണ്ട പ്രചോദനം...


[Rajesh Puliyanethu 

Advocate, Haripad]

Wednesday 10 July 2024

കൂടോത്രത്തിന്റെ രാഷ്ട്രീയ/ സാമൂഹിക കൊച്ചു വർത്തമാനങ്ങൾ

ഇന്നത്തെ രാഷ്ട്രീയത്തിൽ കെപിസിസി പ്രസിഡണ്ട് ശ്രീ കെ സുധാകരൻ്റെ വീട്ടിൽ നിന്നും കൂടോത്രം കണ്ടെടുത്തതാണ് കൂടോത്രം ഒരു സജീവ ചർച്ചയാകാൻ കാരണം... ദിവസങ്ങൾക്ക് മുൻപ് ശ്രീ ഡി കെ ശിവകുമാർ തനിക്കെതിരെ ചിലർ കൂടോത്രം ചെയ്തിരുന്നു എന്ന പ്രസ്താവന നടത്തിയത് ആയിരുന്നു സുധാകരന് മുൻപുള്ള പ്രധാന കൂടോത്ര ചർച്ചാവിഷയം... 2018 ൽ ശ്രീ വി എം സുധീരൻ തനിക്കെതിരെ നടന്ന കൂടോത്ര ആക്രമണങ്ങളെ വെളിപ്പെടുത്തിയതും പുച്ഛിച്ചതും സമീപകാല സംഭവങ്ങൾ... ശ്രീ കൊടിയേരി ബാലകൃഷ്ണന്റെ ഏലസ്സ് കഥകളും,, പൂമൂടൽ കഥകളും മലയാളികൾ സംസാരിച്ച കഥകളിൽ ചിലതുമാത്രം...


കൂടോത്രം മുൻപ് ചർച്ചാവിഷയമായിരുന്നത് ശ്രീമതി ഇന്ദിരാഗാന്ധിയുടെ കാലത്തായിരുന്നു... നെഹ്റു ഒരു തികഞ്ഞി യുക്തിവാദിയായിരുന്നു എങ്കിലും മകൾ ശ്രീമതി ഇന്ദിരാഗാന്ധി മന്ത്ര തന്ത്രാദികളുടെയും ബ്ലാക്ക് മാജിക്കിന്റെയും ഒരു വിശ്വാസിയായിരുന്നു എന്നത് കാലത്തിൻറെ ഏടുകളിൽ ജീവനോടെ അവശേഷിക്കുന്ന വസ്തുതയാണ്... മലയാളികൾ കൂടോത്രം എന്നും ഇംഗ്ലീഷുകാരൻ ബ്ലാക്ക് മാജിക് എന്നും വിളിക്കുന്ന ഈ ഒരു ചര്യയുടെ സീമകൾ ഭൂഗോളത്തിന്റെതിന് തുല്യമായതാണ്...


കൂടോത്രത്തിന് എന്ത് രാഷ്ട്രീയമാനമാണ് ഉള്ളത് എന്ന ചോദ്യം ഉയരുക സ്വാഭാവികമാണ്... കൂടോത്രത്തിന് പ്രഥമമായി രാഷ്ട്രീയ മാനമില്ല... രണ്ടാമതായി മാത്രമേ കൂടോത്രത്തിന് രാഷ്ട്രീയ പ്രസക്തിയുള്ളൂ... ഒന്നാമതായി ഉള്ള വിഷയം വ്യക്തിപരവും ശത്രുതാപരവും ആണ്... കൂടോത്രം അന്ധവിശ്വാസമൊ, അനാചാരമോ, അതല്ല ഏതെങ്കിലും വിധത്തിൽ ശക്തിമത്തായതോ എന്ന ചോദ്യങ്ങളൊക്കെ ഉന്നയിക്കുന്നതിനു മുൻപ് ചോദിക്കേണ്ട ചോദ്യം ഇത് ചെയ്തത് ആരാണ് എന്നാണ്... കാരണം കൂടോത്രം ഫലവത്തായ ഒരു കർമ്മമാണോ എന്നതിന് രണ്ടാമതായി മാത്രമേ പ്രസക്തിയേ ഉള്ളൂ... അവിടെ കൂടോത്രത്തിൽ വിശ്വസിക്കുന്ന,, കൂടോത്രം ചെയ്താൽ ഒരാളെ നശിപ്പിക്കാൻ കഴിയും എന്ന് വിശ്വസിക്കുന്ന,, ആ വ്യക്തിയോട്, 'കൊന്നുകളയാൻ' തക്കവിധത്തിൽ ശത്രുതയുള്ള ഒരു വ്യക്തിയുണ്ട് എന്നതാണ് കാര്യം... ആ വ്യക്തിയെയാണ് ആദ്യം പുറത്തുകൊണ്ടുവരേണ്ടത്... കൂടോത്രം

 വിഷയത്തിൽ അയാൾക്ക് കടുത്ത നിയമ നടപടികളെ അഭിമുഖീകരിക്കേണ്ടി വരില്ല എന്നത് സത്യമാണെങ്കിലും സമൂഹമധ്യത്തിൽ പ്രസക്തരായവരെ ഉന്മൂലനം ചെയ്യാൻ ആഗ്രഹിക്കുന്നവരെ തിരിച്ചറിയാൻ സമൂഹത്തിന് അവകാശം ഉണ്ട്... അതാണ് കൂടോത്രം വിഷയത്തിന്റെ സാമൂഹിക പ്രാധാന്യം...


കൂടോത്രത്തിന് തുല്യമായി മറ്റൊരാളെ ഇല്ലായ്മ ചെയ്യുക അല്ലെങ്കിൽ ദുർബലപ്പെടുത്തുക എന്ന ഉദ്ദേശത്തിൻ ചെയ്തു വരുന്നത് എന്ന ഖ്യാതിയുള്ള കർമ്മമാണ് "കൈവിഷം" എന്ന് പറയാറുണ്ട്... യുക്തിവാദികൾ എന്നും, പുരോഗമനവാദികളെന്നും, ആധുനിക കാലഘട്ടത്തിലെ അംഗങ്ങൾ എന്നും ഊറ്റം കൊള്ളുന്നവർ ഈ വക കർമ്മങ്ങളെ വിശകലനം ചെയ്യാതെ തന്നെ തള്ളിക്കളയുന്നതാണ് കണ്ടിട്ടുള്ളത്... പക്ഷേ ഈ വക കർമ്മങ്ങളിലും വിശകലനം ചെയ്യത്തക്ക ചിലതുണ്ട് എന്നാണ് എൻറെ പക്ഷം... ഉദാഹരണത്തിന് "കൈവിഷം" എന്ന വാക്ക് ഒറ്റ വാക്കായി പറയുമ്പോഴാണ് അത് ബ്ലാക്ക് മാജിക്കിന്റെ ഭാഗമാകുന്നത്... അതിലെ "വിഷം" മാത്രം അടർത്തിയെടുക്കൂ... അത് ശാസ്ത്രം അംഗീകരിക്കുന്ന, ജീവനൊ ആരോഗ്യത്തിനൊ ഹാനികരമായ ഒരു പദാർത്ഥമാണ്... ആ വിഷ പദാർത്ഥത്തെ മറ്റൊരുവനെ അപായപ്പെടുത്തുകയൊ, ദുർബലപ്പെടുത്തുകയൊ ചെയ്യുക എന്ന  ഉദ്ദേശത്തിൽ അയാളുടെ അറിവൊ സമ്മതമോ ഇല്ലാതെ നൽകുമ്പോൾ അത് 

"കൈവിഷം" ആയി... അത് കത്തിയെടുത്ത് കുത്തുന്നതുപോലെ ഒരു അപായ പ്രവർത്തിയാണ്... അതിനെയാണ് യാതൊരു വിശകലനവും നടത്താതെ യുക്തിവാദികൾ "അസംബന്ധം" എന്നു പറഞ്ഞു തള്ളിക്കളയുന്നത്... "SLOW POISONING" എന്ന ഇംഗ്ലീഷ് പദം പകരമായി ഉപയോഗിച്ചാൽ "കൈവിഷം" അസംബന്ധമല്ലെന്നും, അത് ദോഷകരമായ ഫലമുണ്ടാക്കുന്ന ഒരു കുറ്റകരമായ പ്രവർത്തിയാണെന്നും മനസ്സിലാക്കാവുന്നതാണ്... അവിടെയും ആ പ്രവർത്തി ചെയ്യുന്ന ദുഷ്ട മനസ്സിൻറെ ഉടമയെ കണ്ടെത്തുക എന്നതാണ് കാമ്പുള്ള വിഷയം... 


ബ്ലാക്ക് മാജിക്കിന് തുല്യമായ കർമ്മങ്ങൾ ചരിത്രാതീത കാലം മുതൽ ലോകത്തിൻറെ എല്ലാ ഭാഗങ്ങളിലും അനുഷ്ഠിച്ചു വന്നിരുന്നതായി രേഖകൾ വിശദീകരിക്കുന്നു... ബ്ലാക്ക് മാജിക്കിൻ്റെ ഏറ്റവും ക്രൂരമായ ഭാവമായി നമ്മൾ മനസ്സിലാക്കിയിരുന്നത് "ബലി" ആയിരുന്നു... മനുഷ്യനോ, മൃഗമോ, പക്ഷിയോ ആയ ഒരു ജീവനെ സ്വന്തം നേട്ടത്തിനായി കൊല്ലുന്നു എന്നതാണ് ബലി കർമമത്തെ വിമർശനാത്മകമാക്കിയതിന് കാരണം എന്നാണ് പലരും വിശദീകരിക്കുന്നത്... എന്നാൽ "കൊല്ലുന്നു"  എന്ന ക്രൂര കൃത്യത്തെ എതിർക്കുന്നതല്ല ബലികർമ്മങ്ങളെ എതിർക്കാൻ കാരണം... വിശ്വാസത്തിൻറെ മാത്രം അടിസ്ഥാനത്തിൽ ഒരു ജീവിയെ കൊല്ലുന്നു എന്നതാണ് ബലി കർമ്മങ്ങൾ എതിർക്കപ്പെടാൻ കാരണമായത്... അതിനൊപ്പം തന്നെ ഇത്തരം പ്രവർത്തികൾ ആധുനിക സമൂഹത്തിന് അപമാനമാണെന്നുള്ള പ്രചരണവും ഫലപ്രദമായി ഉണ്ടായി... ഭക്ഷണത്തിനും, മരുന്നിനും, ചർമ്മത്തിനും, വളത്തിനും, അങ്ങനെ മനുഷ്യൻറെ പലവിധമായ ആവശ്യങ്ങൾക്ക് വേണ്ടി "കൊല്ലുന്നത്" നെ ഒരു മനസ്ഥാപവുമില്ലാതെ നടപ്പിലാക്കുന്ന പൊതു സമൂഹം വിശ്വാസത്തിൻറെ പേരിൽ ആയതുകൊണ്ട് മാത്രം "ബലി" ഒരു ഹീന കർമ്മമായി അവതരിപ്പിക്കുന്നു... അത് സാമൂഹികമായ ഒരു വിരോധാഭാസം എന്ന് കാണാം... യുക്തി ബോധാവതരണങ്ങളായ ഇത്തരം എതിർപ്പുകളെ എല്ലാം അവഗണിച്ചു ബലി കർമ്മങ്ങളെ പെരുന്നാൾ ആക്കി ആഘോഷിക്കുന്നവരും ഇതേ ആധുനിക സമൂഹത്തിൻറെ ഭാഗമായിത്തന്നെയുണ്ട്...


ബലി കർമ്മങ്ങൾ ഉൾപ്പെടുന്ന ബ്ലാക്ക് മാജിക് അപരിഷ്കൃത വിഭാഗത്തിന്റെ മാത്രം പ്രവർത്തനങ്ങളാണ് എന്നാണ് ആക്ഷേപകർ വിളിച്ചു പറയുന്നത്... പക്ഷേ പരിഷ്കൃത സമൂഹം എന്ന് ഊറ്റം കൊള്ളുന്ന പാശ്ചാത്യരും, അമേരിക്ക ഉൾപ്പെടുന്ന വികസിത രാജ്യത്തിലെ പ്രമുഖ വ്യക്തികൾ  ഉൾപ്പെടുന്നവരും ബ്ലാക്ക് മാജിക് എന്ന വിളിപ്പേരുള്ള കർമ്മങ്ങളും അതിൻറെ മകുടമായ ബലികർമ്മങ്ങളും അനുഷ്ഠിച്ചിരുന്നു എന്നതിന് തെളിവുകളുണ്ട്... വർത്തമാനകാലത്തിലും അവർ അതിനെ പിന്തുടരുന്നു എന്നതിന്റെ ഉദാഹരണമാണ് ഇസ്രയേൽ നടത്താൻ ഉദ്ദേശിച്ചിരുന്ന "Red Heipher Sacrifice" ... Texas എന്ന അമേരിക്കൻ പ്രവിശ്യയിൽ നിന്നും ബലിക്ക് അനുയോജ്യമായ ചുവന്ന കിടാവിനെ നൽകി എന്ന് പറയുമ്പോഴും, ആ  ബലിക്കു ശേഷം "Third Temple Moment" ൽ ക്കൂടി അതിശക്തമാകാൻ പോകുന്ന ഇസ്രായേലിനെ നേരിടാൻ കഴിയാതെ പോകും എന്ന് വിശ്വസിച്ച് ആക്രമണം അഴിച്ചുവിട്ട ഹമാസും എല്ലാം തന്നെ ഈ ബ്ലാക്ക് മാജിക്കൽ വിശ്വാസപ്പട്ടികയിലെ സമാനരാണ്...


കൂടോത്ര or Black Magic ൻ്റെ ചെറിയ versions ആയി വരുന്നതാണ് ഈ ലോകത്ത് നടക്കുന്ന എല്ലാ ആരാധനാക്രമങ്ങളും എന്നതിൽ യാതൊരു തർക്കവുമില്ല... ഈ പറയുന്ന "ഹിന്ദു" ആരാധനാക്രമങ്ങളിൽ നിന്നും  "ബലി" നിയമം മൂലം ഒഴിവാക്കി എന്നത് കൊണ്ടു മാത്രം പുരോഗമനം സാധ്യമായി എന്ന് വിചാരിക്കുന്ന പൊതു ബോധവും നിലനിൽക്കുന്നു ... വെഞ്ചിരിപ്പും, റാത്തീബും, മൃത്യുഞ്ജയഹോമവും ഫലപ്രാപ്തിയിലെത്തുന്ന കർമ്മങ്ങൾ എന്ന് കരുതുന്ന സ്വതന്ത്ര വിശ്വാസ സമൂഹത്തിന് അതേപോലെയുള്ള മറ്റൊരു കർമ്മം കൊണ്ട് ദോഷ ഫലം ഉണ്ടാകും എന്ന് എന്തുകൊണ്ട് വിശ്വസിക്കാൻ കഴിയില്ലാ!!? ഈശ്വര വിശ്വാസങ്ങളിലും ഈശ്വര പൂജകളിലും വിശ്വസിക്കുന്നവർക്ക് കൂടോത്രത്തെയും ബ്ലാക്ക് മാജിക്കിനേയും എന്തുകൊണ്ട് വിശ്വസിക്കാൻ കഴിയാതെ  പോകുന്നു എന്ന് മനസ്സിലാകുന്നില്ല...  ഒരു ഈശ്വര സങ്കല്പത്തെ വിശ്വസിക്കാൻ തയ്യാറാകുന്നവർ അനുഗ്രഹിക്കാനും, ശിക്ഷിക്കാനും, അലോസരപ്പെടുത്താനും ആ ഈശ്വര ശക്തിക്ക് കഴിവുണ്ടെന്ന് വിചാരിക്കണം...


നമ്മൾ എങ്ങനെ ചർച്ച ചെയ്താലും അനുഗ്രഹവും നിഗ്രഹവും ഉണ്ടെന്ന് കണ്ടേ പറ്റൂ... പാപവും പുണ്യവും ഉണ്ടെന്നു കണ്ടേ പറ്റൂ... അനുഗ്രഹവും നിഗ്രഹവും ഉണ്ടെങ്കിൽ നിഗ്രഹത്തിന്റെ കർമ്മമായ ബ്ലാക്ക് മാജിക് or കൂടോത്രം എങ്ങനെ ഇല്ലെന്ന് കാണും, ഒരു സങ്കല്പമായെങ്കിലും!!??


കൂടുതലൊന്നും ആലോചിക്കാനില്ല;; കൂടോത്രം or ബ്ലാക്ക് മാജിക് ഉണ്ടോ ഇല്ലയോ, അതിന് പ്രവർത്തന യോഗ്യമായ ശക്തിയുണ്ടോ, എന്നത് ഒന്നുമല്ല ചോദ്യം, ഒരു വ്യക്തിക്ക് എതിരെ ആ കർമ്മം ചെയ്യാൻ സന്നദ്ധനായ മറ്റൊരു വ്യക്തിയുണ്ടോ എന്നതാണ് ചോദ്യം... ആ ശത്രുവിനെയാണ് തിരിച്ചറിയേണ്ടത്... ആ ശത്രുവിനെതിരെ പ്രതിരോധം തീർക്കുകയാണ് വേണ്ടത്... ഒരു കത്തിയെടുത്ത് കുത്തിക്കൊല്ലാൻ വാശി കൊണ്ട് നടക്കുന്ന, അതിന് ധൈര്യം ഇല്ലാത്ത ഒരു എതിരാളിയാണ് കൂടോത്രങ്ങൾക്ക് പുറകിൽ ഉള്ളത്... 


കൂടോത്രം അന്ധവിശ്വാസമോ മറ്റെന്തോ ആയിക്കോട്ടെ; അതിനു പിന്നിലെ ചിന്തിക്കുന്ന മനുഷ്യൻ യാഥാർത്ഥ്യമാണ്.... അതുമാത്രം മനസ്സിലാക്കുക...


[Rajesh Puliyanethu 

 Advocate, Haripad]