Showing posts with label ഒരു അഭിപ്രായം............. Show all posts
Showing posts with label ഒരു അഭിപ്രായം............. Show all posts

Sunday, 14 July 2024

ജെസ്നയുടെ ശ്രീകൃഷ്ണ ചിത്രങ്ങൾ!

 ✍️Adv. Rajesh Puliyanethu 

"കൃഷ്ണഭക്തയായ ജസ്ന എന്ന മുസ്ലിം പെൺകുട്ടി" ഇന്ന് സ്വന്തം മതത്തിൽ നിന്നും ഒപ്പം തന്നെ സംഘികളിൽ നിന്നും അധിക്ഷേപങ്ങൾ ഏൽക്കേണ്ടി വരുന്നു എന്ന വിഷയത്തിൽ സോഷ്യൽ മീഡിയയിൽ ചർച്ചകൾ മുറുകുകയാണ്... സ്വന്തം മതത്തിൽ നിന്നും വ്യക്തിഹത്യകൾ ഏറ്റുവാങ്ങേണ്ടി വന്നതിൽ കൂടുതൽ ഹിന്ദുമതത്തിൽ നിന്നും കേൾക്കേണ്ടി വന്നു എന്ന് ജസ്നയുടെ അടുത്ത വൃത്തങ്ങൾ ആരോപിക്കുന്നു... ജസ്നയുടെ പ്രവർത്തികളെ വിമർശനാത്മകമായി കണ്ട ഹിന്ദുമത വിഭാഗത്തിലെ ചിലരിൽ നിന്നും എതിർപ്പുകളെ നേരിടേണ്ടി വന്നത് മഹാപാതകമായി ചിലർ വിവരിക്കുന്നു... ജെസ്ന എന്തുകൊണ്ട് ചർച്ച ചെയ്യപ്പെടുന്നു എന്ന് നമ്മൾ മനസ്സിലാക്കിയാൽ ജസ്ന അനുകൂലിക്കപ്പെട്ടതിൻ്റേയും എതിർക്കപ്പെട്ടതിൻ്റേയും കാരണങ്ങൾ വെളിവാകുന്നതാണ്...

     'കൃഷ്ണ ഭക്തയായ മുസ്ലീം പെൺകുട്ടി' എന്നതിൽ നിന്നും തിരുത്തി 'ശ്രീകൃഷ്ണൻറെ ചിത്രം വരച്ച മുസ്ലിം പെൺകുട്ടി' എന്നു വായിച്ചു തുടങ്ങുമ്പോൾ തന്നെ കാര്യങ്ങൾ വ്യക്തമാകുന്നതാണ്... ആദ്യമായി ജസ്ന ശ്രീകൃഷ്ണൻറെ ചിത്രം വരച്ച് ഗുരുവായൂരമ്പല നടയിൽ സമർപ്പിക്കുകയും പിന്നീട് മറ്റു കൃഷ്ണ ഭക്തരായ ആൾക്കാർക്ക് വേണ്ടി വരച്ച് സമർപ്പിക്കുകയും ചെയ്തു വന്നിരുന്നു... അതിനായി സാധാരണ ഗതിയിൽ നാട്ടിൽ നിലനിൽക്കുന്ന ഭേദപ്പെട്ട പ്രതിഫലവും അവർ കൈപ്പറ്റുന്നുണ്ടായിരുന്നു... ഈ കച്ചവടത്തിൽ വന്ന വർധനവും, നിരന്തരമായി സോഷ്യൽ മീഡിയയിൽ കൂടിയും മറ്റു ചില മാധ്യമങ്ങളിൽ കൂടിയും ജസ്ന നടത്തിയ ചിത്രത്തിൻറെ പ്രമോഷൻ പരിപാടികളും, ചിത്രം വാങ്ങുവാൻ നടത്തിയ അഹ്വാനങ്ങളും ഹിന്ദു സമൂഹത്തേയും വിശ്വാസികളേയും ചൂഷണം ചെയ്യുന്നതാണോ എന്ന സ്വാഭാവിക സംശയം ഉയരുന്നതിനു കാരണമായി... അവിടെയും അന്തരീക്ഷത്തിൽ നിലനിൽക്കുന്ന പ്രസക്തമായ ഒരു ചോദ്യമുണ്ട്; എന്തിനാണ് ഹിന്ദു സമൂഹത്തിലെ കുറേയേറെ ആൾക്കാരെങ്കിലും ജെസ്നയെ പിന്തുണച്ചത് എന്നത്...!!??

     ശ്രീകൃഷ്ണൻറെ ചിത്രം നാട്ടിൽ ലഭിക്കാൻ വിരളമായ ഒന്നല്ല... ശ്രീകൃഷ്ണന്റെ ചിത്രം വരയ്ക്കുന്ന പെൺകുട്ടികളും കുറവല്ല... പക്ഷേ എന്തുകൊണ്ട് ജെസ്ന ശ്രദ്ധിക്കപ്പെട്ടു!? ജസ്ന ഒരു മുസ്ലിം പെൺകുട്ടി ആയത് കൊണ്ടും, ഇസ്ലാമിനെ നയിക്കുന്ന ശരിയത്ത് നിയമങ്ങൾ ഒരു മുസ്ലിം അന്യമത ദൈവത്തിൻറെ ചിത്രം വരയ്ക്കുന്നത് ശക്തമായി എതിർക്കുന്നത് കൊണ്ടും, അത്തരം എതിർപ്പുകളെ ചില മത പ്രഭാഷകർ ശിർക്കുകൾ രൂപത്തിൽ പൊതു ജനമധ്യത്തിൽ വിളിച്ചു പറയാറുള്ളതു കൊണ്ടുമാണ്... അതേ ഇസ്ലാം മതത്തിനുള്ളിൽ നിന്നു തന്നെ ഒരു പെൺകുട്ടിയെ ഈ വിധമായ മത നിയമങ്ങൾക്കും അപരിഷ്കൃതമായ നിയന്ത്രണങ്ങൾക്കും എതിരെ നിർത്താൻ കിട്ടി എന്നതാണ് ജസ്ന നേടിയ പ്രാധാന്യം... ജിസ്നയുടെ ആ പ്രാധാന്യത്തെ മുതലെടുക്കാൻ വേണ്ടിയാണ് ഹിന്ദു മതത്തിലെ പലരും ജസ്നയിൽ നിന്നും ചിത്രങ്ങൾ വാങ്ങിയത്... അവിടെ ഒരു ഹിന്ദുവും ജസ്നയാൽ കമ്പളിപ്പിക്കപെട്ടിട്ടില്ല... ജെസ്നയുടെ ചിത്രങ്ങൾ വിറ്റഴിക്കപ്പെട്ടത് ഗുരുവായൂരപ്പനോടുള്ള ഭക്തി കാരണവുമല്ല... ഇവിടുത്തെ ഹിന്ദു വിഭാഗങ്ങൾക്ക് ഗുരുവായൂരപ്പനോടുള്ള ഭക്തി അനുഷ്ഠിക്കുന്നതിന് ജസ്നയുടെ ചിത്രങ്ങൾ ആവശ്യമില്ല... ജസ്ന ജസ്നയിൽ കണ്ട വിപണന മൂല്യവും ഇതുതന്നെയാണ്... ജെസ്ന ആ വിപണ മൂല്യത്തെ മുതലെടുത്തു എന്ന് മാത്രം... അവിടെ ജിസ്നയും കബളിപ്പിക്കപ്പെട്ടിട്ടില്ല... ജസ്നയുടെ ചിത്രങ്ങൾ വിറ്റതിനും, വാങ്ങിയതിനും പിന്നിൽ ഒറ്റക്കാരണമേയുള്ളൂ... അത് എംഎൽഎ ഷാജിയുടെ ഭാഷയിൽ തന്നെ പറയണം... അതിൻറെ കാരണം മതമാണ് മതമാണ് മതമാണ്... ഇവിടെ ചിത്രങ്ങൾ വിറ്റ ജസ്നയും വാങ്ങിയ ഹിന്ദുക്കളും മണ്ടന്മാരായിട്ടില്ല... ഉണ്ടായിട്ടുണ്ടെങ്കിൽ അത് ആറാം നൂറ്റാണ്ടിലെ നിയമങ്ങൾ പറഞ്ഞ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെയും ഇരുളടഞ്ഞതാക്കാൻ ശ്രമിക്കുന്ന ചില മത പ്രഭാഷകർ മാത്രമാണ്...

     കാര്യങ്ങൾ ഇവിടെ വരെ ഏതാണ്ട് ആരോഗ്യകരമാണ് എന്നാണ് എൻറെ പക്ഷം... ജസ്ന ഇപ്പോൾ നടത്തുന്ന സോഷ്യൽ മീഡിയ വിലാപങ്ങളും ജസ്ന മുതലെടുപ്പ്കാരിയാണ് എന്ന നിലയിൽ ഹിന്ദു വിഭാഗങ്ങളിൽ നിന്നുണ്ടാകുന്ന വിമർശനങ്ങളും ഇതു വരെ ജസ്നയും ചിത്രങ്ങൾ വാങ്ങിയവരും ഒരുപോലെ വഹിച്ചിരുന്ന വിജയക്കൊടിയെ താഴെ വെയ്പ്പിക്കുന്നത് ആയിരിക്കും... 

     പൊതു സമൂഹത്തിന്റെയോ നിയമത്തിന്റെയോ പിന്തുണ ലഭിക്കാതെ ജെസ്നയെ പിച്ചിച്ചീന്തണം എന്ന ആഹ്വാനം മാത്രം നടത്തി കോപം കടിച്ചമർത്തിയ ഒരു വിഭാഗമുണ്ട്... അവർ എനിയും ജസ്നക്കെതിരെ വീശാനുള്ള കത്തിയുടെ മൂർച്ചകൂട്ടും എന്ന കാര്യത്തിൽ സംശയമില്ല... അവിടെയും ജസ്ന സംരക്ഷിക്കപ്പെടണം... മുൻപ് ശ്രീകൃഷ്ണ ചിത്രങ്ങൾ വാങ്ങിയ അതേ മനസ്സോടെ ജസ്നയെ സംരക്ഷിച്ചു പിടിക്കണം... കാരണം ജസ്ന ഒരു പ്രചോദനമാണ്... ബന്ധിക്കപ്പെട്ടിരിക്കുന്ന ഒരു ചരടെങ്കിലും അറുത്തു മാറ്റാൻ ഒരുപാട് പെൺകുട്ടികൾക്ക് ധൈര്യം നൽകേണ്ട പ്രചോദനം...


[Rajesh Puliyanethu 

Advocate, Haripad]

Wednesday, 26 June 2024

വൃദ്ധസദനങ്ങൾ;; Recreation Centre For Top Experienced Men...

     വൃദ്ധ സദനങ്ങൾ എന്നത് എന്നും ദൈന്യമായ വികാരമാണ് കൊണ്ടു വരുന്നത്.... ജീവിത സായാഹ്നത്തിൽ ആരോരുമില്ലാത്തവരുടെ ഇടം.. അല്ലെങ്കിൽ എല്ലാവരും ഉണ്ടായിട്ടും ഉപേക്ഷിക്കപ്പെടുന്നവരുടെ ഇടം... എങ്ങനെ ആയാലും വൃദ്ധ സദനത്തിലെ അന്തയവാസികൾ എല്ലാവർക്കും ഈറൻ കാഴ്ചകളാണ്... ഒരായുസ്സിന്റെ പ്രവർത്തിക്ക് പ്രതിഫലം പറ്റാൻ കഴിയാതെ പോയവർ എന്ന വിലാപവും വൃദ്ധസദനത്തിലെ ഒരോ അന്തയവാസികളുടെയും മൂളലിൽ പോലും ഉണ്ടായിരുന്നു... 

     സമൂഹത്തിന് ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റവുമായി വിദൂരമല്ലാത്ത ഒരു ബന്ധം വൃദ്ധസദനങ്ങൾ എന്ന സ്ഥാപനത്തിനും സങ്കല്പങ്ങൾക്കും പിന്നിലുണ്ട്... സമൂഹത്തിൽ കൂട്ടുകുടുംബ വ്യവസ്ഥിതി നിലനിന്നിരുന്ന മുൻകാലങ്ങളിൽ വൃദ്ധസദനങ്ങൾ എന്ന സങ്കല്പങ്ങൾ പോലും ഉണ്ടായിരുന്നില്ല... എല്ലാ വീടുകളിലും എഴുപത്തി അഞ്ചോ, എൺപതോ വയസ്സിന് മുകളിൽ പ്രായമുള്ള ഒന്നിലധികം ആൾക്കാർ ഉണ്ടാകുമായിരുന്നു... ഒട്ടുമിക്ക വീടുകളിലും പ്രായാധിക്യത്താൽ കിടപ്പുരോഗികളും ഉണ്ടാവുമായിരുന്നു... പക്ഷേ ആ കാലഘട്ടത്തിൽ ഒന്നും തന്നെ വൃദ്ധ ജനങ്ങളോ, വൃദ്ധ രോഗികളോ ആ ഭവനങ്ങളിൽ നിന്നു നീക്കം ചെയ്യപ്പെടേണ്ടവരാണ് എന്ന് ആരും ചിന്തിച്ചിരുന്നില്ല... കൂട്ടുകുടുംബ വ്യവസ്ഥയിൽ അവരെ പരിചരിക്കാൻ ആരെങ്കിലുമൊക്കെ ഉണ്ടാകുമായിരുന്നു... അവരുടെ പരിചരണ ചുമതല പല വ്യക്തികൾക്കിടയിൽ വികേന്ദ്രീകരിച്ച് നടപ്പിലാക്കപ്പെട്ടിരുന്നതിനാൽ ആർക്കും തന്നെ വൃദ്ധജനങ്ങളുടെ പരിചരണന ജോലി ഒരു അമിത ഭാരമായി തോന്നിയിരുന്നില്ല... അതുമാത്രമല്ല മുൻകാലങ്ങളിൽ സ്വന്തം നാട്ടിൽ നിന്നും വിദൂരത്തിലേക്ക് ജീവിതമാർഗം തേടി പോകുന്നവർ കുറവായിരുന്നു... ഒരു കുടുംബത്തിലെ ചിലർ മാത്രം മറ്റു സംസ്ഥാനങ്ങളിലേക്കോ വിദേശങ്ങളിലേക്കോ ജോലി തേടി പോയിട്ടുണ്ടായിരുന്നെങ്കിലും ഈ വൃദ്ധജനങ്ങളെ പരിചരിക്കാൻ സന്നദ്ധരായ ആൾക്കാർ വീടുകളിൽ അവശേഷിച്ചിരുന്നു... വൃദ്ധരായ മനുഷ്യർക്ക് ഒന്നിലധികം മക്കൾ സാധാരണ ഗതിയിൽ ഉണ്ടായിരുന്നതിനാൽ പരിചരണ ചുമതല ഒരു ദൈനംദിന കർമ്മം എന്നതിനപ്പുറം ആരും തന്നെ ഒരു ഭാരമായി കണ്ടിരുന്നില്ല...

     ഒരു കുടുംബത്തിലെ ചെറുപ്പക്കാരായവർ, സാധാരണഗതിയിൽ വൃദ്ധരായ മനുഷ്യരുടെ മക്കൾ എല്ലാവരും തന്നെ ദൂരദേശങ്ങളിലേക്ക് സ്വന്തം ജീവിതമാർഗം തേടി പോയപ്പോഴാണ് വൃദ്ധസദനങ്ങൾ എന്ന സങ്കല്പം ജനിച്ചു തുടങ്ങിയത്... തൊഴിൽ ഇടങ്ങളിൽ തന്നെ സൗകര്യപ്രദമായി താമസമാക്കുക, പട്ടണങ്ങളിൽ ആധുനിക ജീവിത സൗകര്യങ്ങളോടൊപ്പം ചേർന്ന് ജീവിക്കുക തുടങ്ങിയ മനുഷ്യ ജന്യമായി ഇഷ്ടങ്ങൾ വൃദ്ധസദനങ്ങൾ എന്ന സങ്കൽപ്പത്തിന് ആക്കം കൂട്ടി... പട്ടണങ്ങളിലെ ആധുനിക ജീവിത സൗകര്യങ്ങളെ കൂടെക്കൂട്ടിയവർ ഗ്രാമങ്ങളിലെ തങ്ങളുടെ വീടുകളും അതിലെ അന്തേവാസികളായ വൃദ്ധജനങ്ങളെയും ഒരേപോലെ ""ഒഴിവാക്കപ്പെടേണ്ടതാണ്"" എന്നു കണ്ടു... മണ്ണും വീടും വിലക്ക് വാങ്ങിയവർ കൊണ്ടു പോയപ്പോൾ വൃദ്ധജനങ്ങൾ നിസ്സഹായരായി വെയിലേറ്റു നിന്നു... 

     എഴുപത്കളുടെ ആരംഭത്തില് ആണ് വൃദ്ധസദനങ്ങൾ സമൂഹത്തിന് അന്യമല്ലാത്ത ഒരു കാഴ്ചയായി വളർന്നു വരാൻ തുടങ്ങിയത്... മലയാളത്തിൻറെ പ്രിയപ്പെട്ട സംവിധായകൻ ശ്രീ പത്മരാജനാണ് 'തിങ്കളാഴ്ച നല്ല ദിവസം' എന്ന സിനിമയിൽ കൂടി വൃദ്ധസദനത്തിലേക്ക് ഒരു മാതാവ് എത്തിച്ചേരുന്നതിൻ്റെ സാമൂഹിക കുടുംബ പശ്ചാത്തലം മലയാളിക്ക് മുൻപിൽ വരച്ചുകാട്ടിയത്... മണ്ണും വീടും വിലക്ക് വാങ്ങിയവർ കൊണ്ടു പോകുമ്പോൾ വെയിലേറ്റ് നിൽക്കുന്നവർക്ക് വൃദ്ധസദനം ഏക അഭയ കേന്ദ്രമായി ഉയർന്നു വന്നു... വൃദ്ധസദനത്തിന്റെ പടിവാതിൽ കടന്ന് അകത്തേക്ക് പ്രവേശിക്കുന്ന നിമിഷം വരെ എല്ലാവരും ഉണ്ടായിരുന്ന ഒരുവന്, ഒരു പടിവാതിലിനപ്പുറം ആരോരുമില്ലാത്തതിന്റെ അന്യതാബോധവും, ഏകാന്തതയുമാണ് അവിടെ കാത്തുവെച്ചിരുന്നത്... എല്ലാവരും ഉണ്ടായിരുന്നിട്ടും 'ഉപേക്ഷിക്കപ്പെടുന്ന' ജീവിത സായാഹ്നങ്ങളെ നിരത്തി ആയിരുന്നു വൃദ്ധസദനങ്ങളെക്കുറിച്ചുള്ള സംഭാഷണങ്ങൾ മുന്നേറിയത്...

     എല്ലാവരും ഉണ്ടായിരുന്നിട്ടും ഉപേക്ഷിക്കപ്പെടുന്ന ജരാനരകളുടെ മാത്രമല്ല,, യൗവനാരംഭം മുതലേ ആരുമില്ലാത്തവരുടെ കൂടി സമൂഹമാണിത്... അങ്ങനെയുള്ളവർക്ക് ജീവിത സന്ധ്യയിൽ വൃദ്ധസദനങ്ങൾ ദൈന്യതയുടെ കാഴ്ചകൾ അല്ല; മറിച്ച് അഭയ സ്ഥാനങ്ങളാണ്... പക്ഷേ എന്തുകൊണ്ടോ ഉപേക്ഷിക്കപ്പെടുന്ന വൃദ്ധജനങ്ങളെ വൃദ്ധസദനങ്ങളോട് ചേർത്തുവെച്ചു സംസാരിക്കുവാനാണ് പൊതുവേ നമുക്ക് താല്പര്യം...

     വർത്തമാനകാലത്ത് ഒരു അറുപത്തി അഞ്ച് വയസ്സിനു മുകളിലുള്ള ആൾക്കാർക്കും വൃദ്ധസദനങ്ങൾ തഴയപ്പെട്ടതിന്റെയും, ഉപേക്ഷിക്കപ്പെതിന്റെയും അടയാളപ്പെടുത്തലുകളാണ്... പക്ഷേ ഇന്ന് ഏകദേശം അൻപത്തി അഞ്ച് വയസ്സിന് താഴെ നിൽക്കുന്നവർക്ക് അവരുടെ വാർധക്യത്തിൽ വൃദ്ധസദനങ്ങൾ ഒരിക്കലും തഴയപ്പെടലിന്റെയോ ഉപേക്ഷിക്കപ്പെട്ടതിൻ്റെയോ ശീർഷകങ്ങൾ പേറുന്നത് ആകില്ല... ആകാൻ കഴിയില്ല എന്നതാണ് സത്യം... അണു കുടുംബങ്ങൾക്ക് സാധ്യമായ ഏറ്റവും ചെറുതിലേക്ക് കുടുംബം എന്ന സങ്കല്പം ചുരുങ്ങിയിരിക്കുന്നു... അച്ഛൻ അമ്മ ഏക സന്താനം എന്ന കാഴ്ച വളരെ വളരെ ഏറി വരുന്നു... മുൻകാലങ്ങളെ അപേക്ഷിച്ചു വന്ധ്യത എന്ന അവസ്ഥ അനുഭവിക്കുന്ന ദമ്പതികളുടെ നിരക്ക് വർദ്ധിക്കുന്നു... സാമൂഹികവും, സാമ്പത്തികവും, തൊഴിൽപരവും, വിദ്യാഭ്യാസപരവുമായ നമ്മുടെ സംസ്ഥാനത്തിന്റെ പരാധീനതകൾ കാരണം യുവത്വം കടൽ കടക്കുന്നു... അങ്ങനെ പലവിധമായ കാരണങ്ങൾ കൊണ്ട് ഇന്ന് ഏകദേശം 55 വയസ്സിൽ താഴെ പ്രായത്തിൽ ജീവിക്കുന്നവരുടെ വാർധക്യ കാലത്ത് ബന്ധു രഹിതമായ ചുറ്റുപാടും, ഏകാന്തതയും, ഒറ്റപ്പെടലും ആയിരിക്കാനാണ് സാധ്യത... അവിവാഹിതരായി വാർധക്യത്തിൽ എത്തുന്നവരേയും, ദമ്പതികളിൽ ഒരാൾ മരണപ്പെട്ടു പോവുകയോ, പിരിഞ്ഞു പോവുകയൊ ചെയ്യുന്നവരെയും കൂടി പരിഗണിക്കുമ്പോൾ വാർദ്ധക്യത്തിൽ മുൻപ് പറഞ്ഞ ഏകാന്തതയും ഒറ്റപ്പെടലും അനുഭവിക്കുന്നവരുടെ എണ്ണം ഭാവിയിൽ വളരെ വളരെ വലുതായിരിക്കും എന്ന് കാണാം... ആ ഭാവിയിൽ, ആ മനുഷ്യരുടെ അഭയസ്ഥാനം എന്നത് മാത്രമല്ല ഏറ്റവും അനിവാര്യമായ പാർപ്പിടമായിരിക്കും ഇന്ന് വൃദ്ധസദനങ്ങൾ എന്ന അത്രകണ്ട് ഗ്ലോറിഫൈഡ് വിളിപ്പേരില്ലാത്ത സ്ഥാപനങ്ങൾ...

     ഇന്നത്തെ യുവത്വവും, മധ്യവയസ്കരും ആദ്യമായി ചെയ്യേണ്ടതെന്തന്നാൽ വൃദ്ധസദനങ്ങൾ എന്ന മുഷിഞ്ഞ വിളിപ്പേരും ആ പാർപ്പിടങ്ങളിലെ ദൈന്യതയും എടുത്തു കളയുക എന്നതാണ്... ഇന്നത്തെ യുവത്വവും, ഒരു അൻപത്തി അഞ്ചിൽ താഴെ പ്രായമുള്ളവരും അവരുടെ ജീവിത സായാഹ്നങ്ങളെ ആഹ്ലാദിക്കാനും, അർമ്മാദിക്കാനും ഈ കാലം മുതൽ തന്നെ സർവ്വ സൗകര്യങ്ങളും നിറഞ്ഞ റിക്രിയേഷൻ സെൻററുകളിലേക്ക് ഇൻവെസ്റ്റ് ചെയ്യണം... [Recreation Centre For Top Experienced Men]... ഒരല്പം പോലും ലഹരിയുടെ സൗന്ദര്യം ആസ്വദിക്കാതെയും, അല്പം മധുരം കഴിക്കാതെയും, വറ്റെണി കഴിച്ചും, ഘടികാര സൂചിയുടെ ചലനങ്ങൾക്ക് ഒപ്പിച്ചു ജീവിത താളം ക്രമീകരിച്ച്, ആയുസ്സിന്റെ അവസാന ബിന്ദു എത്രത്തോളം അകലങ്ങളിലേക്ക് നീക്കാം എന്ന ചിന്തയിൽ കഠിനവൃതം നോക്കുന്നവർ പ്രത്യേകിച്ചും...!

     വർത്തമാനകാലത്തെ പ്രായമായ മനുഷ്യരുടെ ദുഃഖ ചിന്തയാണ് വൃദ്ധസദനങ്ങൾ എങ്കിൽ വർത്തമാനകാലത്തെ യുവജനതയുടെ വാർദ്ധകൃ കാലത്തെ സുരക്ഷിതവും, ആഹ്ലാദകരവും, അഭിമാനകരവുമായ പാർപ്പിടങ്ങൾ ആകണം ഭാവിയിലെ "Recreation Centre For Top Experienced Men"... ബന്ധങ്ങളുടെയും, സൗകര്യങ്ങളുടെയും പേരിലെ ബന്ധനങ്ങളും, പരിമിതികളും അവിടെ ഉണ്ടാകരുത്... നാളത്തെ വാർദ്ധക്യങ്ങൾക്ക് അവരുടെ മക്കളോട് കടമകളെക്കുറിച്ച് ഓർമ്മപ്പെടുത്തേണ്ടി വരരുത്... ഒരു മുപ്പത് വർഷത്തിനുശേഷം വാർദ്ധക്യത്തിലെത്തുന്ന ഏതൊരുവരുടേയും പിൻതലമുറയ്ക്ക് തങ്ങളുടെ മുൻതലമുറയോടുള്ള ഉത്തരവാദിത്വങ്ങളെ കുറിച്ച് ഓർത്ത് വ്യാകുലപ്പെടുകയൊ, പരിതപിക്കപ്പെടുകയോ ചെയ്യേണ്ട അവസ്ഥ ഉണ്ടാകരുത്... 

     വാർദ്ധക്യ കാലത്തെ പെൻഷൻ സ്‌കീമുകളെ മുൻനിർത്തി പല ഇൻഷുറൻസ് കമ്പനികളും പദ്ധതികൾ തയ്യാറാക്കുന്നതുപോലെ ഒരു നിശ്ചിത പ്രായത്തിനു ശേഷം ഫൈസ്റ്റാർ അക്കോമഡേഷനോടു കൂടിയ Recreation Centre For Top Experienced Men സ്ഥാപനങ്ങളിലേക്കുള്ള അഡ്മിഷൻ പ്രോഗ്രാമുകൾ ഇന്നേ പ്ലാൻ ചെയ്തു നടപ്പിലാക്കേണ്ടതുണ്ട്... ഇന്ന് ആരോഗ്യത്തോടെ ജോലി ചെയ്യുന്ന യുവ ജനങ്ങളിൽ നിന്നും മധ്യവയസ്കരിൽ നിന്നും ഇക്കാലം മുതൽ തന്നെ പ്രീമിയം തുക പോലെ ഈടാക്കാവുന്നതാണ്... 

     ഭാവിയിലെ അത്തരം സ്ഥാപനങ്ങൾ ""RECREATION"" എന്ന വാക്കിൻറെ സമസ്ത ഭാവങ്ങളെയും ഉൾക്കൊള്ളുന്നതായിരിക്കണം... ഒപ്പം തന്നെ സ്ഥിരമായ വൈദ്യ പരിശോധനകൾക്കുള്ള സൗകര്യം, ഓരോ വ്യക്തിയേയും കസ്റ്റമൈസ്ഡ് ആയി പരിചരിക്കുന്നതിനുള്ള സൗകര്യം,, ഒപ്പം കലാപരമായ എല്ലാ വാസനകളെയും ആസ്വദിക്കാനും പരിപോഷിപ്പിക്കാനും ഉള്ള സൗകര്യം, എഴുതാനും വായിക്കാനുള്ള സൗകര്യം, വിനോദയാത്രയ്ക്കും തീർത്ഥയാത്രയ്ക്കും ഉള്ള സൗകര്യം, അങ്ങനെ ദൈന്യതയുടെ എല്ലാ നിറങ്ങളെയും തുടച്ചുനീക്കി ഉള്ളതാകണം ഭാവി കാലത്തെ Recreation Centre For Top Experienced Men...

     അമേരിക്കയിൽ നിന്നോ, ഇംഗ്ലണ്ടിൽ നിന്നോ മക്കൾ മാസത്തിലൊരിക്കൽ പോലും വിളിക്കുന്നില്ലെന്നോ, അങ്ങോട്ട് വിളിച്ചാൽ എടുക്കുന്നില്ലന്നോ പരിതപിക്കുന്ന മാതാപിതാക്കൾ അടുത്ത 30 വർഷത്തിനു ശേഷം ഉണ്ടാകരുത്... അമേരിക്കയിൽ നിന്നും മകൻ വിളിച്ചാൽ ""ഞങ്ങൾ ഇവിടെ റമ്മി കളിച്ചു കൊണ്ടിരിക്കുകയാണ്, കുറച്ചു കഴിഞ്ഞു വിളിക്ക്"" എന്നു പറയുന്ന മാതാപിതാക്കൾ ഉണ്ടാകണം... ദൃഢവും സുരക്ഷിതമായ ഒരാലയം ഭാവികാല വൃദ്ധജനങ്ങൾക്ക് ആവശ്യമാണ്... അതിനായുള്ള പ്രവർത്തനങ്ങളും, മുതൽ മുടക്കുകളും ഇന്നേ ആരംഭിക്കേണ്ടിയിരിക്കുന്നു... 

     കാലത്തെ ഉൾക്കൊണ്ടും, അതിനനുസരിച്ചുള്ള മാറ്റങ്ങൾക്ക് വിധേയമായും തന്നെ ഒരു കാലഘട്ടത്തെ വലിയ കൂട്ടം ജനതയുടെ കംഫർട്ടബിൾ സോൺ സൃഷ്ടിക്കാൻ "Recreation Centre For Top Experienced Men" ന് കഴിയും... ഒന്നാലോചിച്ചു നോക്കൂ; വീടും, പണവും ചുറ്റുപാടുകളും എല്ലാം ഉണ്ടെങ്കിലും ഒരു ദിവസം രണ്ടു മനുഷ്യരുടെ എങ്കിലും മുഖം കാണാതെയും രണ്ടാളോടെങ്കിലും സംസാരിക്കാൻ കഴിയാതെയും ഒരുപാട് പരിമിതികളുടെ ചുവരുകൾക്കുള്ളിൽ കഴിയുന്നതിനേക്കാൾ എത്രയോ പോസിറ്റീവ് ആണ് ഒരേ വൈബുള്ള കുറെയധികം ആൾക്കാരോടൊപ്പം അടിച്ചു പൊളിച്ചു ജീവിക്കുന്നത്...

     ""ഭാവികാല ലോകത്ത് നരച്ച വാർദ്ധക്യങ്ങളായല്ല,, മറിച്ച് നരച്ച യൗവനങ്ങളായി ജീവിക്കാൻ കഴിയണം""

'     നര' ഒരു യാഥാർത്ഥ്യവും, 'ജീവിക്കുക' എന്നത് ഒരു അനിവാര്യതയും ആകുമ്പോൾ  നവീനമായ പലതിനെയും നമ്മൾ പരിണയിക്കും...

[Rajesh Puliyanethu 

 Advocate, Haripad]

Wednesday, 4 July 2018

'കുമ്പസ്സാരം' രഹസ്യമോ, പരസ്യമോ!??


''ചെയ്ത തെറ്റുകൾ പശ്ചാത്തപിച്ച് ഏറ്റുപറഞ്ഞ് നീ പാപമോചിതനാവുക'' എന്ന ബൈബിൾ ആശയം മാത്രമാണ് കുമ്പസ്സാരത്തിനു പിന്നിൽ ഉള്ളത്.... തെറ്റുകൾ ഏറ്റു പറയേണ്ടത് ആരോടാണെന്ന് പറഞ്ഞില്ല.. മഹത്വപരമായി തന്റെ തെറ്റിന്റെ ദോഷം അനുഭവിക്കേണ്ടി വന്നവനോടാണ് ഏറ്റു പറയേണ്ടത്... മറ്റാരോടുമല്ല...! അവൻ ക്ഷമിക്കുമ്പോളാണ് പാപിക്ക് പാപമോചനം ഉണ്ടാകുന്നത്... പിന്നീട് തെറ്റുകൾ ഏറ്റു പറയേണ്ടത് ദൈവത്തോടാണ്... അവിടേയും തന്റെ പാപത്തിന്റെ ദോഷം അനുഭവിക്കേണ്ടി വന്നവൻ ക്ഷമിക്കാതെ ദൈവം മാത്രം ക്ഷമിച്ചിട്ട് എന്തു കാര്യം..?? പാപത്തിന്റെ ദോഷം അനുഭവിക്കപ്പെട്ടവൻ ക്ഷമിക്കാതെ ഏറ്റുപറച്ചിലിൽ മനമലിഞ്ഞ് പാപിയെ പാപമുക്തനാക്കാൻ ദൈവത്തിനും അവകാശമില്ല എന്നതാണ് എന്റെ പക്ഷം....

'നിന്റെ പാപങ്ങൾ ദൈവത്തോട് ഏറ്റു പറഞ്ഞ് പശ്ചാത്തപിച്ച് പാപമുക്തനാവുക' എന്ന ആശയത്തിൽ വിശ്വാസിക്കും, ദൈവത്തിനും ഇടയിൽ ബോധപൂർവ്വം കടന്നു കൂടിയ വിഭാഗമാണ് പുരോഹിതർ... അവർ സ്വയം ദൈവത്തിന്റെ പ്രതിപുരുഷൻമാരും, ദൈവത്തിനും വിശ്വാസിക്കും ഇടയിൽ വർത്തിക്കുന്നവരുമായി... എല്ലാ മതവിഭാഗങ്ങളിലേയും പുരോഹിത വിഭാഗത്തിന്റെ വ്യാഖ്യാനം ഇപ്രകാരം തന്നെ... കുമ്പസ്സാരം വിഷയമാകുമ്പോൾ പാപിക്കും ദൈവത്തിനും ഇടയിലുള്ളവൻ എന്ന് വായിക്കേണ്ടി വരുമെന്നു മാത്രം...

പുരോഹിത വിഭാഗം എന്നും ദൈവത്തിന്റെ പ്രതിപുരുഷൻ എന്ന നിലയിൽ വളരെ അധികം നേട്ടങ്ങൾ അനുഭവിച്ചവരാണ്... ചരിത്രത്തിൽ പുരോഹിത വിഭാഗം രാജാക്കന്മാരെപ്പോലും ചൊൽപ്പടിയിൽ നിർത്തിയിരുന്നതായി കാണാം... അവിടെയാണ് പുരാതന കാലം മുതൽ കുമ്പസ്സാരത്തിൽ നിലനിന്നിരുന്ന രാഷ്ട്രീയം നമ്മൾ കാണേണ്ടത്... അവിടെയെല്ലാം രാജാവും,, രാജാവുമായി ബന്ധപ്പെട്ടു നിൽക്കുന്ന എല്ലാവരും വിശ്വാസ്സികൾ ആയിരിക്കും... അതിനാൽത്തന്നെ ദൈവത്തിന്റെ പ്രതിപുരുഷന്മാർക്കൂ മുൻപിൽ അവർ കുമ്പസ്സരിക്കും... രാജാവിന്റെ പാപങ്ങളുടെ ഭാണ്ഡം ചുമക്കുന്ന വൈദികന് രാജാവിനു മേലുണ്ടാകുന്ന സ്വാധീനം എത്ര വലുതായിരിക്കുമെന്ന് ഒന്നാലോചിച്ചു നോക്കൂ... അങ്ങനെ രാജാവിനു മേൽപ്പോലും മാനസ്സികമായ മേൽക്കോയ്മയും,, ആജ്ഞാശക്തിയും നേടാൻ കുമ്പസ്സാരം എന്ന കർമ്മം കൊണ്ട് പുരോഹിത വൃന്ദത്തിനു കഴിഞ്ഞിട്ടുണ്ട്...

കുമ്പസ്സാര രഹസ്യം പുറത്തു പറയാൻ പാടില്ല എന്നത് സഭാ നിയമം മാത്രമാണ്...!? വൈദികനോട് കുമ്പസ്സരിക്കണം എന്ന് ബൈബിളിൽ നിഷ്കർഷിക്കാത്ത അവസ്ഥയിൽ അതിന്റെ രഹസ്യം കാക്കുന്ന രീതിയും ബൈബിളിൽ വിശദീകരിക്കാനുള്ള സാദ്ധ്യത കുറവാണ്... എന്തായാലും ഇന്ത്യൻ നിയമം കുമ്പസ്സാര രഹസ്യം എന്ന സങ്കല്പത്തിന് യാതൊരു പരിരക്ഷയും നൽകുന്നില്ല... കുറ്റകരമായ ഒന്ന് വൈദികൻ കുമ്പസ്സാര കർമ്മത്തിൽക്കൂടി അറിഞ്ഞാൽ അദ്ദേഹം അത് പോലീസ്സിൽ അറിയിക്കാൻ ബാദ്ധ്യസ്ഥനാണ്... ഒരുവൻ സ്കൂൾ ബസ്സിൽ ബോംബു വെച്ചിട്ട് വന്ന് കുമ്പസ്സരിച്ചാൽ കമ്പസ്സാര രഹസ്യമെന്നു പറഞ്ഞ് വൈദികൻ നിശബ്ദനാവുകയല്ല, മറിച്ച് പോലീസ്സിൽ അറിയിച്ച് ബോംബു പൊട്ടുന്നത് തടയുകയാണ് വേണ്ടതെന്ന് സാരം...

കുമ്പസ്സാര രഹസ്യത്തെ ബ്ലാക്ക് മെയിലിംഗ് ഉപാധിയാക്കി ചൂഷണം ചെയ്ത കഥ പുറത്തു വന്നതാണ് 'കുമ്പസ്സാരം' കേരള സമൂഹത്തിൽ ചർച്ചക്ക് കാരണമായത്... അത് ലൈംഗീക ചൂഷണമായതിനാലാണ് ചർച്ചകൾക്ക് ചൂടേറിയും... മറ്റെന്തെല്ലാം ചൂഷണങ്ങൾ വൈദികർ കഴിഞ്ഞ കാലങ്ങളിൽ കുമ്പസ്സാര രഹസ്യത്തെ ഉപയോഗിച്ച് നടത്തിയിട്ടുണ്ടാകാം എന്ന് പറയാൻ കർത്താവു പോലും അശക്തനായിരിക്കും..

ഒരുവന്റെ മനസ്സിലെ സംഘർഷങ്ങളെ കുറക്കാൻ ഏറ്റു പറച്ചിലുകൾക്ക് കഴിയും.. അപ്രകാരം സൈക്കോളജിക്കലായ ഒരു മേന്മ കുമ്പസ്സാരത്തിനുണ്ട്... പക്ഷെ വൈദികനു മേൽ വിശ്വാസ്സിയുടെ സംശയത്തിന്റെ നിഴൽ വീണ സ്ഥിതിക്ക് അപ്രകാരം ഒരു മേന്മയും മേലിൽ കുമ്പസ്സാരത്തിനു കല്പിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല...

വിശ്വാസ്സം എന്ന തടാകത്തിന്റെ നടുവിൽ നിന്നുകൊണ്ട് ചിന്തിക്കേണ്ട വിഷയമായതിനാൽ 'കുമ്പസാരം' പടിയടച്ചു പുറത്താക്കാൻ കഴിയുന്ന ഒന്നാണെന്ന് കരുതുക വയ്യ... പക്ഷെ കുമ്പസ്സാരത്തിലെ പഴുതുകൾ തുടർന്നും വൈദീകർ ഉപയോഗിക്കാൻ സാദ്ധ്യത ഉള്ളതിനാൽ ആ പഴുതുകൾ ഇല്ലാതാക്കാനുള്ള ബാധ്യതയും സഭകൾക്കുണ്ട്... കാരണം തുടർച്ചയായ കുമ്പസ്സാര ദുരുപയോഗ കഥകൾ സഭകൾക്കും അപമാനമാണ്....

ദുരുപയോഗം ചെയ്യാൻ കഴിയാത്ത രീതിയിൽ എങ്ങനെ കുമ്പസ്സാരം നടത്താം എന്നതാണ് ഇപ്പോഴത്തെ ചർച്ചകൾ.... 'ദുരുപയോഗം ചെയ്യാൻ മടിയില്ലാത്തവൻ' എന്ന് സംശയമുള്ളവന് മുൻപിൽ എന്തിനു കുമ്പസ്സരിക്കാൻ നിൽക്കണം എന്നത് മറ്റൊരു ചോദ്യം..! എന്നാലും പലവിധമായ അഭിപ്രായങ്ങൾ പറഞ്ഞു കേൾക്കുന്നുണ്ട്.... അഭിപ്രായങ്ങൾ പറയുന്നതാണ് ഏറ്റവും വലിയ വിനോദം എന്നു കാണുന്ന സമൂഹത്തിലെ ഒരുവൻ എന്ന നിലയിൽ ഞാനും ഒരു അഭിപ്രായം പറയാം.... "" കുമ്പസ്സരിക്കുന്നവന്റെ ഐഡന്റിറ്റി വെളിപ്പെടുത്താതെയുള്ള കുമ്പസ്സാര രീതി കൊണ്ടുവരിക""..... അത് എത്രത്തോളം പ്രയോഗികമാണെന്ന് കുമ്പസാരിച്ചിട്ടില്ലാത്ത എനിക്കറിയില്ല.... എന്നാലും ഒരഭിപ്രായം എന്റെ വകയും ആകട്ടെ എന്ന് കരുതി....

വിശ്വാസ്സങ്ങളും ആചാരങ്ങളും വിശ്വാസ്സിയെത്തന്നെ ഇല്ലാതാക്കുന്ന പല അനുഭവങ്ങൾ നമ്മൾ കാണുന്നു... ഒരു വിശ്വസ്സിക്കുപോലും ദുരനുഭവം ഉണ്ടാകാത്ത മതം എന്ന് മേനി പറയാൻ ഒരു മതത്തിനും ആകില്ല... ""അവനവനെ അവനവൻ തന്നെ കാക്കുകയും കരുതുകയും ചെയ്യുക"" എന്നതാണ് ഏറ്റവും നല്ല മുദ്രാവാക്യം.... എപ്പോഴും സ്തുതിയായിരിക്കട്ടെ......   

[Rajesh Puliyanethu
Advocate, Haripad]

Saturday, 25 February 2017

രുചിയിലെ സത്യം...




     നമ്മൾ ഭക്ഷണം കഴിച്ചാൽ അതിന്റെ രുചിയെപ്പറ്റി സത്യസന്ധമായി അത് വെച്ചു വിളമ്പിത്തന്നർ ചോദിച്ചാൽ പറയണം...ഒരിക്കലും മനഃസാക്ഷിക്കു വിരുദ്ധമായി ഇകഴ്ത്തിയോ പുകഴ്ത്തിയോ പറയരുത്..... സത്യസന്ധമായ ജീവിതത്തിന്റെ തുടക്കം അന്നത്തിൽ നിന്നുമാകണം...... ഏറ്റവും കുറഞ്ഞത് അത് കഴിച്ച അന്നത്തിലെങ്കിലും കാട്ടണം...
[Rajesh Puliyanethu
 Advocate, Haripad] 

Friday, 20 May 2016

ഇന്ത്യൻ ഫിഡൽ കാസ്ട്രോ ??


     'കമ്യുണിസ്റ്റ് പാർട്ടി ഭാരതീയമല്ല' എന്ന വാദം അടിവരയിട്ടു ശരി വെയ്ക്കുന്നതാണ് യച്ചൂരിയു്ടെ ശ്രീ അച്ചുതാനന്ദനെ ഫിഡൽ കാസ്ട്രോയോട് ഉപമിച്ചു കൊണ്ടുള്ള പ്രസ്ഥാവന... ഒരു ആശയത്തിനും,, തത്വത്തിനും,, പ്രത്യയശാസ്ത്രത്തിനും എന്തിനും ഏതിനും വിദേശത്തേക്ക് നോക്കേണ്ടിയും കടമെടുക്കേണ്ടിയും വരുന്നു... അല്ലെങ്കിൽ അതിനു മാത്രം അവർ താൽപ്പര്യപ്പെടുന്നു... കമ്യുണിസ്റ്റ് യുവത്വത്തിന് ചെഗുവര മതി... ഭാരത മണ്ണിന്റെ അഭിമാനത്തിനു വേണ്ടി പൊരുതി മരിച്ചവരാരും അവർക്ക് വീര നായകരേ അല്ല... കഴിഞ്ഞ നൂറു വർഷങ്ങളായി ഭാരതത്തിൻറെ ഉന്നമനത്തിനായി വിയർപ്പും ചോരയും ഒഴുക്കുന്നു എന്ന് അവകാശപ്പെടുന്ന സി പി എം നു വി. എസ്സ് അച്യുതാനന്ദനെ ഉപമിക്കാൻ ഒരു ഭാരത കമ്യുണിസ്റ്റ് നേതാവിനെ കണ്ടെത്താൻ കഴിഞ്ഞില്ലല്ലോ?? പരിതാപകരം എന്ന് മാത്രമല്ലേ പറയാൻ കഴിയൂ?? 

     ഇ. എം. എസ്സും,, എ. കെ. ജി യും ഒന്നും അത്ര പോരാ,, ഒരു ഉപമയ്ക്കുള്ള ആളില്ല എന്ന മട്ടായിരിക്കും യെചൂരിക്ക്...!! അതോ ശ്രീ അച്യുതാനന്ദന് അതിനുള്ള യോഗ്യത ഇല്ലന്നോ?? 

[Rajesh Puliyanethu
 Advocate, Haripad] 

Sunday, 1 May 2016

പത്രവും പച്ചക്കറിയും...!?




    സമാനതകളുള്ള രണ്ടു കാര്യങ്ങളാണ് പത്രം വായിക്കുന്നതും, പച്ചക്കറി കഴിക്കുന്നതും.. പോഷകഗുണം ലഭിക്കുമെന്ന് കരുതിയാണ് പച്ചക്കറി കഴിക്കുന്നത്‌... ശരിയായ വിവരങ്ങളും, അറിവും ലഭിക്കുമെന്ന് കരുതിയാണ് പത്രം വായിക്കുന്നത്.. 

    ദൌർഭാഗ്യവശാൽ രണ്ടും ഇനന് മലിനവും വിഷലിബ്ദവുമാണ്...... 

[Rajesh Puliyanethu
 Advocate,  Haripad]


Saturday, 13 February 2016

റിയാലിറ്റി ഷോകളിലെ പാട്ടുമറന്ന നൃത്തം!!


     നൃത്തം സംഗീതത്തോട് ചേർന്നു നിൽക്കുന്നതാണെന്നാണ് സങ്കല്പം.... സംഗീതത്തിന്റെ അഭാവത്തിൽ നൃത്തം ചെയ്താലും ആ നൃത്തത്തിൽ അന്തർലീനമായ ഒരു സംഗീതം ഉണ്ടായിരിക്കണം... സംഗീതത്തിന്റെ ഒഴുക്കിൽ നിന്നും അൽപ്പമായിപ്പോലും വേറിട്ട്‌ നൃത്തം നിന്നാൽ നൃത്തം ആലോസ്സരമായി  തോന്നും... ഇന്ന് റിയാലിറ്റി ഷോകളിലും, സിനിമകളിലും കാണുന്ന നൃത്തങ്ങൾ സംഗീതത്തിൽ നിന്നും വേർപെട്ട് വ്യായാമമുറകളിലേക്കോ, ജിമ്നാസ്റ്റിക്കിലേക്കോ വഴിമാറിയ പ്രകടനങ്ങളായി കാണുന്നു.... നർത്തകർ സംഗീതത്തെ പരിപൂർണ്ണമായും അവഗണിച്ച് വെറപൂണ്ടു ചെയ്യുന്ന ചില സാഹസിക അഭ്യാസ്സപ്രകടനങ്ങളെ നൃത്തത്തിന്റെ ഗണത്തിൽപ്പെടുത്തി അഭിനന്ദിക്കുന്നവരെയും കാണാറുണ്ട്‌... പശ്ചാത്തലത്തിൽ ഒരു സംഗീതം പ്ലേ ചെയ്തുകൊണ്ട് അതുമായി യാതൊരു ചേർച്ചയുമില്ലാതെ നടത്തുന്ന സർക്കസ് ആയി മാത്രമേ ഇത്തരം പ്രകടനങ്ങളെ കാണാൻ കഴിയൂ... നൃത്തത്തിന്റെ ആസ്വാദ്യതയെ തെല്ലൊന്നുമല്ല ഇത് കുറയ്ക്കുന്നതെന്ന് പറയാതെ വയ്യ... 

[Rajesh Puliyanethu
 Advocate, Haripad]

Sunday, 15 March 2015

കാസ്സറ്റുകളിൽക്കൂടി കേട്ട സംഗീതകാലം........


       വളരെ ചെറിയകാലയളവുകൾക്കുള്ളിൽ സംഗീതത്തെ നമ്മൾ നോക്കിക്കണ്ടതിൽ ചില വ്യത്യാസ്സങ്ങൾ സംഭവിച്ചിട്ടില്ലേ എന്നൊരു സംശയം... മറ്റ് ഏതൊരു കലാരൂപത്തേയും, കായിക രൂപത്തേയും ഒരുവൻ "എനിക്കത്‌ ഇഷ്ട്ടമല്ല" എന്ന് പറയുവാനുള്ള സാദ്ധ്യതയുണ്ട്... ക്രിക്കറ്റ് ഇഷ്ട്ടമല്ല, ഹോക്കി ഇഷ്ട്ടമല്ല, ഭരതനാട്യം ഇഷ്ട്ടമല്ല, കളരിപ്പയറ്റ് ഇഷ്ട്ടമല്ല എന്നൊക്കെ നാല് ആൾ മുൻപിൽ പറയാൻ മടിയുണ്ടാകില്ല.... അപ്രകാരം അഭിപ്രായപ്രകടനം നടത്തുന്നവനെ ആരും ഈർഷ്യയോടെ നൊക്കിക്കാണുകയുമില്ല... എന്നാൽ തനിക്ക് 'സംഗീതം ഇഷ്ട്ടമല്ല' എന്ന് അരസ്സികനായ ഒരുവൻ പോലും സമ്മതിക്കില്ല.. അങ്ങനെ പ്രസ്ഥാവന നടത്തുന്നവനെ 'ഇവൻ എന്തുതരം ജീവിയാണെടാ' എന്ന മട്ടിൽ സമൂഹം നോക്കിക്കാണുകയും ചെയ്യും... ഈ സാമൂഹീക നിലപാടിന് വലിയ മാറ്റമൊന്നും സംഭവിച്ചതായി കാണുന്നില്ല... അത് സംഗീതത്തിന്റെ സ്വാധീനശക്തി!!

       ഇരുപത്തി ഒന്നാം നൂറ്റാണ്ടിലേക്ക് നമ്മൾ കടന്നതോടെ സംഗീതത്തോടുള്ള സമീപനത്തിൽ മാറ്റം വന്നതായി തോന്നുന്നു... ആ മാറ്റത്തിന്റെ പ്രധാനകാരണം കാസ്സറ്റുകൾ അപ്രത്യക്ഷമായി പകരം MP 3 എന്ന ആധുനിക സമ്പ്രദായം രംഗപ്രവേശം ചെയ്തതാണ്... പാട്ടിനെ ലഭിക്കാനും, സൂക്ഷിച്ചുവെയ്ക്കാനും അനായാസ്സം കഴിയുന്ന അവസ്ഥയുണ്ടായി... അത് ഇഷ്ട്ടം തോന്നിയ ഒരു പാട്ടിനെ സ്വന്തമാക്കുവാനുള്ള സാദ്ധ്യതയെ സുഗമമാക്കിയെങ്കിലും, പാട്ടിനെ തേടിനടന്നു സ്വന്തമാക്കാനുള്ള യഥാർഥ ആസ്വാദകന്റെ അഭിനിവേശത്തെ നശിപ്പിച്ചു... തേടി സ്വന്തമാക്കുമ്പോൾ ഉണ്ടാകുന്ന നിർവ്രിതിയുടെ സാദ്ധ്യതയും ഇല്ലാതാക്കി... ഇത് പാട്ടിനോട് താല്പ്പര്യം ഇല്ലാത്തവൻ, പാട്ടിനോട് ഇഷ്ട്ടം ഉള്ളവൻ, പാട്ട് ലഹരിയായവൻ, പാട്ടിന് അടിമയായവൻ, പാട്ട് ചേതനയായവൻ,, എന്നിങ്ങനെയുള്ള വിഭാഗങ്ങളുടെ അന്തരം കുറയ്ക്കുകയും, ഏതു മാനസ്സിക ക്രമത്തില്ലുള്ളവന്റെയും പക്കൽ ഏതു പാട്ടും എത്തിച്ചേരുക എന്ന അവസ്ഥയുണ്ടാക്കി.. 

ഓരോ പാട്ടിന്റെയും "ക്ലാസ്സ്" അനുസ്സരിച്ചു മൂല്യം കല്പ്പിച്ച് ശേഖരിക്കപ്പെടുന്ന കാലത്തിൽ നിന്നും മാറി, സാർവത്രികമായി പാട്ട് കൈയ്യാളപ്പെട്ടു... ഇത് പാട്ടിന്റെ മൂല്യത്തെ അൽപ്പമെങ്കിൽ തകർത്തില്ലേ എന്ന ചോദ്യം എനിക്കുണ്ട്... 

       കാസ്സറ്റ്‌ അപ്രത്യക്ഷമായ കാലത്ത് പോലും ഒരു കാസ്സറ്റിന്; പാട്ടിന്റെയും, ബ്രാന്റിന്റെയും ഒക്കെ അടിസ്ഥാനത്തിൽ ഇരുപതു രൂപമുതൽ നൂറ്റി ഇരുപത്തി അഞ്ചു രൂപ വരെയായിരുന്നു വില... പലപ്പോഴും അതിലും കൂടുതൽ!! ഒരു മ്യൂസിക്‌ ലൈബ്രറിയിൽ കയറിയാൽ തേടുന്ന പാട്ട് കിട്ടണമെന്നുമില്ല... പല കടകളിൽ കയറിയിറങ്ങിയാണ് പാട്ടുകൾ സ്വന്തമാക്കുന്നത്... പണചിലവിനു പുറമേ അതൊരു തപസ്യയായിരുന്നു... അപ്രകാരം മാനസ്സിക സമർപ്പണത്തൊടെയും, അധ്വാനത്തോടെയും ഒരു പാട്ട് ശരിയായ ആസ്വാദകനിൽ ആയിരുന്നു എത്തിച്ചേർന്നിരുന്നത്... അവിടെ ആ ഗാനങ്ങൾ ആദരിക്കപ്പെടുകയും ചെയ്തിരുന്നു... അപ്രകാരം പാട്ടിനെ തേടി സ്വന്തമാക്കിയിരുന്നത് ചില വ്യക്തികളുടെ മാത്രം പ്രശംസനീയമായ സ്വഭാവവിശേഷങ്ങൾ ആയിരുന്നു... താൽപ്പര്യങ്ങളും, പ്രവർത്തികളും  വ്യക്തികളുടെ സ്വഭാവമൂല്യത്തിലേക്കുള്ള ചൂണ്ടു പലകകളാകുമെങ്കിൽ ഇവയും അപ്രകാരം തന്നെ ഗണിക്കപ്പെടുമായിരുന്നു... 

       ഒരു പഴയ സിനിമാ ഗാനം അന്യെഷിക്കുന്ന വേളയിൽ 'തന്റെ കൈവശം പാട്ടിന്റെ പസഫിക് സമുദ്രം തന്നെടുണ്ട്' എന്ന് അവകാശപ്പെടുന്ന ഒരു സുഹൃത്തിനെ സമീപിച്ചു.. തന്റെ കൈവശമുള്ള അനന്തമായ ശേഖരത്തെക്കുറിച്ച് അയാൾ വാചാലനായി... വണ്‍ TB യുടെ എക്സ്റ്റെണൽ ഹാർഡ് ഡിസ്ക്കിലാണ് അവ സൂക്ഷിചിരിക്കുന്നതെന്നും പറഞ്ഞു... എനിക്ക് ആവശ്യമുള്ള പാട്ട് കോപ്പി ചെയ്യുന്നതിനിടയിലെ സംസ്സാരത്തിൽ അയാൾ പറഞ്ഞു... "ഞാൻ ഇതൊന്നും കേൾക്കാറോന്നുമില്ല, അതിനൊക്കെ എവിടാ സമയം, ഒരു ഹാർഡ് ഡിസ്ക്ക് മെനക്കെടുത്തിച്ചു, അത്രതന്നെ..." അയാൾ പാട്ടിന്റെ ശേഖരത്തിന് ഉടമയാകാൻ യോഗ്യനാണെന്ന് ഞാൻ കരുതുന്നില്ല... വലിഞ്ഞു കയറിവന്ന വിരുന്തുകാരനെപ്പോലെ അയാളുടെ ശേഖരത്തിൽ സംഗീതം അപമാനിക്കപ്പെടുന്നതായി എനിക്ക് തോന്നി... കേൾക്കാത്ത പാട്ടിന്റെ മാധുര്യം ഹാർഡ് ഡിസ്ക്കിൽ ഒളിപ്പിച്ച് "ആസ്വദിക്കുന്നു" എന്ന് ഊറ്റം കൊള്ളുന്ന എത്രയോപേർ നമുക്കുചുറ്റും ഉണ്ട്...

       കാലത്തിന്റെയും, സാങ്കേതിക വിദ്യയുടെയും മാറ്റത്തിൽ ഉണ്ടാകുന്ന ചില കാഴ്ചകളിൽപ്പെടുന്നതാണ് ഇതും..!! സംഗീതത്തെ സമീപിക്കുകയും, പരിപാലിക്കപ്പെടുകയും ചെയ്യുന്ന രീതിയിൽ മാത്രമേ മാറ്റമുണ്ടാകൂ... സംഗീതത്തിന്റെ മൂല്യവും, പ്രാധാന്യവും യഥാർഥ ആസ്വാദകന്റെ മനസ്സിൽ എന്നുമുണ്ടാകും... തീർച്ച 

[Rajesh Puliyanethu
 Advocate, Haripad]




Monday, 5 March 2012

വിശ്വാസം എന്നാ ബാധ്യത!!



       ഒരു മനുഷ്യന്റെ ഏറ്റവും വലിയ ബാധ്യത എന്ന് പറയുന്നത് രണ്ടാമതോരുവന് തന്നോടുള്ള  വിശ്വാസ്സമാണ്. ആ വിശ്വാസം പാലിക്കുക എന്നതാണ് ആ വിശ്വാസത്തോട് ചേര്‍ന്ന് നില്‍ക്കുന്ന തന്റെ പ്രവര്‍ത്തി നിര്‍വഹിക്കുമ്പോള്‍ ഏറ്റവും വലിയ മാനസ്സിക അസ്വസ്തതക്ക് കാരണമാകുന്നത്. മറ്റൊരുവന്  തന്നോടുണ്ടാകുന്ന ആ വിശ്വാസ്സം എന്നത് പലതരത്തിലുള്ളതാണ്. ഒന്നാമന്‍ ആ പ്രവര്‍ത്തി ചെയ്യും എന്നും ചെയ്യില്ല എന്നും രണ്ടാമന്‍ വിശ്വസ്സിചെന്നുവരും. അത് ഒന്നാമന്റെ സ്വഭാവത്തിലും വ്യക്തിത്വത്തിലും അധിഷ്ടിതമായി രണ്ടാമനുണ്ടാകുന്ന വിശ്വാസമായിരിക്കും. ഒന്നാമന് ഒരു കാര്യം പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് രണ്ടാമന്‍ വിശ്വസിക്കുന്നു എന്ന് കരുതുക, അത് ഒന്നാമന്റെ കഴിവിലുള്ള വിശ്വാസ്സമാണ്. ഇതില്‍ രണ്ടാമന്‍ ഏതു തരത്തിലുള്ള വിശ്വാസം ഒന്നാമനോട് വെച്ച് പുലര്‍ത്തിയാലും ഒന്നാമന് അത് നിറവേറ്റു ന്നതിനുള്ള മാനസികമായ ബാധ്യതയായി പരിണമിക്കുന്നു. 

       ഇതില്‍ ഏതുതരത്തിലുള്ള വിശ്വാസത്തെ പാലിക്കാന്‍ ഒന്നാമന് കഴിയാതെ വന്നാലും രണ്ടാമന്‍ എന്നാ വ്യക്ത്തിക്കോ, കൂട്ടത്തിനോ മുന്‍പില്‍ ഒന്നാമന്‍ ഇകഴ്ത്തലിനു പാത്രീഭവിച്ചു എന്ന് വരാം. പക്ഷെ രണ്ടാമന്റെ വിശ്വാസ്സത്തെ നേടി എടുക്കുക എന്നത് ഒന്നാമന്റെ ഉന്നതിയുടെ ലക്ഷണവുമാണ്. ഒന്നാമന്റെ  ഏതെങ്കിലും ഒരു വിഷയത്തിലെ കഴിവോ സ്വഭാവത്തില്‍ രണ്ടാമന്‍ കണ്ട നല്പ്പോ ആയിരിക്കാം തീര്‍ച്ചയായും രണ്ടാമന്റെ വിശ്വാസത്തിന്റെ ഹേതു. ഇത്തരം വിശ്വാസ്സങ്ങളെ 'പോസിറ്റീവ്' വിശ്വാസ്സങ്ങള്‍ എന്ന് വേണമെങ്കില്‍ ശീര്‍ഷകം നല്‍കാം.

       ഒരുവനോടുള്ള അവമതിപ്പിന്റെ അടിസ്ഥാനത്തില്‍ സ്ഥാപിതമാകുന്ന വിശ്വാസ്സങ്ങലാണ് നെഗറ്റീവ്  വിശ്വാസ്സങ്ങള്‍. ഒന്നാമന്റെ കഴിവിന്റെയോ, സ്വഭാവത്തിന്റെയോ അടിസ്ഥാനത്തില്‍ കണക്കാക്കപ്പെടുന്ന ഒരു വിശ്വാസം, 'മോശപ്പെട്ട ഒരു ഫലമായിരിക്കും ഒന്നാമനില്‍ നിന്നും ഉണ്ടാകാന്‍ പോകുന്നതെന്ന്' എന്നാണ്  രണ്ടാമാനില്‍ ഉണ്ടാക്കുന്നതെങ്കില്‍ അതിനെ നെഗറ്റീവ് വിശ്വാസം എന്ന് വിളിക്കാം. നെഗറ്റീവ് വിശ്വാസ്സങ്ങള്‍ മാനസികമായ ബാധ്യതയോ, സമ്മര്‍ദ്ദമോ ഒന്നാമനില്‍ സ്രിഷ്ടിക്കുന്നല്ല എന്നതാണ് വസ്തുത.

       രണ്ടാമനോടുള്ള ഒന്നാമന്റെ ബാധ്യത എന്നത് രണ്ടാമന്റെ വിശ്വാസ്സത്തോളമാണ് എന്നും പറയാം. രണ്ടാമന് ഒന്നമാനോടുള്ള വിശ്വാസ്സത്തെ പരിപാലിക്കുന്നതിനുള്ള ബാധ്യതയെ ഒന്നാമനുള്ളൂ. രണ്ടാമനും ഒന്നാമനും ഇടയില്‍ മാത്രമുള്ള വ്യാപാരങ്ങളെ മുന്‍ നിര്‍ത്തി പറഞ്ഞാല്‍, രണ്ടാമന് ഇല്ലാത്ത ഒരു വിശ്വാസം അവനോടു പാലിക്കാനുള്ള ബാധ്യത ഒന്നാമനില്ല!!


       രണ്ടാമതോരാളില്‍ നിന്നും വിശ്വാസ്സത്തെ ആര്‍ജ്ജിക്കുകയും, ഒരു ബാധ്യതയായി അതിനെ നിറവേറ്റുകയും ചെയ്യുന്നത് ഒന്നാമനിലും, മറ്റൊരുവനില്‍ വിശ്വാസ്സമാര്‍പ്പിക്കുകയും തന്നോടുള്ള ബാധ്യതയായി അയാള്‍ ആ വിശ്വാസം നിറവേറ്റുകയും ചെയ്യുമ്പോള്‍ രണ്ടാമനിലും, ഇടയിലുള്ള ബന്ധങ്ങള്‍ സുന്നരവും ആനന്ദകരവുമാകുന്നു.   




[RajeshPuliyanethu,
Advocate, Haripad]

       

Thursday, 23 February 2012

വാര്‍ത്തയിലെ കല!!


       ഒരു ആശയത്തെ ഒരു മാധ്യമത്തില്‍ കൂടി ജനങ്ങളിലേക്ക് എത്തിക്കണമെങ്കില്‍ അതിന്റെ യഥാര്‍ത്ഥ മുഖത്തെ മിനുക്കി ഒരു അല്‍പ്പം അതിഭാവുകത്വം നല്‍കി അവതരിപ്പിക്കേണ്ടി വരും. നാടകങ്ങളിലെ അവതരണം ശരിക്കും "Dramatic" എന്ന് നമ്മള്‍ വിളിക്കുന്ന രീതിയിലേക്ക് എത്തിയത് ആ നാടകത്തിലെ ആശയപ്രകാശനം ആസ്വാദകരില്‍ ഏറ്റവും പുറകില്‍ നില്‍ക്കുന്നവനില്‍ വരെ എത്തി ചെരുന്നരീതിയില്‍ അവതരിപ്പിക്കെണ്ടുന്നതിനാലാണ്. അതുപോലെ തന്നെയാണ്  ഇന്ന് മിമിക്രി ആര്ടിസ്ടുകളും. അവര്‍ ഏതെങ്കിലും ഒരു വ്യക്ത്തിയെ അനുകരിച്ചു അവതരിപ്പിക്കുകയാണെങ്കില്‍ ആവ്യക്ത്തിയുടെ യഥാര്‍ദ്ധത്തിലെ ചേഷ്ടകളുടെ ഒരു മുപ്പതു ശതമാനം കൂടി കൂട്ടിയാണ് പ്രക്ഷകര്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കുന്നത്‌.


       നാടകത്തിലും മിമിക്രിയിലും ഇതിനെ ഒരു അവതരണ തന്ത്രം എന്ന്‌ വിളിക്കാമെങ്കില്‍ ഇതേ അവതരണ തന്ത്രം ഏറ്റവും കൂടുതലായി ഉപയോഗിക്കുന്നത് വാര്‍ത്താ മാധ്യമങ്ങളിലാണ്. ഒരു വാര്‍ത്തയെ ജനങ്ങളുടെ മനസ്സുകളിലേക്ക് കൊള്ളുന്ന രീതിയില്‍ അവതരിപ്പിക്കുനതിനായി നാടകക്കാരും, മിമിക്രിക്കാരും ചെയ്യുന്നതുപോലെ മാധ്യമ പ്രവര്‍ത്തകരും തങ്ങളുടെ കലാപരമായ ഭാവനയില്‍ നിന്നും ഒരു മുപ്പതുശതമാനമെങ്കിലും യഥാര്‍ദ്ധമായ വാര്‍ത്തയിലേക്ക് ചേര്‍ത്തു അവതരിപ്പിക്കുന്നുന്ടെന്നു വിശ്വസ്സിക്കേണ്ടി വരും.


[Rajesh Puliyanethu,
Advocate, Haripad]          

Sunday, 9 October 2011

ഇന്നു സത്യം, നാളെ സ്വപ്നം, നാളെയുടെ നാളെ ശൂന്യം!!

നാളെയ്ക്ക് വേണ്ടി ജീവിക്കുക, നാളെയ്ക്ക് വേണ്ടി നമ്മുടെ പ്രവര്‍ത്തനങ്ങളെ ക്രോഡീകരിക്കുക എന്നതാണ് പരക്കെ കേള്‍ക്കുന്ന ശബ്ദം. എന്തായിരിക്കും നാളെയുടെ നാളെയുടെ അവസ്ഥ?? നാളെയെക്കണ്ട് ജീവിക്കുക എന്നത് പുരോഗമന സംസ്ക്കാരത്തിന്റെ മൂലമന്ത്രമായതിനാല്‍ ഇന്നത്തെ ദിവസത്തിന്റെയും, നാളെയുടെ നാളെയുടെയും പ്രാധാന്യം നശിച്ചു. ഇന്നത്തെ ദിവസം നാം ജീവിച്ചിരിക്കുന്നതിനാല്‍ ഈദിവസത്തെ കടന്നുപോകുവാന്‍ ശ്രമിക്കുക എന്നത് അതിജീവനത്തിന്റെ ആവശ്യഗതയും, നാളയെകണ്ടുപ്രവര്‍ത്തിക്കുക
എന്നത് ഇന്നത്തേത് പോലെ ഉണ്ടായേക്കാവുന്ന നാളെയുടെ ആവശ്യങ്ങളിലെക്കുള്ള കരുതല്‍ ശാസ്ത്രവുമാണ്. പക്ഷെ നാളെയുടെ നാളെക്ക് വേണ്ടിയുള്ള കരുതല്‍ ജലരേഖകള്‍ പോലെയാണ്. അതവിടെ ഉണ്ടാകണമെന്നില്ല. നാളെയുടെ ആവശ്യങ്ങള്‍ക്ക് വിഭിന്നമായിരിക്കാം നാളെയുടെ നാളെയുടെ ആവശ്യങ്ങള്‍. നാളേക്കുവേണ്ടി നിര്മിക്കപ്പെട്ടവയുടെ പൊളിച്ചെഴുത്തോ, പുനര്‍നിര്‍മ്മാണമോ ആയിരിക്കും നാളെയുടെ നാളെയുടെ ആവശ്യം. പുതിയ ചിന്തകള്‍, ശാസ്ത്രത്തിന്റെ വളര്‍ച്ച, ജനസന്ഖ്യാ വളര്‍ച്ച അല്ലെങ്കില്‍ കുറവ്, പുതിയ തലമുറയുടെ താല്പര്യങ്ങള്‍, സാംസ്കാരികമായ പരിവര്‍ത്തനം, എങ്ങനെ പലതരത്തിലെ സ്വാധീനഘടകങ്ങള്‍ നാളെയുടെ നാളെകളെ നിയന്ത്രിക്കുമ്പോള്‍ നാളെയുടെ നാളെകള്‍ക്കു വേണ്ടി ഇന്നു ചിന്തിച്ചതും, രൂപപ്പെടുത്തിയതും, നിര്‍മ്മിച്ചതും എല്ലാം പോളിചെഴുതെണ്ടി വരും. നാളെയുടെ നാളെയുടെ ആവശ്യത്തെ ഇന്നു തിരിച്ചറിയാന്‍ കഴിഞ്ഞാലും,  നാളെയുടെ നാളെ പോളിച്ചെഴുതുവാന്‍ വേണ്ടി നാളെയുടെ ആവശ്യത്തിനായി ഇന്നു പലതും നമുക്ക് നിര്മിക്കേണ്ടി വരുന്നു. നാളെയുടെ നാളെയിലേക്ക് ചിന്തയെ ദീര്ഘിപ്പിക്കാനുള്ള മനുഷ്യന്റെ പരിമിതിയാണ് ഇതെന്ന് വേണമെങ്കില്‍ വ്യാഖ്യാനിക്കാം. പക്ഷെ ആ പരിമിതിയെ അതിജീവിക്കാന്‍ കഴിഞ്ഞവര്‍ ഉണ്ടാവാന്‍ സാധ്യതയില്ല. 
വിഷയത്തിന്റെ പ്രാധാന്യവും വലിപ്പവും, ചിന്തയുടെ ആഴവും, കാലത്തിന്റെ ആവശ്യങ്ങളും, ജനതയുടെ പുരോഗതിയുമെല്ലാം ഇന്നിന്റെയും നാളെയുടെയും ദൈറിഘ്യത്തെ നിശ്ചയിക്കുന്നു എന്നു മാത്രം. 



[RajeshPuliyanethu,
 Advocate, Haripad]


Tuesday, 23 August 2011

ഒരു പേരിലെന്തിരിക്കുന്നു??

ഒരു പേരിലെന്തിരിക്കുന്നു?? പേരിനെ നിസ്സാരമായി കാണുന്നവര്‍ നമുക്കിടയില്‍ ധാരാളമുണ്ട്. ഒരു  പേര് എന്നത് ഒരു വ്യക്ത്തിയുടെ ഐഡന്റിറ്റിയുടെ കാതലാണ്. ഒരു പേരിടീല്‍ കര്‍മ്മത്തില്‍ കൂടിയാണ് ഒരു കുഞ്ഞിനു അവന്റെതായ ഒരു വ്യക്ത്തിത്വം ജനിക്കുന്നത്. മറ്റുള്ളവര്‍ ആ കുഞ്ഞിനെ തിരിച്ചറിയാന്‍ തുടങ്ങുന്നത് ആ നാമകരണത്തിന് ശേഷമാണ്. അതുവരെ ഇന്ന ആളുടെ മകന്‍ എന്നത് മാത്രമാണ് ആ കുഞ്ഞിന്റെ ഐഡന്റിറ്റി. ഒരു പേരില്‍ എന്തിരിക്കുന്നു എന്ന് തോന്നുന്നവര്‍ക്ക് പരിഹാസകരമായതോ, നീചമായതോ, ആയ ഒരു നാമം മറ്റൊരാളെ വിളിക്കുമ്പോള്‍ തന്നില്തന്നെ ഉണ്ടാകുന്ന വികാരചലനത്തെ ഒന്നളന്നു നോക്കിയാല്‍ മതി. ഒരു പേരിന്റെ പരമപ്രധാനമായ കര്‍മം എന്നത് മറ്റുള്ളവര്‍ക്ക് വിളിക്കുക എന്നതാണ്. ആപേര് മറ്റുള്ളവര്‍ നമ്മെ ലക്ഷ്യമാക്കി ഉച്ചരിക്കുമ്പോള്‍ നമ്മിലും വിളിക്കുന്നവരിലും ഒരു വികാരത്തിന്റെ തരംഗം രൂപം കൊള്ളുനുണ്ട്. ഒരാള്‍ നമ്മെ എന്ത് വിളിച്ചാലും അത് ആപെരിന്റെ സ്ഥാനത്തേക്ക് താല്‍കാലികമായി അവരോധിക്കപ്പെടുകയാണ് ചെയ്യുന്നത്. അതാണ്‌ അസഭ്യകരമായ ഒരു വാക്ക് നമ്മെവിളിക്കുംപോള്‍ നമ്മില്‍ ഈര്‍ഷ്യ നിറഞ്ഞ ഒരു വികാരം ജനിക്കുന്നത്. സമാനമായത് വിളിക്കുന്നവരിലും ഉണ്ടാകുന്നു.  പേര് എന്നത് ഒരു ശരീരത്തിന്റെയും, സ്വഭാവത്തിന്റെയും അങ്ങനെ ആ വ്യക്ത്തിയില്‍  ഉള്പ്പെടുന്നെടുന്ന  എല്ലാ സവിശേഷതകളുടെയും കൂടിയുള്ള 'വിളി' ആണ്. അത് മരണത്തിനു ശേഷവും നിലനില്‍ക്കുന്നു. അതായത് ഒരു ശരീരത്തെ ഉദ്ദേശിച്ചു നടത്തുന്ന നാമകരണം ശരീരത്തിന്റെ നാശത്തിനു ശേഷവും നിലനില്‍ക്കുന്നു, അല്ലെങ്കില്‍ ശരീരത്തിന്റെ നാശത്തിനു ശേഷം നിലനിക്കുന്നത് പേര് മാത്രമാണ്. ജീവിച്ചിരുന്നപ്പോള്‍ ചെയ്ത നല്ലതോ ചീത്തയോ ആയ ഏതു പ്രവര്‍ത്തിയുടെയും നിലനില്‍പ്പ്‌ അവശേഷിക്കുന്ന ആ പേരില്‍ ഊന്നി ആയിരിക്കും. 
              ഒരു വ്യക്ത്തിയെ തിരിച്ചറിയിക്കുന്ന, വളരെ അധികം പ്രാധാന്യം അര്‍ഹിക്കുന്ന ആ 'പേര്' എന്ന ഉപകരണം ഒരു വ്യക്ത്തിക്ക് വളരെ അധികം ഉണ്ടാകുന്നതിലെ അനൗചിത്യം ഒന്ന് ചിന്തിച്ചു നോക്കു!! അത് എത്രഎണ്ണം  ഉണ്ടായാലും ഭലത്തില്‍ ഒന്നിന്റെത് മാത്രമേ ഉണ്ടാകുന്നുള്ളൂ എന്നുകാണാം. അത് അയാളെ ശരിയായി പ്രതിനിധീകരിക്കുന്ന നാമത്തിനെ ഊന്നി മാത്രം നിലകൊള്ളുന്നതായി കാണാം. ഭഗവാന്‍ ശ്രീകൃഷ്ണന് എത്ര മറ്റു നാമങ്ങളാല്‍ വിശേഷിപ്പിച്ചാലും എല്ലാം ശ്രീകൃഷ്ണന്റെ മറ്റു നാമങ്ങള്‍ എന്നല്ലേ പറയാന്‍ കഴിയു?? ഒരാള്‍ക്ക് ഒന്നിലധികം "നാമകരണം" നടത്തുനത് അനുചിതമായ ഒന്നാണ്. രണ്ടാമതായി ഒരു പേര് അയാള്‍ക്ക് ഉണ്ടാകുന്നുവെങ്കില്‍ അത് ഉരുത്തിരിഞ്ഞു വരികയാണ് വേണ്ടത്. അത് അയാളുടെ പ്രവര്‍ത്തിയെയോ , സ്വഭാവത്തെയോ, നേട്ടങ്ങളെയോ, അയാളോടുള്ള വാല്സല്യത്തെയോ  ഒക്കെ അടിസ്ഥാനമാക്കി ആകാം. കേശി എന്ന അസുരനെ വധിച്ചതിനാലാണ് ഭഗവാന്‍ ശ്രീകൃഷ്ണന് കേശവന്‍ എന്ന മറ്റൊരു പേര് ലഭിച്ചത്. അപ്രകാരം ചില അവസരങ്ങളില്‍ ചെല്ലപ്പേര് ലഭിക്കുന്നത് അങ്ങീകാരവും ആകാം!! 
   ഒരു കുഞ്ഞു ജനിക്കുമ്പോള്‍ വീട്ടില്‍ ഒരുപേര്, നാട്ടില്‍ ഒരുപേര്, സ്കൂളില്‍ ഒരുപേര്, പള്ളിയില്‍ മറ്റൊരുപേര്, എന്നരീതിയില്‍ പല 'നാമകരണങ്ങള്‍' നടത്തുന്നത് ഒഴിവാക്കേണ്ടത് തന്നെയാണ്. രണ്ടാമതായി ഒരു പേര് ഒരു കുഞ്ഞിനു വരുന്നുണ്ടെകില്‍ അത് ആ കുഞ്ഞിന്റെ പ്രിയപ്പെട്ടവര്‍ക്ക് അവനോടുള്ള വാത്സല്യത്തിന്റെ അടിസ്ഥാനത്തില്‍ വിളിച്ച് ഉരുത്തിരിഞ്ഞു വരേണ്ടതാണ്. മറിച്ച് പല നാമകരണകര്‍മങ്ങള്‍ ചിന്തിച്ചുറച്ചു ചെയ്യുന്നത് വിരോധാഭാസകരമാണ്. 


[RajeshPuliyanethu,  
 Advocate,Haripad]