Showing posts with label A poetic lesson......... Show all posts
Showing posts with label A poetic lesson......... Show all posts

Monday, 6 April 2020

ആരാണു വലിയവൻ!!?? ഒരണുവിനേക്കാൾ അല്പമെങ്കിലും...........


ആരാണ് വലിയവൻ ആരാണ് വലിയവൻ, ഒരു കുഞ്ഞു പൂവു ചോദിച്ചു...

ഞാനാണ് വലിയവൻ, ഞാനാണു വലിയവൻ, പൂമ്പാറ്റ മറുമൊഴി ചൊല്ലി.... 
എന്നോളമൊരുഭംഗി ആർക്കുണ്ടു ഭൂമിയിൽ,,  സൗന്ദര്യം തന്നെ മഹത്വപൂർണ്ണം...

പൂമ്പാറ്റ ചെന്നൊരു കിളിയോടു ചോദിച്ചു,, ആരീ ഭൂമിയിൽ കേമനെന്ന്!??

ചിലു ചിലെ ചില കൊണ്ടു, ചിറകുകൾ പൊന്തിച്ചു കിളി ചൊല്ലി ഞാനാണ് കേമനെന്ന്...
എന്നോളമുയരത്തിലെത്തിയതാരുണ്ട്,, ഉയരമാണൂഴിയിൽ ഉണ്മയെന്ന്...

ഒരു ചെറുനരിയോട് കിളി ചെന്നു ചോദിച്ചു, ആരാണുലകിലെ ശ്രേഷ്ഠ ജന്മം...

കുറുനരി പുച്ഛമടക്കാതെ ചൊല്ലിനാൽ,, ഞാനെന്നതിൽ സന്ദേഹമെന്തേ...!?
വിരുതരായുള്ളവർ വാഴുന്നിടമിത്,
കൗശലം തന്നെ വിജയ മന്ത്രം...

വേഗം കുതിക്കുന്ന വീരനാം അശ്വത്തെ കണ്ടു കുറുനരി ആരാഞ്ഞു.. 
ആരെടാ വലിയവൻ ലോകം ജയിച്ചവൻ, തന്ത്രം മെനഞ്ഞിടുമെന്നേക്കാളും...

വേഗത്തിലെന്നെ പിടിച്ചുകെട്ടീടുവാനാർക്കുണ്ടു ത്രാണിയതിന്നുവരെ!?? 
വേഗത്തിലൊടുന്ന വിശ്വവിജയി ഞാൻ,, വേഗം തന്നെ വലിയ കാര്യം...

അശ്വമൊരു ദിനം ആനയെ കണ്ടപ്പോളാരാഞ്ഞു വീണ്ടുമാചോദ്യമപ്പോൾ...

എൻ്റെ വലിപ്പംകണ്ടീ ചോദ്യം ചോദിക്കാൻ വിഡ്ഢീ നീ മടിക്കാത്തതെന്തേ!? ശക്തിയിൽ മുന്നനാം എന്നെ ജയിക്കുവാനാരുണ്ടു വലിയവൻ വേറെയിപ്പോൾ!?

ഗജരാജനൊരു വേള വനരാജനെക്കണ്ടു ചോദിച്ചു  വീണ്ടുമാ ചോദ്യമപ്പോൾ...!?

ഞാൻ തന്നെ രാജനും, ഞാൻ തന്നെ വീരനും, ഞാൻ തന്നെ കേമനും മറ്റാരുമല്ലാ... അധികാരിയാണു ഞാൻ, അധികാരിയാണു ഞാൻ, അധികാരി തന്നെടോ കേമനെന്നും...

ആരെടാ വലിയവനെന്നുള്ള ഉത്തരം വനജീവിക്കൂട്ടം തിരിച്ചറിഞ്ഞു.. 

മാനവനെന്നോരു ഇരുകാലി ജീവികൾ കാട്ടിൽ കടന്നുചെന്നാ ദിവസം...

പൂവുകൾ പൊട്ടിച്ചു,, കിളികളെ എയ്തിട്ടു,, കാട്ടിൽ വിരാജിച്ചു ആ മനുഷ്യർ... 

ആനയെ വീഴ്ത്തിയവനശ്വത്തെ ബന്ധിച്ചു വനരാജനെ കെണി വെച്ചു കൂട്ടിലാക്കി.. 

ഞാനാണു മാനവൻ,, വല്ലവൻ,, വൈഭവം കൊണ്ടവൻ,, ശാസ്ത്രം പഠിച്ചവൻ,, എല്ലാം ജയിച്ചവൻ...

'ആരെടാ വലിയവൻ' എന്നുള്ള ചോദ്യത്തിനുത്തരമായവൻ വാണിടുമ്പോൾ...

വന്നു നിലകൊണ്ടു മാനവൻ വീഥിയിൽ കുഞ്ഞരിൽ കുഞ്ഞനാം കുഞ്ഞനണു...

പേടിച്ചരണ്ടു പോയ് വിശ്വ വിജയികൾ,, 
കൂട്ടിൽ ഒളിച്ചു പോയ് രാജസമൂഹവും..

സമ്പത്തൊലിച്ചു പോയ്,, വൈഭവം നിലച്ചു പോയ്,, വിജ്ഞാനമൊട്ടു തികയാതെയും പോയ്...

അവൻ വെറുമൊരു അണുവാണ്... 

മദിച്ചു മറിഞ്ഞു നടന്ന നിന്നെ തടവിലാക്കിയവൻ,, 
മരണഭയത്താൽ നിന്നെ വെറളി കൊള്ളിച്ചവൻ,,
നിൻ്റെ സമ്പത്ത് ഒഴുക്കിക്കളഞ്ഞവൻ,,
നിന്നെ നിശ്ചലനാക്കിയവൻ,,
നീ കരുതിയ വിശ്വവിജയം നിൻ്റെ മൂഢസ്വപ്നമാണെന്നു നിന്നെ മനസ്സിലാക്കിത്തന്നവൻ,,
നീ ഒരു അണുവിലും ചെറിയവനാണന്ന് നിന്നോടു വിളിച്ചു പറഞ്ഞൻ,,
നിൻ്റെ ജീവനെടുത്തവൻ....

ആരാണു വലിയവൻ, ആരാണു വലിയവൻ ഒരു കുഞ്ഞു പൂവു ചോദിച്ചു...

അണുവല്ല, മൃഗമല്ല, മാനവനല്ല...

അതു നീ നിൽക്കും 'അവസ്ഥ' മാത്രം....

[Rajesh Puliyanethu
 Advocate, Haripad] 

Thursday, 16 March 2017

വേഴാമ്പൽ കാണാത്ത മഴ...!!.


മീനമാസ്സച്ചൂടിതേറെ കനത്തുപോയ് തെളിനീരിതല്പം തരണെയഛ്ചാ...

ഒരു കുഞ്ഞു വേഴാമ്പൽ പടുദാഹ നോവിനാൽ തന്നഛ്ചനോടിങ്ങനെ കേണിടുന്നു...

മഴയെത്തും കാലമതെനിയു മകലെയാണെൻ കുഞ്ഞു ദാഹം സഹിച്ചിടേണം...

കാർമേഘം മൂടുമ്പോൾ,, മാനം കറക്കുമ്പോൾ നിന്നഛ്ചൻ കൂകി പറഞ്ഞു നൽകാം...

മഴ കാത്തുകഴിയുന്ന വേഴാമ്പൽ നാമല്ല,, 
അത് നീ കാണുമീ  ഭൂമിയല്ലൊ?

ഇത്രയും ചൊല്ലീട്ട് മിഴികൾക്കു പൂട്ടിട്ട് അഛ്ചൻ പുള്ളൊന്നമർന്നിരിക്കെ

നെറുകയിലൊരുതുള്ളി ജീവനായ് വീണത് മഴത്തുള്ളിയെന്നൊ നിനച്ചനേരം,,

ഒരു തുള്ളി പലതുള്ളി ചറപറാ തുള്ളികൾ,, ഒരു നൃത്തം വെച്ചിതാ കുഞ്ഞു പുള്ള്....

കാറില്ല, കോളില്ല, ഇടിയില്ല, പിണരില്ല
കാറ്റില്ല കാനന സീമയിലും....

അഛ്ചൻ പറഞ്ഞപോൽ കൂകിപ്പറഞ്ഞില്ല, മഴയെത്തും നേരമണഞ്ഞിതെന്ന്...

മഴകണ്ട കാലവും, മഴ കാത്തകാലവും
എത്രയുണ്ടീനെടു ജീവിതത്തിൽ...

മകനെ നനയല്ലെ, കുളിരല്ല ഈ മഴ
ഈ മഴ, മാനുഷ രാസമഴ....

ഈ മഴ നിൻ ദാഹമകറ്റിടില്ല,, ഈ മഴനിന്നെ കുളിർത്തിടില്ല...
ഈ മഴ കൊന്നിടും എന്നെയും നിന്നെയും, രാസപ്രവാഹ പ്രതിഫലനം...

മാമല കൊന്നവർ, കാനനം കൊന്നവർ, ജീവൻ തുടിക്കുമിടത്തിലെല്ലാ-
മെത്തി കൊല ചെയ്തു, തന്നെ കൊല ചെയ്തു തീരുമീ കൂട്ടം വിഷമഴയിൽ...

മകനേ വനം കൊന്ന, മലകൊന്ന കൂട്ടരീ,, മഴകൊല്ലും പുതിയ കൊല കുതന്ത്രം... 
മകനേ, കുളിക്കൊല്ല,, കുടിക്കൊല്ല നീയീ,, മഴകൊല്ലും പുതിയ കൊലകുതന്ത്രം... 


[Rajesh Puliyanethu
 Advocate, Haripad]

Saturday, 15 October 2016

ഒരുതുള്ളി ഓർമ്മ....!!

ഒരു തുള്ളി ഓർമ്മയിൽ ഒളിച്ചിക്കുന്നതെത്ര തന്മാത്ര തൻ സുഗന്ധം
ജീവനെ ജീവനായ് ഉണർത്തിനിറുത്തിയ ജന്മത്തിൻ ആകെ സുഗന്ധം...
നിന്റെ ഓർമ്മകൾക്കെത്ര സുഗന്ധം....

പോക്കുവെയിൽ ദൂരെ അകലെ മറയുമ്പോൾ,,
ഓർമ്മകൾ നിഴലായ് അരികെ നിൽപ്പൂ...
നിൻ ഓർമ്മകൾ നിഴലായ് അരികിൽ നിൽപ്പൂ...

നീ ഒരുവേള മറഞ്ഞു തെളിഞ്ഞു വരുവോളം കൂരിരുട്ടെന്നെ പുണരും,,
ഞാനീ ഏകാന്തതീരത്തു നിൽക്കും,, നിശയുടെ മടിയിൽ മയങ്ങും..
വീണ്ടും മിഴികളെ തഴുകി ഉണർത്തുന്ന പൊൻകിരണങ്ങളായ് നീവരുവോളം..

കഴിയില്ല നിന്നുടെ ഓർമ്മകൾ പേറിയ തനുവിനെ മയക്കിക്കിടത്താൻ....
വിരഹമായ മാറിയ ഓർമ്മതൻ തന്തുക്കൾ ജീവനെ ഉണർത്തി നിറുത്തും...
ഞാനൊരു നിശാഗന്ധിയായ് മിഴികൾ തുറന്നു വെയ്ക്കും....

കാത്തിരിക്കുന്നൊരു നാളുകൾക്കപ്പുറം കാത്തിരിപ്പിനുണ്ടൊരു സുഗന്ധം...
ആത്മാവ് കാണുന്ന ചക്രവാളത്തിങ്കൽ നിൻനിഴൽ പതിയെ പതിയുവോളം..

ഒരു തുള്ളി ഓർമ്മയിൽ ഒളിച്ചു വെച്ചു ഞാനീ ഓർമ്മതൻ പെട്ടകം ഒളിച്ചുവെയ്ക്കാം...
ഈ ഓർമ്മതൻ പേടകം ഒളിച്ചുവെയ്ക്കാം.......

[Rajesh Puliyanethu
 Advocate, Haripad]

Thursday, 4 July 2013

കല്യാണദിനം


കല്യാണദിനം, ഇന്നു നിന്റെ കല്യാണദിനം

പെണ്ണേ, നിൻ ജീവിതം ചേർത്തു മുറുക്കുന്ന

നാട്ടുഭാഷയിലെ കെട്ടുദിനം...

         പടിയിറങ്ങുന്നു, നീനിന്റെ വീടിന്റെ പടിയിറങ്ങുന്നു
   
         പിന്നിൽ അടയുന്ന പടിപ്പുടവാതിലിൻ ദീനമാം രോദനം

         നിന്റെ കർണ്ണം മുറിക്കുമോ??

ബാല്യ കൗമാരംകാത്ത വീട്ടിലേക്കൊരു യാത്ര-

തറവാടിൻ ശാപമായ് മാറിടുന്നു

         നിന്റെ സന്ദർശനങ്ങൾ ഒരു കാകന്റെ ചുണ്ടിൽ
 
         പാട്ടുണര്ത്തുന്നു

ആടയാഭരണങ്ങൾ നിന്റ മേനി മുറുക്കുന്നു

കാർകൂന്തളത്തെ നീ പൂവാൽ മറയ്ക്കുന്നു

         ഗുരുഭൂത വൃന്ദങ്ങൾ വെറ്റില നാമ്പിനാൽ

         നെറുകയിൽ തോട്ടുനിൻ മംഗളം ചൊല്ലുന്നു

പടിയിറങ്ങുന്നു! നീ നിന്റെ ഒന്നാം ജന്മത്തിൻ പടിയിറങ്ങുന്നു

പടി കയറി നീ നിന്റെ ജീവിതം തിരയുന്നു

         അച്ഛന്റെ ശ്വാസവും അമ്മതൻ തേങ്ങലും

         ചേർന്നൊരു പന്തലിൽ കയറി നീ നിൽക്കുന്നു

അന്യനാം പുരുഷന്റെ കാൽ തൊട്ടു വന്ദിച്ചു

ജീവിതം യാചിച്ചു കൈ നീട്ടി നിൽക്കുന്നു

         അഗ്നിയും ദേവനും സാക്ഷിയായ് നിൽക്കുന്നു

         താലിക്കയർ നിന്റെ കണ്ഠം മുറുക്കുന്നു

തകിലിന്റെ താളത്തിൽ മാനം മറയ്ക്കുന്നു  നീ -

കാന്തന്റെ കൈകളിൽ മോതിരം ചാർത്തുന്നു

         അച്ഛൻ; കൈ പിടിച്ചേൽപ്പിച്ചു പിന്നിലേക്കിറങ്ങുന്നു

         മനുവിന്റെ വാക്കുകൾ സത്യമായ് മാറുന്നു

സദ്യവട്ടം നിന്റെ മുന്നിൽ നിരക്കുന്നു

ആദ്യമായ് അന്നത്തെ പങ്കുവെച്ചീടുന്നു

         സ്വപ്‌നങ്ങൾ തുഴയുന്നോരലങ്കാര നൌകയിൽ നീ-

         തോഴന്റെ വീട്ടിലേക്കാനയിച്ചീടുന്നു

പിന്നിൽ വിളിക്കുന്നതമ്മതൻ രോദനം, പടിയിറങ്ങുന്നോരോമനപുത്രിതൻ

വിരഹത്താലുയരുന്ന മൗനമാം രോദനം...

         വലതുകാൽ വെച്ചു നീ നാഥ ഗ്രിഹത്തിന്റെ

         പടിവാതിൽ ചവിട്ടി കടന്നിടുന്നു

പുതുതായി എത്തുന്ന ബന്ധു വൃന്ദങ്ങളിൽ

തങ്കത്തിൻ തൂക്കമളന്നിടുമ്പോൾ

         നിറമുള്ള ലോഹത്തെ ഒരുതട്ടിൽ വെച്ചുനീ

         മറുതട്ടിൽ ജീവിതം തൂക്കിടുന്നു

ചക്രവാളത്തിങ്കൽ സൂര്യൻ മറയുന്നു

മണിയറ വാതിൽ മലർക്കെ തുറക്കുന്നു

         പാദസ്വരങ്ങളെ കാതോർത്ത് നിൽക്കുന്ന

         കാന്തന്റെ മുന്നിൽ നീ നാണിച്ചു നിൽക്കുന്നു

പ്രേമത്തിൻ ശീതമാം ആദ്യാനുഭൂതിയിൽ

ഇണതന്റെ മാറിൽ അമർന്നിടുന്നു

         ഇത്ര നാളും കാത്ത കന്യകാ പാശത്തിൽ

         കാമത്തിൻ വിരലുകൾ കാർക്കിച്ചു തുപ്പുന്നു

ആർദ്രമാം രാത്രിതൻ അന്ത്യയാമങ്ങളിൽ

ജീവന്റെ ബീജം വിതച്ചിടുന്നു

         കീറിമുറിച്ചോരു നിമിഷത്തിൻ വേദന

         അറിയാതെ നീ തളർന്നുറങ്ങിടുന്നു

കല്യാണ രാത്രിതൻ പൂർണചന്ദ്രൻ

മേഘങ്ങൾക്കുള്ളിൽ മറഞ്ഞിടുന്നു...............



[Rajesh Puliyanethu
 Advocate, Haripad]

       



Monday, 29 October 2012

ഭൂമിയില്‍ ഒരു ദിവസ്സം!!



       ഉണരട്ടെ പ്രഭാതം, കൊഴിയുന്ന ഇലകള്‍ക്ക് മീതേ തളിര്‍ത്തുകൊണ്ടോരു
ദിനം കൂടി ഉദിച്ചുയരട്ടെ

രാത്രിയുടെ കണ്ണുനീര്‍ വറ്റി ബാഷ്പമായുയര്‍ന്നീ ബാല സൂര്യന്‍റെ കുമ്പിളില്‍
തീര്‍ഥം നിരക്കുന്നു.

ഹേ സൂര്യഗോളമേ നീനിന്‍ യാത്രതന്‍ ശംഖൊലി മുഴക്കി, കടിഞ്ഞാണ്‍ മുറുക്കി,
ഈ പൂര്‍വ്വ ദിക്കിനെ വിട്ടകന്നിടുന്നുവോ??

ഇമകള്‍ മടങ്ങാതെ സമയരഥത്തിലേറിയീ പ്രിത്വിതന്‍ നെറുകയും താണ്ടി
സാഗര നീലിമയിലലിയാന്‍ ഒരു ദിനം ബാക്കി!!

               നേരിന്‍റെ വഴികളില്‍ ഒട്ടിവലിയുന്ന വയറുകള്‍
               ഭിക്ഷ യാചിക്കുന്ന പൂര്‍വ്വ സാമ്രാട്ടുകള്‍!!!!!!

അന്നം മുടിച്ചവര്‍ യാചനാ പാത്രങ്ങള്‍
ഭിക്ഷാം ദേഹികള്‍, മര്‍ത്യ മഹാരഥര്‍

               അങ്കം ജയിച്ചവര്‍ പ്രാണനായ് കേഴുന്നു
               ദാനം പഠിച്ചവര്‍ വറ്റിനായ് തേങ്ങുന്നു

ആസ്ഥാന ഗായകര്‍ സ്വരങ്ങള്‍ മറന്നുപോയ്‌
പണ്ഡിത ശ്രേഷ്ടന്മാര്‍ വാക്കിനായ്‌ തെണ്ടുന്നു

               ജീവന്‍ വിതച്ചവര്‍ ഇരുളില്‍ ഒളിക്കുന്നു
               ദേഹം അനാഥമായ് തെരുവില്‍ തളിര്‍ക്കുന്നു

രോദനം ഉയരുന്ന പകലിന്‍റെ ഉച്ചിയില്‍
തിരിച്ചറിയില്ല! അതേതോരച്ചനോ, അമ്മയോ

               പ്രേമം അനാഥമായ് തെരുവിന്‍റെയോരത്ത്
               കാക്കയും പട്ടിയും കാന്തി വലിക്കുന്നു

തലയറ്റ ജടങ്ങളില്‍ നൃത്തമാടുന്നവര്‍
വാളിന്‍റെ മൂര്‍ച്ചക്ക് പാത്രമാകേണ്ടവര്‍

               ഭൂമിക്കു മീതേ കൈവിരല്‍ കോര്‍ത്തുകൊണ്ട-
               മ്മതന്‍ ഹൃദയത്തില്‍ വാളിനാല്‍ വെട്ടുന്നു

ഹേ, പ്രപഞ്ചസാക്ഷി! നീ നിന്‍ മുഖം തിരിക്കുന്നുവോ
പാടില്ല, ഇവ എന്‍ അമ്മതന്‍ കണ്ണീരിന്‍ ഹേതുക്കള്‍!!

               കരളുകളിലെരിയുന്ന കനലുകളണക്കാന്‍
               നിനക്കെനിയുമൊരു സാഗരം ബാക്കി

മക്കളെ വെറുക്കാത്ത തെല്ലുനോവിക്കാത്ത എന്‍---
അമ്മയെ നീ വെറുക്കല്ലെ, ഈ ഭൂമിയെ

               ഇവിടെ വിരിയില്ല വസന്തം, തളിര്‍ക്കില്ല ഹേമന്തം
               എങ്കിലും ....................... എങ്കിലും ......................

എങ്കിലും വീണ്ടും ഉദിക്കട്ടെ പ്രഭാതം

എനിക്കും നിനക്കും വേദനിക്കാനും, സ്വപ്നം രചിക്കാനും, കരയാനും, ചിരിക്കാനും, ചതിക്കാനും, ചതിയില്‍ കുടുങ്ങാനും, ചവിട്ടാനും, ചിത്രങ്ങളെഴുതാനും, ഒരു ജീവന്‍ പിറക്കാനും, എനിക്കും നിനക്കും മരിക്കാനും


               ഉണരുക, വീണ്ടും ഉദിച്ചുയരുക

ആഞ്ഞു വെട്ടട്ടെയെന്‍ കഴുത്തിലെന്‍ സോദരന്‍
അതിനും സാക്ഷിയാവുക, അതിനു ശേഷം മറയുക!!




[Rajesh Puliyanethu
 Advocate, Haripad]




Thursday, 14 July 2011

നിര്‍വൃതി

തുഷാരം പെയ്തിറങ്ങി, ഇന്നെന്‍ നെറുകയില്‍,
പ്രണയതരളിതനായെന്‍ പ്രിയനെന്നെ പുണര്‍ന്നനേരം, 

ആ നിര്‍വൃതിയിലീ ഭൂമിയും വാനവും, 
ഒരു മാത്രയെങ്ങോ മറഞ്ഞു പോയി, 

പുലരാത്ത രാവിനെയാശിച്ചു പോയിഞാന്‍,
എന്‍റെ കിനാക്കളെ ഓമനിക്കാന്‍, 

പ്രിയന്റെ മാറിലമരുമീ ബന്ധനം 
എത്രനാലോര്‍മ്മയില്‍ കാത്തുവെച്ചു, 

ഈ രോമഹര്‍ഷമോടുങ്ങാതിരുന്നെങ്കില്‍,
ഈ മന്ദഹാസം നിലക്കാതിരുനെങ്കില്‍, 
മധുരാലസ്യമടങ്ങാതിരുന്നെങ്കില്‍,  
ഇനിയും തുഷാരം പെയ്ത്തിരങ്ങുവോളം.............................

[RajeshPuliyanethu,
Advocate, Haripad]

Friday, 1 April 2011

ഇനിയും പ്രഭാതം

ഇന്നു ഞാനെന്‍ പട്ടുമെത്തയിലുണര്‍ന്നു,
എനിയുമുറങ്ങാനൊരു പകല്‍ ബാക്കി, 
ഹൃതുഭേതമില്ലാത്ത പകലിന്‍റെ ഹൃസ്വമാം- 
നീറ്റിന്റെയക്കരെ അന്ധകാരം,

എവിടെ ഞാനുറങ്ങും?? നാട്ടിലോ? മറുനാട്ടിലോ? അതല്ല നിത്യമാം 
ചുടല പറമ്പിലോ?  

ഇതുതന്നെ കാലവും, ഇതുതന്നെ ദൈവവും, 
മങ്ങാത്ത, മായാത്ത ലിഖിതങ്ങളും. 

ഒന്ന് ചിരിക്കു സഖി എന്നെ നോക്കി 
ഇനിയും പ്രഭാതം നിനക്കുള്ളതല്ല!! 

ഞാനെതോരിരുളിലെന്നൊരുമാത്ര നോക്കാതെ 
ഇനിയും പ്രഭാതം. 


(RajeshPuliyanethu,
 Advocate, Haripad)

Thursday, 24 June 2010

തരളമീ പ്രണയം.....

എത്ര തരളം മധുരതരമീ പ്രണയം, ഹിമകണങ്ങളാല്‍ പുളകമണിഞ്ഞ പുല്‍ക്കൊടികള്‍ പോലെ തേനിററു വീഴുന്ന തേന്‍ കാളി കൂമ്പ് പോലെ പനിനീര് പൂക്കുന്ന പൂങ്കാവ് പോലെ കിളി കൂട് കൂട്ടുന്ന തേന്മാവ് പോലെ ഹംസങ്ങള്‍ കളിയാടും തെളിനീരു പോലെ മരുഭൂവില്‍ഉറകൊണ്ട ദാഹജലം പോലെ മുറ്റത്ത്‌ പൂക്കുന്ന പാരിജാതം പോലെ ഹൃദയത്തിലടയിട്ട താരാട്ടു പോലെ അന്ധകാരത്തിലെ ദീപനാളം പോലെ ഏകാന്ത സന്ധ്യയില്‍ വേണുഗാനം പോലെ എത്ര തരളം നിന്‍ പ്രണയം........................... (RajeshPuliyanethu, Advocate, Haripad)