കഴിഞ്ഞ ദിവസ്സം ഞാൻ അടുത്തുള്ള ഒരു ബസ്സ് സ്റ്റോപ്പിൽ വെച്ച് എന്റെ ഒരു സുഹൃത്തിനെ കാണാനിടയായി... അയാൾ ഭാര്യയോടൊപ്പം തന്റെ മകൻ സ്കൂളിൽ നിന്നും വരുന്നത് കാത്തു നിൽക്കുകയാണ്... വർത്തമാനം പറഞ്ഞു നിൽക്കുന്നതിനിടയിൽ സ്കൂൾ ബസ്സ് എത്തി... വളരെ ആഹ്ലാദവാനായി ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന ആ കുട്ടി ബസ്സിൽ നിന്നും ഇറങ്ങി വന്നു... സന്തോഷത്തിലാണല്ലോ, കുട്ടിയുടെ അമ്മ പറഞ്ഞു... അതിനു മറുപടി എന്നപോലെ കുട്ടി പറഞ്ഞു... ' എക്സാമിന്റെ മാർക്ക് കിട്ടി... 'എത്രയുണ്ട്'?? എനിക്ക് ഹണ്ട്രഡു് ഔട്ട് ഓഫ് ഹണ്ട്രഡാ... കേട്ടപ്പോൾത്തന്നെ അമ്മ കുട്ടിയെ ചേർത്തു നിർത്തി... ആ മാതാപിതാക്കളുടെ മുഖത്തു നിന്നും അഭിമാനവും സന്തോഷവും തോട്ടെടുക്കാമായിരുന്നു... അഭിമാനം സ്പുരിക്കുന്ന കണ്ണുകളോടെ അവരിരുവരും എന്നെ നോക്കി...
തൊട്ടടുത്ത നിമിഷത്തിൽത്തന്നെ "തന്റെ വീട്ടിൽ കറണ്ട് പോയാൽ അയലത്തും പോയോ" എന്നുനോക്കുന്ന മലയാളിയുടെ വികാരം ഉയർത്തുന്ന ചോദ്യം അമ്മയിൽ നിന്നും വന്നു... " ആർക്കൊക്കെ ഉണ്ട് മോനെ ഹണ്ട്രഡു് ഔട്ട് ഓഫ് ഹണ്ട്രഡു്"??
കുട്ടി പറഞ്ഞു:: 'ഇപ്രാവശ്യം എല്ലാവർക്കും ഹണ്ട്രഡു് ഔട്ട് ഓഫ് ഹണ്ട്രഡാ അമ്മേ' ......
ഉദിച്ചു സൂര്യൻ പെട്ടന്ന് അസ്തമിച്ചത് പോലെയായി ആ മാതാപിതാക്കളുടെ മുഖം... അവരുടെ മുഖത്ത് ഏതോതരം ജ്യാള്യത പരക്കുന്നത് കാണാമായിരുന്നു... എൻറെ മുന്നിൽ ഒരു കേമത്തം പോലെ അവതരിപ്പിക്കപ്പെടുകയും ചെയ്തു, എന്നാൽ ആകെ അപമാനമാകുകയും ചെയ്തു, എന്നമട്ട്.....
അപമാനം മറയ്ക്കാൻ നടത്തുന്ന ചില അങ്ങവിക്ഷേപവും, വാചകവും പോലെ കുട്ടിയോടായി അമ്മ പറഞ്ഞു....
"ക്ഹ, എല്ലാവർക്കും കിട്ടിയതിന്റെ കൂടെ കിട്ടിയതാണോ ഇത്ര കേമത്തിൽ പറയാനുള്ളത്"......??
തന്റെ കുട്ടിക്കും നൂറിൽ നൂറു മാർക്ക് കിട്ടിയതിന്റെ ലെവലേശം സന്തോഷം പോലും ആ മാതാപിതാക്കളുടെ മുഖത്തുണ്ടായിരുന്നില്ല... കാരണമറിയാത്ത ഒരു അപമാനഭാരം അവർ പേറുന്നുമുണ്ടായിരുന്നു...
എന്റെ ചോദ്യമിതാണ്.... 'നൂറിൽ നൂറു മാർക്ക്' എന്ന സമ്പൂർണ്ണ വിജയത്തിന്റെ മാറ്റ്, അതേ സമ്പൂർണ്ണ വിജയം പങ്കിടാൻ മറ്റുള്ളവരും ഉണ്ടെങ്കിൽ കുറയുമോ?? 'നൂറിൽ നൂറു മാർക്ക്' എന്നതിനപ്പുറം കുട്ടിക്ക് സാദ്ധ്യവുമല്ല.... ആ മാതാപിതാക്കൾ പ്രതീക്ഷിക്കുന്നതെന്താണ്??
വിജയത്തിന്റെ ഉന്നതിയല്ല മറിച്ച് ആ വിജയം മറ്റുള്ളവരും കൂടി പങ്കിട്ടത്തിലെ 'അസൂയ' എന്ന വികാരമാണ് അവരെ ഭരിക്കുന്നത്... എന്നാൽ ഒരു നിമിഷം ചിന്തിച്ചാൽ ഇല്ലാതാകാവുന്ന കാരണമേ എവിടെ ഉള്ളൂ താനും!!!
ഇത്തരം ചിന്താഗതികളും സംഭവങ്ങളും നമ്മൾ ദിനവും കാണുന്നുണ്ട്; ചിലവ മാത്രമേ ശ്രദ്ദിക്കുന്നുള്ളൂ എന്ന് മാത്രം,,,,!!!
[Rajesh Puliyanethu
Advocate, Haripad]